Thursday, October 25, 2007

ധനമൂലധനത്തിന്റെ ചതിക്കുഴികള്‍

മുതലാളിത്തത്തില്‍ അന്തര്‍ലീനമായിരിക്കുന്ന വൈരുദ്ധ്യം മുമ്പൊരിക്കലുമില്ലാത്തവിധം വ്യക്തമായി ദൃശ്യമാകുന്ന ഒരു കാലഘട്ടമാണ് ഇന്നത്തേത്. പാര്‍ട്ടിസിപ്പേറ്ററി നോട്ട് (Participatory Note) സംവിധാനത്തിലൂടെ നമ്മുടെ ഓഹരിക്കമ്പോളത്തിലേയക്ക് വരുന്ന ധനത്തിനു (Finance) മേല്‍ സെക്യൂരിറ്റീസ്എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (SEBI) ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ ഒക്ടോബര്‍ പതിനേഴാം തീയതി സെന്‍സെക്സിന്റെ മൂല്യത്തിലുണ്ടായ ഇടിവും ഉയര്‍ച്ചയും നമുക്ക് തല്‍ക്കാലം വിസ്മരിക്കാം. വാസ്തവത്തില്‍ സെന്‍സെക്സിന്റെ മൂല്യം അടുത്തിടയായി ശരവേഗത്തില്‍ ഉയരുകയാണു ചെയ്യുന്നത്. സെപ്തംബര്‍ മാസത്തില്‍ ഒരാഴ്ചകൊണ്ട് സെന്‍സെക്സിന്റെ മൂല്യം ആയിരം പോയിന്റിലധികം വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. എന്നിട്ടും ഭാരതത്തിന്റെ 'യഥാര്‍ത്ഥ സമ്പദ്ഘടന' (Real Economy) ഇപ്പോഴും പഴയ സ്ഥിതിയില്‍ തന്നെ തുടരുകയാണ്.

കൃത്യമായി പറയുകയാണെങ്കില്‍ യഥാര്‍ത്ഥ സമ്പദ്ഘടനയുടെ വളര്‍ച്ചാനിരക്കില്‍ ചെറിയ മാന്ദ്യമാണ് ഉണ്ടായിരിക്കുന്നത്. ഇത് തെളിയിക്കുന്നത് യഥാര്‍ത്ഥ സമ്പദ്ഘടനയെ തെല്ലും ആശ്രയിക്കാതെ തീര്‍ത്തും സ്വതന്ത്രമായാണ് ധനം (Finance) അതിന്റെ പ്രയാണം (movement) നടത്തുന്നത് എന്നാണ്. അതുപോലെതന്നെ യഥാര്‍ത്ഥ സമ്പദ്ഘടനയും (Real Economy) ധനത്തിന്റെ പ്രയാണത്തില്‍ നിന്നും പൂര്‍ണ്ണമായും വേറിട്ടാണ് നിലനില്‍ക്കുന്നത്. സെന്‍സെക്സിന്റെ കുതിച്ചുകയറ്റം യഥാര്‍ത്ഥ സമ്പദ്ഘടനയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നില്ല. യഥാര്‍ത്ഥ സമ്പദ്ഘടന പഴയതുപോലെ പ്രതിസന്ധിയില്‍ തുടരുന്ന സാഹചര്യത്തിലും സെന്‍സെക്സിന്റെ കുതിച്ചുകയറ്റത്തിനും തടസ്സമൊന്നുമുണ്ടാകുന്നുമില്ല.

അമേരിക്കന്‍ മുതലാളിത്തത്തെ സംബന്ധിച്ചും മേല്‍പറഞ്ഞ കാര്യങ്ങള്‍ അക്ഷരംപ്രതി ശരിയാണ്. കുറച്ചുനാള്‍മുമ്പ് തകര്‍ച്ചയെ നേരിട്ട അവിടത്തെ ഓഹരിക്കമ്പോളം ഇപ്പോള്‍ ശക്തമായ തിരിച്ചുവരവ് നടത്തിക്കഴിഞ്ഞിരിക്കുകയാണ്. അതേസമയം അമേരിക്കയുടെ യഥാര്‍ത്ഥ സമ്പദ്ഘടനയുടെ വളര്‍ച്ചാനിരക്കില്‍ ഇടിവുണ്ടായിരിക്കുന്നു. സമ്പദ്ഘടനയില്‍ ഒരു പുറകോട്ടടിക്കുള്ള (Recession) സാധ്യതകളെക്കുറിച്ചുള്ള ആശങ്കകള്‍ പരസ്യമായിത്തന്നെ പ്രകടിപ്പിക്കപ്പെടുകയാണ്. യഥാര്‍ത്ഥ സമ്പദ്ഘടന തകര്‍ച്ചയെ അഭിമുഖീകരിക്കുമ്പോഴും ഓഹരിക്കമ്പോളം വളരെ ഊര്‍ജ്ജസ്വലമായാണ് അമേരിക്കയിലും പ്രവര്‍ത്തിക്കുന്നത്.

ഇത് രണ്ട് കാര്യങ്ങള്‍ വ്യക്തമാക്കുന്നു. ഒന്ന് ഓഹരി വിപണിയിയും യഥാര്‍ത്ഥ സമ്പദ്ഘടനയും തമ്മിലുള്ള പരസ്പര ബന്ധമില്ലായ്മയാണത് വ്യക്തമാക്കുന്നത്. സമ്പദ്ഘടനയുടെ അടിസ്ഥാന ഘടകങ്ങളുടെ (fundamentals of economy) നിജസ്ഥിതി ഓഹരികളുടെ വിലകളില്‍ പ്രതിഫലിക്കപ്പെടുന്നു എന്നും വിപണിതന്നെയാണ് ശരിയായ രീതിയില്‍ ധനവിനിയോഗം നടത്തുന്നതിനുള്ള (allocation of finance) ഏറ്റവും കാര്യക്ഷമമായ ഉപകരണം എന്നുമുള്ള പ്രചരണങ്ങള്‍ ഇവിടെ പൂര്‍ണ്ണമായും നിരാകരിക്കപ്പെടുകയാണ്. രണ്ടാമത് വളരെ വ്യത്യസ്തങ്ങളായ പരിസ്ഥിതികള്‍ നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സമ്പദ്ഘടനകള്‍ സമാനമായ വ്യതിയാനങ്ങളെ അഭിമുഖീകരിക്കുകയും അവിടങ്ങളിലെ ഓഹരിക്കമ്പോളങ്ങള്‍ ഒരേക്രമത്തില്‍ പ്രയാണം നടത്തുകയും ചെയ്യുന്നു എന്നതുമാണ്.

രണ്ടാമതായി പ്രസ്താവിച്ച കാര്യം നമുക്ക് ആദ്യം പരിശോധനയ്ക്ക് വിധേയമാക്കാം. അമേരിക്കയില്‍ കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്ക് മുന്‍പുവരെ കണ്ടുവന്ന ഭവനമേഖലയിലെ വന്‍കുതിപ്പ് അവിടത്തെ സമ്പദ്ഘടനയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുകയും അതിനെ തുടര്‍ന്ന് ധനകാര്യസ്ഥാപനങ്ങള്‍ ഈ മേഖയ്ക്കും വന്‍തോതില്‍ വായ്പകള്‍ നല്‍കുകയും ചെയ്യുകയുണ്ടായി. ഭവനമേഖലയിലെ ഈ കുതിപ്പ് ധനകാര്യസ്ഥാപനങ്ങളില്‍ അമിതമായ ആത്മവിശ്വാസമുണ്ടാക്കുകയും അവ സാമ്പത്തിക ഭദ്രതയില്ലാത്തവര്‍ക്കുപോലും അവരുടെ തിരിച്ചടയ്ക്കുവാനുള്ള ശേഷിയെപ്പറ്റി ചിന്തിക്കാതെ ധാരാളം വായ്പകള്‍ നല്‍കുകയുമുണ്ടായി. ഇത്തരം വായ്പകള്‍ ഇപ്പോള്‍ 'sub prime loans' എന്നാണ് പരാമര്‍ശിക്കപ്പെടുന്നത്. ഭവനമേഖലയിലെ കുതിപ്പ് അവസാനിച്ചപ്പോള്‍ സമ്പദ്ഘടനയാകെ പ്രതിസന്ധിയിലായി. ഇത് sub prime loan crisis എന്നാണ് അറിയപ്പെടുന്നത്.

സാമ്പത്തിക സ്ഥാപനങ്ങള്‍ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ ഭവനമേഖലയ്ക്ക് നല്‍കിയ വായ്പകള്‍ തിരിച്ച് പിടിക്കുവാനാകില്ലെന്ന് അവയ്ക്ക് ബോധ്യമായി. തുടര്‍ന്ന് തിരുത്തല്‍ നടപടികളുടെ ഭാഗമായി സാമ്പത്തിക സ്ഥാപനങ്ങള്‍ അവയുടെ നിക്ഷേപത്തിലും അവ നല്‍കുന്ന വായ്പയിലും കുറവ് വരുത്തി. ഇതിന്റെ പ്രതിഫലനം അമേരിക്കയിലെ മാത്രമല്ല, ഇന്‍ഡ്യയുള്‍പ്പെടെ ലോകമെമ്പാടുമുള്ള ഓഹരി കമ്പോളത്തിലും ദൃശ്യമായി. ഇതിനെ തുടര്‍ന്നാണ് ഏതാനും ആഴ്ചകള്‍ക്കുമുമ്പ് സെന്‍സെക്സില്‍ ഗണ്യമായ ഇടിവുണ്ടായത്. അതിനുശേഷം നടന്ന സംഭവവികാസങ്ങള്‍ വീക്ഷിച്ചാല്‍ അമേരിക്കയിലെ ഭവനമേഖലയില്‍ സംഭവിച്ച തകര്‍ച്ച അവിടെത്തേയും ലോകത്തിലെ മറ്റു പല രാജ്യങ്ങളിലേയും യഥാര്‍ത്ഥ സമ്പദ്ഘടനയെ (Real Economy) തുടര്‍ന്നും പുറകോട്ടടിച്ചുവെങ്കിലും ലോകമാകെയുള്ള ഓഹരി കമ്പോളങ്ങള്‍ അവ നേരിട്ട പ്രതിസന്ധിയെ തരണം ചെയ്ത് ശക്തമായ ഒരു തിരിച്ചുവരവ് നടത്തുകയുണ്ടായി എന്ന് കാണുവാന്‍ കഴിയും.

എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? ഓഹരികളെ നിക്ഷേപമായി കണ്ടല്ല ആളുകള്‍ അവയെ വാങ്ങുന്നത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഓഹരികളില്‍ നിന്നും ലഭിക്കുന്ന ഡിവിഡന്റ് വരുമാനത്തിനായല്ല അവ വാങ്ങപ്പെടുന്നത്. ഇന്നു വാങ്ങുന്ന ഓഹരികള്‍ ഭാവിയില്‍ കൂടിയ വിലയ്ക്ക വില്‍ക്കുവാനാകും എന്ന പ്രതീക്ഷയില്‍, അതായത് മൂലധന ലാഭത്തില്‍ (Capital gains) കണ്ണുവെച്ചാണ്, ഓഹരികളുടെ വാങ്ങല്‍ നടക്കുന്നത്. ഓഹരിക്കമ്പോളങ്ങളെ ചലനാത്മകമാക്കുന്നത് നിക്ഷേപകരല്ല, മറിച്ച് ഊഹക്കച്ചവടക്കാരാണ് എന്ന് സാരം. യഥാര്‍ത്ഥ സമ്പദ്ഘടന കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ല എന്ന് കരുതുക. ഇത് സ്ഥാപനങ്ങളുടെ ലാഭത്തെ പ്രതികൂലമായി ബാധിക്കും. സ്ഥാപനങ്ങളുടെ ലാഭം കുറയുമ്പോള്‍ അവയുടെ ഓഹരികള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്ക് ലഭിക്കുന്ന ഡിവിഡന്റ് വരുമാനത്തിലും കുറവുണ്ടാകും. എന്നാല്‍ യഥാര്‍ത്ഥ സമ്പദ്ഘടനയുടെ മോശമായ അവസ്ഥ ഓഹരികള്‍ മൂലധനലാഭത്തിനായി വാങ്ങുന്നവരെ നിരുത്സാഹപ്പെടുത്തണമെന്നില്ല. കൂടുതല്‍ മൂലധനലാഭം മനസ്സില്‍കണ്ട് കൂടിയ വില നല്‍കി കമ്പോളത്തില്‍ നിന്ന് ഓഹരികള്‍ വാങ്ങുവാന്‍ നിക്ഷേപകര്‍ തയ്യാറാകുമെന്നതിനാല്‍ യഥാര്‍ത്ഥ സമ്പദ്ഘടന തളര്‍ന്നാലും ഓഹരികമ്പോളത്തിന്റെ മുന്നോട്ടുള്ള കുതിപ്പ് തുടര്‍ന്നുകൊണ്ടിരിക്കും.

അതേസമയം ധന ലഭ്യതയുടെ (liquidity) കാര്യത്തില്‍ പെട്ടെന്നുണ്ടാകുന് ഇടിവ് ഓഹരിക്കമ്പോളത്തിന്റെ വളര്‍ച്ച നിലനിര്‍ത്തിക്കൊണ്ടു പോകുന്നത് ശ്രമകരമാക്കും. ധനലഭ്യത കുറയുമ്പോള്‍ ഓഹരി വാങ്ങുന്ന പ്രക്രിയ മന്ദഗതിയിലാകും. ഇങ്ങനെ സംഭവിച്ചേക്കാം എന്ന തിരിച്ചറിവും ഇതിന്റെ അനന്തരഫലമായി മൂലധന ലാഭത്തില്‍തന്നെ ഇടിവുണ്ടാകും എന്ന ആശങ്കയും ഊഹക്കച്ചവടക്കാരെ ഓഹരി വാങ്ങുന്നതില്‍ നിന്നും പിന്‍തിരിപ്പിക്കും. അതുകൊണ്ട് ധനലഭ്യതയില്‍ പെട്ടെന്നുണ്ടാകുന്ന ഞെരുക്കം ഓഹരിക്കമ്പോളത്തിന്റെ വളര്‍ച്ചയുടെ അന്ത്യം കുറിക്കുന്നതിനോ അതിന്റെ തകര്‍ച്ചയ്ക്ക് വഴിയൊരുക്കാനോ കാരണമായേക്കാം.

അമേരിക്കയിലെ sub prime loan പ്രതിസന്ധിയെ തുടര്‍ന്ന് ധനലഭ്യതയില്‍ ശോഷണമുണ്ടായപ്പോള്‍ ഇതാണ് സംഭവിച്ചത്. അമേരിക്കയിലേയും ഇന്‍ഡ്യയുള്‍പ്പെടെ ലോകത്തിലെ മറ്റുപല രാജ്യങ്ങളിലേയും ഓഹരിക്കമ്പോളങ്ങളില്‍ വലിയ നഷ്ടമുണ്ടായി. ധനലഭ്യത ഉദാരമാക്കുവാനായി പലിശനിരക്ക് കുറച്ചുകൊണ്ടാണ് യു.എസ്.ഫെഡറല്‍ റിസര്‍വ് അവിടത്തെ ഓഹരിക്കമ്പോളത്തിനുണ്ടായ തകര്‍ച്ചയ്ക്ക് പ്രതിവിധി കണ്ടത്. ഇതുതന്നെ ബാങ്ക് ഓഫ് ഇംഗ്ലണ്ടും പിന്‍തുടരുന്നു. ഇതോടെ ഓഹരികമ്പോളങ്ങളിലെ കുതിപ്പിനും ഒരു പുത്തന്‍ ഉണര്‍വും ലഭിക്കുകയുണ്ടായി. ഇന്‍ഡ്യയിലെ ഓഹരികമ്പോളത്തില്‍ നിന്നും ലഭിക്കുന്ന മൂലധനലാഭം ഉള്‍പ്പെടെയുള്ള വരുമാനം മറ്റു രാജ്യങ്ങളിലെ കമ്പോളങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലായതിനാല്‍ നമ്മുടെ കമ്പോളത്തിന്റെ കുതിപ്പും അതുകണ്ട് ഉയര്‍ന്നതായിരുന്നു.

അമേരിക്കയിലെ ഓഹരിക്കമ്പോളത്തിന്റെ കുതിപ്പ് അവിടത്തെ യഥാര്‍ത്ഥ സമ്പദ്ഘടനയുടെ വളര്‍ച്ചയ്ക്ക് കാര്യമായ സംഭാവനകളൊന്നും നല്‍കുന്നില്ല. ഓഹരി കമ്പോത്തിന്റെ കുതിപ്പ് യഥാര്‍ത്ഥ സമ്പദ്ഘടനയെ രണ്ടുതരത്തില്‍ ചലനാത്മകമാക്കും എന്നാണ് കരുതപ്പെടുന്നത്.

ആദ്യമായി, വികസിക്കന്ന കമ്പോളത്തില്‍ ഓഹരികളും ബോണ്ടുകളും പുറത്തിറക്കി കമ്പനികള്‍ക്ക് ഉത്പാദനമേഖലയില്‍ പുതിയ നിക്ഷേപങ്ങള്‍ നടത്തുവാനാവശ്യമായ ധനം എളുപ്പത്തിലും കുറഞ്ഞചിലവിലും സംഭരിക്കുവാന്‍ സാധിക്കും. ഇത് ഉത്പാദനം (production), ഉത്പാദനങ്ങള്‍ക്കായുള്ള ആവശ്യത (demand for production), തൊഴിലവസരങ്ങള്‍ എന്നിവ വര്‍ദ്ധിപ്പിക്കും.

രണ്ടാമതായി, ഓഹരികമ്പോളത്തിന്റെ വളര്‍ച്ച അതില്‍ നിക്ഷേപം നടത്തുന്നവരുടെ വരുമാനം വര്‍ദ്ധിപ്പിക്കും. ഇക്കൂട്ടരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതോടെ ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും വേണ്ടിയുള്ള ഇവരുടെ ആവശ്യവും കൂടും. ഇത് വീണ്ടും ഉത്പാദനം, ഉത്പന്നങ്ങള്‍ക്കുവേണ്ടിയുള്ള ആവശ്യം, തൊഴിലവസരം എന്നിവ വര്‍ദ്ധിക്കുന്നതിനും വഴിയൊരുക്കും.

കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ അവയുടെ പുതിയ ഉത്പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ കുറവായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നിരിക്കട്ടെ. എങ്കില്‍ കുറഞ്ഞ ചെലവില്‍ ധനം ലഭ്യമായാല്‍പോലും അവ പുതിയ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാനായി നിക്ഷേപം നടത്തുകയില്ല. അതുപോലെ ഓഹരികമ്പോളത്തില്‍ നിന്നും നല്ല വരുമാനം ലഭിക്കുന്നവര്‍ക്ക് ഭാവിയില്‍ വരാനിടയുള്ള തൊഴിലില്ലായ്മയെക്കുറിച്ചോ ആശങ്കയുണ്ടാവുകയാണെന്നിരിക്കട്ടെ. അത്തരം സാഹചര്യത്തല്‍ അവര്‍ ഓഹരി കമ്പോളത്തില്‍ നിന്നും അവര്‍ക്ക് ലഭിക്കുന്ന വരുമാനം ഇപ്പോഴത്തെ ഉപഭോഗ ആവശ്യങ്ങള്‍ക്കായി ചെലവാക്കിയെന്നു വരില്ല.

യഥാര്‍ത്ഥ സമ്പദ്ഘടന പ്രതിസന്ധിയിലാണെങ്കില്‍ ഓഹരിക്കമ്പോളത്തിലെ കുതിപ്പ് കൊണ്ടൊന്നും അതിന് പുത്തന്‍ ഉണര്‍വ് ലഭിക്കുകയില്ല. യഥാര്‍ത്ഥ സമ്പദ്ഘടനയ്ക്കും ഓഹരികമ്പോളത്തിനും നീണ്ടകാലം വളരെ വിഭിന്നങ്ങളായ ദിശകളില്‍ സഞ്ചരിക്കാനാകുംഎന്നാണ് ഇതില്‍ നിന്നും തെളിയുന്നത്. ഇന്‍ഡ്യയുടെ യഥാര്‍ത്ഥ സമ്പദ്ഘടന മന്ദഗതിയില്‍ വികസിക്കുമ്പോഴും സെന്‍സെക്സ് കുതിച്ചുയരുന്ന അനുഭവം നമ്മുടെ മുന്നിലുണ്ട്.

യഥാര്‍ത്ഥ സമ്പദ്ഘടനയുടേയും ഓഹരികമ്പോളത്തിന്റെയും ഇത്തരത്തിലുള്ള വ്യത്യസ്തമായ ഓരോ സഞ്ചാരവും ഭാവിയില്‍ സംഭവിക്കാവുന്ന ഓഹരികമ്പോള തകര്‍ച്ച വളരെ കനത്തതായിരിക്കും എന്ന സൂചനയാണ് നല്‍കുന്നത്. ഈ വ്യത്യസസ്തത വര്‍ദ്ധിക്കുന്തോറും ഓഹരികമ്പോളത്തിന്റെ വികാസം അത്രയുംതന്നെ പൊള്ളയായതും ഏതുനേരവും തകര്‍ക്കുന്നതും ആയിരിക്കും യഥാര്‍ത്ഥ സമ്പദ്ഘടനയുടെ സ്ഥിതി തീരെ ദയനീയമാണെങ്കില്‍ ഓഹരികമ്പോളത്തിനു സംഭവിച്ചേക്കാവുന്ന തകര്‍ച്ചയില്‍ നിന്നും അതിനും കരകയറുവാന്‍ ഏറെ പ്രയാസമായിരിക്കും. ലോകമുതലാളിത്തം ഒരു മുരടിപ്പിലേയ്ക്ക് നീങ്ങുന്ന ഈ അവസരത്തിലും ഓഹരി കമ്പോളത്തിലെ കുതിപ്പ് തുടരുന്നു എന്നത് ഭാവിയില്‍ സംഭവിക്കാന്‍ പോകുന്ന അഗാധവും രൂക്ഷവും ആയ ഒരു സാമ്പത്തിക പ്രതിസന്ധിയുടെ ദുഃസൂചനയാണ് നല്‍കുന്നത്.

ഈ പ്രതിസന്ധി ഇപ്പോഴത്തെ മുരടിപ്പിനെ ഒരു യഥാര്‍ത്ഥ മാന്ദ്യമായി (depression) മാറ്റിത്തീര്‍ത്തേയ്ക്കാം.

(ലേഖകന്‍: പ്രൊ.പ്രഭാത് പട്നായിക്. ചിത്രങ്ങള്‍ക്ക് കടപ്പാട്: വിക്കിപീഡിയ)

5 comments:

വര്‍ക്കേഴ്സ് ഫോറം said...

യഥാര്‍ത്ഥ സമ്പദ്ഘടനയുടേയും ഓഹരികമ്പോളത്തിന്റെയും ഇത്തരത്തിലുള്ള വ്യത്യസ്തമായ ഓരോ സഞ്ചാരവും ഭാവിയില്‍ സംഭവിക്കാവുന്ന ഓഹരികമ്പോള തകര്‍ച്ച വളരെ കനത്തതായിരിക്കും എന്ന സൂചനയാണ് നല്‍കുന്നത്. ഈ വ്യത്യസസ്തത വര്‍ദ്ധിക്കുന്തോറും ഓഹരികമ്പോളത്തിന്റെ വികാസം അത്രയുംതന്നെ പൊള്ളയായതും ഏതുനേരവും തകര്‍ക്കുന്നതും ആയിരിക്കും യഥാര്‍ത്ഥ സമ്പദ്ഘടനയുടെ സ്ഥിതി തീരെ ദയനീയമാണെങ്കില്‍ ഓഹരികമ്പോളത്തിനു സംഭവിച്ചേക്കാവുന്ന തകര്‍ച്ചയില്‍ നിന്നും അതിനും കരകയറുവാന്‍ ഏറെ പ്രയാസമായിരിക്കും. ലോകമുതലാളിത്തം ഒരു മുരടിപ്പിലേയ്ക്ക് നീങ്ങുന്ന ഈ അവസരത്തിലും ഓഹരി കമ്പോളത്തിലെ കുതിപ്പ് തുടരുന്നു എന്നത് ഭാവിയില്‍ സംഭവിക്കാന്‍ പോകുന്ന അഗാധവും രൂക്ഷവും ആയ ഒരു സാമ്പത്തിക പ്രതിസന്ധിയുടെ ദുഃസൂചനയാണ് നല്‍കുന്നത്.

പ്രൊ.പ്രഭാത് പട്നായിക് എഴുതിയ ലേഖനം ചര്‍ച്ചകള്‍കായി സമര്‍പ്പിക്കുന്നു.

Ralminov റാല്‍മിനോവ് said...

ഇരുപതിനായിരം ഇന്‍ഡക്സ് പോയന്റ് തകര്‍ത്ത സൌദി സ്റ്റോക്കു്മാര്‍ക്കറ്റ് ഇപ്പോള്‍ ഏഴായിരം പോയന്റ് എന്ന നിലയിലാണു് എന്നതു് ഇത്തരുണത്തില്‍ സ്മരണീയമാണു്.
കാശുള്ളവരുടെ രാജ്യമായ സൌദി 7000-ലും പട്ടിണിക്കാരുടെ ഇന്ത്യ 18000-ലും ! രണ്ടു്മൂന്നു് കൊല്ലം മുമ്പ് നേരെ തിരിച്ചായിരുന്നു !

Unknown said...

രാജ്യത്തെ ഇക്കണോമിക്ക് ബാരോമീറ്റര്‍ എന്ന നിലയിലാണ് ഓഹരിവിപണിയുടെ ചലനങ്ങള്‍ വിലയിരുത്തപ്പെട്ടിരുന്നത്.കുറച്ച് കാലം മുമ്പ് വരെ ഇത് ശരിയുമായിരുന്നിരിക്കണം. കാരണം അതാത് രാജ്യങ്ങളിലെ അഭ്യന്തരവിപണിയിലെ സേവിങ്സ് കൊണ്ടോ സര്‍പ്ലസ് ഫണ്ടുകളുടെ ലഭ്യതകൊണ്ടോ അയിരിക്കാം വിപണിയില്‍ മുന്നേറ്റം വരുന്നതും അത് പോലെ തന്നെ മാന്ദ്യത അനുഭവപ്പെടുന്നതും. വിദേശഫണ്ടുകളുടെ ഇടപെടല്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങല്‍ കൊണ്ടും പേപ്പര്‍ വര്‍ക്കുകളുടെ കെട്ടുപാടുകള്‍‍ കൊണ്ടും വിപണിയില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ മാത്രം ഉണ്ടായിരിക്കുകയുമില്ല.

ഐടി രംഗത്തെ മുന്നേറ്റം സാമ്പത്തിക മേഖലയെ ആവും ഒരു പക്ഷെ ലോകത്ത് പൂര്‍ണമായും മാറ്റി മറിച്ചിട്ടുണ്ടാകുക. ഓഹരികള്‍ ഡീമാറ്റ് ചെയ്യപ്പെടുകയും ഓണ്‍‍ലൈന്‍ ട്രേഡിങ് വരുകയും ചെയ്തപ്പോള്‍ ലോകത്തിന്റെ ഏത് കോണില്‍ നിന്നും ഏത് രാജ്യത്തെ വിപണിയിലും നിക്ഷേപിയ്ക്കാനും പണം പിന്‍‌വലിക്കാനും നിമിഷങ്ങള്‍ മതി എന്ന് വരുന്നു. ഇന്ന് ഇന്ത്യന്‍ ഓഹരി വിപണിയില്‍ കാണുന്നത് പോലെ വിദേശ പാര്‍ട്ടിസിപേറ്ററി നോട്ടുകളും ഹെഡ്ജ് ഫണ്ടുകളും ഒരു ദിവസം കൊണ്ട് കോടികളുടെ കണക്കില്‍ ഒഴുകിയെത്തുകയും അതെ പോലെ ഒഴുകി പോവുകയും ചെയ്യുന്നു. ഇന്നത്തെ സ്ഥിതിയില്‍ ആഭ്യന്തരവിപണിയില്‍ നിന്നുള്ള നിക്ഷേപത്തിനേക്കാള്‍ കൂടുതല്‍ വൊളടൈല്‍ ആയ വിദേശനിക്ഷേപങ്ങള്‍ ആണ് എന്ന് വരുന്നു. അത് കൊണ്ട് ഇക്കണോമിക്ക് ബാരോമീറ്റര്‍ എന്ന നിലയില്‍ ഓഹരി വിപണിയും റിയല്‍ ഇക്കോണമിയും തമ്മില്‍ ബന്ധം നഷ്ടപ്പെട്ടു എന്ന നിരീക്ഷണം ശരിയാണെന്ന് എനിക്കും തോന്നുന്നു.

Sabu said...

This is some loud though about the legal implications on the investments in the capital markets. Immediately after the 9/11 attack, the US govt. and its cronies has spang up with an idea to prevent money lanudering and to prevent investments from undisclosed sources/persons. In India first RBI then followed by different regualators come out with idea of Know Your Cusotmer guidelines. The result of whihc if you and I wnat open an account or want a telephone connection, you should show your identity proof, address proof and proof that you are still alive. But see till yesterday (now SEBI has come out with certain guidelines on the financial part of it but not on the legal part) any body can invest in India stock market without disclosing identity or source and/or source funds.

എം.കെ.ഹരികുമാര്‍ said...

അക്ഷരജാലകം.ബ്ലൊഗ്സ്പോട്.കോം എന്ന പേരില്‍ ഞാന്‍ പുതിയ കോളം ആരംഭിക്കുകയാണ്. ബ്ലോഗ് സാഹിത്യത്തേയും അച്ചടി സാഹിത്യത്തേയും വിലയിരുത്തുന്ന പ്രതിവാര പംക്തിയാണ്. എല്ലാവര്‍ക്കും ലിന്‍ക് നല്കി സഹായിക്കണം.
ഇതൊരു ടെസ്റ്റ് പബ്ലിഷിങാണ്.
ആഗോള മലയാള സാഹിത്യത്തിന്‍റ്റെ അവസ്ഥകളെ മുന്‍വിധികളില്ലാതെ പിന്‍തുടരാന്‍ ശ്രമിക്കും.
എം.കെ.ഹരികുമാര്‍