Wednesday, November 12, 2008

അമേരിക്കന്‍ പ്രതിസന്ധിയുടെ ആഴം

അമേരിക്ക പ്രഖ്യാപിച്ച 70000 കോടി ഡോളറിന്റെ പാക്കേജും ബ്രിട്ടനും യൂറോപ്പും പ്രഖ്യാപിച്ച സമാനമായ പാക്കേജുകളും ആഗോള ധനകമ്പോളത്തെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കുമെന്ന് വല്ല പ്രതീക്ഷയുമുണ്ടായിരുന്നുവെങ്കില്‍ അതുമിപ്പോള്‍ മണ്ണടിഞ്ഞിരിക്കയാണ്. കരകയറുന്നതിന്റെ സൂചനകള്‍ കാണിച്ചുവെങ്കിലും ലോകമെമ്പാടുമുള്ള ഓഹരിവിപണികള്‍ കൂപ്പുകുത്തുകയാണ്. ധനസ്ഥാപനങ്ങള്‍ പാപ്പരാവുന്നതിന്റെ ഭീഷണിയിലാവുന്നു. സാമ്പത്തികമാന്ദ്യത്തിന്റെ സൂചനകള്‍ നല്‍കിക്കൊണ്ട് കടങ്ങള്‍ മരവിക്കുന്നു,ആസ്‌തിമൂല്യം തകരുന്നു നിക്ഷേപം കുറയുന്നു. ഇതോടെ മാന്ദ്യം ഒരു തകര്‍ച്ചയായി രൂപാന്തരപ്പെടുകയും ചെയ്യുന്നു. 1920കളിലെയും 1930കളിലെയും ഓര്‍മകള്‍ ഇപ്പോള്‍ ലോകമുതലാളിത്തത്തെ വേട്ടയാടുകയാണ്.

സാധാരണനില വീണ്ടെടുക്കാന്‍ വികസിതരാജ്യങ്ങളുടെ ഭാഗത്തു നിന്ന് അഭൂതപൂര്‍വമായ ശ്രമങ്ങളുണ്ടായിട്ടും പ്രതിസന്ധി തുടരുകയാണ്. ഏറെ അനിശ്ചിതത്വങ്ങള്‍ക്കും നാടകീയതകള്‍ക്കും ഒടുവില്‍ ഈ മാന്ദ്യം മുതലാളിത്തത്തെ വരിഞ്ഞുമുറുക്കുമെന്ന അനിവാര്യമായ ഭയം ഒഴിവാക്കാനുള്ള ശ്രമങ്ങളാണ്. ഇതിനുശേഷവും വികസിതരാജ്യങ്ങളിലെ സര്‍ക്കാരുകള്‍ സാമ്പത്തികപ്രതിസന്ധി പരിഹരിക്കാനുള്ള തുടക്കമെന്ന നിലയ്‌ക്ക് പ്രഥമവും പ്രധാനവുമായ ചില നിര്‍ബന്ധിത നടപടികള്‍ സ്വീകരിച്ചു. സ്വകാര്യ ബാങ്കിങ് സംവിധാനത്തിന്റെ സുപ്രധാനഭാഗവും അവര്‍ ഫലപ്രദമായി ദേശസാല്‍ക്കരിച്ചു.

രണ്ടുദിശയിലുള്ള ഇടപെടല്‍ ശ്രമങ്ങളുടെ പരമ്പരയുടെ ഒടുവിലാണ് ഇത്തരം നടപടികള്‍. കുറഞ്ഞ വായ്‌പാ നിരക്കു മൂലമുണ്ടായ പ്രതിസന്ധി പൊതുവായ പാപ്പരത്തത്തിന്റെ ഭാഗമല്ലെന്നും ഭയവും അനിശ്ചിതത്വവും മൂലമുണ്ടായ ധനലഭ്യതയുടെ അപര്യാപ്‌തത കൊണ്ടാണെന്നും ധരിച്ചുള്ളതായിരുന്നു ആദ്യത്തേത്. ലിക്വിഡേഷന്‍ നേരിടുന്ന സ്ഥാപനങ്ങളുടെ പ്രശ്‌നങ്ങള്‍ ഓരോന്നായി എടുത്ത് അടച്ചുപൂട്ടല്‍ (ലേമാന്‍), സംയോജനം (വാച്ചോവിയ), ഏറ്റെടുക്കല്‍ (അമേരിക്കന്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ്) എന്നീ മാര്‍ഗങ്ങളിലൂടെ പരിഹരിക്കാനുദ്ദേശിച്ചുള്ളതായിരുന്നു രണ്ടാമത്തേത്. ഈ കാഴ്‌ചപ്പാടുകളെ അടിസ്ഥാനമാക്കിയുള്ള നടപടികള്‍ പരാജയപ്പെട്ടപ്പോള്‍ മാത്രമാണ് തകര്‍ച്ച തടയാന്‍ മൂല്യംകുറഞ്ഞ ആസ്‌തികള്‍ വാങ്ങുന്നതും പൊതുനിക്ഷേപം ഉപയോഗിച്ച് ബാങ്കുകളുടെ മൂലധനം വര്‍ധിപ്പിക്കുന്നതും അടക്കമുള്ള നടപടികള്‍ സ്വീകരിച്ച് പാപ്പരത്തത്തെ നേരിട്ടത്. സമ്പദ്ഘടനയുടെ കാതലായ ബാങ്കിങ് സംവിധാനത്തിന്റെ തകര്‍ച്ച നിയന്ത്രിക്കാനും വായ്‌പയുടെ ചലനങ്ങളെ നിരീക്ഷിക്കാനും സര്‍ക്കാരുകള്‍ ശ്രദ്ധകാണിച്ചില്ലെന്ന് ചുരുക്കം.

ഇത്തരം ഇടപെടല്‍ കൊണ്ടു പരിഹരിക്കാന്‍ കഴിയാത്ത ആഴങ്ങളിലേക്ക് പ്രശ്‌നം നീങ്ങുന്നുവെന്നാണ് പ്രതിസന്ധി തുടരുന്നതില്‍ നിന്ന് വ്യക്തമാവുന്നത്. യഥാര്‍ഥ സമ്പദ്ഘടനക്ക് അപായകരമാവുന്ന തലങ്ങളിലേക്ക് ഇത് നീങ്ങുന്നുവെന്നതാണ് വസ്‌തുത. ലോകമെമ്പാടും ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത് ഓഹരി-വായ്‌പാ വിപണികളെ താങ്ങിനിര്‍ത്തുന്നതില്‍ മാത്രമാണ്. മഹാഭൂരിപക്ഷം ജനങ്ങള്‍ക്കും ഉപജീവനമാര്‍ഗമേകുന്ന യഥാര്‍ഥ സമ്പദ്ഘടനയെ ശ്രദ്ധിക്കുന്നില്ലെന്നത് ദൌര്‍ഭാഗ്യകരമാണ്. വിപുലമായ മാനങ്ങളുള്ള സാമ്പത്തിക പ്രതിസന്ധി ഉണ്ടായിട്ടില്ലെന്നത് നിഷേധിക്കുകയല്ല. പക്ഷേ, ലോകവും ജനങ്ങളും നേരിടുന്ന യഥാര്‍ഥ പ്രതിസന്ധിയുണ്ട്. അതുകൊണ്ടുതന്നെ ധനാധിഷ്‌ഠിത സംവിധാനവും യഥാര്‍ഥ സമ്പദ്ഘടനയും തമ്മിലുള്ള ബന്ധമാണ് ശ്രദ്ധിക്കേണ്ടത്.

എന്താണ് ഈ സാമ്പത്തിക തകര്‍ച്ചക്ക് കാരണം? മറ്റുള്ളവരുടെ ചെലവില്‍ ലാഭമുണ്ടാക്കാന്‍ സ്വകാര്യ ബാങ്കുകള്‍ക്ക് അനിയന്ത്രിതമായ സ്വാതന്ത്ര്യം അനുവദിക്കാന്‍ തീരുമാനിച്ചതിന്റെ ഫലമാണിത്. ധനസംവിധാനത്തിന്റെ സ്ഥിരതക്കും വര്‍ധിച്ച നിയന്ത്രണത്തിനും ഒരു ഉദാഹരണമായിരുന്നു എഴുപതുകള്‍ക്കു മുമ്പുള്ള അമേരിക്കന്‍ സാമ്പത്തികമേഖല. ബാങ്കുകള്‍ക്ക് ആധിപത്യമുള്ള ഈ സംവിധാനത്തില്‍ നിക്ഷേപനിരക്കുകള്‍ നിയന്ത്രിതമായിരുന്നു. ചെറുകിട ഇടത്തരം നിക്ഷേപങ്ങള്‍ക്ക് ഗ്യാരന്റിയുണ്ടായിരുന്നു. നിക്ഷേപവും വായ്‌പാനിരക്കും തമ്മിലുള്ള വ്യത്യാസമായിരുന്നു ബാങ്കുകളുടെ ലാഭം നിര്‍ണയിച്ചത്. സെക്യൂരിറ്റി വ്യാപാരം, ഇന്‍ഷുറന്‍സ് തുടങ്ങിയ മേഖലകളില്‍ വ്യാപരിക്കുന്നതില്‍ നിന്ന് ബാങ്കുകള്‍ നിയന്ത്രണം പാലിച്ചു. 'ലെന്റ് ആന്റ് ഹോള്‍ഡ് ' മാതൃകയായിരുന്നു അത്.

പണപ്പെരുപ്പവും ബാങ്കിങ് മേഖലയ്‌ക്ക് പുറത്തുള്ള പലിശവര്‍ധനയും എഴുപതുകളില്‍ നിക്ഷേപകര്‍ വിട്ടുപോകുമെന്ന ഭീഷണി സൃഷ്‌ടിച്ചു. ഈ അവസരമുപയോഗിച്ച് ബാങ്കിങ് ഇതര സാമ്പത്തിക കമ്പനികള്‍ അവയുടെ പ്രവര്‍ത്തന മേഖല വ്യാപിപ്പിക്കുകയും ബാങ്കുകള്‍ നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തിക്കൊണ്ട് വൈവിധ്യവല്‍ക്കരണത്തിന്റെ സാധ്യതകള്‍ തേടിയതും ബാങ്കിങ് സംവിധാനത്തില്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കാന്‍ സര്‍ക്കാരില്‍ കനത്ത സമ്മര്‍ദമുണ്ടാക്കി. സാമ്പത്തികസംവിധാനത്തിന്റെ പരിവര്‍ത്തനത്തിന് ഇടയാക്കിയ നിയന്ത്രണരാഹിത്യത്തിന്റെ കാലമായിരുന്നു പിന്നീട്.

ദശകത്തിലേറെ ദീര്‍ഘിച്ച ഈ പരിവര്‍ത്തനത്തിന് പല സവിശേഷതകളുമുണ്ടായിരുന്നു. പരമ്പരാഗത വാണിജ്യബാങ്കിങ്ങില്‍ നിന്ന് വ്യാപാരബാങ്കിങ്ങിലേക്കും ഇന്‍ഷുറന്‍സിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചുകൊണ്ടായിരുന്നു തുടക്കം. രണ്ടാമതായി, മൊത്തം പലിശയുടെ മാര്‍ജിനില്‍നിന്ന് അതായത് നിക്ഷേപവും വായ്‌പാനിരക്കും തമ്മിലുള്ള വ്യത്യാസത്തില്‍ നിന്ന് വരുമാനമുണ്ടാക്കുന്നതില്‍ നിന്നും വിവിധ സാമ്പത്തിക സേവനങ്ങള്‍ക്ക് കമീഷനും ഫീസും ഈടാക്കുന്നതിലേക്ക് പടിപടിയായി ശ്രദ്ധ മാറി. ഇതുമായി ബാങ്കിങ് പ്രവര്‍ത്തനങ്ങളുടെ കേന്ദ്രബിന്ദു എന്തെന്ന കാര്യത്തില്‍ മാറ്റമുണ്ടായി എന്നതാണ് മൂന്നാമത്തെ സവിശേഷത. വായ്‌പയും ആസ്‌തിയുണ്ടാക്കലും ഭാവിയില്‍ ഒരു വരുമാനപ്രവാഹം ഉറപ്പാക്കിയിരുന്നെങ്കിലും ആസ്‌തി കൈവശം വെക്കാന്‍ ബാങ്കുകള്‍ തയ്യാറായില്ല. പകരം ആസ്‌തികള്‍ പൂളുകളിലേക്ക് മാറ്റി. അവ പിന്നീട് സെക്യൂരിറ്റികളാക്കുകയും ഫീസ് ഈടാക്കി ഇന്‍സ്റ്റിറ്റ്യൂഷണല്‍ നിക്ഷേപകര്‍ക്കും പോര്‍ട്ഫോളിയോ മാനേജര്‍മാര്‍ക്കും വില്‍ക്കുകയും ചെയ്തു. ഫീസ് ഇടാക്കിക്കൊണ്ട് കമ്പോളത്തിലെ അപായങ്ങള്‍ (റിസ്‌ക് ) കൈമാറുകയായിരുന്നു ബാങ്കുകള്‍. റിസ്‌ക് ഏറ്റെടുത്തവരാവട്ടെ ദീര്‍ഘകാലത്തേക്ക് ലാഭമുണ്ടാക്കാനുള്ള വഴിതേടി. ബാങ്കിങ്ങിലെ 'ഒറിജിനേറ്റ് ആന്‍ഡ് സെല്‍ മാതൃകയായിരുന്നു ഇത്. ആസ്‌തി സൂക്ഷിക്കാതിരുന്ന ബാങ്കുകള്‍ അവ ദീര്‍ഘകാല വരുമാനത്തിനായി നിക്ഷേപകര്‍ക്കു വിറ്റു. ഇവയില്‍ ഏറെയും സങ്കീര്‍ണതയുള്ള ഉപോല്‍പ്പന്നങ്ങളായിരുന്നു. തിട്ടപ്പെടുത്താന്‍ ബുദ്ധിമുട്ടുള്ള റിസ്‌കുകളാണ് ഇവയ്‌ക്കുള്ളത്. ഇവ തിട്ടപ്പെടുത്തുന്നതിന്റെ ചുമതല സ്വകാര്യ റേറ്റിങ് ഏജന്‍സികള്‍ക്കായി. ഉല്‍പ്പന്നങ്ങളുടെ അപായത്തിന്റെ നിലക്കനുസൃതമായി അവയെ തരംതിരിക്കുന്നതിനും ഘടനയിലുണ്ടാവുന്ന മാറ്റം നിരീക്ഷിക്കുന്നതിനും ഈ ഏജന്‍സികള്‍ക്ക് പണം ലഭിച്ചു.

സാമ്പത്തികസംവിധാനം കൂടുതല്‍ സാര്‍വത്രികമാവുന്നതിന് അനുസൃതമായി വിവിധ അടരുകളില്‍ സാമ്പത്തിക ഉദാരവല്‍ക്കരണവും വര്‍ധിച്ചു. വിവിധ അടരുകളില്‍ നിയന്ത്രണവും വ്യത്യസ്‌തമായിരുന്നു. നിക്ഷേപബാങ്കുകള്‍, ഹെഡ്‌ജ് ഫണ്ട്, പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനങ്ങള്‍ എന്നിവകളില്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കപ്പെട്ടപ്പോള്‍ ഫിനാന്‍ഷ്യല്‍കമ്പനികള്‍ക്ക് വന്‍തുക വായ്‌പയെടുക്കാനായി. സ്വന്തം മൂലധനത്തിന്റെ ഒരു ചെറിയ ഭാഗത്തിന്റെയും കടംകൊണ്ട പണം നിക്ഷേപിക്കുന്ന പദ്ധതിയുടെയും അടിസ്ഥാനത്തിലായിരുന്നു ഇത്. സാമ്പത്തിക സംവിധാനത്തിന്റെ പല അടരുകളും സ്വതന്ത്രമായിരുന്നു. മൂലധനം ആരില്‍ നിന്ന് എങ്ങനെ സ്വരൂപിക്കും (ചെറുനിക്ഷേപകര്‍, പെന്‍ഷന്‍ ഫണ്ട്, ഉയര്‍ന്ന ശേഷിയുള്ള വ്യക്തികള്‍ തുടങ്ങിയവരില്‍ നിന്ന്) എന്നതിനെ അടിസ്ഥാനമാക്കി നിയന്ത്രണത്തിലും ഏറ്റക്കുറച്ചിലുകളുണ്ടായി. നിക്ഷേപബാങ്കുകള്‍ക്ക് വായ്‌പാ ആസ്‌തികള്‍ വിറ്റ ബാങ്കുകള്‍ തങ്ങള്‍ റിസ്‌ക് കൈമാറിയെന്ന് അവകാശപ്പെടുകയും ചെയ്തു. ഒപ്പം തങ്ങളുടെ നിയന്ത്രണം കുറഞ്ഞ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ലാഭമുണ്ടാവുന്നതിനു വേണ്ടി ബാങ്കുകള്‍ ഈ നിക്ഷേപ ബാങ്കുകളില്‍ നിക്ഷേപിക്കുകയും ചെയ്തു. ഈ ഡെറിവേറ്റീവുകള്‍ (derivatives) ഹെഡ്‌ജ് ഫണ്ടുകള്‍ക്കു വിറ്റ നിക്ഷേപ ബാങ്കുകളാവട്ടെ ഈ ഫണ്ടുകളുടെ ദല്ലാളുകളായി പ്രവര്‍ത്തിച്ചു.

സാമ്പത്തിക മേഖലയ്‌ക്ക് വന്‍ തുക ലാഭമുണ്ടാക്കിയ ഈ സങ്കീര്‍ണഘടന പരാജയം ഉറ്റുനോക്കുകയായിരുന്നുവെന്നതും കുറച്ചുകാലത്തേക്ക് വ്യക്തമായിരുന്നു. ഉദാഹരണത്തിന് അമേരിക്കയില്‍ തകരുന്ന ബാങ്കുകളുടെ എണ്ണം എണ്‍പതുകള്‍ക്കു ശേഷം വര്‍ധിച്ചു. ഉദാരവല്‍ക്കരണത്തിന്റെ ഫലമായി സാമ്പത്തികവ്യാപാരത്തിലുണ്ടായ മാറ്റം നിക്ഷേപ-വായ്‌പാ പ്രതിസന്ധിക്ക് ആക്കം കൂട്ടി. കടംകൊണ്ട പണം കൊണ്ടുള്ള നിക്ഷേപത്തിന്റെ അപകടത്തിലേക്ക് വിരല്‍ചൂണ്ടിക്കൊണ്ട് ലോങ് ടേം കാപ്പിറ്റല്‍ മാനേജ്‌മെന്റ് തകര്‍ന്നു. ചെറിയ പ്രതിസന്ധികള്‍ ഉണ്ടാവുമ്പോഴൊക്കെ ഉദാരവല്‍ക്കരണത്തില്‍ നിന്ന് പിന്മാറണമെന്നും നിയന്ത്രണത്തിലേക്ക് മടങ്ങണമെന്നുമുള്ള ആവശ്യങ്ങളുയര്‍ന്നു. എന്നാല്‍, സാമ്പത്തിക താല്‍പ്പര്യങ്ങള്‍ അങ്ങേയറ്റം ശക്തമാവുകയും യുഎസ് ട്രഷറിയെ വരെ നിയന്ത്രിക്കുന്ന സ്ഥിതിയിലെത്തുകയും ചെയ്‌തതോടെ വിമര്‍ശനങ്ങള്‍ ഒഴിവാക്കാനായി. ഉദാരവല്‍ക്കരണത്തില്‍ നിന്ന് പിന്നോട്ടുപോകാനുള്ള നീക്കങ്ങള്‍ക്ക് ഇത് വിഘാതമേല്‍പ്പിച്ചു. സാമ്പത്തിക മേഖല പുറത്തുനിന്നുള്ള നിയന്ത്രണങ്ങള്‍ ഏല്‍പ്പിക്കാന്‍ കഴിയാത്ത വിധം സങ്കീര്‍ണമാണെന്നും സ്വയം നിയന്ത്രണമാണ് വേണ്ടതെന്നുമുള്ള കാഴ്‌ചപ്പാടിനായിരുന്നു സംവാദങ്ങളില്‍ മേല്‍ക്കൈ.

നിക്ഷേപ-വായ്‌പാ പ്രതിസന്ധിയുടെ നാളുകളേക്കാള്‍ നിയന്ത്രണം കുറഞ്ഞതും സങ്കീര്‍ണത കൂടിയതുമായ സാമ്പത്തിക ഘടനയാണ് തൊണ്ണൂറുകളില്‍ നിലവില്‍ വന്നത്. ഇത്തരത്തിലുള്ള ഒരു സംയോജിത സംവിധാനത്തിന് ഊഹാധിഷ്‌ഠിത ആസ്‌തികളുടെ ഒരു പിരമിഡ് സൃഷ്‌ടിക്കാനായി. നിയന്ത്രണമുള്ള ലിക്വിഡിറ്റി വര്‍ധിക്കുന്നതോ വായ്‌പയെടുക്കുന്നവരുടെ എണ്ണത്തിലുണ്ടാവുന്ന വര്‍ധനവോ ഇതുരണ്ടുമോ ഊഹക്കച്ചവടം വര്‍ധിക്കാനുള്ള ഇന്ധനമായി മാറി. ഇത്തരം ഘടകങ്ങള്‍ ഭവന-പണയവായ്‌പാ രംഗം തടിച്ചുകൊഴുക്കാന്‍ വഴിയൊരുക്കിയതാണ് വായ്‌പാരംഗത്തെ പ്രതിസന്ധിക്ക് കാരണമായത്. 2002 അവസാനം തൊട്ട് 2005 മധ്യം വരെ യുഎസ് ഫെഡറല്‍ റിസര്‍വിന്റെ ഫെഡറല്‍ ഫണ്ടുകളുടെ നിരക്ക് ഒരേ നിലയില്‍ തുടര്‍ന്നു. കുറഞ്ഞ നിരക്കില്‍ വായ്‌പ ലഭിച്ചതോടെ ഹൌസിങ് മേഖല ശക്തമായി. പണപ്പെരുപ്പത്തിന് ഇതു കാരണമായി ഈ മേഖലയില്‍ വന്‍ നിക്ഷേപവും ഉണ്ടായി. 2001ന്റെ അവസാനം മുതല്‍ 2007ന്റെ അവസാനം വരെയുള്ള കാലം ഭവനങ്ങളുടെയും കോര്‍പറേറ്റ് മേഖലയുടെയും റിയല്‍ എസ്റ്റേറ്റ് മൂല്യം 14.5 ട്രില്യണ്‍ (14.5 ലക്ഷം കോടി) ഡോളറായി ഉയര്‍ന്നു. വീടിന് ഉടമകളായവരുടെ 'സമൃദ്ധി' വര്‍ധിച്ചത് കൂടുതല്‍ വായ്‌പയെടുക്കാനും കൂടുതല്‍ ചെലവഴിക്കാനും ആവശ്യങ്ങള്‍ വിപുലമാക്കാനും പ്രോത്സാഹനമായി. ഇത് ജിഡിപി(മൊത്തം ആഭ്യന്തര ഉല്‍പ്പാദനം)യുടെ വളര്‍ച്ചക്കും ഇടയാക്കി. വില തുടര്‍ച്ചയായി ഉയര്‍ന്നുകൊണ്ടിരിക്കുമെന്ന വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ള ഊഹക്കച്ചവടമാണ് അമേരിക്കയുടെയും വാണിജ്യപങ്കാളികളുടെയും പ്രശംസനീയമായ വളര്‍ച്ചനിരക്കിന് ഇടയാക്കിയത്.

ഈ വിശ്വാസം ഒരു അവസരമായെടുത്ത് കുറഞ്ഞ നിരക്കില്‍ വായ്‌പയെടുക്കുന്നവരെയും തിരിച്ചടവില്‍ വീഴ്‌ചവരുത്താന്‍ സാധ്യതയുള്ളവരെയും ഉള്‍പ്പെടുത്തി വായ്‌പക്കാരുടെ പരിധി വിപുലമാക്കാന്‍ സാമ്പത്തിക സംവിധാനം ശ്രമം തുടങ്ങി. അവശ്യം വേണ്ട വരുമാനരേഖകള്‍ ആവശ്യപ്പെടാതെയും തുടക്കകാലത്ത് കുറഞ്ഞ പലിശനിരക്കുപോലുള്ള മധുരവാഗ്ദാനങ്ങള്‍ നല്‍കിയും ഭവനദല്ലാളുമാര്‍ ഇത്തരം ഉപഭോക്താക്കളെ ആകര്‍ഷിച്ചു. എല്ലാ ഭവനഇടപാടുകളിലും ഇത്തരം കുറഞ്ഞ നിരക്കുള്ള വായ്‌പകളുടെ ഓഹരികള്‍ 2001ല്‍ അഞ്ചുശതമാനമായിരുന്നത് 2007ല്‍ 20ശതമാനമായി കുത്തനെ ഉയര്‍ന്നു. ഉറപ്പുകളെക്കുറിച്ചുള്ള തെറ്റായ വിവരങ്ങള്‍ കൊണ്ടോ തിരിച്ചടവിന്റെ കാര്യത്തിലുള്ള അതിരുകവിഞ്ഞ ശുഭാപ്‌തിവിശ്വാസം കൊണ്ടോ വായ്‌പയെടുക്കുന്നവര്‍ ഈ 'അവസരം' മുതലാക്കി.

ധനകേന്ദ്രിതമായ 'ഒറിജിനേറ്റ് ആന്‍ഡ് സെല്‍' മാതൃകയുടെ സങ്കീര്‍ണസ്വഭാവത്തിന്റെ ഫലമായി ഇത്തരം വായ്‌പകള്‍ വര്‍ധിച്ചു. നിക്ഷേപവുമായി ബന്ധപ്പെട്ട അപകടങ്ങള്‍ കൈമാറുമ്പോള്‍ പോലും വന്‍ലാഭമുണ്ടാവുമെന്ന പ്രതീക്ഷയില്‍ കമ്പനികള്‍ റിസ്‌കുകളില്‍ ഇളവുവരുത്തി. ഫീസിനു വേണ്ടി കടക്കാരെ തേടിയ പണയദല്ലാളന്മാര്‍ തിരിച്ചടവുശേഷി പരിഗണിക്കാതുള്ള വായ്‌പ നല്‍കുന്ന സബ്പ്രൈം വിപണിയിലേക്ക് തിരിഞ്ഞു. പണയ ഇടപാടുകള്‍ക്ക് ബാങ്കുകളും വായ്‌പാദാതാക്കളും പണം നല്‍കിയത് ഇത്തരം ഇടപാടുകളിലൂടെ പ്രവഹിക്കുന്ന പണം ആഗ്രഹിച്ചിട്ടല്ല, മറിച്ച് നിയന്ത്രണം തീരെയില്ലാത്ത ബാങ്കുകള്‍ക്ക് ഈ ധനഉപാധികള്‍ (instruments) വില്‍ക്കാന്‍ ലക്ഷ്യമിട്ടാണ്. ആസ്‌തി വിറ്റ് വരുമാനം കൂടുതല്‍ നേടാനും ബിസിനസ് വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ട വാള്‍സ്‌ട്രീറ്റ് ബാങ്കുകള്‍ ഈ പണയവസ്‌തുക്കള്‍ വാങ്ങി. സെക്യൂരിറ്റി നിക്ഷേപ സ്ഥാപനങ്ങള്‍ക്കും ഹെഡ്‌ജ് ഫണ്ടുകള്‍ക്കും പോര്‍ട്ഫോളിയോ മാനേജര്‍മാര്‍ക്കും ഈ പണയവസ്‌തുക്കള്‍ വിറ്റഴിച്ചു. യഥാര്‍ഥത്തില്‍ വായ്‌പയെടുത്തവരെക്കുറിച്ച് കൃത്യമായ വിശദാംശങ്ങള്‍ അറിയാത്ത റേറ്റിങ് ഏജന്‍സികളെയാണ് ഈ സെക്യൂരിറ്റികളുടെ അപകടസാധ്യത(റിസ്‌ക്) എത്രയെന്ന് നിര്‍ണയിക്കാനേല്‍പ്പിച്ചത്. യഥാര്‍ഥ പണയവുമായി ബന്ധപ്പെട്ട വരുമാനപ്രവാഹം സ്വന്തമാക്കാമെന്ന് മോഹിച്ച ബാങ്കുകളും മ്യൂച്വല്‍ ഫണ്ടുകളും പെന്‍ഷന്‍ഫണ്ടുകളും ഈ റേറ്റിങ്ങിനെ അടിസ്ഥാനമാക്കി സെക്യൂരിറ്റികള്‍ ഏറ്റെടുത്തു. ചില കേസുകളില്‍ തിരിച്ചടവില്‍ വീഴ്‌ച വരുത്തുന്ന പക്ഷം കൈമാറാമെന്ന വ്യവസ്ഥയില്‍ സ്ഥാപനങ്ങള്‍ ഇവ ഇന്‍ഷുര്‍ ചെയ്തു. സബ്പ്രൈം വിപണിയില്‍ ഇടപെടുകയും അപകടം വരുത്തിവെക്കുമെന്ന് പ്രതീക്ഷിക്കാത്തതുമായ സര്‍ക്കാര്‍ സ്‌പോണ്‍സേഡ് ബാങ്കുകളായ ഫെഡ്രിമാക്ക്, ഫാനിമേ തുടങ്ങിയവ പോലും ഈ ഇടപാടുകളില്‍പെട്ട് തകര്‍ന്നു. പെട്ടെന്നുണ്ടായ വളര്‍ച്ച മുതലെടുക്കാന്‍ പുതിയ എതിരാളികള്‍ ശ്രമിക്കുമെന്നും സ്‌പെഷ്യലിസ്റ്റ് സ്ഥാപനങ്ങള്‍ എന്ന നിലയ്‌ക്കുള്ള തങ്ങളുടെ ബിസിനസില്‍ അവര്‍ കൈവെയ്‌ക്കുമെന്നും ഭയപ്പെട്ടുകൊണ്ടായിരുന്നു ഇത്. ഈ ശൃംഖലയുടെ സങ്കീര്‍ണത കാരണം ഓരോ തലത്തിലുമുള്ള സ്ഥാപനങ്ങള്‍ അനുമാനിച്ചത് തങ്ങള്‍ ഇന്‍ഷുര്‍ ചെയ്‌തതു കാരണം യാതൊരു അപകടത്തിനും സാധ്യതയില്ലെന്നാണ്. അപകട സാധ്യത ഇല്ലാതായില്ലെന്ന് മാത്രമല്ല, അപകടം ഈ സംവിധാനത്തില്‍ എവിടെയോ ഉള്‍ച്ചേര്‍ന്നിരിക്കുകയും ചെയ്‌തു. സംയോജിതമായ ഈ സാമ്പത്തിക ഘടനയില്‍ ഓരോ സ്ഥാപനവും പലതരം വിപണികളിലും തുറന്നുകാട്ടപ്പെട്ടു. കടംകൊടുക്കുന്നവരും വാങ്ങുന്നവരും നിക്ഷേപകരുമൊക്കെ പരസ്‌പരം തുറന്നുകാട്ടപ്പെട്ടു. ഒരു പരാജയം പോലും വ്യത്യസ്‌ത സ്ഥാപനങ്ങളെ വ്യത്യസ്‌ത മാനങ്ങളില്‍ തകര്‍ക്കുന്ന തരത്തിലുള്ള ഡോമിനോ പ്രതിഭാസവും സംജാതമായി.

സബ്പ്രൈം വായ്‌പകളുടെ തിരിച്ചടവ് മുടങ്ങിയതുകൊണ്ടോ അല്ലെങ്കില്‍ തിരിച്ചടവിന് ശേഷിയില്ലാത്തവര്‍ക്ക് വായ്‌പ നല്‍കിയതുകൊണ്ടോ ആണ് ഇത്തരം കേസുകളില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. തിരിച്ചടവ് മുടങ്ങുന്നതിന്റെ തീവ്രത വര്‍ധിച്ചപ്പോള്‍ എല്ലാ ആസ്‌തികളും തകരുന്ന സ്ഥിതി വന്നു. കൂടുതല്‍ വീടുകള്‍ വില്‍പ്പനയ്‌ക്കു വന്നപ്പോള്‍ വീടുകളുടെ വില താഴുകയും പണയകൈമാറ്റം വര്‍ധിക്കുകയും ചെയ്‌തു. മറുവശത്ത് സാമ്പത്തിക നഷ്‌ടം വന്ന സ്ഥാപനങ്ങള്‍ വായ്‌പ മരവിപ്പിച്ചത് വീടുകള്‍ക്കുള്ള ഡിമാന്‍ഡ് കുറച്ചു. വീടുകളുടെ വിലകുറഞ്ഞതോടെ പലരുടെയും കൈവശമുള്ള ഇക്വിറ്റിയുടെ മൂല്യവും കൂപ്പുകുത്തി. ഇതോടെ ആസ്‌തിയുടെ മൂല്യത്തേക്കാളേറെ തുക തിരിച്ചടയ്‌ക്കേണ്ട സ്ഥിതിവന്നു. ഇത്തരം ഇടപാടുകളുടെ കെണിയില്‍പ്പെട്ടവര്‍ തിരിച്ചടവ് മുടക്കുന്നതും പണയകൈമാറ്റവും ഉചിതമാര്‍ഗങ്ങളായി കണ്ടെത്തി.

ഭവന ഇടപാടുകളിലൂടെ പടുത്തുയര്‍ത്തിയ സെക്യൂരിറ്റികളുടെ മൂല്യം തകര്‍ന്നടിയുമെന്ന് ഇതോടെ ഉറപ്പായി. പണയ ഇടപാടുകളില്‍ അധിഷ്ഠിതമായ സെക്യൂരിറ്റികളിലൂടെ സൃഷ്‌ടിച്ച രണ്ടു ഫണ്ടുകള്‍ക്ക് മൂല്യമിടിഞ്ഞെന്ന് ബിയര്‍സ്റ്റീന്‍സ് പോലുള്ള വാള്‍സ്‌ട്രീറ്റ് ബാങ്കുകള്‍ പ്രഖ്യാപിച്ചതോടെ പ്രശ്‌നത്തിന്റെ തീവ്രത ഭാഗികമായെങ്കിലും ബോധ്യപ്പെട്ടു. പല ധനസ്ഥാപനങ്ങളും പാപ്പരാവുന്നതിന്റെ വക്കിലാണെന്നതിന്റെ സൂചനകളാണ് ഇത് നല്‍കിയത്. വിവിധ രാജ്യങ്ങളില്‍ പരസ്‌പരം ബന്ധപ്പെട്ടുകിടക്കുന്നവയായതുകൊണ്ടുതന്നെ അമേരിക്കയിലെയും മറ്റിടങ്ങളിലെയും ധനസ്ഥാപനങ്ങളെ ഇത് രൂക്ഷമായി ബാധിച്ചു.

ഭയം മൂലം പരസ്‌പരം വായ്‌പ നല്‍കുന്നത് സ്ഥാപനങ്ങള്‍ നിര്‍ത്തിയത് ബിസിനസ് തുടര്‍ന്നുപോകുന്നതിനെയും ഹ്രസ്വകാല ധന ആവശ്യങ്ങള്‍ നേരിടുന്നതിനെയും ബാധിച്ചു. വാള്‍സ്‌ട്രീറ്റിലെ സ്വതന്ത്രനിക്ഷേപ ബാങ്കുകളായ ബിയര്‍സ്റ്റീന്‍സ്, ലേമാന്‍ ബ്രദേഴ്‌സ്, മെറില്‍ലിന്‍ച്, മോര്‍ഗന്‍ സ്റ്റാന്‍ലി, ഗോള്‍ഡ്‌മാന്‍സാച്ച്സ് എന്നിവ അടച്ചുപൂട്ടുകയോ വലിയ ബാങ്കുകളുമായി സംയോജിക്കുകയോ കര്‍ശന നിയന്ത്രണത്തിന് വിധേയമായ ഹോള്‍ഡിങ് കമ്പനികളായി സ്വയം മാറുകയോ ചെയ്‌തു. ബാങ്കുകളുടെ അടച്ചുപൂട്ടലും സംയോജനവും ഏറ്റെടുക്കലും പതിവായി മാറി. സ്വകാര്യധനത്തിന്റെ ആധിപത്യത്തിന്റെ ഉദയത്തില്‍ നിന്നും പിന്നോട്ടുപോകാന്‍ സ്റ്റേറ്റില്‍ സമ്മര്‍ദം ചെലുത്താന്‍ ഈ നടപടികള്‍ മതി, എന്നിട്ടും അത് അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. എന്നാല്‍ പ്രതിസന്ധി രൂക്ഷമായതുകൊണ്ടുതന്നെ യഥാര്‍ഥ സമ്പദ്ഘടനയിലെ ഉപഭോഗവും നിക്ഷേപവും നിലച്ചു. മാന്ദ്യം തുടങ്ങിയെന്ന് വിശകലനവിദഗ്ധര്‍ പ്രഖ്യാപിച്ചു. തകര്‍ച്ച ഏറെയൊന്നും അകലെയല്ലെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി. പ്രശ്‌നത്തിന് വിവിധ മാനങ്ങളുണ്ടെന്ന് വ്യക്തമാവുകയാണ്. ഒന്ന്: ധനത്തിന്റെ ഒരു വലിയ കുമിളയാണ് ഇപ്പോള്‍ പൊട്ടിത്തകര്‍ന്നത്. ഭവനവില കൂപ്പുകുത്തിയതിനെ തുടര്‍ന്ന് ഊഹാധിഷ്‌ഠിത വളര്‍ച്ചയുടെ കുമിളയാണ് തകര്‍ന്നത്. ധനകുമിള മാത്രമല്ല പെന്‍ഷന്‍ ഫണ്ട് അടക്കമുള്ള ധന ആസ്‌തികളുടെ മൂല്യം ഇടിയുകയും ചെയ്‌തു. ഭവനങ്ങളുടെ സമ്പത്ത് തകര്‍ന്നത് ഭവനനിക്ഷേപം കുറയ്‌ക്കാന്‍ ഇടയാക്കി.

ഉപഭോഗത്തില്‍ കുറവു വന്നത് പല സ്ഥാപനങ്ങളെയും ഹാനികരമായി ബാധിച്ചുവെന്നതിന് വ്യക്തമായ ഉദാഹരണമാണ് വാഹനവിപണി. കരാറടിസ്ഥാനത്തിലുള്ള ഡിമാന്‍ഡുകള്‍ കൈകാര്യം ചെയ്‌ത കമ്പനികള്‍ നിലനില്‍പ്പിന് പര്യാപ്‌തമായത്രയും വായ്‌പ ലഭിക്കാതിരുന്നതോടെ പാപ്പരായിക്കൊണ്ടിരിക്കുകയാണ്. ഇതെല്ലാം തൊഴിലില്ലായ്‌മ വര്‍ധിപ്പിക്കുകയും മാന്ദ്യം കൂടുതല്‍ രൂക്ഷമാക്കുകയും ചെയ്യുന്നു.

ബാങ്കുകളുടെ ഇത്തരത്തിലുള്ള ദേശസാല്‍ക്കരണവും ധനസംവിധാനത്തിലേക്ക് പണം പമ്പുചെയ്യുന്നതും വിപുലമായ പ്രതിസന്ധി നേരിടാന്‍ പര്യാപ്‌തമാവില്ല. പണയത്തിലായ വീടുകള്‍ക്ക് ചെലവിടാന്‍ കൂടുതല്‍ പണം ആവശ്യമാണ്. തിരിച്ചടക്കാന്‍ ശേഷിയുള്ളവര്‍ക്ക് അധികവായ്‌പ നല്‍കണമെന്നത് ബാങ്കുകള്‍ക്ക് ബോധ്യപ്പെടണം. പ്രശ്‌നത്തെ ഈ രീതിയില്‍ കൈകാര്യം ചെയ്യാന്‍ ആവശ്യമായതൊന്നും ചെയ്‌തിട്ടില്ല. ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും കേന്ദ്രീകരിച്ചത് പ്രശ്‌നം സൃഷ്‌ടിച്ച ധനസംവിധാനത്തെ രക്ഷിക്കുന്നതില്‍ മാത്രമായതാണ് ഇതിനു കാരണം. തൊഴില്‍ സംരക്ഷിക്കാനും ജനങ്ങള്‍ക്ക് നഷ്‌ടമായ വീടുകള്‍ വീണ്ടെടുക്കാനും പൊതു പണമുപയോഗിച്ച് ഈ സംവിധാനത്തെ വീണ്ടും വിപുലമാക്കേണ്ടതുണ്ട്. സ്റ്റേറ്റാണ് ഈ സംവിധാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കേണ്ടത്.

*****

സി പി ചന്ദ്രശേഖര്‍

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ബാങ്കുകളുടെ ഇത്തരത്തിലുള്ള ദേശസാല്‍ക്കരണവും ധനസംവിധാനത്തിലേക്ക് പണം പമ്പുചെയ്യുന്നതും വിപുലമായ പ്രതിസന്ധി നേരിടാന്‍ പര്യാപ്‌തമാവില്ല. പണയത്തിലായ വീടുകള്‍ക്ക് ചെലവിടാന്‍ കൂടുതല്‍ പണം ആവശ്യമാണ്. തിരിച്ചടക്കാന്‍ ശേഷിയുള്ളവര്‍ക്ക് അധികവായ്‌പ നല്‍കണമെന്നത് ബാങ്കുകള്‍ക്ക് ബോധ്യപ്പെടണം. പ്രശ്‌നത്തെ ഈ രീതിയില്‍ കൈകാര്യം ചെയ്യാന്‍ ആവശ്യമായതൊന്നും ചെയ്‌തിട്ടില്ല. ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും കേന്ദ്രീകരിച്ചത് പ്രശ്‌നം സൃഷ്‌ടിച്ച ധനസംവിധാനത്തെ രക്ഷിക്കുന്നതില്‍ മാത്രമായതാണ് ഇതിനു കാരണം. തൊഴില്‍ സംരക്ഷിക്കാനും ജനങ്ങള്‍ക്ക് നഷ്‌ടമായ വീടുകള്‍ വീണ്ടെടുക്കാനും പൊതു പണമുപയോഗിച്ച് ഈ സംവിധാനത്തെ വീണ്ടും വിപുലമാക്കേണ്ടതുണ്ട്. സ്റ്റേറ്റാണ് ഈ സംവിധാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കേണ്ടത്.

ശ്രീ സി പി ചന്ദ്രശേഖരുടെ പഠനാര്‍ഹമായ ലേഖനം