Saturday, July 3, 2010

അവിശ്വാസത്തിന്റെ സുവിശേഷം

യോ സെ സരമാഗു (Jose Desousa Saramago‍) ആരായിരുന്നു? ഒരു നീണ്ട വാചകത്തില്‍ ഈ വലിയ മനുഷ്യനെ ഒതുക്കിക്കെട്ടാനാവില്ല. പലതുമായിരുന്നു ഈ തളരാത്ത പോരാളി: കറകളഞ്ഞ കമ്യൂണിസ്റ്റ്, അവിശ്വാസത്തിന്റെ അപ്പോസ്‌തലന്‍, അപ്രിയസത്യങ്ങളുടെ അഭിഭാഷകന്‍, വിഗ്രഹഭഞ്‌ജകന്‍, ഉത്തരാധുനിക മനുഷ്യാവസ്ഥയുടെ ചരിത്രകാരന്‍, നോവലിസ്‌റ്റ്, നാടകകൃത്ത്, കലാപകാരി, പത്രപ്രവര്‍ത്തകന്‍, സ്വപ്‌നാടകന്‍, ഫന്റസിസ്‌റ്റ്, വ്യവസ്ഥകളുടെ വിധ്വംസകന്‍, ഭാഷയുടെ അപനിര്‍മാതാവ്. ജൂണ്‍ പതിനെട്ടിന് സ്‌പാനിഷ് ക്യാനറീസില്‍, എണ്‍പത്തേഴാം വയസ്സില്‍ കാലം ചെയ്യുമ്പോള്‍ അദ്ദേഹം പറയാനുള്ളതെല്ലാം പറഞ്ഞുകഴിഞ്ഞിരുന്നില്ല. മാൿസിംഗോര്‍ക്കി പണ്ടു പറഞ്ഞതുപോലെ, വാഗ്ദാനങ്ങള്‍ ബാക്കിവെക്കാതെ പോയ എഴുത്തുകാര്‍ ആരുണ്ട് ? എല്ലാ തന്ത്രികളും ചലിപ്പിച്ച വിരലുകളേതുണ്ട്? Blindness എന്ന തന്റെ വിശ്വവിഖ്യാതമായ നോവലില്‍ സരമാഗു ഇപ്രകാരമെഴുതി:“Inside us there is some thing that has no name: that something is what we are” (പേരില്ലാത്ത എന്തോ ഒന്ന് നമ്മുടെ ഉള്ളിലുണ്ട്. ആ എന്തോ ഒന്നാകുന്നു നാം). ആ എന്തോ ഒന്നിനെയാണ് എഴുത്തുകാരന്‍ അന്വേഷിക്കുന്നതെന്നും അന്വേഷണം ഒരിക്കലും അവസാനിക്കുന്നില്ലെന്നും പില്‍ക്കാലത്തൊരു അഭിമുഖത്തില്‍ സരമാഗു നിരീക്ഷിക്കുകയുമുണ്ടായി.പോര്‍ച്ചുഗീസ് ഭാഷയില്‍ സരമാഗു എന്ന വാക്കിന് രസകരമായ ഒരര്‍ഥമുണ്ട്: കാട്ടുമുള്ളങ്കി. ഇതിന് സ്വല്‍‌പം മധുരവും കൂടുതല്‍ ചവര്‍പ്പുമുണ്ടാകും. ഈ രണ്ടു വിപരീത രസങ്ങളും സരമാഗുവിന്റെ പേഴ്‌ണണാലിറ്റിയും സാഹിത്യവും ഉല്പാദിപ്പിച്ചുപോന്നു. അലസനും സുഖിയനുമായ അനുവാചകന് പാലട വെച്ചുവിളമ്പുക എന്നതായിരുന്നില്ല ഈ ധിക്കാരിയായ എഴുത്തുകാരന്റെ ദൌത്യം. കറുത്ത നര്‍മത്തിന്റെ മേമ്പൊടി ചേര്‍ത്ത കിരിയാത്ത കഷായമാണ് സരമാഗുവിന്റെ കലത്തില്‍ പാകപ്പെട്ടത്. സത്യത്തിന്റെ സ്വാദ് എപ്പോഴും കയ്‌പാണ്.

ഇനി അല്പം ജീവചരിത്രം. 1922 ല്‍ പോര്‍ച്ചുഗലിലെ അസിന്‍ഹാഗ എന്ന തനി നാട്ടിന്‍പുറത്താണ് യോ സെ ദെ ഡിസൂസ സരമാഗു ജനിച്ചത്. (Jose എന്ന നാമത്തിന് യോ സെ എന്നാണ് പോര്‍ച്ചുഗീസ് ഉച്ചാരണം. Saramago സരമാഗു ആവുന്നു) തീര്‍ത്തും ദരിദ്രമായ കര്‍ഷകത്തൊഴിലാളി കുടുംബം. യോ സെക്ക് രണ്ടുവയസ്സുള്ളപ്പോള്‍ കൂടുതല്‍ മെച്ചപ്പെട്ട മേച്ചില്‍സ്ഥലങ്ങള്‍ തേടി അച്ഛന്‍ യോ സെ ഡിസൂസയും അമ്മ മരിയയും രാജധാനിയായ ലിസ്‌ബണിലെത്തി. ആയതിനാല്‍ ഒരു ലിസ്‌ബണ്‍കാരനായാണ് കഥാനായകന്‍ വളര്‍ന്നത്. സാമ്പത്തിക പരാധീനതകള്‍മൂലം പയ്യനെ നല്ലൊരു സ്‌കൂളില്‍ ചേര്‍ക്കാന്‍ അച്ഛനു പറ്റിയില്ല. ഒരു സാങ്കേതിക വിദ്യാസ്ഥാപനത്തിലാണ് സരമാഗു എത്തിപ്പെട്ടത്. അവിടെനിന്ന് ഓട്ടോമൊബൈല്‍ എന്‍ജിനിയറിങ്ങില്‍ കിട്ടിയ പരിശീലനം പെട്ടെന്നൊരു തൊഴില്‍ കണ്ടെത്താനുതകി. പിന്നീട് സരമാഗു പല ജോലികളും ചെയ്‌തു. ഭാഷാ സ്വാധീനവും എഴുതാന്‍ സ്വല്‍പ്പം കഴിവുമുണ്ടായിരുന്നതിനാല്‍ ഒരു ജേര്‍ണലിസ്റ്റുമായി. കുറച്ച് മൊഴിമാറ്റമെന്ന വിദ്യയും പയറ്റി. 1944 ല്‍ അതായത് 22-ാം വയസ്സില്‍ ഇല്‍ഡാ റെയ്‌സിനെ താലികെട്ടി; അതില്‍ ഒരു മകളുമുണ്ടായി. ഷഷ്‌ട്യബ്‌ദപൂര്‍ത്തിക്കുശേഷം ആറുകൊല്ലം കഴിഞ്ഞായിരുന്നു രണ്ടാം കെട്ട്. ഭാര്യ സ്‌പാനിഷ് ജേര്‍ണലിസ്റ്റ് പിലാര്‍ഡെല്‍റിയോ. സരമാഗുവിന്റെ കൃതികള്‍ സ്‌പാനിഷിലേക്ക് വിവര്‍ത്തനം ചെയ്‌തത് അവരത്രെ. അവസാന നിമിഷംവരെ ഈ ജീവിതപങ്കാളി സരമാഗുവിന്റെ സമീപത്തുണ്ടായിരുന്നു. 1992 ലാണ് യോ സെ സരമാഗു ജന്മദേശമുപേക്ഷിച്ച് സ്പാനിഷ് ക്യാനറീസിലേക്ക് പോയത്. The Gospel According to Jesus എന്ന പുസ്‌തകത്തെ പ്രഖ്യാതമായ യൂറോപ്യന്‍ ലിറ്റററി പ്രൈസിന് ശുപാര്‍ശചെയ്യാന്‍ യാഥാസ്ഥിതിക പോര്‍ച്ചഗീസ് സര്‍ക്കാര്‍ വിസമ്മതിച്ചതില്‍ പ്രതിഷേധിച്ചാണ് അദ്ദേഹം നാടുവിട്ടത്. അദ്ദേഹത്തിന്റെ അവസാന പുസ്തകങ്ങളില്‍ ഒന്നായ The Elephant's Trip സമര്‍പ്പിച്ചിരിക്കുന്നത് സന്തത സഹചാരിയായിരുന്ന സഹധര്‍മിണിക്കാണ്, "To Pilar who wouldn't let me die" (എന്നെ മരിക്കാന്‍ അനുവദിക്കാത്ത പിലറിന്).

നൊബേല്‍ സാഹിത്യ പുരസ്‌ക്കാരത്തിന് അര്‍ഹത നേടിയ ആദ്യത്തെ പോര്‍ച്ചുഗീസ് നോവലിസ്റ്റ് ആയിരുന്നു യോ സെ സരമാഗു. മിഗ്വേല്‍ ടോര്‍ഗ (Miguel Torga 'വിന്‍ഡിമ' എന്ന പ്രശ‌സ്‌ത നോവലിന്റെ കര്‍ത്താവ്) ജോക്കിം പസോഡാര്‍ക്കോസ് (Joquim Paco Darcos ക്രോണിക്കിള്‍ ഓഫ് ലിസ്‌ബണ്‍ ലൈഫ് ' എന്ന നോവല്‍ സമുച്ചയത്തിന്റെ രചയിതാവ് ) അള്‍വര്‍ റെഡോള്‍ (Alver Redol - 'The man with Seven Names' എഴുതി) എന്നീ വലിയ പോര്‍ച്ചുഗീസ് എഴുത്തുകാര്‍ക്കൊന്നും ഈ ഭാഗ്യമുണ്ടായില്ല. 1998 ല്‍ നൊബേല്‍ പ്രൈസ് ലഭിക്കുമ്പോള്‍ യോസെ സരമാഗു ഒരു പ്രവാസിയായിട്ട് ആറുവര്‍ഷം പിന്നിട്ടിരുന്നു. ഫ്രാങ്ക്ഫര്‍ട് പുസ്‌തകമേളയില്‍ സംബന്ധിക്കാന്‍ തയാറെടുത്ത് എയര്‍പോര്‍ടില്‍ ചെന്നപ്പോഴാണ് അദ്ദേഹം വിവരമറിയുന്നത്. അത് അദ്ദേഹത്തെ തെല്ലൊന്നു അമ്പരപ്പിക്കുകയും ചെയ്‌തു. സരമാഗുവിന്റെ സമ്മാനലബ്‌ധി പോര്‍ച്ചുഗീസ് ജനത ഒരു ദേശീയാഘോഷമാക്കി. നാട്ടിലേക്ക് തിരിച്ചുവരാന്‍ വലിയ സമ്മര്‍ദങ്ങളുണ്ടായെങ്കിലും അദ്ദേഹം വഴങ്ങിയില്ല. വലതുപക്ഷക്കാരനായ പോര്‍ച്ചുഗീസ് പ്രസിഡന്റ് ആഘോഷങ്ങളില്‍നിന്ന് വിട്ടുനിന്ന കാര്യം എടുത്തുപറയേണ്ടതുണ്ട്.

പോര്‍ച്ചുഗീസ് നോവലെഴുത്തിലെ വൈകിവന്ന വസന്തമെന്ന് സരമാഗുവിനെ കൃത്യമായി വിശേഷിപ്പിക്കാം. ജീവിതം സായാഹ്നത്തോടടുക്കുന്ന സമയത്താണ് അദ്ദേഹത്തിന്റെ പ്രകൃഷ്‌ട കൃതികള്‍ പുറത്തുവന്നത്: : journey to Portugal, baltasar and Blimunda, The year of the death of ricardo Ries, The Stone Raft, History of the Siege of lisbon , The Gospel According to jesus Christ, Blindness, Death with interruptions എന്നിവ.

ആഗോള പ്രശസ്‌തിയിലേക്ക് സരമാഗുവിനെ ഉയര്‍ത്തിയത് രണ്ട് നോവലുകളാണ്: baltasar and Blimunda യും Blindness ഉം.

1987 ല്‍ പുറത്തിറങ്ങിയ Memorial do Convento എന്ന അസാധാരണ നോവലിന്റെ ഇംഗ്ളീഷ് രൂപമാണ് Baltasar and Blimunda. കുപ്രസിദ്ധമായ 'ഇന്‍ക്വിസിഷന്‍' (inquisition- തിരുസഭ നടപ്പാക്കിയ മതദ്രോഹവിചാരണ) കാലത്താണ് കഥ ചുരുള്‍വിരിയുന്നത്. സ്വതന്ത്ര ചിന്തയെയും സത്യാന്വേഷണങ്ങളെയും കഴുത്തു ഞെരിച്ചുകൊല്ലുക എന്നതായിരുന്നു പുരോഹിത വര്‍ഗത്തിന്റെ ഉന്നം. ലിസ് ബണ്‍ നഗരിയുടെ പ്രാന്തങ്ങളില്‍ ഒരു കൊളോസല്‍ കെട്ടിടത്തിന്റെ പണി തിരുതകൃതിയായി നടക്കുന്നു: മാഫ്രാ കോണ്‍വെന്റിന്റെ നിര്‍മാണം. ഇവിടെ രാപ്പകലില്ലാതെ പണിയെടുക്കുന്നതോ, ഇന്‍ക്വസിഷനു വിധേയരായ നിര്‍ഭാഗ്യവാന്മാര്‍. ഒരു പഴയ യുദ്ധവീരനായ ബല്‍ത്തസാറും വെളിപാടുകളും അന്തഃശ്‌ചോദനങ്ങളുമുള്ള ബ്ളിലമുണ്ടയും ഇക്കൂട്ടത്തിലുണ്ട്: പ്രേമബദ്ധര്‍. ഈ കമിതാക്കള്‍ മാഫ്രാ എന്ന നരകത്തില്‍നിന്ന് സ്വര്‍ഗത്തിലേക്ക് പറക്കാന്‍ വഴി തേടുകയാണ്. ഒരു പറക്കുന്ന പേടകം നിര്‍മിക്കപ്പെടുന്നു. ഈ പറക്കും തളികയുടെ തച്ചന്‍ വാസ്‌തവത്തില്‍ ഒരു പാതിരിയത്രെ: ബര്‍ത്തിലോമ്യോ ദെ ഗുസ്‌മാവോ. ഇതിന്റെ ഊര്‍ജം പെട്രോളല്ല, മനുഷ്യന്റെ ഇച്‌ഛാശക്തിയാണ്: ഫാന്റസിയുടെ (വിഭ്രമതയുടെ) അഭൌമതലങ്ങളിലേക്കാണ്, സര്‍റിയലിസ്‌റ്റ്ഭാവനയുടെ ആകാശങ്ങളിലേക്കാണ് ഈ നോവല്‍ നമ്മെ നയിക്കുന്നത്. ലാറ്റിന്‍ അമേരിക്കന്‍ എഴുത്തിനെ സാരമായി സ്വാധീനിച്ച മാജിക് റിയലിസത്തിന്റെ നിഴലാട്ടം കഥാഘടനയുടെ പലഘട്ടങ്ങളിലും കാണാം.

'The history of the siege of Lisbon' ലിസ്‌ബണ്‍ ഉപരോധത്തിന്റെ പുരാവൃത്തം സരമാഗുവിന്റെ സവിശേഷമായ നര്‍മത്തിനും വികടസരസ്വതിക്കും തെളിവ് തരുന്നു. പോര്‍ച്ചുഗലിന്റെ ദേശീയ ചരിത്രം അച്ചടിക്കന്ന പ്രസ്സിലെ പ്രൂഫ് റീഡര്‍ ഒരു കാതലായ വാചകത്തില്‍ വരുത്തിയ ചെറിയ തിരുത്ത് ചരിത്രവീക്ഷണത്തെത്തന്നെ മാറ്റിമറിക്കുന്നതാണ് കഥ. ആക്ഷേപഹാസ്യവും അസംബന്ധ ബോധവും (Sense of the Absurd) ഈ നോവലില്‍ ആശ്ളേഷിക്കുന്നു.

സരമാഗുവിന്റെ ഏറ്റവും വായിക്കപ്പെട്ട നോവല്‍, ഉറപ്പായിത്തന്നെ പറയാം,'അന്ധത' (Blindness) ആണ്. 25 ലോകഭാഷകളിലേക്ക് ഈ പുസ്‌തകം ഭാഷാന്തരം ചെയ്യപ്പെട്ടിട്ടുണ്ട്. ഗിയേവിന്നി പ്രോണ്‍റ്റിയേറോവിന്റെ അതികുശലമായ ഇംഗ്ളീഷ് തര്‍ജമയാണ് നമുക്ക് കിട്ടിയത്. അന്യാപദേശ സ്വഭാവമുള്ള (allegorical) ഈ നോവല്‍ മാത്രം മതി യോസെ സരമാഗുവിന് വിശ്വസാഹിത്യസദസ്സില്‍ ഒരു സ്വര്‍ണസിഹാസനം ഉറപ്പാക്കാന്‍. പല തലങ്ങളിലും പല സന്ദര്‍ഭങ്ങളിലും സരമാഗുവിന്റെ ഈ മാസ്റ്റര്‍ പീസ്, അല്‍ബെര്‍ കമ്യൂവിന്റെ 'പ്ളേഗി'നെ (The plague) ഓര്‍മപ്പെടുത്തുന്നു. പേരില്ലാത്ത ഒരു രാജ്യത്തെ നാമരഹിതമായ ഒരു നഗരത്തിലെ പേരില്ലാത്ത പൌരാവലിയെ ഒരസാധാരണ രോഗം ആകസ്‌മികമായി ആക്രമിക്കുകയാണ്: White Blindness' - ശ്വേതാന്ധത. ട്രാഫിക് സിഗ്നലില്‍ കാറു നിര്‍ത്തിയ ഒരാള്‍ക്ക് പെട്ടെന്ന് കാഴ്ച നഷ്‌ടപ്പെടുന്നു. അയാളെ വീട്ടിലെത്തിക്കുകയും അയാളുടെ വാഹനം മോഷ്‌ടിക്കുകയും ചെയ്യുന്ന കള്ളനും അചിരേണ അന്ധനാവുകയാണ്. ചുരുങ്ങിയ സമയംകൊണ്ട് പുരവാസികള്‍, വര്‍ഗദേദമെന്യേ ഒന്നും കാണാനാവാതെ പരിഭ്രാന്തിപൂണ്ടുഴലുകയായി. സര്‍ക്കാരോ? കാഴ്‌ചപോയവരെയും പോകാന്‍ സാധ്യതയുള്ള വരെയും ആട്ടിത്തെളിച്ച് ഒരഭയകേന്ദ്രത്തിലാക്കുക: അതാണ് ഗവണ്‍മെന്റിന്റെ മാര്‍ഗം. രോഗികള്‍ പ്രതിദിനം പെരുകുന്നു. ക്യാമ്പിലെ ജീവിതം ദുരിതപൂര്‍ണം. മരുന്നില്ല, ചികിത്സയില്ല. ശുശ്രൂഷയില്ല, എന്തിന് ! ആവശ്യത്തിന് അപ്പംപോലുമില്ല. എങ്കിലും അന്ധരായ ആണും പെണ്ണും ജീവിക്കുന്നു; തമ്മില്‍ത്തല്ലുന്നു; ആവശ്യം തോന്നുമ്പോള്‍ നിര്‍ബാധം ഇണചേരുന്നു. ഈ കുരുടപ്പാളയത്തില്‍ കാഴ്‌ച ശക്തി നഷ്‌ടപ്പെടാത്ത ഒരു സ്‌ത്രീയുണ്ട്: ഒരു ഡോൿടരുടെ ഭാര്യ. അവരുടെ കണ്ണിലൂടെയാണ് നാം പലതും കാണുന്നത്. ഒരു ദിവസം ക്യാമ്പില്‍നിന്ന് കാവല്‍ക്കാര്‍ അപ്രത്യക്ഷമാവുന്നു. കാഴ്ചയുള്ള സ്‌ത്രീ കണ്ണുപൊട്ടന്മാരെ നയിച്ചുകൊണ്ട് തെരുവുകളുടെ സ്വാതന്ത്ര്യത്തിലേക്ക് നീങ്ങുന്നു. തിമര്‍ത്തുപെയ്യുന്ന മഴയില്‍ നഗ്നമായ ശരീരങ്ങള്‍ ശുദ്ധീകരിക്കപ്പെടുകയാണ്. വെളുത്ത ആന്ധ്യത്തിന്റെ തേര്‍വാഴ്‌ച ഏതാണ്ടവസാനിക്കുന്നു. ആധുനിക മനുഷ്യാവസ്ഥയില്‍ നമുക്ക് നഷ്‌ടപ്പെടുന്ന കാഴ്‌ചശക്തിയുടെ പേടിപ്പിക്കുന്ന ചിത്രമാണ് സരമാഗു കോറിയിടുന്നത്. വെളിച്ചം നമുക്ക് ദുഃഖമാവുന്നു എന്ന് അദ്ദേഹം നിര്‍ഭയമായി ഓര്‍മപ്പെടുത്തുകയും ചെയ്യുന്നു.

Stone Raft എന്ന നോവലും വിഭ്രമ കല്‍പ്പനയുടെ നിദര്‍ശനമാണ്. ഐബീരിയന്‍ ഉപഭൂഖണ്ഡം യൂറോപ്പില്‍നിന്ന് വിഘടിച്ച് അമേരിക്കയുടെ നേര്‍ക്കൊഴുകുന്നത് സരമാഗു സങ്കല്‍പ്പിക്കുന്നു. അത് മറ്റുചില ദ്വീപുസമൂഹങ്ങളുമായി കൂട്ടിയിടിക്കാനുള്ള അപകടസാധ്യതയും അദ്ദേഹം അവതരിപ്പിക്കുന്നുണ്ട്.

കത്തോലിക്ക തിരുസഭയുടെ എതിര്‍പ്പിനും യാഥാസ്ഥിതിക പോര്‍ച്ചുഗീസ് സമൂഹത്തിന്റെ ഭര്‍ത്സനത്തിനും സ്‌ഫോടനാത്‌മകവാദങ്ങള്‍ക്കും പാത്രമായ നോവലാണ് 'The Gospel According to Jesus Christ' (സുവിശേഷം യേശുക്രിസ്‌തുവിന്‍ പടി) നികോസ് കസന്‍ദ് സാക്കീസിന്റെ 'Christ Recrucifeid' എന്ന മഹല്‍കൃതിക്കൊപ്പമാവും ഈ സരമാഗു നോവലിന്റെയും സ്ഥാനം. ആക്ഷേപഹാസ്യത്തിന്റെ കൈലാസം കയറിനില്‍ക്കുന്ന ഈ കഥയില്‍ പടച്ചവന്‍ പരമശുദ്ധനായ മനുഷ്യപുത്രനെ ദുരുപയോഗപ്പെടുത്തുകയാണ്. എന്തിന് ? അനീതിയും അക്രമവും അസഹിഷ്‌ണുതയും വളര്‍ത്തുന്ന ഒരു മതത്തിന്റെ സൃഷ്‌ടിക്കുവേണ്ടി.

പോര്‍ച്ചുഗല്‍ കണ്ട ഏറ്റവും വലിയ പ്രതിഭാശാലിയായിരുന്നു ഫെര്‍നാന്‍ഡേ പെസ്സോവ. പ്രസിദ്ധീകരണവിമുഖനായിരുന്ന ഈ മഹാകവിയുടെ സല്ലാപം ഏകാന്തതയോടായിരുന്നു. സരമാഗുവിന് ഈ അപൂര്‍വ കവിയോടുള്ള ഭക്ത്യാദരങ്ങളില്‍നിന്നാവാം 'The year of the Death of Ricardo Reis' എന്ന വിചിത്ര നോവല്‍ പിറന്നത്. മുപ്പത്താറുകൊല്ലം പോര്‍ച്ചുഗലിനെ അടക്കിവാണ ഫാഷിസ്‌റ്റ് സ്വേച്ഛാധിപതി അന്തോണിയോ ഒലിവേറ സാലസറുടെ കംസഭരണത്തിന്റെ പശ്ചാത്തലത്തിലാണ് കഥ വികസിക്കുന്നത്.

പോര്‍ച്ചുഗീസ് എഴുത്തില്‍ 1940 കളില്‍ പൊന്തിവന്ന ഒരാശയ കാലാവസ്ഥയായിരുന്നു Neo Realism. ഈ പ്രസ്ഥാനത്തിന്റെ പ്രാഭവം യോ സെ സരമാഗുവിന്റെ സൃഷ്‌ടികളില്‍ പ്രത്യക്ഷമാണ്. ഴാന്‍ പോള്‍ സാര്‍ത്ര് പരിഷ്‌ക്കരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്‌ത എൿസിസ്‌റ്റന്‍ഷ്യലിസവും (അസ്‌തിത്വവാദം) ഫ്രോയിഡിയന്‍ - ലക്കേനിയന്‍ മനഃശാസ്‌ത്രവിജ്ഞാനീയവും അദ്ദേഹത്തിന്റെ ആഖ്യാനവ്യാകരണത്തെ നിസ്സാരമല്ലാത്തവിധം സ്വാധീനിച്ചിട്ടുണ്ട്. അനാഥവും ആലംബഹീനവുമായ വര്‍ത്തമാന മനുഷ്യാവസ്ഥയുടെ സത്യസന്ധമായ അപഗ്രഥനത്തിന് ഇവ മാത്രമല്ല, അന്നോളം അപരിചിതമായ ബിംബകല്‍പ്പനകളും മെറ്റഫറുകളും ആവശ്യമാണെന്ന് സരമാഗു തിരിച്ചറിഞ്ഞു. അതുകൊണ്ടാണ് അദ്ദേഹം നിലവിലുള്ള നോവല്‍ ഭാഷയെ അടിച്ചുടക്കുകയും പുതുതായൊന്ന് പരുവപ്പെടുത്തുകയും ചെയ്‌തത്. ഒരു പേജോളം നീളുന്ന വാക്യങ്ങളോടായിരുന്നു ഈ എഴുത്തുകാരന് ആഭിമുഖ്യം.

അദ്ദേഹം പലപ്പോഴും ജേംസ് ജോയ്‌സിനെ ഓര്‍മപ്പെടുത്തുന്നു. 'ഇന്‍വെര്‍ടഡ് കോമ'യെ, ഉദ്ധരണചിഹ്നത്തെ തീര്‍ത്തും ഒഴിവാക്കിക്കൊണ്ടാണ് സരമാഗു സംഭാഷണങ്ങള്‍ കഥാപാത്രത്തില്‍ തുന്നിച്ചേര്‍ത്തത്. അദ്ദേഹത്തിന്റെ ശൈലി എല്ലാ അര്‍ഥത്തിലും ക്രമവിരുദ്ധവും പരീക്ഷണാത്‌മകവുമായിരുന്നു. അത്യല്‍ബുദ്ധമായ ഒരു സര്‍ഗാവബോധത്തില്‍നിന്നുമാത്രം പൊന്തിവരുന്ന സാഹസികത: അതാണ് എഴുത്തില്‍ സരമാഗു പ്രദര്‍ശിപ്പിച്ചത്. പലപ്പോഴും കഥാപാത്രങ്ങള്‍ക്ക് പേരു നല്‍കാന്‍ ഈ എഴുത്തുകാരന്‍ വിസമ്മതിച്ചു. പകരം 'First blindman', 'Car- thief' തുടങ്ങി പാത്രങ്ങളുടെ സ്വഭാവ സംജ്ഞകളാണ് അദ്ദേഹം മനഃപൂര്‍വം ഉപയോഗിച്ചത്. ആയതിനാല്‍ സരമാഗു കൃതിക്ക് ഒരു 'പാരബിളി' ന്റെ (Parable ഗുണപാഠ കഥ) മുഖച്‌ഛായ വന്നുചേരുന്നു.

സരമാഗു സ്ഥിരമായി നിലയുറപ്പിച്ചത് പോരാടുന്ന മനുഷ്യന്റെ, വേട്ടയാടപ്പെടുന്ന മനുഷ്യന്റെ ചേരിയിലായിരുന്നു. ലെബനണ്‍ - പലസ്‌തീന്‍ പ്രശ്‌നത്തില്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിനും ഇസ്രയേലി അധിനിവേശത്തിനും വംശീയ ധ്വംസനത്തിനും എതിരായിപ്പൊങ്ങിയ സിംഹഗര്‍ജനങ്ങളിലൊന്ന് ഈ പോര്‍ച്ചുഗീസ് എഴുത്തുകാരന്റേതായിരുന്നു. നോം ചോംസ്‌ക്കി, ഹറോള്‍ഡ് പിന്റര്‍, താരിഖ് അലി എന്നീ സാംസ്‌ക്കാരിക നായകന്മാരുടെ കൂട്ടായ്‌മയില്‍ സരമാഗുവും ഉണ്ടായിരുന്നു. പ്രത്യയശാസ്‌ത്രപരമായ നിലപാടുകളില്‍ ഒരു വിട്ടുവീഴ്‌ചക്കും ഒരു ഒത്തുകളിക്കും അദ്ദേഹം വഴങ്ങിയില്ല.

സരമാഗു പോര്‍ച്ചുഗീസ് കമ്യൂണിസ്റ്റ് പാര്‍ടിയില്‍ അംഗമാവുന്നത് 1969 ലാണ്. പ്രസ്ഥാനത്തിന്റെ എല്ലാ സമരമുഖങ്ങളിലും അദ്ദേഹത്തിന്റെ സജീവമായ സാന്നിധ്യമുണ്ടായിരുന്നു. ഈ വലിയ എഴുത്തുകാരന്റെ സംസ്‌ക്കാരച്ചടങ്ങുകള്‍ ജൂണ്‍ 21ന് തിങ്കളാഴ്ച ലിസ്‌ബണില്‍ നടന്നപ്പോള്‍ അതിന് മേല്‍നോട്ടം വഹിച്ചത് പോര്‍ച്ചുഗീസ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ സെക്രട്ടറി ജനറല്‍ ജെ റോണിമോ ഡിസൂസ ആയിരുന്നു. ഇനി വത്തിക്കാന്‍ പ്രസ് ഈ വിശ്വസാഹിത്യകാരനെ എങ്ങനെ വിശേഷിപ്പിച്ചു എന്നറിയേണ്ടേ? "a populist extremist' -ജനപ്രിയതക്ക് ശ്രമിക്കുന്ന തീവ്രവാദി - എന്ന്. 'An antireligious ideologue' മതവിരോധിയായ സിദ്ധാന്തവാദി - എന്നും അവര്‍ അദ്ദേഹത്തെ അടയാളപ്പെടുത്തി.

*****

വി സുകുമാരന്‍, കടപ്പാട് : ദേശാഭിമാനി വാരിക

2 comments:

വര്‍ക്കേഴ്സ് ഫോറം said...