Saturday, November 29, 2008

ആഗോള സാമ്പത്തിക തകര്‍ച്ചയില്‍ പിരിച്ചുവിടലുകള്‍ തുടരുന്നു

അമേരിക്കയില്‍ വാള്‍ സ്‌ട്രീറ്റില്‍ 2007 ആഗസ്‌റ്റില്‍ ആരംഭിച്ച സാമ്പത്തിക്കുഴപ്പം അമേരിക്കന്‍ അതിര്‍ത്തികള്‍ കടന്ന് യൂറോപ്പിലും ഏഷ്യയിലും ജപ്പാനിലും ആസ്‌ട്രേലിയയിലും ലോകമാകെയും വ്യാപിച്ച് ഇപ്പോള്‍ മനുഷ്യന്‍ വ്യാപരിക്കുന്ന നാനാമേഖലകളെയും പിടിച്ചുലച്ചു കൊണ്ടിരിക്കുകയാണ്. സാമ്പത്തികക്കുഴപ്പം ആദ്യം ബാങ്കുകളെയും ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളെയുമാണ് തകര്‍ത്തതെങ്കില്‍ ഇപ്പോള്‍ വ്യാപാര-വ്യവസായ സ്ഥാപനങ്ങളെയും, രാജ്യങ്ങളുടെ സാമ്പത്തികസ്ഥിതിയെത്തന്നെയും തകര്‍ത്തുകൊണ്ടിരിക്കുകയാണ്. ഐസ്‌ലാന്റ്, ഹംഗറി, ടര്‍ക്കി, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങള്‍ സാമ്പത്തിക സുനാമിയില്‍പ്പെട്ട് ഐഎംഎഫിന്റെ മുന്‍പില്‍ കൈനീട്ടി നില്‍ക്കുകയാണ്.

ഐ.എം.എഫ് 2008 നവംബര്‍ ആറിന് പുറത്തുവിട്ട അവരുടെ "വേള്‍ഡ് എക്കണോമിക് ഔട്ട് ലുക്ക്'' എന്ന റിപ്പോര്‍ട്ടില്‍ പറയുന്നത് രണ്ടാം ലോകമഹായുദ്ധാനന്തരം ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണിതെന്നാണ്. 2007 ല്‍ 5 ശതമാനമായിരുന്നു ലോക സമ്പദ് രംഗത്തിന്റെ വളര്‍ച്ച. 2008 ല്‍ 3.7 ശതമാനമായും 2009 ല്‍ 2.2 ശതമാനമായും കുറയും എന്നാണവരുടെ കണക്കുകൂട്ടല്‍. ലോക സമ്പദ് രംഗത്തെ വളര്‍ച്ച 3%-ല്‍ താഴെയായാല്‍ അതൊരു മാന്ദ്യത്തിന്റെ ലക്ഷണമാണെന്നാണ് ഐഎംഎഫ് വക്താക്കള്‍ തന്നെ പറയുന്നത്. വികസിത രാജ്യങ്ങളുടെ വളര്‍ച്ചാ നിരക്ക് 2007 ല്‍ 2.6% ആയിരുന്നു. അത് 2008-ല്‍ 1.4 ആയും 2009 ല്‍ -0.3 ആയും കുത്തനെ കുറയും എന്നാണ് അനുമാനം.

അമേരിക്കയുടെ വളര്‍ച്ച 2007 ല്‍ 2 ശതമാനമായാല്‍ അത് 2009 ല്‍ -0.7 ആയി കുറയും എന്നാണ് അനുമാനം. വികസിത സമ്പദ് വ്യവസ്ഥകള്‍ ചുരുങ്ങുന്നത് 1930 നുശേഷം ആദ്യമായാണ്. വികസിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളായ ഇന്ത്യ, ചൈന, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലെ വളര്‍ച്ച 2007 ല്‍ 8 ശതമാനമായിരുന്നു. അത് 2008 ല്‍ 6.6 ആയും 2009 ല്‍ 5.1 ആയും ഇടിയുമെന്നാണ് ഐഎംഎഫ് കണക്കാക്കുന്നത്. ചൈനയുടെ വളര്‍ച്ചാനിരക്ക് 2007 ല്‍ 11.9 ശതമാനമായിരുന്നത് 2009 ല്‍ 8.5 ശതമാനമായി ഇടിയുമെന്നും ഇന്ത്യയുടേത് 9.3 ശതമാനമായിരുന്നത് 6.3 ശതമാനമാകും എന്നുമാണ് അനുമാനം. സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണ് എന്ന് ചുരുക്കം. (ചാര്‍ട്ട് 1 കാണുക)



ഈ തകര്‍ച്ചയുടെ ഫലമായി ഉല്‍പ്പാദകരുടെയും ഉപഭോക്താക്കളുടെയും സമ്പദ് വ്യവസ്ഥയിലുള്ള വിശ്വാസം തകര്‍ന്നിരിക്കുകയാണ്. ഉല്‍പ്പാദനവും ഉപഭോഗവും താഴേക്ക് പോയ്‌ക്കൊണ്ടിരിക്കുകയാണ്. ഒരു സമ്പദ് വ്യവസ്ഥയില്‍ ഉല്‍പ്പാദനവും വിതരണവും ഉപഭോഗവും ഇടിഞ്ഞാല്‍ അതുമായി ബന്ധപ്പെട്ട വ്യവസായങ്ങള്‍ തളരുകയും തൊഴില്‍ ലഭ്യത ഇടിയുകയും ചെയ്യും. ഇത് വീണ്ടും ഉപഭോഗത്തെ ഇടിക്കും. ഇങ്ങനെ ഒരു വിഷമവൃത്തിലാണിപ്പോള്‍ സമ്പദ് വ്യവസ്ഥ. നാനാ മേഖലകളില്‍, നാനാ വ്യവസായങ്ങളില്‍ തൊഴിലാളികള്‍ പുറന്തള്ളപ്പെട്ടു കൊണ്ടിരിക്കുകയാണ്. ലോകത്തെ തൊഴിലില്ലാപ്പടയുടെ എണ്ണം 2007 ലെ 190 മില്യണില്‍ (1 മില്യണ്‍ = പത്തുലക്ഷം) നിന്നും 2009 ആകുമ്പോള്‍ 210 മില്യണായി ഉയരും എന്നാണ് ഐഎല്‍ഒ (ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍) യുടെ കണക്ക്. അതായത് തൊഴിലില്ലാത്തവരുടെ എണ്ണത്തില്‍ 20 മില്യന്റെ വര്‍ധനവുണ്ടാകും. അമേരിക്കയില്‍ ഒക്‍ടോബറില്‍ മാത്രം തൊഴില്‍ നഷ്‌ടപ്പെട്ടത് 2,40,000 പേര്‍ക്കാണ്. കഴിഞ്ഞ ആറുമാസം കൊണ്ടു അമേരിക്കയില്‍ പത്തുലക്ഷത്തിലധികം പേര്‍ക്ക് തൊഴില്‍ നഷ്‌ടപ്പെട്ടു.

അമേരിക്കന്‍ തൊഴിലില്ലായ്‌മ 2009 അവസാനമാകുമ്പോഴേക്കും എട്ടു മുതല്‍ എട്ടര ശതമാനം വരെ എത്തിയേക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. എന്നാല്‍ ഏതെങ്കിലും വാഹനനിര്‍മ്മാണ കമ്പനി പൊളിഞ്ഞാല്‍ തൊഴിലില്ലായ്‌മ പത്ത് - പതിനൊന്ന് ശതമാനം വരെ ആയേക്കുമെന്ന് മറ്റു ചില വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. നിലവില്‍ തൊഴിലില്ലായ്‌മാ നിരക്ക് ആറര ശതമാനമാണ്. വാഹനക്കമ്പനികള്‍ തകരാനുള്ള സാധ്യതകള്‍ ഏറിവരികയാണ്. അമേരിക്കയിലെ ഏറ്റവും വലിയ വാഹനനിര്‍മാണ കമ്പനിയായ ജനറല്‍ മോട്ടോഴ്‌സ് തങ്ങള്‍ പാപ്പര്‍ ഭീതിയിലാണെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. ഈ വര്‍ഷത്തെ മൂന്നാം പാദത്തില്‍ (ജൂലൈ-സെപ്തംബര്‍) 250 കോടി ഡോളര്‍ നഷ്‌ടമുണ്ടായതായി ജി.എം അറിയിച്ചു. ഈ വര്‍ഷാവസാനത്തോടെ പണമില്ലാതാകുമെന്ന് ഭയപ്പെടുന്ന കമ്പനി സര്‍ക്കാരിന്റെ സഹായം അഭ്യര്‍ഥിച്ചിരിക്കുകയാണ്. നവംബര്‍ ഏഴിന് കമ്പനിയുടെ ഓഹരിവില 9 ശതമാനത്തിലേറെ ഇടിഞ്ഞു. സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ ജി.എമ്മും അവരുടെ പ്രധാന എതിരാളികളായ ഫോര്‍ഡ് മോട്ടോഴ്‌സും തൊഴിലാളികളെ മത്സരിച്ചു പിരിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഫാക്‍ടറികള്‍ പണയം വെച്ച് കോടിക്കണക്കിന് ഡോളര്‍ കടം വാങ്ങിയതിനാല്‍ തല്‍ക്കാലം ഒരുവര്‍ഷം പിടിച്ചുനില്‍ക്കാനുള്ള പണം കയ്യിലുണ്ടെന്ന് ഫോര്‍ഡ് മോട്ടോഴ്‌സ് അറിയിച്ചു. ജി.എം, ഫോര്‍ഡ്, ക്രിസ്‌ലര്‍ എന്നീ കമ്പനികളുടെ ഉന്നത ഉദ്യോഗസ്ഥര്‍ നവംബര്‍ ആറിന് യു.എസ്. കോണ്‍ഗ്രസ് നേതാക്കളെ കണ്ട് 5000 കോടി ഡോളറിന്റെ കൂടി വായ്‌പ സംബന്ധിച്ച ചര്‍ച്ച നടത്തി. കോണ്‍ഗ്രസ് സെപ്‌തബറില്‍ പാസാക്കിയ 2500 കോടി ഡോളര്‍ സഹായത്തിനു പുറമെയാണിത്.ഹ്യൂലറ്റ് പക്കാര്‍ഡ് എന്ന വമ്പന്‍ കമ്പ്യൂട്ടര്‍ കമ്പനി 24,000 തൊഴിലാളികളെ പിരിച്ചുവിടാന്‍ തീരുമാനിച്ചു. കമ്പ്യൂട്ടര്‍ ഉപകരണ നിര്‍മാതാക്കളായ എ.എം.ഡി. അഞ്ഞൂറ് പേരെ നവംബറില്‍ ഒഴിവാക്കി.

അമേരിക്കയിലെ എന്നല്ല, ലോകത്തെ തന്നെ വന്‍ബാങ്കായ സിറ്റി 75,000ത്തോളം തൊഴിലാളികളെ പിരിച്ചുവിട്ടു. ഇനിയും ഈ വര്‍ഷം 23,000 പേരെ പിരിച്ചുവിടാനാണ് തീരുമാനം. വന്‍നിക്ഷേപ ബാങ്കായ ലേമാന്‍ ബ്രദേഴ്‌സ് അടച്ചുപൂട്ടിയതിന്റെ ഫലമായി 26,000 തൊഴിലാളികള്‍ വഴിയാധാരമായി. നിക്ഷേപ ബാങ്കുകളായിരുന്ന ജെ.പി. മോര്‍ഗാനും മെറിള്‍ ലിഞ്ചും ആയിരക്കണക്കിന് തൊഴിലാളികളെ പിരിച്ചുവിട്ടുകൊണ്ടിരിക്കുന്നു. ഫിഡിലിറ്റി ഇന്‍വെസ്‌റ്റ്മെന്റ്സ് 1300 പേരെ നവംബറില്‍ പിരിച്ചുവിട്ടു. ഫിഡിലിറ്റി അവരുടെ 44,400 ജീവനക്കാരില്‍ 3 ശതമാനത്തോളം ആള്‍ക്കാരെ ഈ വര്‍ഷാവസാനത്തോടെ പിരിച്ചുവിടും എന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. 2009 ആദ്യം ഇനിയും കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിടുമെന്ന് ഫിഡിലിറ്റി അധികൃതര്‍ അറിയിച്ചു. ന്യൂയോര്‍ക്ക് ആസ്ഥാനമായ അമേരിക്കന്‍ എക്‍സ്‌പ്രസ് എന്ന സാമ്പത്തിക സ്ഥാപനം ലോകമാകെയുള്ള അവരുടെ തൊഴില്‍ശക്തിയുടെ പത്ത് ശതമാനത്തോളം കുറയ്‌ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതുവഴി 7000 പേര്‍ക്ക് തൊഴില്‍ നഷ്‌ടപ്പെടും. അമേരിക്കന്‍ എക്സ്പ്രസ് മാനേജ്‌മെന്റ് ജീവനക്കാരുടെ ശമ്പളവര്‍ധന നിര്‍ത്തിവയ്‌ക്കുന്നതിനും നിക്ഷേപച്ചെലവും യാത്രാ-വിനോദ ചെലവുകളും കുറയ്‌ക്കുന്നതിനും തീരുമാനിച്ചു. പ്രതിസന്ധിയിലായതിനെ തുടര്‍ന്ന് അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ വാഷിംഗ്‌ടണ്‍ മ്യൂച്വല്‍ കൂടുതല്‍ തൊഴിലാളികളെ പിരിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ 40,000 പേരാണ് ആ സാമ്പത്തികസ്ഥാപനത്തില്‍ ജോലി ചെയ്യുന്നത്. എച്ച്.എസ്.ബി.സിയും കൂട്ട പിരിച്ചുവിടല്‍ തുടങ്ങിക്കഴിഞ്ഞു. നവംബര്‍ പത്തിന് അവര്‍ അഞ്ഞൂറോളം പേരെ പിരിച്ചുവിട്ടു. ഇത് തുടരുമെന്നാണ് കമ്പനി അധികൃതര്‍ അറിയിക്കുന്നത്.

നിര്‍മാണമേഖല പ്രതിസന്ധിയിലായതുമൂലം സെയിന്റ് ഗോപിന്‍ എന്ന ഫ്രഞ്ച് ഗ്ലാസ് കമ്പനി ആറായിരം തൊഴിലാളികളെ പിരിച്ചുവിട്ടു. നിര്‍മാണരംഗത്തും ഭവനരംഗത്തും പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് മാര്‍ക്കറ്റിംഗ് തൊഴിലാളികള്‍ക്കും തൊഴില്‍ നഷ്‌ടമായി. മൊബൈല്‍ കമ്പനിയായ സോണി എറിക്‍സണ്‍ രണ്ടായിരം തൊഴിലാളികളെയാണ് പിരിച്ചുവിടുന്നത്. പെപ്‌സി 3300 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്.

സുപ്രസിദ്ധ ബാര്‍ബി പാവ നിര്‍മാതാക്കളായ മേറ്റല്‍ അവരുടെ 3% ജീവനക്കാരെ കുറയ്‌ക്കാന്‍ തീരുമാനിച്ചു. ഇപ്പോള്‍ത്തന്നെ ആയിരം പേരെ പിരിച്ചുവിട്ടുകഴിഞ്ഞു. ബ്രിട്ടീഷ് എയര്‍വേയ്‌സ് അവരുടെ ലാഭത്തില്‍ വന്‍ഇടിവ് വന്നതായി അറിയിച്ചിട്ടുണ്ട്. അവരുടെ നഷ്‌ടം 2008 അര്‍ധവര്‍ഷത്തില്‍ 42 മില്യണ്‍ ഡോളറാണ്. യാത്രക്കാരുടെ എണ്ണം കുറയുന്നതും നഷ്‌ടം വര്‍ധിക്കുന്നതും മൂലം ജീവനക്കാരെ പിരിച്ചുവിടാന്‍ നിര്‍ബന്ധിതരാകുമെന്ന് ബ്രിട്ടീഷ് എയര്‍വേയ്‌സ് അധികൃതര്‍ അറിയിച്ചു. ജൂലൈ-സെപ്‌തംബര്‍ മാസത്തില്‍ ജപ്പാന്‍ എയര്‍ലൈന്‍സിന്റെ ലാഭം 60 ശതമാനത്തോളം ഇടിഞ്ഞു. ജപ്പാന്‍ എയര്‍ലൈന്‍സും തൊഴിലാളികളെ ഒഴിവാക്കിയും മറ്റുതരത്തില്‍ ചിലവുകള്‍ കുറച്ചും പ്രതിസന്ധി തരണം ചെയ്യാനാണ് ശ്രമിക്കുന്നത്. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ മെര്‍ക്ക് 7200 ഓളം പേരെ പിരിച്ചുവിട്ടു. അവരുടെ തൊഴില്‍ശക്തിയുടെ 12% വരും ഇത്.

ഇന്ത്യ

ആഗോള സാമ്പത്തികത്തകര്‍ച്ചയുടെ ആഘാതം ഇന്ത്യയെ ബാധിക്കില്ല എന്നായിരുന്നു നമ്മുടെ ഭരണാധികാരികളുടെ ആദ്യകാലത്തെ നിലപാട്. എന്നാല്‍ ഇപ്പോള്‍ പ്രധാനമന്ത്രിയും ധനമന്ത്രിയും ഉള്‍പ്പെടെയുള്ളവര്‍ മറിച്ചാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് അംഗീകരിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. ഇന്ത്യന്‍ ഓഹരിക്കമ്പോളം ഇടിഞ്ഞമര്‍ന്നിരിക്കുകയാണ്. 2008 ജനുവരിയില്‍ 21200 ന് മേലെയായിരുന്ന ബോംബെ സ്‌റ്റോക്ക് എക്‍സ്‌ചേഞ്ച് ഇന്‍ഡക്‍സ് (സെന്‍സെക്‍സ്) ഇപ്പോള്‍ പതിനായിരത്തിനു താഴെയായി. ഒരുഘട്ടത്തില്‍ 9000 ത്തിനും താഴെപ്പോയിരുന്നു. 60 ശതമാനത്തോളം ഇടിവ്. വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ (ഫോറിന്‍ എക്‍സ്‌ചേഞ്ച് റിസര്‍വ് ) ഒക്‍ടോബര്‍ മാസത്തില്‍ മാത്രം 31 ബില്യണ്‍ ഡോളറിന്റെ ഇടിവുണ്ടായി. ഇപ്പോള്‍ വിദേശനാണ്യശേഖരം 252.8 ബില്യന്‍ (31ഒക്‍ടോബര്‍ 2008) മാത്രമാണ്. വിദേശനാണ്യശേഖരം ആവിയായിക്കൊണ്ടിരിക്കുന്നു എന്നാണ് ധനകാര്യ പത്രങ്ങള്‍ പറയുന്നത്. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ വില ഏപ്രിലിനു ശേഷം 20% ലേറെ ഇടിഞ്ഞു. (ചാര്‍ട്ട് 2)



ഇപ്പോള്‍ ഒരു ഡോളറിന് 48 രൂപ (7 നവംബര്‍ 2008) എന്ന സ്ഥിതിയാണ്. ഇന്ത്യയുടെ വ്യാപരക്കമ്മി കുതിച്ചുയര്‍ന്ന് സെപ്‌തംബര്‍ 2008 അവസാനം 59.7 ബില്യണ്‍ ഡോളറിലെത്തിച്ചിരിക്കുകയാണ്. 2008 സെപ്‌തംബറില്‍ അവസാനിക്കുന്ന അര്‍ധവര്‍ഷത്തില്‍ ഇന്ത്യന്‍ ഇറക്കുമതി 43.3 ശതമാനം വര്‍ധിച്ചപ്പോള്‍ കയറ്റുമതി 10.4 ശതമാനം മാത്രമാണുയര്‍ന്നത്. വൈദ്യുതി കമ്മിയും ഫിസ്‌ക്കല്‍ കമ്മിയും ബജറ്റില്‍ കണക്കാക്കിയതിനേക്കള്‍ വളരെ ഉയര്‍ന്നിരിക്കുകയാണ്. ഫിസ്‌ക്കല്‍ ഡെഫിസിറ്റ് ഏപ്രില്‍ - ഓഗസ്‌റ്റ് കാലയളവില്‍ 2007 നെ അപേക്ഷിച്ച് 13.1 ശതമാനം ഉയര്‍ന്നു. റവന്യൂ ഡെഫിസിറ്റ് ഏപ്രില്‍ - ഓഗസ്‌റ്റ് കാലയളവില്‍ 2007 നെ അപേക്ഷിച്ച് 82.9 ശതമാനം ഉയര്‍ന്നു. വാര്‍ഷിക വ്യാവസായിക വളര്‍ച്ച ഏപ്രില്‍ - ഓഗസ്‌റ്റ് കാലയളവില്‍ 4.9 % മാത്രമാണ് രേഖപ്പെടുത്തിയത്. 2007 ല്‍ അത് 10 % ആയിരുന്നു. അടിസ്ഥാന സൌകര്യമേഖല ഏപ്രില്‍-ഓഗസ്‌റ്റ് കാലത്ത് 2.3 ശതമാനമാണ് വളര്‍ച്ച നേടിയത്. 2007 ല്‍ അത് ഒന്‍പതര ശതമാനമായി. ഇന്‍‌ഫ്ലേഷന്‍ ഇപ്പോഴും 10.5 ശതമാനത്തിന് മുകളിലാണ്.

ഐഎംഎഫ് ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 2008 ല്‍ 7.8%വും 2009 ല്‍ 6.3%ഉം ആയി കുറയും എന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇന്‍ഡക്‍സ് ഓഫ് ഇന്‍ഡസ്‌ട്രിയല്‍ പ്രൊഡക്ഷന്‍ (ഐ.ഐ.പി) അല്ലെങ്കില്‍ വ്യവസായിക ഉല്‍പ്പാദനത്തിന്റെ സൂചിക ആഗസ്‌റ്റില്‍ 1.27 ശതമാനം മാത്രമാണ് ആഗസ്‌റ്റില്‍ ഇത് 10.80 ശതമാനമായിരുന്നു.

ഇങ്ങനെ ഏതു മാനദണ്ഡം വെച്ചു നോക്കിയാലും ഇന്ത്യന്‍ സമ്പദ്‌രംഗം പരുങ്ങലിലാണ്. ബാങ്കുകള്‍ വലിയ തകര്‍ച്ചയെ നേരിടുന്നില്ല എന്നതൊഴിച്ചാല്‍ ഇന്ത്യയിലെ അവസ്ഥ മറ്റു പല രാജ്യങ്ങളേക്കാളും മോശമാണെന്നു തന്നെ പറയാം. നാനാമേഖലകളില്‍ നിന്നും തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്.

ടെക്‍സ്‌റ്റൈല്‍ രംഗത്താണ് കാര്‍ഷിക മേഖല കഴിഞ്ഞാല്‍ ഏറ്റവുമധികം തൊഴിലാളികള്‍ പണിയെടുക്കുന്നത്. ഈ മേഖലയില്‍ വലിയ തോതില്‍ പിരിച്ചുവിടല്‍ നടന്നുകൊണ്ടിരിക്കുകയാണ്. തമിഴ്‌നാട്, മഹാരാഷ്‌ട്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെ മില്ലുകളാണ് കൂടുതല്‍ പേരെ പിരിച്ചുവിട്ടതെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ടെക്‍സ്‌റ്റൈല്‍സ് പ്രസിഡന്റ് ആര്‍.കെ. ഡാല്‍മിയ പറഞ്ഞു. മൂന്നരക്കോടി ജനങ്ങള്‍ പണിയെടുക്കുന്ന ഈ മേഖലയില്‍നിന്നും ഏഴുലക്ഷം പേരെ ഇപ്പോള്‍ തന്നെ പിരിച്ചുവിട്ടുകഴിഞ്ഞു. അഞ്ചുലക്ഷം പേര്‍ക്കുകൂടി താമസിയാതെ തൊഴില്‍ നഷ്‌ടപ്പെടുമെന്ന് കണക്കുകള്‍ പറയുന്നു.

പൂനയിലെ ടാറ്റ ട്രാക്‍സ് ഒരാഴ്‌ചഅടച്ചിടാന്‍ തീരുമാനിച്ചു. ടാറ്റ അവരുടെ ജംഷഡ്‌പൂരിലെ പ്ലാന്റ് ആഴ്‌ചയില്‍ മൂന്നുദിവസം അടച്ചിടും. അശോക് ലെയ്‌ലാന്‍ഡും ആഴ്‌ചയില്‍ മൂന്നുദിവസമേ പ്രവര്‍ത്തിക്കൂ.

ഐടി മേഖലയില്‍ വിവിധ കമ്പനികള്‍ പിരിച്ചുവിടലും ലേ ഓഫും ഇന്ത്യയിലാകമാനം തുടരുകയാണ്. ടി.സി.എസ്, ഇന്‍ഫോസിസ്, വിപ്രോ, സത്യം തുടങ്ങിയ കമ്പനികള്‍ നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടുകഴിഞ്ഞു. ചെറുകിട കമ്പനികളും പിരിച്ചുവിടലില്‍ പിന്നിലല്ല. 2007-08 ല്‍ ടിസിഎസ് 36,000 പേര്‍ക്ക് പുതിയതായി തൊഴില്‍ നല്‍കിയപ്പോള്‍ 2008-09 ല്‍ മുപ്പതിനായിരം പേര്‍ക്കുമാത്രമേ പുതുതായി തൊഴില്‍ നല്‍കൂ എന്നാണ് സൂചന. ഇന്‍ഫോസിസ് 35,000 പേരെ 2007-08 ല്‍ റിക്രൂട്ട് ചെയ്‌ത സ്ഥാനത്ത് 25000 പേരെ മാത്രമേ 2008-09ല്‍ നിയമിക്കൂ. സത്യം 17,000 പേരെ റിക്രൂട്ട് ചെയ്‌തിടത്ത് 8000 പേരെ മാത്രമേ റിക്രൂട്ട് ചെയ്യൂ എന്നാണ് അറിയുന്നത്.

സ്‌റ്റീല്‍ കമ്പനികളും അവരുടെ ഉല്‍പ്പാദനം കുത്തനെ കുറച്ചുകൊണ്ടിരിക്കുകയാണ്. ആര്‍സലര്‍ മിറ്റല്‍, എസ്സാര്‍, ജെ.എസ്.ഡബ്ല്യൂ. കോറസ് തുടങ്ങിയ പ്രധാന സ്‌റ്റീല്‍ കമ്പനികളെല്ലാം ഉല്‍പ്പാദനം ഇരുപത് മുതല്‍ മുപ്പത് ശതമാനം വരെ കുറച്ചു. ഇതിന്റെ ഭാഗമായി സ്വാഭാവികമായി ജീവനക്കാരെ കമ്പനികള്‍ വെട്ടിക്കുറയ്‌ക്കും. കോറസ് 400 ജീവനക്കാരെ ഒഴിവാക്കിക്കഴിഞ്ഞു.

സിമന്റ് കമ്പനികളും ബുദ്ധിമുട്ടിലാണ്. ഇന്ത്യന്‍ സിമന്റ് ഉല്‍പ്പാദനത്തിന്റെ 65 ശതമാനം വരെ കൈകാര്യം ചെയ്യുന്ന ഒന്‍പത് സിമന്റ് കമ്പനികള്‍ അവരുടെ ഉല്‍പ്പാദനച്ചിലവ് 17 ശതമാനം വരെ വര്‍ധിച്ചതായി അറിയിച്ചു. ഉല്‍പ്പാദനച്ചെലവ് വര്‍ധിച്ചതോടൊപ്പം സാമ്പത്തിക പ്രതിസന്ധി നിര്‍മാണമേഖലയെ ബാധിച്ചതുമൂലം ഉപഭോഗത്തിലും കുത്തനെ ഇടിവുണ്ടായി.

സാമ്പത്തിക പ്രതിസന്ധി സേവനമേഖലകളെയും പ്രതികൂലമായി ബാധിച്ചുകൊണ്ടിരിക്കുകയാണ്. സോഫ്റ്റ്വെയര്‍, ബി.പി.ഒ, സാമ്പത്തികരംഗം തുടങ്ങിയ മേഖലകളിലെ കയറ്റുമതിയെ അമേരിക്കന്‍ സ്ഥാപനങ്ങളുടെ തകര്‍ച്ച രൂക്ഷമായി ബാധിച്ചുകഴിഞ്ഞു.

ടയര്‍ കമ്പനികളും ഉല്‍പ്പാദന ചെലവിലുള്ള വര്‍ധനവും ഉപഭോഗത്തിലുള്ള ഇടിവും മൂലം വലിയ പ്രതിസന്ധിയെ നേരിടുകയാണ്. ടയര്‍ കമ്പനികള്‍ നേരിട്ട പ്രതിസന്ധി റബ്ബറിന്റെ ഉല്‍പ്പാദനത്തെയും റബ്ബര്‍ കര്‍ഷകരെയും ബാധിച്ചു.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി ബാധിച്ച മറ്റൊരു മേഖല വ്യോമയാന മേഖലയാണ്. വ്യോമയാന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ കമ്പനികളും പ്രതിസന്ധിയിലാണ്.

ജറ്റ് എയര്‍, ആയിരത്തിലധികം ജീവനക്കാരെ ഒറ്റയടിക്ക് ഒഴിവാക്കാന്‍ ശ്രമിച്ചത് രാജ്യമാകെ വന്‍പ്രതിഷേധം ഉയര്‍ന്നതുമൂലം നിര്‍ത്തിവച്ചു. എന്നാല്‍ ഇരുപതും മുപ്പതും ജീവനക്കാരെ വീതം പിന്നീട് അവര്‍ ഒഴിവാക്കിക്കൊണ്ടിരിക്കുകയാണ്.

കിങ് ഫിഷര്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചും ജീവനക്കാരെ ക്രമേണ ഒഴിവാക്കിയും പ്രതിസന്ധി തരണം ചെയ്യാന്‍ ശ്രമിക്കുകയാണ്. എയര്‍ ഇന്ത്യ 15000 ത്തോളം ജീവനക്കാര്‍ക്ക് ദീര്‍ഘകാല അവധി നല്‍കാന്‍ തയ്യാറെടുക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

കപ്പല്‍ ഗതാഗതം, ചരക്കുഗതാഗതം തുടങ്ങി ഒരു മേഖലയും പ്രതിസന്ധിയില്‍ നിന്ന് മുക്തമല്ല. ഇലക്‍ട്രിക്കല്‍ ഉപകരണ നിര്‍മാതാക്കളായ ഹാവല്‍സ് നൂറിലധികം തൊഴിലാളികളെ പിരിച്ചുവിട്ടു.

ഇന്ത്യാ ഗവണ്‍മെന്റും റിസര്‍വ് ബാങ്കും ഈ പ്രതിസന്ധിയെ തരണം ചെയ്യാന്‍ എടുത്ത നടപടികള്‍ യഥാര്‍ഥത്തില്‍ ഫിനാന്‍സ് ക്യാപ്പിറ്റലിനെ സഹായിക്കുന്നവ മാത്രമായിരുന്നു. പലിശനിരക്കിനെ അടിസ്ഥാനമാക്കിയ അവധിവ്യാപാരം അനുവദിച്ചു നാണയക്കമ്പോളത്തിലെ അവധിവ്യാപാരം 2008 ഒക്ടോബര്‍ 1 മുതല്‍ അനുവദിച്ചു. വിദേശ ഫണ്ടുകള്‍ക്ക് പാര്‍ട്ടിസിപ്പേറ്ററി നോട്ട് മാര്‍ഗത്തിലൂടെ ഇന്ത്യന്‍ കമ്പോളത്തില്‍ നിക്ഷേപിക്കാനുള്ള വ്യവസ്ഥകള്‍ ഉദാരമാക്കി. ഇന്ത്യന്‍ കമ്പനികള്‍ക്ക് വിദേശത്തുനിന്നും എടുക്കാന്‍ കഴിയുന്ന വായ്‌പ10 മില്യണ്‍ ഡോളറില്‍ നിന്നും 50 മില്യന്‍ ഡോളറായി ഉയര്‍ത്തി.

കറന്‍സി കമ്പോളത്തിലും, ഡെറിവേറ്റീവ് വ്യാപാരത്തിലും ഉണ്ടായ പൊട്ടിത്തെറിയാണ് ഇപ്പോഴത്തെ പ്രതിസന്ധിയുടെ അടിസ്ഥാന കാരണം തന്നെ. ഇക്കാലത്ത് മറ്റൊരു രാജ്യവും ചെയ്യാത്തതുപോലെ ധനക്കമ്പോളം കൂടുതല്‍ ഉദാരമാക്കുകയാണ് റിസര്‍വ് ബാങ്കും കേന്ദ്രസര്‍ക്കാരും ചെയ്‌തത്. ഈ നടപടികള്‍ക്ക് മകുടം ചാര്‍ത്തുന്ന ഒരു നടപടിയായിരുന്നു, ഒരു കമ്പോള മൌലികവാദി എന്ന് പേരുകേട്ട ചിക്കാഗോ സര്‍വകലാശാലയിലെ പ്രൊഫ. രഘുറാം രാജനെ നവംബര്‍ ആദ്യവാരം പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചത്.സി.ആര്‍.ആര്‍, എസ്.എല്‍.ആര്‍, റിപ്പോ റേറ്റ് എന്നിവ കുറച്ചതു വഴി ബാങ്കുകളുടെ ധനലഭ്യതയിലും കോര്‍പറേറ്റുകളുടെ വായ്‌പാ ലഭ്യതയിലും ചെറിയ മാറ്റം വരുത്തുമെങ്കിലും തൊഴില്‍ലഭ്യതയെ അത് ഒട്ടും തന്നെ സഹായിക്കില്ല. പ്രധാനമന്ത്രി നേരിട്ടുതന്നെ ഇടപെട്ട് വ്യവസായികളുടെ പ്രശ്‌നം പരിഹരിക്കാന്‍ ചര്‍ച്ചകള്‍ നടത്തുകയും, കര്‍മസമിതിയെ നിയമിക്കുകയും ചെയ്‌തപ്പോഴും തൊഴിലാളി സംഘടനകളെ വിളിച്ച് തൊഴിലിനെയും വേതനത്തെയും കുറിച്ച് ചര്‍ച്ച ചെയ്യുകയോ അതിനായി നടപടികള്‍ സ്വീകരിക്കുകയോ ചെയ്‌തതായി കണ്ടില്ല.

മുതലാളിത്ത വ്യവസ്ഥിതിയില്‍ സാമ്പത്തികമായ കുതിച്ചുകയറ്റവും തകര്‍ച്ചയും സ്വാഭാവിക പ്രതിഭാസമാണ്. സാധാരണയായി സാമ്പത്തിക കുതിച്ചുകയറ്റത്തിന്റെ കാലത്ത് തൊഴിലിലും കൂലിയിലും വര്‍ധനവുണ്ടാകുകയും തകര്‍ച്ചയുടെ കാലത്ത് തൊഴില്‍ സാധ്യതകളും കൂലിയും ഇടിയുകയും ചെയ്യും. എന്നാല്‍ ആഗോളവല്‍ക്കരണ കാലത്തെ സാമ്പത്തിക കുതിച്ചുകയറ്റത്തിന്റെ പ്രത്യേകത ആദ്യം അത് തൊഴില്‍ വളര്‍ച്ചയില്ലാത്തതും (jobless growth) പിന്നീട് അത് തൊഴില്‍ നഷ്ടപ്പെടുത്തുന്നതും ആയിരുന്നു എന്നതാണ്. ഇന്ത്യയില്‍ തന്നെ ഒരു എന്‍.എസ്.എ (Network for Social Accountability) പഠനമനുസരിച്ച് 1993-94 - 2004-05 കാലത്ത് യുവതീ യുവാക്കളുടെ ഇടയിലെ തൊഴിലില്ലായ്‌മ വര്‍ധിച്ചു എന്നതാണ്. ഗ്രാമീണ തൊഴിലില്ലായ്‌മയില്‍ വലിയ വര്‍ധനവാണ് ഉണ്ടായത്.(ചാര്‍ട്ട് 3)



ആഗോളവല്‍ക്കരണകാലത്ത് സാങ്കേതിക വിദ്യയുടെയും കമ്പ്യൂട്ടര്‍ സംവിധാനങ്ങളുടെയും വളര്‍ച്ച മൂലം ആഗോളതലത്തില്‍ തന്നെ തൊഴിലാളികളുടെ ഉല്‍പ്പാദനക്ഷമത 20 ശതമാനം മുതല്‍ 30 ശതമാനം വരെ ഉയര്‍ന്നപ്പോള്‍ കൂലിയില്‍ നാമമാത്രമായ വര്‍ധനവ് മാത്രമാണുണ്ടായത്. തൊഴിലില്ലായ്‌മ വര്‍ധിക്കുകയും ചെയ്തു. ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ തൊഴിലാളികളുടെയും തൊഴിലില്ലാത്തവരുടെയും ജീവിതം കൂടുതല്‍ അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്.

*****

ജോസ് ടി എബ്രഹാം

3 comments:

വര്‍ക്കേഴ്സ് ഫോറം said...

മുതലാളിത്ത വ്യവസ്ഥിതിയില്‍ സാമ്പത്തികമായ കുതിച്ചുകയറ്റവും തകര്‍ച്ചയും സ്വാഭാവിക പ്രതിഭാസമാണ്. സാധാരണയായി സാമ്പത്തിക കുതിച്ചുകയറ്റത്തിന്റെ കാലത്ത് തൊഴിലിലും കൂലിയിലും വര്‍ധനവുണ്ടാകുകയും തകര്‍ച്ചയുടെ കാലത്ത് തൊഴില്‍ സാധ്യതകളും കൂലിയും ഇടിയുകയും ചെയ്യും. എന്നാല്‍ ആഗോളവല്‍ക്കരണ കാലത്തെ സാമ്പത്തിക കുതിച്ചുകയറ്റത്തിന്റെ പ്രത്യേകത ആദ്യം അത് തൊഴില്‍ വളര്‍ച്ചയില്ലാത്തതും (jobless growth) പിന്നീട് അത് തൊഴില്‍ നഷ്ടപ്പെടുത്തുന്നതും ആയിരുന്നു എന്നതാണ്. ഇന്ത്യയില്‍ തന്നെ ഒരു എന്‍.എസ്.എ (Network for Social Accountability) പഠനമനുസരിച്ച് 1993-94 - 2004-05 കാലത്ത് യുവതീ യുവാക്കളുടെ ഇടയിലെ തൊഴിലില്ലായ്‌മ വര്‍ധിച്ചു എന്നതാണ്. ഗ്രാമീണ തൊഴിലില്ലായ്‌മയില്‍ വലിയ വര്‍ധനവാണ് ഉണ്ടായത്.(ചാര്‍ട്ട് 3)

ആഗോളവല്‍ക്കരണകാലത്ത് സാങ്കേതിക വിദ്യയുടെയും കമ്പ്യൂട്ടര്‍ സംവിധാനങ്ങളുടെയും വളര്‍ച്ച മൂലം ആഗോളതലത്തില്‍ തന്നെ തൊഴിലാളികളുടെ ഉല്‍പ്പാദനക്ഷമത 20 ശതമാനം മുതല്‍ 30 ശതമാനം വരെ ഉയര്‍ന്നപ്പോള്‍ കൂലിയില്‍ നാമമാത്രമായ വര്‍ധനവ് മാത്രമാണുണ്ടായത്. തൊഴിലില്ലായ്‌മ വര്‍ധിക്കുകയും ചെയ്തു. ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ തൊഴിലാളികളുടെയും തൊഴിലില്ലാത്തവരുടെയും ജീവിതം കൂടുതല്‍ അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്.

Anonymous said...

പോസ്ട് വായിച്ചപ്പോല്‍ ഒരു സംശം തോന്നി.
വര്‍ക്കേഴ്സ് ഫോറത്തിനു ഈ പിരിച്ചു വിടലുകള്‍ സന്തോഷം പകരുന്നുവോ എന്ന്.

Anonymous said...

പിരിച്ചു വിടലിനെ കുറിച്ചു മുണ്ട്യാ ഉസ്മാന് ബെശമം ഉണ്ടാ.... പൊത്തി വെക്കും പോലെ ഇതും പോത്തിക്കെട്ടി മുണ്ടാണ്ട് ബെക്കണാ.