Thursday, July 1, 2010

പൊതുമേഖലയ്‌ക്ക് മാതൃക

1909ല്‍ ജര്‍മന്‍ ശാസ്‌ത്രജ്ഞനായ ഷോംബര്‍ഗ് ചവറയില്‍നിന്ന് ഇറക്കുമതിചെയ്‌ത കയറില്‍ മോണോസൈറ്റിന്റെ തരികള്‍ കണ്ടെത്തിയയോടെയാണ് ചവറയുടെ കരിമണല്‍ സമ്പത്തിനെക്കുറിച്ച് ലോകം ശ്രദ്ധിച്ചത്. 1932ല്‍ ജെ ഇ എ പെരേര എന്ന വ്യവസായ സംരംഭകന്‍ തുടങ്ങിയ എഫ്എൿസ് പേരേര ആന്‍ഡ് സൺസ് എന്ന സ്ഥാപനമാണ് കെഎംഎംഎല്ലിന്റെ മുന്‍ഗാമി. കൊല്ലം, ആലപ്പുഴ ജില്ലകളുടെ കടല്‍ത്തീരത്തെ ധാതുമണല്‍ശേഖരം ഉപയോഗിച്ച് വന്‍ വ്യവസായ സംരംഭങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള സാധ്യതകളെക്കുറിച്ച് 1970കളിലാണ് സംസ്ഥാനസര്‍ക്കാര്‍ ആലോചിക്കുന്നത്. ഈ ആലോചനയുടെ ഫലമാണ് എഫ്എൿസ്‌പി മിനറല്‍സ് എന്ന സ്വകാര്യ കമ്പനിയുടെ ആസ്‌തി- ബാധ്യതകള്‍ ഏറ്റെടുത്ത് 1972ല്‍ കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ് (കെഎംഎംഎല്‍) എന്ന പൊതുമേഖലാ വ്യവസായ സംരംഭത്തിന് തുടക്കം കുറിച്ചത്.

നീണ്ടകരമുതല്‍ കായംകുളംവരെയുള്ള ഏകദേശം 22 കി.മീ. കടല്‍തീരത്താണ് പ്രധാനമായും ധാതുമണല്‍ശേഖരം. ഇല്‍മനൈറ്റ്, റൂട്ടെല്‍, ലൂക്കോൿസിന്‍, സിര്‍ക്കോ, സിലിമനൈറ്റ്, മോണോസൈറ്റ് തുടങ്ങിയ ധാതുക്കളാണ് പ്രധാനമായും ഈ പ്രദേശങ്ങളില്‍ കണ്ടുവരുന്നത്. ഈ ധാതുക്കള്‍ വേര്‍തിരിച്ചെടുത്ത് ഇവയിലെ ഇല്‍മനൈറ്റ്, റൂട്ടൈല്‍ എന്നിവ ഉപയോഗിച്ച് റൂട്ടൈല്‍ ഗ്രേഡ് ടൈറ്റാനിയം ഡയോൿസൈഡ് ഉല്‍പ്പാദിപ്പിക്കുന്ന പ്രക്രിയയാണ് കെഎംഎംഎല്‍ ചെയ്യുന്നത്. 1972ല്‍ സ്വകാര്യകമ്പനി ഏറ്റെടുത്തശേഷം ധാതുക്കള്‍ വേര്‍തിരിച്ചെടുക്കുന്ന പ്രക്രിയ തുടരുകയും 1979ല്‍ സിന്തറ്റിൿസ് റൂട്ടൈല്‍, ടൈറ്റാനിയം ടെട്രാക്ളോറൈഡ്, ടൈറ്റാനിയം ഡയോൿസൈഡ് പിഗ്‌മെന്റ് എന്നിവയുടെ ഉല്‍പ്പാദനം ലക്ഷ്യമാക്കിയുള്ള പദ്ധതിക്ക് രൂപംനല്‍കുകയും ചെയ്‌തു. 1984ല്‍ ഉല്‍പ്പാദനം ആരംഭിച്ച ഈ പ്ളാന്റ് ലോകത്തിലെതന്നെ ഒരേയൊരു സംയോജിത ടൈറ്റാനിയം ഡയോൿസൈഡ് പിഗ്‌മെന്റ് പ്ളന്റാണ്. പുതിയ ടൈറ്റാനിയം സ്‌പോഞ്ച് പ്ളാന്റ് പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ ബൃഹത്തായ ഒരു സ്ഥാപനമായി കെഎംഎംഎല്‍ മാറും.

ഉജ്വലമായ നേതൃപാടവത്തോടെ രണ്ടായിരത്തില്‍പ്പരം തൊഴിലാളികളും ഉല്‍പ്പന്നങ്ങളുടെ നീണ്ടനിരയുമായി ദേശീയവും അന്തര്‍ദേശീയവുമായ ചലനങ്ങളുടെ ഭാഗമാകാന്‍ കെഎംഎംഎല്ലിനായി. എന്നാല്‍, ആരംഭദശയില്‍ കമ്പനി ലാഭകരമായി പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. 1988ല്‍ സാങ്കേതിക വിദഗ്ധനായ മാനേജിങ് ഡയറൿടര്‍ ചുമതലയേറ്റെടുത്തു. അദ്ദേഹം നടത്തിയ പരിഷ്‌ക്കാരങ്ങളുടെ ഫലയമായി കമ്പനിയുടെ പ്രവര്‍ത്തനത്തില്‍ കാര്യമായ പുരോഗതി ഉണ്ടായി. 1992ല്‍ കമ്പനിയുടെ സഞ്ചിതനഷ്‌ടം കൂടിയതുകാരണം സ്വകാര്യവല്‍ക്കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 1993 ഫെബ്രുവരിയില്‍ കമ്പനി രോഗാതുര വ്യവസായസ്ഥാപനമായി പ്രഖ്യാപിച്ചു. കമ്പനിയുടെ പുനരുദ്ധാരണത്തിനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് ബിഐഎഫ്ആറിനെ ചുമതലപ്പെടുത്തി. കമ്പനിയിലെ എല്ലാ ജീവനക്കാരും അപകടാവസ്‌ഥ മനസ്സിലാക്കി. വ്യവസായരംഗത്തെ വിദഗ്ധരുടെ സഹായത്തോടെ തൊഴിലാളി സംഘടനകളും ഓഫീസര്‍മാരുടെ സംഘടനയും മാനേജ്‌മെന്റും ചേര്‍ന്ന് തയ്യാറാക്കിയ പുനരുദ്ധാരണ നിര്‍ദേശങ്ങള്‍ ബിഐഎഫ്ആറിന് സമര്‍പ്പിച്ചു. 1994 ജൂണ്‍ ഒന്നിന് ഈ നിര്‍ദേശങ്ങളില്‍ ചില ഭേദഗതികളോടെ അംഗീകരിച്ചതായി ബിഐഎഫ്ആര്‍ ഉത്തരവ് ഇറക്കി. 1995-96 മുതല്‍ പുനരുദ്ധാരണപദ്ധതികള്‍ നടപ്പാക്കിത്തുടങ്ങി. 1996 ഡിസംബര്‍ 24ന് ചേര്‍ന്ന ബിഐഎഫ്ആര്‍ യോഗം കെഎംഎംഎല്ലിന്റെ പ്രവര്‍ത്തനപുരോഗതി വിലയിരുത്ത കമ്പനി രോഗാതുരാവസ്ഥയില്‍നിന്ന് പുറത്തുകടന്നതായി പ്രഖ്യാപിച്ചു.

1993-94 സാമ്പത്തികവര്‍ഷംതന്നെ ഉല്‍പ്പാദനശേഷിയുടെ 67 ശതമാനം ഉല്‍പ്പാദനം കൈവരിച്ച് ആദ്യമായി കമ്പനി ലാഭകരമായി പ്രവര്‍ത്തിച്ചുതുടങ്ങി. തുടര്‍ന്നുള്ള മൂന്നുവര്‍ഷംകൊണ്ട് കമ്പനിയുടെ എല്ലാ കടബാധ്യതകളും അടച്ചുതീര്‍ത്തു. വൈദ്യുതിക്ഷാമം സൃഷ്‌ടിച്ച പ്രതിസന്ധിമൂലം 1995-96, 96-97, 97-98, 1998-99 വര്‍ഷങ്ങളില്‍ കമ്പനിയുടെ പ്രവര്‍ത്തനത്തില്‍ അല്‍പ്പം പിന്നോക്കംപോയെങ്കിലും 1999-2000ല്‍ കമ്പനിക്ക് 100 ശതമാനത്തിലധികം ഉല്‍പ്പാദനക്ഷമത കൈവരിക്കാന്‍ കഴിഞ്ഞു. 2000-01 സാമ്പത്തികവര്‍ഷം ഉല്‍പ്പാദനത്തിലും വിറ്റുവരവിലും സര്‍വകാല റെക്കോഡുകള്‍ ഭേദിച്ചുകൊണ്ട് 128.59 കോടി രൂപ ലാഭമുണ്ടാക്കി. 2000 ജനുവരി 24ന് സര്‍ക്കാര്‍ ഉത്തരവിലൂടെ 782.41 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് രൂപംനല്‍കി. ഇതില്‍ 22 കോടി രൂപ മുടക്കി ആധുനിക പാര്‍ക്കിങ് യന്ത്രവും ഫില്‍റ്റര്‍ ഡ്രയറും സ്ഥാപിച്ചശേഷം ആദ്യം രൂപകല്‍പ്പനചെയ്‌തിരുന്ന വികസന പദ്ധതികളില്‍ കാതലായ മാറ്റങ്ങള്‍വരുത്തി നടപ്പാക്കാനുള്ള ശ്രമം ആരംഭിച്ചു. അതിന്റെ ഭാഗമായി 2004 ഏപ്രില്‍ 23ന് പദ്ധതികള്‍ ഭേദഗതിചെയ്‌ത് സര്‍ക്കാര്‍ ഉത്തരവായി.

ഈ വേളയില്‍, മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്‌ചവച്ചിരുന്ന കമ്പനിയുടെ ലാഭം കുറഞ്ഞ് പ്രതിസന്ധിയിലകപ്പെടുന്നത് ജീവനക്കാര്‍ ശ്രദ്ധിച്ചു. തുടര്‍ന്ന് ഓഫീസര്‍മാരുടെ സംഘടന കമ്പനിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിശദമായ പഠനംനടത്തി. തികച്ചും സാങ്കേതികമായും സാമ്പത്തികമായും അനുയോജ്യമല്ലാത്ത അശാസ്‌ത്രീയമായ വികസനപ്രവര്‍ത്തനങ്ങളാണ് പ്രാവര്‍ത്തികമാക്കിക്കൊണ്ടിരിക്കുന്നതെന്നും ഈ പ്രവര്‍ത്തനം തുടരുകയാണെങ്കില്‍ കമ്പനി അതീവ ഗുരുതരമായ പ്രതിസന്ധിയിലകപ്പെട്ട് അടച്ചുപൂട്ടലിലേക്കെത്തുമെന്നും മനസിലാക്കി. രേഖകളുടെ പിന്‍ബലത്തോടെ തയ്യാറാക്കിയ റിപ്പോര്‍ട്ട് ജീവനക്കാര്‍ക്കിടയിലും രാഷ്‌ട്രീയ, തൊഴിലാളി സംഘടനാ നേതാക്കള്‍ക്കിടയിലും ചര്‍ച്ചാവിഷയമാക്കി. കെഎംഎംഎല്ലില്‍ വീണ്ടും ജീവനക്കാരുടെ കൂട്ടായ്‌മ രൂപപ്പെട്ടു. കക്ഷിരാഷ്‌ട്രീയഭേദമെന്യേ എല്ലാ ജീവനക്കാരും സംഘടിച്ച് സേവ് കെഎംഎംഎല്‍ ആൿഷന്‍ കമ്മിറ്റിക്ക് രൂപംനല്‍കി. വസ്‌തുതാപരമായ റിപ്പോര്‍ട്ടും ജീവനക്കാരുടെ ആവശ്യങ്ങളും ഉന്നയിച്ച് മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, എംഎല്‍എമാര്‍, രാഷ്‌ട്രീയനേതാക്കള്‍ എന്നിവര്‍ക്ക് നിവേദനംനല്‍കി. സാങ്കേതികമായും സാമ്പത്തികമായും അനുയോജ്യമല്ലാത്ത വികസനപദ്ധതികള്‍ നിര്‍ത്തലാക്കണമെന്നതായിരുന്നു ജീവനക്കാരുടെ പ്രധാന ആവശ്യം. അതോടൊപ്പം ഉല്‍പ്പാദനച്ചെലവ് കുറയ്‌ക്കാന്‍ കഴിയുന്നതും വരുമാനം വര്‍ധിപ്പിക്കാന്‍ കഴിയുന്നതുമായ മൂന്ന് വ്യത്യസ്‌തമായ പദ്ധതി നടപ്പാക്കാനുള്ള നിര്‍ദേശങ്ങളും സര്‍ക്കാരിന് സമര്‍പ്പിച്ചു. ഇതിന്റെ ഫലമായി വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിനെക്കുറിച്ച് പുനരാലോചിക്കാന്‍ സര്‍ക്കാര്‍ തയ്യാറായി.

സര്‍ക്കാരിന്റെ വിശദമായ പരിശോധനകള്‍ക്കള്‍ക്കുശേഷം ജീവനക്കാരുടെ കൂട്ടായ്‌മ ആവശ്യപ്പെട്ടതുപോലെ അശാസ്‌ത്രീയമാണെന്നു കണ്ടെത്തിയ പ്രധാനപ്പെട്ട നാല് വികസനപദ്ധതി നിര്‍ത്തിവച്ചുകൊണ്ടും മറ്റ് മൂന്ന് പദ്ധതി തത്വത്തില്‍ അംഗീകരിച്ചുകൊണ്ടും 2008 ജൂൺ 28ന് സര്‍ക്കാര്‍ ഉത്തരവുണ്ടായി. ആരോപണങ്ങളെക്കുറിച്ച് അന്വേഷണം നടത്താനും തീരുമാനിക്കുകയുണ്ടായി. സര്‍ക്കാര്‍ ഉത്തരവുപ്രകാരം നാലു പദ്ധതി നിര്‍ത്തിവച്ചുകൊണ്ട് മറ്റ് മൂന്ന് പദ്ധതി നടപ്പാക്കാനുള്ള പ്രവര്‍ത്തനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഈ പദ്ധതികള്‍ 2010-11 സാമ്പത്തികവര്‍ഷം പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

അശാസ്‌ത്രീയമായ വികസനപദ്ധതികള്‍ നിര്‍ത്തിവയ്‌ക്കാന്‍ സര്‍ക്കാര്‍തലത്തില്‍ ആലോചന തുടങ്ങിയപ്പോള്‍ ചില ബാഹ്യശക്തികളുടെ സഹായത്തോടെ കമ്പനിക്കെതിരെ വസ്‌തുതാവിരുദ്ധമായ ചില പ്രചാരണം നടത്താന്‍ ചിലര്‍ ശ്രമിക്കുകയുണ്ടായി. സേവ് കെഎംഎംഎല്‍ ആൿഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തെറ്റായ പ്രചാരണങ്ങള്‍ക്കെതിരെ പ്രതികരിച്ചുകൊണ്ട് കമ്പനിയെ സംരക്ഷിക്കാനും കമ്പനിജീവനക്കാരിലും പരിസരവാസികളിലും ഉണ്ടായിട്ടുള്ള ആശങ്കയും പരിഭ്രാന്തിയും മാറ്റിയെടുക്കാനും കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ പൊതുമേഖലാ സ്ഥാപാനങ്ങള്‍ക്ക് മാതൃകയാക്കാന്‍ കഴിയുന്ന പ്രവര്‍ത്തനരീതിയാണ് കെഎംഎംഎല്‍ ജീവനക്കാരുടേത്. കമ്പനി പ്രതിസന്ധികളെ നേരിട്ടപ്പോഴെല്ലാം ജീവനക്കാരുടെ കൂട്ടായ്‌മയിലൂടെ പ്രതസിന്ധി തരണംചെയ്യാനും മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്ചവയ്‌ക്കാനും കെഎംഎംഎല്ലിന് കഴിഞ്ഞിട്ടുണ്ട്. ഇന്ന് കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ 90 കോടി രൂപ ലാഭമുണ്ടാക്കി ഒന്നാംസ്ഥാനത്ത് നില്‍ക്കുകയാണ് കെഎംഎംഎല്‍.

*****

കെ രാഘവന്‍, കടപ്പാട്: ദേശാഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...

അശാസ്‌ത്രീയമായ വികസനപദ്ധതികള്‍ നിര്‍ത്തിവയ്‌ക്കാന്‍ സര്‍ക്കാര്‍തലത്തില്‍ ആലോചന തുടങ്ങിയപ്പോള്‍ ചില ബാഹ്യശക്തികളുടെ സഹായത്തോടെ കമ്പനിക്കെതിരെ വസ്‌തുതാവിരുദ്ധമായ ചില പ്രചാരണം നടത്താന്‍ ചിലര്‍ ശ്രമിക്കുകയുണ്ടായി. സേവ് കെഎംഎംഎല്‍ ആൿഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തെറ്റായ പ്രചാരണങ്ങള്‍ക്കെതിരെ പ്രതികരിച്ചുകൊണ്ട് കമ്പനിയെ സംരക്ഷിക്കാനും കമ്പനിജീവനക്കാരിലും പരിസരവാസികളിലും ഉണ്ടായിട്ടുള്ള ആശങ്കയും പരിഭ്രാന്തിയും മാറ്റിയെടുക്കാനും കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ പൊതുമേഖലാ സ്ഥാപാനങ്ങള്‍ക്ക് മാതൃകയാക്കാന്‍ കഴിയുന്ന പ്രവര്‍ത്തനരീതിയാണ് കെഎംഎംഎല്‍ ജീവനക്കാരുടേത്. കമ്പനി പ്രതിസന്ധികളെ നേരിട്ടപ്പോഴെല്ലാം ജീവനക്കാരുടെ കൂട്ടായ്‌മയിലൂടെ പ്രതസിന്ധി തരണംചെയ്യാനും മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്ചവയ്‌ക്കാനും കെഎംഎംഎല്ലിന് കഴിഞ്ഞിട്ടുണ്ട്. ഇന്ന് കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ 90 കോടി രൂപ ലാഭമുണ്ടാക്കി ഒന്നാംസ്ഥാനത്ത് നില്‍ക്കുകയാണ് കെഎംഎംഎല്‍.