Sunday, October 14, 2007

മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുമ്പോള്‍

സെന്‍സെക്സ് 18000 കടക്കുന്നതിന്റെ ആഹ്ലാദാരവങ്ങള്‍ക്കിടയില്‍ ധനകാര്യമന്ത്രി ചിദംബരം 2007 ഒക്ടോബര്‍ 3 ന് നടത്തിയ ഈ പ്രസ്താവന ചില്ലറ നിക്ഷേപകരെ (retail investors) സംബന്ധിച്ചിടത്തോളം കാര്യങ്ങള്‍ അത്രത്തോളം ശുഭകരം ആയിരിക്കാനിടയില്ല എന്ന്‌ തോന്നിപ്പിക്കുന്നതാണ്.

ചെറുകിട നിക്ഷേപകര്‍ ഈ അവസ്ഥയില്‍ നിക്ഷേപം നടത്തുന്നുണ്ടോ എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്. അവരോട് കരുതലോടെയിരിക്കണം എന്നാണെനിക്ക് പറയാനുള്ളത്. വിദേശനിക്ഷേപകര്‍ ഇപ്പോള്‍ ഇന്ത്യന്‍ ഷെയറുകളില്‍ താല്പര്യം കാണിക്കുന്നുണ്ട് എന്നത് പ്രത്യക്ഷമാണ്. ആ നിക്ഷേപം വേണ്ടെന്നു വെക്കുന്നതെന്തിന്?


സമീപകാലത്ത് അദ്ദേഹം തന്നെ ചെറുകിട നിക്ഷേപകരോട് ശരിക്കും ഹോംവര്‍ക്ക് ചെയ്തതിനുശേഷം മാത്രം ഷെയര്‍ മാര്‍ക്കറ്റുകളില്‍ നിക്ഷേപം നടത്തുവാന്‍ ഉപദേശിക്കുകയുണ്ടായി. ഇന്‍‌ഡക്സില്‍ ദ്രുതഗതിയിലുള്ള കയറ്റിറക്കങ്ങള്‍ നടക്കുന്ന ഈയവസരത്തില്‍ ഹോം വര്‍ക്ക് ചെയ്യാന്‍ സാധിക്കാത്ത ചെറുകിട നിക്ഷേപകര്‍ മ്യൂച്വല്‍ ഫണ്ടിന്റെ മാര്‍ഗം സ്വീകരിക്കുവാനും അദ്ദേഹം നിര്‍ദ്ദേശിക്കുകയുണ്ടായി. ഊഹക്കച്ചവടക്കാര്‍ക്ക് നല്‍കാന്‍ തന്റെ കയ്യില്‍ പ്രത്യേകിച്ച് ഉപദേശമൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. :)

18000 പോയിന്റ് കടക്കുമോ ഇല്ലയോ എന്ന സന്നിഗ്ദാവസ്ഥയില്‍ കുറേ നാളായി നിലനിന്നിരുന്ന സെന്‍സെക്സ് ഇക്കഴിഞ്ഞ ചൊവ്വാഴ്ച 18280.24ലാണ് ക്ലോസ് ചെയ്തത്. ഒറ്റ ദിവസം 993 പോയിന്റ് കയറിയാണ് ഇത് ആ ‘മൈല്‍ സ്റ്റോണ്‍’ കടന്നത്. സെന്‍സെക്സിന്റെ ചരിത്രത്തിലെത്തന്നെ ഒറ്റ ദിവസത്തെ നേട്ടത്തിലെ ഒരു റെക്കോര്‍ഡ് ആണിത്. ഇനി മാര്‍ക്കറ്റിന്റെ പോക്ക് എങ്ങോട്ടായിരിക്കും എന്ന കാര്യത്തില്‍ `വിദഗ്ദര്‍ക്ക് ' തന്നെ വിരുദ്ധാഭിപ്രായങ്ങളുണ്ട്. പക്ഷെ എല്ലാ `വിദഗ്ദരും' ഒരേ സ്വരത്തില്‍ പറയുന്ന ഒരു കാര്യമുണ്ട്. ചെറുകിട നിക്ഷേപകര്‍ മ്യൂച്വല്‍ ഫണ്ടിന്റെ മാര്‍ഗം സ്വീകരിക്കണം.

(“For retail investors, mutual funds should still be an attractive investment avenue. The predictions of selling at highs and buying at lows are best exercised through a professional fund manager, rather than depending on hearsay.”)

ഒരു ചെറിയ ന്യൂനപക്ഷം മാത്രം നിക്ഷേപങ്ങള്‍ നടത്തുന്ന, അല്ലെങ്കില്‍ അവര്‍ക്ക് മാത്രം അത് സാധിക്കുന്ന ഒരു അവസ്ഥയുള്ള ഒരു രാജ്യത്താണ് നാം ജീവിക്കുന്നത്. ആദായ നികുതി ഇളവും മറ്റും നല്‍കി കൂടുതല്‍ കൂടുതല്‍ ആളുകളെ മ്യൂച്വല്‍ ഫണ്ടിന്റെ മാര്‍ഗത്തിലൂടെ ഓഹരി കമ്പോളത്തിലേക്ക് ആകര്‍ഷിക്കാനുള്ള ബോധപൂര്‍വമായ ശ്രമം നടക്കുന്ന ഈ അവസരത്തില്‍ മ്യൂച്വല്‍ഫണ്ട് എന്നാല്‍ എന്ത്, അതിന്റെ പ്രവര്‍ത്തനങ്ങള്‍ ഏതുരീതിയില്‍ എന്നൊക്കെ അറിഞ്ഞിരിക്കുന്നത് നല്ലതായിരിക്കും എന്നു തോന്നുന്നു.

മ്യൂച്ചല്‍ ഫണ്ടുകള്‍

ഒരു പറ്റം നിക്ഷേപകരുടെ സമ്പാദ്യങ്ങളെ ഒരുമിച്ച് ചേര്‍ക്കുന്ന ഒരു ട്രസ്റ്റിനെയാണ് മ്യൂച്ചല്‍ ഫണ്ട് എന്ന് പറയുന്നത്. അങ്ങനെ സമാഹരിക്കുന്ന പണം ഷെയറുകള്‍, ഡിബഞ്ചറുകള്‍ , മറ്റു അംഗീകൃത സെക്യൂരിറ്റികള്‍ തുടങ്ങി മൂലധന വിപണിയിലെ വിവിധ ഉപകരണങ്ങളില്‍ (capital market instruments ) നിക്ഷേപിക്കപ്പെടുന്നു. ഇത്തരം നിക്ഷേപങ്ങള്‍ നേടിത്തരുന്ന ആദായവും മൂലധനവൃദ്ധിയും(capital appreciation ) എത്ര യൂണിറ്റുകള്‍ കൈവശം ഉണ്ട് എന്നതിനാനുപാതികമായി യൂണിറ്റ് ഹോള്‍ഡര്‍മാരുടെയിടയില്‍ വിഭജിക്കപ്പെടുന്നു.

മ്യൂച്ചല്‍ ഫണ്ടുകള്‍ എന്തു കൊണ്ട്?

സ്റ്റോക്കുകളിലും ഷെയറുകളിലും നിക്ഷേപം നടത്തുക എന്നത് വളരെ ഏറെ നഷ്ടസാദ്ധ്യത (risk) ഉള്ളതും എപ്പോള്‍ നിക്ഷേപിക്കണം എപ്പോള്‍ നിക്ഷേപം പിന്‍വലിക്കണം എന്നിവയെ കുറിച്ചും വിപണിയുടെ ചലനങ്ങളെക്കുറിച്ചും മറ്റും അതിയായ അവഗാഹവും ഗവേഷണവും ആവശ്യപ്പെടുന്നതും ആയ സംഗതിയാണ്. വൈവിധ്യപൂര്‍ണമായ സ്റ്റോക്കുകളില്‍ ഒരു വലിയ നിക്ഷേപം നടത്തുക , അങ്ങനെയൊരു നിക്ഷേപത്തിനുടമയാവുക എന്നത് ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ഒരു വ്യക്തി എന്ന നിലയില്‍ അത്ര എളുപ്പമല്ല തന്നെ. എന്നാല്‍ വിദഗ്ദരാല്‍ മാനേജ് ചെയ്യപ്പെടുന്ന മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിക്കുക വഴി ഒരാള്‍ക്ക് മറ്റുള്ളവരുടെ നിക്ഷേപങ്ങള്‍ക്കൊപ്പം തന്റെ നിക്ഷേപവും കൂടി ചേര്‍ത്ത് വൈവിധ്യപൂര്‍ണമായ സ്റ്റോക്കുകളുടെ ഒരു ഭാഗത്തിന്റെയെങ്കിലും ഉടമയാവാന്‍ കഴിയുന്നു. അതിനാല്‍ , മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിക്കുക എന്നത് പ്രൊഫഷണലായി മാനേജ് ചെയ്യപ്പെടുന്ന വൈവിധ്യപൂര്‍ണമായ സെക്യൂരിറ്റികളില്‍ വളരെ കുറഞ്ഞ ചിലവില്‍ നിക്ഷേപം നടത്താന്‍ അവസരം ഒരുക്കിത്തരുന്നതിനാല്‍ സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം അനുയോജ്യം എന്ന് കരുതുന്നവരേറെ.

മെച്ചങ്ങള്‍

മികച്ച വരുമാന സാദ്ധ്യത, പ്രൊഫഷണല്‍ മാനേജ്‌മെന്റ്, കുറഞ്ഞ നിക്ഷേപ ചെലവ്, നികുതി രഹിത ഡിവിഡന്റ്, ആദായ നികുതിയി ഇളവ് (നോട്ടിഫൈ ചെയ്യപ്പെടുന്ന സ്കീമുകള്‍ക്ക്) , വൈവിധ്യമാര്‍ന്ന പോര്‍ട്ട് ഫോളിയോയുടെ ഉടമയാവാനും മനസ്സിനിണങ്ങിയ സ്കീമുകള്‍ തിരഞ്ഞെടുക്കാനും ഉള്ള അവസരം, ഫ്ലെക്സിബിലിറ്റി തുടങ്ങിയവയാണ് മ്യൂച്ചല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതിന്റെ നേട്ടങ്ങള്‍ ആ‍യി പറയപ്പെടുന്നത്. മാത്രമല്ല ഇന്ന് മ്യൂച്ചല്‍ ഫണ്ട് വ്യവസായം സെക്യൂരിറ്റി ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) യുടെ കര്‍ശന നിയന്ത്രണത്തിലും മേല്‍നോട്ടത്തിലുമാണ് എന്നത് ഇത്തരം നിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നുണ്ട്.

മ്യൂച്ചല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതിന്റെ നേട്ടങ്ങള്‍ മുകളില്‍ പറഞ്ഞവയാണെങ്കിലും ഏതൊരാളും ആദ്യം ഉന്നയിക്കുന്ന ചോദ്യം ഇതായിരിക്കും.

എന്തിനാണൊരാള്‍ മ്യൂച്ചല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കേണ്ടത് ?

ഉത്തരം താരതമ്യേന ലളിതമാണ്. ചരിത്രപരമായി ‍, ഷെയറുകളില്‍ ദീര്‍ഘകാലത്തേക്ക് നടത്തുന്ന നിക്ഷേപങ്ങള്‍ ഫിക്സഡ് ഡിപ്പോസിറ്റുകളില്‍ നിന്നും ലഭിക്കുന്നതിനേക്കാള്‍ മെച്ചമായ വരുമാനം നേടിത്തരുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. നല്ല ഷെയറുകള്‍ ഏതെന്നു കണ്ടെത്താനും അത്തരം ഷെയറുകള്‍ക്ക് അവ അര്‍ഹിക്കുന്ന വില ഇല്ലാതിരിക്കുന്ന ( under-valued) അവസരം മനസ്സിലാക്കാനും അതനുസരിച്ചു നിക്ഷേപം നടത്തുവാനും നല്ല വില കിട്ടുമ്പോള്‍ അവ വിറ്റൊഴിയുവാനുമാണ് മ്യൂച്ചല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നത്.

ഇന്ത്യയിലെ ആദ്യ മ്യൂച്ചല്‍ ഫണ്ട് ആയ യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ യൂണിറ്റ് 64 സ്കീംഏതാണ്ട് 30 വര്‍ഷത്തോളം വളരെ ജനപ്രിയമായിരുന്നു. ഇക്കഴിഞ്ഞ ദശകത്തില്‍ മാത്രമാണ് ഒരു പിടി കമ്പനികള്‍ റിസ്ക്ക് എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമായ വിവിധ സ്കീമുകളുമായി രംഗത്ത് വന്നത്.

മ്യൂച്ചല്‍ ഫണ്ടുകള്‍ പലവിധം

ഇന്ന് മാര്‍ക്കറ്റില്‍ വിവിധ തരത്തിലുള്ള മ്യൂച്ചല്‍ ഫണ്ട് പദ്ധതികള്‍ ലഭ്യമാണ് . അവയെ പൊതുവെ ഗ്രോത്ത് സ്കീമുകള്‍ , ഇന്‍‌കം സ്കീമുകള്‍, ബാലന്‍സ്‌ഡ് സ്കീമുകള്‍, മണി മാര്‍ക്കറ്റ് സ്കീമുകള്‍ (ലിക്വിഡ് സ്കീമുകള്‍), സെക്ടര്‍ സ്പെസിഫിക് സ്കീമുകള്‍, ഇന്‍ഡക്സ് സ്കീമുകള്‍, ഗ്ലോബല്‍ സ്കീമുകള്‍ എന്നിങ്ങനെ തരം തിരിക്കാം.

ഗ്രോത്ത് സ്കീമുകള്‍

സ്കീം നടത്തിക്കൊണ്ടു പോകുന്നതിനുള്ള ശമ്പളം, വാടക തുടങ്ങിയവക്ക് അല്പം പണം മാറ്റി വെച്ചതിനുശേഷം ബാക്കി തുക മുഴുവനായും സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിക്ഷേപിക്കുന്ന പദ്ധതികളാണിവ.

ഇന്‍‌കം സ്കീമുകള്‍

ഈ പദ്ധതിയില്‍ ധനം ഏതാണ്ട് പൂര്‍ണ്ണമായും കടപത്ര മാര്‍ക്കറ്റില്‍ (debt market) നിക്ഷേപിക്കുന്നു. അതായത് കേന്ദ്ര സര്‍ക്കാരിന്റെ ബോണ്ടുകള്‍, കമ്പനികള്‍ പുറത്തിറക്കുന്ന ഡിബഞ്ചറുകള്‍ എന്നിവയില്‍. കേന്ദ്ര സര്‍ക്കാരിന്റെ സെക്യൂരിറ്റികളിലെ നിക്ഷേപം അപകട സാധ്യത (risk) ഇല്ലാത്തതാണെങ്കിലും കമ്പനികളുടെ ഡിബഞ്ചറുകള്‍ അങ്ങനെയല്ല. റേറ്റിങ്ങ് ഏജന്‍സികള്‍ അവയുടെ റേറ്റിങ്ങ് നിര്‍വഹിക്കുന്നു. മ്യൂച്ചല്‍ ഫണ്ടുകള്‍ ഈ റേറ്റിങ്ങിന്റെ അടിസ്ഥാനത്തില്‍ അപകടസാദ്ധ്യതയും ഡിബഞ്ചറുകള്‍ വാഗ്ദാനം ചെയ്യുന്ന ആദായവും തമ്മില്‍ താ‍രതമ്യപ്പെടുത്തി നിക്ഷേപങ്ങള്‍ നടത്തുന്നു. ഏളുപ്പം മനസ്സിലാകുന്ന രീതിയില്‍ പറയുകയാണെങ്കില്‍ വാഗ്ദാനം ചെയ്യുന്ന ആദായം എത്രത്തോളം കൂടുതലാണോ അത്ര തന്നെ കൂടുതലായിരിക്കും അപകട സാധ്യതയും. ആദായം ഏറ്റവും കൂടുതലാക്കുന്നതിനു ശ്രമിച്ച് മുടക്കുമുതല്‍ തന്നെ നഷ്ടപ്പെടുത്തുന്നതില്‍ കാര്യമില്ലല്ലോ.

ബാലന്‍സ്‌ഡ് സ്കീമുകള്‍

പേരു സൂചിപ്പിക്കുന്നതുപോലെ, നിക്ഷേപങ്ങള്‍ ഷെയറുകളിലും ഡെബ്‌റ്റ് മാര്‍ക്കറ്റിലുമായി വീതിക്കപ്പെട്ടിരിക്കുന്നു. കൂടുതല്‍ ഭാഗം ഷെയറുകളിലായിരിക്കുമെന്നു മാത്രം. നല്ല രീതിയില്‍ ബാലന്‍സ്‌ഡ് ആയിട്ടുള്ള പദ്ധതികള്‍ അപ്പപ്പോഴത്തെ സാഹചര്യങ്ങള്‍ക്കനുസരിച്ച് 60% മുതല്‍ 80% വരെ ഷെയറുകളില്‍ നിക്ഷേപിക്കുന്നു.

മണി മാര്‍ക്കറ്റ് സ്കീമുകള്‍

നിക്ഷേപം മുഴുവനായും പണ വിപണിയിലെ ഉപകരണങ്ങളില്‍ ‍(money market instruments) കേന്ദ്രീകരിക്കുന്ന പദ്ധതികളാണിവ. സാങ്കേതികമായി പറയുകയാണെങ്കില്‍, ഈ ഉപകരണങ്ങള്‍ ഒരു നിശ്ചിത കാലാവധിയുള്ളവയാണ്. ഒന്നു മുതല്‍ 365 ദിവസം വരെയായിരിക്കും ഇവയുടെ മച്യൂരിറ്റി കാലാവധി. ഉദാഹരണമായി ട്രഷറി ബില്ലുകള്‍(91 ദിവസം, 182 ദിവസം, 364 ദിവസം എന്നിങ്ങനെ കാലാവധിയുള്ളവ), വാണിജ്യ പത്രങ്ങള്‍( Commercial Paper-CPs), സെര്‍ട്ടിഫിക്കേറ്റ് ഓഫ് ഡെപോസിറ്റ്സ് (CD) എന്നിവ.

സെക്ടര്‍ സ്പെസിഫിക് പദ്ധതികള്‍

മൊത്തം നിക്ഷേപവും ഏതെങ്കിലും പ്രത്യേക മേഖലയിലായിരിക്കും. ഇന്‍ഫ്രാസ്ട്രക്‌ചര്‍ ബോണ്ടുകള്‍, ഊര്‍ജ്ജം, ഉപഭോഗ വസ്തുക്കള്‍, മരുന്നു കമ്പനികള്‍, വിവരസാങ്കേതിക വിദ്യ തുടങ്ങിയ മേഖലകള്‍ ഉദാഹരണം. ഈ നിക്ഷേപങ്ങളില്‍ നിന്നുള്ള ആദായ സാധ്യത അതാത് മേഖലകളുടെ പ്രകടനം അനുസരിച്ചായിരിക്കും. സ്റ്റോക്ക് മാര്‍ക്കറ്റിന്റെ പൊതുവായ ഉയര്‍ച്ചയും താഴ്ചയും ഇവയില്‍ അത്രത്തോളം പ്രതിഫലിക്കുകയില്ല.

ഇന്‍‌ഡക്സ് പദ്ധതികള്‍

ഈ പദ്ധതിയില്‍ നിക്ഷേപങ്ങള്‍ പൂര്‍ണ്ണമായും സെന്‍സെക്സ്, നിഫ്‌റ്റി തുടങ്ങിയ ഇന്‍ഡക്സുകളില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ഷെയറുകളില്‍ മാത്രമായിരിക്കും. ഒരു തരം പാസീവ് ആയ നിക്ഷേപ രീതിയാണിത്. കാരണം ഫണ്ട് മാനേജര്‍മാര്‍ ഈ ഇന്‍ഡക്സുകള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയും നിക്ഷേപങ്ങള്‍ നടത്തുകയും മാത്രമാണ് ചെയ്യുക. മറ്റേതെങ്കിലും മേഖലകളിലുണ്ടാകുന്ന ലാഭ സാധ്യതകളോ നിക്ഷേപ സാധ്യതകളോ പരിഗണിക്കപ്പെടുകയില്ല.

ഗ്ലോബല്‍ സ്കീമുകള്‍

ഇന്ത്യന്‍ സാമ്പത്തിക രംഗത്ത് ഉദാരവല്‍ക്കരണ നയങ്ങള്‍ നടപ്പിലാക്കിയതോടുകൂടി മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് വിദേശത്ത് ലിസ്റ്റ് ചെയ്തിട്ടുള്ള വിദേശ കമ്പനികളുടെ ഷെയറുകളിലും(ഉദാ: കൊക്കകോള, സീമന്‍സ്, എ.ടി&ടി) നിക്ഷേപിക്കാന്‍ അവസരമുണ്ട്. ഇത്തരം പദ്ധതികളെ ഗ്ലോബല്‍ ഫണ്ട്സ് എന്നു പറയുന്നു.

മ്യൂച്ചല്‍ ഫണ്ടുകളെ അടിസ്ഥാനപരമായി രണ്ടായി തരം തിരിക്കാം. തുറന്ന പദ്ധതികളും (Open ended) അടഞ്ഞ പദ്ധതികളും( close ended).

തുറന്ന പദ്ധതികള്‍ എല്ലായ്പ്പോഴും പുതിയ നിക്ഷേപകര്‍ക്കും നിലവിലുള്ള നിക്ഷേപകരുടെ അധിക നിക്ഷേപങ്ങള്‍ക്കുമായി വാതില്‍ തുറന്നിട്ടിരിക്കും. നിക്ഷേപങ്ങള്‍ എപ്പോള്‍ വേണമെങ്കിലും പിന്‍‌വലിക്കുകയുമാവാം. മറിച്ച് അടഞ്ഞ പദ്ധതികളില്‍ നിക്ഷേപിക്കുന്നതിനുള്ള അവസരം ആ പദ്ധതി തുടങ്ങുന്ന സമയത്തെക്ക് (New Fund Offer / Initial Public Offer) മാത്രമായി പരിമിതപ്പെടുത്തിയിരിക്കും.

ഒരു സാധാരണ നിക്ഷേപകനെ സംബന്ധിച്ചിടത്തോളം എപ്പോള്‍ വേണമെങ്കിലും നിക്ഷേപിക്കുകയും നിക്ഷേപം പിന്‍‌വലിക്കുവാന്‍ അവസരമുണ്ടായിരിക്കുകയും ചെയ്യുന്ന തുറന്ന പദ്ധതികളായിരിക്കും അഭികാമ്യം. ഇപ്പോള്‍ തുറന്ന മ്യൂച്ചല്‍ ഫണ്ട് പദ്ധതികള്‍ അപേക്ഷ നല്‍കി 48 മണിക്കൂറിനകം യൂണിറ്റുകള്‍ വിറ്റ് പണമാക്കാന്‍ അവസരം നല്‍കുന്നുണ്ട് . നിക്ഷേപകന്റെ പണം അടിയന്തിരാവശ്യങ്ങള്‍ക്ക് ഉപയുക്തമാകാത്ത രീതിയില്‍ ഏതെങ്കിലും പദ്ധതികളില്‍ അനിശ്ചിതമായ കാലത്തേക്ക് കുടുങ്ങി കിടക്കുന്ന അവസ്ഥ ഇല്ലാത്തതുകൊണ്ട് സാധാരണ നിക്ഷേപകനെ സംബന്ധിച്ചിടത്തോളം ഇതൊരു അനുഗ്രഹമായിരിക്കും എന്ന് കരുതപ്പെടുന്നു.

ഏതു സ്കീമില്‍ നിക്ഷേപം നടത്തണം, എപ്പോള്‍ നടത്തണം , എന്തു മാത്രം നടത്തണം?

ഏതു സ്കീമില്‍ നിക്ഷേപം നടത്തണം എന്നത് റിസ്ക്കിനെക്കുറിച്ചുള്ള നിക്ഷേപകന്റെ അവധാരണയേയും( risk perception) എന്തു മാത്രം റിസ്ക്ക് എടുക്കാന്‍ അയാള്‍ ആഗ്രഹിക്കുന്നു (risk appetite) എന്നതിനെയും ആശ്രയിച്ചിരിക്കും.എങ്കിലും താഴെപ്പറയുന്നവ ചില സൂചകങ്ങളാണ്.

ഒരു പുതിയ സ്കീമുമായി വരുന്ന മ്യൂച്ചല്‍ ഫണ്ടിന്റെ പഴയ കാല പ്രവര്‍ത്തനങ്ങള്‍ (track record ) പരിശോധിക്കുക. മ്യൂച്ചല്‍ ഫണ്ടിന്റെ മറ്റു സ്കീമുകള്‍ നന്നായി പ്രവര്‍ത്തിക്കുന്നുവെങ്കില്‍ അത് പ്രസ്തുത മ്യൂച്ചല്‍ ഫണ്ട് അതിന്റെ സ്കീമുകള്‍ നന്നായി മാനേജ് ചെയ്യുന്നു എന്നതിന്റെ നിദര്‍ശകമാണ്. പ്രസ്തുത മ്യൂച്ചല്‍ ഫണ്ട് എവിടെയൊക്കെയാണ് ഫണ്ട് വിന്യസിക്കുവാന്‍ പോകുന്നതെന്ന് അപേക്ഷാഫോറത്തില്‍ നിന്നും ശ്രദ്ധാപൂര്‍വം മനസ്സിലാക്കുക. ഒരു ഗ്രോത്ത് സ്കീം ആ‍ണെങ്കില്‍ അതില്‍ ബാലന്‍സ്‌ഡ് സ്കീമിനേയും ഇന്‍കം സ്കീമിനേയും അപേക്ഷിച്ച് കൂടുതല്‍ റിസ്ക്ക് ഉണ്ടാകുവാന്‍ സാദ്ധ്യതയുണ്ട് , കാരണം മ്യൂച്ചല്‍ ഫണ്ട് അതിന്റെ ഫണ്ടുകള്‍ ഷെയറുകളിലായിരിക്കും കൂടുതല്‍ വിന്യസിക്കുക. എപ്പോള്‍ നിക്ഷേപിക്കണമെന്നതിന് നിക്ഷേപകന്റെ കയ്യില്‍ എപ്പോഴാണോ നിക്ഷേപയോഗ്യമായി അധിക ഫണ്ടുകള്‍ വന്നു ചേരുന്നുവോ അപ്പോള്‍ എന്നാണ് ഉത്തരം.

വ്യക്തിപരമായ ഒരു നിര്‍ദ്ദേശം മാത്രം നല്‍കാം

സ്റ്റോക്ക് മാര്‍ക്കറ്റിലോ മ്യൂച്ചല്‍ ഫണ്ടിലോ നിക്ഷേപിക്കാനായി ഒരിക്കലും കടം വാങ്ങരുത്. അത് സാമ്പത്തികമായ റിസ്ക്കും ടെന്‍ഷനും കൂട്ടാന്‍ മാത്രമേ ഉതകൂ. എന്തു മാത്രം നിക്ഷേപം നടത്തണം എന്നത് നിക്ഷേപാര്‍ഹമായ എന്തുമാത്രം ഫണ്ട് ഒരാളുടെ പക്കല്‍ ഉണ്ട് എന്നതിനെ ആശ്രയിച്ചിരിക്കും. ഒന്നു മാത്രം ഓര്‍ക്കുക , 5000/- രൂപ എങ്കിലും കയ്യിലുണ്ടെങ്കില്‍ ഒരാള്‍ക്ക് മ്യൂച്ചല്‍ ഫണ്ടുകളില്‍ നിക്ഷേപം നടത്തുവാന്‍ സാധിക്കും.

സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ ( SIP)

ഓപ്പണ്‍ എന്‍ഡെഡ് മ്യൂച്ചല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതിന്റെ ഏറ്റവും വലിയ മെച്ചം ഇതാണെന്നാണ് ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നത്. ഈ പ്ലാനനുസരിച്ച് ഒരാള്‍ക്ക് ഓരോ മാസവും ഒരു നിശ്ചിത തുക ( പ്രതിമാസം 500/- രൂപ മുതല്‍) ഒരു നിശ്ചിത കാലത്തേക്ക് ( 6 മാസം / 1 വര്‍ഷം ഇത്യാദി) മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിക്കാന്‍ സാധിക്കും. സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാനില്‍ ദീര്‍ഘകാലത്തേക്ക് ( 3 വര്‍ഷമോ അതില്‍ കൂടുതലോ) നിക്ഷേപിക്കുകയാണെങ്കില്‍ നിക്ഷേപിക്കുന്ന തുക (cost of investment ) (ആവറേജ് ചെയ്യപ്പെടുമെന്നും ) കുറഞ്ഞിരിക്കുമെന്നും വരുമാനം(yield) വര്‍ദ്ധിക്കുമെന്നും തെളിയിക്കപ്പെട്ടതായി വിദഗ്ദര്‍ പറയുന്നു.

സ്റ്റോക് മാര്‍ക്കറ്റുകളില്‍ ചാക്രികമായ കയറ്റവും ഇറക്കവും ദൃശ്യമാവാറുണ്ട്. ഒരു നിക്ഷേപകനെ സംബന്ധിച്ചിടത്തോളം ഏതാണ് നിക്ഷേപിക്കാന്‍ പറ്റിയ സമയം എന്ന് നിശ്ചയിക്കുക വളരെ ഏറെ ബുദ്ധിമുട്ടേറിയ സംഗതിയാണ്. ഒരാള്‍ തന്റെ നിക്ഷേപം മുഴുവന്‍ ഒറ്റയടിക്ക് മാര്‍ക്കറ്റ് അതിന്റെ ഉയര്‍ന്ന നിലയിലായിരിക്കുമ്പോഴാണ് ഇടുന്നതെങ്കില്‍ തീര്‍ച്ചയായും ഒരു നല്ല റിട്ടേണ്‍ ലഭിക്കാനുള്ള സാദ്ധ്യത കുറവായിരിക്കും. കാരണം അതിലും ഉയര്‍ന്ന നിലവാരത്തില്‍ മാര്‍ക്കറ്റ് എത്തിയാല്‍ മാത്രമേ അയാള്‍ക്ക് നല്ല റിട്ടേണ്‍ ലഭിക്കാനുള്ള സാദ്ധ്യത ഉള്ളൂ. എന്നാല്‍ ദീര്‍ഘകാലത്തേക്ക് നിരന്തരം നടത്തുന്ന നിക്ഷേപങ്ങളിലൂടെ അയാള്‍ക്ക് ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ വളരെ കുറച്ചു മാത്രം യൂണിറ്റുകളും കുറഞ്ഞ നിലവാരത്തില്‍ കൂടുതല്‍ യൂണിറ്റുകളും വാങ്ങാന്‍ അവസരം ലഭിക്കുന്നു . അങ്ങനെ നിക്ഷേപകനെ സംബന്ധിച്ചിടത്തോളം ഒരു നീണ്ട കാലയളവിലൂടെ നിക്ഷേപത്തിന്റെ മൂല്യം (cost of investment ) ആവറേജ് ചെയ്യപ്പെടുന്നു. അങ്ങനെ cost of investment കുറഞ്ഞിരിക്കുന്നത് കൊണ്ട് തന്നെ ഇതില്‍ നിന്നുള്ള റിട്ടേണ്‍ (വരുമാനം ) വര്‍ദ്ധിക്കുന്നു.

സിസ്റ്റമാറ്റിക് വിത്ത്ഡ്രോവല്‍ പ്ലാന്‍ ( SWP)

ഓപ്പണ്‍ എന്‍ഡെഡ് മ്യൂച്ചല്‍ ഫണ്ടുകള്‍ നല്‍കുന്ന മറ്റൊരു സേവനമാണ് സിസ്റ്റമാറ്റിക് വിത്ത്ഡ്രോവല്‍ പ്ലാന്‍ ( SWP). ഒരാളുടെ കയ്യില്‍ റിട്ടര്‍മെന്റ് സമയത്തോ മറ്റോ കുറച്ച് പൈസ വന്നു ചേര്‍ന്നു എന്നു കരുതുക. സിസ്റ്റമാറ്റിക് വിത്ത്ഡ്രോവല്‍ പ്ലാന്‍ അനുസരിച്ച് ആ‍ണ് അയാള്‍ ആ പണം നിക്ഷേപിക്കുന്നതെങ്കില്‍ അയാള്‍‍ നിര്‍ദ്ദേശിക്കുന്നതനുസരിച്ച് മാസം തോറും അയാളുടെ പേരിലുള്ള യൂണിറ്റുകള്‍ വിറ്റ് ഒരു നിശ്ചിത തുക വീട്ടുചെലവിനും മറ്റുമായി അയാളുടെ ബാങ്ക് അക്കൌണ്ടില്‍ നിക്ഷേപിക്കുന്നതാണ്. ഇതുമൂലം മാസാമാസം അയാളുടെ വീട്ടുചിലവുകള്‍ മുടക്കമില്ലാതെ നടക്കും എന്നു മാത്രമല്ല , ബാക്കിയുള്ള നിക്ഷേപത്തില്‍ നിന്നും വരുമാനം ഉണ്ടായിക്കൊണ്ടിരിക്കുകയും ചെയ്യും.

നിക്ഷേപത്തിന് ചില നുറുങ്ങുകള്‍

നിക്ഷേപങ്ങള്‍ നടത്തുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കണം എന്നതിനെക്കുറിച്ച് വിവിധ ലേഖനങ്ങളില്‍ നിന്നുമായി ലഭിച്ച ചില നുറുങ്ങുകള്‍ വായനക്കാരുടെ അറിവിലേക്കായി സമര്‍പ്പിക്കട്ടെ.

നിക്ഷേപിക്കണമെന്നുണ്ടെങ്കില്‍ അതെത്രയും വേഗമാവട്ടെ. നേരത്തേ തന്നെ നിക്ഷേപിക്കുന്ന തുക, അത് എത്ര ചെറുതോ ആയിക്കോട്ടെ, നിയതമായ കാലയളവില്‍ നടത്തുന്ന നിക്ഷേപങ്ങളിലൂടെ അവയെ ശക്തിപ്പെടുത്തുക. നിങ്ങള്‍ക്ക് മെച്ചപ്പെട്ട പ്രതിഫലം ഉറപ്പാക്കാം.

ദീര്‍ഘകാലനിക്ഷേപങ്ങളില്‍ ശ്രദ്ധിക്കുക. ദീര്‍ഘകാലയളവില്‍ സ്റ്റോക്കുകള്‍ മറ്റ് ഏത് തരത്തിലുള്ള നിക്ഷേപത്തേക്കാളും ആദായകരമായിരിക്കും എന്നാണ് ചരിത്രം തെളിയിക്കുന്നത്.

സ്ഥിരമായി നിക്ഷേപിക്കുക. അതിന്റെ നേട്ടങ്ങളെക്കുറിച്ച് മുകളില്‍ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാനില്‍ വിശദീകരിച്ചിട്ടുണ്ട്.

നിങ്ങളുടെ നിക്ഷേപത്തെ വൈവിദ്ധ്യവല്‍ക്കരിക്കുക. അതായത്, എല്ലാ മുട്ടകളും ഒരു കുട്ടയില്‍ ഇടാതിരിക്കുക. വിദഗ്ദര്‍ പറയുന്നത് നിങ്ങളുടെ നിക്ഷേപങ്ങളെ 6 സ്കീമുകളായി -3 ഗ്രോത്ത് സ്കീമുകളിലും 3 ബാലന്‍സ് ഡ് സ്കീമുകളിലും- ആ‍യി ഇടുന്നതാണ് നല്ലത് എന്നാണ്.

നികുതി ഇളവുകള്‍

പണ്ട് 10000 രൂപ വരെ ഇക്വിറ്റി ലിന്‍ക് ഡ് സേവിംഗ് സ്കീമുകളില്‍(ELSS) നടത്തിയിരുന്ന നിക്ഷേപങ്ങള്‍ക്ക് ആദായ നികുതി കണക്കാക്കുന്നതില്‍ ചില ഇളവുകള്‍ ലഭിച്ചിരുന്നു. എന്നാലിപ്പോള്‍ ആ‍ദായനികുതി ആ‍ക്ടിന്റെ സെക്ഷന്‍ 80 സി അനുസരിച്ച് നോട്ടിഫൈ ചെയ്തിട്ടുള്ള ഇക്വിറ്റി ലിന്‍ക് ഡ് സേവിംഗ് സ്കീമുകളില്‍(ELSS) നടത്തുന്ന നിക്ഷേപങ്ങള്‍ക്ക് ഈ വകുപ്പനുസരിച്ച് ലഭ്യമായ പരമാവധി ഇളവ് ( 1 ലക്ഷം രൂപ വരെ ) കിട്ടുന്നതാണ്. പക്ഷെ ആ‍ ഇളവ് ലഭിക്കണമെങ്കില്‍ കുറഞ്ഞത് 3 വര്‍ഷക്കാലം ഇത്തരം നിക്ഷേപം തുടരേണ്ടതാണ്. എന്നു വച്ചാല്‍ അത്രയും കാലം ഇത്തരം നിക്ഷേപങ്ങള്‍ വില്‍ക്കുകയും അവ പണമായി മാറ്റാനും സാധിക്കുകയില്ല.അത്തരം സ്കീമുകളില്‍ നിക്ഷേപിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ആ‍ദ്യമായി ചെയ്യേണ്ടത് പ്രസ്തുത സ്കീമുകള്‍ വരുമാനത്തില്‍ നിന്നും ഇളവ് ലഭിക്കാന്‍ വേണ്ട നോട്ടിഫിക്കേഷന്‍ ചെയ്യപ്പെട്ടിട്ടുള്ളതാണെന്നു ഉറപ്പുവരുത്തുക എന്നുള്ളതാണ്. മാത്രവുമല്ല ,മ്യൂച്ചല്‍ ഫണ്ടുകളില്‍ നടത്തുന്ന നിക്ഷേപങ്ങളില്‍ നിന്നും ഉണ്ടാകുന്ന ആദായത്തിന് നികുതി ചുമത്തപ്പെടുന്നതുമല്ല.

കുറിപ്പ്

ഈ ലേഖകന്‍ ടാക്സ് സംബന്ധമാ‍യ കാര്യങ്ങളില്‍ ഒരു വിദഗ്ദനല്ലാത്തതിനാല്‍ മുകളില്‍ നികുതി ഇളവുകള്‍ സംബന്ധിച്ച് നല്‍കിയിരിക്കുന്ന വ്യാഖ്യാനം ശരിയാണോയെന്ന് തങ്ങളുടെ ടാക്സ് കണ്‍സല്‍ട്ടന്റുമായി ചര്‍ച്ച ചെയ്ത ശേഷം മാത്രം ഒരു തീരുമാനത്തിലെത്തേണ്ടതാണ്. മ്യൂച്ചല്‍ ഫണ്ടില്‍ നടത്തുന്ന നിക്ഷേപങ്ങള്‍ മാര്‍ക്കറ്റ് റിസ്ക്കുകള്‍ക്കു വിധേയവും നഷ്ടമാവാന്‍ സാദ്ധ്യതയുള്ളതുമാണ് എന്ന് ദയവായി അറിയുക. മ്യൂച്ചല്‍ ഫണ്ടില്‍ നടത്തുന്ന നിക്ഷേപങ്ങള്‍ നടത്തുന്നതിനു മുമ്പ് ദയവായി ഓഫര്‍ ഡോക്യുമെന്റ് ശ്രദ്ധാപൂര്‍വം വായിക്കുകയും , തങ്ങള്‍ എടുക്കാന്‍ പോകുന്ന റിസ്ക്കിനെക്കുറിച്ച് ബോദ്ധ്യപ്പെടുകയും ചെയ്യേണ്ടതാണ്.

(ലേഖകന്‍: ശ്രീ. എസ്.ശങ്കര്‍)

കൂടുതല്‍ വിവരങ്ങള്‍ക്ക് Association of Mutual Funds of India (AMFI)യുടെ സൈറ്റ് സന്ദര്‍ശിക്കുക

(ധന വിപണിയിലെ സ്ഥാപനങ്ങളെ/ഉപകരണങ്ങളെ പരിചയപ്പെടുത്തുന്ന ലേഖനപരമ്പരയിലെ ആദ്യ ലേഖനം “ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ഇവിടെ)

9 comments:

വര്‍ക്കേഴ്സ് ഫോറം said...

സ്റ്റോക്കുകളിലും ഷെയറുകളിലും നിക്ഷേപങ്ങള്‍ നടത്തുന്നവര്‍ സ്വാഭാവികമായും ആഗ്രഹിക്കുക മാര്‍ക്കറ്റ് നിരന്തരം ഉയര്‍ന്നുകൊണ്ടേ ഇരിക്കണം എന്നായിരിക്കും. ഇന്നിപ്പോള്‍ സൂചികകള്‍ ഉയരുന്നതിനു കാരണം അനുസ്യൂതമായി ഇന്ത്യയിലേക്കൊഴുകുന്ന വിദേശനിക്ഷേപമല്ലാതെ മറ്റൊന്നുമല്ല. ഈ അവസ്ഥ നിലനില്‍ക്കണമെങ്കില്‍ വിദേശനിക്ഷേപകരുടെ താല്പര്യങ്ങള്‍ക്കെതിരായ നയങ്ങള്‍ സ്വീകരിക്കരുത് , അഥവാ അവര്‍ക്കനുകൂലമായ, നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നയങ്ങളേ സര്‍ക്കാറുകള്‍ സ്വീകരിക്കാവൂ എന്നു നിക്ഷേപകര്‍ ചിന്തിക്കുക സ്വാഭാവികമാണ്. അതായത് മ്യൂച്വല്‍ ഫണ്ടിന്റെ മാര്‍ഗത്തിലൂടെയോ അല്ലാതെയോ ഓഹരി മാര്‍ക്കറ്റില്‍ പ്രവേശിക്കുന്നവര്‍ ഒരു തരം അരാഷ്ട്രീയവല്‍ക്കരണ പ്രക്രിയക്ക് വിധേയരാക്കപ്പെടുന്നുണ്ട്.

ഒരു ചെറിയ ന്യൂനപക്ഷം മാത്രം നിക്ഷേപങ്ങള്‍ നടത്തുന്ന, അല്ലെങ്കില്‍ അവര്‍ക്ക് മാത്രം അത് സാധിക്കുന്ന ഒരു അവസ്ഥയുള്ള ഒരു രാജ്യത്താണ് നാം ജീവിക്കുന്നത്. ആദായ നികുതി ഇളവും മറ്റും നല്‍കി കൂടുതല്‍ കൂടുതല്‍ ആളുകളെ മ്യൂച്വല്‍ ഫണ്ടിന്റെ മാര്‍ഗത്തിലൂടെ ഓഹരി കമ്പോളത്തിലേക്ക് ആകര്‍ഷിക്കാനുള്ള ബോധപൂര്‍വമായ ശ്രമം നടക്കുന്ന ഈ അവസരത്തില്‍ മ്യൂച്വല്‍ഫണ്ട് എന്നാല്‍ എന്ത്, അതിന്റെ പ്രവര്‍ത്തനങ്ങള്‍ ഏതു രീതിയില്‍ എന്നൊക്കെ അറിഞ്ഞിരിക്കുന്നത് നല്ലതായിരിക്കും എന്നു തോന്നുന്നു. ധന വിപണിയിലെ സ്ഥാപനങ്ങളെ/ ഉപകരണങ്ങളെ പരിചയപ്പെടുത്തുന്ന പരമ്പരയില്‍ മ്യൂച്വല്‍ ഫണ്ടുകളെക്കുറിച്ച് അക്കാദമിക് തലത്തില്‍ ഒരു ലേഖനം വര്‍ക്കേഴ്സ് ഫോറം പ്രസിദ്ധീകരിക്കുന്നു.

Anoop Technologist (അനൂപ് തിരുവല്ല) said...

വളരെ വിജ്ഞാ‍നപ്രദമായ ലേഖനം.ഊഹക്കച്ചവടത്തെക്കുറിച്ചു കൂടുതല്‍ അറിയാന്‍ താല്‍പ്പര്യം ഉണ്ട്.

Unknown said...

നല്ല ലേഖനം. വിജ്ഞാനപ്രദം. മറ്റു ഇന്‍സ്ട്രുമെന്റ്സിനെക്കുറിച്ചും എഴുതുമല്ലോ...

Kala said...

വളരെ നല്ല ലേഖനം..മ്യൂച്വല്‍ ഫണ്ടുകളെ കുറിച്ച് കൂടുതല്‍ പ്രതീക്ഷിക്കുന്നു.

തറവാടി said...

നല്ല ലേഖനം , സമയോചിതം അഭിനന്ദനങ്ങള്‍

പിരാന്തന്‍ said...

ടാക്സ് സേവര്‍ സ്കീമുകളെപ്പറ്റി പറഞ്ഞത് ശരിയാണ്. ഏതൊരു ടാക്സ് സേവര്‍ സ്കീമിനും അതിന്റെ സ്പെസിഫികേഷനില്‍ പ്രത്യേകം പറഞ്ഞിരിക്കും, 80 c-ല്‍ കവര്‍ ചെയ്യുന്നതാനോ എന്ന്.

ഈ ലേഖനം വളരെ നല്ല ഒരു ശ്രമമാണ്. അഭിനന്ദനങ്ങള്‍.

ഇതുപോലെ, ഇന്നു മര്‍ക്കറ്റില്‍ നിറയെ ഉള്ള ലൈഫ് ഇന്‍ഷുറന്‍സ് സ്കീമുകളെക്കുറിച്ച് അറിവിള്ള ആരെങ്കിലും ഒരു ലേഖനം എഴുതിയാല്‍ നന്നായിരിക്കും.

Sankar said...

In the article, I have said that investors can look at how the other schemes of a mutual fund are performing, to select a good fund house. One item to be added here is that there is also a mutual fund scheme(like Income, Growth etc)called Fund of Funds. Kotak Mahindra is one of the fund houses to have brought out such a scheme. The underlying concept is that since the layman may not have the expertise to analyse a fund house, the fund of funds will track the best performing mutual funds in the industry and invest in them. Thus a layman investor can also consider investing in a Fund of Funds initially before acquiring sufficient experience in selecting a well performing mutual fund scheme all by himself.

Anonymous said...

ഉപകാരപ്രദമായ ലേഖനം...

signaturez said...

thanks for this valuable informations about mutual fund :)