Thursday, November 5, 2009

പലസ്തീന്‍ ജനതയ്ക്ക് തൊഴിലാളിവര്‍ഗത്തിന്റെ ഐക്യദാര്‍ഢ്യം

പലസ്തീന്‍-അറബ് പ്രശ്നങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സിറിയന്‍ കമ്യൂണിസ്റ്റ് പാര്‍ടി ഡമാസ്കസില്‍ സംഘടിപ്പിച്ച കമ്യൂണിസ്റ്റ്, വര്‍ക്കേഴ്സ് പാര്‍ടികളുടെ അസാധാരണ യോഗത്തില്‍ 39 രാജ്യത്തുനിന്നുള്ള 47 പാര്‍ടികള്‍ പങ്കെടുത്തു. കമ്യൂണിസ്റ്റ്, വര്‍ക്കേഴ്സ് പാര്‍ടികളുടെ പത്താം രാജ്യാന്തര സമ്മേളനം തീരുമാനിച്ചത് പതിനൊന്നാം സമ്മേളനം സിപിഐ എമ്മിന്റെയും സിപിഐയുടെയും സംയുക്താഭിമുഖ്യത്തില്‍ ഇന്ത്യയില്‍ നടത്താനാണ്. എന്നാല്‍, പശ്ചിമേഷ്യയിലെ ആശങ്കാജനകമായ സ്ഥിതിവിശേഷത്തിന്റെയും പലസ്തീനികള്‍ക്കുനേരെ ഇസ്രയേല്‍ നടത്തുന്ന കടന്നാക്രമണങ്ങളുടെയും പശ്ചാത്തലത്തില്‍ പലസ്തീന്‍ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ടത് അടിയന്തരാവശ്യമാണെന്ന നിഗമനത്തില്‍ പത്താം സമ്മേളനം എത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് പശ്ചിമേഷ്യന്‍ സ്ഥിതിഗതി ചര്‍ച്ച ചെയ്യാന്‍ അസാധാരണയോഗം ചേരാന്‍ തീരുമാനിച്ചത്. പശ്ചിമേഷ്യന്‍ പ്രതിസന്ധി സംബന്ധിച്ച് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ നടത്തിയ പ്രസ്താവനകളുടെ പശ്ചാത്തലത്തില്‍ യോഗത്തിന് പ്രസക്തി വര്‍ധിച്ചിരുന്നു. പലസ്തീന്‍രാജ്യം എന്ന വാഗ്ദാനം ആവര്‍ത്തിക്കുകയല്ലാതെ ഇക്കാര്യത്തില്‍ അമേരിക്കന്‍ ഭരണകൂടം വ്യക്തമായ നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്ന വിലയിരുത്തലാണ് യോഗത്തിലുണ്ടായത്. അധിനിവേശഭൂമിയില്‍ അനധികൃത ജൂതകുടിയേറ്റങ്ങള്‍, പലസ്തീന്‍ അഭയാര്‍ഥികള്‍ക്ക് അവരുടെ സ്വന്തം മണ്ണിലേക്ക് മടങ്ങാനുള്ള അവകാശം, കിഴക്കന്‍ ജറുസലേം പലസ്തീന്റെ തലസ്ഥാനമായി അംഗീകരിക്കല്‍ തുടങ്ങിയ പ്രധാന കാര്യങ്ങളിലൊന്നും തീരുമാനം ഉണ്ടായില്ല. യോഗത്തിനുവേണ്ടി ഐക്യദാര്‍ഢ്യപ്രഖ്യാപനം നടത്താന്‍ ആതിഥേയപാര്‍ടി കരട്പ്രമേയം അവതരിപ്പിച്ചിരുന്നു. അന്തിമപ്രഖ്യാപനം പാര്‍ടികള്‍ തമ്മിലുള്ള കൂടിയാലോചനയ്ക്കുശേഷം പുറപ്പെടുവിച്ചാല്‍ മതിയെന്ന് തീരുമാനിച്ചു. എന്നാല്‍, താഴെപ്പറയുന്ന കാര്യങ്ങളില്‍ യോഗത്തില്‍ പൊതുധാരണ പ്രതിഫലിച്ചു.

1. 1967 ജൂണ്‍ അഞ്ചിനുശേഷം കൈയേറിയ അറബ് പ്രദേശങ്ങളായ വെസ്റ്റ് ബാങ്ക്, ഗാസ മുനമ്പ്, കിഴക്കന്‍ ജറുസലേം, ഗൊലാന്‍ കുന്നുകള്‍, ദക്ഷിണ ലബനന്‍ എന്നിവിടങ്ങളില്‍നിന്ന് യുഎന്‍ പ്രമേയങ്ങളും (242 ഉള്‍പ്പടെയുള്ള) ബലപ്രയോഗത്തിലൂടെ സ്ഥലങ്ങള്‍ കീഴടക്കുന്നത് തടയുന്ന രാജ്യാന്തരനിയമങ്ങളും അനുസരിച്ച് ഇസ്രയേലിന്റെ പൂര്‍ണമായ പിന്മാറ്റം.

2. പലസ്തീന്‍ജനതയുടെ സ്വയംനിര്‍ണയത്തിനും കിഴക്കന്‍ ജറുസലേം തലസ്ഥാനമായി സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം രൂപീകരിക്കാനുമുള്ള അവകാശം അംഗീകരിക്കുക.

3. പലസ്തീന്‍ അതിര്‍ത്തിയിലും ഗൊലാന്‍ കുന്നുകളിലുമുള്ള ഇസ്രയേലി കുടിയേറ്റ നിര്‍മാണങ്ങള്‍ പൊളിക്കുക.

4. രാജ്യാന്തര നീതിന്യായ കോടതിയുടെ വിധി അനുസരിച്ച് വര്‍ണവെറിയന്‍ മതില്‍ തകര്‍ക്കുക, കണ്ടുകെട്ടിയ സ്ഥലങ്ങള്‍ ഉടമകള്‍ക്ക് തിരികെ നല്‍കുക, അവര്‍ക്കുണ്ടായ നാശനഷ്ടങ്ങള്‍ക്ക് മതിയായ പരിഹാരം ലഭ്യമാക്കുക.

5. കിഴക്കന്‍ ജറുസലേമിനെ ജൂതവല്‍ക്കരിക്കാന്‍ സ്വീകരിച്ച എല്ലാ നടപടിയും പിന്‍വലിക്കുക; 1967ലെ അധിനിവേശത്തിനുമുമ്പുള്ള നിലയിലേക്ക്, പലസ്തീന്റെ ഭാഗമെന്ന അവസ്ഥയിലേക്ക് കിഴക്കന്‍ ജറുസലേമിനെ തിരിച്ചുകൊണ്ടുവരിക.

6. ഗാസയ്ക്കുമേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന മനുഷ്യത്വഹീനമായ ഉപരോധം പിന്‍വലിക്കുക.

7. പലസ്തീന്‍മേഖലകളില്‍നിന്ന് 1948 മുതല്‍ തടവിലാക്കിയവര്‍ ഉള്‍പ്പെടെയുള്ള എല്ലാ പലസ്തീന്‍-അറബ് തടവുകാരെയും മോചിപ്പിക്കുക.

8. പലസ്തീന്‍ജനതയ്ക്ക് 1948ല്‍ അവര്‍ ഉപേക്ഷിക്കേണ്ടിവന്ന ജന്മഗ്രാമങ്ങളിലേക്കു മടങ്ങാനും വസ്തുവകകള്‍ തിരികെ കിട്ടാനും വഴിയൊരുക്കുന്ന 1948ലെ 194-ാം യുഎന്‍ പ്രമേയം നടപ്പാക്കുക; മടങ്ങിവരുന്ന അഭയാര്‍ഥികള്‍ക്ക് വീടുകള്‍ നല്‍കാനും ഇവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കുകൊണ്ടുവരാനും ആവശ്യമായ സംവിധാനം യുഎന്‍ പ്രതിനിധാനംചെയ്യുന്ന അന്താരാഷ്ട്രസമൂഹത്തിന്റെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തുക; ഇവര്‍ക്ക് പീഡനകാലത്തുണ്ടായ നഷ്ടങ്ങള്‍ക്ക് പരിഹാരം നല്‍കുക.

9. ഇസ്രയേലിലെ വര്‍ണവെറിയന്‍ ഭരണം അവസാനിപ്പിക്കുക, എല്ലാ ഇസ്രയേല്‍ പൌരന്മാര്‍ക്കും തുല്യമായ രാഷ്ട്രീയ-സാമൂഹ്യ നിയമാവകാശങ്ങള്‍ നല്‍കുക.

10. മേഖലയിലെ എല്ലാ വിദേശ സൈനിക താവളങ്ങളും പൂട്ടുകയും ഇസ്രയേലിന്റെ ആണവായുധശേഖരം ഉള്‍പ്പെടെ കൂട്ടക്കൊലയ്ക്കുള്ള എല്ലാ ആയുധങ്ങളും നശിപ്പിക്കുകയും ചെയ്യുക; യുഎന്‍ പ്രമേയങ്ങളുടെ അന്തഃസന്തയ്ക്ക് അനുസൃതമായി ഇസ്രയേലിന്റെ ആണവനിലയങ്ങള്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ പരിശോധനയ്ക്ക് വിധേയമാക്കുക.

11. ദക്ഷിണ ലബനനില്‍ ലബനീസ് സൈന്യത്തെ സഹായിക്കുംവിധം അന്താരാഷ്ട്രസേനയുടെ ദൌത്യത്തെ യുഎന്‍ പ്രമേയങ്ങള്‍ക്ക് അനുസൃതമായ രീതിയില്‍ ഉറപ്പിക്കുക, ഇതില്‍ മാറ്റം വരുത്തുന്നത് ഈ സേനയെ ഇസ്രയേലിന്റെ ഉപകരണമാക്കി മാറ്റും.

കൂടാതെ, അറബ് നാടുകളിലെ കമ്യൂണിസ്റ്റ്-വര്‍ക്കേഴ്സ് പാര്‍ടികള്‍, പ്രത്യേകിച്ച് പലസ്തീനിലെ വിവിധ വിഭാഗങ്ങള്‍ കൂടുതല്‍ ഐക്യത്തോടെ നീങ്ങണമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു.

അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ പൂര്‍ണപിന്തുണയോടെ ഇസ്രയേല്‍ ഒരുക്കുന്ന സന്നാഹങ്ങള്‍ക്കെതിരെ വിജയം നേടാന്‍ ഈ ഐക്യം അനിവാര്യമാണ്. നിര്‍ദിഷ്ട പ്രഖ്യാപനത്തിന്റെ സാരാംശം ഇതാണ്: അറബ് ദേശീയ വിമോചനപ്രസ്ഥാനത്തിന് താഴെ പറയുന്ന ലക്ഷ്യങ്ങള്‍ നേടാനുള്ള വിഭവങ്ങളും ശേഷിയുമുണ്ട്:

1. വിപുലമായ ഐക്യദാര്‍ഢ്യപ്രസ്ഥാനം കെട്ടിപ്പടുക്കുക.

2. അറബ് രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് പ്രയോജനംചെയ്യുന്ന വിധത്തില്‍ അതിന്റെ സാമ്പത്തികവിഭവങ്ങള്‍ വിനിയോഗിക്കുക.

3. സാമ്പത്തിക, സാമൂഹ്യ, സാംസ്കാരിക പിന്നോക്കാവസ്ഥ മറികടക്കുക.

4. പുരോഗനചിന്തയുടെയും മതനിരപേക്ഷതയുടെയും ചൈതന്യം പടര്‍ത്തുക.

5. രാഷ്ട്രീയജീവിതം ജനാധിപത്യവല്‍ക്കരിക്കുകയും അറബ് ദേശീയ വിമോചനപ്രസ്ഥാനങ്ങളില്‍ ഇടതുപക്ഷത്തിന്റെ പങ്ക് ശക്തിപ്പെടുത്തുകയും ചെയ്യുക.

ഗൊലാന്‍കുന്നുകളിലേക്ക് സന്ദര്‍ശനം


സെപ്തംബര്‍ 30ന് പ്രതിനിധികള്‍ ഗൊലാന്‍കുന്നുകളിലെ യുഎന്‍ നിരീക്ഷണത്തിലുള്ള മേഖല സന്ദര്‍ശിച്ചു. അറബ് മേഖലകളുടെ ആധിപത്യത്തിനായി 1967ല്‍ നടന്ന യുദ്ധത്തില്‍ ഇസ്രയേല്‍ പിടിച്ചെടുത്ത തന്ത്രപ്രധാനമായ സ്ഥലമാണിത്. യുഎന്‍, അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍, യുകെ, അറബ് ലീഗ്, റെഡ് ക്രോസ്, ആംനെസ്റ്റി ഇന്റര്‍നാഷണല്‍, ഹ്യൂമന്‍ റൈറ്റ്സ് വാച്ച്- ഇവരെല്ലാം ഗൊലാന്‍കുന്നുകളെ ഇസ്രയേല്‍ കൈയടക്കിവച്ചിരിക്കുന്ന പ്രദേശമായാണ് പരിഗണിച്ചുവരുന്നത്, ഇസ്രയേലിന്റെ ഭാഗമായിട്ടല്ല. എന്നിട്ടും ഇസ്രയേല്‍ അവരുടെ ഭരണവും അധികാരവും നിയമങ്ങളും ഈ മേഖലയിലാകെ നടപ്പാക്കുന്നു. യുഎന്‍ രക്ഷാസമിതി ഇസ്രയേലിന്റെ ഈ നടപടിയെ പ്രമേയം 497 വഴി അപലപിച്ചതാണ്. 2008ല്‍ ചേര്‍ന്ന യുഎന്‍ പൊതുസഭയുടെ പ്ളീനറി സമ്മേളനം ഒന്നിനെതിരെ 161 വോട്ടിന് രക്ഷാസമിതിയുടെ ഇതുസംബന്ധിച്ച പ്രമേയത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. എതിര്‍ത്തത് ഇസ്രയേല്‍മാത്രം.

ഇത്രയും ശക്തമായ തോതില്‍ രാജ്യാന്തരഅഭിപ്രായം പ്രകടമായിട്ടും ഇസ്രയേല്‍ അഹന്തയോടെ നിയമലംഘനം തുടരുകയാണ്. തീര്‍ച്ചയായും അമേരിക്കയുടെ പിന്തുണയില്ലെങ്കില്‍ ഇസ്രയേലിന് ഇത് സാധ്യമാവുകയില്ല, പ്രത്യക്ഷത്തില്‍ അമേരിക്ക മറിച്ചുള്ള നിലപാടാണ് എടുക്കുന്നതെങ്കിലും. തന്ത്രപ്രധാനമായ ഈ പ്രദേശമാണ് മേഖലയിലെ മുഖ്യ ജലസ്രോതസ്സ്. പ്രദേശത്തിന്റെ നിയന്ത്രണം കൈവെടിയാതിരിക്കാന്‍ ഇസ്രയേലിനെ പ്രേരിപ്പിക്കുന്ന പ്രധാനഘടകം ഇതാണ്.

ചരിത്രാതീതകാലംമുതല്‍ ജനവാസമുള്ള മേഖലയാണിത്. എമോറിറ്റസ്, അരമിനസ്, അസിറിയന്‍, കല്‍ദായ, പേര്‍ഷ്യന്‍, ഹെലനിസ്റ്റിക് സംസ്കാരങ്ങളുടെ വളര്‍ച്ചയില്‍ ഈ പ്രദേശം പ്രധാനപങ്ക് വഹിച്ചു. വി. പോളിന്റെ മതംമാറ്റം നടന്ന സ്ഥലം ഈ മേഖലയിലെ കൊക്കാബ് ഗ്രാമത്തിലാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവിടെ ഇസ്രയേല്‍ നടത്തുന്ന കടന്നാക്രമണത്തിന്റെ ഏറ്റവും ദാരുണഫലം മാനവചരിത്രവുമായി ബന്ധപ്പെട്ട പല കാര്യങ്ങളുടെയും മനുഷ്യവാസത്തിന്റെ ആദ്യകാല കേന്ദ്രങ്ങളുടെയും നാശമാണ്. ജെറീക്കോ, ഹെബ്റോ, ബത്ലഹേം, വെസ്റ്റ് ബാങ്ക് തുടങ്ങിയ ചരിത്രനഗരങ്ങളുടെ ഇന്നത്തെ സ്ഥിതി ദാരുണമാണ്. ക്വനീത്രനഗരം കേന്ദ്രീകരിച്ചാണ് ഈ പ്രദേശം നിയന്ത്രിച്ചിരുന്നത്. ഓട്ടോമന്‍ കാലത്ത് സില്‍ക്ക് പാതയില്‍ സാര്‍ഥവാഹകസംഘങ്ങളുടെ പ്രധാന താവളമായിരുന്നു ഇവിടം. അതുകൊണ്ടുതന്നെ പുരോഗതി കൈവരിച്ച ജനവാസകേന്ദ്രമായിരുന്നു. ആധുനിക കാലത്ത് സിറിയന്‍ രാഷ്ട്രത്തിന്റെ ഭാഗമായി ഗൊലാന്‍കുന്നുമേഖലയാകെ നിയന്ത്രിച്ചിരുന്നത് ക്വനീത്രയില്‍നിന്നായിരുന്നു.

1967ലെ യുദ്ധത്തില്‍ ഇസ്രയേല്‍ ക്വനീത്ര പിടിച്ചെടുത്തു. എന്നാല്‍, 1973ല്‍ ഇത് സിറിയ തിരികെ പിടിച്ചു. പ്രദേശം വിട്ടുപോകുന്നതിനുമുമ്പ് ഇസ്രയേല്‍ ഈ നഗരമാകെ ചിട്ടയായ രീതിയില്‍ നശിപ്പിച്ചു. ഇസ്രയേലിന്റെ കിരാത നടപടികളുടെ ആഴം ബോധ്യപ്പെടുന്നത് ഈ സ്ഥലം കാണുമ്പോഴാണ്. നശിപ്പിച്ച പള്ളികളും ആശുപത്രികളും ഹീനമായ നശീകരണത്തിന്റെ സാക്ഷ്യപത്രമായി നിലകൊള്ളുന്നു. ക്വനീത്രയില്‍നിന്ന് ഏതാനും കിലോമീറ്റര്‍ അകലെ ടീനിലെ എയ്മില്‍ കമ്പിവേലികൊണ്ട് വേര്‍തിരിച്ച ഭാഗത്ത് സംഘടിപ്പിച്ച പൊതുസമ്മേളനത്തിലും ഞങ്ങള്‍ പങ്കെടുത്തു. വേലിയുടെ ഒരുവശത്ത് മൈക്രോഫോണുകളുമായി ഞങ്ങള്‍ നിലയുറപ്പിച്ചു. മറുവശത്ത് അധിനിവേശഭൂമിയില്‍നിന്നുള്ള സിറിയ, പലസ്തീന്‍, ഇസ്രയേല്‍ കമ്യൂണിസ്റ്റ് പാര്‍ടികളുടെ പ്രവര്‍ത്തകര്‍. ഇരുവശത്തുമുള്ളവര്‍ക്ക് കേള്‍ക്കാന്‍ കഴിയുന്നവിധത്തില്‍ രണ്ടുഭാഗത്തെയും നേതാക്കള്‍ സംസാരിച്ചു. ഗണ്യമായ അകലം പാലിക്കേണ്ടിയിരുന്നതിനാല്‍ മറുവശത്തെ ജനക്കൂട്ടത്തെ കാണാന്‍ ബൈനോക്കുലര്‍ ഉപയോഗിക്കേണ്ടിവന്നു.

പിന്നീട് ഞങ്ങള്‍ സന്ദര്‍ശിച്ചത് ഖാന്‍ എല്‍ ഷേയ്ഖില്‍ യുഎന്‍ നിര്‍മിച്ച അഭയാര്‍ഥിക്യാമ്പാണ്. ഇസ്രയേല്‍ അതിക്രമങ്ങളെത്തുടര്‍ന്ന് സ്വന്തം മണ്ണില്‍നിന്ന് പലായനം ചെയ്യേണ്ടിവന്ന ഒരുലക്ഷത്തോളം പലസ്തീനികളാണ് ഇവിടെ കഴിയുന്നത്. പലസ്തീനികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇവിടെയും സമ്മേളനം ചേര്‍ന്നു. രണ്ടാംലോക മഹായുദ്ധകാലത്തെ ഫാസിസ്റ്റ് ക്രൂരതകള്‍ക്കുശേഷമുള്ള, ഏറ്റവും ഭീകരമായ കുറ്റകൃത്യങ്ങളാണ് ഇസ്രയേല്‍ പലസ്തീനികളോട് ചെയ്യുന്നത്. പലസ്തീന്‍ മാതൃരാജ്യം നിഷേധിക്കാന്‍ നടക്കുന്ന സാമ്രാജ്യത്വ ഗൂഢാലോചനയെ ജീവിതവും സ്വാതന്ത്ര്യവും സംബന്ധിച്ച അടിസ്ഥാന മാനുഷികമൂല്യങ്ങളില്‍ വിശ്വസിക്കുന്ന എല്ലാവരും ചേര്‍ന്ന് ചെറുത്തുതോല്‍പ്പിച്ചേ തീരൂ.

*
സീതാറാം യെച്ചൂരി കടപ്പാട്: ദേശാഭിമാനി

2 comments:

വര്‍ക്കേഴ്സ് ഫോറം said...

പലസ്തീന്‍-അറബ് പ്രശ്നങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സിറിയന്‍ കമ്യൂണിസ്റ്റ് പാര്‍ടി ഡമാസ്കസില്‍ സംഘടിപ്പിച്ച കമ്യൂണിസ്റ്റ്, വര്‍ക്കേഴ്സ് പാര്‍ടികളുടെ അസാധാരണ യോഗത്തില്‍ 39 രാജ്യത്തുനിന്നുള്ള 47 പാര്‍ടികള്‍ പങ്കെടുത്തു. കമ്യൂണിസ്റ്റ്, വര്‍ക്കേഴ്സ് പാര്‍ടികളുടെ പത്താം രാജ്യാന്തര സമ്മേളനം തീരുമാനിച്ചത് പതിനൊന്നാം സമ്മേളനം സിപിഐ എമ്മിന്റെയും സിപിഐയുടെയും സംയുക്താഭിമുഖ്യത്തില്‍ ഇന്ത്യയില്‍ നടത്താനാണ്. എന്നാല്‍, പശ്ചിമേഷ്യയിലെ ആശങ്കാജനകമായ സ്ഥിതിവിശേഷത്തിന്റെയും പലസ്തീനികള്‍ക്കുനേരെ ഇസ്രയേല്‍ നടത്തുന്ന കടന്നാക്രമണങ്ങളുടെയും പശ്ചാത്തലത്തില്‍ പലസ്തീന്‍ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ടത് അടിയന്തരാവശ്യമാണെന്ന നിഗമനത്തില്‍ പത്താം സമ്മേളനം എത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് പശ്ചിമേഷ്യന്‍ സ്ഥിതിഗതി ചര്‍ച്ച ചെയ്യാന്‍ അസാധാരണയോഗം ചേരാന്‍ തീരുമാനിച്ചത്. പശ്ചിമേഷ്യന്‍ പ്രതിസന്ധി സംബന്ധിച്ച് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ നടത്തിയ പ്രസ്താവനകളുടെ പശ്ചാത്തലത്തില്‍ യോഗത്തിന് പ്രസക്തി വര്‍ധിച്ചിരുന്നു. പലസ്തീന്‍രാജ്യം എന്ന വാഗ്ദാനം ആവര്‍ത്തിക്കുകയല്ലാതെ ഇക്കാര്യത്തില്‍ അമേരിക്കന്‍ ഭരണകൂടം വ്യക്തമായ നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്ന വിലയിരുത്തലാണ് യോഗത്തിലുണ്ടായത്. അധിനിവേശഭൂമിയില്‍ അനധികൃത ജൂതകുടിയേറ്റങ്ങള്‍, പലസ്തീന്‍ അഭയാര്‍ഥികള്‍ക്ക് അവരുടെ സ്വന്തം മണ്ണിലേക്ക് മടങ്ങാനുള്ള അവകാശം, കിഴക്കന്‍ ജറുസലേം പലസ്തീന്റെ തലസ്ഥാനമായി അംഗീകരിക്കല്‍ തുടങ്ങിയ പ്രധാന കാര്യങ്ങളിലൊന്നും തീരുമാനം ഉണ്ടായില്ല. യോഗത്തിനുവേണ്ടി ഐക്യദാര്‍ഢ്യപ്രഖ്യാപനം നടത്താന്‍ ആതിഥേയപാര്‍ടി കരട്പ്രമേയം അവതരിപ്പിച്ചിരുന്നു. അന്തിമപ്രഖ്യാപനം പാര്‍ടികള്‍ തമ്മിലുള്ള കൂടിയാലോചനയ്ക്കുശേഷം പുറപ്പെടുവിച്ചാല്‍ മതിയെന്ന് തീരുമാനിച്ചു.

പള്ളിക്കുളം.. said...

ശ്ലാഘനീയമായ നിലപാടുകൾ..