Saturday, October 18, 2008

പി.ജി.യോടൊപ്പം

സമൂഹത്തിന്റെ പുരോഗതിയെപ്പറ്റിയുള്ള ദീര്‍ഘസ്ഥായിയായ കാഴ്‌ചപ്പാടുകൊണ്ടും ഉറച്ച രാഷ്‌ട്രീയ നിലപാടുകൊണ്ടും ലളിതമായ ജീവിതശീലങ്ങള്‍ കൊണ്ടും പി.ജി.യുടെ വ്യക്തിത്വം വേറിട്ടുനില്‍‌ക്കുന്നു. ദീര്‍ഘകാലത്തെ രാഷ്‌ട്രീയ പ്രവര്‍ത്തനത്തിലൂടെ, അതിവിപുലമായ വായനയിലൂടെ, സത്യസന്ധമായ നിരീക്ഷണങ്ങളിലൂടെ അര്‍ത്ഥപൂര്‍ണമായി സമൂഹത്തില്‍ ഇടപെട്ടുകൊണ്ടിരിക്കുന്ന പി.ജി., നമ്മുടെ കാലത്തെ ഭാഗ്യമാണ്.

വികസ്വരമാകുന്ന വിജ്ഞാനത്തിന്റെ വിസ്‌മയങ്ങള്‍ക്കൊപ്പം സഞ്ചരിക്കുന്ന അദ്ദേഹം ഇപ്പോള്‍ ശാസ്‌ത്രത്തിന്റെ സാംസ്‌കാരികചരിത്രം എന്ന പുസ്‌തകത്തിന്റെ രചനയിലാണ്. ശാസ്‌ത്രവും കലയും സാഹിത്യവും രാഷ്‌ട്രീയവുമെല്ലാം പരസ്‌പരം ചേര്‍ന്നുനില്‍‌ക്കുന്ന, സാമൂഹ്യജീവിതത്തിന്റെ സമഗ്രതയിലേയ്ക്ക് ഇറങ്ങിച്ചെല്ലുന്ന പി.ജി.യുടെ സ്വത:സിദ്ധമായ വിശകലന സാമര്‍ത്ഥ്യം ഈ പുസ്‌തകത്തെ സമ്പന്നമാക്കുമെന്നു തീര്‍ച്ചയാണ്.

ആദ്യകാലം മുതല്‍ക്കുതന്നെ ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നില്‍‌ക്കുന്ന പി.ജി.യും ആര്‍.വി.ജി. മേനോനും തമ്മിലുള്ള സംഭാഷണത്തിന്റെ പ്രസക്തഭാഗങ്ങളാണ് താഴെ നല്‍കിയിരിക്കുന്നത്.

ശാസ്‌ത്രസാഹിത്യപരിഷത്തിനെപ്പറ്റി, പരിഷത്തിന്റെ നിലപാടുകളെപ്പറ്റി, ശാസ്‌ത്രത്തിന്റെ വികാസപരിണാമഗതിയെപ്പറ്റി, പരിസ്ഥിതിയെപ്പറ്റി, സാഹിത്യത്തെയും, കലയെയും, കേരള സമൂഹത്തെയുമൊക്കെ പറ്റി പി.ജി. സംസാരിക്കുന്നു.

ആര്‍.വി.ജി. : ശാസ്‌ത്രത്തിന്റെ സാംസ്‌കാരിക ചരിത്രത്തെപ്പറ്റി പി.ജി. ഒരു പുസ്‌തകം എഴുതിക്കൊണ്ടിരിക്കുകയാണെന്നു കേട്ടു. അതിനെപ്പറ്റി പറഞ്ഞുകൊണ്ടു നമുക്കു തുടങ്ങാം.

പി.ജി. : പീറ്റര്‍ വാട്സണിന്റെ മോഡേണ്‍മൈന്‍ഡ് എന്ന മനോഹരമായ ഒരു പുസ്‌തകമുണ്ട്. ഞാനിപ്പോള്‍ എഴുതിക്കൊണ്ടിരിക്കുന്ന പുസ്‌തകം ശാസ്‌ത്രരംഗത്തെ മാറ്റങ്ങളുടെ സാംസ്‌കാരികചരിത്രത്തെപറ്റിയാണ്. അതേ വീക്ഷണമാണിതിലും. മോഡേണ്‍മൈന്‍ഡില്‍ എല്ലാമുണ്ട്. ഹാര്‍ഡ് സയന്‍സ്, പോപ്പുലര്‍ സയന്‍സ്, സൈക്കോളജി, ഫിലോസഫി, സാഹിത്യം, കല തുടങ്ങി എല്ലാം ഉള്‍ചേര്‍ത്തിട്ടുണ്ട്. എങ്ങനെയാണ് ഇതെല്ലാം ഒന്നിച്ചുനില്‍‌ക്കുന്നത് എന്ന രീതിയില്‍ എഴുതിയിട്ടുള്ള മനോഹരമായ പുസ്‌തകമാണിത്. ഇതിന്റെ തന്നെ അമേരിക്കന്‍ എഡിഷനില്‍ അതിന്റെ പേര് ടെറിഫിക് ബ്യൂട്ടി എന്നാണ്. ആ പേരു നല്‍കുന്നതിന് ഒരു കാരണമുണ്ട്. യീറ്റ്സ് തന്റെ കവിതയില്‍ "എന്തൊരു മാറ്റം! ഇന്നലെ കണ്ടതൊന്നും ഇന്നു കാണാനില്ല. ഇന്നുകാണുന്നതല്ല നാളെകാണുന്നത്. ഇത്രമാത്രം തകര്‍പ്പനായ മാറ്റങ്ങള്‍, ഇതെല്ലാം നന്മയ്‌ക്കാണോ, എന്തോ. പക്ഷേ ഇതെല്ലാം കൂടി ഒരു ടെറിഫിക് ബ്യൂട്ടി'', എന്നെഴുതിയിട്ടുണ്ട്. അതുകൊണ്ടാണ് ആ പേരു ചേര്‍ത്തത്. ശാസ്‌ത്രത്തെ (narrow-fragmented അല്ലാതെ) സമഗ്രമായി കാണുന്നവര്‍ക്ക് ഈ പുസ്‌തകം ഇഷ്ടപ്പെടും.

ആര്‍.വി.ജി. : അതില്‍ സയന്‍സിനെ പറ്റിയുള്ള പുതിയ കാഴ്‌ചപ്പാടുകള്‍ ഉണ്ടോ?

പി.ജി. : എല്ലാവിവരണങ്ങളും ഉണ്ട്. പുസ്‌തകം തുടങ്ങുന്നത് ഇങ്ങനെയാണ്. സാധാരണഗതിയില്‍ 1900 എന്നുപറഞ്ഞാല്‍ ഒരു വിലയും ഇല്ല. കാരണം ലോകത്തിലെ ക്രിസ്‌ത്യാനികള്‍ക്കുമാത്രം ബാധകമായ ഒന്നാണത്. അവര്‍ ലോകം ഭരിക്കുന്നതുകൊണ്ട് എല്ലാവരും അംഗീകരിച്ചു എന്നു മാത്രമേ ഉള്ളൂ. 20-ാം നൂറ്റാണ്ട് എന്നതിന് ഇന്ത്യയില്‍ വേറെ കണക്കാണ്. മുസ്ലീങ്ങള്‍ക്കു ഹിജറാവര്‍ഷം എന്ന കണക്കാണ്. ഇതൊക്കെയാണെങ്കിലും എങ്ങനെയോ ഇതു സംഭവിച്ചു. 1900 ചരിത്രത്തിലെ വഴിത്തിരിവായി മാറി.

ആര്‍.വി.ജി. : അതെ, ബെക്കറല്‍ റേഡിയോ ആക്ടിവിറ്റി കണ്ടുപിടിച്ചതും തോംസണ്‍ ഇലക്‍ട്രോണ്‍ കണ്ടുപിടിച്ചതും ഈ സമയത്താണ്.

പി.ജി. : അതെ, അതെല്ലാം, ബെക്കറലിന്റെ കണ്ടുപിടിത്തങ്ങളെപ്പറ്റി മോഡേണ്‍ മൈന്‍ഡില്‍ വളരെ വിശദമായി പ്രതിപാദിക്കുന്നുണ്ട്. മാക്‍സ് പ്ലാങ്കിന്റെ പ്രധാന കണ്ടുപിടിത്തം 1900ല്‍ ആണ്. ഇപ്പോഴത്തെ ഡാര്‍വിനിസം ഉണ്ടായത് ഈകാലത്താണ്. ഡാര്‍വിനിന്റെ സിദ്ധാന്തത്തെ കൂടുതല്‍ പരിപുഷ്‌ടമാക്കിയ മെന്‍ഡലിന്റെ പാരമ്പര്യശാസ്‌ത്രം, ശ്രദ്ധിക്കപ്പെടാത്ത ചില പ്രസിദ്ധീകരണങ്ങളില്‍ വന്നിരുന്നു എങ്കിലും 1900ത്തിലാണ് ഇത് പൊടുന്നനെ ശാസ്‌ത്രത്തിനാകെ അറിയാന്‍ തക്കവണ്ണം ലഭിച്ചത്. ഇന്നത്തെ ഡാര്‍വിനിസം ഡാര്‍വിന്റെ കണ്ടെത്തലുകളും മെന്‍ഡലിന്റെ കണ്ടുപിടിത്തങ്ങളും സമന്വയിച്ച നവ ഡാര്‍വിനിസമാണ്. ഫ്രോയിഡിന്റെ സ്വാധീനം വളരെ വലുതാണ്. അദ്ദേഹത്തിന്റെ സ്വപ്‌നങ്ങളുടെ വ്യാഖ്യാനമടക്കമുള്ള പ്രധാന വര്‍ക്കുകള്‍ ഈ കാലത്താണ്. അതുകഴിഞ്ഞ് റുഥര്‍ഫോര്‍ഡിന്റെ കണ്ടുപിടിത്തങ്ങള്‍, ഐന്‍സ്‌റ്റൈന്‍; ഇതെല്ലാം വിശദമായി ഈ പുസ്‌തകത്തില്‍ ഉണ്ട്. ആരീതിയിലാണ് പ്രതിപാദനരീതി.

ആര്‍.വി.ജി. : 1900ത്തിനു ശേഷമാണ് സയന്‍സിനെപ്പറ്റിയുള്ള കാഴ്‌ചപ്പാടില്‍ മാറ്റങ്ങളുണ്ടായത്. 1900 ത്തിലൊക്കെയുള്ള ഒരു വിചാരം സയന്‍സില്‍ കണ്ടെത്തേണ്ടതെല്ലാം കണ്ടെത്തിക്കഴിഞ്ഞു എന്നായിരുന്നു. ‘Nothing to discover, Nothing more exciting to discover in physics' എന്നത് ലോര്‍ഡ് കെല്‍വിന്റെ പ്രയോഗമാണ്. അപ്പോഴാണ് സയന്‍സിനെ മുഴുവന്‍ അടിതെറ്റിക്കുന്ന പുതിയ കണ്ടെത്തലുകള്‍, പ്രത്യേകിച്ചും റേഡിയോ ആക്‍ടിവിറ്റി. ആറ്റത്തിന്റെ അകത്തു നിന്നും എനര്‍ജി പുറത്തുവരുന്നത് ലോ ഓഫ് കണ്‍സര്‍വേഷന്‍ ഓഫ് എനര്‍ജിക്കു വിരുദ്ധമായിട്ടുള്ളതാണ്. ഇതൊക്കെ വലിയ മാറ്റങ്ങളായിരുന്നു.

പി.ജി. : അതെ, ഇതിലും അതുപോലെ ചരിത്രത്തിന്റെ കാര്യം ഉണ്ട്. ഗ്രീക്ക് സംസ്‌കാരമാണ് ഏറ്റവും പഴയത് എന്നായിരുന്നു അവരുടെ വിചാരം. ക്രീറ്റിലെ മിനോവന്‍ സംസ്‌കാരത്തെപറ്റിയുള്ള അറിവു ലഭിക്കുന്നത് ഇക്കാലയളവിലാണ്. എന്റെ പുസ്‌തകത്തില്‍ ആദ്യത്തെ അധ്യായത്തില്‍ വിജ്ഞാനം, ശാസ്‌ത്രം, സയന്‍സ് എന്നീ മൂന്നു പദങ്ങളെപ്പറ്റി പറയുന്നുണ്ട്. മലയാളത്തില്‍ സയന്‍സിനു പറ്റിയ പദം ഇല്ല. ശാസ്‌ത്രം എന്നു സംസ്‌കൃതത്തില്‍ പറയുന്നതിന്റെ അര്‍ത്ഥം ശാസിക്കുന്നത് എന്നാണ്. മനുസ്‌‌മൃതിയൊക്കെ ശാസ്‌ത്രമാണ് ! ശാസ്‌ത്രത്തിനു നേരേ വിപരീതമാണിത്. അതുകൊണ്ട് ശാസ്‌ത്രം പറ്റില്ല. ആ വാക്കിന് ജ്ഞാനവും പറ്റില്ല. ജ്ഞാനം എന്നുപറഞ്ഞാല്‍ സെക്കുലര്‍ നോളഡ്‌ജ് അല്ല. വിജ്ഞാനമാണ് പറ്റിയവാക്ക്. ശ്രീകണ്ഠേശ്വരത്തിന്റെ ഡിക്ഷനറിയില്‍ വ്യക്തമായിത്തന്നെ ആത്മീയവും മതപരവുമല്ലാത്ത അറിവ് എന്നുപറയുന്നുണ്ട്.

ആര്‍.വി.ജി. : ഹിന്ദിയില്‍ വിഗ്യാന്‍ എന്നാണു പറയുന്നത്. BGVSന് ഭാരത് ഗ്യാന്‍ വിഗ്യാന്‍ സമിതി എന്നു പറയുന്നു.

പി.ജി. : വിജ്ഞാനം എന്നാണ് സയന്‍സിനുപയോഗിക്കേണ്ടത്. പക്ഷേ അതുമാത്രം എഴുതാന്‍ കഴിയില്ല. കാരണം ശാസ്‌ത്രജ്ഞന്‍ എന്നതിന് വിജ്ഞാനി എന്നു പറയാന്‍ കഴിയില്ല. അതുകൊണ്ട് ഈ പുസ്‌തകത്തില്‍ 'വിജ്ഞാന'മെന്നാണ് എഴുതുന്നതെങ്കിലും ചിലപ്പോള്‍ ശാസ്‌ത്രം എന്ന് ഉപയോഗിക്കും. ശാസ്‌ത്രം ഒരുതരത്തിലും പദശാസ്‌ത്ര വിജ്ഞാനപ്രകാരം (എറ്റിമോളജിക്കലായി) പറ്റുന്നവാക്കല്ല.

ആര്‍.വി.ജി. : അതെ ശരിയല്ല, മലയാളത്തില്‍ എങ്ങനെയാണ് ആ പ്രയോഗം വന്നത്? ആദ്യം ഉപയോഗിച്ചത്, പടിഞ്ഞാറന്‍ ശാസ്‌ത്രത്തെ നമ്മുടേതുമായി integrate ചെയ്യാന്‍ വേണ്ടിയാണോ?

പി.ജി. : അതെ, അതിനുവേണ്ടി ചെയ്‌തതാണ്. അത് 20-ാം നൂറ്റാണ്ടിന്റെ ആദ്യം മുതല്‍ക്കുതന്നെ ഉപയോഗിച്ചു തുടങ്ങി. ഭൂമിശാസ്‌ത്രം, തുടങ്ങിയ പദങ്ങള്‍

ആര്‍.വി.ജി. : കൃഷിശാസ്‌ത്രം എന്ന പ്രയോഗവും അങ്ങനെയാണല്ലോ.

പി.ജി. : അതെ, ആദ്യമെഴുതിയ സയന്‍സ് പുസ്‌തകങ്ങളില്‍ ഒന്ന് കൃഷിശാസ്‌ത്രമാണ്. സയന്‍സ് എല്ലാത്തിനെയും ചോദ്യം ചെയ്യാന്‍ വേണ്ടിയാണെന്നും experimentation ആണെന്നുമുള്ള ആശയങ്ങള്‍ വരുന്നതിനു മുമ്പ്, ഇവിടെ നമ്മള്‍ കണക്കാക്കുന്നതല്ല അറിവ്, പാശ്ചാത്യരുടേതാണ് എന്ന രീതിയില്‍ ചേര്‍ത്തതായിരിക്കണം. രണ്ടാമത്തെ അധ്യായം ശാസ്‌ത്രത്തിന്റെ സാംസ്‌കാരികചരിത്രം (cultural history) എന്നതാണ്. തുടര്‍ന്ന് ശാസ്‌ത്രത്തിന്റെ യുറോസെന്‍ട്രിസം എങ്ങനെ സംഭവിച്ചുവെന്നു വിശദമാക്കുന്ന അധ്യായമാണ്. Al Hazenന്റെ Optics ഒക്കെ. അല്‍ഹാസന്റെ Optics ന്യൂട്ടണ്‍ വായിച്ചിട്ടുണ്ടാകും. കാരണം അത് ലാറ്റിനിലേക്ക് പരിഭാഷപ്പെടുത്തിയിരുന്നു.

ഇത്തരത്തില്‍ ജനറല്‍ ആയി ആദ്യഭാഗം. അതിനുശേഷം ഒരു അധ്യായത്തില്‍ summary of scientific revolution നെപറ്റി പറയുന്നു. എന്നാണ് അതു തുടങ്ങിയതെന്നൊന്നും പറയാനൊക്കില്ല. പക്ഷേ ഗ്രിബ്ബിന്‍ എന്നൊരു എഴുത്തുകാരനുണ്ട്. ഐസക് അസിമോവിനുശേഷം എനിക്ക് ഇഷ്ടമുള്ള ഒരു എഴുത്തുകാരനാണദ്ദേഹം. അദ്ദേഹം പറയുന്നത് അതു 1543 ആണെന്നു നമ്മള്‍ക്ക് ഉറപ്പിക്കാമെന്നാണ്. 1543ല്‍ കോപ്പര്‍നിക്കസിന്റെ പുസ്‌തകം പ്രസിദ്ധീകരിച്ചപ്പോള്‍ രണ്ടുകാര്യങ്ങള്‍ വന്നു. സയന്റിഫിക് റെവല്യൂഷന്‍ പ്രധാനമായിട്ടും ഊന്നിയത് ആസ്‌ട്രോണമി, ഫിസിക്‍സ് എന്നീ മേഖലകളിലാണ്. എന്നാല്‍ അതിനോടു തുല്യപ്രാധാന്യം നല്‍കിയത് മനുഷ്യനെപ്പറ്റിയാണ്. ഒന്ന് ബാഹ്യം മറ്റൊന്ന് ആന്തരികം. മനുഷ്യന്റെ ശരീരത്തെപ്പറ്റി വെസലിയോസിന്റെ പുസ്‌തകവും ആ വര്‍ഷം തന്നെയാണ് പ്രസിദ്ധീകരിച്ചത്. അതുകൊണ്ട് ഗ്രിബ്ബിന്‍ പറയുന്നത്, നമുക്കു തത്കാലം അത് തീരുമാനിക്കാമെന്നാണ്. പക്ഷേ ആരും തെറ്റിദ്ധരിക്കരുത് ഏതെങ്കിലും ഒരു ദിവസം ഒരു പുസ്‌തകംകൊണ്ടാണ് സയന്റിഫിക് റെവല്യൂഷന്‍ ഉണ്ടായതെന്ന്.

അടുത്ത അധ്യായം (Individual genius ഉം സയന്‍സും) വ്യക്തിപ്രതിഭാ വിലാസവും ശാസ്‌ത്രവും തമ്മിലുള്ള ബന്ധത്തെ പറ്റിയുള്ളതാണ്. ഗ്രിബ്ബിന്‍ അതുവളരെ വ്യക്തമായിപറയുന്നുണ്ട്. എന്തൊക്കെ പറഞ്ഞാലും ചരിത്രമെഴുതുമ്പോള്‍ നമുക്കുവലിയൊരു ബുദ്ധിമുട്ടു വരുന്നത് വ്യക്തികളെ കേന്ദ്രീകരിച്ചേ എഴുതാനൊക്കൂ. പക്ഷേ അതങ്ങനെയല്ല. ന്യൂട്ടണിന്റെ കണ്ടുപിടിത്തം. ന്യൂട്ടനല്ലെങ്കില്‍, മറ്റൊരാള്‍ നടത്തുമായിരുന്നു‍. ലൈബിനിസ് (Leibiniz) കാല്‍ക്കുലസു കണ്ടുപിടിച്ചു. വേണമെങ്കില്‍ ഹാലിയ്‌ക്ക് കണ്ടുപിടിക്കാമായിരുന്നു. ഹാലി അദ്ദേഹത്തോടു തുല്യനായിരുന്നു. എന്നതുകൊണ്ട് ഹാലിയും മഹാനാണെന്നാണദ്ദേഹം പറയുന്നത്. ഇങ്ങനെ പലര്‍ക്കും ചെയ്യാന്‍ കഴിയുമായിരുന്നു. ചിലപ്പോള്‍ 10-20 കൊല്ലം വൈകും. അത്രയേ ഉള്ളൂ. വ്യക്തികള്‍ക്കുള്ള പങ്കെന്തായിരുന്നു എന്നുള്ളഭാഗത്ത്, വ്യക്തികള്‍ക്ക് ചരിത്രത്തിലുള്ള സ്ഥാനത്തെപ്പറ്റിയാണു പറയുന്നത്. അതിനുശേഷം 17-ാം നൂറ്റാണ്ടിലെ സംസ്‌കാരത്തെപ്പറ്റി. കാരണം 1543ല്‍ കോപ്പര്‍നിക്കസ് ശാസ്‌ത്രത്തിന്റെ രീതികൊണ്ടുവന്നുവെങ്കിലും യഥാര്‍ത്ഥ രീതി അദ്ദേഹത്തിന്റേതല്ല. അതു പ്രചോദനമായി എന്നേയുള്ളൂ, ഗില്‍ബര്‍ട്ടിന്റെ സംഭാവനയാണത്.

ആര്‍.വി.ജി. : അതെ, മാഗ്നറ്റിസത്തെപ്പറ്റിയുള്ള ആദ്യത്തെ സയന്റിഫിക് വര്‍ക്ക് ഗില്‍ബര്‍ട്ടിന്റേതാണ്. അദ്ദേഹം എലിസബത്ത് രാജ്ഞിയുടെ ഡോക്‍ടറായിരുന്നു. മാഗ്നറ്റിസത്തിന്റെ വളരെ മൌലികമായ പരീക്ഷണങ്ങള്‍ നടത്തിയത് ഗില്‍ബര്‍ട്ടാണ്.

പി.ജി. : അതില്‍ അദ്ദേഹം എക്‍സ്‌പെരിമെന്റിനെപ്പറ്റി കൃത്യമായി പറയുന്നുണ്ട്. പിന്നീട് ഗലീലിയോയും അതു പറയുന്നുണ്ട്. അതില്‍ ഇതൊക്കെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതുപോലെ തന്നെ അവരുടെയൊക്കെ, വിശ്വാസങ്ങളും, ചിന്തകളുമെന്തൊക്കെയായിരുന്നു എന്നതുമെല്ലാം ചേര്‍ത്തിട്ടുണ്ട്. 17-ാം നൂറ്റാണ്ടിനെ സംബന്ധിച്ച് ഏറ്റവും മഹാനായ ചരിത്രകാരന്‍ ക്രിസ്‌റ്റഫര്‍ നില്‍ ആണ്. അദ്ദേഹത്തിന്റെ വര്‍ക്കിന്റെ 70 ശതമാനവും 17-ാം നൂറ്റാണ്ടിനെപ്പറ്റി മാത്രമാണ്. മില്‍ട്ടന്റെ സംഭാവനകളും, ക്രോംവെല്‍ ഏതുതരത്തിലുള്ളയാളായിരുന്നു. പ്യൂരിറ്റന്‍സുമായുള്ള തര്‍ക്കം തുടങ്ങിയതെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്. കെപ്ലറുടെ അമ്മയെ മന്ത്രവാദിനിയെന്നു പറഞ്ഞു പീഡിപ്പിച്ചാണു കൊന്നത്. കെപ്ലര്‍ പറഞ്ഞിട്ടുണ്ട് ജ്യോതിഷം ഉപജീവനത്തിനുവേണ്ടിയാണു ചെയ്യുന്നതെന്ന്. എങ്കിലും വെറും തട്ടിപ്പാണെന്നദ്ദേഹം വിചാരിച്ചിരുന്നില്ല. ഈ പുസ്‌തകത്തില്‍ പ്രധാനമായും ഉള്‍പ്പെടുത്തിയിട്ടുള്ളത് ലൈബിനിസ്, സ്‌പിനോസ, ദെക്കാര്‍ത്തെ, ടൈക്കോബ്രാഹ് എന്നിവരെയാണ്. ബ്രാഹ് കോപ്പര്‍നിക്കസിലൊന്നും വിശ്വസിച്ചിരുന്നില്ല. ഇത്തരത്തില്‍ സമഗ്രമായി വിശകലനം നടത്താനാണ് പുസ്‌തകത്തിലൂടെ ശ്രമിക്കുന്നത്. അക്കാലത്തെ ഇന്‍ക്വിസിഷന്‍, കത്തോലിക്കാസഭയിലെ തര്‍ക്കം, അതില്‍ വിപ്ലവകരമായി സംഭവിച്ച peasant war. അന്നത്തെ കര്‍ഷകകലാപം ഉണ്ടായത് മാര്‍ട്ടിന്‍ലൂതറിന്റെ പ്രചോദനത്താലാണ്. സത്യം, ദൈവം, ബൈബിള്‍ എന്നതായിരുന്നു അദ്ദേഹത്തിന്റെ ആശയങ്ങള്‍, പാവപ്പെട്ടവര്‍ക്കു വേണ്ടിയാണു ബൈബിളും ക്രിസ്‌ത്യാനിറ്റിയും എന്ന നിലപാടായിരുന്നു അവരെ നയിച്ചത്. പക്ഷേ മാര്‍ട്ടിന്‍ലൂതര്‍ പിന്നീട് കര്‍ഷകകലാപത്തെ തള്ളിപ്പറയുകയാണുണ്ടായത്.

ആര്‍.വി.ജി. : എന്നാല്‍ അടുത്തഘട്ടം വന്നപ്പോള്‍ കോപ്പര്‍നിക്കസിന്റെ കണ്ടെത്തലുകളെ അദ്ദേഹം എതിര്‍ത്തു. ഈ സമയത്ത് ന്യൂട്ടന്റെ കണ്ടെത്തലുകളെ തുടര്‍ന്നാണ് ഒരു deterministic view വരുന്നത്.

പി.ജി. : അതെ.

ആര്‍.വി.ജി. : ഈ യാന്ത്രികമായ കാഴ്‌ചപ്പാട് ഒരു മാതൃകയായിമാറുന്നുണ്ട്. അത് ഇംഗ്ളണ്ടിലെ രാഷ്‌ട്രീയത്തെ ബാധിക്കുകയോ, അതോ ഇംഗ്ളണ്ടിലെ രാഷ്‌ട്രീയം അതിനെ ബാധിക്കുകയാണോ ചെയ്‌തത്? രാജാവിന്റെ അധികാരം ദൈവദത്തമല്ല എന്നും നിയമവാഴ്‌ച എന്നുമൊക്കെയുള്ള ആശയങ്ങള്‍ ഉണ്ടായിവന്നല്ലൊ.

പി.ജി. : അവ പരസ്‌പരം സ്വാധീനിച്ചു. എന്നാല്‍ മേധാവിത്വമുണ്ടായിരുന്നത് അവിടത്തെ രാഷ്‌ട്രീയത്തിനാണ്. ഡാര്‍വിനെ അന്നത്തെ രാഷ്‌ട്രീയം സ്വാധീനിച്ചിരുന്നുവല്ലോ? ബൂര്‍ഷ്വാ സാമ്പത്തികശാസ്‌ത്രം അദ്ദേഹത്തെ സ്വാധീനിച്ചിരുന്നു. അര്‍ഹതയുള്ളവയുടെ അതിജീവിക്കല്‍ എന്ന ആശയം ഡാര്‍വിനില്‍ വലിയ സ്വാധീനം ചെലുത്തിയിരുന്നു. നിലവിലുള്ള സംസ്‌കാരത്തിന്റെയും നിലവിലുള്ള വിശ്വാസങ്ങളുടെയും മുന്നേറ്റം ചിലപ്പോള്‍ ചില ചിന്തകന്മാരില്‍ ഉണ്ടാകാറുണ്ട്. അവര്‍ പ്രധാനമായും പ്രവര്‍ത്തിക്കുന്നത് ചില പ്രത്യേകമായ സാംസ്‌കാരിക സങ്കല്പങ്ങളുടെ അതിരുകള്‍ക്കുള്ളിലാണ്. അതുകൊണ്ട് അത്തരത്തിലുള്ള സ്വാധീനം സ്വാഭാവികമാണ്. അതുതന്നെയാണ് അത്തരം വിശകലനത്തിന്റെ പ്രസക്തി.

ആര്‍.വി.ജി. : അതെ ഒരു സോഷ്യല്‍ പാരഡൈമിനകത്തുനിന്നാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്.

പി.ജി. : ന്യൂട്ടന്റെ ഉദാഹരണം നോക്കുക. ന്യൂട്ടണ്‍ എഴുതിയതില്‍ 10 ശതമാനം മാത്രമേ നമ്മള്‍ വിശ്വസിക്കുന്നുള്ളു. വളരെയധികം ആല്‍ക്കെമിയാണ് . ബൈബിളൊക്കെ പരിശോധിച്ച് അദ്ദേഹം വളരെ സമയം കളഞ്ഞു. എന്നിരുന്നാലും ലോകത്തു ജീവിച്ചിരുന്ന എക്കാലത്തെയും മഹാനായ ശാസ്‌ത്രജ്ഞനാരാണെന്നു ചോദ്യത്തിനുള്ള ഉത്തരം ഐന്‍‌സ്‌റ്റൈനെക്കാള്‍ ന്യൂട്ടനാണെന്നാണ് എന്റെ അഭിപ്രായം. ന്യൂട്ടന്റെ നിര്‍മ്മിതികളാണുപ്രധാനം. അദ്ദേഹം സൃഷ്ടിച്ചതിനെയാണ് ഐന്‍‌സ്‌റ്റൈന്‍ തകര്‍ത്തത്. അതില്ലായിരുന്നില്ലെങ്കില്‍ തകര്‍ക്കാന്‍ കഴിയുമായിരുന്നില്ല. ഇത്രയും മഹാനായ ന്യൂട്ടന് പക്ഷേ എല്ലാ ദോഷങ്ങളും, ദുഷ്ടത, കുശുമ്പ്, അസൂയ.... എല്ലാം ഉണ്ടായിരുന്നുവെന്നത് വിചിത്രമായിതോന്നാം.

ആര്‍.വി.ജി. : അതെ; ഹുക്കുമായിട്ടുള്ള തര്‍ക്കം, ഹാലിയുമായിട്ടുളളത്, ലൈബനിറ്റ്സുമായിട്ടുള്ളത് അങ്ങനെ നിരവധി....

പി.ജി. : ലൈബനിറ്റ്സിനെപ്പറ്റി ചില ശാസ്‌ത്രചരിത്രകാരന്മാര്‍ പറയുന്നത് ആദ്യം കാല്‍ക്കുലസ് കണ്ടുപിടിച്ചത് ലൈബനിറ്റ്സു തന്നെയാണെന്നാണ്. അയാളുടെ സഹായം കൂടാതെയാണ് ന്യൂട്ടണ്‍ കണ്ടുപിടിച്ചതെന്ന് ചിലര്‍ മറിച്ചും പറയുന്നു. രണ്ടു പേരും സമാന്തരമായിട്ടാണു കണ്ടുപിടിച്ചത്.

ആര്‍.വി.ജി. : അതെ ന്യൂട്ടണ്‍ സ്വതന്ത്രമായിട്ടാണു കാല്‍ക്കുലസ് കണ്ടുപിടിച്ചത്. പക്ഷേ മറ്റൊരു വൈരുദ്ധ്യമുണ്ട്. അവസാനകാലത്ത് അദ്ദേഹം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത് ആല്‍ക്കെമിയിലും മന്ത്രവാദത്തിലുമാണ്. ഇതെങ്ങനെ വിശദീകരിക്കാന്‍ കഴിയും? ശാസ്‌ത്രത്തിന്റെ ഒരു മേഖലയില്‍ വളരെ ഉയര്‍ന്ന നിലയില്‍ ചിന്തിക്കുന്ന ഒരാള്‍ക്ക് എങ്ങനെ ആല്‍ക്കെമിയിലും മന്ത്രവാദത്തിലും വിശ്വസിക്കാന്‍ കഴിയുന്നു?

പി.ജി. : രാജാരാമണ്ണ, ഭഗവന്തം തുടങ്ങിയവരൊക്കെ അങ്ങനെയായിരുന്നുവല്ലോ.

ആര്‍.വി.ജി. : കുട്ടികൃഷ്ണമാരാരുടെ കാര്യവും അങ്ങനെതന്നെ. മഹാഭാരതത്തെ ഇത്ര വിമര്‍ശനാത്മ (critical)കമായും, ഒറിജിനലായും പരിശോധിച്ച മറ്റാരുമില്ല. എന്നാല്‍ അവസാനം അതൊക്കെ മാറ്റിവയ്‌ക്കുന്നു. എങ്ങനെയാണ് ഇത്തരം മനോഭാവങ്ങളെ വിശദീകരിക്കുന്നത്?

പി.ജി. : ആര്‍.വി.ജി. പറഞ്ഞതുപോലെ ആ ചോദ്യം ഞാനും ഒന്ന് ഉയര്‍ത്തുന്നതേ ഉള്ളൂ. പിന്നെ പ്രധാനപ്പെട്ട സംഗതികളൊക്കെ ഒരു പേജില്‍ എഴുതി പോകുമ്പോള്‍, ലോകചരിത്രത്തിലെ പ്രധാനസംഭവവികാസങ്ങളും ഒരുഭാഗത്ത് രേഖപ്പെടുത്തിപോകുന്നുണ്ട്. അത്തരത്തിലുള്ള വിശദാംശങ്ങള്‍ കൂടി ചേര്‍ക്കും. അതാണ് പദ്ധതി.

ആര്‍.വി.ജി. : ജോസഫ് നീഡ്‌ഹാം ഉയര്‍ത്തുന്ന ഒരു ചോദ്യമുണ്ട്. ആ കാലത്ത് ചൈന ടെക്‍നോളജിയില്‍ വളരെ മുമ്പിലായിരുന്നു എങ്കിലും എന്തുകൊണ്ടാണ് ചൈനയില്‍ ഒരു വ്യാവസായികവിപ്ലവം ഉണ്ടാകാതിരുന്നതെന്നദ്ദേഹം ചോദിക്കുന്നുണ്ട്. ചൈനയില്‍ ആദ്യകാലംമുതല്‍ വെള്ളപ്പൊക്ക നിയന്ത്രണസംവിധാനമുണ്ടായിരുന്നു (flood control meassures) കനാലുകള്‍, അതുപരിപാലിക്കുവാനുള്ള ബ്യൂറോക്രസി എന്നിവയൊക്കെയുണ്ടായിരുന്നു. ഇവരാണ് മണ്ഡാരിനുകള്‍, ബ്യൂറോക്രസിക്കു മുന്‍തൂക്കമുള്ള ഒരു ഭരണം വന്നതുകൊണ്ടാണ് അവിടെ ഉത്പാദനരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടാകാതിരുന്നത്. എന്നാല്‍ ഇംഗ്ളണ്ടില്‍ അതേസമയത്ത് കച്ചവടക്കാരുടെ മേല്‍ക്കൈ ഉണ്ടായിരുന്നു അതുകൊണ്ട് അവിടെ വ്യാവസായികവിപ്ലവം ഉണ്ടായി. ഈ വാദം ഇപ്പോഴും പ്രസക്തമാണോ?

പി.ജി. : പ്രസക്തമാണെന്നാണ് എനിക്കു തോന്നുന്നത്. ആര്‍.വി.ജി.യുടെ പുസ്‌തകത്തിലതുണ്ടല്ലോ. ചൈനയില്‍ നിന്ന് ടെക്‍നോളജി യൂറോപ്പിലെത്തിയ വഴിയേതെന്നതിനെപ്പറ്റി മറ്റു പല പുസ്‌തകങ്ങളിലും ഉണ്ട്. വെടിമരുന്നാണ് 'യൂറോപ്പിലെ' ഫ്യൂഡലിസത്തെ തകര്‍ത്തത്, ചൈനയ്ക്ക് എന്തുകൊണ്ടതു കഴിഞ്ഞില്ല? പുതിയ റവല്യൂഷനും നവോത്ഥാനത്തിനും ശാസ്‌ത്രത്തിലെ വിപ്ലവങ്ങള്‍ക്കുമെല്ലാം വലിയ സഹായമായ പ്രിന്റിങ് കണ്ടുപിടിച്ചതും ചൈനക്കാരാണ് !

ആര്‍.വി.ജി. : അതെ, അതുപക്ഷേ അറിവിന്റെ ജനകീയവത്കരണത്തിലേക്കു പോയില്ല. കച്ചവടവത്കരണത്തിന് ഒരു ഗുണവശമുണ്ടന്നല്ലേ ഇംഗ്ളണ്ടിന്റെ ഉദാഹരണം വ്യക്തമാക്കുന്നത്?

പി.ജി. : അതെ, അതുകൊണ്ടാണ് ബുദ്ധനും ശിഷ്യന്മാരും പോപ്പുലര്‍ വിദ്യാഭ്യാസത്തിന്റെ പ്രധാനപ്പെട്ട വക്താക്കളും പ്രയോക്താക്കളുമായിരുന്നത്. ബുദ്ധിസം ചരകനെയും സുശ്രുതനെയും വളരെയധികം സ്വാധീനിച്ചിരുന്നുവെന്നാണ് ദേവിപ്രസാദ് പറയുന്നത്. ഉദാഹരണത്തിന് സുശ്രുതന്‍ ചെയ്‌തിരുന്ന ഒരു സത്പ്രവര്‍ത്തിയുണ്ട്, അന്നൊക്കെ അടിമകളും, കീഴ്‌ജാതിക്കാരുമുണ്ടല്ലോ, അവര്‍ പണിയെടുക്കാതെ നാടുവിട്ടോടും. നാടുവിട്ടോടിക്കഴിഞ്ഞാല്‍ അവരെ പിടിക്കാന്‍ കഴിയില്ല. അങ്ങനെ നാടുവിട്ടോടിയവനെ എവിടെ കണ്ടാലും പിടിക്കണമെന്നതിന് ബ്രാന്‍ഡുചെയ്യുമായിരുന്നു. സുശ്രുതന്‍ ആ ബ്രാന്‍ഡൊക്കെ തുടച്ചുമാറ്റി കൊടുക്കുമായിരുന്നു.

ആര്‍.വി.ജി. : അങ്ങനെയാണ് പ്ലാസ്‌റ്റിക് സര്‍ജറി ഉണ്ടായത് ?

പി.ജി. : ദേവിപ്രസാദു പറഞ്ഞിരിക്കുന്നകാര്യമാണിത്. വളരെരസകരമാണ്. ഇതില്‍ രണ്ടുകാര്യമുണ്ട്. ഒന്ന് ജാതിവ്യത്യാസത്തിന്റേതായിട്ട്, രണ്ട് അടിസ്ഥാനപരമായ മനുഷ്യത്വം. പല ആയുര്‍വേദഗ്രന്ഥങ്ങളും അവരുടെ സംഭാവനയാണ്.

ആര്‍.വി.ജി. : അഷ്‌ടാംഗഹൃദയത്തിലും ഒരു ബുദ്ധിസ്റ്റ് സ്വാധീനം ഉണ്ട്.

പി.ജി. : അതെ, ജനകീയ വിദ്യാഭ്യാസത്തിനാണ് അവര്‍ പ്രാധാന്യം നല്‍കിയിരുന്നത്. നവോത്ഥാനത്തിന്റെ ഒരു പ്രധാനകാര്യമാണത്.

ആര്‍.വി.ജി. : വേറൊന്നു ചോദിക്കട്ടെ. ശാസ്‌ത്രസാഹിത്യപരിഷത്തിനെ പലരും വിമര്‍ശിക്കുന്നത് പരിഷത്തിന്റെ ശാസ്‌ത്രവിശകലനത്തിന്റെ അടിസ്ഥാനം 19-ാം നൂറ്റാണ്ടിലെ പോസിറ്റിവിസ്റ്റ് നിലപാടാണെന്നും ശാസ്‌ത്രരംഗത്തുണ്ടായ മാറ്റങ്ങള്‍ ഒന്നും പരിഷത്ത് ശ്രദ്ധിക്കുകയോ പരിഷത്തിന്റെ ചിന്തയില്‍ പ്രതിഫലിച്ചുകാണുകയോ ചെയ്യുന്നില്ല എന്നുംപറഞ്ഞുകൊണ്ടാണ്. ഈ വാദം എത്രമാത്രം ശരിയാണ്? പരിഷത്തിനെയും, പരിഷത്തിനെ വിമര്‍ശിക്കുന്നവരെയും അങ്ങേയ്‌ക്ക് അറിയാമല്ലോ? അതേസമയം പോസിറ്റിവിസത്തെ തള്ളിപറയുന്നവര്‍ വെള്ളത്തോടൊപ്പം കുഞ്ഞിനേയും എറിഞ്ഞുകളയുന്നതുപോലെ ശാസ്‌ത്രത്തിന്റെ രീതിയെതന്നെ തള്ളിപ്പറയുന്നതിലേക്ക് പോകുന്നുമുണ്ട്. അതിനോട് ഏതായാലും യോജിക്കാന്‍ കഴിയില്ല. പരിഷത്ത് പിന്‍തുടരേണ്ട മാര്‍ഗം ഏതാണെന്നാണ് അങ്ങയുടെ അഭിപ്രായം.

പി.ജി. : പോസിറ്റിവിസം എന്നതല്ല പരിഷത്തിന്റെ രീതി - എന്നതിന്റെ പ്രധാനതെളിവ്, പോസിറ്റിവിസ്റ്റുകള്‍ ഹാര്‍ഡ് സയന്‍സിനും അതുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യയ്‌ക്കും വ്യവസായവല്‍ക്കരണത്തിനും മറ്റുമുള്ള വര്‍ധിച്ച പ്രാധാന്യത്തിനെ അതിശക്തമായി പിന്‍തുണയ്‌ക്കുന്നവരാണ് എന്നതാണ്. (Overriding importance of hard science, and also the related technology and also industrialisation). ഇതിന്റെയെല്ലാം വക്താവായിരുന്ന സെയ്ന്റ് സൈമണിന്റെ ശിഷ്യനായിരുന്നു പോസിറ്റിവിസം കണ്ടുപിടിച്ച അഗസ്റ്റസ് കോംതെ. വളരെ കുറച്ചുമാത്രം വ്യവസായത്തിന്റെയും സയന്‍സിന്റെയും സ്വാധീനം ഉണ്ടായിരുന്ന ആ കാലത്തുതന്നെ സയന്‍സ് ഭാവിയില്‍ ലോകത്തെ മുഴുവന്‍ പുനര്‍നിര്‍മ്മിക്കാന്‍ ഉപകരിക്കുന്നതാണെന്ന ഒരു ദീര്‍ഘവീക്ഷണം അന്നുതന്നെ അദ്ദേഹത്തിനുണ്ടായിരുന്നു. അതില്‍ നിന്നാണ് കോംതെയ്ക്ക് ഈ ആശയം ലഭിച്ചത്. അദ്ദേഹം അതു വികസിപ്പിച്ചെടുത്തു. പക്ഷേ ശാസ്‌ത്രസാഹിത്യപരിഷത്ത് തുടക്കം മുതല്‍ക്കു തന്നെ, അമിതവ്യവസായവത്കരണത്തിന്റെ അപകടങ്ങള്‍, പ്രത്യേകിച്ചും പരിസ്ഥിതിയെ സംബന്ധിച്ച കാഴ്‌ചപ്പാട് കൊണ്ടുവന്നു. 19-ാം നൂറ്റാണ്ടില്‍ പരിസ്ഥിതിയെ സംബന്ധിച്ച കാഴ്‌ചപ്പാടുണ്ടായിരുന്നില്ല. ഇപ്പോഴും പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ എതിര്‍ക്കുന്നവരുണ്ട്. എന്നാല്‍ പരിഷത്തിനും അതുണ്ടായ സമയത്ത് പരിസ്ഥിതിയെപറ്റി അവബോധം ഉണ്ടായിരുന്നില്ല. 1971 ലെ സ്‌റ്റോക്‍ഹോം സമ്മേളനത്തിനു ശേഷമാണതുണ്ടായത്.

ആര്‍.വി.ജി. : സൈലന്റ് സ്പ്രിങ് ഉണ്ടാക്കിയ ചര്‍ച്ച

പി.ജി. : റേച്ചല്‍കാഴ്‌സന്റെ സൈലന്റ് സ്പ്രിങ് നേരത്തേ പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ അതു ശ്രദ്ധിച്ചുവായിച്ചവര്‍ക്കു മാത്രമേ മനസിലാവുകയുള്ളു. ശാസ്‌ത്രസാഹിത്യപരിഷത്തിന് പോസിറ്റിവിസത്തിലേയ്‌ക്ക് പോകുന്നതിനുള്ള സകല സാധ്യതകളും ഉണ്ടായിരുന്നു. പക്ഷേ ഉണ്ടായില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ വ്യവസായത്തിന് ഊന്നല്‍ നല്‍കി, അതില്‍ കുഴപ്പമില്ല. എന്നാല്‍ വന്‍വ്യവസായങ്ങള്‍ക്കുള്ള അമിതമായ ഊന്ന (heavy industrialisation) ലായിരുന്നു പ്രശ്‌നം. കര്‍ഷകര്‍ക്ക് ഭൂമി ലഭ്യമാക്കണം എന്നു പറഞ്ഞിരുന്നു. എന്നാല്‍ അതിന് വേണ്ട ഊന്നല്‍ നല്‍കിയില്ല. ഇന്ത്യയിലെ കാര്‍ഷിക പ്രതിസന്ധിയുടെ പ്രധാന കാരണം അതാണ്. കേരളത്തില്‍ ഭൂനയം നടപ്പാക്കിയെങ്കിലും ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിന് മറ്റുകാരണങ്ങളുണ്ട്. നെഹ്റു ആധുനികതയുടെ വലിയ വക്താവായിരുന്നു. അദ്ദേഹം വലിയ മാതൃകകളോട് ആഭിമുഖ്യം പ്രകടിപ്പിച്ചു.

ആര്‍.വി.ജി. : അതെ, അതു റഷ്യന്‍ സ്വാധീനം കൊണ്ടായിരുന്നു. അന്നത്തെ റഷ്യന്‍ മോഡല്‍ അതായിരുന്നു.

പി.ജി. : പഞ്ചവത്സരപദ്ധതിയില്‍ രണ്ടാം പദ്ധതി ഉണ്ടാക്കുന്നതില്‍ വളരെ പ്രധാനപ്പെട്ട പങ്കുവഹിച്ച റുബിന്‍സ്‌റ്റിന്‍, റഷ്യന്‍മോഡലിനോട് ആഭിമുഖ്യമുണ്ടായിരുന്ന പോളണ്ടു സ്വദേശിയായിരുന്ന ഓസ്‌ക്കാര്‍ ബ്ളാന്‍ക്, ഇങ്ങനെയുള്ള പലരുടെയും സഹായം ഉണ്ടായിരുന്നു. ഗാന്ധിജിയ്‌ക്ക് കുറവുകളൊക്കെ ഉണ്ടെങ്കിലും മാനസികമായിട്ടും സാംസ്‌കാരികമായിട്ടും അദ്ദേഹം പ്രകൃതിയുടെ ആരാധകനായിരുന്നു. പ്രകൃതിയെ ദോഷകരമായി ബാധിക്കുന്ന ഒന്നും ഗാന്ധിക്ക് സ്വീകാര്യമായിരുന്നില്ല. പക്ഷേ നെഹ്റുവിന്റെ സമീപനം വ്യത്യസ്‌തമായിരുന്നു. ഈ അന്തരീക്ഷത്തില്‍ നെഹ്റുപക്ഷത്തായിരുന്നു കമ്മ്യൂണിസ്റ്റുകാരൊക്കെ, പ്രത്യേകിച്ചും സി പി ഐ ക്കാര്‍, അവരാണല്ലോ മുന്‍കൈയെടുത്തത്. അവര്‍ക്ക് റഷ്യന്‍ മോഡലിനെപ്പറ്റി അല്ലാതെ മറ്റൊരു മാതൃകയെപ്പറ്റി ചിന്തിക്കാന്‍പോലും കഴിഞ്ഞിരുന്നില്ല. യഥാര്‍ത്ഥത്തില്‍ പരിഷത്തിനും വീഴ്‌ചയ്‌ക്കുള്ള സാഹചര്യങ്ങള്‍ ഉണ്ടായിരുന്നു. എന്നിട്ടും അതില്‍നിന്നും വ്യതിചലിച്ച് ദീര്‍ഘദൃഷ്‌ടിയോടുകൂടി പ്രവര്‍ത്തിച്ചു. ഇന്നു തിരിഞ്ഞുനോക്കുമ്പോള്‍ നമുക്ക് അബദ്ധം പറ്റാതിരുന്നതെന്തുകൊണ്ടാണെന്നതാണ് സംശയം. തെറ്റുപറ്റിയില്ലല്ലോയെന്നതാണ് പ്രധാനം.

ഇപ്പോഴത്തെ ആന്റിസയന്‍സ് മൂവ്മെന്റിന്റെ കാര്യം വളരെ വിചിത്രമാണ്. അവര്‍ ശാസ്‌ത്രത്തിന്റെ ഫലമായ സാങ്കേതികവിദ്യയുടെ പ്രയോജനം മുഴുവന്‍ ഉപയോഗിക്കും. അമേരിക്കയിലെപ്പോലെ, എന്നിട്ട് ക്രിയേഷന്‍ സയന്‍സിനെപ്പറ്റി പഠിപ്പിക്കും. അത്തരത്തിലുള്ള ആന്റി-സയന്‍സ് മൂവ്മെന്റിന്റെ വക്താക്കളായ തത്വചിന്തകന്മാര്‍ കുറെയേറെ വളര്‍ന്നുവന്നിട്ടുണ്ട്. ഉദാഹരണത്തിനു ദക്കാര്‍ത്തെയുടെ on method നെതിരെ ഫെയറാബന്റിന്റെ (Paul.K.Feyerabend) Against Method. അതുപോലെ കുറെയധികം എഴുത്തുകാര്‍ വളര്‍ന്നു വന്നിട്ടുണ്ട്.

ആര്‍.വി.ജി. : ഇന്ത്യയില്‍ അസീസ് നന്ദി, ക്ലോഡ് അല്‍വാരിസ്, വന്ദനാശിവ...... തുടങ്ങിയവര്‍.

പി.ജി. : അവര്‍ അര്‍ദ്ധ സത്യങ്ങളാണുപറയുന്നത്, സയന്‍സിന്റെ ദോഷങ്ങള്‍ പറയുന്നതോടുകൂടി ശാസ്‌ത്രം കൊളോണിയല്‍ ഗൂഢാലോചനയാണെന്നാണ് നിലപാട്. അത് അംഗീകരിക്കാന്‍ കഴിയില്ല. യഥാര്‍ത്ഥത്തില്‍ അവര്‍ പറയുന്ന ഈ നെഗറ്റീവായ ഘടകങ്ങളടക്കം, ഇന്ത്യയുടെ പ്രത്യേകസാഹചര്യത്തിലും മൂന്നാം ലോകത്തിനു പൊതുവേ യോജിക്കുന്നതുമായ ഒരു സയന്‍സ് കള്‍ചറാണ് ഉണ്ടാകേണ്ടത്.

ആര്‍.വി.ജി. : Scientific Method ല്‍ ഇവര്‍ പറയുന്ന ഒരു വേര്‍തിരിവുപറ്റുമോ? കൊളോണിയല്‍ എന്നിവര്‍ പറയുന്ന സയന്‍സിന്റെ രീതിശാസ്‌ത്രം അല്ലാതെ വ്യത്യസ്‌തമായ ഒരു രീതി (method) ശാസ്‌ത്രം സയന്‍സിന് ഉണ്ടാക്കാന്‍ കഴിയുമോ?

പി.ജി. : ഉണ്ടാകുമോ? മലേഷ്യയിലെ പെനാംഗിലുള്ള ഒരു ഇന്‍സ്‌റ്റിറ്റ്യൂട്ട് 'ക്രൈസിസ് ഇന്‍ സയന്‍സ് ' എന്ന ഒരു പുസ്‌തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പടിഞ്ഞാറന്‍ രീതിശാസ്‌ത്രം എങ്ങനെയാണ് (western method) സയന്‍സിനെ തകരാറിലാക്കുന്നതെന്നു പ്രതിപാദിക്കുന്ന ഒരു ചെറിയ പുസ്‌തകമാണത്. മുമ്പ് 20-25 വര്‍ഷം അവിടത്തെ പ്രധാനമന്ത്രിയായിരുന്ന ഡോ. മൊഹതിര്‍ വലിയ പാശ്ചാത്യവിരുദ്ധനും മൂന്നാംലോകത്തിന് വലിയ പിന്തുണനല്‍കിയ ആളുമായിരുന്നു. Third World Concept, Third World Right എന്ന ആശയങ്ങളൊക്കെ അദ്ദേഹം ഉയര്‍ത്തിയിരുന്നു. അദ്ദേഹത്തിന്റെ സ്വാധീനമാണ് ഈ സ്ഥാപനം ആരംഭിക്കുന്നതിനു കാരണം.

എന്റെ കൈയ്യില്‍ രസകരമായ ചില പുസ്‌തകങ്ങള്‍ ഉണ്ട്. ലിറ്റില്‍ സയന്‍സ്, ബിഗ് സയന്‍സ്, സെല്ലിങ്ങ് സയന്‍സ് എന്നിവ. അതില്‍ ആധുനിക ശാസ്‌ത്രത്തിന്റെ ശക്തിയും ഗുണങ്ങളും പറയുന്നുണ്ട്. 1939ല്‍ ജെ.ഡി.ബര്‍ണല്‍ സോഷ്യല്‍ ഫങ്ഷന്‍ ഓഫ് സയന്‍സ് എഴുതിയപ്പോള്‍ ഗവണ്‍മെന്റിന്റെ പ്രധാനപ്പെട്ട ധര്‍മ്മങ്ങളില്‍ ഒന്ന് സയന്‍സിനെ വികസിപ്പിക്കുന്നതിനും ഫണ്ട് വിനിയോഗിക്കുന്നതിനും ആയിരിക്കണമെന്ന് വാദിക്കുന്നുണ്ട്. ഇന്നുപക്ഷേ അതിന്റെ ആവശ്യമില്ല. പക്ഷേ ഇന്നെല്ലാവര്‍ക്കും യുദ്ധത്തിനോടു ആഭിമുഖ്യം വര്‍ധിച്ചിരിക്കുന്നു (war orientation). ഇന്നു വികസനം എല്ലായിടത്തും, അമേരിക്കയിലാണെങ്കിലും അതിനെ എതിര്‍ക്കുന്ന ചൈനയിലാണെങ്കിലും, പ്രതിരോധത്തിന്റെ ബഡ്‌ജറ്റ് വര്‍ധിപ്പിക്കുന്നു. അതില്‍ നിന്നാണ് സയന്‍സിന്റെ പുരോഗതി.

ആര്‍.വി.ജി. : അതെ, അതിന്റെ ഒരു ഉപഉത്പന്ന (byproduct) മായിട്ടാണ് സയന്‍സ് വളരുന്നത്.

പി.ജി. : അതേസമയത്ത് അടിസ്ഥാനപ്രശ്‌നങ്ങള്‍പലതും പരിഹരിക്കുന്നതിനു കഴിയുന്നില്ല. ചിക്കന്‍പോക്‍സിനുപോലും മരുന്നില്ല. ഇത്തരത്തിലുള്ള പലവിധ രോഗങ്ങള്‍ വന്നാല്‍ മരുന്നില്ല. വലിയ വ്യവസായവത്കരണം സൃഷ്‌ടിക്കുന്ന അന്തരീക്ഷമലിനീകരണം, പുഴമലിനമാകുന്നത്, ഇതൊന്നും പരിഹരിക്കാന്‍ കഴിയുന്നില്ല. ഇതാണ് മോഡേണ്‍ സയന്‍സിന്റെ അപകടങ്ങള്‍. ഇതൊക്കെ ആദ്യമായി ഉയര്‍ത്തുന്നത് ശാസ്‌ത്രസാഹിത്യപരിഷത്താണ്. യഥാര്‍ത്ഥത്തില്‍ കേരളത്തില്‍ ഇക്കാലത്തിനിടയില്‍ പരിസ്ഥിതി ഒരു പ്രധാനപ്രശ്‌നമാണെന്നു മനസിലാക്കിയ ആദ്യത്തെ മുഖ്യമന്ത്രിയാണ് വി.എസ്. അച്യുതാനന്ദന്‍. അദ്ദേഹത്തിന് പരിസ്ഥിതിയുടെ കാര്യത്തില്‍ ഒരു ഉറച്ച മനോഭാവമുണ്ട്.

ആര്‍.വി.ജി. : ആന്റിസയന്‍സ് വരുന്നത് ഒന്ന് ക്രിയേഷന്‍ സയന്‍സുകാരുടേത്, മറ്റൊന്ന് പോസ്റ്റ്മോഡേണിസ്റ്റുകളുടെ ഭാഗത്തുനിന്നുമുള്ള എതിര്‍പ്പ്. രണ്ടാമത്തെ കൂട്ടരുടെ എതിര്‍പ്പ് വേറൊരു തരത്തിലാണ്. അവരാണ് പ്രോഗ്രസീവ് എന്നാണവകാശവാദം.

പി.ജി. : പോസ്റ്റ്മോഡേണിസം സാഹിത്യത്തിലായാലും ചിന്തയിലായാലും സയന്‍സിലായാലും ഒരു വരേണ്യമാതൃക (elite model) ആയിരുന്നു. അതുകൊണ്ടാണ് മനുഷ്യനു മനസിലാകാത്ത ഭാഷയില്‍ കവിത, അയ്യപ്പപണിക്കരുടെ കുരുക്ഷേത്രം പോലുള്ള കവിത, റ്റി.എസ്. ഇലിയറ്റിന്റെ വേസ്റ്റ്ലാന്റ് തുടങ്ങിയവയെല്ലാം. അതില്‍ അറിയപ്പെടുന്ന ആധുനികതാവാദിക (modernis) ളെല്ലാം ഫാസിസ്‌റ്റാശയങ്ങളെ പിന്‍തുണച്ചവരായിരുന്നു. ഇലിയറ്റ് ഉള്‍പ്പെടെ ഇവര്‍ മൂന്നാം ലോകത്തിനും സോഷ്യലിസത്തിനും എതിരായി നിന്നവരായിരുന്നു. അവര്‍ സയന്‍സിന്റെ ദൌര്‍ബല്യങ്ങളൊന്നും കണക്കാക്കിയിരുന്നില്ല. പോസ്റ്റ്മോഡേണിസ്‌റ്റുകള്‍ രണ്ടുതരത്തിലാണ്. കുറച്ചാളുകള്‍ ഇത് ആധുനികതയുടെ തുടര്‍ച്ചയായി ഉത്തരാധുനികത (postmodernism) യെ കാണുന്നു. അല്ലെങ്കില്‍ അതിന്റെ പുരോഗതിയായി കണക്കാക്കുന്നു.

സാഹിത്യത്തില്‍ തകഴി, കേശവദേവ് തുടങ്ങിയവരൊക്കെ പിന്‍തുടര്‍ന്ന നഗ്നമായ റിയലിസം (stark realism) പിന്നീട് അരോചകമായി തോന്നി. അവര്‍ക്ക് സമൂഹത്തെപറ്റി ഒരു ബാഹ്യവീക്ഷണമാണ്. അതായത് തൊഴിലാളി പണിമുടക്കുന്നു, തിരിച്ചടിക്കുന്നു എന്ന രീതിയിലാണ് എഴുതുന്നത്. അവന്റെ മാനസികവ്യാപാരങ്ങള്‍കൂടി കടന്നുവരുമ്പോഴേ സാഹിത്യമാകുന്നുള്ളു. അങ്ങനെ എഴുതി തുടങ്ങിയപ്പോള്‍ ആണ് ആദ്യം ഒന്നായിരുന്ന റിയലിസത്തില്‍ നിന്നും പുരോഗതി ഉണ്ടാകുന്നത്. പാബ്ളോനെരുദയെപ്പോലുള്ളവരില്‍ ആ വ്യത്യാസം പ്രകടമാകുന്നുണ്ട്. അദ്ദേഹത്തെയും പോസ്‌റ്റ് മോഡേണിസ്‌റ്റ് എന്നു വിളിക്കുന്നവരുണ്ട്. ഉത്തരാധുനികര്‍ രണ്ടു തരത്തിലുണ്ട്. ഒരു വിഭാഗം കേവലയാഥാര്‍ത്ഥ്യം എന്നതൊന്നില്ല. (there is no truth at all) എല്ലാം ആപേക്ഷികമാണ് (over relativism) എന്ന നിലപാട്, എല്ലാം ആഖ്യാനങ്ങള്‍ (narrative) ആണ് എന്ന നിലപാട്. അപ്പോള്‍ നോവലും സയന്‍സും തമ്മില്‍ വ്യത്യാസമില്ല. സയന്‍സ് മറ്റൊരാഖ്യാനം മാത്രമേ ആകുന്നുള്ളു. അങ്ങനെ sensible logical life (നമ്മള്‍ അറിയുന്ന യുക്തിപരമായ ജീവിതം) അസാധ്യമാക്കുന്ന ചിന്താഗതി ഈ ഉത്തരാധുനികതയില്‍ ഉണ്ട്. അതേ സമയത്തു തന്നെ നമുക്ക് സ്വീകാര്യരായിട്ടുള്ള കസാന്‍സാക്കിസ് , ഗബ്രിയേല്‍ മാര്‍ക്ക്വേസ് ഇവരൊക്കെ ഈ വിഭാഗത്തില്‍പ്പെട്ടാവരാണ്.

ഒരു വിശദീകരണത്തോടുകൂടി പറയാം. ഉത്തരാധുനികര്‍ രണ്ടുതരത്തിലുണ്ട്. ഒരു ന്യൂനപക്ഷംവരുന്ന വരേണ്യകാഴ്‌ചപ്പാടുള്ള (elitist view) വിഭാഗം. രണ്ടാമത്തെവിഭാഗം അസീസ് നന്ദി, ക്ളോഡ് അല്‍വാരിസ്, വീണാദാസ്, വന്ദനാശിവ തുടങ്ങിയവരടങ്ങുന്നതാണ്. അത് ആ രീതിയില്‍ വിശദീകരിക്കണം.

ആര്‍.വി.ജി. : അവര്‍ പറയുന്നത് അര്‍ദ്ധസത്യങ്ങള്‍ ആണെന്നുമനസിലാക്കണം, ചില വസ്‌തുതകള്‍ ശരിയാണ്, പക്ഷേ അവര്‍ നല്‍കുന്ന വ്യാഖ്യാനത്തോടുയോജിക്കാന്‍ പറ്റില്ല.

പി.ജി. : അതെ, അവരുടെ അത്തരത്തിലുള്ള ചില പുസ്‌തകങ്ങള്‍ പ്രത്യേകം എടുത്ത് വിശദീകരിക്കുന്നതാണു നല്ലത്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ശരിയാവില്ല. കൊക്കകോളയ്‌ക്കെതിരെ, സാമ്രാജ്യത്വത്തിനെതിരെയുള്ള നിലപാടില്‍ നമുക്ക് അഭിപ്രായവ്യത്യാസം ഇല്ല.

ആര്‍.വി.ജി. : Against Method -ന്റെ യുക്തി എന്താണ്. എല്ലാ രീതികളും (method) തുല്യമാണെന്നാണോ (equally valid)?

പി.ജി. : അതെ തുല്യമാണെന്നാണ്. അതുതന്നെയാണ്. ഇത് തോമസ് കൂണിന്റെ (Thomas Kuhn) പാരഡൈം ഷിഫ്റ്റ്. അതിനും ഒരു പടികൂടികടന്നു മുന്നോട്ടുപോകുകയാണ്. പാരഡൈം ഷിഫ്റ്റ് എന്നാല്‍ പുതുതായിട്ടൊന്നും കണ്ടുപിടിക്കുന്നില്ല. പുതിയ ഒരു പാരഡൈമില്‍ കൂടി കാണുമ്പോള്‍ പുതിയ ഒരു കാര്യം കാണുന്നു എന്നേയുള്ളു.

ആര്‍.വി.ജി. : നേരത്തേ വ്യക്തമാക്കിയതുപോലെ പൊതുവേ നിലനില്‍ക്കുന്ന തലത്തില്‍ (step) നിന്നാണ് കണ്ടെത്തല്‍ (innovation) നടത്തുന്നത്. അതില്‍നിന്നും റാഡിക്കലായ മാറ്റം വരണമെങ്കില്‍ വേറെ ഘടകങ്ങള്‍ കൂടിവരേണ്ടതുണ്ട്. ചുരുക്കത്തില്‍ സാമൂഹ്യവും സാമ്പത്തികവുമായ പാരഡൈം ഷിഫ്റ്റ് ഉണ്ടാകുമ്പോഴാണ് സയന്‍സിലും പാരഡൈം ഷിഫ്റ്റ് ഉണ്ടാകുന്നത്. അത് മനസിലാക്കാന്‍ കഴിയും. പക്ഷേ ഈ രീതിശാസ്‌ത്രം തന്നെ ഇല്ലെന്നുപറയുന്നത് അംഗീകരിക്കാന്‍ കഴിയുമോ?

പി.ജി. : ആര്‍തര്‍ കോസ്‌റ്റലറുടെ ഒരു പുസ്‌തകമുണ്ട്, അയാള്‍ ശാസ്‌ത്രചരിത്രവും എഴുതിയിട്ടുണ്ട് (history of science), ആ പുസ്‌തകത്തിന്റെ പേര് സ്വപ്‌നാടനക്കാര്‍ (sleep walkers) എന്നാണ്. അതിന്റെ സ്വാധീനത്തില്‍ നിന്നാണ് പല ശാസ്‌ത്രജ്ഞരും അബദ്ധത്തില്‍ ചെന്നുചാടിയിട്ടുള്ളത്. അങ്ങനെ അബദ്ധത്തില്‍ ചാടിയ ചിലര്‍ ശരിയായി പറയുന്നുണ്ടെന്നേയുള്ളു. ഗണിതത്തില്‍ ഇപ്പോഴും നിര്‍ദ്ധാരണം ചെയ്യാത്ത കുറെയധികം സമസ്യകള്‍ ഉണ്ടല്ലോ? ശാസ്‌ത്രം എന്നുപറയുന്നത് ഇന്ന് നമ്മള്‍ ജീവിച്ചിരിക്കുന്ന പരിചിതമായ ഈ ഭൂമിയുടെ കാര്യം മാത്രമേ കാണുന്നുള്ളു. അതുകൊണ്ട്, ആ ഭൂമിയുടെ കാര്യം മാത്രം പറഞ്ഞോളൂ, പ്രപഞ്ചത്തെപ്പറ്റി പറയാന്‍ എന്താണവകാശം, എന്നതാണു നിലപാട്. കാരണം പ്രപഞ്ചം ഒരെണ്ണമാണോ? ഇതിന്റെ വേറെ പ്രപഞ്ചമുണ്ട്, (ഭൌതികമായ രണ്ടു സ്ഥലത്തെന്നല്ല) അങ്ങനെ ഒരു സിദ്ധാന്തം തന്നെയുണ്ട്. ഒരു പക്ഷേ നമ്മള്‍ ജീവിച്ചിരിക്കുന്നതില്‍ തന്നെ വേറൊരു പ്രപഞ്ചം നമ്മളുടെ കൂടെ വര്‍ക്കു ചെയ്യുന്നുണ്ടാകും. ഇത്തരത്തിലുള്ള വാദഗതികളാണ് ഇവര്‍ പറയുന്നത്. ഇസിജി സുദര്‍ശനന്റെയൊക്കെ വര്‍ക്ക് ഉണ്ടല്ലോ? imposibility, അതായത്, ഒരാള്‍ക്ക് അതിനപ്പുറം പോകാന്‍പറ്റില്ല.

ആര്‍.വി.ജി. : Velocity of light നപ്പുറം പോകാന്‍ പറ്റില്ലായെന്നുപറയുന്നത് ശരിയാണ്. പക്ഷേ, അതിനപ്പുറംനിന്നും ഇങ്ങോട്ടുവരാം എന്നാണ് സുദര്‍ശന്‍ പറയുന്നത്.

പി.ജി. : അതെ, പക്ഷേ, അതിനു ഞാന്‍ സാധാരണ പറയുന്നത് the whole thing is the question of theory & practice. The validity of a theory is the validity proved by practice. ആ practice ഉള്ളിടത്തോളം അതു ശരിയാണ്. ഉദാഹരണത്തിന് ഭൂമി ഉരുണ്ടതാണെന്നു നമ്മള്‍ പറയുന്നു. ആ ഭൂമി ഉരുണ്ടതാണെന്നത്, ഭൂമി മുഴുവന്‍ കൈകാര്യം ചെയ്യുമ്പോഴേ ഉള്ളൂ. വീടുപണിയുമ്പോള്‍ ഭൂമി ഉരുണ്ടതാണെന്നു കണക്കാക്കുന്നത് ശരിയല്ല. ഐന്‍സ്‌റ്റൈനെപറ്റി ഒരു പുസ്‌തകത്തില്‍ വളരെ രസമായിട്ട് പറയുന്നുണ്ട്. ഒരിക്കല്‍ അദ്ദേഹം ബോട്ടില്‍ ഇംഗ്ളീഷ് ചാനലിലൂടെ യാത്രചെയ്യുകയാണ്. അദ്ദേഹം രണ്ടു സുഹൃത്തുക്കളുമായാണ് യാത്ര ചെയ്യുന്നത്. വലിയ തിരമാല വന്നിട്ട് ബോട്ട് ആടുകയാണ്, മറിയുമോ എന്ന സംശയം, അപ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണം 'Now we see Newton was actually correct ' എന്നായിരുന്നു. നാം ഇടപെടുന്ന, പ്രവര്‍ത്തിക്കുന്ന, മേഖലയെ മനസിലാക്കികൊണ്ടും പ്രപഞ്ചത്തെ മനസിലാക്കാന്‍ കഴിയും. അതും ഒരു പ്രാക്‍ടീസാണ്. അങ്ങനെയാകുമ്പോള്‍ പ്രപഞ്ചത്തിലേക്കു നോക്കേണ്ടായിരുന്നില്ലെങ്കില്‍ ഐന്‍സ്‌റ്റൈന്റെ സിദ്ധാന്തം വാസ്‌തവത്തില്‍ ആവശ്യമില്ല.

ആര്‍.വി.ജി. : അതെ, ദൈനംദിന ജീവിതത്തില്‍ നോണ്‍ റിലേറ്റിവിസ്‌റ്റിക് ഫിസിക്‍സ് ആണ് ഇപ്പോഴും ഉപയോഗിക്കുന്നത്. അതിസൂക്ഷ്‌മം, അല്ലെങ്കില്‍ അതിബൃഹത്ത് ആകുമ്പോഴേ ഐന്‍സ്‌റ്റൈന്റെ ആവശ്യമുള്ളൂ.

പി.ജി. : നാം കൈകാര്യം ചെയ്യുന്ന പ്രവര്‍ത്തനത്തിനകത്തു മാത്രമേ നമുക്കു കണ്ടുപിടിക്കാന്‍ കഴിയൂ. ടെലസ്‌ക്കോപ്പ് കണ്ടുപിടിച്ചതങ്ങനെയാണ്. അതുവന്നപ്പോള്‍ പുറത്തേക്കുനോക്കാന്‍ കഴിഞ്ഞു. അതുപോലെ ഗാലന്റെ കണ്ടുപിടിത്തം. മനുഷ്യശരീരഘടനയെ അദ്ദേഹം തെറ്റായാണു മനസ്സിലാക്കിയത്. പക്ഷേ അദ്ദേഹം നല്ല ഫിസിഷ്യനായിരുന്നു. അന്ന് കുറച്ചു രോഗികളൊക്കെ മരിച്ചുകാണും. എന്നാലും അക്കാലത്തെ പലരാജാക്കന്മാരും വിചാരിച്ചിരുന്നത് അവരുടെ ചില അസുഖങ്ങള്‍ മാറ്റിയത് ഗാലനാണെന്നാണ്. ഇതില്‍ നിന്നും നമ്മള്‍ എത്തിച്ചേരുന്നത് you have to decide first, one’s paradigm, one’s area of activity, or the limits of your movement and action. ഇതുമായി ബന്ധപ്പെട്ട് തോമസ് കൂണിനെതിരെ വലിയ ആക്രമണം ഉണ്ടായിട്ടുണ്ട്. അതെഴുതിയത് സ്‌റ്റീവന്‍സണ്‍ ആണെന്നു തോന്നുന്നു. ചിലയിടത്തൊക്കെ he goes out of bounds. എന്നിരുന്നാലും 1950കളിലെയും, 60കളിലെയും 70കളിലെയും ശാസ്‌ത്രചരിത്രം നോക്കിയാല്‍ തോമസ് കൂണിന്റെ സ്വാധീനം വളരെ വലുതാണ്. 80കളില്‍ അത് കുറഞ്ഞുവന്നു.

ആര്‍.വി.ജി. : കാള്‍പോപ്പറുടെ falsifiability യഥാര്‍ത്ഥത്തില്‍ സയന്‍സിന്റെ രീതിശാസ്‌ത്രത്തിനുള്ള ഒരു നല്ല സംഭാവന ആണെന്നെനിക്കുതോന്നിയിട്ടുണ്ട്.

പി.ജി. : അതെ അദ്ദേഹത്തിന്റേത് വളരെ ശരിയായവാദമാണ് (valid arguement). പക്ഷേ കുഴപ്പമെന്താണെന്നു വച്ചാല്‍ എല്ലാ സയന്‍സിനും വളരെ പ്രധാനമാണ് ചരിത്രവീക്ഷണം. അദ്ദേഹം ചരിത്രത്തെ നിഷേധിക്കുന്നു. ചരിത്രവത്കരിക്കാതെ ഒരറിവും പൂര്‍ണമാകില്ല. falsifiability എന്നത് വളരെ ഇടുങ്ങിയ ഒരു സമവാക്യമാണ് (narrow formula). കുറെയേറെ ശരിയാണെന്നു തോന്നാം. അദ്ദേഹത്തിന്റെ ഒരു പുസ്‌തകത്തിന്റെ പേരും Against Historisis എന്നാണ്.

ശാസ്‌ത്രത്തെപ്പറ്റിയുള്ള പോസിറ്റിവിസ്റ്റ് കാഴ്‌ചപ്പാടിന് നേരേ വിപരീതമായിരുന്നു പരിഷത്തിന്റെ നിലപാട്. നമ്മള്‍ തിരിഞ്ഞുനോക്കുമ്പോള്‍ എന്തുകൊണ്ട് ഒരു തെറ്റുപറ്റാതിരുന്നു എന്ന് കുറച്ചത്ഭുതം തോന്നിപോകുന്നു. എനിക്കു തോന്നുന്ന ഒരു പ്രധാനകാര്യം അടിയോടിയെപോലെയുള്ളവര്‍ മാത്രമായിരുന്നുവെങ്കില്‍ ആ തെറ്റു വേണമെങ്കില്‍ വന്നുപോയേനെ (അടിയോടിയോട് എനിക്കു നല്ല ബഹുമാനമാണ്). സമൂഹത്തോട് കടപ്പാട് (social commitment) ഉള്ളതുകൊണ്ടായിരിക്കും അതു സംഭവിക്കാതിരുന്നത്.

ആര്‍.വി.ജി. : മറ്റൊരു പ്രധാനപ്രശ്‌നം ശാസ്‌ത്രം വളരെയേറെ വളര്‍ന്നിരിക്കുന്നു. പുരോഗമനപ്രസ്ഥാനങ്ങള്‍, പരിഷത്ത്, തുടങ്ങി നിരവധി സംഘടനകള്‍ പ്രവര്‍ത്തിക്കുന്നു. പക്ഷേ ജനങ്ങള്‍ ആ ധാരയിലേയ്‌ക്കല്ല വരുന്നത്, അതിനെതിരെയുള്ള ധാരകളിലേയ്‌ക്ക് പോകുകയും ചെയ്യുന്നു. ഇതിനെന്താണ് പരിഹാരം?

പി.ജി. : പരിഷത്ത്, പ്രധാനപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. നെഹ്റു ഒരിക്കല്‍ പറഞ്ഞത് Scientific Culture അല്ല Scientific temper ആണ് വേണ്ടത് എന്നാണ്. അതില്ല. അതുകൊണ്ട് കമ്മ്യൂണിസ്റ്റുകാര്‍ക്ക് വോട്ടു ചെയ്യും, ശാസ്‌ത്രസാഹിത്യപരിഷത്തിന്റെ ജാഥയ്‌ക്കുവരും. അതുകഴിഞ്ഞിട്ട് സന്തോഷ് മാധവനെ കാണാന്‍ പോകും. ഇത്രയധികം കള്ളന്മാര്‍ ഉണ്ടായിരിക്കുന്നു എന്നതു കാണിക്കുന്നത് യുക്തിവാദികളുടെ പരിമിതമായ കഴിവുകൊണ്ടൊന്നും ഇതിനെ പ്രതിരോധിക്കാന്‍ കഴിയില്ലെന്നാണ്. അവര്‍ക്കെന്തെല്ലാം പരിമിതികളുണ്ടെങ്കിലും അവരുടെ സേവനം ഉപയോഗിക്കാം. പക്ഷേ അവര്‍ വളരെ സങ്കുചിതരാണ്. അവരുടെ തോടിനു (shell) പുറത്തേക്കു പോകാന്‍ അവര്‍ക്കു കഴിയുന്നില്ല. ഞങ്ങള്‍ ഇതെല്ലാം പണ്ടേ പറഞ്ഞതല്ലേ എന്ന മനോഭാവം. ശാസ്‌ത്രസാഹിത്യപരിഷത്തിന്റെ പ്രവര്‍ത്തനം വളരെ വിപുലമാക്കണം. കേരളത്തില്‍ ജീവിക്കുന്നവര്‍ക്കറിയാമായിരുന്നു, കുറെയൊക്കെ അന്ധവിശ്വാസവും കപടവിശ്വാസങ്ങളും ഉണ്ടാകുമെന്ന്. പക്ഷേ ഇത്രയധികം പ്രൊഫഷണല്‍ കപടസന്യാസിമാര്‍ ഉണ്ടെന്ന ധാരണ ഇല്ലായിരുന്നു.

കുറേ സന്യാസിമാര്‍, അവരെന്തബദ്ധം പറഞ്ഞാലും, സത്യസന്ധത ഉള്ളവരായിരുന്നു. പക്ഷേ ഈ കള്ളന്മാര്‍ അങ്ങനെയല്ല. അതുകൊണ്ട് പരിഷത്തിന്റെ പ്രവര്‍ത്തനം വിപുലപ്പെടുത്തണം. ശാസ്‌ത്രത്തിന്റെ രീതിയെപ്പറ്റി, ദൈനംദിന ജീവിതത്തില്‍ സയന്‍സ് എങ്ങനെ പ്രയോഗിക്കാന്‍ കഴിയും എന്നതിനെപ്പറ്റിയൊക്കെയുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കണം. അതിന് നമ്മുടെ വിദ്യാഭ്യാസപ്രക്രിയയില്‍ ഇടപെടണം. ഇതു സംബന്ധിച്ച് പ്രതിബന്ധമായിട്ടുള്ളത് നമ്മുടെ വിദ്യാലയങ്ങള്‍ തന്നെയാണ്. കേരളത്തിലെ രാഷ്‌ട്രീയപാര്‍ട്ടികളെയും സാമൂഹ്യസേവകരെയും സാംസ്‌കാരികപ്രവര്‍ത്തകരെയും എല്ലാം തട്ടിയുണര്‍ത്തണം. നമ്മള്‍ ഇതുവരെ ചെയ്‌ത പല കാര്യങ്ങളും വിചാരിച്ചിടത്ത് എത്തിയിട്ടില്ല. വ്യര്‍ത്ഥമായിപ്പോയി എന്നു തോന്നുന്ന ഒരവസ്ഥ ഇന്നുവന്നിരിക്കുന്നു എന്നത് ബോധ്യപ്പെടുത്തേണ്ടതുണ്ട്. അതു സാധിക്കുന്നത് പരിഷത്തിനാണ്. ജനങ്ങളെ മാത്രമല്ല, രാഷ്‌ട്രീയക്കാരെയും സ്വാധീനിക്കുന്ന പ്രസ്ഥാനമാണ് പരിഷത്ത്.

ഇവിടത്തെ രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ക്ക് പരിസ്ഥിതിയെപറ്റി, ജലമലിനീകരണത്തെപ്പറ്റി, വായുമലിനീകരണത്തെപറ്റി, ആരോഗ്യപരിരക്ഷയെപറ്റി, വിദ്യാഭ്യാസത്തിന്റെ വ്യാപനത്തെപറ്റി ഒക്കെ വളരെ തനതായിട്ടുള്ള ആശയങ്ങള്‍ പകര്‍ന്നുനല്‍കിയിട്ടുള്ളത് പരിഷത്താണ്. അതിനെ ആക്ഷേപിക്കുന്നവര്‍ ആക്ഷേപിക്കട്ടെ. മുമ്പ് നമ്മള്‍ ഒരാരംഭം കുറിച്ചിരുന്നു. ശാസ്‌ത്രലേഖനങ്ങളുടെ വിതരണം നടത്തുന്ന ഒരു സിന്‍ഡിക്കേറ്റ് ഉണ്ടാക്കി എല്ലാ പത്രങ്ങള്‍ക്കും കൊടുക്കുന്നതായിരുന്നു. അത് ചിത്രങ്ങള്‍ സഹിതം കൊടുക്കും. അതു പബ്ളിഷുചെയ്യണം. ചിലര്‍ അവര്‍ക്കു മാത്രമേ കൊടുക്കാവൂ എന്നുപറയും. അങ്ങനെവേണമെങ്കില്‍ അങ്ങനെ. എന്തായാലും ശാസ്‌ത്രസാഹിത്യപരിഷത്ത് പുതിയ കേരളം നിര്‍മ്മിക്കുന്നതില്‍ എന്തു സംഭാവനയാണു ചെയ്‌തതെന്നു നിരീക്ഷിക്കുന്നവര്‍ക്കു നന്നായിട്ടറിയാം.

ആര്‍.വി.ജി. : വിദ്യാഭ്യാസത്തിലാണ് മാറ്റം വരേണ്ടത്. ശാസ്‌ത്രബോധം ഉണ്ടാകേണ്ടതതിലൂടെയാണ്. പക്ഷേ ശാസ്‌ത്രം ഇപ്പോള്‍ ജനങ്ങളിലെത്തുന്നത് സാങ്കേതിക വിദ്യയുടെ രൂപത്തിലാണ്. ഗാഡ്‌ജറ്റ്സ് ആയിട്ടാണ്. അതൊക്കെ ആസ്വദിച്ചു ജീവിക്കുമ്പോള്‍ തന്നെ അതിനുപിന്നിലുള്ള ശാസ്‌ത്രത്തിന്റെ മനോഭാവം (Scientific Attitude) വരുന്നില്ല. എങ്ങനെയാണ് ഇതു വരുത്തുക? അതോടൊപ്പം തന്നെ മതത്തിന് നേരത്തേ ഉണ്ടായിരുന്ന സ്വാധീനം കുറഞ്ഞുവരുന്നു. എന്നാല്‍ കപടമതവിശ്വാസങ്ങള്‍ കൂടിവരുന്നു. ഈ സാഹചര്യത്തില്‍ വിദ്യാഭ്യാസത്തില്‍ ഏതു തരത്തിലുള്ള മാറ്റങ്ങളാണു കൊണ്ടുവരാന്‍ കഴിയുന്നത്?

പി.ജി. : പരിഷത്ത് വിദ്യാഭ്യാസത്തില്‍ ഇടപെട്ടിരുന്നതു തുടരണം.

ആര്‍.വി.ജി. : വിമര്‍ശനാത്മകമായ പഠനപ്രക്രിയ പ്രചരിപ്പിക്കുന്നതില്‍ ഞങ്ങളും പങ്കുവഹിക്കുന്നുണ്ട്. ഒരുപക്ഷേ അതിലൂടെയായിരിക്കാം മാറ്റം ഉണ്ടാകേണ്ടതെന്നു തോന്നുന്നു.

പി.ജി : അതെ, അതാണ് പറ്റിയ പദം. ഞാനിപ്പോള്‍ എഴുതുന്ന പുസ്‌തകത്തില്‍ ആദ്യം ആമുഖമാണ് എഴുതുന്നത്. (സാധാരണ ആമുഖം അവസാനമാണ് എഴുതുന്നത്). അതിനുകാരണം ഇന്നത്തെ ആധുനിക ജീവിതത്തില്‍ ഉദ്ബുദ്ധനായ പൌരനെ സൃഷ്ടിക്കുന്നതില്‍ സയന്‍സും മാനവികവിഷയങ്ങളും തുല്യപങ്കുവഹിക്കണം എന്നതാണ്. സയന്‍സ് പഠിപ്പിക്കുന്നവര്‍ sense of adventure, sense of discovery, sense of fulfilment തുടങ്ങിയവയൊക്കെ എങ്ങനെയാണ് സയന്‍സില്‍ ഉള്ളതെന്നുകൂടി പഠിപ്പിക്കണം. അതു പഠിപ്പിക്കുന്നതിന് നല്ല ഹ്യൂമാനിറ്റീസ്, അതില്‍ നല്ല കവിതകളടക്കം ചേര്‍ത്തിട്ടുള്ള ഒരു സമന്വയം ഉണ്ടാകണം. അതല്ലെങ്കില്‍ വെറും ടേക്‍നോളജിയും വെറും ഇന്‍ഫര്‍മേഷനും മാത്രമാണ് സയന്‍സ് എന്നുവിചാരിച്ചാല്‍ ജീവിതത്തെ സൌകര്യപ്പെടുത്തുന്ന ഒന്നു മാത്രമാണ് സയന്‍സ് എന്നു തോന്നും. പുതിയ തലമുറയിലേക്ക് സാംസ്‌കാരിക മൂല്യങ്ങളും സാഹസിക ബോധവും കണ്ടുപിടിക്കാനുള്ള വ്യഗ്രതയും, സെന്‍സ് ഓഫ് ഫുള്‍ഫില്‍മെന്റും പകര്‍ന്നു നല്‍‌കാന്‍ സയന്‍സിനു കഴിയണം. അതിനു കഴിയണമെങ്കില്‍ സാമൂഹ്യശാസ്‌ത്രവും സാഹിത്യവും കവിതയും ചരിത്രവും എല്ലാം ഉള്‍ച്ചേര്‍ന്ന വിജ്ഞാനം നല്‍‌കാന്‍ കഴിയണം. ഇതാണു നമ്മുടെ അധ്യാപകര്‍ ചെയ്യേണ്ടത്. അധ്യാപകരാണ് ഏറ്റവും കാതലായ ഘടകം.

*

തയ്യാറാക്കിയത് : പി. സുരേഷ്, കടപ്പാട്: ശാസ്‌ത്രഗതി

4 comments:

വര്‍ക്കേഴ്സ് ഫോറം said...

ആര്‍.വി.ജി. : മറ്റൊരു പ്രധാനപ്രശ്‌നം ശാസ്‌ത്രം വളരെയേറെ വളര്‍ന്നിരിക്കുന്നു. പുരോഗമനപ്രസ്ഥാനങ്ങള്‍, പരിഷത്ത്, തുടങ്ങി നിരവധി സംഘടനകള്‍ പ്രവര്‍ത്തിക്കുന്നു. പക്ഷേ ജനങ്ങള്‍ ആ ധാരയിലേയ്‌ക്കല്ല വരുന്നത്, അതിനെതിരെയുള്ള ധാരകളിലേയ്‌ക്ക് പോകുകയും ചെയ്യുന്നു. ഇതിനെന്താണ് പരിഹാരം?

പി.ജി. : പരിഷത്ത്, പ്രധാനപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. നെഹ്റു ഒരിക്കല്‍ പറഞ്ഞത് Scientific Culture അല്ല Scientific temper ആണ് വേണ്ടത് എന്നാണ്. അതില്ല. അതുകൊണ്ട് കമ്മ്യൂണിസ്റ്റുകാര്‍ക്ക് വോട്ടു ചെയ്യും, ശാസ്‌ത്രസാഹിത്യപരിഷത്തിന്റെ ജാഥയ്‌ക്കുവരും. അതുകഴിഞ്ഞിട്ട് സന്തോഷ് മാധവനെ കാണാന്‍ പോകും. ഇത്രയധികം കള്ളന്മാര്‍ ഉണ്ടായിരിക്കുന്നു എന്നതു കാണിക്കുന്നത് യുക്തിവാദികളുടെ പരിമിതമായ കഴിവുകൊണ്ടൊന്നും ഇതിനെ പ്രതിരോധിക്കാന്‍ കഴിയില്ലെന്നാണ്. അവര്‍ക്കെന്തെല്ലാം പരിമിതികളുണ്ടെങ്കിലും അവരുടെ സേവനം ഉപയോഗിക്കാം. പക്ഷേ അവര്‍ വളരെ സങ്കുചിതരാണ്. അവരുടെ തോടിനു (shell) പുറത്തേക്കു പോകാന്‍ അവര്‍ക്കു കഴിയുന്നില്ല. ഞങ്ങള്‍ ഇതെല്ലാം പണ്ടേ പറഞ്ഞതല്ലേ എന്ന മനോഭാവം. ശാസ്‌ത്രസാഹിത്യപരിഷത്തിന്റെ പ്രവര്‍ത്തനം വളരെ വിപുലമാക്കണം. കേരളത്തില്‍ ജീവിക്കുന്നവര്‍ക്കറിയാമായിരുന്നു, കുറെയൊക്കെ അന്ധവിശ്വാസവും കപടവിശ്വാസങ്ങളും ഉണ്ടാകുമെന്ന്. പക്ഷേ ഇത്രയധികം പ്രൊഫഷണല്‍ കപടസന്യാസിമാര്‍ ഉണ്ടെന്ന ധാരണ ഇല്ലായിരുന്നു.

കുറേ സന്യാസിമാര്‍, അവരെന്തബദ്ധം പറഞ്ഞാലും, സത്യസന്ധത ഉള്ളവരായിരുന്നു. പക്ഷേ ഈ കള്ളന്മാര്‍ അങ്ങനെയല്ല. അതുകൊണ്ട് പരിഷത്തിന്റെ പ്രവര്‍ത്തനം വിപുലപ്പെടുത്തണം. ശാസ്‌ത്രത്തിന്റെ രീതിയെപ്പറ്റി, ദൈനംദിന ജീവിതത്തില്‍ സയന്‍സ് എങ്ങനെ പ്രയോഗിക്കാന്‍ കഴിയും എന്നതിനെപ്പറ്റിയൊക്കെയുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കണം. അതിന് നമ്മുടെ വിദ്യാഭ്യാസപ്രക്രിയയില്‍ ഇടപെടണം. ഇതു സംബന്ധിച്ച് പ്രതിബന്ധമായിട്ടുള്ളത് നമ്മുടെ വിദ്യാലയങ്ങള്‍ തന്നെയാണ്. കേരളത്തിലെ രാഷ്‌ട്രീയപാര്‍ട്ടികളെയും സാമൂഹ്യസേവകരെയും സാംസ്‌കാരികപ്രവര്‍ത്തകരെയും എല്ലാം തട്ടിയുണര്‍ത്തണം. നമ്മള്‍ ഇതുവരെ ചെയ്‌ത പല കാര്യങ്ങളും വിചാരിച്ചിടത്ത് എത്തിയിട്ടില്ല. വ്യര്‍ത്ഥമായിപ്പോയി എന്നു തോന്നുന്ന ഒരവസ്ഥ ഇന്നുവന്നിരിക്കുന്നു എന്നത് ബോധ്യപ്പെടുത്തേണ്ടതുണ്ട്. അതു സാധിക്കുന്നത് പരിഷത്തിനാണ്. ജനങ്ങളെ മാത്രമല്ല, രാഷ്‌ട്രീയക്കാരെയും സ്വാധീനിക്കുന്ന പ്രസ്ഥാനമാണ് പരിഷത്ത്.

ഇവിടത്തെ രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ക്ക് പരിസ്ഥിതിയെപറ്റി, ജലമലിനീകരണത്തെപ്പറ്റി, വായുമലിനീകരണത്തെപറ്റി, ആരോഗ്യപരിരക്ഷയെപറ്റി, വിദ്യാഭ്യാസത്തിന്റെ വ്യാപനത്തെപറ്റി ഒക്കെ വളരെ തനതായിട്ടുള്ള ആശയങ്ങള്‍ പകര്‍ന്നുനല്‍കിയിട്ടുള്ളത് പരിഷത്താണ്. അതിനെ ആക്ഷേപിക്കുന്നവര്‍ ആക്ഷേപിക്കട്ടെ. മുമ്പ് നമ്മള്‍ ഒരാരംഭം കുറിച്ചിരുന്നു. ശാസ്‌ത്രലേഖനങ്ങളുടെ വിതരണം നടത്തുന്ന ഒരു സിന്‍ഡിക്കേറ്റ് ഉണ്ടാക്കി എല്ലാ പത്രങ്ങള്‍ക്കും കൊടുക്കുന്നതായിരുന്നു. അത് ചിത്രങ്ങള്‍ സഹിതം കൊടുക്കും. അതു പബ്ളിഷുചെയ്യണം. ചിലര്‍ അവര്‍ക്കു മാത്രമേ കൊടുക്കാവൂ എന്നുപറയും. അങ്ങനെവേണമെങ്കില്‍ അങ്ങനെ. എന്തായാലും ശാസ്‌ത്രസാഹിത്യപരിഷത്ത് പുതിയ കേരളം നിര്‍മ്മിക്കുന്നതില്‍ എന്തു സംഭാവനയാണു ചെയ്‌തതെന്നു നിരീക്ഷിക്കുന്നവര്‍ക്കു നന്നായിട്ടറിയാം.

ആര്‍.വി.ജി. : വിദ്യാഭ്യാസത്തിലാണ് മാറ്റം വരേണ്ടത്. ശാസ്‌ത്രബോധം ഉണ്ടാകേണ്ടതതിലൂടെയാണ്. പക്ഷേ ശാസ്‌ത്രം ഇപ്പോള്‍ ജനങ്ങളിലെത്തുന്നത് സാങ്കേതിക വിദ്യയുടെ രൂപത്തിലാണ്. ഗാഡ്‌ജറ്റ്സ് ആയിട്ടാണ്. അതൊക്കെ ആസ്വദിച്ചു ജീവിക്കുമ്പോള്‍ തന്നെ അതിനുപിന്നിലുള്ള ശാസ്‌ത്രത്തിന്റെ മനോഭാവം (Scientific Attitude) വരുന്നില്ല. എങ്ങനെയാണ് ഇതു വരുത്തുക? അതോടൊപ്പം തന്നെ മതത്തിന് നേരത്തേ ഉണ്ടായിരുന്ന സ്വാധീനം കുറഞ്ഞുവരുന്നു. എന്നാല്‍ കപടമതവിശ്വാസങ്ങള്‍ കൂടിവരുന്നു. ഈ സാഹചര്യത്തില്‍ വിദ്യാഭ്യാസത്തില്‍ ഏതു തരത്തിലുള്ള മാറ്റങ്ങളാണു കൊണ്ടുവരാന്‍ കഴിയുന്നത്?

പി.ജി. : പരിഷത്ത് വിദ്യാഭ്യാസത്തില്‍ ഇടപെട്ടിരുന്നതു തുടരണം.

ആര്‍.വി.ജി. : വിമര്‍ശനാത്മകമായ പഠനപ്രക്രിയ പ്രചരിപ്പിക്കുന്നതില്‍ ഞങ്ങളും പങ്കുവഹിക്കുന്നുണ്ട്. ഒരുപക്ഷേ അതിലൂടെയായിരിക്കാം മാറ്റം ഉണ്ടാകേണ്ടതെന്നു തോന്നുന്നു.

പി.ജി : അതെ, അതാണ് പറ്റിയ പദം. ഞാനിപ്പോള്‍ എഴുതുന്ന പുസ്‌തകത്തില്‍ ആദ്യം ആമുഖമാണ് എഴുതുന്നത്. (സാധാരണ ആമുഖം അവസാനമാണ് എഴുതുന്നത്). അതിനുകാരണം ഇന്നത്തെ ആധുനിക ജീവിതത്തില്‍ ഉദ്ബുദ്ധനായ പൌരനെ സൃഷ്ടിക്കുന്നതില്‍ സയന്‍സും മാനവികവിഷയങ്ങളും തുല്യപങ്കുവഹിക്കണം എന്നതാണ്. സയന്‍സ് പഠിപ്പിക്കുന്നവര്‍ sense of adventure, sense of discovery, sense of fulfilment തുടങ്ങിയവയൊക്കെ എങ്ങനെയാണ് സയന്‍സില്‍ ഉള്ളതെന്നുകൂടി പഠിപ്പിക്കണം. അതു പഠിപ്പിക്കുന്നതിന് നല്ല ഹ്യൂമാനിറ്റീസ്, അതില്‍ നല്ല കവിതകളടക്കം ചേര്‍ത്തിട്ടുള്ള ഒരു സമന്വയം ഉണ്ടാകണം. അതല്ലെങ്കില്‍ വെറും ടേക്‍നോളജിയും വെറും ഇന്‍ഫര്‍മേഷനും മാത്രമാണ് സയന്‍സ് എന്നുവിചാരിച്ചാല്‍ ജീവിതത്തെ സൌകര്യപ്പെടുത്തുന്ന ഒന്നു മാത്രമാണ് സയന്‍സ് എന്നു തോന്നും. പുതിയ തലമുറയിലേക്ക് സാംസ്‌കാരിക മൂല്യങ്ങളും സാഹസിക ബോധവും കണ്ടുപിടിക്കാനുള്ള വ്യഗ്രതയും, സെന്‍സ് ഓഫ് ഫുള്‍ഫില്‍മെന്റും പകര്‍ന്നു നല്‍‌കാന്‍ സയന്‍സിനു കഴിയണം. അതിനു കഴിയണമെങ്കില്‍ സാമൂഹ്യശാസ്‌ത്രവും സാഹിത്യവും കവിതയും ചരിത്രവും എല്ലാം ഉള്‍ച്ചേര്‍ന്ന വിജ്ഞാനം നല്‍‌കാന്‍ കഴിയണം. ഇതാണു നമ്മുടെ അധ്യാപകര്‍ ചെയ്യേണ്ടത്. അധ്യാപകരാണ് ഏറ്റവും കാതലായ ഘടകം.

ശ്രീപി ഗോവിന്ദപിള്ളയുമായി ശ്രീ ആര്‍ വി ജി മേനോന്‍ നടത്തിയ അഭിമുഖം. ശാസ്ത്ര ഗതി മാഗസിന്‍ പ്രസിദ്ധീകരിച്ചത്.

Baiju Elikkattoor said...

വിജ്ഞാനപ്രതം. എം കൃഷ്ണന്‍ നായരെ പോലെ മലയാളിയുടെ വായനാശീലം മെച്ചപ്പെടുത്തുന്നതില്‍ പി. ജി. യുടെ സംഭാവനയും നിസ്തൂലമാണ്. ഇത്തരം ലേഖനങ്ങള്‍ ജനങ്ങള്‍ വായിക്കാന്‍ സാഹചരിയമോരുക്കുന്ന ഫോറം പ്രത്യേക നന്ദി അര്‍ഹിക്കുന്നു.

മാരീചന്‍ said...

നേരത്തെ വായിച്ചിരുന്നു. ഇത് പ്രസിദ്ധീകരിച്ചതിന് നന്ദി. ഈ പ്രായത്തിലും ധിഷണയുടെ സൂര്യപ്രകാശം പരത്തുന്ന പിജി പുതിയ തലമുറയ്ക്ക് അത്ഭുതവും മാതൃകയും തന്നെ. കര്‍മ്മനിരതനായ പിജിയെ ബൂലോഗത്തിന് പരിചയപ്പെടുത്തിയ വര്‍ക്കേഴ്സ് ഫോറത്തിനും ആശംസകള്‍.

Anonymous said...

സായിബാബയെക്കുറിച്ചുള്ള ചോദ്യവും മറുപടിയും കൂടി ആവാമായിരുന്നു.