Monday, July 12, 2010

സഭാ നേതൃത്വത്തിന്റെ രാഷ്‌ട്രീയ അജണ്ട

ചില ക്രിസ്‌തീയ സഭാമേലധ്യക്ഷന്മാര്‍ സമീപകാല കേരള രാഷ്‌ട്രീയത്തില്‍ ഇടപെട്ട് മതനിരപേക്ഷതയുടെ സത്തയ്‌ക്ക് പോറലേല്‍പ്പിച്ചു എന്ന വിമര്‍ശം നിയമസഭയില്‍ പൊതുഭരണവകുപ്പിന്റെ ചര്‍ച്ചയില്‍ ഉയര്‍ന്നിരുന്നു. 20 വര്‍ഷം എല്‍ഡിഎഫ് ഘടകകക്ഷിയായിരുന്ന ജോസഫ് ഗ്രൂപ്പ് കേരള കോൺഗ്രസ് മാണിഗ്രൂപ്പില്‍ ലയിച്ചതാണ് ആ പരാമര്‍ശത്തിന് ഹേതുവായത്. എല്‍ഡിഎഫും യുഡിഎഫും വ്യത്യസ്‌ത നയങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് പ്രവര്‍ത്തിക്കുന്നത്. എല്‍ഡിഎഫ് വിട്ട് യുഡിഎഫില്‍ ചേക്കേറുന്നതിന് നയപരമായ ഒരു ന്യായീകരണവും നിയമസഭയിലടക്കം പറയാതെ, ചോദ്യത്തിനുത്തരമായി ഒരു പത്രലേഖകനോട് 'സഭയില്‍നിന്ന് സമ്മര്‍ദമുണ്ടായി' എന്നാണ് ജോസഫ് പറഞ്ഞത്. അതിനര്‍ഥം കത്തോലിക്കാസഭയിലെ ചില മേലധ്യക്ഷന്മാരാണ് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചതെന്നാണ്.

കുറെക്കാലമായി പുറത്തുവന്നുകൊണ്ടിരിക്കുന്ന കത്തോലിക്കാസഭയിലെ ചില മേലധ്യക്ഷന്മാരുടെ ഇടയലേഖനങ്ങളും പൊതുപ്രസ്‌താവനകളുമായി ഇതിനെ കൂട്ടിവായിക്കേണ്ടതുണ്ട്. കേരള കാത്തലിക് ബിഷപ് കോൺഫറന്‍സ് (കെസിബിസി) ജൂലൈ നാലിനെടുത്ത തീരുമാനം ഇതിനകം മാധ്യമങ്ങളില്‍ വന്നിട്ടുണ്ട്. സെപ്‌തംബറില്‍ നടക്കുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം പിന്തുണയ്‌ക്കുന്ന സ്വതന്ത്രസ്ഥാനാര്‍ഥികള്‍ക്കുപോലും വോട്ടുചെയ്യരുതെന്ന് ഭംഗ്യന്തരേണ സൂചിപ്പിച്ചാണ് ആ പ്രസ്‌താവന.

2007 നവംബര്‍ അഞ്ചിന് കെസിബിസി വിദ്യാഭ്യാസ കമീഷന്‍ ചെയര്‍മാനായ മാര്‍ ജോസഫ് പവ്വത്തില്‍ നല്‍കിയ നിര്‍ദേശങ്ങളില്‍ ഇങ്ങനെ പറയുന്നു "ന്യൂനപക്ഷ അവകാശങ്ങള്‍ പലതരത്തിലും ധ്വംസിക്കപ്പെടുന്ന പല സാഹചര്യങ്ങള്‍ കേരളത്തിലങ്ങോളമിങ്ങോളമുണ്ട്'. എയ്‌ഡഡ് സ്‌കൂളുകളെ തങ്ങളുടെ രാഷ്‌ട്രീയ ഉപകരണമാക്കാനും തങ്ങളുടെ നിയന്ത്രണത്തിലാക്കാനും പലതലത്തിലുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നുണ്ട്. പ്രാദേശിക തലങ്ങളിലും വിവിധ സ്‌കൂളുകളെ കേന്ദ്രീകരിച്ചും നടക്കുന്ന ഈ ശ്രമങ്ങളെ സൂൿഷ്‌മമായി നിരീക്ഷിക്കാനും പൊതുശ്രദ്ധയില്‍ കൊണ്ടുവരാനും പ്രതിരോധിക്കാനുമുള്ള ആസൂത്രിതനീക്കം നമ്മുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടതാണ്.''

എല്‍ഡിഎഫ് ഗവൺമെന്റ് സ്വാശ്രയ വിദ്യാഭ്യാസമേഖലയില്‍ കൊണ്ടുവന്ന നിയമമാണ് സഭാധികാരികളെ പ്രകോപിച്ച ഒരു കാര്യമെങ്കില്‍ മറ്റൊന്ന് പൊതുവിദ്യാഭ്യാസസ്ഥാപനങ്ങളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളടക്കം സ്വീകരിച്ച നടപടികളാണ്. സ്വാശ്രയ വിദ്യാഭ്യാസ നിയമം, വിദ്യാഭ്യാസക്കച്ചവടത്തിന് നിയന്ത്രണമേര്‍പ്പെടുത്താനും സാമൂഹ്യനീതി ഉറപ്പുവരുത്താനുമാണ് കൊണ്ടുവന്നത്. ഭരണ പ്രതിപക്ഷ ഭേദമെന്യേ ഏകകണ്ഠമായാണ് ഈ ബില്‍ നിയമമാക്കിയത്. ഇന്നിപ്പോള്‍ അഖിലേന്ത്യാ തലത്തില്‍തന്നെ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഗവൺമെന്റ് നിയന്ത്രണം വേണമെന്ന അഭിപ്രായം ശക്തിപ്പെട്ടിരിക്കുകയുമാണ്.

മാത്രവുമല്ല, കേന്ദ്രഗവൺമെന്റ് പാസാക്കിയ വിദ്യാഭ്യാസ അവകാശനിയമം കഴിഞ്ഞ ഏപ്രില്‍ ഒന്നു മുതല്‍ പ്രബല്യത്തില്‍ വന്നു. ഈ നിയമത്തില്‍ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും മറ്റും തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കും അധ്യാപക- രക്ഷാകര്‍തൃ സമിതിക്കും എയ്‌ഡഡ് സ്‌കൂളുകളിലടക്കം ഇടപെടാന്‍ അധികാരമുള്ള വ്യവസ്ഥകളാണുള്ളത്. അങ്ങനെയിരിക്കെ യുപിഎ ഗവൺമെന്റ് നയിക്കുന്ന കോൺഗ്രസിനെതിരായി എന്തുകൊണ്ട് സഭ ഇടയലേഖനം ഇറക്കുന്നില്ല?

ഇന്ത്യയില്‍ പലയിടത്തും ക്രിസ്‌തീയ പ്രചാരകരില്‍ കന്യാസ്‌ത്രീകളെയും ക്രിസ്‌തീയ സഹോദരങ്ങളെയും സംഘ് പരിവാറിന്റെ നേതൃത്വത്തില്‍ ആക്രമിച്ചു കൊലപ്പെടുത്തിയ നിരവധി സംഭവങ്ങളുണ്ടായി. അതിനെതിരായി സഭാ വിശ്വാസികളെ അണിനിരത്താന്‍ തയ്യാറാകാത്ത മേലധ്യക്ഷന്മാരാണ് കമ്യൂണിസ്‌റ്റ് വിരുദ്ധ ഇടയലേഖനങ്ങളിലൂടെ രാഷ്‌ട്രീയത്തില്‍ പച്ചയായി ഇടപെടാന്‍ ശ്രമിക്കുന്നത്. 2007 നവംബര്‍ അഞ്ചിന് വിദ്യാഭ്യാസ കമീഷന്റെ ചെയര്‍മാന്‍ മാര്‍ പവ്വത്തില്‍ ഇറക്കിയ പ്രസ്‌താവനയുടെ അവസാനഭാഗം ഇങ്ങനെയാണ്. 'നമ്മുടെ നിലപാടുകള്‍ നീതിന്യായ വ്യവസ്ഥയിലൂടെമാത്രം സ്ഥാപിച്ചെടുത്താല്‍ പോരാ. അതിനെ രാഷ്‌ട്രീയമായും സമുദായികമായും മാധ്യമങ്ങളില്‍കൂടെയും നമ്മള്‍ക്ക് സ്ഥിരീകരിക്കേണ്ടതുണ്ട്.'

പവ്വത്തില്‍ പറഞ്ഞ രാഷ്‌ട്രീയ സ്ഥിരീകരണമാണ് മാണിഗ്രൂപ്പില്‍ ജോസഫ് ലയിച്ചതോടെ കണ്ടത്. കത്തോലിക്ക സഭയുടെ രാഷ്‌ട്രീയത്തിലുള്ള ഇടപെടല്‍ പുതിയ കാര്യമല്ല. അവരത് മുമ്പും ചെയ്തിട്ടുണ്ട്. അങ്ങനെ ചെയ്‌തപ്പോഴെല്ലാം നിരീശ്വരപ്രസ്ഥാനമെന്ന് അവര്‍ കമ്യൂണിസ്‌റ്റ് പാര്‍ടിയെ മുദ്രയടിച്ചിട്ടുണ്ട്. ദാര്‍ശനികമായി കമ്യൂണിസം ഭൌതിക വാദത്തിലധിഷ്ഠിതമാണ്. എന്നാല്‍, സമൂഹത്തില്‍ മഹാഭൂരിപക്ഷം ഈശ്വരവിശ്വാസികളടക്കം വരുന്ന പാവപ്പെട്ടവരുടെ ജീവിത പ്രയാസങ്ങള്‍ പരിഹരിക്കാനുള്ള പ്രവര്‍ത്തനത്തിലാണ് കമ്യൂണിസ്‌റ്റുകാര്‍ ഏര്‍പ്പെടുന്നത്.

കത്തോലിക്ക സഭയിലെ ചില മേലധ്യക്ഷന്മാര്‍ക്ക് ഈശ്വരവിശ്വാസമല്ല യഥാര്‍ഥ പ്രശ്‌നം. തങ്ങള്‍ക്ക് മൂക്കുകയറിട്ട് നിയന്ത്രിക്കാവുന്ന ഒരു ഗവൺമെന്റുണ്ടാകണമെന്നതാണ് അവരുടെ ആവശ്യം. അതിനുവേണ്ടിയാണ് മതനിരപേക്ഷതയുടെ സത്തയ്‌ക്ക്ആഘാതമേല്‍പ്പിച്ച് അവരില്‍ ചിലര്‍ പ്രത്യക്ഷമായ രാഷ്‌ട്രീയ ഇടപെടല്‍ നടത്തുന്നത്. 'കേരള കോൺഗ്രസിനെ കരുവാക്കിക്കൊണ്ട് തങ്ങളുടെ സ്ഥാപിതതാല്‍പ്പര്യങ്ങള്‍ക്ക് കോഗ്രസില്‍നിന്ന് പരിരക്ഷണം വാങ്ങുക എന്നതാണ് ഈ തന്ത്രത്തിന്റെ ലക്ഷ്യം' (എന്റെ കുതിപ്പും കിതപ്പും) എന്നാണ് 30 വര്‍ഷം മുമ്പുള്ള കേരള രാഷ്‌ട്രീയത്തിലെ കത്തോലിക്കാ സഭയുടെ ഇടപെടലിന്റെ പിന്നിലുള്ള ലക്ഷ്യത്തെക്കുറിച്ച് ഫാ. വടക്കന്‍ സൂചിപ്പിച്ചത്.

കമ്യൂണിസ്‌റ്റ് പാര്‍ടി അനുഭാവികളെ അവര്‍ ദൈവവിശ്വാസികളാണെങ്കില്‍തന്നെയും നിരീശ്വരവാദികളെന്നു മുദ്രകുത്തി സഭാപ്രവര്‍ത്തനത്തിന്റെ നാലയലത്തുപോലും അടുപ്പിക്കരുതെന്ന് വിലക്കുന്ന കത്തോലിക്ക സഭയുടെ കീഴില്‍ ഒട്ടേറെ വിദ്യാഭ്യാസസ്ഥാപനങ്ങളുണ്ട്. അവിടങ്ങളിലെല്ലാം ഫോട്ടോ ഫ്രെയിംചെയ്‌തുവച്ചു ബഹുമാനിക്കുന്ന ഒരു നിരീശ്വരവാദിയുണ്ട്. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ നെഹ്റു. അദ്ദേഹത്തിന്റെ ജന്മദിവസം കുട്ടികളുടെ ദിവസമായി ആഘോഷിക്കുകയും ആ ദിവസം വൈദികരടങ്ങുന്ന അധ്യാപകര്‍ അദ്ദേഹത്തെ ജീവിതമാതൃകയാക്കണമെന്ന് കുട്ടികളോട് ഉല്‍ബോധിപ്പിക്കാറുമുണ്ട്. ദൈവനാമത്തില്‍ പ്രതിജ്ഞചെയ്യാന്‍ മടിക്കുന്ന നെഹ്റുവിന്റെ ചെറുമകനെ ചൂണ്ടി അങ്ങനെ പാടില്ലെന്ന് എന്തേ കത്തോലിക്കാസഭാ നേതൃത്വം യുവാക്കളെ പഠിപ്പിക്കാന്‍ മറക്കുന്നത് ? ദൈവനാമത്തില്‍ പ്രതിജ്ഞയെടുക്കാത്ത എ കെ ആന്റണിയെ പള്ളിയുടെ ഏറ്റവും വിശുദ്ധ സ്ഥലമെന്നു പറയുന്ന മദ്ബഹായില്‍വരെ കയറ്റിയിരുത്താന്‍ സഭാനേതൃത്വം തയ്യാറായതും ഓര്‍ക്കാം. അവരെല്ലാം കോൺഗ്രസുകാരായതുകൊണ്ട് അവരുടെ വിശ്വാസമില്ലായ്‌മ തങ്ങള്‍ക്ക് പ്രശ്‌നമില്ലെന്നാണോ സഭാനേതൃത്വം പറയുന്നത് ?

തൃശൂര്‍ അതിരൂപതാ മെത്രാപോലീത്താ മാര്‍ ആന്‍ഡ്രൂസ് താഴത്ത് 2007 നവംബര്‍ 24ലെ ഇടയലേഖനത്തില്‍, യോഹന്നാന്റെ സുവിശേഷത്തില്‍ ചൂണ്ടിക്കാണിക്കപ്പെടുന്ന ഏറ്റവും ഗൌരവമായ പാപം വിശ്വാസരാഹിത്യവും വിശ്വാസ നിഷേധവുമാണെന്ന് പറയുന്നു. അങ്ങനെയെങ്കില്‍ മഹാപാപിയായ എ കെ ആന്റണി നയിക്കുന്ന കോൺഗ്രസ് പാര്‍ടിക്ക് കത്തോലിക്കാ സഭാ വിശ്വാസികള്‍ വോട്ടു നല്‍കരുതെന്ന് പറയാന്‍ സഭ തയ്യാറാകുമോ?

2010ലെ മെയ്‌ദിനത്തില്‍ കെസിബിസി ലേബര്‍ കമീഷന്‍ ചെയര്‍മാനായ മാര്‍ ജോസ് പൊരുന്നേടം സഭാ വിശ്വാസികള്‍ക്ക് നല്‍കിയ മെയ്‌ദിന സന്ദേശം ശ്രദ്ധിക്കേണ്ടതാണ്. മരപ്പണിക്കാരനെന്നും മരപ്പണിക്കാരന്റെ മകനെന്നും സ്വന്തം ഗ്രാമത്തിലെ ജനങ്ങള്‍ വിശേഷിപ്പിച്ച യേശു അധ്വാനംവഴി തൊഴിലിനെയും തൊഴിലാളികളെയും വിശുദ്ധീകരിച്ചുവെന്ന് പറഞ്ഞാണ് ഇടയലേഖനം തുടങ്ങുന്നത്. ഇത് സത്യമെങ്കില്‍ തൊഴിലാളികള്‍ക്കുവേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനംതന്നെയായ കമ്യൂണിസ്‌റ്റുകാര്‍ എങ്ങനെ സഭയ്‌ക്ക്എതിരാകും?

'ലോകമെങ്ങുമുള്ള ദരിദ്രര്‍ സമ്പന്നരുടെ കതകുകളില്‍ മുട്ടിക്കൊണ്ടിരിക്കുന്നു. സമ്പല്‍സമൃദ്ധിയുടെ ലോകം ആ മുട്ടലുകള്‍ കേള്‍ക്കാതിരിക്കുന്നത് അപകടസാധ്യതയിലാണ് ' എന്നും ആ ഇടയലേഖനം പറയുന്നു. പാവപ്പെട്ടവര്‍ക്കുവേണ്ടി നിലകൊള്ളുന്ന കമ്യൂണിസ്‌റ്റ് പ്രസ്ഥാനമോ അതോ കുത്തകമുതലാളിമാര്‍ക്ക് ഒത്താശചെയ്യുന്ന കോൺഗ്രസ് പാര്‍ടിയോ ഏതാണ് സഭയുടെ ആശയത്തിനുവിരുദ്ധമായി നില്‍ക്കുന്നത് ?

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില അനിയന്ത്രിതമാംവിധം വര്‍ധിപ്പിച്ച് പാവപ്പെട്ടവനെ വറചട്ടിയില്‍നിന്ന് എരിതീയിലേക്ക് വലിച്ചെറിയുന്ന കോൺഗ്രസ് നയങ്ങളോട് പ്രതികരിക്കുകപോലും ചെയ്യാതെ 'ഇതാണ് നമുക്കനുകൂലമായ പാര്‍ടി, എന്ന് പറയുമ്പോള്‍ 'കാണപ്പെടുന്ന സഹോദരനെ സേവിക്കാന്‍ പറ്റാത്ത നിനക്കെങ്ങനെ ദൈവത്തെ സ്നേഹിക്കാന്‍ പറ്റു'മെന്ന് ആ മരപ്പണിക്കാരനായ തൊഴിലാളി നിങ്ങളോടു ചോദിക്കുന്നത് കേള്‍ക്കുന്നില്ലേ?

'ഒരു രാജ്യത്തിനുള്ളിലും വ്യത്യസ്‌ത രാജ്യങ്ങളിലെ ജനതകള്‍ തമ്മിലും സാമൂഹ്യ അസമത്വം വ്യവസ്ഥാപിതമാംവിധം വളരുന്നതിലൂടെ സാമൂഹ്യ സമന്വയത്തിന് മുറിവേല്‍ക്കുന്നു. അങ്ങനെ ജനാധിപത്യക്രമം അപകടത്തിലാകുന്നു'വെന്ന് മാര്‍പാപ്പയുടെ ചാക്രിക ലേഖനം ഉദ്ധരിച്ച് മാര്‍ ജോസ് പൊരുന്നേടം പറയുമ്പോള്‍ ഇത് കുത്തക മുതലാളിമാര്‍ക്കും സാമ്രാജ്യത്വത്തിനും സ്‌തുതിപാടുന്ന കോൺഗ്രസിന്റെ സുവിശേഷ പ്രഘോഷണമല്ല കമ്യൂണിസത്തിന്റെ അടിസ്ഥാന പ്രമാണമാണെന്ന് തിരുമേനിമാര്‍ തിരിച്ചറിയേണ്ടതല്ലേ?

ട്രേഡ് യൂണിയനുകള്‍ക്കുണ്ടായിരിക്കേണ്ട ധാര്‍മികത, ആസിയന്‍ കരാറുണ്ടാക്കാവുന്ന ഭീഷണികള്‍, തൊഴിലാളികള്‍ക്കായുള്ള വിവിധ ക്ഷേമ പദ്ധതികള്‍, ഇന്‍ഷുറന്‍സ് പദ്ധതികള്‍, തുടങ്ങി അധ്വാനത്തിന്റെ മഹത്വവും ശ്രേഷ്ഠതയും ഉയര്‍ത്തിപ്പിടിക്കാവുന്ന എല്ലകാര്യങ്ങളിലും സഭയ്‌ക്കുള്ള അതേ മനോഭാവംതന്നെയാണ് കമ്യൂണിസ്‌റ്റ് പാര്‍ടിക്കും എന്നതല്ലേ യാഥാര്‍ഥ്യം? കാലാവസ്ഥ വ്യതിയാനം മനുഷ്യസമൂഹത്തിന് സൃഷ്‌ടിക്കുന്ന വിപത്തുകളെക്കുറിച്ച് സഭയും കമ്യൂണിസ്‌റ്റുകാരും ഒരേനിലയ്‌ക്കാണ് ചിന്തിക്കുന്നത്. ഇവിടെയെല്ലാം കോൺഗ്രസിന്റെ നയസമീപനങ്ങള്‍ സഭയുടേതിന് വിരുദ്ധമാണ്. എന്നിട്ടുമെന്തേ കമ്യൂണിസ്‌റ്റുകാരോട് പോരിനിറങ്ങുന്നു? അതിലേക്ക് അജഗണങ്ങളെ നിര്‍ബന്ധിച്ച് വലിച്ചിഴയ്‌ക്കുന്നു?

*****

പി ജയരാജന്‍, കടപ്പാട് : ദേശാഭിമാനി

അധിക വായനയ്‌ക്ക്:
സ്വതന്ത്രനെ ഭയപ്പെടുന്നതാര്‌ ?

2 comments:

വര്‍ക്കേഴ്സ് ഫോറം said...

2010ലെ മെയ്‌ദിനത്തില്‍ കെസിബിസി ലേബര്‍ കമീഷന്‍ ചെയര്‍മാനായ മാര്‍ ജോസ് പൊരുന്നേടം സഭാ വിശ്വാസികള്‍ക്ക് നല്‍കിയ മെയ്‌ദിന സന്ദേശം ശ്രദ്ധിക്കേണ്ടതാണ്. മരപ്പണിക്കാരനെന്നും മരപ്പണിക്കാരന്റെ മകനെന്നും സ്വന്തം ഗ്രാമത്തിലെ ജനങ്ങള്‍ വിശേഷിപ്പിച്ച യേശു അധ്വാനംവഴി തൊഴിലിനെയും തൊഴിലാളികളെയും വിശുദ്ധീകരിച്ചുവെന്ന് പറഞ്ഞാണ് ഇടയലേഖനം തുടങ്ങുന്നത്. ഇത് സത്യമെങ്കില്‍ തൊഴിലാളികള്‍ക്കുവേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനംതന്നെയായ കമ്യൂണിസ്‌റ്റുകാര്‍ എങ്ങനെ സഭയ്‌ക്ക്എതിരാകും?

'ലോകമെങ്ങുമുള്ള ദരിദ്രര്‍ സമ്പന്നരുടെ കതകുകളില്‍ മുട്ടിക്കൊണ്ടിരിക്കുന്നു. സമ്പല്‍സമൃദ്ധിയുടെ ലോകം ആ മുട്ടലുകള്‍ കേള്‍ക്കാതിരിക്കുന്നത് അപകടസാധ്യതയിലാണ് ' എന്നും ആ ഇടയലേഖനം പറയുന്നു. പാവപ്പെട്ടവര്‍ക്കുവേണ്ടി നിലകൊള്ളുന്ന കമ്യൂണിസ്‌റ്റ് പ്രസ്ഥാനമോ അതോ കുത്തകമുതലാളിമാര്‍ക്ക് ഒത്താശചെയ്യുന്ന കോൺഗ്രസ് പാര്‍ടിയോ ഏതാണ് സഭയുടെ ആശയത്തിനുവിരുദ്ധമായി നില്‍ക്കുന്നത് ?

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില അനിയന്ത്രിതമാംവിധം വര്‍ധിപ്പിച്ച് പാവപ്പെട്ടവനെ വറചട്ടിയില്‍നിന്ന് എരിതീയിലേക്ക് വലിച്ചെറിയുന്ന കോൺഗ്രസ് നയങ്ങളോട് പ്രതികരിക്കുകപോലും ചെയ്യാതെ 'ഇതാണ് നമുക്കനുകൂലമായ പാര്‍ടി, എന്ന് പറയുമ്പോള്‍ 'കാണപ്പെടുന്ന സഹോദരനെ സേവിക്കാന്‍ പറ്റാത്ത നിനക്കെങ്ങനെ ദൈവത്തെ സ്നേഹിക്കാന്‍ പറ്റു'മെന്ന് ആ മരപ്പണിക്കാരനായ തൊഴിലാളി നിങ്ങളോടു ചോദിക്കുന്നത് കേള്‍ക്കുന്നില്ലേ?

Anonymous said...

ക്റിസ്ത്യാനിയുടെ കൈ വെട്ടിയിട്ട്‌ ഇതുവരെ ആരെയും പിടിക്കാന്‍ പറ്റിയില്ല പിടിച്ചാലും ശിക്ഷിക്കില്ല അഭയ കേസില്‍ പെട്ട ക്റിസ്ത്യാനികളെ ആക്ഷേപിക്കുമ്പോള്‍ ബോംബ്‌ കേസിലെ പ്റതികളെ സംരക്ഷിക്കുന്നു ക്റിസ്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടിച്ചു പൊളിക്കുന്നു യു ഡീ എഫ്‌ മതി ഞങ്ങള്‍ക്കു