Friday, July 9, 2010

നിയമവും വിധിയും ജനനന്മയും

കോടതിവിധികളുമായി ബന്ധപ്പെട്ട് ഒട്ടേറെ വിവാദം അടുത്തകാലത്ത് ഉയര്‍ന്നിട്ടുണ്ട്. കോടതികളെക്കുറിച്ച് ഇ എം എസ് നടത്തിയ അഭിപ്രായപ്രകടനമായിരുന്നു ജുഡീഷ്യറിയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ശക്തമായ വിവാദത്തിന് വഴിതെളിച്ച ആദ്യസംഭവം. ഇ എം എസ് നടത്തിയ വിലയിരുത്തല്‍ വര്‍ഗവിശകലനത്തിന്റെ ഭാഗമായിരുന്നു. ലെജിസ്ളേച്ചര്‍, ജുഡീഷ്യറി, എക്സിക്യൂട്ടീവ് എന്നിവയ്ക്ക് തുല്യപ്രധാന്യമുള്ളപ്പോള്‍ത്തന്നെ പരസ്പരപൂരകങ്ങളുമാണ്. പലപ്പോഴും അധികാരപരിധി സംബന്ധിച്ച് ശക്തമായ തര്‍ക്കങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്. ഏത് അതിരുവരെ ജുഡീഷ്യറിയും ലെജിസ്ളേച്ചറും പോകാമെന്ന് ഭരണഘടനാവിദഗ്ധരും രാഷ്ട്രീയനേതാക്കളും നിഗമനങ്ങളും ചര്‍ച്ചകളും ഉയര്‍ത്തിയത് ഈ സാഹചര്യത്തിലാണ്. കോടതി സ്പീക്കര്‍ക്ക് നോട്ടീസ് അയക്കുക, സ്പീക്കര്‍ കത്ത് അംഗീകരിക്കാതിരിക്കുക, നിയമസഭാനടപടികളെപ്പറ്റി സ്പീക്കര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുക, അതുസംബന്ധിച്ച് തര്‍ക്കങ്ങള്‍ ഉയര്‍ന്നുവരിക, ചില കോടതി നടപടികള്‍തന്നെ പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് വരിക തുടങ്ങി ഒട്ടേറെ അനുഭവം അടുത്തിടെയുണ്ടായി. ജഡ്ജിമാരുടെ വിധികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ എന്ന നിലയില്‍ മാത്രമല്ല, ജുഡീഷ്യറിയും ലെജിസ്ളേച്ചറും തമ്മിലുള്ള അധികാരപരിധിയുടെ പ്രശ്നംകൂടി ഇതില്‍ ഉള്‍പ്പെടുന്നു. ഇത്തരം ചര്‍ച്ചയും ഗൌരവമായ അഭിപ്രായങ്ങളും രണ്ടു മേഖലയുടെയും ഉത്തരവാദിത്തം വര്‍ധിപ്പിക്കുകയാണ് ചെയ്യുക. നീതി ലംഘിക്കപ്പെടുന്നത് തടയുക, നീതിനിര്‍വഹണം ഉറപ്പുവരുത്തുക എന്ന നിലയില്‍ നീതിന്യായപരിപാലനത്തിന്റെ ഉയര്‍ന്ന വേദിയായിട്ടാണ് കോടതികളെ പരിഗണിക്കേണ്ടത്.

ഭരണഘടനയും നിയമങ്ങളും വ്യാഖ്യാനിച്ച് തീരുമാനമെടുക്കുമ്പോള്‍ കോടതികളായാല്‍പ്പോലും പാളിച്ചകളും തെറ്റുകളും വരാം. അതുകൊണ്ടുതന്നെയാണ് താഴെ തട്ടിലുള്ള കോടതിവിധികള്‍ക്കെതിരെ സുപ്രീംകോടതിവരെ അപ്പീല്‍ പോകാനുള്ള അവകാശം ഭരണഘടന പരിരക്ഷിക്കുന്നത്. ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തില്‍ത്തന്നെ ഇത്തരം എത്രയോ അനുഭവം ചൂണ്ടിക്കാണിക്കാന്‍ കഴിയും. കോടതിവിധികള്‍ക്കെതിരെ അപ്പീല്‍ നല്‍കുന്നതുപോലെ പ്രധാനപ്പെട്ടതാണ് കോടതിവിധികളുമായി ബന്ധപ്പെട്ട ചില അഭിപ്രായവും വിമര്‍ശവുമുയരുന്നത്. ഇത് ജുഡീഷ്യറിയുടെ പ്രവര്‍ത്തനത്തെ ശക്തിപ്പെടുത്താനാണ്, ദുര്‍ബലപ്പെടുത്താനല്ല.

ഇന്ത്യയില്‍ നിയോലിബറല്‍ നയങ്ങള്‍ നടപ്പായതോടെ വിവിധ രംഗങ്ങളില്‍ ഇതിന്റെ പ്രതിഫലനങ്ങളും പ്രത്യാഘാതങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്. 1990കള്‍ക്കു ശേഷമാണ് സാമ്പത്തികരംഗത്ത് ആരംഭിച്ച ഈ പരിഷ്കരണം സമൂഹത്തിന്റെ എല്ലാ മേഖലയിലും സ്വാധീനം ചെലുത്തിത്തുടങ്ങിയത്. 90കള്‍ക്കുമുമ്പ് ഉയര്‍ന്ന നീതിവേദികളില്‍നിന്ന് പ്രശസ്തമായ വിധിന്യായങ്ങള്‍ വന്നിട്ടുണ്ട്. ഇന്ദിരഗാന്ധിക്കെതിരായ അലഹബാദ് ഹൈക്കോടതി വിധി, എല്‍ഐസിയില്‍ നടന്ന തുടര്‍ച്ചയായ പണിമുടക്കില്‍ ജീവനക്കാര്‍ക്ക് അനുകൂലമായ കോടതിവിധി, താല്‍ക്കാലിക ജീവനക്കാരെ തിരിച്ചെടുക്കാനുള്ള കോടതിയുടെ വിധി, താല്‍ക്കാലിക ജീവനക്കാര്‍ക്ക് ആനുകൂല്യം നല്‍കാനുളള നടപടി തുടങ്ങിയവയെല്ലാംതന്നെ ജുഡീഷ്യറിയുടെ ചരിത്രത്തിലെ ശ്രദ്ധേയ അധ്യായങ്ങളാണ്. എന്നാല്‍, 90കള്‍ക്കുശേഷം നടപ്പാക്കിയ പുതിയ സാമ്പത്തികനയം രാജ്യത്ത് പുതിയൊരു ഭൌതികസാഹചര്യം വളര്‍ത്തിയെടുത്തിട്ടുണ്ട്. ഇതിന്റെ പ്രതിഫലനം വിദ്യാഭ്യാസ, സാംസ്കാരിക, ആരോഗ്യ, തൊഴില്‍ മേഖലകളിലും മറ്റു സാമൂഹ്യരംഗങ്ങളിലും പ്രകടമാണ്. അതിന്റെ സ്വാധീനം ജുഡീഷ്യറിയെയും ബാധിച്ചിട്ടുണ്ട് എന്ന വസ്തുത കാണാതിരുന്നുകൂടാ. അടുത്തകാലത്തുണ്ടായ ഒട്ടേറെ കോടതിവിധി ഇതു വ്യക്തമാക്കുന്നതാണ്. കലാലയങ്ങളിലെ സംഘടനാസ്വാതന്ത്ര്യം നിഷേധിക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യണമെന്ന വിധി, ബന്ദും പണിമുടക്കും നിരോധിച്ച വിധി, ജീവനക്കാരെ കൂട്ടത്തോടെ അറസ്റ്റുചെയ്യാനുള്ള വിധി, സ്വകാര്യ മാനേജ്മെന്റിന് സംരക്ഷണം നല്‍കുന്ന വിധികള്‍ തുടങ്ങിയവ അവയില്‍ ചിലതുമാത്രം.

നിയമങ്ങള്‍ വ്യാഖ്യാനിക്കുകയും വിധിപ്രസ്താവിക്കുകയും മാത്രമല്ല, ഭരണഘടന അനുശാസിക്കുന്ന നീതി സമൂഹത്തിന് നല്‍കുകയും പൊതുപ്രശ്നങ്ങള്‍ സ്വയമേവ ഏറ്റെടുക്കുകയും ചെയ്യുന്ന നിലയിലേക്ക് കോടതികള്‍ എത്തിയത് സ്വാഗതാര്‍ഹംതന്നെയാണ്. അതുകൊണ്ടുതന്നെ ഇത്തരം പ്രശ്നങ്ങളില്‍ പൊതുപ്രവര്‍ത്തകരും രാഷ്ട്രീയനേതാക്കളും ഭരണഘടനാവിദഗ്ധരുമൊക്കെ അഭിപ്രായങ്ങള്‍ പറയുമ്പോള്‍ ജുഡീഷ്യറിയുടെ പ്രവര്‍ത്തനം കൂടുതല്‍ സുതാര്യവും കാര്യക്ഷമവുമാകും.

ഒരു കോടതിയും സ്വന്തമായി നിയമനിര്‍മാണം നടത്തുന്നില്ല. അത് ലെജിസ്ളേച്ചറിന്റെ ചുമതലയാണ്. തങ്ങളുടെ മുമ്പില്‍ വരുന്ന പ്രശ്നങ്ങളെ നിയമസഭകളോ പാര്‍ലമെന്റോ പാസാക്കുന്ന നിയമങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കുകയും തീരുമാനമെടുക്കുകയുമാണ് ചെയ്യുന്നത്. വിശദമായ ഒട്ടേറെ ചര്‍ച്ചയ്ക്കും പരിശോധനയ്ക്കും ശേഷമാണ് നിയമസഭകളിലും പാര്‍ലമെന്റിലും നിയമനിര്‍മാണം നടത്തുന്നത്. പല നിയമനിര്‍മാണങ്ങളുടെയും പിന്നില്‍ നിരവധി പ്രക്ഷോഭവും സമരവും സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന ചരിത്രയാഥാര്‍ഥ്യം വിസ്മരിച്ചുകൂടാ. ആ സമരങ്ങളൊക്കെ നിരോധിക്കാന്‍ അന്നത്തെ ഭരണകൂടങ്ങള്‍ ശ്രമിച്ചിട്ടുമുണ്ട്. ഈ പ്രതിസന്ധികളെ അതിജീവിച്ചുകൊണ്ടുനടന്ന ജനകീയ പ്രക്ഷോഭങ്ങളുടെ ഭാഗമായിത്തന്നെയാണ് ഇന്ന് കാണുന്ന നിരവധി നിയമനിര്‍മാണങ്ങള്‍ വന്നിട്ടുള്ളത്.

കേരളത്തില്‍ ഭൂപരിഷ്കരണം നടപ്പാക്കുന്നതിന് എ കെ ജി, ഇ എം എസ് തുടങ്ങിയ നേതാക്കള്‍ നടത്തിയ ഐതിഹാസിക സമരപ്രക്ഷോഭം ആര്‍ക്കും വിസ്മരിക്കാനാകില്ല. ആയിരക്കണക്കിനാളുകള്‍ ഈ പ്രക്ഷോഭത്തില്‍ പങ്കെടുത്ത് ജയിലിലായി. ഈ സമരത്തിന്റെ ഉല്‍പ്പന്നമാണ് കാര്‍ഷിക പരിഷ്കരണനിയമം. കേരളത്തില്‍ പാസാക്കിയ വിദ്യാഭ്യാസനിയമം, മിനിമം വേജസ് ആക്ട്, പ്ളാന്റേഷന്‍ ലേബര്‍ ആക്ട്, മെറ്റേണിറ്റി ബനിഫിറ്റ് ആക്ട്, മോട്ടോര്‍ തൊഴിലാളിനിയമം തുടങ്ങിയ നിരവധി നിയമങ്ങളുടെ പിന്നില്‍ ജനകീയ പ്രക്ഷോഭങ്ങളുടെ ചരിത്രം കാണാന്‍ കഴിയും. അടുത്തകാലത്ത് പാര്‍ലമെന്റ് പാസാക്കിയ അസംഘടിത തൊഴിലാളിരംഗത്തെ നിയമം, ഗാര്‍ഹിക പീഡനനിരോധന നിയമം, കര്‍ഷകത്തൊഴിലാളി സംരക്ഷണ നിയമം തുടങ്ങിയ ഒട്ടേറെ നിയമങ്ങളുടെ പിന്നിലും നിരവധിയാളുകളുടെ ചോരയും വിയര്‍പ്പുമടങ്ങിയ ചരിത്രമുണ്ട്.
ഇത്തരം നിയമങ്ങളുമായി ബന്ധപ്പെട്ട് കോടതികളില്‍ ഹാജരാകുന്ന അഭിഭാഷകര്‍ക്കോ വിധി പ്രസ്താവിക്കുന്ന ജഡ്ജിമാര്‍ക്കോ ഇത്തരം നിയമങ്ങള്‍ രൂപംകൊണ്ടതിന്റെ പിന്നിലുള്ള നീണ്ട സഹനസമരചരിത്രം അറിയണമെന്നില്ല. രാഷ്ട്രീയപാര്‍ടി നേതാക്കളെയും സാമൂഹ്യപ്രവര്‍ത്തകരെയും കുറ്റപ്പെടുത്തുന്നവര്‍, ജനജീവിതത്തിലും സമൂഹത്തിലും ദൂരവ്യാപകമായ മാറ്റങ്ങളുണ്ടാക്കിയ ഈ രജതരേഖകള്‍ കാണാതെപോകുന്നത് നിര്‍ഭാഗ്യമാണ്.

സുപ്രീംകോടതിപോലുള്ള ഉന്നത നീതിപീഠങ്ങള്‍ പാവങ്ങള്‍ക്ക് അപ്രാപ്യമാവുകയാണെന്ന മുന്‍ സുപ്രീംകോടതി ചീഫ് ജസ്റിസ് കെ ജി ബാലകൃഷ്ണന്റെ അഭിപ്രായം ഈ പശ്ചാത്തലത്തില്‍വേണം കാണാന്‍. ജഡ്ജിയായും ചീഫ് ജസ്റ്റിസായും സുപ്രീംകോടതിയില്‍ ദീര്‍ഘനാള്‍ സേവനമനുഷ്ഠിച്ച് വിരമിക്കുന്ന ദിവസമാണ് അദ്ദേഹം തന്റെ സങ്കടം പങ്കുവച്ചത്. വിവിധ തലങ്ങളിലുള്ള ജഡ്ജിമാരുടെ അഴിമതിയും ഇന്ന് ചര്‍ച്ചാവിഷയമാണ്. ഇത്തരം ജഡ്ജിമാര്‍ ചെറിയൊരു ശതമാനമേയുള്ളൂവെങ്കിലും അത് ജുഡീഷ്യറിയുടെ പുഴുക്കുത്താണെന്ന് ജസ്റ്റിസ് ബാലകൃഷ്ണന്‍ പറഞ്ഞതും ഇവിടെ ചിന്തനീയമാണ്.

കോടതിവിധി സംബന്ധിച്ച പ്രസംഗത്തിലോ പ്രസ്താവനയിലോ വന്ന പദപ്രയോഗത്തിലെ സാങ്കേതികത്വമല്ല, അതിലുപരി അത്തരം വിധികള്‍ ഉയര്‍ത്തുന്ന പ്രശ്നങ്ങളാണ് പരിഗണിക്കേണ്ടത്. കേരളത്തില്‍ രാഷ്ട്രീയപാര്‍ടികള്‍ മാത്രമല്ല, പ്രകടനങ്ങളും പൊതുയോഗങ്ങളും നടത്തുന്നത്. നിരവധി ജാതി-മത-സാംസ്കാരിക സംഘടനകള്‍ വലിയ ഘോഷയാത്രകള്‍ നടത്തുന്ന സംസ്ഥാനമാണ് കേരളം. മതസംഘടനകളുടെ മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന ഘോഷയാത്ര നിരോധിച്ചാലുണ്ടാകുന്ന ഭവിഷ്യത്ത് ഓര്‍ക്കേണ്ടതാണ്. തിരുവനന്തപുരത്ത് ആറ്റുകാല്‍ പൊങ്കാലദിവസം സ്കൂളുകളും ഓഫീസുകളും അവധികൊടുക്കാന്‍ നിര്‍ബന്ധിക്കപ്പെടുമ്പോള്‍, റോഡുകളില്‍ വാഹനങ്ങള്‍ ചലിക്കാന്‍ കഴിയാതെ വരുമ്പോള്‍ അതിനെ കോടതിവിധികൊണ്ട് തടയാനാകുമോ? കേരളത്തില്‍ ജാഥകളും പൊതുയോഗങ്ങളും നടത്തുന്നതിന് ഇപ്പോള്‍ത്തന്നെ നിയന്ത്രണങ്ങളുണ്ട്. ഇവ പരിശോധിച്ച് കൂടുതല്‍ നിയന്ത്രണങ്ങള്‍ ആവശ്യമാണെങ്കില്‍ പരിഗണിക്കേണ്ടതുമാണ്. ഇക്കാര്യത്തില്‍ എക്സിക്യൂട്ടീവും ലെജിസ്ളേച്ചറും എന്ത് സമീപനം സ്വീകരിച്ചെന്ന് പരിശോധിക്കാനുള്ള അധികാരം ജുഡീഷ്യറിക്കുണ്ട്. കോടതിവിധി ഉയര്‍ത്തിക്കാട്ടുമ്പോള്‍ത്തന്നെ വിധി നടപ്പാക്കുമ്പോള്‍ ഉണ്ടാകുന്ന സാങ്കേതികവും പ്രായോഗികവുമായ പ്രശ്നങ്ങള്‍ കൂടുതല്‍ മനസ്സിലാക്കാന്‍ കഴിയുന്നത് എക്സിക്യൂട്ടീവ് രംഗത്തും ലെജിസ്ളേച്ചര്‍രംഗത്തും പ്രവര്‍ത്തിക്കുന്നവര്‍ക്കാണ്. ഇവിടെ ഈ മൂന്ന് പ്രധാന സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധം വിസ്മരിക്കുന്നത് ദോഷംചെയ്യും.

*
പി കരുണാകരന്‍ എംപി കടപ്പാട്: ദേശാഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...