എന്നിലുള്ള എളിയ കലാഹൃദയത്തിന് സന്തോഷം നല്കുമാറ് ഒരു പ്രതിഭയെ തരണമേ എന്ന നാണികുട്ടിയമ്മയുടെ പ്രാര്‍ത്ഥന ബ്രഹ്മാവ് കേട്ടു. രസഗുണങ്ങളൊക്കെ ചേരും പടി ചേര്‍ത്ത് മെനഞ്ഞെടുക്കുന്നതിനിടയില്‍ ലഹഹരിക്കുയമ്പ് ലേശം അധികമായോ എന്നൊരു സംശയം. ഏറെ തിരക്കുള്ള സമയമായതിനാല്‍ കൂടുതല്‍ ആലോചിക്കുവാന്‍ നിന്നില്ല. നാണിക്കുട്ടിയമ്മയുടെ മകനായി നാരായണനെ സൃഷ്ടിച്ച് ഭൂമിയിലേക്കയച്ചു. പാലിശ്ശേരി വീട്ടിലെ കൊച്ചു നാരായണന്റെ
ജനത്തെക്കുറിച്ച് ഇങ്ങനെയും പറയാം. നാരായണന്, നാരായണമേനോന് പിന്നീട് ചലച്ചിത്ര സവിശേഷതകള്‍ തൊട്ടറിഞ്ഞ് പ്രതിബദ്ധതയോടെ മലയാള സിനിമയുടെ സുവര്‍ണ്ണകാലത്തിലേക്ക് വാതിലുകള്‍ തുറന്ന സിനിമാക്കാരന് പി.എന്‍.മേനോന്- എല്ലാ ഫോര്മാലിറ്റികളെയും നിരസിക്കുന്ന അദ്ദേഹത്തെ സാന്ദര്‍ഭിക സംഭാഷണങ്ങളിലൂടെ, ചര്‍ച്ചകളിലൂടെ അനുഭവിച്ചറിയുകയായിരുന്നു.
ഇരുപത്തിരണ്ടാം വയസ്സില്‍ നൂറു രൂപയും കൊണ്ട് വടക്കാഞ്ചേരി നിന്ന് വണ്ടി കയറി മദിരാശിയിലേക്ക്. സ്കൂള്‍ ഫൈനല്‍ പാസും വെള്ളായ്ക്കല്‍ ശങ്കരമേനോന്റെ കീഴില്‍ പഠിച്ച ചിത്രമെഴുത്തും യോഗ്യത. ഉപ്പുവെള്ളം കുടിച്ച് പട്ടിണി കുറേ കിടന്ന് ജീവിതത്തിലേക്കുള്ള അടിസ്ഥാന യോഗ്യതകള്‍ പിന്നീട് നേടിയതാണ്. ബസ്സ് സ്റ്റോപ്പില്‍ കുട്ടികളുടെ നോട്ടു ബുക്കില്‍ സ്കെച്ചുകള്‍ ചെയ്ത് ചില്ലികാശുകള്‍ ഉണ്ടാക്കി വിശപ്പടക്കി. സിനിമാരംഗത്തേക്കുള്ള പ്രവേശനം മരതക പിക്ചേഴ്സിന്റെ ബോയ് ആയാണ്. ഡല്‍ഹിയില്‍ പ്രദര്‍ശിപ്പിച്ച സൂര്യകുമാരിയുടെ ഇംഗ്ളീഷ് നാടകത്തിന്റെ ആര്‍ട്ട് ഡയറക്ടറായത് വളര്‍ച്ചയുടെ പ്രത്യേക ഘട്ടമായിരുന്നു. സിനിമയിലെ (ആദ്യം തെലുങ്ക്) കലാ സംവിധായകന് അവസരം ലഭിച്ചതും അതിലൂടെയാണ്.
ഇന്ത്യയില്‍ തന്നെ ആദ്യമായി സ്റ്റുഡിയോവിന്റെ നാലതിരുകള്‍ വിട്ട് മുഴുവനായി പുറം ചിത്രീകരണത്തില്‍ നിര്‍മ്മിച്ച പടം (റോസി) പി.എന്‍.മേനോനെ ശ്രദ്ധേയനാക്കി. 1965-ല്‍ ചെയ്ത ഈ പരീക്ഷണ ചിത്രത്തില്‍ പി.ജെ.ആന്റണി, കവിയൂര്‍ പൊന്നമ്മ ടീം ആയിരുന്നു. അഖിലേന്ത്യാ തലത്തില്‍ അംഗീകരിക്കപ്പെടുന്നത് ഓളവും തീരവും എന്നതിലൂടെ. എം.ടി, ബക്കര്‍, മധു എന്നിവരുടെ കൂടെ, മലയാള സിനിമയില്‍ വന്നിട്ടുള്ള പുരോഗതിയുടെ സ്വിച്ച് ഓണ്‍ മേനോനിലൂടെ നിര്‍വ്വഹിക്കപ്പെട്ട കാലമായിരുന്നു അത്. കുട്ട്യേടത്തി, മാപ്പുസാക്ഷി, നിഴലാട്ടം, ചെമ്പരത്തി, നേര്‍ക്കുനേരെ തുടങ്ങി ഇരുപത്തിയേഴ് ചിത്രങ്ങള്‍ മലയാളത്തില്‍ തന്നെ അദ്ദേഹത്തിന്റെതായിട്ടുണ്ട്.
കോടികള്‍ വാരി വിതറി സാങ്കേതിക നൂലാമാലകളെ കോര്‍ത്തിണക്കി നമ്മെ വിസ്മയിച്ചു വാപൊളിച്ചിരുത്തുന്ന സിനിമകളുണ്ട്. സൂപ്പര്‍ താരങ്ങളുടെ വായില്‍ നീളന്‍ ഡയലോഗുകള്‍ കുത്തി തിരുകി പറയിപ്പിച്ച് കാര്യം കാണുന്നവരും ഇല്ലാതില്ല. ഇഡ്ഡലിക്ക് ആട്ടിവെച്ച് അരിമാവും തമ്മില്‍ പൂശിക്കൊണ്ട് എന്‍.എസ്.കൃഷ്ണനും ടി.എ.മധുവും കാണിച്ച ഹാസ്യവും എം.ജി.ആറിന്റെ വാള്‍പയറ്റും ഒരു കാലത്ത് വന്ന് വന്ന് നമ്മളൊക്കെ പകുതി മണ്ടന്മാരാണെന്ന് ചിരിയിലൂടെ സന്ദേശം നല്‍കുന്നതും അപസ്മാര നൃത്തത്തില്‍ തുടങ്ങി ട്രിപ്പിള്‍ ആക്ഷന്‍ ബോംബ് ബ്ളാസ്റ്റിക് ത്രില്ലറില്‍ ജ്വലിച്ച് നില്ക്കുന്നതുമായ സിനിമകള്‍. ഇത്തരം ജാടകള്‍ നിറഞ്ഞ സിനിമകളെക്കുറിച്ച് പ്രതികരണം ആരാഞ്ഞപ്പോള്‍ തീരെ പ്രതീക്ഷിക്കാത്ത മറുപടി കിട്ടി.
"നിഴല്‍ വീഴാത്ത വെളിച്ചവും നല്ല കുറച്ച് ടെക്നീഷ്യന്‍സും മീഡിയ അറിയുന്ന ക്യാമറാമാനും ഇവ മതി മേനോന് നല്ല സിനിമ ഉണ്ടാക്കുവാന്‍''.
"കച്ചവടക്കണ്ണുകള് ക്യാമറാക്കണ്ണുകളെ കീഴടക്കുന്നത് കണ്ട് ഞാന്‍ ഇടക്കാലത്ത് മൂഡ് ഓഫ് ആയിട്ടുണ്ട്. മലയാളത്തില്‍ നായകന് ഡബിള്‍ റോളില്‍ ആക്ഷന്‍ പാഠം ചെയ്യിപ്പിക്കുവാന്‍ എന്നെ സമീപിച്ച സിനിമാ മുതലാളിയെ ഞാന്‍ തിരിച്ചയച്ചു. സീരിയലും സിനിമയും തമ്മിലുള്ള വ്യത്യാസം മാത്രമല്ല, ചലച്ചിത്രത്തിന്റെ ഹരിശ്രീ അറിയാഞ്ഞിട്ടും പണത്തിന്റെ ഫലത്തില്‍ ഫീല്‍ഡില്‍ നിലയുറപ്പിച്ചവരുമുണ്ട്. അവരെ ഓര്‍ത്ത് അവരെ സഹായിക്കുന്ന ജനത്തെ ഓര്‍ത്ത് ഞാന്‍ സഹതപിക്കുന്നു.'' ഇത് പറഞ്ഞവസാനിപ്പിച്ചത് മറ്റൊരു സ്റ്റഡീ ക്ലാസിന്റെ തിരികൊളുത്തി കൊണ്ടായിരുന്നു.
ലോക സിനിമയുടെ വാക്കിങ്ങ് എന്‍സൈക്ലോപ്പീഡിയ എന്ന വിശേഷണം നല്കാവുന്ന ആഴത്തിലുള്ള അറിവിന്റെ ചെപ്പ് തുറന്ന് രാത്രി സ്പേസിനെയും ടൈമിനെയും തന്റെ കര്‍ക്കശമായ ഇടപാടുകള്‍, പ്രതിജ്ഞാബദ്ധമായ ശാഠ്യങ്ങള്‍ എന്നിവ കൊണ്ട് നിയന്ത്രിച്ച് ഉദാത്തമായ ചലച്ചിത്രരചനകള്‍ നടത്തിയ ലോകോത്തര പ്രശസ്തരായ തര്‍ക്കോവിസ്ക്കി, ഇമ്മര് ബര്മന്, ഡസീക്ക, ട്രൂഫോ, ഐസന്‍സ്റ്റീന്‍, പ്ലാനര്ട്ടി, ഹിച്ച്കോക്ക്, ജോണ്‍ ഫോര്‍ഡ് എന്നിവരുടെ ചിത്രങ്ങളെപറ്റി വാതോരാതെ അദ്ദേഹം പറഞ്ഞു കൊണ്ടിരുന്നു. നിലനിന്നിരുന്ന പാരമ്പര്യസിനിമകളെയും അവയുടെ ചലച്ചിത്ര ശില്പങ്ങളെയും ധീരമായി മറികടന്ന് നൂതനാവിഷ്ക്കാരങ്ങള്‍ മുന്‍ വിധിയില്ലാതെ സ്വാംശീകരിച്ച അവരൊക്കെ തന്റെ വഴികാട്ടികളാണ്, മേനോന് സമ്മതിച്ചു.
വിഖ്യാത ചലച്ചിത്രക്കാരന്‍ ഫെഡറിക്കോ ഫെല്ലനിയുടെ 'ജിഞ്ചര്‍ ആന്റ് ഫ്രെഡ് ' അതിനെപറ്റിയായി പിന്നീട് ചര്‍ച്ച. "പരസ്യ പ്രവാഹത്തിന്റെ പ്രചരണായുധമായ ടെലിവിഷന്‍ അവയിലെ പരിപാടികള്‍ ചിലത് നല്ലതാണെങ്കിലും അത് നമ്മുടെ അഭിരുചികളെ കാലക്രമത്തില്‍ ജീര്‍ണിപ്പിക്കും'' ജിഞ്ചര്‍ ആന്റ് ഫ്രെഡ് നല്കുന്ന ഈ പാഠം മനസ്സിലാക്കിയാണ് ഞാന്‍ മിനിസ്ക്രീനിലേക്ക് വന്നിട്ടുള്ളത്.
മിനിസ്ക്രീന്‍ ചിന്തകള്‍ അപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന സീരിയല്‍ ഓര്‍മ്മകളുടെ വിരുന്നിലെത്തി. പ്രസിദ്ധ പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ വി.കെ.മാധവന് കുട്ടിയുടെ നോവല്‍, ഭാരതപ്പുഴയുടെ തീരത്തു ജീവിക്കുന്ന ഒരു പറ്റം ഗ്രാമീണരുടെ കഥ.
അക്കഥ ക്യാമറയില്‍ പകര്‍ത്തിയതിന്റെ മുക്കാല്‍ പങ്കിനും ദൃക്സാക്ഷിയായപ്പോള് ഓര്‍മയില്‍ വന്നത് 'ദി റിബ്ബണ്‍ മെയ്ഡണ്‍' എന്ന ചൈനീസ് നാടോടി കഥയാണ്. കൈവേലിക്കാരി കസവ് കന്യയുടെ കഥ. തന്റെ ഗ്രാമീണര്‍ക്ക് വസ്ത്രങ്ങളില്‍ സ്വര്ണ്ണപൊലിമയുളള ജീവന് തുടിക്കുന്ന രൂപങ്ങളും ചിത്രപ്പണികളും ചെയ്തു കൊടുത്ത കന്യക. ചക്രവര്‍ത്തി അവരെ നിര്‍ബന്ധിച്ച് കൊട്ടാരത്തില്‍ കൊണ്ടുവന്ന് കൈവേല ചെയ്യാന്‍ ആജ്ഞാപിക്കുന്നു. തന്റെ കഴിവ് വിശപ്പും വിയര്‍പ്പും അറിയുന്ന ഗ്രാമീണരുടെ കൂട്ടായ്മയിലേ ഫലസിദ്ധിയുണ്ടാവൂ എന്ന് വിശദീകരിക്കുന്ന കന്യക. കഥയുടെ അവസാനം ചക്രവര്‍ത്തിയെ വകവരുത്തി കസവ് കന്യക വീണ്ടും ഗ്രാമീണര്‍ക്കു വേണ്ടി കസവ് നെയ്യാന്‍ എത്തുന്നു.
'ഓര്‍മ്മകളുടെ വിരുന്ന് ' എന്ന സീരിയല്‍ മേനോന് മെനഞ്ഞെടുത്തതും നാടോടികഥയിലെ റിബ്ബണ്‍ മെയ്ഡന്റെ ഉദ്ദേശശുദ്ധിയോടെ അത്തരമൊരു കൂട്ടായ്മയില്‍ നിന്നാണ്. സംവിധായകന് ക്യാമറാമാന് പ്രൊഡ്യൂസര്‍ നടന് ലൈറ്റ് ബോയ് എന്നീ നിലകള്‍ വിട്ട് അപൂര്‍വ്വമായി സാധിക്കുന്ന കൂട്ടായ്മയുടെ സാക്ഷാത്കാരമായിരുന്നു ഓര്‍മ്മയുടെ വിരുന്നിന്റെ സെറ്റിലുടനീളം കണ്ടത്.
"ജോണ്‍ എബ്രഹാം എനിക്ക് മറക്കാന്‍ കഴിയാത്ത എന്റെ സുഹൃത്തായിരുന്നു. ജോണ്‍ പലപ്പാഴും പറഞ്ഞ ഒരു കാര്യമുണ്ട്. "I will shoot world with my camera, as one does with his pennis.'
നര്‍മ്മത്തില്‍ ഊന്നിയ തുറന്ന ചിരിയോടെ മേനോന് പറഞ്ഞവസാനിച്ചു. "I will shoot both.'
അടിപൊളി സിനിമാനിര്‍മ്മാതാക്കളുടെ അവിശുദ്ധ കണ്ണിയാവാതെ, കച്ചവട സിനിമയുടെ കുത്തൊഴുക്കില്‍പെടാതെ ആ ചലച്ചിത്ര പ്രതിഭ അരങ്ങൊഴിഞ്ഞു.
****
മാവൂര്‍ വിജയന്, കടപ്പാട് : ബാങ്ക് വര്‍ക്കേഴ്സ് ഫോറം
Tuesday, November 11, 2008
Subscribe to:
Post Comments (Atom)
3 comments:
ചലച്ചിത്ര സവിശേഷതകള്‍ തൊട്ടറിഞ്ഞ് മലയാള സിനിമയുടെ സുവര്‍ണകാലത്തിലേക്ക് വാതിലുകള്‍ തുറന്ന സിനിമാക്കാരന് പി.എന്‍.മേനോന് നിഴല്‍ വീഴാത്ത സൂര്യവെളിച്ചവും നല്ല കുറെ ടെക്നീഷ്യന്‍സും മീഡിയ അറിഞ്ഞ ക്യാമറാമാനും ഉണ്ടെങ്കില്‍ നിലവാരമുള്ള സിനിമ ഉണ്ടാക്കുവാന്‍ കഴിയും എന്ന അഭിപ്രായക്കാരനായിരുന്നു.
അന്തരിച്ച ചലച്ചിത്രകാരന് പി.എന്‍.മേനോനെ അനുസ്മരിക്കുന്നു മാവൂര്‍ വിജയന്
നല്ല കുറിപ്പ്.നന്നായി എഴുതിയിരിക്കുന്നു..
good one
Post a Comment