Sunday, March 28, 2010

ഇനി പിറക്കാനിരിക്കുന്നവര്‍ക്കും ഈ ഭൂമി അവകാശപ്പെട്ടതല്ലേ?

കാര്യക്ഷമമായ ഭൂഭരണ വ്യവസ്ഥയാണ് ആദ്യം വേണ്ടത്

ഭൂമിയെയും ഉടമസ്ഥതയെയും സംബന്ധിച്ച വ്യക്തതയും കൃത്യതയുമുളള രേഖകളും സ്ഥിതിവിവരകണക്കുകളുമാണ് ആദ്യം വേണ്ടത്. തികഞ്ഞ അരാജകത്വമാണ് ഇക്കാര്യത്തില്‍ നിലനില്‍ക്കുന്നത്. ഉദാഹരണത്തിന് ഇടുക്കി ജില്ലയിലെ ഒരു വില്ലേജ് ഓഫീസിന്റെ അതിര്‍ത്തിയില്‍ മൂന്നിലൊന്നോളം വ്യാജപട്ടയങ്ങളാണ് എന്ന് അടുത്തകാലത്ത് അധികാരികള്‍ കണ്ടെത്തി. ഇത് ഒറ്റപ്പെട്ട സ്ഥിതിയല്ല. സ്വകാര്യ ഭൂവുടമസ്ഥതയുടെ രേഖകളില്‍ മാത്രമല്ല. പുറമ്പോക്കു സംബന്ധിച്ചും റവന്യൂ ഭൂമി സംബന്ധിച്ചും കൈയും കണക്കുമില്ലാത്ത സ്ഥിതിയാണ് ഭൂവുടമസ്ഥത സംബന്ധിച്ച റെക്കോര്‍ഡുകള്‍ ക്രമീകരിക്കുന്നതിലും റവന്യൂഭരണം കാര്യക്ഷമമാക്കുന്നതിലും ഇനിയും കാലതാമസം പാടില്ല.

ഭൂമിയുടെമേല്‍ പൊതു ഉടമസ്ഥത ആവശ്യമുണ്ട്


ഭൂഭരണവ്യവസ്ഥയെ പുനക്രമീകരിക്കാന്‍ വേണ്ട രണ്ടാമത്തെ കാര്യം ഭൂമിയുടെ മേലുളള ഭരണകൂടത്തിന്റെ അധീശത്വവും അധികാരവും ഉറപ്പിക്കുകയാണ്. പല മൂന്നാംലോകരാജ്യങ്ങളിലും ഈ അധികാരം പ്രയോഗിക്കാന്‍ ഭരണകൂടത്തിന് കഴിയാത്തത് അവയുടെ വികസനശ്രമങ്ങളെ ദുര്‍ബലപ്പെടുത്തുന്നുണ്ട് . ചരിത്രപരമായ കാരണങ്ങളാല്‍ ഇക്കാര്യത്തില്‍ കേരളം ഭേദമാണ്. വലിയ സാമൂഹികഎതിര്‍പ്പുകളെ അതിജീവിച്ച് സര്‍ക്കാരില്‍ നിക്ഷിപ്തമാക്കിയ ഈ അധികാരങ്ങള്‍ ഒന്നും നഷ്ടപ്പെടാനിടയാവരുത്. കാടും കായലും പുഴകളും ചതുപ്പുകളും കടല്‍ത്തീരവുമൊക്കെയായി സംസ്ഥാനത്തിന്റെ മൊത്തം വിസ്തീര്‍ണ്ണത്തിന്റെ മൂന്നിലൊന്നോളം വരുന്ന പൊതുവിഭവസ്രോതസ്സുകളെ സംരക്ഷിക്കാനുളള എല്ലാ അധികാരവും സര്‍ക്കാരില്‍ നിക്ഷിപ്തമാണ്. ഈ അധികാരത്തെ സ്വകാര്യ താല്‍പര്യത്തിനു വഴങ്ങി ഉദാരമായി വ്യാഖ്യാനിക്കുന്നത് നിര്‍ത്തി പൊതുതാല്‍പര്യം കര്‍ശനമായി പാലിക്കുന്ന സംസ്കാരം പുന:സൃഷ്ടിക്കണം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി വമ്പിച്ച വികസന സാധ്യതയുളള പതിനായിരക്കണക്കിന് ഏക്കര്‍ റവന്യൂ ഭൂമി സര്‍ക്കാറിന്റെ ഉടമസ്ഥതയിലുണ്ട്. അവയുടെ അതിര്‍ത്തിയും സുരക്ഷയും ഉറപ്പിച്ച് വികസന ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. ഇതിനുപുറമേ ആവശ്യമെങ്കില്‍ സ്വകാര്യഭൂമി ഏറ്റെടുക്കാനും സര്‍ക്കാരിനു വേണ്ടത്ര അധികാരമുണ്ട്. രാജഭരണകാലത്ത് ലീസായും ഗ്രാന്റായും നല്‍കിയ വിശാല ഭൂപ്രദേശങ്ങളുടെമേലുളള കേരള സര്‍ക്കാരിന്റെ ചോദ്യം ചെയ്യപ്പെടാനാവാത്ത അധികാരവും പൊതുനന്മയെ ലാക്കാക്കി ഉപയോഗിക്കാവുന്നതാണ്. ഈ ഭൂമി കേരളത്തിലെ ഓരോ പൌരനും അവകാശപ്പെട്ടതാണ്. ലീസിന്റെയും ഗ്രാന്റിന്റെയും ബലത്തില്‍ ഭൂമി കൈവശംവെച്ചിരിക്കുന്നവര്‍ക്ക് അനുകൂലമായി നിയമത്തെ വ്യാഖ്യാനിച്ച് അവര്‍ക്ക് അനര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കുന്നത് ശരിയല്ല. മൂന്നാര്‍പോലുളള ഇത്തരം മേഖലകളില്‍ പൊതുസൌകര്യങ്ങളുടെ വികസനത്തിനുപോലും ഭൂമി ഏറ്റെടുക്കാന്‍ കഴിയുന്നില്ല എന്നത് അപമാനകരമണ്. കരവും പാട്ടവും കാലോചിതമായി പുതുക്കിയും ഭൂമി മുറിച്ചുവില്‍ക്കന്നത് തടഞ്ഞും വികസന ആവശ്യങ്ങള്‍ക്കുവേണ്ടി വേണ്ടുവോളം ഭൂമി തിരിച്ചെടുത്തുപയോഗിച്ചും ഇവിടങ്ങളിലെ ഭൂഭരണം കാര്യക്ഷമമാക്കണം. അതിനാവശ്യമായ മാസ്റര്‍ പ്ളാനുകള്‍ക്ക് സര്‍ക്കാര്‍ മുന്‍കൈയെടുക്കണം. സര്‍ക്കാര്‍ നിശ്ചയിക്കുന്ന മുന്‍ഗണനാക്രമമനുസരിച്ച് ഇത്തരം ഭൂമി ഉപയോഗിക്കാന്‍ തയാറാവുന്ന ലീസുടമകളെ അഥവാ ഗ്രാന്റുടമകളെ തുടര്‍ന്നും പ്രോത്സാഹിപ്പിക്കുന്നതില്‍ തെറ്റില്ല. ഇത് പൊതുസ്വത്താണെന്നും അതിന്റെ ഉപയോഗത്തിനുമേല്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും അംഗീകരിച്ചുളള സമീപനമാണ് ആവശ്യം.

ഉടമസ്ഥതയ്ക്ക് പരിധി നിശ്ചയിക്കണം

കേരളത്തിലെ ഭൂമിയുടെമേല്‍ പൊതുസമൂഹത്തിനുളള അധികാരത്തിന്റെ മറ്റൊരു വശമാണ് ഭൂപരിധിവ്യവസ്ഥകള്‍. ചെറുകിടഉടമസ്ഥരില്‍ നിന്നും ഭൂമി വാങ്ങിക്കൂട്ടി കേന്ദ്രീകരിച്ച് ഉപയോഗിക്കാനുളള അധികാരം ഇപ്പോള്‍ സര്‍ക്കാറിനു മാത്രമേയുളളൂ. സ്വകാര്യസംരംഭകര്‍ക്കും കമ്പനികള്‍ക്കും കൂടി ഭൂമിവാങ്ങി സ്വരുക്കൂട്ടാനുളള ഈ അധികാരം നല്‍കണം എന്ന മുറവിളിയാണ് ഇപ്പോള്‍ ഉയരുന്നത്. രഹസ്യമായി കുറഞ്ഞ വിലക്ക് ഭൂമി വാങ്ങിക്കൂട്ടിയ പല സംഘങ്ങളും തങ്ങളുടെ നടപടി നിയമവിധേയമാക്കാനും ഈ ആവശ്യം ഉയര്‍ത്തുന്നുണ്ട്. വികസന ആവശ്യങ്ങള്‍ക്കുവേണ്ടി ചെറുകിടക്കാരില്‍ നിന്നും ഭൂമി കേന്ദ്രീകരിച്ചടുക്കേണ്ട സന്ദര്‍ഭങ്ങള്‍ എപ്പോഴും ഉണ്ടാവാം. ഏറെ പ്രാധാന്യമുളള ഈ സാമ്പത്തിക ധര്‍മം നിര്‍വഹിക്കാന്‍ സര്‍ക്കാര്‍ നേരിട്ടോ, സര്‍ക്കാറിന്റെ നിയന്ത്രണത്തിലുളള മറ്റ് ഏജന്‍സികളോ മുന്നോട്ടുവരണം. ഇക്കാര്യത്തിൽ നിഷ്‌ക്രിയത്വം അസ്വീകാര്യമാണ്. വികസനകാര്യങ്ങള്‍ക്ക് ഭൂമി സ്വരുക്കൂട്ടി ധര്‍മം നിര്‍വഹിക്കാനാവശ്യമായ സംവിധാനം സൃഷ്ടിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടാല്‍ ഭൂമി സ്വരുക്കൂട്ടി കേന്ദ്രീകരിച്ച് ഉപയോഗിക്കേണ്ട സംരംഭങ്ങള്‍ ആര്‍ക്കും ആരംഭിക്കാന്‍ കഴിയാതെ വരും. ലാന്‍ഡ്‌ബാങ്ക് പോലുളള സംവിധാനങ്ങള്‍ സൃഷ്ടിച്ച് വികസനാവശ്യങ്ങള്‍ക്ക് ഭൂമി കേന്ദ്രീകരിച്ചു നല്‍കുന്ന സമ്പ്രദായം ഉണ്ടാവണം. പ്ളാന്റേഷനുകളെ പ്ളാന്റേഷന്‍ ആവശ്യം വിട്ടുളള കാര്യങ്ങള്‍ക്ക് ഉപയോഗിച്ചാലും ഭൂപരിധി വ്യവസ്ഥ ബാധകമാക്കരുത് എന്ന തോട്ടം ഉടമസ്ഥരുടെ വാദം ഒരു കാരണവശാലും അംഗീകരിക്കാന്‍ പാടില്ല. സമതലങ്ങളില്‍ (പ്ളാന്റേഷന്‍ ഇതര മേഖലയില്‍ ) പതിനഞ്ചേക്കറില്‍ കൂടുതലുളള ഭൂമി മിച്ചഭൂമിയായി കണ്ടുപിടിച്ചെടുത്ത ഭരണകൂടമാണ് കേരളത്തിലേത് എന്ന് ഓര്‍ക്കണം. സമതലങ്ങളില്‍ തോട്ടത്തിനാണെങ്കിലും അല്ലെങ്കിലും ഭൂപരിധിയുണ്ട്. എന്നാല്‍ അവയ്ക്ക് ഭൂപരിധി ബാധകമല്ല എന്ന രീതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. തോട്ടം നടത്തുന്നിടത്തോളം തോട്ട ഉടമകള്‍ക്ക് ഭൂപരിധി വ്യവസ്ഥയില്‍ നിന്ന് ഒഴിവു കൊടുക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. തോട്ടം നിര്‍ത്തിയാല്‍ മിച്ചഭൂമി സര്‍ക്കാറില്‍ നിക്ഷിപ്തമാവണം. അത്തരം മിച്ചഭൂമി പുതിയ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുവദിക്കുകയാണെങ്കില്‍, ഒരുപക്ഷേ, പഴയ ഉടമകള്‍ക്ക് മുന്‍ഗണന നല്‍കാവുന്നതാണ്. പക്ഷേ, അത് മിച്ചഭൂമിയാണെന്നും അതിന്റെമേല്‍ ഭൂരഹിതര്‍ ഉള്‍പ്പെടുന്ന പൊതുസമൂഹത്തിനാണ് അവകാശമെന്നുമുളള അടിസ്ഥാനതത്ത്വം അംഗീകരിക്കപ്പെടണം. വന്‍കിടതോട്ടങ്ങളില്‍ ഏറിയകൂറും കേരളത്തിന്റെ വിലപ്പെട്ട സമ്പത്തും സാമൂഹികമിച്ചവും ഇവിടെ നിക്ഷേപിക്കാന്‍ തയ്യാറാകാതെ ഊറ്റിയെടുത്ത് പുറത്തേയ്ക്ക് കൊണ്ടുപോകുകയായിരുന്നു എന്നത് സ്‌മരണീയമാണ്.


പാര്‍പ്പിടം, കൃഷി,വ്യവസായം - ഭൂവിനിയോഗം എങ്ങനെ വേണം...?

ഭൂമിയുടെ മേലുളള അധികാരത്തിന്റെ കാര്യത്തില്‍ കേരളത്തിലെ സര്‍ക്കാര്‍ തികച്ചും സമ്പന്നമാണ്. അധികാരം പൊതുനന്മ മുന്‍നിര്‍ത്തി ഉപയോഗിക്കാന്‍ ഭരണാധികാരികള്‍ തയാറാവണമെന്നുമാത്രം. ഭൂഭരണ വ്യവസ്ഥയുടെ പ്രധാനലക്ഷ്യങ്ങളില്‍ പ്രഥമം സാമൂഹികനീതി തന്നെ. എല്ലാ കുടുംബങ്ങള്‍ക്കും സ്വന്തം ഉടമസ്ഥതയിലുളള വീടുകള്‍ ഉണ്ടാവുക എന്നത് ഒരു ഉപലക്ഷ്യമാകാവുന്നതാണ്. പാര്‍പ്പിടനിര്‍മ്മിതിയില്‍ ഇപ്പോള്‍ ആസൂത്രണമേ ഇല്ല. പശ്ചാത്തലസൌകര്യങ്ങളും പൊതുസേവനങ്ങളും വിശ്രമസ്ഥലങ്ങളും ഒത്തിണങ്ങിയ പാര്‍പ്പിടകേന്ദ്രങ്ങള്‍ വികസിപ്പിക്കുന്നതിന് ഭരണകൂടം മുന്‍കൈയെടുക്കണം. ഭൂദരിദ്രമായ കേരളത്തില്‍ ഒറ്റതിരിഞ്ഞ വീടുകളുടെ സ്ഥാനത്ത് പാര്‍പ്പിട സമുച്ചയങ്ങള്‍ക്കും ബഹുനില കെട്ടിങ്ങള്‍ക്കും പ്രാധാന്യം നല്‍കി സ്ഥലം ലാഭിക്കാം. നഗരപ്രാന്തങ്ങളിലും മറ്റും ചിതറിക്കിടക്കുന്ന വീടുകളെയും അവയുടെ വസ്തുവകകളേയും ഒന്നിച്ചുചേര്‍ത്ത് പാര്‍പ്പിട സമുച്ചയങ്ങള്‍ ഉണ്ടാക്കുകയും മിച്ചംവരുന്ന ഭൂമി അവരുടെ തന്നെ പൊതു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയും ചെയ്യാം. ഇത്തരം പാര്‍പ്പിടകേന്ദ്രങ്ങളും ടൌണ്‍ഷിപ്പുകളും വികസിപ്പിച്ചെടുക്കുന്നതില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കു തന്നെ മുന്‍കൈയെടുക്കാം.

ഭൂഭരണവ്യവസ്ഥയുടെ മറ്റൊരു ലക്ഷ്യം ചെറുകിടഉല്‍പാദകരുടെ സംരക്ഷണമായിരിക്കണം. ചെറുകിടഉല്‍പാദകര്‍ക്ക് ഭൂമി ഉല്‍പ്പാദനോപാധിയും ജീവനോപാധിയുമാണ്. അര്‍ഹമായ കൃഷിക്കാര്‍ക്കും തൊഴിലാളികള്‍ക്കും മറ്റു ചെറുകിട ഉല്‍പാദകര്‍ക്കും സര്‍ക്കാരില്‍ നിക്ഷിപ്തമായ ഭൂമി വിതരണം ചെയ്യാന്‍ നടപടി ഉണ്ടാവണം. ചെറുകിടഉല്‍പാദകര്‍ക്ക് ഭൂമി ലഭ്യമാക്കുന്നതോടൊപ്പം നഷ്ടപ്പെടാതെ സംരക്ഷിക്കുന്നതിനും ഭരണകൂടം ഇടപെടണം. അസംസ്‌കൃതപദാര്‍ത്ഥങ്ങളുടെയും ഉല്‍പ്പന്നങ്ങളുടെയും വായ്പയുടെയും കമ്പോളത്തില്‍ അവര്‍ മത്സരിക്കേണ്ടിവരിക കുത്തകകളോടാണ് . ചെറുകിടഉല്‍പാദകര്‍ക്കിടയിലെ കൂട്ടായ്‌മകളെ പ്രോത്സാഹിപ്പിച്ചും ഭരണകൂടത്തിന്റെ പിന്തുണ ഉറപ്പാക്കിയും അവരെ സംരക്ഷിക്കേണ്ടതുണ്ട്. ഭൂവിനിയോഗക്രമത്തിന്മേലുളള നിയന്ത്രണവും ചെറുകിടഉല്‍പാദകരെ അവരുടെ ഭൂമി നഷ്ടപ്പെടാതിരിക്കാന്‍ സഹായിക്കും. ചെറുകിടഉല്‍പാദകര്‍ക്ക് അവരുടെ ജീവനോപാധി നഷ്ടമാവാതിരിക്കാന്‍ ഭൂപരിഷ്‌കരണനിയമത്തിലെ ഭൂപരിധിവ്യവസ്ഥയെ അതീവജാഗ്രതയോടെ സംരക്ഷിക്കേണ്ടതുമുണ്ട്. ഒപ്പം തരിശിടുന്ന ഭൂമിയില്‍ കൃഷി നടത്താന്‍ സര്‍ക്കാറിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും മധ്യസ്ഥതയില്‍ കൃഷിക്കാരുടെ കൂട്ടായ്‌മകളെയോ സ്വയം സഹായസംഘങ്ങളെയോ ഏല്‍പ്പിക്കുന്ന സമ്പ്രദായം കൂടുതല്‍ വ്യാപകമാക്കാവുന്നതാണ്.

ഭൂഭരണത്തിന്റെ മറ്റൊരു അടിസ്ഥാനലക്ഷ്യം കൃഷിക്കും വ്യവസായത്തിനും മറ്റു ഉല്‍പാദനമേഖലകള്‍ക്കും ആവശ്യമായ ഭൂമിയും ഭൂവിഭവങ്ങളും ന്യായമായ വിലക്ക് ലഭ്യമാക്കുകയാണ്. ആഗോളീകരണ കാലത്ത് ആഭ്യന്തര വിപണിയിലും പുറം വിപണിയിലും അരങ്ങേറുന്ന മത്സരത്തില്‍ പിടിച്ചുനില്‍ക്കാന്‍ ഇത് അനിവാര്യമാണ്. ഭൂവിലകള്‍ നിരന്തരം ഉയര്‍ന്നുകൊണ്ടിരിക്കുന്ന സംസ്ഥാനത്ത് ഇത് സാക്ഷാത്കരിക്കുക ഏറെ പ്രയാസകരമാണ് അതുകൊണ്ടു തന്നെ ഇത് സാമ്പത്തികരംഗത്ത് കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്. ഊഹക്കച്ചവടക്കാരെ ഭൂവിപണിയില്‍ നിന്നും മാറ്റിനിര്‍ത്തിക്കൊണ്ടു മാത്രമേ ഈ ലക്ഷ്യം നിറവേറ്റാനാകൂ. മുന്‍ഗണനാമേഖലകള്‍ നിശ്ചയിക്കുകയും അവയില്‍ മുതല്‍മുടക്കാന്‍ തയാറാവുന്ന കേന്ദ്ര,സംസ്ഥാന- പൊതുമേഖലാ സ്ഥാപനങ്ങള്‍, സംയുക്തസംരംഭങ്ങള്‍, തദ്ദേശീയരായ സംരംഭകര്‍ എന്നുവേണ്ട വിദേശ കമ്പനികള്‍ക്കു പോലും വ്യക്തമായ വ്യവസ്ഥകളുടെയും കരാറിന്റെയും അടിസ്ഥാനത്തില്‍ കമ്പോളവിലയിലും കുറഞ്ഞ നിരക്കില്‍ ഭൂമിയോ നിര്‍മാണസ്ഥലമോ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണം. എന്നുമാത്രമല്ല ഇങ്ങനെ മൂലധന നിക്ഷേപം ആകര്‍ഷിക്കാന്‍ തെരഞ്ഞെടുക്കുന്ന വികസന മേഖലകള്‍ക്ക് ആവശ്യമായിവരുന്ന എല്ലാ പശ്ചാത്തല പൊതുസേവന സൌകര്യങ്ങളും മുന്‍കൂട്ടി ആസൂത്രണം ചെയ്ത് വികസിപ്പിക്കുന്നതിനും സര്‍ക്കാര്‍ തയ്യാറാവണം. കേരളത്തിലെ ഭൂബന്ധങ്ങളുടെയും ഭൂവിപണിയുടെയും സവിശേഷതകള്‍ കാരണം ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഭൂവിലകളുടെ ശാപത്തില്‍ നിന്നും ഉല്‍പാദനത്തുറകളെ രക്ഷിക്കുന്നതിനുളള ആസൂത്രിത നീക്കമാണ് ഉണ്ടാവേണ്ടത്.

മറ്റൊരു പ്രധാന ലക്ഷ്യം പാരിസ്ഥിതിക നീതി ഉറപ്പുവരുത്തുന്ന ഭൂവിനിയോഗം പ്രോത്സാഹിപ്പിക്കുക എന്നതാണ് . ഭൂവിനിയോഗത്തില്‍ പഴയ കാലത്തേക്കുളള തിരിച്ചുപോക്ക് അസാധ്യമാണ്. സര്‍ക്കാരിന്റെ ഇടപെടല്‍ ഭൂവിനിയോഗത്തില്‍ വരുന്ന മാറ്റത്തെ കേന്ദ്രീകരിച്ചുകൊണ്ടാവുന്നതാണ് പ്രായോഗികം. അസ്വീകാര്യമായ മാറ്റങ്ങളെ നിയമം മൂലം നിരോധിക്കുകയും ഏറ്റവും കടുത്ത ശിക്ഷകള്‍ വ്യവസ്ഥ ചെയ്‌തുകൊണ്ട് തടയുകയും ചെയ്യണം. ഏറ്റവും സാമൂഹിക നേട്ടമുളള ഭൂവിനിയോഗം നിലനിര്‍ത്തുന്നവര്‍ക്ക് ഉദാരമായ നഷ്ടപരിഹാരം നല്‍കണം. നെല്‍വയലും, ചതുപ്പും, മറ്റു തണ്ണീര്‍തടങ്ങളും കുളങ്ങളും ചിറകളും കാവുകളും കാത്തു സൂക്ഷിക്കുന്നവര്‍ക്ക് ഭൂനികുതിയില്‍ നിന്നും ഒഴിവുനല്‍കുകയും പണം അങ്ങോട്ട് നല്‍കുകയും വേണം. വയല്‍, ചതുപ്പു തണ്ണീര്‍തടങ്ങള്‍, കുളം, ചിറ, കാവ് തുടങ്ങിയ വിലപ്പെട്ട 'സാമൂഹികആസ്തി'കള്‍ നശിപ്പിച്ചുണ്ടാക്കിയ വസ്തുവകകള്‍ക്ക് ഉയര്‍ന്ന കരം ഏര്‍പ്പെടുത്തണം. സമൂഹത്തിന് അനഭികാമ്യമായ ഭൂവിനിയോഗം നടത്തുന്നവരില്‍ നിന്ന് ശേഖരിക്കുന്ന കരം സമൂഹത്തിന് അഭികാമ്യമായ ഭൂവിനിയോഗം നിലനിര്‍ത്തുന്നവരെ പ്രോത്സാഹിപ്പിക്കാന്‍ ഉപയോഗിക്കണം. ഭൂബന്ധങ്ങളിലും ഭൂവിപണിയിലും അടിസ്ഥാന സ്വഭാവമുളള അഴിച്ചുപണികള്‍ നടത്തിക്കൊണ്ടുമാത്രമേ കേരളത്തിന് ഇന്നത്തെ പ്രതിസന്ധിയില്‍ നിന്നു കരകയറാനാവൂ. പക്ഷേ ഇത് കേവലം സര്‍ക്കാര്‍ നടപടികളിലൂടെ സാധിക്കാവുന്ന കാര്യമല്ല. കേരള സമൂഹം വിശേഷിച്ചും കേരളത്തിന്റെ നേതൃത്വം ഒന്നടങ്കം ഉണര്‍ന്നു പ്രവര്‍ത്തിച്ചാലേ സംസ്ഥാനത്തിന്റെ ഉല്‍പാദനമേഖലകളെ ഭൂബന്ധത്തിന്റെ കുരുക്കുകളില്‍ നിന്ന് മോചിപ്പിക്കാനാവൂ.


*****

(കടപ്പാട് : പി എ ജി ബുള്ളറ്റിൻ, തയ്യാറാക്കിയത്: അജയ്ഘോഷ് )

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഭൂമിയെയും ഉടമസ്ഥതയെയും സംബന്ധിച്ച വ്യക്തതയും കൃത്യതയുമുളള രേഖകളും സ്ഥിതിവിവരകണക്കുകളുമാണ് ആദ്യം വേണ്ടത്. തികഞ്ഞ അരാജകത്വമാണ് ഇക്കാര്യത്തില്‍ നിലനില്‍ക്കുന്നത്. ഉദാഹരണത്തിന് ഇടുക്കി ജില്ലയിലെ ഒരു വില്ലേജ് ഓഫീസിന്റെ അതിര്‍ത്തിയില്‍ മൂന്നിലൊന്നോളം വ്യാജപട്ടയങ്ങളാണ് എന്ന് അടുത്തകാലത്ത് അധികാരികള്‍ കണ്ടെത്തി. ഇത് ഒറ്റപ്പെട്ട സ്ഥിതിയല്ല. സ്വകാര്യ ഭൂവുടമസ്ഥതയുടെ രേഖകളില്‍ മാത്രമല്ല. പുറമ്പോക്കു സംബന്ധിച്ചും റവന്യൂ ഭൂമി സംബന്ധിച്ചും കൈയും കണക്കുമില്ലാത്ത സ്ഥിതിയാണ് ഭൂവുടമസ്ഥത സംബന്ധിച്ച റെക്കോര്‍ഡുകള്‍ ക്രമീകരിക്കുന്നതിലും റവന്യൂഭരണം കാര്യക്ഷമമാക്കുന്നതിലും ഇനിയും കാലതാമസം പാടില്ല.