Thursday, November 26, 2009

റഫറല്‍ സംവിധാനം: പ്രസക്തിയും വിവാദങ്ങളും

കേരളത്തിലെ അഞ്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജാശുപത്രികളെ റെഫറല്‍ ആശുപത്രികളായി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവായിരിക്കുന്നു. നവംബര്‍ 15 മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വന്നു കഴിഞ്ഞിട്ടുണ്ട്. വൈദ്യവിദ്യാഭ്യാസ വിദഗ്ദ്ധര്‍, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരില്‍ നിന്ന് ഉള്‍പ്പെടെ പൊതുസമൂഹത്തില്‍ നിന്നും നിരന്തരമായി ഉയര്‍ന്നുവന്ന ഒരാവശ്യമായിരുന്നു വൈദ്യവിദ്യാഭ്യാസ സ്ഥാപനങ്ങളെ റഫറല്‍ കേന്ദ്രങ്ങളാക്കുകയെന്നത്. മുന്‍സര്‍ക്കാരുകള്‍ (1982, 2004) ശ്രമിച്ച് പൂര്‍ണ്ണ വിജയത്തിലെത്തിക്കുവാന്‍ കഴിയാഞ്ഞ ഒരു നടപടിയാണിത്. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ റഫറല്‍ സംവിധാനം ഇന്നും ഭാഗികമായി മാത്രം നിലനില്‍ക്കുന്നുവെന്ന് ഓര്‍ക്കുക. മതിയായ മുന്നൊരുക്കങ്ങളില്ലാതെ കേവലമായ ഒരു ഉത്തരവു മുഖേന റഫറല്‍ സംവിധാനം കൊണ്ടുവരുവാന്‍ ശ്രമിച്ചതാണ് മുന്‍ സര്‍ക്കാരുകള്‍ പരാജയപ്പെടുവാനുള്ള പ്രധാന കാരണം. എന്നാല്‍ ഇപ്പോള്‍ അതല്ല സ്ഥിതി. ഘട്ടം ഘട്ടമായി ആവശ്യമായ എല്ലാ മുന്നൊരുക്കങ്ങളും ഇപ്പോള്‍ സര്‍ക്കാര്‍ എടുത്തു കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തീര്‍ച്ചയായും ഇത്തവണ റെഫറല്‍ സംവിധാനം വിജയകരമായി നടപ്പിലാക്കപ്പെടുകതന്നെ ചെയ്യും.

ഇനിമുതല്‍ മെഡിക്കല്‍ കോളേജ് ഓപിയില്‍ റെഫര്‍ ചെയ്ത് എത്തപ്പെടുന്ന രോഗികള്‍ക്കായിരിക്കും സേവനം ലഭിക്കുക. എന്നാല്‍ അത്യാഹിത വിഭാഗത്തില്‍ അത്യാഹിതരോഗികള്‍ക്ക് ഇത്തരത്തില്‍ റെഫറന്‍സ് ലെറ്റര്‍ ഇല്ലാതെ തന്നെ മുന്‍കാലങ്ങളിലെപ്പോലെ സേവനം ലഭിക്കും. സര്‍ക്കാര്‍, സ്വകാര്യ ഭേദമെന്യേ ഏതൊരു ആശുപത്രിക്കും ഡോക്ടര്‍ക്കും ഉത്തമ വിശ്വാസത്തിലെടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ തന്റെ രോഗിയെ മെഡിക്കല്‍ കോളേജിലേയ്ക്ക് റെഫര്‍ ചെയ്യുന്നതിന് അധികാരം ഉണ്ടായിരിക്കും. പിഎച്ച്സി യിലെ ഡോക്ടര്‍ക്കും ജനറല്‍ പ്രാക്ടീഷണറായ ഡോക്ടര്‍ക്കും ഒരു തടസ്സവുമില്ലാതെ തന്റെ രോഗിയെ മെഡിക്കല്‍ കോളേജിലേക്ക് റെഫര്‍ ചെയ്യാം. ഒരു പിഎച്ച്സി ഡോക്ടര്‍ക്ക് തന്റെ രോഗിയെ താലൂക്ക,് ജില്ല എന്നിങ്ങനെ ശ്രേണീബന്ധിതമായി മാത്രമേ റെഫര്‍ ചെയ്യുവാനാകൂവെന്നത് തല്‍പ്പര കക്ഷികളുടെ കുപ്രചരണം മാത്രമാണ്. ഒരു പുതിയ സംവിധാനം നടപ്പില്‍ വരുത്തുന്നതിന്റെ ആരംഭഘട്ടമെന്ന നിലയില്‍ തുടക്കത്തില്‍ റെഫറല്‍ സംവിധാനം കര്‍ശനമായി നടപ്പിലാക്കപ്പെടുകയില്ല. അതായത് ഇതിന്റെ പേരില്‍ ഒരു രോഗിക്ക് പോലും ആദ്യഘട്ടത്തില്‍ സേവനം നിഷേധിക്കുകയില്ല. മെഡിക്കല്‍ കോളേജ് പരിസരത്ത് താമസിക്കുന്നവര്‍ക്കായി പ്രത്യേകമായ ലോക്കല്‍ ഓപി നടപ്പില്‍ വരുത്തുന്നതാണ്. അവിടങ്ങളില്‍ സേവനം തേടുന്നവര്‍ റേഷന്‍കാര്‍ഡ്, വോട്ടേഴ്സ് കാര്‍ഡ് എന്നിങ്ങനെയുള്ള തങ്ങളുടെ താമസസ്ഥലം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കേണ്ടതാണ്.

റെഫറല്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിനെ സ്വകാര്യചികിത്സാനിരോധന തീരുമാനത്തിനെയെന്നപോലെ നേരിട്ട് ആരും എതിര്‍ക്കുന്നില്ലെന്നത് ശ്രദ്ധേയമാണ്. ഇത് റെഫറല്‍ സംവിധാനത്തിന്റെ ആവശ്യകത വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ ഇതിന് സമയമായില്ല എന്ന് വാദിക്കുന്ന രണ്ട് കൂട്ടരുണ്ട്. ഒന്നാമതായി പ്രതിപക്ഷ കക്ഷികള്‍. സ്വാഭാവികമായും അവരുടെ എതിര്‍പ്പിന്റെ രാഷ്ട്രീയം ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളു. സ്വകാര്യ ചികിത്സാ നിരോധനത്തിനെതിരെ സമരം ചെയ്ത പ്രാക്ടീസ് ലോബിയാണ് മറ്റേക്കൂട്ടര്‍. സ്വകാര്യ ചികിത്സാനിരോധനം എന്നെങ്കിലും പിന്‍വലിക്കുമെന്ന് സ്വപ്നം കാണുന്നവരാണ് അവര്‍. സ്വകാര്യ ചികിത്സാ നിരോധന തീരുമാനത്തില്‍ ഭരണമുന്നണിയില്‍ അഭിപ്രായവ്യത്യാസമുണ്ടാകുമെന്നും ഒടുവില്‍ അത് പിന്‍വലിക്കപ്പെടുമെന്നും അവര്‍ പ്രത്യാശിക്കുന്നുണ്ട്. എന്നാല്‍ റെഫറല്‍ സംവിധാനമെന്ന അടുത്ത നടപടി കൂടി നടപ്പിലാക്കപ്പെടുമ്പോള്‍ ഇനി ഒരിക്കലും സ്വകാര്യ ചികിത്സ തിരികെ കൊണ്ടുവരുവാനാകുകയില്ലെന്ന് അവര്‍ക്കറിയാം. കാരണം മുന്‍കാലങ്ങളില്‍ റെഫറല്‍ സംവിധാനം വിജയകരമായി നടപ്പിലാക്കുവാന്‍ കഴിയാതെ പോയതിന്റെ ഒരു പ്രധാന കാരണം ഇവിടെ നിലനിന്നിരുന്ന സ്വകാര്യചികിത്സാ സമ്പ്രദായം തന്നെയാണ്. റെഫറല്‍ സംവിധാനം ഏര്‍പ്പെടുത്തിക്കഴിഞ്ഞ ശേഷം സ്വകാര്യ ചികിത്സ പുനഃസ്ഥാപിച്ചാലും അത് പഴയതുപോലെ പുഷ്ടിപ്പെടുകയില്ല. ദൂരെ ഗ്രാമങ്ങളില്‍ നിന്ന് നിശ്ശബ്ദമായ പ്രചരണ പ്രവര്‍ത്തനങ്ങള്‍ വഴി രോഗികളെ തങ്ങളിലേയ്ക്ക് ആകര്‍ഷിച്ച് സ്വകാര്യ ചികിത്സ ഉണ്ടാക്കിയെടുക്കുന്ന പ്രക്രിയയക്ക് റെഫറല്‍/ബാക്ക് റെഫറല്‍ സമ്പ്രദായം വിലങ്ങുതടിയാകും. ചുരുക്കത്തില്‍ റെഫറല്‍ സംവിധാനവും സ്വകാര്യല്ലചികിത്സയും ഒത്ത് പോകില്ലെന്നര്‍ത്ഥം.

എന്തുകൊണ്ട് റെഫറല്‍ സംവിധാനം?

മെഡിക്കല്‍ കോളേജുകള്‍ എന്തുകൊണ്ട് റെഫറല്‍ ആശുപത്രികളായി മാറണം? അതുകൊണ്ട് വൈദ്യവിദ്യാഭ്യാസ സംവിധാനത്തിന് എന്ത് പുരോഗതി? സര്‍വ്വോപരി പൊതുസമൂഹത്തിന് എന്ത് നേട്ടം? തീര്‍ച്ചയായും ഈ രണ്ട് ചോദ്യങ്ങളും പ്രസക്തമാണ്. ഇതിന് ഉത്തരം കണ്ടെത്തുന്നതിന് നമ്മുടെ ആരോഗ്യപരിപാലന സംവിധാനത്തിന്റെ ഘടനയും നടത്തിപ്പും പരിശോധിച്ച് നോക്കാം.

നമ്മുടെ ആരോഗ്യപരിപാലന സംവിധാനം ഏറ്റവും ശാസ്ത്രീയമായി ചിട്ടപ്പെടുത്തിയിട്ടുള്ളതാണ്. പ്രധാനമായും ശ്രേണീ ബന്ധിതമായ രണ്ട് ധാരകളാണ് ആരോഗ്യപരിപാലന സമ്പ്രദായത്തില്‍ ഉള്ളത്. പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ തൊട്ട് ജില്ലാ ആശുപത്രികള്‍ വരെ നീളുന്ന പൊതുജനാരോഗ്യ സംവിധാനവും (ഹെല്‍ത്ത് സര്‍വ്വീസ്) മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടുന്ന മെഡിക്കല്‍ കോളേജ് സര്‍വ്വീസും. രോഗചികിത്സ, രോഗപ്രതിരോധം, ആരോഗ്യ ബോധവല്‍ക്കരണം എന്നിവയാണ് പൊതുജനാരോഗ്യ സംവിധാനത്തിന്റെ ഉത്തരവാദിത്വങ്ങള്‍. രോഗചികിത്സ, വൈദ്യവിദ്യാഭ്യാസം, ഗവേഷണം എന്നിവയാണ് മെഡിക്കല്‍ കോളേജുകളുടെ ഉത്തരവാദിത്വം. ഇവ രണ്ടും രണ്ടല്ല, മറിച്ച് പരസ്പരല്ലബന്ധിതവും പരസ്പര പൂരകവുമായ ഉത്തരവാദിത്വങ്ങളാണ്. അതുകൊണ്ടുതന്നെ രണ്ട് സംവിധാനവും പരസ്പരം ബന്ധപ്പെട്ടാണ് പ്രവര്‍ത്തിച്ചു വരുന്നത്.

മെഡിക്കല്‍ കോളേജുകളെ നാളിതുവരെയും നമ്മള്‍ വിഭാവന ചെയ്തതനുസരിച്ച് ചികിത്സാപഠനഗവേഷണ കേന്ദ്രങ്ങളായി മാറ്റുന്നതിന് കഴിഞ്ഞിട്ടില്ല. അടിസ്ഥാന സൌകര്യങ്ങളുടെ അപര്യാപ്തത, എല്ലാ സംവിധാനങ്ങളേയും അട്ടിമറിച്ചുകൊണ്ട് അഭംഗുരം തുടര്‍ന്നു വന്ന സ്വകാര്യ ചികിത്സാ രീതി, രോഗാതുരതയുടെ സ്വഭാവഭേദമെന്യേ രോഗികളുടെ അനിയന്ത്രിതമായ ബാഹുല്യം, പഠനഗവേഷണപ്രവര്‍ത്തനങ്ങള്‍ക്ക് അനുകൂലമല്ലാത്ത പൊതുസാഹചര്യം എന്നിങ്ങനെ നീളുന്നു ഇവയുടെ കാരണങ്ങള്‍. മെഡിക്കല്‍ കോളേജുകളെ എങ്ങനെ മെച്ചപ്പെടുത്താമെന്ന ചര്‍ച്ചകള്‍ നടക്കാറുണ്ടെങ്കിലും നാളിതുവരെ പ്രായോഗിക നടപടികള്‍ സ്വീകരിക്കുന്നതിന് ഒരു സര്‍ക്കാരും തയ്യാറായിരുന്നില്ല. എന്നാല്‍ ഇതാദ്യമായി മെഡിക്കല്‍ കോളേജുകളില്‍ മൌലികമായ മാറ്റം കൊണ്ടുവരുന്നതിനുള്ള നടപടികള്‍ ഓരോന്നായി നടപ്പി ലാക്കിക്കൊണ്ടിരിക്കുകയാണ് ഇടതുസര്‍ക്കാര്‍. ഇവയൊക്കെയും നാളുകളായി വൈദ്യവിദ്യാഭ്യാസ വിദഗ്ദ്ധര്‍, പൊതുജനാരോഗ്യ പ്രവര്‍ത്തകര്‍ സര്‍വ്വോപരി പൊതുസമൂഹവും നിരന്തരമായ ചര്‍ച്ചകളുടെ ഭാഗമായി മുന്നോട്ട് വെച്ചിട്ടുള്ളതാണ്. ചില പ്രധാന നടപടികള്‍ ഇവിടെ പരാമര്‍ശിക്കാം. ആരോഗ്യമേഖലയില്‍ ഡോക്ടര്‍ ഇതര ജീവനക്കാര്‍ ഹെല്‍ത്ത് സര്‍വ്വീസ് മെഡിക്കല്‍ കോളേജ് എന്നിങ്ങനെ വ്യത്യാസമില്ലാതെ ഒരു ധാരയായി നിലനില്‍ക്കുന്ന സ്ഥിതിയാണ് ഉണ്ടായിരുന്നത്. തൊഴില്‍പരമായി കൂടുതല്‍ വൈദഗ്ദ്ധ്യം വേണ്ടിവരുന്ന മെഡിക്കല്‍ കോളേജുകളില്‍ ഇത് തടസ്സം സൃഷ്ടിച്ചിരുന്നു. ദീര്‍ഘകാലമായി നിലല്ലനിന്നിരുന്ന ഈ പ്രശ്നത്തിന് വിരാമമിട്ടുകൊണ്ട് ജീവനക്കാരെ മെഡിക്കല്‍ കോളേജ്, ഹെല്‍ത്ത് സര്‍വ്വീസ് എന്നിങ്ങനെ ഓപ്ഷന്‍ നല്‍കുന്നതിന് അവസരമൊരുക്കിക്കൊണ്ട് രണ്ടായി വിഭജിച്ച് നടപടികള്‍ എടു ത്തു കഴിഞ്ഞിരിക്കുന്നു. മെഡിക്കല്‍ കോളേജില്‍ നിലനിന്നിരുന്ന ഭരണപരവും തൊഴില്‍പരവുമായ പ്രധാന പ്രശ്നമാണ് ഇവിടെ പരിഹരിക്കപ്പെട്ടത്. പുത്തന്‍ കെട്ടിടങ്ങള്‍ എല്ലാ മെഡിക്കല്‍ കോളേജുകളിലും പണിതീര്‍ന്നുകൊണ്ടിരിക്കുന്നു. 13 വര്‍ഷത്തിലേറെയായി പരിഷ്കരിക്കപ്പെടാതെ കിടന്നിരുന്ന മെഡിക്കല്‍ കോളേജ് അദ്ധ്യാപകരുടെ ശമ്പളപരിഷ്കരണം യൂജിസി നിരക്കില്‍ പരിഷ്കരിച്ച് പ്രത്യേകമായ നോണ്‍പ്രാക്ടീസിങ് അലവന്‍സും രോഗീപരിചരണ അലവന്‍സും നല്‍കിക്കൊണ്ട് ദീര്‍ഘകാലമായി നിലനിന്നിരുന്ന സ്വകാര്യ ചികിത്സാ രീതിയും അവസാനിപ്പിച്ചിരിക്കുന്നു. മെഡിക്കല്‍ കോളേജുകളുടെ മുന്നോട്ടുള്ള പോക്കിന് ഇനി അനിവാര്യമായും വേണ്ടുന്ന നടപടി അവിടുത്തെ തിരക്ക് നിയന്ത്രിക്കുകയെന്നതാണ്. അങ്ങിനെയാണ് റെഫറല്‍ സംവിധാനം വീണ്ടും പ്രസക്തമാകുന്നത്.

എന്താണ് നമ്മുടെ മെഡിക്കല്‍ കോളേജുകളിലെ ഓപിയിലേയും വാര്‍ഡുകളിലേയും അത്യാഹിത വിഭാഗത്തിലേയും സ്ഥിതി? രോഗാതുരതയുടെ ഗൌരവ സ്വഭാവഭേദമെന്യേ എല്ലാതരം രോഗികളും (ജലദോഷപ്പനി മുതല്‍ ഹൃദയസ്തംഭനം വരെ) ഓപിയില്‍ തിരക്ക് കൂട്ടുമ്പോള്‍ ആര്‍ക്കാണ് മുന്‍ഗണന ലഭിക്കേണ്ടത്. ക്യൂവില്‍ മുന്നില്‍ നില്‍ക്കുന്നവര്‍ക്കോ ഗൌരവമായ രോഗാതുരതയുള്ളവര്‍ക്കോ? തീര്‍ച്ചയായും ഗൌരവമായ രോഗാതുരതയുള്ളവര്‍ക്ക് തന്നെ. എന്നാല്‍ ഇന്നത്തെ തിരക്ക് പിടിച്ച സാഹചര്യത്തില്‍ അത് എങ്ങിനെ സാധ്യമാക്കും? ഇനി വാര്‍ഡിലേയും സ്ഥിതി അത് തന്നെ. ഇവിടെയും ആര്‍ക്ക് മുന്‍ഗണന നല്‍കും? കൂടുതല്‍ ചര്‍ച്ചകളും കൂട്ടായ ആലോചനകളും ആവശ്യമായി വരുന്ന ഗൌരവതരമായ രോഗികള്‍ക്ക് മതിയായ സമയം എങ്ങിനെ ഇന്നത്തെ സാഹചര്യത്തില്‍ കണ്ടെത്തും? എങ്ങിനെ അടിയന്തിരമായ സഹായവും രോഗപരിചരണവും കൂട്ടായി ആസൂത്രണം ചെയ്ത് അവര്‍ക്ക് നടപ്പില്‍ വരുത്തും? എങ്ങിനെ അവ നിരീക്ഷിക്കും?...... എന്നിങ്ങനെ തുടരുന്നു നമ്മുടെ മെഡിക്കല്‍ കോളേജുകളിലെ ഓപിയിലേയും വാര്‍ഡുകളിലേയും ദൈെനംദിന ചിന്തകള്‍. ഇവിടെ ഏറ്റവും അനിവാര്യമായി വരുന്ന നടപടിയാണ് റെഫറല്‍ സംവിധാനമെന്ന് കാണാം. ഓപിയിലേയും വാര്‍ഡുകളിലേയും തിരക്ക് നിയന്ത്രിച്ച ് ഗൌരവതരമായ രോഗാതുരതയുള്ളവര്‍ക്ക് ഗുണപരമായ ചികിത്സ കൂട്ടായി ആലോചിച്ച് നടപ്പില്‍ വരുത്തുന്നതിന് റെഫറല്‍ സംവിധാനം തീര്‍ച്ചയായും അനിവാര്യമാണ്. മുന്‍പ് ചോദിച്ച ചോദ്യത്തിന്റെ ഉത്തരം ഇവിടെ വെളിവാകുന്നു. മെഡിക്കല്‍ കോളേജുകളില്‍ റെഫറല്‍ സംവിധാനം ഏര്‍പ്പെടുത്തുന്നത് ഒരേപോലെ വൈദ്യവിദ്യാഭ്യാസ സമ്പ്രദായത്തിനും പൊതുസമൂഹത്തിനും പ്രയോജനപ്രദവും ഗുണപരവുമാണെന്ന് കാണാം. ഗൌരവതരമായ രോഗികള്‍ക്ക് ഗുണപരമായ ചികിത്സ ലഭ്യമാകുമ്പോള്‍ തന്നെ വൈദ്യവിദ്യാഭ്യാസ പ്രക്രിയയുടെ അക്കാദമിക നിലവാരവും മെച്ചപ്പെടുത്തുന്നതിന് കഴിയുന്നു. അങ്ങിനെ മെഡിക്കല്‍ കോളേജുകള്‍ ചികിത്സാപഠനകേന്ദ്രങ്ങളായി മാറുകയും ചെയ്യും. അതായത് അദ്ധ്യാപകര്‍ കൂടുതല്‍ സമയം പഠന ഗവേഷണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നതിന് സ്വയം നിര്‍ബന്ധിതനാക്കപ്പെടുന്ന സാഹചര്യവും അതോടൊപ്പം വൈദ്യ വിദ്യാര്‍ത്ഥികളെ അക്കാദമിക പ്രവര്‍ത്തനത്തിലേക്ക് പ്രേരിപ്പിക്കുന്ന സ്ഥിതിയും സൃഷ്ടിക്കപ്പെടും. ഇങ്ങിനെയാണ് മെഡിക്കല്‍ കോളേജുകളില്‍ റെഫറല്‍ സംവിധാനം മൌലികമായ മാറ്റം സൃഷ്ടിക്കുവാന്‍ പോകുന്നത്.

റെഫറല്‍ സംവിധാനം ഏര്‍പ്പെടുത്തുമ്പോള്‍ അതിന് മതിയായ തയ്യാറെടുപ്പ് പൊതുജനാരോഗ്യസംവിധാനത്തില്‍ നടത്തിയിട്ടുണ്ടോയെന്നതാണ് അടുത്ത പ്രശ്നം. പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍, സാമൂഹികാരോഗ്യകേന്ദ്രങ്ങള്‍, താലൂക്ക് ആശുപത്രികള്‍, ജില്ലാ ആശുപത്രികള്‍ എന്നിവടങ്ങളില്‍ അടിസ്ഥാന സൌകര്യ വികസനത്തിന്റെ കാര്യത്തിലും ഡോക്ടര്‍മാരുടെയും മറ്റ് ജീവനക്കാരുടേയും കാര്യത്തിലും വലിയ മാറ്റമാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. സ്പെഷ്യാലിറ്റി കേഡര്‍ സംവിധാനം നടപ്പിലാക്കുന്ന പ്രക്രിയയിലാണ്. ഒപ്പം സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ തൊട്ട് മുകളിലേയ്ക്ക് ബോണ്ട് വെയ്ക്കുന്ന സ്പെഷ്യലിസ്റ്റുകളേയും പോസ്റ്റ് ചെയ്യുന്ന പ്രക്രിയയും നടന്നുവരുന്നുണ്ട്. അതുകൊണ്ട് പുതിയ സാഹചര്യത്തില്‍ ഉണ്ടാകാവുന്ന തിരക്ക് നേരിടുന്നതിന് പര്യാപ്തമാണ് പൊതുജനാരോഗ്യ സംവിധാനം. ജില്ലാ ആശുപത്രികളില്‍ അത്യാഹിത വിഭാഗത്തില്‍ സ്പെഷ്യാലിറ്റി കേന്ദ്രീകൃതമായ സേവനം കൊടുക്കുന്നുവെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്.

സാമൂഹികസമീപനത്തിലും വേണം മാറ്റം

പൊതുസമൂഹത്തിന്റെ ആരോഗ്യസമീപനത്തില്‍ വലിയമാറ്റമാണ് കഴിഞ്ഞ രണ്ട് ദശകങ്ങളിലായി വന്നിട്ടുള്ളത്. വ്യക്തിയുടെ ആരോഗ്യം രോഗാതുരത ഇന്ന് വളരെയേറെ പ്രാധാന്യം നല്‍കിവരുന്നുണ്ട്. മാറിക്കൊണ്ടിരിക്കുന്ന രോഗാതുരതയുടെ കാര്യത്തില്‍ ഇത് ശരിയുമാണ്. ഓരോ രോഗത്തിനും മെച്ചപ്പെട്ട ആധുനിക ചികിത്സയെന്ന തത്വം സമൂഹം അംഗീകരിച്ചുകഴിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ഏറ്റവും മെച്ചപ്പെട്ട ചികിത്സയെന്നത് ഏറ്റവും ചിലവേറിയ ചികിത്സയെന്നു കൂടിയായി മാറിയിരിക്കുന്നു. സൂപ്പര്‍സ്പെഷ്യാലിറ്റി കേന്ദ്രീകൃതമായ സമീപനം ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരേപോലെ വന്നുചേര്‍ന്നിരിക്കുന്നു. ഈ ദശകത്തിലാണ് ഇതിന്റെ മൂര്‍ദ്ധന്ന്യാവസ്ഥ അനുഭവപ്പെടുന്നത്. ചെറിയ ഒരു തലവേദനയ്ക്ക് പോലും ഒരു ന്യൂറോളജിസ്റ്റിനെക്കണ്ട് സ്കാന്‍ ചെയ്താല്‍ മാത്രമേ ആശ്വാസം വരികയുള്ളൂവെന്ന അവസ്ഥയാണിപ്പോഴുള്ളത്. സൂപ്പര്‍സ്പെഷ്യാലിറ്റി സംസ്കാരം വളര്‍ത്തുന്നതില്‍ ദൃശ്യമാധ്യമങ്ങളും പഞ്ചനക്ഷത്രസ്വകാര്യ ആശുപത്രികളും വലിയ തോതിലുള്ള പങ്കാണ് വഹിച്ചു കൊണ്ടിരിക്കുന്നത്. ദൃശ്യമാധ്യമങ്ങളിലെ 'ഡോക്ടര്‍ ഓണ്‍ കാള്‍' പരിപാടികള്‍ ജനങ്ങളില്‍ അകാരണമായ ഭീതി വളര്‍ത്തുന്നതിനും അത് വഴി അവരെ ഡോക്ടര്‍ ഷോപ്പിങ്ങിലേക്കും തള്ളിവിടുന്നു. ഉടന്‍ തന്നെ തന്നെ ഒരു ചെക്കപ്പ് നടത്തിക്കളയാമെന്ന് ചിന്തിക്കുമ്പോഴാണ് താഴെ സ്ക്രോള്‍ ന്യൂസില്‍ മുകളില്‍ കണ്ട ഡോക്ടറെ കാണുന്നതിന് ഒരു പാക്കേജ് ലഭ്യമാണെന്ന ആശുപത്രിപരസ്യം വരുന്നത്. ഉടന്‍ തന്നെ ഉത്കണ്ഠയോടെ അങ്ങോട്ട് പോവുകയായി. വെറുതേയിരിക്കുന്ന ജനത്തിനെ എങ്ങിനെയാണ് തങ്ങളുടെ ഭ്രമിപ്പിക്കുന്ന കെട്ടിടങ്ങളിലേക്ക് ആകര്‍ഷിപ്പിച്ച് വരുത്തുന്നതെന്ന് ചിന്തിക്കുക. ഡോകടറുടെ പേരും ഫോട്ടോയും വെച്ച് പരസ്യം ചെയ്യുന്ന തികച്ചും നൈതികവിരുദ്ധമായ നടപടികളിലേക്ക് അവര്‍ പൊയ്ക്കൊണ്ടിരിക്കുന്നു. ഇത് നിയമം മൂലം തടയാവുന്നതാണെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് അതുണ്ടാവുന്നില്ല ചുരുക്കത്തില്‍ അമിതവൈദ്യവല്‍ക്കരണത്തിലേക്കും ആരോഗ്യമേഖലയുടെ വ്യവസായവല്‍ക്കരണത്തിലേക്കുമാണ് നമ്മള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്. ചൂഷണം എവിടേയും നടമാടുന്നു. അത് ഒരാചാരമായി മാറിക്കഴിഞ്ഞിരിക്കുന്നു. പുതിയതായി സൃഷ്ടിക്കപ്പെട്ട ഈ വൈദ്യ കമ്പോളത്തില്‍ തങ്ങള്‍ക്ക് ലഭ്യമായ വിലപേശല്‍ശേഷി യുടെ വര്‍ദ്ധിതമായ പിന്‍ബലത്തിലാണ് സൂപ്പര്‍ സ്പെഷ്യലിസ്റ്റുകള്‍ ജനാധിപത്യ സംവിധാനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് മുന്നോട്ട് വരുന്നത്. അവരെ കേവലമായ കച്ചവട പ്രവര്‍ത്തനത്തില്‍ നിന്ന് വൈദ്യ നൈതിക സംസ്കാരത്തിലേക്ക് കൊണ്ടുവരികയാണ് ഇന്നത്തെ ആവശ്യം. എന്നാല്‍ ഈ ദൂരം വലുതാണെന്ന് തിരിച്ചറിയുക. അതേ സമയം സൂപ്പര്‍ സ്പെഷ്യലിസ്റ്റുകളുടെ പ്രിസ്ക്രിപ്ഷനുകള്‍ ശാസ്ത്രീയമായ പരിശോധനയ്ക്ക് വിധേയമാക്കേണ്ട കാലവും അതിക്രമിച്ച് കഴിഞ്ഞിരിക്കുന്നു.

ആരോഗ്യത്തെക്കുറിച്ചും രോഗചികിത്സയെക്കുറിച്ചുമുള്ള സമഗ്രമായ സങ്കല്പം മുന്നോട്ട് വെച്ചുകൊണ്ട് മാത്രമേ അശാസ്ത്രീയമായ പുത്തന്‍ പ്രവണതകളെ നേരിടുന്നതിന് കഴിയുകയുള്ളു. അടിസ്ഥാന ഡോക്ടര്‍, അടിസ്ഥാന രോഗചികിത്സ എന്നീ ആശയങ്ങള്‍ക്ക് നാം പ്രാമുഖ്യം കൊടുക്കേണ്ടതുണ്ട്. അതേ പോലെ രോഗപ്രതിരോധം, പ്രാഥമിക പ്രതിരോധം എന്നീ ആശയങ്ങള്‍ വിപുലപ്പെടുത്തുന്നതിനും ആരോഗ്യ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ച്ചയായി ആസൂത്രണം ചെയ്ത് നടപ്പില്‍ വരുത്തേണ്ടതുമുണ്ട്. ഒരു ആരോഗ്യപ്രശ്നവുമായി തൊട്ടടുത്ത പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് പോകുന്ന രീതി നാം വളര്‍ത്തിയെടുക്കണം. അവിടം കൊണ്ട് പരിഹരിക്കപ്പെടുകയില്ലെങ്കില്‍ സ്വാഭാവികമായും റെഫര്‍ ചെയ്യപ്പെട്ട് ഉയര്‍ന്ന കേന്ദ്രങ്ങളിലേക്ക് വരണം. എന്നാല്‍ ഏതൊരു ചെറിയ പ്രശ്നത്തിനും ഓടി മെഡിക്കല്‍ കോളേജിലേക്ക് പോകുന്ന പ്രവണത നമുക്ക് അവസാനിപ്പിക്കേണ്ടതുണ്ട്. അശാസ്ത്രീയമായ ഈ പ്രവണതയും അമിത വൈദ്യവല്‍ക്കരണത്തിലേക്ക് നയിക്കുന്നുണ്ട്. മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ മാത്രമാണ് കേമന്മാരെന്ന തോന്നല്‍ സമൂഹത്തില്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. മെഡിക്കല്‍ കോളേജില്‍ നിലനിന്നിരുന്ന സ്വകാര്യ ചികിത്സാ സമ്പ്രദായവും ഇത്തരം തെറ്റായ ചിന്തകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. അങ്ങനെയാണ് ദൂരെ ഗ്രാമങ്ങളില്‍ നിന്ന് അവര്‍ ഇത്തരം 'ദൈവ'ങ്ങളുടെ വീട്ടു പടിക്കല്‍ കാത്തുകിടക്കുന്ന സാഹചര്യം ഉണ്ടായത്. എന്താണ് ശരിയായ ചികിത്സ? ഓരോ രോഗിയുടേയും ശാരീരികാവസ്ഥയ്ക്കൊപ്പം മാനസികവും സാമൂഹികവുമായ അവസ്ഥയും വ്യത്യസ്തതകളും കൂടി കണക്കിലെടുത്തുകൊണ്ടുള്ള സമീപനമാണ് ചികിത്സാ വേളയില്‍ അനുവര്‍ത്തിക്കേണ്ടത്. ഇത്തരമൊരു സാഹചര്യത്തില്‍ ചികിത്സ വിജയകരമാകുമ്പോള്‍ ഡോക്ടര്‍ നല്ല കൈപ്പുണ്യമുളളവനെന്ന് പൊതുവില്‍ വിവക്ഷിക്കപ്പെടാറുണ്ട്. എന്നാല്‍ അങ്ങനെ അയാള്‍ക്ക് പ്രത്യേകമായ ദിവ്യത്വം ചാര്‍ത്തിക്കൊടുക്കുന്നതില്‍ അര്‍ത്ഥമില്ല. (മാത്രവുമല്ല ഇങ്ങനെ വാഴ്ത്തുന്നവര്‍ വിപരീത വേളയില്‍ ഡോക്ടറെ കയ്യൊഴിയുകയും ചെയ്യും.) രോഗ ചികിത്സാവേളയില്‍ തിരിച്ചറിയപ്പെട്ടവയും അല്ലാത്തതുമായ നിരവധി ഘടകങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയുടെയെല്ലാം സമ്മിളിത പ്രവര്‍ത്തനത്തിന്റെ അന്തിമ ഫലമാണ് ചികിത്സാ വിജയവും പരാജയവും. ചിലപ്പോള്‍ അത് വിജയിച്ചെന്ന് വരും; മറ്റ് ചിലപ്പോള്‍ അത് പരാജയപ്പെട്ടെന്നും വരാം. ഓരോ ഘട്ടത്തിലും എന്തുകൊണ്ട് ഇങ്ങനെയെന്ന് പരിശോധിച്ച് ബോധ്യപ്പെടുകയാണ് ഒരു ഡോക്ടര്‍ ചെയ്യേണ്ടത്. അതായത് ശാസ്ത്രീയവും വ്യക്തവുമായ മാര്‍ഗ്ഗത്തിലൂടെ ചരിക്കുകയെന്നതാണ് കരണീയമാര്‍ഗ്ഗം. പകരം ദിവ്യത്വം ചാര്‍ത്തിക്കൊടുക്കുന്നതും സ്വയം അങ്ങിനെ അവതരിക്കുന്നതും ഒരേ പോലെ അശാസ്ത്രീയമാണ്. അത് എതിര്‍ക്കപ്പെടേണ്ടതാണ്.

ചുരുക്കത്തില്‍ പുതിയതായി ഉയര്‍ന്നു വരുന്ന സാഹചര്യത്തിലെ പ്രശ്നങ്ങള്‍ ഉടനടി പഠിച്ച് പരിഹരിക്കുന്നതിനുള്ള നിരീക്ഷണ പരിഹാര സംവിധാനം സമഗ്രമായി പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഈ നടപടികളും ഒപ്പം മുന്നോട്ട് പോകുന്നുണ്ട്. ഇവിടെ പൊതുസമൂഹത്തിനും വൈദ്യസമൂഹത്തിനും സഹകരിച്ച് ഏറെ ചെയ്യാനുണ്ട്. കാലഘട്ടത്തിന്റെ വെല്ലുവിളി ഏറ്റെടുക്കുകയാണ് നാം ചെയ്യേണ്ടത്.

*
ഡോ. ആര്‍. ജയപ്രകാശ്

ഇതുമായി ബന്ധപ്പെട്ട മറ്റൊരു ലേഖനം

ഇനി സ്വകാര്യപ്രാക്ടീസ് അവസാനിപ്പിക്കാം - ഡോ. ബി. ഇക്ബാല്‍

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കേരളത്തിലെ അഞ്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജാശുപത്രികളെ റെഫറല്‍ ആശുപത്രികളായി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവായിരിക്കുന്നു. നവംബര്‍ 15 മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വന്നു കഴിഞ്ഞിട്ടുണ്ട്. വൈദ്യവിദ്യാഭ്യാസ വിദഗ്ദ്ധര്‍, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരില്‍ നിന്ന് ഉള്‍പ്പെടെ പൊതുസമൂഹത്തില്‍ നിന്നും നിരന്തരമായി ഉയര്‍ന്നുവന്ന ഒരാവശ്യമായിരുന്നു വൈദ്യവിദ്യാഭ്യാസ സ്ഥാപനങ്ങളെ റഫറല്‍ കേന്ദ്രങ്ങളാക്കുകയെന്നത്. മുന്‍സര്‍ക്കാരുകള്‍ (1982, 2004) ശ്രമിച്ച് പൂര്‍ണ്ണ വിജയത്തിലെത്തിക്കുവാന്‍ കഴിയാഞ്ഞ ഒരു നടപടിയാണിത്. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ റഫറല്‍ സംവിധാനം ഇന്നും ഭാഗികമായി മാത്രം നിലനില്‍ക്കുന്നുവെന്ന് ഓര്‍ക്കുക. മതിയായ മുന്നൊരുക്കങ്ങളില്ലാതെ കേവലമായ ഒരു ഉത്തരവു മുഖേന റഫറല്‍ സംവിധാനം കൊണ്ടുവരുവാന്‍ ശ്രമിച്ചതാണ് മുന്‍ സര്‍ക്കാരുകള്‍ പരാജയപ്പെടുവാനുള്ള പ്രധാന കാരണം. എന്നാല്‍ ഇപ്പോള്‍ അതല്ല സ്ഥിതി. ഘട്ടം ഘട്ടമായി ആവശ്യമായ എല്ലാ മുന്നൊരുക്കങ്ങളും ഇപ്പോള്‍ സര്‍ക്കാര്‍ എടുത്തു കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തീര്‍ച്ചയായും ഇത്തവണ റെഫറല്‍ സംവിധാനം വിജയകരമായി നടപ്പിലാക്കപ്പെടുകതന്നെ ചെയ്യും.