Saturday, July 19, 2008

ദേശസാല്‍ക്കരണദിനത്തില്‍ ചില അശുഭചിന്തകള്‍

മുപ്പത്തൊമ്പതു വര്‍ഷംമുമ്പ് ഇതേ ദിവസമാണ് ഇന്ദിരാഗാന്ധി ബാങ്കുകള്‍ ദേശസാല്‍ക്കരിച്ചത്.

ഇന്ദിരാഗാന്ധിയുടേത് നിലനില്‍പ്പിന്റെ രാഷ്ട്രീയവുമായി ബന്ധപ്പെട്ട തീരുമാനമായിരുന്നു എന്നത് ഏവര്‍ക്കുമറിയാം. പക്ഷേ, അറുപതുകളുടെ അവസാനവും എഴുപതുകളുടെ തുടക്കത്തിലുമായി ഒട്ടനവധി രാജ്യങ്ങളില്‍ ബാങ്കുകള്‍ ദേശസാല്‍ക്കരിക്കപ്പെട്ടിട്ടുണ്ട്. സ്വകാര്യബാങ്കുകള്‍ നിക്ഷേപകരെ കണ്ണീരിലാഴ്ത്തി സ്വന്തം കീശ വീര്‍പ്പിച്ച് ലോകത്താകെ നൂറുകണക്കിനു ബാങ്കുകള്‍ തകര്‍ത്തെറിഞ്ഞ സാഹചര്യത്തിലാണ് ബാങ്ക് ദേശസാല്‍ക്കരണം സാര്‍വത്രികമായത്. എണ്‍പതുകളില്‍ റീഗന്റെയും താച്ചറുടെയും നേതൃത്വത്തിലുള്ള ഹൈവോള്‍ട്ടേജ് പ്രചാരണങ്ങള്‍ക്കുശേഷം ദേശസാല്‍ക്കരണത്തില്‍നിന്ന് സ്വകാര്യവല്‍ക്കരണത്തിലേക്കുള്ള തിരിച്ചുപോക്കാണ് ദൃശ്യമായത്. ഈ അനുഭവങ്ങള്‍ പഠിച്ച് "ധനമേഖലാ പരിഷ്കാരങ്ങള്‍'' എന്ന തലക്കെട്ടിലാണ് ലോകബാങ്കിന്റെ 1989ലെ വാര്‍ഷിക റിപ്പോര്‍ട്ട് പുറത്തിറക്കിയത്. ദേശസാല്‍ക്കരണത്തില്‍നിന്ന് സ്വകാര്യവല്‍ക്കരണത്തിലേക്കും നിയന്ത്രണങ്ങളില്‍നിന്ന് നിയന്ത്രണരാഹിത്യത്തിലേക്കും മുതലക്കൂപ്പു കുത്തിയ ഒട്ടനവധി രാജ്യങ്ങളുടെ അനുഭവം പരിശോധിച്ച് പ്രസ്തുതരേഖ ചെന്നെത്തിയ നിഗമനം "സ്ഥൂല സാമ്പത്തികദൃഢത കൈവരിക്കാത്ത രാജ്യങ്ങളില്‍ ഈ വിധം പരിഷ്കാരങ്ങള്‍ നടപ്പാക്കിയാല്‍ സ്ഥിതിഗതികള്‍ വഷളാവുകയേ ഉള്ളൂ'' എന്നായിരുന്നു.

1991ല്‍ നയങ്ങളാകെ തിരിച്ചിടാന്‍ തീരുമാനിച്ച നരസിംഹറാവുവും മന്‍മോഹന്‍സിങ്ങും അതിനായി ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ നിരവധി കമ്മിറ്റിയെ നിയോഗിച്ചു. പക്ഷേ, 1991ല്‍ ബാങ്കിങ് മേഖലയില്‍ വരുത്തേണ്ട പരിഷ്കാരങ്ങള്‍ക്കുള്ള ശുപാര്‍ശ സമര്‍പ്പിക്കാനായി നിയുക്തമായ നരസിംഹംകമ്മിറ്റി 1989ല്‍ പുറത്തിറങ്ങിയ ലോകബാങ്ക് റിപ്പോര്‍ട്ടിലെ നിഗമനങ്ങള്‍ കണ്ടതായി നടിച്ചില്ല. മാത്രമല്ല, "സ്ഥിതി വഷളാക്കാനു''ള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തു. ബാങ്കിങ് മേഖല സ്വകാര്യ-വിദേശ മൂലധനത്തിനായി തുറന്നുകൊടുക്കണമെന്നും മുന്‍ഗണനാ വിഭാഗത്തിനുള്ള വായ്പകള്‍ വെട്ടിക്കുറയ്ക്കണമെന്നുമായിരുന്നു പ്രധാന ശുപാര്‍ശകള്‍. ആ റിപ്പോര്‍ട്ടിനെതിരെ വ്യാപകമായ ബഹുജനരോഷം കെട്ടഴിച്ചുവിടാന്‍ ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിനു കഴിഞ്ഞു. അതുകൊണ്ടുതന്നെ നേരിട്ട് ശുപാര്‍ശ നടപ്പാക്കാനും സ്വകാര്യവല്‍ക്കരണം ആഗ്രഹിച്ചതോതില്‍ മുന്നോട്ടുകൊണ്ടുപോകാനും കഴിഞ്ഞില്ല.

പക്ഷേ, അതിവേഗം ബഹുരാഷ്ട്ര കുത്തകകളായി വളരുന്ന ഇന്ത്യന്‍ കുത്തകകള്‍ക്ക് കാത്തുനില്‍ക്കാന്‍ നേരമില്ല. ലോകത്താകെയുള്ള സേവനമേഖലയിലേക്ക് തങ്ങള്‍ക്ക് പ്രവേശനം കിട്ടത്തക്കവിധം നിയന്ത്രണങ്ങളെല്ലാം പൊളിച്ചെഴുതണം. അതിനായി നിയോഗിക്കപ്പെട്ടതാണ് രഘുരാം രാജന്‍ കമ്മിറ്റി. ഐഎംഎഫ് ഉപദേഷ്ടാവും ചിക്കാഗോ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറുമായ രഘുരാം രാജനും അതേ ഗണത്തില്‍പ്പെടുത്താവുന്ന സ്വകാര്യ മൂലധനപ്രതിനിധികളും ചേര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ട് അപകടകരമായ അഴിച്ചുപണിക്കാണ് ശുപാര്‍ശചെയ്യുന്നത്. സര്‍വമേഖലകളെയും പൊളിച്ചടുക്കാനാണ് നിര്‍ദേശം. കമ്പോള മൌലികതാവാദത്തിന്റെ ഒന്നാന്തരമൊരു മാനിഫെസ്റോ ആയി മാറുകയാണ് ആ റിപ്പോര്‍ട്ട്.

ഗ്രാമങ്ങള്‍ക്കുള്ള അമിത ഊന്നല്‍ അവസാനിപ്പിക്കുക, ഭൂസ്വത്ത് പരിധി നിയന്ത്രണനിയമം എടുത്തുകളയുക, ഭൂഉടമസ്ഥത സംബന്ധിച്ച് പുതിയ നിയമം കൊണ്ടുവരിക, ഭൂരേഖകള്‍ അടിസ്ഥാനപരമായി പരിഷ്കരിക്കുക, സഹകരണ വായ്പാ സ്ഥാപനങ്ങളില്‍ ഇന്ന് കടക്കാരനനുഭവിച്ചുവരുന്ന "അമിതാധികാരം'' എടുത്തുകളയുക, നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സഹകരണബാങ്കുകള്‍ അടച്ചുപൂട്ടുകയും ലാഭത്തിലോടുന്നവയെ കമ്പനികളാക്കി മാറ്റുകയും ചെയ്യുക, സഹകരണബാങ്കുകളെ നിയന്ത്രിക്കാനുള്ള അധികാരം റിസര്‍വ് ബാങ്കിനു മാത്രമാക്കി സംസ്ഥാനസര്‍ക്കാരുകളുടെ ഇടപെടല്‍ അവസാനിപ്പിക്കുക, (നമ്മുടെ ഫെഡറല്‍ സംവിധാനത്തില്‍ സഹകരണം സംസ്ഥാന വിഷയമാണെന്ന കാര്യം എന്തിന് ഐഎംഎഫ് പണ്ഡിതര്‍ ഓര്‍ക്കണം?) മുന്‍ഗണനാ വായ്പയെക്കുറിച്ചുള്ള "തെറ്റായ'' സമീപനങ്ങള്‍ ഒഴിവാക്കി ഹുണ്ടികക്കാരും ബാങ്കുകളും യോജിച്ച് പ്രവര്‍ത്തിക്കാനുള്ള ചുമതല പണപ്പെരുപ്പനിരക്ക് കുറയ്ക്കുക എന്നതു മാത്രമാക്കുക, "അനാവശ്യ നിയന്ത്രണങ്ങള്‍'' ആകെ എടുത്തുമാറ്റുക, മറ്റു വികസിത സമ്പന്ന രാജ്യങ്ങളില്‍ പ്രചാരത്തിലുള്ള ധനോല്‍പ്പന്നങ്ങള്‍ (എന്നു വച്ചാല്‍ അമേരിക്കല്‍- യൂറോപ്യന്‍ ബാങ്കുകളുടെ തകര്‍ച്ചയ്ക്ക് ഇടവരുത്തിയ വാതുവയ്പുകളും ഊഹക്കച്ചവടങ്ങളുംതന്നെ) ഇന്ത്യയിലും യഥേഷ്ടം അവതരിപ്പിക്കാന്‍ അനുവദിക്കുക, ലയനങ്ങളും സംയോജനങ്ങളും വഴി ബാങ്കുകളെ ഏറ്റെടുക്കാന്‍ വിദേശബാങ്കുകളുടെ സബ്സിഡിയറികള്‍ക്കും അവസരമൊരുക്കുക, പൊതുമേഖലാബാങ്കുകളിലെ സര്‍ക്കാര്‍ ഉടമസ്ഥത പൂര്‍ണമായും അവസാനിപ്പിക്കുക, തല്‍ക്കാലം അവയില്‍ ദുര്‍ബലമായവയെ ലയിപ്പിക്കുക, പിന്നീട് അതിന്റെ അനുഭവത്തില്‍ മറ്റിടങ്ങളിലേക്കുകൂടി വ്യാപിപ്പിക്കുക, ബാങ്ക് ഡയറക്ടര്‍ബോര്‍ഡുകളില്‍ സ്വകാര്യ ഷെയര്‍ ഉടമകള്‍ക്കുകൂടി മതിയായ പ്രാതിനിധ്യം നല്‍കി അവയെ "ശക്തിപ്പെടുത്തുക'', ഇങ്ങനെ ശക്തിപ്പെടുത്തിയ ഡയറക്ടര്‍ ബോര്‍ഡുകളെ നിയന്ത്രിക്കാനും മേല്‍നോട്ടം നടത്താനും റിസര്‍വ് ബാങ്കിനുമാത്രമല്ല, സെന്‍ട്രല്‍ വിജിലന്‍സ് കമീഷനും പാര്‍ലമെന്റിനുതന്നെയും അധികാരമില്ലെന്ന് പ്രഖ്യാപിക്കുക തുടങ്ങിയവയാണ് ശുപാര്‍ശകള്‍.

അപകടകരങ്ങളായ ഈ ശുപാര്‍ശകള്‍ നടപ്പാക്കുന്നതിനുള്ള തടസ്സം ഇടതുപക്ഷ കക്ഷികളുടെ സാന്നിധ്യമാണ്. ഇന്നിപ്പോള്‍ കുതിരക്കച്ചവടത്തിലൂടെ പുതിയ ബാന്ധവങ്ങള്‍ ഉറപ്പിക്കുമ്പോള്‍ ആണവകരാര്‍ മാത്രമല്ല, കുത്തക മൂലധന താല്‍പ്പര്യ സംരക്ഷണത്തിനുതകുന്ന ഇതുപോലുള്ള ഒട്ടനവധി പഠന റിപ്പോര്‍ട്ടും പൊടിതട്ടിയെടുത്ത് സൂത്രത്തില്‍ നടപ്പാക്കിയെടുക്കാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ലഘുരാം രാജന്‍ കമ്മിറ്റി ശുപാര്‍ശകള്‍ നിരാകരിക്കണമെന്ന ആവശ്യം ഇന്ത്യന്‍ജനതയുടെ പൊതു ആവശ്യമായി വളര്‍ത്തിയെടുക്കുന്നതിനുള്ള പരിശ്രമത്തിലാണ് ബാങ്ക് എംപ്ളോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ.

*
(എ കെ രമേശ് - ബെഫി അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയാണ് ലേഖകന്‍)

1 comment:

വര്‍ക്കേഴ്സ് ഫോറം said...

മുപ്പത്തൊമ്പതു വര്‍ഷംമുമ്പ് ഇതേ ദിവസമാണ് ഇന്ദിരാഗാന്ധി ബാങ്കുകള്‍ ദേശസാല്‍ക്കരിച്ചത്.

ഇന്ദിരാഗാന്ധിയുടേത് നിലനില്‍പ്പിന്റെ രാഷ്ട്രീയവുമായി ബന്ധപ്പെട്ട തീരുമാനമായിരുന്നു എന്നത് ഏവര്‍ക്കുമറിയാം.
****
എണ്‍പതുകളില്‍ റീഗന്റെയും താച്ചറുടെയും നേതൃത്വത്തിലുള്ള ഹൈവോള്‍ട്ടേജ് പ്രചാരണങ്ങള്‍ക്കുശേഷം ദേശസാല്‍ക്കരണത്തില്‍നിന്ന് സ്വകാര്യവല്‍ക്കരണത്തിലേക്കുള്ള തിരിച്ചുപോക്കാണ് ദൃശ്യമായത്.
****
ഇന്നിപ്പോള്‍ കുതിരക്കച്ചവടത്തിലൂടെ പുതിയ ബാന്ധവങ്ങള്‍ ഉറപ്പിക്കുമ്പോള്‍ ആണവകരാര്‍ മാത്രമല്ല, കുത്തക മൂലധന താല്‍പ്പര്യ സംരക്ഷണത്തിനുതകുന്ന ഇതുപോലുള്ള ഒട്ടനവധി പഠന റിപ്പോര്‍ട്ടും പൊടിതട്ടിയെടുത്ത് സൂത്രത്തില്‍ നടപ്പാക്കിയെടുക്കാനുള്ള സാധ്യതയുണ്ട്.

ശ്രീ. എ.കെ.രമേശ് എഴുതിയ കുറിപ്പ്.