Monday, August 17, 2009

തറവാട്ട് സ്വത്ത് എഴുതിവില്‍ക്കുന്നവര്‍

2004-ല്‍ 'ഇന്ത്യ തിളങ്ങുന്നു' എന്ന മുദ്രാവാക്യവുമായി ഇറങ്ങിത്തിരിച്ച ബി.ജെ.പി.യുടെ രാഷ്ട്രീയഭാവിക്ക് മാരകമായ തിരിച്ചടിയുണ്ടാക്കിയ മുഖ്യഘടകമായിരുന്നു പൊതുമേഖലാ ആസ്തികള്‍ വിരലിലെണ്ണാവുന്ന സ്വകാര്യകമ്പനികള്‍ക്ക് 'തന്ത്രപരമായ വില്‍പന' നടത്താനുള്ള തീരുമാനം.
ഉദ്യോഗസ്ഥപരമായ സുതാര്യതയും പ്രവര്‍ത്തനനിരതമായ നീതിന്യായസംവിധാനവും ശക്തമായ മത്സരവും ഉള്ള നന്നായി വികസിച്ച മുതലാളിത്തസമ്പദ്വ്യവസ്ഥയില്‍ പോലും കമ്പനികള്‍ ലേലം ചെയ്തു വില്‍ക്കുന്നതില്‍ വില നിര്‍ണ്ണയം സംബന്ധിച്ച ധാരാളം പ്രശ്നസാധ്യതകളുണ്ട്. അതിനാലാണ് കമ്പനികള്‍ നേരിട്ട് വില്‍ക്കാതെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വികസിതമാര്‍ക്കറ്റ് സംഘടനകള്‍ ഓഹരിമാര്‍ക്കറ്റിലൂടെ വിറ്റ് സ്വകാര്യവല്‍കരിക്കാന്‍ താല്പര്യപ്പെടുന്നത്. ലേലം കാര്യക്ഷമമായി നടത്തുന്നതിന് വ്യവസ്ഥകള്‍ സംബന്ധിച്ച പാഠപുസ്തകപരിജ്ഞാനം പോലുമില്ലാത്ത ഇന്ത്യ അതിനാല്‍ രണ്ടാമത്തെ മാര്‍ഗ്ഗം അവലംബിച്ചു. അത് പരമാബദ്ധമാവുകയും ചെയ്തു.
അവിഹിത ഇടപാടുകള്‍ ഉണ്ടായിരുന്നെങ്കിലും, ഇല്ലെങ്കിലും മോഡേണ്‍ ഫുഡ്സ്, ബാല്‍കോ, ഐ.സി.സി.എല്‍., സെന്റാര്‍, അതുപോലെയുള്ള ഐ.റ്റി.ഡി.സി.യുടെ നിരവധി ഹോട്ടലുകള്‍ തുടങ്ങിയവയുടെ വില്പന സ്വകാര്യമുതലാളിക്ക് നല്‍കിയ ഒരിഷ്ടദാനമെന്ന പ്രതീതിയാണ് ജനമനസ്സുകളില്‍ സൃഷ്ടിച്ചത്. ഭൂമിയും ഇതരആസ്തികളുമടക്കം ഈ കമ്പനികളുടെ മൊത്തം മൂല്യമെത്ര വരുമെന്ന ധാരണ എന്‍.ഡി.എ. സര്‍ക്കാരിന് ഇല്ലാത്തതിനാലല്ല; ഇങ്ങനെ വില്‍ക്കുന്നതിന് നിരത്തിയ ന്യായീകരണങ്ങള്‍ ജനങ്ങള്‍ ബോധ്യപ്പെട്ടിരുന്നില്ല. ഡല്‍ഹിയില്‍ ല്യൂട്ടന്‍ എന്ന പ്രദേശത്ത് ഒരു ബംഗ്ളാവ് 100 കോടിരൂപക്ക് വിറ്റ സന്ദര്‍ഭത്തിലാണ് അതിനടുത്ത് വിശാലമായ ഭൂമിയുള്ള ലോധി ഹോട്ടല്‍ കോംപ്ളക്സ് 72 കോടിരൂപക്ക് ലേലം ചെയ്തുവിറ്റത്. ബാല്‍കോയ്ക്ക് ഔദ്യോഗികമായി നിശ്ചയിച്ച വില 550 കോടിരൂപ. ഈ വിലക്ക് അത് സ്റെര്‍ലൈറ്റ് / വേദാന്തകമ്പനിക്ക് വിറ്റതും, ഐ.പി.സി.എല്‍.ന്റെ വില്പനയും സംശയാസ്പദമാണെന്ന് സി.എ.ജി. പറഞ്ഞു. ഓരോ മെട്രോനഗരത്തിലും മോഡേണ്‍ ഫുഡ്സിന്റെ കൈവശമുള്ള വസ്തുവിന്റെ വില എത്രയെന്ന് നിര്‍ണയിക്കപോലുമുണ്ടായില്ല. പുതിയ ഉടമസ്ഥരായ ഹിന്ദുസ്ഥാന്‍ ലീവറിന് ഈ വസ്തുക്കള്‍ വില്‍ക്കാനുള്ള അവകാശം നല്‍കിയിട്ടില്ലെന്ന കള്ള പ്രസ്താവനയാണ് അന്ന് സര്‍ക്കാര്‍ നടത്തിയത്.

സാമ്പത്തികനയരൂപീകരണം സംബന്ധിച്ച പരിശോധന തങ്ങളുടെ പരിധിയില്‍ വരുന്ന വിഷയമല്ലെന്ന നിരീക്ഷണത്തോടെ 2001-ല്‍ സുപ്രീം കോടതി ബാല്‍കോയുടെ വില്‍പന സംബന്ധിച്ച കേസ് അവസാനിപ്പിച്ചു. എന്നാല്‍ ഇതെപ്പറ്റിയുള്ള രാഷ്ട്രീയതര്‍ക്കം തുടര്‍ന്നു. പിന്നീട് ഈ സ്ഥാപനത്തില്‍ നിന്ന് വാടകയിനത്തില്‍ ലഭിക്കാന്‍ സാധ്യതയുള്ള വന്‍തുക സംബന്ധിച്ച് ഉയര്‍ന്നുവന്ന കോര്‍പ്പറേറ്റ് കമ്പനികള്‍ തമ്മിലുള്ള തര്‍ക്കം 2004-ല്‍ എന്‍.ഡി.എ.യുടെ പരാജയത്തിനു മുമ്പുതന്നെ ഈ കച്ചവടം ഉപേക്ഷിക്കുന്നതില്‍ കൊണ്ടെത്തിച്ചു. ആ വര്‍ഷം യു.പി.എ. സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പാള്‍ ഇടതുപക്ഷത്തിന്റെ സമ്മര്‍ദ്ദം വരുന്നതിനു മുമ്പുതന്നെ സ്വകാര്യവല്‍ക്കരണം പരിഗണനയിലില്ലെന്ന് അവര്‍ പ്രഖ്യാപിച്ചു. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്പാദന വളച്ചാനിരക്ക് വര്‍ധിച്ചതോടെ സാമ്പത്തിക വളര്‍ച്ചക്ക് സ്വകാര്യവല്‍ക്കരണം അനിവാര്യമല്ലെന്ന് വ്യക്തമാവുകയും ചെയ്തു. വളരെപ്പെട്ടെന്ന് ഈ എഴുതിവില്‍ക്കല്‍ പദ്ധതി നിന്നുപോയതില്‍ കോര്‍പ്പറേറ്റ് മേഖലയും, സെന്‍സെക്സ് സംസ്കാരത്തിന്റെ അനുയായികളും ഏറെ ദുഃഖിതരായിരുന്നു. സമ്പദ്ഘടന കുഴപ്പത്തിലാവുകയും ഓഹരി മാര്‍ക്കറ്റ് പുനരുജ്ജീവിക്കുകയും ചെയ്ത ഇന്ന് ഈ കുഴപ്പങ്ങളെല്ലാം പരിഹരിക്കാനുള്ള ഒരു ടോണിക്ക് എന്ന പോലെ പൊതുമേഖലാ ആസ്തികളുടെ വില്‍പ്പന മുന്നോട്ടുതള്ളിനീക്കുകയാണ്.
കോണ്‍ഗ്രസ് വിജയിക്കുകയും ഇടതുപക്ഷത്തിന്റെ സഹായമില്ലാതെ രണ്ടാം യു.പി.എ. സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തതോടെ മാറ്റിവച്ച പരിഷ്കരണനടപടികള്‍ ഉടനുണ്ടാകുമെന്ന പ്രതീക്ഷയില്‍ ബജറ്റിനുമുമ്പുള്ള ദിവസങ്ങളില്‍ ഓഹരിമാര്‍ക്കറ്റ് അതീവസന്തോഷത്തിലായിരുന്നു. അവര്‍ പ്രതീക്ഷിച്ച അത്ര വേഗത്തില്‍ സമ്പത്ത് കൊയ്യാന്‍വിധം സാധ്യതകളോടെ പരിഷ്കാരങ്ങള്‍ വന്നേക്കില്ല എന്ന് തോന്നിയപ്പോള്‍ മാര്‍ക്കറ്റ് താഴേക്ക് പോയി. അതുകൊണ്ട് സ്വകാര്യവല്‍ക്കരണ അജണ്ട പിറകോട്ടുപോയി എന്ന ധാരണ വേണ്ട. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും, ധനമന്ത്രി പ്രണാബ് മുഖര്‍ജിയും അവരുടെ ബജറ്റിനുശഷമുള്ള പ്രസ്താവനകളില്‍ ഓഹരിവില്‍പനയുടെ പ്രാധാന്യത്തെപ്പറ്റി പ്രത്യേകം പറഞ്ഞിട്ടുണ്ട്. രാഷ്ട്രീയമായും സാമ്പത്തികമായും ഏറ്റവും അനുയോജ്യമായ നിമിഷം നിര്‍ണയിച്ച് ഈ വിപ്ളവപദ്ധതി പ്രഖ്യാപിക്കാന്‍ അവര്‍ കാത്തിരിക്കുകയാണ്.
ഈ വഴിക്ക് ഇറങ്ങി തിരിക്കുംമുമ്പ് സ്വകാര്യവല്‍ക്കരണം സംബന്ധിച്ച് ആദ്യാക്ഷരം മുതല്‍ പരിചിന്തനത്തിനു വിധേയമാക്കേണ്ടതുണ്ട്. സ്വതന്ത്രമാര്‍ക്കറ്റ് അഭിനിവേശമോ, ഇടതുപക്ഷവികാരപരതയോ ഇല്ലാതെ യഥാര്‍ത്ഥ ചിത്രത്തിനു മങ്ങലേല്പിക്കാത്തവിധം കാര്യകാരണസഹിതമുള്ള ചര്‍ച്ചവേണം നടക്കാന്‍.

വിശാലഅര്‍ത്ഥത്തില്‍ 4 ചോദ്യങ്ങള്‍ക്ക് നമുക്ക് ഉത്തരം കണ്ടെത്തേണ്ടതുണ്ട്. ഒന്ന്, പൊതുഉടമസ്ഥത, സ്വകാര്യഉടമസ്ഥതയെക്കാള്‍ മോശമാണോ?, രണ്ട്, മാനേജീരിയല്‍ കാര്യക്ഷമത ഉറപ്പാക്കാനുള്ള ഏകപോംവഴി സ്വകാര്യവല്‍ക്കരണമാണോ, മൂന്ന് തന്ത്രപരമായ വില്‍പനയും ഓഹരി ജനങ്ങള്‍ക്കു വില്‍ക്കുന്നതും തമ്മില്‍ ഗുണദോഷവിചിന്തിന്തനം നടത്തിയാല്‍ ഏതായിരിക്കും കൂടുതല്‍ പരിഗണനാര്‍ഹം? നാല്, ധനകമ്മി കുറക്കാന്‍ ഓഹരി വിറ്റഴിക്കുന്ന നടപടിക്ക് എന്തെങ്കിലും ഉറച്ച അടിത്തറയുണ്ടോ?

ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്, അഹമ്മദാബാദിലെ ടി.ടി. രാംമോഹന്‍ ഈയിടെ പ്രസിദ്ധീകരിച്ച, 'പ്രൈവറ്റൈസേഷന്‍ ഇന്‍ ഇന്ത്യ, ചാലഞ്ചിങ്ങ് എക്കണോമിക് ഓര്‍ത്തഡോക്സി' എന്ന, ഇന്ത്യന്‍ സാഹചര്യത്തില്‍ സ്വകാര്യവല്‍ക്കരണത്തെപ്പറ്റി നടത്തിയ ഏറ്റവും സൂക്ഷ്മവും ആഴത്തില്‍ പരിശോധിച്ചുമുള്ള പഠനത്തില്‍ സ്വകാര്യമേഖലയാണ് പൊതുമേഖലയേക്കാള്‍ കാര്യക്ഷമം എന്ന ധാരണം തികച്ചും പൊള്ളയാണെന്ന്, രണ്ടുമേഖലയുടെയും ഉല്പാദനക്ഷമതയും ധനപരവുമായ പ്രവര്‍ത്തനങ്ങളും ശ്രദ്ധാപൂര്‍വ്വം വിശകലനം ചെയ്തശേഷം അടിവരയിട്ടു പറയുന്നു. അദ്ദേഹം ഇങ്ങനെഉപസംഹരിക്കുന്നു. "തെളിവുകള്‍ ചൂണ്ടികാണിക്കുന്നത് പൊതുമേഖലയേക്കാള്‍ എല്ലായിടത്തും ഒരു പോലെ മെച്ചപ്പെട്ടത് സ്വകാര്യമേഖലയാണെന്ന വീക്ഷണം നിലനില്‍ക്കുന്നത് തികച്ചും ദുര്‍ബലമായ ഒരടിത്തറയിലാണ്'' . പരിഷ്കരണ പാക്കേജിന്റെ മറ്റെല്ലാഘടകങ്ങളും മോശമാണെന്ന് ഇതിനര്‍ത്ഥമില്ല. 1990-കളുടെ ആദ്യം മുതല്‍ നിലവില്‍ വന്ന പരിഷ്കാരങ്ങള്‍ പൊതുമേഖലയും സ്വകാര്യമേഖലയും തമ്മിലുള്ള ഒരു സങ്കലനത്തിന് വഴിയൊരുക്കിയെന്ന് പ്രൊഫസര്‍ റാം മോഹന്‍ വാദിക്കുന്നു. ഈ വാദം ശരിയാണെങ്കില്‍ പൊതുമേഖലയാകെ കയ്യൊഴിയുന്നതിനേക്കാള്‍ കൂടുതല്‍ മല്‍സരം കൊണ്ടുവരാന്‍ കഴിയും വിധം പൊതുമേഖലയുടെ ഭാഗികമായ സ്വകാര്യവല്‍ക്കരണം ആലോചിക്കാവുന്നതാണ്. കൂടുതല്‍ സ്വയംഭരണസ്വാതന്ത്യ്രവും, പബ്ളിക്ക് അക്കൌണ്ടബിലിറ്റിയും, പ്രൊഫഷണല്‍ ഭരണസമിതിയുമൊക്കെയുള്ള പൊതുമേഖലാസ്ഥാപനങ്ങള്‍ അവരുടെ സാമ്പത്തികനില മെച്ചപ്പെടുത്തി എന്നാണ് കഴിഞ്ഞ ഒരു ദശകത്തെ വസ്തുതാപരമായ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഇതര മാനേജ്മെന്റ് പണ്ഡിതരെപ്പോലെ പ്രൊഫസര്‍ റാംമോഹനും ആധുനികമുതലാളിത്തത്തില്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ ഉടമസ്ഥതയും നിയന്ത്രണത്തിനുമിടയിലുള്ള ഏജന്‍സി പ്രശ്നം എന്നു വിശേഷിപ്പിക്കുന്ന വ്യത്യാസത്തിന്റെ രീതി ചൂണ്ടിക്കാണിക്കുന്നുണ്ട്. പൊതുഉടമസ്ഥത ഇത് മൂര്‍ഛിപ്പിച്ചേക്കാം. മോശപ്പെട്ട കോര്‍പ്പറേറ്റ് ഭരണവും നിയമം നടപ്പിലാക്കുന്ന രീതികളും സ്വകാര്യമേഖലയിലും ഈ പ്രശ്നം സങ്കീര്‍ണ്ണമാക്കും. മറ്റൊര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ശരിയായ പരിഷ്കാരം വരുത്തേണ്ടത് ഉടമസ്ഥതയിലെ മാറ്റത്തിലല്ല. ഫലപ്രദമായി ഭരണം നടത്താനുള്ള മാര്‍ഗ്ഗങ്ങള്‍ ആവിഷ്കരിക്കുന്നതിലാണ്. ഇന്ദിരാഗാന്ധി ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഡവലപ്പ്മെന്റ് റിസര്‍ച്ചിലെ ആര്‍. നാഗരാജ് തന്റെ പ്രബന്ധത്തില്‍ ഇങ്ങനെ നിര്‍ദ്ദേശിക്കുന്നു. പരസ്പരപൂരകമായി പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ തമ്മില്‍ യോജിപ്പിച്ച് സാങ്കേതികകഴിവുകള്‍ ആര്‍ജിക്കാനും ഉല്പന്ന വളര്‍ച്ചയില്‍ ദീര്‍ഘകാലവീക്ഷണത്തോടെ പദ്ധതി തയ്യാറാക്കാനും വര്‍ധിച്ച മാനേജീരിയല്‍ അക്കൌണ്ടബിലിറ്റി ഉറപ്പാക്കാനും കഴിയുന്ന ഒരു ബാങ്കുമായി അതിനെ കൂട്ടിയിണക്കുക. ഈ സംവിധാനം ജപ്പാനിലും ജര്‍മ്മനിയിലുമുണ്ട്. അത്തരത്തിലുള്ള മറ്റു മാര്‍ഗ്ഗങ്ങളുമുണ്ടാകും. ഇതിന്റെ സാധ്യത സര്‍ക്കാരിന് പരിശോധിക്കാവുന്നതാണ്.

പൊതുമേഖലാ ഓഹരികള്‍ ജനങ്ങള്‍ക്കു വില്‍ക്കുന്നതിനേക്കാള്‍ കാര്യക്ഷമമാണ് സ്ഥാപനങ്ങളുടെ തന്ത്രപരമായ വില്‍പ്പന എന്ന വാദം സ്ഥിരീകരിക്കുന്ന ഒരു തെളിവും അന്താരാഷ്ട്രതലത്തില്‍ ഇതുവരെ ലഭ്യമല്ല. സ്വകാര്യവല്‍ക്കരണ പരീക്ഷണത്തില്‍ ബി.ജെ.പി.ക്കുണ്ടായ തിരിച്ചടി ഇത്തരം ഒരു നീക്കം നടത്തേണ്ടതില്ലെന്ന് തീരുമാനിക്കാന്‍ മന്‍മോഹന്‍ സിംഗ് ടീമിനെ പ്രേരിപ്പിക്കുന്നുണ്ടാകും. പൊതുമേഖലാ സ്ഥാപനങ്ങളിലെ പൊതുഉടമസ്ഥത 51 ശതമാനമാക്കി കുറക്കുമെന്നാണ് ശ്രീ. മുഖര്‍ജി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞത്. ഇത് ക്രമേണ നടപ്പിലാക്കുന്നപക്ഷം ചെറുനിക്ഷേപകര്‍ക്ക് കുറേശ്ശെയായി ഓഹരിവില്‍ക്കുന്നതിലൂടെ കാര്യമായ വരുമാനം ലഭിച്ചേക്കാം. ഇങ്ങിനെ നിശ്ചിതമായ അളവിലുള്ള ഓഹരിവില്‍പ്പന പ്രത്യേകിച്ചും സ്വയംഭരണസ്വാതന്ത്യ്രം കൂടി നല്‍കുന്നപക്ഷം പൊതുമേഖലാ സ്ഥാപനങ്ങളുടെ ഭരണപരമായ കാര്യക്ഷമത വര്‍ദ്ധിക്കുമെന്നാണ് പ്രൊഫസര്‍ രാംമോഹന്റെ നിര്‍ദ്ദേശം. ഇങ്ങനെ വില്‍ക്കുന്ന ഓഹരികളുടെ ഉടമസ്ഥത ആത്യന്തികമായി സ്വകാര്യമേഖലയുടെ കീഴില്‍ ചെന്നടിയില്ലെന്ന് ഉറപ്പുവരുത്താന്‍കഴിയണം. പൊതുമേഖലാസ്ഥാപനം ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നതാണെങ്കില്‍ ഓഹരികള്‍ സ്വകാര്യമേഖലയുടെ കയ്യില്‍ കേന്ദ്രീകരിക്കുന്നപക്ഷം ഈ വില്പനക്ക് ധനപരവും, കച്ചവടപരവും സാമൂഹികവുമായ ഒരു ന്യായീകരണവുമില്ല. നല്ല പ്ളാനിങ്ങോടെ ഈ രീതിയില്‍ പൊതുമേഖലാ ഓഹരികള്‍ വില്‍ക്കാന്‍ കഴിയുന്ന പക്ഷം ധനകമ്മി കുറക്കാനുള്ള എളുപ്പവഴിയായി. പൊതുമേഖലയുടെ വില്‍പ്പനയെ സമീപിക്കുന്നത് തികച്ചും ദൂരക്കാഴ്ചയില്ലാത്ത നടപടിയായിരിക്കും. ആഗോളമാന്ദ്യം ആകെ വീശിയടിക്കുമ്പോള്‍ കമ്മി ഒരിക്കലും ഓഹരി വില്‍ക്കുന്നതിന് ഒരു കാരണമായിക്കൂടാ. സാധ്യമായിടത്തോളം നികുതി സ്രോതസ്സുകള്‍ വിപുലപ്പെടുത്തുകയും അതു കൃത്യമായി ലഭിക്കുമെന്നുറപ്പാക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. ഇവിടെയും സ്വകാര്യമേഖലയെപ്പറ്റിയുള്ള കാല്‍പനിക ധാരണ തുറന്നുകാട്ടപ്പെടണം. റവന്യൂ ഇനത്തില്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം കേന്ദ്രനികുതിയില്‍ വന്ന കുറവിന്റെ ഒരു പഠനം ഈ വര്‍ഷത്തെ ബജറ്റ് രേഖയിലുണ്ട്. വ്യവസ്ഥപ്രകാരം ലഭിക്കേണ്ട കോര്‍പ്പറേറ്റ് സെക്ടറില്‍ നിന്നുള്ള നികുതി 33.99 ശതമാനത്തില്‍ നിന്ന് വളരെ താഴ്ന്ന് 22.44 ശതമാനമായി ചുരുങ്ങിയത് അവിടെ കാണാം.

കോര്‍പ്പറേറ്റ് കണക്കുകള്‍ ഇഴപിരിച്ചുനോക്കുമ്പോള്‍ നികുതി ബാധ്യത വേര്‍തിരിച്ചിട്ടുള്ളത് നീതിപൂര്‍വ്വമല്ലെന്ന് ബോധ്യമാകും. പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യകമ്പനികളെ അപേക്ഷിച്ച് അവരുടെ ലാഭത്തിന്റെ വലിയ ഭാഗം നികുതിയായി നല്‍കുന്നു. ഐ.ടി. അനുബന്ധ സേവനദാതാക്കളും ബി.പി.ഒ. സേവനദാതാക്കളും, സോഫ്റ്റ്വെയര്‍ വികസനഏജന്‍സികളും യഥാക്രമം 15 ശതമാനവും 12 ശതമാനവും നികുതി നല്‍കുന്നു. 2008-09 ല്‍ കോര്‍പ്പറേറ്റ് നികുതിദായകര്‍ക്ക് നല്‍കിയ സൌജന്യംമൂലം വന്ന റവന്യൂ നഷ്ടം 68914 കോടിരൂപയാണ്. ഈ തുക ഈ വര്‍ഷത്തെ ബജറ്റില്‍ കണക്കാക്കുന്ന ധനകമ്മിയുടെ 17 ശതമാനമാണ്. കമ്മികുറക്കണമെന്നുണ്ടെങ്കില്‍ സര്‍ക്കാര്‍ നികുതി ഘടനയിലാണ് ശ്രദ്ധയൂന്നേണ്ടത്. തറവാട്ടുസ്വത്തില്‍ ഓരോന്നായി എഴുതിവിറ്റ് കിട്ടുന്നതുവാങ്ങുന്നതിന് പകരം നികുതി സ്രോതസുകള്‍ കാര്യക്ഷമമാക്കിയാല്‍ തുടര്‍ച്ചയായി വരുമാനം വര്‍ധിക്കും. ഇത്രമോശമായരീതിയില്‍ വിറ്റഴിക്കുന്നതിലും വഷളായ നടപടിയാണ് അനാവശ്യമായി നടത്താന്‍ പോകുന്ന ഈ ഓഹരിക്കച്ചവടം.

*
സിദ്ധാര്‍ത്ഥ് വരദരാജന്‍ (അവലംബം : ദി ഹിന്ദു, 09-07-2009)
കടപ്പാട്: ബാങ്ക് വര്‍ക്കേഴ്സ് ഫോറം

3 comments:

വര്‍ക്കേഴ്സ് ഫോറം said...

2004-ല്‍ 'ഇന്ത്യ തിളങ്ങുന്നു' എന്ന മുദ്രാവാക്യവുമായി ഇറങ്ങിത്തിരിച്ച ബി.ജെ.പി.യുടെ രാഷ്ട്രീയഭാവിക്ക് മാരകമായ തിരിച്ചടിയുണ്ടാക്കിയ മുഖ്യഘടകമായിരുന്നു പൊതുമേഖലാ ആസ്തികള്‍ വിരലിലെണ്ണാവുന്ന സ്വകാര്യകമ്പനികള്‍ക്ക് 'തന്ത്രപരമായ വില്‍പന' നടത്താനുള്ള തീരുമാനം.
ഉദ്യോഗസ്ഥപരമായ സുതാര്യതയും പ്രവര്‍ത്തനനിരതമായ നീതിന്യായസംവിധാനവും ശക്തമായ മത്സരവും ഉള്ള നന്നായി വികസിച്ച മുതലാളിത്തസമ്പദ്വ്യവസ്ഥയില്‍ പോലും കമ്പനികള്‍ ലേലം ചെയ്തു വില്‍ക്കുന്നതില്‍ വില നിര്‍ണ്ണയം സംബന്ധിച്ച ധാരാളം പ്രശ്നസാധ്യതകളുണ്ട്. അതിനാലാണ് കമ്പനികള്‍ നേരിട്ട് വില്‍ക്കാതെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വികസിതമാര്‍ക്കറ്റ് സംഘടനകള്‍ ഓഹരിമാര്‍ക്കറ്റിലൂടെ വിറ്റ് സ്വകാര്യവല്‍കരിക്കാന്‍ താല്പര്യപ്പെടുന്നത്. ലേലം കാര്യക്ഷമമായി നടത്തുന്നതിന് വ്യവസ്ഥകള്‍ സംബന്ധിച്ച പാഠപുസ്തകപരിജ്ഞാനം പോലുമില്ലാത്ത ഇന്ത്യ അതിനാല്‍ രണ്ടാമത്തെ മാര്‍ഗ്ഗം അവലംബിച്ചു. അത് പരമാബദ്ധമാവുകയും ചെയ്തു.
അവിഹിത ഇടപാടുകള്‍ ഉണ്ടായിരുന്നെങ്കിലും, ഇല്ലെങ്കിലും മോഡേണ്‍ ഫുഡ്സ്, ബാല്‍കോ, ഐ.സി.സി.എല്‍., സെന്റാര്‍, അതുപോലെയുള്ള ഐ.റ്റി.ഡി.സി.യുടെ നിരവധി ഹോട്ടലുകള്‍ തുടങ്ങിയവയുടെ വില്പന സ്വകാര്യമുതലാളിക്ക് നല്‍കിയ ഒരിഷ്ടദാനമെന്ന പ്രതീതിയാണ് ജനമനസ്സുകളില്‍ സൃഷ്ടിച്ചത്. ഭൂമിയും ഇതരആസ്തികളുമടക്കം ഈ കമ്പനികളുടെ മൊത്തം മൂല്യമെത്ര വരുമെന്ന ധാരണ എന്‍.ഡി.എ. സര്‍ക്കാരിന് ഇല്ലാത്തതിനാലല്ല; ഇങ്ങനെ വില്‍ക്കുന്നതിന് നിരത്തിയ ന്യായീകരണങ്ങള്‍ ജനങ്ങള്‍ ബോധ്യപ്പെട്ടിരുന്നില്ല. ഡല്‍ഹിയില്‍ ല്യൂട്ടന്‍ എന്ന പ്രദേശത്ത് ഒരു ബംഗ്ളാവ് 100 കോടിരൂപക്ക് വിറ്റ സന്ദര്‍ഭത്തിലാണ് അതിനടുത്ത് വിശാലമായ ഭൂമിയുള്ള ലോധി ഹോട്ടല്‍ കോംപ്ളക്സ് 72 കോടിരൂപക്ക് ലേലം ചെയ്തുവിറ്റത്. ബാല്‍കോയ്ക്ക് ഔദ്യോഗികമായി നിശ്ചയിച്ച വില 550 കോടിരൂപ. ഈ വിലക്ക് അത് സ്റെര്‍ലൈറ്റ് / വേദാന്തകമ്പനിക്ക് വിറ്റതും, ഐ.പി.സി.എല്‍.ന്റെ വില്പനയും സംശയാസ്പദമാണെന്ന് സി.എ.ജി. പറഞ്ഞു. ഓരോ മെട്രോനഗരത്തിലും മോഡേണ്‍ ഫുഡ്സിന്റെ കൈവശമുള്ള വസ്തുവിന്റെ വില എത്രയെന്ന് നിര്‍ണയിക്കപോലുമുണ്ടായില്ല. പുതിയ ഉടമസ്ഥരായ ഹിന്ദുസ്ഥാന്‍ ലീവറിന് ഈ വസ്തുക്കള്‍ വില്‍ക്കാനുള്ള അവകാശം നല്‍കിയിട്ടില്ലെന്ന കള്ള പ്രസ്താവനയാണ് അന്ന് സര്‍ക്കാര്‍ നടത്തിയത്.

*free* views said...

Excuse me for bringing Lavlin topic here:

I would like to know how CPM justifies awarding the deal to Lavlin instead of public sector companies in India. In these topics people suggest going with public sector even at higher costs, but in case of Lavlin I understand that costs would have been less with public sector companies.

Can CPM list the projects awarded to public sector companies by CPM governments in both Bengal and Kerala?

Workers from Public sector companies might be a good votebank, but there are people that need the party more than government and public sector employees. Fighting for better salary for government employees is not the option to save India.

Vivara Vicharam said...

പള്ളിവാസല്‍-ശെങ്കുളം-പന്നിയാര്‍ നവീകരണം ലാവ്ലിനെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചതു് എല്‍ഡിഎഫോ സിപിഐ)(എം) ഓ അല്ല എന്നതു് ഇനിയും പറയണോ ?

അതു് കരാറാക്കപ്പെട്ടു എന്നതു് കൊണ്ടു് മാത്രമാണു് എല്‍ഡിഎഫു് അക്കാര്യം പരിഗണിച്ചു് തിരിച്ചു് പോകാന്‍ കഴിയില്ല എന്നു് കണ്ടു് മുന്നോട്ടു് പോകാന്‍ തീരുമാനിച്ചതും വിലപേശി കണ്‍സള്‍ടന്‍സി ഫീയും സാമഗ്രികളുടെ വിലയും കുറച്ചതും സഹായ ധനം വര്‍ദ്ധിപ്പിച്ചതും.

എല്‍ഡിഎഫോ ബംഗാളിലെ മുന്നണിയോ പൊതുവെ പൊതു മേഖലയ്ക്കു് ആണു് കൂടുതല്‍ പ്രാമുഖ്യം കൊടുത്തു് പോന്നിട്ടുള്ളതു്. കേന്ദ്ര പൊതു മേഖലാ നിക്ഷേപം കിട്ടാതെ വന്നപ്പോള്‍ ജനങ്ങളില്‍ നിന്നു് പണം സമാഹരിച്ചു് (സര്‍ക്കാര്‍ ജീവനക്കാര്‍ രക്ത ദാനം നല്‍കി പോലും പണം സമാഹരിച്ചു് നല്‍കി) ഹാല്‍ഡിയ പെട്രോ കെമിക്കല്‍ കോംപ്ലക്സു് പടുത്തുയര്‍ത്തിയിട്ടുണ്ടു്.

ഇതിനര്‍ത്ഥം ഇടതു് പക്ഷം സ്വകാര്യ നിക്ഷേപത്തിനോ പങ്കാളിത്തത്തിനോ എതിരാണെന്നല്ല. സ്വകാര്യ നികേഷപവും പങ്കാളിത്തവും മാത്രം പോരാ എന്നും സാമൂഹ്യ ഇടപെടലിന്റെ മാനം ഉയര്‍ത്തിക്കൊണ്ടു് സ്വകാര്യ കുത്തക ചൂഷണം ഉണ്ടാകാതെ ജനങ്ങളെ സഹായിക്കണമെന്നുമുള്ള കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നയം തന്നെയാണു് ഇടതു് പക്ഷം മുന്നോട്ടു് വെയ്ക്കുന്നതു്. പക്ഷെ, അതില്‍ നിന്നു് പോലും കോണ്‍ഗ്രസു് പിന്നോട്ടു് പോയി എന്നതാണു് ഇന്നത്തെ അനുഭവം. അതു് കൊണ്ടാണു് അവര്‍ക്കു് പള്ളിവാസല്‍-ശെങ്കുളം-പന്നിയാര്‍ നവീകരണം BHEL നു് നല്‍കാന്‍ കഴിയാതെ പോയതു്. BHEL നു് നല്‍കിയാല്‍ ആഭ്യന്തരമായി സമാഹരിക്കുന്ന പണം കണ്ടെത്തണമായിരുന്നു. ലാവ്ലിനെ ഏല്‍പ്പിച്ചപ്പോള്‍ കനേഡിയന്‍ വായ്പ കിട്ടി. ആഭ്യന്തരമായി പണി നടത്തിയാല്‍ വരുന്ന ചെലവുമായല്ല ഇതു് താരതമ്യം ചെയ്യപ്പെടുന്നതു്. വിദേശ സഹായത്തോടെയുള്ള പദ്ധതികള്‍ക്കു് പ്രത്യേക പരിശോധനാ മാനദണ്ഡങ്ങള്‍ തന്നെയാണുള്ളതു്. ഡുഡിഎഫു് തന്നെയാണു് കരാര്‍ ലാവ്ലിനു് കൊടുത്തതു്. അതു് ലംഘിക്കാതെ മുന്നോട്ടു് പോകുക മാത്രമാണു് എല്‍ഡിഎഫു് ചെയ്ത്തു്.