Monday, August 17, 2009

അമര്‍ത്യ സെന്നിനോട് ഖേദപൂര്‍വം..

ഇന്ത്യയിലെ ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ നിലപാടുകള്‍ സംബന്ധിച്ച തന്റെ വിമര്‍ശനം ഡോ. അമര്‍ത്യസെന്‍ അടുത്തയിടെ ആവര്‍ത്തിച്ച് പ്രസ്താവിച്ചിരുന്നു. ജൂണില്‍ ലണ്ടനില്‍ നല്‍കിയ അഭിമുഖത്തിലും പങ്കെടുത്ത യോഗങ്ങളിലും ഡോ. സെന്‍ ഇങ്ങനെ പറഞ്ഞതായി ഉദ്ധരിക്കുന്നു.

“സാമൂഹികനീതിയുടെ കേന്ദ്രപ്രശ്നങ്ങളായ വിഷയങ്ങളില്‍ കേന്ദ്രീകരിക്കാതെ ഇന്ത്യയുടെ പരമാധികാരത്തിലും അതുപോലുള്ള പ്രശ്നത്തിലും കൂടുതല്‍ കേന്ദ്രീകരിക്കുന്ന ഇടതുപക്ഷത്തിനോട് എനിക്ക് വിരക്തിയാണെന്നത് പരസ്യമായിത്തന്നെ ഞാന്‍ പ്രസ്താവിച്ചിട്ടുള്ളതാണ്.” “പട്ടിണിയെയും നിരക്ഷരതെയെയും പോലെയുള്ള വിഷയങ്ങളെ അവഗണിക്കുകയും ഇന്ത്യയിലെ സാമൂഹികനീതിയുമായി ബന്ധപ്പെട്ട കേന്ദ്രപ്രശ്നമല്ലാത്ത ഇന്ത്യ-അമേരിക്ക ആണവക്കരാര്‍ പോലെയുള്ള വിഷയങ്ങളില്‍ - ആ കരാര്‍ നല്ലതോ ചീത്തയോ ആകട്ടെ- കേന്ദ്രീകരിക്കുകയും ചെയ്യുന്ന" തിന് അദ്ദേഹം ഇടതുപക്ഷത്തെ ഭര്‍ത്സിക്കുകയും ചെയ്തു. (ദി ടെലഗ്രാഫ് 2009 ജൂണ്‍ 22)

കഴിഞ്ഞ വര്‍ഷം ഇടതുപക്ഷ പാര്‍ട്ടികള്‍ യു.പി.എ സര്‍ക്കാരിനുള്ള പിന്തുണ പിന്‍‌വലിച്ചതിനെ തുടര്‍ന്നും ഡോ. സെന്‍ ഇതേപോലെയുള്ള അഭിപ്രായപ്രകടനം നടത്തിയിരുന്നു. ഇത്തരം നിരീക്ഷണങ്ങള്‍ നടത്തുമ്പോള്‍ തന്നെ അമര്‍ത്യ സെന്‍ തറപ്പിച്ചു പറയുന്നത് താനും ഇടതുപക്ഷക്കാരനാണെന്നാണ് ; തന്റെ വിമര്‍ശനത്തെ ഇടതുപക്ഷത്തിന്റെ ഒരു സുഹൃത്തില്‍ നിന്നു വരുന്നതായി പരിഗണിക്കണമെന്നാണ്. മാധ്യമങ്ങളാകട്ടെ, അദ്ദേഹത്തില്‍ നിന്നും ഇടതുപക്ഷത്തെ സംബന്ധിച്ച് പ്രതികൂലമായ അഭിപ്രായങ്ങള്‍ക്കു വേണ്ടിയാണ് ശ്രമിക്കുന്നത് - അദ്ദേഹത്തിനു തന്നെ ഇതറിയാവുന്നതുമാണ്.

നമ്മുടെ സമൂഹത്തിലും വ്യവസ്ഥിതിയിലുമുള്ള അനീതിയുടെയും അസമത്വത്തിന്റെയും സ്വഭാവത്തിലേക്കുള്ള നിരവധി സൂക്ഷ്മാന്വേഷണങ്ങള്‍ക്ക് അമര്‍ത്യ സെന്നിനോട് നാം കടപ്പെട്ടിരിക്കുന്നു. ഇന്ത്യയിലെ പട്ടിണി, പോഷകാഹാരദാരിദ്ര്യം എന്നീ അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ വന്ന വന്‍ വീഴ്ചയെ സംബന്ധിച്ചും ഫലപ്രദമായ പൊതുവിദ്യാഭ്യാസത്തിന്റെയും ആരോഗ്യസംവിധാനത്തിന്റെയും ആവശ്യകതയെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ വീക്ഷണങ്ങള്‍ പ്രസക്തമാണെന്നു മാത്രമല്ല അവയെല്ലാം പ്രാവര്‍ത്തികമാക്കേണ്ടത് അനിവാര്യവുമാണ്. ഈ അടിസ്ഥാന പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള അദ്ദേഹത്തിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങളെയും അതും സംബന്ധിച്ച അദ്ദേഹത്തിന്റെ വിശകലനത്തെയും ഇടതുപക്ഷം വിലമതിക്കുന്നു. ഇന്ത്യയില്‍ വന്‍ തോതില്‍ നിലനില്‍ക്കുന്ന പോഷകാഹാര ദാരിദ്ര്യത്തോടും പട്ടിണിയോടും പുലര്‍ത്തുന്ന അവഗണനയുടെയും അനാസ്ഥയുടെയും പേരില്‍ ഇന്ത്യയിലെ രാഷ്ട്രീയവര്‍ഗത്തിനെതിരെയുള്ള അദ്ദേഹത്തിന്റെ നിശിതവിമര്‍ശനം തികച്ചും ന്യായവും നീതീകരിക്കത്തക്കതുമാണ്.

ഇതു പറഞ്ഞുകൊണ്ടു തന്നെ, ഇടതുപക്ഷത്തെ സംബന്ധിച്ച് ഡോ.സെന്‍ നടത്തിയ വിമര്‍ശനത്തിലെ ഒരു സംഗതിയെക്കുറിച്ച് പ്രതികരിക്കാന്‍ ഞങ്ങള്‍ക്ക് താല്പര്യമുണ്ട്. പട്ടിണി, പോഷകാഹാര ദാരിദ്ര്യം, നിരക്ഷരത എന്നീ പ്രശ്നങ്ങളെയാകെ അവഗണിക്കുകയും ആണവക്കരാറിലും ദേശീയ പരമാധികാ‍രത്തിന്റെ സുരക്ഷയിലും കേന്ദ്രീകരിക്കുകയും ചെയ്യുന്നതായി അദ്ദേഹം ഇടതുപക്ഷത്തെ കുറ്റപ്പെടുത്തിയിരിക്കുന്നു. ഇത് ശരിയേ അല്ല. 2004നും 2008നും ഇടയ്ക്ക് ഇടതുപക്ഷം യു.പി.എ സര്‍ക്കാരിനു പിന്തുണ നല്‍കിയിരുന്ന കാലഘട്ടത്തെയായിരിക്കും ഡോ. സെന്‍ സൂചിപ്പിക്കുന്നതെന്ന് തോന്നുന്നു. ഈ കാലത്ത് ഇടതുപക്ഷം എന്താണ് ചെയ്തത്? ഭക്ഷ്യസുരക്ഷയുടെയും പൊതുവിതരണ സംവിധാനത്തിന്റെയും ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വിഷയങ്ങളെക്കുറിച്ചും കൃഷിയിലും കൃഷിക്കാരിലും ലോകവ്യാപാരസംഘടനാ മാനദണ്ഡങ്ങള്‍ ചെലുത്തുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ഗോത്രവര്‍ഗജനതയ്ക്ക് ഭൂമിയിന്മേലുള്ള അവകാശങ്ങളെക്കുറിച്ചും കേന്ദ്ര ബജറ്റില്‍ ആരോഗ്യത്തിനു വിദ്യാഭ്യാസത്തിനും കൂടുതല്‍ തുക വകയിരുത്തുന്നത് സംബന്ധിച്ചും ഇന്ത്യന്‍ ജനതയുടെ ക്ഷേമത്തെയാകെ പ്രതികൂലമായി ബാധിച്ച മൊത്തം നവലിബറല്‍ നയങ്ങളെക്കുറിച്ചും ഇടതുപക്ഷം നിരന്തരം വിമര്‍ശനപരമായി ഇടപെടുകയായിരുന്നുവെന്ന് ആ കാലഘട്ടത്തിലെ രേഖകളിലേക്ക് ഒന്നു തിരിഞ്ഞു നോക്കുന്ന ആര്‍ക്കും ബോധ്യമാകും.

യു.പി.എ സര്‍ക്കാരിന്റെ ആദ്യത്തെ മൂന്ന് വര്‍ഷക്കാലം, യു.പി.എ - ഇടത് ഏകോപന സമിതി പ്രവര്‍ത്തിച്ചിരുന്നു. ഈ സമിതിയുടെ യോഗങ്ങളില്‍ പ്രധാനമായും കൈകാര്യം ചെയ്തിരുന്നത് സാമ്പത്തിക നയപ്രശ്നങ്ങളും പൊതുമിനിമം പരിപാടിയിലെ ജനങ്ങള്‍ക്കനുകൂലമായ നടപടികളുടെ നിര്‍വഹണം സംബന്ധിച്ച പ്രശ്നങ്ങളുമായിരുന്നെന്ന് ഈ യോഗ നടപടികള്‍ നോക്കിയാല്‍ കാണാവുന്നതാണ്. ഈ സമിതിക്ക് ഇടതുപക്ഷം സമര്‍പ്പിച്ച ഇരുപതിലേറെ കുറിപ്പുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭക്ഷണം, മിനിമം തൊഴിലുറപ്പ് പദ്ധതി, കര്‍ഷകരുടെയും ഗ്രാമീണ ദരിദ്രരുടെയും അവകാശ സംരക്ഷണം എന്നിവയ്ക്കുള്ള വ്യവസ്ഥകള്‍ ഉറപ്പു വരുത്തുന്നതില്‍ കേന്ദ്രീകരിക്കുന്ന സമീപനമായിരുന്നു ഇടതുപക്ഷം മൊത്തത്തില്‍ സ്വീകരിച്ചിരുന്നത് എന്ന് ഇത് വ്യക്തമാക്കുന്നു. ധനമേഖലയെയും സമ്പദ്‌ഘടനയെയും ഊഹാധിഷ്ഠിത ധനമൂലധനത്തിന് യഥേഷ്ടം വിഹരിക്കാന്‍ തുറന്നു കൊടുക്കുന്ന നയങ്ങളും നിയമനിര്‍മ്മാണങ്ങളും നടപ്പിലാക്കുന്നതിനെ ചെറുക്കുന്നതായിരുന്നു ഇടതുപക്ഷത്തിന്റെ മറ്റൊരു നിലപാട്. ഈ കാലഘട്ടത്തില്‍ പാര്‍ലമെന്റ് അംഗീകരിച്ച രണ്ട് പ്രധാന നിയമനിര്‍മ്മാണങ്ങളും - ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിയമവും, പട്ടികവര്‍ഗ-മറ്റു വനവാസി (വനാവകാശം അംഗീകരിക്കല്‍) നിയമവും - ഇടതുപക്ഷത്തിന്റെ ഇടപെടലിന്റെ മുഖമുദ്ര പതിഞ്ഞതാണ്. അവയില്‍ വരുത്തിയ മാറ്റങ്ങളും ചില വകുപ്പുകള്‍ ഭേദഗതി ചെയ്തതും ഇടതുപക്ഷത്തിന്റെ ഇടപെടല്‍ മൂലമാണ്.

യു.പി.എക്കുള്ളിലും പാര്‍ലമെന്റിലും നടത്തിയ ചര്‍ച്ചകളില്‍ മാത്രമല്ല പുറത്തും സി.പി.ഐ.എമ്മിന്റെ പ്രധാന പ്രചരണങ്ങളും പ്രക്ഷോഭങ്ങളും കേന്ദ്രീകരിച്ചിരുന്നത് ഭൂമി, ഭക്ഷണം, തൊഴില്‍ എന്നീ മൂന്ന് വിഷയങ്ങളിലായിരുന്നു. ഭൂമി, ഭക്ഷണം, തൊഴില്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രസ്ഥാനങ്ങള്‍ സജീവമാക്കണമെന്ന 2005 ഏപ്രില്‍ മാസത്തില്‍ ചേര്‍ന്ന പതിനെട്ടാം പാര്‍ട്ടി കോണ്‍ഗ്രസ് നല്‍കിയ ആഹ്വാനത്തെ തുടര്‍ന്നായിരുന്നു ഇത്. ഇവയെല്ലാം തന്നെ ദാരിദ്ര്യത്തിനും പട്ടിണിക്കും പോഷകാഹാരക്കുറവിനുമെതിരായ പോരാട്ടത്തിന്റെ അടിത്തറയാണ്. ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും വേണ്ടി ബജറ്റ് വിലയിരുത്തല്‍ വര്‍ദ്ധിപ്പിക്കുന്നതിനായുള്ള നിരന്തരമായ സമരങ്ങളാണ് ഇടതുപാര്‍ട്ടികള്‍ നടത്തിയത്. ഈ കാലഘട്ടത്തില്‍ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും കേന്ദ്ര ബജറ്റിലെ വകയിരുത്തലില്‍ അല്പമെങ്കിലും വര്‍ദ്ധനവുണ്ടായിട്ടുണ്ടെങ്കില്‍ ഈ ആവശ്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച ഇടതുപക്ഷത്തിന് അതിന്റെ ക്രെഡിറ്റ് കുറെയെങ്കിലും അവകാശപ്പെടാവുന്നതാണ്.

2005 ജൂണില്‍ യു.പി.എ സര്‍ക്കാര്‍ അമേരിക്കയുമായുള്ള പ്രതിരോധചട്ടക്കൂട് കരാറില്‍ ഒപ്പിട്ടപ്പോള്‍ മുതലാണ് അമേരിക്കയുമായുള്ള ബന്ധത്തെ സംബന്ധിച്ച് യു.പി.എയുമായുള്ള സംഘട്ടനങ്ങള്‍ ആരംഭിച്ചത്. ആണവക്കരാര്‍ അടക്കം അമേരിക്കയുമായി വളര്‍ന്നുവരുന്ന തന്ത്രപരമായ സഖ്യം പൊതുമിനിമം പരിപാടിക്ക് എതിരായിരുന്നു; യു.പി.എ സര്‍ക്കാര്‍ സ്വതന്ത്ര വിദേശ നയം പിന്തുടരുമെന്ന് അതിലെ വാഗ്ദാനത്തിനുമെതിരായിരുന്നു. ഇതിനര്‍ത്ഥം ഇടതുപക്ഷം അമേരിക്കയുമായുള്ള ബന്ധത്തില്‍ മാത്രം കേന്ദ്രീകരിച്ചിരിക്കുകയായിരുന്നുവെന്നല്ല. ഈ കാലഘട്ടത്തിലുടനീളം ഇടതുപക്ഷം ജനക്ഷേമവും സാമൂഹികനീതിയും ഉറപ്പാക്കുന്നതിനുള്ള സജീവ വിഷയങ്ങള്‍ ഉയര്‍ത്തിയിരുന്നു. വിദേശനയത്തില്‍ മാറ്റം വരുത്തുന്നതിനെയും ഇറാന്‍ ആണവ പ്രശ്നത്തില്‍ എന്നപോലെ അമേരിക്കയുടെ തന്ത്രപരമായ ലക്ഷ്യങ്ങള്‍ക്കൊത്തവിധം അവരോട് ഒട്ടി നില്‍ക്കുന്ന നയത്തിനെയും എതിര്‍ക്കുമ്പോള്‍ തന്നെ ഗ്രാമീണ തൊഴില്‍ ഉറപ്പ് പദ്ധതി നിയമം അംഗീകരിപ്പിക്കുന്നതിനും 2005-06ലെയും 2006-07ലെയും തുടര്‍ച്ചയായ രണ്ട് വര്‍ഷത്തെ ബജറ്റുകളിലും വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും വേണ്ട വകയിരുത്തല്‍ വര്‍ദ്ധിക്കുമെന്ന് ഉറപ്പുവരുത്താനും ഇടതുപക്ഷം അശ്രാന്തപരിശ്രമത്തിലുമായിരുന്നു. പക്ഷേ, സ്വതന്ത്ര ഇന്ത്യ മറ്റൊരു രാജ്യവുമായും ഒപ്പിട്ടില്ലാത്ത തരത്തിലുള്ള സൈനിക സഹകരണ കരാറില്‍ അമേരിക്കയുമായി ഏര്‍പ്പെടുന്നതിനെ അവഗണിക്കാനും ഇടതുപക്ഷം തയ്യാറല്ലായിരുന്നു. പുതുതായി രൂപീകരിക്കപ്പെട്ട തന്ത്രപരമായ ബന്ധങ്ങളുടെ മറ്റൊരു ഉല്പന്നമായ ഇന്ത്യ- അമേരിക്ക സംയുക്ത സി.ഇ.ഒ ഫോറം മുന്നോട്ടുവെച്ച അജണ്ടയുമായി മുന്നോട്ട് പോകാനുള്ള നീക്കങ്ങള്‍ക്കെതിരായ സമരങ്ങള്‍ നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ക്കെതിരായ പോരാട്ടവുമായി കൂട്ടിയിണക്കപ്പെടുകയാണുണ്ടായത്.

നയപരമായ നടപടികള്‍ കൈക്കൊള്ളണമെന്ന് ഇടതുപക്ഷം തുടര്‍ച്ചയായി ആവശ്യപ്പെട്ടുകൊണ്ടിരുന്നുവെങ്കിലും (ഡോ.സെന്‍ അതിനു വേണ്ടി തന്നെയാണല്ലോ വാദിക്കുന്നത്) ബാങ്കിങ്ങ്, ഇന്‍ഷ്വറന്‍സ്, ചില്ലറക്കച്ചവടം, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ പ്രത്യക്ഷ വിദേശനിക്ഷേപം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ കൈക്കൊള്ളാനാണ് മന്‍‌മോഹന്‍ സിങ്ങിന്റെ ഗവണ്മെന്റ് കൂടുതല്‍ വ്യഗ്രത കാണിച്ചത്. ദരിദ്രരെ മാത്രം ലക്ഷ്യം വെച്ചുകൊണ്ടുള്ള പൊതുവിതരണ വ്യവസ്ഥയിലേക്ക് തിരികെ പോകുന്നതിനോ യു.പി.എ ഗവണ്മെന്റ് സന്നദ്ധമായിരുന്നില്ല. സാര്‍വത്രികമായ പൊതുവിതരണ വ്യവസ്ഥയെക്കുറിച്ച് ഡോ. സെന്നിന് ശക്തമായ നിലപാടുകളൊന്നുമില്ലെന്ന് തോന്നുന്നു. എന്നാല്‍ പൊതുവിതരണ സംവിധാനം തകര്‍ന്നതും ദരിദ്രരെ മാത്രം ലക്ഷ്യം വെച്ചുകൊണ്ട് അതിന്റെ വ്യാപ്തി ചുരുക്കിയതുമാണ് കുട്ടികളില്‍ കാണുന്ന, പ്രത്യേകിച്ചും ഗോത്രവര്‍ഗമേഖലകളിലെ കുട്ടികളില്‍ കാണുന്ന, കടുത്ത പോഷകാഹാരക്കുറവിനുള്ള ഒരു കാരണം എന്ന് ചൂണ്ടിക്കാണിക്കേണ്ടതുണ്ട്.

ആഗോള ഫിനാന്‍സ് മൂലധനത്തിന്റെ പകല്‍ക്കൊള്ളയുടെയും ആഭ്യന്തര സമ്പദ്‌വ്യവസ്ഥയുടെ മേലും, അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്കു നല്‍കിയിരുന്ന പരിമിതമായ സംരക്ഷണ നടപടികളുടെ മേലും സര്‍ക്കാരിനുണ്ടായിരുന്ന നിയന്ത്രണങ്ങളും ഇടപെടലുകളും എടുത്തുകളയുന്നതിന്റെയും പശ്ചാത്തലത്തിലാണ്, ദേശീ‍യ പരമാധികാരം സംരക്ഷിക്കുന്നതിനു വേണ്ടി മാര്‍ക്സിസ്റ്റുകള്‍ രംഗത്ത് വന്നത്. ഭക്ഷ്യസുരക്ഷിതത്വവും ദേശീയ പരമാധികാരവും തമ്മില്‍ എന്തെങ്കിലും ബന്ധമുള്ളതായി ഡോ. സെന്‍ കരുതുന്നില്ല എന്ന് തോന്നുന്നു.

സങ്കുചിതമായ അമേരിക്കന്‍ വിരോധമോ അമേരിക്കയുടെ (യു.എസ്) അധികാരശക്തിയെക്കുറിച്ചുള്ള പെരുപ്പിച്ചു കാണിക്കുന്ന ഭീതിയോ ഒന്നുമല്ല, ഇടതുപക്ഷത്തെ നയിക്കുന്ന ഘടകം. ഇന്ത്യന്‍ ഭരണവര്‍ഗങ്ങള്‍ അനുവര്‍ത്തിച്ചുവരുന്ന പുത്തന്‍ നവലിബറല്‍ നയങ്ങള്‍ക്ക് ഏറ്റവും വലിയ പ്രോത്സാഹനം ലഭിക്കുന്നത്, അമേരിക്കയുമായുള്ള തന്ത്രപരമായ ബന്ധങ്ങളില്‍ നിന്നാണ് എന്ന കാര്യം ഇടതുപക്ഷം അംഗീകരിക്കുന്നതിന്റെ ഫലമാണത്. അമേരിക്കയുമായുള്ള തന്ത്രപരമായ ഈ ബന്ധം ഇന്ത്യയുടെ വിദേശനയത്തില്‍ മാത്രമല്ല ആഭ്യന്തര സാമ്പത്തിക അജണ്ടയില്‍ പോലും സ്വാ‍ധീനം ചെലുത്തിക്കൊണ്ടിരിക്കുന്നു.

സാമ്രാജ്യത്വത്തിന്റെ കാലം കഴിഞ്ഞു എന്ന സോഷ്യല്‍ ഡെമോക്രാറ്റുകാര്‍ സാധാരണ വച്ചുപുലര്‍ത്തുന്ന അനുമാനത്തോട് ഡോക്ടര്‍ സെന്നും അനുകൂലിക്കുന്നുണ്ട്. ഇറാക്ക് യുദ്ധത്തെപ്പോലെ, മറ്റുള്ളവയില്‍ നിന്ന് അപവാദമായ ചില സാമ്രാജ്യത്വ നടപടികള്‍ ഉണ്ടായിട്ടുണ്ട് എന്ന് അദ്ദേഹം അംഗീകരിക്കും. എന്നാല്‍ സാമ്രാജ്യത്വത്തിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കപ്പെടുന്ന ആഗോളവല്‍ക്കരണവും അതിന്റെ ഇരട്ട ആയുധങ്ങളായ നവലിബറല്‍ നയങ്ങളും സൈനിക ഇടപെടലുകളും സാമൂഹിക നീതി എന്ന കേന്ദ്രപ്രശ്നവുമായി പൊരുത്തപ്പെട്ടുപോകില്ല എന്ന കാര്യം അദ്ദേഹം അംഗീകരിക്കുന്നുണ്ടോ? സാമൂഹികനീതി അദ്ദേഹത്തിന് ഏറ്റവും വേണ്ടപ്പെട്ട കാര്യമാണല്ലോ. എന്നാല്‍ ഇന്ത്യയിലെ ഇടതുപക്ഷമാകട്ടെ, സാമൂഹികനീതിക്കുവേണ്ടിയുള്ള തങ്ങളുടെ സമരത്തെയും സാമ്രാജ്യത്വം നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന നവലിബറല്‍ നയങ്ങളുടെ ഫലമായി ഉണ്ടാകുന്ന സാമൂഹിക-സാമ്പത്തിക ചൂഷണത്തിനെതിരായ സമരത്തെയും ഇതുവരെ വേര്‍തിരിച്ചു കണ്ടിട്ടില്ല. ഇന്ത്യയില്‍ അനീതിയും ദാരിദ്ര്യവും ചൂഷണവും ശാശ്വതമായി നിലനിര്‍ത്താന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരായ സമരത്തെയും ആഗോളവല്‍കൃത സാമ്രാജ്യത്വ വ്യവസ്ഥക്കെതിരായ സമരത്തെയും സമന്വയിപ്പിക്കാനാണ് ഇടതുപക്ഷം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സാമ്രാജ്യത്വത്തിന്റെ മേല്‍നോട്ടത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ആഭ്യന്തരരംഗത്തെ നവലിബറല്‍ നയങ്ങളുടെയും ഫിനാന്‍സ് മൂലധനത്തിന്റെയും ഇക്കാലത്ത്, എല്ലാ ഇടതുപക്ഷ കമ്മ്യൂണിസ്റ്റ് ശക്തികളുടെയും മുന്നിലുള്ള കടമ, മേല്‍പ്പറഞ്ഞ രണ്ടിനും എതിരായി ദൃഢമായി നിലകൊള്ളുക എന്നതാണ്; സാമൂഹികനീതി എന്ന തന്റെ സങ്കല്പനത്തില്‍ ഡോക്ടര്‍ സെന്‍ മുന്നോട്ട് വെക്കുന്ന മുന്‍‌ഗണനകളോട് ആഭിമുഖ്യമുള്ള ബദല്‍ നയങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ്.

ഇടതുപക്ഷത്തിന്റെ ഈ പങ്ക് കാണാന്‍ ഡോക്ടര്‍ സെന്നിന് കഴിവില്ല. അതുകൊണ്ടാണ് കോണ്‍ഗ്രസിന് പിന്തുണ നല്‍കുക എന്ന സഹായക പങ്കാണ് ഇടതുപക്ഷം വഹിക്കേണ്ടത് എന്ന് ഫലത്തില്‍ നിര്‍ദ്ദേശിക്കുന്ന തലത്തിലേക്ക് അദ്ദേഹത്തെ കൊണ്ടു ചെന്നെത്തിച്ചത്. ഏറിക്കവിഞ്ഞാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ “ഇടതുപക്ഷം” എന്ന നിലയില്‍ പ്രവര്‍ത്തിക്കാമത്രെ. സ്വാതന്ത്ര്യം നേടിയതിനു ശേഷമുള്ള ആറുപതിറ്റാണ്ടിലധികം കാലത്തെ അനുഭവം ഇടതുപക്ഷത്തെ പഠിപ്പിച്ചത് അവര്‍ സ്വീകരിക്കേണ്ടത് ആ മാര്‍ഗമല്ല എന്നാണ്. ശരിയായ മാര്‍ഗം; അത് ഏറെ ശ്രമകരമാണെങ്കില്‍ തന്നെയും, ജനാധിപത്യ പരിവര്‍ത്തനത്തിനു വേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ്. ഇന്ത്യയില്‍ ഇന്ന് നിലനില്‍ക്കുന്ന ഏറ്റവും ക്രൂരമായ വര്‍ഗ-സാമൂഹിക ചൂഷണ രൂപങ്ങളെങ്കിലും അവസാനിപ്പിക്കേണ്ടത് അതിന് ആവശ്യമാണ്.

ഇന്ത്യയിലെ ഇടതുപക്ഷവുമായി ഡോക്ടര്‍ അമര്‍ത്യസെന്നിനുണ്ടായിട്ടുള്ള ഇടപാടുകള്‍, അധികവും രചനാത്മകം തന്നെയായിരിക്കും. പശ്ചിമ ബംഗാളിലെ ഇടതുപക്ഷ മുന്നണി ഗവണ്മെന്റ് പ്രൈമറി വിദ്യാഭ്യാസം, ആരോഗ്യം, സാക്ഷരത തുടങ്ങിയ മേഖലകളില്‍ ഇനിയും പലതും ചെയ്യണം എന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്. അത് ശരിയുമാണ്. ദേശീയതലത്തിലാകട്ടെ, വിശപ്പ്, പോഷകാഹാരക്കുറവ്, നിരക്ഷരത, അധഃസ്ഥിതാവസ്ഥ തുടങ്ങിയ പ്രശ്നങ്ങള്‍ ഉന്നയിക്കുന്ന കാര്യത്തില്‍ ഇടതുപക്ഷം മുന്‍‌പന്തിയില്‍ ഉണ്ടാകണമെന്നും ഈ പ്രശ്നങ്ങളെ ആസ്പദമാക്കി ശക്തമായ പ്രക്ഷോഭങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരണമെന്നും അദ്ദേഹം പ്രസ്താവിക്കുന്നു. അതും ശരി തന്നെയാണ്. എന്നാല്‍ കൂടുതല്‍ മെച്ചപ്പെട്ട ജീവിതത്തിനു വേണ്ടിയുള്ള ജനങ്ങളുടെ സമരത്തെ സാമ്രാജ്യത്വ മേധാവിത്വത്തിനെതിരായ സമരത്തിന് എതിരാക്കി അദ്ദേഹം ചിത്രീകരിക്കുന്നു. ഇത് ഒട്ടും സഹായകമല്ല. ഈ രണ്ടു സമരങ്ങളും ഒന്നിച്ചു പോകേണ്ടവയാണ്.

*
പ്രകാശ് കാരാട്ട് ചിന്ത ജന്മദിനപ്പതിപ്പ്

3 comments:

വര്‍ക്കേഴ്സ് ഫോറം said...

സാമ്രാജ്യത്വത്തിന്റെ കാലം കഴിഞ്ഞു എന്ന സോഷ്യല്‍ ഡെമോക്രാറ്റുകാര്‍ സാധാരണ വച്ചുപുലര്‍ത്തുന്ന അനുമാനത്തോട് ഡോക്ടര്‍ സെന്നും അനുകൂലിക്കുന്നുണ്ട്. ഇറാക്ക് യുദ്ധത്തെപ്പോലെ, മറ്റുള്ളവയില്‍ നിന്ന് അപവാദമായ ചില സാമ്രാജ്യത്വ നടപടികള്‍ ഉണ്ടായിട്ടുണ്ട് എന്ന് അദ്ദേഹം അംഗീകരിക്കും. എന്നാല്‍ സാമ്രാജ്യത്വത്തിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കപ്പെടുന്ന ആഗോളവല്‍ക്കരണവും അതിന്റെ ഇരട്ട ആയുധങ്ങളായ നവലിബറല്‍ നയങ്ങളും സൈനിക ഇടപെടലുകളും സാമൂഹിക നീതി എന്ന കേന്ദ്രപ്രശ്നവുമായി പൊരുത്തപ്പെട്ടുപോകില്ല എന്ന കാര്യം അദ്ദേഹം അംഗീകരിക്കുന്നുണ്ടോ? സാമൂഹികനീതി അദ്ദേഹത്തിന് ഏറ്റവും വേണ്ടപ്പെട്ട കാര്യമാണല്ലോ. എന്നാല്‍ ഇന്ത്യയിലെ ഇടതുപക്ഷമാകട്ടെ, സാമൂഹികനീതിക്കുവേണ്ടിയുള്ള തങ്ങളുടെ സമരത്തെയും സാമ്രാജ്യത്വം നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന നവലിബറല്‍ നയങ്ങളുടെ ഫലമായി ഉണ്ടാകുന്ന സാമൂഹിക-സാമ്പത്തിക ചൂഷണത്തിനെതിരായ സമരത്തെയും ഇതുവരെ വേര്‍തിരിച്ചു കണ്ടിട്ടില്ല. ഇന്ത്യയില്‍ അനീതിയും ദാരിദ്ര്യവും ചൂഷണവും ശാശ്വതമായി നിലനിര്‍ത്താന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരായ സമരത്തെയും ആഗോളവല്‍കൃത സാമ്രാജ്യത്വ വ്യവസ്ഥക്കെതിരായ സമരത്തെയും സമന്വയിപ്പിക്കാനാണ് ഇടതുപക്ഷം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സാമ്രാജ്യത്വത്തിന്റെ മേല്‍നോട്ടത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ആഭ്യന്തരരംഗത്തെ നവലിബറല്‍ നയങ്ങളുടെയും ഫിനാന്‍സ് മൂലധനത്തിന്റെയും ഇക്കാലത്ത്, എല്ലാ ഇടതുപക്ഷ കമ്മ്യൂണിസ്റ്റ് ശക്തികളുടെയും മുന്നിലുള്ള കടമ, മേല്‍പ്പറഞ്ഞ രണ്ടിനും എതിരായി ദൃഢമായി നിലകൊള്ളുക എന്നതാണ്; സാമൂഹികനീതി എന്ന തന്റെ സങ്കല്പനത്തില്‍ ഡോക്ടര്‍ സെന്‍ മുന്നോട്ട് വെക്കുന്ന മുന്‍‌ഗണനകളോട് ആഭിമുഖ്യമുള്ള ബദല്‍ നയങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ്.

*free* views said...

This is not just a view from Amartya Sen, this is a view shared by many left supporters. If you read comments even in this forum carefully you can see that many of us are pained by the way main stream left parties are moving away from core issues.

Playing parliamentary politics, trying to forge opportunist alliance with third front, petty local politics in Kerala, being in the wrong side of class struggle in Bengal, focus on opposing America with soft corner towards China, fighting to get more salary for employees - these are not what we want to see in a left party.

America is indeed evil and selfish, but white washing China is not right either.

Anonymous said...

അമറ്‍ത്യാ സെന്നിനെ കേന്ദ്ര കമ്മറ്റിയില്‍ നിന്നും പുറത്താക്കണം പറ്റിയാല്‍ അച്ചു ഗ്റ്‍പ്പില്‍ ചേറ്‍ ന്നു നമ്മള്‍ക്കെതിരെ പുസ്തകം എഴുതിയ ആ താടിയെപ്പോലെ ഹൈദരാബാദിലേക്കു ട്റാന്‍സ്ഫറ്‍ അടിക്കണം, ഹല്ല പിന്നെ, സത്യം പറയുന്നോടാ തെണ്ടീ നോബല്‍ പ്റൈസുകാരാ