Monday, March 22, 2010

എ കെ ജി ജനങ്ങള്‍ക്കൊപ്പം നിന്ന പോരാളി


പ്രക്ഷോഭങ്ങളെ ഹൃദയത്തിലേക്ക് ഏറ്റുവാങ്ങിയ മഹാനായ വിപ്ളവകാരിയാണ് എ കെ ജി. ആ സമരജീവിതം കമ്യൂണിസ്റ്റുകാരെ നിരന്തരം ആവേശഭരിതമാക്കുന്നു. ജീവിതം തന്നെ പോരാട്ടമാക്കി മാറ്റിയ എ കെ ജി വിട്ടുപിരിഞ്ഞിട്ട് 33 വര്‍ഷം പൂര്‍ത്തിയാകുകയാണ്. നവോത്ഥാന മുന്നേറ്റങ്ങളിലും ദേശീയ പ്രസ്ഥാനത്തിലും കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയിലും പിന്നീട് കമ്യൂണിസ്റ്റ്പാര്‍ടിയിലും നേതൃപരമായ പങ്കാണ് എ കെ ജി വഹിച്ചത്.

ആധുനിക കേരളത്തിന്റെ രൂപീകരണത്തിന് നവോത്ഥാനപോരാട്ടങ്ങള്‍ക്ക് വലിയ സ്ഥാനമാണ് ഉള്ളത്. ഗുരുവായൂര്‍, പാലിയം സമരങ്ങളില്‍ എ കെ ജി നേതൃനിരയില്‍ തന്നെ ഉണ്ടായിരുന്നു. അക്കാലത്തെ ജാതിവ്യവസ്ഥയ്ക്കെതിരായ സമരത്തിലെ സുപ്രധാനമായ അധ്യായമാണ് കണ്ടോത്ത് നടത്തിയ സമരവും അതിലുണ്ടായ ഭീകരമായ മര്‍ദനവും. സ. എ കെ ജി ഈ സമരത്തിന്റെയും മുന്‍പന്തിയില്‍ ഉണ്ടായിരുന്നു. അടിസ്ഥാന വര്‍ഗങ്ങളോടുള്ള ഇഴുകിച്ചേര്‍ന്ന ബന്ധമാണ് എ കെ ജിയെ 'പാവങ്ങളുടെ പടത്തലവനാ'ക്കിയത്. താന്‍ പ്രവര്‍ത്തിച്ച എല്ലാ മേഖലയിലും പതിപ്പിച്ച തനതായ വ്യക്തിമുദ്രയാണ് എ കെ ജി ഒരു പ്രസ്ഥാനമാണെന്ന വിശേഷണത്തിന് ഇടയാക്കിയത്.

ഇന്ത്യന്‍ പാര്‍ലമെന്റില്‍ ജനങ്ങളുടെ ശബ്ദമായിരുന്നു എ കെ ജി. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ വേദികളെ എങ്ങനെ ജനങ്ങള്‍ക്കനുകൂലമാക്കി ഉപയോഗിക്കാമെന്ന് പ്രവൃത്തിയിലൂടെ കാണിച്ചുകൊടുത്ത മാതൃകാ കമ്യൂണിസ്റ്റായിരുന്നു സഖാവ്. ഇന്ത്യന്‍ പാര്‍ലമെന്റിനെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകള്‍ കമ്യൂണിസ്റുകാര്‍ക്ക് എന്നും മാര്‍ഗനിര്‍ദേശകമാണ്. 1952 മുതല്‍ പാര്‍ലമെന്റിലെ പ്രതിപക്ഷ ഗ്രൂപ്പിന്റെ നേതാവായി എ കെ ജി പ്രവര്‍ത്തിച്ചു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ അതിനെതിരായുള്ള പ്രവര്‍ത്തനങ്ങളിലും എ കെ ജി സജീവമായി മുഴുകിയിരുന്നു. അടിയന്തരാവസ്ഥയിലൂടെ അമിതാധികാര വാഴ്ച നടപ്പാക്കിയ സര്‍ക്കാരിനെ ജനങ്ങള്‍ കടപുഴക്കി വീഴ്ത്തിയ ഘട്ടത്തിലാണ് സഖാവ് നമ്മെ വിട്ടുപിരിഞ്ഞത്.

ഭൂമിക്കുവേണ്ടി ഇന്ത്യയില്‍ നടന്ന സമരപോരാട്ടങ്ങളില്‍ നേതൃനിരയില്‍ തന്നെ എ കെ ജി ഉണ്ടായിരുന്നു. ഉത്തര്‍പ്രദേശിലെ കാര്‍ഷികഭൂമിയിലും ബിഹാറിലെ ഗ്രാമീണമേഖലയിലും മരുഭൂമികളുടെ നാടായ രാജസ്ഥാനിലും നടന്ന പ്രക്ഷോഭങ്ങളില്‍ ആവേശകരമായ നേതൃത്വമായിരുന്നു എ കെ ജി നൽകിയത്. കേരളത്തില്‍ നടന്ന മിച്ചഭൂമി സമരത്തില്‍ ജനങ്ങള്‍ക്കൊപ്പം എ കെ ജിയും ഉണ്ടായിരുന്നു. മുടവന്‍മകുള്‍ മിച്ചഭൂമി സമരം ഇക്കാര്യത്തില്‍ എടുത്തുപറയേണ്ടതാണ്. ഇടുക്കിയില്‍ കര്‍ഷകജനത അവരുടെ ഭൂമിയില്‍നിന്നു പിഴുതെറിയപ്പെട്ടപ്പോള്‍ അവര്‍ക്കൊപ്പംനിന്ന് എ കെ ജി നടത്തിയ സമരം കേരളത്തിലെ കാര്‍ഷിക സമരചരിത്രത്തിലെ തിളങ്ങുന്ന അധ്യായമാണ്.

കിടപ്പാടമില്ലാത്തവര്‍ക്ക് ഭൂമി നല്‍കുക എന്ന കമ്യൂണിസ്റ്റ് പാര്‍ടിയുടെ കാഴ്ചപ്പാട് പ്രാവര്‍ത്തികമാക്കുന്നതിനു മുന്‍നിരയില്‍നിന്ന് എ കെ ജി പ്രവര്‍ത്തിച്ചു. കമ്യൂണിസ്റ്റ് പാര്‍ടിയുടെ ഈ സമീപനത്തിന്റെ ഭാഗമായിട്ടാണ് ഭരണത്തിലിരിക്കുമ്പോഴും അല്ലാത്തപ്പോഴും നിയമനിര്‍മാണത്തിലൂടെയും സമരത്തിലൂടെയും പാവപ്പെട്ടവര്‍ക്ക് ഭൂമി നല്‍കാനുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നത്. അതുകൊണ്ടാണ് 1957ല്‍ ഇ എം എസിന്റെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന കമ്യൂണിസ്റ്റ് മന്ത്രിസഭ കുടിയൊഴിപ്പിക്കലിനെതിരെ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. കുടികിടപ്പുകാരന് കൈവശാധികാരം ഉറപ്പാക്കുന്ന വകുപ്പുകള്‍ അതിലുണ്ടായിരുന്നു. ഇതിലൂടെ 26.05 ലക്ഷം കുടിയാന്മാര്‍ക്ക് സ്ഥിരാവകാശം ലഭിച്ചു. എന്നാല്‍, ആ സര്‍ക്കാരിനെ തന്നെ അട്ടിമറിക്കുന്നതിനാണ് വലതുപക്ഷ ശക്തികള്‍ തയ്യാറായത്. മാത്രമല്ല, നിയമത്തില്‍ വെള്ളം ചേര്‍ക്കാനുള്ള നടപടികളും സ്വീകരിച്ചു. നിയമസഭ പാസാക്കിയ നിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരം വച്ചുതാമസിപ്പിക്കുക, കോടതികളിലൂടെ നിയമവ്യവസ്ഥയെ ചോദ്യംചെയ്യുക, ഭരണാധികാരം ഉപയോഗിച്ച് നിയമത്തില്‍ പഴുതുകള്‍ ഉണ്ടാക്കുക എന്നിവയായിരുന്നു അക്കാലത്ത് വലതുപക്ഷശക്തികള്‍ ചെയ്തത്. ഇതിലൂടെ മിച്ചഭൂമിയുടെ അളവും ഗണ്യമായ തോതില്‍ കുറയുകയും ചെയ്തു. നേരത്തെ പ്രഖ്യാപിച്ച മിച്ചഭൂമിയുടെ 30 ശതമാനം മാത്രമാണ് ഇതിന്റെ പരിധിയില്‍ പിന്നീടു വന്നത്. ഇത്തരത്തില്‍ മിച്ചഭൂമി ഭൂരഹിതര്‍ക്കും ദളിത്-ആദിവാസി വിഭാഗങ്ങള്‍ക്കും വിതരണം ചെയ്യാനുള്ള പാര്‍ടിയുടെ കാഴ്ചപ്പാട് വലതുപക്ഷ ഇടപെടല്‍ കാരണം പ്രായോഗികമായില്ല. ഭൂരഹിതര്‍ക്ക് ഭൂമി ലഭിക്കാനുള്ള സാധ്യതകളെ ഇല്ലാതാക്കിയത് വലതുപക്ഷത്തിന്റെ ഈ ഇടപെടലാണെന്നര്‍ഥം.

1967ലെ മന്ത്രിസഭ പാസാക്കിയ നിയമം കുടികിടപ്പുകാരന് കൈവശാവകാശം ഉറപ്പുവരുത്തി. ഈ നിയമം പ്രാവര്‍ത്തികമാക്കുന്നതിന് പിന്നീട് വലിയ പ്രക്ഷോഭം കേരളത്തില്‍ ഉയര്‍ന്നുവരികയുണ്ടായി. ഇത്തരം ഇടപെടലിലൂടെ 3,21,093 പേര്‍ക്ക് കൈവശാവകാശം ലഭിച്ചു. ഭൂരഹിതര്‍ക്ക് ഭൂമി നല്‍കാനുള്ള പോരാട്ടം കമ്യൂണിസ്റ്റുകാര്‍ക്ക് ഒഴിച്ചുകൂടാനാകാത്തതാണ്. കേരളത്തില്‍ ആരംഭകാലം തൊട്ടുതന്നെ ഇതിനായുള്ള പ്രവര്‍ത്തനം പാര്‍ടി നടത്തിയിരുന്നു. ഈ സമീപനത്തിന്റെ അടിസ്ഥാനത്തിലാണ് വയനാട്ടിലും മറ്റും നടക്കുന്ന ഭൂസമരത്തെ പാര്‍ടി പിന്തുണയ്ക്കുന്നത്. ഭൂരഹിതര്‍ക്ക് ഭൂമി നല്‍കണമെന്ന് ആവശ്യപ്പെട്ടു നടക്കുന്ന ഈ സമരം ഏതെങ്കിലും ജനവിഭാഗത്തിനെതിരായുള്ള പോരാട്ടമല്ല. മറിച്ച് ഈ മണ്ണില്‍ പിറന്നവര്‍ക്ക് ഇവിടെ ജീവിക്കാനുള്ള അവകാശം ഉറപ്പിക്കാനുള്ള സമരമാണ്. സമരം രാഷ്ട്രീയ പ്രേരിതമാണെന്നു വരുത്തി തീര്‍ക്കാനാണ് യുഡിഎഫിന്റെ പരിശ്രമം. എന്നാല്‍, ഇത് വസ്തുതയുമായി ഒരു ബന്ധവുമില്ലാത്തതാണ്.

വയനാട്ടില്‍ ആദിവാസികള്‍ സമരം നടത്തുന്ന ഭൂമി സര്‍ക്കാരില്‍നിന്നു തട്ടിയെടുത്തതാണെന്ന് ഭരണാധികാരി ആയിരിക്കെ ഉമ്മന്‍ചാണ്ടി തന്നെയാണ് നിയമസഭയില്‍ പ്രഖ്യാപിച്ചത്. വന്‍കിട ഭൂഉടമകള്‍ക്ക് സര്‍ക്കാര്‍ ഭൂമി പതിച്ചുകിട്ടാന്‍ അര്‍ഹതയില്ലെന്ന് ഹൈക്കോടതിയുടെ വിധി ഉണ്ട്. വസ്തുത ഇതായിരിക്കെ ഇപ്പോള്‍ ഇവര്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രചാരണങ്ങള്‍ പ്രശ്നത്തെ രാഷ്ട്രീയവല്‍ക്കരിച്ച് യഥാര്‍ഥ പ്രശ്നങ്ങളില്‍നിന്നു ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടുന്നതിനുള്ള ശ്രമം മാത്രമാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്. ആദിവാസികളുടെയും ഭൂരഹിതരുടെയും പ്രശ്നങ്ങളോട് അനുഭാവപൂര്‍ണമായ സമീപനമാണ് കേരളത്തിലെ സര്‍ക്കാരിനുള്ളത്.

ചെങ്ങറയില്‍ സമരം നടന്നപ്പോള്‍ അതിനെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തി ഇടതുപക്ഷ സര്‍ക്കാരിനെ കരിവാരിത്തേക്കാനുള്ള നിലപാടാണ് ഇവിടെ ഭൂരിപക്ഷം മാധ്യമങ്ങളും ഇടതു തീവ്രവാദികളും വലതുപക്ഷ ശക്തികളും ചേര്‍ന്ന് നടത്തിയത്. ആ സമരത്തിന്റെ പിന്നിലുള്ള രാഷ്ട്രീയത്തോടു തികഞ്ഞ വിയോജിപ്പായിരുന്നു പാര്‍ടിക്കുണ്ടായിരുന്നത്. എങ്കിലും ഭൂപ്രശ്നം എന്ന നിലയില്‍ അത് ചര്‍ച്ചയിലൂടെ പരിഹരിക്കുക എന്ന സമീപനമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. യുഡിഎഫ് ഭരിക്കുന്ന കാലത്ത് മുത്തങ്ങയില്‍ ആദിവാസികള്‍ നടത്തിയ ഭൂമിക്കുവേണ്ടിയുള്ള സമരത്തെ എങ്ങനെയാണ് യുഡിഎഫ് നേരിട്ടതെന്നത് ഓര്‍ക്കേണ്ടതുണ്ട്. ആദിവാസികള്‍ക്കു നേരെ വെടിയുതിര്‍ത്തു; ഒരു ആദിവാസി കൊല്ലപ്പെട്ടു. ക്രൂരമായ മര്‍ദനവും കള്ളക്കേസുകളും അവര്‍ക്കു നേരെ ചുമത്തപ്പെട്ടു. പൊലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ട ജോഗിയുടെ ആശ്രിതയ്ക്ക് തൊഴില്‍ നല്‍കിയത് എല്‍ഡിഎഫ് സര്‍ക്കാരാണെന്ന കാര്യവും എല്‍ഡിഎഫ്-യുഡിഎഫ് സര്‍ക്കാരുകള്‍ തമ്മിലുള്ള നയവ്യത്യാസത്തിന്റെ മറ്റൊരു ഉദാഹരണമാണ്.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷവും സര്‍ക്കാരിന്റെ പരിമിതികള്‍ക്കകത്തുനിന്നുകൊണ്ട് ആദിവാസി-ദളിത് വിഭാഗങ്ങള്‍ക്കും ഭൂരഹിതര്‍ക്കും ഭൂമി ലഭിക്കുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചത്. ആദിവാസികള്‍ ഉള്‍പ്പെടെ 1,02,000 കുടുംബത്തിന് 30,000 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ വിതരണം ചെയ്തത്. 12,000 ഏക്കര്‍ ഭൂമി മൂന്നാര്‍ കൈയേറ്റക്കാരില്‍നിന്നു തിരിച്ചുപിടിച്ച് ഭൂബാങ്കില്‍ നിക്ഷേപിച്ചത് എല്‍ഡിഎഫ് സര്‍ക്കാരാണ്. എന്നാല്‍, യുഡിഎഫ് സര്‍ക്കാര്‍ ഭരണത്തിലിരിക്കുമ്പോള്‍ കൈയേറ്റക്കാര്‍ക്ക് ഒത്താശ ചെയ്യുകയാണ് ഉണ്ടായത്. ഒരിഞ്ച് ഭൂമി പോലും ഏറ്റെടുക്കാന്‍ തയ്യാറായില്ലെന്നതും ഓര്‍ക്കേണ്ടതുണ്ട്. കേരളത്തിന്റെ ഭൂപ്രശ്നത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ കേരളത്തിലെ ദുര്‍ബല ജനവിഭാഗങ്ങള്‍ക്കെതിരായുള്ള സമീപനമാണ് കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ എക്കാലവും സ്വീകരിച്ചതെന്ന് വ്യക്തമാകും.

കാര്‍ഷികമേഖലയെ മുന്നോട്ടു കൊണ്ടുപോകണമെങ്കില്‍ ഉല്‍പ്പാദനവും ഉല്‍പ്പാദനക്ഷമതയും വര്‍ധിപ്പിക്കേണ്ടതുണ്ട്. അതിനുതകുന്ന സമീപനമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. ഈ നയത്തിന്റെ ഫലമായി കേരളത്തിലെ കര്‍ഷക ആത്മഹത്യകള്‍ ഇല്ലാതാക്കാന്‍ കഴിഞ്ഞു. കാര്‍ഷികോല്‍പ്പാദനം 2.8 ശതമാനം വര്‍ധിച്ചു. ഉല്‍പ്പാദനക്ഷമതയും വലിയതോതില്‍ വര്‍ധിക്കുകയുണ്ടായി. ഈ മേഖലയെ ഇനിയും മുന്നോട്ടു കൊണ്ടുപോകുക എന്ന സമീപനമാണ് സംസ്ഥാന ബജറ്റ് സ്വീകരിച്ചിരിക്കുന്നത്. കാര്‍ഷികമേഖലയ്ക്കു വേണ്ടിയുള്ള നീക്കിവയ്പില്‍ 50 ശതമാനത്തിന്റെ വര്‍ധനയാണ് നടത്തിയിരിക്കുന്നത്.

സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷികമേഖലയില്‍ നടത്തുന്ന ഇത്തരം ഇടപെടലുകളെ തകിടംമറിക്കുന്ന തരത്തിലാണ് ആസിയന്‍ കരാറുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ഇതിനെതിരായുള്ള പോരാട്ടം കൂടുതല്‍ കരുത്തോടെ മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ട്. ഇന്ത്യയിലെ കാര്‍ഷികമേഖലയില്‍ വിവിധ തരങ്ങളായ പ്രക്ഷോഭങ്ങളില്‍ ആവേശകരമായ നേതൃത്വമായി സ. എ കെ ജി പ്രവര്‍ത്തിച്ചിരുന്നു. ഈ മേഖലയിലെ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് പാര്‍ടി നടത്തുന്ന പോരാട്ടങ്ങള്‍ക്ക് എ കെ ജിയുടെ ഓര്‍മകള്‍ നമുക്ക് കരുത്താകും. ഈ നാട്ടിലെ ഭൂരഹിതരുടെയും പാവപ്പെട്ടവരുടെയും പ്രശ്നങ്ങള്‍ കൂടുതല്‍ കരുത്തോടെ ഏറ്റെടുത്തു മുന്നോട്ടുപോകുമെന്ന പ്രതിജ്ഞയാണ് ഈ ദിനത്തില്‍ നമുക്ക് ഏറ്റെടുക്കാനുള്ളത്.


*****

പിണറായി വിജയന്‍

1 comment:

വര്‍ക്കേഴ്സ് ഫോറം said...

പ്രക്ഷോഭങ്ങളെ ഹൃദയത്തിലേക്ക് ഏറ്റുവാങ്ങിയ മഹാനായ വിപ്ളവകാരിയാണ് എ കെ ജി. ആ സമരജീവിതം കമ്യൂണിസ്റ്റുകാരെ നിരന്തരം ആവേശഭരിതമാക്കുന്നു. ജീവിതം തന്നെ പോരാട്ടമാക്കി മാറ്റിയ എ കെ ജി വിട്ടുപിരിഞ്ഞിട്ട് 33 വര്‍ഷം പൂര്‍ത്തിയാകുകയാണ്. നവോത്ഥാന മുന്നേറ്റങ്ങളിലും ദേശീയ പ്രസ്ഥാനത്തിലും കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയിലും പിന്നീട് കമ്യൂണിസ്റ്റ്പാര്‍ടിയിലും നേതൃപരമായ പങ്കാണ് എ കെ ജി വഹിച്ചത്.