Saturday, March 6, 2010

സ. കണ്ണന്‍നായരെ സ്മരിക്കുമ്പോള്‍

സഖാവ് കണ്ണന്‍നായര്‍ അന്തരിച്ചിട്ട് 2010 മാര്‍ച്ച് ആറിന് ഇരുപതുവര്‍ഷം പിന്നിടുന്നു. വടക്കേമലബാറില്‍ കൊടക്കാട്ടെ ദരിദ്ര കര്‍ഷകകുടുംബത്തില്‍ ജനിച്ച് പ്രാഥമികവിദ്യാഭ്യാസം കഷ്ടിച്ച് പൂര്‍ത്തിയാക്കിയശേഷം ബീഡിതെറുപ്പ് തൊഴിലായി സ്വീകരിച്ച കണ്ണന്‍നായര്‍ മരണമടയുമ്പോള്‍ 'ദേശാഭിമാനി'യുടെ അമരക്കാരനായിരുന്നു.

കേരളത്തില്‍ മറ്റേത് പത്രത്തേക്കാളും ബഹുജനപിന്തുണയാര്‍ജിച്ച പത്രമാണ് ദേശാഭിമാനി. സ്വാതന്ത്ര്യസമരകാലത്ത് നാടിനുവേണ്ടിയുള്ള പോരാട്ടത്തിന് ലക്ഷ്യബോധം നല്‍കാനാണ് ദേശാഭിമാനി പ്രവര്‍ത്തിച്ചത്. 1939ല്‍ പരസ്യപ്രവര്‍ത്തനം ആരംഭിച്ച കമ്യൂണിസ്റ്പാര്‍ടിയുടെ പില്‍ക്കാല വളര്‍ച്ചയുടെയും സംഭാവനകളുടെയും ചരിത്രം ദേശാഭിമാനിയുടെ ചരിത്രം കൂടിയാണ്. ജന്മി-നാടുവാഴി അടിച്ചമര്‍ത്തലുകള്‍ക്കും സാമ്രാജ്യത്വ അധിനിവേശത്തിനുമെതിരെ കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയും അടിച്ചമര്‍ത്തപ്പെടുന്ന എല്ലാവരെയും ഉയര്‍ത്തിക്കൊണ്ടുവന്ന് അവരെ ദേശീയപ്രസ്ഥാനത്തിന്റെ ധാരയിലേക്ക് ഉള്‍ച്ചേര്‍ക്കാനുള്ള ആശയപരവും സംഘടനാപരവുമായ നേതൃത്വം ദേശാഭിമാനി നല്‍കി. കേരളത്തെ പിടിച്ചുകുലുക്കിയ കര്‍ഷക-കമ്യൂണിസ്റ് മുന്നേറ്റങ്ങള്‍, സാമ്രാജ്യ്വ വിരുദ്ധ സമരങ്ങള്‍, അമതിതാധികാര വാഴ്ചയ്ക്കും വര്‍ഗീയ വിപത്തിനുമെതിരായ ചെറുത്തുനില്‍പ്പുകള്‍-ഇവയിലെല്ലാം നേതൃപരമായ പങ്കാളിത്തമാണ് ദേശാഭിമാനിക്ക് വഹിക്കാനായത് എന്ന് അഭിമാനപുരസ്സരം പറയാനാകും.

ഇന്ന് ദേശാഭിമാനിക്ക് കേരളത്തിനകത്ത് ഏഴ് എഡിഷനുണ്ട്. ഗള്‍ഫ് നാടുകളിലേക്ക് ബഹ്റൈനില്‍നിന്ന് പത്രം പ്രസിദ്ധീകരിക്കുന്നു. ഇന്ത്യക്കകത്ത് ബംഗളൂരു നഗരത്തില്‍നിന്ന് പത്രം അച്ചടിക്കുന്നുണ്ട്. പ്രചാരണത്തിന്റെ വര്‍ധനക്കനുസൃതമായി സംസ്ഥാനത്തിനകത്ത് ഓരോ ജില്ലയിലും പുതിയ എഡിഷനുകള്‍ ആരംഭിക്കാനുള്ള വളര്‍ച്ചയിലേക്കാണ്. ശാസ്ത്ര-സാങ്കേതികരംഗത്തെയും മാധ്യമമേഖലയിലെയും മാറ്റങ്ങളും വളര്‍ച്ചയും ഉള്‍ക്കൊണ്ട് ദേശാഭിമാനി പുതിയ തലത്തിലേക്കുയരുകയാണ്. ഇന്ന് സംസ്ഥാനത്ത് പ്രചാരത്തില്‍ മൂന്നാമത് നില്‍ക്കുന്ന പത്രമാണിത്. എന്നാല്‍, പുതിയ വായനക്കാരെ ആര്‍ജിക്കുന്നതില്‍ ദേശാഭിമാനി ഒന്നാംസ്ഥാനത്തുതന്നെയാണ്. മാത്രമല്ല, മറ്റേതു പത്രത്തേക്കാളും കൂടുതല്‍ ജനങ്ങളെ സ്വാധീനിക്കാന്‍ പ്രാപ്തിയുള്ള പത്രവുമാണിത്. കാലാനുസൃതമായ മാറ്റങ്ങളുള്‍ക്കൊണ്ട് സമ്പൂര്‍ണ ദിനപത്രമായി ഉയര്‍ന്ന ദേശാഭിമാനിയുടെ നാള്‍വഴിയില്‍ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനങ്ങളിലൂടെ ജീവിതംതന്നെ സമര്‍പ്പിച്ച സഖാവ് കണ്ണന്‍നായരുടെ സംഭാവന അതുല്യമാണ്.

തന്നില്‍ അര്‍പ്പിതമായ കര്‍ത്തവ്യം എല്ലാ സൂക്ഷ്മതലങ്ങളിലും കൃത്യതയോടെനിര്‍വഹിച്ച് കമ്യൂണിസ്റുകാരന്റെ സന്നദ്ധതയ്ക്കുമുമ്പില്‍ ഏത് ഉത്തരവാദിത്തവും വഴങ്ങുമെന്നു തെളിയിച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. പ്രാഥമിക വിദ്യാഭ്യാസംമാത്രമുള്ള സഖാവിന് പത്രരംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങള്‍കൈവരിക്കാന്‍ കഴിഞ്ഞത് വിപ്ളവബോധവും തൊഴിലാളിവര്‍ഗപ്രസ്ഥാനത്തോടുള്ള അചഞ്ചലമായ കൂറുംകൊണ്ടാണ്. എണ്ണമറ്റ തൊഴിലാളി-കര്‍ഷക പോരാട്ടങ്ങളിലൂടെയാണ് അദ്ദേഹം തികഞ്ഞവിപ്ളവകാരിയായി മാറിയത്. 1943ല്‍ പാര്‍ടി അംഗമായി. 1948ലെ മെയ്ദിനത്തില്‍ മുനയന്‍കുന്നില്‍ നടന്നസായുധപൊലീസിന്റെ ആക്രമണത്തില്‍നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. മുനയന്‍കുന്ന് പോരാട്ടത്തിലെജീവിക്കുന്ന രക്തസാക്ഷിയായിട്ടാണ് അദ്ദേഹം അറിയപ്പെട്ടത്. പൊലീസ് മര്‍ദനംമൂലം ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. 1946ല്‍കരിവെള്ളൂര്‍ കേസില്‍ പ്രതിയായ സഖാവിനെപൊലീസ് ക്രൂരമായി മര്‍ദിച്ചു. അന്നും തടവറയില്‍കിടക്കേണ്ടിവന്നു. സ്വാതന്ത്യ്രലബ്ധിക്കുശേഷം 1950ല്‍ ഏതാനുംമാസം സഖാവിനെ ജയിലിലടച്ചു.പിന്നീട് 1964ല്‍ 16 മാസം ജയിലില്‍ കഴിയേണ്ടിവന്നു. ദേശാഭിമാനിയുടെ ചുമതലക്കാരനെന്ന നിലയില്‍ കൊച്ചിയിലേക്ക് പ്രവര്‍ത്തനകേന്ദ്രം മാറ്റിയതോടെ, പത്രത്തിന്റെ വളര്‍ച്ചയായി സഖാവിന്റെ ഏക ലക്ഷ്യം. കണ്ണന്‍നായര്‍ ത്യാഗപൂര്‍വം വളര്‍ത്തിയ ദേശാഭിമാനി ഇന്ന് ബഹുദൂരം മുന്നോട്ടുപോയി. 1990 മാര്‍ച്ച് ആറിന് കണ്ണന്‍നായര്‍ നമ്മെ വിട്ടുപിരിയുമ്പോള്‍ദേശാഭിമാനിക്ക് കൊച്ചിയിലും കോഴിക്കോട്ടുംതിരുവനന്തപുരത്തും മാത്രമാണ് എഡിഷന്‍ ഉണ്ടായിരുന്നത്. സഖാവിന്റെ ദീര്‍ഘവീക്ഷണത്തോടുകൂടിയ സമീപനം ഈ മുന്നേറ്റത്തിന്റെ പ്രധാന പ്രേരകശക്തിയാണ്.

കലുഷമായ സമകാല മാധ്യമ-രാഷ്ട്രീയ ഭൂമികയില്‍ ദേശാഭിമാനിയുടെ പ്രസക്തി വളരെ വലുതാണ്. രാജ്യത്തെ തകര്‍ക്കുന്ന ജനവിരുദ്ധസാമ്പത്തിക നയങ്ങള്‍ക്കെതിരെയും ജനകീയ വികസനമാര്‍ഗത്തിനുവേണ്ടിയുംനിരന്തരം പോരാടുന്ന പത്രമാണ് ദേശാഭിമാനി. വന്‍ പ്രചാരം അവകാശപ്പെടുന്ന പ്രമുഖ മലയാളപത്രങ്ങള്‍ വര്‍ഗീയതയുടെയും സാമ്രാജ്യത്വാധിനിവേശത്തിന്റെയും പ്രചാരകരായി മാറിയപ്പോള്‍,ഒഴുക്കിനെതിരെ നീന്തിയാണ് ദേശാഭിമാനി വളര്‍ന്നത്.
വാര്‍ത്താവിനിമയരംഗത്തെ സാങ്കേതികശേഷി, ധാര്‍മിക-രാഷ്ട്രീയ അന്തരീക്ഷം മികവുറ്റതാക്കാനും സാമൂഹ്യപുരോഗതിയെ ഉത്തേജിപ്പിക്കാനും ഉപയോഗിക്കുന്നതിനു പകരം ആശയപരമായ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കാണ് ബൂര്‍ഷ്വാ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നത്. കേരളത്തില്‍ സിപിഐ എമ്മിനെ ലക്ഷ്യമിട്ടുനടക്കുന്ന ഗീബല്‍സിയന്‍ പ്രചാരണങ്ങള്‍ തുറന്നുകാട്ടാനും മഹാഭൂരിപക്ഷം ജനങ്ങളെയും നേരിന്റെ കൂടെ നിര്‍ത്താനും ദേശാഭിമാനിക്ക് ഫലപ്രദമായി സാധിക്കുന്നുവെന്നതു നിസ്സാരകാര്യമല്ല. പച്ചയായ സാമൂഹിക യാഥാര്‍ഥ്യങ്ങളെ തമസ്കരിച്ചും തിരസ്കരിച്ചും നിസ്സാരവല്‍ക്കരിച്ചും ജനങ്ങളെ ആലസ്യത്തിലേക്കും അരാഷ്ട്രീയത്തിലേക്കും തള്ളിയിടുന്ന ബൂര്‍ഷ്വാ മാധ്യമങ്ങളോട് ഇഞ്ചിനിഞ്ച് പൊരുതിയാണ് ദേശാഭിമാനി മുന്നേറുന്നത്. കോര്‍പറേറ്റ് മൂലധനത്തിന്റെ സംരക്ഷകരായ കുത്തക പത്രങ്ങളും ചാനലുകളും ജനവിരുദ്ധ നയങ്ങളുടെ പ്രചാരകരാവുകയും ഇടതുപക്ഷത്തെ തകര്‍ക്കാന്‍ കച്ചകെട്ടി ഇറങ്ങുകയും ചെയ്യുമ്പോള്‍, നിര്‍ഭയമായി ജനങ്ങളോട് സത്യം വിളിച്ചു പറയാന്‍ ദേശാഭിമാനിക്ക് കഴിയുന്നു.

ഇന്ന് നാം ജീവിക്കുന്ന കേരളം നേടിയ പുരോഗതിയുടെ വലിയൊരളവ് കമ്യൂണിസ്റ് പ്രസ്ഥാനത്തിന്റെ സംഭാവനയാണ്. നിലനില്‍ക്കുന്ന പരിമിതികളെ അതിജീവിച്ച് പുതിയ കേരളം കെട്ടിപ്പടുക്കുക എന്ന മുദ്രാവാക്യം ഐക്യകേരള രൂപീകരണത്തിനുമുമ്പുതന്നെ കമ്യൂണിസ്റ് പാര്‍ടി ഉയര്‍ത്തിയതും അതിന്റെ അടിസ്ഥാനത്തില്‍ നവകേരളസൃഷ്ടിക്കായി പ്രവര്‍ത്തിച്ചതുമാണ്. കേരളത്തിന്റെ സമഗ്രപുരോഗതിക്കുവേണ്ടിയുള്ള ആവേശപൂര്‍ണമായ പ്രവര്‍ത്തനങ്ങളോടൊപ്പം അതിന് തടസ്സം നില്‍ക്കുന്നതാരാണെന്ന പരിശോധനയും നടക്കേണ്ടതുണ്ട്.

ഐശ്വര്യസമൃദ്ധമായ കേരളസൃഷ്ടിക്കുവേണ്ടിയുള്ള ശക്തമായ പ്രവര്‍ത്തനമാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ നടത്തുന്നത്. തൊഴിലാളികളും കര്‍ഷകരും ഇടത്തരക്കാരും ഉള്‍പ്പെടെയുള്ള ജനലക്ഷങ്ങളുടെ ജീവിതപുരോഗതിക്കായി സര്‍ക്കാര്‍ എടുക്കുന്ന നടപടിക്ക് എല്ലാവിഭാഗം ജനങ്ങളില്‍നിന്നും മികച്ച പിന്തുണയാണ് ലഭിക്കുന്നത്. അവശവിഭാഗങ്ങളെ ക്ഷേമപദ്ധതികളിലൂടെ സംരക്ഷിച്ചും ആരോഗ്യ-വിദ്യാഭ്യാസ മേഖലകളില്‍ ജനപക്ഷ ഇടപെടല്‍ നടത്തിയും ആഗോളവല്‍ക്കരണനയങ്ങള്‍ക്ക് പരിമിതികള്‍ക്കകത്തുനിന്നുകൊണ്ട് ഫലപ്രദമായ ബദലുയര്‍ത്തിയും മുന്നോട്ടുപോകുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തിന്റെ സമഗ്രപുരോഗതിക്കാണ് അടിത്തറയിട്ടിരിക്കുന്നത്.

2010-11ലേക്കുള്ള സംസ്ഥാന ബജറ്റ് നിയമസഭയില്‍ അവതരിക്കപ്പെട്ടപ്പോള്‍, കാമ്പുള്ള ചെറുവിമര്‍ശം പോലും ഉന്നയിക്കാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞില്ല എന്നത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനക്ഷേമ നടപടികള്‍ക്കുള്ള അംഗീകാരം കൂടിയാണ്. സഖാവ് കണ്ണന്‍നായര്‍ പാര്‍ടിക്കും ദേശാഭിമാനിക്കും നല്‍കിയത് പോരാട്ടത്തിന്റെ മുന്‍നിരയില്‍ നില്‍ക്കാനുള്ള ഊര്‍ജമാണ്. പുതിയ കാലത്ത്, കൂടുതല്‍ കടുത്ത ആക്രമണങ്ങളുണ്ടാകുമ്പോള്‍ അവയെ നെഞ്ചൂക്കോടെ നേരിട്ട് വിജയംവരിക്കാന്‍ സഖാക്കള്‍ക്ക് ആവേശം നല്‍കുന്ന സ്മരണയാണ് സ. കണ്ണന്‍നായരുടേതെന്ന് അഭിമാനത്തോടെ പറയാനാകും.

******

കടപ്പാട് : ദേശാഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...

സഖാവ് കണ്ണന്‍നായര്‍ അന്തരിച്ചിട്ട് 2010 മാര്‍ച്ച് ആറിന് ഇരുപതുവര്‍ഷം പിന്നിടുന്നു. വടക്കേമലബാറില്‍ കൊടക്കാട്ടെ ദരിദ്ര കര്‍ഷകകുടുംബത്തില്‍ ജനിച്ച് പ്രാഥമികവിദ്യാഭ്യാസം കഷ്ടിച്ച് പൂര്‍ത്തിയാക്കിയശേഷം ബീഡിതെറുപ്പ് തൊഴിലായി സ്വീകരിച്ച കണ്ണന്‍നായര്‍ മരണമടയുമ്പോള്‍ 'ദേശാഭിമാനി'യുടെ അമരക്കാരനായിരുന്നു.