കടുത്ത ആഗോളമാന്ദ്യം മൂലം തൊഴില്‍ മേഖലയില്‍നിന്ന് പുറന്തള്ളപ്പെടുമെന്ന കനത്ത ഭീഷണിയുടെ മധ്യത്തില്‍ പള്ളികൊള്ളവെയാണ് കള്ളന്റെ മുന്നില്‍ ചാനല്‍ സര്‍പ്പം വിലക്കപ്പെട്ട കനിയുമായി പ്രത്യക്ഷപ്പെടുന്നത്.
താനൊരു സുന്ദരിയല്ലെന്ന് വരുത്തിത്തീര്‍ക്കാനുള്ള തീവ്രയത്ന വേഷവിധാനത്തോടെ ആ യൌവനയുക്ത വന്നത് ഒരു സ്പെഷ്യല്‍ സ്റ്റോറി ചെയ്യാനാണ്. കളവാണ് വിഷയം.
ആഗോള സാമ്പത്തികപ്രതിസന്ധി തസ്ക്കരമേഖലയിലുണ്ടാക്കിയ പ്രത്യാഘാതങ്ങളെക്കുറിച്ചാണ് ടി ഭവതി പ്രേക്ഷകരുമായി പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നത്.
മൈക്രോഫോണ്‍ എന്ന വിലക്കപ്പെട്ട കനി കള്ളന്റെ നേരെ നീട്ടി സര്വജ്ഞപുഛത്തോടെ അവള് ആദ്യ ചോദ്യമെറിഞ്ഞു.
'സാമാന്യത്തിലേറെ വിദ്യാഭ്യാസവും അതിനുതക്ക വിവരക്കേടും ഉണ്ടായിട്ട് നിങ്ങള്‍ എന്തുകൊണ്ട് കള്ളനായി..?'
വേലയെടുത്തു തിന്നുകൂടായിരുന്നോടാ പുല്ലേ എന്നാണ് അവള് ഉദ്ദേശിച്ച ധിക്കാരം.
കള്ളന്റെ ആദ്യ മറുപടിയില്‍ തന്നെ അവളുടെ സംപ്രേഷണം തകര്‍ന്നുപോയി. അവള് ആശയപരമായി അനാവൃതയായി.
' ഹേ..ചാനല്‍ ഭവതി നിങ്ങളെ നയിക്കുന്നത് വിക്ടോറിയന്‍ ധാര്‍മികതയാണ്..'
അമ്പേറ്റ പോലെ അവള് പിടഞ്ഞു. മനസ്സിലായില്ലെന്ന് നടിക്കാന്‍ പോലുമുള്ള ബോധം അവളില്‍ അവശേഷിച്ചില്ല.
കള്ളന് വിക്ടോറിയന്‍ കാലഘട്ടം ചുരുക്കി വിവരിച്ചു.
അന്ന് സായിപ്പും മദാമ്മയും കൂടി ആകെ 180 ലക്ഷം. ജനസംഖ്യയില്‍ നാലുശതമാനം മദാമ്മമാര് അധികം. എന്നു വെച്ചാല്‍ ഒരു സായിപ്പിന് ഒരു മദാമ്മ എന്ന തൊഴിലുറപ്പ് പദ്ധതിപ്രകാരം കണക്കുകൂട്ടിയാല്‍ ഏഴരലക്ഷം മദാമ്മമാര് മിച്ചം. മിച്ചസംഖ്യ തെംസ് നദിയുടെ തീരത്ത് രാത്രിയില്‍ മുല്ലപ്പൂ ചൂടി നിന്നു.
ദിസ് ഈസ് ദ സോഷ്യോ-ഇക്കണോമിക് ബാക്ഗ്രൌണ്ട് ഓഫ് പ്രോസ്റ്റിറ്റ്യൂഷന് ആന്‍ഡ് ഡെസ്റ്റിറ്റ്യൂഷന്‍ എന്ന് മഹാറാണിയുടെ പ്രജകള്‍ ചിന്തിച്ചവശായി.
പ്രഭാഷണം തീരും മുമ്പേ ചാനല്‍ ഭവതി കള്ളനില്‍ അനുരക്തയായി. വെച്ചടി വെച്ചടി പ്രേമിച്ചു. രക്തയോട്ടം നിയന്ത്രണാതീതമായി.
' ഞാന്‍ ക്ലിയോപാട്ര.. ക്ലിയു എന്ന് വിളിക്കാം.. കിളികളെപ്പോലെ വസിക്കാം..പരന്ന്..പരന്ന്.. ബോകാം...'
ഉടമ്പടിക്ക് ഒപ്പിടാന്‍ ക്ലിയു കൈനീട്ടി. കള്ളന് കൈ കൊടുത്തു. കള്ളന്റെ കൈയെടുത്ത് നെഞ്ചത്ത് വെച്ച് ക്ലിയു ഹൃദയമിടിപ്പ് രേഖപ്പെടുത്തി. മരിച്ചുകൊണ്ട് എടുത്ത തീരുമാനമല്ലെന്ന് അതോടെ കള്ളന് ഉറപ്പായി.
വികാരതീവ്രമായ രംഗം അവിടെ പര്യവസാനിപ്പിച്ച് ക്ലിയു ജോലി തുടര്‍ന്നു. ചോദ്യം ചെയ്യല്‍ പുനരാരംഭിച്ചു.
'മോഷ്ടാവായത് എങ്ങനെ എന്ന് പറഞ്ഞില്ല. ഞങ്ങളുടെ പ്രേക്ഷകര്‍ ആകാംക്ഷാബാധിതരാണ്..'
'നിങ്ങള്‍ ഉദ്ദേശിക്കുന്ന പോലെ വിശപ്പുകൊണ്ട് മോഷണം തുടങ്ങിയതല്ല ഞാന്‍. ഐ ആം നോട്ട് ജീന്‍ വാല് ജീന്‍..തെഫ്ട് ഈസ് ആന്‍ ആര്‍ട്. മോഷണം ഒരു കലയാണ്. ഉദാത്തമായ ഒരു ശില്‍പ്പം ഉണ്ടാക്കാന്‍ ഒരു കലാകാരന് അനുഭവിക്കുന്ന അതേ ആത്മസംഘര്‍ഷമാണ് ഒരു വസ്തു മോഷ്ടിക്കുമ്പോള്‍ ഞങ്ങള്ക്കുമുണ്ടാവുന്നത്. രണ്ടിനും വേണ്ടത് മഹത്തായ ഭാവനയാണ്.'
' കൂടുതല്‍ പറയൂ.'
' സൂക്ഷ്മമായ നിരീക്ഷണമാണ് രണ്ടിന്റേയും വിജയരഹസ്യം.'
ക്ലിയുവിന് കെട്ടിപ്പിടിക്കാന്‍ തോന്നി. പക്ഷേ അതിന് സ്പോണ്‍സറെ കിട്ടാതിരുന്നതിനാല്‍ പിന്‍വാങ്ങി.
അവള് കൊഞ്ചി.
" മേല്പ്പറഞ്ഞതൊന്ന് അടിമുടി വ്യക്ത'മാ... ക്കാ... മോ'..?'
'മാക്കാം. രണ്ടും ആത്മാവിഷ്ക്കാരമാണ്. കലാകാരന് കണ്ണടച്ച് തന്റെ ഭാവനയുടെ ലോകത്ത് തപ്പിത്തടയുമ്പോള്‍ ഞങ്ങള്‍ ഇരുട്ടിന്റെ ലോകത്ത് തപ്പിത്തടയുന്നു. പ്രതീക്ഷകളാണ് രണ്ടുകൂട്ടരെയും നയിക്കുന്നത്. ഇരുട്ടില്‍ എല്ലാം ഒരുപോലെയാണ്. വെളിച്ചത്തിലാണ് ഉച്ചനീചത്വം. ഇരുട്ടില്‍ കാപട്യങ്ങള്‍ക്ക് സ്ഥാനമില്ല. ഇരുട്ട് തുറന്ന പുസ്തകമാണ്. ഞങ്ങള്‍ സത്യസന്ധരാണ്.'
' ഇത് ഒരു പാരമ്പര്യ വാദമല്ലേ..?'
ഭയങ്കരി. ജീവിക്കാനുള്ള വാക്കുകള്‍ നിന്റെ കൈയിലുമുണ്ട്, അല്ലെ?
'കളവില്‍ പുതിയ സമീപനങ്ങള്‍ വരുന്നുണ്ട്. ഞാന്‍ മാറ്റത്തിനെതിരല്ല. പക്ഷേ മാറ്റം എന്തിന് എന്നതാണ് പ്രസക്തം. ആധുനിക കാലത്ത് കളവിന്റെ രീതിശാസ്ത്രം മാറി. ഇന്റര്‍നെറ്റ് ബുദ്ധിജീവികള്‍ പോലെ ഇന്റര്‍നെറ്റ് കള്ളന്മാരും ഉണ്ടാവുന്നു. ഇന്നലെ 'ക്ക' എന്നെഴുതാനറിയാത്തവന് ഒറ്റരാത്രി ഇരുണ്ടുവെളുക്കുമ്പോള്‍ 'ജൈവവ്യവസ്ഥ, ആവാസസ്ഥാനം, പാര്‍ശ്വവല്‍ക്കരണം, പ്രാന്തീകരണം'എന്നെല്ലാം പറയുന്ന കേള്‍ക്കാം.വിത്തിന് ട്വൊന്റി ഫോര്‍ അവേഴ്സ് ആന്‍ ഇന്റലക്ച്വല്‍ ഈസ് ബീങ്ബോണ്. കൃത്രിമബീജസങ്കലനം. കളവും അതുപോലെ തന്നെ. ഒറ്റ രാത്രികൊണ്ട് ടോട്ടല്‍ ഫോര്‍ യു, ഐ ഫോര്‍ മൈ സെല്‍ഫ് സാധനങ്ങളുണ്ടാവുന്നു. ഞങ്ങള്‍ പരമ്പരാഗത കള്ളന്മാര് ഒറ്റരാത്രി അധ്വാനിച്ചാല്‍ കൂടിവന്നാല്‍ ഒരു വാഴക്കുല, രണ്ടു ചേന എന്നിവയൊക്കെ കിട്ടുന്നസ്ഥാനത്താണിതൊക്കെ എന്നറിയണം. ദാറ്റ് ഈസ് ദ ഡിഫറന്‍സ്.'
' കാരണം..?'
' ആഗോളവല്‍ക്കരണം. ആഗോളവല്‍ക്കരണം കളവിന്റെ മനുഷ്യത്വം ചോര്‍ത്തിക്കളഞ്ഞു. ഇറ്റ് ബികംസ് എ ടെക്നിക്കല്‍ ഹിജെമ്നി. കലാംശം തീര്‍ത്തും പോയി.'
ക്ലിയുവിന് പിന്നേം പ്രണയം തോന്നി. പക്ഷേ അത് നിയമത്തിനെതിരാണ്. പ്രണയിച്ചുകൊണ്ടിരിക്കുന്ന ശരീരത്തെ വീണ്ടും പ്രണയിക്കുന്നത് ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം കുറ്റകരമാണ്. ഒരേ കര്‍ത്താവില്‍ ഒരേ സമയം ഒരേക്രിയ രണ്ടുതവണ പാടില്ല. ഒറ്റ വാക്കിനേ ഇളവുള്ളു. കൊല്ലാക്കൊല. അഭിമുഖം സമംഗളം പര്യവസാനിച്ചു.
പിരിയുമ്പോള്‍ ക്ലിയു പറഞ്ഞു.
' കാണണം.'
' രാത്രികളില്‍ ഡ്യൂട്ടിയുണ്ട്.'
' പകലുകള്‍ രാത്രികളാക്കാം.'
' നിനക്കും ഡ്യൂട്ടി എന്ന മട്ടില്‍ ചില വികൃതികള്‍ ഇല്ലെ..?'
' ഇതും എന്റെ ഡ്യൂട്ടിയാണ്.'
അവള് ചിരിച്ചു; മുത്തു പൊഴിഞ്ഞു.
അതോടെ അവര്‍ ട്വൊന്റി ഫോറവര്‍ സ്വകാര്യചാനലായി. ഇടതടവില്ലാതെ പ്രണയിച്ചു.
കടല്‍ത്തീരത്തിരുന്ന് കാറ്റിനെ വെല്ലുവിളിച്ചു.തിരമാലകള്‍ നാണിച്ചു. റെസ്റ്ററന്റിലിരുന്ന് കാപ്പി മോന്തി. തണുത്ത കാറ്റില്‍ വിരലുകള്‍ വിരലുകളില്‍ മുട്ടി. വിദ്യുച്ഛക്തി ഉണ്ടായി. പ്രണയത്തിന്റെ തുല്യതാ പരീക്ഷ പാസായി. പത്രത്തില്‍ ഫടം വന്നു.
കള്ളന്റെ പോക്ക് ശരിയല്ലെന്ന് അംഗീകൃത മുദ്രയുള്ള ഭാര്യ നളിനകുമാരിക്ക് വൈകിക്കിട്ടിയ റിപ്പോര്ടുകളില് സൂചനയുണ്ടായി.
അവന് കൂടുതല്‍ സുന്ദരനാവാന്‍ ശ്രമിക്കുന്നു. കവിളിലെ മിച്ചഭൂമിയില്‍ നുണക്കുഴികള്‍. നെറ്റിയില്‍ അത്യുല്‍പ്പാദനശേഷിയുള്ള മുഖക്കുരു. ബാത്ത്റൂമില്‍ കയറുമ്പോള്‍ 'പ്രണയലേഖനം എങ്ങനെയെഴുതണമെന്ന' ഗാനം. സര്‍വോപരി തന്നോടുള്ള ആസ്ഥ കുറയുന്നു.
നളിനകുമാരി സസ്പെന്‍സ് നീട്ടിയില്ല. ചര്‍ച്ച തുടങ്ങി.
'എന്ത് സംഭവിച്ചു?'
പിടിക്കപ്പെടാന്‍ പോകുന്നതിന്റെ ആമുഖമാണ് ഈ വാചകമെന്ന് കള്ളന് പിടികിട്ടി.
കള്ളന് തന്ത്രപരമായി പറഞ്ഞു.
'ആഗോളവല്‍ക്കരണം.'
നളി രുദ്രയായി.
' ആ ചാനല്‍ വധൂടിയും നിങ്ങളും തമ്മിലുള്ള ബന്ധം..?'
' കിരീടിയും പാഞ്ചാലിയും തമ്മിലുള്ള ബന്ധം പോലെ..'
' മോഡേണാവൂ..'
' ടി വിയും റിമോട്ടും പോലെ..'
' ആശയം വ്യക്തമല്ല.'
' ഏത് സമയത്തും ചാനല്‍ മാറ്റാം.'
' നീ ചിരിപ്പിക്കാന്‍ ശ്രമിക്കരുത്. ഇത് ജീവന്മരണപ്പോരാട്ടമാണ്. നിന്നെക്കാണുമ്പോള്‍ മിനിസ്ക്രീനില്‍ അവളുടെ വിഷ്വല്‍സ് മാറുന്നത് ഞാന്‍ ശ്രദ്ധിക്കാറുണ്ട്. നീ പിടിക്കപ്പെടാന്‍ പോവുകയാണ്. അതിനുമുമ്പു സത്യം പറ. അവള് നിനക്കാര്?'
'അവളെന്റെ ചോറ്.'
'എന്ന് പറഞ്ഞാല്‍..?'
'അവളെന്നെ പാട്ടത്തിനെടുത്തിരിക്കുന്നു.'
' മനസ്സിലായില്ല.'
'കോഹാബിറ്റേഷന്‍.'
' എന്നുവെച്ചാല്‍?'
'ഉടമ്പടിയില്ല, കരാറില്ല, ആജീവനാന്ത തടവില്ല...വെയ് രാജാ..വെയ്..ആര്‍ക്കും വെക്കാം.. ഒന്നുവെച്ചാല്‍ രണ്ട്..രണ്ട് വെച്ചാല്‍ നാല്..'
'എന്റെ ഭര്‍ത്താവെ, നീ അധഃപ്പതിച്ചു, അല്ലെ..?'
കള്ളന് സങ്കടം വന്നു. അവന് തേങ്ങി.
' നിനക്ക് വേണ്ടിയാണ് നളീ ഞാന്‍ ഈ ത്യാഗം അനുഭവിക്കുന്നത്.'
'ത്യാഗമോ..?'
' അതെ..ത്യാഗം.നിനക്ക് വിശക്കാതിരിക്കാന്‍, നീ നല്ല ഭക്ഷണം കഴിക്കാന്‍, നീ നല്ല വസ്ത്രം ധരിക്കാന്‍..'
കള്ളന് സങ്കടക്കടലില്‍ മൈക്കല്‍ ഫെല്പ്സായി.
നളി ശബ്ദം താഴ്ത്തി പറഞ്ഞു.
' വിശദീകരിക്കൂ, കള്ളേട്ടാ..'
'കടുത്ത സാമ്പത്തികപ്രതിസന്ധി. ആഗോളവല്‍ക്കരണം സൃഷ്ടിച്ച ആസക്തി. കൊതി, കൊതിയില്‍ കൊതി. അവസാനിക്കാത്ത വാങ്ങല്‍ പ്രവണത.
ഒരു ജോലികൊണ്ട് ആര്‍ക്കും പിടിച്ചുനില്‍ക്കാനാവില്ല. ഒരെണ്ണം കൂടി വേണം. അതുപോലെ തന്നെ പ്രണയവും.
ഒരുപ്രണയം കൊണ്ട് പിടിച്ചുനില്‍ക്കാനാവില്ല. മുഖ്യധാരാ പ്രണയം നിലനില്ക്കണമെങ്കില് ഒരു പാര്‍ട് ടൈം പ്രണയവും കൂടി അനിവാര്യം.'
' അതിന്..?'
' അതിനാണിത്.'
' കൊച്ചുകള്ളാ എങ്ങനെ തരപ്പെടുത്തി..?'
' നിസ്സാരം.
വാ കീറിയ ദൈവം വാക്ക് തരാതിരിക്കുമോ നളീ.വെറും ഡയലോഗ്.
ഇടക്കിടക്ക് ഓരോ സ്വത്വബോധം കയറ്റി വിടണം. അതിലേ റിസ്ക്കൊള്ളു.'
നളി ചിരിച്ചു മറിഞ്ഞു; കൂടെ കള്ളനും.
****
എം എം പൌലോസ്
Monday, November 24, 2008
Subscribe to:
Post Comments (Atom)
5 comments:
കടുത്ത ആഗോളമാന്ദ്യം മൂലം തൊഴില്‍ മേഖലയില്‍നിന്ന് പുറന്തള്ളപ്പെടുമെന്ന കനത്ത ഭീഷണിയുടെ മധ്യത്തില്‍ പള്ളികൊള്ളവെയാണ് കള്ളന്റെ മുന്നില്‍ ചാനല്‍ സര്‍പ്പം വിലക്കപ്പെട്ട കനിയുമായി പ്രത്യക്ഷപ്പെടുന്നത്.
താനൊരു സുന്ദരിയല്ലെന്ന് വരുത്തിത്തീര്‍ക്കാനുള്ള തീവ്രയത്ന വേഷവിധാനത്തോടെ ആ യൌവനയുക്ത വന്നത് ഒരു സ്പെഷ്യല്‍ സ്റ്റോറി ചെയ്യാനാണ്. കളവാണ് വിഷയം.
ആഗോള സാമ്പത്തികപ്രതിസന്ധി തസ്ക്കരമേഖലയിലുണ്ടാക്കിയ പ്രത്യാഘാതങ്ങളെക്കുറിച്ചാണ് ടി ഭവതി പ്രേക്ഷകരുമായി പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നത്.
മൈക്രോഫോണ്‍ എന്ന വിലക്കപ്പെട്ട കനി കള്ളന്റെ നേരെ നീട്ടി സര്വജ്ഞപുഛത്തോടെ അവള് ആദ്യ ചോദ്യമെറിഞ്ഞു.
'സാമാന്യത്തിലേറെ വിദ്യാഭ്യാസവും അതിനുതക്ക വിവരക്കേടും ഉണ്ടായിട്ട് നിങ്ങള്‍ എന്തുകൊണ്ട് കള്ളനായി..?'
വേലയെടുത്തു തിന്നുകൂടായിരുന്നോടാ പുല്ലേ എന്നാണ് അവള് ഉദ്ദേശിച്ച ധിക്കാരം.
കള്ളന്റെ ആദ്യ മറുപടിയില്‍ തന്നെ അവളുടെ സംപ്രേഷണം തകര്‍ന്നുപോയി. അവള് ആശയപരമായി അനാവൃതയായി.
' ഹേ..ചാനല്‍ ഭവതി നിങ്ങളെ നയിക്കുന്നത് വിക്ടോറിയന്‍ ധാര്‍മികതയാണ്..'
അമ്പേറ്റ പോലെ അവള് പിടഞ്ഞു. മനസ്സിലായില്ലെന്ന് നടിക്കാന്‍ പോലുമുള്ള ബോധം അവളില്‍ അവശേഷിച്ചില്ല.
കള്ളന് വിക്ടോറിയന്‍ കാലഘട്ടം ചുരുക്കി വിവരിച്ചു.
അന്ന് സായിപ്പും മദാമ്മയും കൂടി ആകെ 180 ലക്ഷം. ജനസംഖ്യയില്‍ നാലുശതമാനം മദാമ്മമാര് അധികം. എന്നു വെച്ചാല്‍ ഒരു സായിപ്പിന് ഒരു മദാമ്മ എന്ന തൊഴിലുറപ്പ് പദ്ധതിപ്രകാരം കണക്കുകൂട്ടിയാല്‍ ഏഴരലക്ഷം മദാമ്മമാര് മിച്ചം. മിച്ചസംഖ്യ തെംസ് നദിയുടെ തീരത്ത് രാത്രിയില്‍ മുല്ലപ്പൂ ചൂടി നിന്നു.
ദിസ് ഈസ് ദ സോഷ്യോ-ഇക്കണോമിക് ബാക്ഗ്രൌണ്ട് ഓഫ് പ്രോസ്റ്റിറ്റ്യൂഷന് ആന്‍ഡ് ഡെസ്റ്റിറ്റ്യൂഷന്‍ എന്ന് മഹാറാണിയുടെ പ്രജകള്‍ ചിന്തിച്ചവശായി.
പ്രഭാഷണം തീരും മുമ്പേ ചാനല്‍ ഭവതി കള്ളനില്‍ അനുരക്തയായി. വെച്ചടി വെച്ചടി പ്രേമിച്ചു. രക്തയോട്ടം നിയന്ത്രണാതീതമായി.
ശ്രീ എം എം പൌലോസിന്റെ നര്‍മ്മ ഭാവന
Kalakkan.
ha ha ha
Aaa ithu kollam alppam VKN kayari vannittundu, saramilla, anukaranamanu kalavidya ennu aristotle paranjnjittund.
Kollam
Mukhya dhara pranayam nilanilkkan oru sideline praayam, athippol mikkavarum ellavarkkum undu.
Paulose ithenikkishtappettu
"Paulose ithenikkishtappettu"
ഛെയ്, ഇതു പറയാനാണോ ആരുഷി പോസ്റ്റ് വായിച്ചത്. ഒന്നു കൂടി സൂക്ഷിച്ചു വായിക്കൂ, ഇടതുപക്ഷത്തെ തെറി പറയാന്‍ എന്തെങ്കിലും കാണും....!
Post a Comment