Saturday, October 31, 2009

സാര്‍വത്രിക പൊതുവിതരണ സമ്പ്രദായം - അല്പം കണക്കു കൂട്ടല്‍

ലോകത്തിലെ ഏറ്റവും വിശപ്പേറിയ രാജ്യങ്ങളില്‍ ഒന്നായിരിക്കും ഇന്ത്യ എന്നത് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ള കാര്യമാണ്. 2009 ലെ ആഗോള പട്ടിണി സൂചികയിലെ (Global Hunger Index - GHI)അറുപത്തി അഞ്ചാം സ്ഥാനം(84 രാജ്യങ്ങളുടെ പട്ടികയില്‍) എന്ന ദയനീയമായ റാങ്കിങ്ങ് രാജ്യത്തെ ഭക്ഷ്യ അരക്ഷിതാവസ്ഥയുടെയും വിശപ്പിന്റെയും ഗൌരവാവസ്ഥയെ അടിവരയിട്ടു വ്യക്തമാക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ 23.9 എന്ന ഇന്ത്യയുടെ ഇന്‍ഡക്സ് മൂല്യം ആഫ്രിക്കന്‍ രാജ്യങ്ങളുടെ ശരാശരിയേക്കാള്‍ (22.1 പോയിന്റുകള്‍) മുകളിലാണ്. ഭക്ഷ്യവസ്തുക്കളുടെ കുതിച്ചുയരുന്ന വിലയുടെയും, സാമ്പത്തികമാന്ദ്യത്തിന്റെയും പശ്ചാത്തലത്തില്‍ ഈ ചിത്രത്തിനു കൂടുതല്‍ ഗൌരവസ്വഭാവം കൈവരുന്നുണ്ട്. മിക്കവാറും എല്ലാ വികസ്വര രാഷ്ട്രങ്ങളുടെയും ഭക്ഷ്യസുരക്ഷയില്‍ ആഗോള സാമ്പത്തികമാന്ദ്യം ചെലുത്തുന്ന ആഘാതത്തെക്കുറിച്ച് ആഗോള പട്ടിണി സൂചിക രേഖപ്പെടുത്തുന്നുമുണ്ട്.

സാഹചര്യത്തിന്റെ രൂക്ഷത


കഴിഞ്ഞ മൂന്നു ദശകങ്ങളായി മൊത്ത ആഭ്യന്തര ഉല്പാദന നിരക്കുകള്‍ ശ്രദ്ധേയമായ തരത്തിലായിരിക്കെ തന്നെ, ഭാരതസര്‍ക്കാര്‍ രൂപീകരിച്ച വിവിധ കമ്മീഷനുകളുടെ റിപ്പോര്‍ട്ടുകളും നിര്‍ദ്ദേശങ്ങളും രാജ്യം ഭക്ഷ്യ അരക്ഷിതാവസ്ഥയിലേക്ക് വഴുതിവീഴാനുള്ള സാധ്യതയെ എടുത്തുകാട്ടുന്നുണ്ട്. ഉദാഹരണമായി, ദേശീയ സാമ്പിള്‍ സര്‍വെയിലെ ഉപഭോഗത്തെ സംബന്ധിച്ച ഡാറ്റ(2004-05, റൌണ്ട് 61) ഉപയോഗിച്ച സെന്‍‌ഗുപ്ത കമ്മിറ്റി റിപ്പോര്‍ട്ട് പറയുന്നത് ‘മൊത്തം ഉപഭോഗത്തിനായി ദിവസേന 20 രൂപ വരെ മാത്രം ലഭിക്കുന്നവരായ’ 77% ഭാരതജനതയും ‘ദരിദ്രരും ദുര്‍ബലരും’ (poor and vulnerable) ആണെന്നാണ്. ഈ കമ്മിറ്റി റിപ്പോര്‍ട്ട് മറ്റൊരു കാര്യം കൂടി അടിവരയിട്ടു പറയുന്നുണ്ട്; 1999-2000 മുതല്‍ 2004-2005 വരെയുള്ള കാലയളവില്‍ ‘ദരിദ്രരും ദുര്‍ബലരും’ ആയവരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്ന്. 1999-2000ല്‍ 811 ദശലക്ഷം പേര്‍ ഈ ഗ്രൂപ്പില്‍ ഉണ്ടായിരുന്നത് 2004-05 ആയപ്പോഴേക്കും 836 ദശലക്ഷം ആയി വര്‍ദ്ധിച്ചു. ഈ സാഹചര്യത്തിന്റെ ഗൌരവാവസ്ഥ കുട്ടികളിലെ പോഷകാഹാരക്കുറവിനെ സംബന്ധിച്ച കണക്കിലും സ്ത്രീകളിലെ വിളര്‍ച്ചയെ സംബന്ധിച്ച കണക്കിലും പ്രതിഫലിക്കുന്നുണ്ട്. ലഭ്യമായ കണക്കുകള്‍ അനുസരിച്ച് ഗ്രാമീണ ഇന്ത്യയിലെ ഏതാണ്ട് 50 ശതമാനത്തോളം കുട്ടികള്‍ പോഷകാഹാരക്കുറവ് നേരിടുന്നവരും 75 ശതമാനത്തിലധികം സ്തീകള്‍ വിളര്‍ച്ചയനുഭവിക്കുന്നവരുമാണ്.

നമ്മുടെ ഭരണഘടനയനുസരിച്ച് രാജ്യത്തെ ഓരോ പൌരനും ദാരിദ്ര്യത്തില്‍ നിന്ന് മുക്തി നേടുവാനും, സുരക്ഷിതവും ആവശ്യത്തിനുള്ളതുമായ ഭക്ഷണം ലഭിക്കുന്നതിനും അവകാശമുണ്ടെന്ന കാര്യം ഇവിടെ എടുത്തു പറയേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ഉല്പാദനത്തിന്റെ കാര്യത്തിലും അത് അര്‍ഹരായവര്‍ക്ക് ലഭ്യമാക്കുന്ന കാര്യത്തിലും ആവശ്യമായ നടപടികള്‍ എടുക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ്. എന്നിരുന്നാലും സമീപ വര്‍ഷങ്ങളില്‍ ഉല്പാദനത്തിന്റെ കാര്യത്തില്‍ കാര്യമായ കുറവു സംഭവിക്കുന്നു എന്നു മാത്രമല്ല ആളോഹരി ഭക്ഷ്യധാന്യ ലഭ്യത 1991ല്‍ 186 കിലോ ആയിരുന്നത് 2000 ആണ്ടില്‍ 166 കിലോ ആയും 2007ല്‍ 160 കിലോ ആയും കുറഞ്ഞിട്ടുമുണ്ട്.

സ്ഥിതിഗതികളുടെ രൂക്ഷാവസ്ഥ ദാരിദ്യവും ഭക്ഷ്യ അരക്ഷിതാവസ്ഥയും അടിയന്തിരശ്രദ്ധ ലഭിക്കേണ്ട വിഷയങ്ങളാക്കുന്നു. ഈ പശ്ചാത്തലത്തില്‍ രാജ്യത്തിലെ പൊതുവിതരണ സമ്പ്രദായത്തിന്റെ സാര്‍വത്രീകരണം ജനങ്ങളുടെ ക്ഷേമം ഉറപ്പു വരുത്തുന്നതിനു നിര്‍ണ്ണായകമാകുന്നു. പൊതുവിതരണ സമ്പ്രദായത്തിന്റെ സാര്‍വത്രീകരണത്തിനു വകയിരുത്തേണ്ടി വരുന്ന തുകയെ സംബന്ധിച്ച് പലരും സംശയങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ടെങ്കിലും, ഇതിനെ സംബന്ധിച്ച ലളിതമായ ചില കണക്കുകൂട്ടലുകള്‍ (elementary cost calculation) മറിച്ചുള്ള സൂചനയാണ് നല്‍കുന്നത്. യഥാര്‍ത്ഥത്തില്‍, കേന്ദ്ര സര്‍ക്കാരും സംസ്ഥാനസര്‍ക്കാരുകളും ചേര്‍ന്ന് ഭക്ഷ്യസബ്‌സിഡിയായി നല്‍കുന്ന തുക ജി.ഡി.പിയുടെ ഒരു ശതമാനത്തിനടുത്തും മൊത്ത പൊതു ചെലവിന്റെ 3 ശതമാനത്തിനടുത്തുമായി 1990-91 മുതല്‍ തുടരുകയാണ്. ഈ ചിലവുമായി ചില കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തുകയാണെങ്കില്‍ ദാരിദ്യം ഇല്ലാതാക്കുന്ന കാര്യത്തില്‍ കാര്യമായ പുരോഗതി കൈവരിക്കുവാന്‍ കഴിയും.

പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള ദേശീയ ഭക്ഷ്യ സുരക്ഷാ ബില്ലിന്റെ പശ്ചാത്തലത്തില്‍ ഈ വിഷയത്തിനു അടിയന്തര പ്രാധാന്യം കൈവരുന്നു. ഇപ്പോള്‍ നടത്തുന്ന കണക്കുകൂട്ടല്‍, ഈ ബില്ല് ബജറ്റ് ചിലവില്‍ ഉണ്ടാക്കുവാന്‍ പോകുന്ന വ്യത്യാസം പരിശോധിക്കുകയും, ബില്ലിനെ സംബന്ധിച്ചേടത്തോളം പൊതുവിതരണ സമ്പ്രദായം സാര്‍വത്രികമാക്കുക എന്നത് അതീവപ്രാധാന്യമുള്ള കാര്യമാണെന്ന് ശുപാര്‍ശ ചെയ്യുകയും ചെയ്യുന്നു.

സാര്‍വത്രിക പൊതുവിതരണ സമ്പ്രദായവും ഭക്ഷ്യസുരക്ഷാ ബില്ലും

ഈയവസരത്തില്‍ സാര്‍വത്രികമായ പൊതുവിതരണ സമ്പ്രദായം നടപ്പിലാക്കുന്നതിനു ഇപ്പോള്‍ ഭക്ഷ്യ സബ്‌സിഡിക്ക് ബജറ്റില്‍ വകയിരുത്തുന്ന തുകയില്‍ നിന്നും എത്ര കൂടുതലായി വേണ്ടിവരും എന്നതിനെ സംബന്ധിച്ച കണക്കെടുപ്പ് ആവശ്യമാണ്. മുകളില്‍ സൂചിപ്പിച്ചപോലെ 2009-10 ധനകാര്യവര്‍ഷത്തില്‍ ഭക്ഷ്യസബ്‌സിഡിക്കായി ബജറ്റില്‍ വകയിരുത്തിയ തുക ജി.ഡി.പിയുടെ ഒരു ശതമാനത്തിലും താഴെയാണ്. ഇത് തീര്‍ച്ചയായും എല്ലാവര്‍ക്കും ഭക്ഷണം എത്തിക്കാനാവശ്യമായ തുകയേക്കാള്‍ വളരെ കുറഞ്ഞതാണ്.

നിര്‍ദ്ദേശം 1

എല്ലാവര്‍ക്കും ഭക്ഷണം ഉറപ്പു വരുത്തുന്നതിനു വേണ്ടി ഇപ്പോഴത്തെ ഭക്ഷ്യ സബ്‌സിഡിയേക്കാള്‍ അധികമായി 94419 കോടി രൂപ കൂടി വേണ്ടി വരും. ഈ കണക്കുകൂട്ടല്‍ താഴെ പറയുന്ന അനുമാനങ്ങളില്‍ അധിഷ്ഠിതമാണ്.

രാജ്യത്തെ മൊത്തം കുടുംബങ്ങളുടെ എണ്ണം 23.96 കോടിയാണ് (ഏതാണ്ട് 24 കോടി). ഒരു കുടുംബത്തിലെ അംഗങ്ങളുടെ എണ്ണം ദേശീയ കുടുംബാരോഗ്യ സര്‍വെ -3 അനുസരിച്ച് 4.8 ഉം രാജ്യത്തെ മൊത്തം ജനസംഖ്യയുടെ പ്രൊജക്ഷന്‍ 115 കോടിയും ആണ്.

രാജ്യത്തെ എല്ലാ കുടുംബങ്ങളിലേക്കും മാസം 35 കിലോ വീതം ഭക്ഷ്യധാന്യം കിലോക്ക് 2 രൂപ എന്ന കേന്ദ്ര വിതരണ നിരക്കില്‍ എത്തിക്കണം.

അരിയുടെയും ഗോതമ്പിന്റെയും ഇപ്പോഴത്തെ കുറഞ്ഞ താങ്ങുവിലയും, എക്കണോമിക് കോസ്റ്റും (economic cost) വര്‍ധിക്കുകയില്ലെന്നും ഇപ്പോഴത്തെ നിരക്കായ 1789.8 രൂപയിലും (ക്വിന്റലിന്) 1392.7 രൂപയിലും നില്‍ക്കുമെന്ന് കരുതുന്നു.

അരിയുടെയും ഗോതമ്പിന്റെയും വിതരണം 2:1 എന്ന അനുപാതത്തിലായിരുക്കും എന്ന് കരുതുന്നു.

മുകളില്‍പ്പറഞ്ഞിരിക്കുന്ന അനുമാനങ്ങളുടെ അടിസ്ഥാനത്തില്‍ സാര്‍വത്രിക പൊതുവിതരണ സമ്പ്രദായത്തിനു ആവശ്യമായി വരുന്ന മൊത്തം ഭക്ഷ്യധാന്യങ്ങളുടെ അളവ് 1008 ലക്ഷം ടണ്‍ ആയിരിക്കും. ഇതില്‍ ആവശ്യമായ അരിയുടെ അളവ് 672 ലക്ഷം ടണ്ണും ഗോതമ്പിന്റെത് 336 ലക്ഷം ടണ്ണുമായിരിക്കും. ഈ കണക്കില്‍ മൊത്തം വാര്‍ഷിക സബ്‌സിഡി തുക 146909 കോടി രൂപയായിരിക്കും. 2009-10 ല്‍ ഭക്ഷ്യസബ്‌സിഡിക്കു ബജറ്റില്‍ വകയിരുത്തിയ തുക 52490 കോടി രൂപയോളം ആണ്. ആയതിനാല്‍ ഇനി വരുന്ന ബജറ്റുകളില്‍ സര്‍ക്കാര്‍ 94419 കോടി രൂപയുടെ അധിക വകയിരുത്തല്‍ നടത്തേണ്ടി വരും. വിശദമായ പട്ടിക കാണുക.

പട്ടിക 1
ആവശ്യമായ തുക വകയിരുത്തുക എന്നത് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം അസാദ്ധ്യമായ കാര്യമല്ല. എന്തു തന്നെയായാലും ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിഷേധിക്കുന്നതിന് സാമ്പത്തികമായ ബുദ്ധിമുട്ടുകള്‍ ഒരിക്കലും ന്യായീകരണമായിക്കൂടാ. പ്രത്യേകിച്ച് കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കും മറ്റുമായി നല്‍കുന്ന നികുതിയിളവുകളിലൂടെ ഒരു വര്‍ഷം 418096 കോടി രൂപയുടെ നികുതി വരുമാനം വേണ്ടെന്നു വെക്കുവാന്‍ സര്‍ക്കാന്‍ തയ്യാറായിരിക്കുന്ന അവസ്ഥയില്‍.

നിര്‍ദ്ദേശം 2

മുകളിലെ അനുമാനങ്ങള്‍ അതേപോലെ നിലനിര്‍ത്തിക്കൊണ്ടും അരിയുടെയും ഗോതമ്പിന്റെയും കേന്ദ്ര വിതരണ വില കിലോയ്ക്ക് 2 രൂപക്ക് പകരം 3 രൂപയായി കണക്കാക്കുകയാണെങ്കില്‍ 84399 കോടി രൂപ സാര്‍വത്രിക പൊതുവിതരണ സമ്പ്രദായം നടപ്പിലാക്കുന്നതിന് അധികമായി ആ‍വശ്യം വരും.

പട്ടിക 2
ഈ വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത്, ഭക്ഷ്യ സുരക്ഷക്കും പൊതുവിതരണ സമ്പ്രദായത്തിന്റെ സാര്‍വത്രീകരണത്തിനും ആവശ്യമായി വരുന്ന ചിലവിനെ പെരുപ്പിച്ചു കണ്ടുകൂടാ. കേന്ദ്ര സര്‍ക്കാര്‍ ദിവസേന 1145 കോടി രൂപയോളം നികുതി ഇളവുകളായി 2008-09 വര്‍ഷത്തില്‍ നല്‍കിയത് കൂടി കണക്കിലെടുക്കുമ്പോള്‍ ദിവസേന 258 കോടി രൂപ (മുകളിലെ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍) കൂടി പൊതുവിതരണ സമ്പ്രദായം എല്ലാവര്‍ക്കും എത്തിക്കാനായി അനുവദിക്കുക എന്നത് അസാദ്ധ്യമായ കാര്യമായിക്കൂടാ.

ജനങ്ങളിലെ ഭൂരിപക്ഷത്തിനും ഭക്ഷണത്തിനുള്ള അവകാശം,. മാന്യമായി ജീ‍വിക്കുന്നതിനുള്ള സാഹചര്യം എന്നിവ പോലെയുള്ള അടിസ്ഥാന ആവശ്യങ്ങളുടെ തുടര്‍ച്ചയായ നിഷേധവും നടപ്പിലാക്കാതിരിക്കലും സമൂഹത്തിലെ വര്‍ദ്ധിച്ചുവരുന്ന അശാന്തിക്ക് വളമേകുകയേ ഉള്ളൂ. ഇന്ത്യയില്‍ ഇപ്പോള്‍ വര്‍ദ്ധിച്ചുവരുന്ന തരത്തില്‍, അവകാശം നിഷേധിക്കപ്പെട്ട ജനവിഭാ‍ഗങ്ങളുടെ ആക്രമാത്മകമായ നടപടികളിലൂടെയായിരിക്കും ഇവ പലപ്പോഴും വെളിപ്പെട്ടു വരുന്നത്. അതുകൊണ്ടു തന്നെ നയങ്ങള്‍ രൂപീകരിക്കുന്നവര്‍ ചരിത്രത്തിലെ ഏറ്റവും പ്രാഥമികവും എല്ലാവര്‍ക്കും അറിയുന്നതുമായ പാഠങ്ങള്‍ക്ക് ചെവി കൊടുക്കേണ്ടതുണ്ട് - സാമൂഹികവും സാമ്പത്തികവും ആയ നീതിയുടെ അഭാവം ആണ് സമൂഹത്തിലെ സംഘര്‍ഷങ്ങള്‍ക്കും ആക്രമത്തിനുമുള്ള ഏറ്റവും പ്രധാന കാ‍രണങ്ങള്‍. ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ മോട്ടോ സൂചിപ്പിക്കുന്നതു പോലെ : നിങ്ങള്‍ സമാധാനം ആഗ്രഹിക്കുന്നുവെങ്കില്‍, നീതി വളര്‍ത്തിയെടുക്കുക.(if you wish for peace, cultivate justice)

*
Praveen Jha, Nilachala Acharya എന്നിവര്‍ എഴുതിയ Universalising PDS: How Much does it Cost Anyway? എന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ

Thursday, October 29, 2009

മാധ്യമങ്ങളുടെ അട്ടിമറി

രാം പണ്ഡിറ്റിന് ഇനി തന്റെ പ്രതിവാരപംക്തി പുനരാരംഭിക്കാം. ദീര്‍ഘകാലമായി പ്രമുഖ മറാത്തി ദിനപത്രത്തിലെ പംക്തികാരനാണ് ഡോ.പണ്ഡിറ്റ്(യഥാര്‍ഥ പേരല്ല). ഇക്കഴിഞ്ഞ മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാനദിവസം പണ്ഡിറ്റിനെ വിളിച്ച് പത്രാധിപര്‍ ക്ഷമാപണത്തോടെ പറഞ്ഞു:

"പണ്ഡിറ്റ്ജി, താങ്കളുടെ പംക്തി ഒക്ടോബര്‍ 13 വരെ നിര്‍ത്തിവയ്ക്കുകയാണ്. അതുവരെ പത്രത്തിന്റെ സ്ഥലമെല്ലാം വിറ്റുകഴിഞ്ഞു.''

നിഷ്കളങ്കനായ മനുഷ്യനായതിനാല്‍ പത്രാധിപര്‍ സത്യം തുറന്നു പറയുകയായിരുന്നു. പണക്കൊഴുപ്പിന്റെ മേളയായി മാറിയ മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ മാധ്യമങ്ങള്‍ പണച്ചാക്കുകള്‍ക്ക് പിന്നാലെയായിരുന്നു. എല്ലാ മാധ്യമങ്ങളും ഇത്തരത്തില്‍ പെരുമാറിയെന്ന് പറയുന്നില്ല; എന്നാല്‍, ചെറുകിട പത്രങ്ങള്‍ മുതല്‍ അതിശക്തമായ അച്ചടിമാധ്യമങ്ങളും ടെലിവിഷന്‍ ചാനലുകളും വരെ പണംമാത്രമാണ് മോഹിച്ചത്. ചില മുതിര്‍ന്ന പത്രപ്രവര്‍ത്തകരെ അവരുടെ മാനേജ്മെന്റുകളുടെ നടപടി അമ്പരപ്പിച്ചു.

"ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ വിജയി മാധ്യമങ്ങളാണ്''-ഒരു പത്രപ്രവര്‍ത്തകന്‍ ചൂണ്ടിക്കാട്ടി. "മാന്ദ്യം മറികടക്കാന്‍ മാധ്യമങ്ങള്‍ അവരുടേതായ വഴി കണ്ടെത്തി''- മറ്റൊരാള്‍ പരിഹസിച്ചു.

തെരഞ്ഞെടുപ്പ് കാലത്ത് കോടിക്കണക്കിന് രൂപയാണ് മാധ്യമങ്ങള്‍ സമ്പാദിച്ചത്. പരസ്യങ്ങള്‍ വഴിയല്ല, സ്ഥാനാര്‍ഥികളുടെ പ്രചാരണവാര്‍ത്തകള്‍ പണം വാങ്ങി പ്രസിദ്ധീകരിച്ചതിലൂടെ. നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനവ്യാപകമായി അരങ്ങേറിയത് 'കവറേജ് പാക്കേജുകളാണ്'. സ്ഥാനാര്‍ഥികളുടെ ഏതു തരത്തിലുള്ള വാര്‍ത്ത നല്‍കുന്നതിനും മാധ്യമത്തിന് പണം കൊടുക്കണം. പണമില്ലെങ്കില്‍, വാര്‍ത്തയുമില്ല. ഇത്പണമൊഴുക്കാന്‍ ശേഷിയില്ലാത്ത പാര്‍ടികളുടെയും സ്ഥാനാര്‍ഥികളുടെയും വായ് മൂടിക്കെട്ടുന്ന അവസ്ഥ സൃഷ്ടിച്ചു. വായനക്കാരും പ്രേക്ഷകരും തെറ്റിദ്ധരിക്കപ്പെടുകയും അവര്‍ യഥാര്‍ഥപ്രശ്നങ്ങള്‍ തിരിച്ചറിയുന്നത് തടയുകയുംചെയ്തു.

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ 15-20 ലക്ഷത്തിന്റെ ചെറുകിട 'കവറേജ് പാക്കേജുകള്‍' നടപ്പാക്കിയത് 'ദി ഹിന്ദു' 2009 ഏപ്രില്‍ ഏഴിന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ പ്രവണത വളരെ ശക്തമായി. അതുകൊണ്ടുതന്നെ ഈ ശൈലി പുതിയതല്ല. എന്നാല്‍, ഇതിന്റെ തോത് പുതുമയുള്ളതും ഞെട്ടിപ്പിക്കുന്നതുമാണ്. ഒരു കൂട്ടം പത്രപ്രവര്‍ത്തകരുടെ വ്യക്തിപരമായ അഴിമതിയില്‍നിന്ന് മാധ്യമസ്ഥാപനങ്ങളുടെ സംഘടിതമായ ധനസമ്പാദനമാര്‍ഗമായി ഈ കളി വളര്‍ന്നു. പശ്ചിമമഹാരാഷ്ട്രയിലെ ഒരു മണ്ഡലത്തിലെ വിമതസ്ഥാനാര്‍ഥി പ്രാദേശികമാധ്യമത്തിനു മാത്രം നല്‍കിയത് ഒരു കോടി രൂപയാണ്. പാര്‍ടിയുടെ ഔദ്യോഗികസ്ഥാനാര്‍ഥിയെ തോല്‍പ്പിച്ച് അദ്ദേഹം വിജയിക്കുകയുംചെയ്തു.

പല തരത്തിലുള്ള പാക്കേജുകളാണ് മാധ്യമങ്ങള്‍ നടപ്പാക്കിയത്. സ്ഥാനാര്‍ഥികളുടെ ജീവചരിത്രം, അഭിമുഖം, 'നേട്ടങ്ങളുടെ പട്ടിക', എതിരാളിക്കെതിരായ വാര്‍ത്ത എന്നിവ ഓരോന്നും പ്രസിദ്ധീകരിക്കാന്‍ പ്രത്യേകം പ്രത്യേകം പണം നല്‍കണം.(ചാനലുകളില്‍ തത്സമയം പ്രചാരണപരിപാടികള്‍ സംപ്രേഷണംചെയ്യാന്‍ സ്ഥാനാര്‍ഥിയോടൊപ്പം മാധ്യമപ്രവര്‍ത്തകര്‍ സഞ്ചരിക്കും). എതിരാളിയെ കരിവാരിത്തേക്കുന്നതിനോടൊപ്പം സ്വന്തം ക്രിമിനല്‍ പാരമ്പര്യം മറച്ചുവയ്ക്കുന്നതിനും ഈ 'പണത്തിനു പകരം വാര്‍ത്ത' സംസ്കാരം നിങ്ങളെ സഹായിക്കും. ഇക്കുറി മഹാരാഷ്ട്ര നിയമസഭയില്‍ അംഗങ്ങളായവരില്‍ പകുതിപ്പേര്‍ക്കും എതിരായി ക്രിമിനല്‍ക്കേസുകള്‍ നിലവിലുണ്ട്. പണംവാങ്ങി പ്രസിദ്ധീകരിച്ച വാര്‍ത്തകളിലൊന്നും ഈ സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ നടപടികളെക്കുറിച്ച് ഒരു പരാമര്‍ശംപോലുമില്ല. 'പ്രത്യേക പതിപ്പുകളാണ്' ഇക്കൂട്ടത്തില്‍ ഏറ്റവും മുന്തിയ ഇനം. തന്റെ ഭരണകാലത്തെക്കുറിച്ച് വിവരിക്കാന്‍ പ്രത്യേക പതിപ്പ് പ്രസിദ്ധീകരിക്കാനായി സംസ്ഥാനത്തെ ഒരു പ്രമുഖനേതാവ് ചെലവഴിച്ചത് 1.5 കോടി രൂപയാണ്. ഒരു സ്ഥാനാര്‍ഥിക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പരമാവധി ചെലവിടാന്‍ അനുവാദമുള്ളതിന്റെ 15 ഇരട്ടി തുകയാണ് ഒരൊറ്റ പത്രപ്പതിപ്പിനായി നല്‍കിയത്. അദ്ദേഹം തെരഞ്ഞെടുപ്പില്‍ ജയിക്കുകയും ഉയര്‍ന്ന സ്ഥാനത്ത് എത്തുകയുംചെയ്തു.

മാധ്യമങ്ങള്‍ നടപ്പാക്കിയ ചെറുകിട പാക്കേജ് ഇതാണ്: നിങ്ങളുടെ ജീവചരിത്രവും 'നിങ്ങള്‍ തെരഞ്ഞെടുക്കുന്ന നാല് വാര്‍ത്തയും' പ്രസിദ്ധീകരിക്കാന്‍ പേജിന്റെ പ്രാധാന്യമനുസരിച്ച് നാലുലക്ഷം രൂപ മുതല്‍ മുകളിലോട്ട്. 'നിങ്ങള്‍ തെരഞ്ഞെടുക്കുന്ന' വാര്‍ത്ത എന്നത് പ്രത്യേകം ശ്രദ്ധിക്കുക. ഇവിടെ വാര്‍ത്ത എന്നത് ഒരു ഉത്തരവാണ്. പണത്തിനു പകരമുള്ളത്.(വാര്‍ത്തയുടെ സാമഗ്രി തയ്യാറാക്കാന്‍ പത്രത്തിന്റെ എഴുത്തുകാരന്‍ നിങ്ങളെ സഹായിക്കും). കൌതുകകരമായ ചില വാര്‍ത്തകള്‍ ഈ ദിവസങ്ങളില്‍ പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. ഉദാഹരണത്തിന് ഒരേ വലുപ്പത്തിലുള്ള 'വാര്‍ത്താഇനങ്ങള്‍' ഒരേ പത്രത്തിന്റെ വ്യത്യസ്ത പേജുകളില്‍ വരുന്നു. ഇവയുടെ ഉള്ളടക്കവും വ്യത്യസ്തമാണ്. ഇവ യഥാര്‍ഥത്തില്‍ പണം വാങ്ങി പ്രസിദ്ധീകരിച്ച വാര്‍ത്തകളായിരുന്നു. നാലു കോളം 10 സെന്റീമീറ്റര്‍ വാര്‍ത്തകളാണ് ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ നല്‍കിയത്. ഒരു സംഘപരിവാര്‍ അനുകൂല പത്രം കോണ്‍ഗ്രസ്-എന്‍സിപി സ്ഥാനാര്‍ഥികളെ സ്തുതിക്കുന്ന വാര്‍ത്തകള്‍ നല്‍കിയപ്പോള്‍തന്നെ പതിവില്ലാത്ത ചില കാര്യങ്ങള്‍ നടക്കുന്നതായി ബോധ്യപ്പെട്ടു.(തീര്‍ച്ചയായും പണം വാങ്ങിയുള്ള നാലു വാര്‍ത്തകള്‍ക്കൊപ്പം അഞ്ചാമതൊരെണ്ണം സൌജന്യമായി പ്രസിദ്ധീകരിച്ചു). ഇതിനു ചില അപവാദങ്ങളും ഉണ്ടായിരുന്നു. രണ്ടു പത്രാധിപന്മാര്‍ വാര്‍ത്താകവറേജില്‍ സന്തുലനം പാലിക്കാന്‍ ശ്രമിച്ചു. ഇവര്‍ 'വാര്‍ത്താ ഓഡിറ്റിങ്' നടത്താന്‍ ശ്രമിച്ചു. എന്നാല്‍ ധനാഗമനത്തിന്റെ കുത്തൊഴുക്കില്‍ ഇതൊന്നും വിലപ്പോയില്ല.

മാധ്യമങ്ങള്‍ ഓരോ എഡിഷനും കൈവരിക്കേണ്ട 'ലക്ഷ്യം' നിശ്ചയിച്ച് നല്‍കിയിരുന്നു. ഇതു നേടാന്‍ ശ്രമിക്കാത്തവര്‍ ശിക്ഷാനടപടികള്‍ക്ക് വിധേയരായി. ഈ പദ്ധതിയില്‍ തെറ്റൊന്നുമില്ലെന്നാണ് പൊതുവാദം. പരസ്യപാക്കേജുകള്‍ മാധ്യമവ്യവസായത്തിന്റെ നിലനില്‍പ്പിന് അനിവാര്യമാണ്. ദീപാവലി, ഗണേശപൂജ ഉത്സവകാലങ്ങളില്‍ നടപ്പാക്കുന്ന പാക്കേജുകള്‍പോലെ ഒന്നുമാത്രമാണ് തെരഞ്ഞെടുപ്പിനും ആവിഷ്കരിച്ചതെന്ന് അവര്‍ വാദിക്കുന്നു. എന്നാല്‍, വാര്‍ത്തയുടെ രൂപത്തില്‍ അവതരിപ്പിച്ച പരസ്യങ്ങളിലെ തെറ്റായ കാര്യങ്ങള്‍ ഇന്ത്യയുടെ ജനാധിപത്യ പ്രക്രിയയുടെ അടിത്തറയാണ് ഇളക്കുന്നത്. ഇവ വോട്ടര്‍മാരില്‍ അളവറ്റ സ്വാധീനമാണ് ചെലുത്തുന്നത്. മറ്റൊരു കാര്യംകൂടിയുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പില്‍ ജനങ്ങളോട് വോട്ട് അഭ്യര്‍ഥിച്ച് ഒട്ടേറെ പ്രമുഖര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇക്കുറി ഇവരില്‍ പലരും പ്രതിഫലം കൈപ്പറ്റുന്ന പ്രചാരണമാനേജര്‍മാരായി. ഇവര്‍ എത്ര പണം വാങ്ങിയെന്ന് ആര്‍ക്കുമറിയില്ല. മാധ്യമങ്ങളും പണാധിപത്യവും ചേര്‍ന്ന് സ്വാധീനശക്തി കുറഞ്ഞവരെ വീണ്ടും ഞെരുക്കുകയാണ്. 'ആം ആദ്മിയെ' കളത്തിനു പുറത്താക്കുന്നു. അവരുടെ പേരിലാണ് മത്സരിക്കുന്നതെങ്കിലും.

നിങ്ങളുടെ കൈവശം 10 കോടി രൂപയുണ്ടെങ്കില്‍ മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ ജയിക്കാനുള്ള സാധ്യത 10 ലക്ഷം രൂപയുള്ളവരേക്കാള്‍ 48 മടങ്ങ് കൂടുതലാണ്. അഞ്ചുലക്ഷം രൂപയുള്ളവരുടെ ജയസാധ്യത വളരെ കുറവ്. മഹാരാഷ്ട്രയിലെ 288 എംഎല്‍എമാരില്‍ ആറുപേര്‍ക്ക് മാത്രമാണ് അഞ്ചുലക്ഷം രൂപയില്‍ കുറഞ്ഞ സ്വത്തുള്ളത്. 10 കോടി രൂപയില്‍ കൂടുതല്‍ സ്വത്തുള്ള എംഎല്‍എമാരുടെ എണ്ണത്തില്‍ സംസ്ഥാനത്ത് 70 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായത്. 2004ല്‍ ഇത്തരക്കാരുടെ എണ്ണം 108 ആയിരുന്നു. ഇപ്പോള്‍ 184 ആയി. മഹാരാഷ്ട്രയിലെ മൂന്നില്‍ രണ്ടും ഹരിയാനയിലെ നാലില്‍ മൂന്നും എംഎല്‍എമാര്‍ കോടിപതികളാണ്. 1,200 ഗ്രൂപ്പുകള്‍ ഉള്‍ക്കൊള്ളുന്ന നാഷണല്‍ ഇലക്ഷന്‍ വാച്ച്(എന്‍ഇഡബ്ള്യു) എന്ന സര്‍ക്കാരിതര സംഘടന ലോക്സഭ തെരഞ്ഞെടുപ്പു കാലത്ത് ശേഖരിച്ച റിപ്പോര്‍ട്ടിനെ ശരിവയ്ക്കുന്നതാണ് ഈ കണക്കുകള്‍.

നാമനിര്‍ദേശപത്രികയില്‍ കാണിച്ച വിവരങ്ങള്‍ ശരിയാണെങ്കില്‍ മഹാരാഷ്ട്രയിലെ എംഎല്‍എമാരുടെ ശരാശരിസ്വത്ത് നാലു കോടി രൂപയാണ്. കോണ്‍ഗ്രസ്, ബിജെപി എംഎല്‍എമാരാണ് ആസ്തിയില്‍ മുന്നില്‍. എന്‍സിപി, ശിവസേനക്കാരും ഒട്ടും മോശമല്ല. ഇവരുടെ ശരാശരിസ്വത്ത് മൂന്നുകോടിയില്‍പ്പരമാണ്. ഓരോ തെരഞ്ഞെടുപ്പ് പ്രക്രിയ കഴിയുമ്പോഴും നാം തെരഞ്ഞെടുപ്പ് കമീഷനെ മഹത്തായ കടമ നിറവേറ്റിയെന്ന് അഭിനന്ദിക്കും. കള്ളവോട്ട്, ബൂത്തുപിടിത്തം എന്നിവ തടയുന്ന കാര്യത്തില്‍ പലപ്പോഴും ഇത് ശരിയാണ്. എന്നാല്‍, പണാധിപത്യവും മാധ്യമങ്ങളുടെ 'കവറേജ് പാക്കേജുകളും' തടയുന്നതില്‍ ഇതുവരെ ശക്തമായ നടപടി ഉണ്ടായിട്ടില്ല. അത്യന്തം ഗൌരവതരമായ സംഗതിയാണിത്. വോട്ടെടുപ്പിനെ സ്വാധീനിക്കുന്ന ഏറ്റവും സംഘടിതവും നിഗൂഢവുമായ മാര്‍ഗം. തെരഞ്ഞെടുപ്പിന്റെ മാത്രമല്ല, ജനാധിപത്യത്തിന്റെതന്നെ അടിസ്ഥാനശിലകള്‍ക്ക് ഭീഷണിയാണിത്.
*
പി സായ്നാഥ് ഹിന്ദുവില്‍ എഴുതിയ ലേഖനത്തില്‍ നിന്ന്
കടപ്പാട്: ദേശാഭിമാനി

Wednesday, October 28, 2009

പഴശ്ശിരാജ-ജനപ്രിയതാ രൂപീകരണത്തിന്റെ സങ്കീര്‍ണയുക്തികള്‍

മലയാള സിനിമയുടെ മുന്‍കാല ചരിത്രത്തില്‍ ആലോചിച്ചിട്ടുപോലുമില്ലാത്ത അത്ര അധികം തുക നിര്‍മ്മാണത്തിനും വിതരണത്തിനും പരസ്യത്തിനും മറ്റുമായി ചിലവിട്ടുവെന്ന പ്രഖ്യാപനത്തോടെയാണ് കേരളവര്‍മ്മ പഴശ്ശിരാജ ഒക്ടോബര്‍ 16ന് പ്രദര്‍ശനമാരംഭിച്ചത്. ഇരുപത്തേഴ് കോടി രൂപ ചിലവായി എന്നാണ് അവകാശവാദങ്ങള്‍. അത് വിശ്വസിക്കുകയല്ലാതെ തല്‍ക്കാലം മറ്റ് നിര്‍വാഹമൊന്നുമില്ല. മലയാളത്തിനു പുറമെ, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ളീഷ്(സബ് ടൈറ്റില്‍ഡ്) എന്നീ ഭാഷകളിലും കേരളവര്‍മ്മ പഴശ്ശിരാജ തയ്യാറാക്കിയിട്ടുണ്ടെന്നാണ് പ്രചരിപ്പിച്ചിരുന്നതെങ്കിലും ആ മൊഴിമാറ്റപതിപ്പുകളുടെ പ്രദര്‍ശനം ആരംഭിക്കാനിരിക്കുന്നതേ ഉള്ളൂ. സിനിമയുടെ ഇതിവൃത്തം പ്രാഥമികമായി ബന്ധപ്പെടുന്നത് കേരളവുമായിട്ടാകയാല്‍ കേരളീയര്‍ ഈ ചിത്രത്തെ എപ്രകാരം സ്വീകരിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും മറ്റുള്ളിടത്തെ വിജയ-പരാജയങ്ങള്‍ എന്ന ധാരണയും പ്രബലമാണ്. വമ്പിച്ച മുതല്‍ മുടക്കോടെ തയ്യാറാക്കപ്പെടുന്ന തമിഴ്, ഹിന്ദി, ഇംഗ്ളീഷ് സിനിമകളുടെ കടന്നുകയറ്റത്തെതുടര്‍ന്ന് മലയാള സിനിമക്ക് പിടിച്ചു നില്‍ക്കാനാവില്ല എന്ന ഭീതി കഴിഞ്ഞ കുറെക്കാലമായി വ്യാപകമായതിന്റെ പിന്നാലെയാണ് അത്തരം മുതല്‍മുടക്കുകളോട് കിടപിടിച്ചു കൊണ്ട് കേരളവര്‍മ്മ പഴശ്ശിരാജ പൂര്‍ത്തിയാക്കി പുറത്തു വന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ചെന്നൈ ആസ്ഥാനമായുള്ള പ്രമുഖ ചിട്ടിക്കമ്പനി ഉടമയായ ഗോകുലം ഗോപാലനാണ് ചിത്രത്തിന്റെ നിര്‍മാതാവെങ്കില്‍ മലയാളിയുടെ പ്രിയപ്പെട്ട എഴുത്തുകാരനും ജ്ഞാനപീഠജേതാവും തിരക്കഥാകൃത്തുമായ എം ടി വാസുദേവന്‍ നായര്‍ രചനയും പ്രമുഖ സംവിധായകന്‍ ഹരിഹരന്‍ സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. ഛായാഗ്രാഹകന്‍ രാമനാഥ് ഷെട്ടിയും എഡിറ്റര്‍ ശ്രീകര്‍ പ്രസാദുമാണ്. ഓസ്കാര്‍ പുരസ്കാര ജേതാവായ റസൂല്‍ പൂക്കുട്ടി ശബ്ദ സംവിധാനം നിര്‍വഹിച്ച ആദ്യ തെന്നിന്ത്യന്‍ സിനിമ കൂടിയാണ് കേരളവര്‍മ്മ പഴശ്ശിരാജ. ഇളയരാജയാണ് സംഗീതസംവിധാനം.

ചിത്രത്തിന്റെ ഏതാണ്ട് മുക്കാല്‍ ഭാഗവും യുദ്ധ-സംഘട്ടന രംഗങ്ങളാണ്. നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത് ഇവ പൂര്‍ത്തിയാക്കാന്‍ കമ്പ്യൂട്ടര്‍ ഗ്രാഫിക്സിന്റെ സഹായം ഉപയോഗിച്ചിട്ടേ ഇല്ല എന്നാണ്. വയനാട്ടിലാണ് ചിത്രത്തിന്റെ നല്ലൊരു ഭാഗം ചിത്രീകരിച്ചിരിക്കുന്നത്. ആദിവാസി ജനവിഭാഗമായ കുറിച്യരുടെ സഹായത്തോടെ പഴശ്ശി രാജ ബ്രിട്ടീഷുകാര്‍ക്കെതിരെ നടത്തിയ പോരാട്ടത്തിന്റെ ത്രസിപ്പിക്കുന്ന ആഖ്യാനമാണ് കേരളവര്‍മ്മ പഴശ്ശിരാജ. ലിഖിതവും അല്ലാത്തതുമായ ചരിത്രവും അതിലെ നായകത്വങ്ങളും ആധുനിക ജനപ്രിയമാധ്യമമായ സിനിമയും തമ്മിലുള്ള അഭിമുഖീകരണത്തിനു വേണ്ടി തിരക്കഥാകൃത്തും സംവിധായകനും മറ്റ് സാങ്കേതിക വിദഗ്ദ്ധരും നടീനടന്മാരും പ്രകടിപ്പിച്ചിട്ടുള്ള അര്‍പ്പണ ബോധം സിനിമയില്‍ പ്രകടമാണ്. കേരള സര്‍ക്കാര്‍ ചിത്രത്തിന് വിനോദ നികുതിയിളവ് അനുവദിച്ചിട്ടുമുണ്ട്. പ്രസ്തുത ഇളവു മൂലം ടിക്കറ്റു കൂലിയില്‍ ഇളവുണ്ടായിരിക്കുന്നതല്ല, മറിച്ച് നികുതിയിനത്തില്‍ പിരിക്കുന്ന പണമടക്കം സിനിമാശാല ഉടമസ്ഥരും വിതരണക്കാരും ചേര്‍ന്ന് പങ്കിട്ടെടുക്കും(സാധാരണ അവസരത്തില്‍ വില്‍ക്കുന്ന ടിക്കറ്റുകളില്‍ നിന്ന് ലഭിക്കുന്ന മുഴുവനും നികുതി തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ അടക്കുന്നുണ്ടോ എന്നത് സംശയമാണ്. ആയതിനാല്‍ ഇപ്പോളനുവദിച്ച ഇളവിന്റെ ഗുണം മുതലാളിമാര്‍ക്ക് കാര്യമായ തോതില്‍ ലഭിക്കുമെന്ന് കരുതാനാവില്ല). ബ്രിട്ടീഷുകാര്‍ക്കു വേണ്ടി കര്‍ഷകരില്‍ നിന്നും ജനങ്ങളില്‍ നിന്നും പിരിച്ചെടുക്കേണ്ട നികുതിപ്പണം പിരിച്ചെടുക്കാന്‍ വിസമ്മതിക്കുന്നതിലൂടെയാണ് പഴശ്ശിരാജ പ്രതിഷേധം ആരംഭിക്കുന്നത്. ആ വിസമ്മതത്തിന് അഭിവാദ്യമായി കേരള സര്‍ക്കാരിന്റെ തീരുമാനത്തെ കണക്കിലെടുക്കാം. മമ്മൂട്ടി പ്രൌഢോജ്വലമായി അവതരിപ്പിച്ചിരിക്കുന്ന പഴശ്ശിരാജയുടെ തീരുമാനത്തിനു വിരുദ്ധമായി അദ്ദേഹത്തിന്റെ അമ്മാമനായ വീരവര്‍മ്മ (തിലകന്‍) ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് വിധേയപ്പെടുകയും നികുതി പിരിച്ചേല്‍പ്പിക്കാമെന്ന് ഓലയെഴുതി കമ്പനി അധികൃതര്‍ക്കെത്തിക്കുകയും ചെയ്യുന്ന രംഗത്തോടെയാണ് സിനിമ ആരംഭിക്കുന്നത്. അമ്മാമനോട് അദ്ദേഹത്തിന്റെ പ്രവൃത്തിയിലെ അപ്രീതി അറിയിക്കാനായി എത്തുന്ന രംഗത്തിലാണ് മമ്മൂട്ടിയുടെ രംഗപ്രവേശം. എന്നാല്‍ ഈ സീനിനു ശേഷം തിലകന്റെ കഥാപാത്രത്തിന് എന്തു സംഭവിച്ചു എന്നറിയില്ല. അതിനുപകരം തെലുങ്കു താരം സുമന്‍ അവതരിപ്പിക്കുന്ന പഴയം വീടന്‍ ചന്തുവാണ് ഈസ്റ്റ് ഇന്ത്യാ കമ്പനിയെ സഹായിക്കുന്ന നാട്ടുപ്രമാണിയായി നിറഞ്ഞു നില്‍ക്കുന്നത്.

സാധാരണ സൂപ്പര്‍ താരചിത്രങ്ങളില്‍ സൂപ്പര്‍ താരത്തിന്റെ ശരീരഭാഗങ്ങള്‍(മിക്കപ്പോഴും മുഖം) വെളിച്ചമധികമുള്ള പ്രതലത്തില്‍ എക്സ്ട്രീം ക്ളോസപ്പിലാണ് കടന്നുവരാറുള്ളതെങ്കില്‍, കേരളവര്‍മ്മ പഴശ്ശിരാജയില്‍ ഇരുട്ടില്‍ നിന്ന് ഇളം വെളിച്ചത്തിലേക്ക് ധാടിമോടികളില്ലാതെ മുഴുനീള മമ്മൂട്ടി കടന്നു വരുകയാണ് ചെയ്യുന്നത്. ആദ്യപ്രദര്‍ശനം മുതല്‍ക്കേ ദത്തശ്രദ്ധരായിരിക്കുന്ന ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ തയ്യാറായിരിക്കുന്നതുകൊണ്ട് ആര്‍പ്പു വിളിയും കൈയടിയും ടിക്കറ്റുകഷണങ്ങളും പാന്‍പരാഗ് പൊതികളും തിരശ്ശീലയിലേക്ക് അമിട്ടു പോലെ പൊട്ടിച്ചിതറിയുയര്‍ന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മലയാള സിനിമയുടെ ഗതി നിര്‍ണയിക്കുന്ന സൃഷ്ടിയാണോ കേരളവര്‍മ്മ പഴശ്ശിരാജ? ആഗോള സാമ്പത്തിക പ്രക്രിയയിലേക്ക് ഉദ്ഗ്രഥിക്കപ്പെട്ടുകഴിഞ്ഞ തമിഴ്, ഹിന്ദി സിനിമാവ്യവസായം പോലെ സാങ്കേതികവും സാമ്പത്തികവും ബ്രാന്റ് ഉല്‍പ്പന്നപരവുമായ തരത്തില്‍ വളര്‍ന്നു പന്തലിക്കാന്‍ മലയാള സിനിമക്ക് സാധിക്കുമോ? സിനിമ, മലയാളം, കേരളം, ചരിത്രം, സ്വാതന്ത്യസമരം എന്നീ പ്രതിഭാസങ്ങള്‍ കേരളവര്‍മ്മ പഴശ്ശിരാജയുടെ പശ്ചാത്തലത്തില്‍ ഭാവന ചെയ്യപ്പെടുകയും സങ്കല്‍പന-നിര്‍വഹണ-ആസ്വാദന തലങ്ങളില്‍ പരിചരിക്കപ്പെടുകയും ചെയ്യുന്നതെങ്ങനെ?

ബെന്‍ഹര്‍, ടെന്‍ കമാന്റ്മെന്റ്സ് പോലെയുള്ള ബൈബിളധിഷ്ഠിത ചിത്രങ്ങളുടെയും ഹോളിവുഡിലിറങ്ങിയ മറ്റു നാടോടിയുദ്ധ സിനിമകളുടെയും മാതൃകകളാണ് എം ടിയും ഹരിഹരനും പ്രയോജനപ്പെടുത്തിയിരിക്കുന്നത്. രാമു കാര്യാട്ടിനെ അതിശയിക്കുന്ന തരത്തില്‍ മികച്ച സാങ്കേതിക പ്രവര്‍ത്തകരുടെ സേവനം ഉപയോഗപ്പെടുത്തുന്നതിലെ സംഘാടനപാടവം എടുത്തുപറയേണ്ടതാണ്. മലയാളത്തില്‍ നിന്ന് മമ്മൂട്ടി അടക്കമുള്ള ചില മികച്ച താരങ്ങളെയും തമിഴില്‍ നിന്ന് ശരത്കുമാര്‍, തെലുങ്കില്‍ നിന്ന് സുമന്‍ എന്നിങ്ങനെയുള്ളവരെയും ഉള്‍പ്പെടുത്തി സിനിമയുടെ വിപണനമൂല്യം ഉയര്‍ത്താനുള്ള ശ്രമവും ശ്രദ്ധേയമാണ്. വിപണിവിജയം ഉറപ്പിക്കുന്ന ഒരു അടിസ്ഥാനപദ്ധതിയാണ് കേരളവര്‍മ്മ പഴശ്ശിരാജയിലൂടെ ഉദ്ദേശിക്കപ്പെടുന്നത് എന്നത് വ്യക്തമാണ്. ഇരുപത്തേഴ് കോടി രൂപ ചെലവായി എന്ന തുടര്‍ച്ചയായ പ്രഖ്യാപനം തന്നെ ഊഹക്കച്ചവടാധിഷ്ഠിതമായ വില്‍പനമൂല്യത്തെ ഊതിപ്പെരുപ്പിക്കാനാണെന്നതാണ് വാസ്തവം. ചാനല്‍ അവകാശങ്ങള്‍, കേരളത്തിനു പുറത്തുള്ള ഔട്ട്റൈറ്റ് വില്‍പനകള്‍, ഡിവിഡി അവകാശം, ആഡിയോ വില്‍പന, ഇന്റര്‍നെറ്റ് അവകാശം, തിരക്കഥാ വില്‍പന എന്നിങ്ങനെ പലതരം വില്‍പനകള്‍ കേരള ബോക്സാപ്പീസ് വരുമാനം എന്ന അടിസ്ഥാനത്തിനു പുറത്ത് സിനിമയില്‍ ഇക്കാലത്ത് സാധ്യമാണ്. താരങ്ങളെ അവരുടെ വിപണിമൂല്യവും പ്രാദേശികമായ ജനപ്രിയതാനിലവാരങ്ങളും കണക്കിലെടുത്താണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്; അല്ലാതെ അവരുടെ നടനമികവു മാത്രം അടിസ്ഥാനപ്പെടുത്തിയല്ല.

നടികളുടെ അവതരണവും ഇതിന്റെ തുടര്‍ച്ചയാണ്. കനിഹ അവതരിപ്പിക്കുന്ന കൈതേരി മാക്കം എന്ന പഴശ്ശിരാജയുടെ ഭാര്യാകഥാപാത്രത്തെ ശ്രദ്ധിക്കുക. ലൈംഗികദരിദ്രരായ മലയാളികളെ മനസ്സില്‍ കണ്ടു കൊണ്ടാണ് ഈ നടി/കഥാപാത്രത്തിന്റെ വേഷവിധാനവും ശരീര ചലനങ്ങളും ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഏതു കലാസൃഷ്ടിക്കും ചരിത്രത്തോട് നൂറു ശതമാനം നീതി പുലര്‍ത്താനാവില്ല എന്നിരിക്കെ (അങ്ങിനെ നീതി പുലര്‍ത്തേണ്ടതില്ല എന്നുമിരിക്കെ), പതിനെട്ടാം നൂറ്റാണ്ടിലെ വേഷവിധാനം എന്നവകാശപ്പെട്ടുകൊണ്ട് അവതരിപ്പിക്കപ്പെടുന്ന വേഷങ്ങളുടെ കൃത്യത ആലോചിച്ച് സംവിധായകനോ വസ്ത്രസംവിധായകനോ നടിയോ കാണിയോ വിമര്‍ശകനോ തല പുകക്കേണ്ടതില്ല. അപ്പോള്‍, ഇത്തരമൊരു 'പീരിയഡ് സിനിമ'യിലെ നടിയുടെ വേഷം തിരഞ്ഞെടുക്കുന്നതിന്റെ പിന്നിലെ ചേതോവികാരം എന്തായിരിക്കും? തീര്‍ച്ചയായും ചരിത്രത്തോടും ഇതിവൃത്തത്തോടും നൂറു ശതമാനം നീതിയും പ്രതിബദ്ധതയും പുലര്‍ത്തുക എന്ന നിഷ്കളങ്കവും ബൌദ്ധികവുമായ ഉദ്ദേശ്യമായിരിക്കുകയില്ല അത് എന്നതുറപ്പാണ്. നേരത്തെ പറഞ്ഞതു പോലെ ലൈംഗികദരിദ്രരായ മലയാളി പുരുഷ കാണിക്ക് അല്‍പമെങ്കില്‍ അല്‍പസമയം കാമോത്തേജനവും ലിംഗോദ്ധാരണവും സാധ്യമാവുമെങ്കില്‍ അതു നടക്കട്ടെ എന്ന 'നിഷ്കളങ്കമായ' സാമര്‍ത്ഥ്യം മാത്രം.

ഒളിവില്‍ പാര്‍ക്കുന്ന നായകന്‍ പഴശ്ശിരാജ ചിറക്കലില്‍ പോയി വരുന്നതു വഴി കൈതേരിയിലെ തന്റെ വീട്ടിലും വരുമെന്നറിഞ്ഞ നായിക കുന്നത്തെ കൊന്നക്കും പൊന്‍മോതിരം ഇന്നേതോ തമ്പുരാന്‍ തന്നേപോയി എന്ന പാട്ടിന്റെ പശ്ചാത്തലത്തില്‍ കുളിക്കടവില്‍ നിന്ന് കയറിവരുന്ന ദൃശ്യം ശ്രദ്ധിക്കുക. മുലക്കച്ചക്കുള്ളില്‍ നിന്ന് കുലുങ്ങുന്ന മുലകളുടെ തെളിച്ചമുള്ള ചലനദൃശ്യം മലയാളസിനിമയുടെ ഗതിനിര്‍ണായകസൃഷ്ടിയുടെ പുറകില്‍ അര്‍പ്പണം ചെയ്തവരുടെ ആണ്‍നോട്ട(മേല്‍ഗേസ്)ത്തിന്റെ ഉദാഹരണം മാത്രമാണ്. തിയറ്ററില്‍ ഈ സമയത്ത് ഉയരുന്ന ആരവങ്ങളുടെ ഗതിവിഗതികളും(സമൂഹത്തിന്റെ ആണ്‍നോട്ടം) മറ്റൊന്നല്ല സൂചിപ്പിക്കുന്നത്. കേരളവര്‍മ്മ പഴശ്ശിരാജയുടെ പ്രൊമോഷനുവേണ്ടി ടി വി ചാനലുകളില്‍(കുടുംബകത്തെ ആണ്‍നോട്ടം) വിതരണം ചെയ്തിട്ടുള്ളതും ആരാധകരാല്‍ അപ്ലോഡ് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് യൂ ട്യൂബില്‍ ഏറ്റവുമധികം ഹിറ്റു കിട്ടുന്നതുമായ പാട്ടുദൃശ്യവും(ഒറ്റവ്യക്തിയുടെ ആണ്‍നോട്ടം) ഇതു തന്നെ.

ഹരിഹരനുമുമ്പ് മലയാള സിനിമയില്‍ സംഘാടനമിടുക്ക് കാണിച്ച രാമുകാര്യാട്ടും ഇതേ മാര്‍ഗം നന്നായി പ്രയോജനപ്പെടുത്തിയ ആളാണ്. ചെമ്മീനി(1966)ല്‍ കറുത്തമ്മ(ഷീല)യെ ആദ്യമായി അവതരിപ്പിക്കുമ്പോള്‍ ക്യാമറ മുകളില്‍ നിന്ന് അവളുടെ മാറിടത്തിനു മുകളിലായി തങ്ങിനില്‍ക്കുന്നു. ബ്ളൌസിനുമുകളിലായി രണ്ടു മുലകള്‍ക്കിടയിലെ വിടവ് വ്യക്തമാക്കിക്കൊണ്ടുള്ള ഷോട്ട് കാണിച്ചതിന്റെ ന്യായീകരണം തൊട്ടടുത്ത സംഭാഷണത്തിലാണുള്ളത്. പരീക്കുട്ടി മുതലാളി(മധു)യുടെ നോട്ടമാണത്. “എന്തൊരു നോട്ടം! എന്ന് കറുത്തമ്മ മധുരമായി പരിഭവിക്കുന്നു. തോട്ടിയുടെ കഥ ലിഖിത സാഹിത്യത്തിലാവിഷ്ക്കരിച്ചതിലൂടെ മലയാള സാഹിത്യത്തിന്റെ അസംസ്കൃത വസ്തു സംഭരണത്തില്‍ നിലനിന്നിരുന്ന വകതിരിവുകളെ അട്ടിമറിച്ച തകഴിയെപ്പോലുള്ള ഒരു അസാമാന്യ ‘പുരോഗമന’ സാഹിത്യ വ്യക്തിത്വം രചിച്ച ‘ചെമ്മീന്‍’ സിനിമയായപ്പോഴാണ് മുതലാളിത്തത്തിന്റെ നോട്ടത്തിന് കീഴ്പ്പെടുത്തപ്പെട്ടത് എന്നതാണ് ശ്രദ്ധേയം.

അപ്പോള്‍ രാജ്യസ്നേഹത്തിലധിഷ്ഠിതവും സ്വാതന്ത്ര്യബോധത്താല്‍ ജ്വലിച്ചു നില്‍ക്കുന്നതുമായ കേരളവര്‍മ്മ പഴശ്ശിരാജയില്‍ ഒരു സെക്കന്റു നേരം നടിയുടെ മുലകള്‍ കുലുങ്ങിയാല്‍ അത് എടുത്തു പറയുന്ന ദോഷൈകദൃക്കുകളുടെ വിമര്‍ശനബോധത്തെ നമുക്കവഗണിക്കാം; അതിനു പകരം ചരിത്രബോധവും രാജ്യസ്നേഹവും സ്വാതന്ത്ര്യാവബോധവും സ്വദേശാഭിമാനവും നഷ്ടപ്പെട്ട കേരളീയര്‍ക്കും മറ്റിന്ത്യക്കാര്‍ക്കും അത് പ്രദാനം ചെയ്യുന്നതിനായി, നടിയുടെ വസ്ത്രമൊരിത്തിരി സ്ഥാനചലനം വന്നുവെന്നും അവയവങ്ങള്‍ കുറച്ചൊന്ന് കുലുങ്ങിയെന്നും കരുതി സമാധാനിക്കാം/അഭിമാനിക്കാം. സ്ത്രീകള്‍ക്കും ചരിത്രനിര്‍മാണ പ്രക്രിയയില്‍ കുറച്ച് പങ്കു ലഭിക്കട്ടെ! പത്മപ്രിയ അവതരിപ്പിക്കുന്ന നീലി എന്ന കുറിച്യപ്പോരാളിക്ക് വെടിയേറ്റതിനെ തുടര്‍ന്ന് അവളുടെ പ്രതിശ്രുതവരനായ തലക്കല്‍ ചന്തു (മനോജ് കെ ജയന്‍) തന്റെ മടിയില്‍ കിടത്തി അവളുടെ വെടിയുണ്ട നീക്കം ചെയ്യുന്ന ദൃശ്യവും കാണികള്‍ ഇതേ ആണ്‍നോട്ടത്തിന് കീഴ്പ്പെടുത്തി. വലത്തേ തുടയിലാണ് വെടിയേല്‍ക്കുന്നത് എന്നതിനാലാണ് ഈ ആണ്‍നോട്ട സാധ്യത പ്രാവര്‍ത്തികമായത്. അക്രമങ്ങളും അനീതികളും നിറഞ്ഞ കക്ഷിരാഷ്ട്രീയ പരിസരത്തെ വിചാരണ ചെയ്യുന്ന ഈനാട് (ടി ദാമോദരന്‍, ഐ വി ശശി/1982) എന്ന ഹിറ്റു സിനിമയില്‍ നഗരത്തിനുള്ളിലെ ചേരിയില്‍ നടക്കുന്ന വ്യാജമദ്യദുരന്തത്തില്‍ മരണപ്പെടുന്ന സ്ത്രീ കഥാപാത്രത്തിന്റെ (സുരേഖ അഭിനയിക്കുന്നു) മുക്കാലും നഗ്നമായ ശരീരം ക്യാമറ ആര്‍ത്തിയോടെ ഒപ്പിയെടുത്തതും കാണികള്‍ ആനന്ദാവേശത്തോടെ സ്വീകരിച്ചതും പോലെ ശവഭോഗാത്മകമായ ഒരു കാഴ്ചാരീതി ഈ ദൃശ്യത്തിലും നിര്‍വഹിക്കപ്പെട്ടു.

രാജ്യസ്നേഹമെന്ന് കേരളസര്‍ക്കാര്‍ തീരുമാനമെടുത്ത് നിര്‍ണയിച്ച കേരളവര്‍മ്മ പഴശ്ശിരാജക്ക് യു/എ സര്‍ട്ടിഫിക്കറ്റ് (നിയന്ത്രണങ്ങളൊന്നുമില്ലാത്ത പൊതുപ്രദര്‍ശന ലൈസന്‍സ്, പക്ഷെ 12 വയസ്സില്‍ താഴെയുള്ളവര്‍ രക്ഷിതാക്കളുടെ മാര്‍ഗനിര്‍ദ്ദേശമനുസരിച്ചു മാത്രം കാണുക) നല്‍കാനാണ് ഫിലിം സര്‍ട്ടിഫിക്കേഷനായുള്ള കേന്ദ്ര ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത് എന്നത് ഈ രംഗങ്ങള്‍ കണക്കിലെടുത്തിട്ടാണോ അതോ യുദ്ധ-സംഘട്ടന രംഗങ്ങളിലുള്ള ചോരപ്പെയ്ത്ത് കണ്ടിട്ടാണോ എന്നറിയില്ല. സെന്‍സര്‍ഷിപ്പ് ധാര്‍മിക സദാചാരത്തെ സംബന്ധിച്ച അവസാന വാക്കായി പരിഷ്കൃത സമൂഹത്തിന് പരിഗണിക്കാനാവില്ല എന്നിരിക്കെ അത്തരമൊരു സര്‍ട്ടിഫിക്കറ്റിനെ സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ച ചെയ്യുന്നതില്‍ പ്രസക്തിയില്ല. പക്ഷെ, ഒരു കാര്യമുറപ്പാണ്. രാജ്യസ്നേഹമല്ല ഏതു വിഷയവുമാകട്ടെ ഇന്ത്യന്‍ സിനിമയില്‍ വസ്തുനിഷ്ഠമായി അവതരിപ്പിക്കണമെന്നുണ്ടെങ്കില്‍ ലൈംഗിക ചിത്രീകരണത്തെ സംബന്ധിച്ച ഔദ്യോഗികവും അനൌദ്യോഗികവുമായ വിചാരങ്ങളും ധാരണകളും നിബന്ധനകളും മാറ്റിയെഴുതിയേ മതിയാവൂ എന്നതാണത്.

മലയാളത്തിലിറങ്ങിയ മറ്റൊരു 'രാജ്യസ്നേഹ' സിനിമയായ കീര്‍ത്തിചക്ര(മേജര്‍ രവി/2006)യില്‍ കശ്മീരിലെ ഒരു വീട്ടിനകത്ത് കടന്നു കയറുന്ന മുസ്ളിം ഭീകരര്‍ അവിടത്തെ പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്യുന്നതിന്റെ നീണ്ടു നില്‍ക്കുന്ന അതിസമീപ ദൃശ്യം വ്യക്തമായി കാണിച്ചതാണ് ആ ചിത്രത്തിന്റെ ജനപ്രിയതാഗ്രാഫ് ഉയര്‍ത്തിയത് എന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ലൈംഗികതാ ചിത്രീകരണത്തെ സംബന്ധിച്ചുള്ള കപടസദാചാരവാദികളുടെ ധാരണകള്‍ മാറ്റിയെഴുതാന്‍ സാധിച്ചാല്‍, അതിനെ തുടര്‍ന്ന് ഇന്ത്യന്‍ സിനിമക്കു ലഭ്യമാവുന്ന 'ലൈംഗികസ്വാതന്ത്ര്യ'ത്തിന്റെ ഒന്നാം ഘട്ടം അവസാനിച്ചതിനു ശേഷം കൂടുതല്‍ സുതാര്യവും മാന്യവുമായ രാജ്യസ്നേഹ സിനിമകള്‍ പുറത്തു വരുമെന്ന് നമുക്ക് പ്രത്യാശിക്കാം.

മുന്‍കാലത്ത് ഇറങ്ങിയിട്ടുള്ള ചില ഇന്ത്യന്‍ 'രാജ്യസ്നേഹ' സിനിമകളായ ഗാന്ധി(റിച്ചാര്‍ഡ് അറ്റന്‍ബറോ/ഇംഗ്ളീഷ്/1982), കാലാപാനി(പ്രിയദര്‍ശന്‍/മലയാളം/1996) എന്നിവയില്‍ ബ്രിട്ടീഷുകാര്‍ക്കനുകൂലമായ ചില പരസ്യ/രഹസ്യ ട്വിസ്റ്റുകള്‍ ഉള്ളതു പോലെ കേരളവര്‍മ്മ പഴശ്ശിരാജയിലും ഏതാനും അവ്യക്തതകള്‍ ഒളിഞ്ഞും തെളിഞ്ഞുമിരിപ്പുണ്ട്. ഗാന്ധിജിയുടെ നേതൃത്വ ഗുണങ്ങളെയും മാഹാത്മ്യത്തെയും കണ്ടെത്തുകയും അംഗീകരിക്കുകയും വാഴ്ത്തുകയും ചെയ്ത വെള്ളക്കാരുടെ മഹാമനസ്കത ഉയര്‍ത്തിക്കാട്ടുന്നതിനാണ് റിച്ചാര്‍ഡ് അറ്റന്‍ബറോ തന്റെ സിനിമയില്‍ കാര്യമായി പ്രയത്നിക്കുന്നതെന്ന് പ്രശസ്ത ചലച്ചിത്ര ചിന്തകനായ രവീന്ദ്രന്‍ വ്യക്തമായി വിശദീകരിച്ചിട്ടുണ്ട് (സിനിമയുടെ രാഷ്ട്രീയം/ബോധി-1990 എന്ന പുസ്തകത്തിലെ ഗാന്ധി - അഥവാ സാമ്രാജ്യത്വത്തിന്റെ മഹാമനസ്കത എന്ന ലേഖനം കാണുക). കാലാപാനിയിലെ നായകനും പ്രതിനായകനും ഓരോ ബ്രിട്ടീഷ് അപരസ്വത്വങ്ങളെ പ്രത്യേകം സൃഷ്ടിച്ചെടുത്താണ് കൊളോണിയല്‍ ദാസ്യമനോഭാവം പ്രകടമാക്കിയത്. (സിനിമയും മലയാളിയുടെ ജീവിതവും/എന്‍ ബി എസ്-1998 എന്ന പുസ്തകത്തിലെ വൃഥാ സാഹസങ്ങള്‍ എന്ന ലേഖനം കാണുക). ഭാര്യയെ അവളുടെ വീടായ കൈതേരിയില്‍ താമസിപ്പിച്ച് ഒളിപ്പോരിനായി വയനാട്ടിലേക്ക് പോകുന്ന പഴശ്ശിരാജ, ബ്രിട്ടീഷുകാര്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറില്ല എന്നത് തനിക്കുറപ്പാണ് എന്നു പറയുന്നുണ്ട്. അതില്‍ നിന്ന് വ്യക്തമാകുന്നത്, ഇന്ത്യക്കാരായ മറ്റു ശത്രുക്കളില്‍ നിന്ന് അത്തരം മാന്യത പ്രതീക്ഷിക്കേണ്ട എന്നുമാണ്. ഇന്ത്യക്കാര്‍ ബ്രിട്ടീഷുകാരെ അപേക്ഷിച്ച് സംസ്കാരശൂന്യരാണ് എന്ന കൊളോണിയല്‍ ദാസ്യമനോഭാവം നായകകഥാപാത്രത്തിന്റെ സംഭാഷണത്തിലൂടെ പുറത്തുവരുകയാണിവിടെ. ചിത്രത്തിന്റെ അന്ത്യരംഗത്തില്‍ കൊലപ്പെടുത്തിയതിനു ശേഷം പഴശ്ശിരാജയുടെ മൃതദേഹത്തെ രാജാവിനു ചേര്‍ന്ന അന്തസ്സോടെ അഭിവാദ്യം ചെയ്ത് സംസ്ക്കരിക്കുന്നതിനായി കൊണ്ടുപോകുന്ന ദൃശ്യമാണുള്ളത്. അക്കാര്യത്തിലും ബ്രിട്ടീഷുകാര്‍ സംസ്കാര സമ്പന്നതയോടെ പെരുമാറി എന്നു വ്യക്തമാക്കാനുള്ള ഉദ്യമം വ്യക്തമാണ്. പഴശ്ശിരാജായുടെ മൃതശരീരം ഞാന്‍ സഞ്ചരിച്ച പല്ലക്കിലേക്ക് മാറ്റി എന്നും അടുത്ത ദിവസം പഴശ്ശിരാജയുടെ മൃതദേഹം, ശക്തമായ പട്ടാളക്കാവലോടെ മാനന്തവാടിക്കയച്ചു. മൃതശരീരത്തോടൊപ്പം അയച്ച ശിരസ്തദാര്‍ക്ക്, എല്ലാ ബ്രാഹ്മണരേയും വിളിച്ചു വരുത്തി ശവസംസ്ക്കാരം പാരമ്പര്യവിധിപ്രകാരം നടത്തണമെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇങ്ങനെ ഒരു ബഹുമതിക്ക്, ഒരു പ്രഖ്യാപിത ലഹളത്തലവനാണെന്നിരിക്കിലും, രാജ്യത്തിലെ യഥാര്‍ത്ഥ നാടുവാഴികളില്‍ ഒരാളെന്ന നിലക്ക് അദ്ദേഹം സര്‍വ്വഥാ അര്‍ഹനാണെന്ന് എനിക്കു തോന്നി എന്നും, അന്നത്തെ അസിസ്റ്റന്റ് കലക്ടറായിരുന്ന ടി എച്ച് ബാബര്‍ 1805 ഡിസംബര്‍ 31-ാം തിയതി മലബാര്‍ പ്രവിശ്യയുടെ പ്രിന്‍സിപ്പല്‍ കലക്ടര്‍ക്ക് എഴുതിയ ദീര്‍ഘമായ കത്തില്‍ രേഖപ്പെടുത്തിയതിനെയാണ് (മലബാര്‍ മാന്വല്‍ - വില്യം ലോഗന്‍/വിവര്‍ത്തനം ടി വി കൃഷ്ണന്‍ - പേജ് 352/മാതൃഭൂമി ബുക്സ് 2007) തിരക്കഥാകൃത്ത് അവലംബിച്ചിരിക്കുന്നതെന്ന് വ്യക്തമാണ്. കൊല്ലപ്പെട്ട പഴശ്ശിരാജായുടെ മൃതദേഹം ഗാംഭീര്യത്തോടെ മുഖമുയര്‍ത്തി വെച്ച് പല്ലക്കില്‍ കൊണ്ടു പോകുന്ന അവസാന ദൃശ്യം താരനായകന്റെ മരണം എന്ന യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കാന്‍ വിസമ്മതിക്കുന്ന ആരാധകരെ സമാശ്വസിപ്പിക്കുന്നതിന് കൂടി ഉതകുന്ന തരത്തില്‍ സമര്‍ത്ഥമായി വിഭാവനം ചെയ്ത ഒന്നാണെന്നതും എടുത്തു പറയണം.

പഴശ്ശിയെ കൊലപ്പെടുത്തിയതാണോ അതോ അദ്ദേഹം തോല്‍വി മനസ്സിലാക്കിയപ്പോള്‍ ആത്മഹത്യ ചെയ്തതാണോ എന്ന കാര്യത്തില്‍ തര്‍ക്കം നിലനില്‍ക്കെ; ബ്രിട്ടീഷ് കലക്ടറുടെ റിപ്പോര്‍ട്ടിലുള്ളതു പോലെ അദ്ദേഹം ബ്രിട്ടീഷ് പട്ടാളത്തിന്റെ വെടിയേറ്റു മരിച്ചതായി ചിത്രീകരിച്ചിരിക്കുകയാണ് സിനിമയില്‍. ബ്രിട്ടീഷുകാരുടെ കൈ കൊണ്ട് മരിക്കുന്നത് അപമാനമായി കരുതി അദ്ദേഹം തന്റെ വിരലിലെ വജ്രമോതിരം വിഴുങ്ങി ആത്മഹത്യ ചെയ്തുവെന്ന് ഐതിഹ്യസമാനമായ കഥകളില്‍ പ്രചരിച്ചു വരുന്നുമുണ്ട്. അദ്ദേഹത്തിന്റെ പടനായകനായിരുന്ന എടച്ചേന കുങ്കന്‍ (ശരത് കുമാര്‍) ഇപ്രകാരം ബ്രിട്ടീഷ് പട്ടാളത്താല്‍ വളയപ്പെട്ടപ്പോള്‍ തന്റെ കയ്യിലുണ്ടായിരുന്ന കഠാര വയറ്റിലേക്ക് കുത്തിയിറക്കി ആത്മഹത്യ ചെയ്യുന്നത് സിനിമയില്‍ വിശദമാക്കിയിട്ടുമുണ്ടല്ലോ! ചരിത്രയാഥാര്‍ത്ഥ്യവും അതിനെ തുടര്‍ന്ന് കെട്ടിയുണ്ടാക്കി പ്രചരിപ്പിക്കപ്പെട്ട നാടോടിക്കഥകളുമാണ് പഴശ്ശിരാജായെ സംബന്ധിച്ച് കേരളത്തില്‍ നിലനിന്നു പോരുന്നത്. ഈ നാടോടിക്കഥകളിലെ വീരാപദാനങ്ങളെക്കൂടി പ്രയോജനപ്പെടുത്തിക്കൊണ്ടാണ് ആധുനിക നാടോടിക്കഥാഖ്യാനരൂപമായ ചലച്ചിത്രത്തിനും ഇഷ്ടവിഷയമായി പഴശ്ശിരാജായുടെ കഥ മാറുന്നത്. അങ്ങനെയായിരിക്കെ, അദ്ദേഹത്തിന്റെ മരണം ആത്മഹത്യയല്ല, ബ്രിട്ടീഷുകാരുടെ കൊല തന്നെയാണെന്ന് ഉറപ്പിക്കുന്നതിലൂടെ തിരക്കഥാകൃത്ത് വിനിമയം ചെയ്യുന്ന സന്ദേശമെന്താണെന്നത് അപനിര്‍മ്മിച്ചെടുക്കേണ്ട ഒന്നാണ്. പ്രത്യേകിച്ചും, ചന്തുവിനെ സംബന്ധിച്ച സാമാന്യവിശ്വാസത്തെ തകിടം മറിച്ച വ്യാഖ്യാനം വിശദമാക്കിയ ഒരു വടക്കന്‍ വീരഗാഥയുടെ സ്രഷ്ടാക്കളാണ് കേരളവര്‍മ്മ പഴശ്ശിരാജയുടേതും എന്ന ഓര്‍മ്മപ്പെടുത്തല്‍ സജീവമായിരിക്കെ.

നായക/പ്രതിനായക കഥാപാത്രങ്ങളെ സന്ദിഗ്ദ്ധതകള്‍ക്കൊന്നും ഇടം കൊടുക്കാതെ നന്മ/തിന്മ എന്ന വെള്ളം കടക്കാത്ത അറകളില്‍ സ്ഥിരീകരിക്കുന്ന മുഖ്യധാരാ സിനിമയുടെ നിര്‍വഹണരീതി മുച്ചൂടും പിന്തുടരുന്ന കേരളവര്‍മ്മ പഴശ്ശിരാജയില്‍ പക്ഷെ, തിന്മയുടെയും പ്രതിനായകത്വത്തിന്റെയും പക്ഷത്തുള്ള ബ്രിട്ടീഷുകാരില്‍ ഒരാളെ മാനുഷികതയുടെ വക്താവായി അവതരിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കു വേണ്ടി ധാരാളം സമയം ചെലവഴിക്കുന്നുണ്ട്. അസിസ്റ്റന്റ് കലക്ടര്‍ ബാബരുടെ പ്രതിശ്രുത വധുവായെത്തുന്ന ഡോറ(ലിന്റ ആര്‍സെനിയോ)യെയാണിത്തരത്തില്‍ മനുഷ്യനന്മയുടെ വറ്റാത്ത ഉറവിടമായി മഹത്വവത്ക്കരിക്കുന്നത്. ഗാന്ധിയിലും കാലാപാനിയിലും ഇതേ പോലെ താരതമ്യേന നിസ്സാരരായ ബ്രിട്ടീഷ് കഥാപാത്രങ്ങളെ അമിതമായി മഹത്വവത്ക്കരിക്കുന്ന പ്രവണത ഉണ്ടായിരുന്നു.

സ്ത്രീ ശരീരപ്രദര്‍ശനത്തിലൂടെയും വിവാദങ്ങളെ ഭയന്നുള്ള ഒത്തുതീര്‍പ്പ്/വിധേയത്വ മനോഭാവത്തോടെയും രൂപീകരിച്ചെടുക്കുന്ന ജനപ്രിയത എന്ന പ്രതിഭാസത്തെ ഗുണപരമായ കാര്യങ്ങള്‍ക്കു വേണ്ടിയും വിനിയോഗിച്ചു എന്നതിലാണ് കേരളവര്‍മ്മ പഴശ്ശിരാജയുടെ മേന്മ നിലക്കൊള്ളുന്നത്. പഴശ്ശിരാജയെ മാപ്പിളവിരുദ്ധനായ ഒരു ഹിന്ദു രാജാവായും പോരാളിയായും ചരിത്രത്തില്‍ സ്ഥാനപ്പെടുത്താനുള്ള ഹിന്ദു വര്‍ഗീയ വാദികളുടെ ശ്രമങ്ങള്‍ക്ക് തുടക്കമിട്ടത് ഭിന്നിപ്പിച്ചു ഭരിക്കുക, വര്‍ഗീയ വാദികളെ കൂട്ടാളികളാക്കി സാമ്രാജ്യത്വ വിരുദ്ധ സമരത്തെ തുരങ്കം വെക്കുക എന്നീ തന്ത്രങ്ങള്‍ പ്രയോഗിച്ച ബ്രിട്ടീഷുകാര്‍ തന്നെയാണ്. പഴശ്ശിരാജയെ സംബന്ധിച്ചുള്ള ബ്രിട്ടീഷ് ഔദ്യോഗിക ചരിത്രരചനയിലെ ഒരു പരാമര്‍ശം നോക്കുക:

1793 സെപ്തംബറില്‍ കൂടാളിയിലെ മാപ്പിളമാര്‍ ഒരു പള്ളി പുതുതായി പണിയാനോ പുതുക്കി പണിയാനോ പഴശ്ശിരാജയോട് അനുവാദം ചോദിച്ചു. തിരുമുല്‍ക്കാഴ്ച വെച്ചാല്‍ അതിനു സമ്മതിക്കാമെന്നായിരുന്നു രാജാവിന്റെ മറുപടി. കാഴ്ചപ്പണം കെട്ടാതെ മാപ്പിളമാര്‍ പള്ളി കെട്ടാന്‍ തുടങ്ങിയതറിഞ്ഞ്, മാപ്പിളത്തലവനെ (താലിബ് കുട്ടി അലി) തന്റെ മുമ്പാകെ ഹാജരാക്കാന്‍ കല്ല്യാടന്‍ ഏമാനനെ അഞ്ചു സായുധ ഭടന്മാരോടൊപ്പം പഴശ്ശിരാജ നിയോഗിച്ചയച്ചു. മാപ്പിളത്തലവന്‍ ഒഴിഞ്ഞു മാറാന്‍ നോക്കി. ഏമാനു അകമ്പടി സേവിച്ച ഭടന്മാരില്‍ ഒരാള്‍ മാപ്പിള തലവനെ കടന്നു പിടിച്ചു. ഇതോടെ കുട്ടിയാലി (തലവന്‍) തന്റെ വാള്‍ ഉറയില്‍ നിന്ന് വലിച്ചൂരി കല്ല്യാടന്‍ ഏമാനെ കൊല ചെയ്തു. കൊലയാളിയെ മറ്റു ഭടന്മാരും കൊന്നു. വിവരം അറിഞ്ഞ മാത്രയില്‍ ഒരു സായുധ സംഘത്തെ പഴശ്ശിരാജ കൂടാളിയിലെ മുഴുവന്‍ മാപ്പിളമാരെയും കൊന്നു കളയണമെന്ന നിര്‍ദ്ദേശത്തോടെ, പറഞ്ഞയച്ചു. സംഘം സംഭവസ്ഥലത്തേക്കു കുതിച്ച് ആറു മാപ്പിളമാരെ വധിച്ചു. (മലബാര്‍ മാന്വല്‍ - വില്യം ലോഗന്‍/വിവര്‍ത്തനം ടി വി കൃഷ്ണന്‍ - പേജ് 322,323/മാതൃഭൂമി ബുക്സ് 2007)

ഇത്തരം പരാമര്‍ശങ്ങളുടെ ശരിതെറ്റുകളിലേക്ക് കാര്യമായി പ്രവേശിച്ച് വിവാദങ്ങളുണ്ടാക്കാനോ പഴശ്ശിരാജയെ മുസ്ളിം വിരുദ്ധനാക്കാനോ തിരക്കഥാകൃത്തും സംവിധായകനും തുനിഞ്ഞിട്ടില്ല എന്നതാശ്വാസകരമാണ്. ഈ ആശ്വാസം അനുവദിക്കില്ല എന്ന ഭീഷണിയോടെയാണോ എന്നറിയില്ല, ഹിന്ദു തീവ്രവാദാശയക്കാര്‍ ഒരു ഘട്ടത്തില്‍ ചിത്രത്തിന്റെ ഷൂട്ടിങ് തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയുമുണ്ടായി. തൊപ്പിയോ വാളോ എന്ന കുപ്രസിദ്ധമായ ആഹ്വാനത്തോടെ മലബാര്‍ പിടിച്ചടക്കാന്‍ പടയോട്ടം നടത്തിയ മൈസൂര്‍ രാജാവായിരുന്ന ടിപ്പു സുല്‍ത്താന്‍ വ്യാപകമായ മതപരിവര്‍ത്തനങ്ങളും കൊള്ളയും ക്ഷേത്രധ്വംസനങ്ങളും നടത്തി. പതിനെട്ടാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ മലബാറില്‍ 'മൈസൂരിലെ സിംഹം' നടത്തിയത് കുത്തിക്കവര്‍ച്ചകളുടെ ഒരു തേര്‍വാഴ്ച തന്നെയായിരുന്നു. കേരളവര്‍മ്മ പഴശ്ശിരാജയടക്കമുള്ള വീരരായ ഹിന്ദു രാജാക്കന്മാരുടെയും പടയാളികളുടെയും സഹായത്തോടെയാണ് ഈസ്റ്റ് ഇന്ത്യാക്കമ്പനി ടിപ്പുവിനെ മലബാറില്‍ നിന്ന് തുരത്തിയോടിച്ചത്.(പഴശ്ശിരാജ-മൂല്യമില്ലാത്ത ജീവനുകള്‍, വിലനിര്‍ണയിക്കാനാവാത്ത സ്വാതന്ത്ര്യം എന്ന പേരില്‍ രാം വി എഴുതിയ നിരൂപണത്തില്‍ നിന്ന്/പാഷന്‍ ഫോര്‍ സിനിമ.കോം, ഒക്ടോബര്‍ 17,2009 )എന്ന തരത്തില്‍ പൊതുബോധത്തില്‍ ടിപ്പുവിനെതിരായ ബ്രിട്ടീഷുകാരുടെയും പഴശ്ശിയുടെയും ഐക്യമുന്നണിയെ സംബന്ധിച്ച ധാരണ നിലനില്‍ക്കുമ്പോഴാണ് ഇതേ നിരൂപകന്റെ വിശേഷണം കടം കൊണ്ടാല്‍ 'സുരക്ഷിതമാം വിധം സെക്കുലറാ'യ തരത്തില്‍ സിനിമ പൂര്‍ത്തിയാക്കാന്‍ തിരക്കഥാകൃത്തിനും സംവിധായകനും സാധിച്ചത് എന്നത് എടുത്തുപറയേണ്ട പ്രത്യേകതയാണ്.

ഒരിക്കല്‍ ബ്രിട്ടീഷ് കമ്പനിക്കുവേണ്ടി ടിപ്പുവിനോട് യുദ്ധം ചെയ്ത പഴശ്ശിരാജ പിന്നീട് ബ്രിട്ടീഷ് പട്ടാളത്തിന്റെ വേട്ടക്കു വിധേയനായപ്പോള്‍, ടിപ്പുവുമായി സന്ധിയിലേര്‍പ്പെടുകയും മൈസൂരില്‍ വെച്ച് കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നതായി ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ആ കൂടിക്കാഴ്ചയുടെ ഐതിഹാസികമാനം ദൃശ്യവത്ക്കരിക്കാന്‍ സിനിമ തുനിയാത്തത് ദുരൂഹമാണ്. എന്നാല്‍, കവര്‍ച്ചക്കാരെന്ന് ബ്രിട്ടീഷുകാരാല്‍ വിശേഷിപ്പിക്കപ്പെട്ട് തടവിനും സ്വത്ത് കണ്ടെടുക്കലിനും വിധേയനായ ഉണ്ണിമൂത്ത മൂപ്പന്‍(ക്യാപ്റ്റന്‍ രാജു), അത്തന്‍ ഗുരുക്കള്‍ (മാമുക്കോയ) എന്നിവരുടെ സഹകരണം തേടുന്നതിന്റെ വിശദാംശങ്ങള്‍ ചിത്രീകരിച്ചിട്ടുമുണ്ട്. അത്രയും നല്ലത്. ആദിവാസി വിഭാഗമായ കുറിച്യപ്പോരാളികളെ തികഞ്ഞ ഗാംഭീര്യത്തോടെ കഥാപാത്രവത്ക്കരിച്ചതും പ്രശംസനീയമാണ്. സാധാരണ സിനിമകളില്‍ കാബറെ നൃത്തത്തിനു പകരം നഗ്നതാപ്രദര്‍ശനത്തിനായി ചേര്‍ക്കാറുള്ള 'കാട്ടുജാതി'ക്കാര്‍ക്കു പകരം വീറും പോരാളിത്തവും ബുദ്ധിയും വിവേകവുമുള്ള മനുഷ്യരായി ആദിവാസികളെ അവതരിപ്പിച്ചത് എം ടി യുടെ വിശാലവും മനുഷ്യസ്നേഹപരവുമായ സാമൂഹികബോധത്തിന്റെ നിദര്‍ശനമാണ്. ഒരു പക്ഷെ, മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ആദിവാസികഥാപാത്രങ്ങള്‍ക്ക് തികഞ്ഞ പ്രാധാന്യവും പ്രസക്തിയും നല്‍കിയതിന്റെ പേരിലായിരിക്കും കേരളവര്‍മ്മ പഴശ്ശിരാജ സ്ഥാനം പിടിക്കാന്‍ പോകുന്നത്.

*
ജി. പി. രാമചന്ദ്രന്‍ കടപ്പാട്: ദേശാഭിമാനി വാരിക

ചിത്രങ്ങള്‍ക്ക് കടപ്പാട് : pazhassirajathemovie.com, ഹിന്ദു

Tuesday, October 27, 2009

തുളുമ്പി വരാത്ത കരച്ചില്‍

കൂവാഗത്തെ ഹിജഡകളുടെ ഉത്സവത്തില്‍ പങ്കെടുക്കണമെന്ന് ജെറീനയാണ് പറഞ്ഞത്. 'ഒരു മലയാളി ഹിജഡയുടെ ആത്മകഥ' എന്ന പുസ്തകത്തോടെ പ്രസിദ്ധയായ ഹിജഡ. ഇന്ത്യയിലെ ഒട്ടുമിക്ക ഹിജഡകളും അന്നവിടെ ഉത്സവത്തിന് എത്തുമത്രേ. ഹിജഡകളെക്കുറിച്ച് പുസ്തകം എഴുതിയിട്ടും കൂവാഗംവരെ പോകാത്തതില്‍ അപാകം തോന്നിയിരുന്നു. ഇക്കാര്യം സുഹൃത്തും നിരൂപകനുമായ കെ പി രമേഷിനോട് സൂചിപ്പിച്ചപ്പോള്‍ രണ്ടുദിവസം കഴിഞ്ഞ് എന്നെ വിളിച്ച് പാലക്കാട്ടുനിന്ന് വില്ലുപുര (വിഴുപുരമെന്നും പറയും)ത്തേക്കും തിരിച്ച് ചെങ്കല്‍പേട്ടനിന്ന് പാലക്കാട്ടേക്കും ടിക്കറ്റ് റിസര്‍വ് ചെയ്തെന്നു പറഞ്ഞു.

കോയമ്പത്തൂര്‍ വിട്ട് ഏറെക്കഴിയുംമുമ്പേ കൂവാഗത്തേക്കു പോകുന്ന ഹിജഡകള്‍ ഓരോരോ സ്റേഷനില്‍നിന്നായി കയറിത്തുടങ്ങി. ഒത്തുചേരലിന്റെ ആഹ്ളാദത്തില്‍ തമാശപൊട്ടിച്ചും പാട്ടുപാടിയും. മിക്കവരും സാരിയിലും ബ്ളൌസിലുമാണ്. കുറച്ചുപേര്‍ ചുരിദാറിലും. ഇത്രയും സ്ത്രൈണമായ രൂപങ്ങളില്‍നിന്ന് കര്‍ണകഠോരമായ ശബ്ദം പുറപ്പെട്ടപ്പോള്‍ കുട്ടികള്‍ ഭയത്തോടും മുതിര്‍ന്നവര്‍ കൌതുകത്തോടും അവരുടെ ചേഷ്ടകള്‍ നിരീക്ഷിക്കുന്നുണ്ടായിരുന്നു.

പുലര്‍ച്ചെ മൂന്നോടെയാണ് ട്രെയിന്‍ വിഴുപുരത്തെത്തിയത്. ഇടത്തരം സ്റ്റേഷന്‍. ഞങ്ങളെത്തുമ്പോള്‍ അവിടം മങ്ങിയ ഇരുളിലാണ്. സിമന്റ് ബെഞ്ചുകളില്‍ മയങ്ങുന്ന കുറച്ചുപേര്‍. പുലര്‍കാല യാത്രികരും യാചകരും അവര്‍ക്കിടയില്‍. റോന്തുചുറ്റുന്ന രണ്ടുമൂന്ന് പൊലീസുകാരും ഏതാനും ചാവാലിപ്പട്ടികളുമായിരുന്നു ഉണര്‍ന്നിരിക്കുന്ന ജീവികള്‍.

യാത്ര ഒഴിവാക്കേണ്ടിവന്ന ജെറീന വിഴുപുരത്തെത്തിയാല്‍ ചെയ്യേണ്ട കാര്യങ്ങള്‍ പറഞ്ഞുതന്നിരുന്നു. അതിലൊന്ന് കൂടുതല്‍ ഹിജഡകള്‍ തമ്പടിക്കുന്ന സെന്‍ട്രല്‍ ലോഡ്ജില്‍ താമസിക്കണം എന്നതായിരുന്നു. ശ്രീദേവി എന്ന ഹിജഡയുടെ കാമുകന്‍ മന്‍സൂര്‍ അലിഖാന്റേതാണ് ലോഡ്ജ്. എം വിനീഷ് സംവിധാനംചെയ്ത ഹിജഡകളെക്കുറിച്ചുള്ള 'ജെല്‍സ' ഡോക്യുമെന്ററിയുടെ ആദ്യപ്രദര്‍ശനത്തിന് കോഴിക്കോട്ടു വന്ന ശ്രീദേവിയെ പരിചയപ്പെട്ടിരുന്നു. സുന്ദരിയായ ശ്രീദേവി ജ്വല്ലറി മോഡലായി പ്രത്യക്ഷപ്പെട്ടതിനു ലഭിച്ച പ്രതിഫലം ഒന്നരലക്ഷം രൂപ പാവങ്ങളുടെ ക്ഷേമത്തിനു പ്രവര്‍ത്തിക്കുന്ന സംഘടനയ്ക്ക് സംഭാവന നല്‍കിയ ഹിജഡയാണ്. വിഴുപുരം റോഡിന്റെ ഇരുവശത്തും മൂന്നും നാലും നിലകളുള്ള കെട്ടിടങ്ങള്‍. ലോഡ്ജ് എന്നെഴുതിയ ബോര്‍ഡ് കാണുന്നിടത്തെല്ലാം കയറി. എവിടെയും ഒഴിവില്ല.

'പ്രഭു' ലോഡ്ജില്‍ മുറി കണ്ടെത്തുമ്പോള്‍ നാലുമണി കഴിഞ്ഞിരുന്നു. അതിന്റെ മുന്നിലെ അഞ്ചുനിലയുള്ള ലോഡ്ജിന്റെ ലോണില്‍ ഹിജഡകള്‍ കൂട്ടംകൂടി നില്‍ക്കുന്നു. ഒറ്റയ്ക്കും തെറ്റയ്ക്കും എത്തുന്ന ആവശ്യക്കാരെയുംകൊണ്ട് ഇരുളിന്റെ ഇടംതേടി പോകുന്നതും കാണാം. മിക്കവരും മദ്യത്തിന്റെ വീര്യത്തില്‍ ഒച്ചവച്ചു സംസാരിക്കുകയാണ്. ചിലര്‍ റോഡിലിറങ്ങി നില്‍ക്കുന്നു. കൂവാഗത്തെ ഉത്സവത്തിനുമുമ്പേ അറവാണികള്‍ എത്തുമെന്നറിഞ്ഞ് ബസ്‌സ്റ്റാന്‍ഡിലും പരിസരത്തും ദല്ലാളുകള്‍ കറങ്ങുന്നുണ്ട്.

ആഘോഷം ആരംഭിക്കാന്‍ വൈകിട്ട് ആറുമണിയാകും. അതുവരെ എങ്ങനെ സമയം ചെലവഴിക്കാം എന്നതായിരുന്നു പ്രശ്നം. പോണ്ടിച്ചേരിയിലെ അരവിന്ദാശ്രമത്തില്‍ പോകാമെന്ന നിര്‍ദേശംവച്ചത് രമേഷാണ്. വിഴുപുരത്തുനിന്ന് ഒരുമണിക്കൂറേയുള്ളു അവിടേക്ക്. ബസ് കയറി ആശ്രമത്തിലും ബീച്ചിലും ടൌണിലുമൊക്കെ കറങ്ങി. തിരിച്ച് മുറിയിലെത്തി സെന്‍ട്രല്‍ ലോഡ്ജ് തേടിയിറങ്ങി. റിസപ്ഷനില്‍ ഉടമ മന്‍സൂറിനെ അന്വേഷിച്ചു. അവിടെ സംസാരിച്ചുനിന്ന 25 വയസ്സ് തോന്നിച്ച സുന്ദരന്‍ പറഞ്ഞു: 'നാന്‍ താന്‍ മന്‍സൂര്‍, എന്ന വേണം സൊല്ലുങ്കെ'. കുറച്ചുകൂടി പ്രായമുള്ള ഒരാളെയാണു പ്രതീക്ഷിച്ചത്. ശ്രീദേവിയുടെയും ജെറീനയുടെയും സുഹൃത്തുക്കളാണെന്നു’പറഞ്ഞപ്പോള്‍ അയാള്‍ക്ക് സന്തോഷം.

ബാംഗ്ളൂരില്‍ സെക്സ്‌വര്‍ക്ക് ചെയ്യുന്ന സേലത്തുകാരി മന്ത്ര എത്തിയിട്ടുണ്ടോ എന്നറിയാനായിരുന്നു താല്‍പ്പര്യം. തമ്പാക്കിന്റെയും ചാര്‍ സൌ ബീസിന്റെയും ഗന്ധം തങ്ങിനില്‍ക്കുന്ന, അസ്വസ്ഥത ഉണര്‍ത്തുന്ന അന്തരീക്ഷത്തിലൂടെ ഞങ്ങള്‍ ഒഴുകി.

മന്ത്രയുടെ മുറിയുടെ ബെല്ലമര്‍ത്തി. ആറടിയോളം ഉയരവും വേണ്ടതില്‍ കവിഞ്ഞ തടിയുമുള്ള ഭീമാകാരമായ രൂപം വാതില്‍ തുറന്നു. ‘"യാരത്?''

"മന്ത്ര ഇരിക്കാങ്കളാ'' ഞാന്‍ ചോദിച്ചു.

"ഇല്ലൈ, ഒറു ണിമിസ(നിമിഷം)ത്തുക്കുള്ളെ വന്തിടുവാങ്കെ. ഉള്ള വാങ്കെ''. അവര്‍ അകത്തേക്കു ക്ഷണിക്കുകയാണ്.

താഴെ കാത്തുനിന്നോളാം എന്നു പറഞ്ഞ് കോണിയിറങ്ങുമ്പോഴേക്കും എവിടെയോ പോയി മടങ്ങുകയായിരുന്ന മന്ത്ര ലോഡ്ജ് വരാന്തയിലെത്തിയിരുന്നു. ഞാന്‍ ഓര്‍മ പുതുക്കി. മന്ത്ര സുന്ദരിയും നല്ല പെരുമാറ്റക്കാരിയുമാണ്. രാത്രി സൌന്ദര്യമത്സരം നടക്കുന്ന ഹാളില്‍ കാണാമെന്നും മത്സരത്തില്‍ പങ്കെടുക്കുന്നുണ്ടെന്നും പറഞ്ഞപ്പോള്‍ വിജയാശംസ നേര്‍ന്ന് ഞങ്ങള്‍ മടങ്ങി. അവിടെ അപ്പോള്‍ ഹിജഡകളുടെ ഘോഷയാത്ര ആരംഭിച്ചിരുന്നു. ടാബ്ളോകളും ഡപ്പാങ്കൂത്തും പുലികളിയും അകമ്പടിയുള്ള അത് അവിസ്മരണീയമായിരുന്നു.

രാത്രി ആഞ്ജനേയ മാര്യേജ് ഹാളിലെ സാംസ്കാരികസദസ്സിന്റെ വേദിയില്‍ മന്ത്രിമാരും എംപിമാരും എംഎല്‍എമാരും. പ്രസംഗിക്കാന്‍ ഹിജഡകളുടെ പ്രതിനിധികളും. ഇരിപ്പിടം കിട്ടാതെ നൂറുകണക്കിന് ആളുകള്‍ വശങ്ങളില്‍. ഹാളില്‍ കയറാന്‍ കഴിയാതെ പുറത്ത് കൂടിനില്‍ക്കുന്നവരുടെ എണ്ണവും അസംഖ്യം. ചാനല്‍ ഫ്ളാഷുകള്‍ മിന്നിമറഞ്ഞു. ഫോട്ടോഗ്രാഫര്‍മാരുടെ കൂട്ടത്തില്‍ സുഹൃത്ത് അഭിജിത്തിനെയും കണ്ടു. കോഴിക്കോട്ട് ഹിജഡകളുടെ ഫോട്ടോ പ്രദര്‍ശനം (ഹിജ്റ) നടത്തിയിട്ടുണ്ട് അവന്‍. മലയാളികളെ അപേക്ഷിച്ച് ഹിജഡകളോട് കാരുണ്യപൂര്‍വമായ മനോഭാവമാണ് തമിഴ്ജനത പുലര്‍ത്തുന്നത്. അവര്‍ക്കായി തമിഴ്നാട് നിയമസഭ അനുവദിച്ച പല അവകാശങ്ങളും മന്ത്രി പ്രഖ്യാപിച്ചു. പുരുഷന്‍, സ്ത്രീ എന്നിവയ്ക്കു പുറമെ എല്ലാ അപേക്ഷകളിലും ട്രാന്‍സ്ജെന്‍ഡര്‍ എന്നൊരു കോളവും ഉണ്ടാവും. റേഷന്‍കാര്‍ഡിനും മറ്റും ഹിജഡകള്‍ക്കും അപേക്ഷിക്കാം. അവരെ 'അറുവാണി' എന്നു വിളിക്കാന്‍ പാടില്ല. പകരം 'തിരുനങ്കൈ' (ശ്രീമതി).

തീരുമാനം കരഘോഷത്തോടെയാണ് സദസ്സ് സ്വീകരിച്ചത്. പ്രസംഗശേഷം നപുംസക കലാകാരന്മാരുടെ പാട്ടും ഡാന്‍സും. പിന്നീട് സൌന്ദര്യമത്സരം. കാഷ്വല്‍, ഒഫീഷ്യല്‍, എഥനിക് വേഷങ്ങളെല്ലാം 'ക്യാറ്റ്വാക്കി'ലുണ്ടായിരുന്നു. പ്രതീക്ഷിച്ചപോലെ സേലം സുന്ദരി മന്ത്ര 'മിസ് കൂവാഗം 2008' ആയി തെരഞ്ഞെടുക്കപ്പെട്ടു.

രാത്രി വൈകിയാണ് ഞങ്ങള്‍ തിരിച്ചത്. റോഡിലും ഫുട്പാത്തിലും ബസ്സ്റാന്‍ഡിലും ഇരുള്‍മൂലകളിലും എല്ലാം ഹിജഡകള്‍. വഴിയില്‍ കുറച്ചുപേരെ പരിചയപ്പെട്ടു. ഡല്‍ഹിയില്‍ താമസിക്കുന്ന മലയാളിയായ പ്രേമ അവരിലൊരാള്‍. നാട്ടില്‍ ജീവിക്കാന്‍ കഴിയാത്തതിനാല്‍ വണ്ടികയറിയതാണ്. സെക്സും ബതായി (വിവാഹം, ഗൃഹപ്രവേശം, ഉദ്ഘാടനം, തറക്കല്ലിടല്‍, ജനനം തുടങ്ങിയ കര്‍മങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹിച്ച് ദക്ഷിണ വാങ്ങുന്ന ചടങ്ങ്)യും മാത്രമാണ് ജീവിതമാര്‍ഗം..

ഹിജഡകളുടെ മംഗല്യരാത്രി

ചിത്രാ പൌര്‍ണമി. ഹിജഡകളുടെ മംഗല്യരാത്രി. കൂവാഗത്തെ കൂത്താണ്ടവര്‍ കോവിലിലാണത്. വിഴുപുരത്തുനിന്ന് അരമണിക്കൂര്‍ ബസ് യാത്ര. ഓട്ടോയ്ക്ക് 300 രൂപ. വയലും കരിമ്പിന്‍തോട്ടങ്ങളും പുളിയും വേപ്പും മുള്‍മരങ്ങളും നിറഞ്ഞ ഉള്‍നാടന്‍ ഗ്രാമമാണ് കൂവാഗം. ഇരാവാനാ (കൂത്താണ്ടവര്‍ എന്നാണ് വിളിക്കുന്നത്)ണ് പ്രതിഷ്ഠ. അര്‍ജുനന് ഉലൂപി എന്ന നാഗസുന്ദരിയില്‍ ഉണ്ടായ പുത്രന്‍. പാണ്ഡവവിജയത്തിന് ഇരാവാനെ ബലികൊടുത്തു എന്ന് ഐതിഹ്യം. കൊല്ലപ്പെടുന്നതിന് തലേദിവസം അവസാന ആഗ്രഹം പറഞ്ഞു. ഒരുദിവസമെങ്കിലും ദാമ്പത്യജീവിതം നയിക്കണം. ഒരൊറ്റ ദിവസംകൊണ്ട് വിധവയാകാന്‍ ആരും തയ്യാറാകാത്തതിനാല്‍ വധുവിനെ കിട്ടിയില്ല. ഒടുവില്‍ ശ്രീകൃഷ്ണന്‍ മോഹിനിരൂപമെടുത്തെത്തി. ചിത്രാപൌര്‍ണമി നാളിലായിരുന്നു മാംഗല്യം. പിറ്റേദിവസം കൊല്ലപ്പെട്ടു. ഓരോ ഹിജഡയും തങ്ങള്‍ ഇരാവ വധുവാണെന്നു സങ്കല്‍പ്പിച്ച് മോഹിനിവേഷത്തില്‍ ക്ഷേത്രത്തിലെത്തുന്നു. ഇരാവാന്‍ തമിഴില്‍ അറവാന്‍. ഭാര്യ അറവാണിയും. പലതരം വേഷങ്ങള്‍ ധരിച്ചുവരുന്ന ഹിജഡകള്‍ സാരിയുടുത്ത് പൊട്ടുതൊട്ട് വര്‍ണവളകളണിഞ്ഞ് 'വധു'ക്കളായി ഇറങ്ങുന്നതു കാണാം. അറവാണികള്‍ക്ക് താലികെട്ടുന്നത് ക്ഷേത്രത്തിലെ മുഖ്യപുരോഹിതന്‍. ആ രാത്രി ഹിജഡയോടൊപ്പം കഴിയാന്‍ താല്‍പ്പര്യമുള്ളവര്‍ക്കും താലികെട്ടാം. മഞ്ഞക്കയറില്‍ കൊരുത്ത താലിയാണ്. സാമ്പത്തികസ്ഥിതിയനുസരിച്ച് ഉണക്കമഞ്ഞള്‍ (മഞ്ചക്കൊമ്പ്), വെള്ളി (വെള്ളിത്താലി), സ്വര്‍ണം തുടങ്ങിയവകൊണ്ട് ഉണ്ടാക്കിയവയും.

താലികെട്ടാന്‍ നീണ്ട ക്യൂ. പാതിരാത്രിയില്‍ താലികെട്ടുന്നതാണ് ഉത്തമം. ചിത്രാപൌര്‍ണമി സന്ധ്യമുതല്‍ ആദ്യരാത്രി അരങ്ങേറും. തമ്പാക്കും മദ്യവും വിഴുങ്ങി മദോന്മത്തരായി. ക്ഷേത്രത്തിനു മുന്നിലെ ആളിക്കത്തുന്ന കര്‍പ്പൂരവെളിച്ചത്തില്‍ തൊട്ടടുത്ത വയലേലകളും മരച്ചുവടുകളും കിടപ്പറയാകും. സൂര്യനുദിക്കുംവരെ നീളുന്ന ആദ്യരാത്രി! പിറ്റേദിവസം ഉച്ചവരെ മാത്രമേ ആഘോഷമുള്ളു. പിന്നെ കരച്ചിലിനുവേണ്ടി. (അന്ന് കൂത്താണ്ടവര്‍ കൊല്ലപ്പെടുകയാണല്ലോ). അത് വൈധവ്യത്തിന്റെ രോദനം. കരയാന്‍ ക്ഷേത്രത്തില്‍നിന്ന് അല്‍പ്പം അകലെ 'അളുവ്കൊള' (കരച്ചിലിന്റെ ഇടം)ത്തിലെത്തിയ ഹിജഡകളുടെ താലി മുഖ്യപുരോഹിതന്‍ പ്രത്യേകതരം കത്തികൊണ്ട് മുറിച്ചുമാറ്റും. സ്വര്‍ണം, വെള്ളി, ഉണക്കമഞ്ഞള്‍ താലികള്‍ തട്ടില്‍ നിക്ഷേപിക്കും. അവ ദേവസ്വത്തിന്. മഞ്ഞക്കയറുകള്‍ തൊട്ടടുത്ത ചെടിയില്‍ കോര്‍ത്തുവയ്ക്കും പൂജാരി. വിധവകളായ ഹിജഡകള്‍ പൊട്ടു മായ്ച്ച്, വളകള്‍ പൊട്ടിച്ച്, നെഞ്ചത്തടിച്ചും കെട്ടിപ്പിടിച്ചും പൊട്ടിക്കരയും.

സന്ധ്യ മയങ്ങുകയാണ്. നിറങ്ങള്‍ മായുന്നു. ഇരുള്‍ പരക്കുകയാണ്. എല്ലാ ഉന്മാദങ്ങളുടെയും അഗാധതയില്‍ ലിംഗപ്രതിസന്ധി നല്‍കുന്ന ആഴമേറിയ മുറിവില്‍നിന്നുയരുന്ന ആത്മരോദനങ്ങളുടെ, ദീനവിലാപങ്ങളുടെ അലയൊലികളില്‍ വയലേലകള്‍, മുള്‍മരങ്ങള്‍, വേപ്പുകള്‍, പുളിമരങ്ങള്‍ എല്ലാം വിഷാദമൂകം..

*
വിജയന്‍ കോടഞ്ചേരി കടപ്പാട്: ദേശാഭിമാനി വാരാന്തപ്പതിപ്പ്

വിദര്‍ഭ പറയുന്നു: ബിടി അരുത്

ജനിതകമാറ്റം വരുത്തിയ വഴുതനയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിക്ക് ജനിറ്റിക് എന്‍ജിനിയറിങ് അപ്രൂവല്‍ കമ്മിറ്റി (ജിഇഎസി) അനുമതി നല്‍കിയ വിവരം വിദര്‍ഭയിലെ കര്‍ഷകരെ അക്ഷരാര്‍ഥത്തില്‍ അമ്പരപ്പിച്ചിട്ടുണ്ടാവും. കാര്‍ഷിക മേഖലയിലെ കോര്‍പറേറ്റുകളുടെ ഇരകളാക്കപ്പെട്ട വിദര്‍ഭയിലെ ജനങ്ങള്‍ തങ്ങളുടെ വിളയും മണ്ണും ജീവനും സ്വച്ഛന്ദവായുവും നഷ്ടപ്പെടുത്തിയ അതേ ശക്തികള്‍ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളും കീഴ്പ്പെടുത്തുമെന്ന കാര്യത്തില്‍ അവര്‍ക്ക് സംശയമേയില്ല. ബിടി വഴുതന പാടില്ലെന്ന് ബിടി പരുത്തിയുടെ പരീക്ഷണത്തിലേക്ക് തങ്ങളെ എറിഞ്ഞുകൊടുത്തവരോട് മഹാരാഷ്ട്രയിലെ കര്‍ഷകസംഘവും വിദര്‍ഭ ജന്‍ ആന്ദോളന്‍ സമിതിയും അഭ്യര്‍ഥിക്കുമ്പോള്‍ അത് ഗൌരവത്തോടെയാണ് കാണേണ്ടത്. വിദര്‍ഭയില്‍ കേന്ദ്രസര്‍ക്കാരും മഹാരാഷ്ട്ര സര്‍ക്കാരും ചേര്‍ന്ന് കോര്‍പറേറ്റുകള്‍ക്കുവേണ്ടി നടത്തിയ പരീക്ഷണത്തിന്റെ ആപല്‍ക്കരമായ പ്രത്യാഘാതങ്ങള്‍ മറ്റിടങ്ങളിലെ കര്‍ഷകര്‍ക്കുണ്ടാവരുതെന്ന മുന്നറിയിപ്പാണ് വിദര്‍ഭയിലെ കര്‍ഷകര്‍ നല്‍കുന്നത്.

2002ല്‍ ബിടി പരുത്തിവിത്തുകള്‍ അടിച്ചേല്‍പ്പിക്കുന്നതിനെതിരെ സമരം നടത്തിയവരാണ് വിദര്‍ഭയിലെ കര്‍ഷകര്‍. കിസാന്‍സഭയാണ് ഈ സമരങ്ങള്‍ക്ക് തുടക്കമിട്ടത്. എന്‍ഡിഎ സര്‍ക്കാര്‍ വിത്തുബില്‍ പാസാക്കുന്നതിനെതിരെയും കിസാന്‍സഭ സമരങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ഇത്തരം സമരങ്ങളിലൂടെ കര്‍ഷകര്‍ നല്‍കിയ ആപല്‍സൂചനകളൊന്നും ചെവിക്കൊള്ളാന്‍ സര്‍ക്കാരുകള്‍ തയ്യാറാവാത്തതിന്റെ അനിവാര്യ ദുരന്തമാണ് നാലഞ്ച് വര്‍ഷമായി തുടരുന്ന വിദര്‍ഭയിലെ ആത്മഹത്യകള്‍. കര്‍ഷക ആത്മഹത്യകള്‍ ഏഴായിരം കടന്നിട്ടും ഇപ്പോഴും നിലയ്ക്കാതെ തുടരുകയും ചെയ്യുന്നു. ബിടി പരുത്തി ഉപയോഗിച്ചതിന്റെ ദുരന്തഫലം അനുഭവിച്ചവര്‍ ബി ടി പച്ചക്കറി വിത്തുകള്‍ വയലുകളില്‍ പരീക്ഷിക്കരുതെന്ന് പറയുന്നത് സ്വാനുഭവങ്ങള്‍ മുന്‍നിര്‍ത്തിയാണ്. ബിടി വിത്തില്‍നിന്ന് മുളപൊട്ടിയ പരുത്തിച്ചെടിയെ വന്‍തോതില്‍ കീടങ്ങള്‍ ആക്രമിക്കുന്നതും കീടങ്ങളെ തുരത്താന്‍ മാരകമായ കീടനാശിനികള്‍ ഉപയോഗിക്കുന്നതും വിത്തിനും കീടനാശിനിക്കുംവേണ്ടി കൃഷിച്ചെലവിന്റെ സിംഹഭാഗവും ചെലവിടുന്നതും ഇതിനായി എടുത്ത വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെ കീടനാശിനി കുടിച്ച് ജീവനൊടുക്കുന്നതുമെല്ലാം വിദര്‍ഭയിലെ കാര്‍ഷികജീവിതചക്രത്തിന്റെ ഭാഗമായിക്കഴിഞ്ഞു. വിത്തും കീടനാശിനിയും വിലകൊടുത്തു വാങ്ങിയതുവഴി കൊഴുക്കുന്നത് അമേരിക്കയടക്കമുള്ള വികസിത രാജ്യങ്ങളിലെ വന്‍കിടസ്ഥാപനങ്ങളാണ്.

ബാസിലസ് തുറന്‍ജസിക് എന്ന ബാക്ടീരിയയുടെ ചുരുക്കപ്പേരാണ് ബിടി. ഈ ബാക്ടീരിയയെ കടത്തിവിട്ട് വിത്തിന്റെ ജനിതകഘടനയില്‍ മാറ്റം വരുത്തുന്നതാണ് ജിഎം സാങ്കേതികവിദ്യ. പരുത്തിയില്‍ തുടങ്ങി വഴുതനയിലെത്തിയ പരീക്ഷണം മറ്റ് പച്ചക്കറിയിനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് ഉറപ്പ്. അത് മനുഷ്യന്റെ ശരീരഘടനയിലുണ്ടാക്കാന്‍ പോകുന്ന മാറ്റങ്ങള്‍ പ്രവചനാതീതവുമാകും. വിദര്‍ഭയില്‍ പരാജയപ്പെട്ട പരീക്ഷണം ആര്‍ക്കുവേണ്ടി എന്തിനുവേണ്ടി ആവര്‍ത്തിക്കണമെന്നാണ് കിസാന്‍സഭയും വിദര്‍ഭ ജന്‍ ആന്ദോളന്‍ സമിതി അടക്കമുള്ള കര്‍ഷകസംഘടനകളും ഉയര്‍ത്തുന്ന പ്രധാനചോദ്യം. ബിടി പരുത്തിയുടെ പരീക്ഷണം പരാജയപ്പെട്ടതിന് ആര്‍ക്കും നിഷേധിക്കാനാവാത്ത തെളിവുകളാണ് അവര്‍ നിരത്തുന്നത്.

2005ലാണ് ബിടി പരുത്തിയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള പ്രയോഗം ഇന്ത്യയില്‍ ആരംഭിച്ചത്. ലോകവ്യാപാരകരാറിന്റെ ഭാഗമായി അമേരിക്കന്‍ പരുത്തി ഇന്ത്യയില്‍ വ്യാപകമായതോടെ കൂടുതല്‍ വിളവ് തേടിയാണ് ഇത്തരമൊരു പരീക്ഷണത്തിന് കര്‍ഷകര്‍ തയ്യാറായത്. പശ്ചിമ വിദര്‍ഭയില്‍ നാല്‍പ്പത് ലക്ഷം ഹെക്ടറിലാണ് ആ വര്‍ഷം കൃഷി നടത്തിയത്. 456 കര്‍ഷകര്‍ കൃഷിച്ചെലവ് താങ്ങാനാവാതെ ജീവനൊടുക്കി ആ വര്‍ഷം. ബിടി വിത്ത് പരാജയപ്പെട്ടെന്ന് വ്യക്തമായതോടെ മുഖ്യമന്ത്രി വിലാസ്റാവു ദേശ്‌മുഖ് 1075 കോടിയുടെ പാക്കേജ് 2005ല്‍ അനുവദിച്ചു. പരുത്തിച്ചെടികളില്‍ ചുവപ്പുരാശി വ്യാപിക്കുന്ന ലാലിയ രോഗമാണ് കൃഷിയെ തകര്‍ത്തത്. കീടനാശിനിയുടെ ഉപയോഗം 44 ശതമാനം വര്‍ധിച്ചു. ഇക്കാലത്ത് ചിക്കുന്‍ഗുനിയ വ്യാപകമായത് ബിടി വിത്തുകളില്‍നിന്നുള്ള വൈറസുകള്‍ വഴിയാണെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ചിക്കുന്‍ഗുനിയ ബാധിച്ച് 124 പേര്‍ വേറെയും മരിച്ചു. ലാലിയക്ക് കാരണമാവുന്ന കീടത്തിനെതിരെ പ്രയോഗിച്ച കീടനാശിനിയെ അതിജീവിക്കാന്‍ കീടങ്ങള്‍ക്ക് കഴിഞ്ഞതോടെ എന്‍ഡോസള്‍ഫാന്‍ പോലുള്ള കൂടുതല്‍ ശക്തിയേറിയ കീടനാശിനികള്‍ പിന്നീട് പ്രയോഗിക്കേണ്ടിവന്നു.

2006ല്‍ ബിടി പ്രയോഗിച്ച ഭൂമിയുടെ അളവ് ഇരട്ടിയായി. 1684 പേരാണ് ആ വര്‍ഷം ആത്മഹത്യ ചെയ്തത്. പ്രധാനമന്ത്രി വിദര്‍ഭയ്ക്കുവേണ്ടി 3750 കോടി അനുവദിച്ചതും ആ വര്‍ഷംതന്നെ. മീലിബഗ് എന്ന കീടമായിരുന്നു വില്ലനായത്. കീടനാശിനിയുടെ മാരകമായ പ്രയോഗം 32ശതമാനം വര്‍ധിച്ചതോടെ പ്രദേശത്ത് ക്യാന്‍സര്‍ രോഗികളുടെ എണ്ണവും വര്‍ധിച്ചു. തൊട്ടടുത്തവര്‍ഷം 120 ലക്ഷം ഹെക്ടറില്‍ ബിടി വിത്ത് പ്രയോഗിച്ചു. പാക്കേജുകളൊന്നും പ്രഖ്യാപിക്കാതിരുന്ന ആ വര്‍ഷം 1460 പേര്‍ ആത്മഹത്യചെയ്തു. ഇരകളില്‍ 82 ശതമാനവും ബിടി വിത്തുകള്‍മാത്രം ഉപയോഗിച്ചവര്‍. ആ വര്‍ഷം കീടനാശിനിയുടെ പ്രയോഗം കുറയുകയും വിളവ് കൂടുകയുംചെയ്തു. എന്നാല്‍, പ്രദേശത്തെ ആരോഗ്യകേന്ദ്രങ്ങളില്‍ ഗുരുതരമായ രോഗങ്ങളുമായി ജനങ്ങളെത്തുന്നത് വര്‍ധിച്ചത് ഇക്കാലത്താണ്.

പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യയൊട്ടുക്ക് പ്രഖ്യാപിച്ച എഴുപതിനായിരം കോടിരൂപ കടാശ്വാസം നടപ്പായ 2008ല്‍ 1290 പേര്‍ ആത്മഹത്യചെയ്തു. പരുത്തി വിളവെടുപ്പ് 30 ശതമാനം വര്‍ധിച്ചു. ഇതിന് ഓരോ കര്‍ഷകനും നല്‍കേണ്ടിവന്നത് പതിനായിരങ്ങളാണ്. വിത്തിനും കീടനാശിനിക്കും വന്‍തോതില്‍ പണം ചെലവിട്ട കര്‍ഷകന് കൃഷിച്ചെലവ് ഇരട്ടിയിലേറെയായി. ഇതേ കാലത്തു തന്നെയാണ് മാരകരോഗങ്ങള്‍ വന്‍തോതില്‍ വിദര്‍ഭയെ പിടികൂടിയത്. മനുഷ്യര്‍ക്കെന്നപോലെ കന്നുകാലികളും രോഗബാധിതരായി. അവ ചത്തൊടുങ്ങുന്നത് വ്യാപകമായി. അതും കൃഷിയെയും വരുമാനത്തെയും പ്രതികൂലമായി ബാധിച്ചു. ബിടി വിത്തുകള്‍ക്ക് കൂടുതല്‍ അളവില്‍ വെള്ളം ആവശ്യമാണെന്നതുകൊണ്ടുതന്നെ ഭൂഗര്‍ഭജല ഉപഭോഗം ക്രമാതീതമായി വര്‍ധിച്ചു. പശ്ചിമ വിദര്‍ഭയിലെ ഭൂഗര്‍ഭ ജലവിതാനം 164 മീറ്റര്‍ ആഴത്തിലായി.

ഈ വര്‍ഷം 320 ഹെക്ടറിലേക്ക് ബിടി കൃഷി വ്യാപിച്ചപ്പോള്‍ ഇതുവരെ ആത്മഹത്യചെയ്തത് 820 പേര്‍. ഈ വര്‍ഷമാദ്യം മുഖ്യമന്ത്രി അശോ‌ക്‍ചവാന്‍ 6208 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചിട്ടും ഫലമുണ്ടായില്ല എന്നര്‍ഥം. മുന്‍വര്‍ഷത്തിലുണ്ടായ ബംബര്‍വിളവ് താല്‍ക്കാലികമാണെന്ന് തെളിയിച്ചുകൊണ്ട് വിളവ് 40 ശതമാനംകണ്ട് കുറയാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. അതേസമയം കൃഷിച്ചെലവ് ഇരട്ടിയാവുകയുംചെയ്തു. കീടനാശിനിയുടെ അമിത ഉപയോഗത്തെതുടര്‍ന്ന് ഓരോ ഗ്രാമത്തിലും ശരാശരി രണ്ടു ക്യാന്‍സര്‍ രോഗികള്‍ വീതമുണ്ടെന്നാണ് കണക്ക്. ഭൂഗര്‍ഭ ജലവിതാനം ഇപ്പോള്‍ 200 മീറ്റര്‍ ആഴത്തിലാണ്. കൃഷിക്കുള്ള വെള്ളം പോയിട്ട് കുടിവെള്ളംപോലും ഇല്ലാതാവുന്ന വിചിത്രമായ ഘട്ടത്തിലൂടെയാണ് വിദര്‍ഭ കടന്നുപോകുന്നത്.

സര്‍പ്പസദൃശമായ ഇത്തരം ദുരനുഭവങ്ങള്‍ നമുക്ക് മുന്നില്‍ പത്തിവിടര്‍ത്തി നില്‍ക്കുമ്പോഴാണ് മറ്റൊരു പരീക്ഷണത്തിനായി നമ്മുടെ വയലുകള്‍ മലര്‍ക്കെ തുറന്നിട്ടുകൊടുക്കുന്നത്. ബിടി വിത്തുകള്‍ക്കൊപ്പം വയലുകളില്‍ നിറഞ്ഞുവളരുന്ന പുതിയ ഇനം കളകളെ എങ്ങനെ നശിപ്പിക്കണമെന്നത് വിദര്‍ഭയെ സംബന്ധിച്ചിടത്തോളം പുതിയ വെല്ലുവിളിയാണ്. പരമ്പരാഗതമായി ഉപയോഗിച്ച നാടന്‍ വിത്തുകളിലേക്കും ജൈവവളങ്ങളിലേക്കും ഒരിക്കലും തിരിച്ചുപോകാന്‍ കഴിയാത്തവിധം മണ്ണും പരിസ്ഥിതിയും മാറിക്കഴിഞ്ഞു. തോടുകളിലെ വെള്ളത്തില്‍ കീടനാശിനിയുടെ അളവ് വര്‍ധിച്ചതോടെ മത്സ്യങ്ങളും ചത്തൊടുങ്ങുകയാണ്. വയലുകളില്‍ മുമ്പ് ആരവം തീര്‍ത്തിരുന്ന തത്തകളും കുരുവികളും കാക്കകളും മറ്റ് പക്ഷികളുമൊക്കെ ഈ പ്രദേശമുപേക്ഷിച്ചുപോയിട്ട് വര്‍ഷങ്ങളായി. പരുത്തിച്ചെടികളിലെ പരീക്ഷണം മനുഷ്യശരീരത്തെ പരോക്ഷമായി മാത്രമേ ആക്രമിക്കൂ. എന്നാല്‍, ബിടി പച്ചക്കറികളുടെയും ബിടി പഴങ്ങളുടെയും പ്രഹരശേഷി പ്രവചനാതീതമാവും. കോര്‍പറേറ്റുകളുടെ ഈ ജൈവായുധ പ്രയോഗം കോടിക്കണക്കിന് ജനങ്ങളെ മാറാരോഗികളാക്കാനും കര്‍ഷകരെയും കാര്‍ഷികസംസ്കാരത്തെയും ഉന്മൂലനം ചെയ്യാനുമാണെന്നതിന് വിദര്‍ഭതന്നെ തെളിവ്.

*
എന്‍ എസ് സജിത് കടപ്പാട്: ദേശാഭിമാനി

Monday, October 26, 2009

നവോത്ഥാനത്തിന്റെ വഴിയടയാളങ്ങള്‍

നവോത്ഥാനം ഒരു നിര്‍വചനത്തിന് ഒതുങ്ങുന്ന ആശയമോ പ്രസ്ഥാനമോ അല്ല. അത് സമൂഹത്തെ നിലനിര്‍ത്തുന്ന അടിസ്ഥാന ധാരയാണ്, നിരന്തര പ്രക്രിയയാണ്. അത് എക്കാലവും നടന്നുവരുന്നു. നവോത്ഥാനത്തിന്റെ അസ്തമനം സമൂഹത്തിന്റെതന്നെ അസ്തമനമാണ്.
ഇതൊരു വസ്തുതയാണെങ്കിലും ചില ചില അറിവടയാളങ്ങള്‍ മാനവചരിത്രത്തില്‍ എടുത്തുപറയേണ്ടവയായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. സമൂഹത്തില്‍ നിലനില്‍ക്കുന്ന ഉല്പാദന-വിതരണ-വിനിമയ ബന്ധങ്ങളുടെ വളര്‍ച്ചയോടനുബന്ധിച്ച് അവയുടെ ഘടനയുടെ മാറ്റത്തിനു വിധേയമായി സമൂഹത്തിന്റെ അധികാരഘടനയില്‍ വരുന്ന നിര്‍ണായകമായ, വിപ്ലവകരമായ എടുത്തുചാട്ടങ്ങളാണ് ഇവ. സമൂഹത്തിന്റെ അധികാരഘടന കീഴ്മേല്‍ മറിയുന്ന ഇത്തരം ഘട്ടങ്ങള്‍ സാമൂഹ്യചരിത്രത്തില്‍ ഏറെ നിര്‍ണായകമാണ്. സമൂഹത്തിന്റെ പൊതുഘടന ഇത്രയേറെ പ്രക്ഷുബ്ധമാകുന്ന മറ്റൊരു ഘട്ടവും ഇല്ലതന്നെ. ഒരുഭാഗത്ത് ശിഥിലമാകുന്ന പഴയ സാമൂഹ്യഘടന, മറുഭാഗത്ത് പിറന്നുവീഴുന്ന പുതിയ സാമൂഹ്യഘടന. എന്ത് ചെയ്യണമെന്നറിയാതെ, എന്തിനെ പിന്തുണക്കണമെന്നറിയാതെ വിഹ്വലമാകുന്ന സമൂഹ മനഃസാക്ഷി. ഇത്തരം സന്ദര്‍ഭങ്ങളില്‍, പിറന്നുവീഴുന്ന ധാര്‍മികതയെ സമൂഹത്തിന്റെ പൊതുമൂല്യമാക്കി ഉയര്‍ത്താനും പഴയത് തകര്‍ന്നടിയുന്നത് ചരിത്രഗതിയുടെ അനിവാര്യതയാണെന്ന് ബോധ്യപ്പെടുത്താനും സാമൂഹ്യ പരിഷ്കര്‍ത്താക്കള്‍ ശ്രമിക്കുന്നു. അവരുടെ പ്രവര്‍ത്തനമാണ് ജനമനസ്സുകളെ ഇളക്കിമറിക്കുന്നതും അവരെ തുടര്‍ച്ചയുടെ ഭാഗമാക്കുന്നതും. ഇത്തരം പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന്റെ സമസ്ത തലങ്ങളിലും പുതിയ ഉണര്‍വുകള്‍ വാരിവിതറുന്നു. ഈ ഉണര്‍വുകളെയാണ് നവോത്ഥാനം എന്നുപറയുന്നത്. ഒറ്റ വാക്യത്തില്‍ പറഞ്ഞാല്‍, ഉല്പാദന-വിതരണ-വിനിമയ ബന്ധങ്ങളുടെ വളര്‍ച്ചയുടെ ഫലമായി സമൂഹത്തിന്റെ അധികാര ഘടനയിലുണ്ടാകുന്ന മാറ്റങ്ങളെ സഹ്യമാക്കുന്ന, സാമൂഹ്യ പരിഷ്കര്‍ത്താക്കളുടെ പ്രവര്‍ത്തന ഫലമായുണ്ടാകുന്ന സാംസ്കാരികവും സാമൂഹികവും സാമ്പത്തികവുമായ മനുഷ്യകേന്ദ്രിത ഉണര്‍വിനെ നവോത്ഥാനമെന്നു പറയാം.

ഈ അടിത്തറയില്‍നിന്നുകൊണ്ട് ഇന്ത്യയെ പഠിക്കുമ്പോള്‍, ലഭ്യമായ തെളിവുകളുടെ പശ്ചാത്തലത്തില്‍, ആദ്യത്തെ നവോത്ഥാനഘട്ടം ബൌദ്ധകാലഘട്ടവും ആദ്യത്തെ നവോത്ഥാന നായകന്‍ ഗൌതമബുദ്ധനുമാണെന്നു പറയാം. ഗോത്രവ്യവസ്ഥയുടെ ധാര്‍മികമൂല്യങ്ങളെ നിലനിര്‍ത്താനുള്ള വ്യഗ്രത, പുരോഹിത മേധാവിത്വത്തിനെതിരെ പ്രതികരിക്കാനുള്ള ആര്‍ജവം, മാറ്റം അനിവാര്യമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതോടൊപ്പം ശക്തിപ്പെട്ടുകൊണ്ടിരുന്ന ഇന്ത്യന്‍ ചാതുര്‍വര്‍ണ്യവ്യവസ്ഥയുടെ അധികാരഘടനയായ നാടുവാഴിത്തത്തെ പിന്‍പറ്റുന്ന പ്രവണത ഇതെല്ലാം കൂടിച്ചേര്‍ന്ന ധാരകളാണ് ബൌദ്ധ ദര്‍ശനത്തിന്റെ ശക്തിയും ദൌര്‍ബല്യവുമെന്നു പറയാം. ബുദ്ധദര്‍ശനം മുന്നോട്ടുവച്ച പ്രതീത്യസമുത്പാദം അല്ലെങ്കില്‍ ക്ഷണികവാദം അത്യന്തം വിപ്ലവാത്മകമായിരുന്നു. ജഗത്ത്, സമൂഹം, മനുഷ്യന്‍ എന്നിങ്ങനെ സകലതും നിമിഷംപ്രതി മാറിക്കൊണ്ടിരിക്കുന്നതാണെന്ന് അത് ഉദ്ഘോഷിച്ചു. എന്നാല്‍ അക്കാലം മടങ്ങിവരാത്തവിധത്തില്‍ കഴിഞ്ഞുപോയി എന്ന ചിന്തയില്‍ മുഴുകിയിരിക്കാതെ മാറ്റങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കാനും സമൂഹപരിവര്‍ത്തനത്തിനുവേണ്ടി സദാ സന്നദ്ധരായിരിപ്പാനും അത് ആഹ്വാനംചെയ്തു. ഡോ. എസ് രാധാകൃഷ്ണന്‍ ചൂണ്ടിക്കാണിച്ചതുപോലെ "സഹജമായി മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്ന സംഭവഗതികള്‍ക്ക് ബുദ്ധന്‍ ഗതിവേഗം കൂട്ടുകയാണ് ചെയ്തത് എന്നു പറഞ്ഞാല്‍ തെറ്റാവുകയില്ല. അദ്ദേഹം തന്റെ കാലത്തിന്റെ ചൈതന്യത്തെ കേന്ദ്രീകരിച്ചു. അന്നത്തെ തത്വചിന്തകന്മാരുടെ ദുര്‍ബലവും ക്രമഹീനവുമായ വികാരങ്ങള്‍ക്ക് ഒരു പൊതുഭാഷ നല്‍കി. പെട്ടന്നദ്ദേഹം ആ യുഗധര്‍മത്തിന്റെ വ്യാഖ്യാതാവും പ്രവാചകനുമായിത്തീര്‍ന്നു.'' (ഭാരതീയദര്‍ശനം, മാതൃഭൂമി, കോഴിക്കോട്, ഭാഗം 1 പുറം 327)

എന്നാല്‍ ഇന്ന് നവോത്ഥാനം എന്നു പറയുമ്പോള്‍ ബുദ്ധനോ, മഹാവീരനോ ഒന്നുമല്ല നമ്മുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത്. 13-14 നൂറ്റാണ്ടുകളില്‍ ഇറ്റലിയില്‍ ആരംഭിച്ച് യൂറോപ്പിലാകെ പടര്‍ന്നുപിടിച്ച് 19-ാം നൂറ്റാണ്ടുകൂടി ലോകസാഹചര്യങ്ങളെത്തന്നെ കീഴ്മേല്‍മറിച്ച ഒരു വലിയ പ്രസ്ഥാനവും അതിന് അടിത്തറയിട്ട മനുഷ്യകേന്ദ്രിതമായ ഉണര്‍വുകളുമാണ് ഇന്ന് നവോത്ഥാനം എന്നു പറയുമ്പോള്‍ നാം അര്‍ഥമാക്കുന്നത്.
ഫ്യൂഡല്‍ സാമൂഹ്യസാഹചര്യം ഭൂമികേന്ദ്രിതമായ ഉല്പാദനവ്യവസ്ഥയുടെ കാലഘട്ടമാണ്. അടിമ-ഉടമ വ്യവസ്ഥയെ പകരംവെച്ചതും മുതലാളിത്തത്തിനുമുമ്പ് നിലവിലിരുന്നതുമായ സാമൂഹ്യ-സാമ്പത്തിക സംവിധാനമാണ് ഫ്യൂഡലിസം. ഫ്യൂഡല്‍ പ്രഭുവിന് ഭൂമിയുടെ മേലുള്ള ഉടമസ്ഥതയും ആ ഭൂമിയില്‍ ഉല്പാനം നടത്തുന്ന കര്‍ഷകരുടെമേലുള്ള ഭാഗികമായ ഉടമസ്ഥതയുമാണ് ഫ്യൂഡലിസത്തിന്റെ അടിസ്ഥാനം. ഫ്യൂഡല്‍ പ്രഭുവിനെ വ്യക്തിപരമായി ആശ്രയിക്കുന്ന അടിയാള കര്‍ഷകരുടെമേലുള്ള ചൂഷണമാണ് ഫ്യൂഡലിസത്തിന്റെ മുഖമുദ്ര.

എന്നാല്‍ ഫ്യൂഡല്‍ സാമൂഹ്യ വ്യവസ്ഥക്കുള്ളില്‍ വളര്‍ന്നുകൊണ്ടിരുന്ന ഉല്പാദന-വിതരണ-വിനിമയബന്ധങ്ങള്‍ മറ്റൊരു ഘട്ടത്തിലെത്തിയപ്പോള്‍ ഭൂമിയുടെ സ്ഥാനത്ത് ചെറുതും വലുതുമായ വ്യവസായ കേന്ദ്രങ്ങളെ പ്രതിഷ്ഠിച്ചു. അടിമയും അടിയാനും കുടിയാനുമെല്ലാം അരങ്ങൊഴിഞ്ഞു. അധ്വാനശക്തി വില്‍ക്കാനും വിലപേശാനുമുള്ള സ്വാതന്ത്ര്യത്തോടുകൂടിയ തൊഴിലാളി നിലവില്‍ വന്നു. ഇതിനെല്ലാം അടിത്തറയിട്ടത് ശാസ്ത്ര-സാങ്കേതികവിദ്യയുടെ ചിറകിലേറി യൂറോപ്യന്‍ നാടുകളില്‍ അരങ്ങേറിയ വ്യാവസായിക വിപ്ലവമായിരുന്നു.

സാമൂഹ്യ ഘടനയില്‍, സാമൂഹ്യ-സാംസ്കാരിക മൂല്യങ്ങളില്‍ അടിമുടി വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് ഈ കാലഘട്ടം സാക്ഷ്യംവഹിച്ചു. പ്രകൃത്യതീതമായ ശക്തിയില്‍ ഈശ്വരനില്‍ കേന്ദ്രീകരിച്ചിരുന്ന മനുഷ്യചേതന ഈശ്വരന്റെ മരണം പ്രഖ്യാപിച്ചുകൊണ്ടാണ് മനുഷ്യകേന്ദ്രിതമായ പുതിയ ഉണര്‍വുകളെ സമൂഹത്തിനു പ്രദാനംചെയ്തത്. സാമൂഹ്യമാറ്റം അപ്രതിരോധ്യമാണ്. എന്നാല്‍ ആ മാറ്റത്തിനുവേണ്ടി കാത്തിരിക്കേണ്ട ആവശ്യമില്ല. സാമൂഹ്യമാറ്റ പ്രക്രിയയില്‍ ബോധപൂര്‍വം ഇടപെടാനും സ്വന്തം ഇച്ഛാനുസാരേണ പ്രപഞ്ചത്തെ മാറ്റിത്തീര്‍ക്കാനും മനുഷ്യനു കഴിയുമെന്ന് പുതിയ യുഗം ഉറക്കെ പ്രഖ്യാപിച്ചു. സ്വാഭാവികമായും മനുഷ്യനുമായി ബന്ധപ്പെട്ട സമസ്തമേഖലകളിലും പുതിയ ഉണര്‍വ് പ്രത്യക്ഷപ്പെട്ടു. എംഗല്‍സ് രേഖപ്പെടുത്തിയതുപോലെ.

"....ജര്‍മന്‍കാരായ നമ്മള്‍ 'റിഫോര്‍മേഷന്‍' എന്നു വിളിക്കുന്ന ആ മഹത്തായ കാലഘട്ട(ത്തെ) ....ഫ്രഞ്ചുകാര്‍.....'നവോത്ഥാനം' (റെനായ്സാന്‍സ്) എന്നും ഇറ്റലിക്കാര്‍ 'ചിന്‍ക്വിച്ചെന്റെ' എന്നും വിളിക്കുന്നു. എന്നാല്‍ ആ പേരുകളൊന്നുംതന്നെ ആ കാലഘട്ടത്തിന്റെ അര്‍ഥം പൂര്‍ണമായി പ്രകാശിപ്പിക്കുന്നില്ല. പതിനഞ്ചാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ഥത്തില്‍ ആരംഭിച്ച കാലഘട്ടമാണത്. നഗരവാസികളുടെ പിന്തുണയോടെ രാജാക്കന്മാര്‍ നാടുവാഴി പ്രഭുക്കളുടെ അധികാരശക്തിയെ തകര്‍ത്തു. മുഖ്യമായും ദേശീയ ജനവിഭാഗങ്ങളെ അടിസ്ഥാനപ്പെടുത്തിയ വമ്പിച്ച രാജാധിപത്യരാജ്യങ്ങള്‍ അവര്‍ സ്ഥാപിച്ചു. അവയ്ക്കുള്ളിലാണ് ആധുനിക യൂറോപ്യന്‍ രാഷ്ട്രങ്ങളും ആധുനിക ബൂര്‍ഷ്വാ സമൂഹവും വളര്‍ന്നുവന്നത്.... അത് കലാപകാരികളായ കര്‍ഷകരെ അരങ്ങത്തേക്കു കൊണ്ടുവന്നുവെന്നു മാത്രമല്ല ചെങ്കൊടി കൈയിലും സാധനങ്ങള്‍ പൊതുവുടമയിലാക്കണമെന്ന ആവശ്യം നാവിന്‍തുമ്പത്തുമുള്ള ആധുനികതൊഴിലാളിവര്‍ഗത്തിന്റെ പ്രാരംഭകരെക്കൂടി അവരുടെ പിന്നാലെ രംഗത്തിറക്കി.... അതിന്റെ ഭാസുരരൂപങ്ങളുടെ മുമ്പില്‍ മധ്യയുഗത്തിന്റെ പ്രേതങ്ങള്‍ തിരോധാനം ചെയ്തു. ഇറ്റലിയില്‍ കല സ്വപ്നത്തില്‍പോലും സങ്കല്‍പ്പിക്കാനാവാത്തവണ്ണം തഴച്ചുവളര്‍ന്നു... ഇറ്റലിയിലും ഫ്രാന്‍സിലും ജര്‍മനിയിലും പുതിയൊരു സാഹിത്യം ഉയര്‍ന്നുവന്നു. അതായിരുന്നു ആദ്യത്തെ ആധുനികസാഹിത്യം.... പഴയ ലോകത്തിന്റെ സീമകള്‍ ഭേദിക്കപ്പെട്ടു... മനുഷ്യമനസ്സുകളുടെമേല്‍ പള്ളിക്കുണ്ടായിരുന്ന സര്‍വാധിപത്യം തകര്‍ക്കപ്പെട്ടു... സ്വതന്ത്രചിന്തയുടെ ഉന്മേഷദായകമായ ഒരു ചൈതന്യം കൂടുതല്‍ കൂടുതല്‍ വേരൂന്നി.... മാനവരാശി അതുവരെ കണ്ടിട്ടുള്ളതില്‍വച്ച് ഏറ്റവും മഹത്തായ പുരോഗമന വിപ്ലവമായിരുന്നു അത്. അതികായന്മാരെ-ചിന്താശക്തിയിലും വികാരപരതയിലും സ്വഭാവബലത്തിലും സാര്‍വത്രികതയിലും പാണ്ഡിത്യത്തിലും അതികായന്മാരായിട്ടുള്ളവരെ ആവശ്യമായി വരികയും സൃഷ്ടിക്കുകയും ചെയ്ത ഒരു കാലമായിരുന്നു അത്. ബൂര്‍ഷ്വാസിയുടെ ആധുനികവാഴ്ചക്ക് അടിത്തറയിട്ടവരെ ബൂര്‍ഷ്വാപരിമിതികള്‍ തൊട്ടുതീണ്ടിയിരുന്നില്ല. നേരെമറിച്ച് ആ കാലഘട്ടത്തിന്റെ സാഹസിക സ്വഭാവം അവരെ വിവിധ തോതുകളില്‍ ആവേശംകൊള്ളിക്കുകയാണ് ചെയ്തത്. വിപുലമായി സഞ്ചരിക്കുകയും നാലഞ്ചു ഭാഷകള്‍ സംസാരിക്കുകയും പല രംഗങ്ങളിലും ശോഭിക്കുകയും ചെയ്യാത്തവരായിട്ടാരുംതന്നെ അന്ന് ജിവിച്ചിരുന്ന പ്രമുഖന്മാരുടെ കൂട്ടത്തിലുണ്ടായിരുന്നില്ലെന്നു പറയാം.'' (പ്രകൃതിയുടെ വൈരുദ്ധ്യാത്മകത, പ്രോഗ്രസ് പബ്ളിഷേഴ്സ്, മോസ്കോ, 1983. മുഖവുര 24-26).

ഈ നവോത്ഥാനത്തിന്റെ സന്ദേശം ഇന്ത്യയിലേക്ക് കടന്നുവരുന്നത് ബ്രിട്ടീഷുകാരുടെ വരവോടെ ആണെന്നു പറയാം. റെയില്‍-റോഡ് ഗതാഗതപരിഷ്കരണം, വന്‍കിട വ്യവസായങ്ങളുടെ ആവിര്‍ഭാവം, ആധുനിക വിദ്യാഭ്യാസ വ്യാപനം എന്നിവ നാളതുവരെ നിലനിന്നിരുന്ന ഭൂമി-ജാതികേന്ദ്രിതമായ ഇന്ത്യന്‍ ഫ്യൂഡലിസത്തെ -ഇന്ത്യന്‍ ചാതുര്‍വര്‍ണ്യവ്യവസ്ഥയെ- അതുപോലെ തുടരാന്‍ സാധ്യമല്ലാതാക്കി. പുതിയ തൊഴിലാളിയും മുതലാളിയും വ്യവസായങ്ങളും ഇന്ത്യയുടെ സമ്പദ്ഘടനയെയും മാറ്റിമറിച്ചു. തദ്ദേശീയമായ ദാര്‍ശനിക ധാരകളുടെ പിന്തുണയോടെ ആരംഭിച്ച മനുഷ്യകേന്ദ്രിതമായ നവോത്ഥാന പ്രസ്ഥാനങ്ങള്‍ പുതിയ സാഹചര്യത്തില്‍ ഇംഗ്ളീഷ് വിദ്യാഭ്യാസത്തിന്റെ ഊര്‍ജമുള്‍ക്കൊണ്ടുകൊണ്ട് കൂടുതല്‍ ശക്തിപ്പെട്ടു.

ഇന്ത്യയില്‍ രൂപപ്പെട്ട നവോത്ഥാന പ്രസ്ഥാനത്തിന്റെ ചരിത്രമെഴുതിയവര്‍ 'ട്രാന്‍സിഷണല്‍' എന്നും 'അക്കല്‍ച്ചറേറ്റീവ്' എന്നും രണ്ട് ധാരകളെ തിരിച്ചറിയുന്നുണ്ട്. ഇന്ത്യന്‍ പശ്ചാത്തലത്തില്‍ തദ്ദേശീയമായ ദാര്‍ശനികധാരകളെ ഊര്‍ജസ്രോതസ്സാക്കി രൂപപ്പെട്ട നവോത്ഥാനധാരകളെ ട്രാന്‍സിഷണല്‍ എന്നും കൊളോണിയല്‍ പശ്ചാത്തലമുള്ള പാശ്ചാത്യസിദ്ധാന്തങ്ങളെ പിന്‍പറ്റിക്കൊണ്ട് രൂപപ്പെട്ട നവോത്ഥാനധാരകളെ അക്കല്‍ച്ചറേറ്റീവ് എന്നും പറയുന്നു. ഈ രണ്ടു ധാരകളും ഇടകലര്‍ന്നുകൊണ്ടാണ് അവസാന ഘട്ടത്തില്‍ ഇന്ത്യന്‍ നവോത്ഥാനം മുന്നോട്ടുപോയത്. എന്നാല്‍ സമൂഹത്തിന്റെ അധികാരഘടനയെയും സാമ്പത്തികഘടനയെയും അടിമുടി ഉടച്ചുവാര്‍ക്കുവാന്‍ ബാധ്യതപ്പെട്ട (യൂറോപ്പില്‍ അതാണ് ബൂര്‍ഷ്വാ ജനാധിപത്യവിപ്ലവം സാക്ഷാല്‍കരിച്ചത്) പുതിയ മുതലാളിത്തം ഇന്ത്യയില്‍, എന്നാല്‍, ദൌത്യം പൂര്‍ണമാക്കിയില്ല.

മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, ബ്രിട്ടീഷ് ഭരണാധികാരികള്‍ ഇന്ത്യന്‍ മുതലാളിത്ത വ്യവസ്ഥയുടെ വളര്‍ച്ചക്ക് വഴിയൊരുക്കിയെങ്കിലും അധികാരം നിലനിര്‍ത്തുന്നതിനുവേണ്ടി അവര്‍ ഇന്ത്യന്‍ ഫ്യൂഡലിസവുമായി സന്ധിചെയ്യുകയാണുണ്ടായത്. പിന്നീട് ഇന്ത്യന്‍ സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ പരിസമാപ്തിയെന്ന നിലയില്‍ ബ്രിട്ടീഷ് ബൂര്‍ഷ്വാസിയില്‍നിന്ന് ഇന്ത്യന്‍ ബൂര്‍ഷ്വാസിയിലേക്ക് അധികാരം കൈമാറിയെങ്കിലും പുത്തന്‍ ഭരണാധികാരികളായി രംഗമേറിയ ഇന്ത്യന്‍ ബൂര്‍ഷ്വാസിയും ഇന്ത്യയില്‍ ബൂര്‍ഷ്വാ ജനാധിപത്യ വിപ്ലവത്തിന്റെ കടമകള്‍ പൂര്‍ത്തീകരിക്കുന്നതില്‍ ഒരു താല്‍പ്പര്യവും കാണിച്ചില്ല. മാത്രമല്ല. ബ്രിട്ടീഷ് ഭരണാധികാരികളെപ്പോലെ അവരും ഇന്ത്യന്‍ ഭൂപ്രഭുത്വവുമായി -ജാതി ജന്മി നാടുവാഴി മേധാവിത്വവുമായി - രമ്യമായ ഒത്തുതീര്‍പ്പിന് വ്യാപൃതരാവുകയാണ് ചെയ്തത്.

ഇ എം എസ് രേഖപ്പെടുത്തുന്നു: "പാശ്ചാത്യരാജ്യങ്ങളിലെയും ഇന്ത്യയിലെയും നവോത്ഥാന പ്രസ്ഥാനങ്ങള്‍ തമ്മില്‍ മൌലികമായ ഒരു വ്യത്യാസമുണ്ടായിരുന്നു. സാമൂഹികവും സാംസ്കാരികവുമെന്നപോലെ രാഷ്ട്രീയംകൂടിയായ ഒരു പ്രസ്ഥാനമായിരുന്നു പാശ്ചാത്യരാജ്യങ്ങളിലെ നവോത്ഥാനം. 1649 ലെ ഇംഗ്ളീഷ് വിപ്ലവം, 1789 ലെ ഫ്രഞ്ച് വിപ്ലവം, അതിനേതാനും വര്‍ഷംമുമ്പ് അമേരിക്കയില്‍ നടന്ന സ്വാതന്ത്ര്യസമരവും ആദ്യത്തെ ഫ്രഞ്ച് വിപ്ലവത്തെത്തുടര്‍ന്ന് യൂറോപ്പിലാകെനടന്ന വിപ്ലവങ്ങളും ഇതെല്ലാം പാശ്ചാത്യരാജ്യങ്ങളിലെ നവോത്ഥാനത്തിന്റെ ഭാഗമാണ്. ഇന്ത്യയിലാകട്ടെ രാംമോഹനെപ്പോലുള്ള നവോത്ഥാന നേതാക്കളുടേതിന്റെ അടുത്ത തലമുറക്കാര്‍ മാത്രമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് രൂപംനല്‍കിയത്. ആ സംഘടനയുടെതന്നെ ആദ്യഘട്ടത്തില്‍ ബ്രിട്ടീഷ് ചക്രവര്‍ത്തിയുടെ മുമ്പില്‍ നിവേദനങ്ങള്‍ സമര്‍പ്പിക്കുന്ന ഒരു സംഘടനയായി അതു തുടര്‍ന്നു. ആദ്യം തിലകനെപ്പോലുള്ളവരുടെയും പിന്നീട് ഗാന്ധിജിയുടെയും നേതൃത്വത്തിലാണ് ദേശീയ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ഒരു ബഹുജനപ്രസ്ഥാനം ഉയര്‍ന്നുവന്നത്. അപ്പോഴും അത് ബഹുജന വിപ്ലവപ്രസ്ഥാനമായിരുന്നില്ല.... (അതുകൊണ്ടുതന്നെ) നവോത്ഥാനനായകന്മാര്‍ സാംസ്കാരികവും സാമൂഹ്യ പരിഷ്കാരപരവുമായ പ്രസ്ഥാനങ്ങളില്‍ ഒതുങ്ങിനിന്നു.'' (ഇ എം എസ്സിന്റെ ഡയറി, ചിന്ത പബ്ളിഷേഴ്സ്, തിരുവനന്തപുരം, ഒന്നാം വാള്യം 1996. പുറം. 226-27)

അതുകൊണ്ടുതന്നെ, മാറ്റത്തിന്റെ സന്ദേശവാഹകരായ ജനവിഭാഗങ്ങള്‍ക്ക് ഇന്ത്യന്‍ സാഹചര്യത്തില്‍ ചെയ്തുതീര്‍ക്കാനുള്ള കടമകള്‍ ഏറെയത്രെ. ഫ്യൂഡല്‍ ഭൂപ്രഭുത്വത്തോടും ഈശ്വരകേന്ദ്രിതമായ അതിന്റെ മൂല്യങ്ങളോടും മാത്രമല്ല, സാമ്രാജ്യത്വത്തോടും അതിന്റെ മൂല്യങ്ങളോടുംകൂടി പടപൊരുതി മുന്നേറിയ ഇന്ത്യന്‍ നവോത്ഥാനത്തിന്റെ യഥാര്‍ഥശക്തിയെ മുന്നോട്ടു നയിക്കുക എന്ന ബാധ്യത സാക്ഷാത്കരിക്കുമ്പോള്‍ മാത്രമേ ഇന്ത്യന്‍ നവോത്ഥാനം അതിന്റെ യഥാര്‍ഥ തനിമയില്‍ ജനകീയമാകുകയുള്ളു.

*
ഡോ. ധര്‍മരാജ് അടാട്ട് കടപ്പാട്: ദേശാഭിമാനി വാരിക

Sunday, October 25, 2009

സ്ത്രീകളുടെ പൊതുഇടങ്ങള്‍ ഉണ്ടാവുന്നത്

സ്ത്രീകളും പൊതുഇടവും ചര്‍ച്ചചെയ്യുമ്പോഴൊക്കെ പല സംശയങ്ങളും സമൂഹത്തിലുദിക്കുന്നു.സ്ത്രീകള്‍ക്ക് പൊതുഇടങ്ങളില്‍ ഇടപെടാന്‍ കഴിയുമോ? അവരാണോ ഇത് ചെയ്യേണ്ടത്? അവര്‍ ഇടപെട്ടാല്‍ ശരിയാകുമോ? അത്രക്ക് വേണോ? എന്നിങ്ങനെ ആശങ്കകള്‍ കാലങ്ങളായി സമൂഹത്തില്‍ പങ്കുവയ്ക്കപ്പെടുന്നു.

സ്ത്രീകള്‍ക്ക് ഇടപെടാന്‍ കഴിയും, അവര്‍തന്നെയാണ് ഇടപെടേണ്ടത്. അവര്‍ ഇടപെട്ടാല്‍ ശരിയാകും. ഇതിലപ്പുറം ആവാം. എന്ന് നിശ്ചയദാര്‍ഢ്യത്തോടെ പ്രോത്സാഹിപ്പിക്കുന്നവര്‍, അംഗീകരിക്കുന്നവര്‍ ചുരുക്കം. എന്തുകൊണ്ട് ചെയ്തുകൂടാ എന്ന ചോദ്യം അംഗീകാരത്തില്‍ അന്തര്‍ലീനമാണ്. മാറ്റങ്ങള്‍ കാംക്ഷിക്കാത്ത, അടഞ്ഞ ചിന്തയോടുകൂടിയ യാഥാസ്ഥിതികത്വത്തിന് ആശങ്കയേ മുതലായുള്ളൂ. അഭിപ്രായഭിന്നതയുടെ മറ്റൊരു സ്വരമായ ആശങ്കക്ക് ഒരു നിഷേധരൂപമാണുള്ളത്. മൂടിയ മനസ്സിന്റെ, ചിന്തയുടെ രൂപം.

പ്രോത്സാഹനത്തിന്റെയും അംഗീകാരത്തിന്റെയും അര്‍ഥം 'പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്നു, പരിഹരിക്കേണ്ടതാണ്, അതിനുള്ള വിട്ടുവീഴ്ചകള്‍ക്ക് തയാറാണ്.'എന്ന സ്വയപ്രഖ്യാപനമാണ്. (വിട്ടുവീഴ്ചകള്‍ എത്രത്തോളം എന്നത് ചര്‍ച്ചചെയ്യപ്പെടേണ്ടതാണ്) അടച്ചുപൂട്ടിയ മനസ്സ് ഒരിക്കലും വിട്ടുവീഴ്ചക്ക് തയാറല്ല. കേരളത്തില്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല ഇത്തരം ആശങ്കകള്‍. കേരള സമൂഹത്തിന്റെ പുരോഗതിയെ പിന്നോട്ട് വലിക്കാന്‍ ഇത്തരം യാഥാസ്ഥിതിക ആശങ്കകള്‍ കൂട്ടുനിന്നിട്ടുണ്ട്. 1920-കളില്‍ത്തന്നെ, പൊതുഇടത്തിലെ സ്ത്രീയുടെ സാന്നിധ്യത്തെക്കുറിച്ച് ചര്‍ച്ചചെയ്യുമ്പോള്‍തന്നെ, പൊതുഇടം എന്താവണം? എങ്ങനെയാവണം? എന്നീ കാര്യങ്ങളും ചര്‍ച്ച ചെയ്തിരുന്നു. ഇത്തരത്തിലൊരു ചര്‍ച്ചക്ക് കാരണംതന്നെ സാമൂഹ്യപരിഷ്കരണ പ്രസ്ഥാനത്തിലും ദേശീയപ്രസ്ഥാനത്തിലും വിദ്യാസമ്പന്നരായ സ്ത്രീകളെ കണ്ടുതുടങ്ങിയതുകൊണ്ടാണ്. വിദ്യാഭ്യാസം സ്ത്രീകള്‍ക്ക് അന്ന് ഒരു വിമോചനശക്തി (liberating force) യായിരുന്നുവെങ്കിലും വിദ്യാഭ്യാസം എന്തിനുവേണ്ടിയായിരുന്നു പില്‍ക്കാലത്ത് ഉപയോഗിക്കപ്പെട്ടത് എന്നതും ചര്‍ച്ചചെയ്തുവരുന്നുണ്ട്. (സാമൂഹ്യപരിഷ്കരണത്തിലെ സ്ത്രീപക്ഷ ചര്‍ച്ചകളും വിദ്യാഭ്യാസവും , 'പുതിയതരം വീട്ടമ്മ'യെ നിര്‍മിച്ച രീതിയെക്കുറിച്ച് ചര്‍ച്ചകളും പഠനങ്ങളും പുനര്‍വായനകളും നടക്കുന്നുണ്ട്.)

സാമൂഹ്യപരിഷ്കരണ പ്രസ്ഥാനത്തില്‍ തുടങ്ങിയ ചര്‍ച്ചകള്‍ സാമുദായിക പരിഷ്കരണത്തിലേക്കും, ആധുനികതയിലേക്കുമുള്ള വഴിതെളിയിച്ചു. വിവാഹം -കുടുംബം -കുടുംബ ബന്ധങ്ങള്‍, ഉല്‍പ്പാദന ബന്ധങ്ങള്‍ എന്നിവയില്‍ പരസ്പര ബന്ധിതമായിരുന്ന കേരളസമൂഹത്തില്‍ ജാതിശ്രേണിയും ജന്മിത്വവും സാമുദായികമായി സൃഷ്ടിക്കപ്പെട്ട സ്വകാര്യഇടങ്ങളും ചോദ്യംചെയ്യപ്പെട്ടു. മരുമക്കത്തായത്തില്‍നിന്ന് മക്കത്തായത്തിലേക്കും, ആളോഹരിഭാഗം, കുടുംബ റഗുലേഷന്‍, കൂട്ടുകുടുംബവ്യവസ്ഥിതിയുടെ തകര്‍ച്ച എന്നിവയിലേക്കും നയിച്ചു. വിട്ടുവീഴ്ചകള്‍ക്ക് തയാറായ പുരോഗമനവാദികളുടെ നേതൃത്വത്തില്‍ത്തന്നെയാണ് മാറ്റമുണ്ടായത്. അതില്‍ സ്ത്രീകളും പുരുഷന്മാരുമുണ്ടായിരുന്നു. 16-ാം നൂറ്റാണ്ടിലെഴുതപ്പെട്ട ഉദയംപേരൂര്‍ സുന്നഹദോസില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കാത്തതുകൊണ്ട് ക്രൈസ്തവരുടെയിടയിലും, സാമൂഹ്യ പരിഷ്കരണം നടക്കാത്തതുകൊണ്ട് മുസ്ളിങ്ങളുടെയിടയിലും മാറ്റങ്ങള്‍ പരിമിതമായിരുന്നു.

വിദ്യാഭ്യാസം നേടിയ പുതിയ മധ്യവര്‍ഗമാണ് ദേശീയപ്രസ്ഥാനത്തിന് നേതൃത്വം കൊടുത്തത്. പലരും വിമന്‍സ് ക്രിസ്ത്യന്‍കോളേജിലും മദിരാശി ക്രിസ്ത്യന്‍കോളേജിലും പഠിച്ചവരായിരുന്നു. ഗാന്ധിയന്‍ ആദര്‍ശങ്ങളാലാകര്‍ഷിക്കപ്പെട്ട് ദേശീയപ്രസ്ഥാനത്തിലെത്തിയ ഭൂരിപക്ഷംപേരുടെയും കുടുംബാംഗങ്ങള്‍ അച്ഛനോ, സഹോദരനോ, ഭര്‍ത്താവോ, അമ്മാവനോ, പ്രസ്ഥാനത്തില്‍ സജീവമായി നിലനിന്നിരുന്നതിനാലാണ് സ്ത്രീകള്‍ രംഗത്തുവന്നത് (അന്ന് അത്രമാത്രമേ സാധ്യമായിരുന്നുള്ളൂ) അത് എ വി കുട്ടിമാളുഅമ്മയായാലും, സ്വര്‍ണകുമാരി മേനോനായാലും, വേര്‍ക്കോട്ട് നാരായണിയമ്മയായാലും, കമലാ നമ്പീശനായാലും, ആനക്കര വടക്കത്ത് സുശീലാമ്മയായാലും....

ഗാന്ധിജിയുടെ ആഹ്വാനമനുസരിച്ച് സ്ത്രീകള്‍ രംഗത്തിറങ്ങിയപ്പോഴും, ഗാര്‍ഹികചിന്തയോ, അന്തരീക്ഷമോ വിടാന്‍ ഗാന്ധിജി 'അനുവദിച്ചി'രുന്നില്ല. അനുവദിക്കാത്തതുകൊണ്ടാണ് ഗാന്ധിജിയുടെ കൂടെ സ്ത്രീകളെ രംഗത്തിറക്കാന്‍ കുടുംബാംഗങ്ങള്‍ തയാറായത്. രാഷ്ട്രീയബോധത്തെക്കാളേറെ വിശ്വാസമായിരുന്നു അവരെ നയിച്ചത് എന്ന് (സുജാതാപട്ടേല്‍) വിലയിരുത്തുന്നു. പുതിയ രാഷ്ട്രത്തിന് പറ്റിയ പുതിയ വനിത എന്ന ഗാന്ധിജിയുടെ സങ്കല്‍പ്പത്തില്‍ വീടുവിട്ടുപോരുന്ന കുടുംബത്തിന് രണ്ടാംസ്ഥാനം കൊടുക്കുന്നു. സ്ത്രീകള്‍ ഇല്ലായിരുന്നു എന്ന് (കരുണാ മനാന, അപര്‍ണാ ബസു എന്നിവരുടെ പഠനം gender & nation) ചൂണ്ടിക്കാണിക്കുന്നുണ്ട്. വിദ്യാര്‍ഥി കോണ്‍ഗ്രസിലൂടെ ദേശീയസമരത്തിലേക്ക് വന്നവര്‍ 'പ്രഭാതഭേരി'യില്‍ പങ്കെടുക്കുമ്പോഴും, ഖാദിപ്രചാരണം നടത്തുമ്പോഴും, സദാചാര, കുടുംബമൂല്യങ്ങളെ മറന്നിട്ടില്ല. ചര്‍ക്ക നൂല്‍ക്കാന്‍ പഠിപ്പിക്കുമ്പോഴും സ്ത്രീകളുടെ 'തൊഴിലായി' ഗാന്ധിജി അതിനെ കണ്ടിട്ടില്ല. പകരം 'ഒഴിവുസമയ സാമ്പത്തിക വരുമാന മാര്‍ഗമായി മാത്രമാണ് കണ്ടിരുന്നത് -ഇക്കാരണങ്ങളാല്‍ സ്വതന്ത്രവ്യക്തിത്വമുള്ള, രാഷ്ട്രീയബോധമുള്ള സാമൂഹ്യവ്യക്തിയെ സൃഷ്ടിച്ചെടുക്കാന്‍ ഗാന്ധിജിക്കോ, ദേശീയപ്രസ്ഥാനത്തിനോ സാധിച്ചിട്ടില്ല- ദേശീയപ്രസ്ഥാനത്തിലൂടെ സ്ത്രീകള്‍ രംഗത്തുവന്നതിനെ നിഷേധിക്കുകയോ, കുറച്ചുകാണുകയോ അല്ല പകരം, താല്‍ക്കാലികമായി സൃഷ്ടിച്ച ഒരു വേദി മാത്രമായിരുന്നു, ദേശീയപ്രസ്ഥാനത്തിലൂടെ നടന്നത് എന്നുമാത്രമേ ഉദ്ദേശിക്കുന്നുള്ളൂ. ഗാന്ധിജി മുന്നോട്ടുവച്ച 'ദേശപൂജ' , 'ശക്തിസ്വരൂപണി', 'സീത' സങ്കല്‍പ്പങ്ങള്‍ എത്രമാത്രം മതപരത വളര്‍ത്തി എന്നും അത് ഹരിജനോദ്ധാരണം എന്നതിലൂടെ എങ്ങനെ പുറത്തേക്ക് വന്നു എന്നതിനെക്കുറിച്ചും സുജാതപട്ടേലും, ലതാസിങ്ങും വ്യക്തമാക്കിയിട്ടുണ്ട്.

മറിച്ച്, കര്‍ഷകതൊഴിലാളി -തൊഴിലാളി സംഘടനകളിലൂടെ സ്വാഭാവികമായിവന്ന സ്ത്രീകള്‍ക്ക്, അവരുടെ നിലനില്‍പ്പ് പ്രശ്നമായിരുന്നു. വിദ്യാഭ്യാസപരമായി പിന്നോക്കാവസ്ഥ നിലനിന്നപ്പോഴും, അധ്വാനശേഷി കൈമുതലായിരുന്ന തൊഴിലാളി സ്ത്രീകളുടെ പോരാട്ടങ്ങള്‍, അവരുടെ ജീവിതാ നുഭവങ്ങളുടെ അടിസ്ഥാനത്തില്‍ രൂപംകൊണ്ട കാഴ്ചപ്പാടുകളുടെ ഫലമായി അവര്‍ സ്വയം സൃഷ്ടിച്ചെടുത്തവയായിരുന്നു. ഈ കാഴ്ചപ്പാട് ഭൌതികമായ നിലനില്‍പ്പുമായി ബന്ധപ്പെട്ടതായിരുന്നു. ഇതിന്റെ കൂടെ ലഭിച്ച രാഷ്ട്രീയ വിദ്യാഭ്യാസം അവരെ കൂടുതല്‍ ശക്തരാക്കി. ഉല്‍പ്പാദനത്തില്‍ നേരിട്ട് ഏര്‍പ്പെട്ടിരുന്നവര്‍ എന്ന രീതിയിലുണ്ടായിവന്ന രാഷ്ട്രീയബോധം, ഭക്ഷ്യക്ഷാമം, യുദ്ധം, ജന്മിയുടെ ദ്രോഹനടപടികള്‍ എന്നീ രാഷ്ട്രീയസാമൂഹ്യപ്രശ്നങ്ങളിലൂടെ മാറ്റത്തിന്റെ അനിവാര്യത ഊട്ടിയുറപ്പിച്ചതുകൂടാതെ, 'ജന്മിത്തം തുലയേണ്ടത് അവരുടെ ജീവിതത്തിന്റെ- നിലനില്‍പ്പിന്റെ അത്യന്താപേക്ഷിത ഘടകവുമായിരുന്നതുകൊണ്ടുതന്നെ രാഷ്ട്രീയപങ്കാളിത്തമുള്ള പ്രവര്‍ത്തനത്തില്‍ ഏതുതരം വിട്ടുവീഴ്ചക്കും പരസ്പരം തയാറായിരുന്നു. ഇത്തരത്തിലുള്ള വിട്ടുവീഴ്ചകള്‍ കുടുംബത്തിനുള്ളില്‍, സമൂഹത്തില്‍, അയല്‍ക്കാരുമായുള്ള ഇടപെടലുകളിലൊക്കെ പ്രകടമായിരുന്നു.
വിട്ടുവീഴ്ചകള്‍ സമൂഹത്തില്‍ നടന്നപ്പോള്‍ത്തന്നെ വ്യക്തിപരമായി ലഭിച്ച രാഷ്ട്രീയനിലപാടില്‍നിന്നുകൊണ്ട്, മിശ്രവിവാഹങ്ങളും ലളിതവിവാഹങ്ങളും 'കമ്യൂണിസ്റ്റ് വിവാഹങ്ങള്‍' എന്ന പേരില്‍ നടത്തുവാന്‍ തയാറായതില്‍ സ്ത്രീകളുടെ പങ്ക് സ്തുത്യര്‍ഹമാണ്. മയ്യിലില്‍ കൃഷ്ണന്‍ മാസ്റ്ററെ പൊലീസ് പിടിച്ചുകൊണ്ടുപോയി ജയിലിലടച്ചപ്പോള്‍, കിഴക്കേവീട്ടില്‍ ലക്ഷ്മിയുടെ പ്രശ്നങ്ങള്‍ വ്യത്യസ്തമായിരുന്നു. ജീവിക്കണം, ആറുമാസം പ്രായമായ കുഞ്ഞിന് മുലയൂട്ടാനുള്ള ശേഷി ശരീരത്തില്‍ വേണമെങ്കില്‍ ആഹാരം കഴിക്കണം. പണിയെടുത്തേ തീരൂ! അയല്‍ക്കാരുടെ പക്കല്‍ കുട്ടിയെ നോക്കാനേല്പിച്ച് കാഞ്ഞങ്ങാട്ടേക്ക് പണിക്കു പോകുന്ന ലക്ഷ്മിയുടെ അനുഭവമല്ല, ജയിലില്‍ത്തന്നെ കിടന്നിരുന്ന സുശീലാമ്മക്ക്. സുശീലാമ്മ ജയില്‍വാര്‍ഡനോട്, ടെന്നികോയ്റ്റ് കളിക്കുവാന്‍ സംവിധാനമൊരുക്കിത്തരുവാന്‍ ആവശ്യപ്പെട്ടപ്പോള്‍, ജയിലിനു പുറത്തുള്ള ലക്ഷ്മിയുടെ അനുഭവം വ്യത്യസ്തമാണ്. കുടുംബം പോറ്റാനുള്ള ചുമതല സ്ത്രീകള്‍ സ്വയം ഏറ്റെടുക്കുകയായിരുന്നു- നാട്ടുകാരുടെ സഹകരണവും കുടുംബക്കാരുടെ, ബന്ധുക്കളുടെ വീട്ടുവീഴ്ചയും ഇവിടെ പ്രസക്തമാണ്. സ്ത്രീകള്‍ക്ക് രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കിയാല്‍ ഗ്രാമങ്ങളില്‍ വിപ്ളവപ്രസ്ഥാനങ്ങള്‍ക്ക് ശക്തി കൂടുമെന്നത് വസന്താ കണ്ണബിരാന്‍ തെലുങ്കാനാ സമരത്തെക്കുറിച്ചു പറയുമ്പോഴും സൂചിപ്പിക്കുന്നു. ഇത് കേരളത്തിലെ മാത്രം അവസ്ഥയായിരുന്നില്ല എന്നര്‍ഥം.
വടക്കേ മലബാറില്‍ വായനശാലകള്‍ കേന്ദ്രീകരിച്ച് നടത്തിയിരുന്ന രാഷ്ട്രീയ വിദ്യാഭ്യാസം സ്ത്രീകള്‍ക്ക് വായനശാല അന്യമായ ഇടമായിരുന്നില്ല എന്ന് സൂചിപ്പിക്കുന്നതാണ്. നവജീവന്‍ വായനശാല എരഞ്ഞോളി, വേലന്‍ ലൈബ്രറി മയ്യില്‍, ഹര്‍ഷന്‍ ലൈബ്രറി കല്യാശ്ശേരി എന്നിവ കത്തിച്ചു ചാമ്പലാക്കിയ ഭരണകൂടം ഇത്തരം പൊതുഇടങ്ങളെയും നശിപ്പിക്കയായിരുന്നു. ഇതിനെയെല്ലാം അതിജീവിച്ച് പുല്ലുപറി സമരം, മങ്ങുപറി സമരം, തോല്‍വിറകു സമരം, വിളകൊയ്തു സമരം, നെല്ലെടുക്കല്‍ സമരം, കലംകെട്ടു സമരം എന്നിങ്ങനെ പ്രാദേശികമായ ചെറുത്തു നില്പുകള്‍ സ്ത്രീകള്‍ തുടര്‍ച്ചയായി നടത്തിക്കൊണ്ടിരുന്നു. പ്രാദേശികമായിട്ടാണ് സ്ത്രീകള്‍ കൂടുതല്‍ സജീവമായിരുന്നത്. തൊഴിലുമായി ബന്ധപ്പെട്ട് ദൂരദേശങ്ങളിലേക്ക് പോകാന്‍ കഴിയാത്തതും, പലപ്പോഴും പുരുഷന്മാര്‍/ചിലപ്പോഴെങ്കിലും സ്ത്രീകളും തടവിലായിരുന്നതുകൊണ്ടും, പ്രാദേശികമായ ഇടപെടലുകള്‍ മാത്രമെ അവര്‍ക്ക് സാധ്യമായിരുന്നുള്ളു. സാംസ്കാരിക രംഗത്തും ഇവര്‍ ഇടപെട്ടിരുന്നു. ഏഴുപേരടങ്ങുന്ന സ്ത്രീനാടക വേദിക്ക് രൂപം കൊടുക്കുകയും അവര്‍ക്കറിയുന്ന നടീല്‍പാട്ടിന്റെ ശൈലിയില്‍ വിപ്ളവഗാനങ്ങള്‍ ഇവര്‍ നെയ്തെടുക്കുകയും പ്രചരിപ്പിക്കയും ചെയ്തിരുന്നു. ബീഡി തൊഴിലാളികള്‍, കൈത്തറി തൊഴിലാളികള്‍, കയര്‍ തൊഴിലാളികള്‍, ട്രേഡ് യൂണിയനുകള്‍ എന്നിങ്ങനെ സ്ത്രീകള്‍ പൊതുഇടം കൈയടക്കിയിരുന്ന ഒരു കാലഘട്ടമായിരുന്നു അത്.

പട്ടിണിജാഥയിലും പിടിയരി സമരത്തിലും പങ്കെടുത്ത് അവര്‍ ചെയ്തതും വീടുവീടാന്തരം കയറി രാഷ്ട്രീയ പ്രചാരണം നടത്തുകയും സ്ത്രീകളുടെയിടയില്‍ രാഷ്ട്രീയബോധം ഉണ്ടാക്കുകയുമായിരുന്നു. ഈ പ്രക്രിയയില്‍, കുടുംബം മൊത്തത്തിലും, ഭര്‍ത്താവുള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ വീട്ടുവീഴ്ചക്ക് തയാറായിരുന്നു എന്നത് ശ്രദ്ധേയമാണ്. ലിംഗജനാധിപത്യം രൂപം കൊള്ളുന്നു എന്നതിന്റെ സൂചനയായിരുന്നു ഇത്.

ലഭ്യമായ വായനശാലകളും വയലേലകളും, പാര്‍ടി യോഗങ്ങളും ചര്‍ച്ചാക്ളാസുകളും മഹിളാസംഘങ്ങളുമൊക്കെ ഉപയോഗിച്ച് അവര്‍ പൊതുഇടങ്ങള്‍ സൃഷ്ടിച്ചെടുക്കുകയായിരുന്നു. ഇത്തരത്തില്‍ കേരളത്തില്‍ സൃഷ്ടിച്ചെടുത്ത പൊതുഇടങ്ങളെ ചരിത്രത്തില്‍നിന്ന് മായ്ച്ചുകളയാനാവില്ല. അതായത് ഇന്ത്യ സ്വാതന്ത്യ്രം നേടുമ്പോള്‍, കേരളത്തില്‍ തൊഴിലാളിവര്‍ഗത്തിനിടയില്‍ ഇത്തരത്തിലുള്ള ജനാധിപത്യബോധം ഉണ്ടായിരുന്നു എന്നുവേണം കരുതാന്‍.

II

കേരളം നാല്‍പ്പത് വര്‍ഷങ്ങള്‍ക്കിടയില്‍ പല മാറ്റങ്ങള്‍ക്കും വിധേയമായി. ഫ്യൂഡല്‍ ബന്ധങ്ങളില്‍വന്ന മാറ്റം പുതിയ സാമ്പത്തിക ബന്ധങ്ങള്‍ക്കു വഴിതെളിച്ചു. ഘടനാപരമായ പല മാറ്റങ്ങള്‍ക്കും കേരളം സാക്ഷ്യംവഹിച്ചു. മാറ്റങ്ങളുടെ ഒരു പരിണതഫലം കേരളത്തില്‍ മധ്യവര്‍ഗം വളര്‍ന്നുവന്നു എന്നതാണ്. പല രീതിയിലാണ് ഈ വളര്‍ച്ച സാധ്യമായത്. ഉല്പാദന മേഖലയായിരുന്ന ഭൂമി കൈമാറ്റമൂല്യമുള്ള റിയല്‍ എസ്റ്റേറ്റുകളായി മാറിയപ്പോഴുണ്ടായ ഏജന്റുമാര്‍, വിവാഹ കമ്പോളത്തില്‍ സമ്പത്ത് കൊയ്യുന്ന വിവാഹ ദല്ലാള്‍, കുടിയേറ്റ തൊഴിലാളികളെ പുറംനാടുകളിലേക്ക് കയറ്റി അയക്കുന്ന ഏജന്റുമാര്‍, സേവന വ്യവസായമായി മാറിയ ഹോം നേഴ്സിങ്, വീട്ടുജോലി എന്നിവയുടെ സ്ഥാപനങ്ങള്‍ നടത്തുന്ന ഏജന്റുമാര്‍, ബ്ളേഡ് കമ്പനിക്കാര്‍, ഗള്‍ഫ് കുടിയേറ്റക്കാരുടെ സാമ്പത്തിക വരുമാനത്തിലൂടെ മധ്യ വര്‍ഗികളായവര്‍, സേവന മേഖല വികസിച്ച് മധ്യവര്‍ഗികളായവര്‍, വിദ്യാഭ്യാസം നേടിയ പുതിയ തലമുറയില്‍നിന്നും സര്‍ക്കാരുദ്യോഗസ്ഥതയിലെ മധ്യവര്‍ഗികളായവര്‍ എന്നിങ്ങനെ പല രീതിയിലും. ഇത്തരത്തില്‍ വളര്‍ന്നുവന്ന മധ്യവര്‍ഗത്തിന്റെ സ്ത്രീസങ്കല്പം മുതലാളിത്ത പുരുഷമേധാവിത്വത്തെ ഊട്ടിയുറപ്പിക്കാന്‍ പാകത്തിലുള്ളതായിരുന്നു. ഉല്പാദകരായതുകൊണ്ട് രാഷ്ട്രീയബോധം നേടിയ തൊഴിലാളിവര്‍ഗം ഇവരുടെ അതിശക്തമായ ആശയ വാദത്തിന്റെ ഭാഗമായി മധ്യവര്‍ഗത്തിന്റെ സാംസ്കാരിക സാമ്പത്തിക രൂപങ്ങള്‍ ഉള്‍ക്കൊള്ളുകയും സ്വയം മധ്യവര്‍ഗമായി പ്രഖ്യാപിക്കാനും താല്പര്യപ്പെട്ടു.

പുതിയ ആഗോള ക്രമത്തില്‍ 'തൊഴിലിന്' പുതിയ മാനങ്ങളുണ്ടായി, നിര്‍വചനങ്ങളുണ്ടായി. വീട്ടമ്മവല്‍ക്കരണം വര്‍ധിച്ചു. തൊഴിലാളിസ്ത്രീകള്‍ കുറഞ്ഞു. ഒരു തൊഴിലില്‍നിന്നു മാത്രമുളള വരുമാനത്തില്‍ ജീവിതം ദുസ്സഹമായി. രണ്ടും മൂന്നും തരത്തിലുള്ള 'വ്യത്യസ്ത പണികള്‍' ചെയ്തുകൊണ്ടു മാത്രമെ വയറുനിറയ്ക്കാനുള്ള വകയുണ്ടാവൂ എന്നായി. മധ്യവര്‍ഗത്തിന്റെ അതിശക്തമായ ഒഴുക്കില്‍ രാഷ്രീയ വിദ്യാഭ്യാസത്തിന്റെ ഫലപ്രാപ്തി കുറഞ്ഞു. രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ സൃഷ്ടിച്ചെടുത്തിരുന്ന ജനാധിപത്യ മൂല്യങ്ങളുടെ പ്രസക്തി-ലിംഗജനാധിപത്യത്തിന്റെ പ്രസക്തി എന്നിവ പുതിയ തലമുറയ്ക്ക് ബോധ്യപ്പെടാതെയായി. അതേസമയം കുടുംബം മഹത്വവല്‍ക്കരിക്കപ്പെട്ടു. കൂടെ കുടുംബിനിയും. ഈ പുതിയ കുടുംബിനി, ഉല്പാദകയായിരുന്നില്ല, മറിച്ച് ഉപഭോക്താവുമാത്രമായിരുന്നു. സ്വാഭാവികമായും ആശ്രിതത്വം വര്‍ധിച്ചു.

സാക്ഷരതാ പ്രസ്ഥാനമാണ് പിന്നീടൊരു സാധ്യതയായിരുന്നത്. നിലനിന്ന മാമൂലുകള്‍ പൊട്ടിച്ച് അര്‍ധരാത്രിയിലും സഞ്ചരിച്ച് അക്ഷരം പഠിപ്പിക്കുന്ന ഒരു രീതി നിലവിലുണ്ടായത് നല്ലൊരു സാധ്യതയായിരുന്നു. എങ്കിലും ദേശീയ പ്രസ്ഥാനത്തിലുണ്ടായതുപോലെയുള്ള വേദിമാത്രമായിരുന്നതുകൊണ്ട്, സാക്ഷരത കഴിഞ്ഞതോടെ, എല്ലാവരും വീട്ടിലേക്കു മടങ്ങി. തുടര്‍ന്ന് പൊതുഇടം ഒരുക്കാന്‍ സാധ്യത കുറഞ്ഞു.
അതിന്റെ തുടര്‍ച്ചയായി, അതിനൊരു വേദിയൊരുക്കിയത് ജനകീയാസൂത്രണമായിരുന്നു. സ്ത്രീശാക്തീകരണവും, സ്ത്രീജന പ്രതിനിധികളുടെ ആവേശകരമായ ഇടപെടലുകളും കേരളത്തിന്റെ മുഖഛായതന്നെ മാറ്റുന്ന രീതിയില്‍ വളരാന്‍ സാധ്യതയുള്ളതായിരുന്നു. പൊതുരംഗമെന്നല്ല, പുരുഷന്മാര്‍ മാത്രം ഇടപെട്ടിരുന്ന മേഖലകള്‍ പലതും കൈയടക്കാനും, ഭരണരംഗത്തേയ്ക്കും അധികാര കേന്ദ്രത്തിലേയ്ക്കും എത്തിപ്പെടാനും സ്ത്രീകള്‍ക്ക് സാധ്യമായി. അന്നും ഇന്നത്തെ രീതിയില്‍ ആശങ്കകളുണ്ടായിരുന്നു, പ്രത്യേകിച്ച് യാഥാസ്ഥിതിക മൂലകളില്‍നിന്ന്. രണ്ടുതരത്തിലുള്ള സ്ത്രീകള്‍ സൃഷ്ടിക്കപ്പെട്ടു. ഇടപെടല്‍ സാധ്യതയുള്ളവരും ഗുണഭോക്താക്കളും. ഇടപെടല്‍ സാധ്യതയുണ്ടായവര്‍ക്ക് രാഷ്ട്രീയ അനുഭവജ്ഞാനമുണ്ടായിരുന്നു.

ഗുണഭോക്താക്കള്‍ പ്രത്യേകിച്ച് രാഷ്ട്രീയ കാഴ്ചപ്പാടില്ലാത്തവരായിരുന്നു. ഏത് രാഷ്ട്രീയ രംഗത്തേയ്ക്കും ചായാന്‍ സാധ്യതയുള്ള ഗുണഭോക്താക്കളുടെ പ്രശ്നം നിലനില്‍പ്പായിരുന്നു. അതായത്, കഴിഞ്ഞ കാലത്തില്‍, കര്‍ഷകത്തൊഴിലാളി പ്രസ്ഥാനങ്ങളില്‍ നിലനില്‍പ്പ് പ്രശ്നമായ സ്ത്രീകള്‍ രാഷ്ട്രീയ ബോധമുള്‍ക്കൊണ്ട് സംഘടിച്ചപ്പോള്‍, അതേ നിലനില്‍പ്പിന്റെ പ്രശ്നമുള്ള സ്ത്രീകള്‍, മാറിയ സാഹചര്യത്തില്‍, നിഷ്ക്രിയരായ, ഗുണഭോക്താക്കളായി അധഃപതിക്കുന്ന രീതിയാണ് കേരളം കണ്ടത്. ഇടപെടല്‍ സാധ്യതയുണ്ടായിരുന്നവര്‍ രാഷ്ട്രീയബോധമുള്‍ക്കൊണ്ട്, ശാക്തീകരിക്കപ്പെടുകയും പൊതുഇടങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു.

അപ്പോഴും നാം തിരിച്ചറിഞ്ഞത്-

1. കേരളത്തില്‍ പൊതുരംഗത്തെ സ്ത്രീകളുടെ സാന്നിധ്യത്തെക്കുറിച്ച് ചര്‍ച്ച നടന്നുവെന്നല്ലാതെ, കുടുംബത്തെ പൊതുരംഗത്തേക്കു കൊണ്ടുവരാനുള്ള ശ്രമംനടന്നില്ല.

2. കുടുംബത്തിന്റെ ഘടനാപരമായ മാറ്റങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നല്ലാതെ, അതിനകത്തുള്ള ലിംഗപരമായ തൊഴില്‍ വിഭജനത്തെക്കുറിച്ചോ, അതിന്റെ ആവശ്യകതയെക്കുറിച്ചോ ചര്‍ച്ച നടന്നില്ല.

3. കൂട്ടുകുടുംബ വ്യവസ്ഥിതിയില്‍നിന്ന് അണുകുടുംബങ്ങളിലേക്ക് മാറിയപ്പോള്‍, കൂട്ടുത്തരവാദിത്തത്തില്‍നിന്ന് വ്യക്തിയിലേക്ക് ഉത്തരവാദിത്തം മാറിയതിനെക്കുറിച്ച് ചര്‍ച്ച ചെയ്തില്ല- അതിന്റെ ഭാരം സ്ത്രീ ഒറ്റക്ക് താങ്ങുന്നതിനെക്കുറിച്ച് യാതൊരു അങ്കലാപ്പോ ആശങ്കയോ ഉണ്ടായില്ല.

4. മാറിയ ഈ വ്യവസ്ഥിതിയില്‍ കുടുംബത്തിനകത്തെ വ്യക്തിബന്ധങ്ങള്‍ പ്രത്യേകിച്ച് സ്ത്രീപുരുഷബന്ധങ്ങള്‍, അതിലുണ്ടാവേണ്ട പരസ്പരവിശ്വാസം, നീതി, ബഹുമാനം, പര്സപര അംഗീകാരം എന്നിവയോ, കുടുംബത്തിനകത്ത് ഉണ്ടാവേണ്ട ലിംഗജനാധിപത്യമോ, ചര്‍ച്ച ചെയ്യപ്പെട്ടില്ല.

കുടുംബത്തെ സ്വകാര്യ ഇടമാക്കി നിലനിര്‍ത്താതെ പൊതുഇടമാക്കി, പ്രശ്നവല്‍ക്കരിക്കാന്‍ ഇടതുപക്ഷംപോലും തയാറായില്ല. കഴിഞ്ഞ കാലങ്ങളില്‍ വളര്‍ന്നുവന്നിരുന്ന ജനാധിപത്യം, സെക്യുലര്‍ ജീവിതരീതി, വിവാഹ രീതി എന്നിവ തുടര്‍ന്നുപോകാന്‍ കഴിഞ്ഞില്ല.

മധ്യവര്‍ഗത്തിന്റെ ആധിക്യം കാരണം സമുദായവല്‍ക്കരണം വര്‍ധിച്ചുവന്നു. സമുദായവല്‍ക്കരണത്തിനും സ്വത്വ രാഷ്ട്രീയത്തിനും ഒരിക്കലും സെക്യുലര്‍ രാഷ്ട്രീയത്തിന് പകരം നില്‍ക്കാന്‍ കഴിയില്ല എന്നതുകൊണ്ടുതന്നെ, അടിസ്ഥാനപരമായി ജനാധിപത്യമോ, ലിംഗജനാധിപത്യമോ ഇല്ലാത്ത സാമുദായികത്വം വളര്‍ന്നു വികസിച്ചു. ഈ സാമുദായികത്വത്തിന്, സ്ത്രീകള്‍ക്ക് പൊതുഇടം എന്നത് സങ്കല്പങ്ങള്‍ക്കതീതമായിരുന്നു.
ഇന്ന് കേരളസമൂഹത്തില്‍ അധീശത്വമുള്ള രണ്ടു ഘടകങ്ങളാണുള്ളത്.

1) സാര്‍വത്രികമായ പണാധിപത്യം- ഇതിന്റെ സ്വാധീനം, വിവാഹം, പ്രജനനം, വിദ്യാഭ്യാസം, ആരോഗ്യം, മാധ്യമവിചാരങ്ങള്‍, തൊഴില്‍ എന്നിങ്ങനെ സമസ്ത മേഖലകളിലേക്കും വ്യാപിച്ചിരിക്കുന്നു.

2) സ്വത്വം എന്ന പേരില്‍ അറിയപ്പെടുന്ന സാമുദായികത- പൊതുഇടങ്ങളിലും സ്വകാര്യ ഇടങ്ങളിലും ഏറ്റവും വലിയ ജനാധിപത്യ ശക്തിയായി ഇത് വളര്‍ന്നു വികസിക്കുന്നുണ്ട്. ഇവ രണ്ടും ചേര്‍ന്ന് ശക്തമായ ആണ്‍കോയ്മാ ആദര്‍ശങ്ങളെ വളര്‍ത്തിയെടുക്കുന്നു.

സ്ത്രീകള്‍ക്ക് സ്വന്തം നിലനില്‍പ്പിനും പൊതുഇടങ്ങള്‍ക്കുമായി ഈ എല്ലാ ശക്തികളോടും പോരാടേണ്ടിവരുന്നുണ്ട്. ഈ പോരാട്ടത്തെ സഹായിക്കുന്ന രീതിയിലുള്ള ഏത് രാഷ്ട്രീയ ഇടപെടലും സ്വാഗതാര്‍ഹമാണിന്ന്. ഈ സാഹചര്യത്തിലാണ് 50 ശതമാനം വനിതാ സംവരണത്തെ കാണേണ്ടത്. രാഷ്ട്രീയബോധമുള്ള, സാമൂഹ്യമായ അര്‍പ്പണബോധമുള്ള ഒരു സ്ത്രീശക്തിയുടെ വളര്‍ച്ച ഈ പ്രാതിനിധ്യത്തിലൂടെ വളര്‍ന്നുവരാനുള്ള സാധ്യത തെളിയുന്നു. അതിനനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളും ഇടപെടലുകളും ഉണ്ടാവേണ്ടതുണ്ട്. ഇതിനു മുന്‍കൈയെടുക്കേണ്ടത് പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍തന്നെയാണ്. അവരാണ് എന്നും വിട്ടുവീഴ്ചകള്‍ക്ക് തയാറായി മുന്നോട്ട് വന്നവര്‍. ഇത് സാധ്യമാകണമെങ്കില്‍ പുതിയതരം കുടുംബ സംവിധാനവും സ്ത്രീപുരുഷ ബന്ധവും ഉണ്ടായിവരേണ്ടതുണ്ട്. ഇന്നത്തെ കുടുംബഘടനക്ക് ബദലായി ജനാധിപത്യപരമായ കുടുംബ ബന്ധങ്ങള്‍വളര്‍ന്നുവരേണ്ടതുണ്ട്. രക്തം ചിന്തിയ നമ്മുടെ പൂര്‍വികര്‍ വളര്‍ത്തിക്കൊണ്ടുവന്ന സെക്യുലര്‍ ജനാധിപത്യ കുടുംബത്തെക്കുറിച്ചുള്ള ആശയങ്ങള്‍ ഇനിയെങ്കിലും വളര്‍ത്തിയെടുത്ത് പൂര്‍ണതയിലെത്തിക്കേണ്ടതുണ്ട്. അര്‍പ്പണബോധവും രാഷ്ട്രീയബോധവുമുള്ള ഒരു പുതിയ സ്ത്രീശക്തിയുടെ വളര്‍ച്ചക്ക് ഇത്തരത്തിലുള്ള പൊതുഇടങ്ങളില്‍നിന്ന് വളര്‍ന്നുവരുന്നതും ലിംഗജനാധിപത്യത്തിലും സെക്യുലറിസത്തിലുമധിഷ്ഠിതമായ കുടുംബസംവിധാനങ്ങള്‍ക്കേ സാധ്യമാകൂ!

*
ഡോ. ടി കെ ആനന്ദി കടപ്പാട്: ദേശാഭിമാനി വാരിക

Friday, October 23, 2009

അക്ഷരവ്യവസായം 'അവകാശ'മാകുന്നു!

2009 ആഗസ്റ്റ് ആറിന് 'വിദ്യാഭ്യാസ അവകാശനിയമ'ത്തിന് പാര്‍ലിമെന്റ് അംഗീകാരം നല്‍കി. 6നും 14 വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് 8-ാം ക്ളാസ്സുവരെ സൌജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം നല്‍കാന്‍ 'സ്റ്റേറ്റിന്' ബാധ്യത ഉണ്ടെന്ന് നിയമം അനുശാസിക്കുന്നു. 1993-ല്‍ ഉണ്ണികൃഷ്ണന്‍ കേസില്‍ വിധിപറഞ്ഞ സുപ്രീം കോടതിയുടെ ഭരണഘടനാബഞ്ചാണ് എല്ലാ കുട്ടികള്‍ക്കും നിര്‍ബന്ധിതവും സൌജന്യവുമായ വിദ്യാഭ്യാസം ഉറപ്പുവരുത്തണമെന്ന ഭരണഘടനയിലെ നിര്‍ദ്ദേശകതത്വം നടപ്പിലാക്കാനാവശ്യപ്പെട്ടത്. 86-ാം ഭരണഘടനാ ഭേദഗതിയില്‍ ഈ നിര്‍ദ്ദേശം ഉള്‍പ്പെട്ടതോടെയാണ് 'വിദ്യാഭ്യാസബില്‍' ആലോചനയില്‍വന്നത്. 16 വര്‍ഷത്തിന് ശേഷം ഭരണകൂടം കോടതി നിര്‍ദ്ദേശം മാനിച്ചിരിക്കുന്നു! 2005-ല്‍ ബില്‍ കൊണ്ടുവന്നുവെങ്കിലും വ്യവസ്ഥകള്‍ അബദ്ധജടിലവും, കമ്പോളാഭിമുഖ്യമുള്ളതും, അപ്രായോഗികവുമാണെന്ന വിമര്‍ശനം ഉയര്‍ന്നുവന്നു. ഇടതുപക്ഷം കൊണ്ടുവന്ന ബദല്‍ നിര്‍ദ്ദേശങ്ങള്‍ സ്വീകാര്യമാവാത്ത കോണ്‍ഗ്രസ് ബില്ല് ഇതുവരെ കോള്‍ഡ് സ്റ്റോറേജില്‍ സൂക്ഷിക്കുകയായിരുന്നു. അതാണ്, ഇടതുപക്ഷ തടസ്സമേതുമില്ലാതെ ഇപ്പോള്‍ പാസാക്കിയെടുത്തിരിക്കുന്നത്. പുതിയസര്‍ക്കാരിന്റെ നൂറു ദിന അജണ്ടയില്‍ ഒന്നായി 'വിദ്യാഭ്യാസനിയമം' കടന്നുവന്നവഴിയാണ് വിശദീകരിച്ചത്.

എന്താണ് നിയമത്തില്‍ പറയുന്നത്?

* 6നും 14നും ഇടയില്‍ പ്രായമുള്ള രാജ്യത്തെ മുഴുവന്‍ കുട്ടികള്‍ക്കും വിദ്യാഭ്യാസ അവകാശം ഉറപ്പുവരുത്തും. 8-ാം ക്ളാസ്സുവരെ പഠിക്കാന്‍ കുട്ടികളുടെ സമീപപ്രദേശങ്ങളില്‍ തന്നെ മിനിമം അടിസ്ഥാന സൌകര്യങ്ങളോടെ സ്കൂളുകള്‍ ഉണ്ടാവണമെന്ന് നിയമത്തില്‍ വ്യവസ്ഥയുണ്ട്.

* നിയമം, വിജ്ഞാപനം ചെയ്ത് 3 വര്‍ഷത്തിനുള്ളില്‍ ആവശ്യത്തിന് പഠനോപകരണങ്ങള്‍, കെട്ടിടം, കളിസ്ഥലം, അടിസ്ഥാനസൌകര്യങ്ങള്‍ തുടങ്ങിയവ ഉറപ്പുവരുത്തുന്ന വിധം സ്കൂളുകള്‍ സ്ഥാപിക്കുകയോ, നിലവിലുള്ളത് പരിഷ്കരിക്കുകയോ വേണം.

* നിയമപ്രകാരം സര്‍ക്കാര്‍ ഉടമസ്ഥതയിലോ/സമ്പൂര്‍ണ്ണ എയ്ഡഡ് സ്കൂളുകളിലോ ഉള്ള മുഴുവന്‍ കുട്ടികള്‍ക്കും 1-ാം ക്ളാസ് മുതല്‍ 8-ാം ക്ളാസ്സുവരെ പഠനം സൌജന്യമായിരിക്കും. സ്വകാര്യസ്കൂളുകളില്‍ 25% സീറ്റുകള്‍ സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നില്‍ക്കുന്നവരുടെ കുട്ടികള്‍ക്കായി നീക്കിവയ്ക്കണം. അവരില്‍ നിന്ന് ഫീസ് വാങ്ങരുത്.

* അണ്‍എയ്ഡഡ് സ്കൂളുകളില്‍ 25% സീറ്റ് ദരിദ്രര്‍ക്കായി മാറ്റിവയ്ക്കണം. ഇവരുടെ 'ഫീസ്' സര്‍ക്കാര്‍ നേരിട്ട് സ്കൂളിന് നല്‍കും. അംഗീകാരമില്ലാതെ സ്കൂളുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. മുഴുവന്‍ അണ്‍എയ്ഡഡ് സ്കൂളുകളും നിശ്ചയിച്ച അടിസ്ഥാന സൌകര്യങ്ങളുള്ളവയായി മാറ്റിയാല്‍ അംഗീകാരം നല്‍കുമെന്ന് നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു.

* യാതൊരു ക്യാപ്പിറ്റേഷനോ; കോഴയോ അനുവദിക്കില്ല. കുട്ടികളെ ചേര്‍ക്കുന്നതിന് സ്ക്രീനിംഗ്, പ്രവേശന പരീക്ഷ തുടങ്ങിയവ പാടില്ല.

* 8-ാം ക്ളാസ്സ് വരെ പരീക്ഷയില്ല. അതുവരെ കുട്ടികളെ പറഞ്ഞുവിടില്ല.. 8-ാം ക്ളാസ്സിനുശേഷം പ്രത്യേക പരീക്ഷ നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതോടെ സര്‍ക്കാരിന്റെ 'വിദ്യാഭ്യാസ ഉത്തരവാദിത്വം' അവസാനിക്കും. തുടര്‍ന്ന് പഠനം ആവശ്യമുള്ളവര്‍ സ്വന്തം ചിലവില്‍ പഠിക്കുക.

* പ്രധാനമന്ത്രി, പ്രതിപക്ഷനേതാവ്, ലോക്സഭാ/രാജ്യസഭാ സ്പീക്കര്‍മാര്‍, ദേശീയവിദ്യാഭ്യാസ വകുപ്പ് (എച്ച്.ആര്‍.ഡി) മന്ത്രി എന്നിവരടങ്ങിയ 'നാഷണല്‍ കമ്മീഷന്‍ ഓഫ് എലിമെന്ററി എഡ്യുക്കേഷനാണ്' നിയമത്തിന്റെ ദേശീയ ചുമതല.

* പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകളുടെ ഭരണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലയാവും. ഓരോസ്കൂളിനും രക്ഷിതാക്കളും, അദ്ധ്യാപകരും തദ്ദേശഭരണസ്ഥാപനത്തിന്റെ പ്രതിനിധികളും ചേര്‍ന്ന് ഭരണസമിതി (സ്കൂള്‍ മാനേജിംഗ് കമ്മിറ്റി) രൂപീകരിക്കണം. കമ്മിറ്റിയില്‍ രക്ഷിതാക്കള്‍ 75ഉം മറ്റുള്ളവര്‍ 25 ശതമാനവും ആയിരിക്കണം.

* അദ്ധ്യാപകരുടെ ശമ്പളവും സേവന വേതന വ്യവസ്ഥകളും നിയന്ത്രിക്കുന്നത് സ്കൂള്‍ മാനേജിംഗ് കമ്മിറ്റിയാണ്. സ്കൂള്‍ സംബന്ധിച്ചുള്ള എല്ലാം കേള്‍ക്കുകയും തീര്‍പ്പുകല്‍പ്പിക്കുകയും ചെയ്യുന്നത് അവരാണ്. സ്കൂള്‍ സിലബസ്, കരിക്കുലം, നിലവാര പരിശോധന തുടങ്ങിയവയും മാനേജിംഗ് കമ്മിറ്റി ചെയ്യണം.

* കുട്ടികളെ സ്കൂളില്‍ ചേര്‍ക്കേണ്ടത് രക്ഷിതാക്കളുടെ ചുമതലയാണ്. പഠിക്കാന്‍ കുട്ടികളെ നിര്‍ബന്ധിക്കുന്നതിലോ; ചേര്‍ക്കുന്നതിലോ പ്രാദേശിക ഭരണകൂടത്തിന് ഉത്തരവാദിത്വമില്ല.

* പ്രതിവര്‍ഷം 53,000 മുതല്‍ 73,000 കോടിരൂപയാണ് പുതിയ നിയമം നടപ്പാക്കുന്നതുവഴി സര്‍ക്കാര്‍ ബാധ്യതയെന്ന് ബില്‍ പറയുന്നു. ചിലവിന്റെ കേന്ദ്ര-സംസ്ഥാന വിഹിതം നിശ്ചയിച്ചിട്ടില്ല. 6 വര്‍ഷത്തേക്ക് 3.21 ലക്ഷം കോടിരൂപാ ചെലവ് വരുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

* അണ്‍എയ്ഡഡ് - സ്വകാര്യസ്കൂളുകളിലെ അദ്ധ്യാപകര്‍ക്ക് അതത് സംസ്ഥാന ഗവണ്‍മെന്റുകള്‍ നിശ്ചയിച്ചിട്ടുള്ള (അധ്യാപകര്‍ക്കുള്ള) വേതനംതന്നെ നല്‍കണമെന്ന് നിയമം ആവശ്യപ്പെടുന്നു.

* രാജ്യത്തെ ഒരു കുട്ടിയേയും സ്കൂള്‍ പ്രവേശനത്തില്‍ നിന്ന് തടസപ്പെടുത്താന്‍ ആര്‍ക്കും അവകാശമില്ലന്ന് നിയമം അനുശാസിക്കുന്നു.

ബില്ലവതരിപ്പിച്ചുകൊണ്ട് HRD മന്ത്രി കപില്‍സിബാല്‍ പ്രഖ്യാപിച്ചത് "ഈ നിയമം രാജ്യത്തെ അറിവിന്റെ 'കൂടാര' മാക്കുമെന്നാണ്!'' "നമുക്ക് നിയമംവഴി ലഭിക്കാന്‍ പോകുന്നത്, 'വന്‍ ബൌദ്ധിക മൂലധന'മാണ്, ഈ ബില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൌജന്യവിദ്യാഭ്യാസം ഉറപ്പുവരുത്തുന്നു. സംസ്ഥാനങ്ങള്‍ അത് 'വിളമ്പി ഊട്ടണമെന്ന്' നിയമം നിര്‍ബന്ധിക്കുന്നു'' നിര്‍ബന്ധിത വിദ്യാഭ്യാസം വാഗ്ദാനം ചെയ്തുകഴിഞ്ഞു. ഇനി അത് നല്‍കേണ്ടബാധ്യത സംസ്ഥാനങ്ങള്‍ക്കാണെന്ന് അദ്ദേഹം തുറന്നു പറയുകയാണ്. കേന്ദ്രവിഹിതവും, ദേശീയമായി അതിന്റെ വിതരണക്രമവും ഒന്നും തീരുമാനിക്കപ്പെട്ടിട്ടില്ലന്നതിനാല്‍ മന്ത്രിയുടെ വര്‍ത്തമാനം വാഗ്ദാന ലംഘനമായി ഭവിക്കുമെന്നതില്‍ തര്‍ക്കമില്ല. വേറൊരര്‍ത്ഥത്തില്‍; സൌജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസ അവകാശം പ്രായോഗികമാക്കാനുള്ള ഭരണകൂടത്തിന്റെ ബാധ്യത നിയമത്തില്‍ നിര്‍വ്വചിക്കപ്പെട്ടിട്ടില്ല. കോണ്‍ഗ്രസ്സ് ഭരണത്തിന്റെ 'ചിറകില്‍ മിന്നുന്ന തൂവലാണ് പുതിയ നിയമം' എന്ന് ശ്ളാഘിക്കുന്ന മാധ്യമലോകം കാണാതെവിടുന്ന നിരവധി പ്രശ്നങ്ങള്‍ വേറെയുണ്ട്. ഭരണഘടനയുടെ നിര്‍ദ്ദേശകതത്വങ്ങളില്‍ എഴുതിവച്ച പരമപ്രധാനമായ ഒരവകാശം സ്വാതന്ത്ര്യത്തിന്റെ 62 ആണ്ടുകള്‍ കഴിഞ്ഞ വേളയില്‍ പോലും നടപ്പാക്കപ്പെടുമെന്ന് ഉറപ്പുവരുത്താതെയും സ്റ്റേറ്റിന്റെ ബാധ്യത നിര്‍വ്വചിക്കാതെയും ഏറ്റെടുക്കുമെന്ന പ്രഖ്യാപനം തീര്‍ത്തും പരിഹാസ്യമാണ്. (62-ല്‍ 50 വര്‍ഷവും രാജ്യം ഭരിച്ചത് കോണ്‍ഗ്രസ്സായിരുന്നുവെന്ന് ഓര്‍ക്കുക!)

പുതിയ നിയമത്തിലൂടെ മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ വിദ്യാഭ്യാസത്തിന്റെ സാര്‍വ്വദേശീയ പ്രമാണങ്ങളും സുപ്രീംകോടതിവിധിതന്നെയും ലംഘിക്കുന്നുണ്ട്. 1993-ല്‍ സുപ്രീംകോടതി പറഞ്ഞത് '14 വയസുവരെ പ്രായമുള്ള രാജ്യത്തെ മുഴുവന്‍ കുഞ്ഞുങ്ങള്‍ക്കും സൌജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം നല്‍കേണ്ടത് സ്റ്റേറ്റിന്റെ ബാധ്യതയാണെ'ന്നായിരുന്നു. പുതിയ നിയമം ആറുവയസുവരെയുള്ള കുഞ്ഞുങ്ങളെ സൌകര്യപൂര്‍വ്വം മറന്നുകളയുന്നു! 3-ാം വയസില്‍ പ്രാഥമിക വിദ്യാഭ്യാസം ആരംഭിക്കുന്നുവെന്നോ, അത് വളരെ നിര്‍ണ്ണായകമായ ആരോഗ്യപരിപാലനം കൂടി ഉള്‍പ്പെടുന്ന കാര്യമാണന്നോ കോണ്‍ഗ്രസ്സുകാര്‍ക്ക് അറിയില്ലന്നാണോ? ഫലത്തില്‍, പ്രീപ്രൈമറി വിദ്യാഭ്യാസം യാതൊരര്‍ത്ഥത്തിലും സ്റ്റേറ്റിന്റെ കടമയല്ലന്ന് (സുപ്രീംകോടതിവിധിയേ തിരസ്ക്കരിച്ചുകൊണ്ട്) സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നു.. അതിന് ഇന്ത്യയിലെ സമ്പന്നരുടെ പാര്‍ലിമെന്റിന്റെ അനുമതിയും അവര്‍ കരസ്ഥമാക്കിയിരിക്കുന്നു.

രാജ്യത്തെ 90% പ്രൈമറി സ്കൂളുകളും 78% അപ്പര്‍ പ്രൈമറി വിദ്യാലയങ്ങളും സര്‍ക്കാര്‍ ഉടമസ്തതയിലാണ്. അതില്‍ 40% വും ഏകാദ്ധ്യാപക വിദ്യാലയങ്ങളും! അടിസ്ഥാനസൌകര്യങ്ങളോ, അധ്യാപകരോ പരിമിതമായ അളവില്‍പ്പോലുമില്ലാത്ത ഈ സ്കൂളുകളെ മുഴുവന്‍, നിയമത്തില്‍ പറയുന്ന സൌകര്യങ്ങളും പഠനാന്തരീക്ഷവും സൃഷ്ടിച്ചെടുത്ത് 'നിലവാര' മുള്ളവിധം പുനര്‍ നിര്‍മ്മിക്കാന്‍ പ്രതിവര്‍ഷം ദേശീയ ഉല്‍പ്പാദനത്തിന്റെ 6% തുകയെങ്കിലും നീക്കിവയ്ക്കാതെ കഴിയില്ല എന്നാണ് വിദഗ്ധന്മാരുടെ നിഗമനം. എന്നാല്‍ അതിന്റെ മൂന്നിലൊന്നാണ് ഉയര്‍ന്ന കണക്കുകളില്‍പ്പോലും ബില്‍ വിഭാവനം ചെയ്യുന്നത്. ഫലത്തില്‍ നിയമം വെറുമൊരു നോക്കുകുത്തിയായി തുടരും.

ഈ പ്രതിസന്ധി പരിഹരിക്കാന്‍ പൊതു-സ്വകാര്യ (PPP) പങ്കാളിത്ത പദ്ധതിയാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. ദേശീയഖജനാവില്‍ നിന്ന് പണം സ്വകാര്യ അക്കൌണ്ടിലേക്കൊഴുക്കിക്കൊടുത്ത് അടിസ്ഥാന സൌകര്യങ്ങളുള്ള സ്കൂളുകള്‍ നിര്‍മ്മിച്ച് 25% സീറ്റ് ദരിദ്രവിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുക (അവരുടെ ഫീസ് സര്‍ക്കാര്‍ നല്‍കുമെന്ന് നിയമം പറയുന്നു) എന്ന ലക്ഷ്യം സാധിക്കാനാണ് ഗവണ്‍മെന്റ് തുനിയുന്നത്. രാജ്യത്തെ വിദ്യാലയങ്ങള്‍ മുഴുവനും സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ച്, സ്വകാര്യമേഖലക്ക് ഏല്‍പ്പിച്ചുകൊടുക്കാനുള്ള ബ്രഹത്പദ്ധതിയാണ് 'സൌജന്യവിദ്യാഭ്യാസ' നിയമത്തിലൂടെ കോണ്‍ഗ്രസ് നടത്താന്‍ പോകുന്നത്. 25% ദരിദ്രരുടെ പഠനചിലവിന്റെ 'വൌച്ചര്‍' സെറ്റില്‍ ചെയ്യുന്ന ഒരു ഏജന്‍സിയാക്കി സര്‍ക്കാര്‍ മാറുമെന്നതിനപ്പുറം ഈ നിയമത്തില്‍ നിന്ന് വേറൊന്നും പ്രതീക്ഷിക്കേണ്ടതില്ല.

സര്‍ക്കാര്‍ വിദ്യാലയങ്ങളും എയ്ഡഡ് സ്കൂളുകളും രക്ഷിതാക്കള്‍ക്കും, പ്രാദേശിക ഭരണസ്ഥാപനങ്ങള്‍ക്കും ഏല്‍പ്പിച്ചുകൊടുക്കുന്നതാണ് പുതിയ നിയമം. സ്കൂള്‍ നടത്തിപ്പ് മുതല്‍ അധ്യാപകരുടെ നിയമനവും വേതനവും വരെ നിശ്ചയിക്കുന്നതിനും, പരാതികള്‍ പരിഹരിക്കാനും, സ്കൂള്‍പരിശോധന നടത്താനും അവര്‍ക്കാണ് (കമ്മിറ്റി) അവകാശം! 'വിജ്ഞാനത്തിന്റെ വിസ്ഫോടനം' എന്നു വിശേഷിപ്പിച്ച ബില്ലിലെ വ്യവസ്ഥ അനുസരിച്ച്, അച്ചടക്കനടപടിയെടുക്കാനും, സ്കൂള്‍ ഭരണം ഏറ്റെടുക്കാനും തദ്ദേശസ്ഥാപനങ്ങള്‍ക്കാണ് അവകാശം! സംസ്ഥാനങ്ങളുടെ പരിധിയില്‍ വരുന്ന വിദ്യാഭ്യാസവിഷയം, പഞ്ചായത്തുകള്‍ക്കും മുന്‍സിപ്പാലിറ്റികള്‍ക്കും, രക്ഷിതാക്കള്‍ക്കും ഏല്‍പ്പിച്ചുകൊടുക്കുക. ദുരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ഈ വ്യവസ്ഥ പ്രായോഗികമായാല്‍; ജനങ്ങള്‍ തെരഞ്ഞെടുത്തിട്ടും പഞ്ചായത്ത് പ്രസിഡണ്ടാവാന്‍ അനുവദിക്കാത്ത ജാതിഫ്യൂഡല്‍ ഉച്ചനീചത്വങ്ങള്‍ കൊടികുത്തിവാഴുന്ന ഇന്ത്യന്‍ ഗ്രാമങ്ങളില്‍ അക്ഷരം കൂടി തടവിലാക്കപ്പെടുമെന്നുറപ്പാണ്

അധ്യാപകരുടെ നിയമനവും, ശമ്പളകാര്യങ്ങളും മാനേജിംഗ് കമ്മിറ്റി തീരുമാനിക്കും എന്നാണ് വ്യവസ്ഥ! ട്രാന്‍സ്ഫറുകള്‍ അനുവദിക്കില്ല, പ്രമോഷനുണ്ടാവില്ല. ശിക്ഷിക്കാനും പരാതികേള്‍ക്കാനും ചുമതലപ്പെട്ടവര്‍ ഒരേ കമ്മിറ്റി തന്നെയാണ്. വിദ്യാഭ്യാസത്തേ ആധുനിക കാലത്തിന് വേണ്ടവിധം പ്രയോഗിക്കാന്‍ അധ്യാപകര്‍ക്ക് അവസരമുണ്ടാവില്ലന്ന് വ്യക്തം. സ്കൂള്‍ മാനേജിംഗ് കമ്മിറ്റിക്കെതിരെ പരാതി ഉയര്‍ന്നാല്‍ ആരോട് അത് പറയണമെന്ന് നിയമം നിര്‍ദ്ദേശിക്കുന്നില്ല. 'കുമ്പളങ്ങാപ്പട്ടണം' എന്നു കേട്ടിട്ടുള്ളത്, നേരിട്ട് കാണാനും അനുഭവിക്കാനും പുതിയ നിയമം നമുക്കവസരമുണ്ടാക്കും!

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 29,30 പ്രകാരം പ്രത്യേക ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ നിയമത്തിന്റെ പരിധിയില്‍ വരുന്നില്ലന്നതാണ് അത്ഭുതകരമായ മറ്റൊരു കാര്യം. വിജ്ഞാപനം വന്ന് 3 വര്‍ഷത്തിനുള്ളില്‍ നിയമം ആവശ്യപ്പെടുന്ന വിധം നിലവിലുള്ള സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളില്‍ അടിസ്ഥാനസൌകര്യങ്ങള്‍ ഉണ്ടാക്കുന്നില്ലങ്കില്‍ അവയുടെ അംഗീകാരം പിന്‍വലിക്കുമെന്ന് 'വിദ്യാഭ്യാസ അവകാശനിയമ' ത്തില്‍ പറയുന്നു. സര്‍ക്കാര്‍ വിദ്യാലയങ്ങളെ തുടച്ചുനീക്കി രാജ്യത്തെ സ്കൂള്‍ വിദ്യാഭ്യാസമേഖല സ്വകാര്യമൂലധന ഉടമകള്‍ക്ക് പതിച്ചുനല്‍കാനുള്ള കൃത്യമായ അജണ്ടയാണ് ഈ നിര്‍ദ്ദേശത്തിന്റെ കാതല്‍! അണ്‍എയ്ഡഡ് സ്കൂളുകള്‍ എവിടെ വേണമെങ്കിലും തുടങ്ങാമെന്നും, നിലവിലുള്ളവര്‍ക്ക് അംഗീകാരം നല്‍കി സംരക്ഷിക്കുമെന്നും പകരം 25% സീറ്റുകള്‍ ബി.പി.എല്‍. വിഭാഗത്തിന് നല്‍കിയാല്‍ മതിയെന്നുമുള്ള വ്യവസ്ഥകള്‍ ഈ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനുള്ളതാണ്. സ്കൂള്‍ നടത്തിപ്പില്‍ സ്വകാര്യ മൂലധനം നിക്ഷേപിക്കുന്നവര്‍ക്ക് സ്ഥലം; ഗ്രാന്റ്; എന്നിവ സര്‍ക്കാര്‍ നല്‍കുമെന്നും; 25% പാവപ്പെട്ട കുട്ടികളുടെ പഠനചിലവ് (ഉടമ നിശ്ചയിക്കുന്ന ഫീസ്) സര്‍ക്കാര്‍ നല്‍കുമെന്നുംകൂടി നിയമത്തില്‍ പറഞ്ഞുവയ്ക്കുമ്പോള്‍, ഇതിനെക്കുറിച്ചുള്ള എല്ലാ സംശയവും മാറിക്കിട്ടും.

യഥാര്‍ത്ഥത്തില്‍ രാജ്യത്തെ എലിമെന്ററി വിദ്യാഭ്യാസം സ്വകാര്യവല്‍ക്കരിക്കുവാനും, വിദ്യാഭ്യാസത്തിനുള്ള സര്‍ക്കാര്‍ സഹായങ്ങള്‍ സ്വകാര്യമൂലധന നിക്ഷേപത്തിനും ലാഭത്തിനുമായിവരവുവക്കുവാനും ഈ നിയമം വഴിതുറക്കുന്നു.. ഒപ്പം സ്കൂള്‍ വിദ്യാഭ്യാസത്തിനുള്ള സര്‍ക്കാര്‍ സബ്സിഡികള്‍ അതിദരിദ്രര്‍ക്ക് മാത്രമെ നല്‍കേണ്ടതുള്ളുവെന്ന കമ്പോളത്തിന്റെ കല്‍പ്പന ഇന്ത്യയില്‍ നടപ്പാക്കപ്പെടുകയും ചെയ്യും. ചുരുക്കത്തില്‍ അതിവിശാലമായ ഇന്ത്യന്‍ സമൂഹത്തിന്റെ അടിവേരുകളില്‍ വരെ കമ്പോള ദര്‍ശനവും പരിപാടിയും വിളക്കിച്ചേര്‍ക്കുന്നതിനുള്ള കുറുക്കുവഴിയായി 'സൌജന്യ വിദ്യാഭ്യാസ' നിയമം പരിണമിക്കുകയാണ്. അധികാരം മൂലധന ദല്ലാള്‍മാര്‍ക്ക് ഏല്‍പ്പിച്ചുകൊടുത്താല്‍, അവര്‍ വേറെ എന്താണ് ചെയ്യേണ്ടത്? അതിസമ്പന്നരുടെ പാര്‍ലിമെന്റില്‍ നിന്ന് ഈ 'കഞ്ഞി വീഴ്ത്തല്‍' അല്ലാതെ വേറെന്താണ് ഇന്ത്യന്‍ ജനതപ്രതീക്ഷിക്കേണ്ടത്?

9 കോടി ബാലവേലക്കാരെയുംകൊണ്ട് വികസിച്ച് മുന്നേറുന്ന ഇന്ത്യയില്‍ പുതിയ നിയമം എന്തെങ്കിലും മാറ്റമുണ്ടാക്കുമോ? സ്കൂളിന്റെ പടി ചവിട്ടാത്ത 1.9 കോടി കുഞ്ഞുങ്ങളില്‍ എത്രപേര്‍ ഈ 8-ാം ക്ളാസ് സര്‍ട്ടിഫിക്കറ്റുമായി പുറത്തിറങ്ങും? ഉന്നതവിദ്യാഭ്യാസം കമ്പോളത്തിന് ഏല്‍പ്പിച്ചുകൊടുത്തതിന്റെ 'നേട്ടങ്ങള്‍' ആത്മാഹൂതിയായി പെയ്തിറങ്ങുന്നതിന് കളമൊരുക്കുന്നതിനിടെ, വ്യവസായികള്‍ക്ക് ദേശീയഖജനാവ് കൈമാറി, കുഞ്ഞുങ്ങളുടെ ഭാവികരുപ്പിടിപ്പിക്കാന്‍ കഴിയുമോ?

ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം - നിലവിലുള്ള എലിമെന്ററി/ഹയര്‍ സെക്കന്ററി വിദ്യാഭ്യാസ മേഖലകളിലെ മൂലധന അധിനിവേശത്തിന്റെ ഫലം പരിശോധിച്ചുകൊണ്ട് കണ്ടെത്താവുന്നതാണ്.

അടിസ്ഥാന വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യവല്‍ക്കരണം

1991ലാണ് ഇന്ത്യയില്‍ ഉദാരവല്‍ക്കരണം ആരംഭിച്ചത്. സ്കൂള്‍ വിദ്യാഭ്യാസരംഗം ഘടനാപരമായി പരിഷ്കരിക്കുവാന്‍ 1993ല്‍ തന്നെ നരസിംഹറാവു സര്‍ക്കാര്‍ ഒരു കമ്മിറ്റിയെ നിയോഗിച്ചിരുന്നു. കോണ്‍ഗ്രസ് നേതാവ് വീരപ്പ മൊയ്ലിയായിരുന്നു കമ്മിറ്റി അദ്ധ്യക്ഷന്‍. ഉദാരവല്‍ക്കരണനയങ്ങള്‍ക്കനുസൃതമായി പ്രൈമറി സെക്കന്ററി സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ നടത്തിപ്പ് അതിന്റെ ഗുണഭോക്താക്കളെത്തന്നെ ഏല്‍പ്പിക്കുകയെന്നതായിരുന്നു ലക്ഷ്യം. പഞ്ചായത്ത് രാജ് നിയമത്തെയും സ്ഥാപനങ്ങളെയും ഉപയോഗിച്ച് വിദ്യാഭ്യാസചുമതലയും ബാധ്യതയും ഗവണ്‍മെന്റുകളില്‍ നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള നിര്‍ദ്ദേശങ്ങളാണ് കമ്മിറ്റിയില്‍ നിന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. 73,74 ഭരണഘടനാ ഭേദഗതികള്‍ ഉപയോഗിച്ച് ജലസ്വകാര്യവല്‍ക്കരണ പദ്ധതി നടപ്പാക്കിയതിന്റെ മാതൃക തന്നെയാണ് ഈ കാര്യത്തിലും കമ്മറ്റിയും നിര്‍ദ്ദേശങ്ങളായി വന്നിട്ടുള്ളത്. ചില സുപ്രധാന നിര്‍ദ്ദേശ്ശങ്ങള്‍ ഇനി പറയുന്നു.

* ഭരണഘടനാപരമായ അധികാരങ്ങളോടെ ഓരോ പഞ്ചായത്തിലും പഞ്ചായത്ത് വിദ്യാഭ്യാസ സ്റാന്റിംഗ് കമ്മിറ്റികള്‍ രൂപീകരിക്കണം. ശിശു/അനൌപചാരിക/വയോജന വിദ്യാഭ്യാസം, പ്രൈമറി/അപ്പര്‍ പ്രൈമറി വിദ്യാഭ്യാസം എന്നിവയുടെ മേല്‍നോട്ടം പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റിക്കായിരിക്കണം.

* പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റിയാണ് സ്ഥാപനങ്ങളുടെ നിയന്ത്രണം, മേല്‍നോട്ടം, സ്കൂള്‍ കലണ്ടര്‍ തയ്യാറാക്കല്‍ തുടങ്ങിയ ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിക്കേണ്ടത്.

* നിലവിലുള്ള എല്ലാ ഗവണ്‍മെന്റ് / എയ്ഡഡ് വിദ്യാലയങ്ങളുടെയും മേല്‍നോട്ടത്തിനായി ഓരോ പഞ്ചായത്തിലും 'പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ഓണ്‍ എഡ്യുക്കേഷന്‍' രൂപീകരിക്കണം. ഈ സമിതിക്ക് അക്കാഡമിക് മേല്‍നോട്ടങ്ങള്‍ക്കും അധികാരമുണ്ടായിരിക്കണം.

* സര്‍ക്കാര്‍ കൈമാറ്റം ചെയ്ത അധികാരമുപയോഗിച്ച് സ്കൂള്‍ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ശമ്പളം നല്‍കാന്‍ സമിതിക്കവകാശമുണ്ടായിരിക്കണം.

* സെക്കന്ററി തലത്തില്‍ ഈ ചുമതല ജില്ലാപഞ്ചായത്ത് സ്റാന്റിംഗ് കമ്മിറ്റിക്കായിരിക്കും. ഈ നിര്‍ദ്ദേശങ്ങളനുസരിച്ച് രാജ്യത്തെ ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളും സ്കൂള്‍ വിദ്യാഭ്യാസചുമതല പ്രാദേശിക ഭരണകൂടങ്ങളെ ഏല്‍പ്പിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ വിദ്യാഭ്യാസ ഉത്തരവാദിത്വത്തില്‍ നിന്ന് പിന്‍മാറി കഴിഞ്ഞുവെന്ന് പട്ടിക ഒന്ന് വിശദീകരിക്കുന്നു.

പട്ടിക ഒന്ന്
സ്കൂള്‍ വിദ്യാഭ്യാസം ആരുടെ ചുമതലയില്‍
ചുമതലകളൊക്കെ കൈമാറി വിദ്യാഭ്യാസം കയ്യൊഴിഞ്ഞെങ്കിലും ഈ സംസ്ഥാനങ്ങളിലൊന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ധനവിഹിതമോ, പദ്ധതി വിഹിതമോ പോലുള്ള വിഭവകൈമാറ്റം നടത്തിയിട്ടില്ലെന്നോര്‍ക്കുക. ഫലത്തില്‍ രക്ഷാകര്‍തൃ സമിതികളുടെ സംഭാവനകളും പഞ്ചായത്തുകളുടെ പരിമിത വിഹിതവും സ്പോണ്‍സര്‍ഷിപ്പും എസ്.എസ്.എ. പോലുള്ള (സമീപഭാവിയില്‍ തീരുന്ന) പദ്ധതികളുമാണ് ഇന്നീ സ്കൂളുകളെ നിലനിര്‍ത്തുന്നത്. രക്ഷിതാക്കളുടെ സ്വന്തം സംഭാവന കൊണ്ട് പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഏര്‍പ്പാടായി വളരെ വേഗം സ്കൂള്‍ വിദ്യഭ്യാസം പുഃനസംഘടിപ്പിച്ചു കഴിഞ്ഞുവെന്നാണ് വ്യക്തമാവുന്നത്.

1991-ല്‍ തുടങ്ങിയ 'വിദ്യാഭ്യാസ വ്യാപാരത്തിന്റെ' ഉദാരവല്‍ക്കരണഫലമായി ഇന്ത്യയില്‍ ധ്രുതഗതിയില്‍ പടര്‍ന്നുപിടിച്ച അണ്‍എയ്ഡഡ് വ്യവസായം ഇന്ന് മൊത്തം വിദ്യാലയങ്ങളുടെ 19% വരെ വരുമെന്നാണ് കണക്ക്. വന്‍ഫീസും ക്യാപ്പിറ്റേഷന്‍ ഫീസും ഈടാക്കിസമ്പന്നരുടെ കുട്ടികള്‍ക്ക് പഠിക്കാനുള്ള ഇടമാണിതെങ്കിലും കമ്പോളത്തിന്റെ മല്‍സരങ്ങളില്‍ ഒരുകൈനോക്കാന്‍ ഈ വിദ്യാലയങ്ങള്‍ തന്നെ വേണമെന്ന് ഇടത്തരക്കാരും സാധാരണക്കാരും കരുതുന്നതുകൊണ്ടാണ് ഈ വളര്‍ച്ചകൈവരിച്ചതെന്നത് സത്യം. ഉന്നതവിദ്യാഭ്യാസമേഖലയിലെ 'സ്വാശ്രയ' സ്ഥാപനങ്ങളുടെ അതേ മാതൃകയില്‍ തഴച്ചുവളരുന്ന അണ്‍എയ്ഡഡ് വിദ്യാലയങ്ങള്‍ സാര്‍വ്വത്രികമാക്കുന്നതിനാണ് പുതിയ ബില്‍ വിഭാവനം ചെയ്യുന്നത്...

പുതിയ മേച്ചില്‍പ്പുറവും ലാഭം കൊയ്യാനുള്ള ഇടവുമായി അതിവിശാലമായ ഇന്ത്യന്‍ സ്കൂള്‍ വിദ്യാഭ്യാസമേഖല സ്വകാര്യ കുത്തകകള്‍ക്ക് കൈമാറുന്ന പ്രക്രിയ ത്വരിതപ്പെടുത്താന്‍ വേണ്ടി; കോണ്‍ഗ്രസ് ആരംഭിച്ച 'കഞ്ഞിവീഴ്ത്തല്‍' ആണ് സൌജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസ അവകാശ നിയമമായി അവതരിച്ചിരിക്കുന്നത്!

വിദ്യാഭ്യാസം പോലുള്ള സാമൂഹ്യകടമയില്‍ നിന്ന് സ്റ്റേറ്റിന്റെ പിന്‍മാറ്റത്തെ ചെറുക്കാന്‍ - സൃഷ്ടിപരമായ ബദലുകള്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ സമൂഹത്തിനാവുന്നില്ലങ്കില്‍ സ്കൂള്‍ വിദ്യാഭ്യാസരംഗത്തെ മൂലധന അധിനിവേശത്തെ മറികടക്കുവാന്‍ നമുക്ക് കഴിയില്ലന്നതിന്റെ തെളിവാണ് പുതിയ നിയമം.

എന്താണ് സാമൂഹികയാഥാര്‍ത്ഥ്യങ്ങള്‍?

അണ്‍എയ്ഡഡ് വിദ്യാലയങ്ങളുടെ വളര്‍ച്ചയും, അവര്‍ക്കിനിലഭ്യമാകാന്‍പോകുന്ന നിയമപരവും ഭരണഘടനാപരവുമായ അംഗീകാരവും ആണ് ഇങ്ങനെ ഒരു നിഗമനത്തിലെത്താന്‍ പ്രേരിപ്പിക്കുന്നത് പി.പി.പി.പദ്ധതികളോ, വൌച്ചര്‍ പേമന്റോ കൊണ്ടു മാത്രമല്ല; മറിച്ച് ഇന്ത്യയിലെ എലിമെന്ററി വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ സാന്നിദ്ധ്യം എത്രയേറെ ദുര്‍ബലമാണന്നുള്ള സാമൂഹിക യാഥാര്‍ത്ഥ്യം, അതിവേഗത്തിലുള്ള സ്വകാര്യവിദ്യാഭ്യാസ വ്യവസായ വളര്‍ച്ചക്ക് വളമിടുന്നുവെന്നതും കാരണമാണ്. ഫലത്തില്‍ അടിസ്ഥാന വിദ്യാഭ്യാസം നല്‍കുകയെന്ന സ്റ്റേറ്റിന്റെ കടമയില്‍ നിന്ന് സമ്പൂര്‍ണ്ണമായി പിന്‍മാറുവാന്‍ ഭരണകൂടത്തിന്, പുതിയ നിയമം അനുമതി നല്‍കുന്നു! അതിദരിദ്രര്‍ക്കായി സര്‍ക്കാര്‍കൊണ്ടുവരുന്ന 'ഫൂഡ് സ്റ്റാമ്പ്' പദ്ധതിക്ക് സമാനമായ 'വൌച്ചര്‍ വിദ്യാഭ്യാസം' വഴി കുഞ്ഞുങ്ങള്‍ക്ക് അക്ഷരവും, സംസ്കാരവും നല്‍കുവാനുള്ള ഭരണഘടനാപരമായ കടമയില്‍ നിന്ന് ഭരണവര്‍ഗ്ഗം തലയൂരുകയാണ്. അതറിയാന്‍ വിദ്യാഭ്യാസ മേഖലയില്‍ രാജ്യം ഇന്ന് അനുഭവിക്കുന്ന പരാധീനതകളുടെ ഒരേകദേശചിത്രം കണ്ടുനോക്കുക.

* ഇന്ത്യയില്‍ പ്രൈമറി വിദ്യാഭ്യാസത്തിന്റെ 90% വും സര്‍ക്കാര്‍ വകയാണ് (2008) 10% മാത്രമാണ് നിലവില്‍ സ്വകാര്യവിഹിതം. അപ്പര്‍പ്രൈമറി തലത്തില്‍ 22 ശതമാനം സ്വകാര്യ സ്ഥാപനങ്ങളും 78 ശതമാനം സര്‍ക്കാരും നിയന്ത്രിക്കുന്നു.

* പ്രൈമറി വിദ്യാലയങ്ങള്‍ മാത്രമെടുത്താല്‍ 60ശതമാനത്തിലും; രാജ്യത്തെ സ്കൂളുകള്‍ ഒരുമിച്ചെടുത്താല്‍ 55% ത്തിലും മൂന്നോ അതില്‍താഴെയോ മാത്രമാണ് അദ്ധ്യാപക സാന്നിദ്ധ്യമുള്ളത്.

* രാജ്യത്തെ 1,70,00,000 കുഞ്ഞുങ്ങള്‍ (6-14 പ്രായത്തിലുള്ളവര്‍) സ്കൂള്‍ വിദ്യാഭ്യാസം കണികാണാത്തവരാണ്. ഇതില്‍ മഹാഭൂരിപക്ഷവും പെണ്‍മക്കളാണ്. 49% പെണ്‍കുട്ടികള്‍ മാത്രമെ അക്ഷരലോകത്ത് കടന്നിരിക്കുകപോലും ചെയ്യുന്നുള്ളുവെന്നാണ് വിദ്യാഭ്യാസ സര്‍വ്വെകള്‍ കണ്ടെത്തിയിട്ടുള്ളത്.

* ദേശീയ വിദ്യാഭ്യാസ സര്‍വ്വെകള്‍ പറയുന്നതനുസരിച്ച് 2008-ല്‍ മൊത്തം പെണ്‍കുഞ്ഞുങ്ങളുടെ 48.22 ശതമാനമാണ് പ്രൈമറി സ്കൂളില്‍ എന്‍റോള്‍ചെയ്യപ്പെട്ടത്. അപ്പര്‍ പ്രൈമറിഘട്ടത്തില്‍ ഇത് 47ശതമാനമായികുറയുന്നുവെന്നു മാത്രം.

* നമ്മുടെ രാജ്യത്തെ 88 ശതമാനം കുട്ടികളും ഉന്നതവിദ്യാഭ്യാസ മേഖലക്ക് പുറത്താണ്.

* 2000-01 ല്‍ ജി.ഡി.പി.യുടെ 3.23 ശതമാനമായിരുന്നു വിദ്യാഭ്യാസത്തിന് രാഷ്ട്രം മാറ്റിവച്ചത്. കൂടാതെ 2008-ല്‍ ഇത് 2.88% ആയി കുറഞ്ഞുവെന്നാണ് സാമ്പത്തിക സര്‍വ്വെ വിശദീകരിക്കുന്നത്. മൊത്തം സര്‍ക്കാര്‍ ചെലവുകളില്‍ വിദ്യാഭ്യാസചിലവ് 11.1 ശതമാനത്തില്‍ നിന്ന് 9.98 ശതമാനമായി താണു.

* 2007-08ല്‍ എലിമെന്ററി വിദ്യാഭ്യാസമേഖലയിലെ കേന്ദ്രസര്‍ക്കാര്‍ വിഹിതം (മൊത്തം വിദ്യാഭ്യാസ ചിലവിന്റെ) 71 ശതമാനമായിരുന്നു. 2008-09 ല്‍ അത് 59 ശതമാനമായും ഈ വര്‍ഷത്തെ ബജറ്റില്‍ 48 ശതമാനമായും കുറച്ചിരിക്കുന്നു.

കണക്കുകള്‍ കഥപറയും...

പ്രാഥമിക-സെക്കന്ററി വിദ്യാഭ്യാസ രംഗത്ത് ദേശീയ-സംസ്ഥാന നിക്ഷേപങ്ങള്‍ അടിയ്ക്കടി കുറയുമ്പോള്‍ സംഭവിക്കുന്നത്...

പ്രാഥമിക വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ മേഖലയുടെ വിഹിതം അടിക്കടി വര്‍ദ്ധിക്കുകയാണ്...സ്വകാര്യ വിദ്യാലയങ്ങള്‍ മൊത്തം പ്രാഥമിക വിദ്യാലയങ്ങളുടെ എത്ര ശതമാനം?
പ്രൈമറി - സെക്കന്ററി തലത്തില്‍ വിദ്യാഭ്യാസ ചിലവ് സര്‍ക്കാര്‍ വെട്ടികുറയ്ക്കുമ്പോള്‍ സ്വകാര്യ-അണ്‍ എയ്ഡഡ് വളര്‍ച്ച ഭീകരമാണ്. 2003-08 കാലത്ത് സര്‍ക്കാര്‍ ഉടമയിലുള്ള പ്രാഥമിക വിദ്യാലയങ്ങളുടെ എണ്ണത്തില്‍ 26% വളര്‍ച്ചയാണുണ്ടായത് (7,94,265 സ്കൂളുകള്‍ - 10,02,915 ആയി) എന്നാല്‍ സ്വകാര്യ മേഖലയില്‍ 94 ശതമാനം വളര്‍ച്ചയാണ് ഈ കാലത്ത് ഉണ്ടായത്! (1,25,842ല്‍ നിന്ന് 2,43,895ലേക്കുള്ള കുതിപ്പ്)

'സ്വകാര്യവിദ്യാഭ്യാസ' ചിലവില്‍ ഇന്ത്യ ലോകത്ത് ഒന്നാം സ്ഥാനത്താണെന്ന് കണക്കുകള്‍ പറയുന്നു.
ഏറെ വിശദീകരിക്കേണ്ടതില്ല.. സംസാരിക്കുന്ന സ്ഥിതിവിവരകണക്കുകള്‍ ഇന്ത്യയിലെ പ്രൈമറി/സെക്കന്ററി വിദ്യാഭ്യാസമേഖലയുടെ നേര്‍ചിത്രം വരിച്ചിടുന്നു. ഈ പ്രതിസന്ധികള്‍ പരിഹരിക്കുകയല്ല; സ്വകാര്യമൂലധനത്തെക്കൊണ്ട് ഓട്ടയടപ്പിച്ച്, സാമൂഹിക കടമകള്‍ കൈയ്യൊഴിയുകയാണ് പുതിയ നിയമം വഴി കോണ്‍ഗ്രസ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്! സൌജന്യ വിദ്യാഭ്യാസത്തിന്റെ ലേബലില്‍ മൂലധന അധിനിവേശം അതിവേഗം പൂര്‍ത്തിയാക്കുന്ന ഈ പ്രക്രിയക്ക് തടയിടേണ്ടത് ജനങ്ങളുടെ കടമയാണ്. അതിന് കഴിയുമെങ്കില്‍ ഇനിയും പ്രതീക്ഷക്ക് വകയുണ്ട്.

അക്ഷരം വ്യവസായമാക്കിയ നൂറുദിനങ്ങള്‍

ഇടതുപക്ഷത്തിന്റെ സ്വാധീനമില്ലെന്നുമാത്രമല്ല, 350 കോടീശ്വരന്മാരുടെ പാര്‍ലിമെന്റാണ് ഇന്ന് രാജ്യത്തിന്റെ ഭരണം നിയന്ത്രിക്കുന്നത്. അതിനനുസൃതമായ 'കമ്പോളപ്പെരുമഴ'യാണ് കോണ്‍ഗ്രസ് സര്‍ക്കാറിന്റെ അജണ്ടകളായി പുറത്ത് വന്നിരിക്കുന്നത്. വിദേശസര്‍വ്വകലാശാലകളെ ക്ഷണിക്കുന്നതിനുളള നിയമനിര്‍മ്മാണമാണ് (അഞ്ചുവര്‍ഷകാലമായി തടഞ്ഞുവച്ചിരുന്നത്) 'സൌജന്യവിദ്യാഭ്യാസ നിയമ'ത്തിനുപിറകെവരുന്നത്. യാതൊരു നിയമനിര്‍മ്മാണവും ഇല്ലാതെ തന്നെ 144 വിദേശസര്‍വ്വകലാശാലകളുടെ പരസ്യങ്ങള്‍ ഇന്ത്യന്‍ വര്‍ത്തമാന പത്രങ്ങളില്‍ തുടര്‍ച്ചയായി വന്നുകൊണ്ടിരിക്കുന്നു. അതില്‍ 44എണ്ണവും അവരുടെ സ്വന്തം രാജ്യത്ത്പോലും അംഗീകരിക്കപ്പെട്ടവയല്ലെന്നും വെറും 'പെട്ടിക്കട സര്‍വ്വകലാശാല'കളാണെന്നും മാധ്യമനിരീക്ഷകര്‍ കണ്ടെത്തിയിട്ടുണ്ട്. സ്വകാര്യപങ്കാളിത്തത്തോടെ മാത്രമേ ഇനി ഈ മേഖലയില്‍ സര്‍ക്കാര്‍ ഇടപെടുകയുളളൂവെന്ന് മന്ത്രി ദിവസംതോറും പ്രഖ്യാപിക്കുന്നു! ഫീസ് നിയന്ത്രണം ഉണ്ടാവില്ല, കേന്ദ്രീയ വിദ്യാലയങ്ങള്‍ മുതല്‍ ഐ.ഐ.ടി. വരെയുളള സമസ്ത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും വിദ്യാര്‍ത്ഥി വിഹിതം (ഫീസ്) സ്വകാര്യകോളേജുകളിലേതിന് തുല്യമായി വര്‍ദ്ധിപ്പിക്കും, തുടങ്ങിയ പ്രഖ്യാപനങ്ങളുടെ ഘോഷയാത്രയാണ് 100 ദിനം കൊണ്ട് കപില്‍സിബാല്‍ നടത്തിയത്.. ഉന്നത വിദ്യാഭ്യാസരംഗത്തെ മൂലധന അധിനിവേശം സമ്പൂര്‍ണ്ണമാക്കുന്നതിനുളള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയെന്നാണ് അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ പറയുന്നത്. (ഉന്നതവിദ്യാഭ്യാസ മേഖലയിലെ പുതിയ പരിഷ്കാരങ്ങള്‍ 1991 മുതല്‍ ആരംഭിച്ചതാണ്. അതിന്റെ വിശദാംശങ്ങള്‍, വേറൊരു അന്വേഷണവിഷയമായതിനാല്‍ മാറ്റിവയ്ക്കുന്നു‍)

ഇപ്പോള്‍തന്നെ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങള്‍ അറവുകേന്ദ്രങ്ങളായി മാറികഴിഞ്ഞുവെന്നതിന് ഏറ്റവും കൃത്യമായ തെളിവ് രാജ്യത്തെ വിദ്യാഭ്യാസ വായ്പയില്‍ വന്ന ഭീമാകാരമായ വര്‍ദ്ധനവാണ്. 2009 മാര്‍ച്ച് 31ന് രാജ്യത്തെ കോമേഴ്സ്യല്‍ ബാങ്കുകളില്‍നിന്ന് 24,000 കോടിരൂപയുടെ വിദ്യാഭ്യാസ വായ്പയാണ് നല്‍കിയിട്ടുളളത്. 2011ല്‍ ഇത് 50,000 കോടി രൂപയായി ഉയരുമെന്നാണ് റിസര്‍വ് ബാങ്ക് എസ്റിമേറ്റ്! ഈ ധനമെല്ലാം ആരാണ് വരവ് വയ്ക്കുന്നത്? വിദ്യാഭ്യാസവും വിജ്ഞാനവും മൂലധനഉടമകള്‍ക്ക് കൈമാറുമ്പോള്‍ സംഭവിക്കുന്നത് അതാണ്. സ്വകാര്യ സ്വാശ്രയ മേഖലയുടെ വളര്‍ച്ചക്കും വികാസത്തിനും പൊതുസമൂഹമാണ് ഫണ്ടു ചെയ്യുന്നതെന്ന്, ഈ കണക്ക് വ്യക്തമാക്കുന്നു. ഇതെല്ലാം അറിഞ്ഞുകൊണ്ട് തന്നെ ഈ ധനപ്രവാഹത്തിന് ശക്തികൂട്ടുന്ന തീരുമാനങ്ങള്‍ മാത്രമാണ് കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങള്‍ എടുക്കുന്നത്.

ഉന്നത വിദ്യാഭ്യാസ രംഗത്തെ സബ്സിഡികള്‍ പിന്‍വലിക്കുന്ന സര്‍ക്കുലര്‍ പുറപ്പെടുവിച്ചുകൊണ്ടാണ് അധികാരമേറ്റതിന്റെ നൂറാം ദിനം സര്‍ക്കാര്‍ ആഘോഷിച്ചത്. യൂസര്‍ ഫീ പിരിക്കാനും, ഹോസ്റ്റലുകളില്‍ കമ്പോളനിരക്കില്‍ വാടകവാങ്ങാനും, ട്യൂഷന്‍ഫീ 'ഡോളര്‍നിരക്കില്‍' ഉയര്‍ത്താനും അധികാരികളോട് ആവശ്യപ്പെടുന്ന സര്‍ക്കുലര്‍ എച്ച്. ആര്‍. ഡി. സെക്രട്ടറിയുടെതായി പുറത്തുവന്നിട്ടുണ്ട്. 11-ാം പദ്ധതി കാലത്ത് 6000 മോഡല്‍സ്കൂളുകള്‍ സ്ഥാപിക്കുമെന്നുളള മന്ത്രിയുടെ പ്രഖ്യാപനമാണ് അവസാനം കേട്ടത്. 10,000 കോടി രൂപയുടെ സ്വകാര്യനിക്ഷേപം പ്രതീക്ഷിക്കുന്നതിനാല്‍ ഇതില്‍ 2500 എണ്ണം സ്വകാര്യപങ്കാളിത്തത്തോടെയാണത്രെ സ്ഥാപിക്കുന്നത്. 25കോടി ആസ്തിയുള്ള മുതലാളിമാര്‍ക്ക് കേന്ദ്ര ഖജനാവിന്റെ ചെലവില്‍ ഈ മോഡല്‍ സ്കൂള്‍ സ്വന്തമാക്കാമെന്നാണ് പ്രഖ്യാപനം. അവിടെ പ്രവേശിപ്പിക്കുന്ന ഓരോ കുട്ടിക്കും ഫീസിനത്തില്‍ 1400 രൂപാവീതം (ഉടമയ്ക്ക്) സര്‍ക്കാര്‍ നല്‍കും. സ്വകാര്യ നിക്ഷേപത്തിന് പലിശയും സര്‍ക്കാര്‍ കൊടുക്കുമെന്നാണ് മാധ്യമങ്ങളില്‍ വായിച്ചറിഞ്ഞത്. പ്രസ്തുത സ്കൂളുകളില്‍ SC/ST വിദ്യാര്‍ത്ഥികളുടെ പ്രതിമാസ ട്യൂഷന്‍ഫീസ് 25 രൂപയും വരുമാനനികുതി നല്‍കാത്ത രക്ഷിതാക്കളുടെ കുട്ടികള്‍ക്ക് 100രൂപയും ആയിരിക്കുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അതങ്ങനെ തുടരുമ്പോള്‍, രാജ്യത്തെ കേന്ദ്രീയ വിദ്യാലയങ്ങളിലെ ഫീസ് 5 മുതല്‍ 8 മടങ്ങ് വരെ ഉയര്‍ത്തികൊണ്ടുളള സര്‍ക്കാര്‍ സര്‍ക്കുലര്‍ എല്ലാ വിദ്യാലയ അധികൃതരുടെയും മേശപ്പുറത്ത് ഇപ്പോള്‍ എത്തിയിട്ടുണ്ടത്രെ!

അതെ, ഇന്ത്യന്‍ സാമൂഹിക ജീവിതത്തില്‍ അതിഭീകരമായ അസമത്വങ്ങള്‍ വാരിവിതക്കുന്ന മൂലധന അധിനിവേശത്തിന്റെ കാവല്‍ക്കാരെയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വിജയിപ്പിച്ചതെന്ന് 100 ദിവസം കൊണ്ട് തന്നെ വ്യക്തമായിക്കഴിഞ്ഞു. അത്തരം നയപരിപാടികളുടെ വേലിയേറ്റമാണ് 'അക്ഷരവ്യവസായ മേഖലയില്‍' ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്! ആരാണ് ഇത് തടയേണ്ടത്.?
*
Reference:
1. Network for Social Accountability-www.nsa.org.in
2. Edustat Data Base, World Bank website
3. Global Monitoring reporte on education for all - 2009
4. National network on education website
5. Right to education bill website HRD Ministry
6. India together website
*
അനന്തകൃഷ്ണന്‍ അടൂര്‍ ananthakrishnanadoor@gmail.com
കടപ്പാട്: പി.എ.ജി ബുള്ളറ്റില്‍ ലക്കം 75