Wednesday, December 5, 2012

ടിപ്പുസുല്‍ത്താനും "കേരള സംസ്കാരവും"

കലിക്കറ്റ് സര്‍വകലാശാലയിലെ ഭൂമിവിവാദത്തിന്റെ അലകള്‍ കെട്ടടങ്ങുംമുമ്പാണ് പാഠപുസ്തകം വഴിയുള്ള പ്രചാരണത്തിലൂടെ സംഘപരിവാര്‍ ആശയങ്ങളുടെ ഒളിച്ചുകടത്തല്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. "കേരള സംസ്കാര" പഠനസഹായിയിലെ വര്‍ഗീയപ്രചാരണം വ്യക്തമാക്കുന്നത് ചരിത്രരചനയിലെ കുതിപ്പുകള്‍ പൊതു ചരിത്രബോധത്തെ ഒട്ടും ബാധിച്ചിട്ടില്ല എന്നുതന്നെയാണ്. അധിനിവേശ ചരിത്രരചനാ ശാസ്ത്രത്തിന്റെയും സവര്‍ണ- സംഘപരിവാറിന്റെയും ചരിത്രബോധം പാഠപുസ്തക രചയിതാക്കളെയും മറ്റും വിടാതെ പിന്തുടരുകയാണ്. ഹൈദരലി, ടിപ്പുസുല്‍ത്താന്‍, മലബാര്‍ കലാപം എന്നീ വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ അത് പുറത്തുവരുന്നു. ഹൈദരലിയെയും ടിപ്പുസുല്‍ത്താനെയും "മതഭ്രാന്ത"രായി ചിത്രീകരിച്ചതിന്റെ കാരണമെന്ത്? മെഡോസ് ടെയ്ലറും ഫ്രാന്‍സിസ് ബേക്കണും വില്യംലോഗനുമെല്ലാം മൈസൂര്‍ ഭരണാധികാരികളുടെ ക്രൂരതകളെയും ഏകാധിപത്യപ്രവണതയെയുംമാത്രം എഴുതിയവരാണ്.

രചനകളിലും രേഖകളിലും മതപരിവര്‍ത്തന കഥകളും കൊലപാതകങ്ങളും പലായനങ്ങളും മേല്‍ക്കൈ നേടി. ഒട്ടും പരിശോധനാ വിധേയമാക്കാതെ തദ്ദേശീയ ചരിത്രകാരന്മാരും ഈ കൊളോണിയല്‍ ചരിത്രപാരമ്പര്യം പിന്തുടര്‍ന്നു. കെ വി കൃഷ്ണയ്യരെപ്പോലുള്ളവര്‍, ബ്രാഹ്മണരെയും നായന്മാരെയും നാട്ടുരാജാക്കന്മാരെയും മതപരിവര്‍ത്തനം ചെയ്യുകയെന്ന ദൗത്യം മാത്രമേ ടിപ്പുവിനുണ്ടായിരുന്നുള്ളൂവെന്ന് എഴുതി (Zamorins of calicut, 1937). കെ മാധവന്‍നായര്‍, ടിപ്പുവിന്റെ മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങളാണ് മലബാര്‍ കലാപത്തിന്റെ മൂലകാരണമെന്ന് വാദിച്ചു (മലബാര്‍ കലാപം, 1991). പില്‍ക്കാലത്ത് മൊഹിബുല്‍ ഹസ്സന്‍, സി കെ കരീം, എം പി ഇബ്രാഹിംകുഞ്ഞു, പി കെ ബാലകൃഷ്ണന്‍ എന്നിവരുടെ രചനകളിലൂടെ ഏറെക്കുറെ വസ്തുനിഷ്ഠാപരമായ മൈസൂര്‍ ചരിത്രം രചിക്കപ്പെട്ടു. അത്തരം രചനകളെ പാടേ അവഗണിച്ചാണ് ഡോ. പ്രിയദര്‍ശന്‍ലാലിനെപ്പോലുള്ള വിചാരകേന്ദ്ര ചരിത്രകാരന്മാര്‍ കേരളചരിത്ര/സംസ്കാര പഠനങ്ങളുമായി മുന്നേറുന്നത്. ആരായിരുന്നു മൈസൂര്‍ ഭരണാധികാരികള്‍? അവര്‍ കേരളത്തെ ആക്രമിച്ചത് എന്തിനായിരുന്നു? ആക്രമണം ആരെ ലക്ഷ്യംവച്ചായിരുന്നു? എന്നീ ചോദ്യങ്ങള്‍ ഇവിടെ പ്രസക്തം. മൈസൂരിലെ വോഡയാര്‍ രാജവംശത്തിന്റെ സൈനികന്‍ ഹൈദര്‍ നായിക് സാമൂതിരിയുടെ സാമന്തന്മാരായ അച്ചന്മാരുടെ ക്ഷണപ്രകാരമാണ് ആദ്യം കേരളത്തിലെത്തുന്നത്. യുദ്ധം തോറ്റ സാമൂതിരി നല്‍കാമെന്നേറ്റ തുക നല്‍കാത്തതിനാലാണ് ഹൈദരലി വീണ്ടും (1776) സാമൂതിരി നാട്ടിലെത്തുന്നത്. തുക നല്‍കാത്തതാകാം കൂടുതല്‍ ആക്രമണങ്ങളിലേക്ക് നയിച്ചത്. ക്ഷേത്രധ്വംസനവും കൊള്ളയും ഇതുമായി ചേര്‍ത്ത് വായിക്കാം. ഇവിടെയാണ് ക്ഷേത്രാക്രമണങ്ങളുടെ രാഷ്ട്രീയം മറനീക്കുന്നത്.

മധ്യകാല ഇന്ത്യന്‍ ക്ഷേത്രങ്ങള്‍ സമ്പത്തിന്റെ നിലവറകളായിരുന്നു. ശത്രുക്കളെ ഭയന്ന് നാട്ടുരാജാക്കന്മാര്‍ സമ്പത്ത് ക്ഷേത്രങ്ങളില്‍ നിക്ഷേപിച്ചു. അതുകൊണ്ടാണ് സോമനാഥക്ഷേത്രവും മറ്റും പലതവണ ഹിന്ദു- മുസ്ലിം രാജാക്കന്മാര്‍ ആക്രമിച്ചത്. ഇവിടെ വില്ലന്‍ സമ്പത്താണ്, മതമല്ല. ലഭ്യമായ തെളിവുപ്രകാരം മൈസൂര്‍ ഭരണാധികാരികളുടെ മലബാര്‍ ആക്രമണലക്ഷ്യം ഒരു ദക്ഷിണേന്ത്യന്‍ സാമ്രാജ്യസ്ഥാപനവും ബ്രിട്ടീഷ്വിരുദ്ധ മുന്നേറ്റവുമാണ്. അതിന്റെ ഭാഗമാണ് കേരളവും ഹൈദരാബാദുമുള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ ദേശങ്ങള്‍ ആക്രമിച്ചത്. ആക്രമണമാണ് പ്രശ്നമെങ്കില്‍, ഒരു വിദേശ ആക്രമണകാരി ശത്രുരാജ്യത്തെ കൈകാര്യംചെയ്യുന്ന പൊതുരീതിതന്നെയാണ് മൈസൂര്‍ ഭരണാധികാരികള്‍ പിന്തുടര്‍ന്നത്. ആര്‍ക്കോട്ട് നവാബിന്റെ കീഴിലുള്ള ജാഗിര്‍ പ്രദേശം അഗ്നിക്കിരയാക്കിയ സംഭവം മതത്തിന് ആക്രമണങ്ങളില്‍ ഒരു പങ്കുമില്ലെന്നതിന്റെ തെളിവാണ്. മലബാറില്‍ ഹൈദരിനെയും ടിപ്പുവിനെയും പ്രതിരോധിക്കാന്‍ മുന്നിട്ടിറങ്ങിയത് ഹൈദ്രോസ് മൂപ്പനും അത്തന്‍ ഗുരുക്കളും ഉണ്ണി മൂത്തമൂപ്പനുമായിരുന്നു. തങ്ങളുടെ അധികാരപരിധിക്കകത്തേക്ക് കടന്നുവരുന്ന ഒരു വിദേശിയെയാണ് അവര്‍ക്ക് നേരിടേണ്ടിയിരുന്നത്; സ്വമതസ്ഥരെന്നത് ആക്രമണത്തിന് ഒരു പ്രശ്നമേ ആയിരുന്നില്ല. പഴശ്ശിരാജ ആദ്യഘട്ടത്തില്‍ ബ്രിട്ടീഷുകാരുടെ പക്ഷത്തായിരുന്നല്ലോ നിലയുറപ്പിച്ചിരുന്നത്. പില്‍ക്കാലത്ത് ബ്രിട്ടീഷ്വിരുദ്ധ സമരങ്ങളില്‍ പഴശ്ശിയെ സുല്‍ത്താന്‍ സഹായിക്കുകയും ചെയ്തു. ഇവിടെ പ്രശ്നം അധികാരമാണ്. പഴശ്ശിയെയും ടിപ്പുവിനെയും അതതുകാലത്തെ രാഷ്ട്രീയഘടനയിലാണ് പ്രതിഷ്ഠിക്കേണ്ടത്. ഈ പശ്ചാത്തലത്തില്‍ പഴശ്ശി ദേശാഭിമാനിയും ടിപ്പുസുല്‍ത്താന്‍ മതഭ്രാന്തനുമാകുന്ന ചരിത്രവായനകള്‍ അപ്രസക്തമാകും.

മൈസൂര്‍ ഭരണാധികാരികള്‍ ഇത്രമേല്‍ രൂക്ഷവിമര്‍ശത്തിന് പാത്രമായതെങ്ങനെയെന്ന ചോദ്യത്തിന് അവര്‍ കേരളീയ സമൂഹത്തിലും സംസ്കാരത്തിലും നടത്തിയ ഇടപെടലുകളാണ് ഉത്തരം നല്‍കുക. ഹൈദരലിയുടെ പടയോട്ടകാലത്തുതന്നെ കീഴ്ജാതിക്കാരായ പറയരെയും മറ്റും മേല്‍ജാതിക്കാരായ നായര്‍ക്കും മറ്റും മുകളില്‍ പ്രതിഷ്ഠിച്ച് വിളംബരം നടത്തുന്നുണ്ട്. മാറുമറയ്ക്കാന്‍ അവകാശമില്ലാതിരുന്ന സ്ത്രീകള്‍ക്ക് അതിന് അവകാശം നല്‍കി. ഇത്തരം ഇടപെടലുകള്‍, നിലനില്‍ക്കുന്ന ജാതി- അധികാരഘടനയെ തകര്‍ക്കുമെന്ന് ഉപരിവര്‍ഗം ന്യായമായും ഭയന്നിരിക്കാം. ടിപ്പുവിന്റെ കാലത്ത് ഇതേ സമൂഹഘടനയില്‍ വീണ്ടും പ്രഹരമേല്‍പ്പിക്കപ്പെട്ടു. കേരളത്തില്‍ ആദ്യമായി ഭൂസര്‍വേ നടത്തി കര്‍ശനമായ നികുതിവ്യവസ്ഥ നടപ്പാക്കി. അതുവഴി ജാതി- ജന്മി സമ്പ്രദായത്തിന്റെ കടയ്ക്കല്‍ കത്തിവച്ചു. ഇടത്തട്ടുകാരായ ജന്മിമാരെ പിരിച്ചുവിട്ടു. ബ്രിട്ടീഷ് ഭരണാധികാരികളുടെ മൂടുതാങ്ങിയ നാട്ടുരാജാക്കന്മാരെയും ജന്മികളെയും ആക്രമിച്ചു. ഇതിന്റെ ഫലമായാണ് മതപരിവര്‍ത്തന- ക്ഷേത്രധ്വംസന പ്രചാരണങ്ങളും കലാപങ്ങളും രൂപംകൊണ്ടത്.

ഈ പ്രചാരണങ്ങള്‍ക്ക് ബ്രിട്ടീഷുകാര്‍ കൊഴുപ്പുകൂട്ടി. കേരളചരിത്രത്തിലെ ഒരു കാലഘട്ടത്തെ മതഭ്രാന്തിന്റെയും ക്രൂരതകളുടെയും മാത്രം കാലമായി ചിത്രീകരിക്കുന്നത് ചരിത്രവിരുദ്ധമാണ്. വിദേശാക്രമണങ്ങളെ മതതാല്‍പ്പര്യങ്ങള്‍ക്കുപരിയായി സാമ്പത്തിക- രാഷ്ട്രീയ പരിപ്രേക്ഷ്യത്തിലൂടെ നിര്‍ധാരണം ചെയ്യുന്നതിലൂടെ ചരിത്രത്തോടടുത്തുനില്‍ക്കുന്ന ഒരു ബോധ്യത്തിലേക്ക് പൊതുമണ്ഡലത്തെ നയിക്കാന്‍ സാധിക്കും. ക്ഷേതധ്വംസനത്തെക്കുറിച്ച് പറയുംപോലെ പ്രധാനമാണ് ക്ഷേത്രങ്ങള്‍ക്ക് ഭൂമി/സമ്പത്ത് ദാനം ചെയ്തതിനെക്കുറിച്ചുള്ള വിവരണങ്ങള്‍. ഉത്തര മലബാറില്‍മാത്രമായി അമ്പത്തൊന്നോളം ക്ഷേത്രങ്ങള്‍ക്ക് ടിപ്പു ഭൂമിദാനം നല്‍കിയിരുന്നുവെന്നത് സംഘപരിവാര്‍ ചരിത്രകാരന്മാരുടെ നില തെറ്റിക്കും (സി കെ കരീം, കേരള അണ്ടര്‍ ഹൈദര്‍ അലി ആന്‍ഡ് ടിപ്പുസുല്‍ത്താന്‍, 1973).

*
ഡോ. എം പി മുജീബു റഹ്മാന്‍ ദേശാഭിമാനി

No comments: