Wednesday, February 17, 2010

ഡല്‍ഹിയിലെ നൈറ്റിങ്ഗേലുകള്‍

കൊടുംമഞ്ഞില്‍ രാത്രി എട്ടുമണി വരെ നൂറുകണക്കിന് നേഴ്സുമാര്‍ പെരുവഴിയില്‍ കുത്തിയിരിക്കുകയാണ്. രാവിലെ തുടങ്ങിയ സത്യഗ്രഹം അവസാനിക്കുമ്പോഴേക്കും മഞ്ഞിന്റെ കരുത്തിനോട് പൊരുതാനുള്ള ഊര്‍ജം ദിവസങ്ങളുടെ അനുഭവം നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടികളാണ് കൂടുതലും. എല്ലാവരുംതന്നെ ജീവിതത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു സമരത്തില്‍ പങ്കെടുക്കുന്നത്. ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ മറ്റു വഴികളൊന്നുമില്ലാതെ വന്നപ്പോള്‍ അതിന് നിര്‍ബന്ധിതരായവരാണ് ഇവര്‍. പന്ത്രണ്ടു മണിക്കൂറിലധികം ജോലി ചെയ്താലും മാസം കിട്ടുന്നത് അയ്യായിരം രൂപ. ഇതില്‍നിന്നും ഹോസ്റ്റല്‍വാടകയും ഭക്ഷണ ചെലവും കൂടി പിടിച്ചാല്‍ മിച്ചം അധികമൊന്നുമില്ല. പുരുഷന്‍മാര്‍ പുറത്താണ് താമസം. അതിന്റെ ചെലവ് പിന്നെയും വര്‍ധിക്കും. താമസസ്ഥലത്തുനിന്നും ആശുപത്രിവരെയുള്ള യാത്രാചെലവും കൂടുതലായി കാണണം.

ഡല്‍ഹിയില്‍ പല തരത്തിലുള്ള ചെലവുകള്‍ ഒഴിവാക്കാനാവാത്തതാണ്. കൊടുംചൂടിന്റെയും കഠിനമഞ്ഞുകാലത്തിന്റെയും നാടാണ്. മഞ്ഞുകാലത്ത് ജീവിക്കണമെങ്കില്‍ ആവശ്യമായ പ്രത്യേക വസ്ത്രങ്ങള്‍ വാങ്ങിയേ മതിയാകൂ. മിക്കവാറും ആളുകള്‍ കോട്ട് ധരിക്കും. വളരെ സാധാരണക്കാര്‍ക്ക് വാങ്ങാവുന്ന കോട്ടും വഴിയോരത്ത് ലഭിക്കും. പലരും ഉപയോഗിച്ച് വരുന്നവയാണ്. വിദേശത്ത് തള്ളുന്ന പലതും ഒന്നിച്ച് വന്ന് കപ്പലിറങ്ങും. ഇങ്ങനെയൊന്നിനും കൊടുക്കണം 250 രൂപ. സോക്സും ഇന്നറും ജാക്കറ്റും തുടങ്ങി പലതും വാങ്ങാന്‍ അധികം പണം കണ്ടെത്തണം. കേരളത്തിലാണെങ്കില്‍ ഈ ചെലവ് വേണ്ട. മഞ്ഞുകാലത്തെ ചെലവിന്റെ കാഠിന്യം കൊണ്ടുകൂടിയായിരിക്കാം പലരും തിരിച്ചറിവിലേക്ക് എത്തി സമരമുഖം തുറക്കുന്നത്. വേനലും മോശമല്ല. പഴങ്ങളും തിരുവനന്തപുരത്തെ ഭാഷയിലെ വെള്ളങ്ങളും ചെലവ് വര്‍ധിപ്പിക്കും. പുറത്തു താമസിക്കുന്നവരാണെങ്കില്‍ എയര്‍ കൂളറെങ്കിലും ഇല്ലാതെ ഒരുനിമിഷംപോലും ജീവിക്കാന്‍ കഴിയില്ല. 24 മണിക്കൂറും ഫാന്‍ വേണം. എല്ലാം കൂടിയാകുമ്പോള്‍ വൈദ്യുതി ചാര്‍ജും ഉയരും. കാലാവസ്ഥയുടെ മാറ്റം അസുഖങ്ങളെ വിളിച്ചുവരുത്തും. പനി വന്നാല്‍പോലും ആയിരങ്ങളായിരിക്കും ചെലവ്. ആശുപത്രിയില്‍ ജോലി ചെയ്യുന്നതുകൊണ്ട് അസുഖം വന്നാല്‍ എന്തെങ്കിലും സൌജന്യം കിട്ടുമെന്ന് കരുതേണ്ട. പന്നിപ്പനിപോലെ പകരുന്ന രോഗമുള്ളവരെ ശുശ്രൂഷിക്കുന്നത് ഇവരാണ്. അതില്‍നിന്നും രോഗം പകര്‍ന്നുകിട്ടിയാലും സ്വയം ചികിത്സിച്ചുകൊള്ളണമെന്ന കാട്ടാളനീതിയാണ് ഇവിടെ.

നാട്ടിലെ കോളേജുകളില്‍നിന്നും നേഴ്സിങ് പഠിച്ചിറങ്ങുന്നവരുടെ മനസ്സില്‍ വലിയ വിദേശ മോഹങ്ങളായിരിക്കും ഉണ്ടാവുക. അതുകൊണ്ട് വലിയ തുക ഡെപ്പോസിറ്റ് നല്‍കിയും പ്രവേശനം തരപ്പെടുത്തും. സ്വകാര്യ സ്വാശ്രയകോളേജുകളിലെ ഫീസും താങ്ങാനാവാത്തതായിരിക്കും. ബാങ്കില്‍നിന്നും വായ്പയെടുത്താണ് നല്ലൊരു പങ്കും ഇതെല്ലാം തരപ്പെടുത്തുന്നത്. ജോലി കിട്ടി തിരിച്ചടവ് തുടങ്ങാമെന്ന് കരുതിയവരുടെ കണക്കുകൂട്ടലുകള്‍ തെറ്റി. എങ്കിലും പലരും പിടിച്ചുനില്‍ക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്. ഡല്‍ഹിയിലെ പ്രധാനാശുപത്രികളിലെ ജോലിപരിചയ സര്‍ട്ടിഫിക്കറ്റുകള്‍ വിദേശ തൊഴില്‍കമ്പോളത്തിലെ സാധ്യത വര്‍ധിപ്പിക്കും. അതുകൊണ്ടാണ് എല്ലാം സഹിച്ച് പലരും ഇവിടെ അടിമപ്പണിക്കുപോലും തയാറാകുന്നത്. എന്നാല്‍, ബത്ര പോലുള്ള ആശുപത്രി മാനേജ്മെന്റ് അവിടെയും വഞ്ചന കാട്ടി. ജോലിക്ക് ചേരുമ്പോള്‍ എല്ലാ സര്‍ട്ടിഫിക്കറ്റുകളും വാങ്ങിവയ്ക്കും. ബോണ്ട് കലാവധി കഴിഞ്ഞാലും തിരിച്ച് നല്‍കില്ല. കാനഡയിലും മറ്റും ജോലി കിട്ടിയ പലര്‍ക്കും ഇതുകാരണം പോകാനായില്ല. ഇതുകൂടിയായപ്പോഴാണ് ഇവര്‍ സമരത്തിലേക്ക് ഇറങ്ങിയത്.

പാര്‍ലമെന്റ് സമ്മേളിക്കുന്ന സമയത്തായിരുന്നു ഇവരുടെ സമരമെന്നതുകൊണ്ട് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ നന്നായി ഇതില്‍ ഇടപെട്ടു. പാര്‍ലമെന്റ് ഹൌസില്‍നിന്നും നല്ല ദൂരമുണ്ട് ബത്രയിലേക്ക്. പി ആര്‍ രാജനും എം ബി രാജേഷും സമ്പത്തും ഞാനും കൂടി പോകാനായിരുന്നു പദ്ധതി. കൂടെ ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അംഗം ഭര്‍തൃഹരിയുമുണ്ട്. ഡിവൈഎഫ്ഐ അഖിലേന്ത്യാപ്രസിഡന്റ് ശ്രീരാമകൃഷ്ണന്‍ ആദ്യംതന്നെ പോയിരുന്നു. ഞങ്ങളുടെ കൂടെ ബൃന്ദ കാരാട്ടും വരാന്‍ തയ്യാറായി. ഒന്നരമണിക്കൂറോളം എടുത്താണ് അങ്ങോട്ട് എത്തിയത്. ഞങ്ങളെ കണ്ടപ്പോള്‍ സമരക്കാര്‍ക്ക് ആവേശമായി. അവരുടെ നേതാക്കളുടെ ചെറിയ പ്രസംഗത്തിനുശേഷം ബൃന്ദ അവരോട് സംസാരിച്ചു. ചോദ്യവും ഉത്തരവുമായി അവരോട് ഇഴുകിച്ചേര്‍ന്നുള്ള പ്രസംഗം. വളരെ പെട്ടെന്നുതന്നെ അവരുടെ ഹൃദയത്തില്‍ ഇടം തേടാന്‍ ബൃന്ദക്ക് കഴിഞ്ഞു. അങ്ങോട്ടുള്ള യാത്രയില്‍തന്നെ അവര്‍ ഡല്‍ഹി ആരോഗ്യമന്ത്രിയോടും മറ്റു ഉദ്യോഗസ്ഥരോടും സംസാരിച്ചു. പ്രശ്നം അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് അഭ്യര്‍ഥിച്ചു. മുഖ്യമന്ത്രി ഷീല ദീക്ഷിത്തിനോടും സംസാരിച്ച് ചര്‍ച്ചക്ക് അവസരം ഉണ്ടാക്കി. ഇതോടെ ചര്‍ച്ചക്ക് സര്‍ക്കാര്‍ തയാറായി.

കേരളത്തില്‍നിന്നുള്ള എല്ലാ എംപിമാരും കക്ഷിരാഷ്ട്രീയഭേദമെന്യേ പ്രശ്നത്തില്‍ ഇടപെട്ടിരുന്നു. എംപിമാരുടെ സംഘം മുഖ്യമന്ത്രിയെ കാണാന്‍പോയി. രാത്രി പത്തുകഴിഞ്ഞിട്ടാണ് അവരുടെ താമസസ്ഥലത്ത് എത്തിയത്. യുഡിഎഫ് എംപിമാരും ഞങ്ങളും ഒന്നിച്ചാണ് പോയത്. ഷീല ദീക്ഷിത്തുമായി സംസാരിക്കുന്നതിന് സമരക്കാരുടെ പ്രതിനിധികളും എത്തിയിരുന്നു. മാനേജ്മെന്റ് പെണ്‍കുട്ടികളെ ഹോസ്റ്റലില്‍നിന്നും ഇറക്കിവിടുന്നതിനുളള ശ്രമത്തിലായിരുന്നു. പൊലീസും അവര്‍ക്ക് ഒത്താശയായിരുന്നു. എന്തായാലും രാത്രിതന്നെ ഷീലാദീക്ഷിത്ത് പൊലീസ് അധികൃതരോടും സംസാരിച്ചു. തൊഴില്‍ വകുപ്പിലെ ഉദ്യോഗസ്ഥരോട് ചര്‍ച്ചക്ക് ഇരുകൂട്ടരെയും വിളിക്കണമെന്ന് അഭ്യര്‍ഥിച്ചു. എങ്കിലും പ്രശ്നത്തിനു എളുപ്പം പരിഹാരമായില്ല. പാര്‍ലമെന്റിന്റെ ഇരുസഭകളിലും നേഴ്സുമാരുടെ സമരം ശക്തമായി ഉന്നയിക്കപ്പെട്ടു. ഇതെല്ലാം ചേര്‍ന്നപ്പോള്‍ നിലപാടില്‍ മാറ്റം വരുത്താന്‍ മാനേജ്മെന്റ് തയാറായി. എന്നാല്‍, ഒരു സമ്മര്‍ദത്തിനും ഭീഷണിക്കും വഴങ്ങാതെ സമരത്തില്‍ ഉറച്ചുനിന്ന നേഴ്സുമാരുടെ നിലപാടുതന്നെയാണ് നിര്‍ണായകം.

ഈ സമരത്തിന്റെ വിജയം തിളക്കമുള്ളതായിരുന്നു. അതോടെ മറ്റു ആശുപത്രികളിലേക്കും സമരം വ്യാപിക്കാന്‍ തുടങ്ങി. ഒരു ലക്ഷത്തിലധികം മലയാളി നേഴ്സുമാരാണ് ഡല്‍ഹിയിലെ വിവിധ ആശുപത്രികളില്‍ ജോലി ചെയ്യുന്നത്. മഹാഭൂരിപക്ഷത്തിന്റെയും സ്ഥിതി ദയനീയമാണ്. പലയിടങ്ങളിലും കൃത്യമായ സമയക്രമമൊന്നുമില്ല. വീട്ടുകാര്‍ അറിഞ്ഞാല്‍ വിഷമിക്കുമെന്ന് കരുതി മിക്കവാറും ആളുകള്‍ നാട്ടിലേക്ക് ഇതൊന്നും അറിയിക്കാറില്ല. സമരത്തില്‍ പങ്കെടുത്തവരില്‍തന്നെ നല്ലൊരു പങ്കും നാട്ടിലെ മാധ്യമങ്ങളില്‍ ചിത്രവും വാര്‍ത്തകളും വരരുതെന്ന് ആഗ്രഹിക്കുന്നവരാണ്. ഡല്‍ഹിയില്‍ നേഴ്സുമാരുടെ സേവനത്തിനായി പ്രവര്‍ത്തിക്കുന്ന പല സംഘടനകളുമുണ്ട്. എന്നാല്‍ ഇവയില്‍ പലതും മാനേജ്മെന്റുകളുടെ ആളുകളാണ്. അവരുടെ വഞ്ചനയെയും നേരിടേണ്ടിവരും.

ഡല്‍ഹി മഹാനഗരം ഇന്നും തൊഴില്‍ തേടുന്നവരുടെ അഭയകേന്ദ്രമാണ്. തൊഴില്‍ തേടി അലയുന്നവരുടെ ജീവിതത്തിലൂടെ മുകുന്ദന്റെ ഡല്‍ഹി ഒരു തലമുറയെ അമ്പരപ്പിച്ചിട്ടുണ്ട്. അത്തരം അസ്വസ്ഥതകളുടെ പേറല്‍ ഇപ്പോള്‍ അധികമൊന്നും കാണില്ല. കണ്ണഞ്ചിപ്പിക്കുന്ന പ്രലോഭനങ്ങളിലൂടെ കടന്നുപോകുന്നതിനുളള അവസരങ്ങളെ കുറിച്ച് ഉല്‍ക്കണ്ഠപ്പെടുന്ന ആധുനിക മധ്യവര്‍ഗമാണ് ഇവിടെ. അത്തരം ഉള്‍വലിയലുകളില്‍ കണ്ണുതുറപ്പിക്കുന്നതിനുകൂടി ഇത്തരം സമരങ്ങള്‍ ഒരുപക്ഷേ സഹായിക്കുമായിരിക്കും.

*
പി രാജീവ് കടപ്പാട്: ദേശാഭിമാനി വാരിക

5 comments:

വര്‍ക്കേഴ്സ് ഫോറം said...

കൊടുംമഞ്ഞില്‍ രാത്രി എട്ടുമണി വരെ നൂറുകണക്കിന് നേഴ്സുമാര്‍ പെരുവഴിയില്‍ കുത്തിയിരിക്കുകയാണ്. രാവിലെ തുടങ്ങിയ സത്യഗ്രഹം അവസാനിക്കുമ്പോഴേക്കും മഞ്ഞിന്റെ കരുത്തിനോട് പൊരുതാനുള്ള ഊര്‍ജം ദിവസങ്ങളുടെ അനുഭവം നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടികളാണ് കൂടുതലും. എല്ലാവരുംതന്നെ ജീവിതത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു സമരത്തില്‍ പങ്കെടുക്കുന്നത്. ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ മറ്റു വഴികളൊന്നുമില്ലാതെ വന്നപ്പോള്‍ അതിന് നിര്‍ബന്ധിതരായവരാണ് ഇവര്‍. പന്ത്രണ്ടു മണിക്കൂറിലധികം ജോലി ചെയ്താലും മാസം കിട്ടുന്നത് അയ്യായിരം രൂപ. ഇതില്‍നിന്നും ഹോസ്റ്റല്‍വാടകയും ഭക്ഷണ ചെലവും കൂടി പിടിച്ചാല്‍ മിച്ചം അധികമൊന്നുമില്ല. പുരുഷന്‍മാര്‍ പുറത്താണ് താമസം. അതിന്റെ ചെലവ് പിന്നെയും വര്‍ധിക്കും. താമസസ്ഥലത്തുനിന്നും ആശുപത്രിവരെയുള്ള യാത്രാചെലവും കൂടുതലായി കാണണം.

mirchy.sandwich said...

ദില്ലിയിലെ നഴ്സുമാരുടെ കഷ്ടപ്പാടുകള്‍ കണ്ട് അന്ധാളിച്ച് പോയ സഖാവ് എം പി കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ അവസ്ഥ കൂടി പഠിക്കാന്‍ സമയം കണ്ടെത്തുമോ ആവോ..

കല്യാണിക്കുട്ടി said...

delhiyile samarathinu ottakkettaayi avar ninnu....athintethaaya vijayavum avar nedi.........

Anonymous said...

സ്വകാര്യ ആശുപത്രികള്‍ അല്ലെങ്കില്‍ തന്നെ രോഗികളെ പിഴിയുകയാണൂ നര്‍സുമാറ്‍ക്കു പതിനായിരം ശമ്പളം കൊടുത്താല്‍ കേരളത്തില്‍ സ്വകാര്യ ആശുപത്രികള്‍ പൂട്ടിപ്പോകും അല്ലെങ്കില്‍ രോഗികള്‍ തെണ്ടിപ്പോകും ഡല്‍ഹിയില്‍ പാര്‍പ്പിടം ഒരു പ്രശ്നമാണു പതിനായിരം എങ്കിലും ഇല്ലെങ്കില്‍ പ്രയാസം ജീവിതം അല്ലെങ്കില്‍ തന്നെ നര്‍സ്‌ എന്നു വച്ചാല്‍ മറ്റു പലതും ആണെന്നു ഒരു ധാരണ ഉണ്ട്‌ തുശ്ച്ചമായ വേതനം ആണു അതിനു കാരണവും ബ്രിന്ദ കാറാട്ട്‌ നന്നായി ഇടപെട്ടു ഈ പ്രശ്നത്തില്‍ എന്നാല്‍ ഇതിനു ഒരു പിന്നാമ്പുറം ഉണ്ട്‌ മലയാളി നര്‍സുമാരെ ഇനി ജോലിക്കെടൂക്കണ്ട എന്നു ഒരു ധാരണ പ്രൈവറ്റ്‌ ഹോസ്പിറ്റല്‍ മാനേജുമണ്റ്റ്‌ എടുത്തിരിക്കുന്നു

നാട്ടുകാരന്‍ said...

ഈ വിവരം ഇവിടെ കൊണ്ടുവന്നതിനു അഭിനന്ന്ദനങ്ങള്‍ !

ഇതൊന്നുമല്ല ..... അവിടെ നടക്കുന്നത്.... പുറത്തുപറയാന്‍ പറ്റാത്ത എന്ത്രയോ കാര്യങ്ങള്‍ ! ജീവിക്കാന്‍ വേണ്ടി ഇതെല്ലാം അവര്‍ സഹിക്കുന്നു. ഇപ്പോള്‍ ബാങ്ക് ലോണ്‍ തിരിച്ചടക്കാന്‍ മറ്റു വഴികളില്ലാത്തതിനാല്‍ ഇതിനപ്പുറവും അവര്‍ സഹിക്കാന്‍ നിര്‍ബന്ധിതരാവുന്നു.

ഇങ്ങനെ ഒരു കടക്കേണിയിലേക്ക് അവരെ തള്ളിവിട്ടതില്‍ ഇവിടുത്തെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് വലിയൊരു പങ്കുണ്ട്. കാരണാം മാര്‍ക്കില്ലാത്തവര്‍ക്കുപോലും ലോണ്‍കൊടുക്കാന്‍ അവര്‍ ബാങ്കുകാരെ നിര്‍ബന്ധിതരാക്കി. ഇനി അവര്‍ എങ്ങിനെ ആ മുതലും പലിസയും തിരിച്ചടക്കും?

കേരളത്തിലെ ചൂഷണത്തിന്റെ കാര്യം പറയാതിരിക്കുകയാണ് ഭേതം ! ഇന്ന് ഏറ്റവും ചൂഷണം നടക്കുന്ന മേഖലയാണിത്.... എന്നാല്‍ കുറച്ച് വിദേശ്ജോലിക്കാരുടെ പുളപ്പില്‍ എല്ലാവരും അവഗണിക്കുന്ന മേഖലയും !