Saturday, November 14, 2009

മധ്യവേനല്‍ മറികടക്കുന്നത്

കൃത്യമായും ഒരാഴ്ച. മധു കൈതപ്രത്തിന്റെ 'മധ്യവേനലി'ന്റെ പേര് കേരളത്തിലെ സിനിമാകൊട്ടകകളില്‍ അതിനപ്പുറം കേട്ടവരുണ്ടാകില്ല. 'പട്ടണത്തില്‍ ഭൂത'ത്തിനും 'ഇവര്‍ വിവാഹിതരായാലി'നും 'ഭ്രമര'ത്തിനുമിടയില്‍ ഞെങ്ങിഞെരുങ്ങി മധ്യവേനല്‍ പകര്‍ന്ന പൊള്ളുന്ന കാഴ്ചാനുഭവങ്ങള്‍ അതിന്റെ കാഴ്ചപ്പകിട്ടില്ലായ്മകൊണ്ടുതന്നെ തിയറ്ററുകള്‍ കൈയൊഴിഞ്ഞു.എന്നാല്‍ സിനിമ കാട്ടിയ പ്രമേയപരമായ തന്റേടങ്ങളും സങ്കേതപരമായ മറികടക്കലുകളും പരിചരണത്തിലെ പാകതയും പുതുമയും തുറന്നുപറച്ചിലുകളും ആരോപണങ്ങളുമെല്ലാം സൃഷ്ടിക്കുന്ന ആശയസംഘര്‍ഷങ്ങള്‍ അവഗണിക്കുക എളുപ്പമല്ല.

അതിദൃശ്യങ്ങളുടെ കാലത്ത് യാഥാര്‍ഥ്യത്തെ അതിശയോക്തികൊണ്ട് വക്രീകരിക്കുന്നതാകും സിനിമ. അങ്ങനെ യാഥാര്‍ഥ്യത്തെ സമര്‍ഥമായി മറച്ചുവയ്ക്കുന്നതിനും അതിവര്‍ണങ്ങളുടെ ചായക്കൂട്ടുതന്നെ വേണം. എന്നാല്‍ 'മധ്യവേനലി'ന്റെ നിറം ചാരനിറമാണ്. ആ നിറംകെട്ട നിറമാണ് ദൈനംദിന ജീവിതയാഥാര്‍ഥ്യങ്ങളുടെ നിറമെന്ന് മധ്യവേനലിന്റെ സംവിധായകന്‍ തിരിച്ചറിഞ്ഞിരുന്നു. ഓര്‍മകളുടെ സമരഭൂതകാലത്തില്‍നിന്ന് മോചിതരാകാന്‍ കൂട്ടാക്കാത്ത ബീഡിത്തൊഴിലാളിയായ കുമാര (മനോജ് കെ ജയന്‍) ന്റെയും ഖാദിത്തൊഴിലാളിയായ സരോജിനി (ശ്വേതാമോനോന്‍)യുടെയും ജീവിതത്തിന്റെ നിറമാണത്.

ഖാദി ഒരു വസ്ത്രമെന്നതിലുപരി ഒരു ചിന്തയായ കാലത്തിന്റെ ഊടും പാവും കൈമോശം വന്നതിന്റെ നിറം. വടക്കന്‍ കേരളത്തിലെ ബീഡിത്തൊഴിലാളികളുടെ രാഷ്ട്രീയ സ്ഥൈര്യത്തിന്റെ ചുവപ്പ് പരന്ന നെടുമ്പാതയുടെ അറ്റത്തെ ആരുമറിയാത്ത ഊടുവഴികളുടെ നിറം. പ്രതിരോധം ജീവിതശീലമാക്കിയവര്‍ കീഴടങ്ങല്‍ അവസരവും അടിമത്തം സൌകര്യവുമാക്കുന്നവരുടെ കാലത്തു നില്‍ക്കുമ്പോഴുണ്ടാകുന്ന പൊട്ടിത്തെറികള്‍- പ്രമേയപരമായി അതാണ് 'മധ്യവേനല്‍'. എന്നാല്‍ പ്രശ്നങ്ങളെ ഏതെങ്കിലും പരിഹാരനിര്‍ദേശങ്ങളുടെ സ്ഥിരമായ ആലയില്‍ കെട്ടിയിടാന്‍ സിനിമ മുതിരുന്നില്ലെന്നതാണ് പ്രധാനം. ആദ്യന്തം പാുെത്തപ്പെടാതെ പോകുന്ന രണ്ടു തലമുറകളെ, മാറ്റത്തിന്റെ രണ്ട് ചരിത്രസന്ദര്‍ഭങ്ങളെ സിനിമ അങ്ങനെത്തന്നെ സമാന്തരമായി പോകാനനുവദിക്കുന്നുണ്ട്. ഇങ്ങനെയൊരു വൈരുധ്യത്തെ തച്ചുപരത്തി ഒറ്റ ശിലയാക്കിയാലുണ്ടാകുന്ന ജനാധിപത്യവിരുദ്ധതയും സാമൂഹ്യവിരുദ്ധതയും തന്നെയാവണം സംവിധായകനെ ഭരിച്ചിട്ടുണ്ടാകുക. അങ്ങനെയിരിക്കുമ്പോഴും നിരന്തര പ്രതികരണമെന്ന ജൈവഗുണത്തില്‍തന്നെയാണ് സിനിമയുടെ കണ്ണ്.

'പഞ്ഞിയും നൂലുമല്ലാതെ വിലപിടിപ്പുള്ള മറ്റെന്തെങ്കിലും അമ്മ കണ്ടിട്ടുണ്ടോ'എന്ന് ചോദിക്കുന്നുണ്ട് സിനിമയില്‍ സരോജിനിയുടെ പ്ളസ്ടുക്കാരി മകള്‍. പഞ്ഞിക്കും നൂലിനുമൊപ്പം പിഞ്ഞിപ്പോകുന്ന ജീവിതത്തെ മുന്നില്‍ക്കാണുന്ന മകളുടെ തിരിച്ചറിവാകാം അത്. അതിനുമപ്പുറം പുതിയ കാലം വച്ചുനീട്ടുന്ന അനുഭവങ്ങളിലേക്ക് പറക്കാനുള്ള മോഹാവേശം കൊണ്ടുമാവാം. സരോജിനിയുടെ ജീവിതവീക്ഷണത്തിന്റെ എതിര്‍മുഖമാണ് മകള്‍. മകളെ ഹിന്ദി ടീച്ചറാക്കാനുള്ള സരോജിനിയുടെ മോഹത്തെ തന്റെ എന്‍ട്രന്‍സ് സ്വപ്നങ്ങള്‍ കൊണ്ടാണ് അവള്‍ ചെറുക്കുന്നത്. ഒടുവില്‍ കടംവാങ്ങിയും പണയം വച്ചുമാണെങ്കിലും ആ (രാഷ്ട്രീയ) ആദര്‍ശദമ്പതികള്‍ക്ക് (മകളുടെ) അനിവാര്യമായ (അരാഷ്ട്രീയ) മാറ്റത്തിനൊപ്പം പൊരുത്തക്കേടുകളോടെതന്നെ പൊരുത്തപ്പെടേണ്ടിവരുന്നു.

അതേ നിലതന്നെയാണ് കുമാരന്റേതും. ബീഡിത്തൊഴില്‍ കേന്ദ്രങ്ങള്‍ പൂട്ടപ്പെട്ട്, വൈവിധ്യവല്‍ക്കരണത്തിലേക്ക് വഴിനടക്കുന്ന വ്യവസായത്തിനുമുന്നില്‍ കുമാരനാണ് വിലങ്ങുതടി. ബീഡിവലിക്കാത്തവരുടെ കാലത്ത് കനലെരിഞ്ഞ ഒരു കാലത്തിന്റെ രാഷ്ട്രീയസ്മൃതികള്‍ കൊണ്ടുമാത്രം അങ്ങനെയൊരു വ്യവസായത്തിന് രക്ഷപ്പെടാനാവില്ല- അത് ഒരു ന്യായം. എന്നാല്‍ ചരിത്രത്തെയും ഓര്‍മകളെയും തല്ലിക്കൊഴിച്ചുകൊണ്ട് ലാഭചിന്തയാല്‍ മാത്രം ഒരു പ്രസ്ഥാനത്തിനും നിലനില്‍പ്പില്ല -മറ്റൊരു ന്യായം അല്ലെങ്കില്‍ കുമാരന്റെ ന്യായം. സിനിമ ഇവിടെ ഈ രണ്ടു ന്യായങ്ങളെയും (അഥവാ ന്യായീകരണങ്ങള്‍) ഒരേ മട്ടില്‍ അനുഗമിക്കുകയാണ്. ഒന്നാം ന്യായത്തിന്റെ അടിസ്ഥാനത്തില്‍ ബീഡികേന്ദ്രം പൂട്ടാന്‍ ശ്രമിക്കുന്ന രാഷ്ട്രീയ നേതൃത്വത്തെ എതിര്‍ത്ത് പാര്‍ടിക്ക് പുറത്തുപോവുകയാണ് കുമാരന്‍. എന്നാല്‍ ബീഡിവ്യവസായ മേഖലയിലെ വൈവിധ്യവല്‍ക്കരണത്തെ എതിര്‍ക്കുന്ന കുമാരന്‍ തന്നെയും സൂക്ഷ്മമായ വിചാരത്തില്‍ അത്തരമൊരു നയത്തിന്റെ പ്രചാരകനാവുകയാണ് ചിത്രത്തില്‍. ബീഡിത്തൊഴില്‍ നഷ്ടപ്പെട്ട്, പാര്‍ടിയില്‍നിന്ന് പുറത്താക്കപ്പെട്ട്, ഒറ്റക്കായ കുമാരന്‍ പിന്നീട് അതിജീവിക്കുന്നത് കൃഷിയിലൂടെയാണ്. തന്റെ സന്തതസഹചാരിയായ സഖാവി (ഇര്‍ഷാദ്)നൊപ്പം സഹകരിച്ച് കൃഷി നടത്തി അയാള്‍ വിജയിക്കുന്നുമുണ്ട്. ഒരര്‍ഥത്തില്‍ വൈവിധ്യവല്‍ക്കരണമല്ലാതെ മറ്റെന്താണ് ഇത്?

അത്തരത്തില്‍, വൈരുധ്യങ്ങളുടേതോ വ്യാഖ്യാനസാധ്യതകളുടേതോ ആയ ഒരുപാട് പഴുതുകള്‍ സിനിമയിലുണ്ട്. രണ്ട് ആദര്‍ശരൂപങ്ങളായി കുമാരനെയും സരോജിനിയെയും അങ്ങനെ തന്നെ നിലനിര്‍ത്താന്‍ ശ്രമിക്കുമ്പോഴും വിശദാംശങ്ങളില്‍ വിള്ളലുകളുണ്ടാകുന്നു. ആദര്‍ശപ്രതീകങ്ങള്‍ക്ക് തകരാര്‍ സംഭവിക്കുന്നു. സംവിധായകന്‍ ഇത് ആഗ്രഹിച്ചിരുന്നുവോ എന്നറിയില്ല. പക്ഷേ സിനിമയുടെ ഒരു ഫലം അതാണ്. ബീഡി വലിച്ചൂതിക്കൊണ്ട് എ കെ ജിയുടെ അമരാവതി സമരത്തെക്കുറിച്ചെല്ലാം കുമാരന്‍ അയവിറക്കുന്നുണ്ട്. രണ്ട് കാലസന്ദര്‍ഭങ്ങളുടെ രാഷ്ട്രീയ ദൂരങ്ങള്‍ വൈരുധ്യാത്മകമായി വിലയിരുത്തിക്കൊണ്ടുള്ളതല്ല കുമാരന്റെ വിമര്‍ശനങ്ങള്‍. എന്നാല്‍ ആദ്യപകുതിയില്‍ത്തന്നെ കുമാരന്‍ ഹൃദയാഘാതം സംഭവിച്ച് മരിക്കുന്നു. കുമാരന്‍ പിന്തുടരുന്ന കേവലമായ രാഷ്ട്രീയാദര്‍ശങ്ങളും വിപ്ളവഗൃഹാതുരതയും പുതിയ കാലത്ത് എത്രമേല്‍ അസ്ഥിരമാണെന്ന് കാണിക്കാന്‍ തന്നെയാവും സംവിധായകന്റെ ആ 'പാതകം.'

രണ്ടാം പകുതിയിലാണ് സിനിമ തീവ്രമായ കലാനുഭവമാകുന്നത്. ആഗോളവല്‍ക്കരണകാലത്തെ മനുഷ്യര്‍ അനുഭവിക്കുന്ന സ്വത്വപ്രതിസന്ധികള്‍ മുഴുവനും അവതീര്‍ണമാക്കുന്നത് ഈ ഭാഗത്താണ്. പുരുഷന്റെ രക്ഷാബിംബമില്ലെങ്കിലും അതിജീവിക്കാന്‍ കഴിയുമെന്ന് തെളിയിക്കുന്ന സ്ത്രീസത്തയുടെ ആവിഷ്കാരഖണ്ഡമാണിത്. തന്റെ സാമൂഹികസ്വത്വത്തെ നിലനിര്‍ത്തുന്നതിനിടയില്‍ സരോജിനിക്ക് സംഭവിക്കുന്ന വൈയക്തികനഷ്ടങ്ങള്‍ അവളെ തകര്‍ക്കുന്നില്ല. അതുവരെ വീടിന്റെ അകത്തളത്തിലായിരുന്ന ചര്‍ക്ക കുമാരന്റെ മരണശേഷമുള്ള ദൃശ്യങ്ങളില്‍ വരാന്തയിലെത്തിയതിന്റെ പ്രതീകമൂല്യവും വലുതാണ്. തൊഴിലാളി രാഷ്ട്രീയത്തിന്റെ ഇച്ഛ അവളെ കൂടുതല്‍ ചടുലയും ഉത്തരവാദിത്തമുള്ളവളുമാക്കുന്നു. എന്നാല്‍ തന്റെ മകള്‍ക്കുവേണ്ടി അത്തരം പ്രതിരോധാദര്‍ശങ്ങളില്‍നിന്നെല്ലാം താല്‍ക്കാലികമായി സരോജിനി പിന്‍വാങ്ങുന്നുണ്ടെങ്കിലും അതൊരു ശക്തമായ തിരിച്ചുവരവിനുവേണ്ടിയാണെന്ന് സിനിമ പിന്നീട് കാട്ടിത്തരുന്നു.

നാടിനെ മുഴുവന്‍ പണക്കെണിയില്‍ കുടുക്കുന്ന ന്യൂജനറേഷന്‍ ബാങ്കുകാരനായ പ്രവീണി(അരുണ്‍)ന്റെ നീരാളിപ്പിടുത്തം പ്രണയക്കെണിയായി സരോജിനിയുടെ മകള്‍ മണിക്കുട്ടിയെയും പിടികൂടുന്നു. വീട്ടില്‍ സരോജിനി അനുഭവിക്കുന്ന ആത്മസംഘര്‍ഷത്തിന്റെ തുടര്‍ച്ചതന്നെയാണ് തൊഴിലിടത്തും. തിരുപ്പൂരില്‍നിന്ന് വ്യാജഖാദി ഇറക്കുമതി ചെയ്ത് തട്ടിപ്പുനടത്തുകയാണ് ഇവിടെ ഖാദി കേന്ദ്രം ഡയരക്ടര്‍ (ബാലചന്ദ്രന്‍ ചുള്ളിക്കാട്). തന്റെ വൈയക്തിക ദുരിതാനുഭവങ്ങളെല്ലാം വേറെക്കിടക്കുമ്പോഴും തൊഴിലിടത്തും വീട്ടിടത്തും ഒരുപോലെ ചെറുത്തുനില്‍പ്പിന്റെ പേരാവുകയാണ് സരോജിനി. "ഇന്നത്തെ കാലത്ത് സ്ത്രീ ഉറങ്ങുമ്പോഴും ഉണര്‍ന്നിരിക്കണം'' എന്നുപറയുന്നുണ്ട് സരോജിനി സിനിമയില്‍. ഫാസ്റ്റ് ഫുഡ് വ്യാമോഹം നല്‍കി ചായക്കടക്കാരനെയും എന്‍ജിനിയറിങ് മോഹം നല്‍കി മണിക്കുട്ടിയെയും പണപ്പെട്ടിയിലടയ്ക്കാന്‍ കഴിഞ്ഞ പ്രവീണിന്റെ കൈകള്‍ ശരീരമോഹം പൂണ്ട് തന്നിലേക്ക് നീണ്ടപ്പോള്‍ സരോജിനിക്ക് ചെറുക്കാനാവുന്നത് അങ്ങനെ ഉണര്‍ന്നിരിക്കുന്നതുകൊണ്ടാണ്. ഭര്‍ത്താവിന്റെ ബീഡിതെറുപ്പ് കത്രികതന്നെ അതിന്റെ ആയുധമായതും ഒരു രാഷ്ട്രീയപ്രസ്താവനയാണ്. എന്നാല്‍ ആ കൃത്യത്തില്‍ അവസാനിക്കുന്നില്ല സിനിമ. കാലചക്രങ്ങള്‍പോലുള്ള ചര്‍ക്കകള്‍ തിരിക്കുന്ന സരോജിനിയുടെയും കൂട്ടുകാരുടെയും നിശ്ശബ്ദമെങ്കിലും പ്രതീക്ഷാനിര്‍ഭരമായ മുഖം കൂടി കാട്ടിയിട്ടേ ക്യാമറ കണ്ണുപൂട്ടുന്നുള്ള. സാമൂഹ്യബന്ധങ്ങളുടെ ഇഴയടുപ്പങ്ങള്‍ ദൃഢമാക്കുന്ന സരോജിനിക്ക് അവളുടെ തൊഴില്‍തന്നെയാണ് ആത്മാവിഷ്കാരമെന്ന് സിനിമ ഒന്നുകൂടി ഉറപ്പിക്കുകയാണ് ഈ രംഗത്തിലൂടെ. ശത്രുവിനെ നിഗ്രഹിച്ചശേഷം വീരനായികയോ ദുരന്തനായികയോ ആയി പാളിപ്പോകാതെ സരോജിനിയെ തന്റെ യഥാര്‍ഥസ്വത്വത്തിലേക്കുതന്നെ തിരികെ കൊണ്ടുവരാന്‍ സംവിധായകന് കഴിയുന്നത് അവസാനരംഗത്തിന്റെ ദൃശ്യദാര്‍ഢ്യം കൊണ്ടാണ്.

'മധ്യവേനലി'നെപ്പോലെ ചരിത്രവും കാലവും ദേശവും കൃത്യമായി കാട്ടിത്തരുന്ന സിനിമകള്‍ മലയാളത്തില്‍ അപൂര്‍വമാണ്. വടക്കന്‍ കേരളമാണ് സ്ഥലം. കാലം സിനിമ നില്‍ക്കുന്ന കാലവും. ഖാദിയും ബീഡിതെറുപ്പും രാഷ്ട്രീയചാലകശക്തിയായിത്തീര്‍ന്ന ദേശത്തിന്റെ ചരിത്രരേഖകളായി നമുക്ക് അധികം സിനിമകളില്ല. ബീഡിത്തൊഴിലാളിയായ അപ്പമേസ്ത്രിയുടെ ജീവിതത്തെ ഇ എം എസ്സിന്റെ ജീവചരിത്രവുമായി ചേര്‍ത്തുവായിച്ച പ്രിയനന്ദനന്റെ 'നെയ്ത്തുകാര'നാണ് ഏകാപവാദം. 'കണ്ണൂരിലെ സഖാക്കള്‍ കൈകൊണ്ടു തെറുത്ത ബീഡി', 'ബീഡിയുണ്ടോ സഖാവേ തീപ്പെട്ടിയെടുക്കാന്‍' തുടങ്ങിയ പരിഹാസ്യ വാങ്മയങ്ങള്‍ കമേഴസ്യല്‍ സിനിമയില്‍ പ്രയോഗിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ആ തൊഴിലാളിപ്രസ്ഥാനത്തിന്റെ സാമൂഹികപരിണതിയുടെ ജീവഞരമ്പുകളില്‍ സ്പര്‍ശിക്കുകയാണ് മധ്യവേനലില്‍ മധുകൈതപ്രം. സ്വാതന്ത്യ്രസമരചരിത്രത്തിന്റെ ആലഭാരങ്ങള്‍ അഴിച്ചാല്‍ അവഗണനയുടെ ചരിത്രം മാത്രം പറയുന്ന ഖാദിപ്രസ്ഥാനത്തില്‍ 'സരോജിനിമാര്‍' അനവധിയാണ്. 'തിരിപ്പിന്‍ കൈമരറാട്ടെ, ഇപ്പഞ്ഞം തീരുമാറാട്ടെ' എന്ന് ചൊല്ലിയ വിദ്വാന്‍ പി കേളുനായരുടെ പ്രസ്ഥാനം ആ ചരിത്രത്തെ തന്നെ തിരിഞ്ഞുകുത്തിയ കാലത്തെയാണ് മധു ദൃശ്യവല്‍ക്കരിക്കാന്‍ ശ്രമിച്ചത്. അവിടെ കേരളീയ സമൂഹത്തിലുണ്ടായ പല പ്രകാരത്തിലുമുള്ള മാറ്റങ്ങളും പ്രമേയങ്ങളായെന്നു മാത്രം.

പക്ഷേ, അതുകൊണ്ടൊന്നും തിയറ്ററുകളില്‍ സിനിമക്ക് വാഴാനായില്ല. വടക്കന്‍ കേരളത്തിന്റെ മൊഴിസൌന്ദര്യമെഴുതിയ അനില്‍ മുഖത്തലയുടെ തിരക്കഥ, എം ജെ രാധാകൃഷ്ണന്റെ ക്യാമറ, മനോജ് കെ ജയന്റെയും ശ്വേതാമേനോന്റെയും അസാധാരണ സൂക്ഷ്മതയുള്ള അഭിനയ മികവ്, കൈതപ്രം സഹോദരന്മാരുടെ ഗാനങ്ങള്‍- ഒന്നും ഒരാഴ്ചയുടെ 'ആര്‍ഭാട'ക്കാഴ്ചക്കപ്പുറം ചര്‍ച്ചയായില്ല. മധുവിന്റെ ആദ്യസിനിമയായ 'ഏകാന്ത'വും പ്രേക്ഷകലോകമറിഞ്ഞത് അതിന് ഒരു ദേശീയ അവാര്‍ഡ് ലഭിച്ചപ്പോഴാണ്. അവാര്‍ഡ് ഒരു സിനിമയെ അതിന് വിധിച്ച അന്ത്യനിദ്രയില്‍നിന്ന് മോചിപ്പിക്കുമെങ്കില്‍ 'മധ്യവേനലി'നും മോഹിക്കാനുള്ളത് ഇനി അതാണ്. അതെന്തായാലും സിനിമയുടെ പരമ്പരാഗത രീതികളോടുള്ള അടിമബോധത്തെയും ഏറെ പരിചയിച്ച പ്രേക്ഷകശീലങ്ങളെയും മറികടക്കാനായ സംവിധായകനെ ചലച്ചിത്രചരിത്രം ഉറ്റുനോക്കുന്നുണ്ട്.

*
ബിജു മുത്തത്തി ദേശാഭിമാനി വാരിക

4 comments:

വര്‍ക്കേഴ്സ് ഫോറം said...

കൃത്യമായും ഒരാഴ്ച. മധു കൈതപ്രത്തിന്റെ 'മധ്യവേനലി'ന്റെ പേര് കേരളത്തിലെ സിനിമാകൊട്ടകകളില്‍ അതിനപ്പുറം കേട്ടവരുണ്ടാകില്ല. 'പട്ടണത്തില്‍ ഭൂത'ത്തിനും 'ഇവര്‍ വിവാഹിതരായാലി'നും 'ഭ്രമര'ത്തിനുമിടയില്‍ ഞെങ്ങിഞെരുങ്ങി മധ്യവേനല്‍ പകര്‍ന്ന പൊള്ളുന്ന കാഴ്ചാനുഭവങ്ങള്‍ അതിന്റെ കാഴ്ചപ്പകിട്ടില്ലായ്മകൊണ്ടുതന്നെ തിയറ്ററുകള്‍ കൈയൊഴിഞ്ഞു.എന്നാല്‍ സിനിമ കാട്ടിയ പ്രമേയപരമായ തന്റേടങ്ങളും സങ്കേതപരമായ മറികടക്കലുകളും പരിചരണത്തിലെ പാകതയും പുതുമയും തുറന്നുപറച്ചിലുകളും ആരോപണങ്ങളുമെല്ലാം സൃഷ്ടിക്കുന്ന ആശയസംഘര്‍ഷങ്ങള്‍ അവഗണിക്കുക എളുപ്പമല്ല.

Haree said...

ഈ ചിത്രം കാണുവാന്‍ രണ്ടുവട്ടം ശ്രമിച്ചിരുന്നു. ഒരു ദിവസം പ്രിന്റ് എത്തിയിരുന്നില്ല, അടുത്ത ദിവസമാവട്ടെ ആളില്ലാത്തതിനാല്‍ ഷോയും ഉണ്ടായില്ല! :-( കേരളത്തിന്റെ സ്വന്തം ചലച്ചിത്രോത്സവത്തില്‍ മലയാള ചിത്രങ്ങളുടെ കൂട്ടത്തിലും ‘മദ്ധ്യവേനലി’ന് ഇടമില്ല! (IFFK-യിലെ ചിത്രങ്ങള്‍.)
--

Roby said...

മകളെ ഹിന്ദി ടീച്ചറാക്കാനുള്ള സരോജിനിയുടെ മോഹത്തെ തന്റെ എന്‍ട്രന്‍സ് സ്വപ്നങ്ങള്‍ കൊണ്ടാണ് അവള്‍ ചെറുക്കുന്നത്. ഒടുവില്‍ കടംവാങ്ങിയും പണയം വച്ചുമാണെങ്കിലും ആ (രാഷ്ട്രീയ) ആദര്‍ശദമ്പതികള്‍ക്ക് (മകളുടെ) അനിവാര്യമായ (അരാഷ്ട്രീയ) മാറ്റത്തിനൊപ്പം പൊരുത്തക്കേടുകളോടെതന്നെ പൊരുത്തപ്പെടേണ്ടിവരുന്നു.

അപ്പോൾ ഹിന്ദി പഠിപ്പിക്കുന്നത് രാഷ്ട്രീയം. എൻ‌ട്രൻസ് എഴുതുന്നത് അരാഷ്ട്രീയം.
സിനിമാക്കാരനും കൊള്ളാം, നിരൂപകനും കൊള്ളാം...:(

ഖാദി, ബീഡി, പുളിച്ച ഗ്രഹാതുരത്വം. പഴയതൊക്കെ നല്ലത്, പുതിയതൊക്കെ മോശം എന്ന ലൈനിൽ തന്നെയാ ഇപ്പോഴും നമ്മുടെ പൊളിറ്റിക്കൽ ഫിലിമുകളുടെ പോക്ക്, അല്ലേ? രാഷ്ട്രീയം ഗ്രഹാതുരതയാക്കുമ്പോൾ ആ ഗ്യാപ്പിൽ കേറിവരുന്നത് മതങ്ങളും ആൾ‌ദൈവങ്ങളും തീവ്രവാദവും ജാതിയുമൊക്കെയായിരിക്കുമെന്ന് അറിയാത്തവരല്ലല്ലോ വർക്കേഴ്സ് ഫോറം.

ഈ ചരക്കൊക്കെ തിയറ്റർ കാണാതെ പോകുന്നതും ഒരു കണക്കിനു ഭാഗ്യം തന്നെ..!

@ഹരീ,
ഫെസ്റ്റിവലിൽ 'മധ്യവേനൽ' മത്സരവിഭാഗത്തിൽ തന്നെയുണ്ടല്ലോ. മത്സരവിഭാഗമുള്ള ഫെസ്റ്റിവലുകളിൽ ടോപ് കാറ്റഗറി മത്സരവിഭാഗം തന്നെ. അതിലുള്ള ചിത്രങ്ങൾ മറ്റുവിഭാഗങ്ങളിലുണ്ടാവില്ല.

വര്‍ക്കേഴ്സ് ഫോറം said...

റോബിയുടെ കമന്റിലെ ആശയം - പഴയതെല്ലാം നല്ലതും പുതിയത് ചീത്തയും എന്ന ചിന്താഗതിയിലെ അപകടം- as such അംഗീകരിക്കുന്നു. അതുപോലെ തന്നെ രാഷ്ട്രീയം ഗൃഹാതുരതയാകുമ്പോള്‍ ആ വിടവില്‍ കയറി വരുന്നത് മതങ്ങളും ആള്‍ദൈവങ്ങളും തീവ്രവാദവും ആയിരിക്കും എന്നതിനോടും വിയോജിക്കേണ്ട കാര്യമില്ല. പഴയതെല്ലാം ചീത്തയും പുതിയതെല്ലാം നല്ലതും എന്ന ചിന്താഗതിയിലും അപകടമിരിപ്പുണ്ട് എന്നു കൂടി സൂചിപ്പിക്കണം എന്ന് തോന്നുന്നു.

റോബി പറഞ്ഞരീതിയില്‍ മാത്രം ആണോ ലേഖകന്‍ കാര്യങ്ങളെ കണ്ടത് എന്ന കാര്യത്തില്‍ സംശയമുണ്ട്. അത്തരമൊരു വായന പരാമര്‍ശിതഭാഗത്തില്‍ നിന്നും ഉണ്ടാകാം. എന്നിരിക്കെ തന്നെ, “പഞ്ഞിക്കും നൂലിനുമൊപ്പം പിഞ്ഞിപ്പോകുന്ന ജീവിതത്തെ മുന്നില്‍ക്കാണുന്ന മകളുടെ തിരിച്ചറിവാകാം അത്“, “കുമാരന്‍ പിന്തുടരുന്ന കേവലമായ രാഷ്ട്രീയാദര്‍ശങ്ങളും വിപ്ളവഗൃഹാതുരതയും പുതിയ കാലത്ത് എത്രമേല്‍ അസ്ഥിരമാണെന്ന് കാണിക്കാന്‍ തന്നെയാവും സംവിധായകന്റെ ആ 'പാതകം.', തുടങ്ങിയ വാചകങ്ങളുടെ കൂടെ മേല്‍ ഉദ്ധരണി ചേര്‍ത്ത് വായിക്കുക എന്നതല്ലേ ശരി?

റോബിയുടെ കമന്റ് ലേഖകന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്. മറുപടി ലഭിക്കുകയാണെങ്കില്‍ ഇവിടെ ഇടാം.

റോബിക്കും ഹരിക്കും നന്ദി.