Friday, July 16, 2010

ഏക വിഷയ സര്‍വകലാശാലകള്‍

സര്‍വകലാശാലകള്‍ അവയുടെ പേരും നിര്‍വചനവും കൊണ്ടുതന്നെ സകലവിധ അറിവുകളുടെയും പണിപ്പുരകളാവണം. അതുകൊണ്ടുതന്നെ മലയാളം സര്‍വകലാശാല, സംസ്‌കൃതം സര്‍വകലാശാല എന്നൊക്കെ കേള്‍ക്കുമ്പോള്‍ എന്തോ ഒരു അസ്വാഭാവികത തോന്നുന്നു. ലോകത്തെവിടെയെങ്കിലും ഒരു ഇംഗ്ലീഷ് സര്‍വകലാശാല ഉണ്ടോ എന്നെനിക്കറിയില്ല. പക്ഷേ നമ്മുടെ അയല്‍പക്കത്ത് ഒരു തമിഴ് സര്‍വകലാശാലയുണ്ടുപോല്‍! എങ്കില്‍ തീര്‍ച്ചയായും നമുക്കും വേണം ഒരു മലയാളം സര്‍വകലാശാല, എന്നതിനപ്പുറം അതിനൊരു നീതിമത്കരണം കാണുന്നില്ല.

മലയാള സര്‍വകലാശാല വന്നാല്‍ മലയാളത്തിനു കിട്ടുന്ന അംഗീകാരം വര്‍ധിക്കുമോ? ശ്രീശങ്കരാ സംസ്‌കൃത സര്‍വകലാശാല വന്നതുകൊണ്ട് ശ്രീശങ്കരനോ സംസ്‌കൃതത്തിനോ മുമ്പുണ്ടായിരുന്ന പ്രാധാന്യം അല്‍പമെങ്കിലും കൂടിയോ? ഓരോ പഠനമേഖലയ്‌ക്കുമുള്ള പ്രാധാന്യവും അംഗീകാരവും അതതു മേഖലകളില്‍ നടക്കുന്ന പഠന പ്രവര്‍ത്തനങ്ങളുടെ മികവും അവമൂലം സമൂഹത്തിനുണ്ടാകുന്ന ഗുണവും അനുസരിച്ചല്ലേ ആയിരിക്കൂ? അത്തരം പഠന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കുവേണ്ട സൗകര്യങ്ങളും പ്രോത്സാഹനവും നല്‍കുക എന്നതായിരിക്കണം സമൂഹത്തിന്റെ ധര്‍മം. അതിന് ഒരു പ്രത്യേക സര്‍വകലാശാല വേണ്ടതുണ്ടോ, ഉതകുമോ എന്ന വസ്‌തുനിഷ്ട സമാലോചനയാണു നടക്കേണ്ടത്.

ആ പ്രത്യേക പഠനമേഖലയ്‌ക്കു പ്രാധാന്യം നല്‍കുന്ന ഒരു പഠന-ഗവേഷണ സ്ഥാപനം, അവരുടെ പക്കല്‍ ആ വിഷയം പഠിക്കാനും പഠിക്കുന്നവര്‍ക്കു വേണ്ട സൗകര്യങ്ങളും സ്‌കോളര്‍ഷിപ്പുകളും മറ്റും നല്‍കാന്‍ വേണ്ട ഫണ്ട്, അതു വിനിയോഗിക്കാനുള്ള ഭരണാധികാരവും സഹായ സംവിധാനങ്ങളും തുടങ്ങിയവ തീര്‍ച്ചയായും ഇതിനുതകുമെന്നതില്‍ സംശയമില്ല. അങ്ങനെയാണ് വിവിധ ശാസ്‌ത്ര-സാങ്കേതിക മേഖലകളില്‍ നമുക്ക് ദേശീയതലത്തില്‍ തന്നെ സ്ഥാപനങ്ങളുണ്ടായത്. പക്ഷേ, അവയ്‌ക്ക് ബിരുദം നല്‍കാനുള്ള അനുവാദമില്ലായിരുന്നു. അതിന് ഏതെങ്കിലും സര്‍വകലാശാലയുമായി ബന്ധം ഉണ്ടാക്കുകയാണ് അവര്‍ ചെയ്തിരുന്നത്. നാഷണല്‍ കെമിക്കല്‍ ലാബ്രട്ടറി, നാഷണല്‍ ഫിസിക്കല്‍ ലാബ്രട്ടറി തുടങ്ങിയവ ഉദാഹരണം. പിന്നീട് ഇത്തരം ചില സ്ഥാപനങ്ങള്‍ക്ക് ബിരുദം നല്‍കാനുള്ള അധികാരം കൂടി നല്‍കി അവയെ കല്‍പിത സര്‍വകലാശാലകളാക്കി.

നമ്മുടെ ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി അത്തരമൊരു സ്ഥാപനമാണല്ലോ. സംസ്‌കൃത പഠനം പ്രോത്സാഹിപ്പിക്കാനും അത്തരമൊരു സ്ഥാപനമായിരുന്നു കൂടുതല്‍ ഉചിതം എന്ന അഭിപ്രായമാണ് ഈയുള്ളവന് അന്നും ഇന്നും ഉള്ളത്. നമ്മുടെ സംസ്‌കൃത സര്‍വകലാശാല പക്ഷേ, സംസ്‌കൃതം പേരില്‍ വഹിക്കുകയും മറ്റു കാര്യങ്ങള്‍ 'മുറപോലെ' ചെയ്യുന്ന ഒന്നായി പരിണമിക്കുകയാണുണ്ടായത്. ഇനി മലയാളം സര്‍വകലാശാലയ്‌ക്കുവേണ്ടി മുറവിളികൂട്ടുന്നവരുടെ ഉള്ളിലിരിപ്പ് എന്താണോ ആവോ?

നമ്മുടെ കാര്‍ഷിക സര്‍വകലാശാലകള്‍ വേറൊരു ജനുസ്സിലാണ്. ഒരു പക്ഷേ, സ്വതന്ത്ര ഇന്ത്യയില്‍ കൃഷി സംബന്ധമായ പഠനങ്ങള്‍ക്കു കൊടുക്കേണ്ട പ്രാധാന്യത്തിന്റെ സൂചകമായിട്ടായിരിക്കാം അതിനുവേണ്ടി പ്രത്യേക സര്‍വകലാശാലകള്‍ വേണമെന്ന തീരുമാനം ദേശീയതലത്തില്‍ ഉണ്ടായത്. വാസ്‌തവത്തില്‍ അവിടെ കൃഷിമാത്രമല്ല പഠിപ്പിക്കുന്നത്. മറ്റനേകം വിഷയങ്ങളും അവിടെ പഠിപ്പിക്കുന്നുണ്ട്, ഗവേഷണവും നടക്കുന്നുണ്ട്; എല്ലാം കാര്‍ഷിക വ്യവസ്ഥയുമായി ബന്ധപ്പെടുത്തി ആണെന്നു മാത്രം. എങ്കിലും ശുദ്ധശാസ്‌ത്രവും സാമൂഹിക ശാസ്‌ത്രവും ഇല്ലാത്തത് ഒരു കുറവു തന്നെയാണെന്നാണ് എന്റെ വിനീത വിലയിരുത്തല്‍.

ഈ സാഹചര്യത്തിലാണ് അവിടെ നിന്ന് വെറ്ററിനറി സയന്‍സ് വേര്‍പെടുത്തി മറ്റൊരു സര്‍വകലാശാലയാക്കാനുള്ള നീക്കം. അതുകൊണ്ട് വെറ്ററിനറി സയന്‍സിന് എന്തെങ്കിലും മുന്നേറ്റം ഉണ്ടാകുമോ എന്തോ? പലപ്പോഴും ഇത്തരം ഡിമാന്റുകള്‍ ഉയരുന്നത് തങ്ങളുടെ വിഷയങ്ങള്‍ക്ക് (വിഷയക്കാര്‍ക്കും) സര്‍വകലാശാലയുടെ ഭരണതലങ്ങളില്‍ അര്‍ഹമായ പരിഗണന കിട്ടുന്നില്ല എന്ന തോന്നലില്‍ നിന്നായിരിക്കും. ''എന്താണ് ഞങ്ങളുടെ വിഷയത്തില്‍ നിന്നൊരാളും വൈസ് ചാന്‍സലര്‍ ആകാത്തത് ?'' എന്നായിരിക്കാം ചിലരുടെ പരാതി. ''ഞങ്ങളുടെ കുട്ടികളുടെ പരീക്ഷ ശരിക്കു നടത്തുന്നതില്‍ സര്‍വകലാശാലയ്‌ക്ക് ഒരു താല്‍പര്യവും ഇല്ല'' എന്നതായിരിക്കാം മറ്റു ചിലരുടെ ആരോപണം. അതില്‍ പലപ്പോഴും കഴമ്പുണ്ടുതാനും. അതായിരുന്നു മെഡിക്കല്‍ സല്‍വകലാശാലയുടെ രൂപീകരണത്തിനുള്ള മുഖ്യവാദം. മറ്റൊന്ന്, ഇത്രനാളായിട്ടും ആ മേഖലയില്‍ ഒരു സര്‍വകലാശാലാവകുപ്പ് ഉണ്ടായിട്ടില്ല എന്നതും. പൊതുവേ പറഞ്ഞാല്‍ പ്രഫഷണല്‍ കോളജുകളെ എല്ലാം തന്നെ ബിരുദ വിദ്യാഭ്യാസ തലത്തിലേ സര്‍വകലാശാല കണ്ടിട്ടുള്ളൂ. മെഡിസിന്‍ (ആയൂര്‍വേദം, ഹോമിയോപ്പതി ഉള്‍പ്പെടെ) എന്‍ജിനീയറിംഗ്, നിയമം തുടങ്ങി എല്ലാ പ്രഫഷണല്‍ വിഷയങ്ങളുടെയും അവസ്ഥ ഇതാണ്. വല്ലപ്പോഴും ആരെങ്കിലും പി എച്ച് ഡി ക്കു രജിസ്റ്റര്‍ ചെയ്യുമ്പോഴല്ലാതെ ആ മേഖലകളിലെ ഗവേഷണത്തെപ്പറ്റി സര്‍വകലാശാലയിലെ ധുരന്ധരന്മാര്‍ ആരെങ്കിലും ആലോചിക്കാറുണ്ടെന്നു തോന്നുന്നില്ല. അതുകൊണ്ടുതന്നെ ഈ മേഖലകളിലെ മികച്ച കോളജുകള്‍ പോലും ആ ബിരുദപഠനത്തിനപ്പുറം മികവാര്‍ന്ന ഗവേഷണ കേന്ദ്രങ്ങളായി വളര്‍ന്നിട്ടുമില്ല.

അതായത് മെഡിക്കല്‍ സര്‍വകലാശാല, ടെക്‌നോളജിക്കല്‍ സര്‍വകലാശാല എന്നിവയെ പുതിയൊരു രീതിയില്‍ സമീപിക്കേണ്ടിയിരിക്കുന്നു എന്നര്‍ഥം. ഈ മേഖലയിലെ കോളജുകളുടെ എണ്ണം കൂടി; യൂണിവേഴ്‌സിറ്റിക്കു ശരിക്കു പരീക്ഷ നടത്താന്‍ കഴിയുന്നില്ല; താല്‍പര്യവുമില്ല. അതുകൊണ്ടു നമുക്കു ''ഭാഗം മേടിച്ചു'' പിരിഞ്ഞുപോയി വേറൊരു സര്‍വകലാശാലയാകാം എന്നതായിരിക്കരുത് സമീപനം. ആ മേഖലകളിലെ ഗവേഷണ യത്‌നങ്ങള്‍ക്കു പ്രാധാന്യം കൊടുക്കുന്ന മികവിന്റെ കേന്ദ്രങ്ങള്‍ സൃഷ്‌ടിക്കുക എന്നതായിരിക്കണം ലക്ഷ്യം. ബിരുദതല പഠനത്തിന്റെ ഏകോപനവും പരീക്ഷ നടത്തലും ഡിഗ്രികൊടുക്കലും എല്ലാം അതിന്റെ അനുബന്ധ പ്രവര്‍ത്തനങ്ങളേ ആകാവൂ. അവിടെയും കോളജുകള്‍ക്ക് കഴിയുന്നത്ര ആന്തരിക ഭരണ സ്വാതന്ത്ര്യം നല്‍കി അവയെ ''ആട്ടോണമസ്' ആക്കുക എന്നതായിരിക്കണം ആത്യന്തിക ലക്ഷ്യം.

മെഡിക്കല്‍ സര്‍വകലാശാല എന്നോ, ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി എന്നോ പേരു വന്നാലും അവ ഏകവിഷയ സര്‍വകലാശാലകള്‍ ആകാന്‍ പാടില്ല. ഐ ഐ ടി കള്‍ പേരില്‍ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളാണെങ്കിലും അവയുടെ യഥാര്‍ഥ ഗരിമ അവിടത്തെ സയന്‍സ് ഫാക്കള്‍ട്ടികളിലാണ് എന്നതും നാം തിരിച്ചറിയണം.
അതുപോലെ എല്ലാ ഐ ഐ ടി കളിലും ഒന്നാംകിട ഹ്യുമാനിറ്റിക്‌സ് വകുപ്പുകളും അവയ്‌ക്ക് അവയുടേതായ ഗവേഷണ പദ്ധതികളും ഉണ്ട്. എന്‍ജിനീയറിംഗ് വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നതിനുള്ള വെറും സഹായ വിഭാഗങ്ങള്‍ മാത്രമല്ല അവ. അതുപോലെ തന്നെ പേരില്‍ ടെക്‌നോളജിയുടെ ലേബല്‍ വഹിക്കുന്ന വിശ്വവിശ്രുതമായ എം ഐ ടി, കാല്‍ടെക്ക്, ടി യു ഡെല്‍ഫ്റ്റ് തുടങ്ങിയവയും യഥാര്‍ഥത്തില്‍ ബഹുവിഷയികളായ സര്‍വകലാശാലകളാണ്. അവയൊക്കെയായിരിക്കണം നമ്മുടെ മാതൃക. നമ്മുടെ മെഡിക്കല്‍ ടെക്‌നിക്കല്‍ സര്‍വകലാശാലകളിലും ശുദ്ധശാസ്‌ത്രത്തിന്റെയും സാമൂഹിക ശാസ്ത്രങ്ങളുടെയും മാനവിക വിഷയങ്ങളുടെയും ഗവേഷണ വിഭാഗങ്ങള്‍ ഉണ്ടാകണം. (ആ മേഖലകളില്‍ ബിരുദതല പഠനം വേണ്ട എന്നു മാത്രം). എങ്കില്‍ മാത്രമേ അവ യഥാര്‍ഥ സര്‍വകലാശാലകളാകൂ.

അല്ലായ്‌കിലവ വ്യത്യസ്‌തമായൊരു പരീക്ഷാ കമ്മിഷണര്‍ ആപ്പീസു മാത്രമായി ചുരുങ്ങും.

*****

ആർ വി ജി മേനോൻ, കടപ്പാട് : ജനയുഗം

1 comment:

വര്‍ക്കേഴ്സ് ഫോറം said...

സര്‍വകലാശാലകള്‍ അവയുടെ പേരും നിര്‍വചനവും കൊണ്ടുതന്നെ സകലവിധ അറിവുകളുടെയും പണിപ്പുരകളാവണം. അതുകൊണ്ടുതന്നെ മലയാളം സര്‍വകലാശാല, സംസ്‌കൃതം സര്‍വകലാശാല എന്നൊക്കെ കേള്‍ക്കുമ്പോള്‍ എന്തോ ഒരു അസ്വാഭാവികത തോന്നുന്നു. ലോകത്തെവിടെയെങ്കിലും ഒരു ഇംഗ്ലീഷ് സര്‍വകലാശാല ഉണ്ടോ എന്നെനിക്കറിയില്ല. പക്ഷേ നമ്മുടെ അയല്‍പക്കത്ത് ഒരു തമിഴ് സര്‍വകലാശാലയുണ്ടുപോല്‍! എങ്കില്‍ തീര്‍ച്ചയായും നമുക്കും വേണം ഒരു മലയാളം സര്‍വകലാശാല, എന്നതിനപ്പുറം അതിനൊരു നീതിമത്കരണം കാണുന്നില്ല.

ആർ വി ജി മേനോന്റെ ലേഖനം