Thursday, July 29, 2010

'ബദല്‍ സിനിമ'

മലയാള സിനിമാമേഖല ഗുരുതരമായ വാണിജ്യപ്രതിസന്ധിമൂലം തിയേറ്ററുകള്‍ അടച്ചുപൂട്ടല്‍ അവസ്ഥക്കപ്പുറം, താരങ്ങളും നിര്‍മാതാക്കളും കലാകാരന്മാര്‍ തമ്മില്‍ തമ്മിലും തുറന്ന പോരില്‍ എത്തിയിരിക്കുന്നു.

പഴയ മലയാള സിനിമകളുടെ വ്യവസായ ആസ്ഥാനം മദ്രാസായിരുന്നു. അന്നൊന്നും സിനിമാപ്രതിസന്ധികളെക്കുറിച്ചുള്ള ചര്‍ച്ചകളോ കലഹങ്ങളോ കേട്ടതേയില്ല.

ആധുനിക സാങ്കേതികവിദ്യയിലുണ്ടായ കുതിച്ചുചാട്ടം ഡിജിറ്റല്‍ സ്റ്റുഡിയോ കോംപ്ളക്സുകളും മികവുറ്റ സാങ്കേതികവിദഗ്ധരും മറ്റു ഭൌതികസാഹചര്യങ്ങളും കേരളത്തില്‍ തന്നെ ഒരുക്കിയിട്ടും മലയാള സിനിമാലോകം ഗുരുതരമായ സ്‌തംഭനാവസ്ഥ നേരിടുകയാണ്.

ഇതിന് മലയാള സിനിമയില്‍ മാത്രം അന്വേഷിച്ച് ഉത്തരം കിട്ടുക അസാധ്യമാണ്.

ഒരു പച്ചമുളക് കിട്ടാനായി തമിഴ്‌നാട്ടില്‍ ക്യൂ നില്‍ക്കേണ്ടിവരുന്ന മലയാളി സമൂഹം, കുടുംബം പുലര്‍ത്താനായി ഗള്‍ഫില്‍ പോയി അലയേണ്ടുന്ന നമ്മുടെ തലമുറകള്‍, ഒരു പൈന്റ് മദ്യത്തിനായി മണിക്കൂറുകളോളം ക്യൂ നില്‍ക്കുന്ന ചെറുപ്പക്കാര്‍...

ഒരര്‍ഥത്തിലും ക്രിയാത്മകമാകാന്‍ കഴിയാത്ത ഒരു ജനസമൂഹം, ഇത്തരമൊരു സമൂഹം നേരിടുന്ന ആന്തരിക പ്രതിസന്ധിയുടെ പ്രതിഫലനംതന്നെയാണ് കമ്പോള സിനിമാമേഖലയും അഭിമുഖീകരിക്കുന്നത്.

നമ്മുടെ ജീവിതവുമായി ഒരു ബന്ധവുമില്ലാത്ത കഥകളും ആശയങ്ങളും മെനഞ്ഞെടുത്താണ് ചില സിനിമകള്‍ ഇവിടെ വിജയഗാഥ ആഘോഷിക്കുന്നത്. ഇവ നമ്മുടെ കുരുന്നുകളിലും യുവതീയുവാക്കളിലും ഒഴുക്കിവിടുന്ന മലിനീകരണത്തിന്റെ ഉത്തരവാദിത്തവും ഈ ചലച്ചിത്രപ്രവര്‍ത്തകരും മാധ്യമങ്ങളും സിനിമാ കച്ചവടക്കാരും സൂപ്പര്‍ താരങ്ങളും ഏറ്റെടുക്കേണ്ടതുണ്ട്.

നാല്‍പ്പത് രൂപ കൊടുത്ത് സിനിമ കാണുന്ന പ്രേക്ഷകന് ധനനഷ്‌ടത്തോടൊപ്പം കുറ്റവാസനകളുടെ ആശയവും പേറി തിയേറ്റര്‍ വിടേണ്ട സാഹചര്യമാണ് ഇന്നുള്ളത്.

പ്രേക്ഷകരുടെ നിരക്ഷരത ധനാഗമമാര്‍ഗമായി മാറുന്ന ജീര്‍ണിച്ച ധനശാസ്‌ത്ര നിയമങ്ങളാണ് കമ്പോള സിനിമയുടെ മൂലധനശക്തികള്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്.

സ്‌ത്രീധനം കൊടുക്കാത്തതിന്റെ പേരില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ പെരുകുന്ന മലയാളി സമൂഹത്തില്‍ സത്യന്‍ അന്തിക്കാടിന്റെ 'ഭാഗ്യദേവത' പോലുള്ള ചിത്രങ്ങള്‍ വഹിക്കുന്ന പങ്ക് എന്താണ് ?

നായകന് (ജയറാം) സ്‌ത്രീധനം കൊടുക്കാത്തതിന്റെ പേരില്‍ നായിക(കനിഹ)യെ പീഡിപ്പിച്ച് വീട്ടിലേക്ക് പറഞ്ഞുവിടുന്നു. നായകന്റെ സഹോദരിയുടെ വിവാഹം സ്‌ത്രീധനത്തിന്റെ പേരില്‍ മുടങ്ങുമെന്ന സാഹചര്യം വന്നപ്പോള്‍ കഥാനായിക സ്‌ത്രീധനവുമായി പ്രത്യക്ഷപ്പെട്ട് നായകന്റെ അന്തസ്സ് സംരക്ഷിക്കുകയും കുടുംബാംഗങ്ങള്‍ക്ക് ആഹ്ളാദവും സന്തോഷവും പകരുന്നു. സ്‌ത്രീധന സമ്പ്രദായത്തെ ഉയര്‍ത്തിപ്പിടിക്കുകയാണീ ചിത്രത്തില്‍ സത്യന്‍ അന്തിക്കാട്.

അമ്മയെയും സഹോദരനെയും രക്ഷിക്കാനായി ബ്ളെയിഡ് പലിശക്കാരനാകുന്ന നായകനെ ഉദാത്തവല്‍ക്കരിക്കുകയാണ് ബി ഉണ്ണികൃഷ്ണന്റെ 'മാടമ്പി' എന്ന ചിത്രം. സൂപ്പര്‍താരം മോഹന്‍ലാല്‍ അഭിനയിച്ച ഈ ചിത്രത്തിന്റെ ഉള്ളടക്കം കൊള്ളപ്പലിശയെ ന്യായീകരിക്കുന്നതാണ്.

പലിശമാഫിയകളുടെ പീഡനങ്ങളേറ്റുവാങ്ങുന്ന കേരളീയ സമൂഹത്തെ മറന്നുകൊണ്ടുള്ള കച്ചവടമാണ് സംവിധായകന്‍ പറഞ്ഞുവെച്ചിരിക്കുന്നത്.

അനീതികളെ ചോദ്യംചെയ്യുന്ന യുവനായകന്മാരുടെ ചുറുചുറുക്കിനെ ദൃശ്യവല്‍ക്കരിച്ച ജയരാജിന്റെ 'ഫോര്‍ ദ പീപ്പിള്‍' മറ്റൊരു ദൃശ്യഭാഗത്ത് ഉടുതുണിയില്ലാതെ ആഭാസനൃത്തം ചെയ്യുന്ന സുന്ദരികളുടെ ശരീരഭാഗം പകര്‍ത്തിവെച്ചിരിക്കുകയാണ്.

രഞ്ജിത്തിന്റെ 'തിരക്കഥ' ഒരു സിനിമാനടിയുടെ വേദനാനിര്‍ഭരമായ കഥയാണ് വിവരിക്കുന്നത്. ഈ ചിത്രത്തിലെ കഥാനായികയായ പ്രിയാമണിയുടെ അര്‍ധനഗ്നമായ കുളിസീനും ചേര്‍ത്തുവെച്ചാണ് കച്ചവടം തകൃതിയാക്കിയത്. സ്‌ത്രീശരീരത്തെ വിപണിവല്‍ക്കരിക്കുന്ന കഴുകന്‍കണ്ണാണ് സംവിധായകനുള്ളത്.

മമ്മൂട്ടിയുടെ 'അണ്ണന്‍തമ്പി'യും 'പോക്കിരിരാജ'യും അഴിമതിയും ധൂര്‍ത്തും തടയാന്‍ ഒരു തെരുവ്ഗുണ്ട മതിയെന്ന് സ്ഥാപിക്കുകയാണ്. വെട്ടിലും കുത്തിലും പരിക്കേല്‍ക്കാത്ത നായകന്റെ വീരശൂരപരാക്രമങ്ങളും ഉടുതുണിയില്ലാത്ത നൃത്തങ്ങളും ഗംഭീരമാണെന്ന് പറയിക്കാന്‍ പാകത്തിലാണ് ചിത്രം ചിട്ടപ്പെടുത്തിവെച്ചിരിക്കുന്നത്.

സിനിമാവ്യവസായം ദൃശ്യമേഖലയെ കലാപ്രവര്‍ത്തനമായി നിര്‍വചിക്കുന്നില്ല. മറ്റെല്ലാ ഉല്‍പ്പന്നത്തെയുംപോലെ ഒരു ചരക്കുമാത്രമാണ് ഇക്കൂട്ടര്‍ക്ക് സിനിമ. അധോലോക മാഫിയകളുടെ ഉള്ളംകൈയിലായ ബോളിവുഡ് സിനിമാ ലോകത്തെപ്പോലെ മലയാള സിനിമാവ്യവസായവും മാഫിയകളുടെ കൂട്ടുകെട്ടുകളിലേക്ക് പരിവര്‍ത്തനപ്പെട്ടിരിക്കയാണ്. അതിന്റെ അനുരണനങ്ങളാണ് തിലകന്‍ പ്രശ്‌നത്തിലൂടെ പുറത്തുവന്നത്. ഫാന്‍സ് അസോസിയേഷനുകളുണ്ടാക്കി സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങള്‍ റിലീസ് തിയേറ്ററിലെത്തുമ്പോള്‍, ആര്‍പ്പുവിളികളും ചെണ്ടമേളങ്ങളും താരങ്ങളുടെ കൂറ്റന്‍ കട്ടൌട്ടുകളും പ്രചാരണത്തിനായി ഒരുക്കുന്നു. ചെറുപ്പക്കാര്‍ക്ക് പണംകൊടുത്ത് കച്ചവടത്തിന്റെ പുതിയ മേഖലകള്‍ തേടുകയാണിവര്‍. ഇതിന് പരസ്യംകൊടുക്കാന്‍ മാധ്യമപ്രവര്‍ത്തകരും സജീവമായി രംഗത്തുണ്ട്.

പ്രശസ്‌തി, ലൈംഗികത, പണം, ആര്‍ഭാടജീവിതം തുടങ്ങിയ രൂപഭാവങ്ങളോടെ മറ്റൊരു അധികാര സ്ഥാപനമായി മലയാളസിനിമാമാഫിയയും നിലയുറപ്പിച്ചിരിക്കുകയാണ്. ഒരു ഭാഗത്ത് കോര്‍പറേറ്റ് കമ്പനികള്‍ ശരീരത്തിനും ജീവനും വിലപറയുമ്പോള്‍, കമ്പോളസിനിമാലോകം മനുഷ്യരുടെ തലച്ചോറിനാണ് വിലയിടുന്നത്.

ജ്വല്ലറികള്‍ക്കും മദ്യശാലകള്‍ക്കും പലിശക്കമ്പനികള്‍ക്കും മോഡലുകളായിവരുന്ന സൂപ്പര്‍താരങ്ങള്‍ കേണല്‍ പദവികളും ഡോക്ടറേറ്റുകളും നല്‍കി ആദരിക്കപ്പെടുമ്പോള്‍ ഇവരില്‍നിന്ന് നമ്മുടെ കുട്ടികളും സമൂഹവും പഠിക്കേണ്ട പാഠമെന്തെന്ന് കൂടി ബഹുമതി നല്‍കുന്നവര്‍ പറഞ്ഞുതരേണ്ടതുണ്ട്.

സിനിമാവ്യവസായത്തിലെ പ്രതിസന്ധി പരിഹരിക്കുകയല്ല ദൃശ്യമേഖലയെ സര്‍ഗാത്മകമണ്ഡലമായി തിരിച്ചുപിടിക്കാനുള്ള ഉത്തരവാദിത്തമാണ് പുതിയ തലമുറ ഏറ്റെടുക്കേണ്ടത്.

അന്യഭാഷാചിത്രങ്ങള്‍ തിയേറ്ററില്‍ റിലീസ് ചെയ്യുന്നതിനെതിരെ സിനിമാലോകത്തുള്ളവര്‍ പ്രതിഷേധവുമായി വരികയാണ്. ലോകത്തുടനീളമുള്ള അന്യഭാഷാചിത്രങ്ങള്‍ കണ്ടുകൊണ്ടാണ് നമ്മള്‍ നല്ല സിനിമയെ പരിചയപ്പെടുന്നത്. അന്യഭാഷകളിലെ ചീത്ത സിനിമകള്‍ക്കെതിരെ പ്രതിരോധമുയര്‍ത്തുകയും എല്ലാ ഭാഷകളിലുമുള്ള സര്‍ഗാത്മകമായ രചനകള്‍ തിയേറ്ററിലൂടെയും ബദല്‍ മാര്‍ഗങ്ങളിലൂടെയും പ്രദര്‍ശിപ്പിച്ച് നമ്മുടെ പ്രേക്ഷകന്റെ സാക്ഷരത ഉയര്‍ത്താനുള്ള ബാധ്യതയാണ് നാം ഏറ്റെടുക്കേണ്ടത്. കമ്പോള സിനിമാമേഖല നേരിടുന്ന പ്രതിസന്ധിയെ ബദല്‍ സിനിമാനിര്‍മാണത്തിലൂടെ നാം മറികടക്കേണ്ടതുണ്ട്. മൂലധനശക്തികള്‍ക്കെതിരെ പ്രതിരോധമുയര്‍ത്തിയ കലാകാരനായിരുന്നു ജോണ്‍ എബ്രഹാം.

1980കളുടെ പകുതിയോടെ ഫറോക്ക് കേന്ദ്രീകരിച്ച് ഒരു കൂട്ടം യുവാക്കളുമായി ജനങ്ങളില്‍നിന്ന് പണംപിരിച്ച് സിനിമ നിര്‍മിക്കുക എന്ന പുതിയ ആശയവുമായി ജോണ്‍ ഒത്തുകൂടി. സിനിമയുടെ നിര്‍മാണത്തിലൂടെ ജോണ്‍ തന്റെ ആശയം സാര്‍ഥകമാക്കി. ക്യാമറയും താരങ്ങളും സാധാരണ മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തിന്റെ നവതരംഗമാണ് ജോണ്‍ തെരുവിലൂടെ അലഞ്ഞ് പുനര്‍നിര്‍മിച്ചത്.

ഇന്ത്യന്‍ സിനിമയില്‍ നവോത്ഥാനത്തിന്റെ പുതിയ അടയാളമായിരുന്നു ഒഡേസ മൂവീസ്.

1984 ഡിസംബറിലെ ഒഡേസയുടെ പ്രഥമ യോഗത്തിന് ശേഷം. 'അമ്മ അറിയാന്‍' ചിത്രീകരണം ഫോര്‍ട് കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുന്നത് 1986 ആദ്യമാസമാണ്. ഇതിനിടയില്‍ നല്ല ചിത്രങ്ങളുമായി തെരുവോരങ്ങളിലും, വിദ്യാലയങ്ങളിലും പ്രദര്‍ശനം നടത്തുകയും ചെയ്‌തു.

ഷൂട്ടിങ് തുടങ്ങിയ വേളയില്‍, കലാകാരന്മാര്‍, രാഷ്‌ട്രീയ പ്രവര്‍ത്തകര്‍, ബുദ്ധിജീവികള്‍, സാധാരണക്കാര്‍ തുടങ്ങിയ ധാരാളം പേര്‍ സഹയാത്രികരായി കൂടെ വന്നിരുന്നു. ഇവര്‍ പത്തുരൂപ കൂപ്പണുകളുമായി നാടുനീളെ യാത്രചെയ്‌ത് നിര്‍മാണ ഫണ്ടിലേക്ക് ധനസമാഹരണം നടത്തി. പ്രദേശികതലത്തിലുള്ള ചിത്രീകരണ ചെലവുകളെല്ലാം അവിടങ്ങളില്‍നിന്നുതന്നെ കണ്ടെത്തി. ഇരിങ്ങല്‍ പാറയിലെ ചിത്രീകരണസമയത്ത് ചായയും കഞ്ഞിയും നാട്ടുകാര്‍ സംഭാവനയായി നല്‍കി. സിനിമയിലെ താരങ്ങളും, സംവിധായകനും സഹയാത്രികരും അവരവരുടെ സഹായങ്ങള്‍ നല്‍കി.

സിനിമാനിര്‍മാണം ഒരു ജനകീയ ചലച്ചിത്ര പ്രവര്‍ത്തനമായി മാറിക്കഴിഞ്ഞിരുന്നു. സംവിധായകനും, ടെൿനീഷ്യനും, ക്യാമറാമാനും ജനങ്ങളും തമ്മിലുള്ള കൂട്ടായ്‌മ മനുഷ്യസ്‌നേഹത്തിലധിഷ്ഠിതമായിരുന്നു.

കമ്പോള സിനിമ സൃഷ്‌ടിച്ചെടുത്ത പ്രതിലോമ ചിത്രീകരണ സംസ്‌ക്കാരം ചോദ്യം ചെയ്യപ്പെടുകയായിരുന്നു.

പഞ്ചനക്ഷത്ര ഹോട്ടലില്‍നിന്ന് വരുന്ന സൂപ്പര്‍താരങ്ങളും നായികമാരും വിലപിടിച്ച കാറുകളിലൂടെയുള്ള സഞ്ചാരങ്ങളും, ധാരാളിത്തം നിറഞ്ഞ ഭക്ഷണരീതികളും ഇവിടെ അന്യമായിരുന്നു. ഇരിങ്ങല്‍പാറയില്‍ കറുപ്പസ്വാമി സമരം ചിത്രീകരിക്കാനായി ജോണ്‍ എബ്രഹാം എത്തിയപ്പോള്‍. കറുപ്പസ്വാമിയെ കെട്ടിപ്പിടിച്ച് ആലിംഗനം ചെയ്‌ത ജോണിന്റെ ഉയര്‍ന്ന മൂല്യബോധം എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. രണ്ട് കാലും നഷ്‌ടപ്പെട്ട് മധുരയിലെ കുഗ്രാമത്തില്‍നിന്ന് കറുപ്പസ്വാമിയെ ചിത്രീകരണസ്ഥലത്ത് എത്തിച്ചത് ഏറെ സാഹസികമായിരുന്നു. ചൊറിയും ചിരങ്ങും പിടിപെട്ട് ശരീരമാസകലം ചലവും നീരും ഒലിക്കുകയായിരുന്നു ഇദ്ദേഹത്തോടൊപ്പം യാത്രചെയ്‌തിരുന്ന എനിക്ക് ഓക്കാനവും അറപ്പും അനുഭവപ്പെട്ടിരുന്നു. ചലവും നീരും വകവെക്കാതെയുള്ള ജോണിന്റെ ആലിംഗനം ഒരു കനപ്പെട്ട ഓര്‍മയായി മാറുകയാണ്. ജോണ്‍ കുടിച്ചുതീര്‍ത്ത മദ്യത്തിന്റെ അളവും, കുളിക്കാതെ നടക്കുന്ന ജോണിനെയും ഏറെ എഴുതി ആഘോഷിച്ചവര്‍ അദ്ദേഹത്തിന്റെ ഉയര്‍ന്ന മാനവികതയെ വിട്ട് കളഞ്ഞിരിക്കുകയാണ്. 1987 മെയ് 30 ന് കോഴിക്കോട്ടെ ഒരു കെട്ടിടത്തിന് മുകളില്‍വെച്ച് സുഹൃത്തുക്കളോടൊപ്പം കഴിയുന്നതിനിടയിലാണ് യാദൃച്‌ഛികമായി മരണപ്പെടുന്നത്. ജോണിന്റെ മരണം ഒഡേസയെ അക്ഷരാര്‍ഥത്തില്‍ അനിശ്ചിതത്തിലെത്തിച്ചു.

1980കളുടെ അവസാനമാകുമ്പോള്‍ കമ്യൂണിസ്റ്റ് രാജ്യങ്ങള്‍ക്കുണ്ടായ തിരിച്ചടിയോടെ മാർൿസിസത്തിന് പ്രസക്തിയില്ലെൻ വരെ ബുദ്ധിജീവികള്‍ എഴുതിവിട്ടു. ഇത്തരമൊരു ലോകസാഹചര്യം വന്നതോടെ പുരോഗമന പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനം പ്രതിസന്ധി നേരിട്ടിരുന്നു. കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനവും തകര്‍ച്ചയെ നേരിട്ടു. ഇതിന്റെ സ്ഥാനത്ത് വിദേശഫണ്ടുവാങ്ങി പ്രവര്‍ത്തിക്കുന്ന എന്‍ ജി ഒ സംഘങ്ങള്‍ ബദല്‍ സിനിമാ മേഖല ഏറ്റെടുത്തു. 90കളുടെ പകുതിയോടെ ബംഗ്ളൂര്‍ ആസ്ഥാനമായി കലാപ്രവര്‍ത്തനം നടത്തുന്ന ചലച്ചിത്ര പ്രവര്‍ത്തകരും ബുദ്ധിജീവികളും വിദേശഫണ്ട് വാങ്ങി ചലച്ചിത്ര നിര്‍മാണവും ഫിലിംഫെസ്റ്റിവലുകളും സമാന്തരമായി നടത്തിത്തുടങ്ങി. ആദിവാസി, ദളിത്, സ്‌ത്രീ, പരിസ്ഥിതി മേഖലയെ ചൂണ്ടിക്കാണിച്ചാണ് അമേരിക്കന്‍ ധനസഹായത്താല്‍ ചലച്ചിത്ര പ്രവര്‍ത്തനം ഏറ്റെടുത്തത്. ആഗോളമൂലധന ശക്തികളുടെ പ്രത്യയശാസ്‌ത്രധര്‍മമാണ് ഇക്കൂട്ടര്‍ ഏറ്റെടുത്ത് നിര്‍വഹിച്ചുകൊണ്ടിരുന്നതെന്ന് അവര്‍ പ്രചരിപ്പിക്കുന്ന സിനിമയുടെ ഉള്ളടക്കം വ്യക്തമാക്കുന്നു. കേരളത്തിലെ സമാന്തര ചലച്ചിത്ര മേഖലയിലും ഇവര്‍ വേര് ഉറപ്പിച്ചുകഴിഞ്ഞു. ധാരാളം മലയാളി ചലച്ചിത്ര പ്രവര്‍ത്തകര്‍ ഇവരുടെ അരാഷ്‌ട്രീയവാദത്തിന്റെ പ്രചാരകരായി നമ്മുടെ സമൂഹത്തിലും സിനിമകളുമായി നടക്കുന്നു.

ഒരു വശത്ത് കമ്പോള സിനിമാമൂലധന ശക്തികളും മറുഭാഗത്ത് എന്‍ ജി ഒകളും നമ്മുടെ ജനകീയ ചലച്ചിത്ര സംസ്‌ക്കാരത്തെയും നവോത്ഥാനമൂല്യങ്ങളെയും വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്.

ഇന്ത്യന്‍ സിനിമയില്‍ നവോത്ഥാനത്തിന്റെ പുതിയ അടയാളമായിരുന്നു, മൂലധനശക്തികള്‍ക്കെതിരെയുള്ള ജോണ്‍ എബ്രഹാമിന്റെ ബദല്‍മാര്‍ഗം മുന്നോട്ട് കൊണ്ടുപോവുകയെന്നതാണ് സിനിമാ വ്യവസായ പ്രതിസന്ധിയില്‍നിന്ന് നമ്മുടെ ചലചിത്രകാരന്മാരും ചലച്ചിത്ര വിദ്യാര്‍ഥികളും കലാകാരന്മാരും പഠിക്കേണ്ട പാഠം.


*****

സത്യന്‍ ഒഡേസ, കടപ്പാട് : ദേശാഭിമാനി വാരിക

2 comments:

വര്‍ക്കേഴ്സ് ഫോറം said...

ഒരു വശത്ത് കമ്പോള സിനിമാമൂലധന ശക്തികളും മറുഭാഗത്ത് എന്‍ ജി ഒകളും നമ്മുടെ ജനകീയ ചലച്ചിത്ര സംസ്‌ക്കാരത്തെയും നവോത്ഥാനമൂല്യങ്ങളെയും വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്.

ഇന്ത്യന്‍ സിനിമയില്‍ നവോത്ഥാനത്തിന്റെ പുതിയ അടയാളമായിരുന്നു, മൂലധനശക്തികള്‍ക്കെതിരെയുള്ള ജോണ്‍ എബ്രഹാമിന്റെ ബദല്‍മാര്‍ഗം മുന്നോട്ട് കൊണ്ടുപോവുകയെന്നതാണ് സിനിമാ വ്യവസായ പ്രതിസന്ധിയില്‍നിന്ന് നമ്മുടെ ചലചിത്രകാരന്മാരും ചലച്ചിത്ര വിദ്യാര്‍ഥികളും കലാകാരന്മാരും പഠിക്കേണ്ട പാഠം.

*free* views said...

ഒരു പച്ചമുളക് കിട്ടാനായി തമിഴ്‌നാട്ടില്‍ ക്യൂ നില്‍ക്കേണ്ടിവരുന്ന മലയാളി സമൂഹം, കുടുംബം പുലര്‍ത്താനായി ഗള്‍ഫില്‍ പോയി അലയേണ്ടുന്ന നമ്മുടെ തലമുറകള്‍, ഒരു പൈന്റ് മദ്യത്തിനായി മണിക്കൂറുകളോളം ക്യൂ നില്‍ക്കുന്ന ചെറുപ്പക്കാര്‍...


So very true, we call this development and growth. living outside our home and thinking we are happy with a car and telephone ....