Friday, August 17, 2007

ഇന്‍ഷുറന്‍സ് ലയനം അവശ്യമോ?

1971ലാണ് ഇന്ത്യയിലെ ജനറല്‍ ഇന്‍ഷുറന്‍സ് വ്യവസായം കേന്ദ്ര ഗവണ്‍മെന്റ് ദേശസാല്‍ക്കരിച്ചത്. 1969ലെ ബാങ്ക് ദേശസാല്‍ക്കരണത്തില്‍ തെരഞ്ഞെടുത്ത 14 ബാങ്കുകളാണ് ഗവണ്‍മെന്റ് ഏറ്റെടുത്തത്. എന്നാല്‍ അതില്‍നിന്നു വ്യത്യസ്തമായി, ജനറല്‍ ഇന്‍ഷുറന്‍സ് വ്യവസായം അപ്പാടെ ദേശസാല്‍ക്കരിച്ചുകൊണ്ട്, അന്ന് നിലവിലുണ്ടായിരുന്ന 106 സ്വദേശ-വിദേശ ഇന്‍ഷുറന്‍സ് കമ്പനികള്‍ ഗവണ്‍മെന്റ് ഏറ്റെടുക്കുകയായിരുന്നു. ഗവണ്‍മെന്റിന്റെ ഈ നടപടി പരക്കെ സ്വാഗതം ചെയ്യപ്പെട്ടു.

1972ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാക്കിയ ജനറല്‍ ഇന്‍ഷുറന്‍സ് ബിസിനസ്സ് നാഷണലൈസേഷന്‍ ആക്റ്റിലൂടെ (GIBNA), ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും (GIC) അതിന്റെ കീഴില്‍ നാലു കമ്പനികളും - നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി, ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനി, യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി, ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി - രൂപീകരിക്കപ്പെട്ടു.

ജനറല്‍ ഇന്‍ഷുറന്‍സ് വ്യവസായത്തിന്റെ ദേശസാല്‍ക്കരണത്തിന് സര്‍ക്കാര്‍ പറഞ്ഞ കാരണങ്ങള്‍ തികച്ചും ന്യായവും നീതിയുക്തവുമായിരുന്നു. ചെറുകിട വ്യവസായം, കച്ചവടം, കൃഷി, ഗ്രാമീണ മേഖല തുടങ്ങിയ പ്രധാന മേഖലകളെയൊക്കെത്തന്നെ അന്നത്തെ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ അവഗണിച്ചിരുന്നു. രാജ്യത്തെ ഭൂരിപക്ഷം വരുന്ന ജനങ്ങളുടേയും ഇന്‍ഷുറന്‍സ് ആവശ്യങ്ങള്‍ സ്വകാര്യ മേഖല നിറവേറ്റിയിരുന്നില്ല എന്നതുകൊണ്ടാണ് ആ വ്യവസായം തന്നെ സര്‍ക്കാര്‍ ഏറ്റെടുത്തത്.

വിസ്മയാവഹമായ വളര്‍ച്ച

ദേശസാല്‍ക്കരണത്തിനുശേഷം വമ്പിച്ച പുരോഗതിയാണ് ജനറല്‍ ഇന്‍ഷുറന്‍സ് മേഖലയിലുണ്ടായത്. അന്നുവരെ അവഗണിക്കപ്പെട്ടു കിടന്നിരുന്ന മേഖലകളിലേക്ക് ഇന്‍ഷുറന്‍സ് കടന്നു ചെല്ലുകയും സാധാരണക്കാരായ ജനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് സംരക്ഷണം നല്‍കുകയും ചെയ്യുന്നതില്‍, പൊതുമേഖലാ കമ്പനികള്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനം കാഴ്ചവെച്ചു. 1973ല്‍ 789 ഓഫീസുകളുണ്ടായിരുന്നത് 2006ല്‍ 4305 ആയി വര്‍ദ്ധിച്ചു. 184.26 കോടിയായിരുന്ന പ്രീമിയം 14997.05 കോടിയായി വര്‍ദ്ധിച്ചു. താഴെ കൊടുത്തിട്ടുള്ള പട്ടിക പൊതുമേഖലാ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ വിസ്മയകരമായ വളര്‍ച്ച വ്യക്തമാക്കുന്നുണ്ട്.

കേവലം 19.5 കോടി രൂപ മൂലധനം മുടക്കി സര്‍ക്കാര്‍ ആരംഭിച്ച നാലു കമ്പനികള്‍ക്കും കൂടി ഇന്ന് 90218.24 കോടി രൂപയുടെ ആസ്തിയുണ്ട്. സാമൂഹ്യ മേഖലയെ സ്വകാര്യ കമ്പനികള്‍ തികച്ചും അവഗണിച്ചപ്പോള്‍, ദേശസാല്‍ക്കരണത്തിനുശേഷം 2006 വരെയുള്ള 34 വര്‍ഷത്തെ പ്രവര്‍ത്തനത്തില്‍ പൊതുമേഖലാ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍, സാമൂഹ്യ മേഖലയില്‍ 23644 കോടി രൂപ നിക്ഷേപിച്ചു എന്നത് വിസ്മയാവഹമാണ്.

വൈദ്യുത പദ്ധതികള്‍, ശുദ്ധജല പദ്ധതികള്‍, ഗതാഗത സംവിധാനം, ഭവന നിര്‍മ്മാണം, മാലിന്യ നിര്‍മ്മാര്‍ജ്ജനം തുടങ്ങിയ അടിസ്ഥാന മേഖലകളിലാണ് ഈ നിക്ഷേപം. കൂടാതെ പാവപ്പെട്ടവര്‍ക്കുവേണ്ടി കുടില്‍ ഇന്‍ഷുറന്‍സ്, കന്നുകാലി ഇന്‍ഷുറന്‍സ്, വിള ഇന്‍ഷുറന്‍സ്, ഗ്രാമീണ അപകട ഇന്‍ഷുറന്‍സ് തുടങ്ങി നിരവധി സുരക്ഷാ പദ്ധതികള്‍ വളരെ കുറഞ്ഞ പ്രീമിയം നിരക്കില്‍ നല്‍കി വരുന്നു. ഭൂകമ്പവും വെള്ളപ്പൊക്കവും പോലുള്ള പ്രകൃതി ദുരന്തങ്ങളുണ്ടാവുമ്പോള്‍ സഹായ ഹസ്തവുമായി എത്തുന്നത് പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികള്‍ മാത്രമാണ്.

ലയനമാണ് ആവശ്യം

1999ല്‍ എന്‍ഡിഎ ഗവണ്‍മെന്റാണ് ഈ മേഖല സ്വകാര്യ സംരംഭകര്‍ക്കായി തുറന്നു കൊടുത്തത്. ഇപ്പോള്‍ നാല് പൊതുമേഖലാ കമ്പനികളെ കൂടാതെ എട്ട് സ്വകാര്യ കമ്പനികളും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മിക്കവയും വിദേശ പങ്കാളിത്തത്തോടെയുള്ള കമ്പനികളാണ്. ശക്തമായ മത്സരത്തിനിടയിലും മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ പൊതുമേഖലാ കമ്പനികള്‍ക്കു കഴിഞ്ഞിട്ടുണ്ട്. എങ്കിലും സ്വകാര്യ കമ്പനികള്‍ വന്നതോടെ തികച്ചും പുതിയ ഒരു സാഹചര്യം വന്നു ചേര്‍ന്നിട്ടുണ്ട്.

2002ല്‍ എന്‍.ഡി.എ സര്‍ക്കാര്‍, നാല് പൊതുമേഖലാ കമ്പനികളേയും ജി.ഐ.സിയുടെ നിയന്ത്രണത്തില്‍ നിന്നു നീക്കി, അവയെ സ്വതന്ത്ര കമ്പനികളാക്കിക്കൊണ്ട് GIBNA ഭേദഗതി ചെയ്തു. ഇതോടെ കമ്പോളത്തില്‍ മത്സരിക്കാന്‍ എട്ട് സ്വകാര്യ കമ്പനികള്‍ക്കു പുറമെ നാല് സര്‍ക്കാര്‍ കമ്പനികള്‍ കൂടി രംഗത്തുവന്നു. സ്വകാര്യ കമ്പനികളുമായി മത്സരിക്കേണ്ടി വരുന്ന സ്ഥിതി ഇതുമൂലം സംജാതമായിട്ടുണ്ട്. കമ്പോളത്തില്‍ ആരോഗ്യകരമായ മത്സരം കൊണ്ടുവരുന്നതിനാണ്, 1972ല്‍ നാല് കമ്പനികള്‍ സര്‍ക്കാര്‍ സ്ഥാപിച്ചത്. എന്നാല്‍, ഇപ്പോള്‍ മത്സരിക്കാന്‍ എട്ടു കമ്പനികള്‍ വേറെയുള്ളപ്പോള്‍ നാല് പൊതുമേഖലാ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നതിന് ന്യായീകരണമില്ല. സര്‍ക്കാര്‍ കമ്പനികള്‍ അന്യോന്യം മത്സരിക്കുന്നത് തികച്ചും യുക്തി രഹിതവും അനാരോഗ്യകരവുമാണ്. അതുകൊണ്ടുതന്നെ ഇന്‍ഷുറന്‍സ് മേഖലയിലെ ഇന്നത്തെ അടിയന്തിര ആവശ്യം നാല് പൊതുമേഖലാ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളേയും ലയിപ്പിച്ച് ഏകശിലാ കോര്‍പ്പറേഷനാക്കുക എന്നതാണ്.

ലയനം കൊണ്ടുണ്ടാകുന്ന നേട്ടങ്ങള്‍

1. കമ്പനികളെ ലയിപ്പിക്കുന്നതോടെ മൂലധനാടിത്തറയും ആസ്തിയും വര്‍ദ്ധിക്കും.

2. മൂലധനാടിത്തറ വികസിക്കുന്നതോടെ, താരിഫ് നിയന്ത്രണങ്ങള്‍ നീക്കിയിരിക്കുന്ന പുതിയ കാലഘട്ടത്തില്‍, വലിയ റിസ്ക് ഏറ്റെടുക്കുന്നതിനുള്ള ശേഷി വര്‍ദ്ധിക്കും.

3. കൂടുതല്‍ വൈവിധ്യങ്ങളായ ഇന്‍ഷുറന്‍സ് പോളിസികള്‍ കുറഞ്ഞ നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ കഴിയും.

4. നാല് സര്‍ക്കാര്‍ കമ്പനികള്‍ തമ്മിലുള്ള മത്സരം ഒഴിവാകുകയും പ്രീമിയം സമാഹരണം വര്‍ദ്ധിക്കുകയും ചെയ്യും.

5. ഏകശിലാ കോര്‍പ്പറേഷനാകുന്നതോടെ, നഗരങ്ങളിലെ കേന്ദ്രീകരണം ഒഴിവാക്കി കൂടുതല്‍ മേഖലകളിലേക്ക് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ കഴിയും.

6. സാമ്പത്തികാടിത്തറ കൂടുതല്‍ വിപുലവും ശക്തവുമാകുന്നതോടെ സാമൂഹ്യ മേഖലയിലെ നിക്ഷേപങ്ങള്‍ വന്‍തോതില്‍ വര്‍ദ്ധിപ്പിക്കാന്‍ കഴിയും.

7. ഏകശിലാ കോര്‍പ്പറേഷനില്‍, തൊഴില്‍ ഉള്‍പ്പടെയുള്ള വിഭവങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ട രീതിയിലും കാര്യക്ഷമമായും ഉപയോഗിക്കാന്‍ കഴിയും.

8. ഏകശിലാ കോര്‍പ്പറേഷനില്‍, മാനേജ്മെന്റ് ചിലവുകള്‍ വന്‍തോതില്‍ കുറയും. ഇത് കൂടുതല്‍ കാര്യക്ഷമതയിലേക്കും ലാഭത്തിന്റെ വര്‍ദ്ധനവിലേക്കും നയിക്കും.

9. നാല് കമ്പനികളുടേയും ലയനം കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.10. കൂടുതല്‍ ജനങ്ങളിലേയ്ക്ക് പ്രത്യേകിച്ചും ഗ്രാമീണ മേഖലയില്‍, ഇന്‍ഷുറന്‍സിന്റെ സന്ദേശം എത്തിക്കാന്‍ കഴിയും.

രൂപീകരണ കാലം മുതല്‍ ഏകശിലാ കോര്‍പ്പറേഷനായി നിലകൊള്ളുന്ന എല്‍.ഐ.സിയുടെ അത്ഭുതകരമായ വളര്‍ച്ച, മേല്‍പ്പറഞ്ഞ വാദങ്ങളെ സാധൂകരിക്കുന്നുണ്ട്. നാല് പൊതുമേഖലാ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളേയും ലയിപ്പിച്ച് ഏകശിലാ കോര്‍പ്പറേഷനാക്കി മാറ്റണമന്ന് ശുപാര്‍ശ ചെയ്തുകൊണ്ട് പാര്‍ലമെന്റിന്റെ കമ്മിറ്റി ഓണ്‍ പബ്ളിക് അണ്ടര്‍ടേക്കിംഗ്സ് (COPU) 2001ല്‍ തന്നെ കേന്ദ്ര ഗവണ്‍മെന്റിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളതാണ്. എന്നാല്‍ ഗവണ്‍മെന്റ് ഇക്കാര്യത്തില്‍ വേണ്ടത്ര താല്പര്യം കാണിച്ചിട്ടില്ല. അതേസമയം, ദേശസാല്‍കൃത ബാങ്കുകള്‍ ലയിപ്പിക്കുന്നതില്‍ ബഹു. ധനകാര്യമന്ത്രി അമിതാവേശം കാട്ടുന്നുമുണ്ട്.

ലോകമെമ്പാടും ലയനങ്ങളും പിടിച്ചടക്കലുകളും (Mergers and Acquisitions) സാധാരണമായിരിക്കെ, ഇന്ത്യയിലെ പൊതുമേഖലാ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളും രാജ്യതാല്പര്യം മുന്‍നിര്‍ത്തി ലയിപ്പിക്കേണ്ടതാണ്. World Investment Report 2006 പ്രകാരം, 2005ല്‍ രാജ്യാതിര്‍ത്തികള്‍ കടന്ന് സഞ്ചരിച്ച മൂലധനം (FDI) 916 ബില്യണ്‍ ഡോളറായിരുന്നു. ഇതില്‍ 716 ബില്യണും ഉപയോഗിക്കപ്പെട്ടത് ലയനത്തിനും പിടിച്ചടക്കലിനുമായിരുന്നു. ഇന്ത്യയിലെ പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളെ ശക്തിപ്പെടുത്തുമെന്ന് ദേശീയ പൊതുമിനിമം പരിപാടിയില്‍ യുപിഎ സര്‍ക്കാര്‍ രേഖപ്പെടുത്തിയിട്ടുള്ളതാണ്. ആ നിലയ്ക്ക്, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള നാല് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അവയെ ലയിപ്പിക്കാനുള്ള നടപടിക്ക്, കേന്ദ്രസര്‍ക്കാര്‍ എത്രയും വേഗം തുടക്കം കുറിക്കണം.

(ലേഖകന്‍: ശ്രീ. സി.ബി.വേണുഗോപാല്‍, ജനറല്‍ സെക്രട്ടറി, കേരള സ്റ്റേറ്റ് ജനറല്‍ ഇന്‍ഷുറന്‍സ് എംപ്ലോയീസ് യൂണിയന്‍(KSGIEU)


9 comments:

വര്‍ക്കേഴ്സ് ഫോറം said...

പൊതുമേഖലാ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ ലയനം അവശ്യമോ? ഈ വിഷയത്തെപ്പറ്റിയുള്ള ഒരു പോസ്റ്റ് ആരോഗ്യകരമായ ചര്‍ച്ചക്കായി സമര്‍പ്പിക്കുന്നു. കാര്യങ്ങള്‍ കൂടുതല്‍ വ്യക്തതയോടെ മനസ്സിലാക്കുന്നതിനും ഇത്തരമൊരു ചര്‍ച്ച ഉപകാരപ്രദമാകും എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു

Unknown said...

ലേഖനത്തില്‍ ലയനത്തിന്റെ മെച്ചം എന്നു പറയുന്ന കാര്യങ്ങള്‍ നടപ്പിലാകുമെങ്കില്‍ ഈ നാലു ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളും ചേര്‍ന്ന് ഒരു ഏകശിലാ കോര്‍പ്പറേഷന്‍ ആകുന്നത് നല്ലതു തന്നെ. എങ്കിലും ഇതിനു വിരുദ്ധമായ വാദഗതികളും ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. ആത്യന്തികമായി ജനങ്ങള്‍ക്ക് മെച്ചമുള്ള മാറ്റങ്ങളായിരിക്കണം ഏത് മേഖലയിലായാലും നടപ്പിലാക്കേണ്ടത്. ഗ്രാമീണമേഖലയിലെ ജനങ്ങള്‍ക്ക് പ്രത്യേകിച്ചും, എല്ലാ കാര്യത്തിലും ഒരു സപ്പോര്‍ട്ട്‍ ആവശ്യമാണ്.

Anonymous said...

ഇന്ത്യയില്‍ ഇന്‍ഷുറന്‍സ് മേഖലക്ക് പണ്ടില്ലാത്ത മഹത്വം കൈവന്നു തുടങ്ങിയിരിക്കുന്നു. സര്‍ക്കാര്‍ ആരോഗ്യ- ചികിത്സാ രംഗത്തുനിന്നും പയ്യെ പയ്യെ പിന്മാറുകയാണ്. നല്‍കുന്ന പ്രീമിയത്തിനനുസരിച്ച് മാത്രം ചികിത്സ ലഭിക്കുന്ന ഒരു അവസ്ഥ സംജാതമായിക്കൊണ്ടിരിക്കുന്നു.അതിനാല്‍ തന്നെ പൊതുമേഖലാ ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍ നിലനില്‍ക്കേണ്ടത് ആവശ്യമാണ്.ഇന്ത്യയിലായാലും വിദേശത്തായാലും better claim settlement ratio പൊതുമേഖലാ ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളുടെ തന്നെയാണ്.

ഏറ്റവും പ്രധാനകാര്യം ദേശസാല്‍ക്കരണത്തിനുശേഷം
ഇന്‍ഷുറന്‍സ് കമ്പനികള്‍ ഒന്നും പൊളിഞ്ഞില്ല എന്നു മാത്രമല്ല , കൂടുതല്‍ കൂടുതല്‍ ജനവിശ്വാസം ആര്‍ജ്ജിക്കുകയാണ് ചെയ്തത്.

മറ്റൊരു കാര്യം, പോസ്റ്റില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്ന പോലെ സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം പൊതുമേഖലാ ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍ പൊന്മുട്ട ഇടുന്ന താറാവാണ്.“ കേവലം 19.5 കോടി രൂപ മൂലധനം മുടക്കി സര്‍ക്കാര്‍ ആരംഭിച്ച നാലു കമ്പനികള്‍ക്കും കൂടി ഇന്ന് 90218.24 കോടി രൂപയുടെ ആസ്തിയുണ്ട്. സാമൂഹ്യ മേഖലയെ സ്വകാര്യ കമ്പനികള്‍ തികച്ചും അവഗണിച്ചപ്പോള്‍, ദേശസാല്‍ക്കരണത്തിനുശേഷം 2006 വരെയുള്ള 34 വര്‍ഷത്തെ പ്രവര്‍ത്തനത്തില്‍ പൊതുമേഖലാ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍, സാമൂഹ്യ മേഖലയില്‍ 23644 കോടി രൂപ നിക്ഷേപിച്ചു എന്നത് വിസ്മയാവഹമാണ്“.

കഴിഞ്ഞ വര്‍ഷം മാത്രംസര്‍ക്കാരിന് 266 കോടി രൂപ ഡിവിഡന്റ് നല്‍കിയ പൊന്മുട്ട ഇടുന്ന ഈ താറാവിനെ കൊല്ലാന്‍ അവര്‍ എന്തിനു കൂട്ടു നില്‍ക്കുന്നു എന്നത് ദുരൂഹമാമാണ്. വിദേശ-സ്വദേശ സ്വകാര്യ കമ്പനികള്‍ കാണേണ്ട വരെ കാണേണ്ട പോലെ കണ്ടു കാണും.....

അരവിന്ദ് നീലേശ്വരം said...

വര്‍ക്കേഴ് ഫോറമേ, സ്വകാര്യ കമ്പനികളേ പാടില്ല എന്നാണൊ പറഞ്ഞ് വരുന്നത്? ഈ സ്വകാര്യ വത്കരണം മൂലം നേട്ടം ഉണ്ടായിട്ടില്ലേ? എല്ലാ കാര്യവും സര്‍ക്കാര്‍ തന്നെ ചെയ്യണം എന്ന് വാശി പിടിക്കുന്നത് എന്തിനാണ്. ഒരു ലെവല്‍ പ്ലേയിങ്ങ് ഫീല്‍‍ഡില്‍ സ്വകാര്യ മൂലധനവുമായി മത്സരിക്കാന്‍ പൊതുമേഖല എന്തിനു പേടിക്കണം?

വര്‍ക്കേഴ്സ് ഫോറം said...

പ്രിയ അരവിന്ദ്,
സ്വകാര്യ കമ്പനികളേ പാടില്ല എന്ന് പറഞ്ഞിട്ടില്ലല്ലോ? സ്വകാര്യ കമ്പനികളുമായി മത്സരിക്കേണ്ടി വരുന്ന“സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള നാല് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അവയെ ലയിപ്പിക്കാനുള്ള നടപടിക്ക്, കേന്ദ്രസര്‍ക്കാര്‍ എത്രയും വേഗം തുടക്കം കുറിക്കണം“ എന്നാണ് പറഞ്ഞത്.

ദേശസാല്‍കൃത ഇന്‍ഷുറന്‍സ് രംഗത്ത് സ്വകാര്യ വത്കരണം വീണ്ടും കൊണ്ടുവരാന്‍ താഴെപ്പറയുന്നവയാണ് കാരണമായി പറഞ്ഞിരുന്നത് :

1.വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക് വര്‍ദ്ധിക്കും
2.പുതുതായി തൊഴിലവസരങ്ങള്‍ പ്രവഹിക്കും
3.ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭിക്കും.
4.പ്രീമിയം നിരക്കുകള്‍ കുറയും
5.പൊതുമേഖല ശക്തിപ്പെടുകയും ശക്തിപ്പെടുത്തുകയും ചെയ്യും

എന്നാല്‍ ഇതാണ് അനുഭവം:

1. പൊതുമേഖലാ കമ്പനികളെ മാറ്റി നിര്‍ത്തിയാല്‍ 23 സ്വകാര്യകമ്പനികളാണ് ( ലൈഫും ജനറലും ചേര്‍ത്ത്) 2007ല്‍ രാജ്യത്ത് നിലവിലുള്ളത്. ഇവര്‍ കൊണ്ടുവന്ന വിദേശ നാണ്യം 1.8 ബില്യണ്‍ വരും. 215 ബില്യണ്‍ വിദേശ നാണ്യ ശേഖരമുള്ള ഇന്ത്യയില്‍ ഇന്‍ഷുറന്‍സ് രംഗത്തെ FDI എത്രയുണ്ടെന്ന് കണ്ടല്ലോ. (പിന്നെ ഈ വിദേശ നാണ്യശേഖരം എന്തിന് എന്ന ചോദ്യവും ഉണ്ട്. അമേരിക്കന്‍ ട്രഷറികളിലും വിദേശ സെന്‍‌ട്രല്‍‍ ബാങ്കുകളിലും വെറും 1.5% പലിശക്ക് നിക്ഷേപിക്കാനോ? ഇത് സമ്പന്നര്‍ക്ക് വിദേശത്ത് നിന്ന് ഉപഭോഗ വസ്തുക്കള്‍ കൊണ്ടുവരാനാണ് ഉപയോഗിക്കുന്നത് ).

2. നഷ്ടപ്പെട്ട തൊഴില്‍ ഏകദേശം 6 ലക്ഷം.

23 കമ്പനികള്‍ക്കുമായി 2 ലക്ഷം ഏജന്റുമാരാണുള്ളത്. പൊതുമേഖലയില്‍ മാത്രം ഇന്‍ഷുറന്‍സ് നിലനിര്‍ത്തിയിരുന്നെങ്കില്‍ ആനുപാതിക വളര്‍ച്ചക്കനുസരിച്ച് 6 കൊല്ലം കൊണ്ട് 10 ലക്ഷം ഏജന്റുമാര്‍ക്ക് ജോലികിട്ടുമായിരുന്നു. അത് പോലെ 1 ലക്ഷം സ്ഥിരം ജീവനക്കാര്‍ക്കും. അതെല്ലാം ഇല്ലാതായി. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്ന് 36000 സ്ഥിരം ജീവനക്കാര്‍ പിരിഞ്ഞുപോയപ്പോള്‍ പകരം വന്നത് 1000 പേര്‍ മാത്രം

3. ജനസംഖ്യയുടെ 10-15% വരുന്ന സമ്പന്നര്‍ക്ക് ആവശ്യമായ ഉത്പന്നങ്ങളാണ് സ്വകാര്യകമ്പനികള്‍ ഇന്‍ഷുറന്‍സ് മേഖലയില്‍ പുറത്തിറക്കിയത്. ഇത് ചൂണ്ടിക്കാട്ടിയാണ് അത്ഭുതം നടക്കുന്നു എന്ന പ്രചരണം. ഓഹരിക്കമ്പോളത്തിലെ ചാഞ്ചാട്ടത്തിനനുസരിച്ച് മുഖം മാറുന്ന നിക്ഷേപങ്ങളും പദ്ധതികളും കൊണ്ട് വരുന്നവര്‍ മറക്കുന്നത് ഈ കമ്പോളവുമായി ബന്ധമുള്ള ഭാരതീയര്‍ 1% ആണെന്നതാണ്. പൊതുമേഖലാ കമ്പനികള്‍ കൊണ്ട് വന്ന പദ്ധതികളെക്കാള്‍ മികച്ചതൊന്നും തന്നെ സ്വകാര്യകമ്പനികള്‍ കൊണ്ട് വന്നിട്ടില്ലെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.കമ്പോളം വിപുലമാകുന്നതിനു പകരം ഇടുങ്ങിയതും അപകടം നിറഞ്ഞതുമായി.

4. പ്രീമിയം നിരക്കുകള്‍ വര്‍ദ്ധിക്കുകയാണ് ചെയ്തത്.
വാഹനം ഫയര്‍ എഞ്ചിനീയറിംഗ്, മെഡിക്ലെയിം നിരക്കുകള്‍ കഴിഞ്ഞ 6 വര്‍ഷത്തിനിടയില്‍ 30 മുതല്‍ 150% വരെ വര്‍ദ്ധിച്ചു. ഡീ താരിഫിംഗ് മൂലം പൊതുമേഖലാ കമ്പനികള്‍ വാഹനങ്ങളുടെ ഓണ്‍ ഡാമേജ് പ്രീമിയത്തില്‍ ചെറിയ കുറവ് വരുത്തിയെങ്കിലും സ്വകാര്യ കമ്പനികള്‍ നിരക്ക് കൂട്ടുകയാണ് ചെയ്തത്. പദ്ധതികളുടെ തിരോധാനവും പുന:സംഘടനയും മൂലം നിരക്കുകള്‍ പലമടങ്ങ് കൂടി എന്നതാണ് അനുഭവം. റിട്ടേണ്‍ ഉറപ്പു വരുത്തുന്നതിനു പകരം കമ്പനികളുടെ ലാഭം ലക്ഷ്യമാക്കുന്ന രീതിയിലേക്ക് പദ്ധതികള്‍ പുന:സംഘടിപ്പിക്കപ്പെട്ടു. പൊതുമേഖലാ കമ്പനികള്‍ക്കും ഇത് ചെയ്യേണ്ടി വരുന്നു.

5. ആറ് (6) ഡോളറാണ് ഇന്ത്യയിലെ ശരാശരി പ്രതിശീര്‍ഷ വാര്‍ഷിക പ്രീമിയം. അമേരിക്കയില്‍ ഇത് 2250ഉം ബ്രിട്ടനില്‍ 1589ഉം സൌത്ത് കൊറിയയില്‍ 1338 ഡോളറുമാണ്.(കാണാന്‍ പോകുന്ന പൂരം പറഞ്ഞറിയിക്കേണ്ടല്ലോ?) ഇന്ത്യയില്‍ ജി.ഡി.പിയുടെ 2% മാത്രമാണ് ഇന്‍ഷുറന്‍സ് പ്രീമിയം. ആഗോള ശരാശരി 7.8%. 2004-05ലെ ലൈഫ് ഇന്‍ഷുറന്‍സ് മേഖലയില്‍ സ്വകാര്യ മേഖല കമ്പനികളുടെ വളര്‍ച്ചാനിരക്ക് 128% ആയിരുന്നു. ഈ മേഖല മൊത്തം 32.49% വളര്‍ച്ചാനിരക്ക് രേഖപ്പെടുത്തിയപ്പോള്‍ അതില്‍ എല്‍.ഐ.സിയുടേത് 19.5. നിയമപ്രകാരം 91,000 കോടി രൂപ നിര്‍ബന്ധനിക്ഷേപം വരേണ്ടിടത്ത് 75828 കോടി മാത്രമേ വന്നുള്ളൂ. ഇതില്‍ 93% എല്‍.ഐ.സി വക. 25% കമ്പോള വിഹിതമുള്ള (Market Share)14 സ്വകാര്യകമ്പനികള്‍ നടത്തിയത് വെറും 7% നിക്ഷേപം.
ജി.ഐ.സിയുടെ സബ്‌സിഡിയറികളെ സ്വതന്ത്രരാക്കി മത്സരിപ്പിച്ചതോടെ പ്രീമിയം ഇനത്തില്‍ മാത്രം 1200 കോടി രൂപയുടെ നഷ്ടം വരുന്നുണ്ട്. ബ്രോക്കര്‍മാരുടെ കമ്മീഷന്‍ 17.5% ആക്കുന്നതിനും സാധാരണ ഏജന്റുമാരുടെ കമ്മീഷന്‍ 5-10 എന്നരീതിയില്‍ ഭീമമായി കുറയ്ക്കുന്നതിനുമാണ് സര്‍ക്കാര്‍ ശ്രമിച്ചത്. കോര്‍പ്പറേറ്റ് പദ്ധതികള്‍ക്ക് മുന്‍‌തൂക്കം കൊടുക്കാന്‍ പൊതുമേഖലാ കമ്പനികളെ സര്‍ക്കാര്‍ നിര്‍ബന്ധിക്കുന്നു.

പൊതുമേഖലാ കമ്പനികളുടെ കടമകളെക്കുറിച്ച് തിരിച്ചറിവില്ലാത്ത ഉദ്യോഗസ്ഥമേധാവികള്‍ കമ്പനികളുടെ തകര്‍ച്ചക്ക് തുല്യ ഉത്തരവാദികളാണ്.

2000 ഓഫീസുകളും 14 ലക്ഷം ഏജന്റുമാരുമടങ്ങുന്ന എല്‍.ഐ.സിയുടെ മാനേജ്‌മെന്റ് ചിലവ് ലോകത്തില്‍ വെച്ച് ഏറ്റവും കുറഞ്ഞതാണ്. 6.65% മാത്രം. സ്വകാര്യ കമ്പനികള്‍ ശരാശരി 23.65% ചിലവാക്കുന്നു.

Anonymous said...

The reasons mentioned for merger, the same reasons finance ministry is saying in case of bank mergers.The left unions like BEFI in banking sector is opposing this move.KSGIEU is supporting this move in bkg sector. Is this means if min is for merger then unions oppose & viceversa.Please clarify

Anonymous said...

The pertinent question which arise with the demand for merger of public sector general insurance companies is "Why the Indian government strongly oppose the merger demand while it favours the merger of banks in India?".

The Indian government who follows the dictum of Imperialist forces and multinational monopolist giants is acting as their agent to prepare a 'level playing field' for them. It is quite clear that the neo-liberalism is nothing but the economic domination of these forces to exploit the market to reap profits and accumulate further wealth.

Through the international financial institutions and other agencies they try to implement their agenda for their benefits. The merger issue should be read in this backdrop.

When the nationalization of general insurance companies took place in India in 1972, the then government decided to form four general insurance companies merging 107 small and big private general insurance companies. Thus National Insurance Co. Ltd., New India Assurance Company Ltd., Oriental Insurance Company Ltd., and United Insurance Co. Ltd were formed under the controlling body General Insurance Corporation(GIC) of India. The sole objective for keeping four general insurance companies instead of one as LIC in life sector was to provide effective and efficient service to the clients through a healthy competition. The growth and development of the four companies justify this objective.

But the scenario has completely changed consequent to the opening of insurance sector for private players. Now there are eight private general insurance companies apart from the four public sector general insurance companies. The private companies who indulge in unethical and unhealthy practices to capture the market, forces the public sector companies too to follow their suit.
Thus now the public sector general insurance companies are competing each other apart from competing with the private general insurance companies. To survive in the market they too indulge in unhealthy business practices, incurring huge losses themselves and sister concerns, to industry and to the nation. Since they are government owned companies, the losses ultimate result in the loss to the nation.

The merger of public sector general insurance companies is necessitated in this context. Apart from gaining a very advantageous financial strength, the PSU can dominate and control the entire market if the four companies are merged into one. It can provide better service, competing with private sector. Since there are eight private general insurance companies, the merged company can fine tune its efficiency competing with the private companies. The very successful example of LIC is sufficiently justify this contention.

So the relevance of remaining as four separate units is no longer valid. Hence it is high time to merge the four public sector general insurance companies into one, for the benefit of the customers, industry and for the nation.

The merger of banks by the government will defeat the very purpose of Bank nationalization. It is evident that the bank's became purposeful to the common people with the nationalization. The Banking net work through the length and breadth of the country has become a true friend, guide and mentor to the common people. This was possible only because of the Bank's nationalization.

But now the government forcing the same banks to withdraw from the rural areas and concentrate in urban centres.

There is a hidden agenda behind the move of the Government to merge the Banks. They allow merger of loss making private banks with the profitable nationalized banks. This will naturally lead the profitable banks to incur loss and subsequently it will lead to a crisis

ഉപ ബുദ്ധന്‍ said...

അമേരിക്കയില്‍ കമ്പനികള്‍ തൊഴിലാളികളുടെ പേരില്‍ ഇന്‍ഷുറന്‍സ് എടുക്കും എന്നിട്ട് നോമിനീ കമ്പനി ...
മരിച്ച് കഴിയുമ്പോ കമ്പനിക്ക് ക്ലെയിം............
വാട്ട് അന്‍ ഐഡിയ.......................
50000 കോടി $ അങ്ങനെ കമ്പനികള്‍ ഉണ്ടാക്കി

വര്‍ക്കേഴ്സ് ഫോറം said...

അനീഷ്

പഴയ പോസ്റ്റാണ്. എങ്കിലും വാ‍യനക്കും അഭിപ്രായങ്ങള്‍ക്കും നന്ദിയുണ്ട്