Sunday, January 17, 2010

വംഗജ്യോതി അസ്തമിച്ചു

കൊല്‍ക്കത്ത: വംഗദേശത്തെ ചുകപ്പിച്ച സമരനായകന്‍ ജ്യോതിബസു അന്തരിച്ചു. ഒമ്പത് ദശകങ്ങളായി പ്രകാശമേകിയ വംഗജ്യോതി അസ്തമിക്കുമ്പോള്‍ മറയുന്നത് ഇന്ത്യന്‍ വിപ്ളവ പ്രസ്ഥാന ചരിത്രത്തിലെ സമരഭരിതമായ ഒരധ്യായമാണ്. കൊല്‍ക്കത്തസാള്‍ട്ട് ലേക്കിലെ എഎംആര്‍ഐ ആശുപത്രിയില്‍ ഞായറാഴ്ച രാവിലെ 11.47നായിരുന്നു അന്ത്യം. മൂന്ന് ദശകത്തോളം ബംഗാളിലെ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹത്തിന് 95 വയസായിരുന്നു.

ജീവചരിത്രം

സാമ്രാജ്യത്വത്തിനെതിരെ കനല്‍ക്കാറ്റ് വീശിയ വംഗനാടിന്റെ മണ്ണില്‍ ഉദിച്ച് ഇന്ത്യയാകെ പ്രകാശിച്ച ജ്യോതിബസു മൂന്ന് ദശകം പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായി. സിപിഐ എം പോളിറ്റ് ബ്യൂറോയിലെ സ്ഥിരം ക്ഷണിതാവായിരുന്നു. 1914 ല്‍ ജുലൈ 8 ന് ഡോ. നിഷികാന്ത് ബസു - ഹേമലത ദമ്പതികളുടെ മൂന്നാമത്തെ കുഞ്ഞായി കല്‍ക്കത്തയിലാണ് ബസുവിന്റെ ജനനം. സെന്റ് സേവ്യേഴ്സ് സ്കൂളില്‍ വിദ്യാഭ്യാസം. 1935 ല്‍ കല്‍ക്കത്ത പ്രസിഡന്‍സി കോളേജില്‍ നിന്ന് ബിരുദം നേടി.

പഠനകാലത്താണ് പൊതുപ്രവര്‍ത്തനത്തിലേക്ക് തരിയുന്നത്. 1930ല്‍ ദേശീയ പ്രസ്ഥാനത്തിനെതിരെ ലഘുലേഖവിതരണം ചെയ്ത സ്‌കൂള്‍ മാനേജുമെന്റിനെതിരെ ബസു പൊട്ടിത്തെറിച്ചു. കുട്ടിക്കാലത്ത് സ്‌കൂള്‍ മാനേജ്‌മെന്റിനോട് തോന്നിയ എതിര്‍പ്പ് ദീര്‍ഘനാള്‍ കൊണ്ടു നടന്ന ബസു പിന്നീട് ആ സ്‌കൂളിന്റെ രക്ഷകനായി മാറി. ലണ്ടനിലെ നിയമ പഠനത്തിനിടെ മാര്‍ക്സിസത്തില്‍ ആകൃഷ്ടനായി. ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാര്‍ടി നേതാക്കളായ ഹാരി പോളിറ്റ്, രജനി പാംദത്ത്, ബെന്‍ ബ്രാഡ്‌ലി തുടങ്ങിവരുമായി അടുത്ത് ഇടപഴകി. ലണ്ടനിലെ ഇന്ത്യന്‍ ലീഗ്, ഇന്ത്യന്‍ വിദ്യാര്‍ഥി ഫെഡറേഷന്‍ എന്നിവയുടെ പ്രവര്‍ത്തകനും ലണ്ടന്‍ മജ്‌ലിസിന്റെ സെക്രട്ടറിയുമായി.

1940 ല്‍ ഇന്ത്യയില്‍ തിരിച്ചെത്തി ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ടി അംഗമായി. തുടക്കം ട്രേഡ് യൂണിയന്‍ രംഗത്തായിരുന്നു. ബി എ റെയില്‍ റോഡ് വര്‍ക്കേഴ്സ് യൂണിയന്റെയും ആള്‍ ഇന്ത്യ റെയില്‍വെമെന്‍സ് ഫെഡറേഷന്റെയും ഉൾപ്പെടെ നിരവധി ട്രേഡ്‌ യൂണിയനുകളുടെ നേതൃത്വം വഹിച്ചു. 1946 ല്‍ ബംഗാള്‍ നിയമസഭാംഗമായി. 1952 മുതല്‍ 57 വരെ കമ്മ്യൂണിസ്റ്റ് പാര്‍ടി പശ്ചിമ ബംഗാള്‍ പ്രൊവിഷണല്‍ കമ്മറ്റിയുടെ സെക്രട്ടറിയായ ജ്യോതിബസു 1964 മുതല്‍ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗമായി. 1952, 1957, 1962, 1967, 1969, 1971, 1977, 1982, 1987, 1991, 1996 വര്‍ഷങ്ങളില്‍ പശ്ചിമ ബംഗാള്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1957 മുതല്‍ 67 വരെ പ്രതിപക്ഷനേതാവ്. 1967 ലും 69 ലും അധികാരമേറ്റ ഐക്യമുന്നണി ഗവര്‍മെണ്ടുകളില്‍ ഉപമുഖ്യമന്ത്രി സ്ഥാനവും വഹിച്ചു.

1977 ജുണ്‍ 21 നാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായി അധികാരമേറ്റു. അഞ്ചു തവണ തുടര്‍ച്ചയായി മുഖ്യമന്ത്രിയായി ചരിത്രത്തില്‍ ഇടം നേടി. ഇന്ത്യയില്‍ ഒരു സംസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി മുഖ്യമന്ത്രിയായ അപൂര്‍വ്വ നേട്ടം സ്വന്തമാക്കി. 2000 നവംബര്‍ ആറിന് ആരോഗ്യപരമായ കാരണങ്ങളാല്‍ മുഖ്യമന്ത്രിപദം ഒഴിഞ്ഞു. 1996 ല്‍ ഐക്യമുന്നണി പ്രധാനമന്ത്രി സ്ഥാനത്തേക്ക് ജ്യോതിബസുവിന്റെ പേര് നിര്‍ദേശിച്ചു. ആ ഘട്ടത്തില്‍ പ്രധാനമന്ത്രിപദം ഏറ്റെടുക്കേണ്ടതില്ലെന്ന് പാര്‍ടി തീരുമാനിച്ചു. 2008 ലെ കോയമ്പത്തൂര്‍ പാര്‍ടി കോണ്‍ഗ്രസില്‍ പൊളിറ്റ്ബ്യൂറോയില്‍ നിന്ന് ഒഴിഞ്ഞെങ്കിലും സ്ഥിരം ക്ഷണിതാവായി തുടര്‍ന്നു.

രാഷ്ട്രീയപ്രവര്‍ത്തനം

1977-ല്‍ ജ്യോതിബസു പശ്ചിമബംഗാള്‍ മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കുമ്പോള്‍ പട്ടിണിയും ദാരദ്ര്യവും വിഘടന വാദവും വര്‍ഗ്ഗീയ സംഘര്‍ഷങ്ങളുമായി മല്ലിട്ടിരുന്ന സംസ്ഥാനമായിരുന്നു ബംഗാള്‍. സമഗ്ര ഭൂപരിഷ്കരണം ഉള്‍പ്പെടെയുള്ള ജനകീയ വികസന പദ്ധതികളിലൂടെ ബസു ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ ബംഗാളിന്റെ മുഖച്ഛായ തന്നെ മാറ്റി മറിച്ചു.

കാല്‍നൂറ്റാണ്ട് കാലം മുഖ്യമന്ത്രി സ്ഥാനത്തിരുന്ന ജ്യോതി ബസു എക്കാലത്തും അച്ചടക്കമുള്ള ഒരു കമ്മ്യൂണിസ്റ്റുകാരനായിരുന്നു. കൂട്ടുകക്ഷി രാഷ്ട്രീയം യാഥാര്‍ത്ഥ്യവും വിജയകരവുമാണെന്ന് തെളിയിച്ച ബസു , ബംഗാള്‍ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള വൈദേശിക ശക്തികളുടെ ഇടപെടലുകളെ ധീരമായി അതിജീവിച്ച നേതാവു കൂടിയാണ്.

ഏഴുപതിറ്റാണ്ട് നീണ്ട കമ്മ്യൂണിസ്റ്റ് ജീവിതത്തിനാണ് ജ്യോതിബസുവിന്റെ വിടവാങ്ങലിലൂടെ തിരശ്ശീല വീഴുന്നത്. തൊഴിലാളി നേതാവ്, വിപ്ലവകാരി, രാഷ്ട്രതന്ത്രജ്ഞന്‍, മുഖ്യമന്ത്രി എന്നിങ്ങനെ ബംഗാളിന്റെ ജ്യോതിബാസു ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ സജീവ സാന്നിധ്യമായിരുന്നു. സ്വാതന്ത്ര്യലബ്‌ധിക്കു ശേഷമുള്ള ഇന്ത്യന്‍ ചരിത്രത്തിലെ മഹാ വ്യക്തിത്വങ്ങളില്‍ ഒരാളാണ് കടന്നു പോകുന്നത്.

ഇന്ത്യന്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രി പദം അലങ്കരിച്ചയാള്‍ എന്ന റെക്കോര്‍ഡ് ബംഗാളിന്റെ ജ്യോതി ബാബുവിന് സ്വന്തം. 1977 മുതല്‍ 2000 വരെ തുടര്‍ച്ചയായി 23 വര്‍ഷം ജ്യോതിബസു ബംഗാളിന്റെ മുഖ്യമന്ത്രി പദം അലങ്കരിച്ചു.

കൊല്‍കത്തയിലെ ഹിന്ദുസ്ഥാന്‍ പാര്‍ക്ക് സ്ട്രീറ്റ് ഇന്ന് ചരിത്രത്തിന്റെ ഭാഗമാണ്. ബസു 10 വയസ്സ് മുതല്‍ പിന്നീട് 7 പതിറ്റാണ്ട് കാലം ജീവിച്ചത് ഹിന്ദുസ്ഥാന്‍ പാര്‍ക്കിലെ ഈ വസതിയിലായിരുന്നു. വിദ്യാര്‍ത്ഥിയായ ബസുവില്‍ നിന്ന് ബംഗാളിന്റെ ധീരനായ മുഖ്യമന്ത്രി വരെയുള്ള വളര്‍ച്ചയ്ക്ക് സാക്ഷിയാണ് ഹിന്ദുസ്ഥാന്‍ സ്ട്രീറ്റ്.

ബംഗാളി മാധ്യമലോകത്തിന് ബസു നല്ല സുഹൃത്തും ഉപദേഷ്ടാവും ആയിരുന്നു. കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറയുന്ന ബസുവിന്റെ രീതിയും യാഥാര്‍ത്ഥ്യബോധത്തോടെയുള്ള സമീപനവും ബംഗാളി മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ബസുവിനെ ഏറ്റവും നല്ല രാഷ്ട്രീയ നേതാവാക്കി.

ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിച്ചതാണ് ബസുവിനെ വ്യത്യസ്തനാക്കിയത്. ബസു അങ്ങനെ ബംഗാളികളുടെ എന്നത്തേയും ജനനായകനായി.

ജ്യോതിബസുവിന്റെ ശരീരം നീല്‍ രത്തന്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന് വിട്ടുകൊടുക്കും. ജീവിതത്തില്‍ തന്റെ പ്രവൃത്തിയെന്ന പോലെ മരണാനന്തരം തന്റെ ശരീരവും സമൂഹത്തിന് പ്രയോജനകരമാകണമെന്ന നിര്‍ബന്ധമാണ് ശരീരം മെഡിക്കല്‍ കോളേജിന് വിട്ടു കൊടുക്കാന്‍ ബസുവിനെ പ്രേരിപ്പിച്ചത്. മൃതദേഹം മറ്റന്നാള്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പഠനത്തിന് കൈമാറും. ആന്തരികാവയവങ്ങളും ദാനം ചെയ്യും. നാളെ രാവിലെ കൊല്‍ക്കത്തയില്‍ CPI(M) ഓഫീസില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെയ്ക്കും. മൃതദേഹം രണ്ടുദിവസം പൊതുദര്‍ശനത്തിന് വെയ്ക്കും. ബസുവിന്റെ നിര്യാണത്തെ തുടര്‍ന്ന് ദില്ലി എ കെ ജി ഭവനില്‍ സി പി ഐ എം പതാക പകുതി താഴ്ത്തികെട്ടി. മുഴുവന്‍ പൊളിറ്റ് ബ്യൂറോ അംഗങ്ങളും കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കളും കൊല്‍ക്കത്തയിലേക്ക് പോകും.

മാതൃകയായ ജനപ്രതിനിധി

ബംഗാളിലെ കര്‍ഷകസമരങ്ങളുടെ ഉജ്വലമായ അധ്യായമാണ് തേഭാഗസമരം. പങ്കുവാരക്കാരായ കൃഷിക്കാര്‍ക്ക് വിളവില്‍ മൂന്നില്‍ രണ്ടുഭാഗം വേണമെന്നായിരുന്നു ആവശ്യം. ഭൂനികുതി കമീഷണര്‍ ഇത് തത്വത്തില്‍ അംഗീകരിച്ചെങ്കിലും സര്‍ക്കാര്‍ ഈ ബില്‍ പൂഴ്ത്തിവെച്ചിരിക്കുകയായിരുന്നു. കൃഷിക്കാരുടെ സമരം വടക്കന്‍മേഖലകളില്‍ കാട്ടുതീ പോലെ പടര്‍ന്നപ്പോള്‍ പൊലീസ് രംഗത്തിറങ്ങി. മര്‍ദനവും ലാത്തിച്ചാര്‍ജും നടത്തി. കമ്യൂണിസ്റ്റ് പാര്‍ടിയുടെ നിര്‍ദേശപ്രകാരം ബസു വിവിധ ജില്ലകളില്‍ പര്യടനം നടത്തി പൊലീസ് അതിക്രമങ്ങളുടെ വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി. തേഭാഗസമരവുംകൃഷിക്കാരുടെ ആവശ്യവും ബസു നിയമസഭയില്‍ നാലുതവണ ഉന്നയിച്ചു. സഭയിലെ കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് മറുപടി പറയാന്‍ കഴിഞ്ഞില്ല. അതിനുശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞ് ജ്യോതിബസുവിന്റെ നേതൃത്വത്തില്‍ അധികാരത്തില്‍വന്ന ഇടതുപക്ഷ സര്‍ക്കാരാണ് പങ്കുവാര കൃഷിക്കാരുടെ അവകാശങ്ങള്‍ ഉറപ്പിച്ചതും ഭൂമിയില്‍നിന്ന് ഒഴിപ്പിക്കല്‍ നടപടി നിര്‍ത്തലാക്കിയതും.

ബംഗാളില്‍ ഭക്ഷ്യപ്രതിസന്ധി വന്നപ്പോള്‍ അടിയന്തരപ്രമേയത്തിനു നോട്ടീസ് നല്‍കിയശേഷം ബസു നടത്തിയ കന്നിപ്രസംഗം അമൃതബസാര്‍പത്രിക വിശദമായി റിപ്പോര്‍ട്ട്ചെയ്തു. തുടര്‍ന്ന് ജനകീയകമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഭക്ഷ്യസംഭരണത്തിന് പാര്‍ടി മുന്‍കൈ എടുത്തപ്പോള്‍ ബസുവായിരുന്നു മുമ്പില്‍ നിന്നിരുന്നത്. ബജറ്റ്സമ്മേളനത്തിലെ പൊതുചര്‍ച്ചയില്‍ ബസു നടത്തിയ ആദ്യത്തെ പ്രസംഗവും ശ്രദ്ധേയമായിരുന്നു. ചുരുങ്ങിയ കാലയളവില്‍ പ്രഗത്ഭനായ ഒരു നിയമസഭാ സാമാജികനാണ് താനെന്ന് തെളിയിക്കാന്‍ ബസുവിന് കഴിഞ്ഞു.

സ്വാതന്ത്ര്യലബ്‌ധിക്കുശേഷം ആദ്യ നിയമസഭാ സമ്മേളനം (1947 നവംബര്‍ 21) ചേര്‍ന്നപ്പോള്‍, ഹൌറയിലും സിയാല്‍ഡയിലും നടന്ന പൊലീസ് ലാത്തിച്ചാര്‍ജിനെക്കുറിച്ച് സംസാരിച്ചു. നിയമസഭയ്ക്ക് അഭിവാദനംഅര്‍പ്പിക്കാന്‍ ചെന്ന കൃഷിക്കാര്‍ക്കുനേരെനടന്ന ലാത്തിച്ചാര്‍ജ് സംബന്ധിച്ച് മുഖ്യമന്ത്രി പ്രസ്താവന ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും തൃപ്തികരമായ പ്രസ്താവനയായിരുന്നില്ല അത്. ബസു സഭ വിട്ടിറങ്ങി പുറത്ത് തടിച്ചുകൂടിയ ജനങ്ങളോട് സംസാരിച്ചശേഷം അടിയന്തരപ്രമേയം അവതരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

ഈ കാലഘട്ടത്തില്‍തന്നെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപ്പാക്കിയ കരിനിയമത്തിനെതിരെയും ബസു സഭയില്‍ ആഞ്ഞടിച്ചു. അന്ന് നിയമസഭയില്‍ കോണ്‍ഗ്രസിന് ബില്‍ പാസാക്കാന്‍ കഴിഞ്ഞു. പിന്നീട് 1967ല്‍ അധികാരത്തില്‍വന്ന ആദ്യത്തെ ഐക്യമുന്നണി സര്‍ക്കാരാണ് കരിനിയമം റദ്ദാക്കിയത്. 1946ലെ സാമുദായിക കലാപത്തിനുശേഷം അന്നത്തെ ലീഗ് സര്‍ക്കാര്‍ കൊണ്ടുവന്ന പ്രത്യേകാധികാര നിയമം നടപ്പാക്കുകയായിരുന്നു പിന്നീട് വന്ന കോണ്‍ഗ്രസ് സര്‍ക്കാരും. പണിമുടക്കുകളെനിരോധിക്കുന്ന ബംഗാള്‍ സുരക്ഷിതത്വ ബില്ലിനെതിരെ നിയമസഭക്കകത്തും പുറത്തും പോരാടിയത് കമ്യൂണിസ്റ്റ്പാര്‍ടി അടക്കമുള്ള ഇടതുപക്ഷ പാര്‍ടികളാണ്. ബസു ഇതിനെല്ലാം നേതൃത്വം നല്‍കി.

കൊല്‍ക്കൊത്തയില്‍ ചേര്‍ന്ന രണ്ടാം പാര്‍ടി കോഗ്രസിനുശേഷം (1948 ഫെബ്രുവരിയില്‍) പാര്‍ടിയെ നിയമവിരുദ്ധമാക്കിയതിനെ തുടര്‍ന്ന് ബംഗാളിലെ പാര്‍ടിനേതാക്കളോടൊപ്പം ബസുവിനെയും അറസ്റ്റ്ചെയ്തു ജയിലിലാക്കി. ജയില്‍മോചിതനായശേഷം പാര്‍ടി നിര്‍ദേശപ്രകാരം ട്രേഡ്‌യൂണിയന്‍ പ്രവര്‍ത്തനത്തില്‍ മുഴുകി. ഇതിനിടയില്‍ നിയമസഭാ പ്രവര്‍ത്തനത്തിലും സജീവമായി പങ്കെടുത്തു. ഈ സന്ദര്‍ഭത്തിലാണ് അഖിലേന്ത്യ റെയില്‍വേ പണിമുടക്ക് നടന്നത്. റെയില്‍വേ തൊഴിലാളികളുടെ നേതാവായിരുന്ന ബസു ഒളിവില്‍പോയി. ആ പണിമുടക്ക് പരാജയമായിരുന്നെങ്കിലും റെയില്‍വേ തൊഴിലാളികളുടെ സംഘടന ശക്തമാക്കാന്‍ കഴിഞ്ഞു

കമ്യൂണിസ്റ്റ്പാര്‍ടി നിയമവിധേയമായ ശേഷം ബംഗാളിലെ പാര്‍ടി പത്രമായ 'സ്വാധീനത'യുടെ പത്രാധിപസമിതി അധ്യക്ഷനായി ബസുവിനെയാണ് തെരഞ്ഞെടുത്തത്. പത്രം നടത്തിപ്പിനെക്കുറിച്ച് ബസു പഠിച്ചതും അപ്പോഴാണ്. പത്രംനടത്തിപ്പിനോടൊപ്പം നിയമസഭാ പ്രവര്‍ത്തനത്തിലും ബസു വ്യാപൃതനായിരുന്നു. ഇതിനിടയില്‍ (1952) സ്വതന്ത്ര ഇന്ത്യയിലെ ഒന്നാമത്തെ തെരഞ്ഞെടുപ്പ് വന്നപ്പോള്‍ ബസു തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനിറങ്ങി. ബാരാനഗര്‍ മണ്ഡലത്തില്‍ കോഗ്രസിലെ റായ് നരേന്ദ്രനാഥ് ചൌധരിക്കെതിരായി മല്‍സരിച്ച ബസു വന്‍ വിജയം നേടി. തെരഞ്ഞെടുപ്പില്‍ നിയമസഭയില്‍ കമ്യൂണിസ്റ്റ്പാര്‍ടി പ്രതിപക്ഷത്തെ ഏറ്റവും വലിയ പാര്‍ടിയായി മാറി. ഇരുപത്തെട്ട് സീറ്റ്. ബസു പാര്‍ലമെണ്ടറി പാര്‍ടി നേതാവായി. അന്ന് ബി സി റോയ് മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് മന്ത്രിസഭയായിരുന്നു.

അക്കാലത്ത് സഭയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളെ തുറന്നുകാണിക്കാനും സഭക്ക് പുറത്തുള്ള ബഹുജനസമരങ്ങളെ നിയമസഭാ പ്രവര്‍ത്തനങ്ങളിലൂടെ സഹായിക്കാനും പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ബസുവിന് കഴിഞ്ഞു. 1953 മുതല്‍ 1959 വരെ ബംഗാളില്‍ നടന്ന ബഹുജന പ്രചാരണങ്ങളില്‍ ജ്യോതിബസു നിറഞ്ഞുനിന്നു. ട്രാം യാത്രക്കൂലി വര്‍ധനക്കെതിരെയുള്ള സമരം, അധ്യാപകസമരം, ഭക്ഷ്യസമരം എന്നിവയിലെല്ലാം ബസു അമരക്കാരനായിരുന്നു. പാര്‍ലമെണ്ടറി പാര്‍ടി ലീഡര്‍ എന്നതിനുപുറമെ പാര്‍ടി സെക്രട്ടറിസ്ഥാനവും വഹിച്ച ബസു ബഹുജനസമരരംഗങ്ങളില്‍ സജീവ പങ്കാളിയായിരുന്നു. ഈ കാലഘട്ടമാണ് ബസുവിനെ ജനഹൃദയങ്ങളിലെ നായകനാക്കി മാറ്റിയത്.

സഭക്കകത്തും പുറത്തും പോരാളി

കാല്‍നൂറ്റാണ്ടോളം കാലം വംഗനാട്ടിലെ മുഖ്യമന്ത്രിയായിരുന്ന ജ്യോതിബസുവിനെ മിഴിവുറ്റ ഭരണാധികാരിയായേ ഇന്നത്തെ തലമുറ അറിയൂ. എന്നാല്‍, അധികാരക്കസേരയില്‍ വരുന്നതിനുമുമ്പ് നിരവധി അഗ്നിപരീക്ഷകളിലൂടെ കടന്നുപോയ കമ്യൂണിസ്‌റ്റ് പോരാളിയായിരുന്നു അദ്ദേഹം. ലണ്ടനില്‍നിന്ന് ബാരിസ്റ്റര്‍ പരീക്ഷ പാസായി (1940) ഇന്ത്യയില്‍ ബസു തിരിച്ചെത്തിയത് കമ്യൂണിസ്‌റ്റുകാരനായിട്ടാണ്. മുംബൈ തുറമുഖത്ത് കപ്പലില്‍നിന്ന് ഇറങ്ങുമ്പോള്‍ ബസുവിന്റെ കൈയില്‍ സിപിഎസ് യൂ (ബി) ചരിത്രമടക്കമുള്ള പാര്‍ടി പുസ്തകങ്ങളായിരുന്നു. മുഴുവന്‍സമയ രാഷ്ട്രീയപ്രവര്‍ത്തകനാകുക എന്ന ലക്ഷ്യമായിരുന്നു ആ യുവാവിന്. ലണ്ടന്‍ വാസകാലത്തെ കൂട്ടുകാരാകട്ടെ, പിന്നീട് കമ്യൂണിസ്‌റ്റ് നേതാക്കളായി മാറിയ ഭൂപേശ് ഗുപ്തയും മോഹന്‍കുമരമംഗലവും അരുണ്‍ ബോസുമായിരുന്നു. ഈ സംഘം മുംബൈയിലെ പാര്‍ടിയുമായി ബന്ധപ്പെട്ടു.
പാര്‍ടിയുടെ തീരുമാനപ്രകാരം കൊല്‍ക്കത്തക്ക് തിരിച്ച ബസു ഒളിവിലുള്ള പാര്‍ടി നേതാക്കളുമായി ബന്ധംവച്ചു. ജര്‍മനി സോവിയറ്റ് യൂണിയനെ ആക്രമിച്ച സമയം. ഫാസിസത്തിനെതിരായ ജനകീയയുദ്ധകാലം. ബസു കൊല്‍ക്കത്തയില്‍ ഫാസിസത്തിനെതിരായ എഴുത്തുകാരുടെയും കലാകാരന്മാരുടെയും സംഘടനയ്ക്ക് രൂപം നല്‍കി. സംഘടനയുടെ സെക്രട്ടറിയായി. നിരോധിക്കപ്പെട്ട പാര്‍ടിയുടെ രഹസ്യയോഗങ്ങള്‍ ചേര്‍ന്നിരുന്നത് ബസുവിന്റെ വീട്ടില്‍. പാര്‍ടി നേതാക്കള്‍ക്ക് ഒളിവുസങ്കേതങ്ങള്‍ ഒരുക്കലും രഹസ്യയോഗങ്ങള്‍ സംഘടിപ്പിക്കലും ബസുവിന്റെ ചുമതലയായി. പരസ്യപ്രവര്‍ത്തനവും രഹസ്യപ്രവര്‍ത്തനവും കൂട്ടി ഇണക്കുന്ന പ്രധാന കണ്ണിയായി പ്രവര്‍ത്തിച്ചു. പാര്‍ടിയുടെ അനുഭാവികളെ കണ്ട് ഫണ്ട് പിരിച്ചിരുന്നതും ബസു. പാര്‍ടി ക്ളാസിന്റെയും പൊതുയോഗങ്ങളില്‍ നയപരിപാടി വിശദീകരിക്കുന്ന ചുമതലയും കൂടിയുണ്ടായി. ക്വിറ്റ് ഇന്ത്യാ സമരകാലഘട്ടത്തില്‍ ബംഗാളിലെ കമ്യൂണിസ്റ്പാര്‍ടി ഒട്ടേറെ എതിര്‍പ്പുകള്‍ നേരിട്ടിരുന്ന കാലഘട്ടവും കൂടിയായിരുന്നു. പാര്‍ടി പ്രവര്‍ത്തകര്‍ക്കിടയിലും അനുഭാവികള്‍ക്കിടയിലുമുള്ള ഭയാശങ്ക ദൂരീകരിക്കാന്‍ ഗ്രാമങ്ങളില്‍ ബസു സഞ്ചരിച്ചു.

മുംബൈയില്‍ കമ്യൂണിസ്‌റ്റ് പാര്‍ടിയുടെ ഒന്നാംകോഗ്രസ് നടക്കുന്ന ദിനങ്ങള്‍ (1943) ബംഗാള്‍ പ്രവിശ്യകളുടെ സമ്മേളനം നടന്നിരുന്നു. പ്രവിശ്യാ കമ്മിറ്റി സംഘാടകരായി തെരഞ്ഞെടുത്ത ഏഴുപേരില്‍ ഒരാള്‍ ബസുവായിരുന്നു. ബംഗാളില്‍ തൊഴിലാളിസംഘടന രൂപീകരിക്കുന്നതിന്റെ ഭാഗമായി റെയില്‍വേ തൊഴിലാളി സംഘടനയായിരുന്ന ബി എ (ബംഗാള്‍ - അസം) റെയില്‍വേ തൊഴിലാളി യൂണിയന്‍ രൂപീകരിച്ചു. യൂണിയന്റെ ജനറല്‍ സെക്രട്ടറിയായി ബസുവിനെ തെരഞ്ഞെടുത്തു. നാവികകലാപത്തിന് പിന്തുണ പ്രഖ്യാപിച്ച് ബംഗാളിലെ റെയില്‍വേ തൊഴിലാളികളുടെ വിജയകരമായിമാറിയ ഇരുപത്തിനാല് മണിക്കൂര്‍ പണിമുടക്ക് ബസുവിന്റെ നേതൃപാടവത്തിന് തെളിവായിരുന്നു.

ഇന്ത്യാവിഭജനവേളയില്‍ വര്‍ഗീയകലാപങ്ങള്‍ പടര്‍ന്നപ്പോള്‍ സമുദായമൈത്രിക്കുവേണ്ടി കമ്യൂണിസ്‌റ്റ് പാര്‍ടി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി. കൊല്‍ക്കത്തയിലെ തൊഴിലാളി കേന്ദ്രങ്ങളിലും ഇരു സമുദായങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടത്തും സമാധാനപാലന പ്രവര്‍ത്തനങ്ങളുടെ മുന്‍പന്തിയില്‍ ബസു ഉണ്ടായിരുന്നു. അക്രമികളുടെ പിടിയില്‍നിന്ന് പലതവണ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. മതഭ്രാന്തന്മാരുടെ പിടിയില്‍നിന്ന് ജീവന്‍ പണയംവച്ച് പലരെയും രക്ഷപ്പെടുത്തുകയും ചെയ്തു. സര്‍വകക്ഷി സമാധാന കമ്മിറ്റി രൂപീകരിക്കാന്‍ മുന്‍കൈയെടുത്ത ബസു നിയമസഭയില്‍ മതസൌഹാര്‍ദം കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ശക്തമായി വാദിച്ചു. സാമുദായിക ലഹളകളുടെ സൂത്രധാരകര്‍ ബ്രിട്ടീഷ് സാമ്രാജ്യവാദികളാണെന്ന് ബസു വ്യക്തമാക്കുകയും ചെയ്തു.

പരിമിതമായ വോട്ടവകാശത്തോടെ ആദ്യമായി നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ (1946) റെയില്‍വേ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായി പാര്‍ടി നിശ്ചയിച്ചത് ബസുവിനെയായിരുന്നു. റെയില്‍വേ തൊഴിലാളി മേഖലയിലെ മുഴുവന്‍ തൊഴിലാളികളുടെയും പിന്തുണ നേടാന്‍ ബസുവിന് കഴിഞ്ഞു. ബസു വിജയിച്ചു. ആദ്യത്തെ തെരഞ്ഞെടുപ്പു പോരാട്ടം. എതിരാളികള്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ബാലറ്റ്പേപ്പര്‍ തട്ടിയെടുക്കലും വ്യാപകമായി കൃത്രിമങ്ങളും ആക്രമണങ്ങളും നടത്തിയിരുന്നു. എംഎല്‍എ ആയതോടെ ബസു പാര്‍ടി അലവന്‍സ് പറ്റി മുഴുവന്‍ സമയ പ്രവര്‍ത്തകനായി മാറി. അന്ന് മുസ്ളിംലീഗ് മന്ത്രിസഭ. ബസു ഉള്‍പ്പെടെ മൂന്നുപേരാണ് കമ്യൂണിസ്റുകാരായ എംഎല്‍എമാര്‍. അന്നുമുതല്‍ ബസു സഭയ്ക്കകത്തും പുറത്തും പോരാളിയായി മാറി. പുറത്തുള്ള സമരങ്ങളുമായി ബന്ധപ്പെട്ട് നിയമസഭാ പ്രവര്‍ത്തനം നടത്തുക എന്ന പാര്‍ടി ലൈന്‍ പിന്തുടര്‍ന്നു.
ലണ്ടനില്‍ വിരിഞ്ഞ ചെന്താരകം

ബിരുദപഠനം കഴിഞ്ഞ് ഇംഗ്ളണ്ടിലേക്ക് പോകുമ്പോള്‍ തികച്ചും ഒരു നാണംകുണുങ്ങിയായിരുന്ന മകന്‍ അവിടെ നാലുവര്‍ഷത്തെ നിയമപഠനം കഴിഞ്ഞ് മടങ്ങിവന്നപ്പോള്‍ പക്വതയാര്‍ന്ന കമ്യൂണിസ്റ്റ് നേതാവായി മാറിയതുകണ്ട് ജ്യോതിബസുവിന്റെ അച്ഛനമ്മമാര്‍ക്ക് പരിഭ്രമമായിരുന്നു. ബാരിസ്റ്ററാകാനല്ല കമ്യൂണിസ്റ്റ് പാര്‍ടിയുടെ മുഴുവന്‍സമയ പ്രവര്‍ത്തകനാകാനാണ് തന്റെ തീരുമാനമെന്ന് അവരെ എങ്ങനെ ബോധ്യപ്പെടുത്തുമെന്നതായിരുന്നു മകന്റെ പ്രശ്നം. എന്തായാലും ഒരു കണക്കിന് ബസു തന്റെ തീരുമാനം അച്ഛനമ്മമാരെക്കൊണ്ട് അംഗീകരിപ്പിച്ചു. അത്ര വലിയ മാറ്റമായിരുന്നു ലണ്ടന്‍ ജീവിതം ജ്യോതിബസുവില്‍ വരുത്തിയത്.

കോളേജ് വിദ്യാഭ്യാസകാലത്തുടനീളം ഏകാന്തത ഇഷ്ടപ്പെട്ടിരുന്ന അന്തര്‍മുഖനായിരുന്നു ജ്യോതിബസു. ഒരിക്കലെങ്കിലും കോളേജ് മാഗസിനില്‍ എഴുതുകയോ പ്രസംഗമത്സരത്തില്‍ പങ്കെടുക്കുകയോ ചെയ്യാതെയാണ് കൊല്‍ക്കത്ത പ്രസിഡന്‍സി കോളേജിലെ ബസുവിന്റെ ക്യാമ്പസ് ജീവിതം അവസാനിച്ചത്. ക്ളാസ് കട്ട് ചെയ്ത് കോഫിഹൌസിലോ ക്യാബിനിലോ ഇരുന്ന് വാചകമടിക്കുന്ന സംഘങ്ങളിലും ബസു ഉണ്ടായിരുന്നില്ല. ഒഴിവുകിട്ടുന്ന സമയം സെക്കന്‍ഡ് ഹാന്‍ഡ് പുസ്തകങ്ങള്‍ വില്‍ക്കുന്ന കടകളില്‍ ഒറ്റയ്ക്ക് അലയാനായിരുന്നു ബസുവിന് ഇഷ്ടം.ഒറ്റയ്ക്കിരിക്കാനുള്ള ആഗ്രഹം ചിലപ്പോള്‍ ശ്മശാനങ്ങളിലേക്കുപോലും ബസുവിനെ നയിച്ചിരുന്നു.

ലണ്ടനില്‍ ചെന്നിട്ടും ആദ്യം ഈ ശീലങ്ങളില്‍ മാറ്റം വരുത്തിയിരുന്നില്ല. ആദ്യത്തെ കുറെ ആഴ്ചകളോളം സഹപാഠികളോട് ഒരക്ഷരംപോലും പറഞ്ഞിരുന്നില്ല. അവിടെ നാഗ് എന്നൊരാളുടെ വീട്ടില്‍ അരഡസന്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളോടൊപ്പം താമസിക്കുമ്പോഴും രാവിലെ ക്ളാസില്‍ പോയാല്‍ രാത്രി ഏഴിന് അത്താഴസമയത്ത് മാത്രമേ ബസു തിരിച്ചുവരുമായിരുന്നുള്ളൂ. ക്ളാസ് കഴിഞ്ഞാല്‍ വാറന്‍സ്ട്രീറ്റ് സ്റ്റേഷനില്‍നിന്ന് അണ്ടര്‍ഗ്രൌണ്ട് ട്രെയിനില്‍ കയറി സ്ഥലങ്ങള്‍ കാണാന്‍പോകും. അവധിദിവസങ്ങളില്‍ ഉച്ചഭക്ഷണം കഴിഞ്ഞാണ് നാടുകാണാന്‍ പോയിരുന്നത്.

ഈ യാത്രകളില്‍ ഹൈഡ് പാര്‍ക്ക് ബസുവിനെ ആകര്‍ഷിച്ച ഒരു പ്രധാന കേന്ദ്രമായിരുന്നു. അവിടെ 'സ്പീക്കേഴ്സ് കോര്‍ണറില്‍' പല പീഠങ്ങളിലായി ഒരേസമയം പലരും പ്രസംഗിക്കുന്നുണ്ടാകും. ഒരിടത്ത് ഒരു സോഷ്യലിസ്റ്റ് നേതാവാണ് പ്രസംഗിക്കുന്നതെങ്കില്‍ മറ്റൊരിടത്ത് ഏതെങ്കിലും കമ്യൂണിസ്റ്റ് നേതാവാകും. വേറൊരിടത്ത് ഏതെങ്കിലും ഫാസിസ്റ്റാകും. ഇനിയുമൊരിടത്ത് ഏതെങ്കിലും സുവിശേഷപ്രസംഗകനാകും. മറ്റ് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഇംഗ്ളീഷ് കാമുകിമാരുമൊത്ത് ചുറ്റിയടിക്കാന്‍ പോകുമ്പോള്‍ ജ്യോതിബസു ഒരു പ്രസംഗകന്റെ മുന്നില്‍നിന്ന് മറ്റൊരാളുടെ മുന്നിലേക്ക് ഓടുകയാകും. ലോകം ഫാസിസ്റ്റ് അനുഭാവികളും ഫാസിസ്റ്റ് വിരുദ്ധരുമായി ചേരിതിരിഞ്ഞുതുടങ്ങിയിരുന്ന അക്കാലത്ത് ഈ പ്രസംഗങ്ങള്‍ ബസുവിന്റെ രാഷ്ട്രീയരൂപീകരണത്തില്‍ പങ്കുവഹിച്ചു.

1935 ഒക്ടോബറില്‍ ലണ്ടനിലെത്തിയ ബസുവിന്റെ പരിവര്‍ത്തനം '36ലായിരുന്നു. മറ്റ് വിദ്യാര്‍ഥികളെപ്പോലെ ആഴ്ചയിലൊരിക്കല്‍ ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ പ്രൊഫ. ഹാരോള്‍ഡ് ലാസ്കിയുടെ പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ ബസുവും പോകുമായിരുന്നു. ഫാസിസത്തിനെതിരെയും ഇന്ത്യയിലെ ബ്രിട്ടീഷ് ആധിപത്യത്തിനെതിരെയും ആഞ്ഞടിച്ചിരുന്ന ലാസ്കിയുടെ പ്രഭാഷണങ്ങള്‍ ബസുവിനെ ഏറെ സ്വാധീനിച്ചു. ബ്രിട്ടനിലെ ഫാസിസ്റ്റ് വിരുദ്ധ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കുകൊണ്ടുകൊണ്ടാണ് ബസു രാഷ്ട്രീയത്തില്‍ സജീവമായത്. മാര്‍ക്സിസ്റ്റ് താത്വികഗ്രന്ഥങ്ങള്‍ തപ്പിപ്പിടിച്ച് രാത്രി വൈകുവോളം വായിക്കുന്നത് ബസുവിന്റെ ശീലമായിത്തുടങ്ങി. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന് പിന്തുണ പ്രഖ്യാപിക്കാന്‍ വിദ്യാര്‍ഥികള്‍ ആരംഭിച്ച ലണ്ടന്‍ മജ്ലിസില്‍ അദ്ദേഹവും അംഗമായിരുന്നു. ജവാഹര്‍ലാല്‍ നെഹ്റു, സുഭാഷ് ചന്ദ്രബോസ്, വിജയലക്ഷ്മി പണ്ഡിറ്റ് തുടങ്ങി ഇന്ത്യയില്‍നിന്നെത്തുന്ന ദേശീയനേതാക്കളെ സ്വീകരിക്കുക, അവരുടെ പ്രസംഗങ്ങള്‍ സംഘടിപ്പിക്കുക തുടങ്ങിയവയുടെ ചുമതല ജ്യോതിക്കായി. '37ല്‍ അദ്ദേഹം മജ്ലിസിന്റെ സെക്രട്ടറിയായി. '36ഓടെ തന്നെ ബസു ലണ്ടനിലെ ഇന്ത്യക്കാര്‍ക്കൊക്കെ സുപരിചിതനായി. ബെല്‍ഡൈസ് പാര്‍ക്ക്, ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സ്, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ സ്റ്റുഡന്റ്സ്, ഇന്ത്യാ ലീഗ് തുടങ്ങിയ വേദികളിലൊക്കെ അദ്ദേഹത്തിന്റെ സാന്നിധ്യം പതിവായി.

ഇടക്കാലത്ത് നിര്‍ജീവമായ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ സ്റ്റുഡന്റ്സ് സജീവമാക്കിയത് ബസുവാണ്. ഭൂപേഷ് ഗുപ്ത, അരുണ്‍ ബോസ്, ഇന്ദ്രജിത് ഗുപ്ത, നിഖില്‍ ചക്രവര്‍ത്തി, മോഹന്‍ കുമരമംഗലം, പി എന്‍ ഹക്സര്‍ തുടങ്ങിയവരുമായി ബസു അടുപ്പത്തിലായത് ഇക്കാലത്താണ്. സുഹൃത്തുക്കള്‍ വഴി ബ്രിട്ടണിലെ കമ്യൂണിസ്റ്റ് പാര്‍ടിയുമായും ബസു അടുത്തു. പാര്‍ടിനേതാക്കളായ ഹാരി പോളിറ്റ്, രജനി പാംദത്ത്, ക്ളെമന്‍സ് ദത്ത എന്നിവരുടെ യോഗങ്ങളില്‍ സ്ഥിരം പങ്കെടുത്തുതുടങ്ങി. ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പാര്‍ടി സംഘടിപ്പിക്കാന്‍ ഏറെ സഹായിച്ച ബെന്‍ ബ്രാഡ്‌ലിയുടെ വര്‍ക്കിങ് ഗ്രൂപ്പില്‍ പ്രവര്‍ത്തിക്കാന്‍ ബസു നിയുക്തനായി. ബ്രിട്ടീഷ് സഖാക്കളുടെ സഹായത്തോടെ കിഴക്കന്‍ ലണ്ടനിലെ ചേരികളിലെ നിരക്ഷരരായ ഇന്ത്യന്‍ കപ്പല്‍ തൊഴിലാളികളെ ഇംഗ്ളീഷ് പഠിപ്പിക്കാന്‍ പദ്ധതിയിട്ടത് ബസുവിന്റെ നേതൃത്വത്തിലാണ്.

രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമായ ബസു ലണ്ടനിലെ നിരവധി വേദികളില്‍ സ്ഥിരം പ്രസംഗകനായി. ഇതിനിടെ ഒരിക്കല്‍ ബ്രിട്ടീഷ് യൂണിയന്‍ ഓഫ് ഫാസിസ്റ്റ്സ് എന്ന സംഘടനയുടെ തലവന്‍ ഓസ്വാള്‍ഡ് മോസ്പിയുടെ ഒരു പ്രസംഗം ബസുവും ഭൂപേഷ് ഗുപ്തയും ചേര്‍ന്ന് തടസ്സപ്പെടുത്തിയ സംഭവമുണ്ടായി. മോസ്പിയുടെ ഇന്ത്യാവിരുദ്ധ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു ഇത്. രാഷ്ട്രീയപ്രവര്‍ത്തനം ഇതിനകം ബസുവിന് പഠനത്തേക്കാള്‍ പ്രധാനമായിക്കഴിഞ്ഞിരുന്നു. ക്ളാസ് സമയങ്ങളില്‍പോലും ഇന്ത്യാ ലീഗ് ഓഫീസില്‍പോയി വി കെ കൃഷ്ണമേനോനെ സഹായിക്കുമായിരുന്നു. പിന്നീട് പരീക്ഷ അടുത്തപ്പോള്‍ രാത്രി ഉറക്കമിളച്ചിരുന്ന് പഠിച്ചാണ് ബസു നിയമബിരുദം നേടിയത്. ഇതിനിടെ അവസാന പരീക്ഷ എഴുതേണ്ടെന്ന് ബസു തീരുമാനിച്ചെങ്കിലും ബെന്‍ ബ്രാഡ്‌ലിയാണ് തിരുത്തിയത്. പരീക്ഷ കഴിഞ്ഞ് ഫലം വരുംമുമ്പേതന്നെ ബസു ഇന്ത്യയിലേക്ക് കപ്പല്‍ കയറി. നാലുവര്‍ഷവും രണ്ടുമാസവും നീണ്ട ലണ്ടന്‍ വാസത്തിനുശേഷം '40ലെ പുതുവര്‍ഷപ്പിറവിദിനത്തില്‍ മുംബൈ തുറമുഖത്ത് കപ്പലിറങ്ങിയത് അങ്ങോട്ടു പോയതില്‍നിന്ന് തീര്‍ത്തും വ്യത്യസ്തനായ ബസുവായിരുന്നു.


ആദരാഞ്ജലികള്‍

സംഘടനാ രംഗത്തും ആശയരംഗത്തും സമരം നയിച്ച നേതാക്കളില്‍ പ്രമുഖനായിരുന്നു ജ്യോതിബസുവെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ അനുസ്മരിച്ചു. ദേശീയതലത്തില്‍ പാര്‍ട്ടിയെ നിര്‍ണ്ണായക ശക്തിയാക്കുന്നതില്‍ ബസുവിന്റെ പങ്ക് ശ്രദ്ധേയമായിരുന്നുവെന്നും വി എസ് പറഞ്ഞു.

പാവങ്ങള്‍ക്കു വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച നേതാവായിരുന്നു ജ്യോതിബസുവെന്ന് പിണറായി വിജയന്‍ അനുസ്മരിച്ചു. CPI(M)ന് തീരാനഷ്ടമാണ് ബസുവിന്റെ വിയോഗമെന്നും പിണറായി മലപ്പുറത്ത് പറഞ്ഞു.

ജ്യോതിബസുവിന്റെ മരണം ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് അപരിഹാര്യമായ നഷ്ടമാണുണ്ടാക്കിയിരിക്കുന്നതെന്ന് സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗവും ആഭ്യന്തരമന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു.

എല്ലാ ഘട്ടത്തിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിച്ച നേതാവായിരുന്നു ജ്യോതിബസുവെന്ന് സി പി ഐ എം പോളീറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള അനുസ്മരിച്ചു.

ജ്യോതിബസുവിന്റെ ജീവിതം പകര്‍ന്നു തന്ന പാഠങ്ങള്‍ രാജ്യത്തെ എല്ലാ കമ്മ്യൂണിസ്റ്റ്കാര്‍ക്കും എന്നും പ്രചോദനമായിരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് പ്രതികരിച്ചു.

ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ക്ക് തീരാനഷ്ടമാണ് ജ്യോതിബസുവിന്റെ വിയോഗമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗ്ഗവന്‍ പ്രതികരിച്ചു.

രാജ്യത്തെ ഉന്നതനായ സോഷ്യലിസ്റ്റ് ചിന്തകനെയാണ് ജ്യോതിബസുവിന്റെ വിയോഗത്തോടെ നഷ്ടമായതെന്ന് ജസ്റ്റിസ് വി ആര്‍ കൃഷ്ണ അയ്യര്‍ പ്രതികരിച്ചു.

പുരോഗമന രാഷ്ട്രീയ ചിന്താഗതിക്കാരെയും മതേതര ശക്തികളെയും ഇത്രയധികം സ്വാധീനിച്ച മറ്റൊരു രാഷ്ട്രീയ നേതാവില്ലെന്ന് ആര്‍ എസ് പി മുന്‍ സെക്രട്ടറി കെ പങ്കജാക്ഷന്‍ അനുസ്മരിച്ചു.

ബംഗാളില്‍ ഇടതുപക്ഷത്തെ ശക്തിപ്പെടുത്തിയ ജ്യോതിബസു ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് ദിശാബോധം പകര്‍ന്ന നേതാവായിരുന്നുവെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ അനുസ്മരിച്ചു. പാര്‍ലമെന്ററി രംഗത്തും പുറത്തും ബസുവിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായിരുന്നുവെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.

കമ്മ്യൂണിസ്റ്റ് മൂല്യങ്ങളുടെ പ്രതീകമായിരുന്ന മഹാനായ നേതാവായിരുന്നു ജ്യോതിബസുവെന്ന് മന്ത്രി ബിനോയ് വിശ്വം പ്രതികരിച്ചു.

സാര്‍വ്വദേശീയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് തീരാനഷ്ടമാണ് ജ്യോതിബസുവിന്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നതെന്ന് സി പി ഐ എം കേന്ദ്രകമ്മിറ്റി അംഗം പി കരുണാകരന്‍ എം പി പ്രതികരിച്ചു.

ഇടതുപക്ഷ നേതൃത്വത്തിലെ ഒരു തലമുറയുടെ അന്ത്യമാണ് ജ്യോതിബസുവിന്റെ നിര്യാണത്തിലൂടെ സംഭവിച്ചിരിക്കുന്നതെന്ന് ചരിത്രകാരന്‍ ഡോ. കെ എന്‍ പണിക്കര്‍ പറഞ്ഞു.

വംഗദേശത്തെ ചുവപ്പിച്ച സമരനായകനു വര്‍ക്കേഴ്സ് ഫോറത്തിന്റെ ആദരാഞ്ജലികള്‍

11 comments:

വര്‍ക്കേഴ്സ് ഫോറം said...

കൊല്‍ക്കത്ത: വംഗദേശത്തെ ചുകപ്പിച്ച സമരനായകന്‍ ജ്യോതിബസു അന്തരിച്ചു. ഒമ്പത് ദശകങ്ങളായി പ്രകാശമേകിയ വംഗജ്യോതി അസ്തമിക്കുമ്പോള്‍ മറയുന്നത് ഇന്ത്യന്‍ വിപ്ളവ പ്രസ്ഥാന ചരിത്രത്തിലെ സമരഭരിതമായ ഒരധ്യായമാണ്. കൊല്‍ക്കത്തസാള്‍ട്ട് ലേക്കിലെ എഎംആര്‍ഐ ആശുപത്രിയില്‍ ഞായറാഴ്ച രാവിലെ 11.47നായിരുന്നു അന്ത്യം. മൂന്ന് ദശകത്തോളം ബംഗാളിലെ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹത്തിന് 95 വയസായിരുന്നു.

വംഗദേശത്തെ ചുവപ്പിച്ച സമരനായകനു വര്‍ക്കേഴ്സ് ഫോറത്തിന്റെ ആദരാഞ്ജലികള്‍

Joker said...

ആദരാഞ്ജലികള്‍

ഷൈജൻ കാക്കര said...

ശക്തനായ നേതാവ്‌.

വാഴക്കോടന്‍ ‍// vazhakodan said...

വംഗദേശത്തെ ചുവപ്പിച്ച സമരനായകനു ആദരാഞ്ജലികള്‍

Unknown said...

ധീര സഖാവിനു ആദരാഞ്ജലി.
ലാല്‍ സലാം.....

ഷാജി ഖത്തര്‍.

jayanEvoor said...

വംഗനാടിന്റെ സമരനായകനു വിട!

ലാൽ സലാം!

ഹരീഷ് തൊടുപുഴ said...

ധീരയോദ്ധാക്കൾ മരിക്കുന്നില്ല..
ഞങ്ങളിലൂടെ ജീവിക്കുന്നു..
ലാൽ സലാം സഖാവേ..ലാൽ സലാം

ധീരസഖാവിനു ആദരാഞ്ജലികൾ..

MOO said...

Truly a great leader, the last of leaders of class...

അനില്‍@ബ്ലോഗ് // anil said...

ലാല്‍ സലാം.

നിസ്സഹായന്‍ said...

ആത്മാര്‍പ്പണത്തോടെ നിസ്വാര്‍ത്ഥതയോടെ പ്രസ്ഥാനത്തിനു വേണ്ടി പണിയെടുത്ത,
ത്യാഗസമ്പന്നമായി മാതൃകാജീവിതം നയിച്ച, ആദരണീയനായ, മഹാനായ നേതാവിനു കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍ !!!! അവസാനം സ്വന്തം ശരീരം മെഡിക്കല്‍ പഠനത്തിനു വിട്ടുകൊടുക്കുകയും കണ്ണുകള്‍ ദാനം ചെയ്യുകയും ചെയ്ത ആ ഉജ്ജ്വല മാതൃകയെങ്കിലും നാളിതുവരെ കേരളത്തിലെ അന്തരിച്ചുപോയ വീരശൂരപരാക്രമികള്‍ക്കൊന്നും അനുവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലെന്നത് അവരുടെ കമ്മ്യൂണിസ്റ്റ് കാപട്യം വെളിവാക്കുന്നു. മതവിശ്വാസം വേണോ വേണ്ടേ എന്ന ആശങ്കയില്‍ പ്രതിസന്ധിയില്‍ നിന്നും പ്രതിസന്ധികളിലേയ്ക്ക് കൂപ്പു കുത്തിക്കൊണ്ടിരിക്കുന്ന പാര്‍ട്ടിയില്‍ ആദര്‍ശത്തിന്റെ അവശേഷിച്ച കണികയും നഷ്ടപ്പെട്ടിരിക്കുന്നു. ഇനിയുള്ളത് .......???!!!!!

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ആദരാഞ്ജലികള്‍