Tuesday, March 30, 2010

ഇന്ത്യന്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം

അറിവ്, ചരിത്രപരമായി, സ്വതന്ത്രമായിരുന്നു. സമൂഹം വര്‍ഗങ്ങളായി വിഭജിക്കപ്പെട്ടതോടെയാണ്, അറിവിന്റെ കുത്തകവല്‍ക്കരണത്തിനും വളച്ചുകെട്ടലിനുമുള്ള ശ്രമം ആരംഭിച്ചത്. അതോടൊപ്പംതന്നെ അറിവിന്റെ സ്വാതന്ത്യ്രത്തിനുള്ള, ജനകീയവല്‍ക്കരണത്തിനുള്ള സമരവും തുടങ്ങിയിരുന്നു. ജനാധിപത്യ വികാസത്തിനൊപ്പം അറിവിന്റെ ജനകീയവല്‍ക്കരണവും നടക്കുന്നു. എന്നാല്‍, ജനാധിപത്യം ആണയിടുന്ന ഇന്നത്തെ മുതലാളിത്ത സമൂഹത്തിലും ജനാധിപത്യം ആഴത്തില്‍ വേരോടാത്തതുകൊണ്ടുതന്നെ, അറിവിന്റെ വ്യാപനവും സമൂഹത്തിന്റെ എല്ലാ തട്ടുകളിലും എത്തിക്കഴിഞ്ഞിട്ടില്ല. ആ പരിമിതിയോടെയെങ്കിലും പരമ്പരാഗത വിജ്ഞാനത്തിന്റെ സങ്കേതങ്ങള്‍ ഒട്ടേറെ വ്യാപിച്ചുവരുന്നതും അതിലൂടെ ജനാധിപത്യാവകാശങ്ങള്‍ ഉപയോഗിക്കാന്‍ കൂടുതല്‍ കൂടുതല്‍ ജനവിഭാഗങ്ങള്‍ പ്രാപ്തരാകുന്നതും ചൂഷകവര്‍ഗങ്ങളെ ഒട്ടൊന്നുമല്ല അലട്ടിയത്.

ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തില്‍ പുതിയ കമ്പോളങ്ങള്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ പുതിയ ചരക്കുകളിലേക്കും എത്തി. സേവനങ്ങള്‍ ചരക്കുകളാക്കപ്പെട്ടു. അവയില്‍ കുത്തകാവകാശം സ്ഥാപിക്കാന്‍ പുതിയ സ്വത്തുടമസ്ഥതാ നിയമങ്ങള്‍ ആവശ്യമായി വന്നു. അതാണ്, ബൌദ്ധിക സ്വത്തവകാശ നിയമങ്ങളിലേക്കും സോഫ്റ്റ്‌വെയറിന്റെ അടക്കം കുത്തകവല്‍ക്കരണത്തിലേക്കും നയിച്ചത്. അസംസ്കൃതവസ്തുക്കള്‍ ലഭിക്കുന്നിടത്തോ കൂലി കുറഞ്ഞിടത്തോ കമ്പോളത്തിനടുത്തോ ഏതാണ് കൂടുതല്‍ ലാഭകരമെന്നു നോക്കി അവിടെ ഉല്‍പ്പാദനം സംഘടിപ്പിക്കുക, കമ്പോളവും ഉല്‍പ്പാദനകേന്ദ്രവുമടക്കം സര്‍വപ്രവര്‍ത്തനങ്ങളും വിവര ശൃംഖലവഴി സമന്വയിപ്പിച്ചുകൊണ്ട് വിറ്റഴിയപ്പെടുന്നവ മാത്രം ഉല്‍പ്പാദിപ്പിക്കുന്നതിലൂടെ സ്റോക്ക് കുറച്ച്, മൂലധനനിക്ഷേപം കുറച്ചും ക്ളാസിക്കല്‍ മുതലാളിത്തഘട്ടത്തിലെ വന്‍കിട ഉല്‍പ്പാദനകേന്ദ്രങ്ങള്‍ക്ക് പകരം വികേന്ദ്രീകൃത ഉല്‍പ്പാദന യൂണിറ്റുകള്‍ സംഘടിപ്പിച്ചും പലപ്പോഴും പുറംപണി നല്‍കിക്കൊണ്ടും സ്ഥിരം തൊഴില്‍ ഒഴിവാക്കിയും പകരം കുറഞ്ഞ കൂലിക്ക് കരാര്‍ തൊഴിലും കുടിത്തൊഴിലും ഏര്‍പ്പെടുത്തിയും അതിലൂടെയൊക്കെ തൊഴിലാളികളുടെ സംഘാടന സാധ്യതയും സംഘടിതശേഷിയും കുറച്ചും കൂലി കുറച്ചും തൊഴില്‍ സമയം കൂട്ടിയും ലാഭം ഉയര്‍ത്താന്‍ മൂലധനശക്തികളെ പ്രാപ്തമാക്കി.

സോഫ്റ്റ്‌വെയര്‍ കുത്തകവല്‍ക്കരണത്തിന്റെ ദൂഷ്യഫലങ്ങള്‍ എല്ലാ മേഖലയിലും പ്രകടമാണ്. വിവരം ഉപയോഗിക്കുന്ന എല്ലാ മേഖലകളിലും സോഫ്റ്റ്‌വെയറിന് ഉപയോഗസാധ്യത ഉണ്ടെന്നതും ഉപയോഗിക്കുന്നവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് മേല്‍ക്കൈ നേടാനാകുമെന്നതും മത്സരാധിഷ്ഠിതമായ ഇന്നത്തെ സമൂഹത്തില്‍ സോഫ്റ്റ്‌വെയറിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. സോഫ്റ്റ്‌വെയര്‍ കുത്തകവല്‍ക്കരണം, പക്ഷേ, നേരിട്ട് ബാധിച്ചത് അത് നാളിതുവരെ കൈകാര്യം ചെയ്തിരുന്ന സോഫ്റ്റ്‌വെയര്‍ പ്രൊഫഷണലുകളെയാണ്. തങ്ങളുടെ കണ്‍മുന്നില്‍ തങ്ങളുപയോഗിച്ചിരുന്ന പണിയായുധങ്ങള്‍ പിടിച്ചുപറിക്കപ്പെട്ടപ്പോള്‍ സാങ്കേതിക വൈദഗ്ധ്യത്തില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന സോഫ്റ്റ്‌വെയര്‍ പ്രൊഫഷണലുകളുടെ പ്രതികരണം തീക്ഷ്ണമായത് സ്വാഭാവികം. അവര്‍ സ്വകാര്യസ്വത്തിന്റെ പുതിയ രൂപത്തിനെതിരെ പൊതുസ്വത്തിന്റെ പുതിയ രൂപം സൃഷ്ടിച്ചു. പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയറിന് പകരം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍.

ജയില്‍ സമാനമായ കോര്‍പറേറ്റ് സ്ഥാപനങ്ങളിലെ കൂലിക്കെടുത്ത പരിമിതമായ തലച്ചോറുകള്‍ സൃഷ്ടിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്ന പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയറുകളാണ് കുത്തകകളുടേത്. ആഗോള വിവര വിനിമയ ശൃംഖലയില്‍ കോര്‍ത്തിണക്കപ്പെട്ട സോഫ്റ്റ്‌വെയര്‍ പ്രൊഫഷണലുകള്‍ സ്വതന്ത്രമായ ചുറ്റുപാടില്‍ സ്വന്തം താല്‍പ്പര്യത്തില്‍ സ്വന്തം ജീവിതമാര്‍ഗത്തിനായി ഉണ്ടാക്കുന്നവയാണ് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍‍. അവര്‍ അതിന്റെ ഉടമസ്ഥത സമൂഹത്തിന് വിട്ടുകൊടുക്കുന്നു. ബൌദ്ധിക സ്വത്തവകാശമല്ല, തങ്ങളുടെ ബൌദ്ധിക സ്വത്താണ്; സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കുന്നവരുടെ വരുമാനമാര്‍ഗം. സമൂഹത്തില്‍നിന്ന് അവര്‍ വിജ്ഞാനം എടുക്കുന്നു. അതുപയോഗിച്ച്, അതിനോട് പുതിയ മൂല്യം കൂട്ടിച്ചേര്‍ത്ത് പുതിയവ ഉല്‍പ്പാദിപ്പിക്കുന്നു. അവര്‍ ഉല്‍പ്പാദിപ്പിച്ച പുതിയ സമ്പത്ത്, കൂട്ടിച്ചേര്‍ക്കപ്പെട്ട പുതിയ മൂല്യം, അവര്‍ക്ക് വരുമാനം ഉറപ്പാക്കുന്നു. അവര്‍ പുതിയ ഉല്‍പ്പന്നത്തിന്റെ നിര്‍മാണരീതി സമൂഹവുമായി പങ്കുവയ്ക്കുന്നു. പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയര്‍ ഉടമകളെപ്പോലെ അവരത് രഹസ്യമായി സൂക്ഷിച്ച് സമൂഹത്തെ തുടര്‍ച്ചയായി കൊള്ളയടിക്കുന്നില്ല. അതുകൊണ്ട് സമൂഹത്തിന്റെ സഹായം അവര്‍ക്കും കിട്ടുന്നു. കുറവുകള്‍ ആദ്യം കാണുന്നതോ, ആദ്യം അറിയുന്നതോ, ആദ്യം കഴിയുന്നതോ ആയ ആള്‍ തന്നെ പരിഹരിക്കുന്നു. അങ്ങനെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വേഗത്തില്‍ മെച്ചപ്പെടുന്നു. വൈറസ് ബാധയില്ല. ഉയര്‍ന്ന വിവരസുരക്ഷ. തുടര്‍ച്ചയായ പ്രവര്‍ത്തനം ഉറപ്പ്, പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയറുകളേക്കാള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ മികച്ചതായതില്‍‍, പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയറുകളുടെ നാളുകള്‍ എണ്ണപ്പെട്ടതില്‍ അതിശയമില്ല. ഒരു പഠനമനുസരിച്ച് ഇന്നത്തെ നിരക്കില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ ഉപയോഗം വര്‍ധിക്കുകയും പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയറുകളുടെ ഉപയോഗം കുറയുകയും ചെയ്താല്‍ ഈ വര്‍ഷം അവ ഒപ്പമെത്തുകയും 2017 ആവുമ്പോഴേക്കും പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയറുകള്‍ രംഗം ഒഴിയുകയുംചെയ്യും.

സാമൂഹ്യോടമസ്ഥതയുടെ മേന്മ വെളിപ്പെടുത്തുന്ന മാതൃകയാണ് സ്വതന്ത്ര സോഫ്റ്റ്‌വെയറും അതിന്റെ നിയമ ചട്ടക്കൂടായ ജനറല്‍ പബ്ളിക് ലൈസന്‍സും. ഈ പ്രസ്ഥാനത്തിന് രൂപം കൊടുക്കുകയും അതിന്റെ നിയമാവലി രൂപപ്പെടുത്തുകയും ചെയ്തു എന്നത് (1985) റിച്ചാര്‍ഡ് എം സ്‌റ്റാള്‍മാനും സഹപ്രവര്‍ത്തകരും സമൂഹത്തിന് നല്‍കിയ മഹത്തായ സംഭാവനയാണ്. യൂണിക്സിന് സമാനമായ ലിനക്സിന്റെ മൂലരൂപം സൃഷ്ടിച്ചുകൊണ്ടും (1991) അത് സമൂഹത്തിന് സമര്‍പ്പിച്ചുകൊണ്ടും ഫിന്‍ലന്‍ഡുകാരനായ തൊഴിലാളിയുടെ മകന്‍ ലിനസ് ടോര്‍വാള്‍ഡ് ഈ പ്രസ്ഥാനത്തിന്റെ പ്രായോഗികസാധ്യത തെളിയിച്ചു. വിജയം ഉറപ്പാക്കി. അറിവിന്റെ ഇതര മേഖലകളിലേക്ക് ഈ കാഴ്ചപ്പാട് വ്യാപിച്ചുവരുന്നു. ഓപ്പണ്‍ ഹാര്‍ഡ്‌വെയര്‍‍, ഓപ്പണ്‍ സ്റാന്‍ഡേര്‍ഡ്സ്, ഓപ്പണ്‍ അക്സസ് ജേര്‍ണല്‍സ്, ക്രിയേറ്റീവ് കോമണ്‍സ് തുടങ്ങി ഒട്ടേറെ പ്രസ്ഥാനങ്ങള്‍ രൂപപ്പെട്ട് വികാസത്തിന്റെ പല ഘട്ടങ്ങളിലാണിന്നുള്ളത്. പൊതുസ്വത്തായിരുന്ന ഭൂമി വളച്ചുകെട്ടി സ്വകാര്യസ്വത്താക്കിയതുപോലെ, മധ്യകാലഘട്ടത്തിലെ കൈത്തൊഴിലുകാരുടെ സ്വന്തമായിരുന്ന തൊഴിലുപകരണങ്ങള്‍ ഫാക്ടറി മുതലാളിമാര്‍ കൈയടക്കിയതുപോലെ, സോഫ്റ്റ്‌വെയര്‍ കൈയടക്കാനുള്ള ആധുനിക സാമ്രാജ്യത്വ കുത്തകകളുടെ ശ്രമമാണ് ഇവിടെ പരാജയപ്പെട്ടത്.

ഈ തിരിച്ചടി മുതലാളിത്ത കുഴപ്പം മൂര്‍ച്ഛിപ്പിക്കുന്നതിനുള്ള കാരണങ്ങളിലൊന്നുകൂടിയാണ്. ലോക മുതലാളിത്ത സാമ്പത്തികക്രമം അതിഗുരുതരമായ പ്രതിസന്ധി നേരിടുകയാണ്. ഒരു തകര്‍ച്ചയുടെ വക്കിലാണത്. ഇത് ഉല്‍പ്പാദനോപാധികളുടെ സാമൂഹ്യോടമസ്ഥതയിലൂന്നിയുള്ള എല്ലാവര്‍ക്കും തുല്യമായ അവസരങ്ങള്‍ ഉറപ്പാക്കുന്ന സാമ്പത്തിക ക്രമം സാധ്യമാണെന്നും അത് കൂടുതല്‍ കൂടുതല്‍ അടിയന്തരവും അനിവാര്യവുമായിക്കൊണ്ടിരിക്കുന്നു എന്നും വെളിപ്പെടുത്തുന്നു.

സ്വതന്ത്ര സോഫ്റ്റ്‌വെയറിലേക്ക് മാറിയാല്‍ ഇന്ത്യയില്‍നിന്നുള്ള വിഭവം പാഴാകുന്നത് ഒഴിവാക്കാം. ഇന്ത്യന്‍ കമ്പോളം വികസിക്കുന്നതിനിടയാക്കും. ചെറുകിട സംരംഭകരുടെ ബിസിനസ് സാധ്യതകളും വരുമാന സാധ്യതകളും വര്‍ധിക്കും. ഇന്ത്യന്‍ സേവനദാതാക്കളുടെ ലാഭം ഉയര്‍ത്തും. ഇന്ന് ആഗോള കുത്തകകളുമായുള്ള മത്സരത്തില്‍ പിന്തള്ളപ്പെട്ടുപോകുന്ന അവസ്ഥയില്‍നിന്ന് നമ്മുടെ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് ആശ്വാസം നല്‍കിക്കൊണ്ട് അവര്‍ക്കും ഏറ്റവും മികച്ച വിവരവിനിമയ സങ്കേതങ്ങള്‍ ഉപയോഗിച്ചുള്ള മാനേജ്മെന്റ് സംവിധാനം ലഭ്യമാക്കാം. ദുര്‍വഹമായ ചെലവുമൂലം ഇന്നവര്‍ക്കത് അപ്രാപ്യമാണ്. നമ്മുടെ കുട്ടികള്‍ക്ക് സോഫ്റ്റ്‌വെയറില്‍ യഥാര്‍ഥ അറിവ് നേടാന്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപകരിക്കും.

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റെ അലകള്‍ ഇന്ത്യയിലും ആഞ്ഞടിച്ചു. 1990കളുടെ അവസാനപാദത്തില്‍ തന്നെ ചെറുചെറു ഗ്രൂപ്പുകള്‍ രൂപീകരിക്കപ്പെട്ടു. തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി കേന്ദ്രീകരിച്ചും എറണാകുളത്ത് ജനകീയാസൂത്രണ പ്രോജക്ടുമായി ബന്ധപ്പെട്ടും പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ നടന്നു. എറണാകുളത്ത് 2000 ജൂലൈയില്‍ ഒഎസ്എസ് എന്ന സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മാത്രം ഉപയോഗിക്കുന്ന പ്രൊഫഷണലുകളുടെ വ്യവസായ സഹകരണസംഘം സ്ഥാപിതമായി. 2001ല്‍ തിരുവനന്തപുരത്ത് റിച്ചാര്‍ഡ് മാത്യു സ്റ്റാള്‍മാന്‍ പങ്കെടുത്ത യോഗത്തില്‍വച്ച് എഫ്എസ്എഫ് ഇന്ത്യ സ്ഥാപിതമായി. കേരള സര്‍വകലാശാലയില്‍ ആദ്യത്തെ ഇ എം എസ് അനുസ്‌മരണ പ്രഭാഷണം നടത്തിയത് സ്‌റ്റാള്‍മാന്‍ ആയിരുന്നു.

ആന്ധ്രയില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ തെലുങ്ക് പ്രാദേശികവല്‍ക്കരണ രംഗത്ത് സ്വേച്ഛ എന്ന സ്ഥാപനം നിലവില്‍വന്നു. സ്വതന്ത്ര മലയാളം കംപ്യൂട്ടിങ് എന്ന കൂട്ടായ്‌മ കേരളത്തിലും നിലവില്‍വന്നു. കര്‍ണാടകത്തില്‍ കര്‍ണാടക സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മൂവ്മെന്റ് സ്ഥാപിതമായി. ബംഗാളിലും മഹാരാഷ്ട്രയിലും ഡല്‍ഹിയിലും രാജസ്ഥാനിലും മറ്റ് പല സംസ്ഥാനങ്ങളിലും കൂട്ടായ്‌മകള്‍ രൂപപ്പെട്ടു. ലിനക്സ് യൂസര്‍ ഗ്രൂപ്പുകള്‍ പ്രധാന പട്ടണങ്ങളിലെല്ലാം സജീവമായി. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം ഇത്തരത്തില്‍ വികേന്ദ്രീകൃതമായി മുന്നേറുകതന്നെയാണ്. അവയ്ക്ക് ഒരധികാരകേന്ദ്രത്തിന്റെ ആവശ്യമില്ല. പരസ്പരബന്ധം ഇന്റര്‍നെറ്റിലൂടെ നിലനില്‍ക്കുന്നുണ്ട്. പല ഇന്റര്‍നെറ്റ് ഗ്രൂപ്പുകളും വിവിധ ചെറു ഗ്രൂപ്പുകളുടെ വിപുലമായ കൂട്ടായ്മ സൃഷ്ടിക്കുന്നുണ്ട്. പക്ഷേ, ഇവ ഏറെയും പ്രാദേശിക ചെറുകൂട്ടായ്മകളായോ സൈബര്‍ രംഗത്ത് മാത്രമായോ ഒതുങ്ങുകയാണ്. സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രായോഗിക സാധ്യതകള്‍ അതുപയോഗിച്ച് തുടങ്ങാത്ത വലിയൊരു ജനവിഭാഗത്തിലേക്കെത്തിക്കാന്‍ ആവശ്യമായത്ര ഇടപെടല്‍ശേഷി അവയ്ക്കില്ല.

ഇന്നും നമ്മുടെ കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതില്‍ വളരെ പിറകിലാണ്. കേരളം മാത്രമാണ് ഐടി @ സ്കൂള്‍‍, വൈദ്യുതി വകുപ്പിലെ ഒരുമ, സ്പേസിന്റെ ഇന്‍സൈറ്റ്, മലയാളം കംപ്യൂട്ടിങ്, സി-ഡിറ്റിന്റെ മലയാളം പ്രോജക്ടുകള്‍‍, കാറ്റ്ഫോസ് തുടങ്ങിയവയിലൂടെ മുന്നേറ്റം കുറിച്ചിട്ടുള്ളത്. ഐടി @ സ്കൂള്‍ പദ്ധതി സ്വതന്ത്ര സോഫ്റ്റ്‌വെയറിലേക്ക് മാറ്റപ്പെട്ടത് സ്കൂള്‍ അധ്യാപകരുടെ സമരസംഘടനയായ കെഎസ്‌ടിഎ നടത്തിയ സമരത്തിന്റെ ഫലമായാണ്. വൈദ്യുതിവകുപ്പില്‍ തൊഴിലാളി സംഘടനകളുടെ മുന്‍കൈയിലാണ് ഒരുമ രൂപപ്പെട്ടത്. പ്രാദേശിക പദ്ധതികള്‍ക്കെതിരെ കേന്ദ്ര ഏജന്‍സികളുടെ കുത്തക പ്രീണനത്തിന്റെ ഭാഗമായ ഭീഷണി നിലനില്‍ക്കുകയാണ്. അത് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രോജൿടുകള്‍ക്ക് മാത്രമല്ല, ഐകെഎം അടക്കമുള്ളവയ്ക്കും ബാധകമാണ്. ജെഎന്‍യുആര്‍എം തുടങ്ങിയ കേന്ദ്രപദ്ധതികളിലൂടെ കോര്‍പറേഷനുകളുടെ ഇ-ഭരണ പദ്ധതികള്‍, പ്രൊപ്രൈറ്ററി പ്ളാറ്റ്ഫോമുകള്‍ ഉപയോഗിക്കുകയും സേവനങ്ങളുടെ രഹസ്യം സൂക്ഷിച്ച് കുത്തകലാഭം എടുക്കുകയും ചെയ്യുന്ന ബഹുരാഷ്‌ട്ര കമ്പനികളിലേക്ക് കൈമാറപ്പെടുകയാണ്. പ്രാദേശിക ശാക്തീകരണം ഉറപ്പാക്കാന്‍ ഐകെഎം അടക്കം സ്വതന്ത്ര സോഫ്റ്റ്‌വെയറിലേക്ക് മാറുകയും കേന്ദ്ര ഏജന്‍സികളുടെ കുത്തകാനുകൂല പദ്ധതികള്‍ക്ക് ജനകീയ-പ്രാദേശിക ബദലുകള്‍ ഉയര്‍ത്തപ്പെടുകയുമാണ് വേണ്ടത്. അതിനാകട്ടെ, സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിലൂടെ മാത്രമേ കഴിയുകയുള്ളൂ.

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം ഉറപ്പുനല്‍കുന്നതു് പ്രാദേശിക-ദേശീയ ശാക്തീകരണത്തിനുള്ള അവസരമാണു്. അതുപയോഗപ്പെടുത്താതെ പോയാല്‍ കുത്തകകളുടെ പിടി മുറുകും. ആഗോളമായി ഇന്നു് ഗൂഗിളും ആമസോണും മറ്റും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നുണ്ടു്. പക്ഷെ, അവ ആഗോള കുത്തകകള്‍ തന്നെയാണു്. കോര്‍പ്പറേറ്റു് സ്ഥാപനങ്ങളുടെ വിവരാവശ്യങ്ങള്‍ നിറവേറ്റാന്‍ മൈക്രോസോഫ്റ്റുമായി അപലപനീയമായ കരാറിലേര്‍പ്പെട്ട നോവലിനേക്കാള്‍ അപകടകരമായ പാതയിലാണവര്‍ മുന്നേറുന്നതു്. അവ സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യം തന്നെ അപ്രസക്തമാക്കുന്ന രീതിയില്‍ ഹാര്‍ഡ് വെയറും നെറ്റ്‌വര്‍ക്കും മറ്റിതര പശ്ചാത്തല സൌകര്യങ്ങളോടുമടക്കം സോഫ്റ്റ്‌വെയറും കൂടി ചേര്‍ത്തു് സേവനം നല്‍കുന്ന മാതൃകകള്‍ സൃഷ്ടിക്കുകയാണു്. ക്ലൌഡ് കമ്പ്യൂട്ടിങ്ങു് എന്ന ഓമനപ്പേരിലാണതറിയപ്പെടുന്നതു്. സോഫ്റ്റ്‌വെയര്‍ ഒരു സേവനമായി (SaaS), പ്ലാറ്റ്ഫോം ഒരു സേവനമായി (PaaS), പശ്ചാത്തലം ഒരു സേവനമായി (IaaS) എന്നൊക്കെയാണവ അറിയപ്പെടുന്നതു്. ഇവ നിലവിലുള്ള സൌകര്യങ്ങള്‍ പരസ്പരം പങ്കുവെയ്ക്കുകയാണു് എന്നാണു് പറയുന്നതു്. സഹകരണത്തിന്റെ ഉദാത്ത മാതൃകകളായി അവ വിശേഷിപ്പിക്കപ്പെടുന്നു. ചെലവു് കുറയ്ക്കാനാണീ സഹകരണവും പങ്കുവെയ്പും. ചരക്കുകളുടെ കുറഞ്ഞ വില എക്കാലത്തും ആധിപത്യത്തിന്റെ ഉപകരണമായിരുന്നു. ഇവിടെ ഈ സേവനങ്ങളുടെ കുറഞ്ഞ ചെലവു് കമ്പോളം പിടിച്ചെടുക്കാന്‍ ഉപകരിക്കും. പക്ഷെ, ഫലം സ്വതന്ത്ര സോഫ്റ്റു്വെയര്‍ പ്രസ്ഥാനം ഉറപ്പുനല്‍കുന്ന സ്വാതന്ത്ര്യം പോലും അപ്രസക്തമാക്കപ്പെടുന്നു എന്നതാണു്. ഇതാണു്, ഇന്നു് സ്വതന്ത്ര സോഫ്റ്റു്വെയര്‍ പ്രസ്ഥാനവും അതു കൊണ്ടു് തന്നെ പൊതു സമൂഹവും നേരിടുന്ന കുത്തകവല്കരണ ഭീഷണി.

ഈ ഭീഷണി മറികടക്കാന്‍, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം കാണിച്ചു തന്ന മാര്‍ഗ്ഗം തന്നെ ഉപയോഗിക്കാം. എന്നാല്‍, അതു് ഒറ്റപ്പെട്ട വ്യക്തികള്‍ക്കോ ചെറു ഗ്രൂപ്പുകള്‍ക്കോ മാത്രമായി ചെയ്യാവുന്നതല്ല. പൊതു സമൂഹത്തിന്റെ ഇടപെടലുകള്‍ തന്നെ ആവശ്യമാണു്. പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയറുകള്‍ക്കു് പകരം സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെന്ന പോലെ സ്വകാര്യ 'ക്ലൌഡുകള്‍ക്കു്' പകരം പൊതു 'ക്ലൌഡുകള്‍' (സാമൂഹ്യ ഉടമസ്ഥതയിലുള്ളവ) നിലവില്‍ വരണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക സര്‍ക്കാരുകള്‍ക്കും സഹകരണ പ്രസ്ഥാനങ്ങള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും യൂണിവേഴ്സിറ്റികള്‍ക്കും ഇക്കാര്യത്തില്‍ വലിയൊരു പങ്കു് വഹിക്കാന്‍ കഴിയും. അതു് ജനാധിപത്യ വികാസത്തിനു്, പിന്നോക്ക ജനവിഭാഗങ്ങളുടെ ശാക്തീകരണത്തിനു്, ജനാധിപത്യ പ്രസ്ഥാനങ്ങളുടെ മുന്നേറ്റത്തിനു്, പൊതു സമൂഹത്തിന്റെ ക്രമാനുഗതവും ചടുലവുമായ പുരോഗതിക്കു് വഴിയൊരുക്കും.

ഇതാണു്, കേരളത്തില്‍ വിജ്ഞാന സ്വാതന്ത്ര്യത്തിനുള്ള ജനാധിപത്യ വേദിയും (Democratic Alliance for Knowledge Freedom) അതടക്കം ചേര്‍ന്നു് രൂപം നല്‍കിയ അഖിലേന്ത്യാ വേദിയായ ഇന്ത്യന്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനവും (Free Software Movement of India) മുന്നോട്ടു് വെയ്ക്കുന്ന കാഴ്ചപ്പാടു്. ഇവ രണ്ടും കൂട്ടായ്മകളുടെ കൂട്ടായ്മകളാണു്. ഈ വലിയ കൂട്ടായ്മയില്‍ ചേരുന്ന ചെറു കൂട്ടായ്മകള്‍ക്കു് അവയുടെ തനതു് വ്യക്തിത്വം നിലനിര്‍ത്താമെന്നതാണു് വസ്തുത. യാതൊരു വിധ മേധാവിത്വവും കേന്ദ്ര സംഘടന ചെലുത്തുന്നില്ല. വളരെ കൃത്യമായി നിര്‍വചിക്കപ്പെട്ട ലക്ഷ്യത്തിനു് വേണ്ടി പ്രവര്‍ത്തിക്കുക മാത്രമാണു് കൂട്ടായ്മയുടെ ലക്ഷ്യം. അവ മറ്റൊരു ജനകീയ കൂട്ടായ്മക്കും എതിരല്ല. സജീവമായ മറ്റൊരു ജനകീയ കൂട്ടായ്മയേയും അതു് അപ്രസക്തമാക്കില്ല. സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യം, വിജ്ഞാന സ്വാതന്ത്ര്യം എന്നീ ലക്ഷ്യങ്ങള്‍ക്കായി ആരുമായും കൂട്ടായ പ്രവര്‍ത്തനത്തിനു് DAKF ഉം FSMI യും എപ്പോഴും തയ്യാറായിരിക്കും.

*****

ജോസഫ് തോമസ് പ്രസിഡന്റ്, എഫ്എസ്എംഐ

2 comments:

വര്‍ക്കേഴ്സ് ഫോറം said...

അറിവ്, ചരിത്രപരമായി, സ്വതന്ത്രമായിരുന്നു. സമൂഹം വര്‍ഗങ്ങളായി വിഭജിക്കപ്പെട്ടതോടെയാണ്, അറിവിന്റെ കുത്തകവല്‍ക്കരണത്തിനും വളച്ചുകെട്ടലിനുമുള്ള ശ്രമം ആരംഭിച്ചത്. അതോടൊപ്പംതന്നെ അറിവിന്റെ സ്വാതന്ത്യ്രത്തിനുള്ള, ജനകീയവല്‍ക്കരണത്തിനുള്ള സമരവും തുടങ്ങിയിരുന്നു. ജനാധിപത്യ വികാസത്തിനൊപ്പം അറിവിന്റെ ജനകീയവല്‍ക്കരണവും നടക്കുന്നു. എന്നാല്‍, ജനാധിപത്യം ആണയിടുന്ന ഇന്നത്തെ മുതലാളിത്ത സമൂഹത്തിലും ജനാധിപത്യം ആഴത്തില്‍ വേരോടാത്തതുകൊണ്ടുതന്നെ, അറിവിന്റെ വ്യാപനവും സമൂഹത്തിന്റെ എല്ലാ തട്ടുകളിലും എത്തിക്കഴിഞ്ഞിട്ടില്ല.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

നല്ല ലേഖനം