Saturday, December 1, 2012

ക്ഷേത്രസ്വത്ത് ആരുടേത്?

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ക്ഷേത്രാചാരങ്ങളുമായും അനുഷ്ഠാനങ്ങളുമായും ബന്ധപ്പെട്ടവ ഒഴിവാക്കിയുള്ള സ്വത്തുക്കള്‍ പൊതുസ്വത്തായാണ് കാണേണ്ടത് എന്നും അത് നാടിന് ക്ഷേമകരമായി എങ്ങനെ ഉപയോഗിക്കാമെന്ന് ജനാധിപത്യപരമായി തീരുമാനിക്കണമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി അഭിപ്രായപ്പെടുകയുണ്ടായി. ഉമ്മന്‍ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും ഭാഗത്തുനിന്ന് അതിന് എതിരായ പ്രതികരണവും ഉണ്ടായി. ബിജെപി ഇക്കാര്യത്തില്‍ ചാണ്ടിപക്ഷത്താണ് നിലയുറപ്പിച്ചത്. അത് പൊതുസ്വത്തല്ല; ക്ഷേത്ര സ്വത്തുക്കള്‍തന്നെ എന്നുപറഞ്ഞ് നിര്‍ത്തുകയല്ല, മറിച്ച് അത് കൈകാര്യംചെയ്യേണ്ടത് തിരുവിതാംകൂറിലെ അധികാരഭ്രഷ്ടരായ രാജകുടുംബാംഗങ്ങള്‍തന്നെ എന്ന ധ്വനിയും ഈ നിഷേധത്തിന്റെ പിറകിലുണ്ട്.

കേരളത്തില്‍ ഭൂമിയുടെ സ്വകാര്യ സ്വത്തുടമസ്ഥത രൂപപ്പെടുന്നകാലത്ത് ഭൂമിയില്‍ ഏറെയും ദേവസ്വങ്ങളുടെ സ്വകാര്യ സ്വത്തായിരുന്നു. ദേവസ്വം എന്ന പദത്തിന് ക്ഷേത്രം വക സ്വത്ത് അല്ലെങ്കില്‍ ദേവന്റെ വക സ്വത്ത് എന്നാണ് അര്‍ത്ഥം. ക്ഷേത്രം എന്നത് ലിമിറ്റഡ് കമ്പനിപോലെ നിയമസാധുത്വമുള്ള ഒരു വ്യക്തി  ആണ്. ദേവന്‍ അങ്ങനെയല്ല, ക്ഷേത്രം എന്ന വ്യവസ്ഥാപിതമായ സ്ഥാപനത്തിനുവേണ്ടി ഒരു ട്രസ്റ്റി കൈവശംവെച്ച് ഭരിക്കുന്ന സ്വത്താണ് ദേവസ്വം. പ്രാചീന കേരളത്തില്‍ "കോയില്‍ അധികാരികള്‍" ആയിരുന്നു ക്ഷേത്രഭരണം നടത്തിയിരുന്നത്. തരിസാപ്പള്ളി ശാസനത്തില്‍ കോയില്‍ അധികാരിയെപ്പറ്റി സൂചനയുണ്ട്. കോയില്‍ അധികാരി രാജ്യത്തെ എല്ലാ ക്ഷേത്രങ്ങളുടെയുംമേല്‍ അധികാരമുള്ള ആളായിരുന്നു. ക്ഷേത്രങ്ങള്‍ സ്ഥാപിച്ചതും അവയുടെ നിലനില്‍പിനുവേണ്ടി വസ്തുവകകള്‍ നല്‍കിയതും പൊതുജനങ്ങളാണ്. നാട്ടില്‍ പ്രധാനികളും പ്രാതിനിധ്യ സ്വഭാവമുള്ളവരുമായ "ഊരാള"ന്മാരാണ് ക്ഷേത്രഭരണം പ്രാദേശികമായി നടത്തിയിരുന്നത്. കാലക്രമത്തില്‍ ക്ഷേത്രങ്ങള്‍ സ്വത്തിന്റെ കേന്ദ്രങ്ങളായി മാറി. ഊരാളന്മാര്‍ പ്രാദേശിക ക്ഷേത്രഭരണാധികാരം ദുര്‍വിനിയോഗം ചെയ്യുന്ന സ്ഥിതിയുണ്ടായി. അങ്ങനെ വന്നപ്പോഴാണ് രാജ്യത്തിന്റെ "ആത്മീയ മേധാവി"കളെന്ന നിലയില്‍ രാജാക്കന്മാര്‍ ക്ഷേത്രഭരണം ഏറ്റെടുത്തത്. തിരുവിതാംകൂറിലെ പ്രസിദ്ധവും സമ്പന്നവുമായ മിക്ക ദേവസ്വങ്ങളുടെയും ഭരണം ഗവണ്‍മെന്റ് ആദ്യമായി ഏറ്റെടുത്തത് റാണി ഗൗരി ലക്ഷ്മീഭായിയുടെ ഭരണകാലത്തായിരുന്നു. അന്നത്തെ ദിവാനായിരുന്ന കേണല്‍ മണ്‍റോ ആണ് വിളംബരം പുറപ്പെടുവിച്ചത്. ഇതനുസരിച്ച് പിന്നീട് ഒരുനൂറ്റാണ്ടുകാലം തിരുവിതാംകൂറിലെ റവന്യു വകുപ്പാണ് ദേവസ്വങ്ങളുടെ ഭരണം നടത്തിവന്നത്.

1922 ഏപ്രില്‍ 12ന് മൂലംതിരുനാള്‍ രാമവര്‍മ്മ മഹാരാജാവ് പുറപ്പെടുവിച്ച "ദേവസ്വം വിളംബരം" പ്രകാരം ദേവസ്വ ഭരണം റവന്യു വകുപ്പില്‍നിന്ന് വിടര്‍ത്തി ഒരു പ്രത്യേക വകുപ്പിന് കീഴിലാക്കി. കൊല്ലവര്‍ഷം 1098ല്‍ ദേവസ്വം വകുപ്പ് ഒരു കമ്മീഷണറുടെ കീഴില്‍ പുനഃസംഘടിപ്പിക്കപ്പെട്ടു. അങ്ങനെയാണ് തിരുവിതാംകൂറില്‍ ക്ഷേത്രങ്ങള്‍ ഗവണ്‍മെന്റ് ഭരണത്തിന്‍കീഴിലായത്. 1949 ജൂലൈയില്‍ തിരുവിതാംകൂറും കൊച്ചിയും തമ്മിലുള്ള സംയോജനം നടന്നു. അന്ന് ഇരു രാജ്യങ്ങളിലെയും രാജാക്കന്മാരും കേന്ദ്ര ഗവണ്‍മെന്റും തമ്മിലുണ്ടായ ഉടമ്പടി അനുസരിച്ച് തിരുവിതാംകൂറിലേയും കൊച്ചിയിലേയും ദേവസ്വങ്ങളുടെ ഭരണം മൂന്ന് അംഗങ്ങള്‍ വീതമുള്ള ഓരോ ദേവസ്വംബോര്‍ഡുകളുടെ കീഴിലായി. ഇതിനെ തുടര്‍ന്നാണ് 1950ലെ ഹിന്ദുമത സ്ഥാപനിയമം പാസാക്കുന്നതും അത് തിരുവിതാംകൂര്‍-കൊച്ചി ദേവസ്വങ്ങള്‍ക്ക് ബാധകമാക്കുന്നതും. 1972 ജനുവരി 1ന് രാജാക്കന്മാരുടെ പ്രത്യേകാവകാശങ്ങള്‍ ഇല്ലാതായതോടെ ബോര്‍ഡുകളിലേക്ക് ഒരംഗത്തെ നാമനിര്‍ദ്ദേശം ചെയ്യാനുള്ള രാജാക്കന്മാരുടെ അവകാശവും ഇല്ലാതായി. 1817-ലാണ് മലബാറിലെ ക്ഷേത്രങ്ങള്‍ ഭരിക്കുന്നതിന് ബ്രിട്ടീഷ് ഗവണ്‍മെന്റ് നിയമമുണ്ടാക്കിയത്. തുടര്‍ന്ന് ഏതാനും വര്‍ഷക്കാലം ക്ഷേത്രസ്വത്തുക്കളുടെ ഭരണം സര്‍ക്കാര്‍ നേരിട്ടായിരുന്നു. 1863ലെ20-ാം നിയമപ്രകാരം നേരിട്ടുള്ള നിയന്ത്രണവും മേല്‍നോട്ടവും പ്രത്യേകം രൂപീകരിച്ച ക്ഷേത്രഭരണസമിതികള്‍ക്ക് കൈമാറി.

1951ലെ 19-ാം നിയമമായ ഹന്ദുമത ധര്‍മ്മസ്ഥാപന നിയമമനുസരിച്ചാണ് മലബാറിലെ ക്ഷേത്രങ്ങള്‍ ഭരിക്കപ്പെട്ടുവന്നിരുന്നത്. ഇതില്‍നിന്നൊരു കാര്യം വ്യക്തം. ഹിന്ദുക്ഷേത്രങ്ങളെ പ്രാദേശിക ക്ഷേത്ര വിശ്വാസികളുടെ ഭരണത്തില്‍നിന്ന് കയ്യടക്കി സ്വന്തമാക്കിയത് ജനാധിപത്യ ഭരണക്രമമല്ല, മറിച്ച് ഹിന്ദുക്കളായ രാജാക്കന്മാര്‍ തന്നെയായിരുന്നു. രാജഭരണകാലത്ത് എല്ലാ സ്വത്തിന്റെയും അന്തിമാവകാശി രാജാവായിരുന്നു. രാജഭരണം പോയി ജനാധിപത്യഭരണം വന്നാല്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ തെരഞ്ഞെടുക്കുന്ന ബോര്‍ഡുകള്‍ ക്ഷേത്രം ഭരിക്കും. അതിലെന്താണ് തെറ്റ്?

1972 ജനുവരി 1ന് രാജാക്കന്മാരുടെ പ്രത്യേകാവകാശങ്ങള്‍ എടുത്തുകളഞ്ഞതോടെ പത്മനാഭസ്വാമി ക്ഷേത്രത്തിനുമേല്‍ എന്തെങ്കിലും പ്രത്യേകാവകാശം പഴയ രാജകുടുംബത്തിന് ഉണ്ടായിരുന്നുവെങ്കില്‍ അതും ഇല്ലാതായിരിക്കുകയാണ്. എന്നിട്ടും പഴയ രാജാവിനോടും രാജാധിപത്യത്തോടും കോണ്‍ഗ്രസും ബിജെപിയും കാണിക്കുന്ന ഈ വിധേയത്വം അവരുടെ വര്‍ഗ സ്വഭാവത്തെയാണ് വെളിവാക്കുന്നത്. സ്വാതന്ത്ര്യസമരകാലത്തുതന്നെ നാട്ടുരാജ്യങ്ങളില്‍ സ്വാതന്ത്ര്യസമരം ആവശ്യമില്ല എന്നതായിരുന്നു കോണ്‍ഗ്രസ് നിലപാട്. ബ്രിട്ടീഷ് മലബാറില്‍ കെപിസിസി ഉണ്ടായപ്പോഴും തിരുവിതാംകൂറില്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് രൂപീകരിക്കാനിടയായത് അതുകൊണ്ടാണ്. പിന്നീടും നാടുവാഴിത്തവുമായി സന്ധിചെയ്യുന്ന പ്രവണതയാണ് കോണ്‍ഗ്രസ് തുടര്‍ന്നത്.

ബിജെപിയുടെ മുന്‍മുറക്കാരായ ഹിന്ദു സംഘടനകളും രാജാക്കന്മാരുടെ കൂടെയായിരുന്നുവെന്നാണ് ചരിത്രം പറയുന്നത്. അവരുടെ നേതാക്കളില്‍ പലരും മുന്‍ രാജകുടുംബാംഗങ്ങളുമാണ്. ഇതിനിടയില്‍ ബിജെപി ഉയര്‍ത്തുന്ന മറ്റൊരു പ്രശ്നം ഹിന്ദു ക്ഷേത്രസ്വത്തുക്കള്‍ മാത്രമാണ് സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നത്, മുസ്ലീമിന്റെ പള്ളിയുടെ സമ്പത്തില്‍ തൊടാന്‍ ധൈര്യമില്ല എന്നാണ്. എന്നാല്‍ തിരുവിതാംകൂറിലോ കൊച്ചിയിലോ മലബാറിലോ മുസ്ലീം രാജവംശങ്ങള്‍ അധികാരത്തിലുണ്ടായിട്ടില്ല. കേരളത്തിനുപുറത്ത് മുസ്ലീം രാജവംശങ്ങളുണ്ടായിരുന്നു. കുത്തബ്മീനാറും ചെങ്കോട്ടയും താജ്മഹലുമടക്കം മുസ്ലീം രാജാക്കന്മാര്‍ നിര്‍മ്മിച്ച പലതുമിന്ന് പൊതുസ്വത്തായി മാറിയിട്ടുണ്ടെന്ന വസ്തുതയവര്‍ മറച്ചുപിടിക്കുകയാണ്. മുസ്ലീങ്ങളുടെ വഖഫ്ചെയ്ത സ്വത്തുക്കള്‍ ഭരിക്കുന്നതിന് വഖഫ് ബോര്‍ഡും വഖഫ് നിയമവുമുണ്ടെന്ന കാര്യവും അവര്‍ മറച്ചുപിടിക്കുകയാണ്.

*
കെ എ വേണുഗോപാലന്‍ ചിന്ത വാരിക

1 comment:

വര്‍ക്കേഴ്സ് ഫോറം said...

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ക്ഷേത്രാചാരങ്ങളുമായും അനുഷ്ഠാനങ്ങളുമായും ബന്ധപ്പെട്ടവ ഒഴിവാക്കിയുള്ള സ്വത്തുക്കള്‍ പൊതുസ്വത്തായാണ് കാണേണ്ടത് എന്നും അത് നാടിന് ക്ഷേമകരമായി എങ്ങനെ ഉപയോഗിക്കാമെന്ന് ജനാധിപത്യപരമായി തീരുമാനിക്കണമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി അഭിപ്രായപ്പെടുകയുണ്ടായി. ഉമ്മന്‍ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും ഭാഗത്തുനിന്ന് അതിന് എതിരായ പ്രതികരണവും ഉണ്ടായി. ബിജെപി ഇക്കാര്യത്തില്‍ ചാണ്ടിപക്ഷത്താണ് നിലയുറപ്പിച്ചത്. അത് പൊതുസ്വത്തല്ല; ക്ഷേത്ര സ്വത്തുക്കള്‍തന്നെ എന്നുപറഞ്ഞ് നിര്‍ത്തുകയല്ല, മറിച്ച് അത് കൈകാര്യംചെയ്യേണ്ടത് തിരുവിതാംകൂറിലെ അധികാരഭ്രഷ്ടരായ രാജകുടുംബാംഗങ്ങള്‍തന്നെ എന്ന ധ്വനിയും ഈ നിഷേധത്തിന്റെ പിറകിലുണ്ട്.