Monday, July 14, 2008

ആഗോളവല്‍ക്കരണ കാലത്തെ മത്തി തീറ്റ

കൃഷി പിന്നേം ചതിച്ചതോടെ കൊണ്ടേരന്‍ കിടന്നുകൊണ്ടായി ചിന്ത.

ഊണില്ല, ഉറക്കമില്ല, മറ്റു വിനോദോപാധികളൊന്നുമില്ല. ദേശീയ ദുഃഖാചരണം. വായ തുറന്നാല്‍ നിലയവിദ്വാന്മാര്‍ വീണവായിക്കുന്നതു മാത്രം.

സങ്കടം അഭിനയിച്ച് ചാരേ നില്‍ക്കുന്ന ഭാര്യ എന്ന നടിയെ , ഊണിന്നാസ്ഥ കുറഞ്ഞു.....നിദ്ര നിശയിങ്കല്‍ പോലും ഇല്ലാതായി എന്ന പദം ചൊല്ലി ഓടിച്ചു. ചെണ്ടയും മദ്ദളവും ലീവിലായതിനാല്‍ അകമ്പടിക്കാരുണ്ടായില്ല. എങ്കിലും രംഗം ഭാവസാന്ദ്രവും വികാരതീവ്രവും ആയിരുന്നു.

'അച്ഛനെന്തുപറ്റീ അമ്മേ..' എന്ന് ചോദിച്ച മക്കളുടെ വാ പൊത്തിപ്പിടിച്ച് അമ്മ പറഞ്ഞു.

'മിണ്ടല്ലേ..കാലമാടന്‍ ഒറങ്ങീട്ടില്ല..'

ഇത്തരം ഐഹികസുഖങ്ങളൊന്നും കൊണ്ടേരനെ ബാധിച്ചില്ല.

കൊണ്ടേരന്‍ ചിന്തയിലാണ്.

മറ്റു പണിയൊന്നുമില്ലാത്തതുകൊണ്ട് ചിന്ത തന്നെ ശരണം.

കടങ്ങളുടെ കണക്കെടുത്തു.

വേണമെങ്കില്‍ ചത്തു കളയാമെന്ന പൊസിഷനിലാണ്.

ആ വഴിക്കും ഒന്നു ചിന്തിച്ചു നോക്കി.

ഫലമില്ല.

പണ്ടേപ്പോലെ ഫലിക്കുന്നില്ല.

മരണത്തിന്റെ മാര്‍ക്കറ്റിടിഞ്ഞു.

പത്രങ്ങള്‍ ഇവനെ നിഷ്ക്കരുണം തള്ളി. ഒന്നാം പേജില്‍ നിന്ന് അവനെ ഇറക്കിവിട്ടു.

ചരമപ്പേജിന്റെ അടുക്കളത്തിണ്ണയില്‍ ഇടം കിട്ടിയാല്‍ ഭാഗ്യം.

കദന കഥയില്ല.

കണ്ണീര്‍പ്പുഴയില്ല.

കരളലിയുന്നില്ല.

ചത്താല്‍ ചത്തവന് പോയി. അത്രമാത്രം.

എന്നാല്‍ അങ്ങനെ ചാവണ്ട എന്ന് കൊണ്ടേരന്‍ തീരുമാനിച്ചു.

ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന മട്ടില്‍ ചത്തിട്ട് കാര്യമില്ല. ചാവുന്നതിനും വേണ്ടേ ഇത്തിരി ഗമ! ഒരനുശോചന പ്രമേയമെങ്കിലും കിട്ടാതെ കടന്നു പോയാല്‍ പരേതന്റെ ആത്മാവിന് നിത്യശാന്തി കിട്ട്വോ?

അതുകൊണ്ട് ഇപ്പോള്‍ ചാവണ്ട.

കൊണ്ടേരന്‍ ഉറപ്പിച്ചു.

സീസണാവട്ടെ. അപ്പോള്‍ നോക്കാം.

കൊണ്ടേരന്‍ മറിഞ്ഞ് കിടന്ന് ആലോചിച്ചു.

അതോടെ ഉച്ചയായി.

അകത്തുനിന്ന് മത്തി വറുക്കുന്ന മണം. അവള്‍ ഇതെങ്ങനെ സംഘടിപ്പിച്ചു? ദൈവാനുഗ്രഹംകൊണ്ട് കാല്‍ക്കാശ് കൈയിലില്ല.

എങ്കിലും ഭാര്യ വൈഭവപൂര്‍ണിമ തന്നെ!.

അവള്‍ സൈക്കിളുകാരനോട് കടം പറഞ്ഞു. കേന്ദ്രം കനിയുമ്പോള്‍ തരാമെന്ന ഉറപ്പില്‍.

അവന്‍ സമ്മതിച്ചു.

അവള്‍ ചിരിച്ചു.

അവന്‍ ദഹിച്ചു.

കടംവാങ്ങിയ മത്തി കടം വാങ്ങിയ വെളിച്ചെണ്ണയില്‍ കിടന്നു പൊരിയുന്നു.

തീ മാത്രമാണ് സ്വന്തം.

കൊണ്ടേരന്‍ കിടന്ന കിടപ്പില്‍ ഒന്നാഞ്ഞു വലിച്ചു.

കഴിഞ്ഞ കര്‍ക്കടകത്തിലാണ് അവസാനമായി ഇതുപോലത്തെ മണം കേട്ടത്.

കൊണ്ടേരന്‍ ക്ഷീണം മറന്നു.

കിണറ്റിന്‍കരയില്‍ പോയൊന്ന് കുളിച്ചു. ശരീരം പകുതിയായിപ്പോയി.

വറുത്ത മത്തിയും ചോറും.

കൊണ്ടേരന്‍ പ്രാകൃതനായി.

ഭാര്യയുടെ കണ്ണുനിറഞ്ഞു.

കെട്ട്യോന്റെ ആര്‍ത്തിയില്‍ അവള്‍ നിരുദ്ധകണ്ഠയായി.

ഉണ്ടിരുന്നപ്പോള്‍ കൊണ്ടേരന് ഉള്‍വിളിയുണ്ടായി.

കടാശ്വാസ കമീഷന്‍ പട്ടണത്തില്‍ കിടക്കുന്നു. സിറ്റിങ് എന്നാണ് ഇപ്പോള്‍ ഇതിന്റെ മലയാളം.

ദുരിതബാധിതര്‍ ഒന്ന് ചെന്നാല്‍ മതി. ദുരിതം അവര്‍ ഒപ്പിയെടുക്കും.

കൊണ്ടേരന്‍ ഉച്ചമയക്കത്തിനൊരുങ്ങിയില്ല. ഭാര്യയോട് യാത്ര പറഞ്ഞ് അവശ കര്‍ഷകന്റെ വേഷത്തില്‍ പട്ടണത്തിലേക്കുള്ള ബസ്സിന്റെ പിന്‍വാതിലില്‍ തൂങ്ങിക്കിടന്നു.

ദരിദ്രന്റെ സ്വര്‍ഗയാത്ര.

അപ്പോഴുമെന്‍ കടത്തിന്റെ ചക്രം മുന്നോട്ടോടുന്നു എന്ന് രസത്തിലൊന്ന് പാടി നോക്കി.

പാടിത്തീരുംമുമ്പേ പട്ടണമെത്തി. പട്ടണത്തില്‍ പട്ടിണി ഇറങ്ങി.

സ്ഥലം അന്വേഷിച്ചു. ഒടുവില്‍ തേടിയ സ്ഥലം കാലില്‍ ചുറ്റി.

ഒരു ബഹുനില കെട്ടിടം.

അതിന്റെ ഉച്ചിയിലാണ് തത്ര ഭവാന്മാരുടെ വിശ്രമം.

കെട്ടിടത്തിനു ചുറ്റും കൊണ്ടേരന്‍ ഒന്ന് മണ്ടി നടന്നു.

ചില്ലുകൊട്ടാരത്തിനിടയില്‍ ഒരു വിടവു കണ്ടു. അതാവും പ്രവേശന ദ്വാരം.

അകത്തു നിന്നൊരാള്‍ ആംഗ്യം കാണിച്ചു.

അകത്തേക്കോ പുറത്തേക്കോ.

ആവശ്യക്കാരന് ഔചിത്യം വേണ്ട. കൊണ്ടേരന്‍ അകത്തു കടന്നു. പുറകെ പട്ടി വരുന്നുണ്ടോ എന്ന് നോക്കി.

പിന്നെ സ്വയം ലജ്ജിച്ച് തലതാഴ്ത്തി.

ഇത് തന്റെ കുറുക്കന്‍മൂലയല്ല. പട്ടണമാണ്. ഇവിടെ പട്ടികള്‍ കുരയ്ക്കാറില്ല, പുഛിക്കാറേയുള്ളു.

അകത്തു കടന്നപ്പോഴും പ്രശ്നം അവസാനിച്ചില്ല.

മുകളിലെത്തണം.

ആരെയും കാണുന്നില്ല.

കോണിയെവിടെ?

തെന്നുന്ന തറയില്‍ കൊണ്ടേരന്‍ കോണി തേടി.

കാവല്‍ക്കാരന്‍ വിരട്ടി.

'ലിഫ്റ്റ് വഴി പോണം.'

കാവലിന്റെ കൊമ്പന്‍ മീശ വിറച്ചു കൊണ്ടേയിരുന്നു.

ലിഫ്റ്റിനു മുന്നില്‍ കൊണ്ടേരന്‍ പകച്ചുപോയി.

ഗ്രാമത്തിലെ കരിമ്പൂച്ചകളോട് നഗരം വളയാനേ പറഞ്ഞിട്ടുള്ളു. ലിഫ്റ്റില്‍ കയറാന്‍ പറഞ്ഞിട്ടില്ല.

കൊണ്ടേരന് സങ്കടവും നാണവും ഒന്നിച്ച് വന്നു. അതൊരു പ്രശ്നമായി. പിന്നെ അതോരോന്നായി വന്നതോടെ ആ പ്രശ്നം അവസാനിച്ചു.

കൊണ്ടേരനു മുന്നില്‍ ലിഫ്റ്റെത്തി. എലിപ്പെട്ടി വാ തുറന്നു.

കൊണ്ടേരന്റെ ചങ്കില്‍ തുലാ മാസത്തിലെ ഇടിവെട്ടി. ഓടിപ്പോകാന്‍ തോന്നി.

ജീവിതം തിരിച്ചു വിളിച്ചു.

അകത്തു കയറി.

പേടിച്ച് വിറച്ച് മൂലയില്‍ ഒതുങ്ങി.

ലിഫ്റ്റടഞ്ഞു.

കൊണ്ടേരന്‍ കുറുക്കമ്മൂലക്കാവിലമ്മയെ വിളിച്ചു.

ലിഫ്റ്റില്‍ രണ്ടു പേര്‍ കൂടി മാത്രമേയുള്ളു.

കൊണ്ടേരന്‍ അവരെ നോക്കി.

ഷര്‍ട്, ടൈ, ഓവര്‍കോട്ട്, പാന്റ്സ്, ഷൂ..

കൊണ്ടേരന്‍ ഇനം തിരിച്ചെണ്ണി.

നാണം മറയ്ക്കാന്‍ മനുഷ്യന്റെ സാഹസം!

കൊണ്ടേരന്‍ തന്നെത്തന്നെ നോക്കി.

അര്‍ധനഗ്നനായ ഫക്കീര്‍!

കൊണ്ടേരന്റെ മനസ്സില്‍ ദേശീയ ബോധം ഇരമ്പിക്കയറി.

ഭാരത് മാതാ കീ.....

ലിഫ്റ്റില്‍ രണ്ടു പേരും കൊടും സംഭാഷണത്തിലാണ്.

ഒരു കാര്യം കൊണ്ടേരന് മനസ്സിലായി.

തനിക്കൊന്നും മനസ്സിലാവുന്നില്ല.

എന്നാലും ഓരോ വാക്കു കഴിയുമ്പോഴും തലകുലുക്കുന്ന ഒരു തരം ഭാഷയാണ് ഇരുവരും പറയുന്നതെന്ന് പിടികിട്ടി.

ചില ഭാഗങ്ങള്‍ വരുമ്പോള്‍ ചിരിക്കുന്നുമുണ്ട്, ശബ്ദം താഴ്ത്തി.

ഇടയ്ക്ക് ഒരുവന്‍ അപരന്റെ കുപ്പായത്തില്‍ മണത്തു.

ആ ചടങ്ങ് കൊണ്ടേരന് മനസ്സിലായില്ല.

' ഓ!...റിയലി..ഫെയ്ന്റാസ്റ്റിക്ക്..വേര്‍ യു ഗോട്ട് ഇറ്റ്?'

'ദിസ് പെര്‍ഫ്യൂം ഫ്രം പാരിസ്. ന്യൂ ഇന്‍ മാര്‍ക്കറ്റ്. ഇറ്റ്സ് നെയിം ഈസ് വെല്‍വിഷര്‍. റ്റൂ..ഫ്രാഗ്രന്റ്..200 ഡോളേഴ്സ്..'

'ഓ! വണ്ടര്‍ഫുള്‍!'

കൊണ്ടേരന് മനസ്സിലായി.

വിഷയം മണമാണ്.

മണത്ത് പിടിക്കുന്ന ഇനം.

കൊണ്ടേരന്‍ മനസ്സില്‍ പറഞ്ഞു.

'മണക്കെടാ..മണക്ക്..'

പിന്നെ അപരന്‍ മറ്റവനെ മണക്കുന്ന ചടങ്ങായിരുന്നു.

' ഓ! റിയലി..ഫെയ്ന്റാസ്റ്റിക്ക്....വേര്‍ യൂ ഗോട്ട് ഇറ്റ്?'

മറ്റവന്‍ കാത്തിരുന്ന ചോദ്യം.

സുജനമര്യാദ.

സ്വന്തം മണത്തില്‍ ആവേശം കൊണ്ട് മറ്റവനും പ്രഭാഷണം തുടങ്ങി.

' ദിസ് പെര്‍ഫ്യൂം ഫ്രം സ്വിസ്സ്. ന്യൂ വണ്‍ ഇന്‍ ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റ്. ബ്രാന്റ് നെയിം ലവ്‌ലി ഡെയ്‌ല്‍‍. ഇറ്റ് ഈസ് റ്റൂ സെക്സി. സ്മെല്‍ ഓഫ് ദ യൂത്ത്...കോസ്റ്റ് 250 ഡോളേഴ്സ്..'

ചടങ്ങില്‍നിന്ന് കൊണ്ടേരന്‍ വിട്ടുനിന്നില്ല.

അരയില്‍ കെട്ടിയ തോര്‍ത്തൊന്നെടുത്ത് വീശി.

ദുര്‍ഗന്ധം.

ഗന്ധമാദനപര്‍വം.

വിയര്‍പ്പും ചാളനെയ്യും തമ്മിലുള്ള കോമ്പിനേഷന്‍.

രണ്ട് ഇന്ത്യന്‍ നിര്‍മിത വിദേശക്കുപ്പികളുടെയും മുഖം മലയാളത്തില്‍ ചുളിഞ്ഞുപോയി.

കൊണ്ടേരന്‍ പറഞ്ഞു.

'ദിസ് ഈസ് ഫ്രം പൊറക്കാട് കടപ്പുറം..മത്തി ഫ്രൈ..ഓള്‍വേയ്സ് ഇന്‍ ദ മാര്‍ക്കറ്റ്. ഒണ്‍ലി ട്വൊന്റി റുപ്പീസ് പെര്‍ കിലോ...'

വാ തുറന്ന ലിഫ്റ്റില്‍ നിന്നു കൊണ്ടേരന്‍ അന്തസ്സോടെ പുറത്തിറങ്ങി.

***

എം എം പൌലോസ്, ദേശാഭിമാനി വാരിക

2 comments:

വര്‍ക്കേഴ്സ് ഫോറം said...

കൃഷി പിന്നേം ചതിച്ചതോടെ കൊണ്ടേരന്‍ കിടന്നുകൊണ്ടായി ചിന്ത.

ഊണില്ല, ഉറക്കമില്ല, മറ്റു വിനോദോപാധികളൊന്നുമില്ല. ദേശീയ ദുഃഖാചരണം. വായ തുറന്നാല്‍ നിലയവിദ്വാന്മാര്‍ വീണവായിക്കുന്നതു മാത്രം.

സങ്കടം അഭിനയിച്ച് ചാരേ നില്‍ക്കുന്ന ഭാര്യ എന്ന നടിയെ , ഊണിന്നാസ്ഥ കുറഞ്ഞു.....നിദ്ര നിശയിങ്കല്‍ പോലും ഇല്ലാതായി എന്ന പദം ചൊല്ലി ഓടിച്ചു. ചെണ്ടയും മദ്ദളവും ലീവിലായതിനാല്‍ അകമ്പടിക്കാരുണ്ടായില്ല. എങ്കിലും രംഗം ഭാവസാന്ദ്രവും വികാരതീവ്രവും ആയിരുന്നു.

'അച്ഛനെന്തുപറ്റീ അമ്മേ..' എന്ന് ചോദിച്ച മക്കളുടെ വാ പൊത്തിപ്പിടിച്ച് അമ്മ പറഞ്ഞു.

'മിണ്ടല്ലേ..കാലമാടന്‍ ഒറങ്ങീട്ടില്ല..'

ഇത്തരം ഐഹികസുഖങ്ങളൊന്നും കൊണ്ടേരനെ ബാധിച്ചില്ല.

ശ്രീ എം എം പൌലോസിന്റെ നര്‍മ്മഭാവന

Anonymous said...

ഇത്തരം മീന്‍ മണങ്ങളും അര്‍ദ്ധനഗ്നതയും കണ്ടാല്‍ ഹൃദയം തകരും എന്നതുകൊണ്ട് തങ്ങളുടേതായ ഒരു ലോകം പടുത്തുയര്‍ത്തിക്കൊണ്ടിരിക്കയല്ലെ ലോകമാസകലം ഒരു അഫ്ലുവന്റ് ക്ലാസ്...

ഇത് ക്ല്ലാസ്........