Monday, November 2, 2009

നെഗറ്റീവ് ലിസ്റ്റ് രക്ഷിക്കില്ല

ആസിയന്‍ കരാറിന്റെ നെഗറ്റീവ് ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ ഇന്ത്യാഗവമെന്റ് ഒരു ലിസ്റ്റ് തയ്യാറാക്കി. കുറെ ചര്‍ച്ചകളും നടത്തി. പക്ഷേ, ആസിയന്‍രാജ്യങ്ങളുടെ അനുമതി കിട്ടുംമുമ്പേ അന്തിമകരാറില്‍ ധൃതിവച്ച് ഒപ്പിട്ടു. ഇത്രയും കാര്യങ്ങളാണ് ഇപ്പോള്‍ വെളിപ്പെടുന്നത്. കെണിയിലേക്ക് സ്വയം എടുത്തുചാടിയ ഇന്ത്യയുടെ ദൌര്‍ബല്യം മനസ്സിലാക്കിയാണ് തങ്ങള്‍ക്കും നെഗറ്റീവ് ലിസ്റ്റ് വേണമെന്നും ഇന്ത്യയുടെ നെഗറ്റീവ് ലിസ്റ്റ് വെട്ടിച്ചുരുക്കണമെന്നും ആസിയന്‍രാജ്യങ്ങള്‍ ആവശ്യപ്പെടുന്നത്. തായ്ലന്‍ഡിലെ ഹുവാഹിന്നിലെ ഉച്ചകോടിയില്‍ അതാണ് നാം കണ്ടത്. നെഗറ്റീവ് ലിസ്റ്റ് അന്തിമകരാറിന്റെ ഭാഗമാക്കാന്‍ കഴിയാത്തതുകൊണ്ടാണ് എതിര്‍വാദങ്ങളുമായി ആസിയന്‍രാജ്യങ്ങള്‍ മുന്നോട്ടുവരുന്നത്. പക്ഷേ, പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയും കേന്ദ്രമന്ത്രി വയലാര്‍രവിയും നെഗറ്റീവ് ലിസ്റ്റ് ഉണ്ടെന്ന ഉറച്ച നിലപാടിലാണ്. ആസിയന്‍രാജ്യങ്ങള്‍ അവ അംഗീകരിച്ചുവോ എന്ന് രണ്ടുപേരും പറയുന്നില്ല. അറയ്ക്കല്‍ ബീവിയെ കെട്ടാന്‍ പാതിസമ്മതം എന്നാണ് അവരുടെ നിലപാട്. അവരുടെ അത്രയും ഉറപ്പ് കരാര്‍ ഒപ്പിട്ട കേന്ദ്ര വാണിജ്യമന്ത്രി ആനന്ദ് ശര്‍മയ്ക്കില്ല. ലിസ്റ്റ് 'ഇല്ല-ഉണ്ട്' എന്ന മട്ടിലാണ് പുള്ളിക്കാരന്‍. ആസിയന്‍ കരാറിനെക്കുറിച്ച് പത്രക്കാര്‍ ചോദിച്ചാല്‍ കക്ഷി നന്നായി ക്ഷോഭിക്കുകയുംചെയ്യും.

തയ്യാറാക്കി ബാങ്കോക്കിലേക്കു കൊണ്ടുപോയ ലിസ്റ്റിന്റെ സ്ഥിതിയെന്താണ്? 489 ഉല്‍പ്പന്നങ്ങളിലോരോന്നും വിശദമായി പരിശോധിച്ചാല്‍ വ്യക്തമാകുന്ന ചില വസ്തുതകളുണ്ട്. കൃഷിയുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങളുടെ എണ്ണം 297 (303 അല്ല) ആകാന്‍ കാരണം ഉല്‍പ്പന്നങ്ങള്‍ തരംതിരിക്കലിന്റെ പ്രത്യേക രീതി കാരണമാണ്. ഓരോ ഉല്‍പ്പന്നവും വേര്‍തിരിച്ചുമനസ്സിലാക്കുന്നതിന് അന്തര്‍ദേശീയമായി അംഗീകരിക്കപ്പെട്ട മാനദണ്ഡങ്ങളുണ്ട്. ഓരോ ഉല്‍പ്പന്നവും ആറക്ക നമ്പരുകളായാണ് അറിയപ്പെടുന്നത്. തോടുള്ള ബീന്‍സ് ഒരുല്‍പ്പന്നമാണ്. തോടില്ലാത്തത് മറ്റൊരുല്‍പ്പന്നവും. ശീതീകരിച്ച ബീന്‍സ് വേറൊരു ഉല്‍പ്പന്നം. തണുപ്പിച്ചത് ഇനിയൊരെണ്ണം. ഉണങ്ങിയ ബീന്‍സ് ഇനി വേറൊന്ന്.

നെഗറ്റീവ് ലിസ്റ്റിലെതന്നെ ഒരുദാഹരണമെടുക്കാം. ചൂരമീനിന്റെ വാലും തലയും മുറിച്ചുമാറ്റിയത് ഒരു പ്രത്യേക ഉല്‍പ്പന്നമാണ്. കഷണങ്ങളാക്കിയതും ശീതീകരിച്ചതും തണുപ്പിച്ചതും മൂന്ന് ഉല്‍പ്പന്നമായി പരിഗണിക്കാം. കരളും മുട്ടയും നീക്കിയത് വേറൊരുല്‍പ്പന്നമാണ്. ഏതാനും എണ്ണത്തില്‍ നിര്‍ത്താവുന്ന നെഗറ്റീവ് ലിസ്റ്റിന് പൊതുജനദൃഷ്ടിയില്‍ 489 ന്റെ നീളംവച്ചത് തരംതിരിവ് രീതിയുടെ പ്രത്യേകതമൂലമാണ്. ഏത് വ്യവസായ ഉല്‍പ്പന്നവും കാര്‍ഷികോല്‍പ്പന്നമായി വ്യാഖ്യാനിക്കുന്ന രീതിയാണ് കരാറിന്റെ കര്‍ഷകവിരുദ്ധ സ്വഭാവത്തില്‍ വിറളിപൂണ്ട ആസിയന്‍വാദികള്‍ അനുവര്‍ത്തിക്കുന്നത്. കരിമ്പ് ആട്ടിയെടുക്കുന്ന വ്യവസായ ഉല്‍പ്പന്നമായ പഞ്ചസാര അവര്‍ക്ക് കാര്‍ഷികോല്‍പ്പന്നമാണ്. വെളിച്ചെണ്ണ ഉപയോഗിച്ചുണ്ടാക്കുന്ന സോപ്പും റബര്‍കൊണ്ടുണ്ടാക്കുന്ന ടയറും കാര്‍ഷികോല്‍പ്പന്നങ്ങളാണ്. തെങ്ങിനെക്കുറിച്ച് പത്ത് കാര്യങ്ങള്‍ പഠിപ്പിച്ച അധ്യാപകന്‍, ചോദ്യം പശുവിനെക്കുറിച്ചായപ്പോള്‍, പശുവിനെ തെങ്ങില്‍ ബന്ധിച്ച കഥയുണ്ട്. അതേ രീതിയാണ് ഇക്കൂട്ടര്‍ക്ക്.

നെഗറ്റീവ് ലിസ്റ്റിലെ ചില ഉദാഹരണങ്ങള്‍ ഉദ്ധരിക്കാം. ലിസ്റ്റില്‍ നമ്പര്‍ 261 തുടങ്ങി 276 വരെയുള്ള പതിനാറ് ഉല്‍പന്നം ബിയര്‍, വിസ്കി, റം, ജിന്‍, വോഡ്ക തുടങ്ങിയ മദ്യങ്ങളാണ്. കാര്‍ഷികോല്‍പ്പന്നങ്ങളായി അവ വ്യാഖ്യാനിക്കപ്പെടുന്നു. കടലപ്പിണ്ണാക്ക്, തേങ്ങാപ്പിണ്ണാക്ക്, പരുത്തിക്കുരു പിണ്ണാക്ക് തുടങ്ങി പന്ത്രണ്ട് ഇനം (നമ്പര്‍ 277 മുതല്‍ 288 വരെ) പിണ്ണാക്കുകള്‍ കാര്‍ഷികോല്‍പ്പന്ന പട്ടികയിലാണ്. പാലും പാലുല്‍പ്പന്നങ്ങളും (38 മുതല്‍ 52വരെ) കാര്‍ഷികോല്‍പ്പന്ന പട്ടികയിലുണ്ട്. പക്ഷികളുടെ മുട്ട, തോടോടുകൂടിയതും അല്ലാത്തതും പച്ചയ്ക്കും പാചകംചെയ്തതും കാര്‍ഷികോല്‍പ്പന്നപട്ടികയില്‍ നിരത്തിയാണ് 297 എണ്ണം തികയ്ക്കുന്നത്! തേനും പട്ടികയിലുണ്ട്. പരുത്തിവസ്ത്രങ്ങള്‍ കാര്‍ഷികോല്‍പ്പന്ന പട്ടികയില്‍ സ്ഥാനം നേടിയാല്‍ അത്ഭുതപ്പെടേണ്ടതില്ല! നെഗറ്റീവ് ലിസ്റ്റിലെ കാര്‍ഷികോല്‍പ്പന്നങ്ങളില്‍ കേരളത്തിന് താല്‍പ്പര്യമുള്ളവ തീരെ ഇല്ലെന്നുതന്നെ പറയാം. അതേസമയം, ഉരുളക്കിഴങ്ങ്, തക്കാളി, സവാള, ചുവന്നുള്ളി, കോളിഫ്ളവര്‍, കാരറ്റ്, ബീറ്റ്റൂട്ട്, ബീന്‍സ്, തൊണ്ടന്‍മുളക്, മധുരചോളം, ആല്‍മണ്ട്, ഓറഞ്ച്, മുന്തിരി, നാരങ്ങ, തണ്ണിമത്തന്‍, ആപ്പിള്‍, ചെറി, വാനില, മല്ലി, ജീരകം, കടുക് എന്നിവയെല്ലാം നെഗറ്റീവ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവ ചൂണ്ടിക്കാട്ടിയാണ് ചിലര്‍ ആസിയന്‍ കരാര്‍ കേരളത്തിലെ കര്‍ഷകര്‍ക്ക് ഗുണകരം എന്നു വിളിച്ചാര്‍ക്കുന്നത്.

നെഗറ്റീവ് ലിസ്റ്റിലെ മത്സ്യങ്ങളുടെ കാര്യം പ്രത്യേകം പരാമര്‍ശം അര്‍ഹിക്കുന്നു. ചൂര, മത്തി, അയല, മീന്‍പൊടി, ഉണക്കമീന്‍, നത്തോലി, നാരന്‍, കൊഞ്ച്, ഞണ്ട് എന്നിവ നെഗറ്റീവ് ലിസ്റ്റിലുണ്ട്. എന്നാല്‍, കേരളത്തിന്റെ സമുദ്രപ്രദേശങ്ങളില്‍നിന്നും ഉള്‍നാടന്‍ ജലാശയങ്ങളില്‍നിന്നുമായി 44ല്‍ ഏറെ ഇനം മത്സ്യങ്ങള്‍ പിടിക്കുന്നുണ്ട്. ഇവയില്‍ വിരലിലെണ്ണാവുന്ന എണ്ണം മാത്രമാണ് നെഗറ്റീവ് ലിസ്റ്റില്‍. ശേഷിക്കുന്നവ ചുങ്കം കൂടാതെ സ്വതന്ത്രമായി ഇറക്കുമതി ചെയ്യപ്പെടും. ചൂര, മത്തി, അയല തുടങ്ങിയവയുടെ കരളും മുട്ടയും നീക്കിയവയെയാണ് ലിസ്റ്റില്‍പെടുത്തിയിട്ടുള്ളത്. (നമ്പര്‍ 11 മുതല്‍ 37വരെ). അതല്ലാത്ത ചൂരയും മത്തിയും അയലയും യഥേഷ്ടം ഇറക്കുമതിചെയ്യും എന്നര്‍ഥം. നെഗറ്റീവ് ലിസ്റ്റിലെ ഉല്‍പ്പന്നങ്ങളുടെ ചുങ്കം ഓരോ വര്‍ഷവും പരിശോധിക്കുമെന്നും ചുങ്കം ഇളവുചെയ്യുമെന്നും അന്തിമകരാറിലുണ്ട് എന്നുകൂടി ഓര്‍ക്കണം.

*
പ്രൊഫ. കെ എന്‍ ഗംഗാധരന്‍ കടപ്പാട്: ദേശാഭിമാനി

3 comments:

വര്‍ക്കേഴ്സ് ഫോറം said...

ആസിയന്‍ കരാറിന്റെ നെഗറ്റീവ് ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ ഇന്ത്യാഗവമെന്റ് ഒരു ലിസ്റ്റ് തയ്യാറാക്കി. കുറെ ചര്‍ച്ചകളും നടത്തി. പക്ഷേ, ആസിയന്‍രാജ്യങ്ങളുടെ അനുമതി കിട്ടുംമുമ്പേ അന്തിമകരാറില്‍ ധൃതിവച്ച് ഒപ്പിട്ടു. ഇത്രയും കാര്യങ്ങളാണ് ഇപ്പോള്‍ വെളിപ്പെടുന്നത്. കെണിയിലേക്ക് സ്വയം എടുത്തുചാടിയ ഇന്ത്യയുടെ ദൌര്‍ബല്യം മനസ്സിലാക്കിയാണ് തങ്ങള്‍ക്കും നെഗറ്റീവ് ലിസ്റ്റ് വേണമെന്നും ഇന്ത്യയുടെ നെഗറ്റീവ് ലിസ്റ്റ് വെട്ടിച്ചുരുക്കണമെന്നും ആസിയന്‍രാജ്യങ്ങള്‍ ആവശ്യപ്പെടുന്നത്. തായ്ലന്‍ഡിലെ ഹുവാഹിന്നിലെ ഉച്ചകോടിയില്‍ അതാണ് നാം കണ്ടത്. നെഗറ്റീവ് ലിസ്റ്റ് അന്തിമകരാറിന്റെ ഭാഗമാക്കാന്‍ കഴിയാത്തതുകൊണ്ടാണ് എതിര്‍വാദങ്ങളുമായി ആസിയന്‍രാജ്യങ്ങള്‍ മുന്നോട്ടുവരുന്നത്. പക്ഷേ, പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയും കേന്ദ്രമന്ത്രി വയലാര്‍രവിയും നെഗറ്റീവ് ലിസ്റ്റ് ഉണ്ടെന്ന ഉറച്ച നിലപാടിലാണ്. ആസിയന്‍രാജ്യങ്ങള്‍ അവ അംഗീകരിച്ചുവോ എന്ന് രണ്ടുപേരും പറയുന്നില്ല. അറയ്ക്കല്‍ ബീവിയെ കെട്ടാന്‍ പാതിസമ്മതം എന്നാണ് അവരുടെ നിലപാട്. അവരുടെ അത്രയും ഉറപ്പ് കരാര്‍ ഒപ്പിട്ട കേന്ദ്ര വാണിജ്യമന്ത്രി ആനന്ദ് ശര്‍മയ്ക്കില്ല. ലിസ്റ്റ് 'ഇല്ല-ഉണ്ട്' എന്ന മട്ടിലാണ് പുള്ളിക്കാരന്‍. ആസിയന്‍ കരാറിനെക്കുറിച്ച് പത്രക്കാര്‍ ചോദിച്ചാല്‍ കക്ഷി നന്നായി ക്ഷോഭിക്കുകയുംചെയ്യും.

Anonymous said...

പാവപ്പെട്ട തൊഴിലാളികള്‍ക്കു ചൂര കറി കൂട്ടി ഉണ്ണാന്‍ പറ്റുമല്ലോ, ഇപ്പോള്‍ അയലക്ക്‌ പോലും കൊടുക്കണം നൂറു രൂപ കിലോക്കു

അതും യൂറിയ കയറ്റി ശരീരത്തിനു ഹാനികരമായ വങ്ങുമ്പോള്‍ പച്ചക്കിരിക്കും കഴുകുമ്പോള്‍ ഇറുന്നു പോകും

മലയാളി നല്ല പച്ച മീനും ഫിലിപ്പൈന്‍ ബീയറും ഒക്കെ അടിക്കട്ടെ സാറെ ഏതായാലും നമ്മള്‍ ഇവിടെ ഒന്നും ഉല്‍പ്പാദിപ്പിക്കുന്നില്ല

പച്ചക്കറിയും അരിയും ഗോതമ്പും എല്ലാം വെളിയില്‍ നിന്നാണു വരുന്നത്‌ ഇനി തമിഴന്‍മാരെ നമ്പാതെ ശ്രീലങ്കന്‍ കള്ളും ഫിലിപ്പൈന്‍ ചൂരയും ഇന്തോനേഷ്യന്‍ ഞണ്ടൂം ഒക്കെ കഴിച്ചു ആരോഗ്യവാന്‍മാരായി ഇരിക്കാം

ഇറക്കു മതി കൂടുമ്പോള്‍ നോക്കു കൂലി ഭൂതപ്പണം തുടങ്ങിയവയും വറ്‍ധിക്കും തുറമുഖ തൊഴിലാളികള്‍ക്കു കോളായി ഈ കപ്പലെല്ലാം കൂടി വരുമ്പോള്‍ പുതിയ തുറമുഖം വേണ്ടിവരും

വിഴിഞ്ഞത്തിനു ശാപമോക്ഷം കിട്ടും

നമുകു വിദ്യാവിനോദിനീ യന്ത്റം സരസ്വതി യന്ത്റം തുടങ്ങിയവ കയറ്റി അയക്കാം ടെക്നോളജി ആറ്റുകാല്‍ രാധാക്റിഷ്ണന്‍ തരും

*free* views said...

Not just Asean treaty, most international negotiations done by government is ridiculous. Most Indian ministers will sell India for a handshake with Hillary Clinton (remembering rush to shake hands with her Husband).

Same with Climate change negotiation flip flops by Jairam Ramesh.

It is very important that Kerala tries to be self sufficient in food, soon we will only have ourselves to depend on. Exporting useless "knowledge" is not good. These IT engineers are highly paid typists at the bottom end of the food chain. They are earning high only because of the demand supply of labour, but that can change any time.

What we need is sustainable development and I will support any government move for sustainability even at the cost of temporary lack of growth.