ക്ളാരാ സെറ്റ്കിനും സഖാക്കളും ചേര്‍ന്ന് 1910 ആഗസ്ത് 17ന് കോപ്പന്‍ഹേഗനില്‍ ചേര്‍ന്ന സാര്‍വദേശീയ മഹിളാ സമ്മേളനത്തില്‍ 'രാജ്യാന്തര മഹിളാദിനം' ആചരിക്കണമെന്ന പ്രമേയം അവതരിപ്പിച്ചു. പ്രമേയത്തില്‍ ഇപ്രകാരം പറഞ്ഞു:
"വര്‍ഗബോധത്തോടെതന്നെ ഓരോ രാജ്യത്തെയും രാഷ്ട്രീയ-ട്രേഡ് യൂണിയന്‍ സംഘടകളും എല്ലാ രാജ്യങ്ങളിലെയും സോഷ്യലിസ്റ്റ് വനിതകളും ഒത്തുചേര്‍ന്ന് ഓരോ വര്‍ഷവും സാര്‍വദേശീയ മഹിളാദിനം ആചരിക്കണം, സ്ത്രീകളുടെ വോട്ടവകാശം നേടിയെടുക്കുകയാണ് ഇതിന്റെ പരമപ്രധാനലക്ഷ്യം. സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ സോഷ്യലിസ്റ്റ് കാഴ്ചപ്പാടില്‍ കൈകാര്യം ചെയ്യണം. സ്ത്രീകളുടെ വോട്ടവകാശത്തിനായി സംഘടിക്കുന്നത് സോഷ്യലിസത്തിനുവേണ്ടിയുള്ള പോരാട്ടത്തെ ശക്തമാക്കും.''
ദിനാചരണത്തിനായി ഏതെങ്കിലും നിശ്ചിതദിവസം തീരുമാനിച്ചില്ല. 17 രാജ്യത്തുനിന്ന് 100 പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനം പ്രമേയം ഏകകണ്ഠമായി അംഗീകരിച്ചു. ഇതിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തൊട്ടടുത്ത വര്‍ഷം യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉടനീളം പത്തുലക്ഷത്തോളം സ്ത്രീപുരുഷന്മാര്‍ പങ്കെടുത്ത പ്രകടനങ്ങള്‍ നടന്നു. 1848ല്‍ റഷ്യയില്‍ സായുധസമരം ആരംഭിച്ച മാര്‍ച്ച് 19ന്റെ വാര്‍ഷികനാളിലായിരുന്നു ഈ പ്രകടനങ്ങള്‍. എല്ലാ പ്രതീക്ഷകളെയും മറികടന്ന ജനപങ്കാളിത്തമാണ് റാലികളില്‍ ഉണ്ടായതെന്ന് ബോള്‍ഷെവിക് പാര്‍ടി കേന്ദ്രകമ്മിറ്റിയിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട വനിതയായ അലക്സാണ്ട്ര കോലന്റയി രേഖപ്പെടുത്തിയിട്ടുണ്ട്. സാറിസ്റ്റ് റഷ്യയില്‍, ജൂലിയന്‍കലണ്ടര്‍പ്രകാരം ഫെബ്രുവരിയിലെ അവസാന ഞായറാഴ്ചയാണ് വനിതാദിനം ആചരിച്ചിരുന്നത്. ഗ്രിഗോറിയന്‍ കലണ്ടര്‍ നിലനിന്ന ലോകത്തിന്റെ മറ്റുഭാഗങ്ങളില്‍ ഇത് മാര്‍ച്ച് എട്ടിനായിരുന്നു. അമേരിക്കയില്‍ സോഷ്യലിസ്റ്റ് ചിന്താഗതിക്കാരായ സ്ത്രീകള്‍ 1908 മുതല്‍ മഹിളകള്‍ക്ക് വോട്ടവകാശവും സാമ്പത്തികാവകാശങ്ങളും ആവശ്യപ്പെട്ട് കൂറ്റന്‍പ്രകടനങ്ങള്‍ നടത്തിയിരുന്നു. ദിനാചരണത്തിന്റെ ഭാഗമായി വസ്ത്രനിര്‍മാണശാലകളിലെ സ്ത്രീതൊഴിലാളികള്‍ പണിമുടക്ക് നടത്തിയിരുന്നു. പൊലീസ് ഭീകരമര്‍ദനത്തിലൂടെയാണ് ഇവരെ നേരിട്ടിരുന്നത്.
സാമ്രാജ്യത്വ പടയോട്ടങ്ങളുടെ കാലത്ത് സ്ത്രീകള്‍ സമാധാനത്തിനായി ശബ്ദമുയര്‍ത്തി. 1913ലാണ് ലോകവ്യാപകമായി മഹിളാദിനം മാര്‍ച്ച് എട്ടിന് ആചരിക്കാന്‍ തീരുമാനിച്ചത്. തൊട്ടടുത്ത വര്‍ഷം ഒന്നാംലോകമഹായുദ്ധം പൊട്ടിപുറപ്പെട്ടു. 1915ലും 1916ലും ദിനാചരണം നടന്നില്ല. അങ്ങനെ 1917 എത്തി. പെട്രോഗ്രാഡിലെ വിവിധ കേന്ദ്രങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട തൊഴിലാളിപ്രക്ഷോഭങ്ങളില്‍ സ്ത്രീകളും അണിനിരന്നു. വനിതാതൊഴിലാളികളും സൈനികരുടെ ഭാര്യമാരും തൊഴിലാളികളുടെ കുടുംബിനികളും ദാരിദ്ര്യത്തിന്റെ ഇരകളും തെരുവിലിറങ്ങി. മാര്‍ച്ച് എട്ടിന് നടന്ന രാജ്യത്തെ പിടിച്ചുകുലുക്കിയ ഈ മഹാപ്രകടനങ്ങളാണ് ലോകത്ത് ആദ്യമായി സോഷ്യലിസ്റ്റ് സര്‍ക്കാര്‍ നിലവില്‍വരുന്നതിന് ഇടയാക്കിയ വിപ്ളവകരമായ സംഭവങ്ങള്‍ക്കും ജനമുന്നേറ്റങ്ങള്‍ക്കും ഗതിവേഗം പകര്‍ന്നത്. പെട്രോഗ്രാഡിലെയും സാറിസ്റ്റ് റഷ്യയിലെ മറ്റു പ്രദേശങ്ങളിലെയും സ്ത്രീകള്‍ ഇക്കാര്യത്തില്‍ വഹിച്ച പങ്കിലൂടെ 1868 ഡിസംബര്‍ 12ന് കാള്‍ മാര്‍ക്സ് ലുഡ്വിഗ് ഖുടേല്‍മാനിന് അയച്ച കത്തിലെ പരാമര്‍ശത്തെ സാധൂകരിച്ചു:
"ചരിത്രത്തെക്കുറിച്ച് എന്തെങ്കിലും അറിയാവുന്നവര്‍ക്കെല്ലാം ബോധ്യമുള്ള കാര്യമാണ് സ്ത്രീകളുടെ പ്രക്ഷോഭം ഉണ്ടാകാതെ മഹത്തായ സാമൂഹിക വിപ്ളവങ്ങള്‍ സാധ്യമല്ലെന്ന്.''
മഹിളാദിനമായ മാര്‍ച്ച് എട്ട് അവധിദിനമായി 1922ല്‍ യുഎസ്എസ്ആര്‍ പ്രഖ്യാപിച്ചു. അക്കൊല്ലം മുതല്‍ ചൈനയിലും മഹിളാദിനം ആചരിക്കാന്‍ തുടങ്ങി. ഇന്ത്യയില്‍ മഹിളാദിനാചരണം ആരംഭിച്ചത് 1931ല്‍ ലാഹോറില്‍നടന്ന സമത്വത്തിനുവേണ്ടിയുള്ള ഏഷ്യന്‍ വനിതാസമ്മേളനത്തോടെയാണ്. സോഷ്യലിസ്റ്റ് രാജ്യങ്ങളിലെ മഹിളകള്‍ ഈ പാരമ്പര്യത്തില്‍ നീങ്ങവെ, 1960കളില്‍ അമേരിക്കയിലും യൂറോപ്പിലും ഉടലെടുത്ത 'സ്ത്രീവിമോചനവാദത്തോടെ' വനിതാദിനാചരണം ലോകവ്യാപകമാവുകയും 1975ല്‍ ഐക്യരാഷ്ട്രസഭ ഇതുസംബന്ധിച്ച് പ്രമേയം പാസാക്കുകയും ചെയ്തു. വിമന്‍സ് ഇന്റര്‍നാഷണല്‍ ഡെമോക്രാറ്റിക് പ്രസിഡന്റിന്റെ ശുപാര്‍ശപ്രകാരമാണ് മാര്‍ച്ച് എട്ട് സാര്‍വദേശീയ മഹിളാദിനമായി അംഗീകരിച്ചത്.
യുഎന്‍ പ്രഖ്യാപനത്തിലൂടെ ഇന്ന് ദിനാചരണം ലോകമെങ്ങും നടക്കുന്നതിനെ സ്വാഗതംചെയ്യുമ്പോള്‍തന്നെ, ഇതിന്റെ സോഷ്യലിസ്റ്റ് പാരമ്പര്യത്തെയും ചൂഷണാധിഷ്ഠിതമായ മുതലാളിത്തഘടനയെ വെല്ലുവിളിച്ച് അധ്വാനിക്കുന്ന സ്ത്രീകള്‍ നടത്തിയ പോരാട്ടത്തെയും വിസ്മരിക്കാനുള്ള പ്രവണത ശ്രദ്ധിക്കേണ്ടതുണ്ട്. മാര്‍ച്ച് എട്ടിന്റെ ചരിത്രം ഇന്ന് രണ്ടുവിധത്തില്‍ പ്രസക്തമാണ്. പ്രഥമവും പ്രധാനവുമായത്, സ്ത്രീത്തൊഴിലാളികള്‍, പ്രത്യേകിച്ച് തൊഴിലാളിവര്‍ഗത്തിലെ സ്ത്രീകള്‍ മുതലാളിത്ത ചൂഷണത്തിനെതിരായും സോഷ്യലിസ്റ്റ് ബദല്‍ കെട്ടിപ്പടുക്കാനുമുള്ള പോരാട്ടത്തിന്റെ പ്രസക്തി ആദ്യകാലത്തുതന്നെ തിരിച്ചറിഞ്ഞുവെന്നതാണ്. ചൂഷണത്തിനെതിരായ സംഘടിതമായ ചെറുത്തുനില്‍പ്പില്‍ സോഷ്യലിസ്റ്റുകാരായ സ്ത്രീകള്‍ സജീവമായി നിലകൊണ്ടു. കാള്‍ മാര്‍ക്സിന്റെയും എംഗല്‍സിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച ഒന്നാം ഇന്റര്‍നാഷണല്‍ അതിന്റെ എല്ലാ ശാഖകള്‍ക്കും നല്‍കിയ നിര്‍ദേശത്തില്‍ സ്ത്രീത്തൊഴിലാളികള്‍ ഉള്‍പ്പടെയുള്ളവരുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ പോരാട്ടം നടത്തണമെന്ന് നിഷ്കര്‍ഷിച്ചു. ആവശ്യങ്ങള്‍ സംബന്ധിച്ച് ധാരണയുണ്ടാക്കാനായി വിവരശേഖരണത്തിന് ചോദ്യാവലിയും നല്‍കി. അടിമകളെപ്പോലെ പണിയെടുത്തുവന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എട്ടുമണിക്കൂര്‍ ജോലിയെന്ന പരിഷ്കരണം ഇതിന്റെ ഫലമാണ്.
കിഴക്കന്‍ ലണ്ടനിലെ ഫാക്ടറികളില്‍ പണിയെടുത്തിരുന്ന സ്ത്രീകളെ സംഘടിപ്പിക്കുന്നതില്‍ മാര്‍ക്സിന്റെ മകള്‍ എലനോര്‍ പ്രധാനപങ്ക് വഹിച്ചു. 1888ല്‍ ലണ്ടനിലെ തീപ്പെട്ടി കമ്പനികളിലെ സ്ത്രീത്തൊഴിലാളികള്‍ നടത്തിയ ഐതിഹാസിക പണിമുടക്കില്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ ഏറിയപങ്കും നേടാനായി. അമേരിക്കയിലെ തുണിമില്‍-വസ്ത്രനിര്‍മാണശാലകളിലെ സ്ത്രീത്തൊഴിലാളികളും സോഷ്യലിസ്റ്റുകാരുടെ സഹായത്തോടെ സമാനമായ പണിമുടക്കുകള്‍ നടത്തി.
അന്നത്തെ സോഷ്യലിസ്റ്റ് വനിതകളുടെ രചനകളില്‍നിന്ന് മറ്റൊരു കാര്യവും വ്യക്തമാണ്. വനിതാദിനാചരണം പ്രത്യേകമായി സംഘടിപ്പിക്കുന്നത് തൊഴിലാളിവര്‍ഗത്തിന്റെ കൂട്ടായ വിലപേശല്‍ശക്തിയെ ഭിന്നിപ്പിക്കാനുള്ള നീക്കമാണെന്ന ധാരണ ശരിയല്ലെന്ന് ബോധ്യപ്പെടുത്താന്‍ നടത്തിയ അവര്‍ക്കുവേണ്ടിവന്ന കടുത്ത പ്രയത്നം. പിന്നീട്, 1920ല്‍ സെട്കിനുമായി നടത്തിയ പ്രശസ്തമായ ചര്‍ച്ചയില്‍ ലെനിന്‍ സോഷ്യലിസ്റ്റ്-ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരില്‍ ചിലര്‍, സ്ത്രീകളെ തൊഴിലാളിവര്‍ഗത്തിനുള്ളിലെ സ്ത്രീകളായി തന്നെ അംഗീകരിക്കാന്‍ തയ്യാറാകാത്തതിനെ നിശിതമായി വിമര്‍ശിച്ചു.
ഈ പാഠം ഇന്നും പ്രസക്തം. നവഉദാരവല്‍ക്കരണത്തിന്റെ ഈ കാലഘട്ടത്തില്‍ ഏറ്റവും കൊടിയ ദുരിതം ഏറ്റുവാങ്ങുന്നത് തൊഴിലാളിവര്‍ഗത്തിലെ സ്ത്രീകളാണ്. സര്‍ക്കാര്‍ പിന്‍വാങ്ങുകയും കമ്പോളത്തെ ആശ്രയിക്കുകയും ചെയ്യുകയെന്ന ഉദാരവല്‍ക്കരണ ആശയം പണപ്പെരുപ്പത്തിനും തൊഴിലില്ലായ്മയ്ക്കും കുറഞ്ഞ കൂലിക്കും കാരണമാകുന്നു. ഇതിന്റെയെല്ലാം ഫലമായി സ്ത്രീകളും കുട്ടികളും പോഷകാഹാരക്കുറവ് നേരിടുന്നു. ഈ അവസ്ഥയ്ക്കെതിരെ സ്ത്രീകളുടെതന്നെ കൂട്ടായ ചെറുത്തുനില്‍പ്പ് വളര്‍ന്നുവരികയാണ്. തുല്യതോതില്‍ പ്രാധാന്യമുള്ള മറ്റൊരു സംഭവവികാസവുമുണ്ടായി. ലിബറല്‍ ബൂര്‍ഷ്വാ സ്ത്രീസംഘടനകളുടെയും തീവ്രവാദവനിതാ ഗ്രൂപ്പുകളുടെയും നേതൃത്വത്തില്‍ സ്ത്രീകളുടെ രാഷ്ട്രീയ വോട്ട് അവകാശത്തിനായി അമേരിക്കയിലും ബ്രിട്ടനിലും മറ്റും ശക്തമായ പ്രക്ഷോഭം ഉയര്‍ന്നു.
ഈ പ്രസ്ഥാനത്തോട് സോഷ്യലിസ്റ്റ് വനിതകളുടെ മനോഭാവം എന്തായിരുന്നു?
നൂറുവര്‍ഷത്തിനുശേഷം ഉത്തരം വ്യക്തമാണ്. എന്നാല്‍, അക്കാലത്ത് സോഷ്യലിസ്റ്റ് വനിതകള്‍ക്കിടയില്‍ ഈ ആവശ്യത്തിനു അംഗീകാരം നേടിക്കൊടുക്കാന്‍ ക്ളാരാ സെറ്റ്കിനും സഹപ്രവര്‍ത്തകര്‍ക്കും ഉജ്വലമായ പോരാട്ടം നടത്തേണ്ടിവന്നു.
*
വൃന്ദ കാരാട്ട് കടപ്പാട്: ദേശാഭിമാനി
Monday, March 8, 2010
വനിതാ ദിനത്തിന്റെ സോഷ്യലിസ്റ്റ് പാരമ്പര്യം
Subscribe to:
Post Comments (Atom)
2 comments:
"ചരിത്രത്തെക്കുറിച്ച് എന്തെങ്കിലും അറിയാവുന്നവര്‍ക്കെല്ലാം ബോധ്യമുള്ള കാര്യമാണ് സ്ത്രീകളുടെ പ്രക്ഷോഭം ഉണ്ടാകാതെ മഹത്തായ സാമൂഹിക വിപ്ളവങ്ങള്‍ സാധ്യമല്ലെന്ന്.''
വനിതാദിനം, ദേശാഭിമാനി പരിഭാഷ, വൃന്ദ കാരാട്ട്
Post a Comment