Sunday, November 4, 2007

ഹിന്ദു വിഗ്രഹങ്ങളില്‍ വിക്ടോറിയന്‍ പെറ്റിക്കോട്ടുകള്‍ ധരിപ്പിക്കുമ്പോള്‍

മനുഷ്യശരീര സൌന്ദര്യത്തോടുള്ള ഇച്ഛയുടെയും ലൈംഗികത്വരയുടെയും പ്രകടവും സൂചനാപരവുമായ ലക്ഷണങ്ങള്‍ പ്രാചീനമെന്നതു പോലെ മധ്യകാലത്തുമുള്ള ഇന്ത്യന്‍ കലയുടെ പ്രധാന പാരമ്പര്യമാണെന്നാണ് കലാനിരൂപകയായ ഡോ. അളകാ പാണ്ഡെ പറയുന്നത്. ഉദ്ധരിച്ചു നില്‍ക്കുന്ന പുരുഷലിംഗത്തെ പ്രപഞ്ചാധിപനായ ശിവനായി സങ്കല്‍പിച്ച് ആരാധിക്കുന്നതു തന്നെയാണിക്കൂട്ടത്തില്‍ ഏറ്റവും പ്രധാനം. സിന്ധുനദീതടസംസ്കാര കാലത്തേതെന്നു കരുതാവുന്ന ശില്‍പങ്ങളിലൊന്നില്‍, ഒരു പുരുഷന്‍ പ്രത്യേകമായ ഒരു യോഗാസനത്തിലിരിക്കുന്നതു കാണാം. അയാളുടെ കാലുകള്‍ പിണച്ചു വച്ചിരിക്കുന്നത് ഉദ്ധരിച്ച അനാവൃത ലിംഗത്തിനു താഴെയായാണ്. അയാള്‍ക്ക് കാളയുടെ കൊമ്പുകളാണുള്ളത്. അയാള്‍ നാല് മൃഗങ്ങളാല്‍ ചുറ്റപ്പെട്ടിട്ടുമുണ്ട്. ഏറ്റവും പ്രാഥമികമായ ഒരു വ്യാഖ്യാനത്തില്‍ തന്നെ ഈ ശില്‍പം ലൈംഗിക സൌന്ദര്യാനുഭൂതിയെയാണ് പ്രതിനിധീകരിക്കുന്നതെന്ന് മനസ്സിലാക്കാം. ചില ഇന്തോളജിസ്റുകള്‍ വ്യാഖ്യാനിക്കുന്നതു പ്രകാരം, ഉദ്ധൃത ലിംഗമെന്നത് ജൈവചൈതന്യത്തിന്റെയും സര്‍ഗാത്മകതയുടെയും പ്രതീകവുമാണ്.

ആധുനിക കാലത്തു പോലും ഹിന്ദു മത വിശ്വാസികളാല്‍ ഏറ്റവുമധികം ആരാധിക്കപ്പെടുന്ന ഒരു വിഗ്രഹരൂപം, യോനിയില്‍ വിശ്രമിക്കുന്ന ശിവലിംഗത്തിന്റേതാണ്. ശിവ പാര്‍വതി സംയോഗത്തിന്റെ പ്രതീകമായ ഈ വിഗ്രഹരൂപം സ്ത്രീ പുരുഷ മൈഥുനം എന്നത് ദൈവികവും പവിത്രവുമായ ഒരു അനുഭൂതിയും നിര്‍വാണവുമായി പരിഗണിക്കപ്പെടുന്നതിന്റെ ഏറ്റവും വലിയ തെളിവാണ്. ചില ശിവലിംഗങ്ങളാകട്ടെ, സാമ്പ്രദായികമായ സ്ത്രീ-പുരുഷ ലിംഗവ്യതിയാനത്തെ അംഗീകരിക്കുന്നതല്ല. അര്‍ധ നാരീശ്വരന്‍ എന്നാണല്ലോ ശിവന്റെ ഒരു പര്യായം തന്നെ. സ്ത്രീ പുരുഷ ലൈംഗിക ബന്ധമെന്നതുപോലെത്തന്നെ സ്വവര്‍ഗരതിയും ശാസ്ത്രീയമായി പ്രസക്തമാണെന്നത് ഈ ആവിഷ്ക്കാരത്തിലൂടെ ബോധ്യപ്പെടുന്നു.

ആസ്തികമെന്നതു പോലെ നാസ്തികവും, അദ്വൈതമെന്നതു പോലെ താന്ത്രികവും, ബുദ്ധമതവും ജൈനമതവുമെന്നതു പോലെ ബ്രാഹ്മണമതവും, എന്നു വേണ്ട വരേണ്യ-സവര്‍ണ ജാതികള്‍ മുതല്‍ ദളിതരും ആദിവാസികളും വരെ ഇന്ത്യയുടെ മഹത്തായ സാംസ്കാരിക പാരമ്പര്യം അതിന്റെ എല്ലാ വൈവിധ്യങ്ങളിലും രതിയെ ഏറ്റവും ഉന്നതമായ സൌന്ദര്യാനുഭൂതിയായാണ് പരിഗണിക്കുന്നത്. ഇന്ത്യയിലെമ്പാടുമുള്ള ദൃശ്യ കലകളിലും പ്രകടനകലകളിലും രസമാണ് നിര്‍ണായകമായ ആസ്വാദന ഘടകം. ശൃംഗാരം അഥവാ കാമരസമാണ് ഇക്കൂട്ടത്തിലെ രസരാജന്‍. വിശുദ്ധവും വിമലവും സന്തോഷദായകവും പ്രേക്ഷണത്തിന് അനുയോജ്യവുമായ എന്തിനെയും ശൃംഗാരത്തോടാണ് താരതമ്യപ്പെടുത്തേണ്ടതെന്ന് നാട്യശാസ്ത്രകാരനായ ഭരതന്‍ പറയുന്നു. ആനന്ദത്തിന്റെ പരമകാഷ്ഠയാണ് ശൃംഗാരരസത്തിലൂടെ ലക്ഷ്യമാക്കേണ്ടതെന്ന് സമാരംഗനസൂത്രധാരയുടെ രചയിതാവായ ഭോജന്‍ പറയുന്നു.

ഏഴാം നൂറ്റാണ്ടു മുതല്‍, ശൃംഗാരരസവും രതിസൌന്ദര്യവും പ്രത്യക്ഷമായി ത്തന്നെ അനുഭവിക്കാവുന്ന ആഘോഷപ്രദാനവും ആഹ്ലാദായകവുമായ കലാവിഷ്ക്കാരങ്ങള്‍ ഇന്ത്യയിലെമ്പാടും നിറഞ്ഞു. ഖജൂരാഹോയിലെയും കൊണാര്‍ക്കിലെയും ക്ഷേത്ര ശില്‍പങ്ങളില്‍ രതിയുടെ നിറവുകളാണുള്ളതെങ്കില്‍, വാത്സ്യായന വിരചിതമായ കാമസൂത്രത്തില്‍ പ്രേമത്തിന്റെയും കാമകലയുടെയും ശാസ്ത്രീയവും സൌന്ദര്യാത്മകവുമായ അന്വേഷണങ്ങളാണുള്ളത്. ലോകത്തെമ്പാടും പ്രശസ്തിയാര്‍ജിച്ച കാമസൂത്രത്തെക്കൂടാതെ, കോകശാസ്ത്രം, അനംഗരംഗ, രസമഞ്ജരി എന്നീ കൃതികളും ലൈംഗികബന്ധത്തിന്റെ വൈവിധ്യവും, സൂക്ഷ്മവും സ്ഥൂലവുമായ സൌന്ദര്യാഹ്ലാദങ്ങളും വിവരിക്കുന്നു. കാമസൂത്രം യഥാര്‍ഥത്തില്‍ കാമകലയുടെ മാത്രം വിവരണമല്ല. സംസ്കൃതചിത്തനായ ഒരു മനുഷ്യന്‍ പുലര്‍ത്തേണ്ട സാമൂഹ്യമര്യാദകളെ അറുപത്തിനാലാക്കി എണ്ണി ക്രമപ്പെടുത്തുമ്പോള്‍ അക്കൂട്ടത്തില്‍ നിര്‍ബന്ധമായും നിര്‍വഹിച്ചിരിക്കേണ്ട ഒന്നായി മൈഥുനത്തെ സ്ഥാനപ്പെടുത്തുകയാണ് ചെയ്യുന്നത്.

സ്ത്രീ ശരീരത്തിന്റെ സൌന്ദര്യം മനോഹരമായി ആവിഷ്ക്കരിക്കുന്ന ഖജൂരാഹോയിലേതു പോലെ ഇന്ത്യയിലെമ്പാടുമുള്ള ക്ഷേത്രങ്ങളില്‍ ശില്‍പങ്ങളായും ചുമര്‍ചിത്രങ്ങളായും നഗ്ന മനുഷ്യരൂപങ്ങളും രതിയും ആവിഷ്ക്കരിക്കപ്പെട്ടു. ശ്രീകോവിലില്‍ ആരാധിക്കപ്പെടുന്ന വിഗ്രഹങ്ങളുടെ അതേ പവിത്രത തന്നെയാണ് ക്ഷേത്രത്തിലെ മറ്റു ശില്‍പങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും കല്‍പിക്കപ്പെട്ടിട്ടുള്ളത്. ക്ഷേത്രങ്ങള്‍ അക്കാലത്തെ പ്രധാന സാംസ്കാരിക-വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ കൂടിയായിരുന്നതിനാല്‍ സമൂഹത്തിന് അത്യന്താപേക്ഷിതമായ ലൈംഗിക വിദ്യാഭ്യാസത്തിനുള്ള ഉപാധി കൂടിയായി ഈ കലാവിഷ്ക്കാരങ്ങള്‍ പ്രയോജനപ്പെടുത്തപ്പെട്ടു. ക്ഷേത്രങ്ങളുടെ വാസ്തു ശില്‍പ പ്രകൃതി സ്ത്രീ പുരുഷ ബന്ധത്തിന്റെ ഘടനയില്‍ വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. വിഗ്രഹം സ്ഥിതി ചെയ്യുന്ന ശ്രീകോവില്‍ വരനും, ശ്രീകോവിലിന് അഭിമുഖമായുള്ള മണ്ഡപം വധുവുമായി സങ്കല്‍പിക്കപ്പെട്ടിരിക്കുന്നു. അവക്കു രണ്ടിനുമിടക്കുള്ള നടവഴിയാണ് സംഗമസ്ഥലം. ഈ സംഗമസ്ഥലത്തെ സന്ധിക്ഷേത്രമായാണ് അടയാളപ്പെടുത്തുന്നത്. ഇവക്കു ചുറ്റിലുമുള്ള ചുമരുകളിലും തൂണുകളിലും ഗോപുരങ്ങളിലുമാണ് ലൈംഗികബന്ധത്തിന്റെ നാനാരൂപങ്ങള്‍ ശില്‍പങ്ങളായും ചിത്രങ്ങളായും ആഖ്യാനം ചെയ്യപ്പെട്ടിരിക്കുന്നത്. സമ്പത്തിന്റെയും സ്നേഹസമ്പൂര്‍ത്തിയുടെയും പ്രതീകമായി ഇന്ത്യന്‍ ക്ഷേത്രകലയില്‍ ആരാധിക്കപ്പെടുന്നത് പരസ്പരം കെട്ടിപ്പുണര്‍ന്ന് മതിമറന്ന് നില്‍ക്കുന്ന സ്ത്രീപുരുഷരൂപത്തെയാണ്. ലൈംഗികത, ഉല്‍പാദനക്ഷമത, പ്രതീക്ഷ എന്നിവയുടെ പ്രതീകങ്ങള്‍ കൂടിയാണ് ഈ ആലിംഗനം. അത് സുരക്ഷിതത്വത്തെ ദ്യോതിപ്പിക്കുന്നു. ക്ഷേത്രങ്ങള്‍ നടത്തിപ്പുകാരുടെ മാത്രം ഒരു ഒളി സങ്കേതമല്ല, മറിച്ച് സമൂഹത്തിന് മുഴുവന്‍ കടന്നു വരാനും ആരാധന നടത്താനും സമയം ചെലവഴിക്കാനുമുള്ള ഇടമാണ്. അതായത്, ഈ ശില്‍പങ്ങളും ചിത്രങ്ങളും സാമാന്യജനം കണ്ട് ആസ്വദിക്കണമെന്നു തന്നെയാണ് കരുതപ്പെട്ടിരുന്നത്. ജാതി വൈജാത്യങ്ങളാല്‍ ക്ഷേത്ര പ്രവേശനത്തിന് ആഗ്രഹിച്ചിരുന്നവരും ക്ഷേത്രാരാധനയെയും സൌന്ദര്യാനുഭൂതിയെയും എല്ലാവര്‍ക്കും പ്രാപ്യമാകണമെന്നാണ് താല്‍പര്യപ്പെട്ടിരുന്നത്.

ആഭരണങ്ങളായുപയോഗിക്കുന്ന വിവിധ മന്ത്രങ്ങള്‍, താലിയുടെ രൂപങ്ങള്‍, നാഗാരാധന, ആലിംഗനം ചെയ്തു നില്‍ക്കുന്ന രൂപങ്ങള്‍, പുരുഷ ലിംഗങ്ങള്‍ എന്നിങ്ങനെ ഹൈന്ദവാരാധനകളിലും ആചാരങ്ങളിലും രതിയുടെ താന്ത്രികത വിലയം ചെയ്യപ്പെട്ടിരിക്കുന്നതു കാണാം. രൂപഭംഗിയുള്ള പുരുഷ ലിംഗത്തിന്മേല്‍ ചുറ്റപ്പെട്ടിരിക്കുന്ന സര്‍പ്പങ്ങളെ ശില്‍പഭംഗിയോടെ പ്രത്യക്ഷീകരിക്കുന്ന ആദിമ കലാകാരന്‍ മുതല്‍, പാമ്പുകളെ രതിപ്രതീകമാക്കുന്ന ആധുനിക ചിത്രകാരനായ മനു പരേഖ് വരെയും സ്ത്രീ പുരുഷ ജനനേന്ദ്രിയങ്ങളുടെ പ്രകടമായ രൂപങ്ങള്‍ ശില്‍പവല്‍ക്കരിക്കുന്ന രണ്‍ബീര്‍ കലേക്ക വരെയും ഇന്ത്യന്‍ പാരമ്പര്യത്തിന്റെ തുടര്‍ച്ച ദൃശ്യമാകുന്നതായി അളക പാണ്ഡേ സാക്ഷ്യപ്പെടുത്തുന്നു.

കലാനിരൂപണമോ ആരോഗ്യകരമായ കലാസ്വാദനമോ സ്വായത്തമാക്കിയിട്ടില്ലാത്ത ഇന്ത്യയിലെ കോടതികള്‍ ഇത്തരം കലാരൂപങ്ങളെ ഉടുപ്പണിയിപ്പിക്കുവാന്‍ തുടങ്ങിയാല്‍ അത് എവിടെച്ചെന്നു നില്‍ക്കും എന്നത് കേവലം കൌതുകകരമായ ഒരു ചോദ്യമല്ല. കാരണം, ഫാസിസത്തിന്റെ കാലത്ത്, അത് കോടിക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കാനുള്ള ലൈസന്‍സായി മാറിത്തീരും. മലമ്പുഴയില്‍ കാനായി കൊത്തിവെച്ച യക്ഷിക്കു മുതല്‍ എം എഫ് ഹുസൈന്റെ ചിത്രങ്ങള്‍ക്കു വരെ ഉടുപ്പു തയ്പിക്കുന്നവര്‍, നാളെ ഉടുപ്പണിയിപ്പിച്ചു വേണം കുട്ടികളെ പ്രസവിക്കാന്‍ എന്നും ഉത്തരവിട്ടു കൂടായ്കയില്ല. ശാസ്ത്രാന്വേഷികള്‍ക്ക് ഒരു മാര്‍ഗമിതാ. ഗര്‍ഭിണിയുടെ ഉദരം തുറന്ന് ശസ്ത്രക്രിയ ചെയ്ത് ഗര്‍ഭസ്ഥ ശിശുവിനെ അടിയുടുപ്പിടീച്ച് പ്രസവിപ്പിക്കുന്ന ഒരു വഴി കണ്ടു പിടിച്ചു തരിക. നമ്മുടെ സദാചാരം നീണാള്‍ വാഴട്ടെ.

സൌന്ദര്യത്തിന്റെ ജ്യാമിതീയ മാതൃകയാണ് നഗ്ന മനുഷ്യ ശരീരം. രാജസ്ഥാനി-പഹാഡി ചിത്രകലകളിലും ഈ താന്ത്രിക വ്യാഖ്യാനം വിലയം ചെയ്തു കിടക്കുന്നുണ്ട്. ഇന്ത്യന്‍ പുരാണങ്ങളിലും ഇതിഹാസങ്ങളിലും ലൈംഗിക സൌന്ദര്യാനുഭൂതി പതിനായിരം തരത്തില്‍ ആഖ്യാനം ചെയ്യപ്പെട്ടു കിടക്കുന്നു. രാധയും കൃഷ്ണനും തമ്മിലുള്ള പ്രണയം സകല പ്രപഞ്ചങ്ങള്‍ക്കും അതീതമാണെന്ന കവിഭാവന ഭക്തര്‍ ആരാധനയോടെയും ആദരവോടെയും ഉള്‍ക്കൊള്ളുന്നു. ദേവാലയങ്ങള്‍, രാജസദസ്സുകള്‍, എന്നിവിടങ്ങളിലെ ശില്‍പങ്ങളിലും ചുമര്‍ചിത്രങ്ങളിലും മുതല്‍ നൃത്തവൈവിധ്യങ്ങളില്‍ വരെ ഈ അഗാധ പ്രണയം ആവിഷ്ക്കരിക്കപ്പെട്ടുവരുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിലെ ജയദേവകവിയുടെ ഗീതാഗോവിന്ദം രാധാകൃഷ്ണ പ്രണയത്തെ കൊണ്ടാടുന്നു. ഇക്കാലത്തും ക്ഷേത്രസോപാനത്തില്‍ ഗീതാഗോവിന്ദം അഷ്ടപദി പാടുന്നത് കൃഷ്ണഭക്തര്‍ക്ക് ഏറെ പ്രിയമാണ്.

ഗീതാഗോവിന്ദത്തിലെ ഒരു വരി ഇപ്രകാരമാണ്: ഗോപീ പീന പയോധര മര്‍ദന ചഞ്ചല കരയുഗ ശാലി - ഗോപികമാരുടെ തടിച്ച മുലകള്‍ കശക്കിക്കൊണ്ടിരിക്കുന്ന ചഞ്ചലങ്ങളായ കൈകളുള്ളവന്‍ എന്നാണ് കൃഷ്ണന്‍ വാഴ്ത്തപ്പെടുന്നത്. വൃന്ദാവനത്തില്‍ ആടുകളെ മേയ്ച്ചു നടന്നിരുന്ന ആയിരക്കണക്കിന് ഗോപികമാരുടെ എല്ലാവരുടെയും കാമുകനായ കൃഷ്ണന്‍ എല്ലാവര്‍ക്കും ഒരേ സമയത്ത് ലൈംഗിക സംതൃപ്തി പ്രദാനം ചെയ്തിരുന്ന അത്ഭുതപുരുഷനാണ്. ആ അത്ഭുതമാണ് അദ്ദേഹത്തിന്റെ ദൈവികത തന്നെ. എല്ലാ സ്ത്രീകളിലും കാമപൂര്‍ത്തി കൈവരിക്കുന്നതിലൂടെ ഭൂമിക്ക് തന്നെ നവീനതയും ഭാവിയും കൈവരിക്കുന്ന ഒന്നാണ് കൃഷ്ണന്റെ പ്രവൃത്തി. എഫ് എന്‍ സൂസ, എം എഫ് ഹുസൈന്‍, ബെന്ദ്രേ, ജതിന്‍ ദാസ് എന്നീ ആധുനികരുടെ ചിത്രരചനകളില്‍ ഈ ശാരീരിക പ്രണയം തുടര്‍ച്ച പ്രാപിക്കുന്നതായി അളകാ പാണ്ഡേ അഭിപ്രായപ്പെടുന്നു.

മുഗള്‍ കാലഘട്ടം മുതല്‍ക്കാണ് ലൈംഗിക സൌന്ദര്യം ഇന്ത്യന്‍ കലയില്‍ പ്രകടമായി ആവിഷ്ക്കരിക്കുന്ന പ്രവണതക്ക് തിരിച്ചടി നേരിട്ടു തുടങ്ങിയത് എന്ന് അവരുടെ പഠനങ്ങള്‍ തെളിയിക്കുന്നു. ബ്രിട്ടീഷ് കൊളോണിയല്‍ വാഴ്ച്ചയെത്തുടര്‍ന്ന് ഇന്ത്യയെ സമൂലം അധിനിവേശപ്പെടുത്തിയ വിക്ടോറിയന്‍ ജ്ഞാനാധികാരപ്രക്രിയ കടുത്ത സദാചാര സങ്കല്‍പങ്ങളും വസ്ത്ര നിബന്ധനകളും അടിച്ചേല്‍പ്പിച്ചു. പിയാനോയുടെ കാലുകള്‍ വരെ വസ്ത്രം കൊണ്ട് മൂടാന്‍ തുടങ്ങിയത് ഇക്കാലത്താണ്. ഇന്ത്യന്‍ ലൈംഗിക സൌന്ദര്യകലയുടെ സൂര്യന്‍ വിക്ടോറിയന്‍ സദാചാര ബോധത്തിന്റെ ഇരുട്ടില്‍ അസ്തമിച്ചില്ലാതായി.

ദൃശ്യവും പ്രകടനപരവുമായ കലകളിലെന്നതു പോലെ മതപ്രോക്തവും സാഹിത്യപരവുമായ കലകളിലും ലയിച്ചുകിടക്കുന്ന ലൈംഗിക സൌന്ദര്യാനുഭൂതി ഒരു ജനസമുദായത്തിന്റെ ആരോഗ്യത്തെയാണ് പ്രതിനിധാനം ചെയ്തിരുന്നത്. ആര്‍ട് കണ്‍സേണ്‍സ് ഡോട്ട് കോമിനുവേണ്ടി കവിയും ചിത്രകാരിയുമായ കവിത ബാലകൃഷ്ണന്‍ നടത്തിയ ഒരു അഭിമുഖത്തില്‍ ദക്ഷിണേന്ത്യന്‍ കലാ ശേഖരണവിദഗ്ദയായ സാറ അബ്രഹാം പതിറ്റാണ്ടുകളായി തനിക്ക് അടുപ്പമുള്ള എം എഫ് ഹുസൈന്റെ രചനകളുടെ കൂടി പശ്ചാത്തലത്തില്‍ ഇപ്രകാരം പറയുന്നു.

'........ബി ജെ പിയും ആര്‍ എസ് എസുമാണ് അത് രാഷ്ട്രീയവല്‍ക്കരിക്കുന്നത്. മറ്റൊരു കാരണവും അതിനു പിന്നിലില്ല. അവരിപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത് ഹിന്ദു ദേവന്‍മാരുടെയും ദേവതമാരുടെയും ശരീരത്തിന്മേല്‍ വിക്ടോറിയന്‍ പെറ്റിക്കോട്ടുകള്‍ ധരിപ്പിക്കാന്‍ ശ്രമിക്കുക എന്ന മൂഢമായ പ്രവൃത്തിയാണ്. അവരുടെ സങ്കുചിതമായ നിലപാടുകള്‍ പരിഹാസ്യമാണ്. ഹിന്ദുയിസം എന്നത് എന്താണെന്നതിനെക്കുറിച്ച് ഇക്കൂട്ടര്‍ക്ക് ഒരു ധാരണയുമില്ല. രവിവര്‍മയുടെ കാലത്തിനു മുമ്പ് ഉടുപ്പണിഞ്ഞു നില്‍ക്കുന്ന ഏതെങ്കിലുമൊരു ദേവനെയോ ദേവിയെയോ നിങ്ങള്‍ക്ക് കാണിച്ചു തരാന്‍ കഴിയുമോ? പ്രാചീന ഇന്ത്യയില്‍ ലൈംഗികത എന്നത് വിലക്കപ്പെട്ട ഒരു വിഷയമായിരുന്നില്ല. മതം പോലെ തന്നെ സമഗ്രമായി ആരാധിക്കപ്പെട്ടിരുന്ന ഒന്നായിരുന്നു നമുക്ക് ലൈംഗികത. ഇന്ത്യന്‍ മനസ്സിന് ശരീരം എന്നത് പുറന്തള്ളപ്പെടുന്ന ഒരു വസ്തുവല്ല. ശരീരത്തില്‍ ഭോഗേഛയെ മാത്രമല്ല നാം ദര്‍ശിക്കുന്നത്. ചിലര്‍ ഇത് ദുരുപയോഗം ചെയ്തിട്ടുണ്ടാവാം. പക്ഷേ, സ്ത്രീ പുരുഷ ശരീരങ്ങളെന്നത് ദൈവസൃഷ്ടിയാണെന്ന വിശാലമായ വിശ്വാസമാണ് നിലനില്‍ക്കുന്നത്. ശരീരത്തെ ഹിന്ദുയിസം സ്ഥാനപ്പെടുത്തുകയും ആഘോഷിക്കുകയും ചെയ്യുന്നു. നേരെ മറിച്ച് ഇസ്ലാം അതിനെ മൂടിവെക്കുകയാണ് ചെയ്യുന്നത്. ഒരു മതമെന്ന നിലക്ക് അത് കൂടുതല്‍ മാനസികവും ആത്മീയവുമായ തലത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇസ്ലാം തികച്ചും വ്യത്യസ്തമായ മറ്റൊരു തരത്തിലാണ് മനോഹരമായ മതമായി മാറുന്നത്. പക്ഷേ, മതങ്ങള്‍ തമ്മില്‍ ഇക്കാര്യത്തില്‍ ഒരു തരം സംഘര്‍ഷവും സംഘട്ടനവുമുണ്ടാകേണ്ട കാര്യമില്ല. ഗാന്ധിക്ക് ഇസ്ലാമുമായോ ഏതെങ്കിലും മതവുമായോ ഒരു സംഘര്‍ഷവുമുണ്ടായിരുന്നില്ല. ഇന്നത്തെ സങ്കുചിത മനസ്കരാണ് പ്രശ്നങ്ങളുണ്ടാക്കുന്നത്. ശ്രദ്ധിക്കുക, ഹുസൈന്‍ ഹിന്ദുയിസത്തെയോ മറ്റേതെങ്കിലും മതത്തെയോ ഒരു നിലക്കും അപമാനിക്കുന്നില്ല. അദ്ദേഹം തികച്ചും മതവിശ്വാസിയാണ്, വളരെ നല്ല മനുഷ്യനാണ്, വിശാല ഹൃദയനാണ്, ഉദാരമനസ്കനും ചിന്തകനുമാണ്. അദ്ദേഹത്തെ ആക്രമിക്കുമ്പോള്‍ എന്താണ് ചെയ്യുന്നതെന്ന് അത് ചെയ്യുന്നവര്‍ക്കറിയില്ല'.

രാജാ രവിവര്‍മയും ശരീരത്തെ തുറന്നു കാണിക്കുന്നതില്‍ വിമുഖതയുള്ളയാളായിരുന്നില്ല. ശന്തനുവും മത്സ്യഗന്ധിയും, പന്തു കളിക്കുന്ന യുവതി, കടത്തു കാരനെ കാത്ത്, ഉറങ്ങുന്ന സ്ത്രീ, കുട്ടിക്ക് മുലകൊടുക്കുന്ന സ്ത്രീ (മിക്കവാറും രവിവര്‍മ ചിത്രങ്ങള്‍ മൈസൂരിലെ ശ്രീ ജയചാമരാജേന്ദ്ര ആര്‍ട് ഗ്യാലറിയിലാണുള്ളത്) എന്നീ ചിത്രങ്ങള്‍ കാണുക. പാര്‍വതീദേവി മകന്‍ ഗണേശന് വാത്സല്യത്തോടെ മുലകൊടുക്കുന്നതായുള്ള എം എഫ് ഹുസൈന്റെ ചിത്രം മാത്രം വിവാദമാകുന്നു! കര്‍ണാടകം, ആന്ധ്ര, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ പലയിടത്തും കാണാന്‍ കഴിയുന്ന ലജ്ജാഗൌരി എന്ന വിഗ്രഹ ശില്‍പം യോനിയെ പൂജിക്കുന്ന ഒരു ദേവതയാണ്. ഈ ദേവതയുടെ ഇരിപ്പും എം എഫ് ഹുസൈന്റെ വിവാദ രചനകളിലൊന്നായ മലമേലിരിക്കുന്ന ഹനുമാനും തമ്മിലുള്ള സാമ്യം പ്രകടമാണ്.

ഖജൂരാഹോയിലെ പാര്‍ശ്വനാഥ ക്ഷേത്രത്തില്‍ എ ഡി 950-970 കാലഘട്ടത്തിലേതെന്നു കരുതാവുന്ന പ്രമുഖമായ ശില്‍പത്തില്‍ ലക്ഷ്മീദേവിയെ പുണര്‍ന്നു നില്‍ക്കുന്ന വിഷ്ണുവിന്റെ രൂപമാണുള്ളത്. ലക്ഷ്മീദേവിയുടെ സ്തനങ്ങളിലൊന്നിലാണ് ഓമനത്തത്തോടെ വിഷ്ണുവിന്റെ കൈ വിശ്രമിക്കുന്നത്. ആനപ്പുറത്തിരിക്കുന്ന ലക്ഷ്മി എന്ന ഹുസൈന്റെ ചിത്രം ഈ പാരമ്പര്യമുള്ള ഒരു സംസ്ക്കാരത്തില്‍ എങ്ങനെയാണ് വിവാദമാകുന്നത്? കാളിയും ഭൈരവദേവനും സംയോജിച്ചിരിക്കുന്നതിന്റെ ചുമര്‍ചിത്രം നേപ്പാളില്‍ നിന്നു ശേഖരിച്ചത് ഇന്ത്യന്‍ മ്യൂസിയങ്ങളിലുണ്ട്. ശിവ പാര്‍വതിമാര്‍ അടുത്തടുത്തിരിക്കുന്ന ഹുസൈന്റെ ചിത്രം ഇതോടൊപ്പമോ മറ്റനവധി ശിവപാര്‍വതീ ശില്‍പങ്ങളോടോ താരതമ്യം ചെയ്യാവുന്നതാണ്. സരസ്വതി കൈകളില്‍ വീണയേന്തി ഇരട്ടത്താമരയിലിരിക്കുന്ന ശില്‍പങ്ങള്‍ സര്‍വസാധാരണമാണ്. അത്തരം ശില്‍പങ്ങളിലെ സരസ്വതിയുടെ മാറിടം അനാവൃതവുമാണ്. ഹുസൈന്റെ ചിത്രം മാത്രം വിവാദമാകുന്നു! പത്താം നൂറ്റാണ്ടിലെ ഖജൂരാഹോ ശില്‍പങ്ങളിലൊന്നില്‍ മൃഗരതിയിലേര്‍പ്പെടുന്ന മനുഷ്യരെക്കാണാം. എം എഫ് ഹുസൈന്‍ ഇതേ കാര്യം ചിത്രത്തില്‍ അമൂര്‍ത്തമായി ആവിഷ്ക്കരിച്ചപ്പോള്‍, മനുഷ്യ മര്യാദയുടെ പ്രാഥമികതലത്തെപ്പോലും അംഗീകരിക്കാത്തവനായി ത്തീര്‍ന്നു!

കാര്യങ്ങള്‍ എന്തുകൊണ്ടാണ് ഇപ്രകാരമായിത്തീര്‍ന്നത്? ഇന്ത്യന്‍ സംസ്ഥാനമായ മഹാരാഷ്ട്രയില്‍ ജനിച്ച എം എഫ് ഹുസൈന്‍ ഇസ്ലാം മതവിശ്വാസിയും നാമധാരിയും ആയതുകൊണ്ടാണ് സംഘപരിവാര്‍ ശക്തികള്‍ക്ക് അദ്ദേഹം ഹിന്ദു ദൈവങ്ങളെ ആവിഷ്ക്കരിക്കുന്നത് അസഹനീയമാകുന്നത്. ഏറ്റവും വലിയ തമാശ, സാംസ്കാരിക ദേശീയതയെക്കുറിച്ച് ഇക്കൂട്ടര്‍ തന്നെ ഉയര്‍ത്തിക്കാട്ടുന്ന പൊയ് മുഖം ഈ നിലപാടിലൂടെ പിച്ചിച്ചീന്തപ്പെട്ടിരിക്കുന്നു എന്നതാണ്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലുള്ള എല്ലാവരും ഇന്ത്യക്കാരും ഹിന്ദുക്കള്‍ ആണെന്നും അതാണ് നമ്മുടെ സാംസ്കാരിക പാരമ്പര്യം എന്നുമാണ് ആര്‍ എസ് എസ് അവകാശപ്പെടുന്നത്. വൈദേശികമായ മതവിശ്വാസത്തില്‍ നിന്ന് പിന്തിരിഞ്ഞുവരാന്‍ ഇന്ത്യക്കാരായ അന്യ മതസ്ഥര്‍ക്ക് ഒരു അവസരം കൊടുക്കുന്നതു പോലെയാണ് അവരുടെ വാഗ്ദാനം കേട്ടാല്‍ തോന്നുക. അങ്ങനെയാണെങ്കില്‍ നൂറ്റാണ്ടുകളുടെ ഇന്ത്യന്‍ കലാ-ദൈവാരാധനാ പാരമ്പര്യത്തിന് തികച്ചും യോജിച്ച തരത്തിലും അവയെ നവീനമായ ഭാവുകത്വത്തോടെ പരിഷ്ക്കരിക്കുന്ന രൂപത്തിലുമുള്ള എം എഫ് ഹുസൈന്റെ വിഖ്യാത രചനകള്‍ അവര്‍ക്ക് എതിര്‍ത്തു തോല്‍പ്പിക്കാനുള്ള ഒരു യുദ്ധക്കളമായി മാറിയതെങ്ങനെ?

അത് തെളിയിക്കുന്നത്, ഓരോ കാലത്തും കൃത്യമായ ഒരു ഇരയെ, പീഡിപ്പിക്കുന്നതിനു വേണ്ടി അവര്‍ക്ക് ആവശ്യമുണ്ടെന്നു തന്നെയാണ്. അത്തരത്തില്‍ അവര്‍ക്ക് ലഭിച്ച ഇരകളിലൊന്നാണ് എം എഫ് ഹുസൈന്‍. എഴുപതുകളിലും അതിനു മുമ്പുമായി അദ്ദേഹം വരച്ച രചനകള്‍ രണ്ടും മൂന്നും പതിറ്റാണ്ടുകള്‍ക്കു ശേഷം വിവാദമായി പരിണമിക്കുന്നതെങ്ങനെ? അതിന് കലാപരമോ മതപരമോ സാംസ്കാരികമോ ആയ കാരണങ്ങളൊന്നുമില്ല. തികച്ചും രാഷ്ട്രീയമായ കാരണങ്ങളാണുള്ളത്. തൊണ്ണൂറുകളിലാണ് ഹിന്ദു-സവര്‍ണ തീവ്രവാദികള്‍ ഫാസിസ്റ്റ് പ്രവണതകള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടു തന്നെ ശക്തമായ ജനപിന്തുണ തങ്ങള്‍ക്ക് ആര്‍ജിച്ചെടുക്കാന്‍ സാധിക്കുമെന്ന് ഇന്ത്യയില്‍ തെളിയിച്ചു തുടങ്ങിയത്. ആരാണ് ഗുര്‍ണിക്ക വരച്ചത് എന്ന നാസി ഉദ്യോഗസ്ഥരുടെ ചോദ്യത്തിന് പിക്കാസോ പറഞ്ഞ മറുപടി അത് നിങ്ങളാണ് വരച്ചത് എന്നായിരുന്നു. വ്യത്യസ്തമായ പശ്ചാത്തലത്തിലാണെങ്കിലും ഹുസൈന്റെ ചിത്രങ്ങളില്‍ അശ്ലീലം ദര്‍ശിക്കുന്നത് അത് വരച്ചയാളോ അതിന്റെ സൌന്ദര്യം ആസ്വദിക്കുന്ന കോടിക്കണക്കിന് ആളുകളോ അല്ല, സങ്കുചിത ഹൃദയമുള്ള ഏതാനും സംഘപരിവാര്‍ ഫാസിസ്റ്റുകളാണ്. അത്തരക്കാര്‍ക്ക് സംരക്ഷണവും പിന്തുണയുമേകാന്‍ കോടതി പോലുള്ള നിയമ സംവിധാനങ്ങളും ഭരണഘടനാ സ്ഥാപനങ്ങളും രംഗത്തു വരുന്നു എന്നത് നാം ആര്‍ജിച്ചെടുത്ത സ്വാതന്ത്ര്യത്തെക്കുറിച്ചു തന്നെ സംശയം ജനിപ്പിക്കുന്നു. രാജാ രവിവര്‍മ പുരസ്കാരം എം എഫ് ഹുസൈന് നല്‍കാനുള്ള കേരള സര്‍ക്കാര്‍ തീരുമാനം തടഞ്ഞുകൊണ്ടുള്ള കേരള ഹൈക്കോടതി ഉത്തരവിനു മുമ്പു തന്നെ, ഹിന്ദു ജാഗരണ്‍ മഞ്ച് പ്രവര്‍ത്തകനായ അരവിന്ദ് ശ്രീവാസ്തവ നല്‍കിയ കേസിനെ തുടര്‍ന്ന് ഹുസൈന്റെ സ്വത്തുക്കള്‍ പിടിച്ചെടുക്കാനുള്ള ഒരു ഉത്തരവ് ഹരിദ്വാര്‍ മജിസ്ത്രേട്ട് പുറപ്പെടുവിച്ചിരുന്നു. ഇതിനെ തുടര്‍ന്ന്, മുംബൈ പൊലീസ് അദ്ദേഹത്തിന്റെ ഫ്ലാറ്റിന്റെ വാതിലിന്മേല്‍ സ്വത്തു പിടിച്ചെടുക്കല്‍ നോട്ടീസ് പശതേച്ച് ഒട്ടിച്ചു വെച്ചു. ഈ കേസ് സുപ്രീം കോടതി പിന്നീട് സ്റ്റേ ചെയ്തു.

1998 മെയ് ഒന്നാം തീയതി തെക്കേ മുംബൈയിലെ കഫ് പരേഡിലുള്ള ജോളി മേക്കര്‍ അപ്പാര്‍ടുമെന്റിലെ ഒന്നാം നിലയിലുള്ള ഹുസൈന്റെ ഫ്ലാറ്റും ഗ്യാലറിയും ബജ്രംഗ്‌ ദള്‍ ഗുണ്ടകള്‍ അടിച്ചു തകര്‍ത്തു. അവരവിടെ എത്തുന്നതിനു തൊട്ടുമുമ്പ് അദ്ദേഹം ജീവനും കൊണ്ട് രക്ഷപ്പെടുകയായിരുന്നു. ഞാന്‍ ഒരു അഗ്നി പരീക്ഷയെ നേരിട്ടുകൊണ്ടിരിക്കുകയാണെന്നാണ് അന്ന് അദ്ദേഹം പ്രതീകാത്മകമായി ഫ്രണ്ട് ലൈന്‍ മാസികയോട് പ്രതികരിച്ചത്. ഒരു കലാ നിരൂപകനും ഒരു അഭിഭാഷകനും ഒരു വിശ്വഹിന്ദു പരിഷത്ത് പ്രതിനിധിയും അടങ്ങുന്ന മൂന്നംഗ പാനല്‍ തന്റെ മുഴുവന്‍ രചനകളും വിശദമായി പരിശോധിക്കട്ടെ എന്നും അവര്‍ ഏകകണ്ഠമായി തടയേണ്ടത് എന്നു കണ്ടെത്തുന്ന ഏതു രചനയും ഉടനടി നശിപ്പിക്കുന്നതില്‍ തനിക്ക് സന്തോഷമേയുള്ളൂ എന്നും അദ്ദേഹം അന്നു തന്നെ തുറന്നു പറഞ്ഞിരുന്നു. ഇത്രമാത്രം സഹിഷ്ണുതയും വിധേയത്വവും പ്രകടിപ്പിച്ച ഒരാളെ പക്ഷേ വെറുതെ വിടാന്‍ ഫാസിസ്റ്റുകള്‍ തയ്യാറായില്ല. സമാധാനപരമായ ഒരു തീര്‍പ്പിലും അവര്‍ക്ക് താല്‍പര്യമില്ലല്ലോ. 1996 ഒക്ടോബര്‍ 11ന് അഹമ്മദാബാദിലെ ഹുസൈന്‍ ദോഷി ഗുഫയിലുള്ള ഹെര്‍വിറ്റ്സ് ഗ്യാലറിയില്‍ ബജ്രംഗ് ദള്‍ ഗുണ്ടകള്‍ കടന്നു കയറുകയും വിലപ്പെട്ട അനവധി കലാസൃഷ്ടികള്‍ നശിപ്പിക്കുകയും ചെയ്തു. നശിപ്പിച്ചവയുടെ കൂട്ടത്തില്‍, ഹുസൈന്‍ വരച്ച തുണിയിലുള്ള 23 ചിത്രങ്ങളും മറ്റ് 28 പെയിന്റിംഗുകളുമുണ്ടായിരുന്നു. ഹനുമാന്‍ സീരീസ്, അവസാനത്തെ അത്താഴം, മാധുരി ദീക്ഷിത് സീരീസ് എന്നിവ നശിപ്പിക്കപ്പെടുകയുണ്ടായി. ഈ ആക്രമണത്തെക്കുറിച്ച് മുല്‍ക്ക് രാജ് ആനന്ദ് എഴുതിയതിപ്രകാരമാണ്.

അശോക് സിംഗാളും അതേ ജനുസ്സിലുള്ള ഹിന്ദുത്വവാദികളും ഇന്ത്യയുടെ മഹത്തായതും രചനാത്മകമായതുമായ പാരമ്പര്യത്തെക്കുറിച്ചും ആധുനിക കാലത്തെ കലയിലുണ്ടായിട്ടുള്ള വിസ്മയകരമായ ഉണര്‍വിനെക്കുറിച്ചും ഒരു ധാരണയുമില്ലാത്തവരാണ്. അജ്ഞതയുടെയും സങ്കുചിതമായ വര്‍ഗീയ അജണ്ടകളുടെയും വെറുപ്പിന്റെയും പേരിലാണ് ഈ ഹിന്ദുത്വ നായകന്മാര്‍ അപലപനീയരായിത്തീരുന്നത്.

ആക്രമണങ്ങള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് ഹുസൈന്‍ രാജ്യം തന്നെ വിട്ട് ഒളിച്ചോടി പോയിരിക്കുകയാണ്. ഇപ്പോള്‍ താന്‍ ഒരു അന്താരാഷ്ട്ര നാടോടി (ഇന്റര്‍നാഷണല്‍ ജിപ്സി) ആയിത്തീര്‍ന്നിരിക്കുന്നുവെന്നാണ് വേദനയോടെ തന്റെ അവസ്ഥയെ ഹുസൈന്‍ വിശദീകരിച്ചത്.

ഹുസൈന്റെ വീട്ടില്‍ നടത്തിയ ആക്രമണത്തെ ന്യായീകരിച്ചുകൊണ്ട് ശിവസേന അധിപനായ ബാല്‍ താക്കറെ പറഞ്ഞത് ഇപ്രകാരമായിരുന്നു.

ഹുസൈന് ഹിന്ദുസ്ഥാനില്‍ കാലെടുത്തു കുത്താമെങ്കില്‍ നമുക്ക് എന്തുകൊണ്ട് അയാളുടെ വീട്ടില്‍ പ്രവേശിച്ചുകൂട?

ഹുസൈന്റെ തലയെടുക്കുന്നവര്‍ക്ക് പതിനൊന്നര ദശലക്ഷം ഡോളര്‍ സമ്മാനമായി കൊടുക്കുന്നതാണെന്ന് ഒരു ഭ്രാന്തന്‍ സംഘടന പ്രഖ്യാപിക്കുകയുമുണ്ടായി. ഇന്ത്യയുടെ ഈ മഹാനായ പുത്രന് ഇനി ഇന്ത്യയിലേക്ക് തിരിച്ചു വരാനാകുമോ എന്ന് സംശയമാണ്. അദ്ദേഹത്തിന് തിരിച്ചു കാലുകുത്താനാകാത്ത ഇന്ത്യ എത്രമാത്രം പവിത്രവും വിശുദ്ധവും സ്വതന്ത്രവുമാണെന്ന പ്രശ്നത്തിന് ഉത്തരം പറയേണ്ടത് ഓരോ ഇന്ത്യക്കാരനുമാണ്.

1915ലാണ് മക് ബുല്‍ ഫിദാ ഹുസൈന്‍ ജനിച്ചത്. ബറോഡയിലെ സ്കൂളില്‍ പഠിക്കവെ എട്ടോ ഒമ്പതോ വയസ്സുള്ളപ്പോള്‍, ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ അഗ്നി താന്‍ അനുഭവിച്ചതായി അദ്ദേഹം ഓര്‍മിക്കുന്നുണ്ട്. അദ്ദേഹം പഠിച്ചിരുന്ന സ്കൂളിന്റെ രക്ഷാധികാരിയായിരുന്നത് ഗാന്ധിയനായ അബ്ബാസ് ടയാബ് ജിയായിരുന്നു. മതാടിസ്ഥാനത്തിലുള്ള ഒരു സ്കൂളായിരുന്നു അതെങ്കിലും കുട്ടികള്‍ ഖാദി ധരിച്ചിരുന്നു; ഗാന്ധി ജയന്തി ആഘോഷിക്കപ്പെട്ടിരുന്നു. ഗാന്ധിജിയുടെ കൂറ്റന്‍ രേഖാചിത്രങ്ങള്‍ ക്ലാസ് മുറിയിലെ ബ്ലാക്ക് ബോര്‍ഡില്‍ താന്‍ വരച്ചിരുന്നതായി ഹുസൈന് ഓര്‍മയുണ്ട്. 1930ല്‍ ഇന്ത്യയില്‍ സംഘടിപ്പിക്കപ്പെട്ട പുരോഗമന കലാകാരന്മാരുടെ സംഘടനയില്‍ - പ്രോഗ്രസ്സീവ് ആര്‍ടിസ്റ്റ്സ് ഗ്രൂപ്പ് - 1947ലാണ് ചിത്രകാരന്മാരായ റാസയുടെയും സൂസയുടെയും കൂടെ എം എഫ് ഹുസൈന്‍ അംഗത്വമെടുക്കുന്നത്. മുല്‍ക്ക് രാജ് ആനന്ദിനെപ്പോലുള്ളവരുമായി സംഘടനയില്‍ യോജിച്ചു പ്രവര്‍ത്തിച്ച പാരമ്പര്യമാണദ്ദേഹത്തിന്റേത്. സൂസ വരച്ച നഗ്നറാണി പോലുള്ള പേടിപ്പിക്കുന്ന നഗ്നതയൊന്നും ഹുസൈന്‍ ഒരിക്കലും വരച്ചിട്ടില്ലെന്ന് ചിത്രകലാ നിരൂപകനായ വിജയകുമാര്‍ മേനോന്‍ സാക്ഷ്യപ്പെടുത്തുന്നു. റാസയും സൂസയും പാശ്ചാത്യലോകത്തേക്ക് പോകാനുള്ള ശ്രമത്തിലായിരുന്നപ്പോള്‍ ഹുസൈന്‍ ഇന്ത്യാവിഭജനകാലത്ത് പാക്കിസ്ഥാനിലേക്ക് പോകാന്‍ കൂട്ടാക്കാതെ ഇന്ത്യയില്‍ തന്നെ തുടര്‍ന്ന് താമസിക്കുകയായിരുന്നു. ആ തീരുമാനം തെറ്റായിരുന്നുവെന്ന് പിന്നീടൊരിക്കലും അദ്ദേഹം മനസ്താപപ്പെട്ടതായി അറിവില്ല. എന്നാല്‍, ഇന്ത്യയെ സങ്കുചിതവും ജനാധിപത്യരഹിതവുമായ (നിങ്ങളുടെ ജനാധിപത്യത്തോട് എനിക്ക് ഒരു മമതയുമില്ല -ബാല്‍ താക്കറെ) ഒരു അടഞ്ഞ ഭൂപ്രദേശമാക്കാന്‍ പാടുപെടുന്ന ഹിന്ദു ഭീകരന്മാരാല്‍ ആട്ടിയോടിക്കപ്പെട്ട ഹുസൈന്‍ ഇപ്പോള്‍ ഇന്ത്യയില്‍ കാലുകുത്താന്‍ പോലും ഭയക്കുകയാണ്.

ലോക പ്രശസ്തമായ അനവധി പെയിന്റിംഗുകള്‍ക്കു പുറമെ ഒരു ചലച്ചിത്രകാരന്‍ എന്ന നിലക്കും വ്യക്തിത്വം തെളിയിച്ച എം എഫ് ഹുസൈന്റെ ഒരു ചിത്രകാരന്റെ കണ്ണിലൂടെ (Through the eyes of a painter /1967) എന്ന ഡോക്കുമെന്ററി ബര്‍ലിന്‍ മേളയില്‍ ഗോള്‍ഡന്‍ ബെയര്‍ പുരസ്കാരത്തിനര്‍ഹമായി. 1966ല്‍ പത്മശ്രീയും 1973ല്‍ പത്മഭൂഷണും 1989ല്‍ പത്മവിഭൂഷണും നല്‍കി കേന്ദ്ര സര്‍ക്കാര്‍ അദ്ദേഹത്തെ ആദരിച്ചിരുന്നു. രാജ്യസഭയിലും അദ്ദേഹം അംഗമായിരുന്നു. യഥാര്‍ഥത്തില്‍ ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരതരത്നം നല്‍കി അദ്ദേഹത്തേ ആദരിക്കുകയാണ് വേണ്ടത് എന്നഭിപ്രായപ്പെടുന്ന മാനവികവാദികളുടെ അഭിപ്രായമാണ് ഇപ്പോള്‍ പരിഗണിക്കേണ്ടത്. പ്രസിദ്ധ ഇന്ത്യന്‍-ഇംഗ്ലീഷ് എഴുത്തുകാരനും മലയാളിയുമായ ശശി തരൂര്‍ ഈ വാദത്തെ പിന്തുണച്ചുകൊണ്ട് ഇപ്രകാരം അഭിപ്രായപ്പെട്ടു.

ആധുനിക ഇന്ത്യയിലെ മതേതരവാദത്തിന്റെ രൂപമാതൃകകള്‍ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന പരിണാമങ്ങളുടെ ദൃഷ്ടാന്തമായിട്ടു വേണം ഹുസൈന്റെ ജീവിതവും കലാരചനകളും മനസ്സിലാക്കപ്പെടാന്‍. നമ്മളെ സംബന്ധിച്ചിടത്തോളം രാഷ്ട്രസങ്കല്‍പത്തിന്റെയും നിര്‍മാണപ്രക്രിയയുടെയും വ്യാഖ്യാനവും വെല്ലുവിളികളും എപ്രകാരമായിരിക്കുമെന്നും അത് നിശ്ചയിക്കുന്നു. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട മാതൃരാജ്യം കടന്നുപോരുന്ന സാംസ്കാരിക നവോത്ഥാന പ്രക്രിയക്ക് അദ്ദേഹം നല്‍കിയിട്ടുള്ള വിലമതിക്കാനാവാത്ത സംഭാവനകളുടെ കരുത്തും അര്‍പ്പണബോധവും കണക്കിലെടുക്കുമ്പോള്‍ ഇതാണ് അദ്ദേഹത്തെ പരമോന്നത ബഹുമതി നല്‍കി ആദരിക്കാനുള്ള യുക്തമായ സമയം എന്നു ബോധ്യപ്പെടും.

(ലേഖകന്‍: ശ്രീ. ജി.പി.രാമചന്ദ്രന്‍. കടപ്പാട്: ദേശാഭിമാനി)

റഫറന്‍സ്

1. An artist and a movement, Any great change in a nation's civilisation begins in the field of culture (Frontline Vol. 14 :: No. 16 :: Aug. 9-22, 1997)

2. COMMUNALISM -Assault on art by R. PADMANABHAN(Frontline Vol. 15 :: No. 10 :: May 09 - 22, 1998 )

3. Indian Erotic Art by Dr.Alka Pande,Consultant Art Advisor & Curator
Visual Arts Gallery India Habitat Centre Lodi Road New Delhi- 110003

4. Recent discussions in fourthestate google group, special thanks to Jayaprakash ND (jaypdsfഅറ്റ് gmail.com) and Kavitha Balakrishnan (meltingpots.kavitha അറ്റ് gmail.com)

5. Wikipedia, the free encyclopedia

6. ഹുസൈന്റെ കൈമുദ്രയില്‍ കാണുന്നത് - വിജയകുമാര്‍ മേനോന്‍ (ദേശാഭിമാനി വാരാന്തപ്പതിപ്പ് 16 സെപ്തംബര്‍ 2007)

(കൂടുതല്‍ വായനക്ക്)

1. Eternal India - ഫ്രണ്ട്‌ലൈന്‍ ലേഖനം

8 comments:

വര്‍ക്കേഴ്സ് ഫോറം said...

കലാരൂപങ്ങളെ ഉടുപ്പണിയിപ്പിക്കുവാന്‍ തുടങ്ങിയാല്‍ അത് എവിടെച്ചെന്നു നില്‍ക്കും എന്നത് കേവലം കൌതുകകരമായ ഒരു ചോദ്യമല്ല. കാരണം, ഫാസിസത്തിന്റെ കാലത്ത്, അത് കോടിക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കാനുള്ള ലൈസന്‍സായി മാറിത്തീരും. മലമ്പുഴയില്‍ കാനായി കൊത്തിവെച്ച യക്ഷിക്കു മുതല്‍ എം എഫ് ഹുസൈന്റെ ചിത്രങ്ങള്‍ക്കു വരെ ഉടുപ്പു തയ്പിക്കുന്നവര്‍, നാളെ ഉടുപ്പണിയിപ്പിച്ചു വേണം കുട്ടികളെ പ്രസവിക്കാന്‍ എന്നും ഉത്തരവിട്ടു കൂടായ്കയില്ല.

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലുള്ള എല്ലാവരും ഇന്ത്യക്കാരും ഹിന്ദുക്കള്‍ ആണെന്നും അതാണ് നമ്മുടെ സാംസ്കാരിക പാരമ്പര്യം എന്നുമാണ് ആര്‍ എസ് എസ് അവകാശപ്പെടുന്നത്. വൈദേശികമായ മതവിശ്വാസത്തില്‍ നിന്ന് പിന്തിരിഞ്ഞുവരാന്‍ ഇന്ത്യക്കാരായ അന്യ മതസ്ഥര്‍ക്ക് ഒരു അവസരം കൊടുക്കുന്നതു പോലെയാണ് അവരുടെ വാഗ്ദാനം കേട്ടാല്‍ തോന്നുക. അങ്ങനെയാണെങ്കില്‍ നൂറ്റാണ്ടുകളുടെ ഇന്ത്യന്‍ കലാ-ദൈവാരാധനാ പാരമ്പര്യത്തിന് തികച്ചും യോജിച്ച തരത്തിലും അവയെ നവീനമായ ഭാവുകത്വത്തോടെ പരിഷ്ക്കരിക്കുന്ന രൂപത്തിലുമുള്ള എം എഫ് ഹുസൈന്റെ വിഖ്യാത രചനകള്‍ അവര്‍ക്ക് എതിര്‍ത്തു തോല്‍പ്പിക്കാനുള്ള ഒരു യുദ്ധക്കളമായി മാറിയതെങ്ങനെ?

ശ്രീ. ജി.പി.രാമചന്ദ്രന്‍ എഴുതിയ ലേഖനം ചര്‍ച്ചകള്‍ക്കായി സമര്‍പ്പിക്കുന്നു...

Rajeeve Chelanat said...

വല്ലാതെ നോവുന്നു അനോണിക്ക്. മലയാളത്തിലുള്ള ലേഖനം വായിച്ച്, ഇംഗ്ലീഷില്‍ അദ്ദേഹം തന്റെ കോപം വിസര്‍ജ്ജിക്കുന്നത് നോക്കുക. ഒരു ടിപ്പിക്കല്‍ മതഭ്രാന്തന്റെ വിറളിയെടുക്കല്‍. പക്ഷേ, അനോണിയെപ്പോലെയുള്ള അസഹിഷ്ണുക്കളെ ഉള്‍ക്കൊള്ളാന്‍‌പോലും ശക്തമാണ് ഇന്ത്യന്‍ വ്യവസ്ഥ എന്നത് അദ്ദേഹം അറിയുന്നുണ്ടാകുമോ ആവോ? സനാതന ധര്‍മ്മത്തിന്റെ ഈ വിദൂഷക പ്രതിനിധിക്കും, ശാസിക്കാന്‍ ആംഗലേയം തന്നെ വേണം. അതെങ്ങിനെ? സംസ്ക്കാരവും, ചിത്ത സംസ്കൃതിയും, സംസ്കൃതവും
ഒന്നും അദ്ദേഹത്തിനു വേണ്ട. ആവോളം, നല്ല ‘സംസ്കൃതം‘ കയ്യിലുണ്ടുതാനും.

Jayakeralam said...

nice writing. regards,
...................................
ജയകേരളം.കോം ....മലയാളം കഥകള്‍, കവിതകള്‍, ലേഖനങ്ങള്‍, കാര്‍ട്ടൂണുകള്‍ and many more... Please send us your suggestions...
http://www.jayakeralam.com

absolute_void(); said...

വഡോദരയില് ചിത്ലകലാ പരീക്ഷയ്ക്കിടെ വിദ്യാര്ത്ഥിക്ക് നേരെ പരിവാര് ‎സംഘടനകള് അക്രമം കാട്ടിയപ്പോള് ഞാന് ഇതേ വിഷയത്തില് ഒരു പോസ്റ്റിട്ടിരുന്നു. ‎അതിന്റെ ലിങ്ക് ഇവിടെ - ‎
http://absolutevoid.blogspot.com/2007/05/blog-post.html

Radheyan said...

സര്‍വ്വാത്മനാ യോജിക്കുന്നു.

സനാതനമതത്തെ അതിന്റെ അന്തസാരത്തെ അതിന്റെ സത്തയെ നശിപ്പിക്കാന്‍ സംഘപരിവാറിന് എത്രനാള്‍ വേണം? ലോകത്തെ വ്യവസ്ഥാപിതമല്ലാത്ത, ഏറ്റവും ലിബറലായ മതത്തിന്റെ മരണം, അതൊരു വല്ലത്ത ദുരന്തമായിരിക്കും.

പില്‍ക്കാലത്തെങ്ങോ നമ്മുടെ സംസ്കൃതിയില്‍ കൂട്ടിചേര്‍ക്കപ്പെട്ട ഈ രണോത്സുക സവര്‍ണ്ണ വര്‍ഗ്ഗീയതയുടെ ഹൃസ്വദൃഷ്ടി കാരണം ലോകത്തെ ഏറ്റവും മനോഹരമായ സംസ്ക്കാരം നശിപ്പിക്കപ്പെടാന്‍ പാടില്ല.

വര്‍ക്കേഴ്സ് ഫോറം said...

പ്രിയ രാജീവ്, രാധേയന്‍, സെബിന്‍...വളരെയധികം നന്ദി...

സെബിന്റെ പോസ്റ്റ് കണ്ടു. തികച്ചും സമയോചിതമായ, നിലവാ‍രമുള്ള പോസ്റ്റ്..സെബിന് വര്‍ക്കേഴ്സ് ഫോറത്തിന്റെ അഭിനന്ദനങ്ങള്‍...

Unknown said...

തീർച്ചയായും പുരാതന ഭാരത സംസ്കാരം ലൈംഗികതയെ തെറ്റായോ ഒളിപ്പിച്ചു വക്കേണ്ട ഒന്നായോ കണ്ടിരുന്നില്ല. എന്ന് മാത്രമല്ല പുരാതനമായ മറ്റ് പല സംസ്കാരങ്ങളും ആദി കാലങ്ങളിൽ അങ്ങനെ തന്നെയായിരുന്നു. പഴയ നിയമത്തിലെ ഉൽപ്പത്തിയും മറ്റും വായിച്ചാലത് മനസിലാകുന്നതാണ്
ആദവും ഹവ്വയും നഗ്നരായാണ് ഏദൻ തോട്ടത്തിൽ ജീവിച്ചു വന്നതെന്നും പിന്നീടാണ് നാണം എന്ന വികാരമുണ്ടായതെന്നും പറയപ്പെടുന്നു...
അപ്പോൾ സംസ്കാരങ്ങളുടെ കാലാനുസൃതമായ വളർച്ചക്കൊപ്പം ലൈംഗിക കാഴ്ചപ്പാടുകളും മാറി എന്ന് സാമാന്യ ബുദ്ധിയുള്ളവർക്ക് മനസ്സിലാകുന്നതാണ്.. ഓരോ ക്ഷേത്ര കൊത്തുപണികളിലും അക്കാലത്തെ സംസ്കൃതിയുടെ ഒരു തിരനോട്ടമാണ് ഉണ്ടായിരുന്നത്. കാർഷിക വൃത്തിയും യുദ്ധവും നൃത്തവും ലൈംഗികതയുമൊക്കെ ഒന്ന് പോലെ കണ്ടിരുന്ന കാലത്ത് അവയൊക്കെ ശിൽപങ്ങളും ചിത്രങ്ങളുമായി..
എന്ന് കരുതി ഇന്നത് പകർത്തുക എന്നത് എൽകെജിയിൽ പഠിക്കുമ്പോഴിട്ട വള്ളിനിക്കർ അറുപതാം വയസ്സിൽ കയറ്റിയിടാൻ നോക്കുന്നത് പോലെ അനുചിതവും അരോചകവുമാണ്. ഈ ശില്പങ്ങളുടെ കാലത്ത് മനുഷ്യൻ നഗ്നനായി നടക്കുന്നതിൽ നാണം കണ്ടിരുന്നില്ലായിരിക്കാം മൃഗരതി തെറ്റായി കണ്ടിരുന്നില്ലായിരിക്കാം.
എന്നു കരുതി നമ്മളോ എം എഫ് ഹുസൈനോ അങ്ങനെ ഇന്ന് ചെയ്യുമോ?? അപ്പോ മനുഷ്യന്റെ സാംസ്കാരിക വികാസത്തോടൊപ്പം കാഴ്ചപ്പാടുകളിലും ജീവിത സാഹചര്യങ്ങളിലും വ്യതിയാനം സംഭവിക്കുമെന്നും പഴയവ വീണ്ടും പുനർ സൃഷ്ടിക്കുമ്പോൾ അവക്ക് അനുയോജ്യമായ ഘടകങ്ങൾ എല്ലാം കൂടെ സൃഷ്ടിക്കേണ്ടി വരുമെന്ന് മനസിലാകാത്തതാണ് ലേഖകന്റെ പ്രശ്നം എന്ന് മനസ്സിലാക്കുക

Unknown said...

തീർച്ചയായും പുരാതന ഭാരത സംസ്കാരം ലൈംഗികതയെ തെറ്റായോ ഒളിപ്പിച്ചു വക്കേണ്ട ഒന്നായോ കണ്ടിരുന്നില്ല. എന്ന് മാത്രമല്ല പുരാതനമായ മറ്റ് പല സംസ്കാരങ്ങളും ആദി കാലങ്ങളിൽ അങ്ങനെ തന്നെയായിരുന്നു. പഴയ നിയമത്തിലെ ഉൽപ്പത്തിയും മറ്റും വായിച്ചാലത് മനസിലാകുന്നതാണ്
ആദവും ഹവ്വയും നഗ്നരായാണ് ഏദൻ തോട്ടത്തിൽ ജീവിച്ചു വന്നതെന്നും പിന്നീടാണ് നാണം എന്ന വികാരമുണ്ടായതെന്നും പറയപ്പെടുന്നു...
അപ്പോൾ സംസ്കാരങ്ങളുടെ കാലാനുസൃതമായ വളർച്ചക്കൊപ്പം ലൈംഗിക കാഴ്ചപ്പാടുകളും മാറി എന്ന് സാമാന്യ ബുദ്ധിയുള്ളവർക്ക് മനസ്സിലാകുന്നതാണ്.. ഓരോ ക്ഷേത്ര കൊത്തുപണികളിലും അക്കാലത്തെ സംസ്കൃതിയുടെ ഒരു തിരനോട്ടമാണ് ഉണ്ടായിരുന്നത്. കാർഷിക വൃത്തിയും യുദ്ധവും നൃത്തവും ലൈംഗികതയുമൊക്കെ ഒന്ന് പോലെ കണ്ടിരുന്ന കാലത്ത് അവയൊക്കെ ശിൽപങ്ങളും ചിത്രങ്ങളുമായി..
എന്ന് കരുതി ഇന്നത് പകർത്തുക എന്നത് എൽകെജിയിൽ പഠിക്കുമ്പോഴിട്ട വള്ളിനിക്കർ അറുപതാം വയസ്സിൽ കയറ്റിയിടാൻ നോക്കുന്നത് പോലെ അനുചിതവും അരോചകവുമാണ്. ഈ ശില്പങ്ങളുടെ കാലത്ത് മനുഷ്യൻ നഗ്നനായി നടക്കുന്നതിൽ നാണം കണ്ടിരുന്നില്ലായിരിക്കാം മൃഗരതി തെറ്റായി കണ്ടിരുന്നില്ലായിരിക്കാം.
എന്നു കരുതി നമ്മളോ എം എഫ് ഹുസൈനോ അങ്ങനെ ഇന്ന് ചെയ്യുമോ?? അപ്പോ മനുഷ്യന്റെ സാംസ്കാരിക വികാസത്തോടൊപ്പം കാഴ്ചപ്പാടുകളിലും ജീവിത സാഹചര്യങ്ങളിലും വ്യതിയാനം സംഭവിക്കുമെന്നും പഴയവ വീണ്ടും പുനർ സൃഷ്ടിക്കുമ്പോൾ അവക്ക് അനുയോജ്യമായ ഘടകങ്ങൾ എല്ലാം കൂടെ സൃഷ്ടിക്കേണ്ടി വരുമെന്ന് മനസിലാകാത്തതാണ് ലേഖകന്റെ പ്രശ്നം എന്ന് മനസ്സിലാക്കുക