Tuesday, January 20, 2009

ബാലാനന്ദന്‍ - ജീവിതവും രാഷ്‌ട്രീയവും

പ്രാരാബ്‌ധങ്ങള്‍ മൂലം ഏഴാംക്ളാസില്‍ വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ടിവന്ന ഒരാള്‍, പിന്നീട് തടിച്ച പ്രത്യയശാസ്‌ത്രഗ്രന്ഥങ്ങളും, ഇംഗ്ലീഷ് പുസ്തകങ്ങളും വായിച്ചു മനസ്സിലാക്കുകയും അവയിലെ വിവരങ്ങള്‍ ലളിതമായ ഭാഷയില്‍ തൊഴിലാളികള്‍ക്ക് പറഞ്ഞു കൊടുക്കുകയും ചെയ്യുമായിരുന്നു. പതിനാലു വയസ്സിനു മുന്‍പ് ജീവിതം മുന്നോട്ട് കൊണ്ടു പോകുവാനായി കള്ളുഷാപ്പു ജീവനകാരനാകേണ്ടി വന്ന ഒരാള്‍ പിന്നീട് ലോക്‍സഭയില്‍ ബജറ്റുപോലുള്ള വിഷയങ്ങളില്‍വരെ ഒന്നാം തരം ഇംഗ്ലീഷില്‍ ആഴത്തിലുള്ള വിലയിരുത്തലുകള്‍ നിസ്സാരമായി നടത്തുമായിരുന്നു.

അതായിരുന്നു സഖാവ് ബാലാനന്ദന്‍....

സി.പി.എം കേന്ദ്രക്കമ്മിറ്റി അംഗമായിരുന്ന സഖാവ് ബാലാനന്ദന്‍ അര്‍ബുദബാധയെത്തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ശ്വാസതടസ്സവും മറ്റ് അസ്വസ്ഥതകളുംമൂലം ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ശനിയാഴ്ചയാണ് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിച്ചത്. 2009 ജനുവരി 19 തിങ്കളാഴ്ച രാവിലെ 8.45നായിരുന്നു അന്ത്യം.

കൊല്ലം ജില്ലയിലെ ശക്തികുളങ്ങരയില്‍ തകര്‍ന്നു തുടങ്ങിയ ഇടത്തരം കുടുംബത്തിലായിരുന്നു ഇ ബാലാനന്ദന്റെ ജനനം. പ്രാരബ്‌ധങ്ങളാല്‍ സ്‌കൂള്‍ വിദ്യാഭ്യാസം പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടിവന്ന ബാലാനന്ദന് ജീവിതത്തിന്റെ പാഠശാലയിലായിരുന്നു പിന്നെ വിദ്യാഭ്യാസം. ചെറുപ്പത്തില്‍തന്നെ വീടും പറമ്പും പണയത്തിലായി. അനുജത്തി വിലാസിനി ജനിച്ചശേഷം അച്ഛനുമമ്മയും തമ്മില്‍ പിരിഞ്ഞു. ഇരുവരും പുനര്‍വിവാഹം നടത്തി. അമ്മയുടെ രണ്ടാം വിവാഹത്തില്‍ രണ്ട് അനുജത്തിമാര്‍ കൂടി ബാലാനന്ദനുണ്ടായി. സുലോചനയും നളിനിയും. കയറുപിരി തൊഴിലാളിയായിരുന്ന അമ്മ സ്വന്തമായി തൊണ്ടുവാങ്ങി ചീയിച്ച് ജോലിചെയ്യുമായിരുന്നു. നീണ്ടകര സെന്റ് ജോസഫ് പ്രൈമറി സ്‌കൂളിലായിരുന്നു (ഇപ്പോള്‍ ഹൈസ്കൂള്‍) ബാലാനന്ദന്റെ വിദ്യാഭ്യാസം. വീട്ടിലെ സാമ്പത്തിക പ്രയാസത്താല്‍ മൂന്നാംഫോറം (ഇന്നത്തെ ഏഴാം ക്ളാസ്) പൂര്‍ത്തിയാക്കുംമുമ്പേ പഠനം നിര്‍ത്തേണ്ടിവന്നു. തുടര്‍ന്ന് അമ്മാവന്‍ അനന്തന്റെ കള്ളുഷാപ്പുകളില്‍ ജോലിക്കാരനായി. തെക്കേ കരുനാഗപ്പള്ളി വടക്കുംതല ഷാപ്പില്‍ ജോലിചെയ്യവേ തൊഴിലന്വേഷിച്ച് നീലഗിരിക്കുപോയി. വടക്കുംതലക്കാരന്‍ കൃഷ്ണന്‍ വൈദ്യന്‍ നീലഗിരിയിലെ കൂനൂരില്‍ വൈദ്യശാല നടത്തിയിരുന്നു. രണ്ടുമാസത്തോളം അവിടെ ജോലി ചെയ്തു. പിന്നെ രണ്ടു മാസത്തോളം ഊട്ടിയില്‍ പെയിന്റിങ്ങ് ജോലിയില്‍ ഏര്‍പ്പെട്ടു. കോയമ്പത്തൂര്‍ക്കുള്ള വഴിയില്‍ അരവന്‍കാട് സൈനിക ക്യാമ്പിലായിരുന്നു പിന്നെ ജോലി. അവിടെ കൺസ്‌ട്രക്ഷന്‍ സൈറ്റില്‍ സര്‍വെ ഉപകരണം നിയോള്‍ലൈറ്റ് ചുമക്കലായിരുന്നു ജോലി. അവിടെയും രണ്ടുമാസത്തോളം ജോലി. അക്കാലത്ത് ആലുവ കേരളത്തിലെ ആധുനിക വ്യവസായങ്ങളുടെ കേന്ദ്രമായി മാറാനാരംഭിച്ചിരുന്നു. കോയമ്പത്തൂരില്‍ നിന്ന് നടന്ന് ആലുവയില്‍ വന്ന ബാലാനന്ദന്‍ 1941 അവസാനം ഏലൂരിലെ കുറ്റിക്കാട്ടുകരയിലെത്തി. അവിടെ അലൂമിനിയം കമ്പനിയുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലായിരുന്നു. സ്റ്റീല്‍ ഇറക്ഷന്‍ വര്‍ക്കില്‍ കൂലിപ്പണിക്കുചേര്‍ന്നു. ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ വൈദ്യുതീകരണജോലികള്‍ ചെയ്യാന്‍ കരാറുണ്ടായിരുന്ന ജനറല്‍ ഇലൿട്രിക് കമ്പനി (ജിഇസി) തൊഴിലാളികളെ എടുത്തപ്പോള്‍ ബാലാനന്ദനും ജോലി കിട്ടി. നിര്‍മാണം പൂര്‍ത്തിയാക്കി അലൂമിനിയം കമ്പനിയുടെ പ്രവര്‍ത്തനമാരംഭിച്ചപ്പോള്‍ ജിഇസിയുടെ ശുപാര്‍ശയനുസരിച്ച് ഹെല്‍പര്‍ ജോലികിട്ടി. പിന്നീട് സെക്കന്‍ഡ് ഗ്രേഡ് ഇലക്ട്രീഷ്യനായി. ഒന്നേമുക്കാല്‍ രൂപയായിരുന്നു മാസശമ്പളം.

അലൂമിനിയം ഫാൿടറിയില്‍വെച്ചാണ് ബാലാനന്ദന്‍ തൊഴിലാളി പ്രവര്‍ത്തനമാരംഭിച്ചത്. അലൂമിനിയം ഫാൿടറി വര്‍ക്കേഴ്സ് യൂണിയന്റെ (എഎഫ്‌ഡബ്ള്യുയു) രൂപീകരണത്തില്‍ പങ്കുവഹിച്ച അദ്ദേഹം അതിന്റെ ആദ്യ ജനറല്‍ സെക്രട്ടറിയായി. തിരുവിതാംകൂറില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ആറാമത്തെ യൂണിയനായിരുന്നു എഎഫ്‌ഡബ്ള്യുയു. ഇതിനിടെ കൂലിവര്‍ധനവിനുവേണ്ടി കരാര്‍ തൊഴിലാളികള്‍ നടത്തിയ സമരത്തിനു നേതൃത്വം നല്‍കിയതിന് ബാലാനന്ദനടക്കം ചിലരെ പിരിച്ചുവിട്ടു. എന്നാല്‍ ഐജി ഇടപെട്ട് നടത്തിയ ചര്‍ച്ചയില്‍ ഇവരെ തിരിച്ചെടുക്കാന്‍ കമ്പനി മുതലാളിയായിരുന്ന കാമറോൺ സായിപ്പിനു സമ്മതിക്കേണ്ടിവന്നു. തൊഴില്‍വകുപ്പ് ഇല്ലാത്ത കാലമായിരുന്നു അത്. പുന്നപ്ര - വയലാര്‍ സമരത്തെ തുടര്‍ന്ന് വൈകാതെ വീണ്ടും കമ്പനിയില്‍നിന്ന് പുറത്താക്കിയതോടെ ബാലാനന്ദന്‍ പൂര്‍ണസമയ പാര്‍ടിപ്രവര്‍ത്തകനായി. ഇതിനകം 1943ല്‍ ബാലാനന്ദന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ആലുവ സെല്ലില്‍ അംഗമായിരുന്നു. തിരുവിതാംകൂര്‍ രാഷ്‌ട്രീയം ചൂടുപിടിക്കുകയായിരുന്ന അക്കാലത്ത് തൊഴിലാളികള്‍ തൊഴില്‍ - കൂലി പ്രശ്‌നങ്ങള്‍ക്കു പുറമെ രാഷ്‌ട്രീയ പ്രശ്‌നങ്ങളും യൂണിയന്‍ യോഗങ്ങളില്‍ ചര്‍ച്ച ചെയ്തു തുടങ്ങി. ആലുവയില്‍ നിന്നുള്ള പ്രതിനിധിയായി ബാലാനന്ദന്‍ അഖില തിരുവിതാംകൂര്‍ ട്രേഡ് യൂണിയന്‍ കോൺഗ്രസിന്റെ (എടിടിയുസി) വര്‍ക്കിങ്ങ് കമ്മിറ്റിയില്‍ അംഗമായി. പുന്നപ്ര - വയലാര്‍ സമരത്തിന്റെ ഭാഗമായി പൊതുപണിമുടക്ക് നടത്താന്‍ തീരുമാനിച്ച എടിടിയുസി വര്‍ക്കിങ്ങ് കമ്മിറ്റി യോഗത്തില്‍ ബാലാനന്ദനും പങ്കെടുത്തു. എടിടിയുസി പിന്നീട് എഐടിയുസിയുടെ ഭാഗമായതുമുതല്‍ എഐടിയുസി ജനറല്‍ കൌൺസില്‍ അംഗമായിരുന്നു ബാലാനന്ദന്‍.

1946 സെപ്തംബറില്‍ത്തന്നെ ട്രേഡ് കൌൺസിലുകള്‍ രൂപീകരിച്ച് നടത്തിയ തിരുവിതാംകൂറില്‍ ദിവാന്‍ഭരണം അവസാനിപ്പിക്കാനും അമേരിക്കന്‍ മോഡല്‍ ഭരണപരിഷ്‌ക്കാര നിര്‍ദേശം ചെറുക്കാനും രാജവാഴ്‌ച അവസാനിപ്പിച്ച് പ്രായപൂര്‍ത്തി വോട്ടവകാശം നേടാനുമുള്ള പോരാട്ടത്തിനുശേഷം ബാലാനന്ദന്‍ ഒളിവിലായി. പുന്നപ്ര വെടിവയ്പിനുശേഷം ഒളിവിലിരുന്നു പാര്‍ടി നിര്‍ദേശപ്രകാരം ബാലാനന്ദന്‍ കളമശേരി, ആലുവ, അങ്കമാലി തുടങ്ങിയ സ്ഥലങ്ങളില്‍ പ്രവര്‍ത്തിച്ചു. പാര്‍ടി നിരോധനം വന്നതോടെ 1948-50 കാലഘട്ടങ്ങളില്‍ ബാലാനന്ദന്‍ പലവട്ടം ഒളിവില്‍ കഴിഞ്ഞിട്ടുണ്ട്.

തിരുവിതാംകൂറില്‍ ആലുവ ഡിവിഷന്‍ കമ്മിറ്റിയിലായിരുന്നു ബാലാനന്ദന്‍ പ്രവര്‍ത്തിച്ചിരുന്നത്‌. ഭരണകൂടത്തിന്റെയും പോലീസിന്റെയും ഭാഗത്തുനിന്ന്‌ കമ്യൂണിസ്റ്റുകാര്‍ക്കെതിരെ ശക്തമായ എതിര്‍പ്പുണ്ടായിരുന്ന കാലം കൂടിയായിരുന്നു അത്‌. 1949-ല്‍ തിരു-കൊച്ചി സംയോജനം നടക്കുമ്പോഴേക്കും കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ സംയുക്ത ജില്ലാ കമ്മിറ്റി രൂപവത്‌കരിച്ചുകഴിഞ്ഞിരുന്നു. പി.ഗംഗാധരന്‍ സെക്രട്ടറിയായിരുന്ന കമ്മിറ്റിയില്‍ സെക്രട്ടേറിയറ്റ്‌ അംഗമായിരുന്നു ഇ. ബാലാനന്ദന്‍. പൂജപ്പുര സെന്‍ട്രല്‍ ജയിലായിരുന്നു യഥാര്‍ഥത്തില്‍ ഇ. ബാലാനന്ദന്റെ വിദ്യാലയം. അവിടെ വെച്ച്‌ അദ്ദേഹം വായനയ്‌ക്കും പഠനത്തിനും സമയം കണ്ടെത്തുകയായിരുന്നു. ഇംഗ്ലീഷ്‌ പഠിക്കുന്നതും അപ്പോഴാണ്‌. പുന്നപ്ര-വയലാര്‍ സമരകാലത്താണ്‌ അദ്ദേഹം ജയിലിലെത്തുന്നത്‌. കൊടിയ മര്‍ദനമാണ്‌ ജയിലില്‍ ഏല്‍ക്കേണ്ടിവന്നത്‌. മര്‍ദനമേറ്റ്‌ മുഹമ്മ അയ്യപ്പന്‍ എന്ന സഖാവ്‌ മരിച്ചുവീഴുന്നത്‌ ഇ. ബാലാനന്ദനു നോക്കിനില്‍ക്കേണ്ടിവന്നിട്ടുണ്ട്‌.

എഐടിയുസി ജില്ലാ സെക്രട്ടറിയായിരിക്കെ 1957ലായിരുന്നു വിവാഹം. ബന്ധുവായ കേശവന്‍വൈദ്യന്റെ മകളാണ് ഭാര്യ സരോജിനി.

രണ്ടാം പാര്‍ടി കോണ്‍ഗ്രസ് കഴിഞ്ഞ സമയത്ത് പി സി ജോഷി മാറി ബി ടി രണദിവെ പാര്‍ടി ജനറല്‍ സെക്രട്ടറിയായി. താമസിയാതെ പാര്‍ടി നിരോധിക്കപ്പെട്ടു. നിരോധിക്കപ്പെട്ട പാര്‍ടിയുടെ പ്രവര്‍ത്തനത്തിനായി ഇവിടെ രൂപീകരിച്ച സംവിധാനത്തിന്റെ പ്രധാന ചുമതലക്കാരനായിരുന്നു ബാലാനന്ദന്‍. അക്കാലത്ത്‌ ആലുവ-കളമശ്ശേരി മേഖലയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള നേതാക്കളെ ഒളിവില്‍ താമസിപ്പിക്കുന്നതിനും ഒളിവില്‍ കഴിയുന്നവര്‍ തമ്മില്‍ ആശയവിനിമയം നടത്തുന്നതിനുമെല്ലാം നേതൃത്വം കൊടുക്കാനും ബാലാനന്ദന്‌ കഴിഞ്ഞിട്ടുണ്ട്‌. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി പിളര്‍ന്ന്‌ സി.പി.എം രൂപവത്‌കൃതമായപ്പോള്‍, തങ്ങളുടെ ആശയം തൊഴിലാളികള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നതിനും താത്ത്വിക നിലപാട്‌ അണികളില്‍ എത്തിക്കുന്നതിനും ഇ.ബാലാനന്ദന്‍ മുഖ്യപങ്കുവഹിച്ചു. സി.പി.എം. ഉണ്ടായ ശേഷം ആദ്യ പി.ബി.യോഗം ചേരാന്‍ നിശ്ചയിച്ചിരുന്നത്‌ തൃശ്ശൂര്‍ വച്ചായിരുന്നു. അതിനുവേണ്ടി എത്തിയ പി.സുന്ദരയ്യ അടക്കമുള്ള നേതാക്കളെ പോലീസ്‌ അറസ്റ്റുചെയ്‌തു. ഇ. ബാലാനന്ദനും എം.എം.ലോറന്‍സും അടക്കമുള്ളവരും വിവിധ ഭാഗങ്ങളില്‍നിന്ന്‌ പോലീസ്‌ പിടിയിലായി. 16 മാസം വിയ്യൂര്‍ ജയിലില്‍ ബാലാനന്ദനും എം. എം. ലോറന്‍സും ഒരേ ബ്ലോക്കില്‍ കഴിഞ്ഞു. പ്രവര്‍ത്തന മേഖലയില്‍ എന്തെല്ലാം ആവശ്യമാണോ, അതെല്ലാം സ്വയം ആര്‍ജിക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. 1970ല്‍ സിഐടിയു രൂപീകരിച്ചപ്പോള്‍ ആദ്യ സംസ്ഥാന ജനറല്‍ സെക്രട്ടറിയും പിന്നീട് അഖിലേന്ത്യ ട്രഷററും പ്രസിഡന്റുമായി. സംസ്ഥാന പ്രസിഡന്റ് സി കണ്ണനായിരുന്നു. ബിടിആറിന്റെ മരണത്തെ തുടര്‍ന്ന് 1990ല്‍ സിഐടിയു അഖിലേന്ത്യാ പ്രസിഡന്റായി. 2002 വരെ പ്രസിഡന്റായി തുടര്‍ന്നു. സിഐടിയുവിന്റെ അതിവേഗത്തിലുള്ള വളര്‍ച്ചയ്ക്ക് ഈ നേതൃത്വം നല്‍കിയ സംഭാവന വിലമതിക്കാനാവില്ല. ട്രേഡ് യൂണിയന്‍ മേഖലയില്‍ ഐക്യമുണ്ടാക്കുന്നതിലും അദ്ദേഹം നേതൃപരമായ പങ്കുവഹിച്ചു. ട്രേഡ് യൂണിയനുകളുടെ ദേശീയ പ്രചാരണ സമിതി, പിന്നീട് ട്രേഡ് യൂണിയനുകളുടെ സ്പോൺസറിങ് കമ്മിറ്റി എന്നിവ രൂപീകരിക്കുന്നതിന് ബാലാനന്ദന്‍ മുന്‍കൈ എടുത്തു. തൊഴിലാളി സംഘാടകനായി ട്രേഡ് യൂണിയന്‍ രംഗത്ത് പ്രത്യേക ശ്രദ്ധ പതിപ്പിച്ചുവന്ന ബാലാനന്ദന്‍ അലൂമിനിയം, പോട്ടറി, ടെക്സ്റ്റയില്‍, ട്രാവന്‍കൂര്‍ റയോൺസ്, വൈദ്യുതിബോര്‍ഡ്, എച്ച്എംടി തുടങ്ങിയ ആധുനിക വ്യവസായങ്ങളിലും ചെത്ത്, കശുവണ്ടി, തോട്ടം, കയര്‍, നെയ്ത്ത് തുടങ്ങിയ പരമ്പരാഗത വ്യവസായങ്ങളിലും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

വൈദ്യുതിജീവനക്കാരുടെ സംഘടനയായ ഇലൿട്രിസിറ്റി എംപ്ളോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ കെട്ടിപ്പടുക്കുന്നതില്‍ ബാലാനന്ദന്‍ വലിയ പങ്കുവഹിച്ചു. സംഘടനയുടെ സ്ഥാപക പ്രസിഡന്റ് അദ്ദേഹമായിരുന്നു. വൈദ്യുതിജീവനക്കാരുടെ ന്യായമായ ആവശ്യങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഏറ്റവും വലുതും ശക്തവുമായ സംഘടനയുടെ അഖിലേന്ത്യ പ്രസിഡന്റായി തുടര്‍ന്നു. ഉത്തര്‍പ്രദേശ് അടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ വൈദ്യുതി ജീവനക്കാരുടെ പ്രബല സംഘടനയാക്കി ഇഇഎഫ്ഐയെ വളര്‍ത്തിയെടുത്തത് ബാലാനന്ദനാണ്. എ കെ ജിക്കും ഇ എം എസിനും ശേഷം പൊളിറ്റ്ബ്യൂറോയിലെത്തിയ മലയാളിയായിരുന്നു ബാലാനന്ദന്‍. അദ്ദേഹത്തിന്റെ സംഘടനാപാടവവും ട്രേഡ് യൂണിയന്‍ രംഗത്തെ പ്രവര്‍ത്തനപരിചയവും കണ്ടറിഞ്ഞ ഇ എം എസും ബി ടി ആറുമാണ് പൊളിറ്റ്ബ്യൂറോ അംഗമാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത്. മൂന്ന് പതിറ്റാണ്ട് ഡല്‍ഹിയെ രാഷ്‌ട്രീയതട്ടകമാക്കിയ ബാലാനന്ദന്‍ പൊളിറ്റ്ബ്യൂറോയില്‍നിന്ന് ഒഴിവായ ശേഷം 2004-2005ല്‍ കേരളത്തിലേക്ക് തിരിച്ചെത്തി.

കക്ഷിരാഷ്‌ട്രീയത്തിന്റെ അതിര്‍വരമ്പുകള്‍ക്ക് അതീതമായി പൊതുസമൂഹത്തിന്റെ ആദരവും സ്നേഹവും പിടിച്ചുപറ്റാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. കമ്യൂണിസ്റ്റായി മാറുകയെന്നത് അങ്ങേയറ്റം അപകടകരമായ ജീവിതം തെരഞ്ഞെടുക്കുന്നതിനു തുല്യമായിരുന്ന ആസുരകാലത്ത് എല്ലാ വെല്ലുവിളികളെയും ഏറ്റെടുത്ത് പോര്‍വീഥികളിലേക്ക് നടന്നു കയറുകയായിരുന്നു അദ്ദേഹം.

പന്ത്രണ്ടു വര്‍ഷം രാജ്യസഭയിലും അതിനുമുമ്പ് ലോക സഭയിലും അംഗമായിരുന്ന അദ്ദേഹം ട്രേഡ് യൂണിയന്‍ പ്രശ്‌നങ്ങളാണ് പ്രധാനമായും പാര്‍ലമെന്റില്‍ ഉയര്‍ത്തിയിരുന്നത്. ഇപ്പോള്‍ സര്‍ക്കാര്‍ പാസാക്കിയ അസംഘടിതമേഖലയിലെ തൊഴിലാളികളുടെ ക്ഷേമം ഉറപ്പ് വരുത്തുന്ന ബില്ലിനുവേണ്ടി അദ്ദേഹം പലവട്ടം രാജ്യസഭയില്‍ സംസാരിച്ചിട്ടുണ്ട്. പി എ സംഗ്‌മ തൊഴില്‍മന്ത്രിയായ വേളയില്‍ ഇത്തരമൊരു ബില്ലിനുവേണ്ടി തൊഴില്‍ മന്ത്രാലയത്തിന്റെ ഉപധനാഭ്യര്‍ഥനയില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവെ ബാലാനന്ദന്റെ പ്രതിബദ്ധതയെ മന്ത്രി പ്രശംസിച്ചു. ശങ്കര്‍ദയാല്‍ ശര്‍മ, കെ ആര്‍ നാരായണന്‍ തുടങ്ങിയ രാജ്യസഭാധ്യക്ഷന്മാരുടെ പ്രശംസയ്ക്കും ബാലാനന്ദന്‍ പാത്രമായിട്ടുണ്ട്. രാജ്യസഭയില്‍ മേശയ്ക്ക് അടിച്ച് കൈ കൂട്ടിത്തിരുമ്മി നടത്തുന്ന ബാലാനന്ദന്റെ പ്രസംഗം സഭയില്‍ ആരും തടസ്സപ്പെടുത്താറുണ്ടായിരുന്നില്ല. കാരണം തൊഴിലാളികളുടെ വേദനകള്‍ക്കാണ് അദ്ദേഹം സഭയില്‍ ശബ്ദം നല്‍കുന്നതെന്ന് എല്ലാവര്‍ക്കും ബോധ്യമുണ്ടായിരുന്നു.

ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരെ ജനവിഭാഗങ്ങളുടെ സമരൈക്യവും ട്രേഡ് യൂണിയനുകളുടെ ഐക്യവേദിയും കെട്ടിപ്പടുക്കുന്നതിലും, വ്യവസായങ്ങളെക്കുറിച്ച് ആഴത്തില്‍ പഠിച്ച്, അതിന്റെ നിലനില്‍പ്പും വളര്‍ച്ചയുമായിക്കൂടി ബന്ധപ്പെടുത്തി തൊഴിലാളികളെ ബോധവല്‍ക്കരിക്കയും സമരസംഘടനാ പ്രവര്‍ത്തനം നടത്തുകയും ചെയ്യുന്നതിലും അനിതരസാധാരണമായ പാടവമാണ് സാഖാവ് കാഴ്ചവെച്ചത്.

1994-95 കാലത്ത് കോഫിബോര്‍ഡ്‌ പിരിച്ചുവിടാന്‍ നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. തൊഴില്‍ നഷ്ടപ്പെടുന്ന ജീവനക്കാര്‍ക്ക്‌ നഷ്ടപരിഹാരവും ആനുകൂല്യവും നല്‍കുന്നതിനെക്കുറിച്ച്‌ ചര്‍ച്ചചെയ്യാന്‍ കോഫി ബോര്‍ഡ്‌ ലേബര്‍ യൂണിയന്‍ പ്രസിഡന്റ്‌ കൂടിയായ ബാലാനന്ദന്റെ നേതൃത്വത്തില്‍ വൈസ്‌ പ്രസിഡന്റുമാരും എം.പി.മാരുമായ എം.എ. ബേബി, സുശീല ഗോപാലന്‍ എന്നിവരോടൊപ്പം ധനമന്ത്രിയെ കാണുവാന്‍ ചെന്നു. സാമ്പത്തിക ഉദാരവല്‍ക്കരണത്തിന്റെ കൊടി ഇന്ത്യയിലേക്കു കൊണ്ടു വന്ന ഡോ. മന്‍മോഹന്‍സിങ്ങ് ആയിരുന്നു ധനമന്ത്രി. മൂന്നു മണിക്കൂറിലേറെ നീണ്ട ചര്‍ച്ചയില്‍ പത്തുവര്‍ഷം പൂര്‍ത്തിയാക്കിയ തൊഴിലാളികള്‍ക്ക്‌ പെന്‍ഷനും മറ്റ്‌ ആനുകൂല്യങ്ങളും അനുവദിക്കാന്‍ ധനമന്ത്രി സമ്മതിച്ചു. എന്നാല്‍ തൊട്ടടുത്ത ദിവസം മറ്റൊരു ഉത്തരവുകൂടി വന്നു. തൊഴിലാളികള്‍ക്ക്‌ നല്‍കുന്ന നഷ്ടപരിഹാരത്തില്‍നിന്ന്‌ ആദായനികുതി ഈടാക്കും എന്നായിരുന്നു പുതിയ വ്യവസ്ഥ. ഉത്തരവു കണ്ട്‌ ക്ഷുഭിതനായ ബാലാനന്ദന്‍ ധനമന്ത്രിയുമായി കൂടിക്കാഴ്‌ചയ്‌ക്ക്‌ സമയം വാങ്ങി. നേരത്തേ പോയ അതേ സംഘമാണ്‌ വീണ്ടും ധനമന്ത്രിയെ കാണാന്‍ പോയത്‌.

''പാവപ്പെട്ട തൊഴിലാളികള്‍ക്കു കൊടുക്കുന്ന ചില്ലിക്കാശില്‍ കൈയിട്ടുവാരാന്‍ നിങ്ങള്‍ക്കു മനഃസാക്ഷിയില്ലേ?'' എന്നായിരുന്നു ധനമന്ത്രി മന്‍മോഹന്‍സിങ്ങിനോടുള്ള ബാലാനന്ദന്റെ ചോദ്യം. തീരുമാനം മാറ്റാതെ ഈ മുറിയില്‍നിന്ന്‌ ഇറങ്ങിപ്പോകുന്ന പ്രശ്‌നമില്ലെന്നു പറഞ്ഞ്‌ മേശപ്പുറത്ത്‌ ബാലാനന്ദന്‍ ആഞ്ഞിടിച്ചു. സ്വതേ സൗമ്യനായ ബാലാനന്ദന്റെ ഭാവമാറ്റം കണ്ട്‌ മന്ത്രി അമ്പരന്നു. ഒടുവില്‍ മന്‍മോഹന്‍സിങ്‌ അന്നുതന്നെ പുതിയ തീരുമാനം തിരുത്തി. വിജയശ്രീലാളിതരായി 'സ്വാമി'യും സംഘവും മടങ്ങുകയും ചെയ്‌തു.

തൊഴിലാളിവര്‍ഗ പാര്‍ടിയുടെ പാര്‍ലമെന്റംഗം എന്ന നിലയില്‍ ലോകസഭയിലും പിന്നീട് രാജ്യസഭയിലും അദ്ദേഹത്തിന്റെ പ്രകടനം മികച്ചതായിരുന്നു. എട്ടാംതരംവരെമാത്രം വിദ്യാഭ്യാസമുണ്ടായിരുന്ന ബാലാനന്ദന്‍ ചില പ്രധാന വിഷയങ്ങളില്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗങ്ങള്‍ പലരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. പ്രസംഗശൈലി പില്‍ക്കാലത്ത് അദ്ദേഹം തുടര്‍ന്നുപോന്നതുതന്നെ. ശബ്ദം താഴ്ത്തി, ചില ഭാഗങ്ങള്‍ പറയാതെ വിട്ട് ഭാവപ്രകടനത്തിലൂടെ പൂരിപ്പിക്കുന്ന രീതി. പറയുന്നതിന് ഊന്നല്‍ കൊടുത്ത് ഇടയ്ക്ക് മേശപ്പുറത്ത് കൈകൊണ്ട് തട്ടലുമുണ്ട്. എന്തെങ്കിലും ബഡായി പറഞ്ഞുപോകുന്ന രീതിയായിരുന്നില്ല അദ്ദേഹത്തിന്റേത്. പറയേണ്ടകാര്യം നന്നായി പഠിച്ച്, നിശ്ചയിച്ചുറപ്പിച്ച വിധത്തില്‍ത്തന്നെ അവതരിപ്പിക്കും. വ്യത്യസ്തമായ അവതരണശൈലി പ്രസംഗങ്ങളെ ആകര്‍ഷകമാക്കി.

സ്വന്തം പ്രസ്ഥാനത്തെ പ്രതിരോധിക്കുന്നതില്‍ എന്നും മുന്നോട്ട് വന്നിട്ടുള്ള അദ്ദേഹം എതിരാളികളുടെ വായടപ്പിക്കുന്ന തരത്തില്‍ യുക്തിഭദ്രമായ മറുപടി നല്‍കുന്നതില്‍ വിദഗ്ദനായിരുന്നു. എന്‍ഡിഎ ഭരണകാലത്ത് പെട്രോള്‍ പമ്പ് കുംഭകോണം കത്തിനില്‍ക്കുമ്പോള്‍ സിപിഐഎം എംപിമാരും ചിലര്‍ക്ക് പെട്രോള്‍ പമ്പ് അനുവദിക്കണമെന്ന് ശുപാര്‍ശചെയ്ത് മന്ത്രിക്ക് കത്ത് നല്‍കിയതായി പത്രങ്ങളില്‍ പ്രധാന്യത്തോടെ വാര്‍ത്തകള്‍ വന്നു. അപ്പോഴും ബാലാനന്ദന് യാതൊരു പതര്‍ച്ചയും ഇല്ലായിരുന്നു. "ശരിയാണ്, നമ്മളും കത്തുനല്‍കിയിട്ടുണ്ട്. യുദ്ധവിധവകളും പാവപ്പെട്ടവരുമടക്കം അര്‍ഹതയുള്ളവര്‍ക്ക് പെട്രോള്‍ പമ്പ് അനുവദിക്കണമെന്നാണ് നമ്മള്‍ ശുപാര്‍ശ ചെയ്തത്. ഇതില്‍ ഒരു തെറ്റുമില്ല. എന്നാല്‍ സര്‍ക്കാര്‍ ചെയ്തതാവട്ടെ, എല്ലാ വ്യവസ്ഥകളും ലംഘിച്ച് സ്വന്തക്കാര്‍ക്കുമാത്രം പെട്രോള്‍ പമ്പ് അനുവദിച്ചു. ഈ പ്രശ്‌നത്തില്‍ നമ്മള്‍ പ്രതിരോധത്തിലാവേണ്ട കാര്യമൊന്നുമില്ല.''

പ്രിയപ്പെട്ടവര്‍ക്കും സുഹൃത്തുക്കള്‍ക്കും ബാലാനന്ദന്‍ സ്വാമിയായിരുന്നു. ഇ എം എസും സുര്‍ജിത്തും ഒക്കെ സ്നേഹവായ്പോടെ അദ്ദേഹത്തെ സ്വാമിയെന്നാണ് വിളിച്ചിരുന്നത്. ജയില്‍വാസത്തിനിടയ്ക്കാണ് അദ്ദേഹത്തിന് ഈ ഓമനപ്പേര് വീണത്. ആലുവ അലുമിനിയം കമ്പനി സമരത്തിനിടെ പൊലീസിനെ ആക്രമിച്ചു എന്ന കുറ്റം ചുമത്തിയാണ് ബാലാനന്ദനെ ജയിലിലടച്ചത്. ജാമ്യം കിട്ടാന്‍ ദിവസങ്ങള്‍ എടുത്തു. ഇതിനിടെ താടിനീണ്ടു. ഈ രൂപംകണ്ട് അന്ന് ജയിലില്‍ ഉണ്ടായിരുന്ന കെ എ രാജനാണ് ആദ്യം സ്വാമിയെന്നു വിളിച്ചത്. സഹതടവുകാര്‍ ഏറ്റെടുത്തു വിളിച്ച ചെല്ലപ്പേര് ജയില്‍മോചിതനായതോടെ പുറത്തും പരന്നു.

തൊഴിലാളിവര്‍ഗത്തിന്റെ മാതൃകാപുത്രന്റെ ജീവിതയാത്ര അവസാനിച്ചത് 'ബാലാനന്ദന്റെ യാത്രകളിലെ ഇടത്താവളം' എന്ന് ഇ എം എസ് വിശേഷിപ്പിച്ച കളമശേരിയില്‍ത്തന്നെ. ഒരു ജീവിതംമുഴുവന്‍ നിസ്വവര്‍ഗത്തിനായി ഉഴിഞ്ഞുവച്ച സ്വാമിക്ക് ഒടുവില്‍ തൊഴിലാളിവര്‍ഗപ്രസ്ഥാനത്തിന്റെ ഏരിയാ കമ്മിറ്റി ഓഫീസ് വളപ്പില്‍ത്തന്നെ അന്ത്യവിശ്രമമായി. കളമശേരിയും കുടുംബവുമായുള്ള ബാലാനന്ദന്റെ അടുപ്പം പാര്‍ട്ടിവൃത്തങ്ങളില്‍ എല്ലാവര്‍ക്കും അറിവുള്ളതാണ്. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച രണ്ടുപതിറ്റാണ്ടിനിടയിലും മാസത്തിലൊരിക്കലെങ്കിലും വീട്ടില്‍വരാന്‍ അദ്ദേഹം സമയം കണ്ടെത്തുമായിരുന്നു. തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുമ്പോഴും മലബാറിലേക്കും കോട്ടയത്തേക്കും ഉള്ള യാത്രയിലൊക്കെ അദ്ദേഹം കളമശേരിയിലെത്തുമായിരുന്നു.

അദ്ദേഹത്തിന്റെ സ്നേഹത്തെയും ലളിത ജീവിതത്തെയുംകുറിച്ച് ദീര്‍ഘകാലം ബാലാനന്ദനൊപ്പം പ്രവര്‍ത്തിച്ച എം കെ പന്ഥെ ഇങ്ങനെ അനുസ്‌മരിക്കുന്നു. "എംപി ആയിരുന്ന കാലത്ത് പലപ്പോഴും സഖാവിന്റെ സഹയാത്രികനായി ട്രെയിനില്‍ സഞ്ചരിച്ചിട്ടുണ്ട്. എംപിമാര്‍ക്കുമാത്രമേ ഒന്നാംക്ളാസില്‍ യാത്രചെയ്യാന്‍ അനുവാദമുള്ളൂ. കൂടെ യാത്രചെയ്യുന്നയാള്‍ക്ക് രണ്ടാംക്ളാസും. എന്നാല്‍, ഞാന്‍ കൂടെ യാത്ര ചെയ്തപ്പോഴൊക്കെ സഖാവ് രണ്ടാംക്ളാസിലാണ് യാത്രചെയ്തത്.''

ഒരിക്കലും മായാത്ത പുഞ്ചിരി, വാത്സല്യം തുളുമ്പുന്ന കുശലാന്വേഷണങ്ങള്‍, നടപ്പിലും രീതികളിലും തികഞ്ഞ ലാളിത്യം, കുലീനമായ വിനയം... ഇ. ബാലാനന്ദന്‍ എന്ന കമ്യൂണിസ്റ്റുകാരന്റെ പ്രകൃതം പ്രത്യക്ഷത്തില്‍ ഇങ്ങനെ. ശരിയാകട്ടെ തെറ്റാകട്ടെ, തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന പ്രകൃതക്കാരനായിരുന്നു ബാലാനന്ദന്‍. സി.പി.എം. പാലക്കാട്‌ സമ്മേളനത്തില്‍ ഉണ്ടായ ചില സംഭവങ്ങളിലുള്ള രോഷവും ദുഃഖവും അദ്ദേഹം അടുത്തിടെ എഴുതിയ ആത്മകഥയിലും രേഖപ്പെടുത്തുകയുണ്ടായി. നിലപാടെടുത്താല്‍ അതിനുവേണ്ടി എന്നും നിലനില്‍ക്കുന്ന സ്വഭാവമായിരുന്നു അദ്ദേഹത്തിന്റെത്‌. ശരിയായത്‌ എന്നു കരുതി അദ്ദേഹം സ്വയമെടുത്ത നിലപാടുകളില്‍ ചിലപ്പോള്‍ പാളിച്ചകളും ഉണ്ടായിട്ടുണ്ട്‌. വിമര്‍ശനവും ആത്മവിമര്‍ശനവും ഒരു കമ്മ്യൂണിസ്റ്റ് കാരനെ സംബന്ധിച്ചിടത്തോളം അന്യമല്ലല്ലോ.

പഴയ തലമുറയിലെ കമ്യൂണിസ്റ്റ് നേതാക്കളും തൊഴിലാളി വര്‍ഗ നേതാക്കളും ഓരോരുത്തരായി വിസ്മൃതിയിലേക്ക് മറഞ്ഞുകൊണ്ടിരിക്കെ, അവര്‍ അവശേഷിപ്പിച്ചു പോകുന്ന കുറെയേറെ മൂല്യങ്ങളും ജീവിതശൈലികളും ഉണ്ട്. അവ പിന്തുടരുവാന്‍ ഇന്നത്തെ തൊഴിലാളിവര്‍ഗപ്രവര്‍ത്തകര്‍ക്കും രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ക്കും കഴിയേണ്ടതുണ്ട്. സഖാവ് ബാലാനന്ദന്റെ ജീവിതവും രാഷ്‌ട്രീയപ്രവര്‍ത്തനവും അവരോടാവശ്യപ്പെടുന്നതും അത് തന്നെ.

സഖാവ് ബാലാനന്ദന് വര്‍ക്കേഴ്സ് ഫോറം ഒരിക്കല്‍ കൂടി ആദരാഞ്ജലികള്‍ നേരുന്നു.

*
ചിത്രങ്ങൾക്ക് കടപ്പാട് : ദേശാഭിമാനി, മാതൃഭൂമി

4 comments:

വര്‍ക്കേഴ്സ് ഫോറം said...

പഴയ തലമുറയിലെ കമ്യൂണിസ്റ്റ് നേതാക്കളും തൊഴിലാളി വര്‍ഗ നേതാക്കളും ഓരോരുത്തരായി വിസ്മൃതിയിലേക്ക് മറഞ്ഞുകൊണ്ടിരിക്കെ, അവര്‍ അവശേഷിപ്പിച്ചു പോകുന്ന കുറെയേറെ മൂല്യങ്ങളും ജീവിതശൈലികളും ഉണ്ട്. അവ പിന്തുടരുവാന്‍ ഇന്നത്തെ തൊഴിലാളിവര്‍ഗപ്രവര്‍ത്തകര്‍ക്കും രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ക്കും കഴിയേണ്ടതുണ്ട്. സഖാവ് ബാലാനന്ദന്റെ ജീവിതവും രാഷ്‌ട്രീയപ്രവര്‍ത്തനവും അവരോടാവശ്യപ്പെടുന്നതും അത് തന്നെ.

കൊച്ചേട്ടന്‍.... said...

ഒരു പ്രിയപ്പെട്ട സഖാവിന്റെ കൂടി തിരോധാനം.വിവരണത്തിനു നന്ദി.

വി. കെ ആദര്‍ശ് said...

നല്ല എഴുത്ത്, സാമിയുടെ ജീവിതം മനുഷ്യനന്മയുടെ വറ്റാത്ത ഉദാഹരണമാകും. മന്‍‌മോഹന്‍ സിംഗിനോട് സാമി പറഞ്ഞ മറുപടിയുടെ ശക്തി, തൊഴിലാളികളോടുള്ള സ്നേഹത്തിന്റെ, കടപ്പാടിന്റെ ചിത്രം കൂടിയാണ്

വികടശിരോമണി said...

സഖാവിന്റെ ജീവിതം നൽകിയ പാഠങ്ങൾ നാടിന് കരുത്തുപകരട്ടെ.