Tuesday, July 7, 2009

പൊരുത്തക്കേട്, അപര്യാപ്തത

ധനമന്ത്രി പ്രണബ്‌മുഖര്‍ജി 2009-10 വര്‍ഷത്തേക്കുവേണ്ടി അവതരിപ്പിച്ച ബജറ്റ് തങ്ങളുടെ പ്രതീക്ഷകള്‍ നിറവേറ്റുമെന്ന് കുറച്ചുപേരെങ്കിലും കരുതുന്നുണ്ടാകാം. ജനസംഖ്യയിലെ കൂടുതല്‍ വിഭാഗങ്ങളില്‍നിന്നും ഒരുകൈ കൊണ്ട് എടുക്കുന്നത് മറ്റേ കൈകൊണ്ടു തിരിച്ചുനല്‍കാന്‍ ശ്രമിക്കുന്നതാണ് ഈ ധാരണ ഉണ്ടാകാനുള്ള ഒരു കാരണം. എന്നാല്‍, ആദായനികുതി പരിധിയില്‍ നാമമാത്രമായ വര്‍ധന വരുത്തുകയും വ്യക്തിഗത ആദായനികുതിദായകര്‍ നല്‍കുന്ന ആദായനികുതിക്കു മേലുള്ള സര്‍ചാര്‍ജ് നിരോധിക്കുകയും ചെയ്തെങ്കിലും പരോക്ഷനികുതിയില്‍ വരുത്തിയ വര്‍ധന ഈ വിഭാഗങ്ങളെ പ്രതികൂലമായി ബാധിക്കും. ഫ്രിഞ്ച് ബെനഫിറ്റ് ടാക്സ് (തൊഴിലുടമകള്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങളുടെ മൊത്തം മൂല്യം കണക്കാക്കിയുള്ള നികുതി) നിരോധിക്കുകയും കയറ്റുമതി ലക്ഷ്യമിടുന്ന യൂണിറ്റുകള്‍ക്കുള്ള നികുതിയൊഴിവ് കാലം വീണ്ടും നീട്ടുകയും ചെയ്തത് കോര്‍പറേറ്റുകള്‍ക്ക് ആഹ്ളാദം പകരുന്നതാണെങ്കിലും മിനിമം ബദല്‍നികുതിയില്‍ വരുത്തിയ വര്‍ധന ഇക്കൂട്ടരില്‍ ഗണ്യമായ വിഭാഗത്തിന് ദോഷമാകും. ദരിദ്രര്‍ക്ക് ആവശ്യമുള്ള കാര്യങ്ങള്‍ നല്‍കുമെന്ന് വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ഇതനുസരിച്ചുള്ള വിഹിതം ബജറ്റില്‍ നീക്കിവച്ചിട്ടില്ല. ഈ പൊരുത്തക്കേടാണ് ബജറ്റിനെക്കുറിച്ചുള്ള ആദ്യപ്രതികരണങ്ങള്‍ സമ്മിശ്രവും നിശബ്ദപൂര്‍ണവുമാകാന്‍ കാരണം.

പക്ഷേ, നിരാശ പടരാനുള്ള കാരണം ഇതുമാത്രമല്ല, 3ജി സ്പെക്ട്രം വില്‍പ്പന വഴി 35,000 കോടി രൂപ സമാഹരിക്കല്‍, വന്‍തോതിലുള്ള കടമെടുപ്പിലൂടെ 2009-10ല്‍ ധനകമ്മിയും ആഭ്യന്തര മൊത്തം ഉല്‍പ്പാദനവും തമ്മിലുള്ള അനുപാതം 6.8ല്‍ എത്തിക്കല്‍ എന്നീ നടപടികളിലൂടെ ധനമന്ത്രി കാര്യമായ വിഭവസമാഹരണം ലക്ഷ്യമിടുന്നുണ്ടെങ്കിലും നിക്ഷേപം വര്‍ധിപ്പിക്കാനും ദരിദ്രര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും ആനുകൂല്യങ്ങള്‍ നല്‍കാനും എടുത്തുപറയത്തക്ക ഒന്നും പ്രഖ്യാപിക്കാത്തതാണ് ധനമന്ത്രിയുടെ മുഖ്യപരാജയം.

ഈയിടെ ഉണ്ടായ സാമ്പത്തികമാന്ദ്യം മറികടക്കാനും സമ്പദ്ഘടനയില്‍ ഉന്മേഷം തിരിച്ചുകൊണ്ടുവരാനും താന്‍ ലക്ഷ്യമിടുന്നുവെന്ന മന്ത്രിയുടെ അവകാശവാദം പരിശോധിക്കാം. 2008-09ലെ പുതുക്കിയ കണക്കുകളുമായി നോക്കുമ്പോള്‍ 2009-10ലെ മൊത്തം ചെലവിലെ വര്‍ധന ആഭ്യന്തര മൊത്തം ഉല്‍പ്പാദനത്തിന്റെ രണ്ടു ശതമാനത്തോളം വരുമെങ്കിലും ഇതില്‍ ഏറിയപങ്കും മുമ്പ് ഏറ്റെടുത്ത ചെലവുകളുടെ അനന്തരഫലമാണ്. ഇതില്‍ പ്രധാനപ്പെട്ടവ, ആറാം ശമ്പളകമീഷന്റെ ശുപാര്‍ശ നടപ്പാക്കിയതു വഴി ഉണ്ടായ വര്‍ധിച്ച ശമ്പളബില്‍, മുന്‍വര്‍ഷങ്ങളിലെ വന്‍തോതിലുള്ള കടമെടുപ്പ് പലിശയിനത്തില്‍ വരുത്തിയ ചെലവിന്റെ വര്‍ധന എന്നിവയാണ്. ഇപ്പോഴത്തെ സര്‍ക്കാരിന്റെ പുതിയ നടപടികള്‍ ഇക്കാര്യത്തില്‍ കുറഞ്ഞതോതിലുള്ള സ്വാധീനവും ദീര്‍ഘകാല പ്രയോജനം സൃഷ്ടിക്കുന്ന പദ്ധതിച്ചെലവുകള്‍ക്കു പകരമുള്ള പദ്ധതിയിതര ചെലവുകള്‍ കൂടുതല്‍ സ്വാധീനവും ചെലുത്തിയിട്ടുണ്ട്. അങ്ങനെ, 2008-09ലെ കണക്കുകളുമായി നോക്കുമ്പോള്‍ കേന്ദ്രപദ്ധതികള്‍ക്കുള്ള ബജറ്റ് പിന്തുണയില്‍ വന്ന വര്‍ധന ആഭ്യന്തര മൊത്തം ഉല്‍പ്പാദനത്തിന്റെ ഒന്നരശതമാനം മാത്രമേ ആകുന്നുള്ളു. തന്റെ ബജറ്റ് വളര്‍ച്ചയ്ക്ക് പ്രചോദനം സൃഷ്ടിക്കുമെന്നും ഉണര്‍വ് തിരിച്ചുകൊണ്ടുവരുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചിരിക്കെയാണ് ഈ സ്ഥിതി. വളര്‍ച്ച എങ്ങനെ കൊണ്ടുവരാമെന്ന കാര്യത്തില്‍ ധനമന്ത്രിക്ക് 'കാഴ്ചപ്പാട്' ഇല്ലെന്നു പറയാന്‍ വേണ്ടിയല്ല ഇതു സൂചിപ്പിക്കുന്നത്.

ഗ്രാമീണമേഖലാ വികസനത്തിന്റെ വിവിധ രംഗങ്ങളിലെ ചെലവില്‍ വരുത്തിയ അപര്യാപ്തമായ വര്‍ധന സംബന്ധിച്ച് ആരാഞ്ഞാല്‍ ധനമന്ത്രി കാര്‍ഷികമേഖലയിലേക്ക് വായ്പകളുടെ ഒഴുക്ക് 2008-09ലെ 2,87,000 കോടി രൂപയില്‍നിന്ന് 2009-10ല്‍ 3,25,000 കോടിയായി വര്‍ധിപ്പിക്കുമെന്ന (ബജറ്റ് വഴിയല്ല, ബാങ്കുകളില്‍നിന്ന്) തന്റെ പ്രഖ്യാപനത്തിലേക്ക് വിരല്‍ചൂണ്ടും. നിര്‍ണായക അടിസ്ഥാന സൌകര്യമേഖലകളില്‍ അധിക പൊതുനിക്ഷേപം നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ചോദിച്ചാല്‍ സ്വകാര്യ-പൊതുപങ്കാളിത്തത്തോടെ (പിപിപി) നടപ്പാക്കുന്ന അടിസ്ഥാനസൌകര്യവികസന പദ്ധതികള്‍ക്ക് ബാങ്കുകള്‍ നല്‍കുന്ന വായ്പയുടെ 60 ശതമാനം വരെ അവര്‍ക്ക് ഇന്ത്യാ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫിനാന്‍സിങ് കമ്പനി ലിമിറ്റഡ്(ഐഐഎഫ്സിഎല്‍) പുനര്‍വായ്പ നല്‍കുമെന്ന വസ്തുതയിലേക്ക് ധനമന്ത്രി വിരല്‍ചൂണ്ടും. ചുരുക്കത്തില്‍ വളര്‍ച്ചയ്ക്കുള്ള പ്രചോദനം നല്‍കുന്ന ചെലവുകള്‍ പൂര്‍ണമായും സര്‍ക്കാരില്‍നിന്നല്ല വരുന്നത്, മറിച്ച് സ്വതന്ത്രബാങ്കിങ് സംവിധാനം സ്വകാര്യമേഖലയ്ക്ക് നല്‍കുന്ന വായ്പകള്‍ വഴിയാണ്.

അപര്യാപ്തമായ ധനവിനിയോഗത്തിന്റെ പ്രശ്നം വളര്‍ച്ചയുടെ മേഖലയില്‍ മാത്രം ഒതുങ്ങുന്നതല്ല. ഉദാഹരണത്തിന്, സര്‍ക്കാരിന്റെ അഭിമാനപദ്ധതിയായ ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിക്കുള്ള ബജറ്റ് വിഹിതത്തില്‍ 144 ശതമാനം വര്‍ധന വരുത്തിയെന്ന ധനമന്ത്രിയുടെ വാദം പരിശോധിക്കാം. 2009-10ലെ ബജറ്റ് അടങ്കലിനെ 2008-09ലെ ബജറ്റ് കണക്കുമായി കൈകാര്യം ചെയ്യുമ്പോള്‍ ഈ വാദം ശരിയാണ്. പക്ഷേ, ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി ചോദന (ഡിമാന്‍ഡ്) വര്‍ധിപ്പിക്കാനുള്ള പദ്ധതിയാണെന്ന യാഥാര്‍ഥ്യം പരിഗണിക്കുമ്പോള്‍ 2008-09ല്‍ നീക്കിവച്ച വിഹിതം തീര്‍ത്തും അപര്യാപ്തമായിരുന്നു. ചോദനയില്‍ വരുന്ന വര്‍ധനയ്ക്ക് അനുസൃതമായി കൂടുതല്‍ തുക നീക്കിവയ്ക്കുമെന്ന വാഗ്ദാനവും ഉണ്ടായിരുന്നു. തൊഴിലുറപ്പു പദ്ധതി നാമമാത്രമായി നടപ്പാക്കിയപ്പോള്‍ തന്നെ 2008-09ല്‍ യഥാര്‍ഥ വിഹിതം ബജറ്റില്‍ പ്രഖ്യാപിച്ചതിനേക്കാള്‍ കുതിച്ചുയര്‍ന്നു; 36,750 കോടി രൂപ വരെയായി. ഇതിനെ 2009-10ലെ ബജറ്റ്വിഹിതമായ 39,100 കോടി രൂപയുമായി താരതമ്യം ചെയ്യുക, 2350 കോടി രൂപയുടെ വര്‍ധന മാത്രം, 6.4 ശതമാനം മാത്രം കൂടുതല്‍. പദ്ധതി നിര്‍വഹണം മെച്ചപ്പെടുകയും സംസ്ഥാനങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുകയും ചെയ്താല്‍ ഈ തുക ആവശ്യത്തിന് തീരെ മതിയാകില്ല.

അപര്യാപ്തമായ വിഹിതത്തിന് മറ്റ് ഒട്ടേറെ ഉദാഹരണങ്ങളുണ്ട്. ഗ്രാമീണ ആരോഗ്യമിഷന് കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 1730 കോടി രൂപ മാത്രമാണ് കൂടുതലായി നീക്കിവച്ചിട്ടുള്ളത്. ആരോഗ്യരംഗത്തെ മൊത്തം ചെലവില്‍ സ്വകാര്യമേഖല ആധിപത്യം പുലര്‍ത്തുന്ന രാജ്യമാണ് ഇന്ത്യയെന്നതും ഇതു ഗ്രാമീണമേഖലയില്‍ കടക്കെണി സൃഷ്ടിക്കുന്നുണ്ടെന്നതും ഓര്‍ക്കണം. സമഗ്ര ശിശുവികസന പദ്ധതി സാര്‍വത്രികമായി നടപ്പാക്കണമെന്ന് സുപ്രീംകോടതി ഏതാനും വര്‍ഷംമുമ്പ് വിധി പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, ഈ പദ്ധതിക്കുള്ള ബജറ്റ്വിഹിതത്തില്‍ 361 കോടി രൂപയുടെ വര്‍ധന മാത്രമാണുള്ളത്. വിദ്യാഭ്യാസം നേടാനുള്ള അവകാശം അംഗീകരിച്ച കാര്യമാണെങ്കിലും പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള ബജറ്റ് വിഹിതത്തില്‍ 200 കോടിയോളം രൂപയുടെ വര്‍ധന മാത്രമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിനെല്ലാം പുറമെ, യുപിഎയുടെ ഭക്ഷ്യസുരക്ഷാപദ്ധതിക്കായി (ഏറ്റവും ദരിദ്രര്‍ക്കുള്ള അരിയുടെയും ഗോതമ്പിന്റെ അളവ് 35 കിലോയില്‍നിന്ന് 25 കിലോയായി കുറയ്ക്കുകയാണ്) ഭക്ഷ്യസബ്സിഡി ഇനത്തില്‍ 8862 കോടി രൂപയുടെ വര്‍ധന മാത്രം ഉണ്ടാകുമെന്നാണ് കരുതേണ്ടത്. താങ്ങുവില പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സബ്സിഡി മതിയായ തോതില്‍ ഉയര്‍ത്തേണ്ടതുണ്ട്.

ഇതെല്ലാം നോക്കുമ്പോള്‍ ബജറ്റ് മൊത്തത്തില്‍ പൊരുത്തക്കേട് നിറഞ്ഞതു മാത്രമല്ല, മാനുഷിക മുഖമുള്ള ഉയര്‍ന്ന വളര്‍ച്ച നേടുകയെന്ന ലക്ഷ്യം സാക്ഷാല്‍ക്കരിക്കാനുള്ള ചെലവുകള്‍ നേരിടാന്‍ അപര്യാപ്തവുമാണ്. ധന മുതലാളിമാരെ പ്രീതിപ്പെടുത്താനുള്ള കൂടുതല്‍ പരിഷ്കാരങ്ങളുമായി മുന്നോട്ടുപോകാന്‍ ബജറ്റ് ഏതു രീതിയില്‍ പ്രവര്‍ത്തിക്കും. പുതിയ പെന്‍ഷന്‍ പദ്ധതിയുടെ (എന്‍പിഎസ്) ട്രസ്റ്റിന്റെ നിക്ഷേപങ്ങള്‍ സ്വകാര്യ ഓഹരി കമ്പോളത്തില്‍ നിക്ഷേപിക്കുന്നവര്‍ക്ക് വിവിധ നികുതി ഇളവുകള്‍ നല്‍കുന്നത് ഇത്തരത്തിലുള്ള ഒരു നീക്കമാണ്. കൂടാതെ, ഇത്തരം നിക്ഷേപങ്ങളെ ഓഹരികൈമാറ്റ നികുതിയില്‍നിന്ന് ഒഴിവാക്കി. കൂടുതല്‍ വരുമാനം കിട്ടുമെന്ന പ്രതീക്ഷയില്‍ പെന്‍ഷന്‍ സമ്പാദ്യങ്ങള്‍ കൂടുതലായി ഓഹരി വിപണിയില്‍ നിക്ഷേപിക്കാന്‍ ഇതു പ്രോത്സാഹനം നല്‍കും. ഇതിന്റെ നേട്ടം ഓഹരി വിപണിയുടെ നടത്തിപ്പുകാര്‍ക്കാണ്, പക്ഷേ, പെന്‍ഷനെ ആശ്രയിച്ചു കഴിയുന്ന ഇടത്തരക്കാരുടെ ജീവിതത്തില്‍ അസ്ഥിരത ഉണ്ടാകാന്‍ ഇതു ഇടയാക്കും.

ഏതാനും ദിവസംമുമ്പ് പ്രസിദ്ധീകരിച്ച സാമ്പത്തിക സര്‍വേയില്‍ പ്രഖ്യാപിച്ച സ്വകാര്യവല്‍ക്കരണ നീക്കമാണ് മറ്റൊരു പ്രധാന നടപടി. പൊതുമേഖലാ സ്ഥാപനങ്ങളില്‍ പൊതുനിയന്ത്രണം നിലനിര്‍ത്തുമെന്ന് പ്രഖ്യാപിച്ചിരിക്കെ തന്നെ ധനമന്ത്രി ബജറ്റില്‍ സ്വകാര്യവല്‍ക്കരണത്തിനായി വാദിക്കുന്നു. അദ്ദേഹം പറയുന്നു:

"പൊതുമേഖലാ സ്ഥാപനങ്ങള്‍ രാജ്യത്തിന്റെ സമ്പത്താണ്, ഇതിലൊരു ഭാഗം ജനങ്ങളുടെ കൈയിലെത്തണം. ഓഹരികളുടെ 51 ശതമാനം സര്‍ക്കാരിന്റെ കൈയില്‍ നിലനില്‍ക്കുമ്പോള്‍ തന്നെ ഓഹരി വിറ്റഴിക്കല്‍ യത്നത്തില്‍ ഞാന്‍ ജനപങ്കാളിത്തം അഭ്യര്‍ഥിക്കുന്നു.''

സ്വകാര്യവല്‍ക്കരണ അജന്‍ഡ ഇപ്പോള്‍ 'ജനകീയ പങ്കാളിത്തത്തിന്റെ' പേരില്‍ നടപ്പാക്കാനാണ് ശ്രമിക്കുന്നത്. ബജറ്റ് വരുമാനം പൊതുമേഖലാ ഓഹരികള്‍ പൊതുജനങ്ങള്‍ക്ക് വിറ്റ കണ്ടെത്താനാണ് പദ്ധതിയെന്ന് വ്യക്തം. ഇതിന്റെ പിന്നിലുള്ള ഹ്രസ്വ ദൃഷ്ടി മാത്രമല്ല പ്രശ്നം, പൊതുമേഖലാസ്ഥാപനങ്ങളുടെ വന്‍ലാഭം നോക്കുമ്പോള്‍ തീര്‍ത്തും യുക്തിരഹിതവുമാണ്. കൂടാതെ, സാധാരണക്കാര്‍ ഓഹരികളില്‍ നിക്ഷേപിക്കില്ലെന്ന സത്യവും ധനമന്ത്രി മനസ്സിലാക്കണം. ഇവിടെ ധനമന്ത്രി 'ജനങ്ങള്‍' എന്നു വിശേഷിപ്പിക്കുന്നവര്‍ ഓഹരികമ്പോളത്തിലെ ക്രയവിക്രയങ്ങളില്‍ പ്രത്യക്ഷമായോ പരോക്ഷമായോ പങ്കെടുക്കുന്ന ഒരുപിടി സമ്പന്നര്‍ മാത്രമാണ്. അവര്‍ക്ക് ലഭിക്കുന്ന ഓഹരികള്‍ കൂടുതല്‍ ലാഭത്തിനായി വന്‍കിടക്കാര്‍ക്ക് മറിച്ചുവില്‍ക്കും. ഒടുവില്‍ പൊതുസ്ഥാപനങ്ങളില്‍ സ്വകാര്യകുത്തകകള്‍ക്ക് സ്വാധീനം ലഭിക്കും. ഇത്തരം താല്‍പ്പര്യങ്ങളാണ് ബജറ്റില്‍ പരിരക്ഷിക്കുന്നത്. പക്ഷേ, ഓഹരി കമ്പോളത്തില്‍നിന്നുള്ള ആദ്യപ്രതികരണം വ്യക്തമാക്കുന്നത് അവര്‍ക്കുപോലും ഇക്കാര്യം ബോധ്യപ്പെട്ടിട്ടില്ലെന്നാണ്.

*
സി പി ചന്ദ്രശേഖര്‍ ദേശാഭിമാനി 070709

3 comments:

Vivara Vicharam said...

ചന്ദ്രശേഖറിന്റെ ലേഖനത്തോടു് കോണ്‍ഗ്രസിന്റെ പ്രതികരണം താഴെ കൊടുക്കുന്നു.........

നിങ്ങളെന്തിനാ വിഷമിക്കുന്നതു് ?

ഇടതു പക്ഷത്തിന്റേയും തൊഴിലാളികളുടേയും ആവശ്യം അംഗീകരിച്ചിരിക്കുന്നു !
ബാങ്കും ഇന്‍ഷുറന്‍സും മേഖലകള്‍ സ്വകാര്യവല്‍ക്കരിക്കില്ല !
പൊതുമേഖലാ സ്ഥാപനങ്ങളുടെ 51% ഓഹരി സര്‍ക്കാരിന്റെ പക്കല്‍ തന്നെ സൂക്ഷിക്കും !
ഗ്രാമീണമേഖലയ്ക്കിനിയെന്താ വേണ്ടതു് ?
കേന്ദ്രം നേരിട്ടു് തന്നെ തൊഴിലും വായ്പയും ആരോഗ്യ സുരക്ഷാ പദ്ധതികളും നടപ്പാക്കും. അതിനായി വര്‍ദ്ധിച്ച തുക വകയിരുത്തിയിരിക്കുന്നു !
എല്ലാവര്‍ക്കും സന്തോഷമായല്ലോ ?

ഇനി ഞങ്ങളുടെ കോര്‍പ്പറേറ്റു് മേഖലയെ സഹായിച്ചില്ലെങ്കില്‍ അവരെങ്ങനെ ആഗോള തകര്‍ച്ചയെ അതിജീവിക്കും ?
അതിനാല്‍ കോര്‍പ്പറേറ്റു് മേഖലയ്ക്കു് നികുതിയില്‍ 18000 കോടിയുടെ ചെറിയൊരു ഇളവു് നല്‍കിയിരിക്കുന്നു !
പക്ഷെ, ഗ്രാമീണ മേഖലയ്ക്കും ആം ആദ്മിക്കും ക്ഷേമം വരുത്താന്‍ പണം ഇല്ലാതെ കഴിയുമോ ?
അതിനായി പൊതുമേഖലയുടെ ഓഹരി 49% വരെ വില്കാമല്ലോ ? (അതെത്രയെന്നങ്ങു് പറഞ്ഞിട്ടുമില്ല !)

പക്ഷെ, പൊതു ആസ്തികള്‍ ജനങ്ങളുടേതല്ലേ ?
അതു് കുത്തകകളുടെ സര്‍ക്കാരിന്റെ പക്കലിരുന്നാല്‍ സാധാരണ ജനങ്ങളെങ്ങനെ ജീവിക്കും. സര്‍ക്കാര്‍ നേരിട്ടു് വില്കുന്നില്ല. അതിനു് പകരം, സാധാരണക്കാരുമായി പതുമേഖലാ ഓഹരികള്‍ പങ്കുവെക്കും. 49% ഒറ്റയടിക്കല്ല. കുറേശ്ശെ. ഇപ്പോള്‍ വെറും 25000 കോടി മാത്രം. അതു് ജനങ്ങള്‍ വിറ്റു് തിന്നു് കഴിയുമ്പോള്‍ അവര്‍ക്കു് തന്നെ വീണ്ടും കൊടുക്കാമല്ലോ ?

ഈ ഇടതു പക്ഷ ബുദ്ധി ജീവികള്‍ക്കിതൊന്നും മനസിലാവില്ലെന്നുണ്ടോ ?

എന്തു് ചോദ്യങ്ങളാണിതു് ? 18000 കോടി രൂപ നികുതി ഇളവു് കൊടുക്കാതിരുന്നാല്‍ ഷെയര്‍ വില്പന ഒഴിവാക്കാമല്ലോ ? വില്പനയ്ക്കു് വെച്ച ഷെയറിന്റെ ലാഭവിഹിതവും കൂടി കൂട്ടിയാല്‍ 25000 ത്തോളമെത്തില്ലേ ?

പൊതുമേഖലയുടെ കയ്യിലിരിക്കുന്ന മിച്ചം പശ്ചാത്തല നിര്‍മ്മാണ മേഖലയില്‍ നിക്ഷേപിക്കാന്‍ അനുവദിച്ചാല്‍ ഓഹരി വില്കുന്നതിലും കൂടുതല്‍ തുകയുമുണ്ടു് പോലും. ജനങ്ങള്‍ക്കു് പണിയുമാകും പോലും. പൊതുമേഖലയ്ക്കു് ലാഭവും കിട്ടും പോലും. സര്‍ക്കാരിനു് കൂടിതല്‍ ലാഭ വിഹിതവും കിട്ടും പോലും.

അപ്പോള്‍ മാഷേ, ഞങ്ങള്‍, പാവപ്പെട്ട കോര്‍‌പ്പറേറ്റു് മേഖല എങ്ങിനെ ആഗോള മാന്ദ്യത്തിന്റെ ഫലമായുണ്ടാകുന്ന കയറ്റുമതി ഇടിവിനെ അതി ജീവിക്കും ?

അതു് മാത്രമോ, പാവം സാമ്രാജ്യത്വം എങ്ങിനെ പിടിച്ചു നില്‍ക്കും ?
അവരില്ലാതെ എങ്ങിനെ മുതലാളിത്തം നിലനില്‍ക്കും ?
മുതലാളിമാരില്ലാതെ എങ്ങിനെ തൊഴിലാളികള്‍ പിടിച്ചു നില്കും ?

അവര്‍ക്കായി കുറച്ചു് കമ്പോളം വികസിപ്പിക്കാനല്ലെ ഈ ഷെയര്‍ വില്പനയും പൊതു മേഖലയ്ക്കു് പൊതുമേഖലയില്‍ നിക്ഷേപത്തിനു് വിലക്കുകളും മറ്റും ഏര്‍പ്പെടുത്തിയിരിക്കുന്നതു്.
അതിനു് തന്നെയാണു് ചില്ലറ വില്പന മേഖല പോലും അവര്‍ക്കു കൂടി തുറന്നു് കൊടുക്കുന്നതു്. ഗ്രാമീണ തൊഴിലുറപ്പു് പദ്ധതി ഇടതു് പക്ഷം ഞങ്ങള്‍ക്കു് പറഞ്ഞു തന്നതിനു് അവരോടു് നന്ദിയുണ്ടു്. അതു് കാണിക്കാനാണു് പൊതു മേഖല സര്‍ക്കാരില്‍ തന്നെ നിലനിര്‍ത്തുമെന്നു് തീരുമാനിച്ചിരിക്കുന്നതു്. അവരുമായും പൊതുമേഖലയുടെ ഓഹരി പങ്കുവെയ്ക്കാമെന്നാണു് തീരുമാനിച്ചിരിക്കുന്നതു്. അവരും കുറെ ഓഹരികള്‍ വാങ്ങിക്കൊള്ളട്ടെ.
രാഷ്ട്രീയ പാര്‍ടികള്‍ക്കുള്ള ഡൊണേഷന്‍ പൂര്‍ണ്ണമായും നികുതി വിമുക്തമാക്കിയിരിക്കുന്നു. അവരും വാങ്ങിക്കൊള്ളട്ടെ.

ആരോഗ്യ പദ്ധതി എല്ലാവര്‍ക്കും ഗുണം ചെയ്യുന്നതുപോലെ ഗ്രാമീണ തൊഴിലുറപ്പു് പദ്ധതി ദേശീയ മൂലധനത്തിനു് മാത്രമല്ല ബഹുരാഷ്ട്ര മൂലധനത്തിനും നേട്ടമുണ്ടാക്കത്തക്ക തരത്തില്‍ അവര്‍ക്കും കോണ്‍ട്രാക്ടു് നല്‍കാന്‍ വഴിയുണ്ടോ എന്നു് പരിശോധിക്കുന്നുണ്ടു്.
പൊതു മേഖലയുടെ മിച്ചം പൊതു മേഖലയുടെ വികാസത്തിനുപയോഗിച്ചാല്‍ ഞങ്ങളുടെ പാവം കോര്‍പ്പറേറ്റുകളും ബഹുരാഷ്ട്ര കുത്തകകളും എങ്ങിനെ കഴിയുമെന്നാണീ ഇടതു പക്ഷം പറയുന്നതു് ?

അവര്‍ക്കു് വിവരം പണ്ടേ കമ്മിയാണോന്നോ, പിന്നെ പിന്നെയാണെന്നോ ഒക്കെ വെറുതേയല്ല പറയുന്നതു്.

പോകട്ടെ, പാവം കോര്‍പ്പറേറ്റുകള്‍ കഞ്ഞി കുടിച്ചു് കിടക്കട്ടെ.

Vivara Vicharam said...

കോണ്‍ഗ്രസിന്റെ പ്രതികരണം തുടര്‍ച്ച ...
നിങ്ങള്‍ തെരഞ്ഞെടുപ്പു് തോല്‍വിക്കുള്ള കാരണം അന്വേഷിക്കു്.
ലാവ്ലിന്‍ വിഷയമോ പിഡിപി ബന്ധമോ വല്ലതും ചര്‍ച്ച ചെയ്തോണ്ടിരുക്കു്.
ബംഗാളിലവര്‍ സിങ്ഗൂരും നന്ദിഗ്രാമും ചര്‍ച്ച ചെയ്തു് എന്താണു് പറ്റിയതെന്നു് കണ്ടു പിടിച്ചു് കഴിയട്ടെ.

അല്ലെങ്കില്‍ പോകട്ടെ, കുറഞ്ഞതു് അരുടെ പ്രസംഗമാണു് ആരുടെ പ്രസ്താവനകളാണു് തോല്‍വിക്കു് കാരണമായതെന്നും ചര്‍ച്ച ചെയ്യാം. മൂന്നാം മുന്നണി വേണമെന്നു് പറഞ്ഞതാണോ തോല്‍വിക്കു് കാരണം ?
അതിനു് ശ്രമിച്ചതാണോ കാരണം ? ഭരണം കിട്ടുമെന്നു് പറഞ്ഞതാണോ കാരണം ? ലാവ്ലിന്‍ കേസു് രാഷ്ട്രീയമായി നേരിടുമെന്നു് പറഞ്ഞതാണോ തോല്‍വിക്കിടയാക്കിയതു് ? അതോ കോടതിയില്‍ നേരിട്ടോളാമെന്നു് പറയാത്തതാണോ കാരണം. മ്ദനിയെ സ്റ്റേജിലിരുത്തിയതാണോ അതോ മ്ദനിയുടെ വോട്ടു് വേണ്ടെന്നു് പറയാതിരിന്നതാണോ കാരണം ? കാരാട്ടാണോ അച്ചുതാനന്തനാണോ പിണറായിയാണോ തോല്‍വിക്കുത്തരവാദിയെന്നും അതേറ്റെടുത്തു് രാജിവെക്കേണ്ടതെന്നും നിങ്ങള്‍ ചര്‍ച്ച ചെയ്യു്.
ഭരണം ഞങ്ങള്‍ നോക്കിക്കൊള്ളാം.

എന്തുകൊണ്ടും നിങ്ങളേക്കാള്‍ ജനാധിപത്യം വിശ്വാസം ഞങ്ങള്‍ക്കുണ്ടു്. നിങ്ങള്‍ക്കു്, തൊഴിലാളികള്‍ക്കും തൊഴിലാളി വര്‍ഗ പാര്‍ടിക്കും വേണ്ടിക്കൂടിയാണു് ഞങ്ങളീ ബഡ്ജറ്റു് കൊണ്ടുവന്നിരിക്കുന്നതു്.

വെറുതേ ചൊറി മാന്തി പുണ്ണാക്കണ്ട.

*free* views said...

.......കോര്‍പറേറ്റുകള്‍ക്ക് ആഹ്ളാദം പകരുന്നതാണെങ്കിലും മിനിമം ബദല്‍നികുതിയില്‍ വരുത്തിയ വര്‍ധന ഇക്കൂട്ടരില്‍ ഗണ്യമായ വിഭാഗത്തിന് ദോഷമാകും

When did you start worrying about corporates?

Do you see the contradiction that party shows? On one hand you want more money to be spent by government in economy to lift it from depression. Now, comrades tell me one way it can be done by reducing taxes. Really, do you think communism is magic?

I would have given full marks to government if it had raised taxes and reduced deficits. Poor needs to be helped, NO I do not think government employees are poor and oppressed, they are just your vote banks.

request to others: Please do not consider this "vote bank based" party as representing communism. They can just ask for 6th paycommision to increases salary of government employees. They cannot see how that increase is affecting the real poor of India.

Real communism will limit salaries in both public and private industries. Also the profits earned by people so that other sections can catch up. Communism as advertised by CPM is about giving everything to everyone. If anybody advertises that communism will uplift everyone, it is not true, it just cannot. It will just create equality and yes equality cannot be that everybody is made rich, it is not possible in the world. Rich has to become poorer and Poor has to become more richer. Everybody cannot become rich.