Saturday, December 19, 2009

കമ്പനി സൂപ്പര്‍ താരങ്ങളുടെ പ്രതിഫലം

റിലയന്‍സ് മേധാവി മുകേഷ് അംബാനി സ്വന്തം ശമ്പളം മൂന്നിലൊന്നായി വെട്ടികുറച്ച വാര്‍ത്തയ്ക്ക് ഈയിടെ നല്ല പ്രചാരം കിട്ടി. മുകേഷ് മാതൃക സൃഷ്ടിച്ചുവെന്നാണ് പത്രങ്ങളെഴുതിയത്. മുകേഷിന്റെ വാര്‍ഷിക ശമ്പളം വെറും 44.02 കോടി രൂപയായിരുന്നു. അത് 15 കോടി രൂപയായി കുറച്ചു. അടുത്ത പടിയായി, രണ്ടാംനിരക്കാരുടെ വേതനവും മാതൃകാപരമായി വെട്ടിച്ചുരുക്കുമെന്നദ്ദേഹം പ്രസ്താവിക്കുകയും ചെയ്തു.

ശമ്പളം കുറച്ചുവെന്നത് ശരി. പക്ഷെ തൊട്ടു പിന്നാലെ മറ്റൊരു വാര്‍ത്തയും വന്നു. ബോംബെ, കഫേ പരേഡിലുള്ള മുകേഷ് അംബാനിയുടെ വീടിനു മുകളില്‍ ഹെലിപ്പാഡ് നിര്‍മ്മിക്കുന്നു. അയല്‍ക്കാരും പരിസ്ഥിതിപ്രവര്‍ത്തകരും എതിര്‍ത്തിട്ടും ഫലമുണ്ടായില്ല.

കമ്പനി മേധാവികളുടെ പ്രതിഫലം ഇന്ന് പരക്കെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ്. ആഗോളസാമ്പത്തിക പ്രതിസന്ധിയാണ് വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ടത്. തകര്‍ന്ന കമ്പനിയുടെ മേധാവികള്‍ വീണ്ടും ഉയര്‍ന്ന ശമ്പളം പറ്റുന്നതിനെതിരെ ജനരോഷം ആളിക്കത്തി. കമ്പനിയുടെ ജീവന്‍ നിലനിര്‍ത്താന്‍ പോലും നികുതിപ്പണം ചിലവിടുമ്പോള്‍ മേധാവികള്‍ കനത്ത ശമ്പളവും ബോണസ്സും വാങ്ങുകയോ?

മെറിള്‍ ലിഞ്ചിന്റെ കാര്യമെടുക്കുക. ട്രഷറി സെക്രട്ടറി തിമോത്തി ഗെയ്ത്നര്‍ക്ക് ഇടപെടേണ്ടി വന്നു. പക്ഷെ തിമോത്തി വരുംമുമ്പേ മേധാവികള്‍ ശമ്പളം പിന്‍വലിച്ചു കഴിഞ്ഞു. 90% നികുതി ചുമത്തി അധികശമ്പളം തിരിച്ചെടുക്കുമെന്ന് ഒബാമ താക്കീതു ചെയ്തു. നികുതിക്ക് മുന്‍കാല പ്രാബല്യം നല്‍കിയതുമില്ല. ഫ്രാന്‍സിലെ കാറ്റര്‍പില്ലര്‍, സോണി തുടങ്ങിയ കമ്പനികളുടെ മേധാവികളെ തൊഴിലാളികള്‍ തടഞ്ഞുവെയ്ക്കുകയുണ്ടായി. ജനശ്രദ്ധയില്‍ നിന്നൊഴിയാന്‍ അലസമായി വസ്ത്രധാരണം ചെയ്യണമെന്ന് മേധാവികളെ ഉപദേശിക്കേണ്ടി വന്നു.

പ്രതിഭകളുടെ വാദ്യമേളം

ആഗോളവല്‍ക്കരണത്തിന്റെ വിജയം പ്രതിഭകളുടെ വിശ്വസംഗമത്തിലാണെന്നാണ് വിശ്വാസം. ലോകത്തിന്റെ എല്ലാ കോണുകളിലുമുള്ള പ്രതിഭകള്‍ സംഗമിക്കുന്നതും അദൃശ്യകരങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്നതുമായ അതിശയകരമായ ഒരു ഓര്‍ക്കെസ്ട്രയായാണ് ആഗോളവല്‍ക്കരണം വിശേഷിപ്പിക്കപ്പെടുന്നത്. പ്രതിഭകളെ പിടിച്ചു നിര്‍ത്താന്‍ മതിയായ പ്രതിഫലം നല്‍കണം. സാഹസികമായ തീരുമാനങ്ങളെടുത്ത് കമ്പനിക്ക് ലാഭമുണ്ടാക്കുന്നത് അവരാണ്. ലാഭം കൂടിയാലേ കൂടുതല്‍ ലാഭവിഹിതം വിതരണം ചെയ്യാന്‍ കഴിയൂ. അവരെ പ്രോത്സാഹിപ്പിച്ചുകൊണ്ട് മാത്രമേ സാമ്പത്തിക വളര്‍ച്ച സാദ്ധ്യമാവൂ.

അതുകൊണ്ടാണ് ലണ്ടനില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന 'ദി ഇക്കണോമിസ്റ്' വാരിക മേധാവികളുടെ പ്രതിഫലം നിയന്ത്രിക്കാനുള്ള നീക്കത്തെ വിമര്‍ശിക്കുന്നത്. 2009 മെയ് 5 ലക്കത്തിലെ ലേഖനം ജനകീയ സമ്മര്‍ദ്ദത്തിന് വഴങ്ങരുതെന്ന് ഭരണാധികാരികളെ ഓര്‍മ്മിപ്പിക്കുന്നു. ഗ്യാലറിയുടെ കൈയ്യടി നേടാന്‍ വേണ്ടി പ്രതിഫലം നിയന്ത്രിച്ചാല്‍ തീര്‍ച്ചയായും അത് സാമ്പത്തിക വീണ്ടെടുപ്പിനെ ബാധിക്കും:- വാരിക മുന്നറിയിപ്പ് നല്‍കുന്നു.കൂലി കുറയ്ക്കുക: തൊഴില്‍ സംരക്ഷിക്കുക

ലോകമാകെ തൊഴിലാളികളുടെ വേതനം കുറയുകയാണ്.(FALLING WAGE SYNDROME) അമേരിക്കയില്‍ ക്രിസ്ലര്‍ കമ്പനി തൊഴിലാളികള്‍ ശമ്പളത്തിന്റെ ഒരു ഭാഗം തിരിച്ചേല്‍പ്പിച്ചു. ടൈംസ് ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങളില്‍ വേതനം കുറയ്ക്കുന്നതിനുള്ള കരാറുകളില്‍ യൂണിയനുകള്‍ ഒപ്പുവെച്ചു. തൊഴില്‍ നിലനിര്‍ത്താന്‍ ഇതേ മാര്‍ഗ്ഗമുള്ളു. തൊഴിലാണ് പ്രധാനം; ശമ്പളമല്ല. തൊഴിലാളികളുടെ മാത്രമല്ല യൂണിയനുകളുടേയും ആത്മവീര്യം ചോര്‍ന്നുപോയി. പിരിഞ്ഞു പോയാല്‍ വേറെ ജോലി ലഭിക്കില്ലെന്നുറപ്പായിരിക്കുന്നു.

'തൊഴില്‍രഹിത വളര്‍ച്ച' എന്ന പേരില്‍ കെ.പി. കണ്ണന്‍, ജി. രവീന്ദ്രന്‍ എന്നിവര്‍ തയ്യാറാക്കിയ ഒരു പ്രബന്ധം 07/03/2009 ലെ ഇക്കണോമിക് ആന്റ് പൊളിറ്റിക്കന്‍ വീക്ക്ലി പ്രസിദ്ധീകരിക്കുകയുണ്ടായി. ഇന്ത്യയിലെ സംഘടിത വ്യവസായ മേഖലയുടെ 25 വര്‍ഷത്തെ ചരിത്രമാണ് പഠനവിധേയമാക്കിയത്. ഇന്ത്യന്‍ വാര്‍ഷിക സര്‍വ്വേയിലെ സ്ഥിതി വിവര കണക്കുകളെ ആസ്പദമാക്കിയായിരുന്നു പഠനം. പ്രബന്ധത്തിലെ മുഖ്യനിഗമനം ഇതാണ് : മൊത്തം മൂല്യവര്‍ദ്ധനവില്‍ വേതനത്തിന്റെ ഓഹരി 1981-82 ല്‍ 42% ആയിരുന്നു. 1990-91ല്‍ അത് 32% ആയി കുറഞ്ഞു. 2004-2005 ല്‍ അതു വീണ്ടും കുറഞ്ഞ് 21% ആയി. 15 വര്‍ഷം കൊണ്ട് തൊഴിലാളികളുടെ വേതനത്തില്‍ സംഭവിച്ച ശോഷണം ഞെട്ടിപ്പിക്കുന്നതാണ്.

തൊഴിലാളികളുടെ വേതനം ഇടിയുമ്പോഴും കമ്പനി മുതലാളിമാരുടെ വരുമാനം ആകാശം മുട്ടെ വളരുകയായിരുന്നു.

മാനദണ്ഡം വേണോ?

ഡെമോക്രാറ്റിക് സെനറ്റര്‍ ചാള്‍സ് ഷൂമര്‍ അമേരിക്കന്‍ കോണ്‍ഗ്രസ്സില്‍ ഒരു സ്വകാര്യബില്‍ അവതരിപ്പിച്ചു. കമ്പനികള്‍ക്കുള്ള വേതനനയം വോട്ടിനിട്ട് പാസ്സാക്കണമെന്ന് ബില്‍ ശുപാര്‍ശ ചെയ്യുന്നു. അതായത്, പാര്‍ലമെന്റിന് ഇക്കാര്യത്തില്‍ ഒരു നിയന്ത്രണം വേണം. പക്ഷെ, സ്വതന്ത്രകമ്പോള പറുദീസയില്‍ ഇത് അത്ര എളുപ്പമല്ല.

2009 ആദ്യ പാദത്തില്‍ പ്രസിഡണ്ട് ബാറക് ഒബാമ വാള്‍സ്ട്രീറ്റിലെ ഭീമമായ ശമ്പളത്തുകയെച്ചൊല്ലി വാചാലനായിരുന്നു. ശമ്പളം മോഹിച്ച് അമിതമായ റിസ്ക് എടുത്തത് വിനയായെന്ന് അദ്ദേഹം തുറന്നു പറഞ്ഞു. അത് ബാങ്കിംഗ് പ്രതിസന്ധിക്കു വിത്തുപാകി. ഇപ്പോള്‍ ശിക്ഷിക്കപ്പെടുന്നത് സമ്പദ്ഘടനയാണ്. ആകയാല്‍ ശമ്പളപരിഷ്കരണത്തിനുള്ള വഴികളാരായാന്‍ ഒബാമ നിര്‍ദ്ദേശം നല്‍കി. ട്രഷറി സെക്രട്ടറി ചില നടപടികള്‍ കൈക്കൊണ്ടു. രണ്ടു കാര്യങ്ങളിലാണദ്ദേഹം ശ്രദ്ധിച്ചത്.

1.ഹ്രസ്വകാല നേട്ടങ്ങള്‍ക്കായുള്ള വ്യഗ്രത നിരുത്സാഹപ്പെടുത്തുക.

2.ആവശ്യത്തിലേറെ റിസ്ക് എടുക്കാതിരിക്കുക

ഹാര്‍വാര്‍ഡ് ലോ സ്കൂള്‍ പ്രൊഫസര്‍ ലൂസിയാന്‍ ബെബേച്ചൂക് ബാങ്ക് മേധാവികളുടെ വേതന നിര്‍ണ്ണയത്തിന് ചില പുതിയ മാനദണ്ഡങ്ങള്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ബാങ്കിന്റെ മൊത്തം ആസ്തിയെ ആസ്പദമാക്കിയാവണം വേതന നിര്‍ണ്ണയം. ഓഹരിവിലമാത്രം കണക്കാക്കിയാവരുത്. മൊത്തം ആസ്തിയുടെ 5% മാത്രമേ ഓഹരികളുടെ സംഭാവനയുള്ളു. ഓഹരിവിലകള്‍ ഹ്രസ്വകാലത്തേക്കുയര്‍ത്തി നിര്‍ത്താന്‍ പ്രയാസമില്ല.

ഇപ്പോള്‍ ജി-20 ഉച്ചകോടിയും ബാങ്കുമേധാവികളെ പിടികൂടുകയാണ്. പൊതുജനരോഷവും സര്‍ക്കാരിന്റെ ഉത്തേജക പദ്ധതികളുമാണ് ഇടപെടാനുള്ള കാരണങ്ങള്‍. കേന്ദ്രബാങ്ക് മേധാവികളുടെ യോഗവും ചില മാര്‍ഗ്ഗരേഖകള്‍ക്കു രൂപം നല്‍കി വരികയാണ്. ജര്‍മ്മന്‍ ചാന്‍സലര്‍ ഏഞ്ചലാ മെര്‍ക്കലും ഫ്രഞ്ച് പ്രസിഡണ്ട് നിക്കോളാസ് സര്‍ക്കോസിയും ഇതിന് മുന്‍കൈയെടുക്കുന്നു.

പോപ്പുലിസം നന്‍മയ്ക്ക്

മേധാവികളുടെ ശമ്പളം നിയന്ത്രിക്കണമെന്ന് ശക്തിയായി വാദിക്കുന്നയാളാണ് പോള്‍ ക്രൂഗ്മാന്‍. അല്ലാത്ത പക്ഷം മറ്റൊരു പ്രതിസന്ധി ആവര്‍ത്തിക്കപ്പെടും. പ്രതിസന്ധിക്കു മുമ്പുണ്ടായിരുന്ന തോതിലേയ്ക്ക് വാള്‍സ്ട്രീറ്റ് മേധാവികളുടെ വേതനത്തുക വീണ്ടും കുതിക്കുകയാണ്. ഇതു തുടര്‍ന്നാല്‍ ഭവിഷ്യത്ത് വിനാശകരമായിരിക്കും. പ്രസിഡണ്ട് ഒബാമയ്ക്ക് ഇക്കാര്യത്തില്‍ ആദ്യം കാണിച്ച ശുഷ്കാന്തി ഇപ്പോഴില്ലായെന്നും ക്രൂഗ്മാന്‍ കുറ്റപ്പെടുത്തുന്നു. പരിധിയില്ലാത്ത പ്രതിഫലത്തിനുവേണ്ടി വാദിക്കുന്നവരോട് ക്രൂഗ്മാന്‍ രണ്ടു ചോദ്യങ്ങള്‍ ചോദിക്കുന്നു :

1.സഥാപനം ലാഭമുണ്ടാക്കിയപ്പോള്‍ കനത്ത ശമ്പളം കൈപ്പറ്റിയവരെ സ്ഥാപനം തകര്‍ന്നപ്പോള്‍ മാതൃകാപരമായി ശിക്ഷിക്കാത്തതെന്തുകൊണ്ട്?

2.ഭാരമുള്ള മടിശ്ശീലയുമായി നടന്നകന്നുപോകും മുമ്പ് അവര്‍ സ്വീകരിച്ച പല നടപടികളും തിരിഞ്ഞുകുത്തി, ഒടുവില്‍ കമ്പനി തന്നെ പാപ്പരാവുകയും സമ്പദ്ഘടനയ്ക്ക് മാരകമായ ആഘാതമേല്‍ക്കുകയും ചെയ്യുമ്പോള്‍, ഈ വികലമായ പ്രോത്സാഹനരീതി തുടരേണ്ടതുണ്ടോ?
പോപ്പുലിസത്തെ പ്രോത്സാഹിപ്പിച്ചാലും ദോഷമില്ലായെന്ന് ക്രൂഗ്മാന്‍ അഭിപ്രായപ്പെടുന്നു. ചില സന്ദര്‍ഭങ്ങളില്‍ ജനപ്രിയ നടപടികള്‍ ഗുണം ചെയ്യും.

തീവ്രവാദികളുടെ പിടിവാശി

എന്നാല്‍ കമ്പോള തീവ്രവാദികള്‍ വാശിയിലാണ്. മേധാവികളെ തൊട്ടുപോകരുതെന്നാണ് അവരുടെ ഭീഷണി. കരോളിന്‍ ബോം അവരിലൊരാളാണ്. അദ്ദേഹം പറയുന്നു: ആദ്യം സര്‍ക്കാര്‍ ശമ്പളം നിയന്ത്രിക്കാന്‍ വരും. പിന്നീട് ഏതു വായ്പ കൊടുക്കണമെന്നനുശാസിക്കും. അടുത്ത ഘട്ടത്തില്‍ ആര്‍ക്കു വായ്പ നല്‍കണമെന്നും. ഇന്ത്യയില്‍ നിലവിലിരുന്ന മുന്‍ഗണനാ വായ്പപോലെ, മുന്‍ഗണനാ വായ്പയും പലിശയിളവും കമ്പോളവേദക്കാര്‍ക്ക് വിലക്കപ്പെട്ട കനിയാണ്.

കരോളിന്‍ ബോം തുടര്‍ന്നു പറയുന്നു:

" ചരിത്രം വഴികാട്ടിയാണെങ്കില്‍ നിയന്ത്രണങ്ങള്‍ മത്സരശേഷി നശിപ്പിക്കും. ബാങ്കുമേധാവികള്‍ നിയന്ത്രണം ലംഘിക്കാന്‍ പരിശ്രമിക്കും. നിയമത്തിലെ പഴുതുകള്‍ ചൂഷണം ചെയ്യാന്‍ വഴി കണ്ടെത്തും.''

ടെക്സാസ് യൂണിവേഴ്സിറ്റി പ്രൊഫസ്സര്‍ പ്രഭുദേവ് കൊനാനായും ഭീമമായ ശമ്പളത്തില്‍ തെറ്റു കാണുന്നില്ല. പക്ഷെ ഈ പണം ജംബോ ജെറ്റുകള്‍ വാങ്ങാനും വീട്ടില്‍ ഹെലിപ്പാഡ് നിര്‍മ്മിക്കാനും ഉപയോഗിക്കരുത്. അതു ജനരോഷം തിളച്ചുയരാന്‍ ഇടയാക്കും.

റിപ്പബ്ളിക്കന്‍ പ്രതിനിധികളും ഡെമോക്രാറ്റുകളില്‍ ചിലരും കോര്‍പ്പറേറ്റുകളെ പിന്താങ്ങുന്നു. ഫെഡിന് പിടിച്ചു നില്‍ക്കാന്‍ കഴിയുമോ എന്ന് സംശയമാണ്. കാരണം, ഒബാമയെയും ആശയക്കുഴപ്പം വേട്ടയാടുന്നതിന്റെ ലക്ഷണങ്ങള്‍ കാണാം. ഈയിടെ അദ്ദേഹം ഒരു കുസൃതിചോദ്യം തൊടുത്തുവിട്ടു. എന്തിന് വാള്‍സ്ട്രീറ്റിനെ മാത്രം നിയന്ത്രിക്കണം? സിലിക്കണ്‍ വാലിയില്‍ പരിധി വേണ്ടേ? സിനിമാനടന്‍മാര്‍ക്കും സ്പോര്‍ട്സ് താരങ്ങള്‍ക്കും വരുമാന പരിധിയുണ്ടോ?

ധാര്‍മ്മികതയുടെ പ്രശ്നമോ?

പ്രഭുദേവ് കൊനാനായുടെ അഭിപ്രായത്തില്‍ ഇതൊരു ധാര്‍മ്മികതയുടെ പ്രശ്നമാണ്. നിയന്ത്രണങ്ങളുടേതല്ല. കോര്‍പ്പറേറ്റുകള്‍ സ്വയം തീരുമാനമെടുക്കണം; ശമ്പള പരിധിയെ കുറിച്ചും, ജീവനക്കാരുമായുള്ള അനുപാതത്തെക്കുറിച്ചും. ജനരോഷം ന്യായമാണ്. കാരണം, ഓഹരിമൂലധനം പൊതുജനങ്ങളുടേതാണ്. പ്രൊമോട്ടര്‍ കുടുംബത്തിന്റേതു മാത്രമല്ല.

ഓസ്റിന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന WHOLE FOODS എന്ന കമ്പനി മേധാവിയും ധനാഢ്യനുമായ ജോണ്‍ മാക്കി ശമ്പളമായി വാങ്ങുന്നത് ഒരു ഡോളര്‍ മാത്രമാണ്. സ്റോക്ക് ഓപ്ഷനില്‍ നിന്ന് വരുമാനമുണ്ട്. അത് ഒരു ഫൌണ്ടേഷന്‍ അക്കൌണ്ടില്‍ വരവുവെയ്ക്കും. പക്ഷെ ജോണ്‍ മാക്കി സര്‍ക്കാര്‍ വിരുദ്ധനാണ്. സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ക്കെതിരാണ്. കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റിയുടെ ഭാഗമായിത്തന്നെ ഈ തീരുമാനം വരണം. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, മേധാവികളുടെ പ്രതിഫലത്തില്‍ ബാഹ്യനിയന്ത്രണം അരുത്. സ്വയം നിയന്ത്രണമാവാം. അല്ലെങ്കില്‍ അവര്‍ക്കിഷ്ടമുള്ള ശമ്പളം എഴുതിയെടുക്കാം. ഒരു ഭാഗം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കി വെച്ചാല്‍ മാത്രം മതിയാകും. എന്തൊരു കാപട്യം ?

ഒരു ഡോളര്‍ ശമ്പളം കൈപ്പറ്റുന്ന കമ്പനിമേധാവികള്‍ ഇന്ന് ധാരാളമുണ്ട്. ആപ്പിള്‍ മേധാവി സ്റീവ് ജോണ്‍സ്, ഗൂഗിള്‍ സ്ഥാപകരായ ലാറി പേജ്, സെര്‍ജി ബ്രിന്‍, ഗൂഗിള്‍ സി.ഇ.ഒ. എറിക് സ്മിത്ത് എന്നിവര്‍ ഈ ഗണത്തില്‍പ്പെടും. സ്റോക് ഓപ്ഷന്‍ വഴി വന്‍തുക അവരുടെ കൈവശമെത്തുമെന്നത് വേറെ കാര്യം.

ഈ വിവാദങ്ങള്‍ സജീവമായിരിക്കെ, അമേരിക്കയില്‍ കമ്പനിമേധാവിയും ജീവനക്കാരും തമ്മിലുള്ള ശമ്പള അനുപാതം 1981 ല്‍ 42 :1 ആയിരുന്നത് ഇപ്പോള്‍ 400:1 ആയി ഉയര്‍ന്നു. ഇന്ത്യയിലെ സ്ഥിതിയും മറ്റൊന്നല്ല.

80 കോടിയിലധികം ജനങ്ങളുടെ ദിവസവേതനം 20 രൂപ മാത്രമുള്ള ഒരു രാജ്യത്ത് ചില കമ്പനിമേധാവികള്‍ എഴുതിയെടുക്കുന്ന ശമ്പളത്തുക ശ്രദ്ധിക്കുക:

റാണ്‍ബാക്സി മേധാവിക്ക് വാര്‍ഷിക ശമ്പളം 14.55 കോടി രൂപ. അപ്പോളോ ടയേഴ്സില്‍ 15.54 കോടി രൂപ. കാഡില്ല ഹെല്‍ത്ത് കെയറില്‍ 14.43 കോടി രൂപ. ഗ്രാസിം ഇന്‍ഡസ്ട്രീസില്‍ 11.25 കോടി രൂപയും

സമ്പത്തിന്റെയും വരുമാനത്തിന്റെയും കേന്ദ്രീകരണം പരിത്യാഗം കൊണ്ട് പരിഹരിക്കാവുന്നതല്ല. എല്ലാ കോര്‍പ്പറേറ്റ് തലവന്‍മാരും പുണ്യവാളന്‍മാരായിരിന്നെങ്കില്‍ ഈ ലോകം എന്നേ സ്വര്‍ഗ്ഗതുല്യമാകുമായിരുന്നു? പൊതുപണം ഉപയോഗിക്കുവര്‍ ആരോ, അവര്‍ ജനങ്ങളുടെ മേല്‍നോട്ടത്തിന് വിധേയരാവണം. ജനങ്ങള്‍ തെരഞ്ഞെടുത്ത പാര്‍ലമെന്റിന്റെ നിയന്ത്രണത്തിന് വിധേയരാവണം. സല്‍മാന്‍ ഖുര്‍ഷിദ് മലക്കം മറിയുന്നു.

ഇന്ത്യയില്‍ കോര്‍പ്പറേറ്റ് അഫയേഴ്സ് മന്ത്രി ശ്രീ. സല്‍മാന്‍ ഖുര്‍ഷിദ് ഈയിടെ കമ്പനിമേധാവികളുടെ അമിതശമ്പളത്തില്‍ ഉത്കണ്ഠ രേഖപ്പെടുത്തി. ബജറ്റ് സമ്മേളനത്തില്‍ പാര്‍ലമെന്റ് സ്റാന്റിംഗ് കമ്മറ്റി ഇതു സംബന്ധിച്ച മാര്‍ഗ്ഗരേഖ സമര്‍പ്പിക്കുമെന്നാണദ്ദേഹം പ്രസ്താവിച്ചത്. പക്ഷെ, ബിസ്സിനസ്സ് പത്രങ്ങള്‍ ചാടി വീണു. ശമ്പളച്ചെക്കിന്റെ തൂക്കം കൂടുതല്‍ തന്നെ. പക്ഷെ, നിയന്ത്രണം ഓഹരിയുടമകള്‍ക്ക് വിടുകയാണുചിതം- ക്രമേണ മന്ത്രിയും ഈ വഴിക്ക് ചിന്തിച്ചു തുടങ്ങിയിരിക്കുന്നു.

ഓഹരിയുടമകള്‍ കമ്പനികളുടെ വാര്‍ഷികയോഗത്തില്‍ പങ്കെടുത്ത് ബോര്‍ഡ് തീരുമാനങ്ങളെ സ്വാധീനിക്കുന്ന ഒരു കാലം ആരെങ്കിലും സ്വപ്നം കാണുന്നുണ്ടോ? സി.ഇ.എ. എന്ന ചക്രവര്‍ത്തിയുടെ അഭീഷ്ടം ബോര്‍ഡ് പ്രമേയമായി മാറും. ബോര്‍ഡ് പ്രമേയം വാര്‍ഷികയോഗത്തില്‍ കൈയ്യടിച്ചു പാസ്സാക്കും. ഓഹരിയുടമകളുടെ ജനാധിപത്യം പ്രയോഗത്തില്‍ സി.ഇ.ഒ.യുടെ ഏകാധിപത്യമല്ലാതെ മറ്റൊന്നുമല്ല. സത്യം കംപ്യൂട്ടേഴ്സില്‍ ഇത് ലോകം കണ്ടതാണ്. രാമലിംഗ രാജുവിന്റെ മക്കളുടെ പേരിലുള്ള മെയ്താസ് കമ്പനികളെ ഏറ്റെടുക്കാനുള്ള പ്രമേയം വന്നപ്പോള്‍ വിശ്വോത്തര പ്രതിഭകളും വിദഗ്ധരും പരുങ്ങി. അവരുടെ നാവിറങ്ങിപ്പോയി.

മാദ്ധ്യമങ്ങളുടെ പക്ഷപാതിത്വം

ബാങ്കു ജീവനക്കാരുടെ വേതന പരിഷ്കരണ കരാര്‍ കാലഹരണപ്പെട്ടത് 2007 ഒക്ടോബര്‍ 31 നാണ്. രണ്ടുവര്‍ഷം വിലപേശിയിട്ടും പതിനേഴര ശതമാനത്തിലാണ് നങ്കൂരമുറപ്പിച്ചിട്ടുള്ളത്. അതിനുപോലും കടുത്ത ഉപാധികളുണ്ട്. ആഗസ്റ് 6,7 തീയതികളിലെ പണിമുടക്കിനോട് എത്ര ശത്രുതാപരമായ സമീപനമാണ് പത്രമാദ്ധ്യമങ്ങള്‍ സ്വീകരിച്ചത്?

നാനൂറിരട്ടി ശമ്പളം വാങ്ങുന്ന സൂപ്പര്‍ താരങ്ങളുടെ കാര്യം വന്നപ്പോള്‍ വക്കാലത്തുമായി പലരും ഓടിപ്പാഞ്ഞെത്തുന്നു. മേധാവികള്‍ മൌനം പാലിക്കുന്നുണ്ടാവാം. എന്നാല്‍ അവരുടെ ഭാഗം അവരെക്കാള്‍ സമര്‍ത്ഥമായി വാദിക്കാന്‍ ആയിരം നാവുകളാണുള്ളത്. എന്താണിത് സൂചിപ്പിക്കുന്നത്? ഏതു ന്യായവും അന്യായമാക്കാനും ഏതു അന്യായവും ന്യായമാക്കാനും മാദ്ധ്യമങ്ങള്‍ക്കുള്ള സാമര്‍ത്ഥ്യം തന്നെ; മാദ്ധ്യമങ്ങളുടെ പക്ഷപാതിത്വം. മാദ്ധ്യമങ്ങള്‍ കോര്‍പ്പറേറ്റ് സൂപ്പര്‍ താരങ്ങളുടെ സംരക്ഷകരാണെന്നതിന് വേറെ തെളിവു വേണോ?

*
കെ.വി. ജോര്‍ജ്ജ് കടപ്പാട്: ബാങ്ക് വര്‍ക്കേഴ്സ് ഫോറം

4 comments:

വര്‍ക്കേഴ്സ് ഫോറം said...

റിലയന്‍സ് മേധാവി മുകേഷ് അംബാനി സ്വന്തം ശമ്പളം മൂന്നിലൊന്നായി വെട്ടികുറച്ച വാര്‍ത്തയ്ക്ക് ഈയിടെ നല്ല പ്രചാരം കിട്ടി. മുകേഷ് മാതൃക സൃഷ്ടിച്ചുവെന്നാണ് പത്രങ്ങളെഴുതിയത്. മുകേഷിന്റെ വാര്‍ഷിക ശമ്പളം വെറും 44.02 കോടി രൂപയായിരുന്നു. അത് 15 കോടി രൂപയായി കുറച്ചു. അടുത്ത പടിയായി, രണ്ടാംനിരക്കാരുടെ വേതനവും മാതൃകാപരമായി വെട്ടിച്ചുരുക്കുമെന്നദ്ദേഹം പ്രസ്താവിക്കുകയും ചെയ്തു.

ശമ്പളം കുറച്ചുവെന്നത് ശരി. പക്ഷെ തൊട്ടു പിന്നാലെ മറ്റൊരു വാര്‍ത്തയും വന്നു. ബോംബെ, കഫേ പരേഡിലുള്ള മുകേഷ് അംബാനിയുടെ വീടിനു മുകളില്‍ ഹെലിപ്പാഡ് നിര്‍മ്മിക്കുന്നു. അയല്‍ക്കാരും പരിസ്ഥിതിപ്രവര്‍ത്തകരും എതിര്‍ത്തിട്ടും ഫലമുണ്ടായില്ല.

കമ്പനി മേധാവികളുടെ പ്രതിഫലം ഇന്ന് പരക്കെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ്. ആഗോളസാമ്പത്തിക പ്രതിസന്ധിയാണ് വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ടത്. തകര്‍ന്ന കമ്പനിയുടെ മേധാവികള്‍ വീണ്ടും ഉയര്‍ന്ന ശമ്പളം പറ്റുന്നതിനെതിരെ ജനരോഷം ആളിക്കത്തി. കമ്പനിയുടെ ജീവന്‍ നിലനിര്‍ത്താന്‍ പോലും നികുതിപ്പണം ചിലവിടുമ്പോള്‍ മേധാവികള്‍ കനത്ത ശമ്പളവും ബോണസ്സും വാങ്ങുകയോ?

പാഞ്ഞിരപാടം............ said...

"അമേരിക്കയില്‍ ക്രിസ്ലര്‍ കമ്പനി തൊഴിലാളികള്‍ ശമ്പളത്തിന്റെ ഒരു ഭാഗം തിരിച്ചേല്‍പ്പിച്ചു. ടൈംസ് ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങളില്‍ വേതനം കുറയ്ക്കുന്നതിനുള്ള കരാറുകളില്‍ യൂണിയനുകള്‍ ഒപ്പുവെച്ചു. തൊഴില്‍ നിലനിര്‍ത്താന്‍ ഇതേ മാര്‍ഗ്ഗമുള്ളു. തൊഴിലാണ് പ്രധാനം; ശമ്പളമല്ല. തൊഴിലാളികളുടെ മാത്രമല്ല യൂണിയനുകളുടേയും ആത്മവീര്യം ചോര്‍ന്നുപോയി. പിരിഞ്ഞു പോയാല്‍ വേറെ ജോലി ലഭിക്കില്ലെന്നുറപ്പായിരിക്കുന്നു."
ശരിയാണു മാഷേ. വെറുതെ ബാങ്കിന്റെ ശബളം കൂട്ടണമെന്നു വാദിക്കാന്‍ ഈ ഉദ: പറയാം എന്നല്ലാതെ, മുകളില്‍ പറഞ്ഞ ക്രൈസലര്‍ കമ്പനിക്കെന്തുണ്ടായി എന്നന്നന്നേച്ചിട്ടുണ്ടൊ? അവരുടെ തൊഴിലുകള്‍ ഇപ്പോള്‍ എവിടെ? കുത്തുപാളയെടുത്ത കമ്പനിയുടെ നൂറുകണക്കിനു തൊഴില്‍ ഇന്ത്യയില്‍, നമ്മുടെ കൊച്ചിയില്‍ ആണെന്നു മറക്കരുത്.ശബളം തെറ്റായ രീതിയില്‍ കൂട്ടി കൂട്ടി വാങ്ങി യൂണിയനുകള്‍ തന്നെ നശിപ്പിച്ച നൂറുകണക്കിനു അമേരിക്കന്‍ കമ്പനികളില്‍ ഒന്നുമാത്രം എന്നു കൂടി എഴുതേണ്ടതായിരുന്നു.
ഒന്നു ചീഞ്ഞാല്‍, മറ്റൊന്നിനു ......?

ജിവി/JiVi said...

നല്ല ലേഖനം. ഇതു വായിച്ചിട്ടും മുകളിലെ വലതുപക്ഷ ചിന്തകന്റെ കമന്റ് കണ്ടില്ലേ. എങ്ങിനെയാണ് ഇവനൊക്കെ നേരെയാവുക?

Anonymous said...

എന്നാല്‍ പിന്നെ മമ്മൂട്ടി രണ്ടു ലക്ഷത്തിനു അഭിനയിക്കുമോ? മമ്മൂട്ടിയുടെ പേരില്‍ വില്‍ക്കുന്ന ഒരു പടം പ്ര്‍ഥ്വീരാജോ ദിലീപോ ചെയ്താല്‍ ഓടുമോ? പഴശ്ശി രാജയായി വേറെ ആരു പറ്റും? അപ്പോള്‍ മാര്‍ക്കറ്റ്‌ പ്രതിഫലം നിശ്ചയിക്കുന്നു ബാങ്കു ജീവനക്കാറ്‍ ക്കു ന്യായമായ വേതനം കിട്ടണം പക്ഷെ അതുപോലെ സറ്‍ വീസ്‌ നിങ്ങള്‍ മെച്ചപ്പെടുത്തുകയും വേണം എസ്‌ ബീ റ്റിയില്‍ ഒരു ലോണിനു ചെല്ലുന്നത്‌