Saturday, December 8, 2007

വര്‍ഗീയവിഷം ചീറ്റുന്ന 'തിരുമേനി'മാര്‍

കേരളീയസമൂഹം ഇതുവരെ കേള്‍ക്കാത്ത രണ്ടു പ്രസ്താവനകള്‍ക്ക് ഈയിടെ സാക്ഷ്യംവഹിക്കുകയുണ്ടായി. കേരളീയമനസ്സ് ഉള്ളിന്റെയുള്ളില്‍ കെടാവിളക്കായി സൂക്ഷിക്കുന്ന മതേതരവീക്ഷണത്തിന്റെയും പൌരസ്വാതന്ത്ര്യത്തിന്റെയും തിരി ഊതിക്കെടുത്താന്‍ ഉതകുന്ന ഈ പ്രസ്താവനകള്‍ വിചാരണയ്ക്ക് വിധേയമാക്കേണ്ടതുണ്ട്.

"ക്രിസ്തീയ സമുദായാംഗങ്ങള്‍ അവരുടെ കുട്ടികളെ ക്രിസ്തീയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ത്തന്നെ പഠിപ്പിക്കണം''

ഇന്റര്‍ചര്‍ച്ച് കൌണ്‍സില്‍ ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ്പ് ജോസഫ് മാര്‍ പവ്വത്തിലിന്റെ വേദശബ്ദം. (മലയാളമനോരമ 5/12/2007).

ചില ക്രിസ്തീയ സമുദായാംഗങ്ങള്‍ മറ്റിടങ്ങളില്‍ വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഈ അഭിവന്ദ്യപിതാവ് കുഞ്ഞാടുകള്‍ക്ക് താക്കീതുനല്‍കി.

"പി.എസ്.സി വഴി എത്തുന്ന അധ്യാപകരില്‍ മദ്യപാനികളും നിരീശ്വരവാദികളും കടന്നുകൂടാനിടയുണ്ട്. നിരീശ്വരവാദികളായ അധ്യാപകര്‍ ക്രിസ്തീയ വിശ്വാസികളായ കുട്ടികളില്‍ നിരീശ്വരത്വം കുത്തിവയ്ക്കുമെന്നതില്‍ സംശയമില്ല'' (കേരളകൌമുദി 29-11-2007)

കേരളത്തിലെ സീറോ-മലബാര്‍ റോമന്‍ കത്തോലിക്കാ സമൂഹത്തിന്റെ ഏറ്റവും മഹോന്നതമെന്നു വിശേഷിപ്പിക്കുന്ന സ്ഥാനത്തിരിക്കുന്ന കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിന്റേറതാണ് ഈ വിശുദ്ധസൂക്തം.

ഈ രണ്ടു പ്രസ്താവനകളുടെയും ഗൌരവം ഈ രണ്ടു വ്യക്തികളുടെ സ്ഥാനവലുപ്പത്തില്‍ ആധാരമാക്കിയാണ് നിലകൊള്ളുന്നത്. ഇവരുടെ ഈ ഇടപെടല്‍ സുപ്രധാനമായ മൂന്ന് കാര്യങ്ങളിലേക്ക് നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നു.

1. മതേതരത്വവും ഇന്ത്യന്‍ ഭരണഘടനയും

2. വിശ്വാസവും പൌരസ്വാതന്ത്ര്യവും

3. മാനവികതയെ താഴ്ത്തിക്കെട്ടല്‍ (സഭയും മാനവികതയും)

ഇന്ത്യക്ക് പ്രത്യേകിച്ച് കേരളത്തിന് ഒരു ചരിത്രമുണ്ട്-മതസൌഹാര്‍ദത്തിന്റെയും മതസഹിഷ്ണുതയുടെയും പ്രശംസനീയമായ ചരിത്രം. എല്ലാ മനുഷ്യരെയും എല്ലാ മതസ്ഥരെയും സര്‍വാത്മനാ സ്വീകരിക്കുന്ന ശൈലിയുടെ പ്രത്യക്ഷ ഉദാഹരണങ്ങളാണ് പെരുന്നാളുകളും ഉത്സവങ്ങളും മറ്റും. പ്രദേശത്തിന്റെ മുഴുവന്‍ ആഘോഷമായി മാറിയിരുന്ന സൌഹാര്‍ദാന്തരീക്ഷം. നൂറ്റാണ്ടുകളായി വളരെ നല്ല മതസൌഹാര്‍ദ രീതിയില്‍ കൈകാര്യം ചെയ്തിരുന്നിടത്തു ഈയിടെയായി കുറച്ചു വൈദികരും പൂജാരിമാരും അവരുടെ പ്രവര്‍ത്തനമേഖലയില്‍ വിഭജനത്തിന്റെയും വര്‍ഗീയതയുടെയും വിത്തുപാകുന്നതു പത്രദ്വാരാ നാം കാണുന്നുണ്ട്. നാടിന്റെ സമാധാനം കാംക്ഷിക്കുന്നവര്‍ക്ക് ഇത് എത്രമാത്രം വേദനാജനകമാണെന്ന് പറയേണ്ടതില്ലല്ലോ.

അങ്ങനെയൊരു സാഹചര്യത്തിലാണ് ഇടിത്തീപോലെ ആര്‍ച്ച്ബിഷപ്പിന്റെ വാക്കുകള്‍ വീഴുന്നത്. ഇന്ത്യയില്‍ ഏതൊരു ചെറിയ സംഘടനയ്ക്കും രൂപംനല്‍കുമ്പോള്‍പോലും അതിന്റെ നിയമാവലിയില്‍ നിര്‍ബന്ധപൂര്‍വം എഴുതിച്ചേര്‍ക്കേണ്ട ഒന്നുണ്ട്. സംഘടന, ജാതി-മത-വര്‍ഗ-ലിംഗ വിവേചനമോ വിഭജനങ്ങളോ വര്‍ഗീയതയോ ഉണ്ടാക്കുകയില്ല എന്ന്‌. ക്രൈസ്തവ മിഷണറിമാരുടെ സ്തുത്യര്‍ഹമായ സേവനമായാണ് ചരിത്രത്തില്‍ വിദ്യാഭ്യാസത്തെ ചിത്രീകരിക്കുന്നത്. അതിന്റെ അടിസ്ഥാന സ്വഭാവം മതേതരമായിരുന്നു. മിഷണറിമാര്‍ വന്നു സ്കൂള്‍ ആരംഭിച്ചത് ക്രിസ്ത്യാനികള്‍ക്കല്ലായിരുന്നു. മറിച്ച് സമൂഹത്തിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കുംവേണ്ടിയായിരുന്നു, പ്രത്യേകിച്ച് സമൂഹത്തില്‍ കൂടുതല്‍ യാതനയും അവഗണനയും അനുഭവിക്കുന്ന വിദ്യാര്‍ഥികള്‍ക്കുവേണ്ടി. ഇത്ര വിശാലവും മതേതരവുമായ ഒരു വിദ്യാഭ്യാസ പാരമ്പര്യമുള്ള ക്രൈസ്തവസഭയുടെ മേലധ്യക്ഷനാണ് ഇന്ന് ഇടുങ്ങിയ സാമുദായിക വര്‍ഗീയവിഷം വമിക്കുന്ന ഒരു വിദ്യാഭ്യാസസമ്പ്രദായത്തിനുവേണ്ടി ഘോരഘോരം സംസാരിക്കുന്നതെന്ന് കാണുമ്പോള്‍ ലജ്ജ തോന്നുന്നു. ഗുജറാത്തിലെ മോഡിയുടെ പ്രേതം ഈ ആര്‍ച്ച് ബിഷപ്പിലും കര്‍ദിനാളിലും ആവസിച്ചിട്ടുണ്ട് എന്നുപറഞ്ഞാല്‍ ഒട്ടും കൂടുതലല്ല.

ആര്‍ച്ച് ബിഷപ്പിന്റെ ഈ പ്രസ്താവന ഭരണഘടനാവിരുദ്ധവും മതേതരവിരുദ്ധവുമാണ്. ചില ക്രൈസ്തവര്‍ തങ്ങളുടെ കുട്ടികളെ 'മറ്റിടങ്ങ'ളില്‍ പഠിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിരിക്കുന്നു എന്നു പറയത്തക്ക രീതിയില്‍ അന്ധത പിടിച്ചിരിക്കുന്നു നമ്മുടെ ആര്‍ച്ച് ബിഷപ്പിന്. ക്രൈസ്തവ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ക്രിസ്തീയമൂല്യങ്ങള്‍ പ്രദാനംചെയ്യുമെന്ന ന്യായീകരണവും ആര്‍ച്ച് ബിഷപ്പ് മുന്നോട്ടുവയ്ക്കുന്നു. ഇന്ത്യയിലെ മുഖ്യനഗരങ്ങളിലൊക്കെ ക്രൈസ്തവ കോളേജുകളും മറ്റുമുണ്ട്. അവിടെനിന്നു പഠിച്ചിറങ്ങിയവരാണ് ഇന്നത്തെ ബിജെപി സംഘപരിവാര്‍ നേതാക്കളില്‍ മുഖ്യപങ്കും. ഏതു തരത്തിലുള്ള മൂല്യങ്ങളാണ് ഈ സ്ഥാപനങ്ങള്‍ പ്രദാനംചെയ്യുന്നതെന്ന് ഇതില്‍നിന്ന് വ്യക്തം.

യഹൂദനെന്നോ പുറംജാതിയെന്നോ അടിമയെന്നോ സ്വതന്ത്രനെന്നോ സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ലാതെ എല്ലാവരെയും, പ്രത്യേകിച്ച് സമൂഹത്തില്‍ ഭ്രഷ്ട് കല്‍പ്പിക്കപ്പെട്ടവരെയും ചൂഷിതരെയും ദരിദ്രരെയും സ്വീകരിച്ച യേശുവിന്റെ പ്രതിപുരുഷനാണ് വര്‍ഗീയതയുടെ ധ്വനി ജനിപ്പിക്കുന്ന, ഭരണഘടനാവിരുദ്ധമായ പ്രസ്താവന നടത്തിയതെന്ന് ഓര്‍ക്കുമ്പോള്‍ ഒരു വൈദികനെന്ന നിലയില്‍ ഞാന്‍ അങ്ങേയറ്റം ലജ്ജിതനാകുന്നു. മതേതര സ്വസ്ഥതയ്ക്ക് ഭംഗം വരത്തക്കരീതിയിലുള്ള പ്രസ്താവന ചുരുക്കത്തില്‍ ഇന്ത്യന്‍ മതേതരത്വത്തിന് വെല്ലുവിളിയായി നിലകൊള്ളുന്നു. മാത്രമോ, ഇങ്ങനെയായാല്‍ ക്രിസ്ത്യാനിക്കുമാത്രമുള്ള ബാര്‍ബര്‍ഷോപ്പോ ഇവര്‍ക്കുമാത്രമുള്ള ആശുപത്രി, ചായക്കട, തുണിക്കട, ഇരുമ്പുകട, ഇറച്ചി-മീന്‍കട, ചന്ത, കള്ളുഷാപ്പ് എന്തിനു രക്തം ദാനംചെയ്യുന്നതുപോലും ക്രിസ്ത്യാനിയാണോ എന്ന് നോക്കിയിട്ടാവണമല്ലോ.

ഇതുപോലെ അപകടം പിടിച്ചൊരു പ്രസ്താവമാണ് കര്‍ദിനാള്‍ വിതയത്തിലിന്റേത്. ഇന്ത്യ ഒരു ജനാധിപത്യരാജ്യമാണ്. അവിടെ വിശ്വാസിയാകാനും അവിശ്വാസിയാകാനും അജ്ഞേയവാദിയാകാനും ദൈവനിഷേധിയാകാനും എല്ലാം സ്വാതന്ത്ര്യമുണ്ട്. ഇത് അടിസ്ഥാന പൌരസ്വാതന്ത്ര്യമാണ്. അതിനെ ഹനിക്കുന്ന രീതിയിലുള്ള ഇടപെടല്‍ ഭരണഘടനാവിരുദ്ധമാണ്. ഈ പറഞ്ഞത് തത്വം. ഇനി പ്രായോഗികമായി പറഞ്ഞാല്‍ ഇപ്പോഴത്തെ എയ്‌ഡഡ് സ്കൂളിലെ അധ്യാപകരും അനധ്യാപകരും അവരെ നിയന്ത്രിക്കുന്ന മാനേജ്‌മെന്റിലെ ആളുകളും എന്തിനേറെ പറയുന്നു, ക്രൈസ്തവപുരോഹിതന്മാരും മദ്യപിക്കാത്ത, വലിയ ധാര്‍മികനിലവാരം പുലര്‍ത്തുന്നവരാണോ? സഭാധികാരികളുടെ മാനേജ്‌മെന്റിന്റെ മുമ്പില്‍ ഓഛാനിച്ചു നില്‍ക്കേണ്ട ഗതികേട് മാറിയാല്‍ ഇവരില്‍ എത്രപേര്‍ക്ക് ഈ വിശേഷിപ്പിക്കുന്ന ഈശ്വരവിശ്വാസം കാണും. ഉള്ളിലെങ്കിലും ഈ തിരുമേനിമാരുടെ യേശുവിരുദ്ധ നിലപാടുകളെ വിമര്‍ശിക്കാത്ത എയ്‌ഡഡ് അധ്യാപകര്‍ ഉണ്ടാകില്ലേ? ഇവരുടെ ജീവിതം മാതൃകാപരമോ? ഈ അനധ്യാപകരുടെ ജോലിസ്ഥലത്തെ അവസ്ഥയെപ്പറ്റി, മാനേജ്‌മെന്റിന്റെ പെരുമാറ്റത്തെപ്പറ്റി, അവരുടെ വിശ്വാസത്തെപ്പറ്റി, മദ്യപാനം തുടങ്ങിയ ദുശ്ശീലങ്ങളെപ്പറ്റി ഒക്കെ ഒരു രഹസ്യാത്മക സര്‍വെ നടത്താന്‍ തയ്യാറാണോ? ഞെട്ടിപ്പിക്കുന്ന ഫലമായിരിക്കും ലഭിക്കുക.

നൂറുശതമാനവും ക്രിസ്ത്യാനികളുള്ള യൂറോപ്പും അമേരിക്കയുമാണ് ലോകത്ത് ഏറ്റവും വലിയ ചൂഷണവും ക്രൂരതയും ആക്രമണവും അഴിച്ചുവിടുന്നത്. അവര്‍ പഠിക്കുന്നതോ ക്രിസ്തീയ കോളേജുകളിലും യൂണിവേഴ്സിറ്റികളിലും. ആര്‍ച്ച് ബിഷപ്പിന്റെ ഇടപെടലിലൂടെ ഇങ്ങനെ ഇടുങ്ങിയ, ഭീകരത സൃഷ്ടിക്കുന്ന, അരാജകത്വം ജനിപ്പിക്കുന്ന ഒരു വിദ്യാഭ്യാസമാണ് ഇവിടെ ഉണ്ടാകാന്‍ പോകുന്നത്. ഇങ്ങനെ ഒരു വിശ്വാസിയാകുന്നതിലും ഭേദം അവിശ്വാസിയായി നില്‍ക്കുകയാണ്. പിഞ്ചുകുഞ്ഞുങ്ങളില്‍വരെ വര്‍ഗീയതയുടെയും വിഭജനത്തിന്റെയും വിത്തുപാകുന്ന ആര്‍ച്ച്ബിഷപ്, യഥാര്‍ഥ വിശ്വാസത്തിനും പൌരസ്വാതന്ത്ര്യത്തിനും വിരുദ്ധമായ നിലപാടാണ് എടുത്തിരിക്കുന്നത്.

ആര്‍ച്ച് ബിഷപ്പിന്റെ ഈ സമീപനത്തില്‍ മറ്റു മതസ്ഥരെയും സമുദായാംഗങ്ങളെയും അവരായിരിക്കുന്ന രീതിയില്‍ അംഗീകരിച്ചു ബഹുമാനിക്കാനുള്ള ശൈലി കാണുന്നില്ല. അവരെ തുല്യരായി കാണാന്‍ താല്‍പ്പര്യപ്പെടുന്നില്ല. അന്ന് ക്രൈസ്തവസഭ ലോകത്തിന് മാനവികതയുടെ സാക്ഷ്യം നല്‍കി. ഇന്ന് ഏതോ ദുഷ്ടശക്തികളുടെ പിടിയിലമര്‍ന്ന്, ഇടുങ്ങിയ സാമുദായിക-മതമൌലികതാവാദത്തിന്റെയും വര്‍ഗീയതയുടെയും വിഷം ചുരത്തുന്നു. ആര്‍ച്ച്ബിഷപ്പിന്റെ ഈ പ്രസ്താവന ക്രൈസ്തവസഭയ്ക്കുള്ള അന്ത്യകൂദാശയാണെന്ന് വിശേഷിപ്പിച്ചാല്‍ തെറ്റില്ല.

(ഫാ. അലോഷ്യസ് ഡി ഫെര്‍ണാന്റസ് 2007 ഡിസംബര്‍ 7ലെ ദേശാഭിമാനി ദിനപ്പത്രത്തില്‍ എഴുതിയ ലേഖനം)

4 comments:

വര്‍ക്കേഴ്സ് ഫോറം said...

കേരളീയസമൂഹം ഇതുവരെ കേള്‍ക്കാത്ത രണ്ടു പ്രസ്താവനകള്‍ക്ക് ഈയിടെ സാക്ഷ്യംവഹിക്കുകയുണ്ടായി. കേരളീയമനസ്സ് ഉള്ളിന്റെയുള്ളില്‍ കെടാവിളക്കായി സൂക്ഷിക്കുന്ന മതേതരവീക്ഷണത്തിന്റെയും പൌരസ്വാതന്ത്ര്യത്തിന്റെയും തിരി ഊതിക്കെടുത്താന്‍ ഉതകുന്ന ഈ പ്രസ്താവനകള്‍ വിചാരണയ്ക്ക് വിധേയമാക്കേണ്ടതുണ്ട്.

"ക്രിസ്തീയ സമുദായാംഗങ്ങള്‍ അവരുടെ കുട്ടികളെ ക്രിസ്തീയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ത്തന്നെ പഠിപ്പിക്കണം''

ഇന്റര്‍ചര്‍ച്ച് കൌണ്‍സില്‍ ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ്പ് ജോസഫ് മാര്‍ പവ്വത്തിലിന്റെ വേദശബ്ദം. (മലയാളമനോരമ 5/12/2007).

ചില ക്രിസ്തീയ സമുദായാംഗങ്ങള്‍ മറ്റിടങ്ങളില്‍ വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഈ അഭിവന്ദ്യപിതാവ് കുഞ്ഞാടുകള്‍ക്ക് താക്കീതുനല്‍കി.

"പി.എസ്.സി വഴി എത്തുന്ന അധ്യാപകരില്‍ മദ്യപാനികളും നിരീശ്വരവാദികളും കടന്നുകൂടാനിടയുണ്ട്. നിരീശ്വരവാദികളായ അധ്യാപകര്‍ ക്രിസ്തീയ വിശ്വാസികളായ കുട്ടികളില്‍ നിരീശ്വരത്വം കുത്തിവയ്ക്കുമെന്നതില്‍ സംശയമില്ല'' (കേരളകൌമുദി 29-11-2007)

ഫാ. അലോഷ്യസ് ഡി ഫെര്‍ണാന്റസ് എഴുതിയ ലേഖനം തികച്ചും പ്രസക്തമെന്നു തോന്നുന്നതു കൊണ്ട് ഇവിടെ പ്രസിദ്ധീകരിക്കുന്നു.

ഒരു “ദേശാഭിമാനി” said...

"നൂറ്റാണ്ടുകളായി വളരെ നല്ല മതസൌഹാര്‍ദ രീതിയില്‍ കൈകാര്യം ചെയ്തിരുന്നിടത്തു ഈയിടെയായി കുറച്ചു വൈദികരും പൂജാരിമാരും അവരുടെ പ്രവര്‍ത്തനമേഖലയില്‍ വിഭജനത്തിന്റെയും വര്‍ഗീയതയുടെയും വിത്തുപാകുന്നതു പത്രദ്വാരാ നാം കാണുന്നുണ്ട്. നാടിന്റെ സമാധാനം കാംക്ഷിക്കുന്നവര്‍ക്ക് ഇത് എത്രമാത്രം വേദനാജനകമാണെന്ന് പറയേണ്ടതില്ലല്ലോ."

keralafarmer said...

ആഹാരം കഴിക്കുന്നതും ക്രിസ്തീയ സമുദായാംഗങ്ങള്‍ കൃഷിചെയ്ത് വിളവെടുത്തവ മാത്രം ആവുന്നതാവും നല്ലത്.
ജാതിയെ കൂടെ നിറുത്തി പലരും ജീവിക്കുകമാത്രമല്ല സമ്പത്തും വാരിക്കൂട്ടുകയല്ലെ.

വര്‍ക്കേഴ്സ് ഫോറം said...

ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അംഗം കെ ലതയുടെ ഭര്‍ത്താവ് ബിമല്‍ വാവച്ചനെ വിവാഹത്തിന്റെ പേരില്‍ ഓര്‍ത്തഡോക്സ് സഭയില്‍നിന്ന് പുറത്താക്കിയെന്ന വാര്‍ത്ത അവിശ്വസനീയമായി തോന്നുന്നു. നാം പരിഷ്കൃത യുഗത്തിലാണ് ജീവിക്കുന്നതെന്നാണ് പറയുന്നത്. ഇന്ത്യ ഒരു സ്വതന്ത്ര രാജ്യവുമാണ്. പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥയാണ് ഇവിടെ നിലനില്‍ക്കുന്നത്. ലിഖിതമായ ഒരു ഭരണഘടനയുണ്ട്. ഏത് മതത്തിലും വിശ്വസിക്കാനും ഒരു മതത്തിലും വിശ്വസിക്കാതിരിക്കാനും ഇന്ത്യയിലെ ഏതു പൌരനും അവകാശമുണ്ട്.

പ്രായപൂര്‍ത്തിയായ ഒരു വ്യക്തിക്ക് ഇഷ്ടമുള്ളയാളിനെ വിവാഹം കഴിക്കാന്‍ ഭരണഘടന അവകാശം നല്‍കുന്നു. ഇതൊക്കെ ഉണ്ടായിട്ടും ബിമല്‍ വാവച്ചനെ ഓര്‍ത്തഡോക്സ് സഭയില്‍നിന്ന് പുറത്താക്കിയ നടപടി നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. ഇത് തനി കാടത്തമാണ്. പരിഷ്കൃത സമൂഹത്തിന് ഒരു തരത്തിലും യോജിക്കാന്‍ കഴിയുന്നതല്ല.

പരസ്പര സ്നേഹത്തിന്റെയും അംഗീകാരത്തിന്റെയും അടിസ്ഥാനത്തില്‍ നിയമപരമായി വിവാഹിതരാകുന്നത് അംഗീകരിക്കില്ലെന്ന മതപൌരോഹിത്യത്തിന്റെ ധാര്‍ഷ്ട്യം പ്രബുദ്ധകേരളത്തിന് വച്ചുപൊറുപ്പിക്കാന്‍ കഴിയുന്നതല്ലെന്ന ഡിവൈഎഫ്ഐയുടെ നിലപാട് വളരെ ശരിയാണ്.

മതപൌരോഹിത്യത്തിന്റെ ഭാഗത്തുനിന്ന് ഉന്നത സംസ്കാരമാണ് വിശ്വാസികളെന്നോ അവിശ്വാസികളെന്നോ ഭേദമില്ലാതെ എല്ലാവരും പ്രതീക്ഷിക്കുന്നത്. കാലത്തിനൊത്തുയരാന്‍ മതപൌരോഹിത്യത്തിനും ബാധ്യതയുണ്ട്. സ്വാതന്ത്യ്രസമരത്തില്‍ പങ്കെടുത്ത് ജയില്‍ശിക്ഷ അനുഭവിക്കേണ്ടിവന്നതിന്റെ പേരില്‍ ഇ എം എസിനെ സമുദായത്തില്‍നിന്ന് ഭ്രഷ്ട് കല്‍പ്പിച്ച കാലമുണ്ടായിരുന്നു. പുതിയ തലമുറയ്ക്ക് അത് അവിശ്വസനീയമായി തോന്നാം. കമ്യൂണിസ്റ്റ് പാര്‍ടിയില്‍ അംഗമായതിന്റെ പേരില്‍ തെമ്മാടിക്കുഴി വിധിച്ചതായി കേട്ടിട്ടുണ്ട്. എന്നാല്‍, ഇപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ടി നേതാവിന്റെ മൃതശരീരം പള്ളിവക സെമിത്തേരിയില്‍ അടക്കം ചെയ്യാത്തതിലാണ് ആക്ഷേപം. ഇത് സമൂഹത്തില്‍ വന്ന മാറ്റമാണ്. 'മാറ്റുവിന്‍ ചട്ടങ്ങളെ' അല്ലെങ്കില്‍ അത് നിങ്ങളെത്തന്നെ മാറ്റും എന്നോര്‍ത്താലും.