Wednesday, July 14, 2010

ഈ പൈശാചികതയാണ് യഥാര്‍ഥ പ്രവാചകനിന്ദ...

"കോപം അടക്കുകയും അന്യരോട് ക്ഷമ കാട്ടുകയും ചെയ്യുന്നവര്‍ക്കും ധര്‍മം നല്‍കുന്നവര്‍ക്കും വേണ്ടിയാണ് സ്വര്‍ഗരാജ്യം സജ്ജീകരിക്കപ്പെടുന്നത്. ദയ കാട്ടുന്നവരെ അള്ളാ സ്‌നേഹിക്കുന്നു. തന്നോട് പെരുമാറിയാല്‍ താന്‍ എന്ത് ഇഷ്‌ടപ്പെടുകയില്ലയോ അതുപോലെ ആരും അയല്‍ക്കാരനോട് പെരുമാറാതിരിക്കുക'' - ഈ ഖുറാന്‍ വാക്യം പ്രവാചകനായ മുഹമ്മദ് നബിയുടെ സഹിഷ്‌ണുതയെയും ശത്രുക്കളോടുപോലും പുലര്‍ത്തേണ്ട ക്ഷമാശീലത്തെയും സംബന്ധിച്ച അസന്ദിഗ്ധമായ പ്രഖ്യാപനമാണ്. തൊടുപുഴയിലെ ന്യൂമാന്‍കോളേജ് അധ്യാപകന്‍ ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയവര്‍ ഏത് ഇസ്ളാമിനെയും നബിയെയും സംരക്ഷിക്കാനാണീ കൃത്യം ചെയ്തത്. പ്രവാചകനിന്ദക്ക് ഇസ്ളാമിക നിയമമനുസരിച്ച് ശിക്ഷാവിധി നടപ്പാക്കിയവര്‍ ഇസ്ളാം മതത്തിന്റെ ആവിര്‍ഭാവ ദര്‍ശനവും ശക്തിസ്വഭാവവും മനുഷ്യസ്‌നേഹമാണെന്നറിയാത്ത ക്രിമിനലുകള്‍ മാത്രമാണ്.

നബിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ചോദ്യം ഉണ്ടാക്കിയ ഈ അധ്യാപകന്റെ നടപടി ജനാധിപത്യശക്തികളുടെയാകെ പ്രതിഷേധത്തിനിടയാക്കിയതാണ്. സര്‍ക്കാര്‍ കര്‍ശനമായിത്തന്നെ ഇക്കാര്യത്തില്‍ നടപടി സ്വീകരിച്ചതുമാണ്. പക്ഷേ സംഭവത്തെ നിമിത്തമാക്കി വര്‍ഗീയവല്‍ക്കരണവും ധ്രുവീകരണവും സൃഷ്‌ടിക്കാനാണ് ചില മതതീവ്രവാദ സംഘടനകളും അവരുടെ രക്ഷാധികാരികളായ ചില രാഷ്‌ട്രീയ പാര്‍ടികളും ശ്രമിച്ചത്. മതത്തിനെതിരെ ചോദ്യം ഉണ്ടാക്കിയവന്റെ കൈതന്നെ വെട്ടിമാറ്റുക എന്ന ശിക്ഷാവിധി നടപ്പാക്കുന്നവര്‍ പ്രവാചകന്റെയും മനുഷ്യത്വത്തിന്റെയും ശത്രുക്കളാണ്. ഒരു പരിഷ്‌കൃത സമൂഹത്തിനും പൊറുപ്പിക്കാനാവാത്ത വെറുപ്പിന്റെയും പകയുടേതുമായ ഇത്തരം വര്‍ഗീയ പ്രത്യയശാസ്‌ത്രങ്ങളെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മതഭീകരരെ മുഴുവന്‍ മതവിശ്വാസികളുള്‍പ്പെടെയുള്ള ജനാധിപത്യശക്തികള്‍ ഒന്നിച്ചുനിന്ന് എതിരിടേണ്ടതുണ്ട്.

ടി ജെ ജോസഫ് ചെയ്‌ത തെറ്റിനെ ഒരാളും ഇവിടെ ന്യായീകരിക്കുമെന്നു തോന്നുന്നില്ല. അതിന് നിയമാനുസൃതമായ ശിക്ഷാനടപടികള്‍ അദ്ദേഹത്തിന് നേരെ കൈക്കൊണ്ടിട്ടുമുണ്ട്. എന്നിട്ടും വിദേശ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു വര്‍ഗീയ ഭീകരസംഘടന വളരെ ആസൂത്രിതമായി അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. അമ്മയുടെയും സഹോദരിയുടെയും മുന്നിലിട്ട് ഈ നിഷ്‌ഠൂരകൃത്യം നടത്തിയത്. ഇസ്ളാമിന്റെ മഹല്ല് പോലീസുകാരായി തങ്ങള്‍ക്കനഭിമതരായവരെയെല്ലാം ആക്രമിക്കുകയും വധിക്കുകയും ചെയ്യുന്നവര്‍ക്ക് ഇസ്ളാമികദര്‍ശനവും ചരിത്രവുമായി എന്ത് ബന്ധമാണുള്ളത്. ഇവരുടെ ലക്ഷ്യം വിവിധ സാമൂഹ്യവിഭാഗങ്ങള്‍ക്കിടയില്‍ പരസ്‌പരസംശയവും സ്‌പര്‍ധയും വളര്‍ത്തുകയെന്നതാണ്.

പരസ്‌പരം കലഹിച്ചിരുന്ന ജനസമൂഹങ്ങള്‍ക്കിടയില്‍ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമുയര്‍ത്തിക്കൊണ്ടാണ് ഇസ്ളാംമതം ഉദയം ചെയ്‌തത്. മനുഷ്യബന്ധങ്ങളെയാകെ ശിഥിലമാക്കിക്കളഞ്ഞ ഗോത്രപോരിമയെയും വിഗ്രഹാരാധനയെയും ബഹുദൈവ വിശ്വാസത്തെയുമെല്ലാം ചോദ്യംചെയ്‌ത മുഹമ്മദ് നബി ഏകദൈവ വിശ്വാസപ്രചാരണത്തിലൂടെ എല്ലാവിധ ഭിന്നതകള്‍ക്കുമപ്പുറം മനുഷ്യഹൃദയങ്ങളെ ഒന്നിപ്പിക്കുകയായിരുന്നു. ലോകഇസ്ളാമിന്റെ ഹൃദയഭൂമികളായ മെക്കയിലും മദീനയിലുമെല്ലാം താന്‍ നടത്തിയ പ്രബോധനങ്ങളിലൂടെയും രാഷ്‌ട്രീയ ഇടപെടലുകളിലൂടെയും ഭിന്നസമൂഹങ്ങളുടെ സൌഹൃദപൂര്‍വമായ നിലനില്പ് ഉറപ്പുവരുത്തണമെന്ന് നബി വ്യക്തമാക്കിയിട്ടുണ്ട്.

മദീന സ്‌റ്റേറ്റിന്റെ രൂപീകരണഘട്ടത്തില്‍ ഇസ്ളാമല്ലാത്ത ജൂത-ക്രൈസ്‌തവ മതങ്ങളുടെ അസ്‌തിത്വത്തെ സംബന്ധിച്ച ശിഷ്യന്മാരായ പണ്ഡിതന്മാരുടെ സംശയത്തിന് നബി നല്‍കിയ മറുപടി, ഇസ്ളാമിന്റെ വ്യവസ്ഥയും ശിക്ഷാനടപടികളുമെന്നപേരില്‍ ആഭ്യന്തര വിഭാഗങ്ങള്‍ക്കും അപരമത സമൂഹങ്ങള്‍ക്കും നേരെ ആക്രോശിച്ചു നടക്കുന്നവര്‍ മനസ്സിലാക്കേണ്ടതാണ്. ഇസ്ളാംമതത്തിന് മുമ്പുതന്നെ അറേബ്യന്‍ മരുഭൂമിയില്‍ വേരുപിടിച്ച ജൂത-ക്രൈസ്‌തവ മതങ്ങളെല്ലാം യാതൊരുവിധ വിവേചനങ്ങള്‍ക്കും വിധേയമാവാതെ മദീന ഗവണ്‍മെന്റിന് കീഴില്‍ നിലനില്‍ക്കുമെന്നാണ് നബി ശിഷ്യര്‍ക്ക് നല്‍കിയ മറുപടി. ഇന്നിപ്പോള്‍ ആഗോള ഇസ്ളാമിക വ്യവസ്ഥക്കുവേണ്ടി വാദിക്കുന്ന രാഷ്‌ട്രീയ ഇസ്ളാമിസ്റ്റുകള്‍ ജനസമൂഹങ്ങളെയാകെ വര്‍ഗീയമായി ചേരിതിരിക്കാനും പരസ്‌പര സംഘര്‍ഷങ്ങളിലേക്ക് തള്ളിവിടാനുമുള്ള സാമ്രാജ്യത്വ മൂലധന താല്‍‌പര്യങ്ങളുടെ കൈയില്‍ കളിക്കുന്നവരാണ്. സാമ്രാജ്യത്വഫണ്ടും ആശയങ്ങളുമാണ് ഇത്തരക്കാരുടെ 'ജിഹാദിസ'ത്തിന് പ്രേരണയായി വര്‍ത്തിക്കുന്നത്.

മതങ്ങളുടെ ഈറ്റില്ലമായിരുന്ന അറേബ്യന്‍ മരുഭൂമിയില്‍ ഇഷ്‌താര്‍ മതോപാസന രീതിയും ജൂതമതവും ക്രിസ്‌തുമതവും മറ്റൊട്ടനവധി മതങ്ങളും ഇസ്ളാമിന്റെ പിറവിക്ക് ശേഷവും പുലര്‍ന്നുപോന്നിരുന്നു. ഇവയെല്ലാം തമ്മിലുള്ള സംഘര്‍ഷങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നത് അധികാരിവര്‍ഗങ്ങള്‍ ആധിപത്യത്തിനുള്ള ഉപകരണമായി മതത്തെയും വിശ്വാസിസമൂഹങ്ങളെയും ഇളക്കിവിടുന്നതോടെയാണ്. ഇത്തരം സംഘര്‍ഷങ്ങള്‍ക്കിടയില്‍പോലും ഇസ്ളാം വിശ്വാസപരമായി എന്തുമാത്രം സമാധാനത്തെയും ശാന്തിയെയും ആന്തരവല്‍ക്കരിച്ചിരുന്ന മതമാണെന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

മാര്‍ ഗോലിയസ് ഇസ്ളാമിന്റെ ഭക്തിയും വിശ്വാസവും ആഴമേറിയ സഹിഷ്‌ണുതാഭാവത്തെയും ക്ഷമയെയും സ്വാംശീകരിച്ചതാണെന്ന് വ്യക്തമാക്കുവാന്‍ ഇങ്ങനെ എഴുതി:

"അവര്‍ അവരുടെ മതശാസനങ്ങളോട് തീവ്രമായ ഭക്തി പുലര്‍ത്തിയിരുന്നു. പുണ്യമാസങ്ങളില്‍ എപ്പോഴെങ്കിലും ഒരുവന്‍, അയാളുടെ പിതാവിനെ കൊലചെയ്‌തവന്‍ നിരായുധനായി നില്‍‌ക്കുന്നത് കണ്ടാല്‍പോലും അയാളെ ഉപദ്രവിക്കുന്നതിന് മുതിരുമായിരുന്നില്ല''. (ലോകനാഗരികതകളുടെ ചരിത്രം - ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്) സ്വന്തം പിതാവിന്റെ ഘാതകനോടുപോലും ക്ഷമിക്കണമെന്ന് വിശ്വസിക്കുന്ന ഒരു മതത്തിന്റെയും പ്രവാചകന്റെയും പേരിലാണ് പോപ്പുലര്‍ഫ്രണ്ട്, എസ്‌ഡിപിഐ, എന്‍ഡിഎഫ് എന്നീ പല നാമങ്ങളില്‍ മായാരാക്ഷസന്മാരെപ്പോലെ പൊതുസമൂഹത്തെ കബളിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു ഭീകരസംഘം നിരന്തരമായി പാതകങ്ങള്‍ അഴിച്ചുവിടുന്നത്.

കേരളത്തിന്റെ മതേതര സാമൂഹ്യ അന്തരീക്ഷത്തെയും ഇടതുപക്ഷ രാഷ്‌ട്രീയ സ്വാധീനത്തെയും തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ആര്‍എസ്എസ് എന്നപോലെ എന്‍ഡിഎഫും പ്രവര്‍ത്തനമാരംഭിച്ചത്. തീരദേശങ്ങളിലും ഇടനാടുകളിലുമെല്ലാം മതം ധാര്‍മികമായി ആചരിക്കുവാന്‍ ഇസ്ളാമിക വിശ്വാസികളെ നിര്‍ബന്ധിക്കുകയും അതിന് വഴങ്ങാത്തവരെ വകവരുത്തുകയും ചെയ്യുക എന്നത് എന്‍ഡിഎഫിന്റെ മുഖ്യ കര്‍മപരിപാടിയാണ്. മതവും ദൈവവുമെല്ലാം അപകടത്തിലാണെന്ന് വരുത്തി ആധുനിക ജിഹാദിസത്തിന്റെ ട്രെയിനിങ് ക്യാമ്പുകളിലേക്ക് കൌമാരപ്രായക്കാരെയും യുവാക്കളെയും റിക്രൂട്ട് ചെയ്യുന്നു. ഇപ്പോള്‍ കേരളത്തില്‍ വിവാദപരമായി ചര്‍ച്ച ചെയ്യപ്പെടുന്ന പര്‍വതപ്രദേശങ്ങളിലെ പരിശീലനക്യാമ്പുകളും ആയുധസമാഹരണവുമെല്ലാം രാജ്യത്തെ ശിഥിലീകരിക്കുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയായിരുന്നുവെന്ന് വ്യക്തമായിക്കഴിഞ്ഞിരിക്കുകയാണ്.

തൊണ്ണൂറുകളില്‍ കേരളം ഭരിച്ച യുഡിഎഫ് സര്‍ക്കാരിന്റെ മൌനസമ്മതത്തോടെയാണ് ഈ തീവ്രവാദ സംഘടന അതിന്റെ ഏകോപന പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. കരുണാകരന്റെയും പിന്നീട് ആന്റണിയുടെയും നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ എല്ലാതരം വര്‍ഗീയവാദികളും നടത്തിയ രാജ്യദ്രോഹ-ശിഥിലീകരണ പ്രവര്‍ത്തനങ്ങളോട് തികഞ്ഞ അലംഭാവം പുലര്‍ത്തുകയായിരുന്നു. ഹവാല ഉള്‍പ്പെടെ വിദേശപണം പറ്റി പ്രവര്‍ത്തിക്കുന്ന ഇത്തരം തീവ്രവാദ സംഘടനകള്‍ നടത്തുന്ന പല ഭീകര പ്രവര്‍ത്തനങ്ങളും പുറത്തുവന്നിട്ടും സര്‍ക്കാര്‍ അലംഭാവം പുലര്‍ത്തുകയായിരുന്നു. ജനങ്ങളെ കബളിപ്പിക്കാനുള്ള ചില പ്രഹസനങ്ങള്‍ക്കപ്പുറം ഒന്നും ചെയ്‌തില്ല.

കടലുണ്ടിപ്പുഴയില്‍ പൈപ്പ്ബോംബു കണ്ടെത്തിയ സംഭവം, നിരവധി കൊലപാതകങ്ങളും തീവെപ്പുകളും, ആയുധസംഭരണങ്ങള്‍ തുടങ്ങി ഒരു കേസിലും ഇതിന് പിറകിലുള്ള തീവ്രവാദസംഘടനകളെ കണ്ടെത്താന്‍ യുഡിഎഫ് സര്‍ക്കാര്‍ തുനിഞ്ഞില്ല.

മുസ്ളിംലീഗിന്റെ കടുത്ത സമ്മര്‍ദവും തങ്ങളുടെ വോട്ടുബാങ്ക് രാഷ്‌ട്രീയവുംമൂലമായിരുന്നു യുഡിഎഫ് സര്‍ക്കാര്‍ തീവ്രവാദകേസുകള്‍ പ്രഹസനമാക്കിയത്.

കടലുണ്ടിപ്പുഴയിലെ പൈപ്പ്ബോംബ് ഉള്‍പ്പെടെയുള്ള തീവ്രവാദികളുടെ ആയുധ സംഭരണ റിപ്പോര്‍ടുകള്‍ പുറത്ത് വന്നപ്പോള്‍ ആന്റണി സര്‍ക്കാര്‍ പാറ പൊട്ടിക്കാന്‍ സ്‌ഫോടകവസ്‌തുക്കള്‍ സൂക്ഷിച്ചുവെച്ചിരുന്ന കുറെ ക്വാറിത്തൊഴിലാളികളെ അറസ്റ്റ് ചെയ്യുക മാത്രമായിരുന്നു. ആയുധവേട്ടപ്രഹസനം നടത്തി ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയായിരുന്നു. പിന്നീട് 1996ല്‍ നായനാര്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ് അഫ്‌ഗാന്‍- ബോസ്‌നിയ മോഡലില്‍ സമൂഹത്തെ ശിഥിലമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന തീവ്രവാദികളുടെ നിഗൂഢ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തുവാനും ആയുധശേഖരങ്ങള്‍ പിടികൂടാനും നടപടികളുണ്ടായത്. അതില്‍ പ്രകോപിതരായിക്കൊണ്ടാണല്ലോ തടിയന്റവിട നസീര്‍ ഉള്‍പ്പെടെയുള്ളവര്‍ നായനാരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയത്.ഇത്തരക്കാരുടെ എല്ലാവിധ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും ആയുധ പരിശീലന പരിപാടികളും വിദേശധനസഹായ സാധ്യതകളും അറിഞ്ഞിട്ടും കേന്ദ്രസര്‍ക്കാര്‍ യാതൊരുവിധ നടപടിയുമെടുക്കാന്‍ മുതിര്‍ന്നിരുന്നില്ല. തൊഴിയൂര്‍ സുനില്‍ വധക്കേസ്സിലെ യഥാര്‍ഥ കുറ്റവാളികളായ എന്‍ഡിഎഫുകാര്‍ രക്ഷപ്പെട്ടുപോയത് യുഡിഎഫ് പൊലീസ് നയംമൂലമായിരുന്നു. പിന്നീട് കോടതി ഇടപെട്ടാണ് പ്രതി ചേര്‍ക്കപ്പെട്ട പ്രതികളെ മോചിപ്പിച്ചതും യഥാര്‍ഥ പ്രതികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്നതും. നിരപരാധികളെ ശിക്ഷിക്കുന്നിടം വരെ പൊലീസിനെയും കോടതിയെയും ഉപയോഗിക്കാന്‍ എന്‍ഡിഎഫിന് കഴിഞ്ഞത് മുസ്ളിം ലീഗിലെ ഒരു ഉന്നതന്റെ സഹായം മൂലമായിരുന്നല്ലോ. മാറാട് കൂട്ടക്കൊല ഈയൊരു നയത്തിന്റെ പരിണതിയായിരുന്നു.

കണ്ണൂരിലെ ആസാദ് ഇസ്ളാമിക ജീവിതം അനുസരിക്കാന്‍ വിസമ്മതിക്കുന്നുവെന്നാരോപിച്ച് എന്‍ഡിഎഫുകാര്‍ കൊലചെയ്‌ത് കടലിലെറിഞ്ഞ യുവാവാണ്. തിരുവില്ല്വാമലയിലെ ഒരു സിദ്ധന്‍ - ഫക്കിറുപ്പാപ്പ, മണ്ണാര്‍ക്കാട്ടെ അബ്‌ദുള്‍ ഗഫൂര്‍, പുനലൂരിലെ എ എം അഷറഫ്, ന്യൂമാഹിയിലെ യു കെ സലിം തുടങ്ങി എത്രയെത്ര പേരെയാണ് ഈ തീവ്രവാദി സംഘം കൊലക്കത്തിക്കിരയാക്കിയത്. ഒരു മുസ്ളിം പെണ്‍കുട്ടിയെ വിവാഹം കഴിച്ചുപോയ കുറ്റത്തിനാണ് കാസര്‍ക്കോട്ടെ യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന ബാലകൃഷ്ണനെ നിഷ്‌ഠൂരമായി കൊലപ്പെടുത്തിയത്.

അങ്ങേയറ്റം നീചമായി കെട്ടിച്ചമച്ച ഒരു ബലാത്സംഗ കഥ പ്രചരിപ്പിച്ചുകൊണ്ടാണ് തെരുവംപറമ്പി(നാദാപുരം)ലെ ബിനുവിനെ ഈ തീവ്രവാദിസംഘം കല്ലാച്ചി ടൌണിലിട്ട് കൊലപ്പെടുത്തിയത്. അതിനിഷ്‌ഠൂരമായ ഈ മതഭീകരവാദി സംഘത്തിന്റെ ആക്രമണങ്ങളില്‍ രക്ഷപ്പെട്ട എത്രയോ പേര്‍ ഇന്നും മരണവേദന തിന്നുകേരളത്തില്‍ ജീവിക്കുന്നുണ്ട്.വര്‍ഗീയമായ മതഭ്രാന്ത് തലക്ക് പിടിച്ചവര്‍ സമൂഹത്തെയാകെ സംഘര്‍ഷങ്ങളിലേക്കും ശത്രുതയിലേക്കും തള്ളിവിടാനാണ് ശ്രമിക്കുന്നത്. ജനങ്ങള്‍ക്കിടയില്‍ ഭീതിയും വിദ്വേഷവും വിതയ്‌ക്കുന്ന ഇത്തരം ഭീകരസംഘങ്ങളെ ഒറ്റപ്പെടുത്തുക എന്നത് എല്ലാവരുടെയും കടമയാണ്. ക്രൂരതയെ ജീവിതമൂല്യമാക്കുവാന്‍ പഠിപ്പിക്കുന്ന വര്‍ഗീയ പ്രത്യയശാസ്‌ത്രം മതഭീകരര്‍ അവകാശപ്പെടുന്നതുപാലെ മതദര്‍ശനങ്ങളോ ചരിത്രവുമായോ വിദൂരബന്ധം പോലും പുലര്‍ത്തുന്നതല്ല.


*****

കെ ടി കുഞ്ഞിക്കണ്ണന്‍, കടപ്പാട് : ദേശാഭിമാനി വാരിക

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കണ്ണൂരിലെ ആസാദ് ഇസ്ളാമിക ജീവിതം അനുസരിക്കാന്‍ വിസമ്മതിക്കുന്നുവെന്നാരോപിച്ച് എന്‍ഡിഎഫുകാര്‍ കൊലചെയ്‌ത് കടലിലെറിഞ്ഞ യുവാവാണ്. തിരുവില്ല്വാമലയിലെ ഒരു സിദ്ധന്‍ - ഫക്കിറുപ്പാപ്പ, മണ്ണാര്‍ക്കാട്ടെ അബ്‌ദുള്‍ ഗഫൂര്‍, പുനലൂരിലെ എ എം അഷറഫ്, ന്യൂമാഹിയിലെ യു കെ സലിം തുടങ്ങി എത്രയെത്ര പേരെയാണ് ഈ തീവ്രവാദി സംഘം കൊലക്കത്തിക്കിരയാക്കിയത്. ഒരു മുസ്ളിം പെണ്‍കുട്ടിയെ വിവാഹം കഴിച്ചുപോയ കുറ്റത്തിനാണ് കാസര്‍ക്കോട്ടെ യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന ബാലകൃഷ്ണനെ നിഷ്‌ഠൂരമായി കൊലപ്പെടുത്തിയത്.

അങ്ങേയറ്റം നീചമായി കെട്ടിച്ചമച്ച ഒരു ബലാത്സംഗ കഥ പ്രചരിപ്പിച്ചുകൊണ്ടാണ് തെരുവംപറമ്പി(നാദാപുരം)ലെ ബിനുവിനെ ഈ തീവ്രവാദിസംഘം കല്ലാച്ചി ടൌണിലിട്ട് കൊലപ്പെടുത്തിയത്. അതിനിഷ്‌ഠൂരമായ ഈ മതഭീകരവാദി സംഘത്തിന്റെ ആക്രമണങ്ങളില്‍ രക്ഷപ്പെട്ട എത്രയോ പേര്‍ ഇന്നും മരണവേദന തിന്നുകേരളത്തില്‍ ജീവിക്കുന്നുണ്ട്.വര്‍ഗീയമായ മതഭ്രാന്ത് തലക്ക് പിടിച്ചവര്‍ സമൂഹത്തെയാകെ സംഘര്‍ഷങ്ങളിലേക്കും ശത്രുതയിലേക്കും തള്ളിവിടാനാണ് ശ്രമിക്കുന്നത്. ജനങ്ങള്‍ക്കിടയില്‍ ഭീതിയും വിദ്വേഷവും വിതയ്‌ക്കുന്ന ഇത്തരം ഭീകരസംഘങ്ങളെ ഒറ്റപ്പെടുത്തുക എന്നത് എല്ലാവരുടെയും കടമയാണ്. ക്രൂരതയെ ജീവിതമൂല്യമാക്കുവാന്‍ പഠിപ്പിക്കുന്ന വര്‍ഗീയ പ്രത്യയശാസ്‌ത്രം മതഭീകരര്‍ അവകാശപ്പെടുന്നതുപാലെ മതദര്‍ശനങ്ങളോ ചരിത്രവുമായോ വിദൂരബന്ധം പോലും പുലര്‍ത്തുന്നതല്ല.