അനിശ്ചിതത്വങ്ങളുടെ അലമാലകളില്‍ ആടിയുലഞ്ഞ ശ്രീലങ്കന്‍ രാഷ്ട്രീയം പ്രസിഡണ്ട് തെരഞ്ഞെടുപ്പിനുശേഷവും കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. മഹിന്ദ രജപക്സെക്കെതിരെ പ്രതിപക്ഷ സ്ഥാനാര്‍ഥിയായി മത്സരിച്ച ജനറല്‍ ശരത് ഫൊന്‍സേകയെ അറസ്റ്റ്ചെയ്ത് അജ്ഞാതകേന്ദ്രത്തില്‍ അടച്ചതില്‍ എത്തിനില്‍ക്കുകയാണ് കാര്യങ്ങള്‍. ഈ വിവാദം കത്തിനില്‍ക്കെതന്നെ പ്രസിഡന്റ് പാര്‍ലമെന്റ് പിരിച്ചുവിട്ടത് സാഹചര്യങ്ങള്‍ അനുകൂലമാക്കാമെന്ന അമിത പ്രതീക്ഷയിലാണ്. ഏപ്രില്‍വരെ കാലാവധിയുള്ളതാണ് പാര്‍ലമെന്റ്. തെരഞ്ഞെടുപ്പിനുമുമ്പ് പ്രതിപക്ഷ സഖ്യത്തില്‍ വിള്ളലുണ്ടാക്കാമെന്ന കണക്കുകൂട്ടലും രജപക്സെക്കുണ്ട്.
ഫൊന്‍സേകയുടെ അറസ്റ്റ് അദ്ദേഹത്തിന് മനുഷ്യനെന്ന പരിഗണനപോലും നല്‍കാതെ ആയിരുന്നു എന്നാണ് പ്രതിപക്ഷ പാര്‍ടികള്‍ പ്രസ്താവിച്ചത്. അതിനുമുമ്പു തന്നെ 13 പ്രധാന സൈനികോദ്യോഗസ്ഥര്‍ക്ക് നിര്‍ബന്ധിത പിരിച്ചുവിടല്‍ ഉത്തരവു നല്‍കുകയും ചെയ്തിരുന്നു. ഫൊന്‍സേകയുടെ നടപടികള്‍ അതീവ ഗൌരവമുള്ളതാണെന്നും അതിനനുസരിച്ച സമീപനം മാത്രമേ ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നുണ്ടായുള്ളു എന്നും സൈനിക വക്താവും മന്ത്രിയുമായ കെഹേലിയ റംബുക്വെല്ല പ്രതികരിച്ചു.
ഭര്‍ത്താവിനെതിരായ സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ ഫൊന്‍സേകയുടെ ഭാര്യ അനോമ വൈകാരികമായിതന്നെ രംഗത്തുവരികയുണ്ടായി. 150 സൈനികര്‍ വീട്ടില്‍ ഇരച്ചുകയറി അദ്ദേഹത്തെ മൃഗത്തെപ്പോലെ വലിച്ചിഴക്കുകയായിരുന്നു. മനുഷ്യവിരുദ്ധമായ ഇത്തരം നീക്കങ്ങള്‍ക്കെതിരെ രാജ്യത്തെ അമ്മമാരും പെണ്‍മക്കളും തനിക്കൊപ്പം നില്‍ക്കണമെന്നും അനോമ ഫൊന്‍സേക വീട്ടില്‍വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ അഭ്യര്‍ഥിച്ചു. ജനാധിപത്യാവകാശങ്ങള്‍ സംരക്ഷിക്കാന്‍ എല്ലാവരും ഒത്തുചേരേണ്ട സന്ദര്‍ഭമാണ് ഇതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഭ്രാന്തന്‍ ഭരണം അഭിപ്രായ സ്വാതന്ത്യ്രത്തിനും ജനാധിപത്യത്തിനും നേരെ കല്ലെറിഞ്ഞ് രസിക്കുകയാണെന്നാണ് സ്വതന്ത്ര നിരീക്ഷകര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്.
രക്തം ഒട്ടിപ്പിടിച്ച ശ്രീലങ്കയുടെ ആധുനിക രാഷ്ട്രീയം മിക്കപ്പോഴും അനിശ്ചിതത്വങ്ങളുടെ നിഴലിലായിരുന്നു. ചിതറിത്തെറിക്കുന്ന പൌരജനങ്ങളും ബോംബുകളില്‍ ഒടുങ്ങുന്ന നേതൃത്വവും അതിന്റെ പ്രധാന സൂചനയും. സാധാരണ മനുഷ്യരുടെ പ്രഭാതങ്ങളെ തൊട്ടുവിളിച്ച സ്ഫോടനപരമ്പരകള്‍. എല്‍ടിടിഇയുടെ അതിക്രമങ്ങള്‍ക്കും സൈന്യത്തിന്റെ നിര്‍ബന്ധങ്ങള്‍ക്കും നടുവില്‍ സ്തംഭിച്ചുനില്‍ക്കുന്ന മനുഷ്യജീവിതം.
പുലികളുടെ കടന്നാക്രമണങ്ങളും ചാവേര്‍മുറകളും അധികാര കേന്ദ്രങ്ങളുടെ പ്രത്യാക്രമണങ്ങളും മുന്നേറ്റങ്ങളും ഏറെ ചരിത്രമുള്ള ലങ്കയെ അക്ഷരാര്‍ഥത്തില്‍ തകര്‍ത്തുകളയുകയായിരുന്നു. മൂന്നു പതിറ്റാണ്ടിലധികം തീപ്പൊരി വിതറിനിന്ന ഏറ്റുമുട്ടലുകള്‍ രാജ്യത്തിന്റെ പല മേഖലകളെയും തരിശുഭൂമിയായി പരിവര്‍ത്തിപ്പിക്കുകതന്നെ ചെയ്തു. സാമ്പത്തിക പ്രവര്‍ത്തനങ്ങളും കൃഷിപോലുള്ള ഉപജീവനമാര്‍ഗങ്ങളും പൂര്‍ണമായും സ്തംഭിച്ച അവസ്ഥ. രണ്ട് പതിറ്റാണ്ടായി തീവണ്ടികള്‍ പോലുമോടാത്ത കിഴക്കന്‍ പ്രദേശങ്ങള്‍ പരിചയപ്പെടാന്‍ 2009 ജൂണിലെ ലങ്കാ സന്ദര്‍ശനത്തിനിടെ എനിക്കായി. വൈദ്യുതിയില്ലാത്ത റെയില്‍വേസ്റ്റേഷന്‍ എന്നത് പെട്ടെന്ന് വിശ്വസിക്കാനാവുന്നതല്ല. റാന്തലുകള്‍ പിടിച്ച് യാത്രക്കാര്‍ക്ക് വഴികാട്ടുന്ന ഹിരിയാല റെയില്‍വേ സ്റ്റേഷനിലെ ജീവനക്കാര്‍ അന്നെനിക്കൊരു കൌതുകവാര്‍ത്തയായിരുന്നു. കുരുനേഗാല ജില്ലയിലാണത്. യാല്‍ദേവി എക്സ്പ്രസ് വണ്ടി 20 വര്‍ഷത്തിനുശേഷം വാവുനിയയിലേക്ക് കൂകിപ്പായുന്നത് കാണാന്‍ പോയപ്പോഴായിരുന്നു ചിലര്‍ ഇക്കാര്യം സൂചിപ്പിച്ചതും.
'വടക്കിന്‍ വസന്തം' എന്ന പ്രഖ്യാപനം കാര്‍ഷിക മേഖലയുടെ പരിതാപകരമായ ഉണക്കംകൂടി അടിവരയിട്ടതായിരുന്നു. 2009 ജൂണ്‍ പത്തിന് കൊളംബോയില്‍നിന്ന് 400 ട്രക്കുകള്‍ നിരനിരയായി ജാഫ്നയിലേക്ക് പുറപ്പെട്ടതിനെക്കുറിച്ചുള്ള അന്വേഷണമാണ് ആ വസ്തുതകളിലേക്കെത്തിച്ചത്. യുദ്ധം ഉഴുതുമറിച്ച വടക്കു-കിഴക്കന്‍ പ്രദേശങ്ങള്‍ കൃഷിയുടെയും ഉല്പാദനത്തിന്റെയും മരുപ്പറമ്പായിരുന്നു. അവിടെ സ്ഥാപിച്ച ലാന്‍ഡ്മൈനുകള്‍ ഭൂമി കൃഷിയോഗ്യമല്ലാതാക്കി. ആ മേഖലയിലെ റെയില്‍വേപാളങ്ങളുടെ പുനര്‍നിര്‍മാണത്തിനുമാത്രം 1400 കോടി രൂപയിലധികം വേണം. യുദ്ധത്തിന്റെ സംഹാരാത്മകത കൃഷിഭൂമിയുടെ ഫലഭൂയിഷ്ഠതപോലും ഊറ്റിയെടുത്തു. പല വിത്തുകളും മുളയ്ക്കാത്ത സ്ഥിതി.
ഒരു ലക്ഷത്തിനടുത്ത് മനുഷ്യര്‍ നെടുകെ പിളര്‍ന്ന് മരണത്തിലേക്ക്. 12 ലക്ഷം തമിഴര്‍ വിദേശരാജ്യങ്ങളിലെ അഭയങ്ങളില്‍. മൂന്നു ലക്ഷം സാധാരണക്കാര്‍ അഭയാര്‍ഥി ക്യാമ്പുകളില്‍ നരകജീവിതം നയിച്ചു. രാജ്യത്തിന്റെ ആഭ്യന്തരോല്പാദനത്തിന്റെ 30 ശതമാനത്തിനടുത്താണ് യുദ്ധസന്നാഹങ്ങള്‍ക്കായി വാരിവിതറിയത്. ലങ്ക വിദ്യാഭ്യാസത്തിനായി ചെലവിടുന്നതാകട്ടെ ജിഡിപിയുടെ മൊത്തം ദേശീയ വരുമാനത്തിന്റെ 2.6 ശതമാനം മാത്രവും. 2009 മേയില്‍ നടന്ന പുലികള്‍ക്കെതിരായ സൈന്യത്തിന്റെ അന്തിമ വിജയപ്രഖ്യാപനത്തിനുശേഷവും ലങ്ക ഉള്ളില്‍ നീറിപ്പുകയുകയാണെന്നാണ് എനിക്ക് തോന്നിയത്.
എല്‍ടിടിഇക്കെതിരായ എല്ലാ നീക്കങ്ങളും ന്യായീകരിക്കപ്പെട്ടപ്പോള്‍ ഒരു ജനതയുടെ ന്യായമായ ആവശ്യങ്ങള്‍ക്കൊപ്പം വസ്തുതകളും അനാഥമായി നിലവിളിച്ചു. നിശ്ശബ്ദമെന്ന് പുറമെ തോന്നിപ്പിച്ച അവസ്ഥക്കിടയിലായിരുന്നു ജൂലൈയില്‍ ജാഫ്ന-വാവുനിയ നഗരസഭകളിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. എല്‍ടിടിഇ അനുകൂല തമിഴ് നാഷണല്‍ അലൈന്‍സി (ടിഎന്‍എ) ന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍വിരുദ്ധ ശക്തിളെയെല്ലാം സമഹാരിച്ചു നിര്‍ത്താനുള്ള ശ്രമമുണ്ടായി. ജാഫ്നയില്‍ രജപക്സെയുടെ വിശാല ഭരണസഖ്യത്തിന് ആശ്വസിക്കാന്‍ വകനല്‍കിയ ഫലമായിരുന്നു. വാവുനിയയില്‍ പുലി അനുകൂല സഖ്യമാണ് മുന്നിലെത്തിയിരുന്നത്. ജാഫ്നയില്‍ 20 ശതമാനം മാത്രമായിരുന്നെങ്കില്‍ വാവുനിയയില്‍ 52 ശതമാനം പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. ഏറെ കൊട്ടിഘോഷിച്ച് നടത്തിയ തെരഞ്ഞെടുപ്പിന് പല ലക്ഷ്യങ്ങളുമുണ്ടായിരുന്നു. അതിനെ രജപക്സെയുടെ 'ജനപിന്തുണ' തെളിയിക്കാനുള്ള ഉപാധിയാക്കാനായിരുന്നു ആദ്യശ്രമം. മാധ്യമങ്ങളുടെ വായ മൂടിക്കെട്ടിയും ജനാധിപത്യ വിമര്‍ശനങ്ങള്‍ വിലക്കിക്കൊണ്ടുമായിരുന്നു പ്രചാരണങ്ങള്‍. പുലിഅനുഭാവം ആരോപിച്ച് തിനക്കുരുള്‍, വലംപുരി, ഉത്തയന്‍ എന്നീ പത്രങ്ങളുടെ പതിനായിരക്കണക്കിന് പ്രതികളാണ് അഗ്നിക്കിരയാക്കിയത്.
രണ്ടാംവട്ട പ്രസിഡന്റായി മഹിന്ദ രജപക്സെയെ തെരഞ്ഞെടുത്ത 2010 ജനുവരി 19ന്റെ വിധിയെഴുത്തും സമാനമായ ചില സന്ദേഹങ്ങള്‍ ഉയര്‍ത്തിവിട്ടു. കാലാവധിക്ക് രണ്ടുവര്‍ഷം മുമ്പ് ജനങ്ങളെ അഭിമുഖീകരിക്കാന്‍ രജപക്സെയെ പ്രേരിപ്പിച്ചതിനു പിന്നില്‍ ഒറ്റ കാരണമേയുള്ളൂ. പുലികളെ അമര്‍ച്ച ചെയ്തുവെന്ന ഊറ്റംകൊള്ളല്‍. ആദ്യ ഘട്ടത്തില്‍ എല്ലാം ഏകപക്ഷീയമായിരുന്നു. കാര്യമായ ചലനമുണ്ടാക്കിയേക്കാവുന്ന എതിരാളിപോലും രംഗത്തുണ്ടായില്ല. എന്നാല്‍ മുന്‍ ആര്‍മി കമാന്‍ഡര്‍ ജനറല്‍ ശരത് ഫൊന്‍സേക സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതോടെ രജപക്സെയുടെ രഥയോട്ടത്തിന്റെ വേഗം കുറഞ്ഞു. സൈനികവിജയത്തിന്റെ പൂര്‍ണ അവകാശവാദവുമായിട്ടായിരുന്നു ഫൊന്‍സേകയുടെ വരവ്. യുഎന്‍പിയും ജനതാവിമുക്തി പെരമുനയും ടിഎന്‍എയും ശ്രീലങ്കാ മുസ്ളിംകോണ്‍ഗ്രസും മറ്റും പിന്തുണച്ചതോടെ മത്സരം കടുത്തു.
'മാറ്റത്തിനുവേണ്ടിയുള്ള വിശ്വസനീയമായ മത്സരം' എന്ന സന്ദേശമുയര്‍ത്തി നടന്ന ഫൊന്‍സേകയുടെ പ്രചാരണങ്ങള്‍ രജപക്സെക്കെതിരെ ചില ആരോപണങ്ങള്‍ നിരത്താനും മറന്നില്ല. കീഴടങ്ങിയ പല പുലിനേതാക്കളെയും വിചാരണയ്ക്ക് അവസരം നല്‍കാതെ വധിക്കാനായിരുന്നത്രെ പ്രസിഡന്റിന്റെ നിര്‍ദേശം. അധികാര ദുര്‍വിനിയോഗം, അഴിമതി, സ്വജനപക്ഷപാതം, സാധാരണക്കാരെ അവഗണിക്കുന്ന വികസനം -തുടങ്ങിയ പ്രശ്നങ്ങളെല്ലാം ഫൊന്‍സേക ഉയര്‍ത്തിയപ്പോള്‍ തെരഞ്ഞെടുപ്പുയോഗങ്ങളില്‍ വന്‍ പ്രാതിനിധ്യമുണ്ടായി. ഈ ആവേശം ഫലത്തില്‍ ദൃശ്യമായില്ലെന്നതാണ് വാസ്തവം. പോള്‍ ചെയ്ത വോട്ടിന്റെ 17.73 ശതമാനം അധികം നേടിക്കൊണ്ടുള്ള രജപക്സെയുടെ വിജയം അത് തെളിയിക്കുകയുമുണ്ടായി. കരുതിക്കൂട്ടിയുള്ള അക്രമം, ബൂത്തുപിടിത്തം, സര്‍ക്കാര്‍ സംവിധാനങ്ങളുടെ ദുരുപയോഗം, ഔദ്യോഗിക മാധ്യമങ്ങളുടെ പക്ഷപാതം -തുടങ്ങിയ കാര്യങ്ങളുയര്‍ത്തി പരാജയഭാരം ലഘുവാക്കാന്‍ ഫൊന്‍സേക ശ്രമിച്ചതും മറക്കുന്നില്ല.
തമിഴ് ജനവിഭാഗത്തിന് വോട്ടു ചെയ്യാനാവാതിരുന്നത് , ടിഎന്‍എ പിന്തുണയുടെ പേരില്‍ പുലികളുടെ അതിക്രമം സഹിച്ച വിഭാഗങ്ങള്‍ അകന്നുപോയത്, രജപക്സെയുടെ 'തുടര്‍ച്ചയും സ്ഥിരതയും' എന്ന മുദ്രാവാക്യമുണ്ടാക്കിയ വിശ്വാസം- തുടങ്ങിയ പ്രശ്നങ്ങള്‍കൂടി പരിശോധിച്ചുകൊണ്ടേ ലങ്കന്‍ ഫലത്തെ വിലയിരുത്താനാവൂ. ഇരു സ്ഥാനാര്‍ഥികളും സിംഹള വിഭാഗത്തില്‍പ്പെട്ടവരാണെങ്കിലും കൂടുതല്‍ പിന്തുണ നേടാനായത് രജപക്സെക്കാണ്. അതുപോലെ ഗ്രാമീണ മേഖലകളില്‍ അദ്ദേഹത്തിന് വലിയ ചലനങ്ങളുണ്ടാക്കാനായി.
ജനസംഖ്യയില്‍ 95 ശതമാനം ശ്രീലങ്കന്‍ തമിഴരും മുസ്ളിങ്ങളും അധിവസിക്കുന്ന വടക്കന്‍ മേഖലയില്‍ ഫൊന്‍സേകക്കായിരുന്നു മുന്‍തൂക്കം. ജാഫ്ന, വാന്നി, ട്രിങ്കോമാലി, ബട്ടിക്കലോവ, അംപാരി മേഖലകള്‍ പ്രത്യേകിച്ച്. ഇന്ത്യന്‍ തമിഴര്‍ കേന്ദ്രീകരിച്ച നുവര-എലിയയിലും ഇതേ മാതൃകയിലായിരുന്നു വിധിയെഴുത്ത്. മുസ്ളിങ്ങളും തമിഴരും ഏറെയുള്ള കൊളംബോയിലെ ഡിവിഷനുകളിലും ഫൊന്‍സേക മുന്നിലെത്തി. സിംഹള ഭൂരിപക്ഷമുള്ള 16 ജില്ലകള്‍ ഒരു മാറ്റവും കാണിക്കാതെ രജപക്സെക്കൊപ്പമാണ് നിന്നത്.
2005ലെ തെരഞ്ഞെടുപ്പുമായി ചില താരതമ്യങ്ങള്‍ നടത്തുന്നതും ഉചിതമായിരിക്കുമെന്ന് തോന്നുന്നു. അന്നത്തെ പ്രതിപക്ഷ സ്ഥാനാര്‍ഥിയായ റെനില്‍ വിക്രമസിംഗെയോട് രജപക്സെ തലനാരിഴക്കാണ് രക്ഷപ്പെട്ടിരുന്നത്. തമിഴ് അനുകൂല പ്രസ്ഥാനങ്ങളുടെ വീഴ്ചകളും എല്‍ടിടിഇ യുടെ തെരഞ്ഞെടുപ്പ് ബഹിഷ്ക്കരണാഹ്വാനവും ഉണ്ടായിരുന്നില്ലെങ്കില്‍ വിധി മറ്റൊന്നായേനെ. പ്രഭാകരന്റെ രാഷ്ട്രീയജീവിതത്തിലെ തന്നെ ഏറ്റവും വലിയ വിഡ്ഢിത്തങ്ങളിലൊന്നായിരുന്നു ആ ബഹിഷ്ക്കരണമെന്ന് ചില നിരീക്ഷകര്‍ രേഖപ്പെടുത്തിയത് കാണാതിരിക്കാനുമാവില്ല. ഇക്കുറി രജപക്സെക്ക് സിംഹളരുടെ 70 ശതമാനം വോട്ട് അനുകൂലമാക്കാനായതായിരുന്നു നേട്ടത്തിന്റെ അടിസ്ഥാനം. ഗ്രാമീണ മേഖലയില്‍ പ്രസിഡന്റിനനുകൂലമായ വികാരമുണ്ടായത് വിശദമായ പരിശോധന ആവശ്യപ്പെടുന്നതാണെന്നാണ് ഡിബിസ് ജയരാജ് (അ ൃലീൌിറശിഴ യൌ എൃമരൌൃലറ ഢലൃറശര) അഭിപ്രായപ്പെട്ടിട്ടുള്ളത്. ലങ്കന്‍ വോട്ടര്‍മാര്‍ക്കിടയിലെ നഗര-ഗ്രാമ വിഭജനം ആഴത്തിലുള്ളതായിരിക്കുകയാണെന്നും പഠനം കണ്ടെത്തി.
വിജയത്തിന്റെ അമിതാഹ്ളാദം രജപക്സെ എടുത്തണിയുമ്പോഴും ചില യാഥാര്‍ഥ്യങ്ങള്‍ അഭിമുഖീകരിക്കാന്‍ തയാറാവേണ്ടതുണ്ടെന്നും ലങ്കന്‍ വിധിയെഴുത്ത് അുനശാസിക്കുന്നു. രാജ്യത്തിന്റെ പ്രശ്നങ്ങള്‍ക്കെല്ലാം സൈനിക ഉത്തരങ്ങള്‍ക്കുപകരം രാഷ്ട്രീയ പരിഹാരമാണാവശ്യമെന്നതാണ് അതില്‍ പ്രധാനം. തനിക്ക് എതിരായിനിന്ന തമിഴ്-മുസ്ളിം ജനവിഭാഗങ്ങളോട് അദ്ദേഹം എന്ത് നിലപാടെടുക്കും എന്നതും പ്രസക്തമാണ്. പഴയ അനുഭവങ്ങള്‍ നല്ല ഉത്തരമല്ല ലോകത്തിനു മുന്നിലിട്ടു തരുന്നതും. വംശം, വര്‍ഗം, നഗര -ഗ്രാമ വിഭജനം എന്നീ തട്ടുകളില്‍ വിഭജിക്കപ്പെട്ടവരെ വിശ്വാസത്തിലെടുക്കാനും കഴിയേണ്ടതുണ്ട്.
രാഷ്ട്രീയത്തെ പൂര്‍ണ സൈനികവല്‍ക്കരണത്തിന്റെ മാനദണ്ഡങ്ങള്‍കൊണ്ട് പൂരിപ്പിക്കുകയായിരുന്നു കഴിഞ്ഞ അഞ്ചു വര്‍ഷമായി രജപക്സെ. എല്ലാ തൊഴില്‍മേഖലയും അടഞ്ഞപ്പോഴും സൈനികവൃത്തി പൌരന്മാരുടെ പ്രധാന ജീവിതമാര്‍ഗമായിത്തീരുകയുമുണ്ടായി. പുലികള്‍ക്കെതിരായ 'അന്ത്യകര്‍മ'ങ്ങള്‍ പ്രഖ്യാപിക്കപ്പെട്ട 2009 ജനുവരിക്കുശേഷം മാത്രം 22130 സൈനികരെയാണ് റിക്രൂട്ട് ചെയ്തത്. ലങ്കയില്‍ യാത്ര ചെയ്യുന്ന എല്ലാവര്‍ക്കും ഇതൊരു തടസ്സമാണ്. അരക്കിലോ മീറ്ററിനുള്ളില്‍ ആണ്‍-പെണ്‍ പട്ടാളക്കാരടങ്ങുന്ന നാലുപേരാണ് തടഞ്ഞുനിര്‍ത്തി സംശയനിവൃത്തി നടത്തുന്നതെന്നത് എന്റെ യാത്രയിലും പേടിസ്വപ്നമായിരുന്നു. പ്രഭാകരന്റെ അന്ത്യത്തിനുശേഷം മൂന്ന് സേനാമേധാവികള്‍ക്കും സ്ഥാനക്കയറ്റം നല്‍കിയ സര്‍ക്കാര്‍ കൂടുതല്‍ യുദ്ധവിമാനങ്ങളും കപ്പലുകളും വാങ്ങിക്കൂട്ടുകയുമുണ്ടായി. ഈ സൈനികവല്‍ക്കരണത്തിന്റെ ഉപദേശകരിലൊരാളായ ഫൊന്‍സേക ഒടുവിലെങ്കിലും അത് തള്ളിപ്പറഞ്ഞുവെന്നത് നന്നായെങ്കിലും ജനവിശ്വാസമാര്‍ജിക്കാന്‍ പോന്നതായിരുന്നില്ല മനംമാറ്റം. കുറ്റസമ്മതം മുന്‍നിര്‍ത്തി പ്രസിഡന്റിനെ എതിരിട്ട ആര്‍മി മേധാവിയുടെ നിലപാട് ലങ്കയിലെങ്കിലും കൌതുകമുയര്‍ത്തിയിരുന്നു. രണ്ടാംലോക മഹായുദ്ധത്തിനുശേഷം വിന്‍സ്റ്റണ്‍ ചര്‍ച്ചിലിനെതിരെ രംഗത്തുവന്ന ബെര്‍നാഡ് മോണ്ട്ഗോമറിയുടെയും ബംഗ്ളാദേശിനെതിരായ വിജയത്തിനുശേഷം ഇന്ദിരാഗാന്ധിക്കെതിരെ മത്സരിച്ച മനേക്ഷായുടെയും നടപടികള്‍ ഇതോട് ചേര്‍ത്തുവായിക്കുകയുമുണ്ടായി. സൈന്യത്തിന്റെ രാഷ്ട്രീയവല്‍ക്കരണവും രാഷ്ട്രീയത്തിന്റെ സൈനികവല്‍ക്കരണവും ഏത് ഏതിന് മറുപടിയാണെന്ന് പറയാനാവില്ല. കഴിഞ്ഞ കുറച്ച് ദശാബ്ദങ്ങളായി ശ്രീലങ്കയില്‍ തകൃതിയായ പ്രവണതകളിലൊന്നാണിത്. ഇവ പരസ്പരം പോഷിപ്പിക്കുന്നതുമാണ്. എല്‍ടിടിഇ ക്കെതിരായ നീക്കങ്ങള്‍ ഈ പ്രക്രിയയെ ത്വരിതമാക്കുകയും ചെയ്തു. പുലികള്‍ക്കെതിരായ യുദ്ധമെന്ന ഒറ്റ അജന്‍ഡ സൈന്യത്തിന്റെ രാഷ്ട്രീയവല്‍ക്കരണത്തെ ഊതിക്കത്തിച്ചു. എന്നാല്‍ ഫൊന്‍സേകയുടെ പരാജയം അതിനൊരു ക്ഷതമേല്പിക്കാനിടയുണ്ടെന്നാണ് വിലയിരുത്തപ്പെട്ടിട്ടുള്ളത്.
ശ്രീലങ്കന്‍ തെരഞ്ഞെടുപ്പു ഫലത്തെക്കുറിച്ച് ഐക്യരാഷ്ട്രസഭയും അമേരിക്കയും നടത്തിയ പ്രതികരണങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. വിധിയെഴുത്ത് അംഗീകരിക്കണമെന്നാണ് യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ആവശ്യപ്പെട്ടത്. രാഷ്ട്രതാല്പര്യം മുന്‍നിര്‍ത്തി എല്ലാ പാര്‍ടികളും വ്യക്തികളും ഉത്തരവാദത്തോടെ പെരുമാറണമെന്നും അത് സൌഹാര്‍ദത്തിനും ഭാവിക്കും ശുഭകരമായിത്തീരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരാജയപ്പെട്ട ഫൊന്‍സേകയുടെ ജീവന് ഭീഷണിയുള്ളതായി വെളിപ്പെട്ടതിനാല്‍ അദ്ദേഹവുമായി ബന്ധപ്പെട്ടുവരുന്നതായാണ് യു എസ് വിദേശകാര്യ അസിസ്റ്റന്റ് സെക്രട്ടറി ഫിലിപ്പ് ക്രോലി അറിയിച്ചത്. ഭാവിപരിപാടികള്‍ അറിഞ്ഞശേഷം ഫൊന്‍സേകക്ക് സാധ്യമായ സഹായങ്ങള്‍ ലഭ്യമാക്കുമെന്നും ക്രോലി പറയുകയുണ്ടായി. പ്രതിപക്ഷവുമായി പ്രസിഡന്റ് അനുരഞ്ജനത്തിന് തയാറാവണമെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വലിയ ക്രമസമാധാന പ്രശ്നങ്ങളൊന്നും ഉണ്ടായില്ലെങ്കില്‍ക്കൂടി ഫൊന്‍സേകക്കെതിരെ വ്യക്തമായ നീക്കങ്ങള്‍ നടന്നിരുന്നു. ചില സൈനിക മേധാവികളുമായി ചേര്‍ന്ന് അദ്ദേഹം രജപക്സെയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തില്‍ തുടങ്ങി അത്. ഫലം പുറത്തുവരുമ്പോഴേക്കും ഫൊന്‍സേക താമസിച്ച കൊളംബോയിലെ ഹോട്ടല്‍ സൈന്യം വളയുകയും ചെയ്തു. പിന്നെ അദ്ദേഹത്തിന് അനുവദിക്കപ്പെട്ട 80 അംഗ സുരക്ഷാസംഘത്തെ പിന്‍വലിക്കുകയായിരുന്നു. തുടര്‍ന്ന് ഫൊന്‍സേക 15 പേരടങ്ങിയ സ്വകാര്യ സുരക്ഷാ സംവിധാനത്തെ സ്വയം ഒരുക്കുകയുണ്ടായി.
ശ്രീലങ്കയില്‍നിന്നുള്ള പല വാര്‍ത്തകളും അതേമട്ടില്‍ പുറംലോകത്തെത്തുന്നില്ലെന്നത് ഞാന്‍ യാത്രയിലുടനീളം തിരിച്ചറിഞ്ഞിരുന്നു. പുലികളെ ചൂണ്ടിക്കാണിച്ച ് തുറന്നുപിടിച്ച സൈനിക ഭീഷണി അതിലൊന്നാണ്. വിദേശങ്ങളില്‍നിന്നുള്ള രാഷ്ട്രീയ നേതാക്കളെയും മാധ്യമ പ്രവര്‍ത്തകരെയും പൌരാവകാശ പ്രചാരകരെയും അരിച്ചുനോക്കിയാണ് അവിടേക്ക് പ്രവേശിപ്പിക്കുന്നതും. ഞാന്‍ കൊളംബോയില്‍ വിമാനമിറങ്ങിയ 2009 ജൂണ്‍ അഞ്ചിനാണ് കനഡയില്‍നിന്നുള്ള മുന്‍ മന്ത്രിയും ഇപ്പോള്‍ പാര്‍ലമെന്റംഗവുമായ റോബര്‍ട് കെയ്ത് റേയെ തിരിച്ചയച്ചത്. എല്‍ടിടിഇ പക്ഷപാതിയെന്നാരോപിച്ച് വിമാനത്താവളത്തില്‍ നിന്നുതന്നെ സൈന്യം പിടികൂടി തിരിച്ചയക്കുകയായിരുന്നു.
മാധ്യമങ്ങളുടെ വായ മൂടിക്കെട്ടുന്ന നടപടികള്‍ തെരഞ്ഞെടുപ്പിനുശേഷവുമുണ്ടായി. ഫൊന്‍സേകയെ തുണച്ച 'ലങ്ക വീക്ക്ലി' പത്രത്തിന്റെ ഓഫീസ് സൈന്യം അടച്ചുപൂട്ടി. അതിന്റെ പത്രാധിപര്‍ ചന്ദന സിരിമല്‍വത്തയെ അതിനുമുമ്പുതന്നെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ അറസ്റ്റു ചെയ്യുകയുമുണ്ടായി. മുതിര്‍ന്ന സര്‍ക്കാരുദ്യോഗസ്ഥനെക്കുറിച്ച് വാര്‍ത്ത കൊടുത്തതിനായിരുന്നു നടപടി. ആറുമാസത്തിനിടെ ആറാം തവണയാണ് ചന്ദനയെ കസ്റ്റഡിയില്‍ പാര്‍പ്പിച്ചത്. രജപക്സെ സഖ്യത്തിനെതിരെ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച മറ്റൊരു പത്രത്തിന്റെ ലേഖകനെയും കാര്‍ടൂണിസ്റ്റിനെയും തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മുമ്പെ കാണാതായി. പോളിങ് റിപ്പോര്‍ടുചെയ്യാനെത്തിയ സ്വിസ് പത്രപ്രവര്‍ത്തകയോട് ലങ്ക വിട്ടുപോകാനും സര്‍ക്കാര്‍ ഉത്തരവു നല്‍കി. കരിന്‍ വെന്‍ഗര്‍ എന്ന സ്വിസ് പബ്ളിക് റേഡിയോ വക്താവിന് നേരെയായിരുന്നു ഭീഷണി. കാരണമൊന്നും വ്യക്തമാക്കാതെ കരിന്റെ അക്രഡിറ്റേഷനും റദ്ദാക്കപ്പെട്ടു. ഇതു സംബന്ധിച്ച് ഏറെ വെളിപ്പെടുത്തിയ പാരീസ് ആസ്ഥാനമായ റിപ്പോര്‍ട്ടേഴ്സ് വിത്തൌട്ട് ബോര്‍ഡേഴ്സ് എന്ന സംഘടന ജനുവരി 24 ന് കാണാതായ കാര്‍ടൂണിസ്റ്റ് പ്രഗീത് എക്നാലിഗോഡയെ കണ്ടെത്താന്‍ അന്വേഷണം ത്വരിതമാക്കണമെന്നും ആശ്യപ്പെട്ടിട്ടിരിക്കയാണ്.
എന്റെ ശ്രീലങ്കന്‍ യാത്രയുടെ ചില ഘട്ടങ്ങളിലെങ്കിലും അവിടുത്തെ പ്രശസ്ത പത്രപ്രവര്‍ത്തകരുമായി രഹസ്യമായി ബന്ധം സ്ഥാപിക്കാനും ചര്‍ച്ചകള്‍ നടത്താനും കഴിഞ്ഞിരുന്നു. മുനയൊടിക്കപ്പെട്ട പേനയെക്കുറിച്ചാണ് മിക്കവരും പരിഭവിച്ചത്. അതുമാത്രമല്ല, 'കാണാതാക്കല്‍ പ്രവണത' മാധ്യമമേഖലയില്‍ ഏറുകയാണെന്നും അറിയിച്ചു. 'കാണാനില്ല' എന്ന പംക്തിയില്‍ സ്വന്തം വാര്‍ത്തയും ചിത്രവും നല്‍കുകയാണ് തങ്ങളുടെ വിധിയെന്നും ഹാസ്യരൂപേണ പറഞ്ഞത് ലോകപ്രശസ്തമായ 'സണ്‍ഡേ ടൈംസി'ന്റെ ഡെപ്യൂട്ടി എഡിറ്ററായ ആന്റണി ഡേവിഡ്. മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ കടന്നാക്രമണങ്ങള്‍ 2006 മുതലാണ് മൃഗീയഭാവമാര്‍ജിച്ചത്. ഒമ്പത് പത്രപ്രവര്‍ത്തകര്‍ ഇക്കാലയളവില്‍ വധിക്കപ്പെടുകയുണ്ടായി. ഒട്ടേറെപ്പേരെ തട്ടിക്കൊണ്ടുപോവുകയും ചെയ്തു. 'ദി സണ്‍ഡേ ലീഡര്‍' ചീഫ് എഡിറ്റര്‍ ലസന്ത വിക്രമതുംഗെയുടെ കൊലപാതകം അന്താരാഷ്ട്ര നിലവാരത്തില്‍തന്നെ ചര്‍ച്ചയായിരുന്നു. 2009 ജനുവരി എട്ടിനായിരുന്നു ലോകത്തെ നടുക്കിയ ആ വധം. ശ്രീലങ്കര്‍ വര്‍ക്കിങ് ജേര്‍ണലിസ്റ്റ്സ് അസോസിയേഷന്‍ സെക്രട്ടറി പൊഡ്ഡല ജയന്തക്കുനേരെയുണ്ടായ വധശ്രമം മറ്റൊരു ഭീകര സംഭവമായിരുന്നു. 2009 ജൂണ്‍ രണ്ടിനായിരുന്നു കൈകാലുകള്‍ തകര്‍ക്കപ്പെട്ട നിലയില്‍ അദ്ദേഹത്തെ വഴിവക്കില്‍ തള്ളിയത്. ജയന്ത ഇപ്പോഴും മരണസമാനമായ അവസ്ഥയിലാണെന്നാണ് ആന്റണി ഡേവിഡ് കഴിഞ്ഞ ദിവസം ഫോണില്‍ വിളിച്ചപ്പോള്‍ അറിയിച്ചത്. അധികാരം നീട്ടിക്കിട്ടിയ അവസ്ഥയിലും രജപക്സെ ഇവയ്ക്കെതിരെ ചെറുവിരല്‍പോലും അനക്കുന്നില്ലെന്നതാണ് സത്യം. തെരഞ്ഞെടുപ്പ് നേരത്തെയാക്കി വിജയമുറപ്പിച്ച തന്റെ നടപടി ചോദ്യം ചെയ്യുമെന്ന് ഭയന്ന് പ്രസിഡന്റ് സുപ്രീംകോടതിയുടെ വിദഗ്ധോ. പദേശം തേടിയിരിക്കയാണ്. ഈ പശ്ചാത്തലത്തില്‍ മാധ്യമങ്ങള്‍ക്കെതിരായി കടുത്ത സമീപനങ്ങള്‍ തുടരാനാണ് കൂടുതല്‍ സാധ്യത. പൊലീസ് - സൈനിക അച്ചുതണ്ടിന്റെ അടിച്ചമര്‍ത്തലുകളില്‍ അമര്‍ന്ന ശ്രീലങ്ക മാധ്യമസ്വാതന്ത്യ്രത്തിന്റെ കാര്യത്തില്‍ നാണംകെട്ട ഗ്രാഫാണ് കാണിച്ചുതരുന്നത്. മാധ്യമ അടിച്ചമര്‍ത്തല്‍ ഏറ്റവും ശക്തിമത്തായ 173 രാജ്യങ്ങളുടെ പട്ടികയില്‍ ലങ്കയ്ക്കു പിറകില്‍ 7 രാജ്യങ്ങളേയുള്ളു.
*
അനില്‍കുമാര്‍ എ വി കടപ്പാട്: ദേശാഭിമാനി വാരിക
Tuesday, February 23, 2010
Subscribe to:
Post Comments (Atom)
2 comments:
അനിശ്ചിതത്വങ്ങളുടെ അലമാലകളില്‍ ആടിയുലഞ്ഞ ശ്രീലങ്കന്‍ രാഷ്ട്രീയം പ്രസിഡണ്ട് തെരഞ്ഞെടുപ്പിനുശേഷവും കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. മഹിന്ദ രജപക്സെക്കെതിരെ പ്രതിപക്ഷ സ്ഥാനാര്‍ഥിയായി മത്സരിച്ച ജനറല്‍ ശരത് ഫൊന്‍സേകയെ അറസ്റ്റ്ചെയ്ത് അജ്ഞാതകേന്ദ്രത്തില്‍ അടച്ചതില്‍ എത്തിനില്‍ക്കുകയാണ് കാര്യങ്ങള്‍. ഈ വിവാദം കത്തിനില്‍ക്കെതന്നെ പ്രസിഡന്റ് പാര്‍ലമെന്റ് പിരിച്ചുവിട്ടത് സാഹചര്യങ്ങള്‍ അനുകൂലമാക്കാമെന്ന അമിത പ്രതീക്ഷയിലാണ്. ഏപ്രില്‍വരെ കാലാവധിയുള്ളതാണ് പാര്‍ലമെന്റ്. തെരഞ്ഞെടുപ്പിനുമുമ്പ് പ്രതിപക്ഷ സഖ്യത്തില്‍ വിള്ളലുണ്ടാക്കാമെന്ന കണക്കുകൂട്ടലും രജപക്സെക്കുണ്ട്.
"മാധ്യമ അടിച്ചമര്‍ത്തല്‍ ഏറ്റവും ശക്തിമത്തായ 173 രാജ്യങ്ങളുടെ പട്ടികയില്‍ ലങ്കയ്ക്കു പിറകില്‍ 7 രാജ്യങ്ങളേയുള്ളു."
അവ താഴെ...
അഫ്ഗാനിസ്ഥാൻ, മ്യാന്മാർ,ചൈന, ക്യൂബ,സുഡാൻ, റഷ്യ, യെമൻ.
യെന്തെ യിത് മുക്കി....
Post a Comment