Wednesday, March 24, 2010

കൊല്‍ക്കത്ത - സ്നേഹത്തിന്റെ ചോപ്പ്

കാളിഘട്ട് ക്ഷേത്രത്തിനു മുന്നിലൂടെ നടന്ന് രാഷ്ബിഹാരി അവന്യുവിലെത്തുമ്പോള്‍ കൊല്‍ക്കത്ത നഗരത്തിലെ നടപ്പാതകളില്‍പ്പോലും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും നേര്‍ക്കാഴ്ചകള്‍.അവിടെ വഴിയാത്രക്കാര്‍ക്കായി നടുവില്‍ ഒരടി വീതിയില്‍ സ്ഥലമൊഴിച്ചിട്ട് ഇരുവശവും തമ്പടിച്ച കുടുംബങ്ങള്‍. കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കലും ഒക്കെയായി അവിടെ ജീവിതം ഇരമ്പുമ്പോള്‍ അവര്‍ക്ക് ഒട്ടും ശല്യമുണ്ടാക്കാതെ നടന്നുനീങ്ങുന്ന വഴിയാത്രക്കാര്‍. പരസ്പരമുള്ള സ്നേഹം അവര്‍ നിശ്ശബ്ദം പങ്കുവയ്ക്കുന്നതുപോലെ. ഭിക്ഷാടകരും കൂലിപ്പണിക്കാരുംമുതല്‍ കോടീശ്വരന്മാര്‍വരെ നഗരത്തില്‍ സാഹോദര്യത്തോടെ കഴിയുന്നു. അതെ, കൊല്‍ക്കത്ത എല്ലാവരെയും സ്നേഹിക്കുന്നു.

കൊല്‍ക്കത്തയില്‍ അധോലോകമില്ല. ഈ ബാഹ്യലോകം മാത്രമേയുള്ളൂ. എല്ലാ സത്യവും ഇവിടെ തെളിയുന്നു. നഗരത്തിനാകെ ഒരു സമഭാവനയുണ്ട്. ദരിദ്രരും സമ്പന്നരും അവിടെ തുല്യരാണ്. ഏതു സാമ്പത്തികശ്രേണിയിലുള്ളവരും ഇവിടെ ജീവിക്കുന്നു. ഉള്ളടക്കത്തില്‍ വ്യത്യാസമുണ്ടാകാമെങ്കിലും അവര്‍ നഗരത്തിനുമുന്നില്‍ തുല്യരാണ്.

1978 ഡിസംബറില്‍ തൊഴിലന്വേഷിച്ചെത്തിയ ഞാന്‍ കൊല്‍ക്കത്തയിലെ ചക്രബേരിയാ ലെയ്നിലെ 12-എ നമ്പര്‍ വീട്ടിലാണ് താമസിച്ചിരുന്നത്. തൊഴിലന്വേഷകരായ നിരവധി പേര്‍ക്ക് അഭയസ്ഥാനമായിരുന്നു മലയാളിയും സിപിഐ എം പ്രവര്‍ത്തകനുമായ സഖാവ് കെ കേശവന്‍. ഭാര്യ സരോജിനി നിരവധി മലയാളികള്‍ക്ക് വച്ചുവിളമ്പി. ആരുടെയും മുന്നില്‍ വീടിന്റെ വാതിലുകള്‍ അടഞ്ഞില്ല; കൊല്‍ക്കത്ത നഗരത്തെപ്പോലെ. ദേശാഭിമാനിക്കുവേണ്ടി കല്‍ക്കത്ത കത്ത് തയ്യാറാക്കി അയച്ചിരുന്ന കേശവന്‍ ബംഗാളിലെ സിപിഐ എം നേതാക്കളുമായി അടുത്ത സ്നേഹബന്ധമുള്ള ആളായിരുന്നു. നഗരത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ ആ മനസ്സുമായി താരതമ്യം ചെയ്യാന്‍ തോന്നും. ആരെയും തിരസ്കരിക്കാത്ത മനസ്സ്.

ചക്രബേരിയാ ലെയ്നില്‍നിന്ന് നഗരത്തിന്റെ പഴമ നിലനില്‍ക്കുന്ന ഭാഗങ്ങളിലൂടെ മൂന്നുമണിക്കൂറോളം കാല്‍നടയാത്ര നടത്തിയപ്പോള്‍ അത്ഭുതം തോന്നി. കാര്യമായ മാറ്റമൊന്നും നഗരത്തിനില്ല. ശരത്ബോസ് റോഡിലെ പൊദ്ദപുക്കൂര്‍ ജങ്ഷനും അങ്ങനെത്തന്നെ. പൊദ്ദ എന്നാല്‍ പത്മം. പുക്കൂര്‍ എന്നാല്‍ കുളം. താമരക്കുളം എന്നു പറയാം. നിരവധി പേര്‍ കുളിക്കുന്ന അത് വേലികെട്ടി സംരക്ഷിച്ചിട്ടുണ്ട്.

ഭവാനിപ്പൂരിലെ ജഗുബാജാര്‍ കാണണമെന്ന് ഉല്‍ക്കടമായ ആഗ്രഹം. അതും പഴയതുപോലെ. കടകള്‍ക്കൊന്നും കാര്യമായ മാറ്റമില്ല. ഭവാനിപ്പൂരിലെ മെട്രോ റെയില്‍വേ സ്റ്റേഷനു മുകളിലൂടെ റോഡ് മുറിച്ചുകടന്ന് ഹരീഷ് മുഖര്‍ജി റോഡിന്റെ ഭാഗത്തേക്കുനടന്നു. കെട്ടിടങ്ങള്‍ പലതും പഴയതുപോലെ. അടര്‍ന്ന ചുവരുകളും മങ്ങിയ നിറവുമായി അവ വര്‍ഷങ്ങളെ വരവേല്‍ക്കുന്നു. സരസ്വതിപൂജ നടക്കുന്നതിനാല്‍ തെരുവില്‍ പലയിടത്തും വിഗ്രഹങ്ങള്‍ അലങ്കരിച്ചുവച്ചിട്ടുണ്ട്. വഴിയോരത്ത് സ്ഥാപിച്ച ബോര്‍ഡുകളില്‍ പതിച്ച 'ഗണശക്തി' പത്രം വായിക്കുന്ന നിരവധി പേരെ കണ്ടു. കൊല്‍ക്കത്തയില്‍ മാത്രമേയുള്ളൂ ഈ കാഴ്ച.

മനുഷ്യന്‍ വലിച്ചുകൊണ്ടുപോകുന്ന റിക്ഷകള്‍ കൊല്‍ക്കത്തയുടെ മുഖമുദ്രയാണ്. പ്രാകൃതമെന്ന് വ്യാഖ്യാനിക്കാന്‍ എളുപ്പമാണെങ്കിലും ആയിരക്കണക്കിന് ബിഹാറികളുടെയും ഒറീസക്കാരുടെയും ജീവിതമാര്‍ഗമാണത്. അവ നിരോധിക്കുന്നതിനെക്കുറിച്ച് പലവട്ടം ആലോചിച്ചെങ്കിലും നടപ്പാക്കാതിരുന്നത് അതുകൊണ്ടാണ്. ഹുഗ്ളി നദിയിലെ വേലിയേറ്റം ഉണ്ടാക്കുന്ന മര്‍ദംമൂലം കുഴലുകളിലൂടെ തെരുവുകളിലെത്തുന്ന വെള്ളം പലര്‍ക്കും കുളിക്കാനും വസ്ത്രം അലക്കാനും സഹായകമാണ്. മുമ്പ് ഈ വെള്ളം ഉപയോഗിച്ച് നഗരത്തിലെ റോഡുകള്‍ മുഴുവന്‍ കഴുകിയിരുന്നത്രെ.

നഗരത്തിലെ റോഡുകള്‍ക്കും നടപ്പാതകള്‍ക്കും ന്യൂഡല്‍ഹി നഗരത്തിലെ റോഡുകളുടെയത്ര വെടിപ്പില്ല. പക്ഷേ, ജീവിതം തുടിച്ചുനില്‍ക്കുന്നവയാണ് കൊല്‍ക്കത്ത തെരുവുകള്‍. ന്യൂഡല്‍ഹിയിലെ നടപ്പാതകളില്‍ പതിച്ച ചുവന്ന കല്ലുകള്‍ ആറു മാസം കൂടുമ്പോള്‍ ഇളക്കി പുതിയത് മാറ്റിസ്ഥാപിക്കുന്നതിന് കോടികള്‍ പൊടിക്കുന്ന കേന്ദ്രസര്‍ക്കാര്‍, ഒരുകാലത്ത് ഇന്ത്യയുടെ തലസ്ഥാനമായിരുന്ന കൊല്‍ക്കത്തയുടെ മുഖംമിനുക്കാന്‍ ഒരു സഹായവും ചെയ്യുന്നില്ല. മാത്രമല്ല, രാഷ്ട്രീയവിരോധം തീര്‍ക്കാന്‍ ബംഗാളിന്റെ വ്യവസായവല്‍ക്കരണത്തെ പിന്നോട്ടുവലിച്ച് സാമ്പത്തികമായി തകര്‍ക്കുകയും ചെയ്യുന്നു.

ഓരോ ഇഞ്ചിലും ജീവിതം സ്പന്ദിക്കുന്ന ഈ മഹാനഗരം വലിയൊരു മ്യൂസിയമായി മാറിക്കൊണ്ടിരിക്കുന്നു; പഴമയുടെ സൂക്ഷിപ്പുശാലപോലെ. കൊല്‍ക്കത്ത വികസിക്കുന്നില്ലെന്നു പറയുന്നവര്‍ അതിനോട് ഇന്ത്യന്‍ ഭരണകൂടം കാട്ടുന്ന ക്രൂരതയും അവഗണനയും വിസ്മരിക്കുന്നു.

ഒരു ഡിസംബറില്‍ ആദ്യമായി കൊല്‍ക്കത്ത നഗരത്തില്‍ വന്നിറങ്ങുമ്പോള്‍ അതിന്റെ ഇടതുപക്ഷ പൈതൃകമായിരുന്നു ഏറ്റവും ആവേശംതന്ന കാര്യം. ഇന്ത്യയുടെ സാംസ്കാരികനഗരം 20-ാം നൂറ്റാണ്ടിലെ ഇന്ത്യന്‍ സംസ്കാരത്തിന് മാര്‍ഗദര്‍ശനം നല്‍കിയതുംകൂടിയാണ്. 20-ാം നൂറ്റാണ്ടിന്റെ ആദ്യം ബംഗാള്‍ വിഭജനത്തെത്തുടര്‍ന്നുണ്ടായ ജനരോഷവും അതില്‍നിന്നു പിറന്ന വിപ്ളവസംഘടനകളും ഭാവിയിലെ ബംഗാളിനെയും ഇന്ത്യയുടെ ഇടതുപക്ഷരാഷ്ട്രീയത്തെയും രൂപപ്പെടുത്തുന്നതില്‍ വലിയ പങ്കുവഹിച്ചതാണ്. 1943ല്‍ ബംഗാള്‍ ക്ഷാമകാലത്ത് നഗരത്തിന്റെ തെരുവുകളില്‍ പതിനായിരങ്ങള്‍ പട്ടിണിമൂലം മരിച്ചുവീണു. രാജ്യംതന്നെ വിഭജിച്ചപ്പോള്‍ കൊല്‍ക്കത്തയിലും ചോരപ്പുഴ. സ്വാതന്ത്യ്രത്തിന്റെ നാളില്‍ ഈ നഗരത്തിലിരുന്നാണ് മഹാത്മാഗാന്ധി ദുഃഖം കടിച്ചമര്‍ത്തിയത്. അറുപതുകളുടെ അവസാനം ഇടതുപക്ഷ തീവ്രവാദ രാഷ്ട്രീയത്തിന്റെ ദുരിതമനുഭവിച്ച നഗരം. 1971 മുതല്‍ 77 വരെ അര്‍ധഫാസിസ്റ്റ് ഭീകരവാഴ്ച. ഇതിനെതിരെ കമ്യൂണിസ്റ്റ് പ്രസ്ഥാനം നിരവധി പേരെ ബലിനല്‍കി ചെറുത്തുനിന്നതും കൊല്‍ക്കത്തയുടെ തണലിലാണ്.

സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം കൊല്‍ക്കത്തയുടെ പ്രാധാന്യം അനുദിനം കുറഞ്ഞു. എണ്‍പതുകള്‍വരെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് ഏറ്റവും കൂടുതല്‍ ആളുകള്‍ തൊഴിലന്വേഷിച്ചെത്തിയ നഗരം. പിന്നെപ്പിന്നെ വ്യവസായങ്ങള്‍ പൂട്ടുകയും മാറ്റിസ്ഥാപിക്കുകയും ചെയ്തതോടെ തൊഴിലവസരങ്ങള്‍ കുറഞ്ഞു.

ജീവിതച്ചെലവ് ഏറ്റവും കുറവുള്ള മഹാനഗരമാണ് കൊല്‍ക്കത്ത. ഡല്‍ഹിയിലേക്കുള്ള ട്രെയിന്‍ യാത്രയില്‍ പരിചയപ്പെട്ട പ്രബീര്‍ സെന്‍ഗുപ്ത പറഞ്ഞു: അവശ്യസാധനവില ഏറ്റവും കുറവ് ബംഗാളില്‍. തൊട്ടടുത്തുണ്ടായ എയര്‍ഹോസ്റ്റസ് കോഴ്സിന് പഠിക്കുന്ന ഡല്‍ഹിക്കാരി പെണ്‍കുട്ടി പ്രതികരിച്ചത്, കൊല്‍ക്കത്ത സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമായ നഗരമാണെന്ന്.

സിയാല്‍ദ സ്റ്റേഷനില്‍നിന്ന് 70 കിലോമീറ്റര്‍ അകലെ ബംഗ്ളാദേശ് അതിര്‍ത്തിയായ പെട്രാ പോളിലേക്ക് ലോക്കല്‍ ട്രെയിനില്‍ പോകുമ്പോള്‍ ട്രെയിനിലെ വില്‍പ്പന ശ്രദ്ധിച്ചു. 2, 5, 10 രൂപ വിലയ്ക്കുള്ള സാധനങ്ങള്‍ മാത്രം. പെട്രാ പോള്‍ സ്ഥിതിചെയ്യുന്ന ബൊന്‍ഗാവ് (വനഗ്രാമം) ഇന്ന് ധാരാളം മാറിയിരിക്കുന്നു. കൊല്‍ക്കത്തയിലേക്കുള്ള പഴങ്ങള്‍, പച്ചക്കറി എന്നിവ ഇവിടെനിന്ന് ധാരാളം പോകുന്നുണ്ട്. പെട്രാ പോള്‍ വഴി ബംഗ്ളാദേശിലേക്കും അവിടെനിന്ന് ഇന്ത്യയിലേക്കുമുള്ള നിരവധി യാത്രക്കാര്‍ ഇതുവഴി കടന്നുപോകുന്നു. അങ്ങനെ പട്ടണം വികസിച്ചു.

1996ലാണ് ഇവിടെ ആദ്യം വന്നത്. മോഹഞ്ചൊദാരോ, ഹാരപ്പ എന്നിവിടങ്ങളില്‍ പുരാതന സംസ്കാരങ്ങളുണ്ടെന്ന് ആദ്യമായി കണ്ടെത്തിയ രാഖല്‍ദാസ് ബന്ദ്യോപാധ്യായയുടെ വീട് ബൊന്‍ഗാവിലാണ്. അദ്ദേഹത്തിന്റെ പിന്‍തലമുറക്കാര്‍ ഇപ്പോഴും അവിടുത്തെ പഴയ ജമീന്ദാരി വീട്ടില്‍. പഥേര്‍ പാഞ്ചലിയും അപരാജിതയും ആരണ്യകും എഴുതിയ വിഭൂതിഭൂഷന്റെ ജന്മഗ്രാമം ഇവിടെനിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയാണ്. അവിടെയും അന്ന് പോയിരുന്നു. ബംഗാള്‍ ഗ്രാമങ്ങളില്‍ ചെറിയ വളര്‍ച്ചയുണ്ട്; കാര്‍ഷികമേഖലയിലെ വികാസത്താലുണ്ടായത്. കൊല്‍ക്കത്ത നഗരത്തെ സാമ്പത്തികമായി ശ്വാസംമുട്ടിക്കുന്നതിന് വ്യവസായരംഗത്ത് വിലങ്ങുതടി സൃഷ്ടിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരും തൃണമൂല്‍ കോണ്‍ഗ്രസും മാവോയിസ്റ്റുകളും ഒറ്റക്കെട്ടാണ്. പക്ഷേ കൊല്‍ക്കത്തയുടെ സ്നേഹവും സാഹോദര്യവും സംസ്കാരവും തകര്‍ക്കാന്‍ ഈ ശക്തികള്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ലെന്ന് യാത്ര ബോധ്യപ്പെടുത്തി.

*
വി ജയിന്‍ കടപ്പാട്: ദേശാഭിമാനി വാരാന്തപ്പതിപ്പ്

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കാളിഘട്ട് ക്ഷേത്രത്തിനു മുന്നിലൂടെ നടന്ന് രാഷ്ബിഹാരി അവന്യുവിലെത്തുമ്പോള്‍ കൊല്‍ക്കത്ത നഗരത്തിലെ നടപ്പാതകളില്‍പ്പോലും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും നേര്‍ക്കാഴ്ചകള്‍.അവിടെ വഴിയാത്രക്കാര്‍ക്കായി നടുവില്‍ ഒരടി വീതിയില്‍ സ്ഥലമൊഴിച്ചിട്ട് ഇരുവശവും തമ്പടിച്ച കുടുംബങ്ങള്‍. കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കലും ഒക്കെയായി അവിടെ ജീവിതം ഇരമ്പുമ്പോള്‍ അവര്‍ക്ക് ഒട്ടും ശല്യമുണ്ടാക്കാതെ നടന്നുനീങ്ങുന്ന വഴിയാത്രക്കാര്‍. പരസ്പരമുള്ള സ്നേഹം അവര്‍ നിശ്ശബ്ദം പങ്കുവയ്ക്കുന്നതുപോലെ. ഭിക്ഷാടകരും കൂലിപ്പണിക്കാരുംമുതല്‍ കോടീശ്വരന്മാര്‍വരെ നഗരത്തില്‍ സാഹോദര്യത്തോടെ കഴിയുന്നു. അതെ, കൊല്‍ക്കത്ത എല്ലാവരെയും സ്നേഹിക്കുന്നു.

കൊല്‍ക്കത്തയില്‍ അധോലോകമില്ല. ഈ ബാഹ്യലോകം മാത്രമേയുള്ളൂ. എല്ലാ സത്യവും ഇവിടെ തെളിയുന്നു. നഗരത്തിനാകെ ഒരു സമഭാവനയുണ്ട്. ദരിദ്രരും സമ്പന്നരും അവിടെ തുല്യരാണ്. ഏതു സാമ്പത്തികശ്രേണിയിലുള്ളവരും ഇവിടെ ജീവിക്കുന്നു. ഉള്ളടക്കത്തില്‍ വ്യത്യാസമുണ്ടാകാമെങ്കിലും അവര്‍ നഗരത്തിനുമുന്നില്‍ തുല്യരാണ്