Sunday, November 8, 2009

ഡോളര്‍ വീഴ്ചയുടെ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍

രണ്ടുവര്‍ഷത്തോളം നീണ്ട സര്‍വനാശകമായ താണ്ഡവനൃത്തം അവസാനിപ്പിച്ച് അമേരിക്കന്‍ സാമ്പത്തികത്തകര്‍ച്ച സാധാരണ ഗതിയിലേക്കു നീങ്ങുന്നുവെന്നാണ് സൂചന. എന്നാല്‍, ഇപ്പോഴും ചില ബാങ്കുകള്‍ പൊളിയുന്നെന്നും ചില വ്യവസായങ്ങള്‍ പൂട്ടുന്നെന്നും വാര്‍ത്തകള്‍ വരുന്നുണ്ട്. ഏതായാലും ഒരു കാര്യം സംശയരഹിതമാണ്. ആയിരക്കണക്കിന് ഇടത്തരം ഓഹരി ഉടമകളുടെ ജീവിതസമ്പാദ്യവും അനേകലക്ഷം തൊഴിലാളികളുടെ ഉപജീവനമാര്‍ഗവും നഷ്ടപ്പെടുത്തിയതിനുശേഷമാണ് പ്രതിസന്ധിയുടെ തിരിച്ചുപോക്ക്. ഇനി തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് തൊഴില്‍ ലഭിച്ചാലും മുന്‍ വേതന നിരക്കോ മറ്റ് ആനുകൂല്യങ്ങളോ ഉണ്ടായിരിക്കുകയില്ല. ഇങ്ങനെ നികുതിദായകരുടെ പണം വാരിക്കോരിക്കൊടുത്ത് പരിക്കുകളോടെയാണെങ്കിലും കുത്തക മുതലാളിമാരെ സംരക്ഷിക്കാന്‍ യുഎസ് ഭരണകൂടം പാടുപെടുമ്പോള്‍ അവരെ ആസന്നമായ മറ്റൊരു ദുരന്തം കാത്തിരിക്കുകയാണ്.

രണ്ടാം ലോക മഹായുദ്ധംവരെ ആഗോള സമ്പദ്വ്യവസ്ഥയില്‍ കരുതല്‍നാണയമായും വിനിമയ മാധ്യമമായും വര്‍ത്തിച്ചിരുന്ന ബ്രിട്ടീഷ് പവനെ പിന്തള്ളി ഒന്നാംസ്ഥാനത്ത് കയറിപ്പറ്റിയ ഡോളര്‍ അധോഗതിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നെന്ന വാര്‍ത്തയാണ് അത്. അമേരിക്കന്‍ ഐക്യനാട്ടില്‍ ദീര്‍ഘകാലമായി ആധികാരികമായ ഒരു ഔദ്യോഗിക പ്രസിദ്ധീകരണമായി തുടരുന്ന ഫോറിന്‍ അഫയേഴ്സ് മാസികയില്‍ ഒരു വിദഗ്ധന്‍ ആശങ്കകളോടെയാണ് ഈ വിപര്യയത്തെ കാണുന്നത്. ഈ സാമ്പത്തിക പ്രതിസന്ധി അമേരിക്കന്‍ രാഷ്ട്രീയത്തെയും അതിന്റെ ആഗോളാധിപത്യ മോഹങ്ങളെയും തകരാറിലാക്കുമെന്ന് ബെര്‍ക്കിലിയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ സാമ്പത്തികശാസ്ത്ര പ്രൊഫസറായ ബാരി ഐഷന്‍ഗ്രീന്‍ എഴുതുന്നു. (സെപ്തംബര്‍- ഒക്ടോബര്‍ 2009) ബാരി ഐഷന്‍ഗ്രീന്‍ പ്രകടിപ്പിച്ച നേരിയ ശുഭാപ്തിവിശ്വാസത്തിന്റെ ആവരണംപോലും ഇപ്പോള്‍ അഴിഞ്ഞുവീഴുകയാണ്. ഡോളറിന്റെ ഏകാധിപത്യം അവസാനിക്കുകയും യൂറോപ്യന്‍ യൂണിയന്റെ പൊതുനാണയമായ 'യൂറോ'യ്ക്ക് ലോകവിപണിയില്‍ കൂടുതല്‍ സ്ഥാനം നല്‍കേണ്ടിവരുകയും ചൈനയുടെ 'യുവാന്‍' സാര്‍വദേശീയ പദവിയിലേക്ക് ഉയരുകയും ചെയ്യുമെങ്കിലും ഒന്നാംസ്ഥാനം ഡോളറിനുതന്നെ ആയിരിക്കുമെന്ന ശുഭാപ്തിവിശ്വാസമാണ് പ്രൊഫസര്‍ ബാരി പ്രകടിപ്പിച്ചത്. പക്ഷേ, ഇപ്പോള്‍ തെളിഞ്ഞുവരുന്നത് ഈ മൂന്നു നാണയങ്ങളുമല്ലാത്ത ഒരു പുതിയ സാര്‍വദേശീയ മൂല്യ വിനിമയോപാധി നിലവില്‍വരുമെന്നാണ്. സാര്‍വത്രികമായി ഉപയോഗിക്കപ്പെടുന്ന ഒരു നാണയമല്ലെങ്കിലും ഇപ്പോള്‍ സാര്‍വദേശീയ രംഗത്ത് ഡോളര്‍ നിറവേറ്റിക്കൊണ്ടിരിക്കുന്ന കര്‍ത്തവ്യങ്ങള്‍ ഏറ്റെടുക്കുന്ന ഒരു സൂപ്പര്‍ ഡോളറായിരിക്കും അത്. അതിന്റെ പേര് സ്പെഷ്യല്‍ ഡ്രോയിങ് റൈറ്റ്സ് (എസ്ഡിആര്‍) എന്നാണ്. ഇപ്പോള്‍ രാഷ്ട്രങ്ങളുടെയും വ്യക്തികളുടെയും നിക്ഷേപങ്ങള്‍ ഡോളറിലാണെങ്കില്‍ ഇനിമേല്‍ എസ്ഡിആറില്‍ ആയിരിക്കും. ഡോളര്‍വിനിമയത്തെയും ശേഖരത്തെയും നിയന്ത്രിക്കുന്നത് അമേരിക്കന്‍ ഐക്യനാട്ടിലെ ഫെഡറല്‍ബാങ്ക് ആണെങ്കില്‍ പുതിയ സംവിധാനത്തില്‍ അന്താരാഷ്ട്ര നാണയനിധിയോ (ഐഎംഎഫ്) ലോകബാങ്കോ ആയിരിക്കും. ഈ ലോകബാങ്കില്‍ ഇന്ന് അമേരിക്കയ്ക്കുള്ള മേല്‍ക്കോയ്മ അവസാനിപ്പിക്കും.

ചൈനയും ഇന്ത്യയും ഇപ്പോള്‍തന്നെ ഐഎംഎഫിലും ലോകബാങ്കിലും തങ്ങള്‍ക്കുള്ള പങ്ക് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. ചൈനയുടെ വക ഡോളര്‍ നിക്ഷേപം മുപ്പതിനായിരം കോടി പിന്നിട്ടിരിക്കുന്നു. ഈ പണത്തിന്റെ പിന്‍ബലത്തോടുകൂടിയാണ് അമേരിക്കന്‍ ട്രഷറിയും ബാങ്കുകളും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍നിന്ന് കുറെ തുകയെങ്കിലും സൌജന്യമായി നല്‍കി പ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ സഹായിക്കണമെന്ന അമേരിക്കന്‍ ട്രഷറി സെക്രട്ടറി ടിമോത്തി ഗെസ്റ്നര്‍ ആവശ്യപ്പെട്ടതിന് മറുപടിയായി ഒന്നു പുഞ്ചിരിച്ചതേയുള്ളൂ ചൈനീസ് സാമ്പത്തിക കാര്യമന്ത്രി എന്ന് മാധ്യമങ്ങള്‍ പറയുന്നു. അമേരിക്ക ഇപ്പോള്‍ പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്ന സമാധാന പ്രേമത്തിന്റെ യഥാര്‍ഥകാരണം പുതിയ പ്രസിഡന്റ് ബറാക് ഒബാമയുടെ സൌജന്യബുദ്ധി മാത്രമല്ല. ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ വിന്യസിച്ചിരിക്കുന്ന അമേരിക്കന്‍ സൈന്യങ്ങളും കടലായ കടലിലൊക്കെ തിരമാലകളെപ്പോലെ ഉയര്‍ന്നും താണും കഴിയുന്ന അമേരിക്കന്‍ നാവികസേനയും അമേരിക്കയുടെ കടബാധ്യത വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അമേരിക്കയുടെ അന്താരാഷ്ട്ര ബന്ധങ്ങള്‍ നിലനിര്‍ത്തുന്നത് വന്‍ തുകകള്‍ രാഷ്ട്രങ്ങള്‍ക്ക് രാജ്യരക്ഷാസഹായമായി നല്‍കിക്കൊണ്ടാണ്. ആഗോളഭീകരതക്കെതിരായ സഖ്യത്തിന്റെ പേരിലും അമേരിക്കയുടെ പണം ചോര്‍ത്തിയെടുക്കുന്ന രാഷ്ട്രങ്ങള്‍ പലതുണ്ട്. ഈ സാഹചര്യത്തില്‍ അമേരിക്കയ്ക്ക് ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിലേക്ക് കാല്‍കുത്തണമെങ്കില്‍തന്നെ അവരുടെ ഈ ബാധ്യതകളില്‍നിന്ന് തലയൂരിയേ പറ്റൂ.

ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യം അമേരിക്കന്‍ സാമ്രാജ്യത്വ മോഹങ്ങള്‍ പൂവിടാന്‍ തുടങ്ങിയപ്പോള്‍ കുപ്രസിദ്ധ യുദ്ധ വെറിയനാണെങ്കിലും സമാധാനത്തിന്റെ നൊബേല്‍സമ്മാനം നേടിയവനായിരുന്ന പ്രസിഡന്റ് തിയഡോര്‍ റൂസ്വെല്‍റ്റ് ഒരു മുദ്രാവാക്യം മുന്നോട്ടുവച്ചിരുന്നു. 'ഇത് ഒരു അമേരിക്കന്‍ ശതകം' (അമേരിക്കന്‍ സെഞ്ച്വറി) ആകാന്‍ പോവുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രവചനവും പ്രതീക്ഷയും. രണ്ടാംലോക മഹായുദ്ധം ആയപ്പോഴേക്കും മിക്കവാറും ആ പ്രതീക്ഷ സാക്ഷാല്‍ക്കരിക്കുന്ന ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. പക്ഷേ, തുടര്‍ന്ന് അര നൂറ്റാണ്ട് കാലത്തിന്റെ അവസാനമായപ്പോഴേക്കും തിയഡോര്‍ റൂസ്വെല്‍റ്റിന്റെ സ്വപ്നം പൊലിയാന്‍ തുടങ്ങി. 21-ാം നൂറ്റാണ്ട് പിറക്കുമ്പോള്‍ പ്രസിഡന്റായിരുന്ന യുദ്ധവെറിയന്‍ ജോര്‍ജ് ബുഷ് റൂസ്വെല്‍റ്റിനെപ്പോലെ വീരവാദമൊന്നും മുഴക്കിയില്ലെങ്കിലും ലക്ഷ്യം മറ്റൊന്നായിരുന്നില്ല. ഒടുവില്‍ രണ്ട് ഊഴം പൂര്‍ത്തിയാക്കി ബുഷ് പടിയിറങ്ങിയത് അദ്ദേഹം പിടിച്ചടക്കാന്‍ ശ്രമിച്ച രാജ്യത്തെ ഒരു ചെരുപ്പേറേറ്റ് നിരാശാതപ്തനായിട്ടാണ്.

വളരെ മഹനീയ മോഹങ്ങളും അതിലേറെ വ്യാമോഹങ്ങളുമായി അധികാരത്തിലെത്തിയ ആഫ്രോഅമേരിക്കന്‍ വംശജനായ ചെറുപ്പക്കാരന്‍ ബറാക് ഒബാമ ഈ കണ്ടകാകീര്‍ണമായ സഞ്ചാരപഥത്തിലേക്കാണ് -ആ ദുഷിച്ച പൈതൃകത്തിന്റെ ഭാഗമാണ് സാമ്പത്തികത്തകര്‍ച്ചയും ഡോളര്‍വീഴ്ചയും. അങ്ങനെ പ്രൊഫ. ബാരി ഐഷന്‍ഗ്രീന്‍ പ്രവചിച്ചിരിക്കുന്നതുപോലെ ഏകധ്രുവാധിപത്യം ബഹുധ്രുവ വ്യവസ്ഥയ്ക്കു വഴിമാറിക്കൊണ്ടിരിക്കുന്ന പ്രക്രിയയെ ഡോളര്‍വീഴ്ച ത്വരിതപ്പെടുത്തും. അമേരിക്കയുടെ ഏകധ്രുവ ലോകാധിപത്യത്തിന് ചുക്കാന്‍ പിടിക്കാന്‍ തയ്യാറായ തിയഡോര്‍ റൂസ്വെല്‍റ്റ്, ഹെര്‍ബര്‍ട്ട് ഹുവര്‍, റിച്ചാര്‍ഡ് നിക്സണ്‍, ജോര്‍ജ് ഡബ്ള്യുബുഷ് തുടങ്ങിയവരുടെ ആരാധകര്‍ക്കുമാത്രമേ ഈ സാമ്രാജ്യത്വ ദുരവസ്ഥയില്‍ വ്യസനം തോന്നുകയുള്ളൂ.

*
പി ഗോവിന്ദപ്പിള്ള ദേശാഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...

രണ്ടുവര്‍ഷത്തോളം നീണ്ട സര്‍വനാശകമായ താണ്ഡവനൃത്തം അവസാനിപ്പിച്ച് അമേരിക്കന്‍ സാമ്പത്തികത്തകര്‍ച്ച സാധാരണ ഗതിയിലേക്കു നീങ്ങുന്നുവെന്നാണ് സൂചന. എന്നാല്‍, ഇപ്പോഴും ചില ബാങ്കുകള്‍ പൊളിയുന്നെന്നും ചില വ്യവസായങ്ങള്‍ പൂട്ടുന്നെന്നും വാര്‍ത്തകള്‍ വരുന്നുണ്ട്. ഏതായാലും ഒരു കാര്യം സംശയരഹിതമാണ്. ആയിരക്കണക്കിന് ഇടത്തരം ഓഹരി ഉടമകളുടെ ജീവിതസമ്പാദ്യവും അനേകലക്ഷം തൊഴിലാളികളുടെ ഉപജീവനമാര്‍ഗവും നഷ്ടപ്പെടുത്തിയതിനുശേഷമാണ് പ്രതിസന്ധിയുടെ തിരിച്ചുപോക്ക്. ഇനി തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് തൊഴില്‍ ലഭിച്ചാലും മുന്‍ വേതന നിരക്കോ മറ്റ് ആനുകൂല്യങ്ങളോ ഉണ്ടായിരിക്കുകയില്ല. ഇങ്ങനെ നികുതിദായകരുടെ പണം വാരിക്കോരിക്കൊടുത്ത് പരിക്കുകളോടെയാണെങ്കിലും കുത്തക മുതലാളിമാരെ സംരക്ഷിക്കാന്‍ യുഎസ് ഭരണകൂടം പാടുപെടുമ്പോള്‍ അവരെ ആസന്നമായ മറ്റൊരു ദുരന്തം കാത്തിരിക്കുകയാണ്.