Wednesday, July 16, 2008

ഇത്‌ അമേരിക്കന്‍ സ്‌പെഷല്‍

യു .പി.എ. ഗവണ്‍മെന്റിന്റെ ഇപ്പോഴത്തെ ഗതിയില്‍ ആരെങ്കിലും കാള്‍മാര്‍ക്‌സിന്റെ 'ലൂയി ബോണാപാര്‍ട്ടിന്റെ ബ്രൂമെയര്‍-18'എന്ന വിഖ്യാതലേഖനം ഓര്‍മിക്കുന്നുണ്ടെങ്കില്‍ അവര്‍ ചരിത്രപാഠം ഉള്‍ക്കൊള്ളുന്ന മഹാമനസ്സുള്ളവരാണ്‌. സ്വാതന്ത്ര്യസമരത്തിന്റെ നെടുനായകത്വം വഹിച്ച കോണ്‍ഗ്രസ്സിന്റെ പേരിലും തുടര്‍ച്ചയിലുമുള്ള ഒരു പാര്‍ട്ടിയുടെയും അത്‌ നേതൃത്വം നല്‍കുന്ന യു.പി.എ. ഗവണ്‍മെന്റിന്റെയും തലപ്പത്തിരിക്കുന്നവര്‍ ഈ ദിവസങ്ങളില്‍ നടത്തുന്ന കപട നാടകം അവര്‍ തിരിച്ചറിയും. അത്‌ വിശദീകരിക്കാന്‍ കാള്‍മാര്‍ക്‌സിന്റെ ലേഖനത്തിലെ ആദ്യഖണ്ഡികയേക്കാള്‍ പറ്റിയ ഒരു ഉദ്ധരണി വേറെയില്ലതാനും. അതിന്‌ പകരം ഈ അസംബന്ധമത്രയും ഇടതുപക്ഷത്തിന്റെ തലയില്‍ കയറ്റിവെക്കാന്‍ ശ്രമിക്കുമ്പോള്‍ (ടി.വി.ആര്‍. ഷേണായ്‌ ദയവായി ക്ഷമിക്കുക-2008 ജൂലായ്‌ 11ന്‌ മാതൃഭൂമിയില്‍ വന്ന അസംബന്ധ നാടകത്തോട്‌ പൊറുക്കാനാവുന്നില്ല.) അത്‌ ഒരു പ്രമുഖപത്രപ്രവര്‍ത്തകന്റെ ദുരന്തമായി മാറുന്നു.

എന്നാല്‍ ചര്‍ച്ചാവിഷയം എന്റെ ആദരണീയ സുഹൃത്ത്‌ ഷേണായി അല്ല. അതുകൊണ്ട്‌ വിഷയത്തിലേക്ക്‌ നേരിട്ട്‌ കടക്കാം. ഒരു വിദേശി-ഡബ്ല്യൂ.എച്ച്‌.ഒ. ഹ്യൂം-പ്രസിഡന്റായാണ്‌ 1885ല്‍ കോണ്‍ഗ്രസ്‌ രൂപവത്‌കരിച്ചത്‌. വിദേശത്തു നിന്നു വന്ന ഒരാള്‍ വിവാഹബന്ധത്തിലൂടെ സ്വന്തം പേരില്‍ ഗാന്ധിജിയെയും നെ'ുവിനെയും സംയോജിപ്പിച്ച്‌ ആ പാര്‍ട്ടിയുടെ രക്ഷകയായി ഇപ്പോള്‍ വര്‍ത്തിക്കുന്നു. പഞ്ചായത്ത്‌ തിരഞ്ഞെടുപ്പില്‍പ്പോലും ജനങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ലാത്ത ഒരാളാണ്‌ പ്രധാനമന്ത്രി. മാര്‍ക്‌സിന്റെ ലേഖനത്തില്‍ പറയും പോലെ ഉള്ളടക്കത്തേക്കാളും വലിയ ശൈലികള്‍. അതാണ്‌ ആ പാര്‍ട്ടിയുടെയും അത്‌ നയിക്കുന്ന ഗവണ്‍മെന്റിന്റെയും അവസ്ഥ.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒറ്റയേ്‌ക്കാ തിരഞ്ഞെടുപ്പിനു മുമ്പുണ്ടാക്കിയ സഖ്യത്തിന്റെ അടിസ്ഥാനത്തിലോ ഇവരുടെ നേതൃത്വത്തിലുണ്ടായിരുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക്‌ ലോക്‌സഭയില്‍ ഭൂരിപക്ഷമുണ്ടായിരുന്നില്ല. ഇടതുപക്ഷത്തിന്റെ ആത്മാര്‍ഥമായ പിന്‍ബലത്തിലാണ്‌ യു.പി.എ. ഗവണ്‍മെന്റ്‌ രൂപമെടുത്തതും നാലു വര്‍ഷവും മൂന്നു മാസവും സുഗമമായി മുന്നോട്ടു പോയതും. ഒരു നിമിഷം ഓര്‍ക്കുക: ഇതൊരു കോണ്‍ഗ്രസ്‌ (ഐ) ഗവണ്‍മെന്റ്‌ ആയിരുന്നില്ല. ഒരു കൂട്ടുകക്ഷി ഗവണ്‍മെന്റായിരുന്നു. കോണ്‍ഗ്രസ്‌ (ഐ) കൂട്ടുകക്ഷി ഭരണത്തിന്റെ ഹരിശ്രീ പഠിച്ച ആദ്യ ദേശീയ ഗവണ്‍മെന്റ്‌. ഇത്‌ രൂപപ്പെടുത്തുന്നതില്‍ കോണ്‍ഗ്രസ്‌ (ഐ) ദേശാഭിമാന ശക്തികളെന്ന്‌ ഇപ്പോള്‍ വിശേഷിപ്പിക്കുന്ന ആരും അന്നുണ്ടായിരുന്നില്ല. ഭരണത്തിന്റെ ശര്‍ക്കരക്കുടത്തില്‍ കൈയിടാതെ പുറത്തുനിന്നാണ്‌ ഇടതുപക്ഷം ചുമതല നിര്‍വഹിച്ചത്‌. അതിനുള്ള ഈടും പ്രവര്‍ത്തന രൂപരേഖയും ഇടതുപക്ഷ മുന്‍കൈയില്‍ രൂപപ്പെട്ട പൊതുമിനിമം പരിപാടിയായിരുന്നു. അതില്‍ വിദേശനയത്തെപ്പറ്റി ഇത്രയും കാര്യങ്ങള്‍ സംക്ഷിപ്‌തമായി തറപ്പിച്ച്‌ രേഖപ്പടുത്തിയിരുന്നു:

1. പരമ്പരാഗത നിലപാടുകള്‍ക്കനുസൃതമായി സ്വതന്ത്രവിദേശനയം നടപ്പാക്കും.
2. ആഗോളബന്ധങ്ങളില്‍ ഏകപക്ഷീയതയും ഏകധ്രുവവ്യവസ്ഥിതിയും അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്തും.
3. ദക്ഷിണേഷ്യയിലെ അയല്‍രാജ്യങ്ങളുമായി രാഷ്ട്രീയവും സാമ്പത്തികവുമായ അടുത്ത ബന്ധം കെട്ടിപ്പടുക്കും.
4. ഊര്‍ജം തുടങ്ങിയ വിഷയങ്ങളില്‍ മേഖലാപരമായ പദ്ധതികള്‍ക്ക്‌ പ്രത്യേക മുന്‍ഗണനയും ശ്രദ്ധയും നല്‍കും.

ഈ ഉറപ്പില്‍നിന്ന്‌ ജനങ്ങളുടെ മനസ്സില്‍ രൂപപ്പെട്ടുവന്നിട്ടുള്ളത്‌ പാകിസ്‌താനും ശ്രീലങ്കയും നേപ്പാളും സിക്കിമും മാത്രമല്ല ഇറാനും ചൈനയും റഷ്യപോലും ഉള്‍ക്കൊള്ളുന്ന മെച്ചപ്പെട്ട ബന്ധങ്ങളുടെയും സംയുക്ത മേഖലാ സംരംഭങ്ങളുടെയും ഒരുപുതിയ യുഗമാണ്‌. എന്നാല്‍ പ്രയോഗത്തില്‍ വന്നതോ ഇതൊക്കെ ബലികഴിച്ചുള്ള മറ്റൊരു ഭീകര രഹസ്യബന്ധം- അമേരിക്കയുമായി.

അതിന്റെ തുടക്കം 2005 ജൂലായിലെ അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും പ്രസിഡന്റ്‌ ജോര്‍ജ്‌ ഡബ്ല്യു. ബുഷും തമ്മിലുള്ള കൂടിക്കാഴ്‌ചയില്‍. അതിന്‌ മുന്‍കൂറോ പിന്‍കൂറോ യു.പി.എ.യുടെയോ ഇടതുപക്ഷം ഉള്‍ക്കൊള്ളുന്ന ഏകോപനസമിതിയുടെയോ പിന്തുണയോ അറിവോ ഉണ്ടായിരുന്നില്ല. ഇതിന്റെ തുടര്‍ച്ചയായാണ്‌ 123 ആണവക്കരാര്‍ അമേരിക്കയുമായി രൂപപ്പെട്ടത്‌. അമേരിക്കന്‍ താത്‌പര്യം കൃത്യമായി ഉറപ്പുവരുത്തുന്ന ഹൈഡ്‌ ആക്ട്‌നിയമം. ഇന്ത്യയുടെ വിദേശനയവും തന്ത്രപ്രധാനമേഖലകളും അമേരിക്കന്‍ നയത്തിനും താത്‌പര്യത്തിനും വിധേയമാക്കുന്ന വ്യവസ്ഥകള്‍ അമേരിക്കന്‍ കോണ്‍ഗ്രസ്‌ ഉറപ്പ്‌ വരുത്തി. അമേരിക്കന്‍ പരിശോധനയും സര്‍ട്ടിഫിക്കറ്റ്‌ നല്‍കല്‍പോലും. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങാകട്ടെ പാര്‍ലമെന്റില്‍നിന്നും ജനങ്ങളില്‍നിന്നും കരാറിന്റെ വിശദാംശങ്ങള്‍ 'ഹൈഡ്‌' ചെയ്യുന്ന 'ആക്ട്‌' (നാടകം) ആണ്‌ ഇതുവരെ അഭിനയിച്ചത്‌. എങ്കിലും, യു.പി.എ. ഏകോപനസമിതിയില്‍ ചര്‍ച്ച ചെയ്യാതെയും ബോധ്യപ്പെടുത്താതെയും അന്താരാഷ്ട്ര ആണവ ഏജന്‍സിക്ക്‌ മുമ്പിലേക്കോ കരാര്‍ ഒപ്പുവെക്കുന്നതിലേക്കോ നീങ്ങുകയില്ലെന്ന്‌ പ്രധാനമന്ത്രി ഉറപ്പു നല്‍കിയിരുന്നു.

എല്ലാം ഒരു നാടകമായിരുന്നു. ജപ്പാന്‍ ഉച്ചകോടിക്ക്‌ പുറപ്പെടും മുമ്പുതന്നെ ഐ.എ.ഇ.എ. ഡയറക്‌ടര്‍ ബോര്‍ഡ്‌ മുമ്പാകെ സുരക്ഷാമാര്‍ഗനിര്‍ദേശ കരടുരേഖകള്‍ എത്തിക്കാന്‍ തീരുമാനിച്ചിരുന്നു; കരാറില്‍ ഒപ്പിടാനും. ഇടതുപക്ഷത്തെ ഒഴിവാക്കി ഭൂരിപക്ഷം ഉറപ്പിക്കാനുള്ള മാര്‍ഗങ്ങളും കണ്ടെത്തിയിരുന്നു. അതെല്ലാം ഇപ്പോള്‍ പുറത്തായിക്കഴിഞ്ഞു.

ഇടതുപക്ഷ പാര്‍ട്ടികളുടെ കൈകളില്‍ സുരക്ഷാ കരട്‌ രേഖകള്‍ എത്തിയാല്‍ തീവ്രവാദികളുടെ കൈകളിലെത്തുമെന്ന സര്‍ക്കാര്‍ നിലപാടാണ്‌ ഏറ്റവും പരിഹാസ്യമായത്‌. ഐ.എ.ഇ.എ. മുമ്പാകെ രേഖകള്‍ സമര്‍പ്പിക്കും മുമ്പു തന്നെ അവ അമേരിക്കയിലെത്തിയിരുന്നു. അവരുടെ വെബ്‌സൈറ്റുകള്‍ തന്നെ സാക്ഷ്യപത്രം. തുടര്‍ന്ന്‌ ഇന്ത്യക്കും സ്വന്തം വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തേണ്ടി വന്നു. യഥാര്‍ഥത്തില്‍ കഴിഞ്ഞ വര്‍ഷം ആഗസ്‌തില്‍ത്തന്നെ ഇടതുപക്ഷ കക്ഷികളെ ഉപേക്ഷിക്കാന്‍ മന്‍മോഹന്‍സിങ്‌ തീരുമാനിച്ചിരുന്നു. ആഗസ്‌ത്‌ 11ന്റെ ടെലിഗ്രാഫ്‌ അഭിമുഖം അതിനായിരുന്നു. പിന്നെ ചുവടുമാറ്റിയെന്നു മാത്രം.

പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ ഈ അമേരിക്കന്‍ രഹസ്യബന്ധ പശ്ചാത്തലം പുത്തനല്ല. വാഷിങ്‌ടണിലെ ലോകബാങ്ക്‌ ആസ്ഥാനത്തുനിന്ന്‌ അദ്ദേഹം പി.വി. നരസിംഹറാവുവിന്റെ മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയായി അപ്രതീക്ഷിതമായി ചുമതല ഏല്‍ക്കുന്നതോടെ ഈ അമേരിക്കന്‍ ബന്ധം ശ്രദ്ധേയമായി.

പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ മുഖ്യസാമ്പത്തിക ഉപദേഷ്‌ടാവും ജ്യോതിബസുവിനു കീഴില്‍ ധനമന്ത്രിയുമായിരുന്ന ഡോ. അശോക്‌ മിത്ര അദ്ദേഹത്തിന്റെ പുസ്‌തകത്തില്‍ (A Prattlers Tale: Bengal Marxism and Governance, Samya Publications) മന്‍മോഹന്‍സിങ്ങിന്റെ രാഷ്ട്രീയാവതാരം വെളിപ്പെടുത്തിയിട്ടുണ്ട്‌.

''ഐ.എം.എഫും ലോകബാങ്കുമായി ഏകോപനം നടത്തി യു.എസ്‌. ഭരണകൂടം 'കര്‍ക്കശമായ' സന്ദേശം ഡല്‍ഹിക്ക്‌ നല്‍കി. 1991ലെ ലോക്‌സഭാ ഫലങ്ങള്‍ പുറത്തുവന്നയുടനെ രഹസ്യ ചര്‍ച്ചകളിലൂടെയാണ്‌ അത്‌ നിര്‍വഹിച്ചത്‌. അനുസരിക്കുക, നിങ്ങളെ സ്വയം രക്ഷിക്കുക അല്ല, തിരസ്‌കരിക്കുകയാണെങ്കില്‍ പോയി കെട്ടിത്തൂങ്ങുക. ഡല്‍ഹി സമ്മതിക്കുകയും അനുസരിക്കുകയും ചെയ്‌തു. ഇത്തരം ഉറപ്പുകള്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ മറികടന്ന സാഹചര്യത്തില്‍ വാഷിങ്‌ടണ്‍ വ്യക്തമായ ഒരു ഉറപ്പ്‌ തേടിയിരുന്നു. ഐ.എം.എഫും ലോകബാങ്കും ഇന്ത്യയുടെ ധനമന്ത്രിയെ നിര്‍ദേശിക്കും, അമേരിക്കന്‍ അധികൃതരുമായി ചര്‍ച്ച ചെയ്‌തശേഷം.''

അങ്ങനെയാണ്‌ ഒടുവില്‍ മന്‍മോഹന്‍സിങ്‌ 1991-ല്‍ കോണ്‍ഗ്രസ്‌ (ഐ) ഗവണ്‍മെന്റിന്റെ ധനമന്ത്രിയായി മാറുന്നതെന്ന്‌ ഡോ. അശോക്‌ മിത്ര വിശദീകരിക്കുന്നു. ഇന്ത്യന്‍ സാമ്പത്തിക മണ്ഡലത്തില്‍ ഭൂകമ്പം സൃഷ്‌ടിച്ച രണ്ട്‌ സംഭവങ്ങള്‍ ഇവിടെ ഓര്‍ക്കാം. ഒന്ന്‌, 1991ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്പ്‌ ചന്ദ്രശേഖര്‍ പ്രധാനമന്ത്രിയായ ഘട്ടം. ഇന്ത്യയുടെ വിദേശനാണ്യ ശേഖരം കുത്തനെ ഇടിഞ്ഞു. രണ്ടാഴ്‌ചത്തെ ഇറക്കുമതിക്ക്‌ മാത്രം വിദേശനാണ്യം കഷ്‌ടി. അപ്പോഴാണ്‌ ലോകബാങ്ക്‌ കസേരയില്‍ നിന്ന്‌ ധനകാര്യമന്ത്രിയായി മന്‍മോഹന്‍സിങ്‌ സൗത്ത്‌ ബ്ലോക്കിലെത്തുന്നത്‌. രണ്ട്‌, ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ (ഐ) പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി സോണിയാഗാന്ധി തിരഞ്ഞെടുക്കപ്പെട്ടു. പ്രധാനമന്ത്രിയാകാന്‍ രാഷ്ട്രപതി ക്ഷണിക്കുകയും ചെയ്‌തു. ഉടനെ ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച. സോണിയാഗാന്ധി മന്‍മോഹന്‍സിങ്ങിനെ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചതോടെ എല്ലാം ശാന്തം. പൂര്‍വസ്ഥിതി. ഒരു മാന്ത്രിക കഥയിലെന്ന പോലെ റാവു മന്ത്രിസഭയിലെ ധനമന്ത്രിയായാണ്‌ മന്‍മോഹന്‍ ആഗോളവത്‌കരണത്തിന്റെ വാതില്‍ തുറന്നുകൊടുത്തത്‌. ഇടയ്‌ക്കു വന്ന വാജ്‌പേയിയുടെ എന്‍.ഡി.എ. മന്ത്രിസഭയ്‌ക്കും ആ പാത തുടരേണ്ടിവന്നു. പ്രധാനമന്ത്രിയായപ്പോള്‍ ഒരു പടികൂടി കടന്ന്‌ ഇന്ത്യയുടെ സ്വതന്ത്ര വിദേശനയവും സ്വാശ്രയത്വവും പരമാധികാരവും മന്‍മോഹന്‍ പണയപ്പെടുത്തി. അമേരിക്കയോടുള്ള പ്രത്യേക ചങ്ങാത്തം. ടോക്കിയോ ഉച്ചകോടിയില്‍ മന്‍മോഹനുമായുള്ള പ്രത്യേക ബന്ധം തേനൂറുന്ന വാക്കുകളില്‍ ബുഷ്‌ പ്രകടിപ്പിക്കുകയും ചെയ്‌തു.

ഇന്ത്യ-അമേരിക്കന്‍ ആണവക്കരാറിന്റെ മേല്‍വിലാസത്തിലാണ്‌ ഇന്ത്യ ഐ.എ.ഇ.എ.യെ സമീപിച്ചിട്ടുള്ളതെന്ന്‌ സമര്‍പ്പിച്ച രേഖകളുടെ ആദ്യഖണ്ഡിക വെളിപ്പെടുത്തുന്നു. അമേരിക്കയെപ്പോലെത്തന്നെ ഇന്ത്യയും തുല്യ അവകാശമുള്ള ഒരു ഐ.എ.ഇ.എ. അംഗമാണ്‌. അതിലേറെ കഴിഞ്ഞ 60 വര്‍ഷങ്ങളായി ഹോമി ജെ. ഭാഭയെപ്പോലുള്ളവരുടെ ദീര്‍ഘദര്‍ശിത്വത്തില്‍ സ്വന്തം കാലില്‍നിന്ന്‌ സമാധാനാവശ്യങ്ങള്‍ക്കുവേണ്ടി ആണവോര്‍ജം വികസിപ്പിച്ചെടുത്ത രാജ്യം. ഉന്നത ആണവ ശാസ്‌ത്രജ്ഞരടക്കം 45,000 പേര്‍ ഇതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്നു. ഈ മേഖലയില്‍ നമ്മുടേതായ അറിവും സാങ്കേതികജ്ഞാനവുമുണ്ട്‌. 15,00,000 മനുഷ്യവര്‍ഷങ്ങള്‍ ചുരുങ്ങിയത്‌ ഈ മേഖലയ്‌ക്കുവേണ്ടി ഇന്ത്യ ചെലവഴിച്ചിട്ടുണ്ട്‌. അവ സ്വകാര്യമായി പരിരക്ഷിക്കാനുള്ള ബാധ്യത ഗവണ്‍മെന്റിന്റെതാണ്‌. അതു നിറവേറ്റിയില്ല.
നിലവിലുള്ള 400 മെഗാവാട്ട്‌ ആണവോര്‍ജശേഷി 2,74,000 മെഗാവാട്ടാക്കി ഉയര്‍ത്താനുള്ള മൂന്നു ഘട്ടങ്ങളുള്ള പരിപാടിയിലാണ്‌ ഇന്ത്യ. ഇപ്പോള്‍ രണ്ടാംഘട്ടത്തില്‍ തോറിയം ബ്രീഡര്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണിത്‌. 500 മെഗാവാട്ട്‌ ബ്രീഡര്‍ പവര്‍ പ്ലാന്റ്‌ തയ്യാറായിക്കഴിഞ്ഞു. നാലു വര്‍ഷംകൊണ്ട്‌ അതു പ്രവര്‍ത്തനക്ഷമമാകും. 110 കോടിയിലേറെ വരുന്ന ഒരു ജനതയുടെ സ്വാശ്രയ സ്വപ്‌നങ്ങളുടെയും കഠിനാധ്വാനത്തിന്റെയും പ്രതീകമായ ഈ ആണവോര്‍ജ പദ്ധതിയെ സംബന്ധിച്ച്‌ നമ്മുടെ പ്രധാനമന്ത്രിക്കോ ഇന്ത്യ-അമേരിക്ക കരാറിനോ കണ്ട ഭാവമില്ല.

ആണവോര്‍ജ ശാസ്‌ത്രജ്ഞരോടോ ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ തലവന്മാരോടോ ആലോചിച്ചല്ല മന്‍മോഹന്‍സിങ്‌ ഏകപക്ഷീയമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ളത്‌. പി.കെ. അയ്യങ്കാരെപ്പോലുള്ള ശാസ്‌ത്ര പ്രതിഭകളാണ്‌ നമ്മുടെ സ്വതന്ത്രപദ്ധതികളുടെ ഭദ്രതയും സ്വകാര്യതയും ഒപ്പം രാജ്യതാത്‌പര്യവും തകര്‍ക്കുന്നതാണ്‌ കരാറിന്റെ ഉള്ളടക്കമെന്ന്‌ ആദ്യം ശബ്ദമുയര്‍ത്തിയത്‌. അത്‌ ഏറ്റെടുക്കുകയാണ്‌ ദേശാഭിമാനമുള്ള ഇന്ത്യയിലെ ഇടതുപക്ഷകക്ഷികള്‍ ചെയ്‌തത്‌. അതിന്റെ പ്രതിധ്വനി യു.പി.എ. ഘടകകക്ഷിക്കകത്തും കോണ്‍ഗ്രസ്‌ (ഐ)യിലും ഇപ്പോള്‍ കരാറിന്‌ പിന്തുണ പറഞ്ഞ്‌ സര്‍ക്കാറിന്റെ വാലില്‍ തൂങ്ങിയിട്ടുള്ള സമാജ്‌വാദി പാര്‍ട്ടിയില്‍പ്പോലും അലയടിക്കുകയാണ്‌. മുസ്‌ലിം ലീഗില്‍ കാണുന്ന ആശങ്കയും അതുതന്നെ. ഇടതുപക്ഷത്തെ പരിഹസിക്കുമ്പോഴും 'തനിക്കും ചില വിയോജിപ്പുകളുണ്ടെ'ന്ന്‌ ടി.വി.ആര്‍. ഷേണായി പോലും സമ്മതിക്കുന്നു.

അധികാരത്തില്‍ തുടര്‍ന്ന്‌ കരാര്‍ ഒപ്പിടാനുള്ള വിശ്വാസവോട്ട്‌ മന്‍മോഹന്‍സിങ്ങിന്‌ ലഭിക്കുമോ? അമേരിക്കന്‍ പിന്തുണ അത്‌ ഉറപ്പുവരുത്തിയേക്കാം. ആഗോളീകരണം വളര്‍ത്തി ശതകോടീശ്വരന്മാരാക്കിയ അംബാനിമാരും സഹാറശ്രീമാരും മറ്റും ഉള്‍ക്കൊള്ളുന്ന ഇന്ത്യന്‍ വന്‍കിട ബൂര്‍ഷ്വാസിയുടെ കനത്ത തോല്‍സഞ്ചികളും മത്സരിച്ച്‌ രംഗത്തുണ്ട്‌.

സാമ്രാജ്യത്വത്തിന്റെ മേല്‍ക്കുപ്പായം ഒടുവില്‍ ലൂയി ബോണാപാര്‍ട്ടിന്റെ ചുമലില്‍ വീഴുമ്പോള്‍ വെന്റം സ്‌തൂപത്തില്‍ ഉറപ്പിച്ച നെപ്പോളിയന്റെ വെങ്കല പ്രതിമ തകര്‍ന്ന്‌ താഴെ വീഴുന്നതിനെപ്പറ്റി ബ്രൂമെയര്‍ -18 എന്ന ലേഖനത്തില്‍ കാള്‍മാര്‍ക്‌സ്‌ വിവരിക്കുന്നുണ്ട്‌. ജൂലായ്‌ 22-ന്‌ ലോക്‌സഭയില്‍ മന്‍മോഹന്‍സിങ്ങിന്റെ ചുമലില്‍ വിജയത്തിന്റെ മേലങ്കി വീഴുകയാണെങ്കിലോ? 'ഹേ രാം' എന്ന ആര്‍ത്തനാദത്തോടെ യമുനാതീരത്തെ ഗാന്ധി സമാധി പൊട്ടിപ്പിളര്‍ന്നേക്കും. അതിന്റെ മാറ്റൊലി മറ്റൊരു നിലവിളിയായി തീന്‍മൂര്‍ത്തി ഭവനിലെ സ്‌മൃതി മന്ദിരത്തില്‍നിന്നും ഉണ്ടാകും.

*
കടപ്പാട്: ശ്രീ. അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്, മാതൃഭൂമി ദിനപ്പത്രം

3 comments:

വര്‍ക്കേഴ്സ് ഫോറം said...

തുടക്കം 2005 ജൂലായിലെ അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും പ്രസിഡന്റ്‌ ജോര്‍ജ്‌ ഡബ്ല്യു. ബുഷും തമ്മിലുള്ള കൂടിക്കാഴ്‌ചയില്‍. അതിന്‌ മുന്‍കൂറോ പിന്‍കൂറോ യു.പി.എ.യുടെയോ ഇടതുപക്ഷം ഉള്‍ക്കൊള്ളുന്ന ഏകോപനസമിതിയുടെയോ പിന്തുണയോ അറിവോ ഉണ്ടായിരുന്നില്ല. ഇതിന്റെ തുടര്‍ച്ചയായാണ്‌ 123 ആണവക്കരാര്‍ അമേരിക്കയുമായി രൂപപ്പെട്ടത്‌. അമേരിക്കന്‍ താത്‌പര്യം കൃത്യമായി ഉറപ്പുവരുത്തുന്ന ഹൈഡ്‌ ആക്ട്‌നിയമം. ഇന്ത്യയുടെ വിദേശനയവും തന്ത്രപ്രധാനമേഖലകളും അമേരിക്കന്‍ നയത്തിനും താത്‌പര്യത്തിനും വിധേയമാക്കുന്ന വ്യവസ്ഥകള്‍ അമേരിക്കന്‍ കോണ്‍ഗ്രസ്‌ ഉറപ്പ്‌ വരുത്തി. അമേരിക്കന്‍ പരിശോധനയും സര്‍ട്ടിഫിക്കറ്റ്‌ നല്‍കല്‍പോലും. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങാകട്ടെ പാര്‍ലമെന്റില്‍നിന്നും ജനങ്ങളില്‍നിന്നും കരാറിന്റെ വിശദാംശങ്ങള്‍ 'ഹൈഡ്‌' ചെയ്യുന്ന 'ആക്ട്‌' (നാടകം) ആണ്‌ ഇതുവരെ അഭിനയിച്ചത്‌. എങ്കിലും, യു.പി.എ. ഏകോപനസമിതിയില്‍ ചര്‍ച്ച ചെയ്യാതെയും ബോധ്യപ്പെടുത്താതെയും അന്താരാഷ്ട്ര ആണവ ഏജന്‍സിക്ക്‌ മുമ്പിലേക്കോ കരാര്‍ ഒപ്പുവെക്കുന്നതിലേക്കോ നീങ്ങുകയില്ലെന്ന്‌ പ്രധാനമന്ത്രി ഉറപ്പു നല്‍കിയിരുന്നു.
***
അധികാരത്തില്‍ തുടര്‍ന്ന്‌ കരാര്‍ ഒപ്പിടാനുള്ള വിശ്വാസവോട്ട്‌ മന്‍മോഹന്‍സിങ്ങിന്‌ ലഭിക്കുമോ? അമേരിക്കന്‍ പിന്തുണ അത്‌ ഉറപ്പുവരുത്തിയേക്കാം. ആഗോളീകരണം വളര്‍ത്തി ശതകോടീശ്വരന്മാരാക്കിയ അംബാനിമാരും സഹാറശ്രീമാരും മറ്റും ഉള്‍ക്കൊള്ളുന്ന ഇന്ത്യന്‍ വന്‍കിട ബൂര്‍ഷ്വാസിയുടെ കനത്ത തോല്‍സഞ്ചികളും മത്സരിച്ച്‌ രംഗത്തുണ്ട്‌.

ശ്രീ. അപ്പുക്കുട്ടന്‍ വള്ളിക്കുന്നിന്റെ തികച്ചും പ്രസക്തമായ ലേഖനം കൂടുതല്‍ ചര്‍ച്ചകള്‍ക്കായി പ്രസിദ്ധീകരിക്കുന്നു..

Anonymous said...

http://www.youtube.com/watch?v=GfioKsMobrE

18 years since the movie was released. Commies die hard.

അനില്‍@ബ്ലോഗ് // anil said...

“ജൂലായ്‌ 22-ന്‌ ലോക്‌സഭയില്‍ മന്‍മോഹന്‍സിങ്ങിന്റെ ചുമലില്‍ വിജയത്തിന്റെ മേലങ്കി വീഴുകയാണെങ്കിലോ? 'ഹേ രാം' എന്ന ആര്‍ത്തനാദത്തോടെ യമുനാതീരത്തെ ഗാന്ധി സമാധി പൊട്ടിപ്പിളര്‍ന്നേക്കും. അതിന്റെ മാറ്റൊലി മറ്റൊരു നിലവിളിയായി തീന്‍മൂര്‍ത്തി ഭവനിലെ സ്‌മൃതി മന്ദിരത്തില്‍നിന്നും ഉണ്ടാകും.“
ബധിര കര്‍ണ്ണങ്ങളീല്‍ പതിക്കുന്ന മാറ്റൊലി ഭാരതത്തെ രക്ഷിക്കയില്ല. സാമ്രാജ്യത്വത്തിന്റെ ആക്രമണങ്ങളെ ചെറുക്കാന്‍ തൊഴിലെടുക്കുന്നവര്‍ സഘടിച്ചേ മതിയാകൂ. അതാണു ഇടതുപക്ഷത്തിന്റെ കര്‍ത്തവ്യം.