Tuesday, December 18, 2007

ഉത്സവങ്ങള്‍ തുടങ്ങി; ആനകള്‍ക്ക് പീഡനവും

കൊട്ടും കുരവയും ആര്‍പ്പുവിളികളും ഉയരുമ്പോള്‍ നിസ്സംഗതയോടെ നോക്കി ഇരുചെവികളും ആട്ടി നമ്മെ വിസ്മയിപ്പിക്കുന്ന ആനകളുടെ ദുരിതം ആരെങ്കിലും അറിയുന്നുവോ? കേരളത്തില്‍ ഉത്സവകാലം തുടങ്ങി. ഒപ്പം ആനകള്‍ക്ക് പീഡനവും.

ശനിയാഴ്ച പാലക്കാട് ഒറ്റപ്പാലത്തിനടുത്ത് ലോറിയില്‍നിന്നു വീണ് ചരിഞ്ഞ ആനയാണ് ഇത്തവണത്തെ ആദ്യ ഇര. ഏഷ്യയിലെ നാട്ടാനകളില്‍ ഏറ്റവും ഉയരംകൂടിയ നാണു എഴുത്തശ്ശന്‍ ശിവശങ്കരനാണ് കഴിഞ്ഞദിവസം മനുഷ്യരുടെ ക്രൂരത ഏറ്റുവാങ്ങിയത്. ലോറിയില്‍ കയറ്റുമ്പോള്‍ ആന പിന്നോട്ടു മറിഞ്ഞ് കൊമ്പുകുത്തിവീഴുകയായിരുന്നു. ദാരുണമായ ഈ സംഭവം ഒറ്റപ്പെട്ടതല്ല.

ആനയെ ദൈവതുല്യം പൂജിക്കുന്ന കേരളത്തില്‍ അവയ്ക്കെതിരെയുള്ള പീഡനവും എണ്ണമറ്റതാണ്. കാലുകള്‍ ചങ്ങലകള്‍കൊണ്ട് ബന്ധിപ്പിക്കപ്പെട്ട ആനകള്‍ ഉത്സവങ്ങളിലെ പ്രധാന കാഴ്ചയാണ്. ആര്‍പ്പുവിളികള്‍ക്കിടയില്‍ വ്രണങ്ങള്‍ വന്ന കാലുകള്‍ കൂട്ടിയുരുമ്മി മണിക്കൂറുകള്‍ നീണ്ട എഴുന്നള്ളിപ്പ്. പാപ്പാന്റെ കമ്പികൊണ്ട് ചെവിയിലുള്ള പിടിവലി. 2006 സെപ്തംബര്‍ മുതല്‍ 2007 ജൂലൈ വരെ 86 ആനകളാണ് പീഡനവും രോഗവുംമൂലം ചരിഞ്ഞത്. നിലവില്‍ 42 എണ്ണം കൊടിയ ക്രൂരതയ്ക്ക് ഇരയായി കഴിയുന്നുണ്ടെന്ന് കോടതിതന്നെ നിരീക്ഷിച്ചിട്ടുണ്ട്.

എഴുന്നൂറിലധികം നാട്ടാനകള്‍ ഇന്നു കേരളത്തിലുണ്ട്. പലതിനും യഥാര്‍ഥ ഉടമസ്ഥാ രേഖയില്ല. അനധികൃതമായി അന്യസംസ്ഥാനങ്ങളില്‍നിന്ന് കടത്തിയവയാണ് ഏറെയും. ഒരു ആനയെകൊണ്ടുവരാന്‍ പെര്‍മിറ്റ് എടുത്താല്‍ അത് ഉപയോഗിച്ച് കൂടുതല്‍ എണ്ണത്തെ കടത്തും. നാലും അഞ്ചും ലക്ഷം നല്‍കി മറ്റു സംസ്ഥാനങ്ങളില്‍നിന്നും കൊണ്ടുവരുന്നവയെ 20 മുതല്‍ 25 ലക്ഷം രൂപയ്ക്കാണ് ഇവിടെ വില്‍ക്കുക. റിയല്‍ എസ്റ്റേറ്റുപോലെ വലിയ കച്ചവടമായി ആന വ്യാപാരവും മാറി. 'ആന ചത്താലും പെറ്റാലും പണം' എന്ന പഴമൊഴി സാധൂകരിക്കുന്നതാണ് ഈ മേഖലയിലെ ചൂഷണം. ദുരിതം പെരുകിയതോടെ ആനകള്‍ക്ക് മദപ്പാടും വെപ്രാളവും വര്‍ധിച്ചു. പാപ്പാന്‍മാര്‍ക്കെതിരായ ആക്രമണവും കൂടി. 2006 സെപ്തംബര്‍ മുതല്‍ 2007 ജൂലൈവരെ 30 പാപ്പാന്‍മാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

ആന പീഡനത്തിനെതിരെ സംസ്ഥാന സര്‍ക്കാരും ആനപ്രേമിസംഘവുമെല്ലാം രംഗത്തുണ്ട്. ആന ഇറക്കുമതിയില്‍ കര്‍ശനനിയന്ത്രണം സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉത്സവത്തിനുകൊണ്ടുവരുന്ന ആനകള്‍ക്ക് ആവശ്യത്തിനുള്ള വെള്ളം ലഭ്യമാക്കുക, വെയിലത്ത് എഴുന്നള്ളത്ത് നടത്താതിരിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്.

(വേണു കെ ആലത്തൂര്‍, കടപ്പാട്: ദേശാഭിമാനി. ചിത്രത്തിനു കടപ്പാട്: വിക്കിപീഡിയ)

4 comments:

വര്‍ക്കേഴ്സ് ഫോറം said...

കൊട്ടും കുരവയും ആര്‍പ്പുവിളികളും ഉയരുമ്പോള്‍ നിസ്സംഗതയോടെ നോക്കി ഇരുചെവികളും ആട്ടി നമ്മെ വിസ്മയിപ്പിക്കുന്ന ആനകളുടെ ദുരിതം ആരെങ്കിലും അറിയുന്നുവോ.കേരളത്തില്‍ ഉത്സവകാലം തുടങ്ങി. ഒപ്പം ആനകള്‍ക്ക് പീഡനവും.

krish | കൃഷ് said...

നാണു എഴുത്തച്ഛന്‍ ശിവശങ്കരനെക്കുറിച്ച് ഒരു പോസ്റ്റ്
ഇവിടെ ഉണ്ട്

വര്‍ക്കേഴ്സ് ഫോറം said...

ആനക്കമ്പക്കാരുടെ നാട് ആനയെപ്പേടിച്ച് ഉത്സവപ്പറമ്പുകളില്‍നിന്ന് വഴിമാറി നടക്കാന്‍ തുടങ്ങുമോ. ആനകളുടെ കൊലവിളിയും ആളുകളുടെ ആര്‍ത്തനാദവും പതിവായതാണ് ആശങ്ക ഉയര്‍ത്തുന്നത്. ഇത്തവണ ഉത്സവ സീസണിന്റെ തുടക്കത്തിലേ ആനയിടയല്‍ തുടര്‍ക്കഥയായി. പൂരങ്ങളുടെ നാടായ തൃശൂരില്‍ രണ്ടാഴ്ചയ്ക്കകം ഏഴിടത്ത് ആന ഇടഞ്ഞു. ആന ഇടയുന്നത് കൂടുതലും എഴുന്നള്ളിപ്പിനിടെയാണെന്നതാണ് കാര്യങ്ങള്‍ ഗൌരവമാക്കുന്നത്. കഴിഞ്ഞവര്‍ഷം ആനകളുടെ പരാക്രമത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത് രണ്ടുഡസനിലേറെപ്പേര്‍ക്കാണ്. നാല്‍പ്പതോളം പേര്‍ക്ക് പരിക്കേറ്റു. 30 വര്‍ഷത്തിനുള്ളില്‍ ഇത്തരത്തില്‍ ആനകള്‍ കൊന്നൊടുക്കിയത് 305 പേരെയെന്നാണ് ഔദ്യോഗികകണക്ക്. പരിക്കേറ്റവര്‍ വേറെ. മരിച്ചവരില്‍ 90 ശതമാനവും പാപ്പാന്മാരാണ്. എന്നാല്‍, പരിക്കേറ്റവരില്‍ നല്ലൊരുഭാഗവും ഉത്സവത്തിനുപോയവരും വഴിപോക്കരും.
കേരളത്തില്‍ ആനകളെ എഴുന്നള്ളിക്കുന്ന പൂരങ്ങളും വേലകളും മൂവായിരത്തോളം. അതില്‍ മൂന്നിലൊന്നും തൃശൂര്‍, പാലക്കാട് ജില്ലകളില്‍. പൂരങ്ങള്‍ക്കുപുറമെ ചന്ദനക്കുടത്തിനും നേര്‍ച്ചയ്ക്കും പെരുന്നാളിനുമൊക്കെ ഇപ്പോള്‍ ആനകള്‍ ഒഴിച്ചുകൂടാത്തതായി. ദേശക്കാര്‍ മത്സരബുധ്യാ ആഘോഷിക്കുന്ന വിവിധ പൂരങ്ങള്‍ക്ക് നല്‍പ്പതിനു മുകളിലാണ് ആനകളുടെ എണ്ണം. ഓരോ വര്‍ഷവും ഇതു കൂടിവരുന്നു.

കേരളത്തില്‍ എഴുനൂറോളം നാട്ടാനകളാണ് ഉള്ളത്. ഇതില്‍ ഉത്സവത്തിന് എഴുന്നള്ളിക്കുന്നവ 250. ഉത്സവസീസണില്‍ ഒട്ടും വിശ്രമമില്ലാതെ ആനകളെ എഴുന്നള്ളിപ്പിനായി അയക്കുന്നു. അതിനാല്‍ ഭക്ഷണംപോലും കൃത്യമായി കഴിക്കാനാകുന്നില്ല. ആന മെല്ലെ തിന്നുന്ന ജീവിയായതിനാല്‍ തീറ്റസമയം 14 മണിക്കൂര്‍വരെയാണ്. ഒന്നോ രണ്ടോ മണിക്കൂര്‍കൊണ്ടൊന്നും ആനയ്ക്ക് വിശപ്പ് മാറ്റാനാകില്ല. ലാഭം നോക്കിയുള്ള വിശ്രമമില്ലാത്ത ജോലി, ആവശ്യത്തിന് ഭക്ഷണവും വെള്ളവും കിട്ടാത്തത്, അശ്രദ്ധമായ പരിചരണം, മദപ്പാടിന്റെ ലക്ഷണങ്ങള്‍ അവഗണിച്ചും എഴുന്നള്ളിപ്പിന് അയക്കുന്നത്, പീഡനം തുടങ്ങിയവയാണ് ആനകളെ പ്രകോപിപ്പിക്കുന്നതെന്ന് ആനവിദഗ്ധര്‍ പറയുന്നു. ആനകളുടെ സ്വഭാവം പ്രവചനാതീതമാണ്. എന്നാല്‍ പ്രകോപനം, ശാരീരികാസ്വാസ്ഥ്യം എന്നിവയില്ലാതെ ആന ആരെയും ഉപദ്രവിക്കില്ലെന്നാണ് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്.

ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ ആനവിദഗ്ധര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ ഇങ്ങനെ: ഒരു എഴുന്നള്ളിപ്പ് കഴിഞ്ഞ് ആനയ്ക്ക് നിര്‍ബന്ധമായും 12 മണിക്കൂറില്‍ കുറയാത്ത വിശ്രമം അനുവദിക്കണം. എഴുന്നള്ളിപ്പിന്എത്തുന്ന ആനയ്ക്ക് വിശ്രമം ലഭിച്ചെന്ന് ഉത്സവക്കമ്മിറ്റിക്കാര്‍ ഉറപ്പുവരുത്തണം. ആവശ്യത്തിന് ഭക്ഷണവും വെള്ളവും നല്‍കണം. നീണ്ട എഴുന്നള്ളിപ്പിനിടയില്‍ ആനയ്ക്ക് വെള്ളം നല്‍കാന്‍ പ്രയാസമായതിനാല്‍ ജലാംശം കൂടിയ തണ്ണിമത്തന്‍, വെള്ളരിക്ക, കരിമ്പ് തുടങ്ങിയവ നല്‍കണം. നീണ്ട എഴുന്നള്ളിപ്പുകള്‍ക്ക് ആനകള്‍ക്ക് ഷിഫ്റ്റ് ഏര്‍പ്പെടുത്തണം. മദപ്പാട്കാലത്ത് ആനയ്ക്ക് രണ്ടുമുതല്‍ മൂന്നുമാസം വരെ വിശ്രമം നല്‍കണം. മദപ്പാടിനെ തടഞ്ഞുനിര്‍ത്താന്‍ ആവശ്യത്തിനു വെള്ളം കൊടുക്കാതെയുള്ള 'വാട്ടല്‍' പ്രയോഗം അവസാനിപ്പിക്കണം. ആനയെ ചട്ടം പഠിപ്പിക്കുമ്പോള്‍ രണ്ട് ഒന്നാംപാപ്പാന്മാര്‍ ഉണ്ടാകണം. ആനകളെ ലോറിയില്‍ കൊണ്ടുവരുമ്പോള്‍ ആവശ്യത്തിന് ബന്തവസ് ഉണ്ടാകണം. പരിചയമില്ലാത്തവര്‍ ആനപ്പുറത്തു കയറരുത്. പാപ്പാന്മാര്‍ എഴുന്നള്ളിപ്പ് സമയത്ത് മദ്യപാനം ഒഴിവാക്കണം. ജനങ്ങള്‍ ആനകളെ തൊട്ട് പ്രകോപിപ്പിക്കുന്നത് ഒഴിവാക്കണം- ഇക്കാര്യങ്ങളില്‍ സജീവ ശ്രദ്ധയുണ്ടായില്ലെങ്കില്‍ ഉത്സവപ്പറമ്പുകളില്‍ ഇനിയും ചോരയൊഴുകും.

വി എം രാധാകൃഷ്ണന്‍ ദേശാഭിമാനിയില്‍ എഴുതിയ കുറിപ്പ്

എതിരന്‍ കതിരവന്‍ said...

ഏറ്റുമാനൂ‍ര്‍ അമ്പലത്തിലെ നീലകണ്ഠന്‍ ആനയെ കഴിഞ്ഞയാഴ്ചയാണ് മീനച്ചില്‍ കാവിനടുത്തു വച്ച് കൊന്നത്. പൂവരണി അമ്പലത്തില്‍ ഉത്സവത്തിനു കൊണ്ടുവന്ന നീലകണ്ഠനെ “മര്യാദ‘ പഠിപ്പിക്കാന്‍ ഒന്നാം പാപ്പന്‍ നേരത്തെ ശ്രമം നടത്തിയതിന് അയാള്‍ക്കു വാണിങ് കോടുത്തിരുന്നു. ജോലി പോകുമെന്നായപ്പോള്‍ മാരകമാ‍യ വിഷം കൊടുത്ത് ആനയെ അയാള്‍ കൊന്നു. വിഷമുള്ള ഇല കടിച്ചിട്ടാണ് ആന ചെരിഞ്ഞതെന്ന് വിശ്വസിക്കാന്‍ പലര്‍ക്കും താല്‍പ്പര്യം. ആനക്കാരനതിരെ കേസൊന്നും എടുത്തിട്ടില്ല ഇതു വരെ. ഏറ്റുമാനൂര്‍ അമ്പലക്കാര്‍ക്കും വലിയ പരാതി ഒന്നുമില്ലത്രെ.

നീലകണ്ഠന്മാര്‍ നെറ്റിപ്പട്ടം കെട്ടി ചെരിയാനുള്ള മുഹുര്‍ത്തം നോക്കി അണി നിരന്നു നില്‍ക്കുന്നു. ചെണ്ടമേളത്തിനൊപ്പം ചെവിയാട്ടുന്നത് കാണുന്നില്ലേ? താളം പിടിയ്ക്കുകയാണവര്‍. അടുത്ത കൊടും പീഡനത്തിന്റെ വേള വരെയുള്ള സമയം പിടിയ്ക്കല്‍.