Thursday, February 12, 2009

പരിണാമസിദ്ധാന്തത്തിന് നൂറ്റിയന്‍പത് വയസ്സ്

ഫെബ്രുവരി 12 ചാള്‍സ് ഡാര്‍വിന്റെ ജന്മദിനമാണ്. 1809 ഫെബ്രുവരി 12നാണ് അദ്ദേഹം ജനിച്ചത്. 2009 ഫെബ്രുവരി 12 അദ്ദേഹത്തിന്റെ ഇരുന്നൂറാം ജന്മവാര്‍ഷികമാണ്. അങ്ങനെ ഈ വര്‍ഷം ജീവശാസ്‌ത്ര ചരിത്രത്തിലെ വിപുലമായ ഒരു വിജ്ഞാന ആഘോഷത്തിന് കാരണമാകുന്നു.

ജന്മവാര്‍ഷികം മാത്രമല്ല, ഡാര്‍വിനുമായി ബന്ധപ്പെട്ട മറ്റൊരു സ്‌മരണ കൂടിയുണ്ട് ഇതേ കാലത്ത്. 1859ലാണ് ഡാര്‍വിന്‍ അദ്ദേഹത്തിന്റെ "പ്രകൃതി നിര്‍ദ്ധാരണം വഴിയുള്ള സ്‌പീഷീസുകളുടെ ഉല്‍പത്തി അഥവാ നിലനില്‍പ്പിന് വേണ്ടിയുള്ള സമരത്തില്‍ അനുകൂലത കൂടിയവയുടെ അനുയോജനം'' എന്ന ഗ്രന്ഥം പ്രസിദ്ധപ്പെടുത്തിയത്.

പുസ്‌തകത്തിന്റെ പേര് വളരെ ദൈര്‍ഘ്യമുള്ളതായി തോന്നുന്നില്ലേ? ശരിയാണ്. അതുകൊണ്ട് എളുപ്പത്തിനായി പുസ്‌തകത്തിന്റെ ഇംഗ്ളീഷിലുള്ള പേരിന്റെ ആദ്യത്തെ രണ്ട് വാക്കുകളാണ് സാധാരണ എഴുത്തിലും പ്രസംഗത്തിലും ഉപയോഗിക്കുന്നത്. 'ഒറിജിന്‍ ഓഫ് സ്‌പീഷീസ്' ജീവിവര്‍ഗ്ഗങ്ങളുടെ ഉദ്ഭവം എന്ന് മലയാളത്തില്‍ വിളിച്ചോളൂ.

ഇക്കൊല്ലം ഒറിജിന്‍ ഓഫ് സ്‌പീഷീസ് പുറത്തുവന്നതിന്റെ 150-ാം വാര്‍ഷികമാണ്. അങ്ങനെ ശാസ്‌ത്രചരിത്രത്തില്‍ പൊതുവിലും ജീവശാസ്‌ത്ര ചരിത്രത്തില്‍ വിശേഷിച്ചും 2009 വലിയ പ്രാധാന്യമുള്ള ഒന്നായി മാറുന്നു.

ജീവന്‍ എങ്ങനെയുണ്ടായി എന്നല്ല ഡാര്‍വിന്‍ അന്വേഷിച്ചത്. അദ്ദേഹത്തിന്റെ പഠനവിഷയത്തിന് പുറത്തായിരുന്നു ആ ചോദ്യം. പക്ഷേ ഒരു കാര്യം അദ്ദേഹത്തിന് ഉറപ്പായിരുന്നു. എല്ലാ ജീവിവര്‍ഗ്ഗങ്ങളും ഏകകാലത്ത് ഉത്ഭവിച്ച വ്യത്യസ്‌ത വര്‍ഗ്ഗങ്ങളല്ല. പകരം പ്രാഥമിക ജീവരൂപങ്ങളില്‍ നിന്ന് പരിണമിച്ചുണ്ടായതാണ്.

ജീവിവര്‍ഗ്ഗങ്ങളുടെ വൈവിധ്യത്തില്‍നിന്നാണ് ഡാര്‍വിന്‍ തന്റെ പരികല്‍പനകള്‍ ആരംഭിക്കുന്നത്. 1831ല്‍ ബീഹിള്‍ എന്ന പര്യവേഷണ കപ്പലില്‍ പ്രകൃതി ശാസ്‌ത്രജ്ഞനായി ചേര്‍ന്ന ഡാര്‍വിന്‍ തെക്കേ അമേരിക്കയുടെ തീരത്തുള്ള ഗാലപ്പഗോസ് ദ്വീപുകളിലെ ജൈവ വൈവിധ്യത്തെക്കുറിച്ച് നിരവധി പഠനങ്ങള്‍ നടത്തി. ഫിഞ്ചുകള്‍ എന്ന ഒരുതരം പക്ഷികളുടെ വൈവിധ്യമാണ് ഡാര്‍വിന്റെ സവിശേഷ ശ്രദ്ധ ആകര്‍ഷിച്ചത്.ഏറ്റവും ചുരുങ്ങിയത് പതിനാല് സ്‌പീഷീസുകളെങ്കിലും അവയ്‌ക്കുണ്ട് എന്നദ്ദേഹം കണ്ടെത്തി.

എന്തുകൊണ്ട് ഈ വൈവിധ്യം? അവയുടെ ഭക്ഷണത്തിലെ വൈവിധ്യത്തില്‍നിന്നാണ് വ്യത്യസ്തമായ വര്‍ഗ്ഗങ്ങള്‍ ഉണ്ടായത് എന്ന് അദ്ദേഹം അനുമാനിച്ചു. ഒരേ സാഹചര്യത്തില്‍ നിലനില്‍ക്കുന്ന ജീവികള്‍ നിലനില്‍പിനായുള്ള മല്‍സരത്തില്‍ ഏര്‍പ്പെടുന്നു. ശേഷിയുള്ളത് അതിജീവിക്കുന്നു. അവ കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുന്നു. ശേഷിയില്ലാത്തവ നശിക്കുകയോ വ്യത്യസ്ത വഴികള്‍ തേടുകയോ ചെയ്യുന്നു. അങ്ങനെയാണ് ആദിമജീവനില്‍നിന്ന് ഇന്നത്തെ ജൈവവൈവിധ്യത്തിലേയ്‌ക്ക് ജീവലോകം എത്തിയത്. ഇതിനെയാണ് ഡാര്‍വിന്‍ പ്രകൃതി നിര്‍ദ്ധാരണം എന്ന് വിളിച്ചത്.

നിലനില്‍പിനായുള്ള സമരം എന്ന ആശയം യഥാര്‍ത്ഥത്തില്‍ ഡാര്‍വിന്റെ സ്വന്തമല്ല. തോമസ് റോബര്‍ട്ട് മാള്‍ത്തുസ് എന്ന പാതിരിയാണ് ഈ ആശയം ആവിഷ്‌ക്കരിച്ചത്. മാള്‍ത്തുസ് മനുഷ്യരുടെ ജനസംഖ്യ തത്വങ്ങളെക്കുറിച്ചാണ് എഴുതിയത്. മനുഷ്യരുടെ അംഗസംഖ്യ അവര്‍ക്ക് ലഭിക്കുന്ന ഭക്ഷണത്തേക്കാള്‍ കൂടുതല്‍ വേഗത്തില്‍ വര്‍ദ്ധിക്കുമെന്നും അതിനാല്‍ പട്ടിണിയോ രോഗങ്ങളോ യുദ്ധമോ ജനസംഖ്യയെ കുറയ്‌ക്കാതിരിക്കില്ലെന്നുമായിരുന്നു മാള്‍ത്തുസിന്റെ സിദ്ധാന്തം. പൂര്‍ണ്ണമായും മുതലാളിത്തത്തിന്റെ സിദ്ധാന്തമായിരുന്നു അത്. ഇതനുസരിച്ച് പട്ടിണിയും യുദ്ധവുമൊക്കെ ഒഴിവാക്കാന്‍ പാടില്ലാത്തതാണ്. അവ ജനസംഖ്യ കുറയ്‌ക്കാനുള്ള ഉപാധികളാണ്. അവയില്‍പെട്ട് നശിച്ച് പോകുന്നവര്‍ നിലനില്‍പിനായുള്ള സമരത്തില്‍ പരാജയപെടുന്നവര്‍ മാത്രം.

ഈ പരികല്‍പന ജീവിവര്‍ഗ്ഗത്തിന്റെ ഉല്‍ഭവത്തിന്റെ ശാസ്‌ത്രീയ കാരണങ്ങള്‍ കണ്ടെത്തുന്നതിന് ഡാര്‍വിന്‍ ഉപയോഗിച്ചു. ജീവിവര്‍ഗ്ഗങ്ങള്‍ പരിണമിച്ചുണ്ടായതാണ് എന്ന സിദ്ധാന്തത്തിലാണ് ഇതിലൂടെ ഡാര്‍വിന്‍ എത്തിച്ചേര്‍ന്നത്.

നിരവധി ചോദ്യങ്ങള്‍ ബാക്കി കിടന്നു. മുമ്പുപറഞ്ഞതുപോലെ ജീവന്‍ ആദ്യമായി എങ്ങനെയുണ്ടായി എന്ന ചോദ്യം, മനുഷ്യന്‍ പരിണമിച്ചുണ്ടായത് ഏത് ജീവിയില്‍ നിന്നാണ് എന്ന ചോദ്യം, തിമിംഗലങ്ങള്‍പോലെയുള്ള വലിയ ജലജീവികള്‍ എങ്ങനെയുണ്ടായി എന്ന ചോദ്യം... ഇവയൊക്കെ ഉത്തരം കിട്ടാതെ അവശേഷിച്ചിരുന്നവയാണ്.

മനുഷ്യന്റെ കാര്യത്തില്‍ ഡാര്‍വിന്‍ ഏറെ പഴികേട്ടു. മനുഷ്യനും കുരങ്ങും തമ്മിലുള്ള സാദൃശ്യം ഡാര്‍വിന്‍ ചൂണ്ടിക്കാണിച്ചിരുന്നു. കുരങ്ങില്‍നിന്നാണ് മനുഷ്യനുണ്ടായത് എന്ന് ഡാര്‍വിന്‍ സിദ്ധാന്തിച്ചു എന്നായി ആക്ഷേപം. ആക്ഷേപത്തിന്റെ മുന്‍നിരയില്‍ മതപുരോഹിതന്മാരായിരുന്നു. വിശേഷിച്ചും കത്തോലിക്കാ പുരോഹിതന്മാര്‍. ദൈവം മണ്ണ് കുഴച്ചെടുത്ത് ആദമിനേയും ആദമിന്റെ വാരിയെല്ലില്‍നിന്ന് ഹൌവ്വയേയും സൃഷ്‌ടിച്ചു എന്ന വിശ്വാസവുമായി ഡാര്‍വിന്റെ വാദങ്ങള്‍ പൊരുത്തപ്പെടാതിരുന്നത് തന്നെ കാരണം. യഥാര്‍ത്ഥത്തില്‍ മനുഷ്യന്റെ ഉല്‍പത്തിയെപ്പറ്റി ഡാര്‍വിന്‍ ഏറെയൊന്നും പറഞ്ഞിരുന്നില്ല. അദ്ദേഹത്തിന് അതേക്കുറിച്ച് വലുതായൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.

എന്നാല്‍ ഇന്ന് നമുക്കറിയാം. മനുഷ്യന്‍ പരിണമിച്ചുണ്ടായത് കുരങ്ങില്‍ നിന്നല്ല. ആസ്‌ത്രലോപിത്തക്കസ് അഫാരന്‍സിസ് എന്ന ജീവിവര്‍ഗ്ഗത്തില്‍നിന്നാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ ആഫ്രിക്കയില്‍നിന്ന് ലഭിച്ച ഫോസിലുകള്‍ അത് സാക്ഷ്യപ്പെടുത്തുന്നു. രണ്ട് കാലില്‍ നിവര്‍ന്ന് നടക്കാന്‍ കഴിയുന്ന, മരം കയറാന്‍ കഴിയുന്ന ഒരു സ്‌പീഷീസ് തന്നെയാണ് ആസ്‌ത്രലോപിത്തക്കസ് അഫാരന്‍സിസ്.

തിമിംഗലങ്ങളുടെ കാര്യത്തിലും ഡാര്‍വിന് ശേഷമാണ് വ്യക്തമായ തെളിവുകള്‍ കിട്ടിയത്. കരയില്‍ ജീവിച്ചിരുന്ന സസ്‌തനികള്‍ കടലിലേയ്‌ക്ക് ഇറങ്ങി പരിണമിച്ചതാണ് തിമിംഗലങ്ങള്‍ എന്നായിരുന്നു ഡാര്‍വിന്റെ പരികല്‍പന. ഇതിലും അദ്ദേഹം ഏറെ പരിഹാസം കേട്ടു. ഒരു കരടി കുറേക്കാലം വെള്ളത്തില്‍ നീന്തി നീന്തി തിമിംഗലമായി മാറുമോ എന്നുവരെ ചോദ്യമുയര്‍ന്നു. പക്ഷേ പിന്നീട് ഇതിനും ഉത്തരം കിട്ടി. മിഷിഗണ്‍ സര്‍വകലാശാലയിലെ ഗവേഷകനായ ഫിലിപ്പ് ഗഞ്ചിറിക് പാകിസ്ഥാനില്‍നിന്ന് ഒരു ഫോസില്‍ കണ്ടെടുത്തു. തിമിംഗലങ്ങളുടെ അസ്ഥികൂടവുമായി അതിന് വളരെ സാദൃശ്യമുണ്ടായിരുന്നു. പക്ഷേ എല്ലാ തെളിവുകളും ഇത് ഒരു കരജീവിയായിരുന്നെന്നും തെളിയിച്ചു. കുറേക്കാലം കഴിഞ്ഞ് നാലുകാലില്‍ നടക്കാന്‍ കഴിയുന്ന ഒരു തിമിംഗലത്തിന്റെ ഫോസില്‍ കണ്ടെത്തി. ആദ്യത്തേതിന് പാക്കിസീറ്റസ് (പാകിസ്ഥാനിലെ തിമിംഗലം) എന്നും രണ്ടാമത്തേതിന് ആംബുലോസീറ്റസ് (നടക്കുന്ന തിമിംഗലം) എന്നുമാണ് പേരിട്ടത്. ഡാര്‍വിന്റെ പരികല്‍പനയില്‍നിന്ന് ഏറെയൊന്നും വ്യത്യസ്‌തമല്ല പുതിയ കണ്ടെത്തലുകള്‍. തിമിംഗലങ്ങള്‍ കരയില്‍ ജീവിച്ചിരുന്ന സസ്‌തനികള്‍ കടലിലിറങ്ങി പരിണമിച്ചവ തന്നെയാണ്. കൂടുതല്‍ അന്വേഷിച്ചാല്‍ പശുവും കുതിരയും തിമിംഗലവുമെല്ലാം ഒരു പൊതുപൂര്‍വികനില്‍ എത്തിച്ചേരും.

ഡാര്‍വിനിസത്തിനെതിരെ കത്തോലിക്കാ സഭ ദീര്‍ഘകാലം കുരിശുയുദ്ധം നടത്തി. പക്ഷേ ഒടുവില്‍ സഭയ്‌ക്കും സത്യം അംഗീകരിക്കേണ്ടിവന്നു. 1996ല്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ ഇങ്ങനെ പ്രഖ്യാപിച്ചു.

"പുതിയ അറിവുകള്‍ പരിണാമ സിദ്ധാന്തം വെറുമൊരു സിദ്ധാന്തമല്ല എന്ന് തിരിച്ചറിയാന്‍ സഹായിക്കുന്നുണ്ട്. അറിവിന്റെ വ്യത്യസ്‌ത മേഖലകളിലുണ്ടാകുന്ന പുതിയ കണ്ടുപിടുത്തങ്ങള്‍ ഈ സിദ്ധാന്തം ഗവേഷകര്‍ക്കിടയില്‍ അനുക്രമമായി സ്വീകാര്യമായി വരുന്നുണ്ട് എന്ന് കാണിക്കുന്നുണ്ട് എന്നത് എടുത്ത് പറയേണ്ട വസ്‌തുതയാണ്''.

പക്ഷേ, ജോണ്‍പോളിന്റെ അഭിപ്രായത്തില്‍ സഭ അധികകാലം മുന്നോട്ടുപോയില്ല. ഇപ്പോഴത്തെ മാര്‍പ്പാപ്പ ബനഡിൿട് പതിനാറാമന്‍ സഭയിലെ യാഥാസ്ഥിതിക വര്‍ഗ്ഗത്തിന്റെ പ്രതിനിധിയാണ്. അദ്ദേഹം ഡാര്‍വിനിസത്തെ നിരീശ്വരത്വ സിദ്ധാന്തമായി മുദ്രകുത്താനുള്ള ശ്രമം നടത്തിവരുന്നു.

കത്തോലിക്കര്‍ മാത്രമല്ല മറ്റ് ക്രിസ്‌തീയ വിഭാഗങ്ങളും ഇപ്പോള്‍ ഡാര്‍വിനിസത്തിനെതിരായി ശക്തമായി മുന്നിലുണ്ട്. പ്രപഞ്ചത്തിന് ഒരു രൂപകല്‍പിതാവ് ഇല്ലാതെ പറ്റില്ല എന്നാണ് അവര്‍ പറയുന്നത്. ഇത് രൂപകല്‍പനാ സിദ്ധാന്തം എന്നറിയപ്പെടുന്നു. അങ്ങനെ വന്നാല്‍ ഈ രൂപകല്‍പിതാവിനും ഒരു രൂപകല്‍പിതാവ് വേണ്ടേ എന്ന ചോദ്യം വരും. സൃഷ്‌ടാവിനും ഒരു സൃഷ്‌ടാവ് വേണം എന്നും വരും.

നില്‍ക്കട്ടെ. പരിണാമ സിദ്ധാന്തത്തിന്റെ ശാസ്‌ത്രീയ തെളിവുകള്‍ ഈ ലേഖനത്തില്‍ വിശദീകരിക്കുന്നില്ല. മറ്റൊരു പ്രധാന കാര്യം പറയാം. ഡാര്‍വിന്‍ തന്റെ പരികല്‍പനയുടെ ആദ്യ പ്രചോദനം സ്വീകരിച്ചത് മാള്‍ത്തുസിന്റെ സിദ്ധാന്തത്തില്‍ നിന്നാണെന്ന് പറഞ്ഞല്ലോ? മാള്‍ത്തുസിയന്‍ സിദ്ധാന്തത്തെ മുതലാളിത്തം കൂടുതല്‍ വികസിപ്പിച്ചു. ഇംഗ്ളണ്ടില്‍ ഹെര്‍ബര്‍ട്ട് സ്‌പെന്‍സര്‍ സോഷ്യല്‍ ഡാര്‍വിനിസം എന്ന സിദ്ധാന്തം അവതരിപ്പിച്ചു. മാള്‍ത്തുസിന്റെ സിദ്ധാന്തം കൂടുതല്‍ മനുഷ്യത്വരഹിതമായി മാറ്റിത്തീര്‍ത്താണ് അതുണ്ടാക്കിയത്. സ്‌പെന്‍സറുടെ സിദ്ധാന്തമനുസരിച്ച് ഒരു തരത്തിലുമുള്ള ക്ഷേമപ്രവര്‍ത്തനവും ആവശ്യമില്ല. ദരിദ്രര്‍ പട്ടിണി കിടന്ന് മരിച്ചാല്‍ അതും ശേഷിയില്ലാത്തവന്റെ പരാജയം മാത്രം. ഈ വാദത്തിന് ഡാര്‍വിനുമായോ ഡാര്‍വിനിസവുമായോ യാതൊരു ബന്ധവും ഇല്ലെന്ന് മാത്രം. ഏണസ്റ്റ് ഹൈക്കല്‍ ഡാര്‍വിനിസത്തെ ഫാസിസത്തിന് അനുകൂലമായി വ്യാഖ്യാനിച്ചു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ജര്‍മ്മന്‍കാര്‍ ഏറ്റവും ഉന്നതമായ വംശക്കാരാണ്. അതുകൊണ്ട് ജര്‍മ്മന്‍കാര്‍ക്ക് ലോകത്തിന്റെ മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ അവകാശമുണ്ട്. ഡാര്‍വിന്റെ സിദ്ധാന്തം മനുഷ്യസമൂഹത്തിന്റെ ഉള്ളിലുള്ള സാമ്പത്തികാസമത്വങ്ങളെക്കുറിച്ചല്ല, ജീവജാലങ്ങളിലെ സ്‌പീഷീസുകള്‍ തമ്മിലുള്ള അന്തരത്തെക്കുറിച്ചാണ് എന്ന കാര്യം മാത്രം ഇരുവരും കണക്കിലെടുത്തില്ല. എന്നാല്‍ ഡാര്‍വിനിസത്തിന് ഒരു മാർൿസിസ്റ്റ് വ്യാഖ്യാനമുണ്ട്. ഏംഗല്‍സ് ആണ് അത് മുന്നോട്ടുവച്ചത്. ജീവികള്‍ നിലനില്‍പിനായി മല്‍സരിക്കുന്നു എന്നും ഇത് ജന്തുലോകത്തിലെ ജീവശാസ്‌ത്ര നിയമമാണ് എന്നും പറഞ്ഞതിലൂടെ ഡാര്‍വിന്‍ തന്റെ സമകാലിക സമൂഹത്തെ പരിഹസിക്കുകയായിരുന്നുവെന്ന് ഏംഗല്‍സ് പറയുന്നു. അതായത് നിലനില്‍പിനായുള്ള സമരം ജന്തു-സസ്യ ലോകത്തിന്റെ പ്രാകൃതനിയമമാണ്. അവിടെ നിന്ന് മനുഷ്യനിലേക്ക് ഉയരണമെങ്കില്‍ പരസ്‌പര സഹകരണത്തിന്റെയും കൂട്ടായ്‌മയുടെയുടേയുമായ സാമ്പത്തികാസൂത്രണം വേണം. സമ്പത്തിന്റെ ഉല്‍പാദനത്തിലും വിതരണത്തിലും ബോധപൂര്‍വ്വമായ ഇടപെടലിലൂടെ ശേഷിയില്ലാത്തവരെ നിലനിര്‍ത്തണം. ഇതാണ് ഏംഗല്‍സിന്റെ വാദം.

മുതലാളിത്തം എത്രമാത്രം മനുഷ്യത്വവിരുദ്ധവും മാർൿസിസം എത്രമാത്രം മനുഷ്യത്വത്തെ ഉയര്‍ത്തിപ്പിടിക്കുന്നുവെന്നും തെളിയിക്കുന്നതാണ് ഈ രണ്ട് വ്യാഖ്യാനങ്ങള്‍.

*
ജോജി കൂട്ടുമ്മേല്‍ കടപ്പാട്: ദേശാഭിമാനി

3 comments:

വര്‍ക്കേഴ്സ് ഫോറം said...

ഫെബ്രുവരി 12 ചാള്‍സ് ഡാര്‍വിന്റെ ജന്മദിനമാണ്. 1809 ഫെബ്രുവരി 12നാണ് അദ്ദേഹം ജനിച്ചത്. 2009 ഫെബ്രുവരി 12 അദ്ദേഹത്തിന്റെ ഇരുന്നൂറാം ജന്മവാര്‍ഷികമാണ്. അങ്ങനെ ഈ വര്‍ഷം ജീവശാസ്‌ത്ര ചരിത്രത്തിലെ വിപുലമായ ഒരു വിജ്ഞാന ആഘോഷത്തിന് കാരണമാകുന്നു.

ജന്മവാര്‍ഷികം മാത്രമല്ല, ഡാര്‍വിനുമായി ബന്ധപ്പെട്ട മറ്റൊരു സ്‌മരണ കൂടിയുണ്ട് ഇതേ കാലത്ത്. 1859ലാണ് ഡാര്‍വിന്‍ അദ്ദേഹത്തിന്റെ "പ്രകൃതി നിര്‍ദ്ധാരണം വഴിയുള്ള സ്‌പീഷീസുകളുടെ ഉല്‍പത്തി അഥവാ നിലനില്‍പ്പിന് വേണ്ടിയുള്ള സമരത്തില്‍ അനുകൂലത കൂടിയവയുടെ അനുയോജനം'' എന്ന ഗ്രന്ഥം പ്രസിദ്ധപ്പെടുത്തിയത്.

Anonymous said...

സ്രഷ്ടാവ് എന്നതാണ് ശരിയായ രൂപം.സൃഷ്ടാവ് എന്നതല്ല. പറഞ്ഞു എന്നേയുള്ളൂ.

“മാർൿസിസം എത്രമാത്രം മനുഷ്യത്വത്തെ ഉയര്‍ത്തിപ്പിടിക്കുന്നുവെന്നും തെളിയിക്കുന്നതാണ് .....” ഇതെന്തായാലും ചിരിപ്പിച്ചു!

Anonymous said...

സൃഷ്ടി - സ്രഷ്ടാവ്. .

ചിരിക്കേണ്ടതല്ലാത്ത കാര്യങ്ങള്‍ വായിച്ചാലും ചിരിവരുന്നത് സിദ്ധി. നോ റ്റെന്‍ഷന്‍. ലൈഫ് ഹാപ്പി ഹാപ്പി. ഭാഗ്യ്‌വാന്‍.