Friday, February 6, 2009

ഒന്നും പഠിക്കുന്നില്ല; എല്ലാം മറക്കുന്നു

ആഗോള സാമ്പത്തിക തകര്‍ച്ചയുടെ പാഠങ്ങള്‍ ഇനിയും ഏറെ തെളിയാനുണ്ടെന്നിരിക്കെ, ഏവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട്, യു.പി.എ. സര്‍ക്കാര്‍, ഇന്‍ഷുറന്‍സ് മേഖലയുടെ ഉദാരവല്‍ക്കരണവുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചിരിക്കുന്നു. തങ്ങളുടെ കാലാവധി അവസാനിക്കാറായിരിക്കെ, ഇടമുറിഞ്ഞ ഒരു പാര്‍ലമെന്റ് സമ്മേളനത്തില്‍, മറ്റു പല സുപ്രധാന പ്രശ്നങ്ങളും കൈകാര്യം ചെയ്യാനുള്ള സന്ദര്‍ഭത്തില്‍, വളരെ തിടുക്കത്തില്‍, ഇന്‍ഷുറന്‍സ് മേഖലയുമായി ബന്ധപ്പെട്ട രണ്ട് ബില്ലുകള്‍ ഗവണ്‍മെന്റ് അവതരിപ്പിച്ചിരിക്കയാണ്.


ഇന്‍ഷുറന്‍സ് നിയമഭേദഗതിബില്ലും
ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഭേദഗതി ബില്ലും


ഈ ബില്ലുകള്‍ വേണ്ടത്ര ചര്‍ച്ച കൂടാതെയാണ് ഏ.ആര്‍. അന്തുലെയുടെ രാജിക്കു വേണ്ടിയുള്ള ബി.ജെ.പി. യുടെ ബഹളത്തിനിടയില്‍, യഥാക്രമം രാജ്യസഭയിലും ലോക്സഭയിലും അവതരിപ്പിച്ചത്. ഇതിലൂടെ, ഇന്‍ഷുറന്‍സ് സ്വകാര്യവല്‍ക്കരണം എന്ന അജണ്ട സജീവമായി നിലനിര്‍ത്താന്‍, സര്‍ക്കാരിനെ സഹായിക്കുകയാണ് ബി.ജെ.പി. ചെയ്തത്. ഈ ബില്ലുകള്‍ തങ്ങളുടെ കാലയളവില്‍ പാസ്സാക്കിയെടുക്കാന്‍ കഴിയില്ല എന്ന് വ്യക്തമായി അറിയാമെങ്കിലും, ബില്ലവതരണത്തിലൂടെ, ആഗോള സാമ്പത്തിക തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ പൊതു ഉടമാസമ്പ്രദായത്തിന് വന്‍ പ്രാധാന്യം കൈവന്നിരിക്കുന്ന സാഹചര്യത്തില്‍ പോലും ഇന്‍ഷുറന്‍സ് സ്വകാര്യവല്‍ക്കരണത്തിന്റെയും ഉദാരവല്‍ക്കരണത്തിന്റെയും പ്രക്രിയ ഗവണ്‍മെന്റ് തുടരുകയാണ് ചെയ്തിരിക്കുന്നത്. ഇതിന്റെ ലക്ഷ്യം, ഇന്‍ഷുറന്‍സ് മേഖലയുടെ സമ്പൂര്‍ണ്ണ സ്വകാര്യവല്‍ക്കരണവും സര്‍ക്കാര്‍ നിയന്ത്രണം അവസാനിപ്പിച്ച് വിദേശ കുത്തകകള്‍ക്ക് കൂടുതല്‍ ഇടം നല്‍കലുമാണ്.

പുതിയ നിയമ നിര്‍മ്മാണത്തിലടങ്ങിയിരിക്കുന്ന നാല് സുപ്രധാന ഘടകങ്ങള്‍, ഇക്കാര്യത്തിന് ഊന്നല്‍ നല്‍കുന്നുണ്ടെന്ന് വ്യക്തം. ഒന്നാമത്തെ കാര്യം, കമ്പോളത്തില്‍നിന്ന് മൂലധനം സമാഹരിക്കാന്‍ പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളെ അനുവദിക്കുന്നു എന്നതാണ്. രണ്ടാമത്, വിദേശ നിക്ഷേപ പരിധി ഉയര്‍ത്തുന്നു എന്നതാണ്. മൂന്നാമത്, ആരോഗ്യ ഇന്‍ഷുറന്‍സ് പോലെയുള്ള മേഖലകളില്‍, സ്വകാര്യ കമ്പനികളുടെ മൂലധന ആവശ്യങ്ങള്‍ കുറയ്ക്കുന്നു എന്നതാണ്. നാലാമത് ഇന്‍ഷുറന്‍സ് മേഖലയുടെ ഘടനാപരമായ നിയന്ത്രണങ്ങള്‍ക്കു മുകളിലായി മൂലധന പര്യാപ്തതയിലൂടെ സ്വയം നിയന്ത്രണത്തിന് ഊന്നല്‍ നല്‍കുന്നു എന്നതാണ്.

ജനറല്‍ ഇന്‍ഷുറന്‍സ് മേഖലയില്‍, വിദേശ നിക്ഷേപ പരിധി 26-ല്‍ നിന്ന് 49 ശതമാനമായി വര്‍ദ്ധിപ്പിക്കുന്നതിനു പുറമെ, സര്‍ക്കാരിന്റെ അനുവാദത്തോടെ പൊതുകമ്പോളത്തില്‍നിന്ന് മൂലധനം കണ്ടെത്തുന്നതിന് പൊതുമേഖലാ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് പുതിയ നിയമം അനുവാദം നല്‍കുന്നുണ്ട്. മാത്രവുമല്ല, ബാങ്കുകള്‍ ചെയ്യുന്ന രീതിയില്‍, പുതിയ സാമ്പത്തിക ഉപകരണങ്ങള്‍ വഴി പുതിയ മൂലധനം കണ്ടെത്താന്‍ കൂടി ഇന്‍ഷുറന്‍സ് കമ്പനികളെ നിര്‍ദ്ദിഷ്ട നിയമം അനുവദിക്കുന്നു. അതു കൂടാതെ ലണ്ടനിലെ ലോയ്‌ഡ് കമ്പനിയെ സഹായിക്കുന്നതിനെന്ന് ഒറ്റ നോട്ടത്തില്‍ത്തന്നെ വ്യക്തമാകുന്ന വകുപ്പ് കൂടി പുതിയ നിയമത്തില്‍ എഴുതി ചേര്‍ത്തിട്ടുണ്ട്. 200 കോടി രൂപയുടെ ചുരുങ്ങിയ മൂലധനമുണ്ടെങ്കില്‍ വിദേശ റീ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ഇന്ത്യയില്‍ ശാഖകള്‍ തുടങ്ങാം എന്നതാണത്.

നാളിതുവരെ, ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പറേഷനു മാത്രമേ ഇന്ത്യയില്‍ റീ ഇന്‍ഷുറന്‍സ് നല്‍കാന്‍ കഴിയുമായിരുന്നുള്ളൂ. അതുപോലെതന്നെ, അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് മേഖലയില്‍, സ്വകാര്യ കമ്പനികളെ സഹായിക്കുന്നതിനായി ചുരുങ്ങിയ മൂലധനം 100 കോടിയില്‍നിന്ന് 50 കോടിയാക്കി കുറയ്ക്കുന്നതിനും ബില്ലില്‍ വ്യവസ്ഥയുണ്ട്. കമ്പനികളുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ പ്രമോട്ടര്‍മാരെ സഹായിക്കുന്ന വിധത്തില്‍, 10 വര്‍ഷത്തിനു ശേഷം, പ്രമോട്ടര്‍മാര്‍, അവരുടെ ഓഹരിയുടെ ഒരു നിശ്ചിത ഭാഗം വിറ്റഴിക്കണമെന്ന വകുപ്പ് ഇല്ലാതാക്കുന്നുമുണ്ട് പുതിയ നിയമം. പുതിയ നിയന്ത്രണ ചട്ടക്കൂടിന്റെ ഭാഗമെന്നോണം, സ്വയം നിയന്ത്രണ സംവിധാനങ്ങളായി ലൈഫ് ഇന്‍ഷുറന്‍സ് കൌണ്‍സിലും ജനറല്‍ ഇന്‍ഷുറന്‍സ് കൌണ്‍സിലും സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്നുണ്ട്.

മേല്‍ പറഞ്ഞതൊക്കെയാണ് സുപ്രധാന മാറ്റങ്ങളെങ്കിലും, ഈ ഗവണ്‍മെന്റോ, വരാന്‍ പോകുന്ന മറ്റൊരു ഗവണ്‍മെന്റോ LICയ്ക്കു വേണ്ടി എന്താണ് കരുതി വച്ചിരിക്കുന്നത് എന്നതാണ് ഏറെ പ്രധാനം. സ്വകാര്യ കമ്പനികളുടേതു പോലെ, LICയുടെ മൂലധനം വര്‍ദ്ധിപ്പിക്കുക എന്ന നിഷ്കളങ്കമായ നിയമമെന്ന ഭാവേനയാണ് LIC ഭേദഗതി നിയമം അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍, ജനറല്‍ ഇന്‍ഷുറന്‍സ് മേഖലയില്‍ നടപ്പാക്കുന്ന മാറ്റങ്ങളുമായി ചേര്‍ത്തു വായിക്കുമ്പോള്‍ മാത്രമേ നിയമത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം പുറത്തു വരികയുള്ളൂ.

പൊതുമേഖലാ കമ്പനികളില്‍ സര്‍ക്കാരിന്റെ ഓഹരി പങ്കാളിത്തം കുറയ്ക്കുക എന്ന ഉദ്ദേശത്തോടെ, മൂലധന കമ്പോളത്തില്‍നിന്നും പണം സമാഹരിക്കാന്‍ അവയെ അനുവദിക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നു. ഇതോടൊപ്പം തന്നെയാണ് ഇന്‍ഷുറന്‍സിലെ FDI വര്‍ദ്ധിപ്പിക്കുന്നത്. ഈ വകുപ്പുകള്‍ LIC യ്ക്കുകൂടി ബാധകമാക്കിയിട്ടുണ്ടെങ്കില്‍, LIC യുടെ മൂലധന വര്‍ദ്ധന നടപ്പാക്കുന്നത് അതിന്റെ സ്വന്തം പണം ഉപയോഗിച്ചായിരിക്കില്ല. മറിച്ച് കമ്പോളത്തില്‍നിന്നും വിദേശ നിക്ഷേപകരില്‍നിന്നും സമാഹരിക്കുന്ന പണം ഉപയോഗിച്ചായിരിക്കും. പുതിയ നിയമത്തിലൂടെ, കമ്പോളത്തിലുള്ള സ്വകാര്യ കമ്പനികള്‍ക്ക് തുല്യമായി LIC യെ കൊണ്ടുവരാനുള്ള സര്‍ക്കാരിന്റെ ഗൂഢശ്രമമാണ് ഈ ആശങ്കയ്ക്കടിസ്ഥാനം. പൊതു ഉടമസ്ഥതയിലുള്ള ലൈഫ്-ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളിലെ, സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിന്റെ സ്ഥാനത്ത് IRDA യുടെ മാര്‍ഗനിര്‍ദ്ദേശങ്ങളും മൂലധന പര്യാപ്തതയും അടിസ്ഥാനമാക്കിയുള്ള 'സ്വയം നിയന്ത്രണം' എന്ന പുതിയ വകുപ്പ് ഈ ആശങ്കയെ കൂടുതല്‍ ബലപ്പെടുത്തുന്നുണ്ട്.

LIC യുടെ പോളിസി ഉടമകള്‍ക്ക് നല്‍കിവരുന്ന 'സോവറിന്‍ ഗ്യാരന്റി' എന്ന സര്‍ക്കാരിന്റെ ഉറപ്പ് പിന്‍വലിക്കാനുള്ള ശ്രമമാണ്, LIC യുടെ മിച്ചത്തിന്റെ ഒരു ഭാഗം-ആസ്തികളും ബാധ്യതകളും തമ്മിലുള്ള വ്യത്യാസം-സോള്‍വെന്‍സി മാര്‍ജിന്‍ ആയി പരിഗണിച്ച്, ആവശ്യമുള്ള സന്ദര്‍ഭത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്ന കരുതല്‍ ശേഖരമാക്കി മാറ്റണം എന്ന വ്യവസ്ഥയിലൂടെ പ്രതിഫലിക്കുന്നത്. ഇപ്പോള്‍ LIC യുടെ ലാഭത്തിന്റെ 95 ശതമാനവും ബോണസായി പോളിസി ഉടമകള്‍ക്ക് വീതിച്ചു കൊടുക്കുകയാണ് ചെയ്യുന്നത്. ബാക്കി 5% ലാഭവിഹിതമായി സര്‍ക്കാരിന് കൈമാറുന്നു. പുതിയ നിയമമനുസരിച്ച്, പോളിസി ഉടമകള്‍ക്ക് ബോണസ്സായി ലാഭത്തിന്റെ 90-നും 95 ശതമാനത്തിനും ഇടയ്ക്കുള്ള തുക നല്‍കിയാല്‍ മതിയാകും. ചുരുക്കത്തില്‍, സര്‍ക്കാര്‍ നിയന്ത്രണവും സര്‍ക്കാര്‍ ഗ്യാരന്റിയും എന്നതിന്റെ സ്ഥാനത്ത്, സ്വയം നിയന്ത്രണവും മൂലധന പര്യാപ്തതയും സോള്‍വെന്‍സി മാര്‍ജിനും സ്ഥാനം പിടിക്കുന്നു.

ഇന്‍ഷുറന്‍സ് വ്യവസായം നല്‍കുന്ന 'ഉല്‍പ്പന്നം' വിവിധ മേഖലകളിലുണ്ടാകുന്ന അനിശ്ചിതത്വത്തെ ലഘൂകരിക്കുന്നതിനുള്ള വാഗ്ദാനമാണ്. ഈ വാഗ്ദാനം കരാറിലൂടെയാണ് നല്‍കപ്പെടുന്നത്. ഭാവിയിലുണ്ടാകാവുന്ന ഒരു സംഭവത്തില്‍ നിന്നുള്ള നഷ്ടം നികത്തുന്നതിനാണ് ഉപഭോക്താവ് വന്‍തുക പ്രീമിയമായി മുന്‍കൂര്‍ നല്‍കുന്നത്. ഇന്‍ഷുറന്‍സ് കമ്പനികള്‍, പ്രീമിയമായി ലഭിക്കുന്ന പണം, വിവിധ തരത്തിലുള്ള നിക്ഷേപങ്ങളാക്കി മാറ്റുകയാണ് ചെയ്യുന്നത്. ഈ നിക്ഷേപത്തിന്റെ വിശദാംശങ്ങളോ, നിക്ഷേപ ഏജന്റിന്റെ കാര്യശേഷി, യോഗ്യത, വിശ്വാസ്യത തുടങ്ങിയ ഒരു കാര്യങ്ങളെക്കുറിച്ചും ഉപഭോക്താവിന് അറിവുണ്ടാവില്ല. എന്നാല്‍ ഈ നിക്ഷേപങ്ങളുടെ ലാഭസാദ്ധ്യതയാണ് വാഗ്ദാനം നിറവേറ്റുന്നതിനുള്ള ഇന്‍ഷുറന്‍സ് കമ്പനികളുടെ ശേഷി നിര്‍ണ്ണയിക്കുന്നത്. അപ്പോള്‍, ഇന്‍ഷുറന്‍സ് ബിസിനസ്സ് എന്നത് വലിയ അപകട സാദ്ധ്യത നിറഞ്ഞ ഒരു ബിസിനസ്സാണ് എന്നര്‍ത്ഥം. കൂടുതല്‍ ബിസിനസ്സും കൂടുതല്‍ ലാഭവും ലഭിക്കുന്നതിനുവേണ്ടി, ഇന്‍ഷുറന്‍സ് കമ്പനികള്‍, പ്രീമിയം വളരെ കുറച്ച് പോളിസി നല്‍കുകയും, പോളിസി ഉടമകളുടെ പണം, അതിസാഹസികമായ രീതിയില്‍ കൂടുതല്‍ 'റിസ്ക്' ഉള്ള നിക്ഷേപങ്ങളില്‍ മുടക്കുകയും ചെയ്യുന്നത് പതിവാണ്. അതുകൊണ്ടുതന്നെ, ഇന്‍ഷുറന്‍സ് വ്യവസായത്തില്‍ കടത്തു മത്സരം നടക്കുന്ന അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ നിരവധി കമ്പനികള്‍ തകരുന്നതില്‍ അത്ഭുതമില്ല.

പൊലിഞ്ഞ വാഗ്ദാനങ്ങള്‍

1990-ല്‍ തന്ന, അമേരിക്കയിലെ പ്രതിനിധി സഭ നിയമിച്ച സബ് കമ്മിറ്റി, അവിടുത്തെ ഇന്‍ഷുറന്‍സ് കമ്പനികളുടെ തകര്‍ച്ചയെക്കുറിച്ച് ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. 'പൊലിഞ്ഞ വാഗ്ദാനങ്ങള്‍' എന്നായിരുന്നു അതിന്റെ തലക്കെട്ടുതന്നെ. നിരവധി മുന്‍നിര കമ്പനികളുടെ തകര്‍ച്ചയ്ക്ക് കമ്മിറ്റി കണ്ടെത്തിയ കാരണങ്ങള്‍ ഇവയാണ്- ശീഘ്രഗതിയിലുള്ള വികസനം, മാനേജിംഗ് ഏജന്റുമാരിലുള്ള അമിത ആശ്രിതത്വം, വിപുലവും, സങ്കീര്‍ണ്ണവുമായ റീ ഇന്‍ഷുറന്‍സ് നടപടികള്‍, അമിതമായ വില കുറയ്ക്കല്‍, കരുതല്‍ ധനശേഖര പ്രശ്നം, ലക്കുകെട്ട മാനേജ്‌മെന്റ്, കൃത്രിമം, അത്യാര്‍ത്തി തുടങ്ങിയവ.

ഈ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് അവിടെ ഇന്‍ഷുറന്‍സ് മേഖലയില്‍ വലിയ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. എന്നാല്‍, നിയന്ത്രണങ്ങള്‍ നടപ്പാക്കിയിട്ടും സ്ഥിതിഗതികളില്‍ വലിയ മാറ്റമുണ്ടായിട്ടില്ല എന്നാണ് AIG യുടെ തകര്‍ച്ച വ്യക്തമാക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ AIG തകര്‍ന്നതിന്റെ പ്രധാന കാരണം, ബാങ്കുകള്‍ കൈവശം വച്ചിരുന്ന നിശ്ചിത വരുമാന സെക്യൂരിറ്റികളുടെ ഇന്‍ഷുറന്‍സ് ഏറ്റെടുത്തതിന്റെ ഭാഗമായുണ്ടായ അതിഭീമമായ നഷ്ടമായിരുന്നു. സ്ഥാപനം തകരുമെന്നും വ്യവസ്ഥയാകെ തന്നെ അപകടത്തിലാകുമെന്നുമുള്ള സ്ഥിതി വന്നപ്പോള്‍ AIG യെ ദേശസാല്‍ക്കരിക്കാതെ മറ്റു മാര്‍ഗമില്ലാതായി. ഈ പശ്ചാത്തലത്തില്‍വേണം, നമ്മള്‍ സ്വകാര്യ കമ്പനികളുടെ 'മത്സര ക്ഷമത' എന്ന വിഷയത്തെ സമീപിക്കാന്‍.

പൊതുഉടമാ സമ്പ്രദായത്തിന്റെ നേട്ടങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ട്, ഇന്‍ഷുറന്‍സ് വ്യവസായം പുനഃസംഘടിപ്പിക്കേണ്ടതുണ്ടെന്ന് സമീപകാല സംഭവവികാസങ്ങള്‍ തെളിയിക്കുന്നുണ്ട്. തങ്ങളുടെ സാമൂഹ്യ ബാദ്ധ്യതകള്‍ നിറവേറ്റുന്ന കാര്യത്തില്‍, പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികള്‍ ഇതുവരെ പരാജയപ്പെട്ടിട്ടില്ല. സാമൂഹ്യ മേഖലയിലെ നിക്ഷേപത്തിന് ഭീമമായ തുക സര്‍ക്കാരിന് ലഭ്യമാക്കുക മാത്രമല്ല, പാവപ്പെട്ടവര്‍ക്ക് ഇന്‍ഷുറന്‍സ് സംരക്ഷണം നല്‍കുക കൂടി ചെയ്യുന്നുണ്ട് LIC. എന്നിട്ടും സ്വകാര്യവല്‍ക്കരണം മുന്നോട്ടുകൊണ്ടുപോകാനാണ് ഇന്ത്യാഗവണ്‍മെന്റ് ശ്രമിക്കുന്നത്.

സ്വകാര്യ ഇന്‍ഷുറന്‍സിന്റെ ആഗോള തലത്തിലുള്ള അനുഭവം മാത്രമല്ല, ഇന്ത്യയിലെ പൊതുമേഖലാ ഇന്‍ഷുറന്‍സിന്റെ നേട്ടങ്ങളും സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുകയാണ്. അതുകൊണ്ടുതന്നെ, ഇപ്പോള്‍ അവതരിപ്പിക്കപ്പെട്ടിട്ടുള്ള രണ്ട് ബില്ലുകളും ഇപ്പോഴത്തെ പ്രധാനമന്ത്രിയുടെ കാലത്തുതന്നെ ഇന്ത്യന്‍ ഇന്‍ഷുറന്‍സ് മേഖലയെ കൂടുതല്‍ ഉദാരവല്‍ക്കരിക്കാനും ആഗോളവല്‍ക്കരിക്കാനും ലക്ഷ്യമിട്ടുള്ളതാണ്.

****

സി.പി.ചന്ദ്രശേഖർ, കടപ്പാട് : പി എ ജി

(പ്രശസ്ത സാമ്പത്തിക വിദഗ്ദ്ധനും ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലെ അദ്ധ്യാപകനുമായ ഡോ. സി.പി. ചന്ദ്രശേഖര്‍ 2009 ജനുവരി 16-ലെ ഫ്രന്റ്‌ലൈന്‍ ദ്വൈവാരികയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ സംക്ഷിപ്തം തയ്യാറാക്കിയത് സി.ബി. വേണുഗോപാല്‍)

1 comment:

വര്‍ക്കേഴ്സ് ഫോറം said...

പൊതുഉടമാ സമ്പ്രദായത്തിന്റെ നേട്ടങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ട്, ഇന്‍ഷുറന്‍സ് വ്യവസായം പുനഃസംഘടിപ്പിക്കേണ്ടതുണ്ടെന്ന് സമീപകാല സംഭവവികാസങ്ങള്‍ തെളിയിക്കുന്നുണ്ട്. തങ്ങളുടെ സാമൂഹ്യ ബാദ്ധ്യതകള്‍ നിറവേറ്റുന്ന കാര്യത്തില്‍, പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികള്‍ ഇതുവരെ പരാജയപ്പെട്ടിട്ടില്ല. സാമൂഹ്യ മേഖലയിലെ നിക്ഷേപത്തിന് ഭീമമായ തുക സര്‍ക്കാരിന് ലഭ്യമാക്കുക മാത്രമല്ല, പാവപ്പെട്ടവര്‍ക്ക് ഇന്‍ഷുറന്‍സ് സംരക്ഷണം നല്‍കുക കൂടി ചെയ്യുന്നുണ്ട് LIC. എന്നിട്ടും സ്വകാര്യവല്‍ക്കരണം മുന്നോട്ടുകൊണ്ടുപോകാനാണ് ഇന്ത്യാഗവണ്‍മെന്റ് ശ്രമിക്കുന്നത്.

സ്വകാര്യ ഇന്‍ഷുറന്‍സിന്റെ ആഗോള തലത്തിലുള്ള അനുഭവം മാത്രമല്ല, ഇന്ത്യയിലെ പൊതുമേഖലാ ഇന്‍ഷുറന്‍സിന്റെ നേട്ടങ്ങളും സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുകയാണ്. അതുകൊണ്ടുതന്നെ, ഇപ്പോള്‍ അവതരിപ്പിക്കപ്പെട്ടിട്ടുള്ള രണ്ട് ബില്ലുകളും ഇപ്പോഴത്തെ പ്രധാനമന്ത്രിയുടെ കാലത്തുതന്നെ ഇന്ത്യന്‍ ഇന്‍ഷുറന്‍സ് മേഖലയെ കൂടുതല്‍ ഉദാരവല്‍ക്കരിക്കാനും ആഗോളവല്‍ക്കരിക്കാനും ലക്ഷ്യമിട്ടുള്ളതാണ്.