ആഫ്രിക്കയ്ക്കകത്തും പുറത്തുമായി ജീവിക്കുന്ന ആഫ്രിക്കക്കാരുടെ സിനിമകളെയാണ് പൊതുവെ ആഫ്രിക്കന്‍ സിനിമയായി പരിഗണിക്കുന്നത്. നൂറ്റാണ്ടുകളുടെ അടിമത്തമാണ് ആഫ്രിക്ക അനുഭവിച്ചത്. 1960കളോടെ ഏറെ രാജ്യങ്ങള്‍ക്ക് സ്വാതന്ത്ര്യം ലഭിച്ചുവെങ്കിലും ഭാഷയിലും സംസ്കാരത്തിലും ജീവിത പരിതസ്ഥിതികളിലും കൊളോണിയലിസം സൃഷ്ടിച്ചുവെച്ച മുദ്രകളും ഭാണ്ഡക്കെട്ടുകളും പരിഹരിക്കാന്‍ ഇനിയും നൂറ്റാണ്ടുകളെടുത്തേക്കും. കറുപ്പ് എന്നാല്‍ തിന്മ എന്നും വെളുപ്പ് എന്നാല്‍ നന്മ എന്നുമുള്ള വിവേചനം പോലും വെളുത്ത വംശജരുടെ വര്‍ണവെറിയെയാണ് ആന്തരീകരിക്കുന്നതെന്ന് ബോധ്യപ്പെടാതെ ലോകം മുഴുവനും അംഗീകരിച്ചു പോരുകയാണെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
കൊളോണിയല്‍ കാലഘട്ടത്തിലെ ആഫ്രിക്കന്‍ സിനിമ എന്നാല്‍ പാശ്ചാത്യ സിനിമാ സംവിധായകര്‍ ആഫ്രിക്കയെക്കുറിച്ചെടുത്ത സിനിമ എന്നാണ് വിശദീകരിക്കപ്പെടുക. അന്ന് ആ സിനിമ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സ്വന്തമായി ചരിത്രവും സംസ്ക്കാരവും ഇല്ലാത്ത ഒരു താഴ്ന്ന തരം ജനതയായി ആഫ്രിക്കന്‍ വംശജര്‍ ഈ സിനിമകളില്‍ സ്ഥാനപ്പെടുത്തപ്പെട്ടു. ടാര്സന്, ഫാന്റം, ദ ആഫ്രിക്കന്‍ ക്യൂന്‍, കിംഗ് സോളമന്‍സ് മൈന്‍സ്, വൈല്‍ഡ് സ്റോറീസ് എന്നിങ്ങനെ സീരിയലൈസ് ചെയ്യപ്പെട്ട അനവധി ആഫ്രിക്കന്‍ കഥകള്‍ സിനിമകളായി തുരുതുരാ പുറത്തു വന്നപ്പോള്‍ അതിലൊക്കെ കാട്ടുമനുഷ്യരും ആദിവാസികളും ആഫ്രിക്കക്കാരും കറുത്ത തൊലി നിറമുള്ളവരും നിരന്തരമായി അപഹസിക്കപ്പെട്ടു. ആ പരിഹാസമായിരുന്നു അത്തരം ചിത്രങ്ങളുടെയെല്ലാം വിജയ ഫോര്‍മുല. ഫ്രഞ്ച് കോളനി രാജ്യങ്ങളില്‍ ആഫ്രിക്കന്‍ വംശജര്‍ സിനിമ യെടുക്കുന്നതിന് നിരോധനം തന്നെ നിലനിന്നിരുന്നു. ഫ്രഞ്ച് ആഫ്രിക്കയിലെ ആദ്യ 'ആഫ്രിക്കന്‍' സിനിമയായി പരിഗണിക്കപ്പെടുന്ന ല ആഫ്രിക്ക സര് സീനെ (1955/സംവിധാനം: പോളിന് സോമാനൌ വിയേറ) യഥാര്‍ത്ഥത്തില്‍ പാരീസിലാണ് ചിത്രീകരിക്കപ്പെട്ടത്. അതുപോലെ തന്നെ സ്വാതന്ത്ര്യലബ്ധിക്കു മുമ്പ് കൊളോണിയല്‍ വിരുദ്ധ സിനിമകള്‍ അപൂര്‍വമായിട്ടേ പുറത്തുവന്നിരുന്നുള്ളൂ. ക്രിസ് മേക്കറും അലന് റെനെയും ചേര്‍ന്ന് സംവിധാനം ചെയ്ത ലെസ് സ്റാറ്റ്യൂസ് മ്യോറന്റ് ഓസി എന്ന സിനിമ ഇക്കൂട്ടത്തില്‍ പ്രധാനപ്പെട്ട ഒന്നാണ്. ഈ ചിത്രം പത്തു വര്‍ഷക്കാലത്തോളം ഫ്രാന്‍സില്‍ നിരോധിക്കപ്പെട്ടിരുന്നു. ആഫ്രിക്കന്‍ കല യൂറോപ്യന്മാര് മോഷ്ടിക്കുന്നതാണ് ചിത്രത്തിന്റെ പ്രതിപാദ്യം. കോട്ടെ ഡി ഐവറിയിലും അപ്പര്‍ വോള്‍ട്ടയിലും നടന്ന സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തെക്കുറിച്ചുള്ള ആഫ്രിക്കെ ഫിഫ്റ്റി (സംവിധാനം: റെനെ വോത്തിയര്‍) മറ്റൊരുദാഹരണമാണ്.
ആഫ്രിക്കന്‍ സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ചലച്ചിത്രകാരന്മാരിലൊരാളായ ഒസ്മാന്‍ സെംബെനേയുടെ ല നോയര്‍ ദെ അഥവാ കറുത്ത പെണ്‍കുട്ടി (1966) ആണ് അന്താരാഷ്ട്ര പ്രശംസ പിടിച്ചു പറ്റിയ ആദ്യത്തെ പ്രധാനപ്പെട്ട ആഫ്രിക്കന്‍ സിനിമ. സെനെഗാളാണ് സെംബെനെയുടെ രാജ്യം. ആഫ്രിക്കന്‍ സിനിമയുടെ പിതാവായി സെംബെനെ വിശേഷിപ്പിക്കപ്പെടുന്നു. 1923 ജനുവരി 1ന് ജനിച്ച സെംബെനെ 2007 ജൂണ്‍ 9നാണ് മരിച്ചത്. മുസ്ളിം വോളോഫ് വംശജനായ സെംബെനെ ഒരു മീന്‍ പിടുത്ത തൊഴിലാളിയുടെ മകനാണ്. വോളോഫ് എന്ന മാതൃഭാഷക്കു പുറമെ അറബും ഫ്രഞ്ചും പഠിച്ച സെംബെനെ പ്രിന്‍സിപ്പാളുമായി കലഹിച്ചതിനെ തുടര്‍ന്ന് പതിമൂന്നാം വയസ്സില്‍ പുറത്താക്കപ്പെട്ടു. പിന്നീട് അദ്ദേഹം പല പണികളും ചെയ്തു. 1944ല്‍ അദ്ദേഹം ഫ്രഞ്ച് പട്ടാളത്തിലും ചേര്‍ന്നിരുന്നു. 1947ല്‍ രാജ്യത്ത് തിരിച്ചെത്തിയ സെംബെനെ റെയില്‍വെ സമരത്തില്‍ പങ്കെടുത്തു. അദ്ദേഹത്തിന്റെ മഹത്തായ നോവല്‍ ഗോഡ്സ് ബിറ്റ്സ് ഓഫ് വൂഡ് ഈ റെയില്‍ സമരത്തെ അവലംബിച്ചെഴുതിയതാണ്. പിന്നീട് ഫ്രാന്‍സിലെത്തിയ സെംബെനെ അവിടെ തൊഴിലാളിയായി പണിയെടുക്കുകയും ട്രേഡ് യൂണിയന് പ്രസ്ഥാനത്തിലും കമ്യൂണിസ്റ് പാര്‍ടിയിലും പ്രവര്‍ത്തിക്കുകയും ചെയ്തു. വിയറ്റ്നാമില്‍ അമേരിക്ക നടത്തിയ യുദ്ധത്തിനാവശ്യമായ സാധനങ്ങള്‍ കൊണ്ടുപോകാനുള്ള കപ്പല്‍ തടഞ്ഞ സമരത്തില്‍ അദ്ദേഹം സജീവമായി പങ്കെടുത്തു. ഫ്രഞ്ച് ഭാഷയിലും മാതൃഭാഷയിലും നിരവധി നോവലുകളും സാഹിത്യകൃതികളും ഇക്കാലത്ത് അദ്ദേഹം എഴുതി. സാഹിത്യകാരന് എന്ന നിലയില്‍ വിവിധ രാജ്യങ്ങളിലേക്ക് ക്ഷണിക്കപ്പെട്ട കൂട്ടത്തില്‍ മോസ്കോയിലെത്തിയ സെംബെനെ അവിടെ ഒരു വര്‍ഷം താമസിച്ച് ഗോര്‍ക്കി സ്റുഡിയോവില്‍ നിന്ന് സിനിമ പഠിക്കുകയും ചെയ്തിരുന്നു. 1960ല്‍ സെനെഗാളില്‍ തിരിച്ചെത്തിയ സെംബെനെ കൂടുതല്‍ ജനങ്ങളോട് സംവദിക്കുന്നതിന് യുക്തമായ മാധ്യമം സിനിമയാണെന്ന് തിരിച്ചറിയുകയും ചലച്ചിത്രസംവിധാനത്തിലേക്ക് തിരിയുകയുമായിരുന്നു. ഫ്രാന്‍സില്‍ വീട്ടു വേലക്കാരിയായി ജോലി ചെയ്യുന്ന ഒരു ആഫ്രിക്കന്‍ വംശജയുടെ കഥയാണ് ബ്ളാക്ക് ഗേള്‍ എന്ന ആദ്യ ഫീച്ചര്‍. നിരവധി അവാര്‍ഡുകള്‍ ഈ ചിത്രത്തിന് ലഭിച്ചു. മണ്ഡാപി, സാല, സെഡ്ഡോ, ക്യാമ്പ് ദെ തിയറോയെ, ഗോള്‍വാര്‍ എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റ് പ്രധാന സിനിമകള്‍. സാമ്രാജ്യത്വത്തിന്റെ ചരിത്രം, മതത്തിന്റെ പരാജയങ്ങള്‍, പുതിയ ആഫ്രിക്കന്‍ ബൂര്‍ഷ്വായെക്കുറിച്ചുള്ള വിമര്‍ശനം, ആഫ്രിക്കന്‍ സ്ത്രീത്വത്തിന്റെ കരുത്ത് എന്നിവയാണ് അദ്ദേഹം നിരന്തരമായി പരിചരിക്കുന്ന ആശയങ്ങള്‍. ആഫ്രിക്കന്‍ സ്ത്രീകളുടെ ശിശ്നഛേദന കര്‍മവും അതു സംബന്ധിച്ചുള്ള ചടങ്ങുകളും അന്ധവിശ്വാസങ്ങളുമാണ് അദ്ദേഹത്തിന്റെ അവസാന ചിത്രമായ മൂലാദേ (2004)യുടെ മുഖ്യ ഇതിവൃത്തം. കാനിലടക്കം നിരവധി മേളകളില്‍ ഈ ചിത്രം ശ്രദ്ധിക്കപ്പെട്ടു. സാധാരണക്കാരില്‍ സാധാരണക്കാര്‍ക്കു വേണ്ടിയുള്ളതാണ് സെംബെനെയുടെ സിനിമകള്‍. വെളിച്ചത്തിന്റെ മഹാമാര്‍ഗത്തിലേക്ക് ദരിദ്രരെ വഴി തെളിയിച്ചുകൊണ്ടുപോയ ചൂട്ടു വിളക്കുകളാണവ.
ബര്‍ക്കിനാ ഫാസോ, ടുണീഷ്യയിലെ കാര്‍ത്താഗോ എന്നീ നഗരങ്ങളില്‍ മാറി മാറി നടക്കുന്ന ചലച്ചിത്രമേളകളില്‍ ആഫ്രിക്കന്‍ സിനിമകള്‍ കാണുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്നു. ഫെപ്പാസി (ഫെഡറേഷന് ഓഫ് ആഫ്രിക്കന്‍ ഫിലിം മേക്കേഴ്സ്) എന്ന സംഘടന ആഫ്രിക്കന്‍ സിനിമയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു. മെഡ് ഹോണ്ടോ സംവിധാനം ചെയ്ത ഓ സൊളേല്‍ ഓ (1969) ഫ്രാന്‍സില്‍ കറുത്ത തൊലിനിറത്തോടെ ജീവിക്കുന്നതിന്റെ വൈഷമ്യങ്ങള്‍ കൂടുതല്‍ തീവ്രതയോടെ ആവിഷ്ക്കരിക്കുന്നു. ദിബ്രില്‍ ദ്യോപ്പ് മാമ്പെറ്റിയുടെ തൂക്കി ബൂക്കി (1973) ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമാണ്. ദാക്കറിലെ യുവകമിതാക്കള്‍ പാരീസിലേക്ക് എന്തു വിലകൊടുത്തും നടത്താന്‍ തുനിയുന്ന ഒരു യാത്രയുടെ തയ്യാറെടുപ്പുകളെക്കുറിച്ചാണ് ഈ ചിത്രം. സൂളിമേന്‍ സിസ്സെ സംവിധാനം ചെയ്ത യീലേന്‍ (മാലി/1987), ചീക്ക് ഓമര്‍ സീസോക്കോ സംവിധാനം ചെയ്ത ഗ്യൂംബ (മാലി/1995) എന്നീ സിനിമകള്‍ പാശ്ചാത്യ പ്രേക്ഷകരില്‍ വലിയ താല്പര്യം ജനിപ്പിക്കുകയുണ്ടായി. ഴാങ് പിയെറേ ബെക്കാലോ സംവിധാനം ചെയ്ത ക്വാര്‍ട്ടിയര്‍ മൊസാര്‍ട്ട് (കാമറൂണ്‍/1992) ആഗോളവല്‍ക്കരിക്കപ്പെട്ട ആഫ്രിക്കന്‍ മഹാനഗരം എന്ന പുതിയ യാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിക്കുന്നു.
ആഫ്രിക്കയിലെ ഏറ്റവും ശ്രദ്ധേയനായ രണ്ടാം തലമുറ സംവിധായകനാണ് അബ്ദറഹ്മാന് സിസാക്കോ(മൌറീഷ്യാന). അദ്ദേഹത്തിന്റെ സിനിമകള്‍, 1960കളിലെ ആദ്യകാല ആഫ്രിക്കന്‍ സംവിധായകരുടെ ധീരമായ കാലത്തേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകുന്നു. തീര്‍ച്ചയായും ആദ്യകാല സിനിമകളില്‍ നിന്ന് അവ ഒരു പാട് മുന്നോട്ടു പോയിട്ടുണ്ട്. പുതിയ കാലത്ത് പ്രസക്തമാവുന്ന ഇതിവൃത്തമുള്ള ബമാക്കോ ഇരുത്തം വന്ന ഒരു സംവിധായകന്റെ കൈയൊതുക്കമുള്ള സൃഷ്ടിയാണ്. സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം, കോളനിവല്‍ക്കരണത്തിനെതിരായ ചെറുത്തു നില്പ്, പുതിയ ഭാഷ കണ്ടെത്താനുള്ള ശ്രമം - നിരാസത്തിന്റെ സിനിമയുടെ വക്താക്കള്‍ക്കുണ്ടായിരുന്ന ഊര്‍ജ്ജം സിസാക്കോയിലൂടെയും അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിലൂടെയും നമുക്ക് കണ്ടെത്താനാവും. പ്രാദേശിക ചരിത്രഗാഥകള്‍ അടുത്ത തലമുറക്ക് കൈമാറിയിരുന്ന ഗോത്രഗായകരെപ്പോലെ, തന്റെ കാലത്തെ അടയാളപ്പെടുത്തുകയാണ് ചലച്ചിത്രകാരന്റെ കടമ എന്ന ചിന്താഗതിയാണ് അക്കാലത്തുണ്ടായിരുന്നത്.
ആഫ്രിക്കന്‍ സിനിമയിലെ ഒരു സ്ഥിരം ഘടകമാണ് പാരമ്പര്യവും ആധുനികതയും തമ്മിലുള്ള സംഘര്‍ഷം. ആഫ്രിക്കയും പാശ്ചാത്യ രാജ്യങ്ങളും തമ്മിലുള്ള അടുപ്പമായും അകലമായും വ്യാഖ്യാനിക്കാവുന്ന ഈ ഘടകം സിസാക്കോയുടെ ചിത്രങ്ങളിലും സജീവമാണ്. ആഫ്രിക്കയില്‍ നിന്ന് പടിഞ്ഞാറന്‍ രാജ്യങ്ങളിലേക്കുള്ള ദൂരം ഇക്കാലത്ത് വളരെ കുറഞ്ഞിട്ടുണ്ട്. ആഫ്രിക്ക കൂടി പങ്കു ചേരാന്‍ നിര്‍ബന്ധിതമായ ആഗോളീകരണത്തിന്റെ പരിണത ഫലമായി വേണമെങ്കില്‍ ഇതിനെക്കാണാം. പക്ഷെ, ആഫ്രിക്കയെ ഇതര ലോകത്തിന് പിന്നിലാക്കുന്ന സംഗതികള്‍ ഇപ്പോഴും അവിടെത്തന്നെ ധാരാളമുണ്ട്. ലൈഫ് ഓണ്‍ എര്‍ത്തില്‍ ഈ അന്തരം വാര്‍ത്താവിനിമയ സംവിധാനങ്ങളുടെ അപര്യാപ്തതയായി അവതരിപ്പിക്കുന്നു. ടെലിഫോണ്‍ വിളിച്ചു കിട്ടാനും ഒരു ഭാഗ്യം വേണം എന്നാണ് ചിത്രത്തിലെ പബ്ളിക് ടെലിഫോണ്‍ ഓപ്പറേറ്റര്‍ പറയുന്നത്. സഹസ്രാബ്ദത്തിന്റെ അവസാനമാണ് ഈ ചിത്രം നിര്‍മിച്ചത്. പുതിയ സഹസ്രാബ്ദത്തിലേക്ക് ഔത്സുക്യത്തോടെ ഉറ്റുനോക്കുന്ന ലോകത്തെ മുഴുവനായി വരച്ചുകാട്ടാനായി ആര്‍ട്ടെ ടെലിവിഷന്‍ ചാനല്‍ പണം മുടക്കി ആരംഭിച്ച ചലച്ചിത്ര സംഘാതത്തില്‍ പ്രകോപന സ്വഭാവമുള്ള ലൈഫ് ഓണ്‍ എര്‍ത്ത് നിര്‍മ്മിച്ചുകൊണ്ടാണ് സിസാക്കോ പങ്കു ചേര്‍ന്നത്. തന്റെ അഛന്റെ വീടു സ്ഥിതി ചെയ്യുന്ന മാലിയിലെ ഒറ്റപ്പെട്ട ഒരു ഗ്രാമമാണ് സിസാക്കോ ചിത്രത്തിനായി തെരഞ്ഞെടുത്തത്. സഹസ്രാബ്ദം അവസാനിക്കുന്നതോ തുടങ്ങുന്നതോ അവിടത്തെ ജീവിതങ്ങളെ ബാധിക്കുന്നതേയില്ല. അന്നും പതിവുപോലെ ജീവിതം കരുപ്പിടിപ്പിക്കാനിറങ്ങിത്തിരിക്കുന്ന ഗ്രാമീണരെ സംബന്ധിച്ചിടത്തോളം സഹസ്രാബ്ദാഘോഷം അപ്രസക്തമാണ്. അവിടെ ടെലിവിഷന്‍ ദൃശ്യങ്ങളോ ഉത്സവാലങ്കാരങ്ങളോ ആഹ്ളാദപ്രകടനങ്ങളോ ഇല്ല. ഫ്രാന്‍സിലെ ആഘോഷങ്ങളുടെ മാറ്റൊലി, ഏക മാധ്യമമായ റേഡിയോയിലൂടെ നാട്ടുകാര്‍ക്ക് താല്പര്യമില്ലെങ്കിലും അവിടെ എത്തുന്നുണ്ടായിരുന്നു. പുതിയ സഹസ്രാബ്ദത്തിലേക്ക് ആഫ്രിക്ക കടന്നത് പ്രത്യേകിച്ചൊരു മാറ്റവും കൂടാതെയാണെന്ന് അതിശക്തമായി അവതരിപ്പിക്കുന്ന ചിത്രമാണ് ലൈഫ് ഓണ്‍ എര്‍ത്ത്.
ഇതേ അടയാളങ്ങള്‍ വെയിറ്റിംഗ് ഫോര്‍ ഹാപ്പിനെസിലും വരുന്നുണ്ട്. അല്പം വ്യത്യസ്തമായ രീതിയില്‍, ഇവിടെ ഒരു ഇലക്ട്രിക് ബള്‍ബാണ് പടിഞ്ഞാറിനെ പ്രതിനിധീകരിക്കുന്നത്. വ്യവസായവത്കൃത സമൂഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കണ്ടുപിടുത്തമായ വൈദ്യുതി, മനുഷ്യനും പകല്‍വെളിച്ചവും തമ്മിലുള്ള ബന്ധത്തെ വരെ മാറ്റിമറിച്ചു. ചിത്രത്തില്‍ ആരും കാണാനില്ലാതെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു ടെലിവിഷന്‍ നോക്കി മാതാ എന്ന പ്രായമായ ഇലക്ട്രീഷ്യന് ചോദിക്കുന്നത് അവര്‍ക്ക് ശരിക്കും വൈദ്യുതി ആവശ്യമുണ്ടോ എന്നാണ്. അതേ സമയം സാമ്പത്തിക ആഗോളവല്‍ക്കരണത്തിന്റെ മുദ്രകള്‍ ചിത്രത്തില്‍ പലയിടത്തും കാണാം. പുത്തന്‍ ഉല്പന്നങ്ങള് വില്‍ക്കുന്ന ചൈനീസ് വഴിയോരക്കച്ചവടക്കാരന്, കരോക്കെകള്‍ തുടങ്ങിയവ ഉദാഹരണങ്ങള്‍. ആഫ്രിക്കയുടെ രണ്ടു മുഖങ്ങളാണ് ഇവിടെ അവതരിപ്പിക്കപ്പെടുന്നത്. ഒരു വശത്ത് ആഗോളീകരണത്തിന്റെ ചിഹ്ന വ്യവസ്ഥ സമൂഹത്തെ ഗ്രസിക്കുമ്പോള്‍ മറുവശത്ത് ആഫ്രിക്കയിലെ ഗ്രാമീണരുടെ ജീവിതം മാറ്റമില്ലാതെ തുടരുന്നു. പാശ്ചാത്യ അധിനിവേശം പുതിയൊരു സമയക്രമം പോലും ഇവിടെ സൃഷ്ടിക്കുന്നുണ്ട്. ആഫ്രിക്കയും പടിഞ്ഞാറന്‍ ജിവിതവും തമ്മിലുള്ള ദൂരം, സിസാക്കോയുടെ ചിത്രങ്ങളില്‍ ഇപ്രകാരം വ്യക്തമായും ശക്തമായുമാണ് ആവിഷ്ക്കരിക്കപ്പെടുന്നത്. ഇവിടെ ഭൂഖണ്ഡാന്തര സംവാദമാകുകയാണ് സിസാക്കോയുടെ സിനിമ.
ആഗോളവല്‍ക്കരണം ആഫ്രിക്കന്‍ സമൂഹത്തില്‍ സൃഷ്ടിച്ച ഉച്ചനീചത്വങ്ങളെ പ്രതീകാത്മകമായ വിചാരണക്ക് വിധേയമാക്കുകയാണ് ബമാക്കോയില്‍. ലോകബാങ്കും അന്താരാഷ്ട്ര നാണയനിധിയുമാണ് ഈ വിചാരണയില്‍ പ്രതി ചേര്‍ക്കപ്പെടുന്നത്. മാലിയുടെ തലസ്ഥാനമായ ബമാക്കോയുടെ പ്രാന്തപ്രദേശത്തുള്ള ഒരു വീട്ടുമുറ്റത്താണ് പ്രതീകാത്മക വിചാരണ നടക്കുന്നത്.രംഗത്തുള്ള അഭിഭാഷകരെ സിസാക്കോ രണ്ടു ഗ്രൂപ്പാക്കിയിരിക്കുന്നു. ഒരു കൂട്ടര് ആഫ്രിക്കന്‍ ജനതക്കു വേണ്ടിയും മറ്റൊരു കൂട്ടര് പ്രതികള്‍ക്കു വേണ്ടിയും വാദിക്കുന്നു. ആഫ്രിക്കയെ തകര്‍ത്തതില്‍ ഈ രണ്ടു സംഘടനകള്‍ക്കുമുള്ള പങ്ക് വിചാരണ ചെയ്യപ്പെടുമ്പോള്‍ സാധാരണ ജീവിതം അഭംഗുരം തുടരുന്നു. സങ്കല്പനത്തേയും യാഥാര്‍ത്ഥ്യത്തെയും ചെറിയ അതിര്‍വരമ്പിട്ട് വേര്‍തിരിക്കുന്ന സിസാക്കോയുടെ പതിവുരീതി തന്നെയാണിവിടെയുമുള്ളത്. പലപ്പോഴും യഥാര്‍ത്ഥജീവിതത്തില്‍ നിന്നുള്ളവര്‍ ഈ ചെറിയ അതിര്‍വരമ്പ് ലംഘിച്ച് ഈ വിചാരണയില്‍ പങ്കെടുക്കുന്നു. പ്രതികള്‍ക്കെതിരെ തെളിവു നല്കാന് പലപ്പോഴും ഗ്രാമീണര്‍ സാങ്കല്പികമായ കോടതിമുറിയിലേക്ക് ക്ഷണിക്കപ്പെടുകയാണ്. റെയില്‍ സര്‍വീസ് നിര്‍ത്തലാക്കിയതോടെ പൂര്‍ണ്ണമായും ഒറ്റപ്പെട്ടുപോയ ഒരു സ്ത്രീ ഈ വിചാരണയില്‍ പങ്കെടുക്കുന്നു. റെയില്‍ഗതാഗതം സ്വകാര്യവല്‍ക്കരിച്ചതോടെ ഇത് സാധാരണക്കാര്‍ക്ക് അപ്രാപ്യമാവുന്നത് ആഫ്രിക്കയിലെ സാമൂഹ്യ യാഥാര്‍ത്ഥ്യമാണ്. പൊതു ഗതാഗതസംവിധാനം ഇല്ലാതാക്കിക്കൊണ്ട് എങ്ങനെ ഒരു സമൂഹത്തിന് വികസനപാതയിലെത്താന്‍ കഴിയുമെന്നാണ് ബമാക്കോയിലെ സാങ്കല്‍പികകോടതിയില്‍ ഉയരുന്ന ഒരു പ്രധാന ചോദ്യം. ആഫ്രിക്കന്‍ വന്‍കരയുടെ ദുരിതങ്ങള്‍ ലോകത്തിന് ഏറെ പരിചിതമാണ്. നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ ഈ വന്‍കരയെ ചിത്രീകരിക്കുന്നത് ദുരിതങ്ങളിലൂടെ മാത്രമാണ്. എന്നാല്‍, പാശ്ചാത്യ ലോകവുമായി നടക്കുന്ന സംവാദങ്ങളുടെ കര്‍തൃസ്ഥാനത്ത് ആഫ്രിക്കയെ പ്രതിഷ്ഠിച്ചുകൊണ്ട് ഒരു വഴിത്തിരിവുണ്ടാക്കുകയാണ് സിസാക്കോയുടെ സിനിമ. കൃത്യമായ നിലപാടുകള്‍ വെച്ചുപുലര്‍ത്തുന്ന രാഷ്ട്രീയ സിനിമകളുടെ നിരാശാഭരിതവും വേദനിപ്പിക്കുന്നതുമായ ഭാവമല്ല. മറിച്ച് സംവേദനാത്മകമായ ആഹ്ളാദമാണ് ബമാക്കോയുടെ സവിശേഷത.
സംസ്ക്കാരം, കല, ജീവിതം, സാമ്പത്തിക വ്യവസ്ഥ എന്നീ പ്രതിഭാസങ്ങളെല്ലാം ആഗോള സാമ്രാജ്യത്വ ശക്തികളുടെ അധീശത്വത്തിനോ വിഴുങ്ങലിനോ വിധേയമാകുന്ന ദുരവസ്ഥയെ മൂന്നാംലോക രാജ്യങ്ങളില്‍ നിന്നുള്ള കലാകാരന്മാര് പ്രത്യേകിച്ച് ചലച്ചിത്രകാരന്മാര് എപ്രകാരമാണ് അഭിമുഖീകരിക്കുന്നത് എന്നത് തുടരെ തുടരെ മുഴങ്ങുന്ന ഒരു ചോദ്യമാണ്. ഈ ചോദ്യത്തിന്റെ ഉത്തരം അവ്യക്തമാണെങ്കിലും ചോദ്യത്തിന്റെ പ്രസക്തി അതുകൊണ്ടില്ലാതാകുന്നില്ല. ആഫ്രിക്കന്‍ സിനിമ, 'ഇരുണ്ടുപോയതു' കൊണ്ട് മുഖ്യധാരയില്‍ നിന്ന് നിഷ്ക്കാസിതരാക്കപ്പെട്ട ജനങ്ങളെയാണ് പ്രത്യക്ഷ വിഷയമാക്കുന്നത്. അതുകൊണ്ടു തന്നെയാണ് ആ സിനിമകളെ വൈജാത്യങ്ങള്‍ക്കിടയിലും ഒന്നിച്ച് പോരാടുന്ന മാനുഷിക പ്രതിരോധത്തിന്റെ അടയാളമായി രേഖപ്പെടുത്താന്‍ ചരിത്രത്തെ നിര്‍ബന്ധിപ്പിക്കുന്നത്.
*
ജി. പി. രാമചന്ദ്രന്
Sunday, August 31, 2008
Subscribe to:
Post Comments (Atom)
1 comment:
ആഫ്രിക്കയ്ക്കകത്തും പുറത്തുമായി ജീവിക്കുന്ന ആഫ്രിക്കക്കാരുടെ സിനിമകളെയാണ് പൊതുവെ ആഫ്രിക്കന്‍ സിനിമയായി പരിഗണിക്കുന്നത്. നൂറ്റാണ്ടുകളുടെ അടിമത്തമാണ് ആഫ്രിക്ക അനുഭവിച്ചത്. 1960കളോടെ ഏറെ രാജ്യങ്ങള്‍ക്ക് സ്വാതന്ത്ര്യം ലഭിച്ചുവെങ്കിലും ഭാഷയിലും സംസ്കാരത്തിലും ജീവിത പരിതസ്ഥിതികളിലും കൊളോണിയലിസം സൃഷ്ടിച്ചുവെച്ച മുദ്രകളും ഭാണ്ഡക്കെട്ടുകളും പരിഹരിക്കാന്‍ ഇനിയും നൂറ്റാണ്ടുകളെടുത്തേക്കും. കറുപ്പ് എന്നാല്‍ തിന്മ എന്നും വെളുപ്പ് എന്നാല്‍ നന്മ എന്നുമുള്ള വിവേചനം പോലും വെളുത്ത വംശജരുടെ വര്‍ണവെറിയെയാണ് ആന്തരീകരിക്കുന്നതെന്ന് ബോധ്യപ്പെടാതെ ലോകം മുഴുവനും അംഗീകരിച്ചു പോരുകയാണെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
കൊളോണിയല്‍ കാലഘട്ടത്തിലെ ആഫ്രിക്കന്‍ സിനിമ എന്നാല്‍ പാശ്ചാത്യ സിനിമാ സംവിധായകര്‍ ആഫ്രിക്കയെക്കുറിച്ചെടുത്ത സിനിമ എന്നാണ് വിശദീകരിക്കപ്പെടുക. അന്ന് ആ സിനിമ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സ്വന്തമായി ചരിത്രവും സംസ്ക്കാരവും ഇല്ലാത്ത ഒരു താഴ്ന്ന തരം ജനതയായി ആഫ്രിക്കന്‍ വംശജര്‍ ഈ സിനിമകളില്‍ സ്ഥാനപ്പെടുത്തപ്പെട്ടു. ടാര്സന്, ഫാന്റം, ദ ആഫ്രിക്കന്‍ ക്യൂന്‍, കിംഗ് സോളമന്‍സ് മൈന്‍സ്, വൈല്‍ഡ് സ്റോറീസ് എന്നിങ്ങനെ സീരിയലൈസ് ചെയ്യപ്പെട്ട അനവധി ആഫ്രിക്കന്‍ കഥകള്‍ സിനിമകളായി തുരുതുരാ പുറത്തു വന്നപ്പോള്‍ അതിലൊക്കെ കാട്ടുമനുഷ്യരും ആദിവാസികളും ആഫ്രിക്കക്കാരും കറുത്ത തൊലി നിറമുള്ളവരും നിരന്തരമായി അപഹസിക്കപ്പെട്ടു. ആ പരിഹാസമായിരുന്നു അത്തരം ചിത്രങ്ങളുടെയെല്ലാം വിജയ ഫോര്‍മുല.
ശ്രീ. ജി.പി.രാമചന്ദ്രന് എഴുതിയ ലേഖനം.
Post a Comment