Saturday, July 12, 2008

വിപണിവല്‍ക്കരിക്കപ്പെട്ട ദൈവങ്ങളും വലതുപക്ഷവും

ഇന്ത്യയിലെ സ്ഥാപനവല്‍ക്കരിക്കപ്പെട്ട മനുഷ്യദൈവങ്ങള്‍ സാമ്രാജ്യത്വരാജ്യങ്ങള്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫൌണ്ടേഷനുകള്‍ സ്പോണ്‍സര്‍ ചെയ്യുന്ന ദൈവങ്ങള്‍കൂടിയാണ്. വന്‍തോതില്‍ വിദേശപണം പറ്റുന്ന പല ആള്‍ദൈവങ്ങളും കോര്‍പറേറ്റ് സംരംഭങ്ങളായി വളര്‍ന്നുകഴിഞ്ഞിട്ടുണ്ട്. രജനീഷ് മുതല്‍ ബാലയോഗിവരെയുള്ള ഈ പ്രത്യക്ഷദൈവങ്ങളുടെ വളര്‍ച്ചയില്‍ പ്രധാനപങ്ക് വഹിച്ചത് ഇവരുടെ ഭക്തവേഷങ്ങളണിഞ്ഞ ഭരണവര്‍ഗരാഷ്ട്രീയത്തിലെ പ്രമുഖരാണ്. ഇന്ത്യയില്‍ ആഗോളവല്‍ക്കരണനയങ്ങളുടെ മുഖ്യനടത്തിപ്പുകാരായ കോണ്‍ഗ്രസും ബിജെപിയും എല്ലാവധി ആള്‍ദൈവങ്ങളുടെയും മതജീര്‍ണശക്തികളുടെയും വളര്‍ച്ചയ്ക്കുപിന്നില്‍ പ്രവര്‍ത്തിച്ചവരാണ്. ഇന്ദിരാഗാന്ധി മുതല്‍ നരസിംഹറാവുവരെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ധീരേന്ദ്രബ്രഹ്മചാരിമുതല്‍ ചന്ദ്രസ്വാമിവരെയുള്ള ദുര്‍മാര്‍ഗികളായ സന്യാസിമാരെ ഭരണാധികാരത്തിന്റെ പരമോന്നതമണ്ഡലങ്ങളില്‍വരെ കടത്തിക്കൊണ്ടുവന്നവരാണ്.

ഇത്തരം ആത്മീയഗുരുക്കന്മാരെ എന്തിനുവേണ്ടിയാണ് കോണ്‍ഗ്രസും ബിജെപിയും വളര്‍ത്തിക്കൊണ്ടുവന്നത്? ഇത്തരക്കാര്‍ ഇന്ത്യന്‍ രാഷ്ട്രീയരംഗത്ത് സൃഷ്ടിച്ച ഹോമകുണ്ഡങ്ങളുയര്‍ത്തിയ പുകപടലങ്ങള്‍ക്കു മറവില്‍ നടന്ന നിഗൂഢവും രാജ്യദ്രോഹപരവുമായ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമായിരുന്നു? ഇതെല്ലാം ഇന്ന് കുറച്ചൊക്കെ അനാവരണം ചെയ്യപ്പെട്ടിട്ടുണ്ട്. ആയുധകള്ളക്കടത്തുമുതല്‍ ഹവാല ഇടപാടുവരെ നടത്തിയ ചന്ദ്രസ്വാമിമാരെയും സന്തോഷ് മാധവന്മാരെയും അമ്മതായ മഹാമായമാരെയും രഹസ്യമായും പരസ്യമായും വളര്‍ത്തിയെടുത്തത് കോണ്‍ഗ്രസ്-ബിജെപി നേതാക്കളാണ്.

ആള്‍ദൈവങ്ങള്‍ നല്‍കുന്നത് സാധാരണ മതത്തിനും മതാനുഷ്ഠാനങ്ങള്‍ക്കും അതിന്റെ വ്യവസ്ഥാപിത പുരോഹിതന്മാര്‍ക്കും നല്‍കാനാകാത്ത 'അത്ഭുതഗുണഫല'ങ്ങളാണ്. ദര്‍ശനം മാത്രമല്ല, സ്പര്‍ശനവും ഭക്തിഗാനാലാപനങ്ങളും അനുഗ്രഹം നല്‍കലും എല്ലാംവഴി അഭൌമമായ ആത്മീയശാന്തിയും ആനന്ദനിര്‍വൃതിയുമാണ് ഉപഭോക്താക്കള്‍ക്ക് ഈ പ്രത്യക്ഷദൈവങ്ങള്‍ സമ്മാനിക്കുന്നത് ! ധ്യാനവും ജീവനകലയുംവഴി അത്ഭുതരോഗശാന്തിമുതല്‍ ആനന്ദനനിര്‍വൃതിവരെ നേടിക്കൊടുക്കുന്നെന്നാണ് ഫാദര്‍ നായ്ക്കാംപറമ്പന്‍ മുതല്‍ ശ്രീ ശ്രീ രവിശങ്കര്‍വരെ തങ്ങളുടെ ആത്മീയവ്യാപാരത്തിന്റെ പരസ്യവാചകങ്ങളില്‍ അവകാശപ്പെടുന്നത്. ആത്മീയതയെ വന്‍ വ്യാപാരമാക്കുക മാത്രമല്ല, അതിന്റെ മറവില്‍ എല്ലാവിധ ക്രിമിനല്‍വൃത്തികളും ചെയ്ത് പണം ഉണ്ടാക്കുകയാണ് ഈ കള്ളസന്യാസിമാര്‍ ചെയ്തത്. ഈ യാഥാര്‍ഥ്യങ്ങളെല്ലാം ജനങ്ങള്‍ക്കിടയില്‍ തുറന്നുകാട്ടപ്പെടുമ്പോള്‍ ആശ്രമങ്ങള്‍ക്കും മഠങ്ങള്‍ക്കും ഇടതുപക്ഷഭരണത്തിന്‍കീഴില്‍ രക്ഷയില്ലെന്ന പതിവ് മുറവിളി ഉയര്‍ത്തുകയാണ് വിശ്വഹിന്ദുപരിഷത്തും അതുമായി ചേര്‍ന്നുനില്‍ക്കുന്ന ചില സന്യാസിമാരും. എല്ലാ ആള്‍ദൈവങ്ങളും പുനരുജ്ജീവനവാദികളും പിന്‍പറ്റുന്നത് ഫാസിസ്റ്റ് പ്രത്യയശാസ്ത്രങ്ങളെയാണ്.

മനുഷ്യവര്‍ഗം എന്ന ആശയത്തെതന്നെ പുച്ഛിച്ച് തള്ളുന്ന, ശക്തരായ അതിമാനുഷരാകാന്‍ കഴിയാത്ത ദുര്‍ബലര്‍ അസൂയകൊണ്ടാണ് സമൂഹസമത്വത്തെയും ക്ഷേമത്തെയും കുറിച്ച് സംസാരിക്കുന്നതെന്ന് ചിന്തിച്ച ഫ്രെഡറിക് നീഷെയുടെ ദര്‍ശനങ്ങളാണ് നവലിബറലിസത്തിന്റേത്. എല്ലാവര്‍ക്കും ഈ ഭൂമുഖത്ത് ജീവിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് ജനങ്ങളെ പഠിപ്പിക്കാന്‍ പാടില്ലെന്നു വാദിച്ച മാല്‍ത്തുസിയന്‍ സിദ്ധാന്തങ്ങളാണ് നവലിബറല്‍ മുതലാളിത്തം അതിന്റെ മോണിറ്ററിസ്റ്റ് നയങ്ങളിലൂടെ യാഥാര്‍ഥ്യമാക്കിക്കൊണ്ടിരിക്കുന്നത്. എല്ലാം വിപണിയുടെ നിയമങ്ങള്‍ക്കും കഴുത്തറുപ്പന്‍ മത്സരത്തിനും വിടുകയാണത്. സര്‍വരുടെയും ക്ഷേമം എന്നൊന്നില്ലെന്ന് ചിന്തിച്ച നീഷെയും ഹൈസഗറെയും പോലുള്ളവരുടെ തത്വചിന്താപദ്ധതികളോട് ചാര്‍ച്ച പുലര്‍ത്തുന്ന ഫ്രെഡറിക് വോഹായാക്കിന്റെയും മില്‍ട്ട ഫ്രീഡ്‌മാന്റെയും സാമൂഹ്യശാസ്ത്ര-സമ്പദ്ശാസ്ത്ര സിദ്ധാന്തങ്ങളാണ് മോണിറ്ററിസത്തിന്റെ അടിസ്ഥാനം. ജ്ഞാനോദയമാനവികതയ്ക്കും നവോത്ഥാനമൂല്യങ്ങള്‍ക്കും സ്ഥിതിസമത്വാശയങ്ങള്‍ക്കും മരണം വിധിച്ച് കഴിഞ്ഞ നവലിബറല്‍ പരിഷ്കാരങ്ങളുടെ ഓടച്ചാലുകളില്‍നിന്നാണ് മധ്യകാലികജീര്‍ണതയുടെ ഹോമകുണ്ഡങ്ങളുമായി ആള്‍ദൈവങ്ങള്‍ പൊന്തിവരുന്നത്. മനുഷ്യസ്നേഹത്തിന്റെയും സമഭാവനയുടേതുമായ എല്ലാ ദൈവീകദര്‍ശനത്തിനും മരണം വിധിച്ചുകഴിഞ്ഞ മോണിറ്ററിസ്റ്റ് ദൈവങ്ങള്‍ കൂടിയാണ് ഈ ആഗോളവല്‍ക്കരണകാലത്തെ മനുഷ്യദൈവങ്ങള്‍.

സാമ്രാജ്യത്വത്തിന്റെ മൂന്നാം മേഖലയെന്നു വിവക്ഷിക്കുന്ന ജീവകാരുണ്യമൂലധനത്തിന്റെ കോര്‍പറേറ്റ് രൂപങ്ങളാണ് പല ആള്‍ദൈവങ്ങളും. സ്വാശ്രയകോളേജുകളും സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളും പടിഞ്ഞാറിന്റെ ആര്‍ത്തിയായി മാറിയ ലഹരിയും ലൈംഗികതയുമെല്ലാം ഇത്തരം പ്രത്യക്ഷദൈവങ്ങളുടെ വ്യാപാരവിപണനകുത്തകയാണ്. സമൂഹത്തിന്റെ എല്ലാവിധ ജനാധിപത്യവല്‍ക്കരണപ്രക്രിയക്കും എതിരുനില്‍ക്കുന്ന കോണ്‍ഗ്രസും ബിജെപിയും ഇന്ന് എല്ലാവിധ അവതാരങ്ങളെയും കള്ളസന്യാസിമാരെയും ഒളിഞ്ഞും തെളിഞ്ഞും പ്രോല്‍സാഹിപ്പിക്കുകയാണ്. നിരക്ഷരതയിലും അന്ധവിശ്വാസങ്ങളിലും ആഴ്ന്നുകിടക്കുന്ന ഇന്ത്യന്‍ സമൂഹത്തില്‍ ദൈവങ്ങള്‍ക്കും അവതാരങ്ങള്‍ക്കുമുള്ള അപാരമായ സ്വാധീനശക്തി തങ്ങളുടെ അധികാരപ്രാപ്തിക്കുവേണ്ടി ഉപയോഗപ്പെടുത്തുകയാണ് എല്ലാ വലതുപക്ഷ രാഷ്ട്രീയനേതാക്കളും. പ്രാഥമിക ശാസ്ത്രബോധംപോലും കൈവരിക്കാത്ത ഒരു സമൂഹത്തിനകത്ത് ഇങ്ങനെയൊക്കെ വോട്ട്ബാങ്കുകളെ സൃഷ്ടിക്കാനാണ് ഭരണവര്‍ഗ രാഷ്ട്രീയനേതൃത്വം ശ്രമിക്കുന്നത്. ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും സര്‍വവിശ്വാസകേന്ദ്രങ്ങളും സന്ദര്‍ശിക്കുകയും മദനിബാബയുടെവരെ ചവിട്ട് ഏറ്റ് വാങ്ങുകയും ചെയ്തതും നരസിംഹറാവു ചന്ദ്രസ്വാമിയുടെ ഉപദേശനിര്‍ദേശമനുസരിച്ച് പൂജകളും യാഗങ്ങളും രാജ്യമാസകലം സംഘടിപ്പിച്ചതും കോണ്‍ഗ്രസ് രാഷ്ട്രീയം മതേതരത്വത്തില്‍നിന്ന് എന്തുമാത്രം അകന്ന് ജീര്‍ണിച്ചുകഴിഞ്ഞുവെന്നതിന്റെ പ്രത്യക്ഷ തെളിവുകളായിരുന്നു.

സോണിയാഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷയായതിനുശേഷം കോണ്‍ഗ്രസിന്റെ പ്ലീനറി സമ്മേളനം നടന്നത് ബാംഗ്ളൂരിലായിരുന്നല്ലോ. 2001 ഫെബ്രുവരി 14മുതല്‍ 16വരെ നടന്ന എഐസിസി പ്ലീനറി സമ്മേളനത്തിന്റെ തയ്യാറെടുപ്പിന്റെ ഭാഗമായി മൂന്നുമണിക്കൂര്‍ നീണ്ടുനിന്ന 'ഗൂഡലിപൂജ' നടത്തുകയുണ്ടായി. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രോത്സാഹിപ്പിക്കുന്നതും അശാസ്ത്രീയ ചിന്താഗതികള്‍ പ്രചരിപ്പിക്കുന്നതും കുറ്റകരമാണെന്ന് എഴുതിവച്ച് ഒരു ഭരണഘടന നിലനില്‍ക്കുന്ന രാജ്യത്തെ മുഖ്യരാഷ്ട്രീയപാര്‍ടിയണ് എഐസിസി സമ്മേളനത്തില്‍ പങ്കെടുക്കുന്ന പതിനായിരത്തിലധികം പ്രതിനിധികള്‍ക്ക് ദൈവകോപം ഉണ്ടാകാതിരിക്കാന്‍ ഹോമവും പൂജയും നടത്തിയത് !

തങ്ങളുടെ രഹസ്യവും പരസ്യവുമായ പരിലാളനയില്‍ വളര്‍ന്നുവന്ന സന്യാസിമാരും അവതാരങ്ങളും ആത്മീയതയുടെ മറവില്‍ നടത്തുന്ന മാഫിയാവൃത്തികള്‍ പുറത്തായതോടെ സംഘപരിവാര്‍ നേതാക്കള്‍ ഇവരൊക്കെ കള്ളസന്യാസിമാരാണെന്നും സന്തോഷ്‌ മാധവനെപ്പോലുള്ള അവതാരങ്ങള്‍ ഇടതുപക്ഷ നേതാക്കളുടെ സഹായത്തോടെ വളര്‍ന്നുവന്നവരാണെന്നും പ്രചാരണങ്ങളാരംഭിച്ചിരിക്കുകയാണ്. ഇപ്പോള്‍ കേരളത്തില്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ അന്വേഷണം നേരിടുന്നതും പിടിക്കപ്പെട്ടതുമായ എല്ല കള്ളസന്യാസിമാരുമായി ബിജെപി നേതൃത്വത്തിനുള്ള ബന്ധം രഹസ്യമല്ല. ദൃശ്യമാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്ന വിവരങ്ങളിലൂടെ ഏതൊരു കുഞ്ഞുകുട്ടിക്കുമറിയാം. 'അമ്മതായ മഹാമായ' എന്ന അന്താരാഷ്ട്ര ബന്ധമുള്ള ഹവാല പണക്കാര്‍ സ്പോണ്‍സര്‍ചെയ്യുന്ന ഒരു അവതാരത്തിന്റെ മുമ്പില്‍ ഒ രാജഗോപാല്‍ കുപ്പായമഴിച്ചുമാറ്റി കുമ്പിടുന്നതും അനുസരണയുള്ള ഒരു ഭക്തനായി നടിക്കുന്നതും ടെലിവിഷന്‍ ചാനലുകളിലൂടെ മുഴുവന്‍ മലയാളികളും കണ്ടതാണ്. നേതൃത്വത്തിന്റെ കള്ളസന്യാസി ബാന്ധവം പുറത്തുവന്നതോടെ അപഹാസ്യരായ സംഘപരിവാര്‍ ശക്തികള്‍ എല്ലാത്തിലും കള്ളനാണയങ്ങളില്ലേയെന്ന് ചോദിച്ച് സന്യാസത്തിന്റെ ജീര്‍ണതയെ മറച്ചുപിടിക്കാന്‍ പാടുപെടുകയാണ്.

നല്ലവരും സന്യാസത്തിന്റെ സാത്വികവും മനുഷ്യസ്നേഹപരവുമായ മൂല്യങ്ങള്‍ സൂക്ഷിക്കുന്ന പല സന്യാസിമാരും ഹിന്ദുത്വവാദത്തിനും പുനരുത്ഥാനശക്തികള്‍ക്കുമെതിരായി നിലപാട് സ്വീകരിച്ചിട്ടുള്ളവരാണ്. അവരാരും അത്ഭുതവിദ്യകളും രോഗശാന്തിയും വാഗ്ദാനംചെയ്ത് ആത്മീയതട്ടിപ്പ് നടത്തുന്നില്ല. അവരുടെ പൈതൃകം ദയാനന്ദ സരസ്വതിയില്‍നിന്നു തുടങ്ങി ചട്ടമ്പിസ്വാമികളിലും നാരായണഗുരുദേവനിലും വാഗ്‌ഭടാനന്ദനിലുമൊക്കെയാണ്. ക്രൂരതയെ ജീവിതമൂല്യമാക്കിയ വര്‍ഗീയവാദികളും ക്രിമിനലുകളുമാണ് ബിജെപി ബന്ധമുള്ള മിക്ക സന്യാസിമാരും എന്നതാണ് സത്യം. പ്രയാഗയിലെ ഇത്തരം ക്രിമിനല്‍ സംഘങ്ങള്‍ കാട്ടിക്കൂട്ടിയ അക്രമങ്ങള്‍ മാധ്യമങ്ങള്‍ വിശദമായി റിപ്പോര്‍ട്ട് ചെയ്തതാണല്ലോ. ബാബറി മസ്‌ജിദ് പൊളിക്കുന്നതിനായി കര്‍സേവകവേഷം കെട്ടിയവരും ഇത്തരം സന്യാസിമാരായിരുന്നല്ലോ.

1995 സെപ്തംബര്‍ അവസാനത്തോടെ രാജ്യവ്യാപകമായി ഗണപതിവിഗ്രഹങ്ങള്‍ പാലുകുടിക്കുന്നതായി ചന്ദ്രസ്വാമിയും ബിജെപി നേതൃത്വവും ചേര്‍ന്ന് പ്രചാരണമഴിച്ചുവിടുകയുണ്ടായി. ലക്ഷക്കണക്കിനു ഭക്തര്‍ ഈ വാര്‍ത്തകേട്ട് ഓഫീസുകളില്‍നിന്നും വീടുകളില്‍നിന്നും കുതിച്ചുപാഞ്ഞ് ഗണേശവിഗ്രഹങ്ങള്‍ക്കടുത്തേക്ക് എത്തി. ഈ ഘട്ടത്തില്‍ ചന്ദ്രസ്വാമി താന്‍ ഗണപതി ഭഗവാനെ ധ്യാനിച്ചതിന്റെ ഫലമാണ് ഇതെന്ന് പ്രഖ്യാപിച്ചു. ധ്യാനനിമിഷങ്ങളില്‍ തനിക്ക് ദര്‍ശനം നല്‍കിയ ഗണപതി ഭഗവാന്‍ ഡല്‍ഹിയിലെ ഗണപതി വിഗ്രഹങ്ങള്‍ ആത്മചൈതന്യംവയ്ക്കുമെന്ന് പറഞ്ഞതായും ചന്ദ്രസ്വാമി തട്ടിവിട്ടു. ഹിന്ദുപുരാണങ്ങളിലെ ഗണപതി വലിയ ഭക്ഷണപ്രിയനാണല്ലോ- എത്രമാത്രം തിന്നാലും വിശപ്പ് മാറണമെങ്കില്‍ സ്വന്തം മാതാപിതാക്കള്‍ നല്‍കുന്ന പഴം തിന്നണമെന്നാണ് ഐതിഹ്യം. എന്തായാലും പാല് മാത്രം ലിറ്റര്‍ കണക്കിന് കുടിച്ചുതീര്‍ക്കുന്ന ഒരു ഗണപതി നമ്മുടെ പുരാണങ്ങളിലില്ല. ഒരു സന്യാസി ഗണേശവിഗ്രഹത്തിന് ജീവചൈതന്യം വയ്ക്കുമെന്ന് പ്രഖ്യാപിച്ചതിന്റെ ഫലസിദ്ധിയായിട്ടാണ് ഈ പാലുകുടിയെന്ന് സംഘടിതമായി പ്രചരിപ്പിക്കുകയായിരുന്നു. ഇത് സാക്ഷ്യപ്പെടുത്തി രാജ്യത്തെ ഭക്തരോട് ഗണപതിയുടെ പാലുകുടി നഗ്നയാഥാര്‍ഥ്യമാണെന്നു പറയാന്‍ അദ്വാനിതന്നെ രംഗത്തിറങ്ങി. ഗണപതിയുടെ പാലുകുടിപ്രതിഭാസം ശാസ്ത്രജ്ഞര്‍ വിശദീകരിക്കുകയും തുറന്നുകാട്ടുകയുംചെയതു. സ്‌പൂണില്‍ പാല് കൊടുക്കുമ്പോള്‍ ഗണപതി മുഴുവന്‍ കുടിക്കുകയും ഗ്ലാസില്‍ കൊടുക്കുമ്പോള്‍ മുഴുവനായി കുടിക്കുന്നില്ലെന്നും ചില പൂജാരിമാര്‍ സമ്മതിക്കുകയുംചെയ്തു. ഈ തട്ടിപ്പ് ശാസ്ത്രകാരന്മാര്‍ തുറന്നുകാട്ടിയതോടെ അദ്വാനിയും കെ എന്‍ ശര്‍മയും ശിവസേനാനേതാവ് മനോഹര്‍ ജോഷിയും നേരിട്ട് ഗണപതിയെ പാല് കുടിപ്പിച്ച് ഭക്തരോട് സന്യാസിമാരുടെ പ്രവചനം ശരിയാണെന്ന് സാക്ഷ്യപ്പെടുത്തുകവരെയുണ്ടായി. പിന്നീട് മാധ്യമങ്ങള്‍തന്നെ ചന്ദ്രസ്വാമിയും മറ്റ് സന്യാസിമാരും ബിജെപി നേതൃത്വത്തിന്റെ ഒത്താശയോടെ നടത്തിയ തട്ടിപ്പായിരുന്നു ഗണപതിയുടെ പാലുകുടിയെന്ന് പുറത്തുകൊണ്ടുവന്നു. വളരെ ആസൂത്രിതമായൊരു തട്ടിപ്പായിരുന്നു അത്.

പലയിടത്തും വിഗ്രഹങ്ങള്‍ പാലുകുടിച്ചുകൊണ്ടിരുന്നപ്പോള്‍ സമീപത്തുള്ള ഓടകളിലാണ് പാല്‍പ്രളയമുണ്ടായത്. വിഗ്രഹങ്ങളില്‍നിന്ന് ഒലിച്ചിറങ്ങുന്ന പാല്‍ ഭക്തര്‍ കാണാതെ ഓടകളിലെത്തിച്ചേരാന്‍ മുമ്പേതന്നെ ചാലുകള്‍ സൃഷ്ടിച്ചിരുന്നുവെന്നതാണ് ഈ പാലുകുടി തട്ടിപ്പിന്റെ ചുരുക്കം. ഇന്ത്യയിലെമ്പാടും വര്‍ഗീയവല്‍ക്കരണത്തിനും ഹിന്ദുത്വവല്‍ക്കരണത്തിനും ഗതിവേഗംകൂട്ടാന്‍ സംഘപരിവാറും ഹിന്ദുസന്യാസിമരും ചന്ദ്രസ്വാമിയുമെല്ലാംചേര്‍ന്ന് നടത്തിയ ആസൂത്രിത പദ്ധതിയായിരുന്നു ഇതെന്നാണ് മനസ്സിലാക്കേണ്ടത്.

*

കെ ടി കുഞ്ഞിക്കണ്ണന്‍, ദേശാഭിമാനി വാരിക

5 comments:

വര്‍ക്കേഴ്സ് ഫോറം said...

ഈ പോസ്റ്റ് വെള്ളെഴുത്തിന് സമര്‍പ്പിക്കുന്നു. അദ്ദേഹം വരാന്തയില്‍ കേട്ട മാതിരി ആള്‍ ദൈവങ്ങള്‍ക്കെതിരായ യുവജനമുന്നേറ്റം ദുര്‍ബലമാകാതിരിക്കട്ടെ..!

Anonymous said...

അമൃതാനന്ദമയിയെക്കുറിച്ച് പറഞ്ഞതിനു സുകുമാര്‍ അഴീക്കോടിന്റെ വീട്ടിലേക്ക് മാര്‍ച്ച് ചെയ്യേണ്ടിവരുന്നതരത്തില്‍ അധ:പതിച്ച സംഘപരിവാരത്തിനു സമര്‍പ്പിക്കാമായിരുന്നു..ഒരു കറുത്ത ഹാസ്യം എന്ന നിലക്ക്..:)

രവിശങ്കര്‍ ആണവകരാറിനുവേണ്ടി രംഗത്തെത്തിയതും കണ്ടു.രാ‍ജ്യസ്നേഹത്തിന്റെ പേരില്‍. രാജ്യസ്നേഹം എപ്പോഴും വലതുപക്ഷമുഖമുള്ളതാകുന്നത് എന്തുകൊണ്ട് എന്നത് ചിന്തിക്കാവുന്ന വിഷയം. തട്ടിപ്പ് പിടിക്കപ്പെടുന്നതുവരെയേ സംഘപരിവാര്‍ സ്വാമിമാരെ കൊണ്ടു നടക്കൂ.പിടിച്ചാല്‍ പിന്നെ ഏത് സ്വാമി എന്ത് സ്വാമി എന്ന് കരു സ്റ്റൈല്‍ ചോദ്യങ്ങളാവും ആ സ്വാമി സ്വാമിയേ അല്ല, ആസാമിയെ സ്വാമി എന്നു വിശേഷിപ്പിച്ച് സന്യാസിസമൂഹത്തെ അപമാനിക്കുന്നു എന്നൊക്കെ നിലവിളിക്കാന്‍‍ കുമ്മനങ്ങളാവും ഏറ്റവും മുന്നില്‍..ചില കൊലപാതകങ്ങള്‍ നടന്ന സ്ഥലത്ത് പ്രതിതന്നെ ഏറ്റവും ആവേശത്തോടെ പോലീസുകാരെ സഹായിക്കാന്‍ വരുന്നത് കണ്ടിട്ടില്ലേ അത് പോലെ. നമ്മളൊക്കെ ഇത്രെത്ര കണ്ടിരിക്കുന്നു.

Anonymous said...

another senseless post from jobless commies. Rather than doing all this in a bourgeois media like internet, why don't you get a life asshole.

Baiju Elikkattoor said...

ജീവന കലയും അമൃതവര്‍ഷവുമായി ഇക്കൂട്ടര്‍ കുടെക്കുടെ അമേരിക്ക, കാനഡ, യൂറോപ്പ് എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതായി കേള്‍ക്കാറുണ്ട്. ദരിദ്രമായ ആഫ്രിക്കയിലേക്ക് തിരിഞ്ഞു നോക്കിയതായി അറിവില്ല......!


Watch out! A rabid dog is barking around for quite some times.....

വര്‍ക്കേഴ്സ് ഫോറം said...

Thanks Baiju
Barking dogs seldom bite
:)