Saturday, December 1, 2012

അമ്മയുറങ്ങാത്ത നഗരം


ഗാസയിലെ ജബാലിയയിലുള്ള വീടിന്റെ വരാന്തയില്‍ ഇരിക്കുകയായിരുന്നു ലൈല അല്‍ ഇറും മക്കളും. പെട്ടന്നായിരുന്നു വീട്ടുമുറ്റത്തും മേല്‍ക്കൂരയിലും തുരുതുരയായി ഷെല്ലുകള്‍ വന്നു വീണത്. രക്ഷതേടാന്‍ എന്തുചെയ്യുമെന്ന് ആലോചിക്കുംമുമ്പ് ലൈലയുടെ ഭര്‍ത്താവ് മുഹമ്മദ് (45), മക്കളായ രക്കം (6), ഇബ്രാഹിം (12), ഫിദ (18) എന്നിവര്‍ ചോരചിതറി മരിച്ചുവീണു. പരിക്കേറ്റ മരുമകള്‍ ഇമാന്‍ (26) അടുത്തദിവസം മരണത്തിനു കീഴടങ്ങി. രണ്ടുമാസം ഗര്‍ഭിണിയായിരുന്ന ലൈലയുടെ ഉദരത്തില്‍ കിടന്ന ജീവന്റെ തുടിപ്പും ഈ കൊടുംക്രൂരതയ്ക്കിടെ പൊലിഞ്ഞു. മനോനില തെറ്റിയ ലൈലയ്ക്ക് സംസാരശേഷി പോലും നഷ്ടമായി. ഇപ്പോള്‍ മനോരോഗത്തിന് ചികിത്സയിലാണ്. വീട് മുഴുവന്‍ കത്തിച്ചാമ്പലായതിനാല്‍ ബന്ധുവീട്ടിലാണ് താമസം.
                                        
 " "വടക്കന്‍ഗാസയിലെ ബെയ്ത് ലാഹിയയിലെ വീട്ടില്‍ മക്കളെ മാറോടു ചേര്‍ത്ത് കിടന്നുറങ്ങുകയായിരുന്നു വഫ അവാജ. പാതിരാത്രി മുരണ്ടുകൊണ്ട് കടന്നുവന്ന ഇസ്രയേല്‍ ബുള്‍ഡോസര്‍ വഫയുടെ വീട് ഇടിച്ചുനിരത്താന്‍ തുടങ്ങി. ഒരു മുന്നറിയിപ്പും നല്‍കാതെയായിരുന്നു ഈ അതിക്രമം. ഞെട്ടിയുണര്‍ന്നു കരഞ്ഞ ആറു കുഞ്ഞുങ്ങളെയും കൂട്ടി ഇടിഞ്ഞുവീഴുന്ന ചുമരുകള്‍ക്കിടയിലൂടെ വഫയും ഭര്‍ത്താവ് കമാലും പുറത്തെ കൊടും തണുപ്പിലേക്ക് ഇറങ്ങി. ശേഷിക്കുന്നത് എന്തെങ്കിലും ഉണ്ടോയെന്നു നോക്കാന്‍ ഉംസിയത്ത് (12), സുബേ (10), ഇബ്രാഹിം (9), ഹല (7), ദിയ (3), സിക്രയത് (ഒന്നര) എന്നീ മക്കളെയും കൂട്ടി രാവിലെ വഫയും കമാലും തകര്‍ന്ന വീടിനടുത്തേക്ക് തിരിച്ചുവന്നു. അപ്പോള്‍ അവിടെ റോന്തുചുറ്റുകയായിരുന്ന ഇസ്രയേലി സൈനികര്‍ വെടിയുതിര്‍ത്തു. ഇബ്രാഹിമിന് വെടിയേറ്റു. പിടഞ്ഞുവീണ കുഞ്ഞിനെയും എടുത്ത്, സഹായിക്കണമെന്ന് ആവശ്യപ്പെട്ട് സൈനികരുടെ അടുത്തേക്കു പോകുകയല്ലാതെ വേറെ വഴിയില്ല. തങ്ങളുടെ അടുത്തേക്ക് ഓടിവരുന്ന കമാലിനെയും വഫയെയും കാലിന് വെടിവച്ചുവീഴ്ത്തി. വെടിയേറ്റ് കമാലിന്റെ കൈയില്‍ കിടന്നിരുന്ന ഇബ്രാഹിമിന്റെ തല തകര്‍ന്നു. ആ കുഞ്ഞ് അപ്പോള്‍ തന്നെ മരിച്ചു. ശേഷിക്കുന്ന അഞ്ചു മക്കള്‍ക്കൊപ്പം ആ കുടുംബം ഇപ്പോള്‍ അഭയാര്‍ഥി ക്യാമ്പിലാണ്. അന്നത്തെ ഭീകരതയുടെ നടുക്കം ഉംസിയത്തിനെയും സുബേയെയും മനോരോഗികളാക്കി.

" ഗാസയിലെ ഓരോ അമ്മയ്ക്കും പറയാനുണ്ട് കരള്‍ നുറുങ്ങുന്ന ഇത്തരം കഠിനാനുഭവങ്ങള്‍. ലോകമെങ്ങുമുള്ള സ്ത്രീകള്‍ ഒരായുസ്സില്‍ അനുഭവിക്കുന്ന ഹൃദയവേദനകള്‍ ഓരോ നിമിഷവും അനുഭവിച്ചുതീര്‍ക്കാന്‍ വിധിക്കപ്പെട്ട, കണ്ണീര്‍ വറ്റിയ അമ്മമാര്‍. ഇസ്രയേലിന്റെ കണ്ണില്‍ ചോരയില്ലാത്ത ബോംബുവര്‍ഷത്തില്‍ ഒറ്റദിവസം തന്റെ അഞ്ചു മക്കളെയും നഷ്ടമായ ഗാലിയ നമിര്‍ എന്ന പലസ്തീന്‍കാരിയെ നമ്മള്‍ എന്തുപറഞ്ഞ് ആശ്വസിപ്പിക്കും. സയണിസ്റ്റ് ഭീകരതയുടെ ആയിരം മുഖങ്ങള്‍ ആ അമ്മമാര്‍ക്ക് നല്‍കുന്ന വേദനകള്‍ അവസാനിക്കുന്നേയില്ല. എന്നാല്‍, ആ അമ്മമാരില്‍ കാണുന്ന ദൈന്യതയ്ക്ക്, നിസ്സഹായതയ്ക്ക് ഒരു മുഖം മാത്രം. ഷെല്‍വര്‍ഷത്തിലും സ്ഫോടനത്തിലും വെടിവയ്പിലും ജീവന്‍ പൊലിഞ്ഞ കുഞ്ഞുങ്ങളുടെ അമ്മമാര്‍, മരിച്ചതിനു തുല്യമായ ജീവിതം നയിക്കുന്ന, അംഗവൈകല്യം സംഭവിച്ച കുഞ്ഞുങ്ങളുടെ അമ്മമാര്‍. കഴിഞ്ഞ രണ്ടാഴ്ചത്തെ ആക്രമണത്തില്‍ ഇസ്രയേല്‍ 170 പലസ്തീന്‍കാരെ കൊന്നൊടുക്കി. ഇതില്‍ 30 പേര്‍ ഒന്നുമറിയാത്ത കുട്ടികളായിരുന്നു. മുറ്റത്തും മൈതാനത്തും കളിച്ചുകൊണ്ടിരിക്കുമ്പോഴും വീടിനകത്ത് ഉറങ്ങുമ്പോഴും ഇസ്രയേല്‍ സൈന്യത്തിന്റെ ആയുധങ്ങള്‍ ആ നിഷ്കളങ്കതയുടെ ജീവനെടുക്കുകയായിരുന്നു.
                          
കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ 1500 കുരുന്ന് ജീവനുകള്‍ സയണിസ്റ്റ് ക്രൂരതയില്‍ പൊലിഞ്ഞു. രണ്ടും മൂന്നും കുഞ്ഞുങ്ങളെ ഒന്നിച്ച് നഷ്ടമായ അമ്മമാര്‍ ഏറെ. ചരിത്രപരമായ ഒരു സാമൂഹ്യപരിണതി പരിശോധിക്കുകയാണെങ്കില്‍ ഗാസയിലെ സ്ത്രീകളുടെ ജീവിതത്തെ നമ്മുക്ക് രണ്ടുഘട്ടമായി വേര്‍തിരിക്കാം. ഇസ്രയേലിന്റെ ആക്രമണം തുടങ്ങുംമുമ്പും അതിനുശേഷവും. 40 വര്‍ഷം മുമ്പ് മറ്റേതൊരു നാട്ടിലെയും പെണ്‍കൊടികളെ പോലെയായിരുന്നു അവരും. വീട്ടിലും പുറത്തും സന്തോഷത്തോടെയും സ്വാതന്ത്ര്യത്തോടെയും കഴിഞ്ഞ നാളുകള്‍. എന്നാല്‍, ലോകത്തെ ഏറ്റവും വലിയ കൈയേറ്റം ആരംഭിച്ചതോടെ ഗാസയിലെ പെണ്‍ജീവിതം ശരിക്കും വഴിമാറിയൊഴുകാന്‍ തുടങ്ങി. ആ മുഖങ്ങളിലെ ചിരി എന്നന്നേക്കുമായി മറഞ്ഞു. 17 ലക്ഷം മാത്രം ജനസംഖ്യയുള്ള കൊച്ചുമേഖലയില്‍ ഒരു തടവറയിലെന്ന പോലെ കഴിയുന്ന ജനവിഭാഗത്തില്‍ ഏറ്റവുമധികം ദുരിതംപേറുന്നത് സ്ത്രീകളാണ്. പ്രത്യേകിച്ചും അമ്മമാര്‍. ഉപരോധം വന്നതോടെ പുരുഷന്മാരില്‍ വലിയൊരു വിഭാഗത്തിന് ജോലി നഷ്ടമായി. ഇന്ന് ഇവിടെ 50 ശതമാനത്തോളം പുരുഷന്മാര്‍ തൊഴില്‍രഹിതരാണ്. അതോടെ കുടുംബഭാരം ഏറെക്കുറെ പൂര്‍ണമായും സ്ത്രീകളുടെ ചുമലിലായി. കുട്ടികളെ നോക്കി വീട്ടിലിരുന്നവര്‍ അന്നംതേടേണ്ട സ്ഥിതിയായി.

ഒരുകാലത്ത് ഭേദപ്പെട്ട സാമ്പത്തികാവസ്ഥയിലായിരുന്ന ഗാസയില്‍ പട്ടിണിക്കാരുടെ എണ്ണം കുത്തനെ ഉയര്‍ന്നു. ഇന്ന് 75 ശതമാനത്തിലധികംപേര്‍ ദരിദ്രരാണ്. ഇതില്‍ പകുതിയും അതിദരിദ്രര്‍. വീടുകളുടെ സാമ്പത്തിക സന്തുലനം താളംതെറ്റിയതോടെ അമ്മമാരുടെ അവസ്ഥ ദയനീയമായി. ഓരോ ദമ്പതിമാര്‍ക്കും രണ്ടിലേറെ കുട്ടികള്‍ ഇവിടെ സാധാരണം. അതുകൊണ്ടു തന്നെ കുഞ്ഞുങ്ങളെ പരിപാലിക്കുകയെന്നത് ഓരോ വീട്ടുകാരിയുടെയും ജീവിതത്തില്‍ ഏറെസമയം നീക്കിവയ്ക്കപ്പെടുന്ന ചുമതലയാണ്. എന്നാല്‍, യുദ്ധവും കെടുതികളും ജീവിതങ്ങളെ അതിജീവനത്തിന്റെ സങ്കീര്‍ണമായ പുതിയ വെല്ലുവിളികളിലേക്ക് തള്ളിവിട്ടു. എല്ലാംമറന്ന് നീണ്ടൊരു ഉറക്കം ഗാസയിലെ അമ്മമാര്‍ക്ക് സ്വപ്നം മാത്രം. ജീവനെടുക്കാന്‍ ഏതു നിമിഷവും ചീറിയെത്താവുന്ന ഒരായുധത്തിന്റെ മുരള്‍ച്ച അവളുടെ കാതില്‍ എപ്പോഴും മുഴങ്ങിക്കൊണ്ടിരിക്കും. സ്ഫോടനം കേട്ട് ഞെട്ടിയുണരുന്ന പൊന്നോമനയെ വീണ്ടുമൊന്ന് ഉറക്കാന്‍ പാടുപെടുകയാണ് അവള്‍.
                            
അവര്‍ക്ക് നമ്മളില്‍നിന്ന് എന്താണ് വേണ്ടത്? അവരെന്തിനാണ് നമ്മളെ ആക്രമിക്കുന്നത്? ഗാസയിലെ അമ്മമാരോട് കുഞ്ഞുവായില്‍ നിന്നുയരുന്ന നെഞ്ചുപിടയ്ക്കുന്ന ആയിരം മുനയുള്ള ചോദ്യങ്ങളാണ് ഇത്. ആ കുഞ്ഞുമനസ്സുകളെ എന്തുപറഞ്ഞ് ആശ്വസിപ്പിക്കും. ഈ ലോകം തങ്ങളോടു കാണിക്കുന്ന നീതികേടിനെ കുറിച്ചും ജന്മനാട്ടില്‍നിന്നു തന്നെ തുരത്തിയോടിച്ച് ഒരു വംശത്തെയാകെ ഉന്മൂലനം ചെയ്യാന്‍ ചീറിയടുക്കുന്ന അയല്‍ക്കാരെ കുറിച്ച് എങ്ങനെ അവര്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ ലളിതമായി പറഞ്ഞുകൊടുക്കും. അറിയില്ല, ഓരോ നിമിഷവും മക്കളെ കുറിച്ചുള്ള ആധിയില്‍ കരള്‍നീറി പിടയുന്ന ഗാസയിലെ ഒരമ്മയ്ക്കും ആ ചോദ്യങ്ങളോടു പ്രതികരണമില്ല. ഇസ്രയേല്‍ ആക്രമണത്തില്‍ വൈദ്യുതി വിതരണ സംവിധാനം തകര്‍ന്നതിനാല്‍ വീട്ടില്‍ കറന്റില്ല. പവര്‍ പ്ലാന്റുകള്‍ക്കുള്ള ഇന്ധനം ഉപരോധം കാരണം ലഭിക്കുന്നില്ല. രാത്രിയായാല്‍ ഗാസ ഏറെക്കുറെ പൂര്‍ണമായും ഇരുട്ടിലാണ്. ജോലികളെല്ലാം പകല്‍ തന്നെ ചെയ്തുതീര്‍ക്കണം. രാത്രി മെഴുകുതിരി വെട്ടത്തില്‍ ഒന്നും ചെയ്യാനാകില്ല. വാഷിങ് മെഷീനോ, മിക്സിയോ മറ്റ് ഇലക്ട്രിക് ഉപകരണങ്ങളൊന്നും പ്രവര്‍ത്തിക്കാനാകില്ല. പാചകവാതകമില്ല. കുട്ടികള്‍ക്ക് വായിക്കാനോ പഠിക്കാനോ സാധിക്കുന്നില്ല. അതു വലിയ ഗൗരവമുള്ള വിഷയമല്ല, കാരണം അടുത്തദിവസം പോകുമ്പോള്‍ സ്കൂള്‍ അവിടെ ഉണ്ടാകണമെന്നില്ല.

കുഞ്ഞുങ്ങളുടെ വിശപ്പകറ്റാനുള്ള അപ്പക്കഷ്ണത്തിനായി സന്നദ്ധ സംഘടനകളുടെ വിതരണകേന്ദ്രങ്ങളില്‍ പുലര്‍ച്ചെ അഞ്ചു മണിക്ക് കയറിക്കൂടിയാല്‍ മാത്രമേ അവര്‍ ഉണരുമ്പോഴേക്ക് തിരിച്ചെത്താനാകൂ. താന്‍ തിരിച്ചെത്തുംവരെ കുഞ്ഞിന് അപകടമൊന്നും വരുത്താതെ കാക്കണേ എന്ന പ്രാര്‍ഥനയായിരിക്കും അപ്പോഴും മനസ്സില്‍. പേടി കാരണം ഇപ്പോള്‍ ആരും കുട്ടികളെ പുറത്തിറക്കാറില്ല. വീടിനകത്തു തന്നെ അടച്ചിടും. പോഷകാഹാരക്കുറവും മറ്റും കാരണം കുഞ്ഞുങ്ങള്‍ക്ക് പലവിധ അസുഖം പതിവായിരിക്കുന്നു. സംഘര്‍ഷഭരിതമായ സാഹചര്യത്തില്‍ കഴിയുന്നതിനാല്‍ ഗര്‍ഭിണികള്‍ക്കിടയില്‍ ഗുരുതരമായ പ്രശ്നങ്ങളുണ്ടാകുന്നു. മാസം തികയാതെയുള്ള പ്രസവം, നവജാതശിശു മരണനിരക്കില്‍ വര്‍ധന, രോഗങ്ങളും വൈകല്യങ്ങളുമായുള്ള ജനം തുടങ്ങിയ സങ്കീര്‍ണതകള്‍ വര്‍ധിച്ചു. വെടിമരുന്നിന്റെ ഗന്ധവും സ്ഫോടനങ്ങളും നിറഞ്ഞ അന്തരീക്ഷത്തില്‍ കഴിയുന്ന ഗാസയിലെ കുട്ടികളില്‍ 75 ശതമാനം പേര്‍ക്കും ശാരീരിക-മാനസികപ്രശ്നങ്ങള്‍ ഉണ്ടെന്ന ഞെട്ടിക്കുന്ന വിവരം അടുത്തിടെ പുറത്തുവന്നു. അമ്മമാര്‍ നേരിടുന്ന പ്രശ്നങ്ങളാണ് ഇതിനു പിന്നില്‍. ഗര്‍ഭിണികളില്‍ 40 ശതമാനത്തിനും പോഷകാഹാരക്കുറവു മൂലമുള്ള വിളര്‍ച്ചയുണ്ട്. അമ്മമാരില്‍ ഈ നിരക്ക് 50 ശതമാനമാണ്.

ഭീതിയും ഭാവിയെക്കുറിച്ചുള്ള ആശങ്കയും ജീവഭയവും അവരെ ഓരോരുത്തരെയും ദുര്‍ബലചിത്തരാക്കിയിരിക്കുന്നു. മനോനിലതെറ്റിയ അമ്മമാരും നിരവധി. ഇസ്രയേല്‍ അന്യായമായി തടങ്കലിലാക്കിയിട്ടുള്ള ആയിരക്കണക്കിനു പലസ്തീന്‍കാരുടെ അമ്മമാര്‍ നടത്തുന്ന പ്രക്ഷോഭങ്ങള്‍ ഗാസയിലെ പതിവുകാഴ്ചയാണ്. മക്കളുടെ ചിത്രമുള്ള പ്ലക്കാര്‍ഡുകളുമായി കണ്ണീരടക്കി, സമരപ്പന്തലില്‍ ഉപവാസമിരിക്കുന്ന ആ അമ്മമാര്‍ക്ക് ആര് നീതി നല്‍കും. എങ്കിലും അവര്‍ പിന്മാറുന്നില്ല. ഭാവിതലമുറയിലെ അമ്മമാര്‍ക്കും മക്കള്‍ക്കും നല്ല ജീവിതം നല്‍കാന്‍ തങ്ങളുടെ പോരാട്ടം സഹായിക്കുമെന്ന പ്രതീക്ഷയാണ് അവര്‍ക്ക്. നിങ്ങളുടെ ത്യാഗവും മഹത്വവും വിവരിക്കാന്‍ വാക്കുകളുടെ കടല്‍ തീര്‍ത്താലും സാധിക്കില്ല. നിങ്ങളുടെ മക്കള്‍ ഞങ്ങളുടെ സഹോദരങ്ങളാണ്, സഖാക്കളാണ്, സുഹൃത്തുക്കളാണ്. ബധിരരും മൂകരുമായ ലോകം നിങ്ങളുടെ വേദനകള്‍ തിരിച്ചറിയുന്നില്ലെങ്കിലും കാലം ഇതിനെല്ലാം മറുപടി നല്‍കും. അന്ന് പുഞ്ചിരിയുടെ ഒരായിരം പൂക്കള്‍ വിരിയുന്ന ഗാസയുണ്ടാകും.

*
ഇ സുദേഷ് courtesy: deshabhimani

2 comments:

വര്‍ക്കേഴ്സ് ഫോറം said...

ഗാസയിലെ ജബാലിയയിലുള്ള വീടിന്റെ വരാന്തയില്‍ ഇരിക്കുകയായിരുന്നു ലൈല അല്‍ ഇറും മക്കളും. പെട്ടന്നായിരുന്നു വീട്ടുമുറ്റത്തും മേല്‍ക്കൂരയിലും തുരുതുരയായി ഷെല്ലുകള്‍ വന്നു വീണത്. രക്ഷതേടാന്‍ എന്തുചെയ്യുമെന്ന് ആലോചിക്കുംമുമ്പ് ലൈലയുടെ ഭര്‍ത്താവ് മുഹമ്മദ് (45), മക്കളായ രക്കം (6), ഇബ്രാഹിം (12), ഫിദ (18) എന്നിവര്‍ ചോരചിതറി മരിച്ചുവീണു. പരിക്കേറ്റ മരുമകള്‍ ഇമാന്‍ (26) അടുത്തദിവസം മരണത്തിനു കീഴടങ്ങി. രണ്ടുമാസം ഗര്‍ഭിണിയായിരുന്ന ലൈലയുടെ ഉദരത്തില്‍ കിടന്ന ജീവന്റെ തുടിപ്പും ഈ കൊടുംക്രൂരതയ്ക്കിടെ പൊലിഞ്ഞു. മനോനില തെറ്റിയ ലൈലയ്ക്ക് സംസാരശേഷി പോലും നഷ്ടമായി. ഇപ്പോള്‍ മനോരോഗത്തിന് ചികിത്സയിലാണ്. വീട് മുഴുവന്‍ കത്തിച്ചാമ്പലായതിനാല്‍ ബന്ധുവീട്ടിലാണ് താമസം.

Stockblog said...

Human life is valuable any where in the world. But why people cry only for Palestinians....? Few years back hundreds of Tamil people were brutally killed in Sri Lanka... but no such cry were here.... Daily hundreds of people are being killed in Syria.... but no one care....why.....? In last few years more than 10000 people killed in Iraq by various terrorist attach.... no one bother ..... why....?