Thursday, February 11, 2010

ഡോ.കെ.എന്‍.രാജ് - രണ്ട് ഓര്‍മ്മക്കുറിപ്പുകള്‍

അപൂര്‍വ നിധിയായ കത്ത്

പ്രശസ്തനായ അധ്യാപകന്‍, പ്രഗത്ഭനായ ഗവേഷകന്‍, പ്രായോഗിക ബുദ്ധിയുള്ള ആസൂത്രണ ഉപദേഷ്ടാവ്, ആദര്‍ശ സമ്പന്നനായ ധിഷണാശാലി എന്നിങ്ങനെ വൈവിധ്യമാര്‍ന്ന വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു പ്രൊഫ. കെ എന്‍ രാജ്. ഡല്‍ഹി സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ ആയിട്ടല്ല, മറിച്ച് ഡല്‍ഹി സ്കൂള്‍ ഓഫ് ഇക്കണോമിക്സിലെ അധ്യാപകനായിട്ടാണ് അദ്ദേഹം അറിയപ്പെടുന്നത്. യുഎന്നിലും ഐഎല്‍ഒയിലും വേള്‍ഡ് ബാങ്കിലുമൊക്കെ പരന്നുകിടക്കുന്ന ഒരു വിപുലശിഷ്യസമ്പത്ത് അദ്ദേഹത്തിനുണ്ട്. വി കെ ആര്‍ വി റാവു, അമര്‍ത്യസെന്‍, മന്‍മോഹന്‍സിങ്, ജഗദീഷ് ഭഗവതി തുടങ്ങി നിരവധി പ്രഗത്ഭരോടൊപ്പം പ്രവര്‍ത്തിക്കുകയും അവരുടെയെല്ലാം ആദരവും അംഗീകാരവും അദ്ദേഹം അനായാസം സമ്പാദിക്കുകയും ചെയ്തത് പ്രൊഫ. രാജിന്റെ പ്രാഗത്ഭ്യത്തിന്റെ തെളിവാണ്. അമര്‍ത്യസെന്നിനെപ്പോലെ ഒട്ടേറെ ഗ്രന്ഥങ്ങളും പ്രബന്ധങ്ങളും അദ്ദേഹം എഴുതിയിട്ടില്ല. എങ്കിലും സാമ്പത്തികശാസ്ത്രത്തിന് ഒരു മാനവികമുഖം നല്‍കുന്നതില്‍ അദ്ദേഹം ശ്രദ്ധിച്ചെന്ന് അദ്ദേഹത്തിന്റെ രചനകള്‍ സാക്ഷ്യംവഹിക്കുന്നു. മാര്‍ക്സിസവും വികേന്ദ്രീകരണവും അദ്ദേഹം കൈവച്ച മേഖലകളില്‍ ഉള്‍പ്പെടുന്നു.

നോബല്‍ സമ്മാനം നേടിയ കെന്നത്ത് ആരോയും അമര്‍ത്യസെന്നും വളരെ സൈദ്ധാന്തിക സംഭാവനകള്‍ നല്‍കിയ ക്ഷേമസാമ്പത്തിക ശാസ്ത്രത്തെക്കുറിച്ച് ഒരിക്കല്‍ അദ്ദേഹം എഴുതി:

'എന്നെപ്പോലെ ചിലര്‍, ക്ഷേമസാമ്പത്തികശാസ്ത്രമെന്ന് അറിയാതെ, ക്ഷേമസാമ്പത്തികശാസ്ത്രം പ്രയോഗത്തില്‍ എത്തിച്ചു. കാരണം സാമ്പത്തികശാസ്ത്രം പാവങ്ങള്‍ക്ക് സഹായകമായിരിക്കണം. എന്നാല്‍, സാമ്പത്തികശാസ്ത്രത്തെ അക്ഷരാര്‍ഥത്തില്‍ നോക്കിക്കാണുന്നവര്‍ക്ക് ഇത് ഒരു പ്രശ്നമല്ല'.

ഒരേസമയം സിദ്ധാന്തവും പ്രയോഗവും ഒന്നിച്ചുകൊണ്ടുനടന്ന ധിഷണാശാലികളായ ജാന്‍ ടിന്‍ ബേര്‍ജനും (എന്റെ ഓര്‍മ ശരിയെങ്കില്‍ സാമ്പത്തികശാസ്ത്രത്തിലെ ആദ്യത്തെ നോബല്‍ ജേതാവ്) ജോന്‍ റോബിന്‍സണും അദ്ദേഹത്തിന്റെ അടുത്ത മിത്രങ്ങളായിരുന്നു. ഒന്നും രണ്ടും പഞ്ചവത്സര പദ്ധതികളുടെ രൂപീകരണത്തില്‍ അടുത്ത് പ്രവര്‍ത്തിച്ച രാജ് നെഹ്റുവിന്റെ ശ്രദ്ധയാകര്‍ഷിച്ച അപൂര്‍വം സാമ്പത്തിക ശാസ്ത്രജ്ഞരില്‍ ഒരാളായിരുന്നു. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ദശകത്തിലെ സാമ്പത്തിക വളര്‍ച്ചനിരക്ക് സാവധാനം ആകണമെന്ന് അദ്ദേഹം വാദിച്ചതിനെ നെഹ്റു ആദ്യം അനുകൂലിച്ചില്ല. അപ്പോള്‍ അദ്ദേഹത്തിന്റെ പ്രസിദ്ധമായ മറുപടി ഇതായിരുന്നു. 'സര്‍, ജനാധിപത്യവും സത്വരവികസനവും തമ്മില്‍ തെരഞ്ഞെടുക്കുകയാണെങ്കില്‍, അങ്ങ് എന്ത് തെരഞ്ഞെടുക്കും'?

വ്യക്തിപരമായ ഒരു കാര്യംകൂടി പറഞ്ഞ് ഈ ഓര്‍മക്കുറിപ്പ് നിര്‍ത്താം.

എന്നെ കേരള സര്‍വകലാശാലയിലെ റീഡറായി തെരഞ്ഞെടുത്ത സമിതിയുടെ അധ്യക്ഷന്‍ രാജായിരുന്നു. മുക്കാല്‍ മണിക്കൂര്‍ അദ്ദേഹം എന്നെ മുള്‍മുനയില്‍ നിര്‍ത്തി. പക്ഷേ, അതിനുമുമ്പ് ഇന്നാട്ടില്‍ സാമ്പത്തിക ഗവേഷണത്തിന് നല്ല മാര്‍ഗദര്‍ശനം നല്‍കാന്‍ ആളില്ലാതിരുന്ന കാലത്ത് അദ്ദേഹത്തിന് എന്റെ തീസിസിന്റെ ഒരു 'പ്രപ്പോസല്‍' അയച്ചു. ഡല്‍ഹി സര്‍വകലാശാലാ പ്രൊഫസറായിരുന്ന അദ്ദേഹം എനിക്ക് സ്വന്തം കൈപ്പടയില്‍ ദീര്‍ഘമായി മറുപടി നല്‍കി. വിഷയം 'കേരളത്തിലെ ചെറുകിട വ്യവസായം' ആയിരുന്നു. ഒടുവില്‍ അദ്ദേഹം പറഞ്ഞു. 'എല്ലാം കാടുകയറി അന്വേഷിക്കരുത്. വ്യവസായ എസ്റ്റേറ്റില്‍ ശ്രദ്ധകേന്ദ്രീകരിക്കുക' ഈ കത്ത് ഞാന്‍ ഒരു അപൂര്‍വ നിധിയായി സൂക്ഷിക്കുന്നു. അദ്ദേഹം തലക്കനമില്ലാത്ത തന്റേടിയായ ഒരു സ്വതന്ത്ര ചിന്തകനുമായിരുന്നു.
(ഡോ. എം എ ഉമ്മന്‍)

തുറന്നമനസ്സിന്റെ ഉടമ

ഡോ. കെ എന്‍ രാജിനെ ഞാന്‍ ആദ്യമായി കാണുന്നത് ആലപ്പുഴയിലെ വലിയചുടുകാട്ടില്‍വച്ചായിരുന്നു. ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല (ജെഎന്‍യു)യിലെ എസ്എഫ്ഐ യൂണിറ്റ് മുന്‍ സെക്രട്ടറിയും സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസിലെ (സിഡിഎസ്) ഗവേഷണ ബിരുദ വിദ്യാര്‍ഥിയുമായിരുന്ന എ ഡി നീലകണ്ഠനും കെ എന്‍ ഗണേഷിനുമൊപ്പം തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടയില്‍ ഞങ്ങളുടെ വാഹനം അപകടത്തില്‍പ്പെട്ടു. നീലകണ്ഠന്‍ കൊല്ലപ്പെട്ടു. സംസ്കാരം വലിയചുടുകാട്ടിലായിരുന്നു. ചിത എരിയുമ്പോള്‍ കെ എന്‍ രാജ് എന്റെ തോളില്‍തട്ടി സിഡിഎസിലേക്ക് വരുന്നുണ്ടോയെന്ന് ആരാഞ്ഞു. അവിടേക്കുള്ള യാത്രയ്ക്കിടയിലാണ് അപകടം സംഭവിച്ചത് എന്നതുകൊണ്ടാകാം അങ്ങനെ ചോദിച്ചത്. എന്നാല്‍, ഞാന്‍ യാത്രയ്ക്കുള്ള മാനസികാവസ്ഥയിലായിരുന്നില്ല. സിഡിഎസിലേക്ക് വരണമെന്ന് ആവശ്യപ്പെട്ട് കെ എന്‍ രാജും പ്രൊഫ. കൃഷ്ണാജിയുമൊക്കെ അടങ്ങുന്ന സംഘം മടങ്ങി. അങ്ങനെയാണ് ഞാന്‍ സിഡിഎസിലെ വിദ്യാര്‍ഥിയാകുന്നത്. എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റായ എന്നെ സിഡിഎസില്‍ വിദ്യാര്‍ഥിയായി സ്വീകരിക്കുന്നതിന് ഒരു വൈമനസ്യവും കാട്ടിയില്ലെന്നു മാത്രമല്ല, എന്നെപ്പോലുള്ളവര്‍ എത്തുന്നത് വളരെ നന്നായി എന്ന ഭാവമായിരുന്നു ഡോ. രാജിന്. ഇത് അദ്ദേഹത്തിന്റെ തുറന്ന മനസ്സിന്റെ ഒരു നല്ല ഉദാഹരണം.
വിദ്യാര്‍ഥിയായിരിക്കുമ്പോഴും മുഴുവന്‍സമയ രാഷ്ട്രീയ പ്രവര്‍ത്തകനായ എന്നെ അംഗീകരിക്കുന്നതിനും ഇടം തരുന്നതിനും കമ്യൂണിസ്റുകാരനല്ലെങ്കിലും വിശാലമായ മനസ്സാണ് ഡോ. രാജിനുണ്ടായത്. അക്കാലം ഡോ. രാജിലെ അക്കാദമിക് പ്രതിഭ ഉച്ചസ്ഥായിയിലായിരുന്നപ്പോഴാണ് ഡല്‍ഹി സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ പദവിയും മറ്റ് ആകര്‍ഷകങ്ങളും ഉപേക്ഷിച്ച് തിരുവനന്തപുരത്തെത്തി ഒരു ഗവേഷണസ്ഥാപനത്തിന് ഹരിശ്രീ കുറിക്കുന്നത്. ഇത് പലരെയും അത്ഭുതപ്പെടുത്തി. അക്കാദമിക് ഔന്നത്യം മാത്രമല്ല, സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു പറ്റം പണ്ഡിതരെയും ഒപ്പംകൂട്ടി. പ്രൊഫ. വൈദ്യനാഥന്‍, പ്രൊഫ. കൃഷ്ണാജി, പ്രൊഫ. ഐ എസ് ഗുലാത്തി തുടങ്ങിയവരുടെ പ്രാമാണിക ബന്ധം ഏതാനും വര്‍ഷത്തിനകം സിഡിഎസിനെ അന്തര്‍ദേശീയ ശ്രദ്ധയാകര്‍ഷിച്ച സ്ഥാപനമാക്കി മാറ്റി. പാണ്ഡിത്യവും സംഘടനാ പാടവവും ആസൂത്രണ വൈദഗ്ധ്യവും ഒത്തുചേര്‍ന്ന വ്യക്തിത്വമായിരുന്നു ഡോ. രാജ്. 26-ാം വയസ്സിലാണ് ഒന്നാം പഞ്ചവത്സരപദ്ധതി തയ്യാറാക്കിയ പ്ളാനിങ് കമീഷനില്‍ അദ്ദേഹം ചേര്‍ന്നത്. സ്വതന്ത്ര ഇന്ത്യയുടെ ദീര്‍ഘകാല പരിപ്രേക്ഷ്യം സംബന്ധിച്ച ഒരു അധ്യായം അദ്ദേഹം രചിച്ചു. മൂന്ന് ശതമാനം വളര്‍ച്ച നിരക്ക് ലക്ഷ്യമിട്ടതിന് ഡോ. രാജിനെ പലരും വിമര്‍ശിച്ചു. എന്നാല്‍, ചെറിയ തുടക്കത്തില്‍നിന്നേ ഉന്നതിയില്‍ എത്താന്‍ കഴിയൂ എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഇത് ശരിയാണെന്ന് രണ്ടാം പഞ്ചവത്സരപദ്ധതി തെളിയിച്ചു. ജനകീയത ഊന്നിയ ആധുനികവല്‍ക്കരണമായിരുന്നു ഡോ. രാജിന്റെ സമീപനം. ഭക്രാനംഗല്‍ അണക്കെട്ടിനെക്കുറിച്ച് ഡോ. രാജ് തയ്യാറാക്കിയ നേട്ട-കോട്ട വിശകലനം വലിയ വഴിത്തിരിവായി. ആധുനിക ഇന്ത്യയുടെ അമ്പലമെന്ന പ്രയോഗം നെഹ്റു നടത്തിയത് ഇതില്‍നിന്ന് ആവേശം ഉള്‍ക്കൊണ്ടായിരുന്നു.

ആസൂത്രണ കമീഷനില്‍ പ്രവര്‍ത്തിക്കുന്ന വേളയിലാണ് 1957ല്‍ കേരളത്തില്‍ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തുന്നത്. വലിയ അനുഭവത്തോടെയാണ് ഡോ. രാജ് ഈ സംഭവത്തെ നോക്കിക്കണ്ടത്. അന്ന് സര്‍ക്കാരിനെ സഹായിക്കാന്‍ കഴിവുറ്റ യുവാക്കളായ ഒട്ടേറെ സാമ്പത്തിക വിദഗ്ധരെ തെരഞ്ഞെടുത്ത് കേരളത്തില്‍ എത്തിച്ചത് രാജായിരുന്നു. അങ്ങനെയാണ് ഗുലാത്തിയും അശോക് മിത്രയുമൊക്കെ കേരളത്തില്‍ എത്തിയത്്. ഇന്ത്യന്‍ ആസൂത്രണമേഖലയില്‍ ഉദാര ഇടതുപക്ഷ കാഴ്ചപ്പാടിന്റെ വക്താവായിരുന്നു അദ്ദേഹം. പൊതുമേഖലയില്‍ അടിസ്ഥാന വ്യവസായവളര്‍ച്ച, വമ്പന്‍ മുതല്‍മുടക്കില്‍ കൃഷിയുടെ ആധുനികവല്‍ക്കരണം, സാമൂഹ്യക്ഷേമം ഇവയായിരുന്നു അദ്ദേഹത്തിന്റെ ചിന്താധാരകള്‍. ബാങ്കിങ് ദേശസാല്‍ക്കരണത്തിന് ഇന്ദിര ഗാന്ധിയെ ഉപദേശിച്ചവരില്‍ പ്രമുഖന്‍ ഡോ. രാജായിരുന്നു. കേരളത്തിന്റെ സാമ്പത്തിക വികാസത്തില്‍ ഡോ. രാജിന്റെ സംഭാവന വളരെ വലുതായിരുന്നു. ഇന്നും കേരളത്തിന്റെ ഭൂഉടമ ബന്ധങ്ങളിലെ സമഗ്ര പഠനമായി കരുതുന്ന ടി സി വര്‍ഗീസിന്റെ പഠനത്തിന്റെ മേല്‍നോട്ടം രാജിനായിരുന്നു. കേരളചരിത്രത്തിന്റെ സവിശേഷത വിശദീകരിക്കാന്‍ ഭൂഉടമ ബന്ധത്തിന്റെ പങ്ക് ഊന്നിയിരുന്നു. ഭൂപരിഷ്കരണവുമായി ബന്ധപ്പെട്ട ഏറ്റവും നല്ല പ്രബന്ധങ്ങളില്‍ ഒന്ന് ഡോ. മൈക്കിള്‍ തരകനും ഡോ. രാജും ചേര്‍ന്നാണ് രചിച്ചത്. കേരള വികസനവുമായി ബന്ധപ്പെട്ട് ഇന്ന് ചര്‍ച്ചചെയ്യുന്ന പ്രധാന സങ്കല്‍പ്പങ്ങളെല്ലാം ഡോ. രാജിന്റെ നേതൃത്വത്തിലാണ് തയ്യാറാക്കിയത്. 'ദാരിദ്ര്യം, തൊഴിലില്ലായ്മ, വികസന നയം' എന്ന ഗ്രന്ഥത്തില്‍നിന്ന് ഉരുത്തിരിഞ്ഞവയാണ്. ഇതില്‍ മുന്നോട്ടുവച്ച വാദങ്ങളാണ് കേരളത്തെ സംബന്ധിച്ച് പിന്നീട് സിഡിഎസിന്റെ രണ്ടു ദശാബ്ദക്കാലത്തെ പഠനമെന്നു പറയാം.

പൊതുവില്‍ ഡോ. രാജിന്റെ സമീപനത്തെ ഇടതുപക്ഷ കെയ്നീഷ്യന്‍ എന്നു വിശേഷിപ്പിക്കാം. ഞാന്‍ സിഡിഎസില്‍ ചേരുന്ന കാലയളവില്‍ ഇതു സംബന്ധിച്ച് അദ്ദേഹം നടത്തിയിട്ടുള്ള ഒട്ടേറെ ഇംപീരിയല്‍ പഠനങ്ങള്‍ കെനീഷ്യന്‍ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. ശ്രീമതി. ജോന്‍ റോബിന്‍സ ഉള്‍പ്പെടെയുള്ള ഒട്ടേറെ അര്‍ത്ഥശാസ്ത്ര വിദഗ്ധര്‍ അക്കാലത്ത് സിഡിഎസില്‍ തീര്‍ഥാടനത്തിന് എത്തുമായിരുന്നു. ഇ എം എസുമായി പ്രത്യേകതരം ബന്ധമായിരുന്നു ഡോ. രാജിന് ഉണ്ടായിരുന്നത്. ആശയപരമായി ഒട്ടേറെ സംവാദങ്ങള്‍ ഡോ. രാജുമായി എഴുപതുകളില്‍ ഇ എം എസ് നടത്തി. നിശിതമായ വിമര്‍ശം നടത്തിയിരുന്നപ്പോഴും പരസ്പര ബഹുമാനത്തോടെയുള്ള ആരോഗ്യകരമായ ബന്ധം ഇരുവരും സൂക്ഷിച്ചു. വികേന്ദ്രീകൃത ആസൂത്രണത്തെക്കുറിച്ച് സിഡിഎസിന്റെ പഠനഗവേഷണ പരിപാടി ഉദ്ഘാടനം ചെയ്യുന്നതിന് ഡോ. രാജ്് ഇ എം എസിനെ ക്ഷണിച്ചു. കല്യാശേരിയിലെ ആസൂത്രണപരീക്ഷണങ്ങളെക്കുറിച്ചുള്ള പ്രബന്ധം ഈ സമ്മേളനത്തില്‍ വിശദ ചര്‍ച്ചയ്ക്ക് വിഷയമായി. ഒരുപക്ഷേ, ഡോ. രാജ് പങ്കെടുത്ത ഏക പ്രതിഷേധ പരിപാടിയും ഇക്കാലത്തായിരുന്നു. 73, 74 ഭരണഘടനാ ദേദഗതിയുടെ അടിസ്ഥാനത്തില്‍ കേരളത്തില്‍ നിയമനിര്‍മാണം നടത്തുന്നതിലുണ്ടായ കാലവിളംബത്തില്‍ പ്രതിഷേധിച്ച് സെക്രട്ടറിയറ്റ് പരിസരത്ത് നടന്ന പരിപാടിയില്‍ ഗുലാത്തിക്കൊപ്പം ഡോ. രാജും പങ്കെടുത്തു. ഇങ്ങനെ ബഹുമുഖമായിട്ടുള്ള വലിയൊരു വ്യക്തിത്വമായിരുന്നു രാജിന്റേത്. സംശയം വേണ്ട, കേരളം കണ്ട ഏറ്റവും പ്രതിഭാധനനായ സാമ്പത്തിക വിദഗ്ധനായിരുന്നു അദ്ദേഹം.
(ഡോ. തോമസ് ഐസക്)

തൃശൂരിന്റെ ഓര്‍മകളില്‍ രാജ്

ലോകപ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞന്‍ ഡോ. കെ എന്‍ രാജ് വിടവാങ്ങുമ്പോള്‍ തൃശൂരിന് അത് ഒരു സ്വകാര്യദുഃഖംകൂടി. അമ്മവഴി തൃശൂരുമായി ഈടുറ്റ ബന്ധമുള്ള ഡോ. രാജിന് തൃശൂരിന്റെ ഓര്‍മകളില്‍ വലിയസ്ഥാനമുണ്ട്. തൃശൂരിലെ പ്രസിദ്ധനായ അയ്യാക്കുട്ടി ജഡ്ജിയുടെ മകളുടെ മകനാണ് ഡോ. രാജ്. ഈ നാടിന് ചെറുതല്ലാത്ത സംഭാവന രാജ് നല്‍കിയിട്ടുണ്ട്. ഡോ. രാജിന്റെ സംഭാവനകളുടെ നിത്യസ്മാരകമായി കോസ്റ്റ്ഫോര്‍ഡ് എന്ന മാതൃകാസ്ഥാപനം തലയുയര്‍ത്തിനില്‍ക്കും. കോസ്റ്റ്ഫോര്‍ഡിന്റെ രൂപീകരണത്തില്‍ സി അച്യുതമേനോനും ലാറിബേക്കര്‍ക്കുമൊപ്പം നിര്‍ണായകപങ്കുവഹിച്ച വ്യക്തിയാണ് രാജ്. തിരുവനന്തപുരത്തെ ഡോ. രാജിന്റെ വീട്ടിലാണ് കോസ്റ്റ്ഫോര്‍ഡ് രൂപീകരിക്കുന്നതിന്റെ ആദ്യ ആലോചനകള്‍ നടന്നത്. 1991ല്‍ സി അച്യുതമേനോന്റെ മരണത്തെത്തുടര്‍ന്ന് '96വരെ കോസ്റ്റ്ഫോര്‍ഡ് ചെയര്‍മാനായി. ജഡ്ജിയായിരുന്ന അച്ഛന്‍ മദ്രാസിലേക്ക് സ്ഥലംമാറിപ്പോയതിനെത്തുടര്‍ന്നാണ് രാജ് രക്ഷിതാക്കളോടൊപ്പം അഞ്ചാംവയസ്സില്‍ മദ്രാസിലേക്ക് താമസം മാറ്റിയത്. അവിടെനിന്നാണ് ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സിലേക്കു പഠിക്കാന്‍ പോയത്. രാജിന്റെ 80-ാം പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി 2004ല്‍ തൃശൂര്‍ സെന്റ്തോമസ് കോളേജ് ഇക്കണോമിക്സ് ഡിപ്പാര്‍ട്മെന്റിന്റെ നേതൃത്വത്തില്‍ ദേശീയ സെമിനാര്‍ നടത്തിയിരുന്നു. ഈ സെമിനാറിന്റെ പ്രബന്ധങ്ങള്‍ ചേര്‍ത്ത് 'ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ആന്‍ഡ് മാര്‍ക്കറ്റ്സ് ഇന്‍ ഇന്ത്യാസ് ഡെവലപ്മെന്റ്' എന്ന പുസ്തകം ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി പ്രസ് പുറത്തിറക്കി. ഡോ. എ വൈദ്യനാഥനും ഡോ. കെ എല്‍ കൃഷ്ണയുമാണ് പുസ്തകം എഡിറ്റ്ചെയ്തത്.

*
ഡോ.കെ.എന്‍.രാജിന് വര്‍ക്കേഴ്സ് ഫോറത്തിന്റെ ആദരാഞ്ജലികള്‍.
*
കടപ്പാട്: ദേശാഭിമാനി ദിനപത്രം

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഡോ.കെ.എന്‍.രാജിന് വര്‍ക്കേഴ്സ് ഫോറത്തിന്റെ ആദരാഞ്ജലികള്‍.