ഇന്ത്യയുടെ ചീഫ് ജസ്‌റ്റിസ് കെ ജി ബാലകൃഷ്‌ണന്‍ ഡല്‍ഹിയില്‍ നടത്തിയ ഒരു പ്രസംഗം 'രാഷ്‌ട്രീയത്തിന്റെ പിന്‍വാങ്ങല്‍ ആശങ്കാജനകം' എന്ന തലക്കെട്ടില്‍ പ്രമുഖപത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. "നിസ്സാര പ്രശ്നങ്ങളുടെ പേരില്‍ രാജ്യത്ത് സംഘര്‍ഷം പൊട്ടിപ്പുറപ്പെടുന്നതും അത് ധ്രുവീകരണത്തിന് വഴി ഒരുക്കുന്നതും പതിവായിക്കഴിഞ്ഞു'' എന്നാണ് അദ്ദേഹം പറഞ്ഞത്.
ഏതെങ്കിലും ഒരു പ്രത്യേക വ്യക്തിയെയോ സംഘടനയെയോ രാഷ്‌ട്രീയപാര്‍ടിയെയോ ലക്ഷ്യമാക്കിയല്ല ഈ അഭിപ്രായമെന്നാണ് കരുതേണ്ടത്. ആനുകാലിക സംഭവങ്ങളെപ്പറ്റിയുള്ള പൊതു പ്രതികരണം മാത്രമായിരിക്കാം. ഇത്തരം സംഘട്ടനങ്ങളും ധ്രുവീകരണവും കേവലം യാദൃഛികമായി സംഭവിക്കുന്നതല്ലെന്നും കൃത്യമായ ആസൂത്രണവും ലക്ഷ്യവും സംഭവങ്ങളുടെ പിറകിലുണ്ടെന്നും കാണേണ്ടതുണ്ട്. അത് കാണാതിരുന്നാല്‍ ഭീകരതയെ നേരിടുന്നതില്‍ വീഴ്‌ചയും പരാജയവും സംഭവിക്കും. മലേഗാവിലെയും സംജോത എക്‍സ്‌പ്രസിലെയും സ്‌ഫോടങ്ങള്‍, ഗുജറാത്തിലെ വംശഹത്യ, ഒറീസയില്‍ ഓസ്‌ട്രേലിയന്‍ മിഷണറി ഗ്രഹാംസ്‌റ്റെയിന്‍സിനെയും മക്കളെയും ചുട്ടുകൊന്നത്, ഒറീസയിലും കര്‍ണാടകത്തിലും ക്രൈസ്‌തവര്‍ക്കെതിരെ വ്യാപകമായി നടന്ന ആക്രമണം, തലശേരിയില്‍കണ്ടെത്തിയ ബോംബ് ഫാക്‍ടറി, രണ്ട് ആര്‍എസ്എസുകാരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനം- ഇവയൊക്കെ ഒരു സിദ്ധാന്തത്തിന്റെ കൃത്യമായ പ്രയോഗമാണെന്ന് കാണാതിരിക്കാനാകില്ല.
ആര്‍എസ്എസിന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ പാഞ്ചജന്യത്തില്‍ ഗിരിലാല്‍ ജെയിന്‍ 1989-90 കാലഘട്ടത്തില്‍ എഴുതിയ ഏതാനും ലേഖനം 'കുരുക്ഷേത്ര' പുസ്‌തകമാക്കിയിട്ടുണ്ട്. 'കപടമതേതരത്വവും യഥാര്‍ഥ ദേശീയതയും' എന്ന പുസ്‌തകത്തിന്റെ നാലാമധ്യായത്തിന്റെ തലക്കെട്ട് 'പരിവര്‍ത്തനത്തിന്റെ പേറ്റുനോവ് ' എന്നാണ്. പ്രസക്തഭാഗം ഇങ്ങനെ:
"ഒരു പഴയ വ്യവസ്ഥ തകരുകയും പുതിയ ഒന്ന് ഉറപ്പിക്കുകയും ചെയ്യുമ്പോള്‍ അതിഭയങ്കരമായ കൊടുങ്കാറ്റും യാതനകളും അസ്ഥിരതയുമുണ്ടാകുന്നു. അത്തരത്തിലുള്ള അവസരമാണ് ഇന്നത്തേത്. പാശ്ചാത്യചിന്തയില്‍ മുദ്രണംചെയ്യപ്പെട്ട നെഹ്റുവിന്റെ മതനിരപേക്ഷ ചട്ടക്കൂട് തകര്‍ന്ന് തവിടുപൊടിയായിക്കൊണ്ടിരിക്കുകയാണ്. ഈ രാജ്യത്തിന്റെ യഥാര്‍ഥ അന്തശ്ചേതന പ്രബലമായി തനിസ്വരൂപം അഭിവ്യഞ്ജിപ്പിക്കാന്‍ എരിപൊരികൊള്ളുന്ന ഇരുശക്തിയുടെയും സംഘര്‍ഷത്തിനു സമയമായി. ഒന്ന് നശിച്ചുകൊണ്ടിരിക്കുമ്പോള്‍ മറ്റേത് അതിന്റെ സ്ഥാനമേറ്റെടുക്കാന്‍ കുതികൊള്ളുന്നു. അതിനാല്‍ ഇന്ന് എല്ലാ തലത്തിലും ധ്രുവീകരണം ബലവത്തായിവരുന്നത് നിങ്ങള്‍ക്ക് കാണാം. "ഏതു കക്ഷിയാണ് പരിവര്‍ത്തനത്തോടൊപ്പം നില്‍ക്കുന്നതെന്നും ഏത് കക്ഷിയാണ് എതിര്‍നില്‍ക്കുന്നതെന്നും രാഷ്‌ട്രീയരംഗത്ത് വ്യക്തമായി കാണാം. എന്റെ അഭിപ്രായത്തില്‍ ഹൈന്ദവാനുകൂലം, ഹൈന്ദവവിരുദ്ധം എന്ന രണ്ടു ചേരികളായി രാഷ്‌ട്രീയരംഗം വേര്‍തിരിഞ്ഞുകഴിഞ്ഞു. ഭാരതീയ ജനതാപാര്‍ടി മാത്രമാണ് ഹൈന്ദവാനുകൂല കക്ഷി എന്നു പറയാന്‍ സംശയം വേണ്ട. അതിനാല്‍ ധ്രുവീകരണം മാത്രമല്ല വിവിധ കാരണങ്ങളെക്കൊണ്ട് പൊട്ടിപ്പുറപ്പെടുന്ന ഹിന്ദു- മുസ്ലീം കലാപങ്ങളെയും ഞാന്‍ പരിവര്‍ത്തനത്തിന്റെ ഭാഗമായി കാണുന്നു. ഇത് മാറ്റപ്രക്രിയയുടെ പരിണാമമാകുന്നു''. സംഘര്‍ഷവും ധ്രുവീകരണവും മാത്രമല്ല ഹിന്ദു- മുസ്ലീം കലാപങ്ങളെപ്പോലും സ്വാഗതംചെയ്യുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് ഒരു സിദ്ധാന്തത്തിന്റെ പേരിലാണ്. ബാബറി മസ്‌ജിദ് തകര്‍ക്കുന്നതിനുള്ള ഒരുക്കം നടക്കുന്ന കാലത്താണ് ഈ ലേഖനം എഴുതിയതെന്നുകൂടി ഓര്‍ക്കേണ്ടതുണ്ട്. മഹാത്മാഗാന്ധിയെ വധിച്ചതായിരുന്നു സ്വതന്ത്ര ഇന്ത്യയില്‍ മതേതരത്വത്തിനേറ്റ കൊടിയപ്രഹരം. രണ്ടാമത്തേത് ബാബറിമസ്‌ജിദ് ബലപ്രയോഗത്തിലൂടെ തകര്‍ത്ത സംഭവം. രണ്ടിന്റെയും പിറകില്‍ പ്രവര്‍ത്തിച്ചശക്തി ഒന്നുതന്നെയാണ്. രണ്ടും ഭീകരപ്രവര്‍ത്തനംതന്നെയാണ്. ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ച മതനിരപേക്ഷത കപടമതേതരത്വമാണെന്നാണല്ലോ സംഘപരിവാര്‍ വിലയിരുത്തുന്നത്.
ഗുജറാത്തിലെ വംശഹത്യക്കുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ നന്ദ്രേമോഡി വീണ്ടും അധികാരത്തില്‍വന്നത് വിശ്വഹിന്ദുപരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയക്ക് എന്തെന്നില്ലാത്ത ആവേശമാണ് നല്‍കിയത്. 2004 ലെ ലോക്‍സഭാതെരഞ്ഞെടുപ്പില്‍ ഗുജറാത്താവര്‍ത്തിക്കുമെന്നായിരുന്നു തൊഗാഡിയയുടെ പ്രവചനം. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തില്‍ വരുമെന്നും അതുകഴിഞ്ഞ് ഇന്ത്യ ഹിന്ദുരാഷ്‌ട്രമായി പ്രഖ്യാപിക്കുമെന്നും മുസ്ലീങ്ങളെയും തുടര്‍ന്ന് കപടമതനിരപേക്ഷവാദികളെയും ഉന്മൂലനം ചെയ്യുമെന്നുമാണ് ആത്മവിശ്വാസത്തോടെയും അല്‍പ്പം അഹന്തയോടെയും തൊഗാഡിയ പ്രഖ്യാപിച്ചത്. ഇന്ത്യയിലെ ഉല്‍ബുദ്ധരായ സമ്മതിദായകര്‍ ആപത്ത് മുന്‍കൂട്ടി കണ്ടതിനാല്‍ ബിജെപിക്ക് ഭൂരിപക്ഷം കിട്ടിയില്ല. ഇടതുപക്ഷം സന്ദര്‍ഭോചിതമായി ഉണര്‍ന്ന് പ്രവര്‍ത്തിച്ചതുകൊണ്ടാണ് വളഞ്ഞവഴികളിലൂടെ ബിജെപി വീണ്ടും അധികാരത്തില്‍ വരുന്ന സാഹചര്യം ഇല്ലാതായത്. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ ചാക്കിട്ടുപിടിത്തവും കുതികാല്‍വെട്ടുമൊക്കെ നടക്കുമായിരുന്നു.
ഗിരിലാല്‍ ജെയിന്‍ പുസ്‌തകത്തില്‍ മറ്റൊരു വശത്തുപറയുന്നതും ശ്രദ്ധിക്കേണ്ടതുണ്ട്.
"ഹിന്ദുക്കള്‍ ശൌര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകങ്ങളായിരുന്നിട്ടുണ്ട്. ആയുധമേന്തുന്നതും സാഹസികപ്രവര്‍ത്തനങ്ങള്‍ക്ക് പുറപ്പെടുന്നതും ഒരിക്കലും ഭീരുത്വം തീണ്ടാത്തതുമാണ് ഹൈന്ദവസ്വഭാവം. ഇന്ന് ഹൈന്ദവഭാവനയില്‍ കണ്ടുതുടങ്ങിയ തീവ്രതയെ ഞാന്‍ ശുഭകരമായി കരുതുന്നു. ഈ തീവ്രത കൂടുതല്‍ ശക്തമായി സമ്മര്‍ദം ചെലുത്താന്‍ പര്യാപ്‌തമാകണം. അതിനിടെ അല്‍പ്പം പ്രകോപനമുണ്ടായാലും കുഴപ്പമില്ല'' (പേജ് 21). ആര്‍എസ്എസിന്റെ തീവ്രവാദവും ഭീകരവാദവുമാണ് പുറത്തുവരുന്നത്. ആയുധമേന്താനും പ്രകോപനം സൃഷ്‌ടിക്കാനുമുള്ള പച്ചയായ ആഹ്വാനം! ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്‌ഗേവാറിന്റെ 'പ്രസംഗങ്ങള്‍, കത്തുകള്‍' എന്ന കൃതി നോക്കുക.
"സ്വയം സേവക സഹോദരന്മാരെ, ഹിന്ദുസ്ഥാനം ഹിന്ദുക്കളുടേതാണെന്നു നിര്‍ഭയമായി ഉല്‍ഘോഷിക്കുക. നമ്മുടെ മനസ്സിന്റെ ദുര്‍ബലത സമൂലം നശിപ്പിക്കുക. വിദേശികളിവിടെ താമസിച്ചുകൂടാ എന്ന് നാം പറയുന്നില്ല. എന്നാല്‍,തങ്ങള്‍ ഹിന്ദുക്കളുടെ ഹിന്ദുസ്ഥാനത്തിലാണ് താമസിക്കുന്നതെന്നും അവരുടെ അധികാരങ്ങളില്‍ കൈകടത്താന്‍ തങ്ങള്‍ക്ക് അവകാശമില്ലെന്നും വിദേശികള്‍ ഓര്‍മിക്കണം. "ഹിന്ദുസ്ഥാന്‍ എങ്ങനെയാണ് ഹിന്ദുക്കളുടെ മാത്രമായിത്തീരുക എന്ന് ചോദിക്കാന്‍പോലും ചില മാന്യന്മാര്‍ മടിക്കുന്നില്ല. ഇവിടെ താമസിക്കുന്നവരുടെ എല്ലാമാണ് ഹിന്ദുസ്ഥാന്‍ എന്നാണ് അവരുടെ അഭിപ്രായം. ഇത്തരത്തിലുള്ള വാദങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് രാഷ്‌ട്രശബ്‌ദത്തിന്റെ അര്‍ഥംപോലും അറിയില്ലെന്നുള്ളതാണ് വ്യസനകരം. കേവലം ഒരു കഷണം ഭൂമിയെ ആരും രാഷ്‌ട്രമെന്ന് വിളിക്കുകയില്ല. ഒരു ആചാരം, ഒരു സംസ്‌ക്കാരം, ഒരു പാരമ്പര്യം എന്നിവയോടുകൂടി പുരാതനകാലംമുതല്‍ ഒരുമിച്ചു ജീവിച്ചുവരുന്ന ഒരു ജനതയാണ് രാഷ്‌ട്രമായിത്തീരുന്നത്. ഈ ദേശത്തിന് നാം ഹേതുവായിട്ടാണ് ഹിന്ദുസ്ഥാനമെന്ന പേരുണ്ടായത്. മറ്റാളുകള്‍ മര്യാദയോടുകൂടി ഇവിടെ ജീവിക്കുന്നെങ്കില്‍ ജീവിച്ചുകൊള്ളട്ടെ. നാമൊരിക്കലും അവരെ മുടക്കിയിട്ടില്ല. മുടക്കുകയുമില്ല. പാര്‍സികളുടെ ഉദാഹരണംതന്നെ ഹിന്ദുക്കളുടെ ഉദാരതയ്‌ക്കു മതിയായ തെളിവാണ്. എന്നാല്‍, നമ്മുടെ വീട്ടില്‍ വിരുന്നുണ്ണാന്‍ വന്നിട്ട് നമ്മുടെ മാറില്‍ കത്തിയിറക്കാന്‍ ഉദ്യമിക്കുന്നവന് ഇവിടെ ലവലേശം സ്ഥാനമില്ല. സംഘത്തിന്റെ ഈ വിചാരധാര നമ്മള്‍ ശരിക്ക് മനസ്സിലാക്കണം. നമ്മുടെ വീട്ടില്‍ അഭിമാനത്തോടെ ജീവിക്കാന്‍ സാധിക്കുന്നതിനുവേണ്ടിയാണ് നമ്മുടെ സംഘടന. ഇതില്‍ യാതൊരുവിധത്തിലുള്ള അന്യായവുമില്ല''. എല്ലാ ഇന്ത്യക്കാരും നമ്മുടെ സഹോദരീ സഹോദരന്മാരാണെന്ന് ചെറുപ്പത്തില്‍തന്നെ വിദ്യാലയങ്ങളില്‍ നാം ഉരുവിട്ടുപഠിക്കുന്നു. നാനാത്വത്തില്‍ ഏകത്വം എന്നാണ് ഇന്ത്യയുടെ ഐക്യം അരക്കിട്ടുറപ്പിക്കാനുള്ള അടിസ്ഥാനസിദ്ധാന്തമെന്ന് മനസ്സിലാക്കുന്നു. സിന്ധുനദിയുടെ തീരത്ത് നിവസിക്കുന്നവരെയാണ് ആദ്യം സൈന്ധവര്‍, ഹിന്ദുക്കള്‍ എന്ന് വിളിച്ചതെന്നും ചരിത്രം പറയുന്നു. ഹിന്ദുവില്‍നിന്നാണ് ഇന്ത്യ ഉണ്ടായതെന്ന വികലമായ ചരിത്രം പഠിപ്പിച്ചുകൊണ്ടാണ് ഇവിടെ ആര്‍എസ്എസിന്റെ ഒന്നാമത്തെ സര്‍സംഘ്ചാലകു മുതല്‍ ന്യൂനപക്ഷവിരുദ്ധ ചിന്താഗതി വളര്‍ത്തിയെടുക്കുന്നത്. വിദേശികള്‍ എന്നു വിളിക്കുന്നത് മുസ്ലീം, ക്രിസ്‌ത്യന്‍, പാര്‍സി തുടങ്ങിയ മതവിഭാഗങ്ങളെയാണ്. നമ്മുടെ ഭരണഘടന ഇന്ത്യന്‍ പൌരത്വത്തിനു നല്‍കിയ നിര്‍ദേശമൊന്നും ഇക്കൂട്ടര്‍ക്ക് ബാധകമല്ല. ഭരണഘടനയുടെ അന്തസ്സത്ത അവര്‍ അംഗീകരിക്കുന്നില്ല. ഇന്ത്യ ഹിന്ദുക്കളുടേതു മാത്രമാണെന്നും മറ്റുള്ളവര്‍ വിരുന്നുകാരാണെന്നും സ്ഥാപിക്കാനാണ് ശ്രമം. മ്ലേച്‌ഛന്മാരെന്നും ദസ്യുക്കളെന്നും വിളിച്ച് അകറ്റിനിര്‍ത്തിയ ആദിവാസികളുടെയും വനവാസികളുടെയും സ്ഥാനമെവിടെയാണെന്നു ചോദിച്ചാല്‍ അവരുടെ വോട്ടുകിട്ടാന്‍ അവരെ ഹിന്ദുക്കളില്‍ ഉള്‍പ്പെടുത്തും. ആര്യന്മാര്‍ ഇവിടെ ജനിച്ചുവളര്‍ന്നവരാണെന്ന് ചരിത്രം തിരുത്തിയെഴുതും. ശരിക്കും വംശാധിപത്യത്തിന്റെ ഹിറ്റ്ലര്‍ മാതൃകയാണ് സംഘപരിവാറിന്റെ തത്വസംഹിത.
അധികാരത്തിന് കലാപവഴിആര്എസ്എസിന്റെ വളര്‍ച്ചയ്‌ക്കിടയില്‍ യാദൃച്‌ഛികമായി കടന്നുപറ്റിയ അജന്‍ഡയല്ല ഭീകര പ്രവര്‍ത്തനത്തിന്റേത്. സൈദ്ധാന്തികമായി ഭീകരപ്രവര്‍ത്തനവും ശത്രുക്കളുടെ ഉന്മൂലനവും ആര്‍എസ്എസ് പരിപാടിയാണ്. ശത്രുക്കളെ മുന്‍കൂര്‍ തെരഞ്ഞെടുത്ത് അവര്‍ക്കുനേരെ സന്ധിയില്ലാത്ത യുദ്ധങ്ങള്‍ നടത്തി രാഷ്‌ട്രീയ അധികാരത്തിലേക്ക് എത്തുന്നതിനുള്ള രാഷ്‌ട്രീയ പദ്ധതിയാണ് തുടക്കംമുതല്‍ ആര്‍എസ്എസിനെ നയിക്കുന്നത്. വിചാരധാരയില്‍ ചോദ്യോത്തര രൂപത്തില്‍ ഗോള്‍വാള്‍ക്കര്‍ പറയുന്നു:
"നിങ്ങളുടേതുപോലെ തന്നെയാണല്ലോ ഹിറ്റ്ലറും ആരംഭിച്ചത്. യുവാക്കന്മാരെ ശേഖരിച്ച് അവരില്‍ ഐക്യബോധവും അച്ചടക്കവും വളര്‍ത്തുകയായിരുന്നു അദ്ദേഹം ചെയ്തത്. പക്ഷേ പിന്നീട് എല്ലാ രാഷ്‌ട്രീയസംഘടനകളെയും അദ്ദേഹം അടിച്ചമര്‍ത്തി. ആ നാസിസംഘടനയും നിങ്ങളുടെ സംഘടനയും തമ്മിലെന്താണ് വ്യത്യാസം? "ഉത്തരം: ഹിറ്റ്ലറുടെ പ്രസ്ഥാനം രാഷ്‌ട്രീയത്തെ കേന്ദ്രീകരിച്ചായിരുന്നു. ഞങ്ങള്‍ രാഷ്‌ട്രീയമായി ബന്ധപ്പെടാതെ ജീവിതം കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്നു. പലരും ഒരുമിച്ചുചേരുന്നത് രാഷ്‌ട്രീയ ഉദ്ദേശത്തിനുവേണ്ടിയാണെന്ന് പലപ്പോഴും കാണാവുന്നതാണ്. പക്ഷേ ആ ഉദ്ദേശം നഷ്ടപ്പെടുമ്പോള്‍ ഐക്യം നഷ്‌ടപ്പെടുന്നു. ഒരു താല്‍ക്കാലിക നേട്ടമല്ല സ്ഥിരമായ ഐക്യമാണ് നമുക്കാവശ്യം. അതിനാല്‍ രാഷ്‌ട്രീയത്തില്‍നിന്ന് നാം അകന്നുനില്‍ക്കുന്നു.'' ഇതാണ് ആര്‍എസ്എസിന്റെ കാപട്യം. രാഷ്‌ട്രീയം ഇല്ലെന്നതാണ് ഹിറ്റ്ലറുടെ നാസിപാര്‍ടിയും അഥവാ ഫാസിസ്റ്റ് സംഘടനയും തങ്ങളുംതമ്മിലുള്ള വ്യത്യാസമെന്ന് ആര്‍എസ്എസ്് പറയുമ്പോള്‍, ഇന്ന് ഇന്ത്യ നേരിടുന്ന കൊടിയ വിപത്തായ ഫാസിസ്റ്റ് രാഷ്‌ട്രീയത്തെ പഴന്തുണിയിട്ട് മറയ്‌ക്കാനുള്ള ശ്രമമാണെന്ന് തിരിച്ചറിയാന്‍ പ്രയാസമില്ല. രാഷ്‌ട്രീയ അധികാരം കൈക്കലാക്കുകയാണ് ആര്‍എസ്എസിന്റെ അടിസ്ഥാന പദ്ധതി എന്നതുകൊണ്ടുതന്നെ ഫാസിസവുമായി അവര്‍ സ്വയം ചൂണ്ടിക്കാട്ടുന്ന അകല്‍ച്ചപോലും ഇല്ല എന്നാണ് തെളിയുന്നത്.
സര്‍സംഘചാലക് മാധവസദാശിവ ഗോള്‍വാള്‍ക്കറുടെ വിചാരധാരയ്‌ക്ക് ആര്‍എസ്എസിന്റെ വേദഗ്രന്ഥമെന്ന വിശേഷണമാണുള്ളത്. അതില്‍ മുസ്ലീങ്ങളെപ്പറ്റി പറയുന്നു:
" ഒരുപക്ഷേ പാകിസ്ഥാന്‍ നമ്മുടെ രാജ്യത്തിനുനേരെ ഒരു സായുധസമരത്തിന് തീരുമാനമെടുക്കുമ്പോള്‍ ഉള്ളില്‍നിന്ന് കുത്തുവാന്‍ അവര്‍ തക്കംപാര്‍ത്തിരിക്കുകയാവാം. അവര്‍ കുത്തുമ്പോള്‍ കുഴപ്പങ്ങളെ മുളയില്‍തന്നെ നുള്ളിക്കളയത്തക്കവണ്ണം നാം ഉണരാത്തപക്ഷം അത് ഡല്‍ഹിയുടെപോലും അടിത്തറയ്ക്ക് ഇളക്കം വരുത്തിയേക്കാം. (പേജ് 213). 217-ാം പേജില്‍ തുടരുന്നു
"ഏത് പൊതുനിരത്തില്‍കൂടിയും വാദ്യഘോഷയാത്ര നടത്തുവാന്‍ പൌരന്മാര്‍ക്കുള്ള മൌലികാവകാശത്തെ ഹൈക്കോടതികള്‍ അനുവദിച്ചിട്ടുണ്ടെങ്കിലും ക്രമസമാധാനത്തിന്റെ താല്‍പര്യം മുന്‍നിര്‍ത്തി ഘോഷയാത്രകളെ നിയന്ത്രിക്കാന്‍ ഭരണനിര്‍വഹണക്കാരില്‍ നിക്ഷിപ്‌തമായ വിവേചനാധികാരത്തിന്റെ മറപറ്റിക്കൊണ്ട് ഗവണ്‍മെന്റ് പലപ്പോഴും പള്ളികള്‍ സ്ഥിതിചെയ്യുന്ന നിരത്തുകളില്‍കൂടി ഘോഷയാത്രപോകുന്നതില്‍നിന്നുതന്നെ ഹിന്ദുക്കളെ തടയുന്നു. സമാധാനം ഭഞ്ജിക്കാനിരിക്കുന്നവര്‍ക്ക് അരുനില്‍ക്കുകയാണിത്. ഒരുവിധത്തിലിത് രാജ്യത്തിനകത്ത് മുസ്ലീം താവളങ്ങള്‍, അതായത് ധാരാളം കുട്ടിപ്പാകിസ്ഥാനുകള്‍ ഉണ്ടെന്നും അവിടെ രാജ്യത്തിലെ പൊതുനിയമങ്ങള്‍ ചില പ്രത്യേക ഭേദഗതികള്‍ക്ക് വിധേയമായി മാത്രമേ നടപ്പാക്കാവൂ എന്നും കുഴപ്പമുണ്ടാക്കുന്നവരുടെ തോന്ന്യാസങ്ങള്‍ക്കായിരിക്കണം അവസാന തീരുമാനം വിട്ടുകൊടുക്കേണ്ടതെന്നും പരോക്ഷമായിട്ടെങ്കിലും സമ്മതിക്കലാണ്.'' തികച്ചും ബാലിശമായ വാദഗതികളായി തള്ളിക്കളയാമെങ്കിലും നിസ്സാരകാര്യത്തിന്റെ പേരില്‍ സംഘര്‍ഷവും ധ്രുവീകരണവും സൃഷ്ടിക്കുകയെന്ന താല്‍പ്പര്യം ഈ വാദഗതിയുടെ പിറകിലുണ്ടെന്ന് കാണാം. കോഴിക്കോട് ജില്ലയിലെ നടുവട്ടത്ത് (മാറാടിനടുത്ത്) പള്ളിയുടെ മുമ്പില്‍ക്കൂടി ചെണ്ടമുട്ടി ഘോഷയാത്ര നടത്തി ബോധപൂര്‍വം സംഘര്‍ഷം സൃഷ്‌ടിച്ചതിന്റെ ഫലമായി പൊലീസ് വെടിവയ്‌പുണ്ടാകുകയും മരണം സംഭവിക്കുകയും ചെയ്‌തതാണ്.
തലശേരി കലാപത്തിന് കാരണമായി ആര്‍എസ്എസ് പ്രചരിപ്പിച്ചത് ക്ഷേത്ര ഘോഷയാത്രയ്‌ക്കുനേരെ മുസ്ലീങ്ങള്‍ ചെരുപ്പെറിഞ്ഞു എന്നാണ്. ആര്‍എസ്എസ് ആസൂത്രണംചെയ്‌ത മഹാഭൂരിപക്ഷം വര്‍ഗീയകലാപങ്ങള്‍ക്കും തുടക്കമായത് ഇത്തരം കെട്ടുകഥകളാണ്. ഉത്സവകാലത്ത് പല സംസ്ഥാനങ്ങളിലും ഇപ്പോഴും ഏറ്റുമുട്ടലും കൊലപാതകവും തുടര്‍ച്ചയായി സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ടെന്ന് കാണാം. ഇന്ത്യയിലെ 15 കോടിയോളം വരുന്ന മുസ്ലീങ്ങളുടെ രാജ്യസ്നേഹം ചോദ്യംചെയ്യുന്നത് ഇന്ത്യയുടെ ഐക്യം ഊട്ടിയുറപ്പിക്കാനാണെന്ന് അവകാശപ്പെടാന്‍ കഴിയുമോ?
വിചാരധാരയില്‍ ക്രിസ്‌ത്യാനികളെപ്പറ്റി പറയുന്നത് 20-ാം അധ്യായത്തിലാണ്.
"ഇവിടുത്തെ ക്രിസ്ത്യാനികള്‍ ഇത്തരം പ്രവര്‍ത്തനത്തിലേര്‍പ്പെടുകയും (മതപരിവര്‍ത്തനം) ക്രിസ്‌തു മതപ്രചരണത്തിനുള്ള അന്താരാഷ്‌ട്രീയ പ്രസ്ഥാനത്തിന്റെ ഏജന്റുമാരാണ് തങ്ങളെന്ന് സ്വയംകരുതുകയും തങ്ങളുടെ കൂറ് ആദ്യമായി സ്വന്തം ജന്മഭൂമിയോടായിരിക്കാനും തങ്ങളുടെ പൂര്‍വികന്മാരുടെ സംസ്‌ക്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും യഥാര്‍ത്ഥ പുത്രന്മാരെപോലെ പെരുമാറുന്നതിന് വിസമ്മതിക്കുകയും ചെയ്യുന്നേടത്തോളം കാലം അവരിവിടെ വൈരികളായി വര്‍ത്തിക്കും. അതനുസരിച്ച് അവരോട് പെരുമാറേണ്ടിയും വരും'' (പേജ് 228) ഇന്ത്യയിലെ ക്രിസ്‌ത്യാനികള്‍ക്ക് പൌരാവകാശം നിഷേധിക്കാന്‍ ആര്‍എസ്എസിന് എന്താണധികാരം? സ്വയംസേവകസംഘത്തിന്റെ സിദ്ധാന്തം ഇതായതുകൊണ്ടാണ് ഗ്രഹാംസ്‌റ്റെയിന്‍സിനെയും രണ്ട് പുത്രന്മാരെയും വധിച്ചത്. അന്നത്തെ പ്രധാനമന്ത്രി വാജ്‌പേയി ഈ സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുകയോ, കൊലപാതകത്തെ അപലപിക്കുകയോ ഉണ്ടായില്ല. മാത്രമല്ല മതപരിവര്‍ത്തനത്തെപ്പറ്റി ദേശീയചര്‍ച്ച വേണമെന്ന് ആവശ്യപ്പെടുകയുംചെയ്തു. ഇത് കൊലപാതകത്തെ ന്യായീകരിക്കലായിരുന്നു. ജനുവരി 29ന് വാധ്വാ കമീഷനെ അന്വേഷണത്തിനായി നിയമിച്ചു. കമീഷനെ വയ്‌ക്കുന്നതിനുമുമ്പ് അന്നത്തെ ആഭ്യന്തരമന്ത്രി അദ്വാനി, ബജ്രംഗ്‌ദളിനെയും വിശ്വഹിന്ദുപരിഷത്തിനെയും വെള്ളപൂശി പ്രസ്‌താവന ഇറക്കി.
"ഈ സംഘടനകളെ ദീര്‍ഘകാലമായി എനിക്കറിയാം. അവരില്‍ കുറ്റവാളികള്‍ക്ക് സ്ഥാനമില്ല-'' എന്നാണ് പറഞ്ഞത്.
ബജ്രംഗ്‌ദളിനെയും ദാരാസിങ്ങിനെയും കുറ്റവിമുക്തമാക്കാനായിരുന്നു അന്വേഷണ കമീഷന്‍. ഗുജറാത്തിലെ വംശഹത്യയെ വെള്ളപൂശാന്‍ നാനാവതി കമീഷനെ നിയോഗിച്ചതിന് തുല്യമായ സംഭവം.
രണ്ടായിരത്തേഴ് ഡിസംബര്‍ 25 നും തുടര്‍ന്ന് അടുത്തകാലത്തും ഗുജറാത്തിലും കര്‍ണാടകത്തിലും ക്രിസ്‌തുമത വിശ്വാസികള്‍ക്കെതിരെ നടന്ന വേട്ടയുടെ ഉറവിടം ഈ ഉന്മൂലനസിദ്ധാന്തമാണ്. ഒറീസയില്‍ കന്യാസ്‌ത്രീയെ പോലീസുകാര്‍ നോക്കിനില്‍ക്കെ ബജ്രംഗ്ദള്‍ ഗുണ്ടകള്‍ ബലമായി പിടിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്‌ത സംഭവം മതനിരപേക്ഷ ഇന്ത്യയുടെ ചരിത്രത്തിലെ കറുത്തപുള്ളിയാണ്. കര്‍ണാടകത്തില്‍ പൊലീസുകാരുടെ കണ്‍മുന്നില്‍വച്ചാണ് ക്രൈസ്‌തവ പുരോഹിതര്‍ ആര്‍എസ്എസ് ക്രിമിനലുകളുടെ ആക്രമണത്തിന് ഇരയായത്.
ആഭ്യന്തരവിപത്തില്‍ മൂന്നാമതായി കമ്യൂണിസ്‌റ്റുകാരെയാണ് ഗോള്‍വാള്‍ക്കര്‍ പ്രതിഷ്‌ഠിച്ചത്. അതില്‍ അത്ഭുതമില്ല. പണിയെടുക്കുന്നവര്‍ക്കിടയില്‍ വര്‍ഗബോധം വളര്‍ന്നുവന്നാല്‍ തൊഴിലാളികളെ മതത്തിന്റെ പേരില്‍ മതില്‍ക്കെട്ടുകള്‍ പണിത് വേര്‍തിരിച്ചുനിര്‍ത്താന്‍ കഴിയാതെവരും. വര്‍ഗീയതയും സാമ്രാജ്യത്വവും തൊഴിലാളിവര്‍ഗത്തിന്റെ മുഖ്യശത്രുവാണ്. സാമ്രാജ്യത്വം വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്നു. വര്‍ഗീയത സാമ്രാജ്യത്വത്തെ പുല്‍കുകയും ചെയ്യുന്നു. രണ്ടും പരസ്പരപൂരകങ്ങളാണ്. അതുകൊണ്ടുതന്നെ കമ്യൂണിസ്‌റ്റു പ്രസ്ഥാനത്തെ തകര്‍ക്കാര്‍ ഇരുശക്തിയും ഒത്തൊരുമിച്ച് ശ്രമിക്കുന്നു.
മായ്‌ക്കാനാകാത്ത ഫാസിസ്റ്റ് മുഖംമലേഗാവ് സ്ഫോടനത്തിന് ഉത്തരവാദികളാണെന്ന് ബോധ്യപ്പെട്ട പ്രജ്ഞ സിങ് താക്കൂര്‍, ലഫ്റ്റനന്റ് കേണല്‍ പുരോഹിത് തുടങ്ങി 11 പേരെ കസ്‌റ്റഡിയിലെടുത്തതോടെ ഇന്ത്യയിലെ ഭീകരപ്രവര്‍ത്തനത്തിന്റെ യഥാര്‍ഥ ഉറവിടം സംഘപരിവാറാണെന്ന സത്യം വെളിപ്പെട്ടുകഴിഞ്ഞു. പട്ടാളത്തില്‍ ഭീകരവാദികള്‍ നുഴഞ്ഞുകയറിയ അത്യന്തം ഭീതിജനകമായ വസ്‌തുതയും പുറത്തുവന്നു. അതോടെ വരാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഹിന്ദുത്വ അജന്‍ഡ ഉയര്‍ത്തിപ്പിടിച്ച് രക്ഷപ്പെടാന്‍ കഴിയില്ലെന്ന യാഥാര്‍ഥ്യമാണ് സംഘപരിവാറിനുമുന്നില്‍ തെളിഞ്ഞത്. ഭീകരപ്രവര്‍ത്തകരെല്ലാം മുസ്ലീങ്ങളാണെന്നും അവരോട് പ്രീണനനയം സ്വീകരിക്കുകയാണെന്നും ഇനി പറഞ്ഞുനടക്കാന്‍ കഴിയില്ല.
യഥാര്‍ഥത്തില്‍ സംഘപരിവാറിന്റെ ഇത്തരം പ്രചാരണത്തിന്റെ ഫലമായി നിരപരാധികളായ മുസ്ലീങ്ങളെ സംശയത്തിന്റെ പേരില്‍ അറസ്‌റ്റു ചെയ്‌ത് പീഡിപ്പിക്കുന്ന സംഭവങ്ങള്‍ പുറത്തുവരികയാണ് ചെയ്‌തത്. ജാമിയാമില്ലിയ സര്‍വകലാശാലയിലെ നിരപരാധികളായ വിദ്യാര്‍ഥികള്‍ പീഡിപ്പിക്കപ്പെടാന്‍ ഇടയായി. ഒരു വിദ്യാര്‍ഥി വെടിവയ്‌പില്‍ കൊല്ലപ്പെട്ടു. രണ്ട് വിദ്യാര്‍ഥികളെ അറസ്‌റ്റു ചെയ്തു. ഡല്‍ഹിയിലെ നാടകീയമായ ഏറ്റുമുട്ടലിനെപ്പറ്റി ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് യുപിഎ സര്‍ക്കാരിന് പിന്തുണ നല്‍കുന്ന സമാജ് വാദി പാര്‍ടി നേതാവ് അമര്‍സിങ് പരസ്യമായി ആവശ്യപ്പെട്ടു. അന്വേഷണകാലത്ത് ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീല്‍ രാജിവച്ച് പുറത്തുപോകണമെന്ന ആവശ്യവും ഉന്നയിക്കപ്പെട്ടു. ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് പ്രസിഡന്റും ഇതേആവശ്യം പരസ്യമായി ഉന്നയിക്കുന്ന സ്ഥിതിയുണ്ടായി. യുപിഎ സര്‍ക്കാര്‍ സംഘപരിവാറിനെ തൃപ്‌തിപ്പെടുത്താന്‍ പലപ്പോഴും മതനിരപേക്ഷനിലപാടില്‍ വെള്ളംചേര്‍ക്കുന്നതായി തെളിഞ്ഞു.
സംഘപരിവാറിനെ നേരിടാനെന്ന പേരിലാണ് ചില മുസ്ലീം സംഘടന ഭീകരവാദചിന്താഗതിക്ക് അടിമപ്പെട്ടത്. ഭീകരവാദം ഏതു ഭാഗത്തുനിന്നായാലും അപകടകാരിയാണ്. അതിനെ വിട്ടുവീഴ്ചയില്ലാതെ നേരിടേണ്ടതുണ്ട്. കേരളത്തില്‍ രാഷ്‌ട്രീയ സ്വയംസേവക് സംഘത്തെ നേരിടാനെന്ന പേരിലാണ് ഇസ്ലാമിക് സ്വയംസേവക സംഘം രൂപീകരിച്ചത്. ബാബറി മസ്‌ജിദ് തകര്‍ത്ത സംഭവത്തെതുടര്‍ന്ന് ചില തീവ്രവാദസംഘടനയെ നിരോധിച്ച കൂട്ടത്തില്‍ ഐഎസ്എസും നിരോധിക്കപ്പെട്ടു. കോയമ്പത്തൂര്‍ സ്‌ഫോടനം അത്യന്തം വിനാശകരമായ സംഭവമായിരുന്നു. 58 പേര്‍ അവിടെ കൊല്ലപ്പെട്ടു. കൊലപാതകത്തിന്റെ ഉത്തരവാദിത്തം ആര്‍ക്കായാലും അക്ഷന്തവ്യമായ കുറ്റമാണത്. അതിന് ഉത്തരവാദികള്‍ ശിക്ഷിക്കപ്പെടുകതന്നെ വേണം.
കോയമ്പത്തൂര്‍ സ്‌ഫോടനത്തിന് ഉത്തരവാദികള്‍ ചില മുസ്ലീം സംഘടനയാണെന്ന് തമിഴ്‌നാട് പൊലീസിന്റെ അന്വേഷണത്തില്‍ അവര്‍ക്ക് ബോധ്യപ്പെട്ടു. പിഡിപി നേതാവ് മഅ്ദനിയും അതിലുണ്ടെന്നാണ് പൊലീസ് തീര്‍ച്ചപ്പെടുത്തിയത്. തുടര്‍ന്ന് മഅ്ദനിയെ അറസ്‌റ്റ് ചെയ്‌ത് കോയമ്പത്തൂര്‍ ജയിലിലടച്ചു. മഅ്ദനിയെ അറസ്‌റ്റ് ചെയ്യിച്ചത് നായനാരാണെന്ന് 2001ലെ തെരഞ്ഞെടുപ്പുകാലത്ത് യുഡിഎഫ് വ്യാപകമായ പ്രചാരവേല സംഘടിപ്പിച്ചു. യുഡിഎഫ് അധികാരത്തില്‍വന്നാല്‍ മഅ്ദനിയെ ജയില്‍മോചിതനാക്കുമെന്നും തിരുവനന്തപുരത്ത് കൊണ്ടുവന്ന് സ്വീകരിക്കുമെന്നും പിഡിപിക്ക് ഉറപ്പുനല്‍കി. ഇത് രഹസ്യമായിരുന്നില്ല. പിഡിപിയുടെ വോട്ട് യുഡിഎഫിന് കിട്ടി. യുഡിഎഫ് അധികാരത്തില്‍വന്നതോടെ മഅ്ദനിയെയും പിഡിപിയെയും മറന്നു.
മഅ്ദനിയുടെ ജയില്‍വാസം ഒരു മനുഷ്യാവകാശപ്രശ്‌നമായി ഉയര്‍ന്നുവന്നു. ഒരു കാല്‍ നഷ്ടപ്പെട്ട അദ്ദേഹത്തിന്, ദീര്‍ഘകാലം വിചാരണപോലും ഇല്ലാതെ ജയിലില്‍ നരകയാതന അനുഭവിക്കേണ്ടിവന്നു. പരോള്‍പോലും അനുവദിച്ചില്ല. വിചാരണ കൂടാതെ ഒരു പൌരനെ അനിശ്ചിതമായി എത്രയെങ്കിലും കാലം ജയിലിലടയ്ക്കുന്നത് ശരിയല്ലെന്ന നിലപാട് സിപിഐ എം സ്വീകരിച്ചു. മനുഷ്യത്വപരമായ നിലപാടായിരുന്നു ഇത്. മഅ്ദനിയെ പരോളില്‍ വിടണമെന്ന് ആവശ്യപ്പെട്ടു. യുഡിഎഫ് കൊടുംവഞ്ചനയാണ് മഅ്ദനിയോടും പിഡിപിയോടും കാണിച്ചതെന്ന് അവര്‍ക്ക് ബോധ്യമായി. സിപിഐ എം അതിന്റെ നിലപാടില്‍ ഉറച്ചുനിന്നു. കേസ് വിചാരണ നടന്നപ്പോള്‍ മഅ്ദനി കുറ്റക്കാരനല്ലെന്നു കണ്ട് കോടതി വിട്ടയച്ചു.
ജയില്‍മോചിതനായി സ്വീകരണം ലഭിച്ചപ്പോള്‍ അദ്ദേഹം ചില കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറഞ്ഞു. ചില തെറ്റുകള്‍ പറ്റിയതായി സ്വയം സമ്മതിച്ചു. ആരുടെയെങ്കിലും പ്രേരണമൂലമല്ലെന്ന് വ്യക്തം. അതോടൊപ്പം യുഡിഎഫിന്റെ വഞ്ചന തുറന്നുകാട്ടുകയും ചെയ്‌തു. അതോടെ മഅ്ദനിയും പിഡിപിയും ഇപ്പോള്‍ ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്‌ക്കും ഭീകരവാദിയായിരിക്കുന്നു.
ഭീകരവാദത്തെ വിലയിരുത്തുന്നത് തെരഞ്ഞെടുപ്പില്‍ വോട്ട് കിട്ടുമോ എന്ന അളവുകോലിന്റെ അടിസ്ഥാനത്തിലായിക്കൂടാ. വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിലായിരിക്കണം. ഭൂരിപക്ഷമായ ഹിന്ദുക്കളില്‍ ചെറുന്യൂനപക്ഷം ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരാണെന്നതുപോലെ, ന്യൂനപക്ഷമായ മുസ്ലീങ്ങളില്‍ ചെറുന്യൂനപക്ഷം ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. എന്‍ഡിഎഫ് കേരളത്തില്‍ രഹസ്യമായി ആയുധപരിശീലനം നടത്തുന്നുണ്ട്. ആയുധം ശേഖരിക്കുന്നുണ്ട്. മതമൌലികവാദം പ്രചരിപ്പിക്കുന്നുണ്ട്. അവര്‍ക്ക് ഇഷ്‌ടം പോലെ പണം കിട്ടുന്നുണ്ടെന്നാണ് അറിയുന്നത്. ചെറുപ്പക്കാര്‍ക്ക് ഫോണും ബൈക്കുമൊക്കെ അനായാസം ലഭിക്കുന്നുണ്ട്. അവരും സിപിഐ എം പ്രവര്‍ത്തകരെയാണ് നോട്ടമിടുന്നത്. കേരളത്തില്‍ നടന്ന എന്‍ഡിഎഫുമായി ബന്ധപ്പെട്ട 100 സംഘട്ടനത്തില്‍ അമ്പത്തെട്ടോളം സിപിഐ എം പ്രവര്‍ത്തകര്‍ക്കെതിരെയാണ് നടന്നത്.
ആര്‍എസ്എസിനെ നേരിടാനെന്നു പറഞ്ഞാണ് എന്‍ഡിഎഫ്, സിമി തുടങ്ങിയ ഭീകരവാദസംഘടനകളും പ്രവര്‍ത്തിക്കുന്നത്.
എന്നാല്‍, ഭീകരതയെ നേരിടാന്‍ ഒറ്റപ്പെട്ട പ്രവര്‍ത്തനമല്ല വേണ്ടത്. മതവിശ്വാസികളായാലും നിരീശ്വരവാദികളായാലും എല്ലാ സമാധാനപ്രേമികളും മതനിരപേക്ഷ ചിന്താഗതിക്കാരും ഒരുമിച്ചുനിന്ന് പ്രവര്‍ത്തിച്ചാലേ ഭീകരപ്രവര്‍ത്തനത്തെ നേരിടാന്‍ കഴിയൂ എന്ന തിരിച്ചറിവാണ് വേണ്ടത്. ബഹുഭൂരിപക്ഷം വരുന്ന ഹിന്ദുക്കളും മുസ്ലീങ്ങളും ഭീകരവാദത്തിനെതിരാണ്. സംഘപരിവാറായാലും എന്‍ഡിഎഫായാലും സിമിയായാലും അല്‍ ഖായ്‌ദയായാലും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ശക്തിയായ ഇടപെടലുണ്ടാകണം. ജനങ്ങളുടെ പൂര്‍ണസഹകരണവും ഉണ്ടായാല്‍ ഭീകരതയെ നേരിടാന്‍ കഴിയും.
ഭൂരിപക്ഷമായാലും ന്യൂനപക്ഷമായാലും ഭീകരതയ്‌ക്ക് മതമില്ല. അതിനൊരു തത്വശാസ്ത്രമുണ്ട്. അതുകൊണ്ടുതന്നെ ഭീകരവാദത്തെ ആശയപരമായും എതിര്‍ത്ത് തോല്‍പ്പിക്കാന്‍ കഴിയണം. ഭീകരതയ്‌ക്കെതിരെ ഉറഞ്ഞുതുള്ളുന്ന സംഘപരിവാറിന്റേത് ഭീകരതയെ പരിപോഷിപ്പിക്കുകയും ഉദ്ഘോഷിക്കുകയും ചെയ്യുന്ന ആശയ അടിത്തറയാണ് എന്നതിനൊപ്പം, മതത്തിന്റെ പേരില്‍ ആണയിടുന്ന സംഘപരിവാര്‍ യഥാര്‍ഥ മതവിശ്വാസികളല്ലെന്നും വിലയിരുത്താനാകും. അവര്‍ കപട മതവിശ്വാസികള്‍മാത്രമാണ്.
ഗാന്ധിജി യഥാര്‍ഥ മതവിശ്വാസിയാണെന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകാനിടയില്ല. അദ്ദേഹം പ്രാര്‍ഥനാവേളയില്‍ ഗീതയും ഖുര്‍ ആനും ബൈബിളും പാരായണം ചെയ്‌തു. വിവിധ മതങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്ക് പരസ്പരവിശ്വാസത്തോടെയും സ്നേഹത്തോടെയും ഒന്നിച്ചുജീവിക്കാന്‍ കഴിയുമെന്നതാണ് ഗാന്ധിജിയുടെ സന്ദേശം.
കടലുകള്‍ക്കപ്പുറത്തേക്ക് ഹിന്ദുമതം പ്രചരിപ്പിച്ച സ്വാമി വിവേകാനന്ദന്‍ പറഞ്ഞത്, എല്ലാ മതങ്ങളുടെയും സാരാംശം ഒന്നാണെന്നാണ്. മതങ്ങള്‍ പരസ്പരവിരുദ്ധങ്ങളല്ല, പരസ്‌പരപൂരകങ്ങളാണെന്നും വിവേകാനന്ദന്‍ പറഞ്ഞു. മുസ്ലീം പള്ളിയിലും ക്രൈസ്‌തവാരാധനാലയത്തിലും ബുദ്ധവിഹാരത്തിലും വനാന്തരങ്ങളില്‍ ഹിന്ദുസന്ന്യാസിമാരോടൊപ്പവും താന്‍ പ്രാര്‍ഥന നടത്തുന്നതിനെക്കുറിച്ചും വിവേകാനന്ദന്‍ വിശദീകരിച്ചിട്ടുണ്ട്. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്നുമാത്രമല്ല, ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്നും പറഞ്ഞിട്ടുണ്ട് ശ്രീനാരായണഗുരു.
സംഘപരിവാറിന്റെ മതസങ്കല്‍പ്പം എവിടെ; ഗാന്ധിജിയുടെയും വിവേകാനന്ദന്റെയും ശ്രീനാരായണന്റെയും സങ്കല്‍പ്പങ്ങള്‍ എവിടെ. മതവിദ്വേഷമാണ് ആര്‍എസ്എസ് അജന്‍ഡ. ശ്രീരാമന്റെയും ശ്രീകൃഷ്‌ണന്റെയും സംരക്ഷകര്‍ തങ്ങളാണെന്നാണ് അവര്‍ അവകാശപ്പെടുന്നത്.
1925ലാണ് ആര്‍എസ്എസ് ജനിച്ചത്. അതിനുമുമ്പ് ഇവിടെ ഹിന്ദുമതവും ക്ഷേത്രങ്ങളും ഉണ്ടായിരുന്നു. നൂറ്റാണ്ടുകളായി മതവും ആരാധനാലയങ്ങളും നിലനിന്നത് ആര്‍എസ്എസിന്റെ ഔദാര്യംകൊണ്ടല്ല. സവര്‍ണ-സമ്പന്ന താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനും അധികാര ലബ്‌ധിക്കുമുള്ള ചവിട്ടുപടിമാത്രമാണ് ആര്‍എസ്എസിന് മതവും വിശ്വാസവും. അതിന് സാധൂകരണം നല്‍കുന്ന ആശയ അടിത്തറയാണ് അതിന്റേത്. അതുകൊണ്ടുതന്നെ ആര്‍എസ്എസിനെ സാധാരണ സംഘടനയായി കാണാനാകില്ല- പുള്ളിപ്പുലിയുടെ പുള്ളിപോലെ ആ സംഘടനാശരീരത്തില്‍ ഫാസിസ്‌റ്റ് സ്വഭാവവും കുടികൊള്ളുന്നു.
*****വി വി ദക്ഷിണാമൂര്‍ത്തി